Please use Firefox Browser for a good reading experience

Saturday 21 August 2010

കരിമിഴി പെണ്ണ്‌

അകലെയൊരു ഗ്രാമത്തിനരികിലായൊഴുകും
തെളിനീരുപോലുള്ള അരുവിയുണ്ട്‌.

കുരുവികൾ, കുയിലുകൾ ഒരുമിച്ചിരിക്കും,
മധുരം നിറയുന്ന തേന്മാവുകൾ.

അവിടൊരു കൂരയിൽ സ്വപ്നങ്ങളായിരം,
മിഴികളിൽ നിറച്ചൊരു പെൺകിടാവ്‌.

അവൾക്കായി ദിനമൊരു, താമര പൂവുമായി
വരുമൊരു സുന്ദരൻ അകലെ നിന്നും.

കരിമഷിയെഴുതിയ കൺകോണില്ലെപ്പൊഴും,
കവിതയാണെന്നവൻ കളി പറഞ്ഞു.

മുരളിയിൽ അവനൊരു പാട്ടു പാടുമ്പോൾ,
മയിലിനെപോലവൾ നൃത്തമാടി.

കിളികളും, തുമ്പിയും അവരാരുമറിയാതെ,
അവരുടെ കേളികൾ നോക്കി നിന്നു.

ഒരു നാൾ അവൾക്കായി കാട്ടുതേൻ തേടി,
അവനോ കാട്ടിലേയ്ക്കാത്രയായി.

നാലഞ്ചു നാൾകൾ പിന്നിട്ടുമവനെ,
കാണാതെ പെണ്ണിൻ, മനം പിടഞ്ഞു.

കരിമഷി എഴുതിയാ കണ്ണുകൾ രണ്ടും,
കലങ്ങിയ പൊയ്കപോൽ മാറിയപ്പോൾ

അവളുടെ മുടിയിൽ, ചൂടിയ പൂക്കളൊ,
മണമില്ലാതായെന്നു അവളറിഞ്ഞപ്പോൾ

വരില്ലയാ സുന്ദരൻ ഒരിക്കലും ഇനിയെന്ന്
ചിലരോ കളിയാക്കി ചൊല്ലിയപ്പോൾ

ഇടനെഞ്ചു പൊട്ടുമാറലറിയവൾ കുന്നിൻ
നെറുകിലേക്കൊറ്റയ്ക്ക്‌ പാഞ്ഞുവപ്പോൾ.

നിലാവുള്ള രാത്രിയിൽ, താഴെയൊരു ചെരുവിൽ,
കണ്ടുപോൽ ചിലരൊരു പെണ്ണിന്റെ രൂപം.

കാർമുകിൽ വാനിൽ നിറഞ്ഞു നിന്നു
താഴെ ഗ്രാമം, വായ്‌ പൊത്തി വിറച്ചു നിന്നു..

മഴപെയ്തു മലവെള്ളമൊഴുകി വന്നപ്പോൾ,
ഒലിച്ചു പോയവളുടെ കൂരയും ദൂരെ..

മഴപെയ്തൊഴിഞ്ഞു, വാനം തെളിഞ്ഞു
ഒരു കുടം തേനുമായി അവനെത്തിയപ്പോൾ.

കണ്ടില്ല കൂരയും, കരിമിഴി പെണ്ണും
'കണ്ടുവോ അവളെ' ചോദിച്ചു സുന്ദരൻ..

പാറമേൽ അവളുടെ ചിതറിയ രൂപം,
കണ്ടവർ ചൊല്ലിയാ കാര്യങ്ങളോക്കെയും.

വലിച്ചെറിഞ്ഞൂ അവൻ തേൻ കുടം ദൂരെ,
ഭ്രാന്തനായി കുന്നിന്റെ നെറുകേക്ക്‌ പാഞ്ഞു.

പുഴയിലെ വെള്ളം, നിണമായി മാറി.
അതിലൂടെ ഒഴുകിയവനകലേക്ക്‌ പോയി..

ഇന്നുമാ കുന്നിന്റെ പാറകൾക്കപ്പുറം,
രാത്രിയിൽ കേൾക്കാം, ഒരു വേണു ഗാനം...

ആഗസ്ത്‌ ഇരുപത്തിയൊന്ന് രണ്ടായിരത്തിപത്ത്‌

Post a Comment

Wednesday 18 August 2010

മണ്ണിന്റെ മകൻ

മഴപെയ്ത മണ്ണിന്റെ മടിയിലൊരു മാടം,
അതിനുള്ളിലൊരു പാവം മണ്ണിന്റെ മകനും

ഉഴുതിട്ടു, വിത്തിട്ടു കാത്തു നിന്നു, അവൻ
മലമുകൾ ദേവനെ തൊഴുതു നിന്നു.

നിറയുന്ന വയലിൽ, പൊൻ കതിർ കാണാൻ
മിഴിയടയ്ക്കാതവൻ നോക്കി നിന്നു.

തലയാട്ടി നിന്നുവാ കതിർമണി മാലകൾ,
കതിര്‌ കൊത്താൻ വന്നു കിളികളും പിന്നെ.

കൊയ്തെടുക്കാനവൻ വാളെടുത്തു പിന്നെ,
അളന്നെടുക്കാനവൻ പറയെടുത്തു.

ഒരു വേള മാനം കാറണിഞ്ഞു,
ഇടറിയാ പാവത്തിൻ ഹൃദയ താളം.

ഒരു കാറ്റ് വന്നുപിന്നൊരു മാരി വന്നു,
ഉഴുതിട്ടു മണ്ണുമാ വിളയുമെല്ലാം..

ചിതറി തെറിച്ചു പോയ്, കതിർ മണി മുത്തുകൾ,
ചിതറി തെറിച്ചു പോയ് കനവുമെല്ലാം..

ഉതിർന്നു പോയ് കണ്ണൂനീർ മുത്തുകൾ മണ്ണിൽ
ഉടഞ്ഞു പോയ് പാവത്തിൻ സ്വപ്നമെല്ലാം..

അലറി കരഞ്ഞവൻ അരിവാളുമായ്
നില തെറ്റിയോടിയാ കുഴഞ്ഞ മണ്ണിൽ..

കൊയ്യുവാൻ ഇനിയില്ല വിളയൊന്നുമവിടെ,
അളന്നെടുക്കാനിനി സ്വപ്നങ്ങളും..

കിനാവിൻ പാടത്ത് കൊയ്തെടുക്കാനിനി
കണ്ണുനീർ നെൽകതിർ മാത്രമുള്ളൂ..

നടന്നു പോയേകനായ് മണ്ണിന്റെ മകനവൻ
നടന്നു പോയകലെയങ്ങകലെയെങ്ങോ..


ആഗസ്ത് പതിനെട്ട് രണ്ടായിരത്തിപത്ത്

Post a Comment

Tuesday 10 August 2010

നാം ഇരുവരും..

ഒരു പ്രേമ ഗാനം കൂടി..

നിനക്കെന്റെ പ്രാണൻ പങ്കു വെച്ചു
നിനക്കു ഞാൻ ഹൃദയവും പങ്കു വെച്ചു

പ്രേമിച്ചു ജീവിച്ചു നാം രണ്ടുപേരും,
പ്രാണന്റെ തിരി കെട്ടു പോകും വരെ..

കാലം കഴിഞ്ഞു നാം യവനികയ്ക്കുള്ളിൽ
മാഞ്ഞുപോം നേർത്ത ജലരേഖ പോലെ..

മിഥ്യകളൊക്കെയും സത്യങ്ങളാവും,
കരകളെല്ലാമൊരു കടലായി മാറും.

തീരങ്ങളില്ലാതെ തിര തല്ലിയലയും,
നക്ഷത്രമില്ലാത്ത വാനമായി മാറും..

അപ്പോഴുമകലെയങ്ങകലെയെങ്ങോ,
ആയിരം നക്ഷത്രമകലെയെങ്ങോ..
പിരിയാതെ പോകുമീ ആത്മാക്കളിരുവർ
കൈകോർത്ത്‌ പോകും, നാം രണ്ടു പേരും..

ആഗസ്ത്‌ പത്ത്‌ രണ്ടായിരത്തി പത്ത്‌

Post a Comment