Tuesday, 31 May 2011

കാട്ടു പൂ

ഒരു നാൾ കാറ്റിന്റെ കൈകളിൽ ഞാനൊരു,
പ്രണയത്തിൻ നിറമുള്ള പാട്ടു വെച്ചു.
അകലെ കാട്ടിലെ മൺകൂട്ടിനുള്ളിലെ,
ഒരു കാട്ടു പെണ്ണെന്റെ പാട്ടു കേട്ടു.
പാട്ടിന്റെ ഈണം തിരഞ്ഞുവാ കാട്ടുപൂ,
കാടു കടന്നെന്റെ ചാരെയെത്തി.

...
...

പാഴ്മുളം തണ്ടിലൂടൊഴുകുമെൻ നൊമ്പരം,
കേൾക്കാതിരിക്കുമോ ആരെങ്കിലും?

കാരണം ഞാൻ വായനക്കാർക്ക് വിടുന്നു..

Post a Comment

Wednesday, 25 May 2011

തുറന്നു കിടന്ന വാതിൽ

വാതിൽ തുറന്നു കിടക്കുകയായിരുന്നു. വൈകുന്നേരമാണ്‌ പലരും അത് ശ്രദ്ധിച്ചു തുടങ്ങിയത്. എന്തിന്‌? അയൽക്കാർ പോലും. ചുവന്ന പേയ്ന്റടിച്ച ഇരുമ്പു ഗേറ്റ് തള്ളി തുറന്ന് ഒരു ആക്രി കച്ചവടക്കാരൻ കയറി പോകുന്നത് കണ്ടവരുണ്ട്. വീട് റോഡിൽ നിന്നും കുറച്ച് അകലെയാണ്‌. വലിയ മരങ്ങളുള്ള ഒരു വലിയ പറമ്പിന്റെ നടുവിലായിരുന്നു ആ വീട്. കരിയിലകൾ തൂത്തു മാറ്റുക ഒരു ചെറിയ കാര്യമല്ല. അതു കൊണ്ട് തന്നെ അവിടം മുഴുവൻ അതു ചിതറി കിടന്നു. വലിയ തൂണുകൾ ആ വീടിന്റെ മേൽക്കൂരയെ താങ്ങി നിർത്തിയിരുന്നു. അതു തന്നെയായിരുന്നു ആ വീടിന്റെ പ്രധാന ആകർഷണം. തൂണുകൾ മാത്രമല്ല, ആ വീട് മുഴുവൻ വെള്ള ചായമായിരുന്നു പൂശിയിരുന്നത്. അതു കണ്ടാൽ, ആരോ മുകളിൽ നിന്നു ഒരു വലിയ ബക്കറ്റിൽ വെള്ള പേയ്ന്റ് കോരി ഒഴിച്ചതാണെന്നെ തോന്നൂ.

ഞാനതു വഴി വരികയായിരുന്നു. പാൽ കവർ എന്റെ കൈയ്യിൽ ഉണ്ടായിരുന്നു. വളരെ വേഗമുണ്ടായിരുന്നു എന്റെ നടപ്പിന്‌. ഒന്നു രണ്ടു പേർ ഗേറ്റിനു പുറത്തു നില്ക്കുന്നതു കൊണ്ടാണ്‌ ഞാനും അങ്ങോട്ട് പോയത്. ആ ഗേറ്റിനപ്പുറം എന്താണെന്നറിയുവാനുള്ള ഒരു ആകാംഷ എനിക്കെപ്പോഴും ഉണ്ടായിരുന്നു. എന്തിനാണ്‌ മറ്റുള്ളവരുടെ പറമ്പിൽ കയറി നോക്കാൻ ഇത്രയും താത്പര്യം എന്ന് എത്ര അലോചിച്ചിട്ടും പിടി കിട്ടുന്നില്ല. പിന്നീട് തോന്നി, രഹസ്യമായി ഇതേ ആഗ്രഹം പലർക്കും ഉണ്ടെന്ന്. ചിലപ്പോൾ എനിക്ക് വെറുതെ തോന്നിയതാവും. കരിയിലകൾ വീണു കിടപ്പുണ്ടായിരുന്നു വീടിനു ചുറ്റും. ഇതെന്തു മരങ്ങളാണ്‌?. എനിക്കിതിന്റെയൊന്നും പേരുകൾ നിശ്ചയമില്ല. പക്ഷെ താഴെ വീണു കിടക്കുന്ന കരിയിലകൾ എല്ലാം ഒന്നു പോലെ തന്നെ. ഒരേ നിറം, ഒരേ ഭാവം. ചവിട്ടടിയിൽ ഒരേ ശബ്ദം പുറപ്പെടുവിപ്പിച്ച് അവിടെ കിടക്കുന്നു. എനിക്കു മുൻപേ ഒന്നു രണ്ടു പേർ നടന്നു പോകുന്നുണ്ടായിരുന്നു. ഞാൻ അവരെ പിന്തുടർന്നു. ആ മുഖങ്ങൾ എനിക്ക് പരിചയമുണ്ട്. പരിചയമുണ്ട് എന്നു പറഞ്ഞാൽ..വെറും പരിചയം. പാൽ വാങ്ങുന്ന കടയിൽ വെച്ച് ആ മുഖങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അതിലൊരുവനു ഒരു ചെറിയ താടിയുണ്ട്. കടും നിറത്തിലുള്ള അരക്കയ്യൻ ഷർട്ടും, വെളുത്ത മുണ്ടും. മെലിഞ്ഞ ശരീരം. ഇതൊരു ദുരന്തം നടന്ന വീട് തന്നെ. സംശയമില്ല. ആ വീട് കണ്ടാൽ തന്നെ അറിയാം അവിടെ എന്തോ അശുഭമായത് സംഭവിച്ചിരിക്കുന്നെന്ന്. അതെങ്ങനെ എന്നാരെങ്കിലും ചോദിച്ചാൽ എനിക്കു പറഞ്ഞു തരാനുള്ള കഴിവൊന്നുമില്ല പക്ഷെ അവിടെ എന്തോ ഒരു സംഭവം നടന്നു കഴിഞ്ഞിരിക്കുന്നു എന്നെനിക്കു പറയാൻ കഴിയും. അതൊരു കഴിവാണോ?..ആർക്കറിയാം? ചിലപ്പോൾ ആയിരിക്കും. ആ താടിക്കാരൻ എന്തോ അടക്കം പറയുന്നുണ്ട്. അതു കേട്ടു കൊണ്ടിരിക്കുന്നത് ഒരു പാന്റ്സിട്ട ചെറുപ്പക്കാരനണ്‌. അയാൾ എന്തൊക്കെയോ മറുപടി പറയുന്നുമുണ്ട്. പക്ഷെ അടക്കം പറയുകയല്ലെ? എനിക്കൊന്നും കേൾക്കാൻ കഴിയുന്നില്ല. എനിക്ക് അടക്കം പറയാൻ ആരും കൂടെ ഇല്ലാത്തതു കൊണ്ട് നിരാശ തോന്നി. പക്ഷെ ആ വീട്ടിൽ ഒരു കൊലപാതകം നടന്നിരിക്കുന്നു എന്ന് എനിക്കു നിസ്സംശയം പറയാൻ കഴിയും. കൊലപാതകങ്ങൾ ഇതു പോലെയുള്ള ഒറ്റപ്പെട്ടിട്ടുള്ള വീടുകളിലാണ്‌ നടക്കുക. അങ്ങനെയാണ്‌ ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. അതിനു ഞാൻ ദിവസേനെ വായിക്കുന്ന പത്രങ്ങൾ എന്നെ സഹായിക്കുന്നുമുണ്ട്. ഈ വീട്ടിൽ ആരാവും കൊല്ലപ്പെട്ടിട്ടുണ്ടാവുക?. മിക്കവാറും ഒരു വൃദ്ധനായിരിക്കും. അല്ലെങ്കിൽ ഒരു യുവതി. അതിനെ തരമുള്ളൂ. അങ്ങനെയല്ലെ സാധാരണ സംഭവിക്കുന്നത്? അല്ല, ഞാൻ വായിക്കുന്ന പത്രങ്ങൾ തന്നെയാവില്ലെ ഇവരും വായിച്ചിരിക്കുക? ഇവർക്ക് ഇതൊന്നും അറിയില്ലെ?. ഇവരെന്തു കൊണ്ട് വാതിൽ ഭദ്രമായി അടച്ചില്ല? തെറ്റ് ഇവരുടെ ഭാഗത്താണ്‌.

ഞാൻ ഇപ്പോൾ വീട്ടിനടുത്തെത്തിയിരിക്കുന്നു. മുൻപെ നടന്നവരെ ഞാൻ അറിയാതെ ഇതു വരെ പിന്തുടർന്നു പോയിരിക്കുന്നു. എനിക്കെന്തോ വഴിമാറി ഒറ്റയ്ക്ക് നടക്കാൻ തോന്നുന്നില്ല. ഒരു തരം ഭയം. ജനലിനിടയിലൂടെ ഞാൻ നോക്കി. അതും ആ ചെറുപ്പക്കാർ ചെയ്യുന്നതു കണ്ടിട്ടാണ്‌ ചെയ്തത്. അകത്ത് ഫാൻ ഇട്ടിട്ടുണ്ടാവും. വെളുത്ത നേരിയ കർട്ടൻ ഉയരുകയും, താഴുകയും ചെയ്തു കൊണ്ടിരുന്നു. എങ്കിൽ അതു ഒരു ടേബിൾ ഫാൻ തന്നെ. അതു കറങ്ങി കൊണ്ടിരിക്കുകയാവും. ഒരു വട്ടം ആ കർട്ടൻ ഉർന്നപ്പോൾ ഒരു കാൽ മാത്രം കണ്ടു!. അതും ഒരു യുവതിയുടേത്!. വെള്ളി പാദസരം അണിഞ്ഞിട്ടുണ്ട്. ആ യുവതി മലർന്ന് കിടക്കുകയാണ്‌. കാലിന്റെ നില കണ്ടാലറിയാം. അവൾ മരിച്ചു കിടക്കുകയാവും. ചിലപ്പോൾ വിഷം കഴിച്ചിട്ടുണ്ടാവും.  ഇതു ആത്മഹത്യ തന്നെ. അതോ.. ആരെങ്കിലും കഴുത്ത് ഞെരിച്ച് കൊന്നിട്ടുണ്ടാവുമോ?. ആ ചെറുപ്പക്കാർ എന്തൊക്കെയോ പറയുന്നുണ്ട്. അവരെങ്ങനെയാണ്‌ ഇത്രയും പതുക്കെ സംസാരിക്കുന്നത്? എനിക്കൊന്നും തന്നെ കേൾക്കാൻ കഴിയുന്നില്ല.

ഞാൻ തല വലിച്ചു. ഇതെങ്ങനെയാവും നടന്നിരിക്കുക? മുൻവശത്തെ വാതിൽ തുറന്നു കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചതാണ്‌. പക്ഷെ അതു വഴിയാവില്ലെ ഈ കൃത്യം ചെയ്തവൻ പുറത്തേക്ക് പോയിട്ടുണ്ടാവുക. ഈ ‘അവൻ’ ആരാണ്‌?. ആ ചെറുപ്പക്കാരിയെ കൊലപ്പെടുത്തിയവൻ അല്ലാതാരാ?. വീടിനു പുറകു വശത്തേക്ക് പോകുവാൻ എന്റെ മനസ്സു തുടിച്ചു. പക്ഷെ എന്തോ പോകാൻ തോന്നുന്നില്ല. നേരത്തെ പറഞ്ഞതു തന്നെ, ഒരു ധൈര്യക്കുറവ്. ഞാൻ വീണ്ടും ഒന്നെത്തി നോക്കി. കർട്ടൻ ഒന്നു കൂടി കാറ്റിൽ ഉയർന്നു പൊങ്ങി. ഇപ്പോഴാണത് കണ്ടത്! ഒരാൾ കൂടി ഉണ്ട് ആ മുറിയിൽ. ഒരു പുരുഷൻ. അയാളുടേയും കാൽ കാണാം. പക്ഷെ അയാൾ നിലത്ത് കിടക്കുകയാണ്‌. അതും കമഴ്ന്ന്. അവിടം മുഴുവൻ രക്തമായിരിക്കും. അത് ഒഴുകി കട്ടിലിലിന്റെ കാലിൽ ചെന്നു നില്ക്കുകയാവും. എനിക്കെല്ലാം വ്യക്തമായി കാണാം, എന്റെ മനസ്സിൽ. അയാളുടെ തലയ്ക്ക് പിന്നിലാവും അടിയേറ്റിരിക്കുക. അങ്ങനെയുള്ളപ്പോഴാണ്‌ ഇങ്ങനെ കമഴ്ന്നു കിടക്കുന്നത്. കാൽ മാത്രമെ കാണാൻ കഴിയുന്നുള്ളു എങ്കിലും എനിക്ക് അയാൾ ഷർട്ട് ധരിച്ചിട്ടുണ്ടാവില്ല എന്നുറപ്പാണ്‌. അതങ്ങനെയേ വരൂ. ഇല്ലെങ്കിൽ നാളെ പത്രം വായിക്കുമ്പോൽ അറിയാവുന്നതല്ലെ ഉള്ളൂ. ഞാനതു മനസ്സിൽ കുറിച്ചിട്ടു. ചിലപ്പോൾ രണ്ടു പേരും ഒന്നിച്ച് ആത്മഹത്യ ചെയ്തതാവും. ഇത്രയും വലിയ വീട്. പക്ഷെ എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുണ്ടാവും. ഏതെങ്കിലും വലിയ കട കെണിയിൽ വീണിട്ടുണ്ടാവും. എങ്കിൽ കൂടി ആത്മഹത്യ ചെയ്യുക എന്നത് ഒരു കടും കൈ തന്നെ. അതോ ആ യുവതിക്ക് ഏതെങ്കിലും അവിഹിത ബന്ധം ഉണ്ടായിരിക്കും. ആ യുവാവ് അത് അറിഞ്ഞു കാണും. പെട്ടെന്നുള്ള ദേഷ്യത്തിൽ അവർ തമ്മിൽ എന്തെകിലും അടി പിടി നടന്നു കാണും. കൈയിൽ കിട്ടിയതു വെച്ച് ആ സ്ത്രീ അയാളെ വക വരുത്തിയിട്ടുണ്ടാവും. ചെയ്തു പോയ തെറ്റിൽ ആ യുവതി ആത്മഹത്യയും ചെയ്തു കാണും. അല്ല, അയാൾ കമഴ്ന്നു കിടക്കുന്നതല്ലെ കണ്ടത്?. അയാൾ ആ യുവതിയുടെ കഴുത്ത് ഞെരിച്ച് കൊന്നിട്ടുണ്ടാവും അതിനു ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്തിട്ടുണ്ടാവും. അതിനുള്ള സാദ്ധ്യത തള്ളി കളയാൻ കഴിയില്ല. ഇതിലേതാവും സത്യം ?. ഞാനെങ്ങനെ അറിയാനാണിതൊക്കെ? ഇതൊക്കെ എന്റെ ചില നിഗമനങ്ങളാണ്‌. ചിലപ്പോൾ ഇവയിലേതെങ്കിലും സത്യമായി സംഭവിച്ചുണ്ടാകാം. ചിലപ്പോൾ ഇവയിൽ ഒന്നിലും പെടാത്ത ഒന്നാവും സംഭവിച്ചിരിക്കുക.

ഞാൻ പാൽ കവറിലേക്ക് നോക്കി. അതിന്റെ തണുപ്പ് മാറി തുടങ്ങിയിരിക്കുന്നു. ഐസ് ഇട്ടു വെച്ച പെട്ടിയിൽ നിന്ന് എന്റെ കൈയിലേക്ക് വന്നിട്ട് കുറച്ച് നേരമായില്ല്ലെ?. ഇനി കുറച്ച് നേരം കൂടി നിന്നാൽ പോലീസ് വരുന്നത് കാണാം. അവർ ചിലപ്പോൾ മണം പിടിക്കുന്ന പട്ടിയുമായിട്ടാവും വരിക. അതെല്ലാം കൗതുകമുള്ള കാഴ്ചകളാണ്‌. ഇതുവരെ അതൊന്നു ശരിക്ക് കാണാൻ സാധിച്ചിട്ടില്ല.

എനിക്കു ശ്വാസം മുട്ടുന്നു. എന്റെ ബുദ്ധിപൂർവമായ നിഗമനങ്ങൾ ആരോടെങ്കിലും പറയാതെ വയ്യ. പക്ഷെ, എന്റെ നിഗമനങ്ങൾ ആരോടെങ്കിലും പറയുന്നത് അപകടമാണ്‌. ഇവിടെ അധികം നേരം നില്ക്കുന്നതും അത്ര പന്തിയല്ല. പോലീസ് വരുകയോ, ഏതെങ്കിലും കുറ്റ കൃത്യം നടന്നതായി തെളിയുകയോ ചെയ്താൽ എന്നേയും ചോദ്യം ചെയ്തേക്കും. എനിക്ക് ഈ നാട് വിട്ടു പോകാൻ കൂടി കഴിയില്ല. എന്തെന്നാൽ ആ ഒരു കാരണം കൊണ്ടു തന്നെ ഞാനവരുടെ നോട്ടപുള്ളി ആയേക്കാം. മറ്റാരേയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ, സംശയം കൊണ്ട് എന്നെ പിടികൂടാൻ ശ്രമിക്കും എന്നും തോന്നുന്നു. എന്തായാലും ഞാൻ ഒരുഗ്രൻ തീരുമാനം എടുത്തു കഴിഞ്ഞു. തുറന്നിട്ട വാതിലുകൾ കണ്ടാൽ ഇനി ഞാൻ അവിടേക്ക് നോക്കുക കൂടി ഇല്ല. അടഞ്ഞു കിടക്കുന്ന വാതിലുകൾ എന്തു മാത്രം ആശ്വാസമാണ്‌ തരുന്നത്!.

ഞാൻ റോഡിലേക്ക് നടന്നു. എത്രയും പെട്ടെന്ന് ഈ മതില്ക്കെട്ടിനു പുറത്തെത്തണം. അതു മാത്രമണെന്റെ ചിന്ത. അപ്പോൾ കണ്ടു, വേറേയും ചിലർ അങ്ങോട്ട് വരുന്നു. അവരിൽ ചിലരുടെ കയ്യിൽ പ്ലാസ്റ്റിക് സഞ്ചികൾ ഉണ്ട്. അതിലൂടെ അകത്ത് കിടക്കുന്ന പാൽ കവറുകൾ കാണാം. അവർ എന്റെ മുഖം കണ്ടിരിക്കുമോ? ഇനി കണ്ടാലും കുഴപ്പമില്ല. അവരെ പോലെ അല്ലെ ഞാനും? പക്ഷെ എന്റെ ബുദ്ധി അവർക്കില്ല. അവരറിയുന്നില്ല ഇനി അവർക്കെന്താ സംഭവിക്കാൻ പോകുന്നെന്ന്. ഞാൻ വേഗം നടന്നു. നടക്കുമ്പോഴും എന്റെ ചിന്തകളിൽ ആ വലിയ വീട്ടില ഫാൻ ഇട്ടിരിക്കുന്ന മുറിക്കുള്ളിലെ കാഴ്ച്ചകൾ കുടുങ്ങി കിടന്നു. അവർ എന്തിനാവും ഫാൻ ഇട്ടിരിക്കുക? ഇപ്പോൾ നല്ല ചൂടുണ്ട്. ഞാൻ ഇപ്പോൾ തന്നെ വിയർത്തിരിക്കുന്നു. ഇനി അവർ വെറുതെ കിടന്നുറങ്ങുകയാവുമോ?. എന്താ അതിനും സാദ്ധ്യത ഇല്ലെ?. ചിലപ്പോൾ അതാവാം സത്യം!. ചൂടു കാരണം അവൾ കിടക്കയിൽ കിടന്നു. അയാൾ തണുത്ത തറയിൽ കിടന്നിട്ടുണ്ടാവും. ഞാനും അങ്ങനെ ചെയ്യാറുണ്ട്. അതിനു മുൻപ് അവർ മുൻവശത്തെ മുറിയിൽ ഇരുന്നിട്ടുണ്ടാവും. ചൂടു കാരണം കുറച്ച് കാറ്റ്‌ അകത്തേക്ക് കയറി കൊള്ളട്ടെ എന്നു കരുതി വാതിൽ തുറന്നിട്ടുണ്ടാവും. ശേഷം അകത്തെ മുറിയിലേക്ക് പോകുമ്പോൾ വാതിലടയ്ക്കാൻ മറന്നിട്ടുണ്ടാവും. തീർച്ചയായും അതിനു തന്നെയാണു സാദ്ധ്യത!. ശ്ശെ ഞാൻ അവരുടെ കിടപ്പു മുറിയിൽ പോയി ഒളിച്ചു നോക്കിയത് വില കുറഞ്ഞ ഒരു പ്രവൃത്തിയായി പോയി. എന്റെ ബുദ്ധിപൂർവ്വമായ നിഗമനങ്ങൾ സീതയോട് പറഞ്ഞു പോയേനെ! എന്റെ ബുദ്ധി എന്നെ വീണ്ടും രക്ഷിച്ചു. ഇതറിഞ്ഞാൽ അവൾ എന്നെ കളിയാക്കി കൊല്ലും. ചിലപ്പോൾ ജീവിത കാലം മുഴുവനും കളിയാക്കി കൊണ്ടിരിക്കും. വയസ്സാകുമ്പോൾ മാത്രമേ ഇതു അവളോട് പറയാവൂ!. അന്നും അവൾ എന്റെ ഈ തമാശ കേട്ട് ചിരിക്കാതിരിക്കില്ല. ഞാൻ വേഗത്തിൽ നടന്നു, ചിരിച്ചു കൊണ്ട്.

18,309

Post a Comment

Thursday, 19 May 2011

നിഴൽ നഷ്ടപ്പെട്ടവർ


ഇരുട്ടു തേടി പോയപ്പോൾ,
നിഴലുകൾ മുറുമുറുത്തു..
ഇപ്പോഴവൻ ഇരുട്ടിലാണ്‌ വാസം.
അവന്റെ കൈകൾ നീണ്ടതാണ്‌.
നിയമത്തിന്റേതു പോലെയല്ല.
ഇരുട്ടിലിരുന്നാണവൻ ആക്രമിക്കുക.
അവനെ തേടി വരുന്നവർക്ക്‌,
അവൻ ഇരുട്ടിന്റെ നിറം പൂശി കൊടുത്തു
ഇപ്പോഴവനായിരം കൈകൾ!.
അവനൊന്നു മറന്നു..
പ്രകാശത്തോട്‌ കടപ്പെട്ടിരിക്കുന്ന കാര്യം.
ഒരു നാൾ,
പ്രകാശത്തെ അവന്റെ  കൈകൾ ഞെരിച്ചു കൊന്നു.
സ്വന്തം കണ്ണുകളെയാണവൻ പൊട്ടിച്ചത്‌.
ഇപ്പോഴവൻ അന്ധനാണ്‌.
അവൻ മാത്രമല്ല, അവനെ തേടി വന്നവരും.
ഇരകളാരെന്നറിയാതെ അവരാക്രമിച്ചു.
അവർ സ്വയം ഇരകളായി മാറുകയായിരുന്നു.
ഇരുട്ടു തേടി പോയി ഇരുട്ടായി മാറിയവരാണവർ.
തങ്ങൾക്ക്‌ നിഴലുകൾ നഷ്ടപ്പെട്ടതറിയാതെ,
ഇരുട്ടിൽ ഇരുട്ടായി നടക്കുകയാണവർ.

കുറിപ്പ്‌:
മനസ്സിലെവിടെയെങ്കിലും ഇരുട്ട്‌ വളർന്നു വരുന്നുണ്ടാകും..
സൂക്ഷിക്കുക..സ്വയം ഇരുട്ടായി മാറും മുൻപ്‌..

Post a Comment

Monday, 16 May 2011

സ്വർഗ്ഗരാജ്യം


മനോരമ വാർത്ത

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=11&programId=1073753765&BV_ID=@@@&contentId=9330266&contentType=EDITORIAL&articleType=Malayalam%20Newsശ്രദ്ധിക്കുക - ഈ കിടക്കുന്നതു ഒരു റിട്ട. അധ്യാപകനാണ്‌. പോലീസിന്റെ ശുഷ്കാന്തിയും  വായിച്ചറിയുക.. ഇതു സ്വർഗ്ഗരാജ്യമല്ലെന്ന് ആരാണിനി പറയുക?

Post a Comment

Saturday, 7 May 2011

മൂന്നു ഗവിതകൾ

പുസ്തകം
നീയൊരു തുറന്ന പുസ്തകം.
വാക്കുകൾ നിന്റെ ചിന്തകൾ.
വെറുതെ ഞാനറിയാൻ ശ്രമിച്ചു.
ഭാഷയറിയാത്തതെന്റെ തെറ്റ്‌!

തിരച്ചിൽ
കഴുമരത്തിലേക്കുള്ള യാത്രയിലയാളോർത്തു,
ആരാണ്‌ കുറ്റവാളി?
അവൾക്കറിയാമായിരിക്കും, ഒരു പക്ഷെ..
അയാൾ കാത്തു വെച്ചു,
കാണുമ്പോൾ ചോദിക്കാനാ ചോദ്യം.
മുഖത്ത്‌ നിന്നും കറുത്ത ശീല മാറ്റുമ്പോൾ,
ആൾക്കൂട്ടത്തിൽ അവളുടെ മുഖം തിരയുകയായിരുന്നു അയാൾ..

കേൾക്കാത്ത കഥകൾ
പാതി വെന്ത ശരീരങ്ങൾക്കും, പറയുവാൻ കഥകളേറെ..
കേൾക്കുവാൻ കാതുകൾ തുറന്നു വെച്ച്‌ ഗംഗ മാത്രം..
അവൾ കേട്ടു കൊണ്ടേയിരുന്നു,
കേൾക്കാനാരുമില്ലാത്തവരുടെ കഥകൾ..
കഥകളൊഴുകി, കടലിൽ ലയിക്കും വരെ..

Post a Comment

Friday, 6 May 2011

സത്യമറിയാൻ..

സത്യമറിയാൻ ചിലപ്പോൾ മുജ്ജന്മങ്ങളിലൂടെ സഞ്ചരിക്കേണ്ടി വന്നേക്കാം.

യാത്രയിൽ അവർ ചിന്തിച്ച്‌ വെച്ച മുത്തുകൾ കണ്ടേക്കാം.
അവയും ശേഖരിക്കുക.

മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക്‌ നിങ്ങൾ സഞ്ചരിക്കും.
അപ്പോൾ നീ ആരായിരുന്നുവെന്നും, ആരൊക്കെയായിരുന്നുവെന്നും അറിയും.

തുടക്കത്തിൽ എത്തുമ്പോൾ ഒരു പക്ഷെ അവിടം ശൂന്യമായിരിക്കും.
ചിലപ്പോൾ ആ ശൂന്യതയാവും നിന്റെ സത്യം.

Post a Comment

Thursday, 5 May 2011

പറയാതെ പറഞ്ഞത്‌..


ഇന്നു രാവിലെ പുറത്തേക്ക്‌ നോക്കിയപ്പോൾ നല്ല മഞ്ഞ്‌!. പിന്നീടാണ്‌ കാര്യത്തിന്റെ ഗൗരവം മനസ്സിലായത്‌. റോഡിൽ കൂടി വണ്ടി ഓടിക്കുവാൻ കഴിയില്ല എന്ന സത്യം. പുക മഞ്ഞിൽ കൂടി എന്തു ധൈര്യത്തിലാണ്‌ വണ്ടി ഓടിക്കുക ?. അപ്പോൾ തൊട്ടടുത്തുള്ള തടാകത്തിന്റെ കാര്യമോർത്തു. അവിടെ ഇപ്പോൾ എങ്ങനെയിരിക്കും?. ഉടൻ ക്യാമറയുമായി അങ്ങോട്ട്‌ പോയി. കുറച്ച്‌ ഫോട്ടോകൾ എടുക്കുകയും ചെയ്തു. അവിടെ അപ്പോഴും ചില അരയന്നങ്ങൾ ഉണ്ടായിരുന്നു!. അവിടെ വെച്ച്‌ തോന്നിയ ആനന്ദം എഴുതി അറിയിക്കുക വയ്യ. മറ്റൊരു ലോകത്തിൽ എത്തിപ്പെട്ടതു പോലെ..നമ്മൾ പ്രകൃതിയും, ഈശ്വരനും എല്ലാം ആയി ശൂന്യതയിൽ ലയിക്കും പോലെ..

പ്രകൃതി ചിലത്‌ പറയാതെ പറഞ്ഞതു പോലെ തോന്നി..
ആ ഒരു ഫോട്ടോ ഞാൻ പങ്കു വെയ്ക്കുന്നു..ആ അനുഭവം ഒരു ചെറിയ കവിത പോലെയും..


മിഴിപൂട്ടി ധ്യാനിച്ചു നിൽക്കുന്ന മലരുകൾ,
പതിവായി സോപാനം പാടുന്ന കുരുവികൾ,
ഇവയൊക്കെയെന്തോ, പറയാതെ പറയുന്ന-
തറിയുന്നതില്ലേ, നിങ്ങളെല്ലാം?

വിരിയുന്ന, പൊഴിയുന്ന, മാമ്പൂക്കളെല്ലാം
പറയുന്നു സത്യത്തിനായിരം ഗാഥകൾ!
പതിവായി പാടുന്ന കുയിലിന്റെ പാട്ടിലും,
അറിയാത്ത സത്യങ്ങളുണ്ടായിരിക്കും!

കേൾക്കാത്ത വാക്കുകൾ കേൾക്കാനെനിക്കു നീ,
കാതുകൾ തന്നതും എന്റെ പുണ്യം!
അറിയാത്തൊരാനന്ദമുള്ളിന്റെയുള്ളിൽ,
വിരിയുന്നു താമരപ്പൂവു പോലെ!

നിറയുന്നു സ്നേഹത്തിൻ മധുപാത്രമുള്ളിൽ,
നമിക്കുന്നു ഭൂമിയും, വാനവും ഞാനും!

Post a Comment

Tuesday, 3 May 2011

രാധാമാധവം

ഭാരതീയരുടെ പ്രണയ സങ്കൽപ്പങ്ങളിൽ, കൃഷ്ണനും രാധയും എന്നും നിറഞ്ഞു നിൽക്കുന്നു, ഒരു അനശ്വര പ്രതീകമായി.

എന്റെ സങ്കൽപ്പങ്ങളിലെ, സ്വപ്നങ്ങളിലെ, പ്രണയ ചിന്തകളിലെ കൃഷ്ണൻ, അഹംബോധം (ego) ഇല്ലാത്ത, അപകർഷബോധം (complex) ഇല്ലാത്ത പൂർണ്ണ കാമുകനാണ്‌. ആത്മാവ്‌ കൊണ്ടും, ശരീരം കൊണ്ടും, മനസ്സ്‌ കൊണ്ടും മുഴുവനായി പ്രണയിക്കുന്ന, കാമിക്കുന്ന, രമിക്കുന്ന, പ്രണയത്തിലലിഞ്ഞു പ്രണയമായി മാറുന്ന കൃഷ്ണൻ.

ഇതൊരു സാഹിത്യ പരീക്ഷണമാണ്‌ (മറ്റു രചനകളെ പോലെ). ഒരു കാവ്യ നാടകം പോലെയോ, കവിത പോലെയോ..അറിയില്ല്ല. മനസ്സിൽ നിന്നും ഒഴുകി വന്ന സ്വപ്ന ചിത്രങ്ങൾ മഷിത്തുള്ളികളായി പതിയുന്നു..ഞാനതിവിടെ പകർത്തുന്നു, പങ്കു വെയ്ക്കുന്നു.


(വൃന്ദാവനം നിലാവിൽ നിറഞ്ഞിരിക്കുന്നു. വള്ളികൾ തൂങ്ങിയാടുന്ന, വലിയ ഒരു വൃക്ഷത്തിനു ചുവടെ, ഇറുത്തു വച്ച്‌ വെളുത്ത പൂക്കൾക്കു മുന്നിൽ രാധ. അവൾ കാത്തിരുന്ന് വിഷമിച്ചിരിക്കുന്നു. ക്ഷീണിതയായ അവൾ കണ്ണടച്ച്‌ വൃക്ഷത്തിൽ ചാരി ഇരിക്കുകയാണ്‌)

ഒരു മണിതെന്നലിൽ, ഒഴുകി വന്നപ്പോൾ,
ഒരു വേണു ഗാനം വൃന്ദാവനത്തിൽ.
മറവിലെ നിഴലിൽ, നിന്നു കാർവർണ്ണൻ,
ചിരി തൂകി വന്നിതാ, രാധതൻ മുന്നിൽ..

ഒരു മയിൽ പീലിയാലുഴിഞ്ഞു, കാർവർണ്ണൻ,
അരുണിമ പൂക്കുന്ന രാധതൻ ചുണ്ടിൽ..

(പീലി കൊണ്ടുള്ള തലോടലേറ്റ്‌, രാധ ഉണരുന്നു.
കണ്ണുകളിൽ പരിഭവമാണ്‌ എന്നാൽ മാധവനെ കണ്ടതിലെ സന്തോഷം രാധ മറച്ചു വെയ്ക്കുന്നുമില്ല.)

രാധ (അത്ഭുതത്തോടെ):
വൃന്ദാവനത്തിലെ പൂക്കളും കണ്ടില്ല,
കാളിന്ദിയാറ്റിലെ ഓളവും കേട്ടില്ല!
ഇവരാരുമറിയാതെ എങ്ങനെ നീയെന്റെ,
അരികത്തു വന്നുവെന്നൊന്നു ചൊല്ലൂ!

മാധവൻ:
ഒരു കൊച്ചു തെന്നലായരികത്തു വന്നു ഞാൻ,
പ്രണയിനീ നിനക്കെന്റെ ഹൃദയോപഹാരം!
ചുരുൾ മുടിക്കുള്ളിലൊളിപ്പിച്ചു വെച്ചയീ-
അഴകെഴും പീലിയിനി രാധയ്ക്ക്‌ സ്വന്തം!

(മാധവൻ നീട്ടിയ മയിൽ പീലി കണ്ട്‌)
രാധ:
ഈ മയിൽ പീലി ഞാനെന്തു ചെയ്‌വൂ?
എന്റെ ഹൃദയമൊരു പീലിയായ്‌ മാറിയെന്നേ!

(രാധ കെട്ടിയ പൂമാല കണ്ട്‌)
മാധവൻ:
ശോണിമയാർന്നു പോയി, നിൻ വിരൽത്തുമ്പുകൾ,
വാടി തളർന്നു പോയി പൂവിതൾ മേനിയും..
ഉഴിയാം ഞാൻ മൃദുവായി നിന്നുടെ ചരണമെൻ,
മടി മേലെ വെച്ചു നീ ഒന്നുറങ്ങൂ..

(വരുവാൻ താമസിച്ചതിന്റെ പരിഭവം രാധയ്ക്ക്‌ മാറുന്നില്ല)
രാധ:
പിരിയുമോ എന്നെ നീ, കനകാംഗിയൊരുവൾ,
പതിവായി വന്നു നിൻ മുന്നിൽ നിന്നാൽ?

മറുപടിയൊന്നുമെ പറയാതെ മാധവൻ,
മനതാരിലിങ്ങനെ ഓർത്തുവപ്പോൾ..

അറിയുന്നു നോവു ഞാൻ ഉള്ളിന്റെയുള്ളിൽ,
നിൻ മുനയുള്ള ചോദ്യം, കേൾക്കുമ്പൊഴൊക്കെയും..
മറുപടി ഒന്നുമേ ഇല്ലയെൻ പക്കൽ,
നീ അറിയാതെ പോകുന്നു, എൻ നിയോഗം..

(ചോദ്യത്തിനു മറുപടി പറയാതെ..)
മാധവൻ:
നിനക്കായി മാത്രമെൻ വേണുവൂതാം,
മയിലായി നമുക്കൊന്നു നൃത്തമാടാം.
തിങ്കളും വാനവും ഉള്ള കാലം വരെ,
നീയെന്റേതു മാത്രമെന്നോർത്തു വെയ്ക്കൂ.
മറക്കില്ല ഞാനെന്റെ ജന്മം മുഴുക്കെയും,
നിനക്കു ഞാൻ നൽകിയെൻ പ്രേമമെല്ലാം.

(രാധ ക്ഷീണിച്ചിരിക്കുന്നത്‌ കണ്ട്‌)
മാധവൻ:
രാജീവ നയനെ, നിൻ മിഴിപ്പൂവുകൾ
വാടിയതെങ്ങനെ ഞാൻ സഹിക്കും ?
തഴുകി തരാം ഞാൻ, നിൻ നയനങ്ങളെ,
മൃദുവായി എൻ മയിൽ പീലിയാലെ.

രാധ:
ഇല്ലയെൻ നാഥാ നിനക്കു ഞാനെന്റെയീ,
ജന്മം മുഴുക്കെയും കാത്തിരിക്കും.
നീയെന്റെ ചാരത്തു വന്നഞ്ഞപ്പോൾ,
മാറിയെൻ ക്ഷീണവും, ദാഹമെല്ലാം..

************************************

ചെമ്പനീർ പോലുള്ള രാധതൻ ചുണ്ടിൽ,
ചുംബനപ്പൂവൊന്നു ചേർത്തു വെച്ചു.
കാളിന്ദിയാറ്റിലെ കൽഹാരമെല്ലാം,
കണ്ണടച്ചപ്പൊഴാ കാഴ്ച്ച കാണാതെ.

കരിമുകിൽ വാനിലഴിഞ്ഞു വീണു,
കാർക്കൂന്തൽ മണ്ണിലഴിഞ്ഞു വീണു..
നക്ഷത്രമായിരം കൺ ചിമ്മിയപ്പോൾ..
ആയിരം പീലികൾ ഊർന്നു വീണു..

************************************

Post a Comment

Monday, 2 May 2011

അവനൊളിപ്പിച്ചത്‌..

എത്രയാണവൻ നിർബന്ധിച്ചത്‌
മഞ്ഞു മലകൾക്കു മുകളിൽ പോകാൻ!
കമ്പിളിയുടുപ്പെടുത്തു വെച്ചതും അവൻ തന്നെ.

തണുത്ത കാറ്റ്‌ വീശുന്നുണ്ടായിരുന്നു,
മുകളിലേക്ക്‌ നടന്നു പോകുമ്പോൾ..
പിന്നിൽ പതിഞ്ഞ കാൽപ്പാടുകൾ കണ്ട്‌
അവന്റെ കണ്ണുകൾ നിറഞ്ഞു..
സന്തോഷം കൊണ്ടെന്റേതും.

മുകളിൽ വെച്ച്‌ വീശിയ, തണുത്ത കാറ്റിനുള്ളിൽ വെച്ച്‌,
അവൻ ചുംബിച്ചെന്റെയുള്ളിൽ അഗ്നി നിറച്ചതും,
'നിനക്കായി ഞാൻ വീണ്ടും വരും' എന്നു പറഞ്ഞ്‌,
താഴെ, മഞ്ഞിനുള്ളിലേക്ക്‌, പൊടുന്നനെ,
ചിറകറ്റ പക്ഷി പോലെ മറഞ്ഞതും..

ഞാനപ്പോൾ മഞ്ഞു പോലെയുറച്ച്‌ പോയിരുന്നു..
കരയാനാകാതെ..
ഉള്ളിൽ കിടന്ന് ശ്വാസം മുട്ടിയ നിലവിളിയെ,
അമർത്തി പിടിച്ച്‌..
ഞാനൊരു മഞ്ഞു ശിലയായി മാറി കഴിഞ്ഞിരുന്നു..

അലറിക്കരഞ്ഞു കൊണ്ട്‌,
തിരിച്ചിറങ്ങുമ്പോൾ കണ്ടു,
കയറി പോയ നമ്മുടെ കാൽപ്പാടുകൾ..
ഓർത്തു അപ്പോൾ,
ആ കാൽപ്പാടുകൾക്കായുസ്സ്‌ ഒരു രാത്രി മാത്രം..

എത്ര ദിവസങ്ങൾ..? അറിയില്ല..
എന്തിനായിരുന്നു അവൻ..?

മരവിച്ചു പോയ എന്റെ ഞരമ്പുകൾക്ക്‌
വിറയൽ ബാധിച്ചത്‌, അതു കണ്ടപ്പോഴായിരുന്നു..
അവനൊളിപ്പിച്ചു വെച്ച മരുന്നു കുപ്പികൾ..

Post a Comment

നാഗങ്ങൾ

ഒരു രഹസ്യമുണ്ട്‌.
ഇന്നൊരു സത്യമറിഞ്ഞു.
അതു ഞാൻ പറയുകയാണ്‌.
ഇതോടെയാ രഹസ്യം മരിക്കും.

സത്യമിതാണ്‌.
എന്റെ തലയിൽ ധാരാളം പൊത്തുകളുണ്ട്‌.
അവ നിറയെ നാഗങ്ങൾ!
ഉഗ്ര വിഷമുള്ളവയുണ്ടവയിൽ.
ചിലതുറങ്ങിക്കിടക്കും.
ചിലതു വലിഞ്ഞു മുറുകും.
ചിലതു വിഷം ചീറ്റും.
ചിലതു തലയാട്ടുകമാത്രമേയുള്ളൂ.
ചിലതു നൃത്തമാടും, പത്തി നിവർത്തി!
എന്റെ ചിന്തകൾക്ക്‌ ഫണങ്ങളുണ്ടെന്നു ഞാനറിഞ്ഞു..

അത്ഭുതം!
ഇതു വരെ ഞാൻ വിഷം തീണ്ടിയിട്ടില്ല!
അതു കൊണ്ടെനിക്കവ സംസാരിക്കുന്നതറിയാം.
അവയുടെ ചിന്തകളും.

അല്ല്ലാ..നീയെന്താ ഒന്നും മിണ്ടാത്തത്‌?
എന്താ തുറിച്ച്‌ നോക്കുന്നത്‌?
നിന്റെ നാവു പിളർന്നിരിക്കുന്നതു ഞാൻ കാണുന്നു.
നിന്റെ കറുത്ത നാവ്‌!
നീയൊരു നാഗമായിരിക്കുന്നു..
ഞാനെത്ര വിഡ്ഢി!
നിന്റെ വിഷം..എനിക്കു ഭയമാണ്‌.
നിന്റെ സുഹൃത്തുക്കൾ..ചുറ്റും നീലിച്ച്‌..കണ്ണുകൾ തുറിച്ച്‌..
ഞാൻ രക്ഷപെടട്ടെ!
എന്റെ തലയിലെ നാഗങ്ങളുമായി.
അവ പൊത്തിനുള്ളിൽ തന്നെയിരിക്കട്ടെ
അവ ഉള്ളിലിരുന്ന് നൃത്തമാടട്ടെ!

Post a Comment

Sunday, 1 May 2011

കല്ല്

ആദ്യത്തെ രുചി മണ്ണിന്റേതായിരുന്നു..
ഉറുമ്പുകളുടെ, മണ്ണിരകളുടെ,
വേരുകളുടെ, പഴുത്തിലകളുടെ..

പിന്നീട്‌ ധാന്യങ്ങളുടെത്‌.
അടിച്ചും പരത്തിയും ഞാനവയുടെ ഹൃദയമറിഞ്ഞു.

ശേഷമാണ്‌ മൂർച്ചയുടെ വിലയറിഞ്ഞത്‌!
എന്റെ കൂർത്ത രൂപം രുചിച്ചത്‌,
പറവകളുടെ, മൃഗങ്ങളുടെ രക്തം.
അവ പുരണ്ട്‌ കുറേ നാളുകൾ..

എന്നോ ഒരിക്കൽ മനുഷ്യരക്തം രുചിച്ചു.
ഉപ്പു രസമുള്ള രുചിയെനിക്കിഷ്ടപ്പെട്ടു!
എന്നെ പിടിച്ചു വെച്ച കൈകളുടെ,
ഉപ്പു രസമുള്ള വിയർപ്പ്‌ പോലെ..

ഞാൻ യാത്ര തുടർന്നു,
സ്ഫടിക ജാലകങ്ങൾ തകർത്ത്‌,
കണ്ണുകളുടെ കാഴ്ച്ച കവർന്ന്..
രക്തം പുരണ്ട്‌..

എന്നാണ്‌ ഞാനാ അരുവിയിലെത്തിയത്‌?
പായലുകളുടെ രുചി,
മൽസ്യങ്ങളുടെ മണം,
കുമിളകളുടെ കാഴ്ച്ച..

ആരാണെന്നെയെടുത്തുയർത്തിയത്‌?
ഉളി കൊണ്ട്‌ രൂപ മാറ്റം,
പുഷ്പങ്ങളുടെ, ദ്രവ്യങ്ങളുടെ ഗന്ധം,
മന്ത്രങ്ങളുടെ ശബ്ദം..
നെയ്യിന്റെ, ചന്ദനത്തിന്റെ മണം..
ഞാൻ ദൈവമായിരിക്കുന്നു!

ഇന്നാരാണത്‌ പറഞ്ഞത്‌ ?
'ദൈവം കല്ലായിരിക്കുന്നു' എന്ന്..

എനിക്കറിയില്ല ഒന്നും..
ഞാൻ വെറുമൊരു കല്ലു മാത്രം..

Post a Comment