Please use Firefox Browser for a good reading experience

Wednesday, 27 October 2010

കുമ്പസാരം

മുങ്ങി മരിക്കും സൂര്യനെ,
കണ്ണിമയ്ക്കാതെ നോക്കും വൃദ്ധ നയനങ്ങൾ..

വലിച്ചെറിയും എച്ചിലികൾക്കിടയിൽ,
വിശപ്പിൻ മറുപടി തിരയും കൈകൾ..

നിലത്തെറിഞ്ഞ പണമെണ്ണും,
ചുവന്ന തെരുവിലെ യൗവ്വനങ്ങൾ..

കടലെടുത്ത വീട് വിട്ട്,
തെരുവിൽ അടുപ്പ് കൂട്ടി കാത്തിരിക്കുന്നവർ.

പുസ്തമേന്തുന്നവരെ നോക്കും,
വെയിലിൽ പാവ വില്ക്കും ബാല്യങ്ങൾ.

കാട്ടിലൊരു മാടം..
അതിനായാരോ കൊടുത്ത കൊടിയേന്തുന്നവർ.

മാറു പിളർന്ന് കിടക്കും പുഴയുടെ,
മാറ്റൊലി കൊള്ളും നിലവിളികൾ..

...

‘നിന്നെ കുറിച്ചു മാത്രമാണെന്റെ ചിന്ത’
എന്നു പറഞ്ഞതെത്ര നുണയാണെന്നറിയുന്നു ഞാൻ..

ഓർക്കുന്നില്ല ഞാൻ നിന്നെക്കുറിച്ചും..
ഓർക്കുന്നില്ല ഞാനെന്നെക്കുറിച്ചും..

ക്ഷമിക്കൂ നീ എന്നോടൊരുവട്ടം കൂടി,
ആവില്ലെനിക്കെല്ലാമോർക്കാതിരിക്കുവാൻ..

Post a Comment

Tuesday, 26 October 2010

ആത്മാവില്ലാത്തവർ

മെഴുകു തുള്ളികളും, കണ്ണുനീർ തുള്ളികളും..
അവ ഒരു പോലെയാണ്‌ ഉരുണ്ട് വീഴുന്നത്.
ചൂടു കൊണ്ടു തന്നെ..
മെഴുകുരുകി ഇല്ലാതാകുമ്പോൾ,
മനുഷ്യനെന്തു കൊണ്ട്...??

കണ്ടിട്ടില്ലെ ഉരുകിയ മെഴുതിരിയിൽ,
കമഴ്ന്നു കിടക്കുന്ന, ഒരു കരിന്തിരിയുടെ അവസാന ഭാഗം?
ഉള്ളിൽ കരിന്തിരിയുമായി ചിലരുണ്ടാകും ചുറ്റും
അവർ കരയുകയില്ല
കണ്ണുനീരൊഴുക്കുകയുമില്ല
അവർ ജീവിക്കുന്നില്ല
മരിച്ചിട്ടുമില്ല.
അവർ ആത്മാവില്ലാതെ ജീവിക്കുന്നവർ
ചലിക്കുന്ന ശരീരങ്ങളാണവർ..
ശരീരങ്ങൾ മാത്രം..

Post a Comment

Monday, 25 October 2010

ഓർമ്മകൾ വാങ്ങുന്നവർ

ഓർമ്മകളാണ്‌ കഴിഞ്ഞു പോയ ജീവിതം.
എല്ലാം ഇളം ചാര നിറമുള്ള കോശങ്ങളിലത്രെ സൂക്ഷിച്ചിരിക്കുന്നത്‌!
അവ അവിടുള്ളിടത്തോളം കാലം കഴിഞ്ഞതത്രയും സ്വയം അനുഭവിച്ചതായി തോന്നുകയും ചെയ്യും!
നമ്മൾ സംസാരിച്ചത്‌..
നമ്മൾ കണ്ടുമുട്ടിയവർ..
കണ്ട സ്ഥലങ്ങൾ..
അനുഭവിച്ച സുഖവും ദുഃഖവും..
എല്ലാം ഓർമ്മകൾ മാത്രം!
നാളെ ഓർമ്മകൾ മാറ്റിയെഴുതുന്ന സാങ്കേതിക വിദ്യ രൂപപ്പെട്ടേക്കാം..
പരീക്ഷകൾ ഉണ്ടാവില്ല!
പള്ളിക്കൂടങ്ങൾ എന്തിന്‌?
പതിനെട്ടുകാരന്‌ എഴുപതുകാരന്റെ ഓർമ്മകൾ കോശങ്ങൾ പതിപ്പിച്ചു വെച്ചാൽ,
ഒരു ജീവിതം മുഴുവനും അനുഭവിച്ച പോലെ!
പ്രേമവും, പ്രേമ നൈരാശ്യവും
സ്നേഹവും, രതിയും..എല്ലാം ഓർമ്മകൾ
പക്ഷെ ഒന്നുറപ്പ്‌! പണം വേണം!
ഓർമ്മകൾ സ്വന്തമാക്കുവാൻ പണം വേണം!
ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലത്തെ ഓർമ്മകൾ വേണോ?
വില കൂടിയ കാറിൽ കറങ്ങി നടന്ന ഓർമ്മകൾ വേണോ?
കഥകളിലെ കഥാപാത്രമാകണോ?
അതിമാനുഷിക കഥാപാത്രം?
ഏതു രാജ്യത്താണ്‌ ഒഴിവു ദിനങ്ങൾ ആസ്വദിച്ചത്‌?
അങ്ങനെ അങ്ങനെ...

പണം കൊടുത്ത്‌ ഓർമ്മകൾ വാങ്ങി കൂട്ടുന്ന ഒരു സമൂഹം,
നമ്മുടെ മുന്നിൽ അതിവിദൂരത്തിലെവിടെയോ ഉണ്ടെന്നറിയുക!

ഭാഗ്യം! നമ്മൾ അതിനും എത്രയോ മുൻപേ മരിച്ചു പോയിരിക്കും!

Post a Comment

മണ്ണാങ്കട്ടയും കരിയിലയും

അന്നതൊരു വിപ്ലവമായിരുന്നു.
വയസ്സായ മണ്ണാങ്കട്ടയും,
മേദസ്സെല്ലാം വറ്റിയ കരിയിലയും.
അവരന്യോന്യം അത്താണിയായി, ഒരു താങ്ങായി..

പുതിയ പച്ചിലകൾ കേട്ടിട്ടുണ്ടാകുമോ
പഴയ കരിയിലയുടെ കഥ?

താങ്ങില്ലാതെ ഇന്നുമെത്രയോ മണ്ണാങ്കട്ടകൾ..കരിയിലകൾ..
അവരൊക്കെ തമ്മിൽ കാണാറുമുണ്ട്‌..
പക്ഷെ പച്ചിലകളുടെ കളിയാക്കലുകൾ ഭയന്നാവും,
അവരാരും ഒന്നിച്ച്‌ ഒരിടത്തും പോകാറില്ല.

വിപ്ലവ കഥകൾ എത്ര വേഗമാണ്‌ നമ്മൾ മറക്കുന്നത്‌!

Post a Comment

Tuesday, 5 October 2010

ആവില്ലെനിക്ക്..

ഒരു മഞ്ഞിൻ തുള്ളിയിൽ ഒരുക്കീ പ്രകൃതി
പുലരിയിൻ തൂമന്ദഹാസം മുഴുക്കെയും

ഒരു മഴത്തുള്ളിയിൽ ഒതുക്കീ കാലം
ഒരു വർഷകാലം മുഴുക്കെയും വീണ്ടും

ഒരു പൂവിനുള്ളിലായൊരുക്കീ വസന്തം
പ്രകൃതിയിൻ മണമെല്ലാമെനിക്കായി വീണ്ടും.

ഒരു കുയിൽ നാദത്തിലൊതുക്കി സംഗീത
സ്വരമെല്ലാമെനിക്കെന്റെ ജന്മം മുഴുക്കെയും.

ഒരു തിരി നാളത്തിൽ കണ്ടു ഞാൻ വീണ്ടും,
പരമ പ്രകാശമെ നിൻ ദിവ്യ രൂപം.

ഒരു തുള്ളി തേനിൽ നിറച്ചൂ പ്രകൃതി,
മധുരം മുഴുക്കെയും മധുവായി വീണ്ടും.

അറിയില്ലെനിക്ക് നിന്നോട് പറയുവാൻ,
എനിക്കുള്ള പ്രേമം മുഴുവനായോമലെ..

ആവില്ലെനിക്ക്, നിനക്കെന്റെ പ്രേമം,
ഒരു കൊച്ചു പൂവിൽ മാത്രമായി നിർത്തുവാൻ..

ആവില്ലയോമനെ, ഈ ജന്മം മാത്രമായി,
നിനക്കെന്റെ പ്രേമം മുഴുവനായി നല്കുവാൻ..

Post a Comment