Friday, 29 June 2018

കാക്കപ്പുള്ളി


അടുത്തു കൂടി വേഗത്തിൽ ചിലർ ഓടിപ്പോകുന്ന ശബ്ദം കേട്ടാണയാൾ കണ്ണു തുറന്നത്. നേരം വെളുത്തിരിക്കുന്നു!. താനെവിടെയാണ്‌?. അതിരാവിലെയോ, തലേന്ന് രാത്രിയോ മഴ പെയ്തിട്ടുണ്ടാവും. ചേമ്പിലകളുടെ കൈകളിൽ തിളങ്ങുന്ന വെള്ളി നിറത്തിൽ വെള്ളം നിറഞ്ഞിരിക്കുന്നു. ആൾക്കാർ ധൃതി പിടിച്ചോടുകയാണ്‌. ‘എവിടേക്കാ?..എങ്ങോട്ടാ?’ അയാൾ ഉറക്കെ വിളിച്ചു ചോദിച്ചു. എന്നാലയാൾക്ക് മറുപടി കൊടുക്കാൻ കൂടി നിൽക്കാതെ എല്ലാരും ഓടി പോയി. ജിജ്ഞാസ അടക്കാനാവാതെ അയാളും ആൾക്കൂട്ടം ഓടിയ വഴിയിലൂടെ അവരുടെ പിന്നാലെ ഓടി. തലേന്ന് കുടിച്ചത് അല്പം കൂടി പോയി. അടിയേറ്റത് പോലെ തലയ്ക്ക് കനം വെച്ചിരിക്കുന്നു.

കാൽപ്പാടുകൾ പുതഞ്ഞു കിടക്കുന്ന പാടവരമ്പത്തു കൂടി..പിന്നെ തോട്ടിന്റെ അരികത്ത് കൂടി. ചെന്നെത്തിയത് പരമേശ്വരന്റെ വീടിന്റെ അടുത്തായിട്ടാണ്‌. തന്റെ ശത്രു!. ചെറുപ്പം മുതൽക്കെ എന്തെന്നില്ലാത്ത ഒരു ശത്രുതാമനോഭാവം പരമുവിന്‌ അയാളോടുണ്ടായിരുന്നു. ജയം എപ്പോഴും അയാൾക്കൊപ്പമായിരുന്നു. മത്സരിച്ച് പ്രേമിക്കാൻ ശ്രമിച്ച് ഒടുവിൽ അയാളുടെ കൂടെ ഇറങ്ങി വന്ന ജയന്തിയുടെ കാര്യത്തിൽ പോലും. കഴിഞ്ഞാഴ്ച്ച മണിയുടെ കടയിൽ വെച്ചൊരു കശപിശ ഉണ്ടായപ്പോൾ തന്റെ അടിയേറ്റ് പരമേശ്വരൻ വീണത് കണ്ട് എല്ലാരും പൊട്ടിച്ചിരിച്ചത് ഒരു തരം ഉന്മാദത്തോടെ അയാളോർത്തു.

പരമുവിന്റെ ഓടിട്ട വീടിനു മുന്നിലും ചുറ്റിലുമായി ഒരുപാടാൾക്കാർ. അവനെന്താണ്‌ പറ്റിയത്?. തലേന്ന് ഷാപ്പിൽ നിന്നും ഇറങ്ങുമ്പോൾ പരമു അകത്തിരുന്നു നല്ലോണം കുടിക്കുന്നുണ്ടായിരുന്നല്ലോ. പിന്നീടെപ്പോഴൊ അവനും താനും തമ്മിൽ..എന്തോ ഒന്നും രണ്ടും പറഞ്ഞ്.. പിന്നീടെന്താണ്‌ പറ്റിയത്?..ഒന്നും ശരിക്കോർത്തെടുക്കാനാവുന്നില്ല.. ആൾക്കൂട്ടത്തിനു പിന്നാലെയായി അയാൾ കുറച്ചു നേരം നിന്നു. പിന്നീട് അവർക്കിടയിലൂടെ മുന്നിലേക്ക് ചെന്നു. ഒരു മനുഷ്യൻ കമഴ്ന്ന് കിടപ്പുണ്ടായിരുന്നു അവിടെ. തലേന്ന് കണ്ടപ്പോൾ പരമു ധരിച്ചിരുന്ന അതേ വസ്ത്രങ്ങൾ..അയാളുടെ തല ആരോ കല്ലു കൊണ്ട് ഇടിച്ച് ചതച്ചിരിക്കുന്നു. ജീവനുണ്ടാവാൻ ഒരു സാധ്യതയുമില്ല. തലഭാഗത്ത് നിന്നും ഒഴുകിയിറങ്ങിയ രക്തം മഴ വലിച്ച് അടുത്തുള്ള ചീരച്ചെടികൾക്ക് താഴെയായി ഒഴുക്കി വിട്ടിരിക്കുന്നു. രക്തത്തിൽ നിന്നും ചുവന്ന ചെടികൾ മുളച്ചുയർന്നത് പോലെയേ അതു കണ്ടാൽ തോന്നൂ.

അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു. താനും അവനും തമ്മിൽ വഴക്കുണ്ടാക്കിയത് ഓർമ്മയുണ്ട്..പക്ഷെ അവന്റെ വീടിന്റെ അടുത്ത്..എപ്പോഴാണ്‌ താൻ ഇവിടെ വന്നത്?..താനുമായുള്ള ശത്രുത നാട്ടിൽ പാട്ടാണ്‌. സംശയം തോന്നുന്നവരുടെ പട്ടിക തയ്യാറാക്കേണ്ട ആവശ്യം പോലുമില്ല. തന്റെ പേരേ ആരും പറയുകയുള്ളൂ..
ഇനി ഇവിടെ നിന്നാൽ അപകടമാണ്‌. എത്രയും വേഗം നാട് വിടണം.. താൻ ചെയ്യാത്ത കുറ്റത്തിനു അകത്താവും. പിന്നെ അന്വേഷണം..കോടതി..കേസ്..നിരപരാധിത്വം തെളിയിക്കാൻ നല്ലൊരു വക്കീലിനെ ഏർപ്പാടാക്കേണ്ടി വരും..അതിന്‌ നല്ല പണച്ചിലവുണ്ട്..അകത്തായാൽ പിന്നെ എപ്പോഴാ പുറത്ത് വരാനാവുക എന്നത് ദൈവം തമ്പുരാന്‌ പോലും പറയാനാവില്ല..എത്രയും വേഗം ജയന്തിയെ കണ്ടു വിവരം പറഞ്ഞു എങ്ങോട്ടെങ്കിലും മുങ്ങണം..അല്ലേൽ അവൾ പരിഭ്രമിക്കും..

അയാൾ മുഖം കുനിച്ച് പതിയെ പിന്നിലേക്ക് തിരിഞ്ഞു. പോലീസ് എത്തിയിരിക്കുന്നു!
അയാൾ ശില പോലെയായി. അവർ ചോദ്യം ചെയ്യൽ തുടങ്ങിയിരിക്കുന്നു. മൃതശരീരം മലർത്തി കിടത്തിയിരിക്കുന്നു. ആർക്കും തിരിച്ചറിയാൻ ആവുമെന്നു തോന്നുന്നില്ല..അതു പോലെയാണ്‌ കല്ലു കൊണ്ട് ആ മുഖം..

അയാൾ മലർത്തി കിടത്തിയ ശരീരത്തിലേക്ക് സൂക്ഷിച്ചു നോക്കി നിന്നു. കുറച്ച് നേരം നോക്കിയപ്പോൾ സംശയമായി..
പരമു തന്നെയാണൊ ഇത്?. വലതു കൈയ്യിൽ..അയാൾ മൃതശരീരത്തിന്റെ വലതു കൈയ്യിലെ കാക്കപ്പുള്ളി ശ്രദ്ധിച്ചു..ഇത്?
പെട്ടെന്ന് ഒരു നടുക്കത്തോടെ അയാൾ തന്റെ വലതു കൈയ്യിലേക്ക് നോക്കി..
അയാൾ കണ്ടു, തന്റെ കൈയ്യിൽ.. അതേ കാക്കപ്പുള്ളി മറുക്..

Post a Comment

Monday, 4 June 2018

തൈ പത്തു വെച്ചാൽ


കർഷകനോട് പ്രൈവറ്റ് ബാങ്കിൽ നിന്നും വന്ന ചെറുപ്പക്കാരനായ എക്സിക്യൂട്ടീവ് ചുറുചുറുക്കോടെ അവരുടെ പുതിയ പദ്ധതിയെ കുറിച്ച് പറയുകയായിരുന്നു.
‘ഇപ്പോൾ നിങ്ങൾ എല്ലാ മാസവും ഒരു ചെറിയ തുക ഞങ്ങളുടെ ബാങ്കിൽ നിക്ഷേപിച്ചാൽ വയസ്സാവുമ്പോൾ ബാങ്ക് നിങ്ങൾക്ക് ഒരു വലിയ തുക തിരിച്ചു തരും. ആ തുക നിങ്ങൾക്ക് ചികിത്സയ്ക്കോ, കുട്ടികളുടെ പഠനചിലവുകൾക്കോ അങ്ങനെ പലതിനും ഉപയോഗിക്കാം. കേട്ടിട്ടില്ലെ സമ്പത്ത് കാലത്ത് തൈ പത്തു വെച്ചാൽ ആപത്തു കാലത്ത് കാ പത്തു തിന്നാം എന്ന്?’
എക്സിക്യൂട്ടീ വാചാലനായി.
ഇതൊക്കെ കേട്ടിട്ടും കർഷകൻ തെളിച്ചമില്ലാത്ത കണ്ണുകളോടെ ചെറുപ്പക്കാരനെ തന്നെ നോക്കിയിരുന്നു.
ചെറുപ്പക്കാരൻ സംശയത്തോടെ ചോദിച്ചു,
‘എന്താ..ഞാൻ പറയുന്നത് മനസ്സിലാവുന്നില്ലെ?..ഒന്നു കൂടി ബാങ്കിന്റെ പദ്ധതിയേ കുറിച്ച് വിശദമായി പറയട്ടെ?’
കർഷകൻ പതിയെ സംസാരിച്ചു തുടങ്ങി.
‘അല്ല കുഞ്ഞെ, അവസാനം പറഞ്ഞില്ലെ..സമ്പത്ത് കാലത്ത് തൈ പത്തു വെയ്ച്ചാൽ എന്ന്..അതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു..’
‘എന്താ അതിനെ കുറിച്ച് ആലോചിക്കാൻ?’
കർഷകൻ സംശയത്തോടെ ചോദിച്ചു,
‘ഈ..സമ്പത്ത് കാലം എന്നു പറഞ്ഞാലെന്താ?..’


Post a Comment

പരാതികൾ


അമ്പലപ്പറമ്പിൽ തലയുയർത്തി, കൈകൾ ആകാശത്തേക്ക് വിടർത്തി നില്ക്കുന്ന ഒരു വലിയ അരയാൽ മരമുണ്ട്.

ഒരു ദിവസം മരം കാറ്റിലാടി നില്ക്കുമ്പോൾ മരത്തിന്റെ ചില്ലകൾ പറഞ്ഞു,
‘എനിക്ക് തോന്നാറുണ്ട്, ഈ ഇലകൾ ഇല്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ഇലകളെല്ലാം പിടിച്ചു നിന്നു വേദനിക്കുന്നു’
ഉടൻ മരത്തിന്റെ തായ്ത്തടി പറഞ്ഞു,
‘നിങ്ങൾക്ക് ഈ കൊമ്പുകളുടെ ഭാരം ഊഹിക്കാൻ കഴിയുമോ?. ഈ ശിഖരങ്ങളൊക്കെ ഉയർത്തി നില്ക്കുക എന്നു പറഞ്ഞാൽ..ഹോ!..തളരുന്നു..’
അപ്പോൾ മരത്തിന്റെ വേരുകൾ പറഞ്ഞു,
‘ഇതൊക്കെയാണൊ ഒരു ഭാരം?. ഈ ശിഖരങ്ങളും, ഇലകളും, ഈ തായ്ത്തടിയുമൊക്കെ ഞാനാണ്‌ താങ്ങി നിർത്തുന്നത്..കണ്ടില്ലെ ഞാൻ ആകെ വളഞ്ഞു പുളഞ്ഞു പോയത്?’

അപ്പോഴൊരു വലിയ ചിരി ഉയർന്നു കേട്ടു,
മരം താഴേക്ക് നോക്കി.

ചിരിച്ചു കൊണ്ട് മണ്ണു പറഞ്ഞു,
‘നഷ്ടപ്പെടുമ്പോഴെ നിങ്ങൾക്ക് കൈവശമുള്ളതിന്റെ വിലയറിയൂ!..ഞാനുമൊരിക്കൽ ഒരു വലിയ മരമായിരുന്നു..’

അവിടെയൊരു കാറ്റ്‌ വീശി.
മൺത്തരികൾ പറന്നു ദൂരേക്ക് പോയി.


Post a Comment

കാക്കകൾ


കാക്കകളെ കാണുന്നതേ കലിയായിരുന്നു അയാൾക്ക്. അതും ചെറുപ്പം മുതല്ക്കെ. തരം കിട്ടുമ്പോഴൊക്കെ കല്ലെറിഞ്ഞും കമ്പെടുത്തുമെറിഞ്ഞയാൾ കലി തീർത്തു. വലുതായപ്പോൾ അയാൾ കാക്കകളെ തുരത്താൻ പുതുവഴികൾ കണ്ടെത്തി. തോട്ടത്തിൽ ഇടയ്ക്കിടെ വിള നശിപ്പിക്കാൻ കയറുന്ന കാട്ടുപന്നികളെ വെടിവെച്ചിടാൻ അയാളുടെ പിതാവൊരു നാടൻ തോക്ക് കൈവശം വെച്ചിരുന്നു. കാക്കകൾക്ക് നേരെ പിന്നീടതായി അയാളുടെ ആയുധം. നിരവധി കാക്കകൾ വെടിയേറ്റ് നിലം തല്ലി വീണു. ഒരോ കാക്കയും വെടിയേറ്റ് വീഴുന്ന കാഴ്ച്ച അയാൾക്ക് ഹരമായി. ധീരന്മാരായ ചില കാക്കകൾ അയാൾ പുറത്തിറങ്ങുമ്പോൾ അയാളുടെ തല ഉന്നം വെച്ച് താഴ്ന്നു പറന്നു വരുമായിരുന്നു. എന്നാൽ തോക്ക് അയാളുടെ കൈകൾക്കിടയിലേക്ക് വന്നു കയറിയതോടെ അവരും ആ വഴി ഉപേക്ഷിച്ചു.

‘നിനക്ക് ഈ കാക്കകളെ വെറുതെ വിട്ടൂടെ?’
സുഹൃത്തിന്റെ ചോദ്യത്തിനു, തോക്ക് മുറുക്കെ പിടിച്ചു കൊണ്ടയാൾ പറഞ്ഞു,
‘നാശങ്ങൾ..എന്തെന്നറിയില്ല..എനിക്ക് കണ്ടാലെ കലികയറും..’
അതൊരു മുജ്ജന്മപക പോലെയയാൾ കൊണ്ടു നടന്നു. കാക്കകൾ അയാളുടെ തലവെട്ടം കണ്ടാൽ പറന്നൊളിക്കും എന്ന സ്ഥിതിയായി.

ഒരൊഴിവു ദിവസം കൂട്ടുകാരോടൊത്ത് വിനോദയാത്രയ്ക്ക് പോയ അയാളുടെ വാഹനം, ചെരുവിൽ വെച്ച്, ഒരു ലോറി താഴ്വരയിലേക്ക് ഇടിച്ചു തെറുപ്പിച്ചു. പൊതിഞ്ഞു കെട്ടിയാണയാളുടെ നിശ്ചലശരീരം വീട്ടിലെത്തിച്ചത്. അതു കണ്ടയാളുടെ ഭാര്യയും മകനും വാവിട്ടു കരഞ്ഞു.

മരണാന്തരചടങ്ങുകൾ നടന്നു. ചോറുരുളകൾ ഇലയിൽ വെച്ച് ബാലനായ മകൻ നനഞ്ഞ കൈ കൂടിയടിച്ച് ബലികാക്കകളെ കാത്തു. അതുവരെ ഒളിച്ചിരുന്ന കാക്കകൾ മുറ്റത്തെ മരകൊമ്പുകളിൽ നിരന്നു. എന്നാൽ ഒരെണ്ണം പോലും ഉരുള കൊത്താൻ നിലത്തേക്ക് വന്നില്ല. ബാലന്റെ വിളി കരച്ചിലോളമെത്തി. ഒരു കാക്കയെങ്കിലും..? എവിടെ നിന്നോ ഒരു ബലികാക്ക ഉരുളകൾക്ക് സമീപം പറന്നിറങ്ങി. എന്നാൽ മറ്റുകാക്കകൾ ഉറക്കെ കരഞ്ഞ് ശബ്ദമുണ്ടാക്കി, അതിനെ കൊത്തിയോടിക്കുകയാണുണ്ടായത്. കാക്കകൾ ഉച്ചത്തിൽ കരഞ്ഞ് മരക്കൊമ്പുകളുപേക്ഷിച്ച് പറന്നകന്നു. ശിഖരങ്ങൾ ശൂന്യമായി.  ബാലൻ നിറകണ്ണുകളോടെ തളർന്ന ശബ്ദത്തിൽ വിളിച്ചു കൊണ്ടേയിരുന്നു..


Post a Comment

കാത്തിരിപ്പ്


രണ്ടു ബസ്സുകളിലായിട്ടാണ്‌, അകലെയുള്ള കോളേജിൽ നിന്നും വിനോദയാത്രയ്ക്കായി വന്നവർ കടൽത്തീരത്ത് എത്തിച്ചേർന്നത്. ആൺകുട്ടികളും പെൺകുട്ടികളും അധ്യാപകരുമടങ്ങിയ സംഘം കൂട്ടം കൂട്ടമായി കടപ്പുറത്ത് കൂടി നടന്നു. ഉപ്പുരസം കലർന്ന കടൽക്കാറ്റ് അവരേയും കടന്ന് കരയിലേക്ക് കയറി പോയി. മണലിൽ തിരകൾ വലിച്ചു കൊണ്ടിട്ട കക്കയും ചിപ്പിയും അങ്ങിങ്ങായി ചിതറിക്കിടപ്പുണ്ട്.

ഉല്ലാസം നിറഞ്ഞ അന്തരീക്ഷം. ചിലർ തിരകളിലേക്ക് ഇറങ്ങി ചെന്നു കാൽ നനച്ചു. നല്ല തണുപ്പ്. ചിലർ അനന്തതയിലേക്ക് അല്പനേരം നോക്കി നിന്ന് അവ്യക്തമായ ചില ചിന്തകൾ ആസ്വദിച്ചു. ചിലർ മണലിലൂടെ അതിവേഗത്തിലോടുന്ന ചെറു ഞണ്ടുകളുടെ പിന്നാലെ വെറും കൗതുകം കൊണ്ട് പാഞ്ഞു. ഞണ്ടുകൾ ഭയത്തോടെ ഓടി ചെറുകുഴികളിൽ ഒളിച്ചു. തീരത്തുള്ള കാറ്റാടിമരങ്ങൾ ഇതൊക്കെയും കണ്ട് തലയാട്ടിക്കൊണ്ടിരുന്നു. നിത്യവും കാണുന്ന കാഴ്ച്ചകൾ. കഥ ഒന്നു തന്നെയെങ്കിലും കഥാപാത്രങ്ങൾ മാറി വരുന്നു എന്നേയുള്ളൂ. കാറ്റാടിമരങ്ങൾ ഒരുപക്ഷെ അങ്ങനെയാവും ചിന്തിച്ചിരിക്കുക.

കൂട്ടത്തിൽ ചിലർ, തീരത്തേക്ക് കാരണമില്ലാതെ കയറി വന്ന തിരകളെ തട്ടിത്തെറിപ്പിച്ചു കൊണ്ട് ഓടി. പിന്നാലെ മറ്റു ചിലരും. കടപ്പുറത്ത് ആഹ്ലാദാരവങ്ങൾ നിറഞ്ഞു. ചില പക്ഷികളുടെ ശബ്ദങ്ങൾ ദൂരെ എവിടെ നിന്നോ ഉയർന്നു. ലൈറ്റ്ഹൗസ് നടുത്തുള്ള പാറക്കൂട്ടത്തിനു നേർക്ക് സംഘം നീങ്ങി. പാറകളുടെ പുറത്ത് കയറി നിന്നുള്ള കടൽക്കാഴ്ച്ചയാണവരുടെ ഉദ്ദേശ്യം. നടക്കുന്നതിനിടയിൽ തീരത്തടിഞ്ഞ ഒരു കുപ്പി ഒരാളുടെ കാലിൽ തടഞ്ഞു.
‘രാത്രി ഇവിടെ ഇരുന്നാവും വെള്ളമടി’ എന്നു പറഞ്ഞ് ചെറുപ്പക്കാരൻ ആ കുപ്പി കാല്‌ കൊണ്ട് തോണ്ടി പാറകളുടെ നേർക്കെറിഞ്ഞു. കുപ്പി പാറയിൽ തട്ടി തകർന്നു. കൂട്ടം പാറക്കെട്ടിനു മുകളിലേക്ക് കയറാനാരംഭിച്ചു.

ഇതേ സമയം, ദൂരെ തിരകൾക്കുമപ്പുറം, ആഴക്കടലിൽ ഒരു ചെറിയ നൗക ലക്ഷ്യമില്ലാതെ സഞ്ചരിച്ചു കൊണ്ടിരുന്നു. അതിനുള്ളിൽ ഒരാൾ അവശനായി കിടപ്പുണ്ട്. കൈവശം കൊണ്ടു വന്ന ആഹാരസാധനങ്ങൾ ഏതാണ്ട് മുഴുവനായും തീർന്നിരിക്കുന്നു. കുടിക്കാൻ ശുദ്ധജലം ഒട്ടും അവശേഷിക്കുന്നില്ല. ദിക്കും ദിശയും അയാൾ അറിയാതെ ആയിട്ട് ദിവസങ്ങളായി. ചുട്ടുപൊള്ളൂന്ന വെയിൽ നിറഞ്ഞ പകലുകളും, എല്ലുറഞ്ഞു പോകും വണ്ണം തണുപ്പ് നിറയുന്ന രാത്രികളും അയാൾക്ക് സ്വന്തം. കൈവശമുണ്ടായിരുന്ന വസ്ത്രം കൊണ്ട് തണലുണ്ടാക്കി കിടക്കുമ്പോഴും അയാൾ പ്രതീക്ഷകൾ മുറുകെ പിടിച്ചിരുന്നു. താനൊഴുക്കി വിട്ട കുപ്പിക്കുള്ളിലെ ചുരുൾ ചിലപ്പോൾ ആർക്കെങ്കിലും കിട്ടുമായിരിക്കും..കാറ്റിലും കോളിലും പെടാതെ, പാറകളിൽ തട്ടി തകരാതെ ആ കുപ്പി ചിലപ്പോൾ കരയ്ക്കടിയുമായിരിക്കും. ആരെങ്കിലുമൊരാൾ ആ കുപ്പി തുറന്ന് ചുരുളിലെഴുതിയത് വായിക്കുമായിരിക്കും..ഒരു പക്ഷെ തന്നെ തിരഞ്ഞ് ആരെങ്കിലും ഇപ്പോൾ വരുന്നുണ്ടാവും. അയാൾ കണ്ണുകളടച്ചു കിടന്നു.

തകർന്ന കുപ്പിക്കുള്ളിൽ നിന്നും തെറിച്ചു പോയ ചുരുൾ തിരകൾക്ക് മീതെയാണ്‌ വീണത്. തിരകൾ അത് ഉയർത്തിയെടുത്ത് ദൂരേക്ക് കൊണ്ടു പോയി. തിരകൾക്കൊപ്പം അതു പലവട്ടം ഉയർന്നു താഴ്ന്നു. അല്പനേരത്തിനു ശേഷം നനഞ്ഞു തളർന്ന ആ കുറിപ്പ് ജലത്തിനുള്ളിലേക്ക് പതിയെ താഴ്ന്നു പോയി.

Post a Comment

ന്യൂ ഇയർ ആഘോഷം


നഗരത്തിന്റെ ഹൃദയഭാഗത്തായിട്ടാണ്‌ ‘എവർഷൈൻ അപ്പാർട്ട്മെന്റ്സ്’ തലയുയർത്തി നില്ക്കുന്നത്. പതിമൂന്ന് നിലകളിലായിട്ടാണ്‌ സമ്പന്ന കുടുംബങ്ങൾ സകലവിധ സൗകര്യങ്ങളോടു കൂടി അവിടെ ജീവിക്കുന്നത്. ആവശ്യത്തിനു പാർക്കിംഗ് സ്ഥലം, ജിംനേഷ്യം, നീന്തൽ കുളം, കുട്ടികൾക്ക് കളിക്കാനായി പുൽത്തകിടി വിരിച്ച ഒരു പൂന്തോട്ടം ഒക്കെയും അവിടത്തെ നിവാസികൾ ആസ്വദിച്ചു പോരുന്നുണ്ട്. അപ്പാർട്ട്മെന്റിന്റെ റൂഫ് ടോപ്പിൽ നിന്നാൽ, നഗരം ഏതാണ്ട് മുഴുവനായും ദൃശ്യമാവും. സായാഹനങ്ങളിൽ വീശുന്ന തണുത്ത കാറ്റേറ്റ്, അകലെ നീല വര പോലെ തെളിയുന്ന കടലിലേക്ക് കണ്ണും നട്ട് നില്ക്കുക അവിടുള്ളവരുടെ ഭാഗ്യങ്ങളിലൊന്നു മാത്രം.

ഈ പ്രാവശ്യത്തെ റസിഡന്റ്സ് കമ്മിറ്റിയിൽ അധികവും ചെറുപ്പക്കാരാണ്‌. ന്യൂ ഇയർ ‘അടിപൊളി’ ആയി ആഘോഷിക്കണം എന്ന് അവർ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. പ്രായമായവർ പ്ലാൻ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായി ധാരാളം പ്രോഗ്രാമ്മുകൾ, എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള കളികൾ, കലാപരിപാടികൾ ഒക്കെയും അവർ ആസൂത്രണം ചെയ്തു. കലാവാസന പ്രകടിപ്പിക്കാൻ വെമ്പി നില്ക്കുന്നവർക്കായി കരോക്കെ, സിനിമാറ്റിക് ഡാൻസ്, ലഘു നാടകങ്ങൾ ധാരാളം ഉൾപ്പെടുത്തിയിരുന്നു. കൂടാതെ കുട്ടികൾക്കായി ബട്ടർഫ്ലൈ ഡാൻസ്, ബ്രേക്ക് ഡാൻസ് തുടങ്ങിയവും നാനാവിധത്തിലുള്ള ഗെയ്മുകളും. ചില പരിപാടികൾ കെട്ടിടത്തിനകത്ത് വെച്ചും ചിലത് പുറത്തെ പുൽത്തകിടിയിലുമായിട്ടാണ്‌ നടത്താൻ തീരുമാനിച്ചത്.

ആഘോഷങ്ങൾ ആരംഭിക്കുകയായി. പ്രാർത്ഥന, പ്രസംഗം എന്നീ പതിവുകൾക്ക് ശേഷം കുട്ടികളുടെ ചെറിയൊരു സ്കിറ്റോടു കൂടി പരിപാടികളാരംഭിച്ചു. അതിനു ശേഷം ചിലർ വന്നു കരോക്കെ പാടി. ഇടയ്ക്ക് ഒരു ഗ്രൂപ്പ് ഡാൻസ്, ഒരു സിനിമാറ്റിക് ഡാൻസ്..പരിപാടികൾ ഭംഗിയായി മുന്നേറിക്കൊണ്ടിരുന്നു. കളികളായിരുന്നു അടുത്തത്. ഉച്ചഭക്ഷണത്തിനായി മുൻപായി സ്ത്രീകൾക്കായി ഒരു ഗെയിം. പുറത്തെ പുൽത്തകിടിയിൽ, മരത്തണലിൽ ഗെയിം നടത്താൻ തീരുമാനിച്ചു. ഫ്രൈഡ് റൈസും ചിക്കൻ കറിയും, ഗോബി മഞ്ചൂറിയയുമൊക്കെയായി കാറ്ററിംഗ് ടീം ഒരു വശത്ത് ഭക്ഷണം വിളമ്പുന്നതിനായി തയ്യാറെടുത്തു. സ്ത്രീകൾക്ക്, പ്രത്യേകിച്ചും യുവതികൾക്കായിട്ടായിരുന്നു ആ മത്സരം. മത്സരമിതാണ്‌ - ബണ്ണുകൾ ചരടിൽ കോർത്തു തൂക്കിയിടുന്നു. ആ ബൺ ചാടി കടിച്ചെടുക്കുക. കൈകൾ പിന്നിൽ കെട്ടിയിരിക്കും. ആദ്യം ബൺ വായിലാക്കുന്നയാൾ വിജയി. മത്സരാർത്ഥികൾ ബണ്ണിനായി ചാടുന്നതിനൊപ്പം ചരടുയർത്താനായി ഇരുവശത്തുമായി രണ്ടു ചെറുപ്പക്കാർ നിന്നു. ചെറുപ്പക്കാരികൾ ചാടുന്നത് അടുത്ത് നിന്ന് കാണുവാൻ ഭാഗ്യം ചോദിച്ചു വാങ്ങിയവരാണവർ. ബൺ മത്സരത്തെ കുറിച്ച് കേട്ടപ്പോൾ, ചിലർക്കതു ജീവിതത്തിന്റെ നേർപകർപ്പാണെന്ന് തോന്നി. എല്ലാവരും ആരോ ഉയരത്തിൽ തൂക്കിയിട്ടിരിക്കുന്ന ബണ്ണുകൾക്കായി ചാടി കൊണ്ടിരിക്കുന്നു നിരന്തരം. എന്നാൽ കൈകൾ പിന്നിൽ കെട്ടിയിരിക്കുകയും ചെയ്തിരിക്കുന്നു. ചിലർക്ക് കഴിവ് കൊണ്ട് ചിലർക്ക് ഭാഗ്യം കൊണ്ട് ബൺ കിട്ടുന്നു. ബണ്ണിനായി ചാടുന്നവരെ നോക്കി ലോകം ചിരിക്കുന്നു, കൈയ്യടിക്കുന്നു. ഒടുവിൽ ബൺ കിട്ടിയവർ ജയിക്കുന്നു. പക്ഷെ അവർ ബൺ കഴിക്കാതെ ഉപേക്ഷിക്കുന്നു. ബണ്ണിനായുള്ള ചാട്ടം വിജയത്തിനുള്ള ഒരു മാനദണ്ഡം മാത്രം..

മത്സരം ആരംഭിക്കുകയായി. മത്സരാർത്ഥികൾ ഒരുങ്ങി കഴിഞ്ഞു. ഷാളുകൾ അരയിൽ മുറുക്കെ കെട്ടി ചുരിദാർ വസ്ത്രധാരികൾ തയ്യാറെടുത്തു. ഹൈ ഹീൽ ചെരുപ്പുകൾ ഉപേക്ഷിച്ചു ചിലർ ഒന്നു രണ്ടു വട്ടം ചാടി ചെറുതായി പരിശീലനം നടത്തി നോക്കി. ബണ്ണുകൾ വരവായി. അതു തുളച്ച് നൂലു കൊണ്ട് കെട്ടി ഒരു നീണ്ട വടിയിൽ കെട്ടി തൂക്കിയിട്ടു. പരിപാടികളുടെ അവതാരകൻ വന്ന് മത്സരത്തിന്റെ നിയമങ്ങൾ വിശദീകരിച്ചു. മത്സരത്തിനു ഉത്സാഹം പകരാനായി ദ്രുതതാളത്തിലുള്ള സംഗീതം അകമ്പടിയായി. ബണ്ണുകൾ തുള്ളിക്കളിച്ചു തുടങ്ങി. കൊലുസ്സിട്ട കാലുകൾ വായുവിൽ ഉയർന്നു കൊണ്ടിരുന്നു. ചിലരുടെ ചുണ്ടുകളെ സ്പർശിച്ച് ബണ്ണുകൾ വായുവിലുയർന്നു പോയി. ആർപ്പുവിളികളും ആരവങ്ങളും നിറഞ്ഞു. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു അപ്പോഴത് സംഭവിച്ചത്. എവിടെ നിന്നറിയില്ല, മുടിയും താടിയും നീട്ടി വളർത്തിയ, മുഷിഞ്ഞതും കീറിപ്പറിഞ്ഞതുമായ വസ്ത്രങ്ങൾ ധരിച്ച, ദുർഗ്ഗന്ധം വമിക്കുന്ന ശരീരത്തോടു കൂടിയ ഒരാൾ രംഗത്തേക്ക് ചാടി വന്നത്. അയാൾ എങ്ങനെയാണ്‌ അപ്പാർട്ട്മെന്റ് ഗാർഡിന്റെ കണ്ണു വെട്ടിച്ച് അവിടെ എത്തിയതെന്ന് ആർക്കും മനസ്സിലായില്ല. ചാടി വന്ന ആൾ കുതിച്ച് ചെന്ന് തൂക്കിയിട്ടിരുന്ന ബണ്ണുകളിൽ ഒന്ന് തട്ടിപ്പറിച്ചെടുത്തു കൊണ്ടോടി!. അത് മത്സരനിയമങ്ങളിൽ ഇല്ലാത്തതായിരുന്നു. ഓടുന്നതിനിടയിൽ അയാളത് വായിലാക്കി ഒരു ഭാഗം കടിച്ചെടുത്തു കഴിഞ്ഞിരുന്നു. ചാടി കൊണ്ടിരുന്ന പെൺകുട്ടി വല്ലാതെ വിളറുകയും, ചമ്മിയ മുഖം കുനിച്ചു പിടിക്കുകയും ചെയ്തു. ക്ഷണിക്കപ്പെടാത്ത അതിഥിയുടെ പ്രവൃത്തി കണ്ട് കാണികൾ ചിരിക്കാനാരംഭിച്ചു.
‘ആരെടാ ഇവന്റെ കേറ്റി വിട്ടത്?’
‘പ്രാന്തനാ ..പ്രാന്തനാ’
‘ഗാ‍ാർഡ്!!!’
ഉച്ചത്തിൽ വിളികൾ മുഴങ്ങി.
അപ്പോഴേക്കും ചാടി വന്ന ആൾ അപ്പാർട്ട്മെന്റെ പുറത്തേക്ക് ഓടി രക്ഷപ്പെടാനുള്ള തിരക്കിലായിരുന്നു. കമ്മിറ്റിക്കാർ അപ്പോഴാണ്‌ തങ്ങൾ ആസൂത്രണം ചെയ്ത പരിപാടിയിൽ പിഴവ് സംഭവിച്ചിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞത്. പെൺകുട്ടികളുടെ മുന്നിൽ കൈയ്യൂക്കും, കൈക്കരുത്തും കാണിക്കാവുന്ന ഒരു സുവർണ്ണാവസരം എങ്ങനെ നഷ്ടപ്പെടുത്തും?. ജീൻസുധാരികൾ തങ്ങളുടെ വിലകൂടിയ മൊബൈൽ ഫോണുകൾ മുറുക്കെപ്പിടിച്ച് ബൺ കൈക്കലാക്കി ഓടിയ ആളുടെ പിന്നാലെ പാഞ്ഞു. അപ്പോഴേക്കും ഗാർഡും എവിടെ നിന്നോ വടിയുമായി രംഗപ്രവേശം ചെയ്തിരുന്നു. അയാളും ചെറുപ്പക്കാരുടെ പിന്നാലെ ഓടാനാരംഭിച്ചു. തന്റെ പ്രവൃത്തിയിൽ സംഭവിച്ച വീഴ്ച്ച മറയ്ക്കാൻ അയാൾക്ക് ആ ഒരു വഴി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ചിലർ അടുത്തതെന്താവും സംഭവിക്കുക എന്ന ആകാംക്ഷ അടക്കാനാവാതെ, കാഴ്ച്ച കാണാൻ മുൻപിലോടി പോകുന്നവരുടെ പിന്നാലെ ഓടി. തന്റെ പിന്നാലെ ന്യൂ ജെൻ പിള്ളേർ പാഞ്ഞു വരുന്നത് കണ്ട് അയാൾ സർവ്വശക്തിയുമെടുത്ത് ഓടിക്കൊണ്ടിരുന്നു. ഓടുന്നതിനിടയിലും അയാൾ ബൺ കഴിക്കാൻ മറന്നില്ല. പിന്നാലെ വന്ന കൂട്ടം, പിടികൂടി താഴേക്ക് തള്ളിയിടുമ്പോൾ അയാൾ അവസാനത്തെ കഷ്ണവും വായിലാക്കി കഴിഞ്ഞിരുന്നു. താഴേ ഒരു അട്ടയെ പോലെ ചുരുണ്ട് കിടന്ന അയാൾ, തന്റെ മേൽ വീഴുന്ന അടിയും തൊഴിയും തടുക്കാൻ ശ്രമിച്ചതേയില്ല. ബണ്ണിന്റെ അവസാനത്തെ കഷ്ണത്തിലെ അവസാനത്തെ പൊടിയുടെ സ്വാദും ആസ്വദിക്കുകയായിരുന്നു അയാൾ. അനിർവ്വചനീയ രുചി അയാളുടെ രുചിമുകുളങ്ങളിൽ നിറയുകയായിരുന്നു. വിശപ്പിന്റെ നോവുന്ന, അഗാധമായ അടിത്തട്ടിലേക്ക് ബണ്ണിന്റെ ശകലങ്ങൾ അടിയുന്നത് അയാൾ ആസ്വാദ്യതയോടെ അറിയുകയായിരുന്നു. അതിലാണ്ട് മുങ്ങിയ അയാളുടെ ചുണ്ടിൽ ഒരു നേർത്ത ചിരി പരന്നു. അയാൾ കണ്ണുകളടച്ച് പിടിച്ചിരുന്നു. രുചിലോകത്തിൽ നിന്ന് പുറത്ത് വരാൻ തയ്യാറാകാത്തത് പോലെ..

Post a Comment

സന്ദർശക


ഉറക്കം കാത്ത് കിടക്കുമ്പോൾ അവൾ പറഞ്ഞു,
‘നല്ല ഐശ്വര്യമുള്ള കുട്ടി അല്ലെ?’
‘ങെ?’
‘വൈകിട്ട് ഏട്ടന്റെ കോളേജിൽ നിന്ന് വന്നില്ലെ?.. എന്തോ സംശയം ചോദിക്കാനെന്നും പറഞ്ഞ്..?’
‘ഓ...ആ കുട്ടി..’
‘ങാ പിന്നെ, മറക്കണ്ട..നാളെ വെളുപ്പിനെ തന്നെ പോണം. വലിയ ശക്തിയുള്ള ദേവിയാണ്‌’
അതിനും അയാൾ മൂളിയതേയുള്ളൂ. ഇതെത്രാമത്തെ തൊട്ടിലാണ്‌ കെട്ടുന്നത്?. അദൃശ്യശക്തികളിലുള്ള വിശ്വാസം ഇവൾക്കിപ്പോഴും നഷ്ടപ്പെട്ടിട്ടില്ല.

അയാൾ വൈകിട്ട് വന്ന സന്ദർശകയെ കുറിച്ചുതന്നെ ഓർക്കുകയായിരുന്നു. എന്തൊരത്ഭുതമാണ്‌! ശാലിനിയുടെ തനിപ്പകർപ്പ്!. നടുക്കത്തിൽ പേര്‌ പോലും ചോദിക്കാൻ വിട്ടു. ശാലിനി ഇപ്പൊഴെവിടെ?. എങ്ങനെയാണ്‌ തന്റെ വിലാസമറിഞ്ഞത്?. ഒന്നും ചോദിക്കാനായില്ല.
‘വെറുതെ ഒന്നു കാണാൻ’ തറപ്പിച്ചു നോക്കി അത്രയേ അവൾ പറഞ്ഞുള്ളൂ. ബോധപൂർവ്വം അവൾ ‘അച്ഛൻ’ എന്ന വാക്ക് ഒഴിവാക്കിയോ?. ഒരായിരം ഓർമ്മകളിലേക്ക് അയാളുടെ ചിന്തകൾ കയറി പോയി.

‘എന്താ ഉറങ്ങുന്നില്ലെ?..വിയർക്കുന്നല്ലോ?..ഫാനിടണോ?’
അതും പറഞ്ഞ് അരികത്ത് കിടന്നവൾ എഴുന്നേറ്റു.
അയാൾക്കുറപ്പായിരുന്നു, ഫാനിട്ടാലും താൻ വിയർക്കുമെന്ന്..തനിക്ക് ഉറങ്ങാനാവില്ലെന്ന്..
ഈ രാത്രി മാത്രമല്ല, ഇനിയുള്ള രാത്രികളിലും..


Post a Comment