Please use Firefox Browser for a good reading experience

Wednesday, 26 May 2010

നഗര ശബ്ദങ്ങൾ...

നഗരാതിർത്തി കടന്ന എന്നെ മൂടിയത്‌ ശബ്ദങ്ങളായിരുന്നു..
ഒരായിരം ശബ്ദങ്ങൾ
..
ചീറി പായുന്ന വാഹങ്ങളുടേത്‌..
ഹോണുകൾ, ബെല്ലുകൾ, ബ്രേക്കുകൾ..
വഴി മാറാൻ ആവശ്യപ്പെടുന്ന, ആജ്ഞാപിക്കുന്ന, അലറുന്ന,
അക്രോശിക്കുന്ന ഹോണുകൾ..
മറ്റു ചിലത്‌ കരയുന്നു..അപേക്ഷിക്കുന്നു..
ഇവർക്കിടയിലും ലിംഗഭേദമോ?..
ഇടയ്ക്ക്‌ ഞാൻ കേട്ടു,
ബോംബെ മിഠായിക്കാരന്റെ മണി ശബ്ദം
..
ബലൂൺക്കാരുടെ പീപ്പിയും..ബാല്യത്തിന്റെ ശബ്ദം
..
പിന്നെ,
യാചകരുടെ ദയയുടെ ദയനീയ ശബ്ദം
..
മൊബൈൽ ഫോണുകളിൽ നിന്നൊഴുകിയത്‌ പാട്ടുകളായിരുന്നു..
പുതിയ പുതിയ ഉണർത്തു പാട്ടുകൾ..
ഇവിടെ എല്ലാം ഉച്ചത്തിലാണ്‌..
രഹസ്യങ്ങളില്ലാത്ത നഗരം..
കാവൽക്കാരന്റെയും, പോലീസുകാരന്റെയും വിസിൽ ശബ്ദം
..
തടഞ്ഞു നിർത്തുന്ന, ലംഘനത്തിനെ ലംഘിക്കുന്ന ശബ്ദം
..
സന്ധ്യ മയങ്ങി.

ഞാൻ വീണ്ടും നടന്നു..
പള്ളിമണികൾ, ബാങ്ക്‌ വിളികൾ, മണിയൊച്ചകൾ..
എല്ലാം ഓർമ്മപ്പെടുത്തലിന്റെ ശബ്ദങ്ങൾ
.
നിസ്സാരതയെ ഓർമ്മിപ്പിക്കുന്ന ശബ്ദങ്ങൾ
..
പെട്ടികടകൾ തുറക്കുന്നതിന്റെയും,
പെട്രൊമാക്സ്‌ കത്തിക്കുന്നതിന്റെയും ശബ്ദങ്ങൾ
..
ദോശകളുടെ
ശബ്ദം..വിശപ്പിന്റെയും..
നഗരം നിറം മാറുന്നു..ശബ്ദവും
..
നഗരത്തിന്‌ പല ശബ്ദങ്ങളുണ്ട്
‌..
മാറി മാറി വരുന്ന ശബ്ദങ്ങൾ
..
വാഹനപ്പുഴയുടെ ഒഴുക്ക്‌ കൂടിയതേയുള്ളൂ..
മൂന്നക്ഷരങ്ങൾ ചിലരെ വിളിച്ചു..
വിളികേട്ടവരുടെ കാലുകളുടെ എണ്ണം കൂടി..
ചിലരിഴഞ്ഞു ഇരുട്ടിലേക്ക്‌ മറഞ്ഞു..
ഇരുട്ടിന്റെ മറവിൽ നിന്ന്
മാംസപുഷ്പങ്ങളുടെ ശബ്ദം
..
കാമത്തിന്റെ, പഴയ കച്ചവടത്തിന്റെ ശബ്ദം
..

ഞാൻ നടപ്പ്‌ തുടർന്നു..
കടൽത്തീരത്തിനടുത്ത്‌..
കപ്പലണ്ടിക്കാരുടെ ചീനച്ചട്ടിയും,
ദൂരെ തിരകളുടെ ശീൽക്കാരവും..

മണലിൽ മലർന്ന് കിടന്നു..
കണ്ണടച്ച്‌..കാതു കൂർപ്പിച്ച്‌..
മണൽ ചവിട്ടിയരച്ച്‌ പോകുന്ന വാർദ്ധക്യം..
ചവിട്ടിയെറിഞ്ഞൊടുന്ന യൗവനം..
ഇടയ്ക്ക്‌ കേട്ടു, ഒരു പുതുമണവാട്ടിയുടെ വളകിലുക്കം..
രഹസ്യം കേട്ടമർത്തിയ ചിരികൾ..
നഗരം നിറയെ ശബ്ദങ്ങളാണ്‌
‌..
ഒരു നിമിഷം ഞാൻ കാത്‌ പൊത്തി..
ഇരു കൈകൾ കൊണ്ട്‌..
നിശ്ശ
ബ്ദം..
ഇപ്പോൾ ഞാനെവിടെയാണ്‌?..
എവിടെയും ആകാം..
കണ്ണടച്ച്‌, കാതടച്ച്‌ പിടിച്ചാൽ,
എവിടെയും ആകാം..

ഇനിയും കേൾപ്പിക്കാൻ ആയിരമായിരം
ശബ്ദങ്ങൾ
ചേർത്ത്‌ വെച്ച്‌ നഗരം അകലെ..
ഒരിക്കലും അടങ്ങാത്ത
ശബ്ദവുമായ്‌ കടൽ..ആദിമ ശബ്ദം..
ശബ്ദങ്ങ
ളിൽ കൂടി ഒരു യാത്ര..
ഒരിക്കലും അവസാനിക്കാത്ത യാത്ര..

ഞാൻ എഴുന്നേറ്റ്‌ നടന്നു..
പുതിയ പുതിയ ശബ്ദങ്ങൾ
തേടി..


Post a Comment

Thursday, 20 May 2010

ഒരു തോണിയാത്ര

ഒരു നാൾ ഞാനൊരു ചിത്തിര തോണിയിൽ,
അഴകുള്ള കായലിൽ പോയി ദൂരെ..

തഴുകിയെൻ തോണിയിൽ കായലോളങ്ങളും
തഴുകിയെൻ തനുവിലോ, ഒരു കൊച്ചു കാറ്റും!

ഒരു കുയിൽ, തോണിതൻ അണിയത്തിരുന്നു-
കൊണ്ടൊരുകൊച്ചു പാട്ടൊന്നു പാടിയപ്പോൾ!

വെയിലേറ്റ്‌ മിന്നുന്ന കായലിന്നലകളിൽ,
കണ്ടു ഞാനഴകെഴും താമര പൂവുകൾ!

വെറുതെ ഞാൻ നീട്ടിയ കൈകളിൽ തൊട്ടു,
അകലെ മറഞ്ഞു പോം പായലിന്നിലകളും!

നിറമുള്ള മേഘങ്ങളൊഴുകുന്ന മാനം,
അലകളാൽ പാടുന്ന കായലിൻ ഗാനം..

പുളയുന്ന മീനുകൾ അരികത്ത്‌ വന്നുവെൻ
കരളിനെ പുളകങ്ങളണിയിച്ചതും,
നിര പോലെ നിൽക്കുമാ തെങ്ങിൻത്തലപ്പുകൾ,
വരില്ലെയെന്നരികെന്നു ചോദിച്ചതും,
വരികളായ്‌ പോകുന്ന കുഞ്ഞു പൈതങ്ങളും,
നിരകളായ്‌ പോകുന്ന നാട്ടു താറാക്കളും,
മനസ്സിനെ ആലോലമാക്കുമാ കാഴ്ച്ചകൾ
നിറച്ചുവെൻ മനതാരിലായിരം നന്മകൾ!
ഒരു മാത്രയെല്ലാം മറന്നു ഞാനപ്പോൾ,
ഒഴുകി ഞാൻ പോയി, അങ്ങകലെയെങ്ങോ..
..
..
ഒരു മഴത്തുള്ളിയെൻ തോളത്തു തൊട്ടുവോ
തിരികെ ഞാൻ ഭൂമിയിൽ വന്നുവപ്പോൾ..

മേയ്‌ ഇരുപത്‌ രണ്ടായിരത്തി പത്ത്‌

Post a Comment