Saturday, 3 March 2012

ഞാൻ പരിശുദ്ധൻ


എനിക്കൊരു മുഖം മാത്രമേയുള്ളൂ. എന്റെ ശക്തിയും അതു തന്നെ. സുഹൃത്തുക്കളെ ഉപദേശിച്ച്‌ നേർവഴിക്ക്‌ നടത്താനും, അവരുടെ ഏതാവശ്യവും സാധിപ്പിച്ചു കൊടുക്കാൻ ഏതറ്റം വരെ പോകാനും ഞാൻ സദാ സന്നദ്ധനാണ്‌. കോൺവെന്റിൽ പഠിച്ചതു കൊണ്ടോ, അവിടുള്ള സിസ്റ്റർമാർ പറഞ്ഞു തന്ന സാരോപദേശ കഥകൾ കേട്ടിട്ടോ ആവില്ല ഞാനിങ്ങനെയായത്‌. ചിലപ്പോഴത്‌ തലമുറകളിലൂടെ പകർന്നു കിട്ടിയ സ്വഭാവവിശേഷമാവാം. അല്ല; അതാവാനെ തരമുള്ളൂ. പറയുമ്പോൾ എല്ലാം പറയണമല്ലോ!. എത്ര വട്ടം സുഹൃത്തുക്കളെന്നെ മദ്യം കഴിക്കാൻ വിളിച്ചിരിക്കുന്നു. അപ്പോഴെല്ലാം ഞാനത്‌ നിരസിച്ചിട്ടുണ്ട്‌. ഒരു സമ്മാനം പോലെ ലഭിച്ച ഈ സുന്ദര ശരീരം ഞാനെന്തിനു വെറുതെ വിഷം കുടിച്ച്‌ നശിപ്പിക്കണം (എന്റെ കിഡ്നികൾ എനിക്ക്‌ പ്രിയപ്പെട്ടതാണ്‌). തലച്ചോറിലെ ധമനികൾ പൊട്ടുന്നതോ, ഹൃദയത്തിന്റെ വാൽവുകൾ അടഞ്ഞു പോകുന്നതോ ഞാനിഷ്ടപ്പെടുന്നില്ല എന്നു കൂടി പറയട്ടേ. അതിനു വേണ്ട മുൻകരുതലുകളാണ്‌ ഈ തിരസ്ക്കാരമെല്ലാം. അതിനു വളരെയേറെ മാനസിക ശക്തി ആവശ്യമുണ്ട്‌.

രണ്ടു ദിവസം മുൻപ്‌ അവർ 'കൂടാൻ' വിളിച്ചിരുന്നു (ഞാനില്ലാതെ അവർക്കൊരാഘോഷവുമില്ലത്രെ). അവരെന്നു പറഞ്ഞാൽ, ഷാനും, ബിനോയ്‌ യും. നല്ല ആരോഗ്യമുള്ള ചെറുപ്പക്കാർ. അത്യാവശ്യം ധനം സമ്പാദിക്കാനുതകുന്ന ജോലിയുമുണ്ട്‌. അവിവാഹിതരാകുമ്പോൾ, അവരുടേതായ ചില രസങ്ങൾ ജീവിതത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ജീവിതത്തിൽ എന്തർത്ഥമാണുള്ളത്‌?. വിവാഹിതനായ എനിക്ക്‌ ഈ പറഞ്ഞ 'രസങ്ങൾ' ഉൾപ്പെടുത്താൻ ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്‌ (അതേക്കുറിച്ച്‌ പറയുന്നത്‌ അപ്രധാനമാണ്‌. അതു കൊണ്ട്‌ വിട്ടു കളയുന്നു). ഒഴിവുവേളകൾ അവർ ആനന്ദകരമാക്കിയത്‌ മദ്യത്തിന്റേയും, ധൂമത്തിന്റേയും അകമ്പടിയോടെയാണ്‌. കൂട്ടത്തിൽ ഏതെങ്കിലും നിർഭാഗ്യവാനോ, നിർഭാഗ്യവതിയോ ആയ മൃഗത്തിന്റെ മാംസം  പൊരിച്ചതും കാണും. ഈ മൂന്നും എത്രത്തോളം അപകടങ്ങളാണ്‌ ശരീരത്തിൽ വരുത്തി വെയ്ക്കുക? ഞാൻ അതേക്കുറിച്ച്‌ 'ക്ലാസ്സുകൾ' അവർക്ക്‌ കൊടുക്കാറുണ്ട്‌. അതു കൊണ്ടുള്ള ബഹുമാനം അവരെനിക്കു തരുന്നുമുണ്ട്‌. മറ്റുള്ളവരെ ഉപദേശിക്കുന്നതു പോലെ സുഖമുള്ളൊരു പരിപാടി വേറെയില്ല. ഞാനതിന്റെയൊരാരാധകനാണ്‌. ഒരു രഹസ്യം പറയട്ടെ, ചിലപ്പോഴൊക്കെ അവർ (സ്നേഹം കൊണ്ട്‌ തന്നെ) എന്നെ 'moral psycho' എന്നു വിളിക്കാറുണ്ട്‌. അതു കേട്ട്‌ അഭിമാനത്തോടെ അവർക്കിടയിൽ ഇരിക്കുന്നത്‌ ഞാനാസ്വദിക്കാറുമുണ്ട്‌.

വിസ്കി നിറച്ച ഗ്ലാസ്സിൽ ഐസ്‌ ക്യൂബുകൾ ഒരോന്നായി ഇടുമ്പോഴാണ്‌ ഷാൻ ആ കഥ പറയുന്നത്‌. ഓ! പറയാൻ വിട്ടു, അവൻ മെഡിക്കൽ റെപ്‌ ആണെങ്കിലും, നല്ല പോലെ കഥകൾ പറയാനറിയാം. കഥ പറയാൻ കഴിയുക ഒരു കലയാണ്‌. ആ ഒരൊരർത്ഥത്തിൽ അവനൊരു കലാകാരൻ തന്നെ. ദിവസവും എത്രയോ ആശുപത്രികൾ, ക്ലിനിക്കുകൾ അവൻ സന്ദർശിക്കുന്നു. എത്ര മുഖങ്ങൾ കാണുന്നു, എത്ര പേരോട്‌ സംസാരിക്കുന്നു. അവനെ പോലൊരുവൻ കഥകൾ കേൾക്കാതിരുന്നാലാണത്ഭുതം. പറയുന്ന രീതി അവന്റെ സ്വന്തമാണ്‌. കഥ പറഞ്ഞു തുടങ്ങുമ്പോൾ, ഉരുളക്കിഴങ്ങ്‌ കനം കുറച്ച്‌, വൃത്താകൃതിയിൽ മുറിച്ച്‌ വറുത്തെടുത്തത്‌ എന്റെ മുമ്പിലുണ്ടായിരുന്നു. എനിക്കായി മാത്രം വാങ്ങിച്ച ലൈം ജ്യൂസും. ഈ രണ്ടും ആരോഗ്യത്തിനു നല്ലതല്ല. എത്ര ദിവസം പഴക്കമുള്ള എണ്ണയാവാം ഇതു വറുക്കാൻ ഉപയോഗിച്ചിരിക്കുക? അതു മാത്രമോ? അമിതമായി ഉപ്പു കുടഞ്ഞിട്ടിട്ടുമുണ്ട്‌. എന്റെ രക്തസമ്മർദ്ദത്തിന്റെ നില അവതാളത്തിലാവുമോ? ഞാൻ ഭയപ്പെട്ടു. ലൈം ജ്യൂസ്‌ - പേരു മാത്രമേയുള്ളൂ. അതിൽ ലൈമും ഇല്ല, ജ്യൂസും ഇല്ലെന്നനിക്ക്‌ നല്ലതുപോലെയറിയാം. എന്റെ രസമുകുളങ്ങളെ കബിളിപ്പിക്കാൻ കഴിവുള്ളവയാണവ. പക്ഷെ എന്റെ ബുദ്ധിയേയും, അറിവിനേയും കബിളിപ്പിക്കാൻ അവയ്ക്കാവില്ലല്ലോ!. ചിപ്സ്‌ എന്നോമനപേരിട്ട 'സാധനം' ഞാൻ ഭക്ഷിച്ചു. ജ്യൂസ്‌ നുണഞ്ഞു. വാസ്തവം പറയട്ടെ, ആരോഗ്യത്തിനു ഹാനികരമായതെല്ലാം രുചികരമായവ തന്നെ.

ഇപ്പോൾ ഏറ്റവും കൂടുതൽ വിറ്റഴിയുന്നത്‌ ഗർഭമലസിപ്പിക്കാനുള്ള മരുന്നുകളാണത്രെ. ചിലർ സ്ഥിരമായി ക്ലിനിക്കുകളിൽ വരാറുണ്ടെന്നും. അങ്ങനെ വന്ന ഒരു പെൺകുട്ടിയെ അവൻ പരിചയപ്പെട്ടെന്നും, അവളുടെ ഫോൺ നമ്പർ വാങ്ങിച്ചു വെച്ചെന്നും. അവളെ കുറിച്ചുള്ള വർണ്ണന കേട്ടപ്പോൾ നേരിട്ട്‌ കണ്ടതു പോലെ തോന്നി പോയി.
'വെറുതെ ചെന്ന് ഓരോ ഏടാകൂടങ്ങളിൽ പെടരുത്‌..നിങ്ങളൊക്കെ ചെറുപ്പമല്ലേ..ആ തിളപ്പിൽ പലതും തോന്നും' ഞാൻ ഉപദേശത്തിന്റെ ഭാണ്ഡമഴിച്ചു.
അവന്റെ കഥ പറച്ചിൽ അവിടെ വെച്ചവസാനിച്ചു. ഇത്ര നേരത്തെ ഉപദേശിക്കാൻ പാടില്ലായിരുന്നു..അവൻ പറയുന്നത്‌ സദാചാരവിരുദ്ധമാണ്‌. പക്ഷെ എന്തോ അതു കേൾക്കാൻ ഒരു സുഖമുണ്ടായിരുന്നു!.
'ഒരു അബദ്ധം പറ്റിയതാവും. അതിനു എന്തേലും പരിഹാരം കാണാൻ വന്നതാവും..നീ ഇതൊന്നും ആരോടും പോയി പറയരുത്‌..ഇതു വേറെ ആരെങ്കിലുമറിഞ്ഞാൽ ആ പെൺകുട്ടിക്ക്‌ ഒരു കല്ല്യാണം നടക്കുവോ?'
കഥ തുടർന്നു കേൾക്കാൻ എനിക്ക്‌ ഇങ്ങനെ ചോദിക്കേണ്ടി വന്നു.
'അല്ല ഏട്ടാ, അവളെ ആരും പറ്റിച്ചതൊന്നുമല്ല, ഇതവളുടെ സ്ഥിരം പരിപാടിയാ..ഇതാദ്യമായിട്ടൊന്നുമല്ല ഞാനവളെ കാണുന്നത്‌. ഡോക്ടർ നമ്മുടെ അടുത്ത ദോസ്താ..അങ്ങനെയാ ഇതാ സംഭവമെന്നറിഞ്ഞത്‌..'
അതു വരെ മിണ്ടാതെ കേട്ടു കൊണ്ടിരുന്ന ബിനോയ്‌ ഒരു ചോദ്യമെറിഞ്ഞു. കാര്യപ്രസക്തമായ ചോദ്യങ്ങൾ ചോദിക്കാൻ അവനാണ്‌ മിടുക്കൻ.
'നീ ആ പെണ്ണിന്റെ നമ്പറൊന്നു തന്നെ..ഞാനൊന്നും വിളിച്ച്‌ സംശയം തീർക്കട്ടെ'
'എന്തു സംശയം?'
'അതാണൊ ഇതെന്ന്...' ചിരിയടക്കി കൊണ്ട്‌ ബിനോയ്‌ പറഞ്ഞു.
'ഹയ്യട!, വേണ്ട, ആദ്യം ഞാൻ സംശയം തീർത്തിട്ട്‌ നീ തീർത്താ മതി'.. അതു പറഞ്ഞവൻ ഗ്ലാസ്സ്‌ കാലിയാക്കി.
കൂടുതലൊന്നും കേൾക്കാൻ വയ്യ.. ഇവന്മാരെ ഉപദേശിക്കുന്ന എന്നെ പറഞ്ഞാൽ മതി.. ഞാനെഴുന്നേറ്റു. ഇവർ സംശയങ്ങൾ തീർക്കട്ടെ. സംശയങ്ങൾ തീർക്കേണ്ട പ്രായമാണല്ലോ.

* * * * * * * * * * * * * * * * * *

ഒരാഴ്ച്ച കഴിഞ്ഞ്‌ ഒരു ഫോൺകോൾ എന്നെ തേടി വന്നു. ബിനോയുടെ ശബ്ദം.
'അത്യാവശ്യമാണ്‌. ഏട്ടൻ വരണം. എല്ലാം വന്നിട്ട്‌ പറയാം'.
ഇതെന്തോ ഗുരുതരമായ പ്രശ്നമാണ്‌. എന്റെ ഉപദേശം ചെവികൊള്ളാതെ അവൻ സംശയങ്ങൾ ദൂരികരിക്കുവാൻ പോയിരിക്കുന്നു. ഇപ്പോൾ പ്രശ്നങ്ങളുടെ നടുവിലാവും. ഒന്നുകിൽ അവൾക്കെന്തോ സംഭവിച്ചിരിക്കുന്നു. അല്ലെങ്കിൽ അവനെന്തോ സംഭവിക്കാൻ പോകുന്നു. വെറെ എന്തൊക്കെ സാദ്ധ്യതകളാണുള്ളത്‌? ചിലപ്പോൾ ഇതൊന്നുമാവില്ല, പോലീസ്‌ ഇവന്റെ പ്രശ്നത്തിൽ ഇടപ്പെട്ടിട്ടുണ്ടാവുമോ? എങ്കിൽ കാര്യങ്ങൾ എന്റെ കൈയ്യിലും നിൽക്കുമെന്നു തോന്നുന്നില്ല. പരിചയമുള്ള ഡിവൈ എസ്പി (അതോ കളക്ടറോ?) ഒരു ബന്ധുവുണ്ട്‌. ഈ അടുത്തൊന്നും പോയി കണ്ടിരുന്നില്ല. എങ്കിലും അത്യാവശ്യമാണെങ്കിൽ ആ വഴിക്കും..

ഞാൻ ചെല്ലുമ്പോൾ, തലയ്ക്ക്‌ കൈയ്യും വെച്ച്‌ ഷാൻ ഒരു മൂലയിൽ തറയിലിരിക്കുന്നു. ബിനോയി യാണ്‌ കാര്യം പറഞ്ഞത്‌. കാര്യങ്ങൾ ഞാൻ വിചാരിച്ചതിലും ഗുരുതരമാണ്‌. സംഭവം ഇതാണ്‌. ഷാനിന്റെ പെങ്ങളെ ഏതോ മുന്തിയ ഹോട്ടലിൽ നിന്നും പോലീസ്‌ അറസ്റ്റ്‌ ചെയ്തിരിക്കുന്നു. റെയ്ഡിന്റെ ഭാഗമാണ്‌. അനാശാസ്യം തന്നെ. നല്ല സമ്പത്തുള്ള വീട്ടിലെ കുട്ടി. എന്നിട്ടും പോക്കറ്റ്‌ മണിക്കോ, അതോ ... എന്തെന്നറിയില്ല.. ഇപ്പോൾ ആ കുട്ടിയെ എങ്ങനെയെങ്കിലും വിടുവിച്ചു പുറത്ത്‌ കൊണ്ടു വരണം. അധികമാരും അറിയാൻ പാടില്ല. ചുരുക്കത്തിൽ ഇലയ്ക്കോ, മുള്ളിനോ, ചെടിക്കോ ഒന്നും സംഭവിക്കാൻ പാടില്ല.
ഞാനെന്തു ചെയ്യാനാണ്‌?

'ഏട്ടനല്ലേ പറഞ്ഞത്‌ ഏട്ടന്റെ ഏതോ ഒരു ബന്ധു പോലീസിലുണ്ടെന്ന്..പുള്ളി വിളിച്ചുപറഞ്ഞാൽ..'
'ശീ..നാണക്കേട്‌..ഈ പെണ്ണുകേസുമായിട്ട്‌ ഞാൻ പോയാൽ..എന്നെ പറ്റി എന്തു വിചാരിക്കും?'
'വേറേ എന്തു വഴിയാ ഉള്ളത്‌?..ഏട്ടനു മാത്രമേ എന്തേലും ചെയ്യാൻ പറ്റൂ..'

കുറച്ച്‌ നേരം ഞാൻ പലതും ആലോചിച്ചിരുന്നു. പിന്നീട്‌ എഴുന്നേറ്റ്‌ ബാൽക്കണിയിലേക്ക്‌ നടന്നു.
നടക്കുമ്പോൾ ഞാൻ രണ്ടു ദിവസം മുൻപത്തെ കാര്യങ്ങളോർത്തു കൊണ്ടിരുന്നു.
ഈ പറഞ്ഞ ഹോട്ടൽ എനിക്കു പരിചയമുള്ളതാണ്‌. ഷാനിന്റെ പെങ്ങൾ..അവൾ സുന്ദരിയാണ്‌. അതു ശീതികരിച്ച മുറിയിലെ പതു പതുത്ത മെത്തയിൽ കിടന്ന് എത്ര വട്ടം അവളോട്‌ പറഞ്ഞിരിക്കുന്നു. കഴിഞ്ഞ തവണ അതു പറയുമ്പോൾ അവളുടെ വെളുത്ത നീണ്ട വിരലുകൾ എന്റെ മാറിലെ രോമങ്ങളെ താലോലിക്കുകയായിരുന്നു. ലഹരി ബാധിച്ച നാവു കൊണ്ട്‌ എത്ര വട്ടം ശ്രമിച്ചിട്ടാണ്‌ എനിക്കത്‌ പറയാൻ കഴിഞ്ഞത്‌?.
അതു കേട്ട്‌ അവൾ ചിരിക്കുകയും, അവളുടെ നഗ്നമായ ചുമലുകൾ താളത്തിൽ കുലുങ്ങുന്നത്‌ നോക്കി ഞാൻ ആസ്വദിക്കുകയും ചെയ്തിരുന്നു. എന്റെ മൊബെയിലിൽ അവളുടെ ചിത്രമുണ്ട്‌. ഇടയ്ക്ക്‌ അതു നോക്കി ശരീരം ചൂടു പിടിപ്പിക്കാൻ ഇതിലും നല്ല സാങ്കേതിക വിദ്യ വേറെയില്ല. ശാസ്ത്രം ഇത്രയും പുരോഗമിച്ച ഒരു കാലഘട്ടത്തിൽ ജനിക്കുക - അതൊരു ഭാഗ്യം തന്നെ. ഞാൻ മൊബെയിലിൽ നമ്പർ തിരഞ്ഞു തുടങ്ങി. എനിക്ക്‌ ഏതു വിധേനേയും എന്റെ സുഹൃത്തിനെ സഹായിച്ചേ പറ്റൂ. പരിശുദ്ധനായ ഞാനല്ലാതെ അവനെ ഈ അവസരത്തിൽ സഹായിക്കാൻ ആരാണുള്ളത്‌ ?. എനിക്കെന്നെ കുറിച്ച്‌ അഭിമാനം തോന്നി. മുൻപ്‌ പറഞ്ഞതു പോലെ എനിക്ക്‌ ഒരു മുഖം മാത്രമേയുള്ളൂ.

28,633

Post a Comment