Please use Firefox Browser for a good reading experience

Thursday, 23 February 2017

ഒരു പഴയ ഗസൽ


നല്ല ഉറക്കത്തിലായിരുന്നു അയാൾ. ആദ്യം കാലിലൂടെയെന്തോ മുകളിലേക്കരിച്ച് കയറുന്നത് പോലെ തോന്നി. പിന്നീട് ഇടതുതോളിലൂടെ വൈദ്യുതി വേഗത്തിലെന്തോ പാഞ്ഞു പോയതു പോലെയും. ഒരു ബഹുനില കെട്ടിടത്തിൽ നിന്നതിവേഗത്തിൽ താഴേക്ക് പതിച്ചു കൊണ്ടിരിക്കുകയാണ്‌. കൈകളിരുവശത്തേക്കും വീശി എവിടെയെങ്കിലും പിടിക്കണമെന്നുണ്ട്. അതും സാധ്യമായില്ല. വിരലുകൾ നിശ്ചലമായിരിക്കുന്നു. ഒന്നുറക്കെ നിലവിളിക്കാൻ ശ്രമിച്ചു. വാ തുറക്കാനാവുന്നില്ല, നാവ്, ചതഞ്ഞ പാമ്പു കണക്കെ കിടക്കുന്നു. ഇരുട്ടിൽ, ഭയന്ന്, തുറിച്ച കണ്ണുകളുമായി അയാൾ കിടന്നു, നീണ്ട രാത്രി ഒന്നവസാനിക്കാനാശിച്ചു കൊണ്ട്.

നസീബ പാതിതുറന്നു കിടന്ന ഗേറ്റും കടന്നകത്തേക്ക് വേഗത്തിൽ നടക്കുമ്പോൾ മുറ്റത്ത് ഇടംവലം നിറഞ്ഞു നിന്ന കനകാംബരപ്പൂക്കൾ കാറ്റിൽ പതിവു പോലെ തലയാട്ടുകയുണ്ടായി. അതൊന്നും ശ്രദ്ധിക്കാതെ അവൾ വീട്ടിലേക്ക് ധൃതിപിടിച്ച് നടന്നു. മൂടൽമഞ്ഞ് മുഴുവനായും മാഞ്ഞു കഴിഞ്ഞിരുന്നില്ല. പരിസരത്തും ഉമ്മറത്തും അവിടവിടെയായി നിന്ന ബന്ധുജനങ്ങൾ ഒരു പ്രതിരോധകവചം തീർക്കും പോലെ അവൾക്കരികിലേക്ക് വരികയും ഒപ്പം ഉള്ളിലേക്ക് നടക്കുകയും ചെയ്തു.  ചുവന്ന് കലങ്ങിയ കണ്ണുകൾ അവളെ പിന്തുടർന്നു. അകത്തെമുറിയിലേക്കാണവൾ പോയത്. ചുവരോട് ചേർത്തിട്ട കട്ടിലിൽ ഒരാൾ കിടപ്പുണ്ടായിരുന്നു. അതവളുടെ വാപ്പച്ചിയാണ്‌. അയാൾ കണ്ണു തുറന്നവളെ നോക്കി. പിന്നീടയാളുടെ കാഴ്ച്ച പതിയെ തന്റെ അനക്കമറ്റ കൈകളിലേക്ക് ഇഴഞ്ഞു ചെന്നു. അവൾ വാ പൊത്തിപിടിച്ച് അയാളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു. ഒന്നു ചിരിക്കാനുള്ള ശ്രമത്തിൽ അയാളുടെ മുഖം ഒരു വശത്തേക്ക് ഒന്നു കൂടി കോടി പോയതേയുള്ളൂ. എങ്കിലും ഭയം നിറഞ്ഞ കണ്ണുകളിൽ ആശ്വാസം നിറയുന്നത് അവൾ കണ്ടു. അയാൾ കണ്ണുകളിറുക്കിയടച്ച് കിടന്നു.

‘എന്താണെന്റെ വാപ്പച്ചിക്ക് പറ്റീത്..?’
ഒരാഴ്ച്ച മുൻപ് താൻ പോകുമ്പോൾ വാപ്പച്ചി സന്തോഷത്തോടെ യാത്ര പറഞ്ഞതാണ്‌. നെറുകിൽ എന്നത്തേയും പോലെ ഒരു മുത്തം സമ്മാനിച്ച് യാത്രയാക്കിയതാണ്‌. അവൾ കഥ മുഴുവൻ കേട്ടത് മറ്റൊരു മുറിയിൽ വെച്ചാണ്‌. തന്റെ വാപ്പച്ചിയുടെ ശരീരം ഇനിയൊരിക്കലും ചലിക്കാനാവാത്തവിധം നിശ്ചലമായിരിക്കുന്നു എന്നറിഞ്ഞ് അവൾ തളർന്നു. ഒരു വൻമരം വേരുകളടർന്ന് മണ്ണിലേക്ക് മറിഞ്ഞു വീണിരിക്കുന്നു. നാളുകൾ എണ്ണപ്പെട്ടതായി ചിലർ ഇപ്പോഴെ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇനി പതിയെ ഇലകൾ കൊഴിഞ്ഞു തുടങ്ങും, വേരുകൾ ഉണങ്ങാനാരംഭിക്കും. ഒടുവിൽ ചിതൽ മൂടി മണ്ണോട് മണ്ണാകും. വീണു മറഞ്ഞ മറ്റനേകം മരങ്ങളെ പോലെ. അവൾ തല കുനിച്ചിരുന്നു.

രണ്ടാഴ്ച്ച കഴിഞ്ഞിരിക്കുന്നു. മുറ്റത്ത് കാല്പ്പാടുകളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. ദൂരെ നിന്നും ചില പഴയ സുഹൃത്തുക്കൾ വല്ലപ്പോഴും സന്ദർശനം നടത്തി. തല നരച്ചവർ. അവരുടെ മുഖങ്ങളിലും സഹതാപത്തോടൊപ്പം ഭയം നിറഞ്ഞു വരുന്നത് നസീബ കണ്ടു. ചുറ്റിലും മരങ്ങൾ വീഴുകയാണ്‌. ഇലകൾ കൊഴിയുകയാണ്‌. ആയുസ്സിന്റെ മരത്തിലെ ഇലകൾ. നസീബ മുഴുവൻ സമയവും അവളുടെ വാപ്പയ്ക്കരികിൽ തന്നെ ചിലവഴിച്ചു. സഹായത്തിനു ഇപ്പോഴൊരു നേഴ്സിനെ ഏർപ്പാടാക്കിയിട്ടുണ്ട്. അവരാണ്‌ ശുശ്രൂക്ഷ. പള്ളിയിൽ നിന്നും നിസ്ക്കാരത്തിനുള്ള അറിയിപ്പ് മുഴങ്ങുമ്പോൾ വാപ്പച്ചി കണ്ണുകളടച്ച് കിടക്കും. അപ്പോഴെല്ലാം കോടി പോയ ചുണ്ടുകൾ ചെറുതായി അനങ്ങുന്നതവൾ ശ്രദ്ധിച്ചു. മനസ്സ് കൊണ്ടാണ്‌ പ്രാർത്ഥന. മനസ്സുകൾക്ക് വേണ്ടിയാണ്‌ പ്രാർത്ഥന.
വാപ്പയുടെ കണ്ണുകൾ കൊണ്ടുള്ള ചോദ്യങ്ങൾക്ക് മറുപടിയായവൾ പറഞ്ഞു,
‘ഇല്ല വാപ്പച്ചി..ഇത്രയും പഠിച്ചത് മതി..ഇനി ഞാൻ ഇവിടെ ഉണ്ടാവും. വാപ്പച്ചീടെ അടുത്ത്..  ഇത്ര നാളത്തെ പഠിപ്പ് കൊണ്ട് എന്തെങ്കിലും ഒരു ജോലി ഇവിടെ അടുത്തെവിടെയെങ്കിലും ശരിയാക്കാം’
ആണും പെണ്ണുമായി ഒന്നേയൊന്ന്. നിക്കാഹ് പഠിത്തം കഴിഞ്ഞു മതി എന്ന നിർബന്ധം പിടിച്ചത് വാപ്പച്ചി തന്നെയായിരുന്നു. അവളുടെ ചെറുപ്പകാലത്ത് തന്നെ ഉമ്മ മരിച്ചതാണ്‌.
‘ന്റെ മോള്‌ പഠിക്കണം..പഠിക്കാവുന്നിടത്തോളം പഠിക്കണം. പഠിപ്പൊരിക്കലും പാഴാവില്ല മോളെ.. ആർക്കും കട്ടോണ്ട് പോകാനാവില്ല..‘

വാപ്പച്ചി എത്ര നേരമാണിങ്ങനെ നിശ്ചലമായി കിടക്കുക?. അവൾ അടുക്കലിരുന്ന് പഴയ കഥകൾ ഓർത്തെടുത്ത് നിരത്തി വെയ്ക്കും. എല്ലാം വാപ്പച്ചി കേൾക്കുന്നുണ്ട്. കണ്ണുകൾ കൊണ്ട് ചിരിക്കും. കണ്ണുകൾ കൊണ്ട് ശകാരിക്കും. കണ്ണുകൾ കൊണ്ട് ചൂണ്ടി കാണിക്കും. കണ്ണുകൾ കൊണ്ട് നെറുകിൽ ഉമ്മ വെയ്ക്കുകയും ചെയ്യും അയാൾ. എല്ലാം കണ്ണുകൾ കൊണ്ട്. ഇപ്പോൾ അയാൾ അവൾക്കൊരു കൊച്ചു കുട്ടിയെ പോലെയാണ്‌. ഭക്ഷണം സ്പൂണിൽ കോരിയാണ്‌ കൊടുക്കുക. ചുണ്ടിന്റെ ഇടതു വശത്ത് കൂടി ഒരു ചാല്‌ കീറിയത് പോലെ ചിലപ്പോൾ കഞ്ഞി ഒഴുകിയിറങ്ങും. അവൾ ക്ഷമാപൂർവ്വം അതു തുടച്ചെടുക്കും. ആപ്പോഴെല്ലാം അയാൾ അവളുടെ കുഞ്ഞു നാളിലെ കുസൃതികൾ ഓർക്കും. കുഞ്ഞു നസീബക്ക് ഭക്ഷണം കൊടുക്കാൻ നേരം കഥകൾ പറഞ്ഞു കൊടുത്തതോർക്കും. ജീവിതം വലിയൊരു വൃത്തമാണ്‌. തുടങ്ങിയിടത്തേക്ക് തന്നെ ചേരുന്ന ഒരു വര. വരയിലൂടെ സഞ്ചരിക്കുമ്പോൾ ഒരിക്കലുമറിയില്ല അതു തുടങ്ങിയിടത്തേക്ക് തന്നെ കൂട്ടിമുട്ടാൻ പോവുകയാണെന്ന്‌. ഒടുവിൽ തുടക്കവും ഒടുക്കവും തിരിച്ചറിയാൻ കഴിയാതെ പോകുന്ന ഒരു വൃത്തമായി തീരുമ്പോഴും.

പകൽ അവൾ ജോലി അന്വേഷിച്ച് നടന്നു. പഠിപ്പിനും മനസ്സിനുമിണങ്ങിയ ജോലികൾ കണ്ടെത്താൻ ബുദ്ധിമുട്ടാണ്‌. സ്വന്തമെന്നു കരുതിയ നഗരമിപ്പോൾ അപരിചിതമായി കഴിഞ്ഞിരിക്കുന്നു എന്നവൾക്ക് തോന്നി. എവിടെയും തിരക്ക് തന്നെ. നാൾക്ക് നാൾ ജോലി കണ്ടെത്തുക കൂടുതൽ ബുദ്ധിമുട്ടായി തീർന്നേക്കും എന്നവൾക്ക് തോന്നി. പഠിച്ചത് എങ്ങനെയാ പാഴാവുക?. പ്രത്യാശയോടെ, പ്രതീക്ഷയോടെ അവൾ അന്വേഷണം തുടർന്നു. പകൽവിശേഷങ്ങൾ അവൾ വാപ്പച്ചിയുടെ അടുക്കലാണിറക്കി വെയ്ക്കുക. കണ്ണുകൾ തിളങ്ങുമ്പോൾ തിരിച്ചറിയാനാകുന്നുണ്ട്, വാപ്പച്ചി ധൈര്യം പകരാൻ ശ്രമിക്കുകയാണ്‌. ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഒരേ സമയം ഒരു വശത്ത് ധൈര്യം നിറയുന്നതായും, മറുഭാഗത്ത് കൂട്ടിവെച്ച കരുത്തെല്ലാം ചോർന്നു പോവുന്നതായുമവൾക്ക് തോന്നി. പകൽ മുഴുക്കെയും ഒരേ കിടപ്പിൽ കിടന്ന് മനസ്സും ശരീരവും മുഷിഞ്ഞു പോയിരിക്കുന്നു വാപ്പച്ചിക്ക്. വീട്ടിനുള്ളിൽ ശബ്ദങ്ങളുടെ അഭാവം തീർക്കുന്ന മുഷിവ് അസഹനീയമായിരിക്കുന്നു. ഇനിയൊരിക്കലും വാപ്പച്ചിയുടെ ശബ്ദം തനിക്ക് കേൾക്കാനാവില്ല. പക്ഷെ വാപ്പച്ചി ശബ്ദങ്ങളുടെ നടുവിൽ വേണം ഇനി ജീവിക്കുവാൻ. ഇപ്പോൾ വീട്ടിൽ നിറയേണ്ടതല്പം സംഗീതമാണ്‌.മുറിക്കുള്ളിൽ ശബ്ദം നിറയുന്നത് വലിയൊരാശ്വാസമാകും. സംഗീതത്തിനെല്ലാ മനോവിഷമങ്ങളും അലിയിച്ചു കളയാൻ ഔഷധങ്ങളെക്കാൾ ശക്തിയുണ്ടെന്നല്ലെ പറയുന്നത്?. ശബ്ദങ്ങൾക്ക് രോഗശാന്തി നല്കാൻ കഴിയുമെന്നത് സത്യമാവണം. എല്ലാം ശബ്ദത്തിൽ നിന്നല്ലെ ആരംഭിച്ചത്?. എല്ലാം ശബ്ദത്തിലാവും അവസാനിക്കുന്നതും.

ഒരു മ്യൂസിക് സിസ്റ്റം വാങ്ങണം. വാപ്പച്ചി ഗസലുകൾ കേൾക്കാൻ പോകുന്നതിപ്പോഴും നല്ലോണം ഓർക്കുന്നുണ്ട് അവൾ. ഒരോ ഗായകരെ കുറിച്ചും, അവരുടെ ശൈലികളെ കുറിച്ചും, ഗസലുകളുടെ സൗമ്യതയെ കുറിച്ചുമൊക്കെ വാപ്പച്ചി പറഞ്ഞുതന്നതേ അറിയൂ. മ്യൂസിക് സിസ്റ്റം വാങ്ങിയാൽ കാസ്റ്റുകൾ, സിഡികൾ ഒക്കെയും വാങ്ങാം. വാപ്പച്ചി സന്തോഷിക്കട്ടെ. വർഷങ്ങൾക്ക് മുൻപ് സ്വയം റേഡിയോ നിർമ്മിക്കുമായിരുന്നു വാപ്പച്ചി. ചുറ്റുവട്ടത്തുള്ളവരെല്ലാം വാങ്ങിയത് വാപ്പച്ചി ഉണ്ടാക്കിയ റേഡിയോ തന്നെ. അവളോർത്തെടുത്തു. വാൽവുകൾ വെച്ച് നിർമ്മിച്ച റേഡിയോ. പിന്നിൽ കൂടി നോക്കിയാൽ അകത്തെ ചെറിയ ബൾബിന്റെ ഇളം മഞ്ഞ വെളിച്ചത്തിൽ കാണാം, അണുശക്തി നിലയങ്ങളെ പോലെ വാൽവുകൾ അടുക്കിനിരിക്കുന്നത്. വയറുകൾ കൂട്ടിയോജിപ്പിച്ച്, ഘടകങ്ങൾ സൂക്ഷ്മമായി ഉറപ്പിച്ച്, ഒടുവിൽ അതിൽ നിന്നും ശബ്ദമൊഴുകാൻ തുടങ്ങുമ്പോൾ വാപ്പച്ചിയുടെ മുഖം വിടരും. അവ്യക്തമായ ഓർമ്മകൾ. കാലത്തിനു പിന്നിലൊളിച്ചു പോയ സുന്ദരചിത്രങ്ങൾ. എന്തേ താനിതൊന്നും ഇതുവരെ ഓർക്കാത്തത്?. താനെങ്ങനെയാണിത്രയും തിരക്ക് പിടിച്ചവളായത്?.

ഈ ചെറിയ മുറിയിലെവിടെയാണ്‌ മ്യൂസിക് സിസ്റ്റം വെയ്ക്കുക?. അവൾ കണ്ണു കൊണ്ടിടം തിരഞ്ഞു. കട്ടിലിട്ടിരിക്കുന്ന ചുവരിനെതിർവശത്ത് ഒരു മേശയുണ്ട്. അവിടെ തന്നെയാവട്ടെ പുതിയ മ്യൂസിക് സിസ്റ്റത്തിന്റെ ഇരിപ്പിടം. വയർ വലിക്കാനുമെളുപ്പം. അവിടെയിരിക്കുന്ന പഴയ റേഡിയോ എടുത്തു മാറ്റിയാലിഷ്ടം പോലെ സ്ഥലമായി. അതെന്തിനാണവിടെ?. അതു കേടായിട്ട് വർഷങ്ങളായില്ലെ?. അങ്ങനെയൊന്ന് അവിടിരിക്കുന്നത് തന്നെ മറന്നു പോയി.  അതങ്ങനെ ഇരിക്കുകയാണ്‌. അധികാരം നഷ്ടപ്പെട്ടിട്ടും ചെങ്കോല്‌ കൈമാറാൻ തയ്യാറാകാത്ത അരചനെ പോലെ. ഇപ്പോളതിന്റെ ഉപയോഗം തന്നെ വേറൊന്നായിരിക്കുന്നു. അതിനു മുകളിലാണ്‌ പൗഡർ ടിൻ, ചീപ്പ്, വരുന്ന കത്തുകൾ ഒക്കെ സ്ഥാനം പിടിച്ചിരിക്കുന്നത്!. പൊടിയും മാറാലയും അതിനൊരു ആവരണം തീർത്തിട്ടുണ്ട്. വാപ്പച്ചി ഉറങ്ങുന്ന നേരം അവളൊരു പഴയ തുണിയെടുത്ത് അത് തുടച്ച് വൃത്തിയാക്കി. ഒരു കൗതുകത്തിനു പഴയ നോബുകൾ തിരിച്ചു നോക്കി. കറങ്ങുന്നുണ്ട്. അതെടുത്ത് ഒരു വലിയ പ്ലാസ്റ്റിക് കവറിലാക്കി വെച്ചു. പോകുന്ന വഴിയിൽ പഴയ സാധനങ്ങൾ വില്ക്കുന്ന കടയിൽ കൊടുത്താൽ എന്തെങ്കിലും കിട്ടാതിരിക്കില്ല. അതും പിന്നീട് കൈയ്യിലുള്ള പണവും ചേർത്താൽ പുതിയ ഒരു സ്റ്റീരിയോ സിസ്റ്റം വാങ്ങാം. വാപ്പച്ചി ഉണരുമ്പോൾ പുതിയ ഒരു പാട്ടുപെട്ടി മേശപ്പുറത്തിരിക്കണം!. എന്തു സന്തോഷമാവും!. ചെറിയ ചെറിയ സന്തോഷങ്ങൾ സമ്മാനിക്കാൻ തനിക്കും സാധിക്കും.

അവൾ ഒരു ഓട്ടോയിൽ കയറി റേഡിയോ ഉള്ളിലാക്കിയ ബാഗുമായി സിറ്റിയിലേക്ക് പോയി. പഴയ മൈതാനം ഒന്നു ചുറ്റി ഓട്ടോ ഒരു ഇടുങ്ങിയ റോഡിലേക്ക് കുലുങ്ങി കയറി. ഒരു ചെറിയ ഇടവഴിക്കു മുന്നിൽ ഓട്ടോ നിന്നു. നസീബ കവറുമായി ഇടുങ്ങിയ വഴിയിലൂടെ നടന്നു. വഴിയുടെ ഇരുവശത്തും ചെറിയ കടകൾ. പഴയ വാഹനങ്ങളുടെ ഭാഗങ്ങൾ, പഴയ പാത്രങ്ങൾ, പഴയ ഫർണീച്ചറുകൾ.. ഓരോന്നിനും ഓരോ കടകൾ. കുറച്ച് കഴിഞ്ഞ് അവൾ തേടിയ കട കണ്ടുപിടിച്ചു. കടയിലേക്ക് കയറുമ്പോൾ കാലത്തിനു പിന്നിലേക്ക് പടി കയറി പോകുന്നത് പോലെയവൾക്ക് തോന്നി. എല്ലാം പഴയ വസ്തുക്കൾ. ആരാണ്‌ കാലം തെറ്റി വന്നീ വസ്തുക്കൾ വാങ്ങുന്നതെന്നവൾ അത്ഭുതപ്പെട്ടു. ചരിത്രത്തിന്റെ നടവഴികളിലൂടെ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവർ ഇപ്പോഴുമീ നഗരത്തിൽ ബാക്കി!. അവരുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കാൻ നിയോഗിക്കപ്പെട്ടവരെന്നു കരുതുന്നവരും ഇവിടെ തന്നെ. കടയ്ക്കുള്ളിൽ നിന്നിറങ്ങി വന്നത് കടയേക്കാൾ പഴക്കം തോന്നിക്കുന്ന ഒരു മനുഷ്യനായിരുന്നു. നീണ്ട, വെളുത്ത താടിയുഴിഞ്ഞ് അയാൾ അവളെ സൂക്ഷിച്ച് നോക്കി. അവൾ തന്റെ പക്കലുള്ള റേഡിയോ കാണിച്ചു. കടക്കാരന്റെ കണ്ണുകൾ ഒന്നു വികസിക്കുന്നതും പെട്ടെന്ന് മങ്ങുന്നതു കണ്ടു.
ഒന്നു നീട്ടി മൂളിയ ശേഷം അയാൾ പറഞ്ഞു,
‘ഒരു വില പറയാം..അതി കൂടുതൽ തരാൻ പറ്റൂല്ല.. ഇപ്പോഴിതൊക്കെ ആരു വാങ്ങാനാ?..വെറുതെ വാങ്ങി ഷോക്കേസിൽ വെയ്ക്കാമെന്നെല്ലാതെ?..അല്ല, ഇതു കേൾക്കുമോ?‘
അപ്പോഴാണാ ചോദ്യം അവൾ സ്വയം ചോദിച്ചത് തന്നെ!. ശരിയാണല്ലോ. ഇതൊന്ന് ഓൺ ചെയ്തു നോക്കാമായിരുന്നു..പക്ഷെ കഴിഞ്ഞ പത്ത് വർഷത്തോളം ഇതിൽ നിന്നു ഒരു ശബ്ദവും പുറത്തേക്ക് വന്നതായി ഓർക്കുന്നില്ല. ഇനി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞാൽ തന്നെ പുതിയ എഫ് എം ചാനലുകളെ പോലെ കൃത്യതയോടെ പാടാനാവുമോ?. ഇടി മുഴങ്ങുന്ന ശബ്ദം ഇതിൽ നിന്നും പുറത്തേക്ക് വരുമെന്നു പ്രതീക്ഷിക്കാമോ?.
’അറീല്ല..ചിലപ്പോ വർക്ക് ചെയ്യുന്നുണ്ടായിരിക്കും..‘ പാതി സംശയത്തോടെയവൾ പറഞ്ഞു.
’ഉം..നോക്കട്ടെ‘
അതു പറഞ്ഞയാൾ റേഡിയോയുടെ പ്ലഗ്ഗ് കുത്തി സ്വിച്ച് ഓൺ ചെയ്തു.
വലിയ നോബുകൾ തിരിച്ചു നോക്കി. ഒരു ശബ്ദവുമില്ല. ഒരു ചെറു ഞരക്കം പോലും.
അയാൾ റേഡിയോ ഉയർത്തി പിന്നിലെ ചെറിയ ദ്വാരങ്ങളിലൂടെ ഉള്ളിലേക്ക് നോക്കി. ഉള്ളിൽ വെളിച്ചത്തിന്റെ ഒരു തരിയെങ്കിലും?
ഇരുട്ട് മാത്രം.
അണുശക്തി നിലയങ്ങൾ പ്രവർത്തനരഹിതമായിരിക്കുന്നു.
അവയ്ക്കും ഒരു ആയുസ്സുണ്ട്. അണുവിനു പോലും ആയുസ്സെഴുതി വെയ്ക്കപ്പെട്ടിരിക്കുന്നു ഈ ഭൂമിയിൽ..
’ഇതിനൊരു അനക്കവുമില്ലല്ലോ..‘ നിരാശ നിറഞ്ഞ ശബ്ദത്തിൽ അയാൾ പറഞ്ഞു തുടങ്ങി.
’കൊച്ചിവിടെ വരെ ഇതുമായിട്ട് വന്നതല്ലെ?‘.

അയാൾ തന്ന തുക എണ്ണുമ്പോൾ സംശയമായി. ഇവർ കച്ചവടക്കാരല്ലെ? ചിലപ്പോൾ പറ്റിക്കുകയാവുമോ?. കച്ചവടക്കാരേയും കവർച്ചകാരേയും തിരിച്ചറിയാനാകാത്ത കാലമാണ്‌. വെറുതെ പൊടി പിടിച്ചിരുന്ന സാധനം വില്ക്കുമ്പോൾ എന്തിനാണതിനൊരു വില പ്രതീക്ഷിക്കുന്നത്?. ഉപയോഗശൂന്യമായ ഒരു പഴയ റേഡിയോ മാത്രമാണത്.
അവൾ ഓട്ടോയിൽ കയറി സിറ്റിയിലേക്ക് പോയി. ധാരാളം ഇലക്ട്രോണിക് കടകളുണ്ടവിടെ. ഇലക്ട്രോണിക് കടയിലേക്ക് കയറുന്നത് തന്നെ ഒരു മായാനഗരിയിലേക്ക് കയറി പോകുന്നത് പോലെയാണ്‌. പുതിയ ചില കമ്പനികളുടെ പുതിയ മോഡലുകൾ. എല്ലാം ഒന്നിനൊന്ന് മെച്ചം. വാങ്ങുന്നവരെ ഒരേസമയം വിഭ്രമിപ്പിക്കുകയും, ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യാൻ വണ്ണം സാങ്കേതികവിദ്യ വളർന്നിരിക്കുന്നു. ടിവിയിലേക്ക് ശ്രദ്ധ മാറിയതു കൊണ്ടാവാം, മ്യൂസിൿസിസ്റ്റത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചറിയാതെ പോയത്. അവൾ കടയിൽ നിൽക്കുന്ന ഒരാളുടെ സഹായം തേടി. തന്റെ മനസ്സിൽ ഒരു വിലയുണ്ട്. വേണ്ടത് ഒരു ചെറിയ സിസ്റ്റമാണ്‌. പാട്ടു കേൾക്കണം. കാസറ്റ്, സി ഡി ഇവ ഉപയോഗിക്കാനാവണം. അങ്ങനെ ചെറിയ ചില ആവശ്യങ്ങളെ ഉള്ളൂ.

വാങ്ങിയ മ്യൂസിൿസിസ്റ്റവുമായി ഓട്ടോയിൽ തിരിച്ചു വീട്ടിൽ ചെന്നു കയറുമ്പോൾ വാപ്പ ഉറങ്ങുകയാണെന്ന് നേഴ്സ് അറിയിച്ചു. വാപ്പച്ചി കണ്ണു തുറക്കുമ്പോൾ അത്ഭുതപ്പെടണം!.
അവൾ മേശപ്പുറത്തെ സാധനങ്ങളൊക്കെ ശബ്ദമുണ്ടാക്കാതെ മാറ്റി വെച്ചു. ഒരു നല്ല വിരി വിടർത്തിയിട്ടു. അതിനു മുകളിലായി പുതിയ മ്യൂസിക് സിസ്റ്റം വെച്ചു. നല്ല തിളക്കമുണ്ട്. ഓൺ ചെയ്തപ്പോൾ ചെറിയ ഇളം നീല വെളിച്ചമുള്ള ബൾബുകൾ തിളങ്ങി. അവൾ പതിയെ നോബ് തിരിച്ചു ശബ്ദമുയർത്തി നോക്കി. ശബ്ദം ഒഴുകിയിറങ്ങുന്നു. ഇനി സംഗീതം ഈ മുറി മുഴുവനും നിറയണം. അവൾ പതിയെ ചെന്നു വാപ്പച്ചിയുടെ അടുത്തിരുന്നു. എപ്പോഴാണ്‌ വാപ്പച്ചി കണ്ണു തുറക്കുക?. ധൃതിയായി ആ സന്തോഷം കാണാൻ. അവൾ ആ മുഖത്തേക്ക് തന്നെ ശ്രദ്ധിച്ച് നോക്കിയിരുന്നു.
നല്ല ഉറക്കം.
വേണ്ട, ഇപ്പോഴുണർത്തണ്ട.
അവൾ അരികിലിട്ടിരുന്ന കസേരയിൽ കയറിയിരുന്നു. ഇടം കൈ കൊണ്ട് വാപ്പച്ചിയുടെ വലം കൈ കോർത്തു വെച്ച് കൊണ്ടവൾ പിന്നിലേക്ക് തല ചായ്ച്ചു. നല്ല ക്ഷീണം. ചൂട് കൂടിയിരിക്കുന്നു. വീട്ടിനുള്ളിലും പുറത്തും ചൂട് തന്നെ. റേഡിയോ പതിഞ്ഞ ശബ്ദത്തിൽ  പാടി കൊണ്ടിരുന്നു.
പതിയെ ഉറക്കത്തിലേക്കാണ്ടു പോവുകയായിരുന്നു. എന്തൊ ഒരനക്കം പോലെ തോന്നിയപ്പോഴാണവൾ കണ്ണു തുറന്നത്. നോക്കുമ്പോൾ കണ്ടത് തല ഇരുവശത്തേക്കും നിർത്താതെ ചലിപ്പിക്കുന്ന വാപ്പച്ചിയേയാണ്‌. അവളോടി പോയി നേഴ്സിനെ വിളിച്ചു കൊണ്ടു വന്നു. നേഴ്സ് വന്നു സമാധാനിപ്പിക്കാൻ പലതു പറഞ്ഞു നോക്കി. നാഡി പിടിച്ച് നോക്കി. വാപ്പച്ചി എന്തോ പറയാനുള്ള ശ്രമത്തിലായിരുന്നു. പക്ഷെ എന്തൊ അവ്യക്തമായ ശബ്ദം മാത്രമേ പുറത്ത് വരുന്നുള്ളൂ. ഭയം നിറഞ്ഞ കണ്ണുകളോടെ ചുറ്റിലും നോക്കുന്നുണ്ട്.
‘വാപ്പച്ചി..ഇതു ഞാനാ..വാപ്പച്ചിക്ക് മനസ്സിലായില്ലെ?’
അയാൾ കണ്ണു കൊണ്ട് എന്തോ കാണിക്കാൻ ശ്രമിക്കുകയാണെന്ന് മനസ്സിലായി. പുതിയ മ്യൂസിൿസിസ്റ്റത്തിനു നേർക്കാണ്‌ നോക്കുന്നത്. അവൾ ഉടൻ അത് ഓഫ് ചെയ്തു. അയാൾ അപ്പോഴും അതിലേക്ക് തന്നെ കണ്ണുകൾ തറച്ചു വെച്ചിരുന്നു.
‘..എന്താണ്‌ വാപ്പച്ചി?..വാപ്പച്ചിക്കത് ഇഷ്ടമായില്ല?..വാപ്പച്ചിക്ക് പാട്ട് കേൾക്കാൻ ഞാൻ പുതുതായി വാങ്ങിയതാ..’ അവൾ കരച്ചിലിനിടയിൽ പറഞ്ഞു.
അപ്പോഴുമയാൾ സ്റ്റീരിയോ സിസ്റ്റത്തിൽ തന്നെ കണ്ണെടുക്കാതെ നോക്കി ഇരിക്കുകയായിരുന്നു.
‘വേണ്ട വാപ്പച്ചി..വാപ്പച്ചിക്ക് പാട്ട് വേണ്ടെങ്കിൽ വേണ്ട’..
നസീബ കരഞ്ഞു കൊണ്ട് വാപ്പച്ചിയെ ചേർത്തുപിടിച്ചു.

വാപ്പച്ചി വീണ്ടും ഉറങ്ങിയപ്പോൾ നസീബ ചിന്താക്കുഴപ്പത്തിലാണ്ടു. എന്തിനാണ്‌ വാപ്പച്ചി പേടിച്ചത്?. എന്താണ്‌ വാപ്പച്ചിക്ക് പുതിയ മ്യൂസിക് സിസ്റ്റം ഇഷ്ടപ്പെടാത്തത്?. വാപ്പച്ചിക്ക് പാട്ടുകൾ ജീവനായിരുന്നല്ലോ..
ഒരിക്കൽ കൂടി ആ മ്യൂസിക് സിസ്റ്റം ഓൺ ചെയ്യാൻ അവൾക്ക് ധൈര്യം കിട്ടിയില്ല.

പിറ്റേന്ന് പകൽ വാപ്പച്ചിയുടെ മുറിയിൽ ചെല്ലുമ്പോഴും അവൾ കണ്ടു. അയാൾ പുതിയ മ്യൂസിൿസിസ്റ്റത്തിലേക്ക് തന്നെ കണ്ണുറപ്പിച്ച് വെച്ചിരിക്കുന്നത്.
‘വാപ്പച്ചി, ഞാനത് വെയ്ക്കട്ടെ?’
അയാൾ പെട്ടെന്ന് മുഖം ചുവരിനു നേർക്ക് തിരിച്ചു.
വാപ്പച്ചിക്ക് താൻ വാങ്ങിയ പുതിയ മ്യൂസിക് സിസ്റ്റം ഇഷ്ടമായിട്ടില്ല. അതാണ്‌ കാര്യം. ശരി അതിനി വെയ്ക്കുന്നില്ല. ഇനി അതേക്കുറിച്ചൊന്നും ചോദിക്കുന്നുമില്ല.

പക്ഷെ മുറിയിലേക്ക് ചെല്ലുമ്പോഴൊക്കെയും അയാൾ മ്യൂസിൿസിസ്റ്റത്തിലേക്ക് നോക്കിയിരിക്കുന്നതവൾ ശ്രദ്ധിച്ചു. ഇഷ്ടമില്ലെങ്കിൽ പിന്നെ എന്തിനാണ്‌ അതിലേക്ക് തന്നെ എപ്പോഴും നോക്കിയിരിക്കുന്നത്?. താനിനി ഒരുപാട് വില കൊടുത്താണത് വാങ്ങിയതെന്ന് വിചാരിക്കുന്നുണ്ടാവുമോ?. അതിന്റെ ദേഷ്യമാണോ വാപ്പച്ചി കാണിക്കുന്നത്?. അതിലേക്ക് നോക്കി വാപ്പച്ചി കണ്ണു ചിമ്മുന്നുണ്ട്. എന്താണ്‌ പറയാനാഗ്രഹിക്കുന്നത്?. കുറേ കഴിയുമ്പോൾ ആ കണ്ണു നിറയുന്നത് കാണാം. നസീബയ്ക്ക് വിഷമമായി. താനെന്തോ വലിയ തെറ്റു ചെയ്തിരിക്കുന്നു. പക്ഷെ തനിക്കത് മനസ്സിലാകുന്നില്ല. വാപ്പച്ചി തന്നെ ഒന്നു തല്ലിയാൽ പോലും ഇത്രയും വിഷമം ഉണ്ടാകില്ലായിരുന്നു. പക്ഷെ ആ കണ്ണുകൾ നിറയുന്നത് സഹിക്കാനാവുന്നില്ല.

പിറ്റേ ദിവസം എളാമ്മ വന്നപ്പോൾ നസീബ സങ്കടം സഹിക്കാനാവാതെ കാര്യം പറഞ്ഞു.
‘സാജിത്താ, ഇപ്പോൾ വാപ്പച്ചിക്ക് ഒരു സന്തോഷോം ഇല്ല. തലേന്ന് വരെ മുഖത്ത് ഒരു തെളിച്ചമുണ്ടായിരുന്നതാ. ഇപ്പൊ ഞാനെന്തേലും ചോദിച്ചാൽ അപ്പോ മുഖം തിരിക്കുന്നു. അതിനും വേണ്ടി ഞാനെന്തു തെറ്റാ ചെയ്തത്?’ അവൾ സാജിത്തായുടെ തോളിൽ മുഖമമർത്തി.
‘മോള്‌ വിഷമിക്കണ്ട. സാജിത്താ പറഞ്ഞു നോക്കാം‘
മുറിയിൽ കയറിയ ഉടൻ അവർ പറഞ്ഞു.
’കൊള്ളാലോ, പുതിയ പാട്ടുപെട്ടിയൊക്കെ വന്നല്ലോ‘ അതു പറഞ്ഞു അയാളുടെ നേർക്ക് നോക്കി. അയാൾ ഉടൻ മുഖം തിരിച്ചു.
’ഇതെന്താ ഇങ്ങനെ മുഖംവീപ്പിച്ച് കിടക്കുന്നത്?. ഈ പാവം കൊച്ചിനെ എന്തിനാ ഇങ്ങനെ തീ തീറ്റിക്കുന്നെ?‘
അതു പറഞ്ഞ് അവർ വീണ്ടും സ്റ്റീരിയോയുടെ നേർക്ക് തിരിഞ്ഞു.
’ആഹാ! പുത്തനാണല്ലോ!. മോള്‌ വാങ്ങീതാ?. ഇതിലാവുമ്പോൾ പുതിയ സിഡി യൊക്കെ ഇടാല്ലോ!. ഇവിടെയിരുന്ന ആ പഴേ റേഡിയോ എവിടെ?‘. അവർ ചുറ്റും കണ്ണു കൊണ്ട് തിരെഞ്ഞു.
’അതു കൊണ്ട് കളഞ്ഞോ? നന്നായി മോളെ..എത്ര തവണ നിന്റെ വാപ്പയോട് പറഞ്ഞതാ ഒന്നിനും കൊള്ളാത്ത അതു കൊണ്ട് കളയാൻ..കേൾക്കണ്ടെ?. മോൾക്കറിയോ പണ്ട് അതില്‌ പാട്ട് കേൾക്കുമ്പോൾ നസി മോള്‌ അതിനൊത്ത് ഡാൻസ് ചെയ്യാരുന്നു!..മോള്‌ പുതിയ പാട്ടുപെട്ടി വാങ്ങിയത് കണ്ടില്ലെ? ഇനി ഒന്ന് മുഖം തിരിച്ച് അവളെ ഒന്നു നോക്കിക്കെ‘ അവർ അയാളുടെ നേർക്ക് വീണ്ടും മുഖം തിരിച്ചു.
അയാൾ വീണ്ടും സ്റ്റീരിയോയിലേക്ക് നോക്കി. അപ്പോൾ ആ കണ്ണുകൾ നിറയുന്നത് നസീബ കണ്ടു.
നസീബയ്ക്കൊരു നടുക്കമുണ്ടായി. എന്ത് വലിയ തെറ്റാണ്‌ ചെയ്തത്!.
താൻ വിറ്റത്..അതു വെറുമൊരു പഴയ റേഡിയോ അല്ല. അത് വാപ്പച്ചിയുടെ ഓർമ്മകളുടെ പെട്ടിയാണ്‌. അതിൽ നിന്നും വരുന്നത് ഓർമ്മകളുടെ സംഗീതമാണ്‌!. ഒറ്റയ്ക്കിരിക്കുമ്പോൾ വാപ്പച്ചി അതിലേക്ക് നോക്കിയിരുന്നു പഴയ ഓർമ്മകളിലൂടെ സഞ്ചരിക്കുന്നുണ്ടാവും..അതൊന്നുമറിയാതെ താൻ..
‘വാപ്പച്ചി..എനിക്കെല്ലാം മനസ്സിലായി..എന്നോട് ക്ഷമിക്ക് വാപ്പച്ചി..എനിക്കറിയില്ലായിരുന്നു..’
നസീബ എന്താണ്‌ പറയുന്നതെന്ന് മനസ്സിലാവാതെ സാജിത്താ അവരിരുവരേയും നോക്കിയിരുന്നു.

നസീബ വസ്ത്രം മാറി അപ്പോൾ തന്നെ പുറത്തിറങ്ങി. ഓട്ടോയിൽ ഇരിക്കുമ്പോൾ അവളോർത്തെടുക്കാൻ ശ്രമിച്ചത് ആ പഴയ റേഡിയോ എങ്ങനെയാണിരിക്കുന്നതെന്നായിരുന്നു. ചിലപ്പോൾ അവിടെ ഒരുപാട് പഴയ റേഡിയോകളുണ്ടാവും. നൂറ്‌ കണക്കിനു റേഡിയോകൾക്കിടയിൽ നിന്ന് ആ പഴയ ഒന്നിനെ തനിക്ക് തിരിച്ചറിയാനാകുമോ?. അതോ അതാർക്കെങ്കിലും കൈമാറിയിട്ടുണ്ടാകുമോ ഇപ്പോഴേക്കും?. ഓർക്കുമ്പോൾ അവളുടെ ആധി കൂടി കൂടി വന്നു. അവൾ വിയർക്കാൻ തുടങ്ങി.

ഓട്ടോക്ക് പണം കൊടുത്ത ശേഷം അവൾ ഓടുകയായിരുന്നു. അവൾ കടയിലേക്ക് കയറാനൊരുങ്ങുമ്പോൾ വൃദ്ധൻ ഒരു പഴയ ഫാനിന്റെ ചിറകുകൾ പരിശോധിക്കുകയായിരുന്നു.
അവൾ അയാളുടെ അടുത്ത് ചെന്ന് ചോദിച്ചു,
‘എവിടെ ആ റേഡിയോ?’
‘ഏത് റേഡിയോ?’
‘എന്നെ ഓർക്കുന്നില്ലെ?. ഞാൻ ഇന്നലെ ഇവിടെ വില്ക്കാൻ കൊണ്ടു വന്ന ആ പഴയ റേഡിയോ?..അതെവിടെ?’
‘മോളെ..നമ്മള്‌ വാങ്ങിയ സാധനങ്ങൾ തിരിച്ചു കൊടുക്കാറില്ല..അതു പോലെ വിറ്റ സാധനങ്ങൾ തിരിച്ച് വാങ്ങാറുമില്ല..’ അയാൾ വീണ്ടും ഫാനിലേക്ക് ശ്രദ്ധ തിരിച്ചു.
‘അയ്യോ അങ്ങനെ പറയല്ലെ..അതന്റെ വാപ്പയുടെ ജീവനാണ്‌..അതറിയാതെ ഞാൻ ഇവിടെ കൊണ്ട് വന്നതാണ്‌..എനിക്കിപ്പൊ അതു വേണം‘ ഒരു കൊച്ചു കുഞ്ഞിന്റെ നിർബ്ബന്ധം അവളുടെ സ്വരത്തിലുണ്ടായിരുന്നു.
അവളെ തന്നെ കുറച്ച് നേരം സൂക്ഷിച്ചു നോക്കിയ ശേഷം അയാൾ പറഞ്ഞു,
‘അതു വിറ്റു പോയല്ലോ മോളെ.. ഇന്നലെ വൈകിട്ട് ഒരാള്‌ വന്നതു വാങ്ങികൊണ്ടു പോയല്ലോ’
താൻ വിളിച്ചു പറഞ്ഞിട്ടാണയാൾ വന്നതെന്ന കാര്യം വൃദ്ധൻ സൗകര്യം പോലെ മറച്ചു വെച്ചു.
‘എനിക്കയാളുടെ അഡ്രസ്സ് തരാമോ?’
‘എന്തിനാ? അവിടെ പോയി ചോദിക്കാനാണോ? അയാള്‌ തരുമെന്നു തോന്നുന്നില്ല’
അവൾ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നപ്പോൾ. അതു കണ്ട് അയാൾ പറഞ്ഞു,
‘എനിക്കയാളുടെ അഡ്രസ്സൊന്നുമറിയില്ല മോളെ..ഫോൺ നമ്പർ തരാം..അതിൽ വിളിച്ച് നോക്ക്..’ അയാൾ മേശവലിപ്പിനുള്ളിൽ നിന്നും ഒരു പഴയ ചട്ടയുള്ള ഡയറിയെടുത്തു. മേശപ്പുറത്ത് കിടന്ന പത്രത്തിന്റെ വക്കിൽ നിന്നും ഒരു ചെറിയ കഷ്ണം കീറിയെടുത്ത് അതിൽ നമ്പർ കുറിച്ചു കൊടുത്തു.
‘..ഇതാ..വേഗം വിട്ടോ’
അവൾ കടയിൽ നിന്നുമിറങ്ങി വേഗത്തിൽ നടന്നു പോകുന്നതും നോക്കി അയാൾ നിന്നു.
‘പാവം കൊച്ച്’

റോഡിലേക്ക് നടക്കുമ്പോൾ അവൾ മൊബൈൽ ഫോണിൽ തന്ന നമ്പറിൽ വിളിച്ചു. അഡ്രസ്സ് ചോദിച്ചു മനസ്സിലാക്കി ഉടൻ അടുത്ത ഓട്ടോയ്ക്കായി ചുറ്റിലും തിരഞ്ഞു.

ഓട്ടോയിൽ സഞ്ചരിക്കുമ്പോൾ വീണ്ടും ആധി നിറഞ്ഞ ചിന്തകൾ ചിറകടിച്ചു തുടങ്ങി.
ഏതു തരത്തിലുള്ള ആളായിരിക്കും?..താൻ ചെന്ന് ചോദിച്ചാൽ തിരികെ തരുമോ?. ഒരുപക്ഷെ അയാൾ ഒരുപാട് നാൾ തേടി നടന്ന് കണ്ടെത്തിയതാവും. എന്തിനാണയാൾക്ക് ആ പഴയ റേഡിയോ?.

വലിയ ഒരു ഗേറ്റിനു മുന്നിലാണ്‌ ഓട്ടോ വന്നു നിന്നത്.
അവൾ ഓട്ടോയ്ക്ക് പണം കൊടുത്ത് ഗേറ്റിനു നേർക്ക് നടന്നു.

അകത്തേക്ക് നടക്കുമ്പോൾ അവൾ ചുറ്റിലും കണ്ട കാഴ്ച്ചകൾ കണ്ടമ്പരന്നു. വീടിനോട് ചെർന്ന പൂന്തോട്ടത്തിൽ പഴയ വിളക്കു കാലുകൾ, വെളുത്ത പ്രതിമകൾ, ചിറക് വിടർത്തിയ മാലാഖമാർ, പക്ഷികൾ. വരാന്തയിൽ തൂക്കുവിളക്ക്. പഴയൊരു ദീവാന.
‘ആരുമില്ലെ ഇവിടെ’ എന്ന് ചോദിക്കാനാഞ്ഞാപ്പോഴേക്കും ചന്ദനകുറിയിട്ട ഒരാൾ വരാന്തയിലേക്ക് വന്നു. കാപ്പിപൊടി നിറമുള്ള അരക്കയ്യൻ ഷർട്ടും മുണ്ടുമാണ്‌ വേഷം.
‘നിങ്ങളാണോ ഇപ്പോൾ വിളിച്ചത്?. ഞാനാണ്‌ നരേന്ദ്രൻ’
‘എനിക്കത്..ആ പഴയ റേഡിയോ..അതു വേണം..ഞാനത് വാങ്ങികൊള്ളാം’
‘ഏത് റേഡിയോ?’ അയാൾ സംശയത്തോടെ ചോദിച്ചു.
‘നിങ്ങൾ ഇന്നലെ ബാസാറിൽ നിന്നും വാങ്ങിയ ആ പഴയ റേഡിയോ..അത്..’
‘ഓ ..അതിനു ഞാൻ മുഴുവൻ കാശും കൊടുത്തതാണല്ലോ. അതു വില്ക്കാൻ ഒരു പ്ലാനുമില്ല..ഒരുപാട് നാളായി ഞാൻ തിരഞ്ഞു കൊണ്ടിരുന്ന ഒരെണ്ണമാണത്.’

അവൾ തളർന്ന് പടിക്കലിരുന്നു. ചുരിദാറിന്റെ ഷാൾ കൊണ്ട് മുഖം മറച്ച് ശബ്ദമില്ലാതെ വിതുമ്പാൻ തുടങ്ങി. എന്താണവൾ കരയുന്നതെന്ന് മനസ്സിലാക്കാനാവാതെ അയാൾ അവളെ നോക്കി നിന്നു. അവൾ തലേന്നത്തെ കാര്യം മുഴുവൻ അയാളോട് പറഞ്ഞു. അപ്പോഴേക്കും ഒരു സ്ത്രീയും അവിടേക്ക് വന്നു. എല്ലാം പറഞ്ഞു കഴിഞ്ഞ് അവൾ അയാളുടെ നേർക്ക് നോക്കി.
ആ സ്ത്രീ അയാളെ കണ്ണു കൊണ്ട് അകത്തേക്ക് ചെല്ലാൻ ആംഗ്യം കാണിച്ചു.

നസീബ പടിക്കൽ തന്നെ ഇരുന്നു. താനിനി എന്താണ്‌ ചെയ്യേണ്ടത്?
വെറും കൈയ്യോടെ ചെന്നാൽ വാപ്പച്ചി..?
വാപ്പച്ചിയുടെ ജീവന്റെ ജീവൻ എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടെന്നോ?
അതോ ഇവർ തനിക്കത് തിരികെ തരുമോ?. എന്തു വിലയാകും ഇവർ ആവശ്യപ്പെടുക?.

കാലടി ശബ്ദം കേട്ട് തല ഉയർത്തുമ്പോൾ അയാൾ ആ പഴയ റേഡിയോയുമായി വരുന്നത് കണ്ടു. പിന്നിലായി ആ സ്ത്രീയും. അവൾ പെട്ടെന്ന് പേഴ്സ് തുറന്നു. അപ്പോഴാണോർത്തത് ധൃതിപിടിച്ചോടിയിറങ്ങിയത് കൊണ്ട് അധികം പണമൊന്നും എടുക്കാനായില്ല.
‘ഞാൻ..എന്റെ കൈയ്യിൽ ഇപ്പോ ഇത്രയേ ഉള്ളൂ..എത്രയെന്നു വെച്ചാ പറഞ്ഞോള്ളൂ..ബാക്കി ഞാൻ ഇപ്പോൾ തന്നെ പോയി കൊണ്ടു വരാം..’ അവൾ ദയനീയതയോടെ പറഞ്ഞു.

അയാൾ സ്ത്രീയുടെ നേർക്ക് നോക്കി ചിരിക്കുന്നത് കണ്ടു. സ്ത്രീ അയാളേയും. ആ സ്ത്രീ നസീബയോടു പറഞ്ഞു.
‘ഇതിനു നമ്മൾ വിലയിടുന്നില്ല കുട്ടീ.. ഇതിനു വില ഇടാൻ നമുക്കാവുമെന്ന് തോന്നുന്നില്ല..കൊണ്ടു പൊയ്ക്കോളൂ..ഓർമ്മകൾക്ക് വിലയിടാൻ പറ്റില്ലല്ലോ..’

എന്താണ്‌ പറയേണ്ടതെന്നറിയാതെ അവൾ കൈ കൂപ്പി നിന്നു.

വീട്ടിൽ തിരികെ വരുമ്പോൾ സാജിത്താ മുന്നിൽ തന്നെ ഉണ്ടായിരുന്നു.
‘എവിടേക്കാ മോളെ നീ ഒന്നും പറയാതെ ഇറങ്ങി പോയത്?’
‘എനിക്ക് കിട്ടി സാജിത്താ..എല്ലാം..’

വാപ്പച്ചി ഉറക്കത്തിലായിരുന്നു. ഉണർന്നെഴുന്നേറ്റ് നോക്കുമ്പോഴയാൾ കണ്ടു, തന്റെ സർവ്വസ്വവുമായ ആ പഴയ പാട്ടുപെട്ടി വീണ്ടും മേശപ്പുറത്തിരിക്കുന്നത്. എന്നെ അങ്ങനെ ഉപേക്ഷിക്കാൻ കഴിയില്ലെന്നത് പറയുന്നത് പോലെ അയാൾക്ക് തോന്നി. നസീബ അടുക്കലേക്ക് വന്ന് വാപ്പച്ചിയുടെ നിറഞ്ഞു തുടങ്ങുന്ന കണ്ണുകളിലേക്ക് നോക്കി മന്ത്രിച്ചു,
‘എനിക്കിപ്പോ വാപ്പച്ചി പറയുന്നതെല്ലാം കേൾക്കാം. ആ പഴയ റേഡിയോയിൽ നിന്നും വരുന്ന പാട്ട് പോലും..’.
ആ ചെറിയ മുറിയിൽ ഒരു പഴയ ഗസലിന്റെ ഇശലുകൾ പതിയെ നിറഞ്ഞു തുടങ്ങി. അവരിവർക്കും മാത്രം കേൾക്കാനാവുമായിരുന്ന ഒരു പഴയ ഗസൽ..

(കോഴിക്കോട് നിന്നും പ്രസിദ്ധീകരിക്കുന്ന ‘പുടവ’ മാസികയിൽ ഡിസംബർ 2016, ജനുവരി 2017 മാസങ്ങളിൽ വന്നത് )


Post a Comment

Monday, 13 February 2017

ബലികർമ്മം


ചെറിയൊരു പുഴയായിരുന്നു അത്. അനവധി മത്സ്യങ്ങളുടെ ആവാസകേന്ദ്രം. മനുഷ്യസ്പർശമേല്ക്കാത്ത പുഴയുടെ തീരത്ത് ചെറു ഞണ്ടുകൾ അമൂർത്തചിത്രങ്ങൾ വരച്ചിരുന്നു. തീരത്തിനടുത്ത പൊന്തക്കാട്ടിൽ, ദേശങ്ങൾ താണ്ടിവന്ന പക്ഷികൾ ക്ഷീണമകറ്റാൻ വിശ്രമിച്ചിരുന്നു. അവ അപരിചിതഭാഷയിൽ പുഴയുടെ അഴകിനെ കുറിച്ച് പരസ്പരം പറഞ്ഞു. പുഴയ്ക്ക് മീതെ വീശിക്കൊണ്ടിരുന്ന തണുത്ത കാറ്റിലിരുന്നാണ്‌ കുളക്കോഴികൾ ചിറകുണക്കുക.

ആ വിശുദ്ധപുഴയിലാണ്‌ മനുഷ്യർ തങ്ങളുടെ പിതൃക്കൾക്കായി ബലികർമ്മം ചെയ്യുവാൻ തീരുമാനിച്ചത്. എള്ളും, പൂവും, ഇലയും പുഴയിലൂടെ ഒരുപാട് ദൂരമൊഴുകി പോയി. അജ്ഞാതരായ ആത്മാക്കളുടെ മോക്ഷപ്രാപ്തിക്ക് താനുമൊരു നിമിത്തമായെന്ന് കരുതി പുഴ സന്തോഷിച്ചു. കര ഇതൊക്കെയും കാണുകയും പുഴയോട് അമിതമായി സന്തോഷിക്കരുതെന്നും പറഞ്ഞു.

രാത്രികാലങ്ങളിലാണ്‌ ചിലരവിടേക്ക് വന്നത്. അവർ പുഴയുടെ നെഞ്ചിലേക്കായുധങ്ങളാഴ്ത്തി. പുഴയുടെ നിലവിളി കരമാത്രം കേട്ടു. നാൾക്കുനാൾ പുഴ മെലിഞ്ഞു വന്നു. ഒഴുകിയിരുന്ന പുഴ, ഇഴഞ്ഞു നീങ്ങാൻ കൂടി വിഷമിച്ചു. കര മാത്രം എല്ലാത്തിനും നിശ്ശബ്ദസാക്ഷിയായി. ഇപ്പോൾ പൊന്തക്കാടുകളിൽ ദേശാടനപക്ഷികൾ വന്നു വിശ്രമിക്കാറില്ല. തീരത്തെ ഞണ്ടുകൾ അമൂർത്ത ചിത്രങ്ങൾ വരയ്ക്കാറുമില്ല.

രാത്രികളിൽ ഇരുകാലികൾ വന്നു കൊണ്ടേയിരുന്നു. അവർ പുഴയുടെ ശരീരം കവർന്നു കൊണ്ടേയിരുന്നു. ബലികർമ്മത്തിന്റെ നാളുകളായി. മനുഷ്യർ വീണ്ടും പുഴയുടെ തീരത്ത് വന്നു. മെലിഞ്ഞു പോയ പുഴയിലേക്ക് നിരാശയോടെയവർ നോക്കി നിന്നു.
‘ഇനി അടുത്ത തവണ മറ്റൊരിടത്തേക്ക് പോവേണ്ടിവരും’.
ചിലർ പിതൃക്കൾക്കായി തർപ്പണം ചെയ്തു. ആയാസപ്പെട്ടെങ്കിലും പുഴ, എള്ളും പൂവും തന്റെ കൈകളിലെടുത്തിഴഞ്ഞു.
‘തനിക്കിനി അധികനാളുകളിതു ചെയ്യാനാവില്ല’ കര പറഞ്ഞു.

തർപ്പണം കഴിഞ്ഞ് മനുഷ്യർ പോകാനൊരുങ്ങി. പൂജാസാമഗ്രഹികളെല്ലാമവർ പൊതിഞ്ഞെടുത്തു. അന്നേരമവരെ നോക്കി കര കെഞ്ചി പറഞ്ഞു,
‘ഇനി നിങ്ങൾ ഇവിടെയൊരിക്കലും വരില്ല..ചെയ്യാനൊരു ബലികർമ്മം കൂടി ബാക്കി..ദയവായി അതു കൂടി ചെയ്തിട്ടു പോകൂ..ഇനി നിങ്ങളീ പുഴയ്ക്കായി കർമ്മം ചെയ്യൂ..അവൾക്ക് മോക്ഷം ലഭിക്കട്ടെ..’

ജനയുഗം വാരാന്തം 25 ഡിസംബർ 2016

Post a Comment

Thursday, 2 February 2017

ഈ കഥ വായിക്കരുത്


വായനക്കാരാ, നിങ്ങളോടെനിക്കു പറയാനുള്ളത് ഒരേയൊരു കാര്യം മാത്രമാണ്‌. നിങ്ങൾ ഈ കഥ വായിക്കരുത്. ഈ കഥ വായിച്ചു കഴിഞ്ഞിട്ട് നിങ്ങൾക്കെന്തു സംഭവിച്ചാലും അതിന്‌ പൂർണ്ണ ഉത്തരവാദി നിങ്ങൾ മാത്രമായിരിക്കും.

ഒരിക്കൽ കൂടി പറയുന്നു..ഇതു നിങ്ങളുടെ അവസാനത്തെ അവസരമാണ്‌.. ഇത്രയും പറഞ്ഞിട്ടും നിങ്ങൾക്ക് വായിക്കണമെന്നു തോന്നുന്നുണ്ടെങ്കിൽ വായിച്ചോളൂ..

അയാൾ സിനിമ കണ്ടു കഴിഞ്ഞിറങ്ങുകയായിരുന്നു. മാറ്റിനി ഷോയ്ക്കാണ്‌ കയറിയത്. പ്രതീക്ഷകളില്ലാതെ കാണുവാൻ പോയത് കൊണ്ട്, നിരാശയും തോന്നിയില്ല. നല്ലതെന്നോ മോശമെന്നോ ഉറപ്പിച്ചു പറയാനാവില്ല. തിയേറ്റർ വിട്ടതും, കൂട്ടിൽ നിന്നും തുറന്നു വിട്ട കിളികളെ പോലെ ആളുകൾ നാലു പാടും ചിതറി. ചിലർ സൈക്കിളിൽ, ചിലർ ബൈക്കുകളിൽ. ആകെ മൊത്തം ബഹളം. ചിലർ സിനിമയിലെ നായകന്റെ പരാക്രമം കണ്ടതിന്റെ ആവേശവുമായി ചുരുട്ടിപിടിച്ച കൈയ്യുമായി ഇറങ്ങി നടക്കുന്നുണ്ട്. ഇപ്പോൾ അവരൊട് എന്തേലും ചോദിച്ചാൽ നല്ല രീതിയിലാവില്ല മറുപടി കിട്ടുക. ഫുഡ്പാത്തിലൂടെ അയാൾ നടന്നു. ഓഫീസ് വിട്ടതിന്റെ തിരക്കാണ്‌. തിരക്ക് പിടിച്ച മനുഷ്യർ. വീടണയാനുള്ള തിരക്കിലാണെല്ലാവരും. പ്രധാനവഴിയും കടന്ന് അയാൾ നടന്നു. മേൽപ്പാലവും കടന്ന് ഒരു ചെറിയവഴി മുറിച്ച് കടക്കുന്നതിനിടയിലാണ്‌ അയാൾ താഴെ കിടക്കുന്ന ഒരു തുണ്ട് കടലാസ് കണ്ടത്. ഒരു മുഷിഞ്ഞ കടലാസ്. നിറയെ ചെരുപ്പടയാളങ്ങൾ. അയാളതെടുത്ത് നോക്കി. നിറയെ കുനു കുനാന്ന് എന്തോ എഴുതി വെച്ചിട്ടുണ്ട്. അതൊരു കഥയായിരുന്നു. അയാളത് വായിക്കാൻ തുടങ്ങി.

“ഈ കഥ വായിക്കരുത്”

കഥയുടെ പേരു വായിച്ചപ്പോൾ ഒരേ സമയം ജിജ്ഞാസയും ഭയവും തോന്നി. ‘എന്താ ഈ കഥ വായിച്ചാൽ ?’ സിനിമയിലെ നായകന്റെ ധാർഷ്ട്യത്തോടെ അയാളത് സ്വയം ചോദിച്ചു. അയാൾ വായന തുടർന്നു.

“വായനക്കാരെ, നിങ്ങളോടെനിക്ക് പറയാനുള്ളത് ഒരേയൊരു കാര്യം മാത്രമാണ്‌. നിങ്ങൾ ഈ കഥ വായിക്കരുത്. ഈ കഥ വായിച്ചു കഴിഞ്ഞിട്ട് നിങ്ങൾക്കെന്തു സംഭവിച്ചാലും അതിന്‌ പൂർണ്ണ ഉത്തരവാദി നിങ്ങൾ മാത്രമായിരിക്കും”

അയാൾ ചുറ്റും നോക്കി. ആരും തന്നെ നോക്കുന്നില്ല. കടലാസ് തിരിച്ചും മറിച്ചും നോക്കി. മറുഭാഗത്ത് ഒന്നുമില്ല. വെറും ഒരു പേജ് മാത്രമുള്ള കഥ. കഥ തുടങ്ങുന്നതിനു മുൻപ് തന്നെ മുന്നറിയിപ്പ്..എന്താവാം കാരണം?. ഇതിനു മുൻപ് ഈ കഥ വായിച്ചവർക്ക് എന്താണ്‌ സംഭവിച്ചത്?. ഈ കഥ ആരാണെഴുതിയത്?. ഇനി..ഈ പറയുന്നത് സത്യമവുമോ?. അയാൾ ഒരു നിമിഷം ആലോചിച്ച ശേഷം കടലാസ് പാന്റിന്റെ പോക്കറ്റിലേക്ക് കുത്തിയിറക്കി.

അയാൾ നടപ്പ് തുടർന്നു. അപ്പോഴും ആ മുന്നറിയിപ്പ് കാതിൽ തന്നെ കുടുങ്ങികിടക്കുന്നതായി തോന്നി. എന്നാലും..ഒരു കഥ വായിച്ചാൽ എന്ത് സംഭവിക്കാനാണ്‌?. താൻ യുക്തിവാദിയല്ലെ?..നിരീശ്വരവാദിയല്ലെ?..ഏതോ ഒരാൾ എഴുതിയ എന്തോ ഒരു അബദ്ധം വായിച്ച് ഭയക്കുക എന്നു പറഞ്ഞാൽ?..
അല്പദൂരം കൂടി നടന്ന ശേഷം അയാൾ നിന്നു. എന്നിട്ട് പോക്കറ്റിൽ നിന്നും കടലാസെടുത്ത് വായന തുടങ്ങി. അടുത്തവരി ഇതായിരുന്നു.
“അയാൾ സിനിമ കണ്ടു കഴിഞ്ഞിറങ്ങുകയായിരുന്നു.”

ഹാ! താനിപ്പോൾ ഒരു സിനിമ കണ്ടിറങ്ങിയതല്ലെ ഉള്ളൂ?! ഈ കഥയും സിനിമയെ കുറിച്ചാണോ?. അയാൾ വായന തുടർന്നു.
“മാറ്റിനി ഷോയ്ക്കാണ്‌ കയറിയത്”.
അത്രയുമേ വായിച്ചുള്ളൂ. ഒരു വലിയ ശബ്ദം കേട്ട് തല തിരിക്കുമ്പോഴേക്കും ഒരു ടെമ്പോ അയാളേയും ഇടിച്ചു തെറുപ്പിച്ച്, തൊട്ടടുത്ത കനാലിലേക്ക് മറിഞ്ഞു. അപ്പോഴേക്കും അയാളുടെ കയ്യിൽ നിന്നും കടലാസ് തെറിച്ചു റോഡിലേക്ക് വീണു കഴിഞ്ഞിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയവരുടെ കാലടികൾക്കടിയിൽ കിടന്ന് ആ കടലാസ്സമർന്നു.

ഇപ്പോഴും ആ കടലാസ് അവിടെ കിടപ്പുണ്ട്. അതാരെങ്കിലും വന്നെടുക്കുമോ?.. അതെടുക്കുന്നയാൾ അതിലെഴുതിയത് വായിക്കുമോ?..വായിച്ചാൽ അയാൾക്കെന്തെങ്കിലും സംഭവിക്കുമോ?..
നമുക്ക് കാത്തിരിക്കാം..

ഒരു കാര്യം കൂടി..
ഒരുപക്ഷെ നിങ്ങൾ ശ്രദ്ധിച്ചിരിക്കാം..ഈ കഥയുടെ പേരും “ഈ കഥ വായിക്കരുത്” എന്നു തന്നെ..

അത് തികച്ചും യാദൃശ്ചികമല്ല.

Post a Comment