Sunday, 29 January 2017

പട്ടങ്ങൾ


ഒരോതവണയും അച്ഛനെ കുറിച്ച് സംസാരിക്കുമ്പോൾ അമ്മ ഒരോരോ പുതിയ കഥകളാണ്‌ പറഞ്ഞു തരിക. അനന്തസാദ്ധ്യതകളാണ്‌ അമ്മ പറയുന്ന കഥകൾക്ക്. ഒരിക്കൽ പറഞ്ഞു, അച്ഛൻ ഉപേക്ഷിച്ചു പോയതാണെന്ന്. മറ്റൊരിക്കൽ വള്ളം മുങ്ങി മരിച്ചു പോയെന്ന്.. മറ്റൊരിക്കൽ ദുബായ്‌ലേക്ക് ഉരു കയറി പോയെന്ന്..മറ്റൊരിക്കൽ വേറെയേതോ സ്ത്രീയുമായി എവിടേക്കോ..
സത്യം പറയുകയാണെങ്കിൽ അതെല്ലാം ഞാൻ വിശ്വസിച്ചു. സ്വന്തം ഭാവനയുടെ അതിർവരമ്പുകൾ നിരന്തരം ഭേദിക്കാൻ ശ്രമിക്കുന്ന ഒരു കലാകാരിയായിരുന്നു അമ്മ. ആ ഭാവനയുടെയരികിൽ നിന്നും പൊടിഞ്ഞിളകുന്നത് എന്റെ മേൽ വീഴാൻ ഞാനനുവദിച്ചു. അതാവാം എല്ലാം വിശ്വസിക്കാൻ ഞാൻ തയ്യാറായത്. ഏറ്റവും അതിശയകരമായ കാര്യം ഈ കഥകളെല്ലാം കേട്ടിട്ടും എനിക്കെന്റെ അച്ഛനെ തിരക്കിപോകാൻ ഒരിക്കൽ കൂടി തോന്നിയില്ല എന്നതാണ്‌!.

അമ്മ കഥകൾ മെനഞ്ഞെടുക്കുന്നത്രയും സ്വാതന്ത്ര്യം എനിക്കില്ലായിരുന്നു. സുഹൃത്തുക്കളോട്‌ ഒരോ തവണയും അച്ഛനെ കുറിച്ച് ഓരോ കഥകൾ പറയുകയാണെങ്കിൽ അതു സൃഷ്ടിക്കുന്ന ആശയക്കുഴപ്പം ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. മറ്റൊരു കാരണം എനിക്ക് അമ്മയുമായി മത്സരിക്കുന്നതിൽ തീർത്തും താത്പര്യമില്ലായിരുന്നു എന്നതു തന്നെ. സമാനദുഖിതരെയാണ്‌ ഞാൻ സുഹൃത്തുക്കളായി കൂട്ടിയത്. പിതൃഹീനരായ സുഹൃത്തുക്കളായിരുന്നു അധികവും. ഒരേ നഷ്ടം പേറുന്നവർ കൂട്ടുകൂടുമ്പോൾ അവർക്കിടയിൽ അവരുടേതു മാത്രമായൊരാനന്ദം ഊറി വരുന്നത് സ്വാഭാവികം. അതിൽ മുങ്ങിക്കിടന്നു ഞാനവരോടൊപ്പം.

എന്നാലെന്റെ സ്വപ്നങ്ങളെ, ഭാവനകളെ, അടുക്കിനു വെച്ചിരുന്ന കഥകളെ തകർക്കുന്ന ഒരു സംഭവമുണ്ടായി. ഒരു നിസ്സാരസംഭവം. കത്തിനില്ക്കുന്ന ഒരുച്ചയിൽ വിയർപ്പിൽ കുതിർന്ന ഉടുപ്പണിഞ്ഞ് അച്ഛൻ കയറി വന്നു. ആ മനുഷ്യൻ ക്ഷീണിതനായിരുന്നു. നര ബാധിച്ച തലമുടി. ക്ഷീണമറിഞ്ഞ കണ്ണുകൾ. അഴുക്കു നിറഞ്ഞ കൈനഖങ്ങൾ. വിലകുറഞ്ഞ ചെരുപ്പ്. ഇതാണോ എന്റെ അച്ഛൻ?. ഒരു പക്ഷെ ഞാൻ നരബാധിതനായാൽ, നെഞ്ചു കുഴിഞ്ഞു പോയാൽ, കൺകോണുകളിൽ ചുളിവുകൾ വീണാൽ ആ രൂപവുമായി സാമ്യമുണ്ടാകും. ഒരു വിദൂരഛായ നിഷേധിക്കാനാവില്ല.

എന്നെ ‘മോനെ’ എന്നും അമ്മയെ ‘വിജയേ’ എന്നും ആ മനുഷ്യൻ കരച്ചിലോളം വലിഞ്ഞു പോയ ശബ്ദത്തിൽ വിളിച്ചു. തികഞ്ഞ നിസ്സംഗതയോടെ, ഒരപരിചതനെ കാണുമ്പോഴുള്ള ജിജ്ഞാസ പോലുമില്ലാതെ അമ്മ ആ മനുഷ്യനെ ഉഴിഞ്ഞു നോക്കിയിട്ടകത്തേക്കു കയറി പോയി. അടുപ്പിലെരിയുന്ന എന്തോ ഒന്ന് ഓർത്തതുപോലെ. എന്റെ വയസ്സൻ പ്രതിരൂപത്തെ ഒരു നിമിഷം നോക്കിനിന്ന ശേഷം ഞാനിറങ്ങി പോയി. ആരെയോ കാണുവാനോ, എന്തോ ആവശ്യത്തിനു പോവുകയാണെന്നൊ പോലെ. എന്തിനങ്ങനെ ചെയ്തുവെന്നറിയില്ല. അങ്ങനെ തോന്നി. അങ്ങനെ ചെയ്തു. അത്രമാത്രം.

ഇടയ്ക്ക് ഞാനൊർക്കും, ആ മനുഷ്യൻ എന്താവും അവിടെ തനിയെ നിന്നപ്പോൾ ചിന്തിച്ചിട്ടുണ്ടാവുകയെന്ന്, എന്തൊക്കെ ചെയ്തിട്ടുണ്ടാവുകയെന്ന്. ഒരുപക്ഷെ കസേരയിലുപേക്ഷിച്ച എന്റെ മുഷിഞ്ഞ ഷർട്ടെടുത്ത് മണത്ത് നോക്കിയിട്ടുണ്ടാവും. മുറ്റത്ത് അയയിൽ കിടക്കുന്ന അമ്മയുടെ വസ്ത്രങ്ങളിലേക്ക് കണ്ണു പായിച്ചിട്ടുണ്ടാവും. ഇരുകൈകളാൽ മുഖം പൊത്തി നിന്നിട്ടുണ്ടാവും. ഒരു പക്ഷെ ഒരു മൺകട്ട പോലെ അവിടെ പൊടിഞ്ഞു വീണിട്ടുണ്ടാവും.

രാത്രിയാണ്‌ ഞാൻ തിരികെ വന്നത്. വരുമ്പോഴും ഞാനൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ആ മനുഷ്യൻ ഉമ്മറത്ത് ഒരു കോണിലിരുപ്പുണ്ടാവുമോ? - ആ ചിന്ത പോലുമുണ്ടായില്ല. പക്ഷെ എനിക്ക് വലിയൊരു നഷ്ടബോധമുണ്ടായി. ഒരിക്കലുമിനി അമ്മയ്ക്ക് പഴയതു പോലെ സ്വപ്നങ്ങൾ സൃഷ്ടിക്കാനാവില്ല. ഇനിയൊരിക്കലും അമ്മ അച്ഛനെ പറ്റി പറയുകയില്ല. ഒരു തവണ അസംഖ്യം ഭാവനകളിലൊന്ന് തോട് പൊളിച്ച് പുറത്ത് വന്നാലുള്ള അപകടങ്ങളിലൊന്നാണത്. ആ ഒരൊറ്റ കാരണം കൊണ്ട് ആ മനുഷ്യൻ എന്നെത്തേടി വരേണ്ടിയിരുന്നില്ല എന്നു പോലുമെനിക്ക് തോന്നി.

അമ്മ ഉറങ്ങിയതിനു ശേഷം ഞാൻ അലമാരിയുടെ ഏറ്റവും അടിയിലത്തെ തട്ടിൽ സൂക്ഷിച്ചിരുന്ന ചെറിയ ബോക്സ് എടുത്തു നോക്കി. കുട്ടിക്കാലത്ത് ഞാനുപോഗിച്ചിരുന്ന ജ്യോമട്രി ബോക്സായിരുന്നു അത്. അതിലാണമ്മ താലി സൂക്ഷിച്ചിരുന്നത്. ഞാൻ നോക്കുമ്പോൾ ആ ചെറിയ ആലിലത്താലി അവിടെയില്ലായിരുന്നു. എവിടെയാവുമത്?. ആ മനുഷ്യനു തന്നെ തിരികെ കൊടുത്തിട്ടുണ്ടാവുമോ?. അതോ അമ്മയത് ദൂരേക്ക് വലിച്ചെറിഞ്ഞിട്ടുണ്ടാവുമോ?. അതുവരേയ്ക്കും തോന്നാതിരുന്ന ഒരു ചോദ്യം എനിക്കന്നു തോന്നി. എന്തിനായിരുന്നു ആ താലി അമ്മ ഇത്രനാളും സൂക്ഷിച്ചിരുന്നത്?..

അയാൾ വന്നു പോയിട്ടിന്നുവരെ അച്ഛനെക്കുറിച്ച് അമ്മ പറഞ്ഞിട്ടില്ല. അമ്മയുടെ ഭാവനയുടെ പട്ടത്തിന്റെ ചരട് മുറിഞ്ഞ് പോയിട്ടുണ്ടാവും. എവിടെയോ ആ പട്ടം ചെന്നു വീണു പോയിട്ടുണ്ടാവും. ചിലപ്പോൾ മറ്റാരോ ആ പട്ടം എടുത്തിട്ടുണ്ടാവും. എന്റെ അമ്മയെ പോലെ മറ്റാരോ..
Post a Comment

Friday, 27 January 2017

ബട്ടൺ


ഞാനവരെ കൂട്ടിക്കൊണ്ടു പോയി. ഭയം കാരണം എനിക്കൊന്നും സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്നു രാവിലെയാണത് കണ്ടത്. പറമ്പിൽ വെറുതെ നടക്കാനിറങ്ങിയതായിരുന്നു. ഇതെന്റെ പൂർവ്വികസ്വത്തിന്റെ ഭാഗമെന്നു പറയാം. കരിയിലകൾ നിറഞ്ഞ ഒരു വലിയ പറമ്പ്. അവിടവിടെ ആകാശം മറച്ചു നില്ക്കുന്ന വന്മരങ്ങൾ. ഇവിടേക്ക് ഞാൻ വല്ലപ്പോഴുമേ വരാറുള്ളൂ. ഒരു വാരാന്ത്യസന്ദർശനം. അപ്പോഴാണത് കണ്ടത്. കരിയിലകൾക്കിടയിൽ ഒരു സ്ത്രീയുടെ ജഢം. അതെങ്ങനെ അവിടെ വന്നു? ആരു കൊണ്ടിട്ടു? എന്തിനു കൊണ്ടിട്ടു?. ഒരുപാട് ചോദ്യങ്ങൾ വന്നു. അതൊക്കെ പോലീസുകാരുടെ ജോലികളാണ്‌. ഞാൻ ഉടനെ തന്നെ വിവരമറിയിച്ചു. അവർ നായയെ കൊണ്ടു വന്നു മണപ്പിച്ചു. നായ അവിടെല്ലാം കിടന്നു കറങ്ങി പിന്നീട് റോഡ് വരെ ഓടി. പിന്നെ വഴിയറിയാതെ നിന്നു. ജഢം ഏതോ വാഹനത്തിലാവും കൊണ്ടു വന്നതെന്നാണ്‌ പ്രാഥമിക നിഗമനം. എന്നാലും എന്തിനിവിടെ? എന്റെ പറമ്പിൽ തന്നെ?. ആർക്കാണ്‌ എന്നോടിത്രയും വൈരാഗ്യം?. ഞാനെന്റെ ശത്രുക്കളുടെ പട്ടിക തയ്യാറാക്കി. എല്ലാരെയും നിരത്തി വെച്ചു. അപ്പൊഴാണൊരു കാര്യം വ്യക്തമായത്. എനിക്കവരൊക്കെ ശത്രുക്കൾ തന്നെ. പക്ഷെ അവർക്ക് ഞാനൊരു ശത്രുവാണോ എന്നെനിക്കുറപ്പിച്ച് പറയാനാവില്ല.

പോലീസ് മൃതശരീരപരിശോധന ആരംഭിച്ചു. ചിലപ്പോൾ പോസ്റ്റ്മോർട്ടം കൂടി ഇവിടെ വെച്ചു തന്നെ ചെയ്തേക്കും. സ്ത്രീയുടെ മുറുക്കെപിടിച്ച മുഷ്ടിക്കുള്ളിൽ നിന്നു ഒരു ചെറിയ ബട്ടൺ കിട്ടിയതായി പോലീസുദ്യോഗസ്ഥൻ പറഞ്ഞു. അയാൾ എന്റെ സുഹൃത്താണ്‌. എന്നെ ആ ബട്ടൺ കാണിച്ചു തന്നു. ഇളം നീലനിറമുള്ള ബട്ടൺ. ആ ബട്ടൺ കണ്ട ശേഷമാണ്‌ ഞാൻ വിയർത്തു തുടങ്ങിയത്. നാശം! അതെങ്ങനെയാണവളുടെ കൈയ്യിലെത്തിയതെന്ന് ഒരു പിടിയും കിട്ടുന്നില്ല. തലേന്ന് അതിന്റെ നൂലിളകിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടതാണ്‌. ഒരു ചെറിയ അലസത കാരണം പിന്നീടാകാം എന്നു വിചാരിച്ചത് എന്റെ പിഴ. അപ്പപ്പോൾ ചെയ്യേണ്ടത് അപ്പപ്പോൾ ചെയ്യണം എന്ന് പൂർവ്വികർ പറഞ്ഞത് എത്ര ശരിയാണ്‌. ഇപ്പോഴെന്റെ ആലോചന ആ പഴയ ഷർട്ട് എങ്ങനെ ഇല്ലാതാക്കാം എന്നതാണ്‌.
Post a Comment

Monday, 23 January 2017

സുഹൃത്തിന്റെ പൂച്ച


സന്ധ്യ കഴിഞ്ഞാണ്‌ ഞാനവനെ കാണുവാൻ പോയത്.
അവസാനമായി കാണുവാൻ.
അവൻ അനക്കമില്ലാതെ വെളുത്ത തുണിയിൽ കിടക്കുന്നത് കണ്ടു.
ശാന്തമായ മുഖം. ദീർഘനിദ്രയിലെന്നേ തോന്നൂ.
മുറിക്കുള്ളിൽ പലരുടേയും നിലവിളികളും കരച്ചിലുകളും തങ്ങിനിൽപ്പുണ്ടായിരുന്നു അപ്പോഴും.
എന്നെ കടന്ന് ഒരാൾ മുറിക്കകത്തേക്ക് പോകുന്നത് കണ്ടു.
അയാൾക്ക് എന്റെ സുഹൃത്തിന്റെ ഛായയായിരുന്നു.
ഞാൻ അയാളെ തന്നെ നോക്കി നിന്നു.
സത്യത്തിൽ ഞാനെന്റെ ഉറങ്ങുന്ന സുഹൃത്തിനെ നോക്കുവാൻ കൂടി മറന്നു.
അയാൾ തങ്ങി നിന്നിരുന്ന നിലവിളികൾ ശ്രവിക്കുകയായിരുന്നു, സശ്രദ്ധം.
ഒരു പൂച്ചയുടെ കരച്ചിൽ അയാൾ പലതവണ ശ്രവിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
അയാൾ ഒരു പരിചിതനെ പോലെ അകത്തേമുറിയിലേക്ക് നടന്നു പോയി.
ഞാൻ വാതിക്കലിൽ നിന്നും കണ്ണെടുത്തതേയില്ല.
അല്പനേരം കഴിഞ്ഞയാൾ തിരിച്ചു വരുന്നത് കണ്ടു.
ആരേയും നോക്കാതെ എന്നേയും കടന്ന് പുറത്തേക്ക് പോയി.
അപ്പോൾ ഞാൻ കണ്ടു, അയാൾക്കൊപ്പം എന്റെ സുഹൃത്തിന്റെ പൂച്ചയെ.
അയാളുടെ കാലിനോട് ചേർന്ന്, വാലുരുമ്മി അത് നടന്നു പോയി.
ഇരുട്ടിലൂടെ അവരിരുവരും നടന്നു പോയി.
അതിനു ശേഷമിന്നുവരെ ആരും ആ പൂച്ചയെ കണ്ടിട്ടില്ല.


Post a Comment

Thursday, 19 January 2017

ഉറവ തേടി


ഉത്തരേന്ത്യയിൽ അവധിക്കാലമാസ്വദിക്കുവാൻ വന്ന വിദേശികൾക്ക് മരുഭൂമിയിലെ കാഴ്ച്ചകൾ പുതുമയുള്ളതായിരുന്നു. ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസം, മരുഭൂമിയിലൂടെ ഒട്ടകപ്പുറത്തിരുന്ന് യാത്ര, ചരിത്രയുദ്ധങ്ങൾക്ക് സാക്ഷിയായ ചില പഴയ കോട്ടകളിലേക്കുള്ള സന്ദർശനം, രാത്രി ചില കലാപരിപാടികൾ. ഇവയൊക്കെയും അവരുടെ ടൂർപാക്കേജിൽ ഉൾപ്പെടുത്തിയിരുന്നു. ഇത്രയും കുറഞ്ഞ ചിലവിൽ ഇത്രയും ആസ്വദിക്കാനാവുക! അവർ അന്യോന്യം അതേക്കുറിച്ച് പറഞ്ഞു. തിരികെ ചെല്ലുമ്പോൾ ഇവിടുത്തെ കാഴ്ചകളെ കുറിച്ച് എഴുതണം, പറയണം, എടുത്ത ഫോട്ടോകൾ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. എല്ലാം ഇപ്പോഴെ അവരിൽ ചിലർ തീരുമാനിച്ചു കഴിഞ്ഞു.

ടൂർ ഗൈഡ് അവരെ മരുഭൂമിയ്ക്കരികിലുള്ള ഗ്രാമങ്ങളിലൂടെ വാഹനത്തിൽ കൊണ്ടു പോയി. അംബരചുംബികളായ കെട്ടിടങ്ങൾ അവരെ ആകർഷിക്കുകയില്ല. മൺമതിലുകളും, ഓലമേഞ്ഞ വീടുകളും, ആഴമേറിയ കിണറുകളും, അനവധി ആഭരണങ്ങളണിഞ്ഞ സ്ത്രീകളും..ഇതൊക്കെയാണ്‌ പുതിയ കാഴ്ച്ചവസ്തുക്കൾ. ഒരാഴ്ച്ച മുൻപ് അവർ മുംബൈയിലെ ചേരികളിലൂടെ യാത്ര ചെയ്തിരുന്നു. അതൊക്കെയും പലവിധ പാക്കേജുകളാണ്‌. അവർ ചേരികൾ കണ്ടിട്ടുണ്ടായിരുന്നില്ല. അത്രയധികം ആളുകൾ, അത്രയധികം വൃത്തിഹീനമായ ചുറ്റുപാടുകളിൽ, അത്രയും ഇടുങ്ങിയ മുറികൾക്കുള്ളിൽ താമസിക്കുന്നത് അവർക്ക് പുതുക്കാഴ്ച്ചയായിരുന്നു. അതൊക്കെയും നേരിൽ കാണാനാണ്‌ അവർ വന്നിരിക്കുന്നത്. അതൊക്കെയും കാണിച്ചു കൊടുക്കാനാണ്‌ ഗൈഡുകളെ നിയോഗിച്ചിരിക്കുന്നത്. അതിനാണവർ കാശ് കൊടുത്തിരിക്കുന്നത്.
ഒട്ടകപ്പുറത്തിരുന്നു യാത്ര ചെയ്യുക - ഇതാണ്‌ ഇന്നത്തെ കാര്യപരിപാടികളിൽ ആദ്യത്തേത്. എല്ലൂന്തിയ ഗ്രാമവഴികളിലൂടെ പൊടിപറത്തി അവരെയും വഹിച്ചു കൊണ്ട് വാഹനം പാഞ്ഞു പോയി. പുറത്തെ തീ വെയിലിലേക്ക് സഞ്ചാരികൾ കൂളിംഗ്ലാസ്സ് വെച്ച് കൗതുകത്തോടെ നോക്കിയിരുന്നു. ഇടയ്ക്കൊന്നു വാഹനം നിർത്തി പുറത്തിറങ്ങിയപ്പോഴാണവർ ചൂടിന്റെ ഉഗ്രത ശരിക്കുമറിഞ്ഞത്. അല്പനേരം കൊണ്ടു തന്നെ ചൂടിൽ പലരുടേയും മുഖവും കൈകളും വിയർപ്പ്പാട കൊണ്ട് നനഞ്ഞു. മിനറൽ വാട്ടർ നിറച്ച പ്ലാസ്റ്റിക് ബോട്ടിലുകൾ എല്ലാവരുടേയും കൈവശമുണ്ട്. പലരും കുപ്പി തുറന്ന് കുടിക്കാൻ തുടങ്ങി. ചുടുകാറ്റ് വീശിയപ്പോൾൻ പൊടി പാറി പലരുടെയും കണ്ണിൽ വീണു. കൂളിംഗ്ലാസ് വെച്ച് കണ്ണുകൾ മാത്രം പുറത്ത് കാണുംവിധം മുഖം വലിയ ഷാളുകൾ കൊണ്ട് മറച്ചത് ചിലർക്ക് രക്ഷയായി. ഏ സി യുള്ള വാഹനത്തിനുള്ളിൽ തിരികെ കയറിയപ്പോൾ അവർക്കെല്ലാവർക്കും ആശ്വാസമായി. അവർ വീണ്ടും യാത്ര തുടർന്നു. അല്പദൂരം കഴിഞ്ഞപ്പോൾ ദൂരെ നിരനിരയായി നടന്നു പോകുന്ന സ്ത്രീകളിലായി സഞ്ചാരികളുടെ ശ്രദ്ധ. തലവഴി തുണി കൊണ്ട് മൂടി, ഉച്ചിയിൽവെച്ച വലിയ മൺപാത്രങ്ങളുമായി പോകുന്ന സ്ത്രീകൾ. വിദേശിയർ ഗൈഡിനോട് ഇവർ എവിടേക്കാണ്‌ പോകുന്നതെന്ന് ചോദിച്ചു.
‘അവർ ദൂരെ വെള്ളം ശേഖരിക്കാൻ പോകുന്നവരാണ്‌’
‘എത്ര ദൂരം?’
‘അതു എട്ടു പത്തു കിലോമീറ്ററുകൾ നടന്നു പോകേണ്ടി വരും..ചിലർ രാവിലെ പോയാൽ വൈകുന്നേരമേ വരൂ’
വിദേശികൾ പരസ്പരം നോക്കി.
തലയിൽ ഒന്നിനു മുകളിൽ ഒന്നെന്ന മട്ടിൽ മൂന്നും നാലും കുടങ്ങൾ. ചിലർ കൈകളിലും കുടങ്ങൾ പിടിച്ചിട്ടുണ്ട്. കുട്ടികളും അവരുടെ കൂട്ടത്തിലുണ്ട്. ഉച്ചവെയിലിൽ അവർ മണലിലൂടെ നടന്നു പോകുന്നത് ചിലർ ഫോട്ടോ എടുത്തു. മണൽ തിളയ്ക്കുന്നുണ്ട്. സ്ഫടികഉടലുകളുള്ള സർപ്പങ്ങൾ ആകാശത്തേക്ക് പുളഞ്ഞുകയറി പോകുന്നത് പോലെയുണ്ട്. ഇളകിയാടുന്ന കാഴ്ച്ചകൾ.
‘കുറച്ചു കൂടി അടുത്തേക്ക് പോകാമോ?’ വാഹനത്തിലിരുന്ന ഒരാൾ അപേക്ഷാസ്വരത്തിൽ ചോദിച്ചു.
എങ്കിൽ അവരെ നന്നായി കാണാമായിരുന്നു. അവർക്കൊപ്പം ചില ഫോട്ടോകളും എടുക്കാമായിരുന്നു.
‘അതിനെന്താ?’ ഗൈഡ് വാഹനം അവർക്കടുത്തേക്ക് ഓടിക്കാൻ നിർദ്ദേശം നല്കി.
വിദേശികളുമായി വാഹനം വരുന്നത് കണ്ട് കൂട്ടമായി പോയ്ക്കൊണ്ടിരുന്ന സ്ത്രീകൾ നിന്നു. അവരിൽ ചിലർ മുഖം മറച്ചു. അവരുടെ കരിയെഴുതിയ കണ്ണുകൾ മാത്രം പുറത്ത് കാണാം. സ്ത്രീകൾ വെള്ളികൊണ്ടുള്ള ആഭരണങ്ങൾ ധരിച്ചിരുന്നു. അവരുടെ വസ്ത്രങ്ങൾ പലനിറത്തിലുള്ള തുണിക്കഷ്ണങ്ങളും, കണ്ണാടിച്ചില്ലുകളും, ചിത്രപണികളും കൊണ്ടലങ്കരിച്ചിട്ടുണ്ട്. കറുപ്പും ചുവപ്പും നിറമുള്ള ഇറുക്കമുള്ള വസ്ത്രങ്ങൾ. കൈകളിൽ ധാരാളം വെള്ളിനിറമുള്ള വളകൾ. നെറ്റിയിലേക്ക് നീണ്ടുകിടക്കുന്ന ആഭരണങ്ങൾ. ചിലർ മൂക്കുത്തി അണിഞ്ഞിട്ടുണ്ട്. മൺകലങ്ങളിൽ കൂടി ചിത്രപ്പണികളുണ്ടെന്നുള്ളത് ചിലർ ശ്രദ്ധിച്ചു.
‘ഫോട്ടോ എടുക്കാമോ?’ ചിലർ ഗൈഡിനോട് ചോദിച്ചു.
‘വൈ നോട്ട്?’
ചിലർ അടുത്ത് ചെന്നു നിന്നു ഫോട്ടോ എടുത്തു. ചിലർ സെൽഫോണിൽ സെൽഫികളെടുത്തു.
കുടവുമായി നടക്കുന്ന സ്ത്രീകളുടെ മുഖം അപ്പോഴാണ്‌ ചിലർ കണ്ടത്, ചൂടേറ്റ് തൊലിയടർന്ന മുഖങ്ങൾ. സൂക്ഷിച്ചു നോക്കുന്നത് കണ്ട് സ്ത്രീകൾ മുഖം മറച്ചു. അവരോടൊപ്പമുള്ള കുട്ടികളുടെ കണ്ണുകളിലും കൗതുകമില്ലായിരുന്നു. പറന്നു പാറിയ ചെമ്പൻ മുടി വശങ്ങളിലേക്കൊതുക്കി വെച്ച് കുട്ടികൾ സഞ്ചാരികളെ കണ്ണിമയ്ക്കാതെ നോക്കി നിന്നു. ഒരു പക്ഷെ വർഷത്തിൽ പലതവണ ഇതു പോലുള്ള സഞ്ചാരികളെ അവർ കണ്ടുമുട്ടുന്നുണ്ടാവും.
‘പോകാം?. ധാരാളം സ്ഥലങ്ങൾ കാണുവാനുണ്ട്’ ഗൈഡ് മര്യാദ നിറഞ്ഞ സ്വരത്തിൽ ഓർമ്മിപ്പിച്ചു.
സഞ്ചാരികൾ സ്ത്രീകളുടെ നേർക്ക് കൈ വീശി കാണിച്ചു കൊണ്ട് നടന്നു. ചിലർ എന്തോ ഓർത്ത പോലെ തിരിഞ്ഞു നിന്നിട്ട് സ്ത്രീകളുടെ കൂട്ടത്തിനു നേർക്ക് നടന്നു. പേഴ്സിനുള്ളിൽ നിന്നും ചിലർ നോട്ടുകളെടുത്തു. ചിലർ നാണയങ്ങളും.
‘ഇവർക്ക് ഇത് എവിടെ ചിലവാക്കാൻ പറ്റും?’
‘അതൊക്കെ ഇവർ എവിടെയെങ്കിലും കൊടുത്ത് മാറ്റി കൊള്ളും’
അവർ തമ്മിൽ പറഞ്ഞു.
എന്നാൽ നാണയങ്ങളോ നോട്ടുകളോ സ്വീകരിക്കാൻ സ്ത്രീകൾ മടിച്ചു.
‘ടേക്ക് ഇറ്റ് ..ടേക്ക് ഇറ്റ്’ വിദേശികൾ നിർബന്ധിച്ചു.
സ്ത്രീകൾ അപ്പോൾ സഞ്ചാരികളുടെ സഞ്ചിയിലേക്ക് കൈചൂണ്ടി.
‘ഇവർക്ക് നമ്മുടെ ബാഗ് വേണമെന്നാണൊ?’ വിദേശികളിൽ ഒരാൾ തമാശരൂപേണ പറഞ്ഞു.
സ്ത്രീകൾ ബാഗിനുള്ളിലേക്ക് തന്നെ വിരൽചൂണ്ടി നിന്നു.
‘ദിസ്?’ എന്നു ആശ്ചര്യത്തോടെ വിദേശി ബാഗിനുള്ളിൽ നിന്നും സ്ത്രീ ചൂണ്ടിക്കാണിച്ച വസ്തു എടുത്തു. അതൊരു മിനറൽ വാട്ടറിന്റെ ബോട്ടിലായിരുന്നു. സഞ്ചാരികൾ ബോട്ടിലുകൾ സ്ത്രീകളുടെ നേർക്ക് നീട്ടിപ്പിടിച്ചു. സ്ത്രീകളോടൊപ്പമുണ്ടായിരുന്ന കുട്ടികൾ മുന്നോട്ട് വന്ന് ബോട്ടിലുകൾ വാങ്ങി തിരിഞ്ഞു നടന്നു. ‘ഷാൽ വീ ഗോ?’ പിറകെ ഗൈഡിന്റെ ശബ്ദം കേട്ടപ്പോൾ സഞ്ചാരികൾ ഒന്നും പറയാതെ തിരിഞ്ഞ് വാഹനത്തിനു നേർക്ക് പതിയെ നടന്നു. സ്ത്രീകൾ തീവെയിലിലൂടെ വീണ്ടും നടന്നു തുടങ്ങി. വാഹനം നീങ്ങി. സഞ്ചാരികൾ കൂളിംഗ്ലാസ്സിലൂടെ സ്ത്രീകൾ കൂട്ടം കൂട്ടമായി മണലിലൂടെ നടന്നു പോകുന്നത് നിശ്ശബ്ദരായി നോക്കിയിരുന്നു.

Post a Comment

Monday, 2 January 2017

അതിർത്തികളില്ലാതെ


അയാൾ വരാന്തയിലിരുന്നു പത്രം വായിക്കുകയായിരുന്നു. അടുത്തായി ഏതോ പുസ്തകം വായിച്ചു കൊണ്ട് മകളും.
‘പാക്കിസ്താനിലേക്ക് പറഞ്ഞയക്കണം’. വിവാദമായ പരാമർശത്തേക്കുറിച്ചും അതേച്ചൊല്ലി സാംസ്കാരികനായകന്മാരുടെ അഭിപ്രായങ്ങളും നിറഞ്ഞ വാർത്തകൾ മൗനമായി വായിക്കുന്നതിനു നടുവിലേക്കാണ്‌ മകളുടെ സംശയം കയറി വന്നത്.
‘അച്ഛാ, ഈ ഹിന്ദു എന്നു പറയുന്നവര്‌ ആരാ?’
അച്ഛൻ പത്രം മടക്കി മകളുടെ നേർക്ക് നോക്കിയിരുന്നു. മതം എന്ന വാക്ക് പോലും വീടിന്റെ പടിക്കകത്ത് കയറ്റരുത് എന്ന നിർബന്ധബുദ്ധിയുള്ള അയാൾ മറ്റൊരു രീതിയിൽ മകളുടെ സംശയം നിവർത്തിക്കാൻ തീരുമാനിച്ചു.
‘മോളെ, സിന്ധു എന്നൊരു നദിയുണ്ട്. അതിന്റെ കരേല്‌ പണ്ട് കൃഷിചെയ്തും മറ്റും ജീവിച്ചിരുന്നവരെയാണ്‌ ഹിന്ദുക്കൾ എന്നു വിളിച്ചു തുടങ്ങിയത്. കൃഷിക്ക് ഇഷ്ടം പോലെ വെള്ളം കിട്ടുമായിരുന്നത് കൊണ്ട് അവരവിടെ സുഖമായി ജീവിച്ചു’.
മറുപടി പറഞ്ഞുകഴിഞ്ഞപ്പോൾ അയാൾക്ക് സ്വന്തം വിജ്ഞാനത്തിലും വിഷം പുരളാത്ത മറുപടി കൊടുക്കാൻ കഴിഞ്ഞതിലും  അഭിമാനം തോന്നി. വീണ്ടും പത്രത്തിന്റെ വലിയ താളുകൾക്കിടയിലേക്ക് മുഖം പൂഴ്ത്തി വായന തുടങ്ങി.
ഒരു നിമിഷം എന്തോ ആലോചിച്ച മകൾ പുസ്തകത്തിൽ നിന്നും കണ്ണെടുക്കാതെ അടുത്ത ചോദ്യമെറിഞ്ഞു.
‘അച്ഛാ..ആ നദിയില്ലെ?..അതെവിടെയാണച്ഛാ?‘
മകളുടെ സംശയങ്ങൾ നൂലു പിടിച്ച പോലെ വരുന്നത് കണ്ട് അച്ഛനു സന്തോഷമായി. അയാൾ ഓർമ്മകളുടെ ഏടുകൾക്കിടയിൽ നിന്നും മുൻപ് വായിച്ചതൊക്കെയും വേഗത്തിൽ തിരെഞ്ഞെടുത്തു.
’മോളെ, ആ നദി ടിബറ്റ് എന്ന സ്ഥലത്ത് നിന്നും തുടങ്ങി, കാശ്മീരു വഴി ഒഴുകി പിന്നീട് പാക്കിസ്താനിലൂടെ അറബിക്കടലിൽ ചെന്നു ചേരും‘.
മറുപടി കേട്ട് തൃപ്തിയോടെ മകൾ പുസ്തകവായന തുടർന്നു.
അയാൾ ടിബറ്റിനേക്കുറിച്ചും, കാശ്മീരിനെ കുറിച്ചും, പാക്കിസ്താനെ കുറിച്ചും, അറബിക്കടലിനെ കുറിച്ചും പറയാൻ തയ്യാറെടുത്തു. അവൾ ചോദിക്കുന്നതും ഉടൻ പറയണം. അച്ഛനു അറിഞ്ഞു കൂടാത്ത വിഷയങ്ങളില്ല എന്ന് മകളറിയട്ടെ. അയാൾ മകളുടെ അടുത്ത ചോദ്യത്തിനായി മുഖം തിരിച്ചു.
’അച്ഛാ..അപ്പോ ശരിക്കും ഈ ഹിന്ദുക്കള്‌ ടിബറ്റീറ്റും കാശ്മീരിന്നും പാക്കിസ്താനീന്നും വന്നവരാ അല്ലെ?‘
മുറ്റത്തെ മരക്കൊമ്പിൽ നിന്നും ചില പക്ഷികൾ ചിറകടിച്ചുയർന്നു. അച്ഛൻ പത്രത്തിൽ മുറുക്കെ പിടിച്ചു. എന്താണ്‌ മകൾക്ക് മറുപടി കൊടുക്കേണ്ടത്?. ഉത്തരത്തിനായി പരതവെ ഉള്ളിൽ നിന്നും മറ്റൊരു ചോദ്യം മുളച്ചുയരുന്നതറിഞ്ഞു. ശരിക്കും ആര്‌ ആരെയാണ്‌ എവിടേക്കാണ്‌ പറഞ്ഞയക്കേണ്ടത്?. അകലെ അതിർത്തികളില്ലാത്ത ആകാശത്തു കൂടി പറന്നു പോകുന്ന പക്ഷിക്കൂട്ടങ്ങളെ കണ്ണെടുക്കാതെ നോക്കിയിരിക്കുമ്പോൾ അയാൾ ഒരു ചോദ്യം സ്വയം ചോദിച്ചു. അതിർത്തികളില്ലാത്ത പ്രപഞ്ചത്തിന്റെ ഒരു ഭാഗമാണ്‌ മനുഷ്യനും എന്നാരാണ്‌ മുൻപ് പറഞ്ഞത്?.

Post a Comment