നാല് മുഖംമൂടികളായിരുന്നു അയാളെ തട്ടിക്കൊണ്ട് പോയത്.
അയാളെ പാർപ്പിച്ചിരുന്നത് നല്ല വൃത്തിയും സൗകര്യങ്ങളുമുള്ള ഒരു മുറിയിലായിരുന്നു.
മുഖംമൂടികൾ മുഖംമൂടികളായി തന്നെ തുടർന്നു.
അവർ തമ്മിൽ ഒന്നും തന്നെ സംസാരിച്ചിരുന്നില്ല.
ആംഗ്യങ്ങളിൽ കൂടി പോലും അവർ ഒന്നും വിനിമയം ചെയ്യുകയുണ്ടായില്ല.
എല്ലാം പറഞ്ഞുറപ്പിച്ചതു പോലെ, പഠിച്ചത് പോലെയായിരുന്നു.
പലപ്പോഴും അയാൾ അവരോട് കയർത്തു സംസാരിച്ചു.
താനൊരു മന്ത്രിയാണെന്നും തന്നെ തട്ടിക്കൊണ്ടു പോകുന്നതും തടവിലാക്കുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അയാൾ രാഷ്ട്രീയ ഭാഷയിൽ തന്നെ അവരോട് പലവട്ടം പറഞ്ഞു.
അതിനൊന്നും ഒരു മറുപടിയും മുഖംമൂടി സംഘത്തിൽ നിന്നുണ്ടായില്ല.
ഒരു കാര്യം അയാളെ ശരിക്കും അത്ഭുതപ്പെടുത്തി.
രുചികരമായ ഭക്ഷണം - എന്നും, അതും സമയത്തിനു തന്നെ നാൽവർ സംഘം എത്തിച്ചു കൊണ്ടിരുന്നു.
കുടിക്കാൻ കോളയും.
വായിക്കാൻ പുസ്തകങ്ങളും.
കാണാൻ ടിവിയും.
ഇത്രയും സൗകര്യങ്ങൾ തന്റെ അണികൾ പോലും തനിക്കായി ഒരുക്കി തന്നിട്ടില്ല.
രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അയാൾക്ക് തന്നെ തോന്നി തുടങ്ങി, താൻ സുഖവാസത്തിലാണെന്ന്.
സമയാസമയം ഭക്ഷണം, ഇഷ്ടം പോലെ വിശ്രമം.
ജോലി ചെയ്താലും ഇല്ലെങ്കിലും ശമ്പളം കിട്ടും എന്നതു കൂടി ഓർത്തപ്പോൾ താനാണ് ലോകത്തേക്കും വെച്ചേറ്റവും ഭാഗ്യം ചെയ്തവൻ എന്നു തോന്നി.
എങ്കിലും അണികളുടെ പുകഴ്ത്തലുകളും, ആൾക്കൂട്ടത്തിന്റെ ആരവങ്ങളും ഇല്ലാത്തതിനാൽ അയാൾക്ക് നഷ്ടബോധം തോന്നിത്തുടങ്ങി.
സുഖവാസം അവസാനിപ്പിക്കേണ്ട സമയമായി.
തന്നോട് മര്യാദയോടും ബഹുമാനത്തോടും പെരുമാറിയ മുഖംമൂടികളോട് അയാൾ താക്കീതിന്റേയും ഭീഷണിയുടേയും സ്വരം ഉപേക്ഷിച്ച് ചോദിച്ചു,
‘നിങ്ങൾക്ക് എന്നെ ഇവിടെ പിടിച്ചിട്ടത് കൊണ്ടെന്ത് കാര്യം?. പണമാണ് വേണ്ടതെങ്കിൽ അതു ഞാൻ സംഘടിപ്പിച്ചു തരാം. നിങ്ങൾ നല്ലവരായത് കൊണ്ട് നിങ്ങളെ കുറിച്ച് ഒരു വിവരവും ഞാൻ പോലീസിനു കൈമാറില്ല’
മുഖംമൂടികൾ അപ്പോഴും ഒന്നും പറഞ്ഞില്ല.
ഇടയ്ക്കൊരു തവണ നിരാഹാരമിരുന്നാലോ എന്നാലോചിച്ചതാണയാൾ. പക്ഷെ ഇവിടെ ഇരുട്ടിന്റെ മറവിൽ ഒരു പഴം കൊണ്ടു തരാനോ, റിലേ നിരഹാരമിരിക്കാനോ, നിരഹാരമവസാനിപ്പിക്കാൻ നാരങ്ങാവെള്ളം കുടിപ്പിക്കാൻ നടക്കുന്ന ശിങ്കിടികളോ എന്തിന്? ഫോട്ടോ എടുക്കാൻ പത്രക്കാരോ ഇല്ല. അയാൾ ആ പദ്ധതി ഉപേക്ഷിച്ചു. ഇപ്പോൾ നല്ല രുചികരമായ ഭക്ഷണമാണ് കിട്ടുന്നത്. അതു വേണ്ടെന്നു വെയ്ക്കാൻ മനസ്സു വരുന്നില്ല.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ അയാൾ ശരിക്കും ക്രൂദ്ധനായി. തനിക്ക് മൂന്ന് നേരം ഭക്ഷണം കിട്ടിയാൽ മാത്രം മതിയാകില്ലെന്നും, പലതും തനിക്ക് ജീവിതത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും അയാൾക്ക് ബോദ്ധ്യമായി. താനിവിടെ ഇങ്ങനെ വെറുതെ കിടക്കേണ്ടവനല്ല. പടിപടിയായി ഉയർന്നു പോകേണ്ടവനാണ്. പദവികൾ കരസ്ഥമാക്കേണ്ടവനാണ്.
ഇതവസാനിപ്പിച്ചേ മതിയാവൂ.
മുഖംമൂടികൾ യാതൊരുവിധ ദയയും അർഹിക്കുന്നില്ല. ഇവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരിക തന്നെ ചെയ്യണം.
തന്നെക്കുറിച്ച്, തന്റെ അധികാരത്തിന്റെ ശക്തിയേക്കുറിച്ച് ഇവരെന്താണ് മനസ്സിലാക്കിയിരിക്കുന്നത്?.
പക്ഷെ അയാളുടെ ഭീഷണികൾ മുഖംമൂടികൾ കേട്ടതായി പോലും നടിച്ചില്ല.
കൃത്യം മുപ്പതാം ദിവസം മുഖംമൂടികൾ അയാളെ മുറിക്ക് പുറത്തേക്ക് നടത്തിച്ചു. പിന്നീട് ഇരുട്ടിലൂടെയായിരുന്നു യാത്ര. ആ സമയമത്രയും അയാളുടെ കണ്ണുകൾ മൂടിക്കെട്ടിയിരുന്നു.
അവർ അയാളെ ഇരുട്ടിലൊരിടത്തായി കൊണ്ടു നിർത്തി. ദൂരെയായി പാഞ്ഞു പോകുന്ന വാഹനങ്ങളുടെ വെളിച്ചം കാണാൻ കഴിഞ്ഞു.
തന്നെ മോചിപ്പിക്കാൻ ഉന്നത തലങ്ങളിൽ നിന്നും സമ്മർദ്ദവും അന്വേഷണവും ആരംഭിച്ചിട്ടുണ്ടാവും. നിവൃത്തിയില്ലാതെ തന്നെ മോചിപ്പിക്കുകയാണ്. അവസാനവിജയം തനിക്ക്. തന്റെ നേരെയുണ്ടായ സഹതാപതരംഗം എങ്ങനെ മുതലെടുക്കണമെന്നായി അയാളുടെ ആലോചന. തന്നെ കാത്തിരിക്കുന്നത് വിജയിയുടെ സ്വീകരണമാണ്. വരും ദിവസങ്ങളിൽ പത്രങ്ങളിലും ന്യൂസ് ചാനലുകളിലും നിറഞ്ഞു നില്ക്കുക താനാവും. തിരക്ക് പിടിച്ച ദിവസങ്ങളാണ് മുന്നിൽ. പത്രസമ്മേളനത്തിൽ പറയേണ്ട വാക്കുകൾ അയാൾ തേച്ചു കൂർപ്പിച്ചു.
മുഖംമൂടികൾ അയാളുടെ കൈയ്യിൽ ഒരു കഷ്ണം പേപ്പർ കൊടുത്തു.
അവരെ കുറിച്ചുള്ള ഒരു വിവരവും കൊടുക്കരുതെന്ന അപേക്ഷയാവും..പാവങ്ങൾ..
നിലാവെളിച്ചത്തിൽ അയാളത് വായിച്ചു.
‘എൻഡോസൾഫാന്റെ രുചി ഇഷ്ടമായെന്നു കരുതുന്നു’
തലയുയർത്തി നോക്കുമ്പോൾ മുഖംമൂടികൾ അവിടെങ്ങും ഉണ്ടായിരുന്നില്ല.
Vayichu. Ishttapettu
ReplyDeleteAasamsakal
4 ദി പീപ്പിൾ ഇതുപോലെ എല്ലാമന്ത്രിമാരെയും പിടിച്ചാവിഷം തീറ്റിച്ചെങ്കിൽ..!
ReplyDeleteമന്ത്രിയ്ക്ക് ഈ വിഷമൊന്നും ഏറ്റ ലക്ഷണമില്ലല്ലോ!
ReplyDeleteനന്നായി എഴുതി
ആശംസകള്‍
ഇത് സംഭവിക്കുമോ?കാത്തിരിക്കാം.
ReplyDeleteനല്ല ഒന്നാന്തരം ഒരു മന്ത്രിയെ കയ്യിൽ കിട്ടിയിട്ട് മുഖം മൂടികൾ അത് വേണ്ട വിധം ഉപയോഗിച്ചില്ല എന്നാണ് എന്റെ അഭിപ്രായം.
ReplyDeleteഅയാളെ കഴുത്തറുത്തു കൊല്ലും എന്ന് പ്രതീക്ഷിച്ചു. കഥ നന്നായിട്ടുണ്ട് സാബു.
ReplyDelete. ഓണാശംസകള്‍