Thursday, 17 November 2016

മഴ, യാത്ര, തുമ്പി

മഴ

ഒരു തുള്ളി വെള്ളം കാറിന്റെ ഗ്ലാസ്സിൽ വന്നു വീണത് അയാൾ ശ്രദ്ധിച്ചു. നോക്കി നില്ക്കെ അത് പെരുകി തുടങ്ങി. രണ്ട്..മൂന്ന്..നാല്‌..ഇന്നത്തെ ഔട്ട്ഡോർ വിസിറ്റ് ആകെ കുഴഞ്ഞു മറിയും. നാശം. അയാൾ ശപിച്ചു.

അവൾ കാതോർത്തു. നേരത്തെ ഒരു മൂടിക്കെട്ടലുണ്ടായിരുന്നതാണ്‌. ഇത്ര വേഗം?. സംശയം തീർക്കാൻ പുറത്തേക്ക് കണ്ണു നീട്ടുമ്പോൾ കണ്ടു, മതിലിൽ ചെറിയമഴവൃത്തങ്ങൾ തെളിയുന്നത്. കാണക്കാണെ വൃത്തങ്ങളുടെ ആകൃതി നഷ്ടപ്പെട്ടു തുടങ്ങി. അവൾ പടികൾ അതിവേഗം ഓടിക്കയറാൻ തുടങ്ങി. തുണികളെല്ലാമൊന്നുണങ്ങി വരുവായിരുന്നു..നാശം..അവൾ ശപിച്ചു.

മുറ്റത്ത് പുളിമരത്തിനു താഴെ മതിലിനരികിലായി ഒരു കുഞ്ഞു പാഴ്ച്ചെടി മാനം നോക്കി നില്ക്കുകയായിരുന്നു. അവൻ നീട്ടിപ്പിടിച്ച രണ്ടു കൈയ്യിലും ഒരോ തുള്ളി വന്നു വീണു. താമസിയാതെ ഉടൽ മുഴുവനും നനഞ്ഞു. കൈയ്യിട്ടടിച്ച് അവൻ ആഹ്ലാദം പ്രകടിപ്പിച്ചു. വൃദ്ധനായ പുളിമരം അവന്റെ ആഹ്ലാദം കണ്ടു ഇലകളിളക്കി. പറഞ്ഞില്ലെ ഇന്നുണ്ടാവുമെന്ന്?. കുഞ്ഞു ചെടിക്ക് തൊടി മുഴുവൻ ഓടണമെന്നും ചാടിത്തുള്ളണമെന്നുമുണ്ടായിരുന്നു. പക്ഷെ എന്തു ചെയ്യാം? വേരുകൾ സമ്മതിക്കണ്ടെ?. ഇരു കൈകളും നീട്ടിപ്പിടിച്ച് ഇളകിചിരിച്ചു കൊണ്ടേയിരുന്നു അവൻ. കൂടെ വൃദ്ധനായ വലിയ ആ പുളിമരവും.


യാത്ര

അവൻ തോളിൽ സഞ്ചിയും തൂക്കി നടന്നു പോവുകയാണ്‌. സ്കൂളിലെത്താൻ ഇനിയും സമയം ധാരാളം. വഴിയിൽ കണ്ട ഒരു വെള്ളയ്ക്ക അവൻ വലതു കാലു കൊണ്ട് തട്ടിത്തെറിപ്പിച്ചു. അതുരുണ്ട് കുറച്ച് ദൂരം ചെന്ന് വീണ്‌ അവനെ നോക്കി നിന്നു. അവൻ ഒന്നോടി ചെന്ന് അതിനെ വീണ്ടും ചവിട്ടി തെറിപ്പിച്ചു. അപ്പോഴാണ്‌ മണ്ണിലെന്തോ മിന്നുന്നത് കണ്ടത്. ചെന്നെടുത്ത് നോക്കി. ഒരു മിഠായിത്തോല്‌!. അവനത് കണ്ണിനോട് ചേർത്ത് വെച്ച് നോക്കി. നീല നിറമുള്ള സൂര്യൻ!. ഇരുണ്ട ആകാശം. അതുമായി നടക്കുമ്പോഴാണ്‌ ഒരപ്പൂപ്പൻ താടി പറന്നു വന്നത്. അതിനെ ഊതിയൂതി ആകാശത്തെത്തിക്കാനാവും വിധം ശ്രമിച്ചു. അപ്പോഴാണ്‌ ‘ബ്ളും’ എന്ന ശബ്ദം കേട്ടത്. അവൻ ചെന്ന് നോക്കി. മാനത്തുകണ്ണികൾ വെറുതെ ചുറ്റിത്തിരിയുന്നു. എവിടുന്നാ ആ ശബ്ദം?. ശബ്ദത്തിന്റെ ഉറവിടം കാണാൻ കഴിയുന്നില്ല. അവൻ ഒരു ചെറിയ കല്ലെടുത്ത് വെള്ളത്തിലെറിഞ്ഞു. ജലത്തിൽ കല്ലൊരു വൃത്തം വരച്ചു താഴേക്ക് മറഞ്ഞു. പിന്നീട് അതിനു ചുറ്റുമായി വലിയ വലിയ വൃത്തങ്ങൾ തെളിഞ്ഞു വന്നു. വൃത്തങ്ങൾ വളരുന്നത് നോക്കി അവൻ നിന്നു. അപ്പോഴാണ്‌ സ്കൂളിലെ കാര്യമോർത്തത്. വടക്ക് ഭാഗത്തെ മതിലിനരികിലെ പേരമരത്തിൽ ഒരെണ്ണം നോക്കി വെച്ചിരുന്നതാണല്ലോ. മറന്നു പോയി. അതു വല്ല അണ്ണാനും?. അവൻ വേഗത്തിൽ നടക്കാൻ തുടങ്ങി.

കാറിൽ സഞ്ചരിക്കുമ്പോൾ അയാളവനെ കാണുകയായിരുന്നു. അവനു അയാളുടെ ഛായയുണ്ടായിരുന്നു. അവൻ എണ്ണ തേച്ച മുടി ഒരു വശത്തേക്ക് കോതി വെച്ചിരുന്നു. അയാൾ കറുത്ത ചായം പുരട്ടി തന്റെ നേർത്തു വെളുത്ത മുടിയിഴകൾ മറച്ചിട്ടുണ്ടായിരുന്നു. അവൻ അയാളായിരുന്നു.


തുമ്പി 


ഉച്ചയുറക്കത്തിനിടയിലാണ്‌ കൊച്ചുനജീം വന്ന് അയാളെ കുലുക്കിയുണർത്തിയത്. അറബിനാട്ടിൽനിന്നു വന്നിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ. മാർബിൾ പാകിയ പുതിയ വീട്ടിൽ അയാൾ ആശ്വാസപൂർവ്വം, അഭിമാനപൂർവ്വം കിടന്നുറങ്ങുകയായിരുന്നു.
‘വാപ്പാ, വാപ്പാ, ഇതു നോക്ക്’ ഉത്സാഹംനിറഞ്ഞ വിളിക്ക് മറുപടിയായി അയാൾ പതിയെ എഴുന്നേറ്റിരുന്നു.
ചൂണ്ടുവിരലിനും തള്ളവിരലിനുമിടയിലിരുന്ന ഒരു തുമ്പിയെ കാട്ടിക്കൊണ്ട് അവൻ പറഞ്ഞു,
‘കണ്ടോ?..നല്ല രസാല്ലെ വാപ്പാ?’
അവൻ നിലത്തൊന്നുമല്ല. അയാൾ വന്നപ്പോൾമുതൽ അവൻ അയാളെ ഒരോന്നും കൊണ്ടു കാണിക്കുകയായിരുന്നു. പലതും അയാൾ മുൻപു കണ്ടതുതന്നെ. പക്ഷെ അവൻ നിരാശപ്പെടാതിരിക്കാൻ അയാൾ ആശ്ചര്യം നടിച്ചു.
നജീം കൗതുകംനിറഞ്ഞ കണ്ണുകളോടെ ചുവന്ന നിറമുള്ള തുമ്പിയെത്തന്നെ നോക്കിയിരുന്നു. സുതാര്യമായ ചിറകുകൾ. എന്തിനോ വേണ്ടി പരതുന്ന കുഞ്ഞിക്കാലുകൾ. താനും കുട്ടിക്കാലത്തെ ഇതുപോലെ എത്രയോ തുമ്പികളെ പിടിച്ചിരിക്കുന്നു. എല്ലാം ആവർത്തിക്കുന്നു. അയാളോർത്തു.
‘ഞാൻ വാപ്പയ്ക്കൊരു സൂത്രം കാട്ടിത്തരാം’
അതു പറഞ്ഞവൻ ഇടതു കൈ നിവർത്തി. കൈവെള്ളയിലൊരു ചെറിയ വെള്ളാരംകല്ലുണ്ടായിരുന്നു. അവൻ തുമ്പിയെ അതിനു മുകളിലായി പിടിച്ചു. തുമ്പി അപ്പോഴേക്കും കാലുകൾകൊണ്ട് കല്ല് കോർത്തെടുത്തിരുന്നു. അവൻ തുമ്പിയെ ഉയർത്തി. തുമ്പി കല്ല് വിടാതെ പിടിച്ചുവെച്ചു. എന്തോ നിധി കിട്ടിയപോലെ. ഒരുപക്ഷെ കല്ലിൽ വന്നിരുന്നതായി തുമ്പിക്ക് തോന്നിയിട്ടുണ്ടാവും.
‘എടാ, നീ അതിനെ വിട്ടേക്ക്..അതിന്റെ ചിറക് പറിഞ്ഞുപോവും’
ഒരു ചെറിയ താക്കീതിന്റെ സ്വരത്തിൽ അയാൾ പറഞ്ഞു.

കുറച്ചു നേരം തുമ്പിയെത്തന്നെ നോക്കിയിരുന്നിട്ട് നജീം ചോദിച്ചു,
‘അതെന്താ വാപ്പാ, തുമ്പി കല്ലു വിടാത്തെ?’
അവൻ അലസമായത് ചോദിച്ചിട്ട് വീണ്ടും തുമ്പിയിൽ ശ്രദ്ധ തിരിച്ചു.
ആ ചോദ്യം കേട്ടയുടൻ ഉറക്കം അയാളെ പൂർണ്ണമായും ഉപേക്ഷിച്ചുപോയി.
‘എന്താ തുമ്പി കല്ലു വിടാത്തത്?’ ആ ചോദ്യം അയാൾ മനസ്സിലിട്ട് ഒന്നു രണ്ടു വട്ടമുരുട്ടി.

‘വേണ്ടാ മോനെ, അതു ചത്തു പോവും..തുമ്പി കല്ലു വിടത്തില്ല..നീ അതിനെ പുറത്തെവിടേലും പറത്തിവിട്ടേക്ക്..അതു പോയ്ക്കോട്ടെ’
‘ശരി വാപ്പാ’
അവൻ തുമ്പിയുമായി പുറത്തേക്കോടിപ്പോയി. അവനോടിപ്പോകുന്നതുംനോക്കി അയാളിരുന്നു.
പിന്നീട് തല കുമ്പിട്ട് മാർബിൾ തറയിലേക്ക് നോക്കിയിരുന്നു.
‘ചിലപ്പോ..ആ തുമ്പിക്ക് കല്ലു വിടാൻ പറ്റുന്നുണ്ടാവില്ല..’ അയാൾ ആരോടെന്നില്ലാതെ പതിയെപ്പറഞ്ഞു.

Post a Comment

5 comments: