Please use Firefox Browser for a good reading experience

Thursday 29 October 2015

‘നിയോഗങ്ങൾ’ ചെറുകഥാസമാഹാരം


പ്രിയപ്പെട്ടവരെ,

എന്റെ ആദ്യത്തെ പുസ്തകം കഥാസമാഹാരം - ‘നിയോഗങ്ങൾ’ പ്രസിദ്ധീകരിച്ചിരിക്കുന്നു.
എല്ലാപേരുടെയും അനുഗ്രഹം വേണം.






















പുസ്തകത്തിനെ കുറിച്ചുള്ള വിവരങ്ങൾ ഇതാണ്‌:
പേര്‌: ‘നിയോഗങ്ങൾ’
എഴുതിയത്: സാബു ഹരിഹരൻ
പബ്ലിഷർ: പൂർണ പബ്ലിക്കേഷൻസ്, കോഴിക്കോട്.
11 കഥകൾ
124 പേജുകൾ
വില: 100/- രൂപ

പുസ്തകം താഴെ പറയുന്ന TBS Book stall കളിൽ ലഭ്യമാണ്‌.

വയനാട് (കല്പറ്റ)
TBS Publisher's Distributors
Main Road,
Kalapetta,
Wayanad - 673121
Phone: 9605008877  04936203842

കണ്ണൂർ
TBS Publishers & Distributors
TBS Building
Prabath Junction
Fort Road
Kannur - 670001
Kerala, India
Phone: 96560-00373, 0497-2713713

തിരുവനന്തപുരം
TBS Publishers & Distributors
TBS Place
Karimpanal Statue Avenue
Trivandrum - 695001
Kerala, India
Phone: 0471-2570504

കോട്ടയം
TBS Publishers & Distributors
TBS Place, Makil Center
Opp Baselius College
Kottayam - 686001
Kerala, India
Phone: 0481-2585612

കോഴിക്കോട്
Poorna Publications
Kozhikode TBS Building,
G.H. Road,
Kozhikode-673001
Ph: 7560822223, 0495-2720085, 2720086, 2721025


VPP ആയി ലഭിക്കാൻ
പുസ്തകം - ‘നിയോഗങ്ങൾ’ vpp ആയിട്ടു കിട്ടാൻ ഓൺലൈനിൽ ഇവിടെ നോക്കൂ.
http://www.tbsbook.com/niyogangal.html
ഇവിടെ പേര്‌, വിലാസം, ഇമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ കൊടുത്ത് Shipping option ൽ vpp ഓപ്ഷൻ തിരെഞ്ഞെടുത്താൽ മതിയാകും.
പോസ്റ്റൽ ചാർജ്ജടക്കം: 120 രൂപ


ഓൺലൈനിൽ വാങ്ങാൻ (Debit card/credit card/Netbanking)
ഓൺലൈനിൽ വാങ്ങണമെന്നു താത്പര്യപ്പെടുന്നവർ ദയവായി ഈ ലിങ്ക് സന്ദർശിക്കൂ.
http://www.tbsbook.com/niyogangal.html
പുസ്തകത്തിന്റെ വില മാത്രം അടച്ചാൽ മതിയാകും - 100 രൂപ
പോസ്റ്റൽ ചാർജ്ജ് ഫ്രീ


പുസ്തകം വായിച്ച ശേഷം അഭിപ്രായങ്ങൾ അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നു.
നന്ദി :)

സസ്നേഹം,
സാബു ഹരിഹരൻ

Post a Comment

Wednesday 28 October 2015

ചൂണ്ടകൾ


ആദ്യം സൃഷ്ടിക്കപ്പെട്ടത് ചൂണ്ടയായിരുന്നു.
പിന്നീട് ഇരയെ അതിൽ കൊരുത്തിട്ടു.
മേഘങ്ങൾക്കിടയിലൂടെയാണാ ചൂണ്ട താഴേക്കിറങ്ങി വന്നത്.
അതു സംഭവിച്ചത് നൂറ്റാണ്ടുകൾക്ക് മുൻപാണ്‌.
കടൽ കരയാകുന്നതിനും കര കടലാകുന്നതിനും മുൻപ്.
മനുഷ്യൻ മൃഗമാവുന്നതിനും വളരെ മുൻപ്.
ചൂണ്ടയുടെ അഗ്രത്തിൽ കൊളുത്തിയിട്ടിരുന്നത് മനുഷ്യനാണാദ്യം കണ്ടത്.
മൃഗങ്ങളോ, പക്ഷികളോ കാണുന്നതിനും മുൻപ്.
അതിനൊരു തിളക്കമുണ്ടായിരുന്നു.
ഒരു മിനുക്കമുണ്ടായിരുന്നു.
ഒരു ഇളക്കമുണ്ടായിരുന്നു.
അവനത് ചാടി വീണെടുക്കുകയും വിഴുങ്ങുകയും ചെയ്തു.
അവനാദ്യം സംഭവിച്ചത് നിറം മാറ്റമായിരുന്നു.
അവന്റെ ബുദ്ധിയുടെ ചുളിവുകൾ പിരിഞ്ഞു രണ്ടായകന്നു.
കണ്ണുകൾ ചുവക്കുകയും, കൈകൾ വിറയ്ക്കുകയും ചെയ്തു.
കണ്ണടച്ചു തുറക്കുമ്പോൾ അവനു കാഴ്ച്ച നഷ്ടപ്പെട്ടിരുന്നു.
ഇരുട്ടിലവൻ തപ്പിത്തടഞ്ഞു.
അവൻ വിഴുങ്ങിയത് അവന്റെ വായിലൂടെ പുറത്തേക്ക് വന്നു.
അതിനു നുണയുടെ കറുത്ത നിറമുണ്ടായിരുന്നു,
വാൾത്തലപ്പിനേക്കാൾ മൂർച്ചയും,
കാരിരുമ്പിനേക്കാൾ കരുത്തുമുണ്ടായിരുന്നു.
അവന്റെ നാവിൻത്തുമ്പുരഞ്ഞാദ്യം വീണത് അവന്റെ സഹോദരനായിരുന്നു.
അവന്റെ യാത്ര അവിടെ ആരംഭിച്ചു.
ചൂണ്ടകൾ പിന്നെയും അവൻ കണ്ടെത്തി.
ഒന്നിനു പിറകെ ഒന്നായി അവൻ വിഴുങ്ങി കൊണ്ടിരുന്നു.
ചൂണ്ടകളിൽ നിന്നും ചൂണ്ടകളിലേക്കാണവന്റെ യാത്ര.
അവൻ യാത്ര തുടരുകയാണ്‌.
ആർത്തിയോടെ..കാഴ്ച്ചയില്ലാതെ..

Post a Comment

Saturday 10 October 2015

ഏകലവ്യന്റെ മകൻ

അയാൾ, ഏകലവ്യന്റെ മകൻ അസ്ത്രം തൊടുക്കാൻ തയ്യാറെടുക്കുകയായിരുന്നു. ഒരു പുള്ളിമാനിനു നേർക്കാണ്‌ അസ്ത്രാഗ്രം ചൂണ്ടി നില്ക്കുന്നത്. പച്ചിലകളുടെ മറവിലിരുന്ന് അസ്ത്രമയക്കുക - അതിലല്പം ജാള്യത തോന്നാതിരുന്നില്ല. ഒളിവിലിരുന്ന് തെളിവിലേക്ക് അസ്ത്രമയയ്ക്കുക. അതെത്ര നിസ്സാരമാണ്‌. അതിലൊരു ചതിയുടെ ഭാവമുണ്ട്. പക്ഷെ വിശപ്പ്.. കൈവശമുള്ള ഏതൊരസ്ത്രത്തേക്കാളും മൂർച്ച അതിനുണ്ട്. ഇരുകൈകൾ കൊണ്ടും അസ്ത്രമെയ്യാൻ പഠിച്ചിരിക്കുന്നു ഇപ്പോൾ. മരിക്കും മുൻപ് പിതാവിന്റെ ഉപദേശമതായിരുന്നു. ‘നീ വിരലുകളെ വിശ്വസിക്കരുത്..ഇരു കൈകൾ കൊണ്ടും അസ്ത്രമയയ്ക്കാൻ പഠിക്കുക..പകൽ മാത്രമല്ല രാത്രിയിലും.’. താതൻ പറയുന്നതൊന്നും തന്നെ മനസ്സിലായില്ല. എങ്കിലും പരിശീലിച്ചു. ഉപദേശപ്രകാരം, രാവും പകലും.

കരിയിലകൾ ചതിച്ചു. പച്ചിലകൾക്കിടയിലെ കണ്ണിലേക്ക് തന്നെ മാൻ ഒരു നിമിഷം നോക്കി നിന്നു.
ഒരു നിമിഷത്തെ ഇരയുടെ നോട്ടം. വിരലുകൾക്കിടയിലൂടെ അസ്ത്രം ശീല്ക്കാരത്തോടെ പാഞ്ഞു. ഇലകൾ മുറിഞ്ഞു വീണു. മാനിന്റെ കൊമ്പുരസി കൊണ്ട് അസ്ത്രം അകലേക്ക്..

ഇന്നും പരാജയം.
തിരികെ ചെല്ലുമ്പോൾ ഒരാൾ കാത്തു നില്ക്കുന്നത് കണ്ടു.
അച്ഛന്റെ ഗുരു.
പ്രതിമയുടെ പകർപ്പ്.
മകനും പഠിച്ചത് അതേ പ്രതിമയുടെ മുന്നിൽ നിന്നു തന്നെ.
നമസ്ക്കരിച്ചെഴുന്നേല്ക്കുമ്പോൾ ഗുരു കൈ നീട്ടി.
പിതാവ് പറഞ്ഞു തന്ന പഴയ ദക്ഷിണയുടെ കഥ വീണ്ടുമോർത്തു.

അസ്ത്രം വീണ്ടുമെടുത്തു.
ഇത്തവണ അസ്താഗ്രം ചൂണ്ടി നിന്നത് പ്രതിമയുടെ നേർക്കായിരുന്നു.
പ്രതിമ തകർത്ത് അസ്ത്രം ശീല്ക്കാരത്തോടെ..

Post a Comment

Sunday 20 September 2015

ശേഷം (തിരക്കഥ)


സീൻ 1
പകൽ. ജയിൽ EXT.
തുരുമ്പിച്ച ഒരു വാതിൽ തുറക്കപ്പെടുന്നു. ഒരു കാൽ പുറത്തേക്ക്. ഒരാളുടെ കണ്ണുകളുടെ ക്ലോസ്സപ്പ്. ചുറ്റും വിടർന്ന കണ്ണുകളോടെ അയാൾ നോക്കുന്നു. നിറയെ ശബ്ദങ്ങൾ (വാഹനങ്ങളുടെ ഹോൺ, പക്ഷികളുടെ, കാറ്റിന്റെ). ആളുകളുടെ അവ്യക്തമായ സംസാരങ്ങൾ. തിരക്ക് പിടിച്ച് നടന്നു പോകുന്ന ആളുകൾ.
അയാൾ താടിരോമങ്ങളിലൂടെ വിരലോടിക്കുന്നു.
താഴേക്കു നോക്കി നില്ക്കുന്നു.
അയാളുടെ പൊടി പിടിച്ച കാലുകൾ (അയാളുടെ POV).
ഒരു നിമിഷത്തിനു ശേഷം പതിയെ മുഖമുയർത്തി കത്തി നിൽക്കുന്ന സൂര്യനെ നോക്കുന്നു.
ഇപ്പോൾ മുഖം വ്യക്തമാണ്‌. ക്ഷീണിതൻ. മുടിയിൽ നര കയറിയിട്ടുണ്ട്. മുഷിഞ്ഞ കുപ്പായം. മുഷിഞ്ഞ മുണ്ട്.
അയാൾ ഷർട്ടിന്റെ പോക്കറ്റിൽ തപ്പിനോക്കി പണമുണ്ടെന്ന് ഉറപ്പു വരുത്തുന്നു.
അയാൾ നടന്നു പോകുമ്പോൾ പിന്നിലെ കെട്ടിടം വ്യക്തമാകുന്നു.
അവിടെ ‘ജയിൽ’ എന്നെഴുതിരിക്കുന്നത് കാണാം.

സീൻ 2
അയാൾ ബസ്സിൽ യാത്ര ചെയ്യുകയാണ്‌. കുറച്ച് യാത്രക്കാർ മാത്രം. പല യാത്രക്കാർ പലതും ചെയ്യുന്നുണ്ട്..ചിലർ പുസ്തകം വായിക്കുന്നു, ചിലർ പുറത്തേക്ക് നോക്കിയിരിക്കുന്നു..ചിലർ കുട്ടികളോട് സംസാരിക്കുന്നു. കണ്ടക്ടർ പുറത്തേക്കും അകത്തേക്കും നോക്കുന്നു..
ഡ്രൈവർ ഗിയർ മാറ്റി മുന്നോട്ട്..
മറ്റു വാഹനങ്ങളുടെ ഹോൺ ശബ്ദങ്ങൾ.
വാഹനത്തിന്റെ ജനലിനോട് ചേർന്നിരിക്കുന്ന നായകന്റെ അലക്ഷ്യമായ, എണ്ണമയമില്ലാത്ത മുടി കാറ്റിൽ പാറിപ്പറക്കുന്നുണ്ട്. ഉറങ്ങുകയാണ്‌. മുഖം അവ്യക്തമാവുന്നു.

സീൻ 3
(ഫ്ലാഷ്ബാക്ക്)
A ഒരു സ്ത്രീയുടെ പേടി നിറഞ്ഞ കണ്ണുകൾ.
B വായ് പൊത്തിപ്പിടിച്ചിരിക്കുന്ന ഒരു പുരുഷന്റെ കൈ
C സ്ത്രീ കുതറുന്നു (മുഖം വ്യക്തമല്ല).
D നായകന്റെ വലിഞ്ഞു മുറുകിയ മുഖം.
C അടച്ച കൺപോളയിൽ വേഗത്തിൽ സഞ്ചരിക്കുന്ന കൃഷ്ണമണികൾ (ക്ലോസ്സപ്പ്).
D മുറിക്കുള്ളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന കാലുകൾ.
E ഇരുട്ട്.

സീൻ 4
അയാൾ ഉണർന്നു ചുറ്റും നോക്കുന്നു. ചെറുതായി വിയർത്തിട്ടുണ്ട്. ബസ്സിന്റെ മണിയടി ഡബിൾ ബെൽ ശബ്ദം. മുഖത്തെ വിയർപ്പ് ഷർട്ടിന്റെ കൈ കൊണ്ട് തുടച്ച്, അയാൾ പുറത്തേക്ക് നോക്കിയിരിക്കുന്നു.

സീൻ 5
ഉച്ച സമയം.
വന്നു നിൽക്കുന്ന ബസ്സിന്റെ വീലുകൾ. ബസ് സ്റ്റേഷൻ.
അയാൾ ബസ്സിറങ്ങി നടക്കുന്നു. ചിലരോട് എന്തോ ചോദിക്കുന്നു. വഴി ചോദിക്കുകയാണെന്ന് വ്യക്തം. ആദ്യത്തെ ആൾ അറിയില്ല എന്ന മട്ടിൽ തലയാട്ടുന്നു. അയാൾ വീണ്ടും നടക്കുന്നു. കാലുകളുടെ ക്ലോസ്സപ്പ്. പൊടി പിടിച്ച ചെരുപ്പുകൾ, വരണ്ട കാലുകൾ.

സീൻ 6
അയാൾ ഒരു ചെറിയ ഹോട്ടലിലേക്ക് കയറി പോകുന്നു.
ചോറ്‌ കഴിക്കുന്നു..
പ്ലേറ്റിലെ ചോറിലേക്ക് നോക്കിയിരിക്കുന്നു..
വിശപ്പില്ലാത്തതു പോലെ..
കഴിക്കുന്നത് മതിയാക്കി എഴുന്നേല്ക്കുന്നു. പാത്രത്തിൽ ചോറ്‌ ബാക്കിയുണ്ട്.

സീൻ 7
ഹോട്ടലിൽ നിന്നും പുറത്തിറങ്ങി നടക്കുന്നു.
വിയർപ്പ് തുടയ്ക്കുന്നു.
അയാൾ വേരൊരാളുടെ അടുത്ത് നില്ക്കുന്നു.
തറയിൽ വീണു കിടക്കുന്ന നിഴലുകൾ മാത്രം കാണാം.
നിഴലുകളുടെ സംസാരം.
ഒരു നിഴൽ എവിടേക്കോ ചൂണ്ടിക്കാണിക്കുന്നു.
വീണ്ടും അയാളുടെ കാലുകൾ..
അയാൾ ദൂരേക്ക് നടന്നു പോകുന്നു.

സീൻ 8
വെയിൽ താഴ്ന്നിരിക്കുന്നു. വൈകുന്നേരം.
ഇപ്പോൾ അയാൾ ടാറിടാത്ത ഒരു വഴിയിൽക്കൂടി നടക്കുകയാണ്‌. കുട്ടികൾ സൈക്കിൾ ടയർ ഉരുട്ടി പോകുന്നു. പെൺകുട്ടികൾ മൈലാഞ്ചി ഇട്ട കൈകൾ പരസ്പരം കാണിച്ച് എന്തോ പറഞ്ഞു പോകുന്നു. അവരുടെ സംസാരം അവ്യക്തമാണ്‌.
അയാൾ ചുറ്റും നോക്കി നടക്കുകയാണ്‌. വീട് അന്വേഷിക്കുകയാണെന്ന് വ്യക്തം. അയാൾ എതിരെ വരുന്ന ഒരു വൃദ്ധനോട് വഴി ചോദിക്കുന്നു.. വൃദ്ധൻ കുറച്ച് ദൂരേക്ക് കൈകൾ കൊണ്ട് ആംഗ്യം കാണിക്കുന്നു. സംസാരം വ്യക്തമല്ല.
അയാൾ വൃദ്ധനോട് നന്ദി പറഞ്ഞു നടക്കുന്നു.

സീൻ 9
ഒരു ഓടിട്ട, ചെറിയ വീട്. തടി കൊണ്ടുള്ള ഗേറ്റ്. കമ്പുകൾ കൊണ്ട് വേലി പോലെ കാണാം. അയാൾ അങ്ങോട്ടുതന്നെ നോക്കി കുറച്ച് നേരം നില്ക്കുന്നു.

സീൻ 10
അയാളുടെ POV. ഗേറ്റ് തുറന്ന് മുന്നിലേക്ക് കാലുകൾ. ചുറ്റിലും നോക്കിക്കാണുന്നു. പടിയിൽ ഒരു വയസ്സായ സ്ത്രീ ഇരിപ്പുണ്ട്. അവരുടെ തിമിരം നിറഞ്ഞ കണ്ണുകൾ. അവർ കണ്ണുകൾ ഇറുക്കിപ്പിടിച്ച് ആരാണ്‌ വന്നതെന്ന് നോക്കുന്നു.
അയാൾ ഒന്നും സംസാരിക്കാതെ ഇരുട്ട് നിറഞ്ഞ വീടിന്റെ ഉള്ളിലേക്ക് തന്നെ നോക്കി നില്ക്കുന്നു. അൽപം തല കുനിച്ച് ഉള്ളിലേക്ക് സൂക്ഷിച്ച് നോക്കുന്നു.
വൃദ്ധ: ആരാ അത്?.
വൃദ്ധയുടെ കണ്ണുകൾ ചുറ്റും തിരയുന്നു. അവർ വീണ്ടും
‘ആരാ അത്’ എന്നു ചോദിക്കുന്നു.
അകത്തേക്ക് തല തിരിച്ച്.
വൃദ്ധ: സുജേ...(നീട്ടി വിളിക്കുന്നു)..ദാ ആരോ വന്നിരിക്കുന്നു..‘
ശേഷം നിസ്സംഗതയോടെ മുന്നിലേക്ക് നോക്കിയിരിക്കുന്നു. അവർക്ക് കാഴ്ച്ച കുറവാണ്‌.

അയാൾ ഇപ്പോഴും വീട്ടിനുള്ളിലേക്ക് ഇരുട്ടിലേക്ക് തന്നെ നോക്കി നിൽക്കുകയാണ്‌.

ഇരുട്ടിനുള്ളിൽ നിന്നും ഒരു സ്ത്രീ പുറത്ത് വരുന്നു.
വിയർത്ത മുഖം. തോളിലിട്ട തോർത്ത് കൊണ്ട് മുഖവും കഴുത്തും തുടയ്ക്കുന്നുണ്ട്. അകത്ത് ഏതോ വീട്ടുപണിയിൽ തിരക്കിലായിരുന്നു എന്നു വ്യക്തമാണ്‌.

ആ സ്ത്രീ അയാളോട് ചോദിക്കുന്നു (അധികം ശ്രദ്ധിക്കാത്ത മട്ടിൽ),
സ്ത്രീ: ആരാ?..എന്താ?
അയാൾ പകച്ച് ആ സ്ത്രീയെ തന്നെ നോക്കി നില്ക്കുന്നു.
സ്ത്രീ: നിങ്ങളാരാ?..എന്താ ?
അയാൾ മുഖം കുനിച്ച് നില്ക്കുന്നു..
അയാൾ: ഞാൻ..എനിക്ക്..ഞാനാണ്‌.
അയാൾ മുഖമുയർത്തി സ്ത്രീയെ നോക്കുന്നു.
സ്ത്രീ കുറച്ചു കൂടി അടുത്തേക്ക് വന്ന് അയാളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കുന്നു.
പെട്ടെന്ന് വായ് പൊത്തി പിന്നിലേക്ക് മാറുന്നു.
അയാൾ: ഞാൻ..നിങ്ങളെ..ഒന്നു കാണാനാണ്‌..
സ്ത്രീ ഉച്ചത്തിൽ കരയാൻ തുടങ്ങുന്നു. അവർ ഇരു കൈകളും കൂട്ടി സ്വന്തം തലയിൽ അടിക്കുന്നു..
അയാൾ അതു കണ്ട് പകച്ചു നില്ക്കുന്നു.
സ്ത്രീ (ഉച്ചത്തിൽ..കരച്ചിലിന്റെ വക്കോളം): നിങ്ങളെന്തിനാ ഇവിടെ വന്നത്?..മതിയായില്ലെ?..എന്റെ ജീവിതം നശിപ്പിച്ചിട്ട്..എല്ലാം തകർത്ത്...
അവർ കരയുന്നു..
സ്ത്രീ: (വളരെ ദേഷ്യത്തിൽ..അലർച്ച പോലെ)..പൊക്കോണം..ഇപ്പോ ഇവിടന്ന് പൊക്കോണം..
അയാൾ: എനിക്ക്..ഒരു തെറ്റ് പറ്റിപ്പോയി..ഞാൻ നിങ്ങൾക്ക് എന്തു വേണേലും..
അവർ മുഖമുയർത്തി അയാളുടെ കണ്ണിൽ തന്നെ നോക്കുന്നു
സ്ത്രീ (ദേഷ്യത്തിൽ ഉച്ചത്തിൽ): നിങ്ങളിനി എന്തു ചെയ്യാനാണ്‌?..ഇനി എന്താണ്‌ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത്?..(കരഞ്ഞു കൊണ്ട്) അന്നു ഞാൻ ചാവാത്തത് ദേ ഈ ഇരിക്കുന്ന എന്റെ അമ്മേ ഓർത്താ..
അവർ മുഖം പൊത്തി കരയുന്നു.

വൃദ്ധ പകച്ച് ചുറ്റും നോക്കുന്നു.
അയാൾ മുഖം കുനിച്ച് നില്ക്കുന്നു.
അയാൾ: ..ഇത്..നിങ്ങൾക്ക്..എന്തെങ്കിലും..സഹായം..
അയാൾ പോക്കറ്റിൽ നിന്നും കുറച്ച് കാശെടുക്കുന്നു.
അയാൾ:..ഞാൻ ജയിലിൽ..പണിചെയ്ത്.. ഉണ്ടാക്കിയതാണ്‌..നിങ്ങൾക്ക്..
സ്ത്രീ: (അവർക്ക് കോപവും കരച്ചിലും)..‘കാശും കൊണ്ട് വന്നിരിക്കയാണ്‌ നിങ്ങള്‌?..എന്തിന്‌?..നിങ്ങടെ..ഈ കാശ് കൊണ്ട് എല്ലാം തിരികെ മേടിക്കാൻ പറ്റുവോ?..നിങ്ങള്‌ കാരണം..എന്റെ അച്ഛൻ പോയി..ഇക്കാലം മുഴുക്കേയും ഞാൻ..എല്ലാം സഹിച്ച്..
നിങ്ങൾ ഒരു നിമിഷം പോലും ഇവിടെ നിക്കരുത്..ഇപ്പൊ പൊയ്ക്കോണം..ഇറങ്ങി പോ..ഇവിടെ ആരും വരണ്ട..

സ്ത്രീ വീണ്ടും കരയുന്നു..(ഇപ്പോൾ തളർന്ന ശബ്ദത്തിലാണ്‌..അവർ വല്ലാതെ തളർന്നിരിക്കുന്നു)..
സ്ത്രീ കൈ കൂപ്പിപ്പിടിച്ച്..
സ്ത്രീ: ‘നിങ്ങള്‌ പോ..എനിക്കാരേം കാണണ്ട..ആരേം കാണണ്ട..’
സ്ത്രീ മുഖം പൊത്തുന്നു.
അയാൾ വല്ലാണ്ടാവുന്നു. കൈക്കുള്ളിലിരുന്ന് കറൻസി നോട്ടുകൾ മുറുകുന്നു.
സ്ത്രീ പതിയെ നടന്നു ചെന്ന് പടിക്കലിൽ അമ്മയുടെ അടുത്ത് ഇരുന്ന് തോളിൽ ചാരി കരയുന്നു.
വൃദ്ധ ആശ്വസിപ്പിക്കാനെന്ന മട്ടിൽ തലയിൽ തലോടുന്നു.

അയാൾ കുറച്ച് നേരം അവർ രണ്ടു പേരേയും നോക്കി നില്ക്കുന്നു.
എന്നിട്ട് തിരിഞ്ഞു നടക്കുന്നു..ഗേറ്റ് കടന്ന് അയാൾ നടന്നു പോകുന്നു.
പോകുന്നതിനിടയിൽ അയാളുടെ കൈയിൽനിന്നും കറൻസി നോട്ടുകൾ താഴേക്കൂർന്ന് പോകുന്നു.

നോട്ടുകൾ കാറ്റിൽ അവിടവിടെയായി ചിതറിപ്പോകുന്നു.
കാഴ്ച്ച പിന്നിൽ നിന്നും.
നടന്നകന്നു പോകുന്ന കാലുകൾ..

സീൻ 11
കരഞ്ഞു കൊണ്ടിരിക്കുന്ന സ്ത്രീയും. അവരെ സമാധാനിപ്പിക്കുന്ന വൃദ്ധയും.
A വൃദ്ധയുടെ തിമിരം ബാധിച്ച കണ്ണുകൾ. നിറഞ്ഞു വരുന്നു
B സ്ത്രീ ഇപ്പോഴും മടിയിൽ തല ചായ്ച്ച് തന്നെ കിടക്കുന്നു.

ക്യാമറ അവരേയും കടന്ന് വീട്ടിനുള്ളിലേക്ക് സൂം ചെയ്യുന്നു. വാതില്പ്പടിയിലേക്ക്.
ഒരു കുട്ടിയുടെ കാലുകൾ.
ക്യാമറ മുകളിലേക്ക്.
പെറ്റിക്കോട്ടിട്ട ഒരു ചെറിയ പെൺകുട്ടി.
A ഉറക്കത്തിൽ നിന്നും എഴുന്നേറ്റപോലെ കണ്ണു തിരുമ്മുന്നു.
B പടികൾ ഇറങ്ങുന്ന പെൺകുട്ടിയുടെ കാലുകൾ.
C അമ്മയുടെ അടുത്ത് വന്നു അമ്മയെ നോക്കുന്നു.

സീൻ 12
(അമ്മ കരയുന്നത് കണ്ട്) കുട്ടി: ‘അമ്മയെന്തിനാ കരയുന്നെ?’ (അമ്മയുടെ തലയിൽ സമാധാനിപ്പിക്കാനെന്ന വണ്ണം തലോടുന്നു).
സ്ത്രീ (പകച്ച കണ്ണുകളോടെ) അയാൾ പോയ വഴിയെ നോക്കുന്നു.
(കുട്ടിയെ ചേർത്തു പിടിച്ച്, മുഖം മറച്ചു കൊണ്ട്)
‘ഒന്നുമില്ല മോളേ..ഒന്നുമില്ല..’ എന്നു പറഞ്ഞു വീണ്ടും അടക്കി കരയുന്നു.

ചിത്രം അവ്യക്തമാവുന്നു.

credits

Post a Comment

Saturday 25 July 2015

കിഡ്നാപ്പ്


നാല്‌ മുഖംമൂടികളായിരുന്നു അയാളെ തട്ടിക്കൊണ്ട് പോയത്.
അയാളെ പാർപ്പിച്ചിരുന്നത് നല്ല വൃത്തിയും സൗകര്യങ്ങളുമുള്ള ഒരു മുറിയിലായിരുന്നു.
മുഖംമൂടികൾ മുഖംമൂടികളായി തന്നെ തുടർന്നു.
അവർ തമ്മിൽ ഒന്നും തന്നെ സംസാരിച്ചിരുന്നില്ല.
ആംഗ്യങ്ങളിൽ കൂടി പോലും അവർ ഒന്നും വിനിമയം ചെയ്യുകയുണ്ടായില്ല.
എല്ലാം പറഞ്ഞുറപ്പിച്ചതു പോലെ, പഠിച്ചത് പോലെയായിരുന്നു.

പലപ്പോഴും അയാൾ അവരോട് കയർത്തു സംസാരിച്ചു.
താനൊരു മന്ത്രിയാണെന്നും തന്നെ തട്ടിക്കൊണ്ടു പോകുന്നതും തടവിലാക്കുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അയാൾ രാഷ്ട്രീയ ഭാഷയിൽ തന്നെ അവരോട് പലവട്ടം പറഞ്ഞു.
അതിനൊന്നും ഒരു മറുപടിയും മുഖംമൂടി സംഘത്തിൽ നിന്നുണ്ടായില്ല.

ഒരു കാര്യം അയാളെ ശരിക്കും അത്ഭുതപ്പെടുത്തി.
രുചികരമായ ഭക്ഷണം - എന്നും, അതും സമയത്തിനു തന്നെ നാൽവർ സംഘം എത്തിച്ചു കൊണ്ടിരുന്നു.
കുടിക്കാൻ കോളയും.
വായിക്കാൻ പുസ്തകങ്ങളും.
കാണാൻ ടിവിയും.
ഇത്രയും സൗകര്യങ്ങൾ തന്റെ അണികൾ പോലും തനിക്കായി ഒരുക്കി തന്നിട്ടില്ല.

രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അയാൾക്ക് തന്നെ തോന്നി തുടങ്ങി, താൻ സുഖവാസത്തിലാണെന്ന്.
സമയാസമയം ഭക്ഷണം, ഇഷ്ടം പോലെ വിശ്രമം.
ജോലി ചെയ്താലും ഇല്ലെങ്കിലും ശമ്പളം കിട്ടും എന്നതു കൂടി ഓർത്തപ്പോൾ താനാണ്‌ ലോകത്തേക്കും വെച്ചേറ്റവും ഭാഗ്യം ചെയ്തവൻ എന്നു തോന്നി.

എങ്കിലും അണികളുടെ പുകഴ്ത്തലുകളും, ആൾക്കൂട്ടത്തിന്റെ ആരവങ്ങളും ഇല്ലാത്തതിനാൽ അയാൾക്ക് നഷ്ടബോധം തോന്നിത്തുടങ്ങി.
സുഖവാസം അവസാനിപ്പിക്കേണ്ട സമയമായി.
തന്നോട് മര്യാദയോടും ബഹുമാനത്തോടും പെരുമാറിയ മുഖംമൂടികളോട് അയാൾ താക്കീതിന്റേയും ഭീഷണിയുടേയും സ്വരം ഉപേക്ഷിച്ച് ചോദിച്ചു,
‘നിങ്ങൾക്ക് എന്നെ ഇവിടെ പിടിച്ചിട്ടത് കൊണ്ടെന്ത് കാര്യം?. പണമാണ്‌ വേണ്ടതെങ്കിൽ അതു ഞാൻ സംഘടിപ്പിച്ചു തരാം. നിങ്ങൾ നല്ലവരായത് കൊണ്ട് നിങ്ങളെ കുറിച്ച് ഒരു വിവരവും ഞാൻ പോലീസിനു കൈമാറില്ല’

മുഖംമൂടികൾ അപ്പോഴും ഒന്നും പറഞ്ഞില്ല.

ഇടയ്ക്കൊരു തവണ നിരാഹാരമിരുന്നാലോ എന്നാലോചിച്ചതാണയാൾ. പക്ഷെ ഇവിടെ ഇരുട്ടിന്റെ മറവിൽ ഒരു പഴം കൊണ്ടു തരാനോ, റിലേ നിരഹാരമിരിക്കാനോ, നിരഹാരമവസാനിപ്പിക്കാൻ നാരങ്ങാവെള്ളം കുടിപ്പിക്കാൻ നടക്കുന്ന ശിങ്കിടികളോ എന്തിന്‌? ഫോട്ടോ എടുക്കാൻ പത്രക്കാരോ ഇല്ല. അയാൾ ആ പദ്ധതി ഉപേക്ഷിച്ചു. ഇപ്പോൾ നല്ല രുചികരമായ ഭക്ഷണമാണ്‌ കിട്ടുന്നത്. അതു വേണ്ടെന്നു വെയ്ക്കാൻ മനസ്സു വരുന്നില്ല.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ അയാൾ ശരിക്കും ക്രൂദ്ധനായി. തനിക്ക് മൂന്ന് നേരം ഭക്ഷണം കിട്ടിയാൽ മാത്രം മതിയാകില്ലെന്നും, പലതും തനിക്ക് ജീവിതത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും അയാൾക്ക് ബോദ്ധ്യമായി. താനിവിടെ ഇങ്ങനെ വെറുതെ കിടക്കേണ്ടവനല്ല. പടിപടിയായി ഉയർന്നു പോകേണ്ടവനാണ്‌. പദവികൾ കരസ്ഥമാക്കേണ്ടവനാണ്‌.
ഇതവസാനിപ്പിച്ചേ മതിയാവൂ.
മുഖംമൂടികൾ യാതൊരുവിധ ദയയും അർഹിക്കുന്നില്ല. ഇവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരിക തന്നെ ചെയ്യണം.
തന്നെക്കുറിച്ച്, തന്റെ അധികാരത്തിന്റെ ശക്തിയേക്കുറിച്ച് ഇവരെന്താണ്‌ മനസ്സിലാക്കിയിരിക്കുന്നത്?.

പക്ഷെ അയാളുടെ ഭീഷണികൾ മുഖംമൂടികൾ കേട്ടതായി പോലും നടിച്ചില്ല.
കൃത്യം മുപ്പതാം ദിവസം മുഖംമൂടികൾ അയാളെ മുറിക്ക് പുറത്തേക്ക് നടത്തിച്ചു. പിന്നീട് ഇരുട്ടിലൂടെയായിരുന്നു യാത്ര. ആ സമയമത്രയും അയാളുടെ കണ്ണുകൾ മൂടിക്കെട്ടിയിരുന്നു.

അവർ അയാളെ ഇരുട്ടിലൊരിടത്തായി കൊണ്ടു നിർത്തി. ദൂരെയായി പാഞ്ഞു പോകുന്ന വാഹനങ്ങളുടെ വെളിച്ചം കാണാൻ കഴിഞ്ഞു.
തന്നെ മോചിപ്പിക്കാൻ ഉന്നത തലങ്ങളിൽ നിന്നും സമ്മർദ്ദവും അന്വേഷണവും ആരംഭിച്ചിട്ടുണ്ടാവും. നിവൃത്തിയില്ലാതെ തന്നെ മോചിപ്പിക്കുകയാണ്‌. അവസാനവിജയം തനിക്ക്. തന്റെ നേരെയുണ്ടായ സഹതാപതരംഗം എങ്ങനെ മുതലെടുക്കണമെന്നായി അയാളുടെ ആലോചന. തന്നെ കാത്തിരിക്കുന്നത് വിജയിയുടെ സ്വീകരണമാണ്‌. വരും ദിവസങ്ങളിൽ പത്രങ്ങളിലും ന്യൂസ് ചാനലുകളിലും നിറഞ്ഞു നില്ക്കുക താനാവും. തിരക്ക് പിടിച്ച ദിവസങ്ങളാണ്‌ മുന്നിൽ. പത്രസമ്മേളനത്തിൽ പറയേണ്ട വാക്കുകൾ അയാൾ തേച്ചു കൂർപ്പിച്ചു.

മുഖംമൂടികൾ അയാളുടെ കൈയ്യിൽ ഒരു കഷ്ണം പേപ്പർ കൊടുത്തു.
അവരെ കുറിച്ചുള്ള ഒരു വിവരവും കൊടുക്കരുതെന്ന അപേക്ഷയാവും..പാവങ്ങൾ..
നിലാവെളിച്ചത്തിൽ അയാളത് വായിച്ചു.
‘എൻഡോസൾഫാന്റെ രുചി ഇഷ്ടമായെന്നു കരുതുന്നു’

തലയുയർത്തി നോക്കുമ്പോൾ മുഖംമൂടികൾ അവിടെങ്ങും ഉണ്ടായിരുന്നില്ല.

Post a Comment

Tuesday 21 July 2015

കാണാതെ പോയ വാക്ക്


എഴുതിക്കൊണ്ടിരിക്കുമ്പോഴാണത് പോയത്.
പ്രഭാതമാകുന്നതേയുണ്ടായിരുന്നുള്ളൂ.
വെള്ളം കുടിക്കാൻ ഒന്നു മാറിയതേ ഉണ്ടായിരുന്നുള്ളൂ. തിരികെ നോക്കുമ്പോൾ കാണുന്നില്ല.
തെറിച്ച് പോയതാണൊ, മനപ്പൂർവ്വം ഇറങ്ങി പോയതാണൊ എന്നറിയില്ല.
ഞാൻ മഷിപേന അടച്ചുവെച്ച് വാക്കിനെ തിരഞ്ഞു പോയി.
മഷിനനവുണങ്ങാത്ത വാക്ക്.


മുറി മുഴുവൻ തിരഞ്ഞു.
മേശയ്ക്കടിയിലും, കട്ടിലിനടിയിലും, ചുവരുകളുടെ കോണിലും..

വലിച്ചു കൊണ്ടു പോയ രക്തം പോലെ ഒരു അടയാളം അല്പദൂരം വരെയുണ്ടായിരുന്നു.
പിന്നീടാ മഷിയടയാളവും കാണാതായി.

ആദ്യം വെളിച്ചത്തിലും പിന്നീട് ഇരുട്ട് കൂട്ടംകൂടി നിൽക്കുന്നിടത്തും തിരഞ്ഞു.
കാണാനായില്ല.

വാക്ക് നഷ്ടപ്പെട്ട വേദന ഞാനെങ്ങനെ, ആരോട് പറയും?.
എന്റെ നാവ് പോലും എന്നെ പഴി പറഞ്ഞു.
എന്റെ പേന നഷ്ടമോർത്തിരിക്കുകയാവും.
കടലാസ് ഒരു പല്ലു നഷ്ടമായ വായ പോലെ ആയിട്ടുണ്ടാവും.

ഭയന്ന് ജനാലവിരിയുടേയൊ, വാതിലിന്റെ പിന്നിലോ ഒളിച്ചിരിക്കുമോ?.
എന്റെ കൈകൾ തേടി വരുമെന്ന് ഭയന്ന്..
അതോ, ഞാൻ രക്ഷയ്ക്കെത്തുമെന്ന് പ്രതീക്ഷിച്ച്..

മുറിയുടെ വാതിലല്പം തുറന്ന് കിടക്കുന്നതപ്പോഴാണ്‌ കണ്ടത്.
ഞാൻ എന്നെത്തന്നെ ശപിച്ചു കൊണ്ട് മുറിക്ക് പുറത്തേക്കോടി.

നീലമഷിയുടെ ഉടുപ്പാണതിട്ടിരിക്കുന്നത്. അതു കൊണ്ട് കണ്ണിൽപ്പെടുമായിരിക്കും.
എന്റെ അല്ലെങ്കിൽ മറ്റാരുടേയെങ്കിലും.

പുറത്ത് ശബ്ദങ്ങളുടെ ഘോഷയാത്രയായിരുന്നു.
സത്യം പറയട്ടെ, ചവറ്റുകുട്ടയിലും എന്റെ കണ്ണുകൾ നീണ്ടു ചെന്നു.
അവിടെയും കാണാനായില്ല.
നിശാവസ്ത്രങ്ങളാണിട്ടിരിക്കുന്നതെന്ന് പോലുമോർക്കാതെ ഞാൻ വഴിവക്കിലൂടെ നടന്നു.
ഏതെങ്കിലും വാഹനന്മിടിച്ച് എന്റെ വാക്കിനെന്തെങ്കിലും പറ്റിയോ എന്ന ആധിയെനിക്കുണ്ടായിരുന്നു.

ഒരാൾക്കൂട്ടം കണ്ടു ഞാൻ അങ്ങോട്ടോടി.
അത്ഭുതമെന്നേ പറയേണ്ടൂ, അവിടെ ഞാൻ കണ്ടു, തല താഴ്ത്തി നില്ക്കുന്നുണ്ടായിരുന്നു - എന്റെ വാക്ക്.

ആൾക്കൂട്ടം ചമച്ച വൃത്തത്തിനുള്ളിൽ ഒരാൾ കിടപ്പുണ്ടായിരുന്നു.
അയാളുടെ ചുറ്റും രക്തം പരവതാനി തീർത്തു കൊണ്ടിരുന്നു.
സമീപം കിടന്ന വാഹനത്തിന്റെ വീൽ കറങ്ങി തീരാറായിരുന്നു.
നിലത്ത് കിടന്നിരുന്ന ആൾ അപ്പോഴും ഞരങ്ങി കൊണ്ടിരിക്കുകയായിരുന്നു.
അയാളെ ആരും രക്ഷിക്കാൻ മുതിരാത്തത് എന്നെ അത്ഭുതപ്പെടുത്തിയില്ല.
മേദസ്സ് കുറയ്ക്കാൻ ഓടുന്നവർ - സോക്സും ഷൂസ്സുമിട്ടവർ - അവർ ആ ഞരങ്ങുന്ന രൂപത്തിനെ കുറച്ചു നേരം നോക്കി നിന്ന ശേഷം വീണ്ടും ഓടാനാരംഭിച്ചു.

എന്നെ കണ്ടതും വാക്ക് എന്റെ നേർക്ക് വന്നു. അപ്പോഴും തലയുയർത്തിയിരുന്നില്ല.
ഞാൻ ഇരുകൈകളാലതിനെ എടുത്തു.
വാക്ക് എന്റെ കൈക്കുള്ളിൽ തളർന്നു കിടന്നു.
ഞാനും കൂട്ടത്തിലൊരാളെ പോലെയാണെന്ന് വാക്കിനു മനസ്സിലായിക്കാണും.
ഞാനും തിരിഞ്ഞു നോക്കിയില്ല.

തിരികെ ചെന്ന് പഴയ സ്ഥാനത്തതിനെ പ്രതിഷ്ഠിക്കുമ്പോൾ, കടലാസ്സിന്റെയും പേനയുടേയും നിശ്വാസം കേട്ടു. പേന ഒരു തുള്ളി മഷി പൊഴിച്ചു.
അപ്പോൾ ആ വാക്ക് എന്റെ നേർക്ക് ദയനീയമായി നോക്കി - ‘ദയ’ എന്ന ആ വാക്ക്..

Post a Comment

Tuesday 14 July 2015

ബാധ


‘കടുത്തപ്രയോഗം തന്നെ വേണം!’
മന്ത്രവാദി ഉച്ചത്തിൽ കൽപ്പിച്ചു.
ശിഷ്യൻ ചുറ്റിലും നിന്നവരോടും.
‘എല്ലാരും മുറിക്ക് പുറത്തേക്കിറങ്ങി കൊൾക.. ഒഴിപ്പിക്കാൻ പോണു..അവസാനത്തെ പ്രയോഗമാണ്‌’

വിളക്കിലേക്ക് വീണ്ടും എണ്ണയൊഴുകി.
ചുവന്ന കനലുകളിലേക്ക് ശാമ്പ്രാണി പൊടിയും, മുളകും മഞ്ഞളും ചിതറി വീണു.
ചുവന്ന പട്ട് മുറുക്കിയുടുത്ത് മന്ത്രവാദി തയ്യാറെടുത്തു. വലതു കൈയ്യിൽ കുങ്കുമവും ഇടതുകൈയ്യിൽ ഭസ്മവും..
‘നിനക്ക് ഇനീം മതിയായില്ലെ?. പോകാൻ നിനക്ക് വയ്യ അല്ലെ?’
അയാളുടെ ഉഗ്രശബ്ദത്തിൽ മുക്കോട് വരെ വിറച്ചു.
വീണ്ടും കുങ്കുമവും ഭസ്മവും അന്തരീക്ഷത്തിലേക്ക്..
യുവതി കുനിഞ്ഞിരുന്നു തലയിളക്കിയതേ ഉള്ളൂ..
നീണ്ട ചുരുൾമുടി അവളുടെ മുഖം മറച്ചിരുന്നു.
അവളുടെ ചുണ്ടിൽ നിന്ന് ജല്പനങ്ങളായി ചിലത് ഇടവിട്ടിടവിട്ട് തെറിച്ചു കൊണ്ടിരുന്നു.

ഹോമത്തിനായി അടുക്കി വെച്ച ചുടുകട്ടകൾ പഴുത്തു തുടങ്ങി.
ചുവരുകളിൽ നിഴലുകളുടെ നൃത്തം.
ഭയം നിറച്ച കണ്ണുകളുമായി തല നരച്ച രണ്ടു പേർ മകളെ തന്നെ നോക്കി നിന്നു.
അകത്തെ ആധിയും. പുറത്തെ പുകയും കൊണ്ടവരുടെ കണ്ണുകൾ എരിഞ്ഞു നിറഞ്ഞു.
‘കേട്ടില്ലെ എല്ലാരും? പുറത്ത് പൊയ്ക്കൊൾക!..ആശാന്റെ അറ്റക്കൈ പ്രയോഗം..മുറിക്ക് പുറത്തിറങ്ങ്..വേഗം വേഗം’ ശിഷ്യൻ വീണ്ടും കൽപിച്ചു.
തൊഴുകൈയ്യൊടെ തല നരച്ചവർ പുകച്ചുരുളുകൾ മുറിച്ച് പുറത്തേക്ക് നടന്നു.
ആശാൻ തോളറ്റം നീണ്ട മുടി ചുറ്റി ഒരു വശത്തേക്ക് കെട്ടി, അസ്പഷ്ടമായി മന്ത്രങ്ങൾ ഉരുവിടാനാരംഭിച്ചു. വലതു കൈയ്യിൽ കുങ്കുമം പാറി വീണ ഒരു ചെറിയ വെള്ളി ശൂലം.

ശിഷ്യൻ വാതിലടയ്ക്കും മുൻപ് ഒരു വട്ടം കൂടി ആശാന്റെ നേർക്ക് നോക്കി.
ഒരാഭാസച്ചിരി അയാളുടെ ചുണ്ടിന്റെ ഒരു കോണിൽ നിറഞ്ഞു.
ആശാന്റെ മുഖത്ത് വിജയ മന്ദസ്മിതം.

വാതിലടഞ്ഞു.

ഉള്ളിൽ നിന്ന് ഉഗ്രശാസനകൾ അവ്യക്തമായി പുറത്തേക്ക് വാതിൽ വിടവിലൂടെ നിരങ്ങി വന്നു.
അവളുടെ നീണ്ട നിലവിളികൾ..
മന്ത്രവാദിയുടെ ഉഗ്രശാസനകൾ..
തട്ടി മറിയുന്ന, ഉടഞ്ഞു ചിതറുന്ന ശബ്ദങ്ങൾ..
‘കൂടിയ ബാധയാണ്‌..ആശാന്റെ അറ്റക്കൈ പ്രയോഗത്തിൽ ഒഴിയാത്തതൊന്നുമില്ല..ധൈര്യമായിരിക്കൂ..ഇന്നേക്കവസാനം..ആശാൻ പിടിച്ച് തളയ്ക്കും’
പുറത്ത് നിന്നവരുടെ കാതുകളിൽ ശിഷ്യൻ ആശ്വാസവചനങ്ങൾ നിറച്ചു.

മന്ത്രവാദിയുടെ നീണ്ട വിളിയിൽ മുക്കോടുകൾ വീണ്ടും വിറച്ചു തുള്ളി.

സകലതും നിശ്ശബ്ദമായി.
ശിഷ്യന്റെ നെറ്റിയിലൂടെ വിയർപ്പു ചാലൊഴുകിയിറങ്ങി.

‘സമയമായി..ഇനി പ്രവേശിക്കാം’
ശിഷ്യൻ അനുമതി കൊടുത്ത് വാതിൽ തുറന്നു.

മുറിയുടെ കോണിൽ യുവതി മുഖം മറച്ചിരുപ്പുണ്ടായിരുന്നു, ആർക്കുമറിയാത്ത ചില മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട്..
അണയാറായ ഹോമകുണ്ഢത്തിൽ നിന്നും ഇടയ്ക്കിടെ തെളിഞ്ഞുയർന്ന ദീപ്തിയിൽ എല്ലാരുമത് കണ്ടു,
മലർന്ന് കിടന്ന പുരുഷ ശരീരം..കഴുത്തിൽ ആഴത്തിൽ തറച്ച വെള്ളി ശൂലം..
സർവ്വം കുങ്കുമ മയം.
കൂട്ടനിലവിളിയിൽ മേൽക്കൂരയിലെ സകല ഓടുകളും നിർത്താതെ വിറച്ചു.

Post a Comment

Tuesday 23 June 2015

അതാര്‌?


ഇരുട്ടാണ്‌ രക്ഷ.
വെളിച്ചത്തിന്റെ ഒരു തുണ്ട് പോലും വേണ്ട.
അവനെന്താ വിചാരിച്ചത്? ഞാൻ ആണല്ലെന്നൊ?.

ഷാപ്പില്‌ ചുറ്റുമിരുന്നവര്‌ കളിയാക്കിയത് ഇപ്പോഴും ഉള്ളില്‌ കുടിച്ച വാറ്റിന്റെ കൂടെ കിടന്ന് തിളയ്ക്കുന്നുണ്ട്.
അവൾക്കാണെൽ രണ്ടെല്ല് കൂടുതലാ. ഇന്നും അവക്കിട്ട് കൊടുക്കണം..
‘നിലക്ക് നിർത്താൻ നീ ആണു തന്നേടാ?’
വേലന്റെ എളീലിരിക്കണ കത്തിയെക്കാൾ മൂർച്ച ഉണ്ട് അവന്റെ നാവിന്‌.
രണ്ടിനും മറുപടി കൊടുക്കാൻ പറ്റില്ല.
‘ചെല്ലടാ ചെല്ല്..ചെന്ന് വീശി കൊട്..ഇപ്പൊ കുന്നിൻപുറത്തു കാണും..ചൂട് തട്ടിയതല്ലെ’ അകമ്പടിയായി പൊട്ടിച്ചിരികൾ ചുറ്റും ചിതറിയത് കേട്ടില്ലെന്ന് നടിച്ചു.

ഇന്ന് ചിരികളൊക്കെ നിക്കും..ഇവന്മാരുടേം..അവന്റേം.
അങ്ങനെയാണ്‌ വേച്ച് വേച്ച് കുന്ന് കയറിയത്.
ചെറിയ നിലാവ്.
ചെല്ലുമ്പോ കണ്ടു, അവൻ..വൃത്തികെട്ടവൻ..ദൂരേക്ക് നോക്കി ഇരിക്കണത്.
വലിയൊരു ഉരുളൻ പാറ മാത്രമാണിപ്പോൾ അവനും എനിക്കും ഇടയിൽ.
അവന്റെ ഒരു കാറ്റ് കൊള്ളൽ. ഇതവസാനത്തെ കാറ്റു കൊള്ളലാ.

പാറ തണുത്തു തുടങ്ങിയിരുന്നു. കാറ്റിന്റെ മൂളിച്ച കേൾക്കാം. ഒരോ അടിയും സൂക്ഷിച്ചാണ്‌ വെച്ചത്. പമ്മി നടക്കണ പൂച്ചേടെ പോലെ. അടുത്തെത്തിയപ്പോ കാലില്‌ സകല ശക്തിയും ആവാഹിച്ച്, അവന്റെ മുതുക് നോക്കി ഒരൊറ്റ ചവിട്ട്.. നിലവിളിയോടൊപ്പം അവനും താഴേക്ക് ഇരുട്ടിലേക്ക് പോയി. എവിടേക്കോ ഇടിച്ച് വീഴണ ശബ്ദം കേട്ടു.
ഇനി അവൻ എണ്ണീക്കരുത്..എണ്ണീറ്റാലും..

നാളെ കാണട്ടെ അവന്മാരുടെ ചിരി.
ഞാൻ പാറ പൊട്ടും വിധം പൊട്ടിച്ചിരിച്ചു.
എളീന്ന് ചെറിയ കുപ്പിയെടുത്ത് തൊണ്ടേലേക്ക് കമഴ്ത്തി. ചൂട്‌ അകത്തേക്ക് പുളഞ്ഞൊഴുകിയ വഴി അറിഞ്ഞു.
ഇനി ഒന്ന് കാറ്റ് കൊള്ളട്ടെ.

തലേക്കെട്ട് ഊരുമ്പോ ഒരു കൈ തോളിലമർന്നു.
‘എന്താ ചേട്ടാ വീട്ടി പോണില്ലെ?’
തിരിഞ്ഞു നോക്കുമ്പോ കണ്ടു, ശൃഗാരം കുഴച്ചു വെച്ച ചിരിയുമായി അവൻ. ആ വഷളൻ..
തണുത്ത കാറ്റിലും എന്റെ മേലു മുഴുവനും വിയർപ്പുമണികൾ കൂണ്‌ പോലെ പൊന്തി വന്നു.
അപ്പൊ..താഴേക്ക്..നിലവിളിച്ചോണ്ട് പോയത്?
കുപ്പി വലിച്ചെറിഞ്ഞ് ഞാൻ ഇരുട്ടിലൂടെ താഴേക്കോടി.

Post a Comment

Sunday 12 April 2015

കാണികൾ

ഒരു കല്ലു മാത്രമാണുരുട്ടിയത്.
മുകളിലേക്കായിരുന്നു ഉരുട്ടിയത്.
ഞാനൊറ്റയ്ക്കായിരുന്നു
കാണുവാനൊരുപാടു പേരുണ്ടായിരുന്നു.
അവരെന്നെ ഭ്രാന്തെന്നു വിളിച്ചു.
ഞാൻ എന്നെ അങ്ങനെ തന്നെയാണ്‌ വിളിച്ചിരുന്നത്.
അവർ കാൺകെ ഞാൻ മുകളിലെത്തിച്ചു കല്ലിനെ.
അവർ കാൺകെ ഞാൻ താഴേക്കുരുട്ടി വിടുകയും ചെയ്തു.
അവരുടെ കൂക്കുവിളികൾ കല്ലിനോടൊപ്പം താഴേക്കുരുണ്ടു പോയി.
അവർ പകൽ മുഴുവൻ എന്നെ കാണാൻ കാത്തു നിന്നു.
അവർ പകൽ മുഴുവൻ എന്നെ കൂകി വിളിച്ചു.
അവർ പകൽ മുഴുവൻ എന്നെ ഭ്രാന്തനെന്നു വിളിച്ചു.
പക്ഷെ ഇരുട്ട് വീഴും മുൻപ് അവരോട് ഞാൻ ചോദിച്ചു,
ഭ്രാന്തു കാണാൻ കാത്തു നിൽക്കുന്നവരെ എന്തു വിളിക്കും?
അവർ ശബ്ദം വെടിഞ്ഞ് കുന്നിറങ്ങി പോയി.
ഇപ്പോൾ ഞാനും എന്റെ കല്ലും മാത്രം.
നാളെയും ഞാനിതുരുട്ടി കയറ്റും.
കാണികൾ നാളെയുമുണ്ടാവും.
അതെനിക്കുറപ്പാണ്‌!.
ഞാനൊന്നു ചിരിക്കട്ടെ,
ഒരു ഭ്രാന്തനെ പോലെ!


Post a Comment

Friday 10 April 2015

നിലയ്ക്കാതെ ചിലത്

ഇന്നുമാ മനുഷ്യൻ പറയുന്നത് മുഴുവനും കേൾക്കേണ്ടി വന്നു. കേൾക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. എന്തു കൊണ്ടാണ്‌ സമയത്തിനെത്തിച്ചേരാനാവാതെ പോയത്?. ചോദിച്ചതും ശരി പറഞ്ഞതും ശരി. സ്വന്തം ചോറിനോടൽപ്പം കൂറ്‌..ആ വാചകത്തിനു ശരിക്കും നല്ല മൂർച്ചയുണ്ടായിരുന്നു..മുറിഞ്ഞു ചോര പൊടിഞ്ഞു..മോശം..വളരെ മോശമായി പോയി. എല്ലാത്തിനുമില്ലെ ഒരവസാനം?. ഒരാളുടെ ക്ഷമ പരീക്ഷിക്കുന്നതിലും വലിയ ദ്രോഹം വേറെന്താണ്‌?. ഒടുവിലത്തെ ആ ചോദ്യം - ‘തനിക്ക് ലജ്ജ തോന്നുന്നില്ലെ?’. ശരിയാണ്‌ ശരിക്കും ലജ്ജ തോന്നുന്നുണ്ട്.

അയാൾ തെറ്റുപറ്റിയതെവിടെയെന്നു തിരയാൻ തീരുമാനിച്ചു.
തുടക്കമെവിടെയാണ്‌?. ചിന്തകളെ പിന്നിലേക്കോടിച്ചു. കാരണം കണ്ടെത്താനുള്ള വ്യഗ്രതയോടെ. ഓട്ടം ചെന്നു നിന്നത് ചുവരിൽ പത്ത് മുപ്പത്തിയേഴിൽ അവസാന ശ്വാസമെടുത്ത ഒരു ക്ലോക്കിലാണ്‌. കാരണം കണ്ടു പിടിച്ചപ്പോൾ നല്ല ആശ്വാസം തോന്നുന്നു. ദിവസങ്ങൾക്ക് മുൻപെന്നോ മിടിപ്പ് നിന്നു പോയതാണത്. പുതിയൊരു ബാറ്ററി വാങ്ങിയിട്ടതായിരുന്നല്ലോ. യന്ത്രങ്ങളുടെ ആയുസ്സ് ആർക്കാണ്‌ നിശ്ചയം?. മരണകാരണം കണ്ടു പിടിക്കാൻ ആർക്കുണ്ട് നേരം?. പകരക്കാരനെ അതേയിടത്ത് സ്ഥാപിക്കുക. ഇതിന്റെ ജീവന്റെ തെളിവും ചലനം തന്നെ. സൂചികളുടെ ചലനം - അതാണ്‌ തെളിവ്‌. ഒരോ മിടിപ്പിലും ഒരു ചുവട് മുന്നോട്ട്. മനുഷ്യരെ പോലയല്ല. മനുഷ്യർ മിടിപ്പുണ്ടായിട്ടും ചലിക്കാത്ത വെറും യന്ത്രങ്ങളാണ്‌.

ചുവരിനോട് ചേർന്ന്, ആണിയിൽ തൂങ്ങി കിടന്ന ക്ലോക്കിനെ ശ്രദ്ധയോടെ ഉയർത്തിയെടുത്തു. മറവിയും മടിയും - എത്ര മാരകമായ സങ്കലനം!. പകരക്കാരനെ കൊണ്ടു വന്നേ മതിയാവൂ. അതിൽ മറവിക്കോ മടിക്കോ ഇടം പാടില്ല. വൈകിട്ട് വരുമ്പോൾ വാങ്ങണം. അയാൾ മറക്കാതിരിക്കാൻ ഒരു ചെറിയ കടലാസിൽ ‘ക്ലോക്ക്’ എന്നെഴുതി പോക്കറ്റിലിട്ടു. സമയം വിളിച്ചറിയിക്കാനറിയാത്തവന്റെ സ്ഥാനം ഇനി ചവറ്റുകൂടയിലാണ്‌. സമയത്തിന്റെ വിലയറിയാത്തവനാണ്‌ സമയദോഷം.

സുഹൃത്തുക്കളാരും തന്നെ ഇല്ലായിരുന്നു അയാൾക്ക്. അതു കൊണ്ട് തന്നെ ജോലി കഴിഞ്ഞു നേരെ വീട്ടിലേക്ക് തന്നെയാണ്‌ വരിക. പിറ്റേന്ന് ജോലി സ്ഥലത്ത് നിന്നും തിരിച്ചു വരുമ്പോൾ അയാളുടെ ശ്രദ്ധ ഒരു തെരുവു കച്ചവടക്കാരന്റെ ശബ്ദത്തിൽ കുടുങ്ങി. നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ഒരു തലേക്കെട്ടുകാരൻ ഉച്ചത്തിൽ വിളിച്ചു കൂവുന്നു. ‘ഏതെടുത്താലും പത്തു രൂപ’. ആരുടെ ശ്രദ്ധയിലും കൊളുത്തു വീഴാൻ പാകത്തിലുള്ള പരസ്യവാചകം.  അയാൾ ആളുകൾ വട്ടം കൂടി നിൽക്കുന്നിടത്തേക്ക് പോയി. ആത്മനിയന്ത്രണം! ആത്മനിയന്ത്രണം! - സ്വയം താക്കീത് ചെയ്യുകയും ചെയ്തു. വില കുറവെന്ന് കേട്ട് തികച്ചും അനാവശ്യമായ ഒരു വസ്തു വാങ്ങരുത്. അനാവശ്യമായ വസ്തുക്കൾ വിൽക്കുന്നതിലാണ്‌ ഒരു കച്ചവടക്കാരന്റെ വിജയം. ആവശ്യവും അത്യാവശ്യവും തമ്മിലുള്ള വ്യത്യാസമറിയാത്ത ചില ‘ബലഹീന’രെയാണിവർ നോട്ടമിടുന്നത്. ഈ തന്ത്രങ്ങളെ കുറിച്ച് താൻ പഠിച്ചിട്ടുള്ളതാണ്‌. ബുദ്ധിമാനായ താനാ കെണിയിൽ വീഴരുത്. അയാൾ തറയിൽ വിരിപ്പിലമർന്നിരിക്കുന്ന വസ്തുക്കളിലൂടെ കണ്ണോടിച്ചു. മിക്കതും പ്ലാസ്റ്റിക് സാധനങ്ങൾ. പിന്നെ ചില ചില്ലറ ഉപകരണങ്ങൾ, വില കുറഞ്ഞ ഇലക്ട്രോണിക് വാച്ചുകൾ.. കച്ചവടക്കാരനിരിക്കുന്നതിനു സമീപം വട്ടത്തിൽ ഒരു വസ്തു കാണാൻ കഴിഞ്ഞു. അവിടെ നിന്നും കാഴ്ച്ച മുന്നോട്ട് നീങ്ങാൻ വിസമ്മതിച്ചു . ഒരു ക്ളോക്ക്. കറുത്ത് ഫ്രെയിമുള്ള ഒരു ക്ലോക്ക്. അകത്ത് ഒരു ഭൂപടത്തിന്റെ ചിത്രമുണ്ട്. പഴകിയ ഒരു പേപ്പറിന്റെ നിറമാണതിന്‌. ചെമ്പ് നിറമുള്ള സൂചികൾ. അയാൾ ക്ലോക്കിലേക്ക് വിരൽ ചൂണ്ടി. ക്ലോക്ക് കൈയ്യിൽ വെച്ച് തിരിച്ചും മറിച്ചും നോക്കുമ്പോൾ ആരോ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നലുണ്ടായി. തിരിഞ്ഞു നോക്കുമ്പോൾ ചിതറിയ തലമുടിയും, തെറിച്ച താടിയുമായി ഒരാൾ തല വിലങ്ങനെ ചലിപ്പിച്ചു ‘വേണ്ട’ എന്ന് താക്കീത് തരുന്നത് കണ്ടു. ഭ്രാന്തൻ!. ഇപ്പോൾ കവലകളിൽ ഭ്രാന്തന്മാരുടെ എണ്ണം കൂടിയിരിക്കുന്നു. ഒരോ വർഷവും അവരുടെ എണ്ണമാണ്‌ കൂടി വരുന്നത്. ഇതു ശ്രദ്ധിക്കാനാർക്ക് സമയം?. ഭ്രാന്തന്മാരെ നാടു കടത്തിയാൽ ശേഷിക്കുന്നവർ മുഴുവൻ ഭ്രാന്തില്ലാത്തവരെന്നു പറയാൻ കഴിയുമോ?. ആർക്കറിയാം?. അയാൾ ക്ലോക്കിലേക്ക് ശ്രദ്ധ പിടിച്ചു വലിച്ചിട്ടു.

കച്ചവടക്കാരൻ പണം വാങ്ങുമ്പോഴും ബാക്കി കൊടുക്കുമ്പോഴും ഉച്ചത്തിലുള്ള പരസ്യം നിർത്തിയില്ല. സമയത്തിന്റെ വിലയറിയുന്ന വില്പനക്കാരൻ. പത്തു രൂപയ്ക്ക് മനോഹരമായൊരു ക്ലോക്ക് താൻ സ്വന്തമാക്കിയിരിക്കുന്നു. ഇതിൽ ലാഭവുമില്ല നഷ്ടവുമില്ല. ലാഭമില്ലാത്ത കച്ചവടമുണ്ടോ?. ഉണ്ടാവില്ല. എങ്കിലും ഇപ്പോഴുള്ള തന്റെ സാമ്പത്തിക സ്ഥിതിയും ആവശ്യവും ചേർത്തു വെച്ചാൽ, ഈ വാങ്ങൽ നഷ്ടമെന്നു പറയാനാവില്ല. ഏതൊരു ഉപഭോക്താവിനെ പോലെയും അയാളും താൻ വാങ്ങിയത് ലാഭത്തിനാണെന്ന് സ്വയം വിശ്വസിപ്പിച്ചു.

വീട്ടിൽ ചെന്നയുടൻ കടലാസ് പൊതി ഊരിയെറിഞ്ഞ്, ക്ലോക്കിനെ ചുവരിൽ സ്ഥാപിച്ചു. മനോഹരം!. ഈ ചുവരിനു വേണ്ടി ഉണ്ടാക്കിയ ക്ലോക്കാണോ അതോ ക്ലോക്കിനായി മാത്രം എന്നോ ഒരിക്കൽ നിർമ്മിക്കപ്പെട്ട ചുവരോ?. എല്ലാം എന്തിനോ വേണ്ടി കാത്തിരിക്കുന്നുണ്ടാവും. ഇതിനിവിടെയാണ്‌ സ്ഥാനം. ഇതിലും കൃത്യമായൊരിടം വേറെയില്ല.

അയാൾ രണ്ടടി പിന്നോക്കം മാറി നിന്ന് അതിൽ കണ്ണു കൊണ്ട് നാല്‌ കുരിശ് വരച്ച് നിരപ്പ് കൃത്യമാണോയെന്നു പരിശോധിച്ചു. എല്ലാം കൃത്യം. ആഹ്ലാദത്തോടെ അതിലേക്ക് തന്നെ നോക്കി നിന്നു. വലിയ സൂചി ലംബാവസ്ഥയിലെത്തിയതും മണിശബ്ദമുയർന്നു. ആഹാ! എത്ര ഇമ്പമുള്ള ശബ്ദം. ഈ ശബ്ദമാണ്‌ മുറിക്കുള്ളിൽ നിറയേണ്ടത്. എന്തു കൊണ്ട് ഇതു കണ്ടെത്താനിത്ര വൈകി?. ഇതിനെ താനല്ല കണ്ടെത്തിയതെന്നും ഇതു തന്നെയാണ്‌ കണ്ടെത്തിയതെന്നും അയാൾക്ക് തോന്നി. അതും ശരിയാവില്ല. കൃത്യമായൊരു മുഹൂർത്തത്തിൽ കണ്ടുമുട്ടേണ്ടവർ കണ്ടുമുട്ടി. അതല്ലെ സത്യം?. ഉറങ്ങാൻ കിടക്കുന്നതിനും മുൻപ് അതിലേക്ക് തന്നെ അല്പനേരം നോക്കി ഇരുന്നു. മിടിപ്പ് ആസ്വദിച്ചു കൊണ്ട്. ഒരു വേള തോന്നി തന്റെ ഹൃദയമിടിപ്പും അതിന്റെ മിടിപ്പും ഒരേ വേഗതയിൽ, ഒരു പോലെ മിടിക്കുകയാണെന്ന്. അന്നയാളുടെ ഉറക്കം തികച്ചും പൂർണ്ണമായിരുന്നു. സ്വപ്നങ്ങൾ തീണ്ടാത്ത ഉറക്കം.

മണിശബ്ദം കേട്ടാണുണർന്നത്.
ഇങ്ങനെ വേണം ഉണരാൻ. നിദ്ര വിട്ട് പൂർണ്ണബോധാവസ്ഥയിലേക്ക് വരുമ്പോൾ ആദ്യം കേൾക്കേണ്ട ശബ്ദം ഇതു തന്നെയാവണം!. അയാൾ കണ്ണുകൾ മുഴുവനായും തുറക്കാതെ ആ ശബ്ദമാസ്വദിച്ചു. അന്നത്തെ ദിവസം അയാൾക്ക് ഭാഗ്യങ്ങളുടേതായിരുന്നു. കൃത്യസമയത്ത് തന്നെ ജോലിസ്ഥലത്ത് എത്തിച്ചേരാനും ഉന്മേഷത്തോടു കൂടി തന്നെ ഏല്പിച്ചതെല്ലാം തീർക്കുവാനും സാധിച്ചു. തിരികെ വരുമ്പോൾ അയാൾ തന്റെ ദിവസം ഇത്രയും വിജയപൂർണ്ണമായതെന്തെന്ന് അത്ഭുതപ്പെട്ടു. എല്ലാം ഒരു പക്ഷെ രാവിലെ തന്നെ ഉണർത്തിയ മണിശബ്ദം കാരണമാവുമൊ?. ഒരു സുപ്രഭാതത്തിൽ എങ്ങനെയാണ്‌ ജീവിതം മുഴുവനായും മറ്റൊരു പാതയിലൂടെ മാറി സഞ്ചരിക്കുന്നത്?. വൈകുന്നേരം ചായ ഉണ്ടാക്കി ഊതി കുടിക്കുമ്പോഴും ഇടയ്ക്കിടെ ക്ലോക്കിലേക്ക് നോക്കാതിരിക്കാനയാൾക്ക് സാധിച്ചില്ല. അതിന്റ് ടിക് ടിക് എന്ന ശബ്ദം ഒരു താളത്തിൽ നയിക്കുന്നു. താളമാണ്‌ പ്രധാനം. ഇതിനു മുൻപവിടം അലങ്കരിച്ചിരുന്ന ക്ലോക്കിനു നാവില്ലായിരുന്നു, അതിന്റെ മിടിപ്പ് ശബ്ദം കേട്ടിട്ടു കൂടിയില്ലായിരുന്നു. വെറുതെ സമയം കൃത്യമായി കാട്ടിയതു കൊണ്ടെന്തുപകാരം?.

ദിവസങ്ങൾ കഴിയും തോറും അയാളുടെ ചിന്തകളുടെ അറകളിൽ ക്ലോക്കിന്റെ ശബ്ദം നിറഞ്ഞു വന്നു. തന്റെ ഇപ്പോഴുള്ള ജീവിതത്തിന്റെ ഒരോ നിമിഷവും നിയന്ത്രിക്കുന്നത് ആ ഒരു ക്ളോക്കാണെന്ന് വരെ തോന്നി തുടങ്ങിയിരിക്കുന്നു. രാവിലെ ബസ് സ്റ്റോപ്പിലേക്ക് അയാൾ ചെല്ലുന്നത് ക്ലോക്ക് ഉപദേശിച്ച സമയത്താണ്‌. രാത്രി ഉറങ്ങാൻ പോവുന്നതും ക്ലോക്ക് പറയുന്നത് കേട്ടു തന്നെ.  അമിതശ്രദ്ധയുടെ പുറം ചാരി ഇരിക്കുന്നത് ആത്മസംഘർഷമാണോ എന്നയാൾക്ക് സംശയമുണ്ടാകാൻ കാരണം ഏതാനും ആഴ്ച്ചകൾക്ക് ശേഷമുണ്ടായൊരു ചെറിയ സംഭവമാണ്‌. ആ ഒരു സംഭവത്തെ പ്രത്യക്ഷത്തിൽ തന്റെ ഘടികാരചിന്തകളുമായി കൂട്ടിക്കെട്ടാനാദ്യം അയാൾ മടിച്ചു. പക്ഷെ പുനർ ചിന്തകളുടെ കോലാഹലവും ഇഴ കീറി പരിശോധിക്കലുമൊക്കെ കഴിഞ്ഞപ്പോൾ അയാൾക്ക് താനിതു വരെ കാണാതെ പോയ ചിലതുണ്ടെന്നു തോന്നി തുടങ്ങി. സംഭവമിതാണ്‌ - രാവിലെ പതിവു പോലെ സമയത്തിനു തന്നെ ഒരുങ്ങിയിറങ്ങിയതായിരുന്നു. ബസ്സ്റ്റോപ്പിലേക്ക് നടക്കുകയും ചെയ്തു. എന്നാൽ എവിടെയൊ എന്തോ ഒരു തെറ്റു സംഭവിച്ചിരിക്കുന്നു എന്ന് സംശയം. സ്റ്റോപ്പിലേക്ക് വരുന്ന ബസ്സുകൾ.. എല്ലാം പതിവിലും നേരത്തെ വരുന്നു. താനിന്ന് നേരത്തെ വന്നുവോ?. വാച്ചു കെട്ടിയ കൈകളിലേക്ക് പാളി നോക്കണമെന്നയാൾക്കു അതിയായ ആഗ്രഹമുണ്ടായി. വേണ്ട, അതു തന്റെ ക്ലോക്കിനോടുള്ള വിശ്വാസവഞ്ചനയാവും. താനൊരു അപരിചിതനോട് സമയമന്വേഷിക്കുന്നത് എങ്ങനെയാണ്‌ അടച്ചിട്ട വീട്ടിനുള്ളിലെ മുറിയിൽ തൂങ്ങുന്ന ക്ളോക്കറിയുക?. അല്ല! താൻ ആരേയാണ്‌ ഭയക്കുന്നത്?. താൻ ശരിക്കും ഒരു അടിമയായിരിക്കുന്നു!. പിച്ചിയെറിഞ്ഞ ആയിരം കടലാസ് കഷ്ണങ്ങൾ മുഖത്ത് വന്നു വീണ അനുഭവം. ഇതനുവദിച്ചു കൂടാ!. തന്റെ സ്വാതന്ത്ര്യമാണ്‌ താനറിയാതെ പണയപ്പെട്ടിരിക്കുന്നത്!. ആ ദിവസം അയാൾ മനപ്പൂർവ്വം തന്റെ പതിവു ബസ്സിൽ കയറിയില്ല. വളരെ കാലത്തിനു ശേഷം മേലുദ്യോഗസ്ഥന്റെ വക ഒരു ചെറിയ താക്കീത് കേൾക്കേണ്ടിയും വന്നു. പക്ഷെ അതിലയാൾക്കൽപം പോലും മനോവേദന തോന്നിയില്ല എന്നതായിരുന്നു സത്യം. പകരം സമയമാപിനിയോട് പകരംവീട്ടിയ ഒരു സുഖം അനുഭവിക്കുകയും ചെയ്തു!.

വൈകിട്ട് വീട്ടിലേക്ക് വന്നു കയറുമ്പോൾ ക്ലോക്കിലേക്ക് നോക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു. ഒന്നു നോക്കി പോയാൽ ഒരു പക്ഷെ താൻ ആ കെണിയിൽ വീണു പോകാൻ സാധ്യതയുണ്ട്. ഒഴിവാക്കണം. ഒഴിഞ്ഞു മാറണം. സ്വാതന്ത്ര്യം..അതാണ്‌ വലുത്.

അന്നാദ്യമായി, രാത്രി ക്ലോക്കിന്റെ ജീവശബ്ദം അയാളെ ഉറക്കത്തിൽ നിന്നു നിരന്തരം വിളിച്ചുണർത്തി. അസഹ്യമായിരിക്കുന്നു ആ ശബ്ദമിപ്പോൾ. അയാൾ തലയിണകൾ കൊണ്ട് ചെവികൾ പൊത്തി കിടക്കാൻ ശ്രമിച്ചു. തുണികൾക്കിടയിലൂടെ, പഞ്ഞിയുടെ മൃദുലമായ തുണ്ടുകൾക്കിടയിലൂടെ നുഴഞ്ഞു വന്ന് ആ മിടിപ്പ് ശബ്ദം അയാളെ കൃത്യമായ ഇടവേളകളിൽ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഒരു വേള തന്റെ കേൾവിശക്തി പൂർണ്ണമായും ഇല്ലാതായാൽ പോലും ആ ശബ്ദം തനിക്ക് കേൾക്കാതിരിക്കാൻ കഴിയില്ല എന്നയാൾക്ക് തോന്നി. ശ്രദ്ധ ഒഴിവാക്കുന്നതിലായി പോകുന്നു തന്റെ ശ്രദ്ധ മുഴുക്കേയും..എന്തു കൊണ്ടാണങ്ങനെ?. ആ മിടിപ്പ് ശബ്ദം ശ്രദ്ധിച്ചു കിടക്കുമ്പോൾ ഉറങ്ങാൻ താമസം നേരിടുന്നു. ഒരു പക്ഷെ താൻ ഉറക്കത്തിലേക്ക് നീളുന്ന പടികളിലൂടെ താളത്തിലാവില്ല ഇറങ്ങി പോവുന്നത്. താളമില്ലാത്ത ജീവിതത്തിനെ കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ ക്ലോക്കിന്റെ മിടിപ്പ് ശബ്ദം പതിവിലും ഉച്ചത്തിലാണെന്നയാൾക്ക് തോന്നി. ആ ഒറ്റമുറിയിൽ നിന്ന് ആ ക്ലോക്കിനെ മാറ്റി പ്രതിഷ്ഠിക്കാൻ അയാളുടെ മനസ്സനുവദിച്ചുമില്ല. ഉറക്കമില്ലായ്മയേക്കാൾ അയാളെ അലോസരപ്പെടുത്തിയത് താൻ ഒരു പരാജിതനായല്ലോ എന്നൊരു ചിന്തയായിരുന്നു. അർദ്ധരാത്രി വരെ മിടിപ്പ് ശബ്ദം ശ്രവിച്ച് ഒടുവിൽ തളർന്ന് എങ്ങനെയോ ഉറക്കത്തിലേക്ക് വീണു പോവുകയാണ്‌. പിറ്റേന്ന് ജോലിസ്ഥലത്ത്‌ അയാൾ ഉറക്കത്തിന്റെ അതിരുകളിൽ കൂടി സഞ്ചരിച്ച് പലവട്ടം വീണു പോകാനൊരുങ്ങി. ശരിക്കും തനിക്കെന്താണ്‌ സംഭവിച്ചത്? എന്താണ്‌ സംഭവിച്ചു കൊണ്ടിരിക്കുന്നത്?. ഇതിനു മുൻപൊരിക്കലും തന്റെ ഉറക്കത്തിനു ഭംഗം നേരിട്ടിട്ടില്ല. ഇതാദ്യമായാണ്‌ താളം പിഴയ്ക്കുന്നത്. അരികുകളിൽ കൂടി ഇത്രയും അപകടകരമാം വിധം ഒരിക്കലും സഞ്ചരിച്ചിട്ടില്ല.

മടങ്ങി വന്ന ശേഷം അയാളാദ്യം ചെയ്തത് ചുവരിൽ നിന്ന് അതിനെ ഉയർത്തിയെടുക്കുക എന്നതായിരുന്നു. അപ്പോൾ താൻ മുൻപൊരിക്കൽ ആഹ്ലാദത്തോടെ അതിനെ അവിടെ പ്രതിഷ്ഠിച്ച കാര്യമോർത്തു. എത്ര പെട്ടെന്നാണ്‌ സ്നേഹവും കരുതലും വെറുപ്പായി മാറുന്നത്?. അതയാളുടെ കൈയ്യിലിരുന്നത് മിടിച്ചു കൊണ്ടിരുന്നു, അടുത്തതായി എന്താണ്‌ ചെയ്യാൻ പോകുന്നതെന്നറിയാതെ.

കിടക്കയിൽ ചെന്നിരുന്ന് അതിലേക്ക് തന്നെ സൂക്ഷിച്ചു നോക്കിയിരുന്നു. മനുഷ്യവംശത്തെ മുഴുവൻ അടിമകളാക്കിയത് ഈ ഒന്നു മാത്രമാണ്‌ - സമയം. ഈ പ്രപഞ്ചം മുഴുക്കെയും ഈ താളമനുസരിച്ച് ചലിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു!. എല്ലാം അടിമകൾ. ചങ്ങലയ്ക്കിട്ടവർ. ചങ്ങലയുടെ മറുഭാഗം ഏതോ ഒരു വലിയ ഘടികാരത്തിന്റെ സൂചിയിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നറിയാതെ.. താൻ തത്ത്വചിന്തകളോർത്ത് സമയം കളയുകയാണ്‌. അയാൾ ക്ലോക്കിനെ മടിയിൽ കമഴ്ത്തി പിന്നിലെ അറയിൽ നിന്നും ബാറ്ററി വലിച്ചെടുത്തു. അവിടെ നിൽക്കട്ടെ ചലനം!. എന്നാൽ മിടിപ്പ് വീണ്ടും കേട്ടപ്പോൾ അയാൾ ക്ലോക്കിനെ മലർത്തി പിടിച്ചു. സൂചികൾ പതിവു സ്വാതന്ത്ര്യത്തോടെ തിരിഞ്ഞു കൊണ്ടിരിക്കുന്നു!. അവിശ്വസനീയതയോടെ അയാൾ വീണ്ടും ബാറ്ററി ഇല്ലെന്നുറപ്പു വരുത്തി. ആർക്കും പിടിച്ചു നിർത്താനാവാത്ത കാലം പോലെ സൂചികൾ ക്ലോക്കിനുള്ളിൽ വൃത്തത്തിൽ സഞ്ചാരിച്ചു കൊണ്ടിരിക്കുന്നു. ക്ലോക്ക് കിടക്കയിൽ വെച്ചെഴുന്നേറ്റ് നിന്നു. അയാൾക്ക് താനൊരു വിചിത്രജീവിയെ നോക്കുകയാണെന്നു തോന്നി. മിടിപ്പ് ശബ്ദം കൂടിയിരിക്കുന്നു. തന്റെ ഹൃദയമിടിപ്പിനും. അയാൾ ക്ലോക്കുമായി പുറത്തേക്ക് നടന്നു. ഇനി ഇതിന്റെ സ്ഥാനം പുറത്താണ്‌. സമയത്തിനു ഭ്രാന്തുപിടിച്ചിരിക്കുന്നു!. മുറിക്ക് പുറത്ത് വെച്ചയാൾ കതകടച്ചു. തിരികെ കസേരയിൽ വന്നിരിക്കുമ്പോൾ നഷ്ടബോധവും, ഭയവും കലർന്ന അവസ്ഥയിലായിരുന്നു അയാൾ. സ്വീകരിക്കാനും ഉപേക്ഷിക്കാനും ആവുന്നില്ല. ഈ വസ്തു കുറച്ച് ദിവസങ്ങൾ ഈ ചുവരിനെ അലങ്കരിച്ചതായിരുന്നു. തന്നെ താളത്തിലെ ചലിപ്പിച്ചതായിരുന്നു. താളം വിട്ടു പുറത്ത് വരുമ്പോൾ സ്വാതന്ത്ര്യവും പരാജയവും. താളത്തിൽ സഞ്ചരിക്കുമ്പോൾ വിജയവും അടിമത്വവും. സ്വാതന്ത്ര്യവും വിജയവും ഒരിക്കലും കൂട്ടിച്ചേർത്തു വെയ്ക്കാനാവാത്തതെന്താണ്‌?.

രാത്രി നിശ്ശബ്ദതയിൽ ഉറങ്ങാൻ ശ്രമിക്കുമ്പോൾ അയാൾ അത്ഭുതപ്പെട്ടു. ഇത്ര നാളും ആ മിടിപ്പ് ശബ്ദത്തിന്റെ താളത്തിലായിരുന്നു ഉറക്കത്തിലേക്ക് ചെന്നു കയറിയിരുന്നത്. ആ ശബ്ദം ശല്യപ്പെടുത്തിയപ്പോഴും, അതിനെ താൻ ശപിച്ചപ്പോഴും, ശബ്ദം പോലെ തന്നെ നിശ്ശബ്ദതയും തന്നെയൊരിക്കൽ അലോസരപ്പെടുത്തും എന്നറിയാതെ പോയി. ഇപ്പോൾ ഈ നിശ്ശബ്ദതയാണ്‌ അസഹനീയം. പുറത്ത് തണുപ്പിൽ ഇരുട്ടിൽ അതിപ്പോഴും മിടിച്ചു കൊണ്ടിരിക്കുകയാവും. ഇല്ല, ഒരിക്കൽ ഉപേക്ഷിച്ചത് ഉപേക്ഷിച്ചത് തന്നെ. അയാൾ കണ്ണുകളിറുക്കിയടച്ച് ഉറങ്ങാൻ ശ്രമിച്ചു.

പിറ്റേന്ന് ഉണരാൻ അൽപം വൈകി പോയെങ്കിലും അയാൾ എഴുന്നേറ്റയുടൻ ആദ്യം ചെയ്തത് വാതിൽ തുറന്ന് ക്ലോക്ക് ചലനമറ്റിരിക്കുകയാണോ എന്ന് പരിശോധിക്കലായിരുന്നു. അയാൾ കണ്ടു, ക്ലോക്കിനുള്ളിൽ നിർത്താതെ സഞ്ചരിക്കുന്ന ആ വലിയ സൂചിയെ. ഇത് കൺവെട്ടത്തിരിക്കുന്നതാണ്‌ ഏറ്റവും വലിയ സ്വൈര്യക്കേട്. ഉപേക്ഷിക്കണം. പഴയ കച്ചവടക്കാരനു തന്നെ ഇതു തിരികെ കൊടുക്കണം. പറ്റുമെങ്കിൽ കൊടുത്ത പണം തിരികെ വാങ്ങുകയും ചെയ്യണം. ഒരു പ്ലാസ്റ്റിക് കവറിനുള്ളിലേക്ക് അത് മാറ്റപ്പെട്ടു.

ജോലിക്കിടയിലും ചിന്ത വൈകിട്ട് ചെന്ന് ആ പഴയ കച്ചവടക്കാരനെ കാണണം എന്നതായിരുന്നു. ഒരേ ചിന്ത എത്ര വട്ടമാണ്‌ മനസ്സിലിട്ടുരുട്ടുക?. ചില ചിന്തകൾ ചക്കിനു ചുറ്റും നടക്കുന്ന കാളകളെ പോലെയാണ്‌. തുടക്കം ഒടുക്കമാവും. ഒടുക്കം തുടക്കമാവും. ഒടുവിൽ തുടക്കവും ഒടുക്കവും അതിരുകൾ നഷ്ടപ്പെട്ട്..

വൈകിട്ട് കൃത്യസമയത്ത് തന്നെ ഇറങ്ങി. പഴയ ഇടത്തേക്ക് നടന്നു. കച്ചവടക്കാരൻ അവിടുണ്ടായിരുന്നില്ല. അയാൾ നിരന്തരം സഞ്ചരിക്കുന്നവനാകും. അയാളെ കണ്ടെത്താമെന്നു കരുതുന്നത് ബുദ്ധിശൂന്യതയാണ്‌. അയാൾ മറ്റെവിടെയോ ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടാവും ആ പഴയ പരസ്യവാചകം. പക്ഷെ അയാളുടെ ശബ്ദം ഇപ്പോഴും കാതിനുള്ളിലുണ്ട്. അകത്തെവിടെയോ ഇരുന്നയാൾ വിളിച്ചു കൂവുന്നു.

ഇനി ഒരു വഴി ഇതു സ്വയം വിൽക്കുക എന്നതാണ്‌!.
ഉപേക്ഷിക്കാൻ വയ്യെങ്കിലും മറ്റൊരാൾക്ക് കൈമാറാൻ വൈമനസ്യമില്ല.
കൃത്യമായ സമയത്തെ ഇഷ്ടപ്പെടുന്ന വേറോരാൾ ഇതു വഴി വരും.
അയാളിതു വാങ്ങുന്നതോടെ സമയവുമായുള്ള ബന്ധം തനിക്കവസാനിപ്പിക്കാം.
സമയത്തിന്റെ സമയം തെളിയട്ടെ!.

അയാൾ കർച്ചീഫ് നിലത്ത് വിരിച്ച് ക്ലോക്കിനെ അതിന്റെ പുറത്ത് കിടത്തി. വിലപേശലുകളില്ല. ഇനി സൗജന്യമായിട്ടാണെങ്കിൽ..അങ്ങനേയും. ഇപ്പോഴയാളുടെ ആലോചന മുഴുവൻ തിരികെ അതില്ലാതെ ചെന്നു കയറുന്നതാണ്‌. ആ സ്വാതന്ത്ര്യത്തിന്റെ സുഖം!. ആ ആലോചന പോലും ഒരു സുഖമാണ്‌.

ഏറെ നേരം കഴിഞ്ഞിട്ടും ആരും അയാളിരിക്കുന്ന ഭാഗത്തേക്ക് നോക്കുക പോലും ചെയ്യാതെ കടന്നു പോയി. ക്ഷമ നശിച്ചു തുടങ്ങുന്നു..അയാൾ കുറച്ച് മാറി മതിലിൽ ചാരി നിന്നു. കാലുകൾ കഴയ്ക്കുന്നു. തന്റെ സമയം മുഴുവൻ കളയുകയാണ്‌ സമയം വിളിച്ചു പറയുന്ന ഈ യന്ത്രം. ആരാണ്‌ സമയത്തിനെ മുറിച്ച് വിലയിട്ടത്?. സമയമില്ലാത്ത ജീവിതത്തെക്കുറിച്ചാരും ചിന്തിക്കാത്തതെന്ത്?. അവിടെയല്ലെ മുഴുവൻ സ്വാതന്ത്ര്യവും?. സമയമില്ലായ്മയുടെ വില ആരുമറിയുന്നില്ല?.

നേരമിരുട്ടി തുടങ്ങിയപ്പോൾ അയാൾ തീർത്തും അക്ഷമനായി.
അൽപ നേരം കഴിഞ്ഞപ്പോൾ ഒരു രൂപം ക്ലോക്കിനടുത്തേക്ക് വരുന്നത് കണ്ടു. ഒരു വൃദ്ധ രൂപം. അവശതയോടെ ആ രൂപം കുനിഞ്ഞു ക്ലോക്കെടുത്ത് തിരിച്ചും മറിച്ചും നോക്കി.
അവസാനം ഇതാ ഒരാൾ വന്നിരിക്കുന്നു!. കാത്തിരിപ്പവസാനിക്കാൻ ഇനി ഏതാനും നിമിഷങ്ങൾ കൂടി!. അയാൾ ഉത്സാഹത്തോടെ വൃദ്ധന്റെ അടുത്തേക്ക് നീങ്ങി.  അടുത്തേക്ക് ചെന്നപ്പോഴാണ്‌ മുഖപരിചയം തോന്നിയത്. ഇതിനു മുൻപ് കണ്ടതാണീ മുഖം. അയാൾ വൃദ്ധനെ സൂക്ഷിച്ചു നോക്കി. ഇയാൾ..മുൻപൊരിക്കൽ തന്നെ നോക്കി ഈ വസ്തു വാങ്ങരുതെന്ന് വിലക്കിയതല്ലെ?.. വൃദ്ധരൂപം അയാളെ നോക്കി ചിരിക്കാൻ തുടങ്ങി. നിർത്താത്ത ചിരി.
‘ചിലതിനു തുടക്കമേ ഉണ്ടാവൂ..ഒടുക്കമുണ്ടാവില്ല..വെറുത്തു കൊണ്ടിഷ്ടപ്പെടാനും, ഇഷ്ടപ്പെട്ടു കൊണ്ട് വെറുക്കാനുമാണ്‌ നിങ്ങളുടെ വിധി!’ അതും പറഞ്ഞ് വൃദ്ധൻ ക്ലോക്ക് അയാളുടെ കൈയ്യിൽ വെച്ചു കൊടുത്തു.
സ്തബ്ദ്ധനായി പോയ അയാൾ ക്ലോക്കിലേക്ക് തന്നെ നോക്കിയിരുന്നു. ക്ലോക്ക് കൂസലില്ലായ്മയോടെ മിടിച്ചു കൊണ്ടിരുന്നു. നോക്കിയിരിക്കുമ്പോൾ ഡയലിലെ ഭൂപടം ഉരുകി ഒലിക്കുന്നത് പോലെ തോന്നി. അവ പല പല രൂപങ്ങളായി, പല പല മുഖങ്ങളായി മാറി കൊണ്ടിരുന്നു. ഇടയിലൊരു രൂപത്തിനു തന്റെ മുഖച്ഛായ തോന്നിച്ചു എന്നയാൾക്ക് സംശയം തോന്നി. ക്ളോക്കെടുത്തയാൾ മുഖത്തോടടുപ്പിച്ചു സൂക്ഷിച്ചു നോക്കി. പഴയ ഭൂപടം തന്നെ ഇപ്പോഴും.

എവിടെ ആ വൃദ്ധൻ?. അയാൾ വൃദ്ധൻ പോയ വഴിയിൽ കണ്ണു കൊണ്ട് തിരഞ്ഞു. ആ ദിശയിൽ ഏതാനും കുട്ടികളെ മാത്രമെ കാണാൻ കഴിഞ്ഞുള്ളൂ. ഒരു പക്ഷെ അയാൾ ഇവിടെ വന്നിട്ടുണ്ടാവില്ല. ഒന്നും പറഞ്ഞിട്ടുണ്ടാവില്ല. ആ മുഖം ആരുടേതെന്ന് ഇപ്പോൾ മനസ്സിലാവുന്നു. തന്റെ തന്നെ മുഖത്തിന്റെ ഛായ ആയിരുന്നില്ലെ അയാൾക്ക്?. ഒരു പക്ഷെ ഒരിക്കൽ താൻ ഇതു പോലെ വന്ന് വഴിവക്കിലിരിക്കുന്ന ഒരപരിചതനോട് പറയുമോ?. പറയുമായിരിക്കും..

അയാൾ മിടിക്കുന്ന ക്ലോക്ക് സൂക്ഷ്മതയോടെ തുണിയിൽ പൊതിഞ്ഞെടുത്ത് വീട് ലക്ഷ്യമായി നടന്നു.

Post a Comment