Please use Firefox Browser for a good reading experience

Monday, 29 November 2010

ചിറകിനടിയിലെ ചൂട്‌

ചിറകിനടിയിലെ ചൂട്‌ മതിയായി.
ഇനി പുറത്തേക്ക്‌.

പുറത്ത്‌ തീയെന്നറിഞ്ഞ്‌,
തിരികെ വന്നപ്പോൾ കണ്ടത്‌,
ഹൃദയം പൊട്ടി മരിച്ചു കിടക്കും അമ്മക്കിളിയെയാണ്‌.

ചിറകുകൾക്കിടയിലെ ചൂട്‌, ഒരു മോഹം മാത്രമായി.
കിളി ദൂരേക്ക്‌ പറന്നു.

ഒരു കൂടൊരുക്കി മുട്ടയ്ക്ക്‌ കാവലിരിക്കുമ്പോൾ,
മനസ്സിലൊരു കോണിൽ.
തന്റെ അന്ത്യവും ഹൃദയം പൊട്ടിയാവും
എന്ന തോന്നൽ വളർന്നു വരുന്നതറിഞ്ഞു..
എങ്കിലും മുട്ടയ്ക്ക്‌ ചൂട്‌ പകർന്നു കൊണ്ടേയിരുന്നു..

ചിറകിനടിയിലെ ചൂട്‌ നൽകാൻ
മറ്റാരുമുണ്ടാവില്ലെന്നറിഞ്ഞതു കൊണ്ടാവാം..
അല്ലെങ്കിൽ..ആ ചിറകിനടിയിൽ താൻ
തന്നെയെന്നറിഞ്ഞതു കൊണ്ടാവാം..

11,843

Post a Comment

അറിയുന്നതെപ്പോൾ ?

നീ നിന്നെ അറിയുന്നതെപ്പോൾ?

നീ കേട്ടതെല്ലാം നീ പറഞ്ഞതെന്നറിയുമ്പോൾ ?
നീ ഇഷ്ടപ്പെടേണ്ടി വന്നതെല്ലാം നീ വെറുത്തതെന്നറിയുമ്പോൾ?
നീ ഓർക്കുന്നതെല്ലാം നീ മറക്കാൻ ശ്രമിക്കുന്നതെന്നറിയുമ്പോൾ?

നിനക്ക്‌ കിട്ടിയതെല്ലാം നീ കൊടുത്തതെന്നറിയുമ്പോൾ?
നിനക്ക്‌ പിറന്നവൻ നീ തന്നെയാണെന്നറിയുമ്പോൾ?
അതോ, നിന്നെ നീ ഇതുവരെ അറിഞ്ഞില്ലെന്നറിയുമ്പോൾ?..

Post a Comment

Thursday, 25 November 2010

മേഘങ്ങൾക്കിടയിൽ

മേഘങ്ങൾക്കിടയിലാണ്‌ ഞാൻ കൂട്‌ കെട്ടിയത്‌.
മനുഷ്യനെ പേടിച്ചിട്ടോ, മൃഗങ്ങളേ പേടിച്ചിട്ടോ അല്ല
മേഘങ്ങൾക്കിടയിലിരുന്ന് താഴെ, പച്ച തുരുത്തുകൾ കാണാൻ..
ഇഴഞ്ഞൊഴുകും പുഴയുടെ കുസൃതികളും,
പതഞ്ഞൊഴുകും അരുവിയുടെ ലാസ്യവും,
കൈകോർത്തു നടക്കും പ്രേമങ്ങളും,
കൈപിടിച്ചോടും ബാല്യങ്ങളും..

കൈ കൂപ്പി ചിലരെന്നെ വിളിക്കും
വിളിക്കേൾക്കാൻ ഞാൻ കാതോർത്തിരിക്കും.
അവർക്ക്‌ മറുപടിയായി..
അവരെ പുണർന്ന്,
അവരെ കുതിർത്ത്‌,
അവർക്കൊരുന്മാദമായി ഞാൻ പെയ്തിറങ്ങും..
അവർ ചിരിക്കുമ്പോൾ,
അവർ നൃത്തം ചെയ്യുമ്പോൾ,
ഞാൻ ഞാനല്ലാതായി,
അലിഞ്ഞൊരരുവിയായി..
അകലേക്ക്‌ ഒഴുകിയകലും.
അതാണെന്റെ നിയോഗം.

അപ്പോഴേക്കും മറ്റൊരാൾ മേഘങ്ങൾക്കിടയിൽ കൂട്‌ കെട്ടിയിട്ടുണ്ടാവും..
വിളി കേൾക്കാൻ കാതോർത്ത്‌ കാത്തിരിപ്പുണ്ടാവും..

11,745

Post a Comment

ഒരു കുത്തു മുതൽ..

ഒരു കുത്തൊരക്ഷരമായി,
വാക്കായി, വരികളായി,
എന്റെ തണുത്ത കടലാസിൽ പതിഞ്ഞു കിടന്നു.

അതിലെന്റെ ശബ്ദവും, മൗനവും,
എന്റെ പ്രണയവും, വിരഹവും,
വിജയവും പരാജയവും,
സത്യവും അസത്യവും..

മരിക്കാനനുവദിക്കാത്ത ഓർമ്മകൾ..
മറക്കാൻ ഞാൻ കൊതിക്കുന്നതും..
കുടിയിരുത്താൻ ചില സ്വപ്നങ്ങളും..

ആ വരികൾക്കിടയിൽ ഞാൻ മലർന്ന് കിടക്കും
അവസാനമൊരു കുത്തിലെന്റെ
വരികൾ വന്നു നിൽക്കും വരെ..

ഒരു കുത്തു മുതൽ മറ്റൊരു കുത്തു വരെ..
അത്രയേ ഉള്ളൂ..
ഞാനും, നീയും..എല്ലാം..

Post a Comment

Wednesday, 24 November 2010

വിതയ്ക്കുന്നവർ

അവർ വിത്തുകൾ വലിച്ചെറിഞ്ഞത്‌,
എന്റെ ചെവിയ്ക്കുള്ളിലായിരുന്നു..
തലയ്ക്കുള്ളിലാണവ വന്നു വീണത്‌.
അവിടെ കിടന്ന് ചൂട്‌ പിടിച്ചവ,
മുള പൊട്ടി, കിളിർത്ത്‌ പൊങ്ങി.
ചുവന്ന നിറത്തിലുള്ള ചെടികൾ നിറയെ
ചെറിയ പുഴുക്കളായിരുന്നു..
ചെറിയ, കറുത്ത പുഴുക്കൾ..
അവയ്ക്കായിരം തലകളുണ്ടായിരുന്നു..

എന്റെ കണ്ണുകളുടെ ഞരമ്പുകൾ..
അവിടായിരുന്നു ആദ്യമവ കൂടു കൂട്ടിയത്‌.
എന്റെ കാഴ്ച്ചയുടെ നിറം..
എപ്പോഴാണത്‌ ചുവന്നു വന്നത്‌?
എന്റെ തലച്ചോറിലെ ഞരമ്പുകൾ..
അതായിരുന്നു അവ ഭക്ഷണമാക്കിയത്‌.

എന്റെ ചിന്തകളെ, ചെറിയ ആ പുഴുക്കൾ..
അവ നിയന്ത്രിച്ചു തുടങ്ങിയത്‌ ഞാനറിഞ്ഞില്ല..

മിടിച്ചു കൊണ്ടിരുന്ന എന്റെ കുഞ്ഞു ഹൃദയം..
അതായിരുന്നു അവയുടെ അടുത്ത ലക്ഷ്യം.
അവരിൽ ചിലരെന്റെ ഹൃദയ ധമനികൾ..
അതു തുളച്ചകത്ത്‌ കയറിയിരുന്നു..
ചുവന്ന പനീർപ്പൂവ്‌..അതായിരുന്നെന്റെ ഹൃദയം!
ഇപ്പോഴതൊരു, കറുത്ത കല്ലു മാത്രം!

ഞാൻ ശ്രദ്ധിച്ചു..
എനിക്കു ചുറ്റുമുള്ളവർ..
അവരുടെയും കണ്ണുകൾ ചുവന്നിരിക്കുന്നു..

എന്റെ ചെവിയ്ക്കുള്ളിൽ വിത്തെറിഞ്ഞവർ..
അവർ അകലെ വിത്തെറിഞ്ഞ്‌ നടന്നു പോകുന്നത്‌,
ഞാനെന്റെ ചുവന്ന കണ്ണുകൾ കൊണ്ട്‌ കണ്ടു..

Post a Comment

സന്തോഷവതി

മങ്ങിയ ചുവരുകളാണെനിക്കു ചുറ്റും.

കടും ചായക്കൂട്ടുകൾ വാരി പൂശിയ കൈവരികളും..
കൂട്ടുകാരികളുടെ മുഖത്ത് തേച്ച ചായങ്ങളും..
രണ്ടും ഒരു പോലെയാണെനിക്കു തോന്നിയത്!

എത്ര സുന്ദരമാണ്‌ ജീവിതം!
എത്ര പേരാണെന്നെ കാണാൻ വരുന്നത്!
അമ്മയ്ക്കും സന്തോഷം മാത്രം.

ഉടുക്കാൻ തിളങ്ങുന്ന വസ്ത്രങ്ങളും,
ഉണ്ണാൻ വേണ്ടെത്ര ഭക്ഷണവും.

വരുന്നവർക്ക് എന്തിഷ്ടമാണെന്നെ!
അവർക്ക് സന്തോഷം, എനിക്കും.

തെരുവിൽ ചിലർ ഭിക്ഷയെടുക്കുന്നതു കണ്ടു.
ചിലർക്ക് എപ്പോഴും വിഷാദം മാത്രം.
ദൈവം എത്ര ക്രൂരനാണ്‌..

ഞാൻ ഭാഗ്യവതി തന്നെ!
എല്ലാമെന്റെ ഭാഗ്യമെന്നാണമ്മ പറയുന്നത്.
അതു സത്യമാവണം..
എന്നും, ഇതു പോലെ..സന്തോഷവതിയായി..

11,688

Post a Comment

വൈകിയപ്പോൾ..

തിരക്കു പിടിച്ച്, പാഞ്ഞു പോകുന്ന,
വാഹനങ്ങൾക്കു മുന്നിലൂടെ..
ഭീകരമായ ശബ്ദത്തോടെ പാഞ്ഞു പോകും,
തീവണ്ടിയുടെത് മാത്രമായ പാളങ്ങളിലൂടെ..
പതിനാലു നിലയുള്ള കെട്ടിടത്തിന്റെ,
മുകളിലത്തെ നിലയിൽ നിന്നും ചാടിയും..
കടൽപ്പാലത്തിനു മുകളിൽ നിന്നും,
ഏറ്റവും ആഴമുള്ള ഭാഗത്തേക്ക് കുതിച്ചും..
കാട്ടുത്തീയാളി കത്തുന്നതിനിടയിലൂടെ..
ഇടിഞ്ഞു വീഴും ചുവരുകൾക്കിടയിലൂടെ..
ആയിരം വെടിയുണ്ടകൾക്കിടയിലൂടെ..
‘കണ്ടില്ലെ, എനിക്കൊന്നും സംഭവിക്കില്ല!’
ഞാനിതു പറയുമ്പോൾ, ഒന്നും കേൾക്കാത്ത പോൽ
അലക്ഷ്യമായി അകലേക്ക് നോക്കിയവളിരുന്നു..

ചുമരിൽ, ദീപം കത്തിച്ചു വെച്ച ചിത്രം..
അതെന്റേതാണെന്നറിയാൻ ഞാൻ വൈകി..

Post a Comment

Sunday, 21 November 2010

ഞാനുണ്ടെ!

വീണ്ടും മോനു വേണ്ടിയെഴുതിയ ഒരു പാട്ട്..

അരുവിക്കപ്പുറം കരയുണ്ടെ.
കരകൾക്കപ്പുറം വീടുണ്ടെ.
വീടുകൾക്കിടയിൽ മതിലുണ്ടെ.
മതിലിനരികിലൊരു മരമുണ്ടെ.
മരത്തിൽ നിറയെ കായുണ്ടെ.
കായ കഴിക്കാൻ കിളിയുണ്ടെ.
കിളിക്ക് കൊച്ചൊരു കൂടുണ്ടെ.
കൂട്ടിനകത്തൊരു കുഞ്ഞുണ്ടെ.
കുഞ്ഞിനു കൂട്ടായ് അമ്മയുണ്ടെ.
അമ്മയ്ക്ക് രണ്ടു ചിറകുണ്ടെ.
ചിറകിനു അടിയിൽ ഞാനുണ്ടെ!

Post a Comment

Friday, 19 November 2010

കൽമണ്ഡപത്തിലെ തൂണുകൾ

കടപ്പുറത്തെ കൽമണ്ഡപത്തിൽ,
നവദമ്പതികൾ മറഞ്ഞു നിന്ന് ചുംബിച്ചു.

ഇണ നഷ്ടപ്പെട്ട വെളുത്ത മുടിയുള്ളവർ,
മണ്ഡപത്തിലെ തൂണുകളെ തടവി കൊണ്ടിരിക്കും.
വർഷങ്ങൾക്കു മുൻപ് പറയാനാകാത്തത്,
ഇണയുടെ ചുണ്ടിൽ പകർത്തിയതവരോർക്കുന്നുണ്ടാകും..

വരണ്ട്, വീണ്ടു കീറിയ ചുണ്ടുകൾ
അവർ തടവി കൊണ്ടിരിക്കും.
വർഷങ്ങൾക്ക് മുൻപ് പറയാനോർത്തത്,
ഇണയുടെ കാതിൽ പറഞ്ഞതവരോർക്കുന്നുണ്ടാകും..

കൽത്തൂണുകൾ..
അവർക്കായിരം ചുംബനകഥകൾ പറയാനുണ്ടാകും..
തമ്മിൽ ചുംബിക്കാനാകാതെ,
പരസ്പരം നോക്കിയിരിക്കുവാൻ വിധിക്കപ്പെട്ടവർ..
അവരുടെ നിശ്ശബ്ദനെടുവീർപ്പുകൾ
മണ്ഡപത്തിൽ നിറഞ്ഞു നിൽപ്പുണ്ടാവും..
അവർക്കൊരാശ്വാസമായി മാറും,
ചുളിവ് വീണ, വിറ പൂണ്ട വിരലുകൾ..

Post a Comment

Thursday, 18 November 2010

നഗരത്തിൽ ഒരു രാത്രി

നഗരത്തിന്റെ കറുത്ത ഞരമ്പുകളിൽ
കാലിടറി നടന്നു പോയൊരു രാത്രിയിൽ,
മറഞ്ഞു നിന്ന ചുവന്ന പൂവൊന്ന്
സീല്ക്കാരം ചേർത്ത് വിളിച്ചതു കേട്ട്,
ഞരമ്പുകളിൽ ലഹരി നിറഞ്ഞതു കൊണ്ടോ,
ചുണ്ടുകളിൽ രതി നിറഞ്ഞതു കൊണ്ടോ,
നിലയുറയ്ക്കാതെ ചെന്നു ഞാനവളെ ചുംബിച്ചു..
തുടുത്ത ചുണ്ടിൽ കിനിഞ്ഞ രക്ത ബിന്ദുക്കളിൽ,
എന്റെ പ്രേമം തിരിച്ചറിഞ്ഞതു കൊണ്ടാവാം,
അവളെന്നെ ചേർത്തമർത്തി ചുംബനത്തിലാഴ്ത്തിയത്.
മുങ്ങിത്താഴുമ്പോൾ കടലിൽ അലിഞ്ഞു ചേർന്ന,
ഒരു മഞ്ഞുത്തുള്ളിയായി മാറി കഴിഞ്ഞിരുന്നു ഞാൻ..
..
നിലാവ് വഴി മാറി അകന്നപ്പോൾ,
എല്ലാം സ്വപ്നമല്ലായിരുന്നു എന്നറിയാതെ ഞാൻ..

Post a Comment

Wednesday, 17 November 2010

ബുദ്ധന്റെ ചിരി

ബോധോദയം ഉണ്ടാവാനല്ല അയാൾ
വൃക്ഷത്തിന്റെ ചുവട്ടിലിരുന്നത്.
കൊഴിഞ്ഞ ഇലകളും താനും..
എന്തു വ്യത്യാസം?
പെട്ടെന്നു വന്ന ഒരു കുരുവി,
അതിലൊന്ന് കൊക്കിലാക്കി പറന്നപ്പോൾ,
പച്ചിലകൾ ഒരു നിമിഷം നിശ്ശബ്ദമായി.
ഉള്ളിൽ കലപില കൂട്ടിയിരുന്ന ചിന്തകളും.
തിരിച്ചറിവിന്റെ മൂഹൂർത്തത്തിൽ,
പച്ചിലകൾ കാറ്റിനൊപ്പം ഉറക്കെ ചിരിച്ചു.
ബോധത്തിന്റെ ഉറവ പുറപ്പെട്ടതറിഞ്ഞയാൾ
എഴുന്നേറ്റ് നടന്നകലുമ്പോൾ,
ഒരു ചിരി ചുണ്ടിൽ ചേർത്തു വെച്ചിരുന്നു.
ബുദ്ധന്റെ ചിരി..

Post a Comment

വിശപ്പ്‌

ജനനത്തിനും മരണത്തിനുമിടയ്ക്ക്‌
ഞെരുങ്ങി പോയ ജീവിതം..
തന്റെ പേരെഴുതിയ ധാന്യം തേടി,
വരണ്ടുണങ്ങിയ പാഴ്ഭൂവിൽ,
അലയാൻ മാത്രം വിധിക്കപ്പെട്ടവൻ.

വിശപ്പിനും ശബ്ദമുണ്ടെന്നു തിരിച്ചറിഞ്ഞവൻ
കഴുകന്റെ ചിറകടി ശബ്ദം..

നിറങ്ങൾ കാഴ്ച്ചയ്ക്ക്‌ മുന്നിൽ നിന്നു
വഴിമാറിയപ്പോൾ നിറഞ്ഞത്‌,
തീക്ഷണത നിറഞ്ഞ വെളുത്ത പ്രകാശം മാത്രം.
പ്രകാശത്തിനൊടുവിൽ ഇരുട്ടെന്നറിയുമ്പോഴും,
വരണ്ട തൊണ്ടയിൽ കുരുങ്ങിയ വാക്കുകൾ,
പുറത്തേക്ക്‌ ഇഴഞ്ഞിറങ്ങി വന്നു പറഞ്ഞു,
വിശപ്പ്‌..വല്ലാത്ത വിശപ്പ്‌..
..
..
ഇനി പേരെഴുതാത്ത ധാന്യങ്ങളുടെ നാട്ടിൽ..
വിശപ്പില്ലാത്തവരുടെ നാട്ടിൽ..
ഇല്ല..യാത്ര അവസാനിക്കുന്നില്ല..

Post a Comment

Saturday, 13 November 2010

ദയവായി...

ആരോ മറവിലിരുന്ന് പകിടയെറിയുന്നുണ്ട്..
വെളിച്ചത്തിലും, ഇരുട്ടിലും ആദൃശ്യനായ്..
അയാൾ അതോ അവൾ ?
അതുമല്ലെങ്കിൽ..

ചതുരംഗ പലകയിൽ നിന്നിറങ്ങി നടക്കണമെനിക്ക്
കൈകാലുകളിൽ കെട്ടിയ ചരടുകൾ പൊട്ടിച്ചെറിയണം

ആരാണെന്നെ കെട്ടിയിട്ടത്?
ബോധത്തിനു മുൻപിലും പിൻപിലും തിരശ്ശീലകൾ
തിരശ്ശീലയ്ക്കകത്തിരുന്ന് ഞാൻ തന്നെയാവാം,
എന്റെ കൈകാലുകൾ ബന്ധിച്ചത്!
ചരടുകൾ എന്റെ സ്വന്തമല്ലെന്നറിയുവാൻ വൈകി..
കെട്ടുകളുടെ ശാസ്ത്രവും മറന്നു..

എനിക്കറിയേണ്ടത്,
ചതുരംഗകളികളില്ലാത്ത ലോകത്തെ കുറിച്ചാണ്‌
അവിടെക്കുള്ള വഴികളും..

അതിനു മുൻപ്..ആരെങ്കിലും ഈ ചരടുകൾ..
ദയവായി..ആരെങ്കിലും..

Post a Comment

Friday, 12 November 2010

അറിയാതെ..

മായ്ക്കുവാനെടുത്ത കാര്യമറിയാതെ
മഷിത്തണ്ട് കുടിച്ചു കൊണ്ടിരുന്നു..

കടലിൽ ചെന്നു കടലാകുമെന്നറിയാതെ,
പുഴയൊഴുകികൊണ്ടിരുന്നു..

പിരിയുമെന്നറിയാതെ
പ്രണയിച്ചും,
കരയിക്കുമെന്നറിയാതെ,
ചിരിച്ചും,
പകലെന്നറിയാതെ,
കിനാവ് കണ്ടും,
മറന്നു പോയതറിയാതെ
ഓർക്കാൻ ശ്രമിച്ചും,
വീണ്ടും ജനിക്കുമെന്നറിയാതെ,
ജീവിച്ചും..

ആവർത്തിക്കുന്നുവെന്നറിയാതെ,
പുതുതെന്ന് നിനച്ച്..

അറിഞ്ഞില്ല ഞാനൊന്നും..ഒന്നും..

Post a Comment

Wednesday, 10 November 2010

നീല പൂവിന്റെ ഓർമ്മയ്ക്ക്

അവളറിയാതെയാണയാൾ ഇഷ്ടപ്പെട്ടത്
ആരുമറിയാതെ അവൾ അയാളെയും.

ഇരുവരും കാത്തു വെച്ചു,
അറിയുമ്പോൾ പറയാനൊരു വാക്ക്.
പക്ഷെ, പറയാതെയവരെങ്ങോ അകന്നു പോയി.

അയാൾ,
ഒഴുക്കിൽപ്പെട്ടൊഴുകിയടിഞ്ഞത്,
ദൂരെ, വടക്കൊരു ദ്വീപിലായിരുന്നു.

അവൾ,
ഒഴുകിപ്പോയത് നീല പൂക്കളുടെ താഴ്വരയിലും.

ഒരു നാൾ ആ താഴ്വരയിൽ,
നീല പൂക്കൾ കാണാനയാളെത്തി.

പൂക്കൾക്കിടയിൽ അവളെ കണ്ടു,
പൂവെന്നു മാത്രം നിനച്ചു.

രാവിലൊരു സ്വപ്നത്തിൽ,
അവൾ വന്നു അവനരികിൽ
‘പറയാൻ മറന്നുവോ ആ പഴയ വാക്ക്?’
ഉണർന്ന അയാൾ കണ്ടത്,
അരികിലൊരു നീല നിറമുള്ള പൂവ് മാത്രം.

ആ അയാൾ..അയാൾ ഞാനായിരുന്നു.

Post a Comment

Monday, 8 November 2010

ഓർക്കാത്തത്..

വരണ്ട് പോയ വഴി കാണാതിരിക്കുവാനാവാം,
പുഴ തിരിഞ്ഞൊഴുകാത്തത്..

എന്നോട് പ്രേമം തോന്നാതിരിക്കുവാനാവാം,
നീയെന്നെ ഓർക്കാത്തത്..

മുഖങ്ങൾ മറന്നു പോയതു കൊണ്ടാവാം,
ഞാൻ വന്ന വഴി ഓർക്കാത്തത്..

മറന്നതെല്ലാം ഓർമ്മിപ്പിക്കുമെന്ന് ഭയന്നാവാം,
ഓർമ്മകളെ ഞാൻ മറന്നത്‌..

കൈവശം വെറുമൊരു കടലാസ് മാത്രം..
മായ്ക്കുന്നു ഞാൻ വീണ്ടുമെഴുതുവാൻ മാത്രം..

Post a Comment

Thursday, 4 November 2010

ചന്ദ്ര ദുഖം

ഉരുകുന്ന സൂര്യന്റെ ഉള്ളിലായെരിയും,
കനലിന്റെ വേദന ആർക്കു സ്വന്തം?

ഇരുളിന്റെ മറവിൽ, അകലെയായൊഴുകും,
പനിമതിക്കെന്താണ്‌ പരിഭവം മാത്രം?

കവികളും കാമുക ഹൃദയങ്ങളൊക്കെയും,
കവിതകൾ മാത്രം രചിച്ചതോ കാരണം?

കനലായെരിയുന്ന സൂര്യന്റെ പ്രഭയാലെ
തിളങ്ങുന്ന ഗോളമെന്നറിഞ്ഞതോ കാരണം?

പരിഭവം ഇല്ലിതു പരിതാപമാണിതു,
പരിഹാരമില്ലാത്ത പ്രണയ ദുഖം..

പ്രഭ ചൊരിഞ്ഞുരുകുന്ന സൂര്യന്റെ വേദന,
അതുമാത്രമാണെന്റെ ഹൃദയ ദുഖം

എനിക്കായി എരിയുന്ന സൂര്യന്റെ വേദന
അതുമാത്രമാണെന്റെ പ്രണയ ദുഖം

കനലുകൾ എരിയുന്നതൊന്നുമെ അവനോ
അറിയാത്ത ഭാവം നടിക്കുന്നു നിത്യവും

അറിയുന്നു ഞാനാ എരിയുന്ന കനലിന്റെ
ചൂടു പോലുള്ളയാ പ്രണയ താപം.

പിണങ്ങി ഞാൻ നിന്നുവാ ഇരുളിന്റെയുള്ളിൽ
പരിഭവം ഭാവിച്ചു മാറി നിന്നു..

തിരഞ്ഞവൻ എന്നെയാ കടലിന്റെയുള്ളിലും,
തിരഞ്ഞവൻ ചോദിച്ചു തിരകളോടും..

തിരയുന്ന കണ്ണിലെ കണ്ണുനീർ കാണുവാൻ
കഴിയാതെ വീണ്ടും, വന്നു ഞാൻ രാവിൽ..

കാണില്ലൊരിക്കലും നിങ്ങളെൻ കണ്ണുനീർ
കാണില്ല ആരുമീ ചന്ദ്ര ദുഖം..


എനിക്കായി എരിഞ്ഞു തീരുന്നവൻ..
അവന്റെ ചൂട്..
അതെന്റെ പ്രണയ താപം വർദ്ധിപ്പിച്ചതേയുള്ളൂ..
എരിയും തോറും ജ്വലിക്കുന്ന കനലുകൾ,
അവന്റെ ഉള്ളു പൊള്ളിച്ചുകൊണ്ടിരുന്നു..
എന്റെയും..

പരിഭവം നടിച്ചും, പിണക്കം നടിച്ചും ഞാൻ മാറി നിന്നു.
അപ്പോഴവൻ ചൂട് കൊണ്ട് മാത്രമല്ല പൊള്ളിയത് എന്നു ഞാനറിഞ്ഞു.
എന്നെ തിരഞ്ഞു കടലിനോടും, കടൽ കാക്കകളോടും
കരഞ്ഞു നടന്നതു ഞാൻ കണ്ടു.
എനിക്കിരുട്ടിൽ മറഞ്ഞു നില്ക്കാൻ കഴിയുമായിരുന്നില്ല.
ഇരുളിൽ നിലാത്തൂവലുകൾ പൊഴിയുമ്പോൾ,
എന്റെ കണ്ണുനീർ തുള്ളികളും പൊഴിഞ്ഞതാരുമറിഞ്ഞില്ല..
അവൻ പോലും..

Post a Comment

Wednesday, 3 November 2010

പുതിയ കഴുകന്മാർ

ട്രാക്കിലൊരു മൃതദേഹം കിടക്കുന്നു.
ഓടിക്കൂടുന്നെല്ലാവരും.
എന്തിന്‌?!
എന്തു കാണാൻ?
ചിലർ തലയറ്റ ശരീരം കണ്ടിട്ടില്ലത്രെ!
ചിലർ കാലുകളറ്റ ശരീരം..
കണ്ടവർ അത്ഭുതത്തിന്റെയും, ഭീതിയുടെയും ശബ്ദങ്ങളുണ്ടാക്കുന്നു.
ചിലർ തല തിരിക്കുന്നു, അറപ്പോടെ..
ഇതല്ലാതെ പിന്നെ അവരെന്താണ്‌ പ്രതീക്ഷിച്ചത്?!

ചിലരിപ്പോൾ മൊബൈൽ ഫോണുമായാണ്‌ ഓടുന്നത്..
കൂട്ടുകാരെ ഫോട്ടൊ കാണിക്കേണ്ടെ?
എന്തിന്‌?!.
മറ്റാർക്കും കിട്ടാത്ത ഫോട്ടോ അല്ലേ അത്?.

അല്ല, ആരാണ്‌ മരിച്ചത്?
ആ...ആർക്കറിയാം?

പിന്നെന്തിനു ഓടി പോയി?
തലയില്ലാത്ത ഉടൽ കണ്ടെന്ന് ഇനി പറയാമല്ലൊ..
പേടി തോന്നിയില്ലെന്ന് വീരവാദവും..

കാണാൻ കഴിയാത്ത ചിലർക്ക് നഷ്ടബോധവും..
“ശ്ശെ, ഓടി കിതച്ച് ചെന്നപ്പോഴേക്കും, ആരോ തെങ്ങോല കൊണ്ട് മൂടി കളഞ്ഞു..ഇനി അടുത്ത തവണ നേരത്തെ വരണം”..

Post a Comment