Please use Firefox Browser for a good reading experience

Monday 31 May 2021

കാണാതാകുമ്പോൾ...


‘അച്ഛാ, എന്റെ ക്രിക്കറ്റ് ബാറ്റ് കണ്ടോ?’
ബിനുമോൻ രാവിലെ മുതൽ ചോദിച്ചു കൊണ്ട് നടക്കുകയാണ്‌. അമ്മയും മോനും ഇന്നലെ രാത്രി വന്നതേയുണ്ടായിരുന്നുള്ളൂ. അവൻ സുമയോടൊപ്പം അപ്പൂപ്പന്റെ വീട്ടിൽ പോയി അവധിക്കാലം മുഴുക്കെയും കളിച്ചു തിമിർത്ത ശേഷം വന്നു തളർന്നു കിടന്നതാണ്‌. എന്നിട്ടിപ്പോൾ നേരം വെളുത്തതേയുള്ളൂ അപ്പോഴേക്കും ബാറ്റും ബോളും തിരക്കി ഇറങ്ങിയിരിക്കുന്നു! അവിടെ തറവാട്ടിൽ ദിവസവും കളിച്ച് കളിച്ച് അവന്റെ കൈയ്യും കാലും കളിക്കാൻ തരിക്കുന്നുണ്ടാവും. അവിടെയും ചുറ്റുവട്ടത്ത് അവന്‌ ധാരാളം കൂട്ടുകാരുണ്ട്. അവിടന്ന് തിരിച്ചു വരും മുൻപേ, ഇവിടെയുള്ള കൂട്ടുകാരെ വിളിച്ച് കളിക്കാനുള്ള സകല തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടാകും. ഒരു സംശയവുമില്ല.

ആ ബാറ്റ് - അതവന്‌ ഏറ്റവും പ്രിയപ്പെട്ടതാണ്‌. അവന്റെ പ്രിയതാരം സച്ചിന്റെ ഒപ്പിന്റെ ചിത്രമുള്ള ബാറ്റ്. അതിനടുത്തായി അവൻ സ്വന്തം പേരെഴുതി വെച്ചിട്ടുണ്ട്. ആ ബാറ്റ് ഞാൻ വാങ്ങിക്കൊടുത്ത ദിവസം ഇപ്പോഴും നല്ലതു പോലെ ഓർക്കുന്നു. അതും അരികിൽ വെച്ചാണവൻ ഉറങ്ങിയത്! അതും പിടിച്ച് ഗ്രൗണ്ടിലേക്ക് അഭിമാനപൂർവ്വം നടന്ന് പോകുന്ന ചിത്രം നല്ലത് പോലെ മനസ്സിലുണ്ട്. ആ പ്രിയ ബാറ്റാണ്‌ ഇപ്പോഴവൻ തിരഞ്ഞു നടക്കുന്നത്. ഞാനവനെ സമാധാനപ്പെടുത്താനൊരു ശ്രമം നടത്തി. എന്നാൽ ശ്രമം തീർത്തും വിഫലമായി പോയി.

രാത്രി വരയേ അവന്റെ ആവശ്യങ്ങൾക്ക് ആയുസ്സുണ്ടാകാറുള്ളൂ എന്ന് ബോധ്യമുള്ളത് കൊണ്ട്, അവനെ സമാധാനിപ്പിക്കാനേ ശ്രമം നടത്തിയുള്ളൂ. ‘പുതിയൊരെണ്ണം വാങ്ങി തരാം’ എന്ന വാഗ്ദാനമൊന്നും കൊടുക്കാതെ അവസാനനിമിഷം വരേയ്ക്കും കാത്തിരിക്കാനായിരുന്നു എന്റെ പദ്ധതി. എന്നാൽ അവന്റെ, നിരന്തരമായ ആവശ്യവും, അപേക്ഷയും, പരിദേവനങ്ങളും സഹിക്ക വയ്യാതെ, ‘നീയൊന്ന് സമാധാനമായി ഇരീ.. അച്ഛൻ നിനക്കൊരു പുതിയ ബാറ്റ് വാങ്ങി തരാം പോരേ?’ എന്ന് അവസാന അടവിലേക്ക് പ്രതീക്ഷിച്ചതിലും നേരത്തെ എനിക്ക് എത്തിച്ചേരേണ്ടി വന്നു. എന്നാൽ അതും അവന്‌ സ്വീകാര്യമാവില്ലെന്നാരു കണ്ടു?!
‘അച്ഛനറിയ്യോ ആ ബാറ്റ് വെച്ച് ഞാനെത്ര ഫോറടിച്ചിട്ടുണ്ടെന്ന്? എത്ര സിക്സടിച്ചിട്ടുണ്ടെന്ന്?..എന്റെ ലക്കി ബാറ്റാ’
അടവുനയങ്ങൾ പരാജയപ്പെട്ട ഞാൻ അവന്റെ മുന്നിൽ ആയുധമില്ലാതെ നിന്നു. ഇനിയെന്ത് പറഞ്ഞാണ്‌ പ്രതിരോധം തീർക്കുക? എങ്ങനെയാണിത് തീർപ്പാക്കുക?

രാത്രി ഉറങ്ങുന്നതിനു തൊട്ടു മുൻപ് വരേയ്ക്കും അവൻ ബാറ്റിനെ കുറിച്ച് - ബാറ്റിനെ കുറിച്ച് മാത്രം പറഞ്ഞു കൊണ്ടിരുന്നു. ശേഷം തളർന്നുറങ്ങിയെന്ന് തന്നെ പറയാം. മോൻ ഉറങ്ങി കഴിഞ്ഞപ്പോൾ സുമയും അതേ ആവശ്യം എന്റെ മുന്നിലേക്ക് നീക്കി വെച്ചു.
‘ചേട്ടനവന്‌ അതു പോലത്തെ ഒരു പുതിയ ബാറ്റ് നാളെ തന്നെ വാങ്ങി കൊട്.. ഒരു ബാറ്റല്ലെ? കളിക്കേണ്ട പ്രായം അല്ലെ?‘
ശരിയാണ്‌ കളിക്കേണ്ട പ്രായമാണ്‌. വാങ്ങി കൊടുക്കാനുള്ള സാമ്പത്തികശേഷിയുമുണ്ട്. വാങ്ങാവുന്നതേയുള്ളൂ. പക്ഷെ അതവന്റെ ലക്കി ബാറ്റ് ആവുമോ എന്ന കാര്യം - അതിലെനിക്ക് ഒരുറപ്പും പറയാനാവില്ല. 
’ങാ..നീയുറങ്ങ്..നാളെ തന്നെ വാങ്ങി കൊടുക്കാം‘
അവൾ തിരിഞ്ഞു കിടന്നു.
’നടുവേദന മാറിയോ?‘ കുറച്ച് നേരം കഴിഞ്ഞ് അവൾ ചോദിച്ചു.
’ഓ! ഇപ്പോഴെങ്കിലും എന്നേക്കുറിച്ച് ഓർത്തല്ലോ?! അത് ചോദിക്കാൻ തോന്നിയല്ലോ?!‘ ഞാൻ പരിഭവശബ്ദത്തിൽ പറഞ്ഞു.
പറമ്പിൽ ഒരു വാഴ വെച്ചതാണ്‌. അതിന്റെ ക്ഷീണമാണ്‌.
അവളും മോനും പോകുന്നതിന്‌ മുൻപ് ഞാൻ പറഞ്ഞിരുന്നു, 
’നിങ്ങൾ വരുമ്പോഴേക്കും ഇവിടം ഞാനൊരു പൂങ്കാവനമാക്കും!‘
ഒരാവേശത്തിൽ വീമ്പു പറഞ്ഞതാണ്‌! വാഴ മാത്രമല്ല, രണ്ടു ചേനയും, ഒരു മുരിങ്ങയും. പോരാത്തതിന്‌ രണ്ട് തെങ്ങുകൾക്ക് തടവുമെടുത്തു. എങ്ങനെ കണക്ക് കൂട്ടിയാലും, കുറഞ്ഞതൊരായിരം രൂപയ്ക്കുള്ള പുറംപണി എടുത്തിട്ടുണ്ടാവും.
’സാരമില്ലടോ..വേദന കുറവുണ്ട്..വല്ലപ്പോഴും ചെയ്തതത് കൊണ്ടാ..താനുറങ്ങിക്കോ..ഇതൊരാഴ്ച്ച കൊണ്ട് മാറും‘

ഞാൻ ഉറങ്ങാനായി കിടന്നു. എന്നാൽ ഉറങ്ങാൻ ആവുമായിരുന്നില്ല. ഞാനും ആ ബാറ്റിനെ കുറിച്ച് തന്നെ ആലോചിക്കുകയായിരുന്നു. സത്യത്തിൽ അവൻ വരും മുൻപേ ഒരു പുതിയ ബാറ്റ് ഞാൻ വാങ്ങി വെയ്ക്കണമായിരുന്നു. മറന്നു പോയതാണ്‌. വിട്ടു പോയതാണ്‌. ആ ബാറ്റ്.. അതെവിടെയാണെന്ന് എനിക്ക് കൃത്യമായി അറിയാം. എനിക്ക് മാത്രം. പക്ഷെ എനിക്ക് പോലും അത് തിരികെയെടുത്ത് അവന്‌ കൊടുക്കാനാവില്ല. അതിന്‌ ഞാൻ ഒരിക്കലും ശ്രമിക്കുകയുമില്ല. ഞാൻ പതിയെ എഴുന്നേറ്റ് ജനലിനടുത്തേക്ക് നടന്നു. ഒരു പാളി തുറന്ന് പുറത്തേക്ക് നോക്കി. പറമ്പിൽ ഞാൻ നട്ട വാഴ, നിലാവെളിച്ചത്തിൽ കുളിച്ച് നില്ക്കുന്നു. തണുത്ത രാക്കാറ്റിൽ വാഴയിലകൾ ഇളകുന്നുണ്ട്. അതെന്നെ ഇരുകൈകളാലും മാടി വിളിക്കുന്നത് പോലെ തോന്നി. 

രണ്ടു ദിവസം മുൻപായിരുന്നു അത് സംഭവിച്ചത്. വാഴയ്ക്ക് കുഴി കുത്തി ക്ഷീണിച്ച ദിവസം. വെച്ചുണ്ടാക്കി കഴിച്ച ശേഷം, പാത്രങ്ങളൊക്കെ കഴുകി വെച്ച്, രാത്രി വൈകിയാണ്‌ കിടക്കാൻ പോയത്. ഉറങ്ങാൻ കിടക്കുകയായിരുന്നു. ഒറ്റക്ക് വീട്ടിലിരിക്കുന്നതിന്റെ സങ്കടവും സന്തോഷവും ഒരുപോലെ ഉണ്ടായിരുന്നു. ഒരു മാറ്റത്തിനായി മുറി മാറിയാണ്‌ കിടന്നത്. മേല്‌ വേദന കാരണം ഉറങ്ങി വരാൻ താമസിച്ചു. തിരിഞ്ഞും മറിഞ്ഞും കിടന്ന്‌, ഒടുവിലൊന്നുറങ്ങി വരികയായിരുന്നു. എന്തോ ചെറിയൊരു ശബ്ദം കേട്ടത് പോലെ തോന്നി. ചെവിയോർത്തപ്പോൾ വീണ്ടും കേട്ടതായി തോന്നി. ഞാൻ വല്ലവിധേനേം കിടക്കയിൽ എഴുന്നേറ്റ് ഇരുന്നു. എഴുന്നേറ്റ് പതിയെ, ശബ്ദമുണ്ടാക്കാതെ മുറിയുടെ പുറത്തേക്ക് നടന്നു. വീണ്ടും ചെവിയോർത്തു. ഇല്ല, ഒന്നുമില്ല. സർവ്വം നിശ്ശബ്ദം. ശബ്ദം കേട്ടതാണോ അതോ കേട്ടതായി തോന്നിയതാണോ? സംശയമായി. തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ വീണ്ടും കേട്ടു. തോന്നലല്ലെന്ന് തീർച്ചയായി. കിടപ്പു മുറിയിൽ നിന്നാണ്‌ ശബ്ദം വന്നത്. അവിടേക്ക് ശബ്ദമുണ്ടാകാത്ത വിധം ശ്രദ്ധയോടെ ചുവട് വെച്ചു. മുറിയിൽ അരണ്ട വെളിച്ചത്തിൽ കണ്ടു, അലമാരിയുടെ മുന്നിലായി ഒരാൾ.. കറുത്ത രൂപം. ഉയരം കുറവ്. ഇരുട്ട്, ആൾരൂപം പൂണ്ടത് പോലെ. അവന്റെ അടുത്തേക്ക് ചെന്ന് മുതുകിലൊരൊറ്റ അടി വെച്ച് കൊടുക്കാനാണ്‌ തോന്നിയത്. അടുത്ത നിമിഷം സ്വയം വിലക്കി. അവന്റെ കൈയ്യിൽ വല്ല ആയുധവും ഉണ്ടെങ്കിലോ? കത്തിയോ, അതു പോലെ മൂർച്ചയേറിയ എന്തെങ്കിലും.. ആർക്കറിയാം? ചുറ്റിലും നോക്കിയപ്പോൾ കാഴ്ച്ച തടഞ്ഞത് ബിനു മോന്റെ ബാറ്റിലാണ്‌. ബാറ്റെങ്കിൽ ബാറ്റ്. അതെടുത്ത് ഞാൻ മുറിയിലേക്ക് കാലെടുത്ത് വെച്ചു. ലൈറ്റിട്ടതും രൂപം എന്റെ നേർക്ക് തിരിഞ്ഞു. ഒരു സ്ക്രൂഡ്രൈവർ അവന്റെ വലതു കൈയ്യിൽ കണ്ടു. എന്നെ അവൻ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എന്നെ പോലെ അവനും ഒരു നിമിഷം ഞെട്ടി പോയിട്ടുണ്ടാവണം. അടുത്ത നിമിഷം അവനെന്റെ നേർക്ക് സ്ക്രൂഡ്രൈവറുമായി കുതിച്ചു. ഒരു മിന്നായം. ഒരു വീശ്. അത്രയേ എനിക്കോർമ്മയുള്ളൂ. എങ്ങനെയാണ്‌ അവന്റെ ഇടത് ചെന്നിയിൽ എന്റെ കൈയ്യിലിരുന്ന ബാറ്റ് ചെന്ന് ആഞ്ഞ് പതിച്ചത്? - അറിയില്ല. അടിയേറ്റ അവൻ വശത്തേക്ക്, ചുവരോട് ചേർന്ന് വീണു. എല്ലാം ഞൊടിയിടയ്ക്കുള്ളിൽ. ഞാൻ ബാറ്റും പിടിച്ച് നിന്നു. അപ്പോൾ ഞെട്ടലോടെ കണ്ടു, അവന്റെ തലയിൽ നിന്നും രക്തം ചീറ്റി തെറിക്കുന്നത്. ബാറ്റിൽ ചെറിയ ചുവപ്പ്. തറ മുഴുക്കെയും ചുവപ്പ് നിറയുന്നു. എന്റെ സകല നാഡികളും തളരുന്നതറിഞ്ഞു. ഒരു വിറ എന്നെ ബാധിച്ചു. താഴെ കിടക്കുന്ന രൂപം ഒരു വട്ടം നിരങ്ങി. എന്തോ പറയാൻ ശ്രമം നടത്തിയത് പോലെ തോന്നി. നിമിഷങ്ങൾക്കകം ആ ശരീരം നിശ്ചലമായി. ഞാൻ കുഴഞ്ഞ് തറയിലിരുന്നു പോയി. ബാറ്റ് എന്റെ കൈയ്യിൽ നിന്ന് ഊർന്ന് പോയിരുന്നു. ചുവന്ന പുഴ എന്റെ നേർക്കൊഴുകി വന്നു. എന്റെ കാലുകളിൽ വന്നു തൊട്ടു. ധരിച്ചിരുന്ന വസ്ത്രങ്ങളിൽ, ചുവന്ന ദ്വീപുകൾ... മുറി മുഴുക്കെയും ചുവപ്പിൽ നിറയുന്നതായി തോന്നി. തല കറങ്ങുന്നതായും.

മുഖം കുനിച്ച് എത്ര നേരം അവിടെ തന്നെ അങ്ങാതെ ഞാൻ ഇരുന്നിട്ടുണ്ടാകും എന്നറിയില്ല. ഞാൻ അവനെ നോക്കി. അധികം പ്രായമുണ്ടാവില്ല. പരിചയമുള്ള ആരുടേയും മുഖവുമായി സാമ്യമില്ലാത്ത മുഖം. തികഞ്ഞ അപരിചിതൻ. വിറ നിന്നപ്പോൾ, സുബോധം വീണ്ടെടുത്തപ്പോൾ ഞാനവനെ കുലുക്കിയുണർത്താൻ ശ്രമിച്ചു. ജീവന്റെ ഒരു കണിക ബാക്കിയുണ്ടെങ്കിൽ... എന്നാൽ അവൻ ഒന്നങ്ങുകയോ ശബ്ദിക്കുകയോ ചെയ്തില്ല. മൂക്കത്ത് വിരൽ വെച്ചു നോക്കി. ശ്വാസം...അറിയാനാകുന്നില്ല. ചുരുണ്ടു കിടന്ന അവനെ ഞാൻ മലർത്തിയിട്ടു. നെഞ്ചത്ത് ചെവി ചേർത്തു. നിശ്ശബ്ദം. എനിക്ക് കേൾക്കാനായത് പരിഭ്രാന്തിയോടെ മിടിക്കുന്ന എന്റെ ഹൃദയത്തിന്റെ ശബ്ദം മാത്രം. അടുത്ത നിമിഷം എന്റെ സിരകളിൽ ചൂട് നിറഞ്ഞു. തീ പിടിക്കും വിധം - പൊള്ളുന്ന ചൂട്. ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ നേരം വെളുക്കും. മുഴുക്കെയും വെളിച്ചം പരക്കും. ആരെങ്കിലും വീട്ടിൽ വന്നാൽ? ബന്ധുക്കൾ? സുഹൃത്തുക്കൾ? എന്തു ചെയ്യണമെന്ന് ഒരു തിട്ടവുമില്ലാതെ പോയ നിമിഷങ്ങൾ. ഈ മൃതശരീരം എവിടെ ഒളിപ്പിക്കും? അല്പനേരം മുൻപ് വരെ ജീവനുണ്ടായിരുന്ന ആ ശരീരത്തിനേക്കാൾ ഭയപ്പെടുത്തുന്നത് ജീവൻ വിട്ടൊഴിഞ്ഞ ഈ ശരീരമാണ്‌. നിശ്ചലമാണെങ്കിൽ കൂടിയും ആ കാഴ്ച്ച എന്നിൽ ഭയം മാത്രമേ നിറച്ചുള്ളൂ. എവിടെ എങ്ങനെയാണിതൊന്ന് ഒഴിവാക്കുക? കത്തിക്കുന്നതാണ്‌ ഏറ്റവും നല്ലത്. പക്ഷെ പുക...മനുഷ്യമാംസം കരിയുന്ന ഗന്ധം... വാഴയ്ക്കായി കുഴിയെടുത്തത് അപ്പോഴാണ്‌ ഓർമ്മയിലോടിക്കയറി വന്നത്‌. ഒരു ചാക്കെടുക്കാനായി ഞാൻ വീടിന്റെ പിറക് വശത്തേക്ക് പോയി.

മറവ് കഴിഞ്ഞ് ക്ഷീണം മാറും മുൻപെ ഞാൻ നിലം മുഴുക്കെയും കഴുകി തുടച്ചെടുത്തു. മുറിയുടെ ജനാലകൾ തുറന്നിട്ടു. ഡെറ്റോളും ലോഷനും ഒഴിച്ച് കഴുകിയിട്ടും മുറിക്കുള്ളിൽ എന്തോ ഒരു ഗന്ധം തങ്ങി നില്ക്കുന്നതായി തോന്നി. അതാണോ ചോരയുടെ ഗന്ധം? ഞാൻ മുറിയിൽ ചന്ദനത്തിരികൾ കത്തിച്ചു വെച്ചു. അപ്പോൾ പണ്ടെന്നോ ഒരിക്കൽ ഒരു മരണവീട്ടിൽ പോയപ്പോൾ വെള്ള പുതപ്പിച്ച് കിടത്തിയ ഒരു ദേഹത്തിന്‌ സമീപം പുകഞ്ഞു കൊണ്ടിരുന്ന ചന്ദനത്തിരികൾ ഓർമ്മ വന്നു. അതേ ഗന്ധം... ഞാൻ മുറിക്ക് പുറത്തിറങ്ങി കതകടച്ചു.

ഈ കഴിഞ്ഞ ദിവസവും, ചുവന്ന തടാകത്തിൽ വശം ചേർന്ന് കിടന്ന അപരിചിതനെ കുറിച്ച് പലവട്ടം ഓർത്തു. അപ്പോഴൊക്കെയും, അയാളേയും കാത്ത് ആരോ എവിടെയോ ഇരിക്കുന്നു എന്ന സ്വൈര്യം കെടുത്തുന്ന ചിന്ത എനിക്ക് വല്ലാത്ത അലോസരമായി. പുറത്തേക്ക് പോയ എന്നേയും കാത്ത് സുമ ഇരിക്കാറില്ലേ? ബിനുമോൻ ഇരിക്കാറില്ലെ? ഞാൻ തിരികെ വരാതിരുന്നാൽ?..

ജനൽപാളിയടച്ച് കുറ്റിയിട്ട ശേഷം തിരിഞ്ഞു നോക്കി. സുമ സുഖസുഷുപ്തിയിൽ തന്നെ ഇപ്പോഴും. ബിനുമോൻ, നാളെ എന്തെങ്കിലും അത്ഭുതം സംഭവിക്കും എന്ന പ്രതീക്ഷയിലാണ്‌. ഞാൻ? എന്റെ ജീവിതം എന്നന്നേയ്ക്കുമായി ശൂന്യമായി പോയിരിക്കുന്നു. ഇനി എന്നും ഒരു തവണയെങ്കിലും ചിന്തിക്കാൻ, എനിക്ക് ഒരു കാര്യം മാത്രമേ ഉണ്ടാവൂ. ഒന്നെനിക്കുറപ്പാണ്‌ അസ്വസ്ഥതകളിൽ നിന്നും ഇനിയൊരിക്കലുമെനിക്ക് മോചനമുണ്ടാവില്ല. ഉറങ്ങാനാവില്ലെന്ന് അറിയാമെങ്കിലും, ഞാൻ കിടക്കയിൽ ചെന്നു കിടന്നു. ഉറങ്ങണം. സുന്ദരസ്വപ്നങ്ങൾ കണ്ട് ഉറങ്ങണം. അതാണാഗ്രഹം. അതാണേറ്റവും വലിയ ഭാഗ്യം. ഉറങ്ങാൻ കഴിയുന്ന ഭാഗ്യവാന്മാരായ മനുഷ്യരെ കുറിച്ചോർത്ത് ഞാൻ കണ്ണുകളടച്ച് ഉറക്കം കാത്ത് കിടന്നു. എന്നാൽ സദാനേരവും ഉണർന്നിരുന്ന് എന്റെ സകല ചെയ്തികളും കാണുന്ന, ചിന്തകളും അറിയുന്ന, എന്റെയുള്ളിൽ തന്നെയുള്ള, എനിക്കു പോലും അപരിചിതനായ ആ വ്യക്തി...അയാളെന്നെ ഉറങ്ങാൻ അനുവദിക്കുമെന്ന് തോന്നുന്നില്ല..


Post a Comment