Wednesday, 16 May 2012

വഴി നഷ്ടപ്പെട്ടവർ

കുറിപ്പ്‌: ദയവായി ഇതു കഥയാണൊ തിരക്കഥയാണൊ എന്നു ചോദിക്കരുത്‌..ആറു സീനുകളിൽ ഒരു പരീക്ഷണം.

സീൻ 1
പകൽ.
ബസ്സിന്റെ മണി രണ്ടു വട്ടം ശബ്ദിക്കുന്നു (close up).
ബസ്സ്‌ നീങ്ങി തുടങ്ങുമ്പോൾ ചില കൗമാരപ്രായക്കാൻ ഓടി വരുന്നു. അവരിൽ ചിലർ കമ്പിയിൽ പിടിച്ച്‌ കുറച്ച്‌ ദൂരം ഓടിയ ശേഷം ചാടി ഫുട്ബോർഡിൽ ചവിട്ടി നിൽക്കുന്നു. (വലിയ സാഹസികരാണെന്നും, ബസ്സിനുള്ളിലും പുറത്തുമുള്ളവർ തങ്ങളെ തന്നെയാണ്‌ ശ്രദ്ധിക്കുന്നതെന്ന ഭാവം അവരിൽ പലരുടേയും മുഖത്തുണ്ട്‌). അവരുടെ പാൻസിന്റെ പോക്കറ്റിൽ പുസ്തകം രണ്ടായി മടക്കി തിരുകി വെച്ചിരിക്കുന്നതു കാണാം. അവരിൽ ഒരു പയ്യന്റെ മുഖം close up. അവൻ അത്യുസാഹത്തിലാണ്‌. കാറ്റിൽ അവന്റെ മുടിയിഴകൾ പറക്കുന്നു. ഇടതു കൈ കൊണ്ട്‌ ബസ്സിന്റെ കമ്പിയിൽ മുറുക്കെ പിടിച്ചിരിക്കുന്നു (കൈയിൽ സ്റ്റീൽ വള)
ബസ്സിനകത്ത്‌ നിന്നൊരു ശബദം.
'റെജീ..നീയെന്താടാ നേരത്തെ?' (പരിഹാസച്ചുവയും കുസൃതിയും നിറഞ്ഞ ശബ്ദം)
റെജി അകത്തേക്ക്‌ സൂക്ഷിച്ച്‌ നോക്കിയിട്ട്‌ കണ്ണിറുക്കി കാണിക്കുന്നു.
വഴിയിൽ കൂടി പോകുന്ന യുവതികളെ തല തിരിച്ച്‌ നോക്കുന്നു. ഇടയ്ക്ക്‌ ആവേശത്തോടെ കൂവുന്നു, ആരേയോ കൈ വീശി കാണിക്കുന്നു.

സീൻ 2
ബസ്സ്‌ ഒരു സ്റ്റോപ്പിൽ വന്നു നിൽക്കുന്നു. ആളുകൾ ഇറങ്ങുന്നു. റെജി അകത്തേക്ക്‌ കയറാനുള്ള പുറപ്പാടിലാണ്‌. ആളുകൾ എല്ലാരും ഇറങ്ങി കഴിയുന്നതും അവൻ ഇടിച്ചു അകത്തേക്ക്‌ കയറുന്നു. ഉള്ളിൽ നല്ല തിരക്ക്‌. അകത്തേക്ക്‌ കയറി പോകുന്നു. വെളിച്ചം കുറവാണ്‌. സ്ത്രീകൾ നിൽക്കുന്ന ഭാഗത്തേക്കാണ്‌ പോകുന്നത്‌. ബസ്സിന്റെ ഡബിൾ ബെല്ല് ശബ്ദം. ബസ്സ്‌ മുന്നോട്ട്‌. നീങ്ങി തുടങ്ങുന്ന വീലുകളുടെ close up. ആളുകൾ പിന്നോക്കം പോയിട്ട്‌ വീണ്ടും പൂർവ്വ സ്ഥിതിയിലേക്ക്‌. റെജി ഇപ്പോൾ മുകളിൽ കമ്പിയിൽ പിടിച്ചാണ്‌ നിൽക്കുന്നത്‌. ഉള്ളിലേക്ക്‌, തിരക്കിനിടയിലേക്ക്‌ നോക്കുന്നു. ഇടതു കൈ സാവധാനം താഴേക്ക്‌. മുന്നിലേക്ക്‌ നോക്കി കൊണ്ട്‌, തിരക്കിലൂടെ അവന്റെ കൈ മുന്നോട്ട്‌. മുന്നിൽ ചുവന്ന ചുരിദാറിട്ട ഒരു പെൺകുട്ടി നിൽക്കുന്നു. ഇടത്തെ തോളിൽ ഒരു ബാഗുണ്ട്‌. മുകളിൽ കമ്പിയിൽ പിടിച്ചിരിക്കുന്നു. റെജി പെൺകുട്ടിയുടെ അടുത്തേക്ക്‌ നീങ്ങുന്നു. നടക്കുന്നതിനിടയിൽ ഇരു വശത്തേക്കും നോക്കുന്നുണ്ട്‌.

ക്യാമറ ബസ്സ്‌ ഡ്രൈവറുടെ പിന്നിൽ നിന്നും.
വളവു തിരിയുന്നു. ബ്രേക്കിൽ അമരുന്ന കാലുകൾ. ആളുകൾ മുന്നോട്ട്‌ ആയത്തിൽ.
റെജി ഇപ്പോൾ പെൺകുട്ടിയുടെ തൊട്ടു പിന്നിലാണ്‌.  പെട്ടെന്ന് പിന്നോക്കം കൈ വലിക്കുന്നു. പെൺകുട്ടി ഞെട്ടലോടെ തിരിഞ്ഞു നോക്കുന്നു. ആ മുഖത്ത്‌ പരിഭ്രാന്തി. മുഖം വിളറി പോയിരിക്കുന്നു. റെജി തല കുനിച്ച്‌ താഴെ നോക്കിയാണ്‌ നിൽക്കുന്നത്‌. മുഖമുയർത്തുമ്പോൾ പെൺകുട്ടി നോക്കുന്നതു കാണുന്നു. റെജിയുടെ മുഖത്ത്‌ നടുക്കം..ചമ്മൽ..പിന്നിലേക്ക്‌ വലിയുന്നു. പെൺകുട്ടിയുടെ കണ്ണുകൾ നിറയുന്നു.
തിരക്കിനിടയിലൂടെ റെജി പിന്നോക്കം നടന്നു കാണാതാകുന്നു.

സീൻ 3
വൈകുന്നേരം.
ഗേറ്റിന്റെ കുറ്റി തുറന്ന് റെജി അകത്തേക്ക്‌. അലക്ഷ്യമായ നടത്തം. ഇരു കൈകൾ കൊണ്ടും മുടി ചീകുന്നു. ഗേറ്റ്‌ പിന്നോക്കം തള്ളി, കുറ്റിയിടാതെ വീടിനു നേരെ നടക്കുന്നു.
പടികൾ കയറി അകത്തേക്ക്‌. വള്ളിചെരുപ്പ്‌ ഊരിയിടുന്നു.
വാതിൽ തുറന്ന് അകത്തേക്ക്‌ പ്രവേശിക്കുന്നു.
മുറിയുടെ ഒരു മൂലയിൽ ചാരു കസേരയിൽ ഒരു സ്ത്രീ ഇരിക്കുന്നുണ്ട്‌.

സ്ത്രീ: റെജീ..നീ ഇങ്ങു വാ.(ആജ്ഞാസ്വരത്തിൽ)
റെജി: (ക്ഷീണിച്ച ശബ്ദം).. എന്തമ്മെ?..എനിക്ക്‌ വിശക്കുന്നു..വല്ലതും എടുത്തു താ..
സ്ത്രീ (എഴുന്നേറ്റ്‌ അടുത്തേക്ക്‌ വരുന്നതിനിടയിൽ): നിനക്ക്‌ നിന്റെ കൂടെ പഠിച്ച ജ്യോതിയെ ഓർമ്മയുണ്ടോ?
റെജി ഒന്നും മിണ്ടാതെ നിൽക്കുന്നു. അവന്റെ ശിരസ്സ്‌ കുനിഞ്ഞിരിക്കുന്നു. കൃഷ്ണമണികൾ ഇടത്തേക്കും വലത്തേക്കും ചലിക്കുന്നുണ്ട്‌.
സ്ത്രീ: അവളെ നീയിന്നു കണ്ടോ?
റെജി: (മൗനം)
സ്ത്രീ: ചോദിച്ചത്‌ കേട്ടില്ലേ? നീ കണ്ടോന്ന്? (ശബ്ദം ഉയരുന്നു. മുഖത്ത്‌ കോപം പ്രകടമാണ്‌)
റെജി: ഉം..
സ്ത്രീ:എവിടെ വെച്ച്‌?
റെജി:...
സ്ത്രീ:നീയവളെ ബസ്സിൽ വെച്ച്‌ കണ്ടല്ലേ? അവളിന്നിവിടെ വന്നിരുന്നു..നിന്നെ കണ്ട കാര്യം പറയാൻ.
റെജി ഞെട്ടലോടെ തലയുയർത്തി നോക്കുന്നു.
സ്ത്രീ: നിനക്ക്‌ പെണ്ണുങ്ങളെ പിടിക്കണം അല്ലേടാ? അതിനാണല്ലേ നിന്നെ പഠിക്കാൻ ഈ കാശും കൊടുത്ത്‌ വിടുന്നത്‌..? (സ്ത്രീ ശബ്ദം വിറച്ചു തുടങ്ങുന്നു)
റെജി:...
സ്ത്രീ: (ഉച്ചത്തിൽ നിയന്ത്രണം വിട്ട്‌) പിടിക്കെടാ..നീ വന്ന് എന്നെ പിടിക്കെടാ..നിന്റെ അമ്മയ്ക്കും അവൾക്കും ഒള്ളത്‌ ഒന്നു തന്നെയാടാ..എടാ വരാൻ..

ശബ്ദം കേട്ട്‌ അകത്തെ മുറിയിൽ നിന്ന് ഒരു പെൺകുട്ടി ഇറങ്ങി വരുന്നു. പാവാടയും ബ്ലൗസും വേഷം.
പെൺകുട്ടി: അമ്മെ..എന്തായിത്‌?
സ്ത്രീ: കേറി പോടീ അകത്ത്‌..നീ വന്നാ നിന്നെയും ഇവൻ കേറി പിടിക്കും. അടുത്ത്‌ വന്നു പോകരുത്‌.
റെജി കുനിഞ്ഞ്‌ കൈകൾ കൊണ്ട്‌ മുഖം മറയ്ക്കാൻ ശ്രമിക്കുന്നു.

പെൺകുട്ടി ഒന്നും മനസ്സിലാകാതെ നിൽക്കുന്നു.
സ്ത്രീ: കേറി പോടീ..നിന്നോടല്ലേ പറഞ്ഞത്‌ കേറി പോകാൻ?..ഇവന്റെ നേരെ നോക്കരുത്‌..ഇവനമ്മേം പെങ്ങളെം തിരിച്ചറിയാത്തവനാ..(അവർ കരയുകയും, ശബ്ദം വിറച്ച്‌ തുടങ്ങുകയും ചെയ്യുന്നു)
സ്ത്രീ: എന്തിനാടാ..നീ എന്റെ വയറ്റിൽ തന്നെ വന്ന് പിറന്നത്‌?..ഇപ്പൊ ഇറങ്ങിക്കോണം..ഇവിടന്ന്..മേലാൽ ഈ വീട്ടിനകത്ത്‌ കാലു കുത്തരുത്‌..ഇറങ്ങടാ പുറത്ത്‌..നീ എന്റെ മോനല്ല..ഇറങ്ങടാ..(അവർ കോപം കൊണ്ട്‌ വിറയ്ക്കുന്നുണ്ട്‌)
അവർ റെജിയുടെ ചുമലിൽ ശക്തിയായി അടിക്കുകയും, മുന്നോട്ട്‌ തള്ളുകയും ചെയ്യുന്നു.. റെജി വേച്ച്‌ വേച്ച്‌ പുറത്തേക്ക്‌ നടക്കുന്നു..
പിന്നിൽ നിന്ന് സ്ത്രീ ശബ്ദം:
പൊയ്ക്കോ..എവിടേക്കെങ്കിലും പൊയ്ക്കോ..

സീൻ 4
സന്ധ്യ.
വാതിലിൽ മുട്ടുന്ന ശബ്ദം. പെൺകുട്ടി വന്ന് വാതിൽ തുറക്കുന്നു. കണ്ണാടി വെച്ച ഒരു മദ്ധ്യവയസ്ക്കൻ ഉള്ളിലേക്ക്‌ കയറുന്നു.
മുറിയിൽ നോക്കിയിട്ട്‌ (ആരോടെന്നില്ല്ലാതെ).
'ഇന്നെന്താ വിളക്ക്‌ കത്തിച്ചില്ലേ?'
പെൺകുട്ടി ഒന്നും പറയാതെ ഉള്ളിലേക്ക്‌ പോകുന്നു.
അയാൾ വാതിലടച്ചിട്ട്‌ അകത്തെ മുറിയിലേക്ക്‌ പോകുന്നു.
ചാരികിടക്കുന്ന വാതിൽനരികിലേക്ക്‌ ക്യാമറ. അവ്യക്തമായ സംഭാഷണങ്ങൾ.
ഇപ്പോൾ സംസാരം വ്യക്തമായി കേൾക്കാം.
പുരുഷൻ:..എന്നിട്ട്‌ അവനിതു വരെ വന്നില്ലേ?
സ്ത്രീ: അവനിനി വരണ്ട..(കരച്ചിലിനിടയിലൂടെ)..ഇത്ര നാളും പൊന്നു പോലെ നോക്കിയിട്ട്‌..അവനെ എനിക്ക്‌ കാണണ്ട..
fade out-black

caption:'പതിനേഴ്‌ വർഷങ്ങൾക്ക്‌ ശേഷം...' caption പതുക്കെ മറയുന്നു.

സീൻ 5
ഒരു ടേബിൾ ലാമ്പ്‌ കത്തിച്ചു വെച്ചിരിക്കുന്നു. ഒരു പഴയ ആൽബം തുറന്നു മുന്നിൽ വെച്ചിട്ടുണ്ട്‌. അതിൽ ഓമനത്തമുള്ള ഒരു കുഞ്ഞ്‌ കമഴ്‌ന്നു കിടന്നു ചിരിക്കുന്ന ഒരു ഫോട്ടോ കാണാം. ഫോട്ടോയ്ക്ക്‌ മുകളിൽ കൂടി ഒരു കൈ തഴുകുന്നുണ്ട്‌. പ്രായമേറിയ, ചുളിവുകൾ വീണ വിരലുകൾ.
ഫോട്ടോ ഒട്ടിച്ചു വെച്ചിരിക്കുന്ന കറുത്ത കട്ടിയുള്ള പേപ്പറിൽ ഒരു തുള്ളി കണ്ണുനീർ വീഴുന്നു.
ക്യാമറ പിന്നോട്ട്‌.
അത്‌ ആ പഴയ അമ്മയാണ്‌. പ്രായമേറിയിരിക്കുന്നു. അവർ വിതുമ്പൽ സാരിത്തുമ്പു കൊണ്ട്‌ ചുണ്ടുകൾ അമർത്തി പിടിച്ച്‌ നിയന്ത്രിക്കാൻ ശ്രമിക്കുന്നു.
ഒരു പെൺകുട്ടി സമീപം വരുന്നു. പഴയ പെൺകുട്ടി ഇപ്പോൾ മുതിർന്നിരിക്കുന്നു.
(അമ്മയുടെ തോളിൽ തലോടി കൊണ്ട്‌)
പെൺകുട്ടി: 'അമ്മയെന്തിനാ എപ്പഴും ഈ ഫോട്ടോയും നോക്കിയിരിക്കുന്നേ?..ഏട്ടൻ വരും..അമ്മയെ കാണാതെ എത്ര നാള്‌ ചേട്ടനു ഒളിച്ചിരിക്കാൻ പറ്റും?...'
അമ്മ വിതുമ്പി കൊണ്ടിരിക്കുന്നു.

screen black
caption - ഉത്തരേന്ത്യയിലെ ഒരു മഹാനഗരം.

സീൻ 6
പകൽ.
തിരക്കു പിടിച്ച ഒരു തെരുവ്‌. ആളുകൾ അങ്ങ‍ാട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരിക്കുന്നു. പാതയുടെ ഇരുവശത്തും നിറം നഷ്ടപ്പെട്ട ഇരുനില കെട്ടിടങ്ങൾ. ബാൽക്കണിയിലും, താഴെ വാതിലിനു സമീപവും സ്ത്രീകൾ. അലസമായ വസ്ത്രധാരണം. ചിലർ മുറുക്കാൻ ചവയ്ക്കുന്നു. ചിലർ പുകവലിക്കുന്നുണ്ട്‌. അമിതമായി പൗഡർ പൂശിയവർ, കടും നിറമുള്ള വസ്ത്രങ്ങൾ. ജനഴികളിലൂടെയും ചിലർ നോക്കുന്നുണ്ട്‌. അവർ ചിലതൊക്കെ വിളിച്ചു പറയുന്നു, തമ്മിൽ അടക്കം പറഞ്ഞു ചിരിക്കുന്നു, കൈകൾ കൊണ്ട്‌ ആംഗ്യം കാണിക്കുന്നു. (ഒറ്റ നോട്ടത്തിൽ അതൊരു വേശ്യാത്തെരുവ്‌ എന്നു വ്യക്തം).
ചില ചെറുപ്പക്കാർ അതു വഴി നടക്കുന്നുണ്ട്‌. അവരിൽ ചിലർ കൈയിൽ തൂവാല ചുറ്റിയിരിക്കുന്നു. ചിലരുടെ കഴുത്തിലാണ്‌ തൂവാല. ഒരു മൂലയിൽ നിൽക്കുന്ന രണ്ടു പേരിലേക്ക്‌ ക്യാമറ zoom ചെയ്യുന്നു. അവരുടെ സംസാരം കേൾക്കാൻ കഴിയുന്നില്ല. ചെറുപ്പക്കാരൻ വെപ്രാളത്തിലാണ്‌. പോക്കറ്റിൽ നിന്ന് പണമെടുത്ത്‌ എതിരെ നിൽക്കുന്നയാളുടെ കൈയിൽ കൊടുക്കുന്നു. എതിരെ നിൽക്കുന്ന കള്ളി ഷർട്ടിട്ട ആളുടെ പിൻഭാഗമാണ്‌ കാണുന്നത്‌. മുഖത്തിന്റെ ഒരു വശം കാണാം. അയാൾക്ക്‌ ചെറിയ താടിയുണ്ട്‌. അയാൾ കെട്ടിടത്തിനുള്ളിലേക്ക്‌ കൈ കാണിക്കുന്നു. എന്നിട്ട്‌ നടന്നു തുറങ്ങുന്നു.  പിന്നാലെ ചെറുപ്പക്കാരനും. ഇടവഴിയിലൂടെ അവർ നടക്കുന്നു. ക്യാമറ തിരിഞ്ഞു വരുമ്പോൾ രണ്ടു പേരേയും വ്യക്തമായി കാണാം. താടിവെച്ചയാൾക്ക്‌ റെജിയുടെ മുഖവുമായി സാമ്യമുണ്ട്‌. അവരുടെ നടത്തം (സ്ലോമോഷനിലേക്ക്‌)..സ്ക്രീൻ മുഴുവനും bright white ആകുന്നു..ക്യാമറയും കടന്ന് അവർ പോകുന്നു..അവ്യക്തമാകുന്നു.

Post a Comment

32 comments:

 1. ഒരു ഷോർട്ട് സ്റ്റോറി ആക്കാം. കുഴപ്പമില്ല,പക്ഷെ ഇടയ്ക്കിടയ്ക്കുള്ള ആ ക്യാമറ സൂമിംഗും ഷോട്ട് വിശദീകരിക്കലും ഇടയ്ക്കിടെ വിശദീകരിക്കാതെ തന്നെ ഇതിനൊരു തിരക്കഥയുടെ മൂഡ് വരുത്തനമായിരുന്നു. കുഴപ്പമില്ല,നമുക്ക് നോക്കാം. ആശംസകൾ.

  ReplyDelete
 2. നന്നായിട്ടുണ്ട്. ഇനിയും എഴുതുക. ആശംസകള്‍...

  ReplyDelete
 3. ഗൌരവമുള്ള ഒരു ആശയം ചുരുങ്ങിയ വാക്കുകളില്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു!

  (ഒന്നുകില്‍ കൈയേറാന്‍ അല്ലെങ്കില്‍ വിലയ്ക്ക് വാങ്ങാന്‍ അതിനു മാത്രമേ കഴിയൂ???
  എന്നാണു ആള്‍ക്കാര്‍ രതിയുടെ മനോഹരമായ കൊടുക്കല്‍ വാങ്ങലുകള്‍ മനസിലാക്കാന്‍ പോകുന്നത്???)

  ReplyDelete
 4. കൊള്ളാം .. മോശമോന്നുമില്ല. എന്നാലും ഒരു പൂര്‍ണ സംതൃപ്തി തരാത്ത പോലെ /
  -------------------------
  മൂന്നു സീനില്‍ ഞാനും ഒരു ഐറ്റം എഴുതിയിരുന്നു. എഡിറ്റു ചെയ്യാനുണ്ട്.

  ReplyDelete
 5. കൊള്ളാമല്ലോ...

  ReplyDelete
 6. മിക്കവാറും എല്ലാ കൌമാരക്കാരിലും കുറെ നാളുകള്‍ കാണാറുള്ള ഒരു കുസൃതി. അത്രയേയുള്ളു. അത് സ്വയം ഭേദമാകും സംയമനത്തോടെ കൈക്കൊണ്ടാല്‍. അതുകൊണ്ട് ഇക്കഥയിലെ ആശയത്തോട് ഞാന്‍ പൊരുത്തപ്പെടുന്നില്ല

  ReplyDelete
  Replies
  1. കമന്റ് വായിച്ചു അതിശയം തോന്നുന്നു..
   സ്വന്തം മകളെ ഏതെങ്കിലും ചെറുക്കന്‍ കയറി പിടിക്കുമ്പോള്‍ ഈ സംയമനം എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ടാവണം എന്നില്ല ..താങ്കളുടെ മകള്‍ക്ക് ഇങ്ങനെ ഒന്ന്‍ സംഭവിച്ചിരുന്നെങ്കില്‍ സംയമനം കാണിക്കുമോ?

   Delete
  2. സ്വന്തം മകളെ കയറിപ്പിടിക്കുമ്പോള്‍ ഉണ്ടാവേണ്ട സഹിഷ്ണുത ആയിരിക്കില്ല കവി ഉദ്ദേശിച്ചത്. സ്വന്തം മകന്‍ തെറ്റുകാരന്‍ ആണെന്ന് അറിഞ്ഞപ്പോള്‍ അമ്മ സഹിഷ്ണുത പാലിച്ചിരുന്നുവെങ്കില്‍ മകന്‍ ഭാവിയില്‍ കാല്‍ക്കുലേറ്ററിന്‍റെ പണിക്ക് പോവുകയില്ലായിരുന്നു എന്നായിരിക്കും.

   Delete
 7. ഒരു പൂര്‍ണ്ണത വന്നില്ല.

  ReplyDelete
 8. ചിലപ്പൊ ഇത് ഒരു മൂവി ആക്കിയാൽ അതിന്റെ മികവി കാണാൻ കഴിയും
  ആശംസകൾ

  ReplyDelete
 9. ആകെ മൊത്തം ടോട്ടൽ ഒരു കൺ‌ഫ്യൂഷൻ,,, സംഭവം നമ്മുടെ നാട്ടിൽ നടക്കുന്നത് തന്നെ,

  ReplyDelete
 10. oru 35 mark.
  paksenki bhaaviyuntennuvenam parayaan.
  Keep it up,

  ReplyDelete
 11. സീന്‍-5ആണ് കണ്‍ഫ്യൂഷന്‍ വരുത്തിവെച്ചതെന്ന് എനിക്ക് തോന്നുന്നു.
  അമ്മയുടെ എടുത്തുചാട്ടം കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു മകന്‍ എന്തെങ്കിലും കടുംകൈ കാണിക്കുമെന്ന്.!
  ആ നിഗമനത്തില്‍ തന്നെയായിരിക്കും ശ്രീ.അജിത് സാറും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടാവുക!.
  മൂന്നു സീനുകളും വളരെ നന്നായിരുന്നു.അതിനനുസൃതമായി അവസാനംവരെ ക്രമീകരിച്ചിരുന്നുവെങ്കില്‍ രചന
  ആകര്‍ഷകമാക്കാമായിരുന്നു.സീന്‍ അഞ്ചാണ് പ്രശ്നം! മിനുക്കിയെടുത്താല്‍ മനോഹരമാകും.
  എന്‍റെ അഭിപ്രായം തെറ്റാണെങ്കില്‍ ക്ഷമിക്കുക!
  ആശംസകളോടെ

  ReplyDelete
 12. സീനുകളാക്കി തിരിക്കുമ്പോള്‍ വാക്കുകള്‍ക്കു പകരം കാഴ്ചകളാണ് വായനക്കാരന്റെ മനസ്സില്‍ നിറയേണ്ടത്‌....
  സാഹിത്യ രൂപത്തേക്കാള്‍ അതിന്റെ ആവിഷ്കാര സാധ്യതകള്‍....
  തീര്‍ച്ചയായും നല്ലൊരു ശ്രമം..

  ReplyDelete
  Replies
  1. :) ഇതിന്റെ visual സാദ്ധ്യതകളാണ്‌ എഴുതുമ്പോൾ ഞാനാസ്വദിച്ചത്‌.

   Delete
 13. വർഷങ്ങൾക്കു മുൻപ് (23 വർഷങ്ങൾ!) തിരുവനന്തപുരം എം.ജി കോളേജിലേക്ക് ബസ്സിൽ പോകുമ്പോൾ കണ്ടതാണ്‌ ഇതു പോലൊരു സംഭവം. പിന്നിലെ സീറ്റിലിരുന്ന് ആ പെൺകുട്ടി കരയുന്നുണ്ടായിരുന്നു..ആരും ചോദിക്കുകയോ, പരാതിപ്പെടുകയോ ചെയ്തില്ല. അവിടെ കൂടിയിരുന്ന ആൺകുട്ടികൾ ചിരിയും അട്ടഹാസവുമായിരുന്നു..ഇന്നും ആ കണ്ടതിന്റെ ഷോക്ക് മാറിയിട്ടില്ല.. ഇപ്പോഴെത്തെ പല സംഭവങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ഇതിലെന്തിരിക്കുന്നു എന്നു തോന്നാം.. ആ ഒരു പഴയ ഓർമ്മ ഞാൻ കഥയിലേക്ക് തിരിച്ചു വിട്ടു.. അന്ന് അങ്ങനെ ആ പയ്യൻ ചെയ്തത് ആ പയ്യനു മുൻപരിചയമുള്ള ആരോടെങ്കിലും ആയിരുന്നെങ്കിൽ.. (ഏതെങ്കിലും ബന്ധുമായിരുന്നെങ്കിൽ?)..ആ വിവരം വീട്ടിൽ അറിഞ്ഞാൽ എങ്ങനെയായിരിക്കും ആ പയ്യന്റെ അമ്മ പ്രതികരിക്കുക? അത് ഭാവനയിൽ കാണാനുള്ള ഒരു ശ്രമം. വിദ്യാഭ്യാസം പൂർത്തിയാകാതെ നാടു വിട്ട ആ പയ്യൻ തെറ്റായ മാർഗ്ഗത്തിലൂടെ സഞ്ചരിക്കാനുള്ള സാദ്ധ്യത കൂടുതലാണ്‌..എത്തിപ്പെടുന്നത് ഒരു ചുവന്ന തെരുവിലാണെങ്കിൽ..പാഴായ ഒരു ജന്മം..

  ReplyDelete
 14. അമ്മമാര്‍ക്കു അറിയാമായരിക്കുമെല്ലോ മക്കളുടെ പ്രായത്തിന്‍റെതായ ചാപല്യങ്ങളെക്കുറിച്ചു. ഇത്രയും കടുത്തൊരു മനസ്ഥിതി!.അമ്മമാരോട് പിണങ്ങി വീടുവിട്ടിറങ്ങുന്നവര്‍ ഇങ്ങനെയാവുമെന്നാണോ ഇതിലെ സന്ദേശം സാബു ! പിന്നെ അജിത്‌ജീയുടെ കമ്മന്റിനുള്ള മറുപടിയും ഉചിതമായി തോന്നിയില്ല. കഥയും ജീവിതവും കൂട്ടിക്കുഴക്കാറില്ലല്ലോ! നല്ല സന്ദേശങ്ങള്‍ രചനകളിലൂടെ കൈമാറുക എന്നതാണല്ലോ രചയിതാവിന്റെ മനോധര്‍മ്മം.

  ReplyDelete
  Replies
  1. ശരിയാ, 'എന്റെ മകന്റെ ഓരോ ചാപല്യങ്ങളെ! മിടുക്കൻ' എന്നു പറഞ്ഞ്‌ ആ അമ്മ തോളിൽ തട്ടി അഭിനന്ദിക്കണമായിരുന്നു! എങ്ങനെയാ നമ്മുടെ സമൂഹത്തിൽ തിന്മയുടെ ആൾ രൂപങ്ങൾ ദിനം പ്രതി കൂടി വരുന്നത്‌?.. താങ്കളുടെ കമന്റും എന്നെ അതിശയിപ്പിച്ചു. ഇനി ഏതേലും വായനക്കാരി കൂടി ഇങ്ങനെ ഒരു കമന്റ്‌ എഴുതിയാൽ ഞാൻ ശരിക്കും ബോധംകെടും!

   മറ്റൊരു കാര്യം ശ്രദ്ധിച്ചു. ഇങ്ങനെ കമന്റ്‌ എഴുതിയവർ രണ്ടു പേരും നല്ല പ്രായമുള്ളവരാണ്‌..സ്വന്തം ഭാര്യയോട്‌ അല്ലെങ്കിൽ മകളോട്‌ ഇങ്ങനെ ഒരു പയ്യൻ പെരുമാറിയാൽ അപ്പോഴും ഇത്ര നിസ്സാരമായി 'സംയമനം' പാലിക്കുമോ എന്നറിഞ്ഞാൽ നന്നായിരുന്നു..ഒരു പക്ഷെ പ്രായമാകുമ്പോൾ ഇതെല്ലാം വെറും 'കുസൃതി' എന്ന ഗണത്തിൽ പെടുത്താൻ കഴിയുന്നതു കൊണ്ടാവും.. സ്വന്തം ഭാര്യയോടും മകളോടും ഇതേക്കുറിച്ച്‌ സംസാരിച്ച്‌ അവരും ഇതൊക്കെ 'സംയമനം' പാലിക്കാനുള്ള സംഗതികളാണൊ എന്നു അറിയിച്ചാൽ നന്നായിരുന്നു.

   ഇന്ന് ഒരു പെണ്ണിനെ കയറി പിടിക്കും. നാളെ പെണ്ണുപിടിക്കാൻ പോകും, മറ്റന്നാളെ പെൺവാണിഭം നടത്തും. അതിനു പിറ്റേന്ന് തട്ടിക്കൊണ്ട്‌ പോകലും ബലാൽസംഗവും..വളർച്ച തന്നെ!

   ഈ മാതിരി സംഭവങ്ങൾ സ്ത്രീകൾ നിസ്സാരമായാണോ കാണുന്നത്‌ എന്നറിയാൻ ഒരു കൗതുകമുണ്ട്‌. ദയവായി ആ കാര്യം ഈ പോസ്റ്റ്‌ വായിക്കുന്ന വനിതകൾ കമന്റിൽ വ്യക്തമാക്കിയാൽ നന്നായിരുന്നു.

   ഇവിടെ (ന്യൂ സീലാന്റിൽ) മനുഷ്യർ മറ്റുള്ളവരുടെ ശരീരത്തിനേയും മനസ്സിനേയും ബഹുമാനിക്കുന്നതായാണ്‌ (ഇതു വരെ) കണ്ടത്‌. തിരക്കിനിടയിൽ ആരും പരസ്പരം ചെന്നു മുട്ടുകയോ, ആരേയും ഒന്നു സ്പർശിക്കുകയോ ചെയ്യുന്നതു കണ്ടിട്ടില്ല (സത്യമാണ്‌!. അങ്ങനേയും തിരക്കിൽ നടക്കാം. പക്ഷെ എല്ലാവരും ഒരു പോലെ ശ്രമിക്കണം). അതു മനോഭാവത്തിന്റെ (attitude) ന്റെ കാര്യമാണ്‌. മലയാളികൾക്ക്‌ ഒരിക്കലും അതു എന്തെന്നു കൂടി മനസ്സിലാവില്ല (ഭൂരിപക്ഷത്തിന്റെ കാര്യമാണ്‌ പറയുന്നത്‌).

   അമ്മമാരോട്‌ പിണങ്ങി ഇണങ്ങുന്നവർ എങ്ങനെ വേണേലും ആകാം. സാമാന്യബുദ്ധിക്ക്‌ നിരക്കുന്നതാണ്‌ ഞാൻ എഴുതിയത്‌. വിദ്യാഭ്യാസമില്ല, മോശം കൂട്ട്കെട്ട്‌..ഇങ്ങനെയൊക്കെ എത്തിപെടാനുള്ള സാദ്ധ്യത കൂടുതലാണ്‌.

   'ഇത്രയും കടുത്ത മനസ്ഥിതി'
   ഇവിടെ അമ്മ അങ്ങനെ പ്രതികരിച്ചു. പിന്നെ എങ്ങനെ പ്രതികരിക്കണം എന്നെനിക്കറിയില്ല.. മറ്റുവിധത്തിൽ പ്രതികരിക്കുന്ന അമ്മമാർ ഉണ്ടാവും. ആയിക്കോട്ടെ.. തത്ക്കാലം എന്റെ കഥാപാത്രമെങ്കിലും അങ്ങനെ പ്രതികരിച്ചോട്ടേ!

   'നല്ല സന്ദേശങ്ങൾ കഥയിലൂടെ കൈമാറുക'
   അതിനല്ല കഥ/കല എന്നാണ്‌ എന്റെ അഭിപ്രായം. ഒരളവു വരെ ചിലപ്പോൾ അതു സാധിച്ചേക്കാം. മകന്റെ പ്രവൃത്തിയിൽ സംയമനത്തോടേ പ്രതികരിച്ചാൽ നല്ല സന്ദേശമാകുമോ? നല്ല സന്ദേശം സന്ദേശമായിട്ട്‌ എഴുതിയിട്ട്‌ ആരും ശ്രദ്ധിക്കുന്നില്ല.. പിന്നാ കഥയിൽ കൂടി!!.. അതൊരു തമാശയല്ലേ?

   വായിച്ചതിനു നന്ദി പറയുന്നു.

   Delete
  2. സാബു ,താങ്കള്‍ വായിച്ചു അഭിപ്രായം പറയാന്‍ മെയില്‍ വഴി ക്ഷണിച്ചു വന്നു കണ്ടു ,മനസ്സില്‍ തോന്നിയ അഭിപ്രായം പറഞ്ഞു , അത് ഇഷ്ടപ്പെട്ടില്ലെന്ന് മനസ്സിലായി ,തകര്‍പ്പന്‍ അടിപൊളി ,കിടിലന്‍ എന്നൊക്കെയാണ് താങ്കള്‍ക്കു കമ്മന്റുകള്‍ വേണ്ടതെങ്കില്‍ അക്കാര്യം നേരത്തെ ഒന്ന് സൂചിപ്പിക്കാമായിരുന്നു, ഇതിപ്പോ അസഹിഷ്ണുതയുടെ ഒരു കൊടുമുടിയില്‍ കേറിനിന്നു വീട്ടില്‍ ചുമ്മാ ഇരിക്കുന്നവരെ കൂടി ഇവിടെ വലിച്ചിഴച്ചു കൊണ്ട്വന്നൊരു മറുപടിയായിപ്പോയി. താങ്കളുടെ ഭാഷയില്‍ മറുപടി കുറിക്കാന്‍ എനിക്ക് അറിയില്ല സുഹൃത്തേ ..അതുകൊണ്ട് ക്ഷേമങ്ങള്‍ നേര്‍ന്നുകൊണ്ട് .

   Delete
 15. കഥയുണ്ട്, പറയുന്നത് അല്പം കൂടി മെച്ചപ്പെടുത്താം...

  ReplyDelete
 16. തിരക്കഥ തന്നെ ആണല്ലോ..ആ രീതിയില്‍
  അവതരണം നന്നായിട്ടുണ്ട്....
  നല്ല ആശയം ഉള്ള കഥ..

  O.T.സാബു എഴുതിയ മട്ടില്‍ ഉള്ള മറുപടിക്ക് മാത്രം
  ഉള്ള കമന്റ്‌ ഒന്നും അല്ല കേട്ടോ സിദ്ടിഖ്‌യും
  അജിത്‌ ചേട്ടനും പറഞ്ഞത്.അതിനെ കഥയുടെ അഭിപ്രായം
  ആയിത്തന്നെ മറുപടി പറയാമായിരുന്നു..അവര് രണ്ടു പേരും പ്രായം
  ഉള്ളവര്‍ ആയതു കൊണ്ടു തന്നെ ആണ്‌ അങ്ങനെ ഒരു matured ആയ
  കമന്റ്‌ ഇട്ടത്..സാബുവിന്റെ അസഹിഷ്ണത ഒരു എഴുത്തുകാരനില്‍ നിന്നു
  മാറി വ്യക്തി പരം ആയിപ്പോവുന്നില്ലേ....
  (വാഗ്വാദത്തിനു ഞാന്‍ ഇല്ല കേട്ടോ..എങ്കിലും സാബു എഴുതിയ മറുപടി
  ഒന്ന് കൂടി വായിച്ചു നോക്കു..)

  ReplyDelete
 17. പലരുടേയും കമന്റുകൾ കണ്ടപ്പോൾ തെറ്റ് എന്റ ഭാഗത്താണെന്നു തോന്നുന്നു!.. മലയാളികൾ ഇത്രയും ‘പുരോഗമിച്ച’ കാര്യം ഞാനറിയാതെ പോയി.. പലരുടേയും 'നിലപാട്' മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷം.

  ഒരു കാര്യം കൂടി - എന്ത് അസഹിഷ്ണുതയാണ്‌ എന്റെ മറുപടിയിൽ കണ്ടത്?! പെണ്ണുങ്ങളെ കയറി പിടിക്കുന്നത് വളരെ നിസ്സാരമായ ഒരു കാര്യമാണെന്നും, അതു വളരെ സാധാരണമായ കാര്യമാണെന്നും, അതു വലിയ പ്രശ്നമാക്കേണ്ട കാര്യമൊന്നുമില്ലെന്നും മാതിരിയുള്ള കമന്റുകൾക്ക് മറുപടി പറഞ്ഞതോ?! അതൊക്കെ അസഹിഷ്ണുതയുടെ ഭാഗമാണെങ്കിൽ.. അങ്ങനെ തന്നെയിരിക്കട്ടെ!

  ReplyDelete
 18. അതല്ല സാബു..കഥയ്ക്കുള്ള കമന്റിന്റെ മറുപടി
  കഥാകാരനായി തന്നെ പറയൂ..അല്ലാതെ തന്റെ
  മകളെ കയറി പ്പിടിച്ചാല്‍ താന്‍ ഇത് തന്നെ പറയുമോ
  എന്നൊക്കെ ചോദിക്കുന്നത് ??!!!!...
  എനിക്ക് ഒന്നും
  പറയാന്‍ ഇല്ല..
  സാബു എഴുതിയത് കഥ ആണോ? ബ്ലോഗില്‍
  ഇട്ടതു ആണോ? അതോ...വ്യക്തി പരമായ അനുഭവം
  ഷെയര്‍ ചെയ്ത ഫോണ്‍ കാള്‍ മറുപടി ആണോ എന്ത് ആണിത്???
  എന്ന് സംശയം തോന്നുന്നു..അത് തന്നെ ആണ് സഹിഷ്ണത എന്ന
  വാക്ക് ഞാന്‍ ഉപയോഗിച്ചത്...ഇത്ര മാത്രം ബാലിശമായി
  അവരോടു തിരിച്ചു ചോദിക്കാന്‍ അവര്‍ എന്താണ് പറഞ്ഞത്?
  അപ്പൊ ഇനി അവര്‍ എഴുതിയ കമന്റും സാബു എഴുതിയ
  മറുപടിയും ഒന്ന് കൂടി വായിക്കൂ..എന്നിട്ടും സാബുവിന് പ്രത്യേകിച്ച്
  ഒന്നും തോന്നുന്നില്ലെങ്കില്‍...
  സാബു മുമ്പ് ബുലോകത്തു നിന്ന് 'പിന്‍വാങ്ങിയപ്പോള്'‍ പറഞ്ഞു..എഴുത്ത് ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്നില്ല മനസ്സുള്ളവര്‍ എന്റെ മെയില്‍ നോക്കിയാല്‍ മതി എന്ന പ്രസ്താവന പോലെ തോന്നുന്നത് പറഞ്ഞോളു..മനസ്സുള്ളവര്‍ വായിക്കട്ടെ.. "അങ്ങനെ തന്നെ ഇരിക്കട്ടെ"...ആശംസകള്‍...

  ReplyDelete
  Replies
  1. "കമന്റ് വായിച്ചു അതിശയം തോന്നുന്നു..
   സ്വന്തം മകളെ ഏതെങ്കിലും ചെറുക്കന്‍ കയറി പിടിക്കുമ്പോള്‍ ഈ സംയമനം എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ടാവണം എന്നില്ല ..താങ്കളുടെ മകള്‍ക്ക് ഇങ്ങനെ ഒന്ന്‍ സംഭവിച്ചിരുന്നെങ്കില്‍ സംയമനം കാണിക്കുമോ?"

   ഞാനെഴുതിയ കമന്റ് അതു പോലെ (വള്ളിപുള്ളി വ്യത്യാസമില്ലാതെ) എടുത്തെഴുതുന്നു.

   ഒന്നു കൂടി വായിക്കൂ.
   ‘താൻ’ എന്നു പ്രായമുള്ള ഒരാളോട് പറയുന്നുണ്ടൊ?

   '..കയറി പിടിച്ചാൽ ഇതു തന്നെ പറയുമോ?' എന്നു ചോദിച്ചോ?

   ദയവായി ഞാൻ എഴുതുന്നതൊന്നും വളച്ചൊടിക്കരുത്. മാന്യമായ ഭാഷയിൽ തന്നെയാണ്‌ ഞാനെന്റെ അഭിപ്രായമെഴുതിയത്.
   അല്ലാതെ,
   ‘തന്റെ മകളെ കയറി പിടിച്ചാൽ താൻ ഇതു തന്നെ പറയുമോ?’ എന്നല്ല എഴുതിയത്!!

   എല്ലാപേരും എവിടെ നോക്കിയാണ്‌ വായിക്കുന്നത് എന്നാണ്‌ ഇപ്പോഴത്തെ സംശയം!

   മറ്റൊന്ന്:
   "സാബു മുമ്പ് ബുലോകത്തു നിന്ന് 'പിന്‍വാങ്ങിയപ്പോള്'‍ പറഞ്ഞു..എഴുത്ത് ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്നില്ല മനസ്സുള്ളവര്‍ എന്റെ മെയില്‍ നോക്കിയാല്‍ മതി എന്ന പ്രസ്താവന പോലെ"
   100% ശതമാനം തെറ്റ്!
   ഞാൻ എഴുത്ത് ബ്ലോഗിൽ പബ്ലിഷ് ചെയ്യുന്നില്ല എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല! വിട്ടു നിന്നിട്ടുമില്ല!
   എന്തിനാണ്‌ ഇങ്ങനെ നുണ പറയുന്നതെന്നും മനസ്സിലാവുന്നില്ല!!
   അതു കൊണ്ട് എന്തു മറുപടി ഇതിനു എഴുതണമെന്നും അറിയില്ല!

   Delete
 19. ആ വാചകങ്ങളുടെ കോപ്പി അല്ല ഞാന്‍ ഉദ്ദേശിച്ചത് സാബു. സാബു മറുപടി പറഞ്ഞ രീതി, പ്രതികരണങ്ങളോട് ഉള്ള
  സാബുവിന്റെ attitude..അത് ശരിയല്ല എന്ന് എനിക്ക് തോന്നി..സാബുവിന് അത് തോന്നിയില്ല..അത്രേയുള്ളൂ..


  പിന്നെ എഴുത്ത് നിര്‍ത്തുന്നു എന്ന് സാബു പറഞ്ഞിട്ടില്ല കേട്ടോ..

  ഒരു കമന്റ്‌ വിവാദം വന്നപ്പോള്‍ ഇടയ്ക്കു എപ്പോഴോ സാബു
  കമന്റ്‌ ബോക്സ്‌ പൂട്ടുകയാണ് ചെയ്തത് അല്ലെ..ഇനി കമന്റ്‌
  പറയേണ്ടവര്‍ എനിക്ക് മെയില്‍ ചെയ്‌താല്‍ മറുപടി തരാം എന്ന് ആയിരുന്നു അല്ലെ..എങ്കില്‍ പിന്നെ ബ്ലോഗ് ആക്കണ്ട
  ഡയറി എഴുതിക്കോ എന്നോ മറ്റൊരു കമന്റിനു ആണ്‌ , എഴുതുന്നത്‌ സാബുവിന്റെ ഇഷ്ടത്തിന് ആണ്‌ മനസ്സുള്ളവര് ‍വായിച്ചാല്‍ മതി എന്ന സാബുവിന്റെ മറുപടി..അങ്ങനെ ആയിരുന്നോ?

  അത് എന്തായാലും സാബു പറയുന്നത് തന്നെ ശരി..ഞാന്‍ പറഞ്ഞത്
  തെറ്റ് ആണെങ്കില്‍ സോറി..അപ്പൊ ഞാന്‍ ഇത് ഇവിടെ നിരത്തുന്നു..

  നമുക്ക് ഇനി അടുത്ത പോസ്റ്റില്‍ കാണാം....

  ReplyDelete
  Replies
  1. വീണ്ടും തെറ്റ്!
   ‘എങ്കിൽ പിന്നെ ബ്ലോഗ് ആക്കണ്ട, ഡയറി എഴുതിക്കോ’
   ഇതു വരെ ആരും അങ്ങനെ പറഞ്ഞിട്ടില്ല. അതു കൊണ്ട് അതിനു മറുപടി കൊടുത്തിട്ടുമില്ല..!

   ‘എഴുതുന്നത് സാബുവിന്റെ ഇഷ്ടത്തിനു ആണ്‌ മനസ്സുള്ളവര്‌ വായിച്ചാൽ മതി’
   അതും ആരും പറഞ്ഞിട്ടില്ല. ഞാനും പറഞ്ഞിട്ടില്ല.
   ആകെ പറഞ്ഞത് - പോസ്റ്റിനു ആരും കമന്റ് ഇടണമെന്ന് എനിക്കൊരു നിർബന്ധവുമില്ല എന്നാണ്‌.. ഇപ്പോഴും അതു തന്നെ പറയുന്നു!
   പലരും വന്ന് പലതും എഴുതി പോസ്റ്റ് വിവാദമാക്കാൻ ശ്രമിച്ചപ്പോൾ കമന്റ് ബോക്സ് പൂട്ടിയിരുന്നു..

   കമന്റ് കിട്ടിയാലും ഇല്ലേലും എഴുതുന്നത് ഒരു സുഖമുള്ള കാര്യമായത് കൊണ്ട് എഴുതുന്നു.

   ഇവിടെ വായിച്ച ചിലർ ആശയവുമായി പൊരുത്തപ്പെട്ടില്ല. ‘സംയമനം’ പാലിക്കണം എന്നു പറഞ്ഞു. അതൊരു നല്ല കാര്യമായി തോന്നാത്തതു കൊണ്ട് എന്റെ അഭിപ്രായം പറഞ്ഞു.

   attitude - അതു അഭിപ്രായമെഴുതിയവരുടേത് കണ്ട് ശരിക്കും അതിശയിച്ചു!
   ആരുടെ മനോഭവമാണ്‌ (attitude) ശരിയെന്ന് ഞാൻ പറയുന്നില്ല. എന്റെ മനോഭാവമനുസരിച്ച് ഞാൻ അഭിപ്രായം പറഞ്ഞു..മറ്റുള്ളവർ അവരുടേയും..

   Delete
 20. നടക്കുന്ന ഒരു സംഭവം നന്നായി അവതരിപ്പിച്ചിരിക്കുന്നു. ബസ്സില്‍ ചാടിക്കയറുമ്പോള്‍ അവരുടെ മനസ്സില്‍ തോന്നുന്ന വിചാരങ്ങളൊക്കെ അതെ പടി വരച്ചു. എനിക്കിഷ്ടപ്പെട്ടു.
  ആശയത്തില്‍, അമ്മയും മകനും വികാരപരമായി പ്രശ്നത്തെ സമീപിച്ചു എന്നാണ് എന്റെ അഭിപ്രായം.

  ഗൌരവപ്പെടെണ്ട അഭിപ്രായങ്ങള്‍ മുകളില്‍ ആരെങ്കിലും അഭിപ്രായപ്പെട്ടതായി എനിക്ക് തോന്നിയില്ല. സാബുവിന്റെ മറുപടിയില്‍ അങ്ങിനെ തോന്നി.

  ReplyDelete
 21. ക്ഷമിക്കണം. സത്യം പറഞ്ഞാല്‍ ബോറടിപ്പിച്ചു. സാധാരണ ഇവിടെ വരുമ്പോള്‍ നല്ല കഥകള്‍ കാണാറുണ്ട്‌. അതല്ലാത്തത് കൊണ്ടാകാം.

  ReplyDelete
 22. എന്റെ നിരീക്ഷണത്തിൽ മനസ്സിലായത്‌..
  വളരെ ലളിതമാണ്‌ ഇതിന്റെ പിന്നിലെ മനശ്ശാസ്ത്രം.
  മകൻ കഥയിലേതു പോലെ ചെയ്താൽ, മാതാപിതാക്കൾ പറയും..
  'അതു പ്രായത്തിന്റെ ഓരോ വികൃതി..'
  ഇതേ പ്രവൃത്തി സ്വന്തം മകളോട്‌ ആരെങ്കിലും ചെയ്താൽ..കളിയും മാറും കഥയും മാറും..
  എന്തു കൊണ്ടാണങ്ങനെ എന്നു എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നുമില്ല..

  ReplyDelete
 23. ഒരുപാട് ഇമ്പ്രസീവ് ആയി തോന്നിയില്ല. പ്രത്യേകിച്ചും അമ്മയും മോനും തമ്മിലുള്ള കോമ്പിനേഷന്‍ സീന്‍. ശ്രമങ്ങള്‍ ഇനിയും ഉണ്ടാകണം. ഭാവുകങ്ങള്‍.

  അനാവശ്യമായ സംഭാഷണങ്ങള്‍ നിര്‍ത്തുന്നതല്ലേ നല്ലത്?

  ReplyDelete
  Replies
  1. വായിച്ചു കഥ കൊള്ളാം പക്ഷെ മറുപടികള്‍ എന്തോ ഇഷ്ടായില്ല ...!
   ആളവന്‍താന്‍ പറഞ്ഞപോലെ അനാവശ്യമായ സംഭാഷണങ്ങള്‍ നിര്ത്തുന്നതല്ലേ നല്ലത് ??

   Delete