Please use Firefox Browser for a good reading experience

Monday 2 January 2017

അതിർത്തികളില്ലാതെ


അയാൾ വരാന്തയിലിരുന്നു പത്രം വായിക്കുകയായിരുന്നു. അടുത്തായി ഏതോ പുസ്തകം വായിച്ചു കൊണ്ട് മകളും.
‘പാക്കിസ്താനിലേക്ക് പറഞ്ഞയക്കണം’. വിവാദമായ പരാമർശത്തേക്കുറിച്ചും അതേച്ചൊല്ലി സാംസ്കാരികനായകന്മാരുടെ അഭിപ്രായങ്ങളും നിറഞ്ഞ വാർത്തകൾ മൗനമായി വായിക്കുന്നതിനു നടുവിലേക്കാണ്‌ മകളുടെ സംശയം കയറി വന്നത്.
‘അച്ഛാ, ഈ ഹിന്ദു എന്നു പറയുന്നവര്‌ ആരാ?’
അച്ഛൻ പത്രം മടക്കി മകളുടെ നേർക്ക് നോക്കിയിരുന്നു. മതം എന്ന വാക്ക് പോലും വീടിന്റെ പടിക്കകത്ത് കയറ്റരുത് എന്ന നിർബന്ധബുദ്ധിയുള്ള അയാൾ മറ്റൊരു രീതിയിൽ മകളുടെ സംശയം നിവർത്തിക്കാൻ തീരുമാനിച്ചു.
‘മോളെ, സിന്ധു എന്നൊരു നദിയുണ്ട്. അതിന്റെ കരേല്‌ പണ്ട് കൃഷിചെയ്തും മറ്റും ജീവിച്ചിരുന്നവരെയാണ്‌ ഹിന്ദുക്കൾ എന്നു വിളിച്ചു തുടങ്ങിയത്. കൃഷിക്ക് ഇഷ്ടം പോലെ വെള്ളം കിട്ടുമായിരുന്നത് കൊണ്ട് അവരവിടെ സുഖമായി ജീവിച്ചു’.
മറുപടി പറഞ്ഞുകഴിഞ്ഞപ്പോൾ അയാൾക്ക് സ്വന്തം വിജ്ഞാനത്തിലും വിഷം പുരളാത്ത മറുപടി കൊടുക്കാൻ കഴിഞ്ഞതിലും  അഭിമാനം തോന്നി. വീണ്ടും പത്രത്തിന്റെ വലിയ താളുകൾക്കിടയിലേക്ക് മുഖം പൂഴ്ത്തി വായന തുടങ്ങി.
ഒരു നിമിഷം എന്തോ ആലോചിച്ച മകൾ പുസ്തകത്തിൽ നിന്നും കണ്ണെടുക്കാതെ അടുത്ത ചോദ്യമെറിഞ്ഞു.
‘അച്ഛാ..ആ നദിയില്ലെ?..അതെവിടെയാണച്ഛാ?‘
മകളുടെ സംശയങ്ങൾ നൂലു പിടിച്ച പോലെ വരുന്നത് കണ്ട് അച്ഛനു സന്തോഷമായി. അയാൾ ഓർമ്മകളുടെ ഏടുകൾക്കിടയിൽ നിന്നും മുൻപ് വായിച്ചതൊക്കെയും വേഗത്തിൽ തിരെഞ്ഞെടുത്തു.
’മോളെ, ആ നദി ടിബറ്റ് എന്ന സ്ഥലത്ത് നിന്നും തുടങ്ങി, കാശ്മീരു വഴി ഒഴുകി പിന്നീട് പാക്കിസ്താനിലൂടെ അറബിക്കടലിൽ ചെന്നു ചേരും‘.
മറുപടി കേട്ട് തൃപ്തിയോടെ മകൾ പുസ്തകവായന തുടർന്നു.
അയാൾ ടിബറ്റിനേക്കുറിച്ചും, കാശ്മീരിനെ കുറിച്ചും, പാക്കിസ്താനെ കുറിച്ചും, അറബിക്കടലിനെ കുറിച്ചും പറയാൻ തയ്യാറെടുത്തു. അവൾ ചോദിക്കുന്നതും ഉടൻ പറയണം. അച്ഛനു അറിഞ്ഞു കൂടാത്ത വിഷയങ്ങളില്ല എന്ന് മകളറിയട്ടെ. അയാൾ മകളുടെ അടുത്ത ചോദ്യത്തിനായി മുഖം തിരിച്ചു.
’അച്ഛാ..അപ്പോ ശരിക്കും ഈ ഹിന്ദുക്കള്‌ ടിബറ്റീറ്റും കാശ്മീരിന്നും പാക്കിസ്താനീന്നും വന്നവരാ അല്ലെ?‘
മുറ്റത്തെ മരക്കൊമ്പിൽ നിന്നും ചില പക്ഷികൾ ചിറകടിച്ചുയർന്നു. അച്ഛൻ പത്രത്തിൽ മുറുക്കെ പിടിച്ചു. എന്താണ്‌ മകൾക്ക് മറുപടി കൊടുക്കേണ്ടത്?. ഉത്തരത്തിനായി പരതവെ ഉള്ളിൽ നിന്നും മറ്റൊരു ചോദ്യം മുളച്ചുയരുന്നതറിഞ്ഞു. ശരിക്കും ആര്‌ ആരെയാണ്‌ എവിടേക്കാണ്‌ പറഞ്ഞയക്കേണ്ടത്?. അകലെ അതിർത്തികളില്ലാത്ത ആകാശത്തു കൂടി പറന്നു പോകുന്ന പക്ഷിക്കൂട്ടങ്ങളെ കണ്ണെടുക്കാതെ നോക്കിയിരിക്കുമ്പോൾ അയാൾ ഒരു ചോദ്യം സ്വയം ചോദിച്ചു. അതിർത്തികളില്ലാത്ത പ്രപഞ്ചത്തിന്റെ ഒരു ഭാഗമാണ്‌ മനുഷ്യനും എന്നാരാണ്‌ മുൻപ് പറഞ്ഞത്?.

Post a Comment

2 comments:

  1. അന്തർദ്ദേശീയമായി ആഗോളപരമായി
    മനുഷ്യ വംശം മുഴുവൻഒരൊറ്റ ജനത (ഗ്ലോബൽ സിറ്റിസൺസ് )
    എന്നായിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ , ഭൂപടത്തിലെ വരകൾക്കനുസരിച്ച്,
    ദേശീയപരമായും , പ്രാദേശികമായും , ഭാഷാടിസ്ഥാനത്തിലും ഉൾവലിഞ്ഞ് മത -ജാതിയത
    കളിലേക്ക് വരെ ചുരുങ്ങി ചുരുങ്ങി പോകുന്ന മനുഷ്യാതിർത്തികൾ

    ReplyDelete
  2. മനുഷ്യരില്ല ഇന്ന്. നല്ല കുറിപ്പ്.

    ReplyDelete