Please use Firefox Browser for a good reading experience

Wednesday, 19 January 2011

മറ്റൊരു നിസ്സാര സംഭവം


http://www.madhyamam.com/news/37855/110118

ഇന്നു മാധ്യമം പത്രത്തിൽ കണ്ടത്‌.
എന്തു കൊണ്ടിതു സംഭവിക്കുന്നു?
എന്തു കൊണ്ട്‌ നമ്മുടെ ഉദ്യോഗസ്ഥർക്ക്‌ നമ്മുടെ നാടിനോട്‌ ഇങ്ങനെ ചെയ്യുവാൻ തോന്നുന്നു?
സംസ്കരണം നടത്തി എന്നു പറയപ്പെടുന്ന പേപ്പർ പ്ലേറ്റുകൾ എത്രത്തോളാം സുരക്ഷിതമാണ്‌?
എന്തു കൊണ്ട്‌ ഈ മാതിരി സംഭവങ്ങൾ വീണ്ടും വീണ്ടും നമ്മുടെ നാട്ടിൽ മാത്രം സംഭവിക്കുന്നു?
വേറൊരു രാജ്യത്തിൽ ഇങ്ങനെ ചിന്തിക്കുവാൻ കൂടി കഴിയാത്തത്‌ എന്തു കൊണ്ട്‌?
ഏതാണ്ട്‌ നൂറ്‌  ശതമാനം സാക്ഷരത അവകാശപ്പെടുന്ന കേരളത്തിൽ ഇതു സംഭവിക്കുമ്പോഴും ആരും അതേ കുറിച്ച്‌ ശബ്ദം ഉയർത്താത്തത്‌ എന്തു കൊണ്ട്‌?..

സുഹൃത്തുക്കളെ,
നിങ്ങളെ പോലെ എനിക്കും ഇതിനൊന്നും ഉത്തരമില്ല..
ചോദിക്കാതിരിക്കുവാൻ കഴിയാത്തതു കൊണ്ട്‌ ചോദിച്ചു പോകുന്നു എന്നെയുള്ളൂ..
പത്ര വാർത്ത മറവിയിൽ മറഞ്ഞു പോകാതിരിക്കുവാൻ പോസ്റ്റ്‌ ചെയ്തു എന്നേ ഉള്ളൂ..
നിശ്ശബ്ദ്ദരുടെ ശബ്ദത്തിനായി കാതോർത്ത്‌ കൊണ്ട്‌..

Post a Comment

നിശ്ശബ്ദ പോരാളികൾ

അവരജ്ഞാത വാസത്തിലായിരിക്കാം.
ഞാനവരെ കണ്ടതേയില്ല.
കാണാത്തവരെ മറക്കാൻ എളുപ്പമായത് കൊണ്ടാവാം
ഞാനവരെ ഓർത്തതേയില്ല.
ചിലവരെ അന്വേക്ഷിച്ചു നടന്നു,
കണ്ടവർ പറഞ്ഞത്, അവരുടെ കണ്ണുകളിൽ
ഭയം മാത്രമായിരുന്നുവെന്ന്.
അവർ ആരെയും ഭയന്നിരുന്നില്ലെന്ന്
അവരാരോടും പറഞ്ഞിരുന്നില്ലല്ലോ..
ദൈവം തോല്ക്കുന്നത് കണ്ട കണ്ണുകളാണവർക്ക്.
അവരെ വിളിക്കുവാൻ നമുക്ക് കഴിഞ്ഞില്ല.
നമ്മുടെ നാവുകൾ അരിഞ്ഞിട്ടതു കൊണ്ടാവാം..

ചിലപ്പോൾ അവർ തിരിച്ചു വരുമായിരിക്കും.
അതാവാം ചിലർ ആയുധങ്ങൾ തയ്യാറാക്കി വെച്ചിരിക്കുന്നത്.
അവരും കാത്തിരിക്കുന്നവരുടെ ഇടയിലുണ്ട്..
വരുന്നവരെ നിശ്ശബ്ദരാക്കുവാനുള്ള വഴികൾ
അവരെന്നെ കണ്ടുപിടിച്ചു കഴിഞ്ഞിരിക്കുന്നു..

Post a Comment

Wednesday, 12 January 2011

ദേവദാസ്‌

തെളിയില്ല പ്രേമപ്രകാശമെൻ ജീവനിൽ
ജഢമായ്‌ ജീവിച്ച്‌ തീർക്കുമീ ജന്മം.
ഒരഭിശപ്തവേളയിലറിയാതെറിഞ്ഞു നിൻ,
പ്രണയം നിറഞ്ഞയെൻ ഹൃദയപാത്രം.

പലനാൾ നിന്നെക്കുറിച്ചുള്ള ഓർമ്മയിൽ,
പുഴപോലെയൊഴുകിയെൻ കണ്ണുനീർത്തുള്ളികൾ
എരിയുന്നുവെങ്കിലും, കാത്തു ഞാൻ വെച്ചു,
ഗതകാല സ്മരണകൾ ഹൃത്തിനുള്ളിൽ..

അറിയില്ലെനിക്കുനിന്നപരാധമൊന്നും,
പറയാതെ പോയതെൻ തെറ്റു മാത്രം.
വിരഹത്തിൻ ചൂടേറ്റ്‌ വേവുമെൻ ഹൃദയം
വിധിയെന്നു മാത്രം, പറയില്ലൊരിക്കലും.

വിളക്കുകളൊക്കെയും കെട്ടുപോയുള്ളിൽ
കരിന്തിരികളായിരം പുകയുന്നുവുള്ളിൽ..
ചിറകൊടിഞ്ഞായിരം പ്രണയ പിറാക്കൾ,
കരയുന്നു, പിടയുന്നു, മനസ്സിന്റെയുള്ളിൽ..

നിറച്ചൂ ഞാനെന്റെ മധുപാത്രമപ്പോൾ
തെളിഞ്ഞൂ അതിലെല്ലാം നിൻ മുഖം വീണ്ടും.
വിഷമെന്നറിഞ്ഞു ഞാൻ കുടിക്കുന്നു വീണ്ടും,
വിഷമം മറക്കുവാനതു മാത്രമിപ്പോൾ..

പിരിയുന്ന വേളയിലൊരുമാത്ര എന്നെ നീ,
പിടയുന്ന കണ്ണു കൊണ്ടൊന്നു നോക്കി..
മറക്കില്ല ഞാനെന്റെ ജന്മം മുഴുക്കെയും,
മരണം വരെയുമാ നിറമിഴിപ്പൂവുകൾ

നിറച്ചു ഞാൻ സിരകളിൽ വീഞ്ഞിന്റെ ലഹരിയും,
നിറച്ചുവെൻ മനസ്സിലോ, വിരഹത്തിൻ നോവും.
അലമാലയായ്‌ വന്ന നോവിൻ തിരകളെ,
അലിവോറും ഹൃദയത്തിലേറ്റു ഞാൻ വാങ്ങി..

തരില്ല ഞാൻ ചന്ദ്രികേ നിനക്കെന്റെ പ്രേമം,
തരുവാനെനിക്കില്ല ഹൃദയത്തിൻ ഭാഗവും
തെളിദീപമായി നീ നിൽക്കുന്നു പാറോ,
ഇരുളടഞ്ഞന്റെയീ ഹൃദയത്തിലെന്നും..

വരുന്നു ഞാനൊരുവട്ടം കൂടി നിന്നരികിൽ,
ഒരു നോക്കു കാണുവാൻ നിൻ മുഖം വീണ്ടും..


ഇതു കൂടി വായിക്കൂ..
http://en.wikipedia.org/wiki/Devdas


13,369

Post a Comment

Tuesday, 11 January 2011

മരുപക്ഷിയുടെ പാട്ട്‌

മഴ കാക്കും വേഴാമ്പൽ പോലെ ഞാനിവിടെ,
മരുഭൂവിലൊറ്റയ്ക്ക്‌ കാത്തിരിക്കും..

അകലെ, കടലിന്റെ അപ്പുറം നിന്നും,
കടൽ കാറ്റിലെനിക്കായി ഒഴുകി വരുന്നൊരു,
സ്നേഹ ശബ്ദത്തിനായി  കാത്തിരിക്കും.

ആ ശബ്ദത്തിൽ ഞാൻ കാണും,
തല നരച്ച പാവമെന്റമ്മയേയും,
നെറുകിലുമ്മ വെച്ച്‌ യാത്രയാക്കിയൊരച്ഛനേയും,
മാറിൽ ചേർത്ത്‌ വെച്ച പാവക്കുട്ടിയുമായി നിൽക്കും,
എന്റെ കവിളിലുമ്മ തന്ന മകളെയും,
നിറഞ്ഞ കണ്ണുമായി,
എനിക്കായെന്നും പ്രാർത്ഥിക്കുമെൻ നല്ല പാതിയേയും..

ഒരു മെഴുതിരിയായി ഉരുകിയൊലിക്കുമെൻ
മനസ്സിന്റെ കോണിൽ ഞാൻ കാത്തു വെച്ചു,
എന്റെ നാട്ടിൽ നിന്നെനിക്കു കിട്ടിയ,
നന്മ നിറഞ്ഞ ചില ഓർമ്മക്കുറിപ്പുകൾ.

അതിൽ ഞാൻ കാണും,
എന്റെ കാൽപ്പാടുകൾ നിറഞ്ഞ മണ്ണും,
അവിടെ നിറയും പച്ചപ്പുൽക്കൊടികളും.
അതിൽ ഞാൻ കേൾക്കും,
അകലെ നിന്നൊഴുകി വരും അമ്പല മണികളും,
വയലിൽ നിന്നുയരുന്ന കൊയ്ത്തരിവാൾ പാട്ടും.
അതിൽ ഞാനറിയും,
ഇലഞ്ഞിപ്പൂവിന്റെ മാദക ഗന്ധവും,
കുളിർ ചന്ദനത്തിന്റെ തണുവുള്ള സ്പർശവും.
അതിൽ ഞാൻ രുചിക്കും,
ആവി പറക്കുന്ന തുമ്പപ്പൂ ചോറും,
നറു മണമൊഴുകുന്ന ശർക്കര പ്രഥമനും.

തിരിച്ചു പോകണം
ഒരു നാളെനിക്കെന്റെ
കനവിന്റെ കൂട്ടില്ലൊന്നമർന്നിരിക്കാൻ.
നടന്നു പോകണം,
ഒരിക്കൽ കൂടിയെനിക്കാ
ഇളം കാറ്റൊഴുകുന്ന വയലിൻ നടുവിലൂടെ,
കടൽ കാറ്റടിക്കുന്ന മണൽത്തീരത്തിലൂടെ,
ചരലു പാകിയ ആ പഴയ നാട്ടു വഴിയിലൂടെ,
തിരക്കു നിറഞ്ഞെന്റെ പട്ടണത്തിൻ നടുവിലൂടെ,
ഒരു കയ്യിലെൻ മകളുടെ വിരൽത്തുമ്പും
മറുകയ്യിലെന്റെ നൽപാതിയുടെ വളയിട്ട കൈയും..

അറിയില്ല എനിക്കെന്റെ
സ്വപ്നങ്ങൾ സത്യമാകുന്നയാ
ദിനമെന്നെന്നറിയില്ല..
അറിയില്ലെനിക്ക്‌...

ഇനി ഞാനുറങ്ങട്ടെ അൽപ്പ നേരം,
എനിക്കുണ്ട്‌ കാണുവാൻ കനവായിരം!
 

ഇതു കവിത ഒന്നുമല്ല..
ചില മനോചിത്രങ്ങൾ മാത്രം..
'മരുപക്ഷി'എന്നെഴുതിയെന്നേയുള്ളൂ..അങ്ങനൊരു പക്ഷി ഉണ്ടൊ എന്നും അറിയില്ല..ഉണ്ടെങ്കിൽ ആ പക്ഷിയോട്‌ ഞാൻ ക്ഷമ ചോദിക്കുന്നു..

Post a Comment

Saturday, 1 January 2011

ഭൂമിയുടെ ചിരി

ശബ്ദങ്ങൾ കേട്ട്‌ ഭൂമിയും വാനവും ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടാകും..
നാളെയും സൂര്യനുദിക്കും, നാളെയും ചന്ദ്രനുദിക്കും.

കരയൊരിക്കൽ കടലാകും.
കടൽ കരയാവുകയും ചെയ്യും.

ജനിച്ചവർ മരിക്കുകയും,
മരിച്ചവർ ജനിക്കുകയും ചെയ്യും..

അതിനിടയ്ക്ക്‌ ഈ കുഞ്ഞു മനുഷ്യർ എന്താഘോഷിക്കുകയാണ്‌?!
ഒരു വട്ടം സൂര്യനെ വലം വെച്ചത്‌ സൂര്യനോ, ഭൂമിയോ അറിഞ്ഞിട്ടു കൂടിയുണ്ടാവില്ല..

ഭൂമി ചിരിച്ചതു കണ്ട്‌ മറ്റു ഗ്രഹങ്ങളും ചിരിച്ചിട്ടുണ്ടാകും!

Post a Comment