Please use Firefox Browser for a good reading experience

Thursday 13 October 2016

മാലാഖ‘കാവൽ മാലാഖമാരെ, നിങ്ങളെന്റെ മകളെ കാത്തുകൊള്ളേണമെ
എന്റെ പ്രാർത്ഥനകൾ തള്ളിക്കളയരുതെ..’
                                                     -ഒരമ്മയുടെ പ്രാർത്ഥനകളിൽ നിന്ന്

ചൂണ്ടുവിരൽത്തുമ്പുകൊണ്ടുരച്ചു നോക്കിയെങ്കിലുമത് മാഞ്ഞില്ല. റോസിലി കരുതിയത് കുമ്മായപ്പാടാണെന്നാണ്‌. വീടിനു പിന്നിലായി, ആകാശത്തേക്ക് വാ പൊളിച്ചു നില്ക്കുന്ന കുളിമുറിയുടെ ചുവരുകളിൽ, അടർന്നു വീഴാൻ മുഹൂർത്തം കാത്തിരിക്കുന്ന കുമ്മായത്തിന്റെ പാളികൾ ശ്രദ്ധയിൽ പെട്ടിട്ട് രണ്ടു ദിവസങ്ങൾ പോലുമായിട്ടില്ല. അവധിദിവസങ്ങളിൽ റോസിലി കുഞ്ഞു മിഷയെ കുളിപ്പിക്കുന്നതവിടെയാണ്‌. ആ ദിവസങ്ങളിൽ അവളുടെ അച്ഛൻ ജോസഫിനും പ്രകൃതിയോട് ഒരു പ്രത്യേക സ്നേഹം തോന്നും. അപ്പോഴവിടെ പോയി നിന്നാണയാളും കുളിക്കുക. സിമന്റ്തറയിൽ ഉപ്പൂറ്റിയുരച്ച് കഴുകിയതിന്റെ സുഖം വന്നു വിവരിക്കുകയും ചെയ്യും. ജോസഫിന്റെ അവധിദിവസത്തെ കുളി ഒരു ആഘോഷമാണ്‌. ആഘോഷം കഴിഞ്ഞാൽ മണമുള്ള സോപ്പിൽ അയാളുടെ മുടിയിഴകളുണ്ടാകും, താഴെ വീണ്‌ സോപ്പിന്റെ വക്ക് ചളുങ്ങിയിട്ടുണ്ടാകും, മൺത്തരികൾ സോപ്പിനു പരുക്കൻ പുറം സമ്മാനിച്ചിട്ടുണ്ടാകും. അതെല്ലാം നഖം കൊണ്ട് ചുരണ്ടി കളഞ്ഞശേഷമെ റോസിലി കുഞ്ഞു മിഷേലിനെ കുളിപ്പിക്കൂ.  അയൽവക്കത്തുള്ള കുട്ടികളുമൊത്ത് കളിക്കുമ്പോൾ, ചുവരുകളിൽ പായലു പിടിച്ച് പച്ച നിറം കലർന്ന ആ ചെറിയ മുറി അവൾക്കൊരു ഒളിയിടമാകും. റോസിലി ചെറിയ ചുവന്ന മഗ് നിറയെ വെള്ളം കോരിയെടുത്ത് വീണ്ടും മിഷേലിന്റെ ചുമലിലേക്ക് കോരിയൊഴിച്ചു. മിഷേലിന്റെ ഇടതുചുമലിനു താഴെയായി കാണപ്പെട്ട വെളുത്ത് പാട് അപ്പോഴും പോയില്ല. കുഞ്ഞു മിഷയാണേൽ കണ്ണും പൂട്ടി കൈകൾ ദേഹത്തോട് ചേർത്ത് വെച്ച് തണുപ്പുള്ളിലേക്ക് കയറാതെ ചെറുക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു. ഒരോ തവണയും വെള്ളം അവളുടെ ദേഹത്തെ പൊതിയുമ്പോൾ അവൾ സ്വയം ചുരുങ്ങാൻ ശ്രമിച്ചു. തല കുടഞ്ഞും, കാലുകൾ താളത്തിൽ ചവിട്ടിയും അവൾ കുളി ഒന്നു തീർന്നു കിട്ടാൻ ധൃതി കാണിച്ചു.

കുളി കഴിഞ്ഞു തലതുവർത്തുമ്പോൾ മിഷ നിർത്താതെ മൂളിയ ശബ്ദം, റോസിലിയുടെ കൈകളുടെ ചലനത്താൽ താളത്തിൽ വിറച്ചു കൊണ്ടിരുന്നു. ഇതൊക്കെയും പതിവുകളാണ്‌. ഈ പതിവുകളില്ലാതെ അവരുടെ ജീവിതം പൂർണ്ണമാകുമായിരുന്നില്ല. മിഷയുടെ മേല്‌ തുടയ്ക്കുമ്പോൾ വീണ്ടും റോസിലി മുതുകിലെ വെളുത്ത പാട് ശ്രദ്ധിച്ചു. തോർത്ത് കൊണ്ട് ഉരച്ചു നോക്കി. തിരികെ വീട്ടിലേക്ക് കയറുമ്പോൾ ജോസഫിനോടതേക്കുറിച്ച് പറയണമെന്നുറപ്പിക്കുകയും ചെയ്തു. വെളുത്ത പാടുകൾ സൂക്ഷിക്കണം. ഇനി വല്ല പാണ്ട് വരുന്നതിന്റേയും തുടക്കമാണോ?. തന്റെ കുടുംബത്തിലാർക്കും അതില്ല. ഇനി ജോസഫിന്റെ കുടുബത്തിൽ..?. അതോ സ്കൂളിലേതെങ്കിലും കുട്ടികളിൽ നിന്ന് പകർന്ന വല്ല ചർമ്മരോഗവും..? ആലോചിക്കുംതോറും തോറും അവളുടെ ആധി പിടിച്ച ചിന്തകൾക്ക് കൂടുതൽ ശിഖരങ്ങൾ മുളച്ചു.

മനസ്സിൽ പടർന്ന വെളുപ്പ് തത്ക്കാലത്തേക്ക് മായ്ച്ചു കളഞ്ഞെങ്കിലും രാത്രി വീണ്ടും തെളിഞ്ഞു വന്നത് കൊണ്ട് റോസിലി ജോസഫിനോടതേക്കുറിച്ച് പറഞ്ഞു.
‘അതിനു തക്ക പാപം ചെയ്തവരാരും എന്റെ കുടുംബത്തിലില്ലെടി’ എന്നലസമായി പറഞ്ഞ് അയാൾ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിലേക്ക് മുഖം തിരിച്ചു.
‘എന്റെ വീട്ടിലും ആർക്കുമില്ല. ഇച്ചാച്ചന്റെ വീട്ടിലും ആർക്കുമില്ല..പിന്നെ..?’
അതിനുത്തരം അലസമായോ ഗൗരവമായോ പറഞ്ഞാൽ അനിഷ്ടസംഭവങ്ങളുണ്ടാകുമെന്ന് തോന്നിയതു കൊണ്ട് ജോസഫ് തികഞ്ഞ മൗനം പാലിച്ചു.

തിങ്കളാഴ്ച്ച രാവിലെ ജോസഫിനു ടിഫിൻ നിറയ്ക്കുന്നതിന്റേയും മിഷയെ സ്കൂളിൽ പോകുന്നതിനായി ഒരുക്കുന്നതിന്റേയും തിരക്കുകൾക്ക് നടുവിലായിരുന്നു റോസിലി. അകത്തെ മുറിയിൽ ജോസഫ് ഒരുക്കങ്ങളുടെ അവസാനഘട്ടത്തിലായിരുന്നു. വാച്ച്?..വാച്ച് കാണുന്നില്ല. തലേദിവസം അഴിച്ച് പേഴ്സിനു മുകളിൽ വെച്ചതാണ്‌. സാധാരണ പകൽ ചെന്നു നോക്കുമ്പോഴും അതവിടെ തന്നെ കാണുന്നതാണ്‌. കാണേണ്ടതാണ്‌. എന്തു കാണാതായാലും, അന്വേഷിക്കുന്നതിനേക്കാൾ എളുപ്പം റോസിലിയെ ആ ജോലി ഏൽപ്പിക്കുന്നതാണ്‌. എന്നാൽ റോസിലി ആ ജോലിയുടെ ബാറ്റൺ മിഷയ്ക്ക് കൈമാറും. എപ്പോഴും ജോസഫിന്റെ വിളിയുടെ ആഘാതം അവസാനം ചെന്നു പതിക്കുന്നത് മിഷയുടെ പുറത്തായിരിക്കും.
‘അവൾക്ക് നല്ല കണ്ണാ..എന്തു നോക്കിയാലും ആദ്യം അവൾടെ കണ്ണിലെ പെടൂ‘
ഇത്തവണയും തെറ്റിയില്ല. മിഷ, വാച്ച് ഒരു പൂച്ചക്കുഞ്ഞിനെ തൂക്കിക്കൊണ്ടു വരുന്നത് പോലെ കൊണ്ടു വന്നു ജോസഫിനെ ഏല്പ്പിച്ചു.
’എന്റെ മാലാഖക്കുഞ്ഞ്! മിഷമോളാണെന്റെ ഭാഗ്യം‘ മകളുടെ കവിളിൽ ഉമ്മ വെച്ചു കൊണ്ടയാൾ പറഞ്ഞു.
’കണ്ണു വെയ്ക്കാതെ‘ അതും പറഞ്ഞു റോസിലി ജോസഫിനെ നോട്ടം കൊണ്ട് താക്കീത് ചെയ്തു.

ജോസഫ് മിഷയുമായി ബൈക്കിൽ പോയതിനു ശേഷം റോസിലി വെളുപ്പിനെ കുറിച്ച് കൂടുതലായി ആലോചിക്കാൻ തുടങ്ങി. രാവിലെ മിഷേലിനെ കുളിപ്പിക്കുമ്പോഴും ആ വെളുത്ത പാട് മാഞ്ഞു പോകാതിരുന്നത് റോസിലി ശ്രദ്ധിച്ചിരുന്നു. ചെറിയ ഒരു തടിപ്പുണ്ടിപ്പോൾ. അതു മാത്രമല്ല വെളുപ്പ് പടരുന്നോ എന്നും സംശയം. ഇപ്പോൾ മുതുകിൽ രണ്ടിടത്ത് വെളുപ്പ് കാണുന്നുണ്ട്. ഏതെങ്കിലും ഒരു സ്കിൻഡോക്ടറെ ഉടൻ കാണിക്കണം. എത്രപെട്ടെന്നാണിത് പടരുന്നത്. വൈകിട്ട് ജോസഫ് വരുന്നതും കാത്ത് റോസിലി ഇരുന്നു. ഇടവേളകളിൽ കാവൽമാലാഖമാരെ വിളിച്ച് മനമുരുകി പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു അവർ.

വൈകിട്ട് വന്നയുടൻ ജോസഫിനെ റോസിലി അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. മിഷ പതിവു പോലെ ഡൈനിംഗ് ടേബിളിൽ അവളേയും കാത്തിരിക്കുന്ന ബിസ്ക്കറ്റിന്റേയും ചൂടുപാലിന്റേയും മുന്നിൽ ഇരുപ്പുറപ്പിച്ചു. റോസിലിയുടെ ആധി, ഗൗരവത്തോടെ എടുക്കണമോ വേണ്ടയോ എന്ന് ജോസഫ് സംശയിച്ചു. ചിലപ്പോൾ അതു എണ്ണമാറി തേച്ചതോ, എവിടെയെങ്കിലും വീണു പോറിയതോ അങ്ങനെ വല്ലതുമായിക്കൂടെ?. രണ്ടു ദിവസം കഴിയുമ്പോൾ താനെ മാറിയാലോ?. അല്ലെന്ന് റോസിലി തറപ്പിച്ചു പറഞ്ഞു. എന്നാൽ സംശയങ്ങൾ ഇപ്പോൾ തന്നെ ദൂരികരിക്കാമെന്നായി.
ജോസഫ് മിഷയെ മുറിയിലേക്ക് വിളിച്ചു.
‘വരുന്നു പപ്പാ’ എന്നു പറഞ്ഞ് മിഷയെത്തി.
യൂണിഫോം ഉടുപ്പ് മാറ്റി നോക്കിയപ്പോൾ ജോസഫും കണ്ടു, വെളുത്ത രണ്ടു പാടുകൾ. തൊട്ടു നോക്കി. എന്തോ തട്ടുന്നുണ്ട്. റോസിലി ശ്രദ്ധിച്ചു, പാടുകൾ രാവിലെ കണ്ടതിലും കൂടുതലായിരിക്കുന്നു. ഇപ്പോൾ തൊലിപ്പുറത്തേക്ക് അതു വളർന്നിട്ടുണ്ട്. വിരലു കൊണ്ടുരസുമ്പോൾ തട്ടുന്നുണ്ട്. കൂർത്ത എന്തോ പോലെ.
‘എന്താ പപ്പാ?’ പപ്പയുടേയും മമ്മയുടേയും ഭാവവ്യത്യാസം കണ്ട് മിഷേൽ ചോദിച്ചു.
‘ഒന്നൂല്ല മോളെ നമുക്ക് ഡോക്ടറുടെ അടുത്തൊന്ന് പോയേച്ചു വരാം’.

തങ്ങളുടെ ടോക്കൺ വിളിക്കുന്നതും കാത്തിരിക്കുമ്പോൾ റോസിലി തലേദിവസം കണ്ട സ്വപ്നത്തെക്കുറിച്ചാണോർത്തത്. പതിവില്ലാതെ അമ്മച്ചി സ്വപ്നത്തിലെന്തിനാ കയറി വന്നത്?. വന്നതല്ലാതെ ഒന്നുമൊട്ട് പറഞ്ഞതുമില്ല. വരാന്തയിൽ കസേരയിൽ ഇരിക്കുകയായിരുന്നു അമ്മച്ചി. മടിയിൽ മിഷയും. മിഷ ജനിക്കുന്നതിനു മുൻപെ അമ്മച്ചി പോയതാണ്‌. പക്ഷെ സ്വപ്നത്തിൽ മിഷയ്ക്ക് അമ്മച്ചിയെ നല്ല പരിചയമുള്ളത് പോലെയാണ്‌ കാണപ്പെട്ടത്. അമ്മച്ചി മിഷയുടെ തോളിൽ തടവിക്കൊണ്ടിരിക്കുകയായിരുന്നു. പിന്നീട് സാവധാനം മിഷയുടെ രണ്ടു കൈകളുമുയർത്തി ഒരു പക്ഷിയെ അനുസ്മരിപ്പിക്കും വിധം പറക്കുന്നതായി കാണിച്ചു. എന്താണത്?. ഏതു ആകാശയാത്രയെ കുറിച്ചാണ്‌ അമ്മച്ചി പറയുന്നത്?.
‘ടോക്കൺ പതിനൊന്ന്’ എന്ന ഉറക്കെയുള്ള വിളികേട്ട് മൂവരും അകത്തേക്ക് പോയി.

ഡോക്ടർ വെളുത്തപാടിൽ തട്ടി നോക്കി, പതിയെ അമർത്തി നോക്കി. മിഷയ്ക്ക് വേദനയൊന്നുമില്ല. അവൾ ചുവരിലൊട്ടിച്ച ചിത്രങ്ങളിലൂടെ കണ്ണോടിച്ചു കൊണ്ടിരുന്നു. പിന്നീട് മേശപ്പുറത്തെ വസ്തുക്കളിലൂടെയും. ഡോക്ടർ പിന്നിലെ ഷെല്ഫിൽ നിന്നും ഒരു പുസ്തകമെടുത്ത് ചില പേജുകൾ ഓടിച്ചു വായിച്ചു. ഇതൊക്കെ കണ്ടപ്പോൾ റോസിലിയുടെ പരിഭ്രമം വർദ്ധിച്ചു. ഇനി ചിലപ്പോൾ ഡോക്ടർക്കും ഇതെന്താണെന്ന്...
അജ്ഞാതരോഗമോ, ഔഷധമില്ലാത്ത വ്യാധിയോ..ആണും പെണ്ണുമായി ഈയൊരെണ്ണമേയുള്ളൂ. മുഴുവൻ സ്നേഹവും ഇവളിലാണ്‌ നിറച്ചിരിക്കുന്നത്.
‘മിഷേലിനു എന്താണ്‌ പ്രശ്നമെന്ന് കൃത്യമായി പറയാൻ പറ്റില്ല. ഞാൻ മറ്റൊരു ഡോക്ടർനു റെഫർ ചെയ്യാം. എന്റെ സീനിയറാണ്‌. ഫ്രണ്ടും.’
അതു പറഞ്ഞ് അയാൾ പേരും, ഫോൺ നമ്പറുമെഴുതി കൊടുത്തു.
‘ഈ നമ്പറിൽ വിളിച്ചു ചോദിച്ചിട്ട് പൊയ്ക്കോള്ളൂ’
റോസിലിക്ക് എത്രയും വേഗം അവിടെ നിന്നിറങ്ങി പോകണമെന്നു തോന്നി. മറ്റൊരു ഡോക്ടറുടെ അടുത്തേക്കല്ല, നേരെ പള്ളിയിലേക്ക് പോകണം. മെഴുതിരികൾ കത്തിച്ച് പ്രാർത്ഥിക്കണം.

പടികളിറങ്ങുമ്പോൾ ജോസഫിന്റെ മുഖം മ്ളാനമായിരുന്നു. ചെറിയ എന്തോ സ്കിൻ ഡിസീസ് എന്നു കരുതിയതാണ്‌. പക്ഷെ ഇപ്പോൾ മറ്റെന്തോ..
പള്ളിയിൽ, ക്രൂശിത രൂപത്തിനു മുന്നിൽ കത്തിച്ചു വെച്ച മെഴുകുതിരികളെ പോലെ റോസിലിയുടെയും ജോസഫിന്റേയും മനസ്സുരുകി. അവർ മുട്ടുകുത്തി നിന്നു കുരിശ് വരച്ചു.  തങ്ങൾ ഏറ്റുപറയാനോ മനസ്താപപ്പെടാനോ തക്ക പാപങ്ങളൊന്നും പ്രവർത്തിച്ചിട്ടില്ലെന്ന് മനസ്സിൽ പലയാവർത്തി ചോദിച്ചുറപ്പിച്ചു. ആ രാത്രി മിഷ, റോസിലിയുടേയും ജോസഫിന്റേം മധ്യത്തിലാണ്‌ കിടന്നത്. ഇരുവശത്തും ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന പപ്പയുടെയും മമ്മയുടേയും നടുവിൽ കിടന്ന് മിഷ സ്വപ്നങ്ങൾ കണ്ടു സുഖമായുറങ്ങി.

പിറ്റേന്ന് കുളിപ്പിക്കുമ്പോൾ മിഷയുടെ മുതുകിൽ നോക്കാൻ റോസിലിക്ക് ഭയമുണ്ടായി. പാട് അവിടെ കാണരുതെ എന്ന പ്രാർത്ഥനയോടെയാണ്‌ അവളെ തിരിച്ച് നിർത്തിയത്. എന്നാൽ റോസിലി ആ കാഴ്ച്ച കണ്ട് തളർന്നു പോയി. പാടിന്റെ സ്ഥാനത്ത് വെളുത്ത് എന്തോ ഒന്ന് മുതുകിൽ നിന്നുയർന്ന് നില്ക്കുന്നതാണ്‌ കണ്ടത്. മുഖം മുതുകിനോട് ചേർത്ത് നോക്കി. അപ്പോഴത് കൂടുതൽ വ്യക്തമായി. തൊട്ടു നോക്കി. അതൊരു കോഴിക്കുഞ്ഞിന്റെ ചിറകുകൾ പോലുണ്ട്..അരികുകളിൽ ചെറിയ വെളുത്തതൂവൽ പോലെ.. റോസിലി നടുങ്ങി പോയി. ഇതെന്താണ്‌ സംഭവിക്കുന്നത്?. ഒരു മനുഷ്യന്റെ പുറത്തും തൂവൽ മുളച്ചു വന്നതായി കേട്ടിട്ടില്ല. ഇതു ദിനംപ്രതി വളർന്നാൽ?. തൂവലുകൾ കൊണ്ട് ശരീരം മൂടിയാൽ..റോസിലിക്ക് തല കറങ്ങുന്നത് പോലെ തോന്നി. അവൾ ഉടൻ തന്നെ ജോസഫിനെ വിളിച്ചു. പരിഭ്രാന്തി നിറഞ്ഞ ശബ്ദം കേട്ട് പാതി ഷേവ് ചെയ്ത മുഖവുമായി ജോസഫ് ഓടി വന്നു.
‘എന്താ എന്താ പറ്റീത്?’
‘ഇതൊന്നു നോക്കിക്കെ ഇച്ചാച്ചാ..നമ്മുടെ മിഷ മോടെ മുതുകില്‌..’
മിഷ അപ്പോഴേക്കും കൈകൾ പിന്നിലേക്കെത്തിച്ച് എന്താണെന്നറിയാൻ ശ്രമമാരംഭിച്ചിരുന്നു.
ജോസഫും തൊട്ടു നോക്കി. തൂവലുകൾ..
നാലഞ്ച് മാസങ്ങൾക്ക് മുൻപ് സ്കൂളിൽ ഒരു ഷോ ക്കു വേണ്ടി ചിറകുകളുള്ള വസ്ത്രം ധരിച്ചിരുന്നു മിഷ. കൈയ്യിൽ നക്ഷത്രം ഒട്ടിച്ചു വെച്ച മിനുങ്ങുന്ന വടിയുമായി അവൾ നില്ക്കുന്ന ഫോട്ടൊ അൽബത്തിലുണ്ട്. സുന്ദരിയായിരുന്നു ആ വസ്ത്രത്തിൽ അവൾ. പക്ഷെ ചിറകുകൾ.. അതൊക്കെയും കഥകളിൽ മാത്രമല്ലെയുള്ളൂ. ഇതു വരെ ഒരു പെൺകുട്ടിക്കും ചിറകു മുളച്ചതായി കേട്ടറിവോ വായിച്ചറിവോ ഇല്ല. പുണ്യപുസ്തകങ്ങളിൽ പോലും പുരുഷന്മാരാണ്‌ മാലാഖമാർ. ഗബ്രിയേൽ..മിഖായേൽ..റാഫേൽ... അയാൾ മാലാഖമാരുടെ പേരുകൾ ഓർത്തെടുത്തു. മാലാഖയെ പോലെ സുന്ദരി എന്നു പറഞ്ഞിട്ടുണ്ട് മിഷയെ കാണുമ്പോഴൊക്കെയും. പക്ഷെ അവൾക്ക് ചിറകുകൾ..അവൾ വളർന്ന് വിവാഹപ്രായമാകുമ്പോൾ.. ജോസഫ് വിയർക്കാൻ തുടങ്ങി.

മിഷ ആ ദിവസം സ്കൂളിൽ പോയില്ല. ജോസഫ് ഓഫീസിലും പോയില്ല. വാതിലടച്ച് അവർ വീട്ടിനുള്ളിൽ തന്നെയിരുന്നു.
ആരോടിതു പറയും?. ആശുപത്രിയിൽ പോയാൽ ഇതൊരു വിചിത്രമായ കേസാണെന്ന് പറഞ്ഞ് അവർ കൂടുതൽ ടെസ്റ്റുകൾക്ക് വിധേയമാക്കും. കൊച്ചു മിഷയുമായി ആശുപത്രികൾ കയറേണ്ടി വരും. പലരും ഇനി ഇവളെ ഒരു അത്ഭുതജീവിയെ പോലെ നോക്കാൻ തുടങ്ങും. ഇതേക്കുറിച്ച് ആരെങ്കിലുമറിഞ്ഞാൽ പത്രക്കാർ വന്നു വീടു മൂടും..ടി വി ചാനലുകൾ..മിഷ..അവൾ കുഞ്ഞാണ്‌. അവൾക്കതൊക്കെയും താങ്ങാനുള്ള ശക്തിയുണ്ടാവില്ല. അവളുടെ സ്കൂൾ ജീവിതം അതോടെ തകിടം മറിയും. സുഹൃത്തുക്കൾ..അവരോട് പോലും ഇതു പറയാനാവില്ല. അടക്കംപറച്ചിലുകൾ കൊണ്ട് പൊതിഞ്ഞ്, ‘ആരോടും പറയരുത്’ എന്ന താക്കീതും വെച്ചുപൂട്ടി കൈമാറാവുന്ന ഒരു രഹസ്യമല്ലിത്. ജോസഫ് ഗൗരവം കൊണ്ട് തന്റെ ആധി മറച്ചുപിടിക്കാനാവതും ശ്രമിച്ചു. തന്റെ നെറ്റിയിലുയർന്നു വരുന്ന വിയർപ്പ് കണ്ടാൽ റോസിലിയും തളരും. അയാൾ പോയി മുഖം കഴുകി വന്നു കട്ടിലിൽ ഇരുന്നു. കുഞ്ഞു മിഷ കളർപെൻസിലുകൾ കൊണ്ട് ഒരു ചിത്രത്തിനു നിറം പകർന്നു കൊണ്ടിരുന്നു.

പള്ളിയിൽ പോയി ഫാദർനെ കണ്ടാലോ?. പക്ഷെ ഫാദർ നു എന്തു ചെയ്യാനാവും? കുഞ്ഞു മിഷയ്ക്കായി പ്രാർത്ഥിക്കാനല്ലാതെ..
ഇതാരുമറിയാതെ മൂടി വെയ്ക്കണം. മറച്ചു വെയ്ക്കണം. മിഷ പോലുമറിയരുത്. അവൾക്കിതു താങ്ങാനാവുന്ന കാര്യമല്ല. ഏതെങ്കിലും ആശുപത്രിയിൽ..ശസ്ത്രക്രിയ വഴി ആ ചിറകുകൾ മുറിച്ച് മാറ്റണം..പക്ഷെ..ചിലപ്പോൾ അവ പിന്നെയും കിളിർത്ത് വന്നേക്കാം. അപ്പോൾ? ജോസഫും റോസിലിയും എന്താ ചെയ്യേണ്ടതെന്നറിയാതെ അസ്വസ്ഥരായി. തത്ക്കാലം അവൾ സ്കൂളിൽ പോകട്ടെ. എല്ലാം പതിവ് പോലെ തന്നെ ഇരിക്കട്ടെ. മിഷയോട് ഇതേക്കുറിച്ചൊന്നും പറയണ്ട.

ഒരാഴ്ച്ച കഴിഞ്ഞപ്പോൾ, റോസിലിയേയും ജോസഫിനേയും ഭയചകിതരാക്കി കൊണ്ട് ചിറകുകൾ ഒളിച്ചു വെയ്ക്കാനാവാത്ത വിധം വളർന്നു കഴിഞ്ഞിരുന്നു. റോസിലി കണ്ണീരടക്കാൻ ശ്രമിച്ചു കൊണ്ട് മിഷയുടെ കുഞ്ഞുശരീരം തുണി കൊണ്ട് ചുറ്റിവരിഞ്ഞു.
‘മിഷ മോൾക്ക് തണുക്കാതിരിക്കാനാ’
മിഷയ്ക്ക് തന്റെ ശരീരം വരിഞ്ഞു മുറുകുന്നത് തീരെ ഇഷ്ടമായില്ല. തന്റെ പിന്നിൽ എന്തോ ഭാരം വെച്ചതു പോലെ എന്നവൾ പരാതി പറയാൻ തുടങ്ങി. കിടക്കുമ്പോൾ എന്തൊ കുത്തുന്നത് പോലെ എന്നവൾ മമ്മയോടെ പറഞ്ഞു കൊണ്ടിരുന്നു. ഒരു ദിവസം മിഷ കണ്ണാടിയിൽ നോക്കി അതു കണ്ടുപിടിക്കുക തന്നെ ചെയ്തു.
‘മമ്മാ എനിക്ക് വിംഗ്സ് വന്നു!’ അവൾ ആവേശപൂർവ്വം പറഞ്ഞു.
‘പേടിക്കണ്ട മോളെ, മമ്മ അതു മുറിച്ചു കളയാം..മോൾക്ക് വേദനിക്കത്തില്ല കേട്ടോ’
മിഷ എന്നാൽ റോസിലിയെ അതിശയപ്പെടുത്തി കൊണ്ട്, ഭയപ്പെടുത്തി കൊണ്ട്, ആ നീക്കത്തെ എതിർത്തു. ‘എനിക്ക് വിംഗ്സ് വേണം’
‘ഞാൻ സ്കൂളിൽ ഷോയ്ക്ക് വിംഗ്സ് വെച്ചതാണല്ലോ. എനിക്കിഷ്ടാണ്‌ വിംഗ്സ്!’
മിഷയ്ക്കെന്തിനാ ചിറകുകൾ?. അവൾ ചിറകുകൾ വീശി എവിടെ പറന്നു പോകാനാണാഗ്രഹിക്കുന്നത്?.
ഒരാശ്വാസം എന്തെന്നാൽ പ്രതീക്ഷിച്ചതു പോലെ അവൾ കരയുകയോ, പേടിച്ചു നിലവിളിക്കുകയോ ചെയ്തില്ല എന്നാണ്‌. സ്കൂളിൽ പോകുന്നത് അവൾ തുടർന്നു.
‘മോളിതു ആരോടും പറയരുത്..പറഞ്ഞാൽ അവർ മോൾടെ വിംഗ്സ് മുറിച്ചു കളയും..സീക്രട്ടായിട്ട് വെയ്ക്കണം..’
‘പ്രോമിസ്’ - മിഷ അമ്മയ്ക്ക് കൈവെള്ളയിലടിച്ച് സത്യം ചെയ്തു. ഹൃദയഭാഗത്ത് കുരിശ് വരച്ച് റോസിലിയും.

റോസിലിക്കും ജോസഫിനും ഇപ്പോൾ ഉറക്കം ശരിക്കു കിട്ടാതായിരിക്കുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്ന്, അർദ്ധരാത്രി കഴിയുമ്പോൾ എങ്ങനെയോ ഉറങ്ങി പോവുന്നു. അവർ രണ്ടു പേരുടെയും കൺത്തടങ്ങളിൽ ഉറക്കമില്ലായ്മ കറുത്തനിറമായി തളം കെട്ടികിടന്നു.

സ്കൂൾ വിട്ടു വന്നുകഴിഞ്ഞാൽ, അലമാരിയിലുറപ്പിച്ച നീണ്ട വലിയ കണ്ണാടിയിൽ ചിറകുകളുടെ ഭംഗി നോക്കിയിരിക്കും മിഷ. ഇപ്പോൾ തൂവലുകൾക്ക് നീളം വെച്ചിട്ടുണ്ട്. അവ ട്യൂബ് ലൈറ്റ് വെട്ടത്തിൽ തിളങ്ങുന്നത് നോക്കിയവൾ രസിച്ചു.
‘മമ്മാ എന്റെ വിംഗ്സ് നു കളർ കൊടുക്കണം’
റോസിലി മിഷയുടെ വിചിത്രമായ ആവശ്യം കേട്ടെങ്കിലും പരിഭ്രമമറിയിക്കാതെ അവൾ പറയുന്നത് പോലെ ചെയ്തു കൊടുത്തു.

രാത്രിയിൽ അവൾ കിടന്നുറങ്ങുന്നതും നോക്കി ജോസഫും റോസിലിയും ഇരുന്നു.
ഇപ്പോൾ കണ്ടാൽ ഏതോ ഒരു കെട്ടുകഥയിലെ കഥാപാത്രമാണവൾ എന്നു തോന്നും. എന്തു സന്തോഷത്തിലാണവളിപ്പോൾ. വിടർത്തി വെച്ച ചിറകുകൾക്ക് മുകളിൽ കിടക്കുകയാണെന്നെ തോന്നൂ. പക്ഷെ അവൾ ചിറകുകൾ വീശുമ്പോൾ തങ്ങളുടെ ഉള്ളിലേക്ക് തീക്കാറ്റാണടിക്കുന്നത്. ഉള്ളു മുഴുവൻ ചൂട് നിറയുന്നു. ആരോടും പറയാനാവാതെ, ഒന്നും ചെയ്യാനാവാതെ എത്ര നാൾ?. ഇവൾ വളരുകയാണ്‌ ഒരോ നിമിഷവും. ഇവളുടെ ചിറകുകളെ പോലെ. രാത്രി അവളറിയാതെ, നോവറിയാതെ തൂവലുകൾ മുറിക്കണം. അവളെ പറഞ്ഞു ബോധ്യപ്പെടുത്തുകയോ ഭയപ്പെടുത്തി നിർത്തുകയോ ചെയ്യാം. പക്ഷെ ചിറകുകൾ..അവ മുറിച്ചു കളയേണ്ടത് തന്നെ. മിഷ ഒരു സാധാരണ പെൺകുട്ടിയായി ജീവിക്കണം. മറ്റേതു പെൺകുട്ടിയേയും പോലെ ദിവ്യത്വമൊന്നും അവകാശപ്പെടാനില്ലാത്ത വെറുമൊരു ചെറിയ പെൺകുട്ടി. തന്റെ വയറ്റിൽ പിറന്ന ജോസഫിന്റെ മകൾ.

റോസിലി തയ്യൽമെഷീനു സമീപം വെച്ച പെട്ടിയിൽ നിന്നും കത്രികയെടുത്തു കൊണ്ടു വന്നു. ജോസഫിനു അവളെ തടയണമോ വേണ്ടയോ എന്നു നിശ്ചയമില്ല. റോസിലി ചെയ്യുന്നത് തെറ്റാണോ, ശരിയാണോ എന്നുമറിയില്ല. പക്ഷെ മിഷ..മറ്റേതു സാധാരണ പെൺകുട്ടിയേയും പോലെ ചിറകുകളില്ലാതെ വേണ്ടെ അവളും... അങ്ങനെ വേണം അവൾ വളരേണ്ടത്. വിറയ്ക്കുന്ന കൈകളോടെ റോസിലി തൂവലുകൾ കത്രിക കൊണ്ട് മുറിച്ചു. തൂവലുകൾ മെത്തയിൽ ചെറിയ ചെറിയ കഷ്ണങ്ങളായി വീണു. ഒപ്പം റോസിലിയുടെ കണ്ണുനീരും. നാളെ പകൽ എഴുന്നേല്ക്കുമ്പോൾ മിഷ എന്തു ചോദിക്കും? അവൾക്കെന്തു മറുപടി കൊടുക്കും?. അവളുടെ ചിറകുകൾ അവളുടെ മമ്മ തന്നെ മുറിച്ചു കളഞ്ഞെന്നു പറഞ്ഞാൽ?. റോസിലി മുറിഞ്ഞു വീണ തൂവലുകൾ ഒരു പ്ലാസ്റ്റിക് കവറിൽ നിറച്ചു. അടുക്കളയിൽ കൊണ്ടു വെച്ച ശേഷം വന്നു മിഷേലിനു സമീപം കിടന്നു.

രാവിലെ വലിയൊരു കരച്ചിൽ കേട്ടാണ്‌ റോസിലി ഉണർന്നത്. നോക്കുമ്പോൾ മിഷ കണ്ണാടിക്കു മുന്നിൽ നിന്നു വലിയ വായിൽ കരയുന്നു. തന്റെ നിറം പിടിപ്പിച്ച തൂവലുകൾ ആരോ മുറിച്ചു കളഞ്ഞു എന്നുറക്കെ പറഞ്ഞവൾ തറയിലിരുന്നു കാലുകൾ ഇളക്കി ഉച്ചത്തിൽ കരഞ്ഞു കൊണ്ടിരുന്നു.
‘മമ്മാ..മമ്മാ..എന്റെ വിംഗ്സ്..ആരോ..കട്ട് ചെയ്ത് കളഞ്ഞു’ അവൾ ഏങ്ങിയേങ്ങി കരയുന്നതിനിടയിൽ പറഞ്ഞു കൊണ്ടിരുന്നു.
‘മോള്‌ വിഷമിക്കണ്ട മോളെ..അതൊക്കെയും കിളിർത്ത് വരും..’
‘ഇല്ല..എന്റെ വിംഗ്സിന്റെ ഫെതേർസൊക്കെ പോയി...ഇനി അതു വരൂല്ലാ’ അവൾ നിലവിളി തുടർന്നു.
‘ഇല്ല മോളെ അതൊക്കെ വരും..മോള്‌ കരയണ്ട’ റോസിലിക്കൊപ്പം ജോസഫും മിഷയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. നിർത്താതെ കരഞ്ഞ് അവൾക്ക് ശ്വാസമെടുക്കാൻ കഴിയാതെയായി. റോസിലി മിഷയെ കിടക്കയിൽ കിടത്തി, അവളോട് ചേർന്നു കിടന്നു.
‘ദാ..മമ്മി മോൾടെ അടുത്ത് തന്നെ ഉണ്ട്. ഒരിടത്തും പോവൂല്ല.’
മിഷ കരഞ്ഞു കരഞ്ഞുറങ്ങി. ജോസഫ് ആ ദിവസം ഓഫീസിൽ പോകണ്ട എന്നു തീരുമാനമെടുത്തു.

അന്നു രാത്രി മിഷയ്ക്ക് പനി പിടിച്ചു. റോസിലി കർച്ചീഫ് നനച്ച് അവളുടെ നെറ്റിയിലും കാലിനടിയിലുമൊക്കെ വെച്ചു കൊണ്ടിരുന്നു. ചൂട് താഴുകയും ഉയരുകയും ചെയ്തുകൊണ്ടിരുന്നു. രാത്രി ഏറെ ആയിട്ടും ചൂട് കുറയുന്നില്ല എന്ന് കണ്ട് മിഷയെ ആശുപത്രിയിൽ കൊണ്ടു പോകാൻ തീരുമാനിച്ചു. ഒരു ഇംജക്ഷൻ കൊടുത്തപ്പോൾ മിഷയുടെ ശരീരം തണുത്തു.
‘ഇനി പേടിക്കാനൊന്നുമില്ല. പകൽ വീണ്ടും ചൂടു കൂടുകയാണെങ്കിൽ കൊണ്ടു വന്നാൽ മതി’

വീട്ടിലേക്ക് കയറുമ്പോൾ മിഷ റോസിലിയുടെ തോളിൽ തളർന്നു കിടന്നു. അവൾ എതൊക്കെയോ അവ്യക്തമായി പറയുന്നത് റോസിലി കേട്ടു.
‘എന്റെ വിംഗ്സ്..വിംഗ്സ്..വിംഗ്സ്..’
കിടക്കയിൽ മിഷയെ കിടത്തി, റോസിലി സമീപം കിടന്നു. ജോസഫ് മിഷയുടെ ഇടതു കൈപിടിച്ചു കൊണ്ട് സമീപമിരുന്നു. അയാൾ അല്പനേരം ഇരുന്നുറങ്ങാൻ തയ്യാറെടുത്തു.

മിഷേലിനെ കാണുന്നില്ല. വീടു മുഴുക്കേയും തിരഞ്ഞു. എല്ലാം മുറികളിലും കയറി നോക്കി. പുറത്തെ കുളിമുറിയിലും പോയി നോക്കി. സന്ധ്യ കഴിഞ്ഞസമയത്ത് അവൾ എവിടെ പോയതാണ്‌?. പുറത്ത് നല്ല നിലാവുണ്ട്. ‘മമ്മാ മമ്മാ’ എന്ന നീണ്ടവിളി കേട്ടപ്പോൾ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു. മുറ്റത്ത് ഊഞ്ഞാലിനു സമീപം അവൾ നില്ക്കുന്നു. ഇപ്പോഴാണ്‌ സമാധാനമായത്. അവൾ പെറ്റിക്കോട്ട് മാത്രമാണ്‌ ധരിച്ചിരിക്കുന്നത്.
‘വാ മോളെ..അകത്തു വാ. കുളിച്ച് ഡ്രെസ്സ് മാറാം. നേരമിരുട്ടിയത് കണ്ടില്ലെ?’
‘മമ്മാ ഇതു നോക്ക്’ അതു പറഞ്ഞ് അവൾ തിരിഞ്ഞു. അപ്പോഴാണത് കണ്ടത്. വിടർന്നു വന്ന വലിയ രണ്ടു ചിറകുകൾ!!
വെളുവെളുത്ത മിനുപ്പുള്ള ചിറകുകൾ. നിലാവിൽ അതു തിളങ്ങുന്നുണ്ട്.
‘എന്തു ഭംഗിയാ അല്ലെ മമ്മാ’ അതു പറഞ്ഞ്, അവൾ ചിറകുകൾ പതിയെ വീശി തുടങ്ങി.
‘ഇതു നോക്ക്’ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
ചിറകുകൾ വേഗത്തിൽ വീശിത്തുടങ്ങിയപ്പോൾ കുഞ്ഞു മിഷ പതിയെ മേല്പ്പോട്ടുയർന്നു. ഇപ്പോൾ കാലുകൾ മണ്ണിൽ തൊടുന്നില്ല. അവൾ ചിറക് വീശി കൂടുതൽ ഉയരത്തിലേക്ക് പൊയ്ക്കൊണ്ടിരുന്നു.
‘മിഷാ..നീ താഴെ വാ..മമ്മയ്ക്ക് പേടിയാവുന്നു’
‘പേടിക്കണ്ട മമ്മ’
അവൾ ചിറകുകൾ വീശിക്കൊണ്ടിരുന്നു. കാണെക്കാണെ അവൾ ഉയർന്നുയർന്ന് ചന്ദ്രനെ മറച്ചു കൊണ്ട് കൂടുതൽ ഉയരത്തിലേക്ക് പോയി.
അവൾ കൈ വീശി കാണിക്കുന്നതു കാണാം പക്ഷെ പറയുന്നത് കേൾക്കാനാവുന്നില്ല. പരിഭ്രാന്തിയോടെ ‘മിഷാ മിഷാ’ എന്നുറക്കെ വിളിച്ചു. അതൊരു നിലവിളി പോലെ നീണ്ടു. നക്ഷത്രങ്ങളെ പോലെ തിളങ്ങുന്ന ഒരു വെളുത്ത പൊട്ടുപോലെയായി കഴിഞ്ഞിരിക്കുന്നു മിഷ ഇപ്പോൾ. ഇരുട്ടിലൂടെ ഓടുമ്പോൾ എവിടെയോ തട്ടി വീണു. ഏതോ ആഴമുള്ള കുഴിയിലേക്ക്..ഇരുട്ട് നിറഞ്ഞ താഴ്ച്ചയിലേക്ക്..
പെട്ടെന്ന് കണ്ണു തുറന്ന് നോക്കുമ്പോൾ റോസിലി കണ്ടു, ജോസഫ് മിഷേലിന്റെ ഇടതു കൈയ്യും പിടിച്ച് കസേരയിൽ ഇരുന്നുറങ്ങുന്നത്. റോസിലി മിഷയെ സൂക്ഷിച്ചു നോക്കി. എന്തു ഭംഗിയാണ്‌ മോൾക്ക്. മിഷയുടെ കൈപിടിച്ചപ്പോളറിഞ്ഞു, തണുപ്പിന്റെ കൈയ്യിൽ പിടിച്ചതു പോലെ. റോസിലി പതിയെ മിഷയുടെ മുഖത്തേക്ക് മുഖം ചേർത്തു. മിഷയുടെ നെഞ്ചുംകൂട് ഉയർന്നുതാഴുന്നുണ്ടായിരുന്നില്ല.
‘മിഷാ..മിഷാ..’ റോസിലിയുടെ ശബ്ദം ഒരു വലിയ നിലവിളിയായി മുറി മുഴുക്കെയും നിറഞ്ഞു.

Post a Comment