Please use Firefox Browser for a good reading experience

Thursday, 31 March 2011

ഒടുവിലവശേഷിച്ചത്‌..

ആയുധങ്ങളെത്തിച്ചേർന്നത്‌,
തെറ്റായ കൈകളിലായിരുന്നു..
അനീതിയും, അക്രമവും.
അവർ അഴിഞ്ഞാടി.
തെരുവുകൾ ശൂന്യമായി.
ദിക്കുകൾ ചെവിപൊത്തി നിന്നു.
തെരുവിളക്കുകൾ കണ്ണു പൊത്തിയും..
മുൻപിൽ കണ്ടതെല്ലാം ഇരകൾ.
തകർത്ത്‌ തരിപ്പണമാക്കി മുന്നോട്ട്‌.

വീണത്‌ പലരുമായിരുന്നു.
സത്യവും സമാധാനവും.
നീതിയും ന്യായവും..
തെരുവുകളിൽ നിലവിളികൾ നിറഞ്ഞു.
എവിടെയും ഇരുട്ടിന്റെ നിറം മാത്രം.
സംഹാരം, പുതിയ തെരുവുകൾ തിരഞ്ഞു നടന്നു..

ഒടുവിൽ..ഏറ്റവുമൊടുവിൽ..
ഒന്നു മാത്രമവശേഷിച്ചു..

അതിന്റെ പേര്‌..പ്രത്യാശ എന്നായിരുന്നു..

Post a Comment

ചരിത്രം


ചരിത്രം കണ്ടത്‌ സൂര്യൻ മാത്രമാവാം.
കണ്ടില്ലേ ചുവന്ന കണ്ണുമായി,
എന്നും മടങ്ങി പോകുന്നത്‌?.

ചരിത്രമെഴുതി വെച്ചിരിക്കുന്നത്‌,
മറവിയുടെ പുസ്തകത്തിലാണ്‌.
ചിലർ, ചിലപ്പോഴത്‌ തുറന്ന് നോക്കും.
അവിടെ യുദ്ധങ്ങളും വിജയങ്ങളുമുണ്ട്‌.
ഉദയങ്ങളും, അസ്തമയങ്ങളും.
പ്രണയവും, പ്രതികാരവുമുണ്ട്‌.
കുറ്റവും കുറ്റബോധവും..

ജനനവും മരണവും..പിന്നെ,
അതിനിടയിൽ തിരുകി വെച്ച ജീവിതവും..
ശബ്ദം കൊണ്ട്‌ ചരിത്രം സൃഷ്ടിച്ചവർ.
നിശ്ശബ്ദത കൊണ്ട്‌ ചരിത്രമായവർ.

ഒരിക്കലും പൂർത്തിയാവാത്ത പുസ്തകം..
എന്നും എഴുതപ്പെട്ടു കൊണ്ടിരിക്കുന്ന പുസ്തകം.
അതിൽ നീയും ഞാനും കഥാപാത്രങ്ങൾ!
അഭിമാനിക്കുക, നിന്റെ പേരും എഴുതപ്പെട്ടതിൽ!
മറവിയുടെ പുസ്തകമാണെങ്കിൽ കൂടിയും..

Post a Comment

Saturday, 26 March 2011

കണി

അമ്മ:
കാണണമാദ്യമെൻ കണ്ണന്റെ ചിരിയുമാ,
കാൽക്കലിൽ വെച്ച കണി പൂക്കളും നാളെ.

കാമുകൻ:
കാണണമെനിക്കു നിൻ മുഖമന്റെ പ്രിയതമെ,
കണിയായി നിത്യവും ജന്മം മുഴുക്കെയും.
പ്രണയമെ, നീയെന്റെ കണിയെന്നു ചൊന്നാൽ,
പരിഭവം തോന്നുമോ കണി വെച്ച മലരിനും?

കവി:
ചിരി പൊഴിച്ചെത്തുന്ന പൈതലും പിന്നെയോ,
കള കളം പാടുന്ന പുഴയിലെ ഓളവും.
പതിയെ വിടരുന്ന ചെമ്പനീർ പൂക്കളും,
പുലരിയിൽ പെയ്യുന്ന മഴയുടെ നൃത്തവും.
ഇതു തന്നെയാവണം കണിയെന്നുമെന്നും
ഇതു തന്നെയാണന്റെ പ്രാർത്ഥാനാഗീതവും..

Post a Comment

Monday, 21 March 2011

ശബ്ദമില്ലാത്തവർ

എന്തൊരു ശബ്ദമാണ്‌!
ഞാനടുത്തു ചെന്നു നോക്കി.
പ്രണയം, പാട്ടുകൾ പാടിയും,
കലഹിച്ചും ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്നു.
പക അലറി വിളിച്ചും,
ഭയം നിലവിളിച്ചും,
ദയ കരഞ്ഞും കൊണ്ടിരുന്നു..

സത്യവും വിശ്വാസവും അവിടുണ്ടായിരുന്നില്ല.

രണ്ടു പേർ മാത്രം മൂകരായിരുന്നു..
വിശ്വാസവും, വിശപ്പും.
വിശ്വാസം നിസ്സംഗതയോടെയും,
വിശപ്പ്‌ തളർന്നുമിരിക്കുകയായിരുന്നു.

Post a Comment

Sunday, 20 March 2011

ബലികാക്ക

ബലിച്ചോറ്‌ കഴിക്കുവാൻ,
ഒരു വെളുത്ത പ്രാവിനേയുമിതു വരെ കണ്ടിട്ടില്ല.

മനസ്സ്‌ കറുത്തിരുന്നത്‌ കൊണ്ടാവാം,
മരിച്ചു കഴിഞ്ഞപ്പോൾ ഒരു കാക്ക പറന്നു പോയി,
എന്റെ നെഞ്ചിൻ കൂട്‌ തുറന്ന്..

എന്റെ ബലിച്ചോറ്‌ തിന്നാൻ വന്നത്‌,
ഒരു ബലികാക്കയായിരുന്നു.
അത്‌ ഞാൻ തന്നെയായിരുന്നു!
ഞാൻ തന്നെ വിളിച്ചു പറഞ്ഞു,
എനിക്ക്‌ മോക്ഷം കിട്ടിയെന്ന്!
ചോറുരുട്ടിയെറിയുന്നതിന്റെ തിരക്കിൽ,
ഞാൻ പറഞ്ഞതാരും കേട്ടില്ല..
എനിക്ക്‌ മോക്ഷം കിട്ടിയത്‌ കൊണ്ട്‌,
വീണ്ടുമത്‌ പറയേണ്ട കാര്യവുമില്ല..

ഞാൻ പറന്നു പോയി..
മോക്ഷം കിട്ടിയവരുടെ ഇടയിലേക്ക്‌..
പറന്നു വന്ന വഴി ഞാനപ്പോൾ മറന്നു പോയിരുന്നു..

Post a Comment

വേർപാട്‌


വേർപാട്‌ ഒരായുധമാണ്‌.
മൂർച്ചയേറിയ ആയുധം.
മുറിവ്‌ ഉണങ്ങുകയോ,
മുറിവേറ്റയാളുടൻ മരിക്കുകയോ ചെയ്യില്ല.
രക്തം കിനിഞ്ഞു കൊണ്ടിരിക്കും.
മുറിവ്‌ നീറി കൊണ്ടിരിക്കും.
ഹൃദയം മിടിക്കാതെ മിടിക്കും.
പ്രാണൻ പിടഞ്ഞു കൊണ്ടിരിക്കും.
ആത്മാവ്‌ ഉപേക്ഷിച്ച്‌ പോകും.
മരിച്ചു ജീവിക്കുകയും,
ജീവിക്കാതെ മരിക്കുകയും ചെയ്യും.

Post a Comment

Saturday, 19 March 2011

രണ്ടു നിഴലുകൾ

എനിക്ക്‌ രണ്ട്‌ നിഴലുകളുണ്ട്‌.
ഒന്നിരുട്ടിലും, മറ്റൊന്ന് വെളിച്ചത്തിലും.
ഇവർ തമ്മിൽ കാണാറില്ല.
ഞാൻ കാണിച്ചു കൊടുത്തിട്ടുമില്ല.
രണ്ടുമെന്റെ ആത്മാവിന്റെ അംശമുള്ളവർ.
ഇരുട്ടിലെ നിഴലിന്റെ ശബ്ദം എനിക്കു കേൾക്കാം.
വെളിച്ചത്തിലെ നിഴൽ സംസാരിക്കുകയുണ്ടായില്ല.
അതെന്നെ പിൻതുടരുക മാത്രം ചെയ്തു.

വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്ക്‌ ഞാൻ നടന്നു.
അവിടെ വെച്ച്‌ കേട്ടു, നിഴലിന്റെ ശബ്ദം.
നിഴലപ്പോൾ ഒരു സത്യം പറഞ്ഞു..
ഞാനറിയാതിരുന്ന സത്യം.
അവർ രണ്ടും ഒന്നത്രെ!

Post a Comment

Friday, 18 March 2011

കുട

വീടു പുതുക്കി പണിയണം.
തട്ടിൻപുറത്തെ പഴകി ദ്രവിച്ച തടിയിൽ,
ശീല കീറിയ, തുരുമ്പിച്ച, പിടി നഷ്ടപ്പെട്ട ഒരു കുട കണ്ടു...
നിറം മങ്ങിയിരിക്കുന്നു..
എനിക്കായി ഒരു വൈകുന്നേരം അച്ഛൻ കൊണ്ടു വന്ന കുട..
എനിക്കച്ഛനെ കാണാം.
എനിക്കെന്റെ മുഖം കാണാൻ കഴിയുന്നില്ല.
ഞാൻ സന്തോഷിച്ചിട്ടുണ്ടാവും..
എല്ലാപേരെയും കാണിച്ചിട്ടുണ്ടാവും..
മഴയത്ത്‌ കൂട്ടുകാരുമൊത്ത്‌ കുട ചൂടി നടന്നിട്ടുണ്ടാകും.
കുടയ്ക്കുള്ളിൽ മഴയുടെ ശബ്ദം കേട്ടിട്ടുണ്ടാകും..

'നീയെന്താ ആ കുടേം പിടിച്ചിരിക്കുന്നേ?..താഴയിട്‌!
തുരുമ്പ്‌ കൊണ്ട്‌ സെപ്റ്റിക്കാവണ്ട..'

ഞാൻ കുട താഴേയ്ക്ക്‌ ഇട്ടിട്ടുണ്ടാവും..
ഓർക്കുന്നില്ല..
ആ തുരുമ്പിച്ച കുട ഞാൻ മറന്നു പോയിരിക്കുന്നു..

Post a Comment

Mount Fuji in Red -- Akira Kurosawa's DreamsShort film : Mount Fuji in Red (Japan/1990/8 mints)
Director : Akira Kurosawa

ഒന്നും പറയാനില്ല..കാണുക..ചിന്തിക്കുക..

നമ്മുടെ നാട്ടിലെ 'ഏതോ' ഒരു ഡാമിന്റെ 'എന്തോ' ഒരു 'ചെറിയ' ചോർച്ചയേക്കുറിച്ച്‌ 'ആരോ' 'ചിലത്‌' എഴുതിയിരുന്നു മുൻപ്‌..

ഓർക്കുക..
വല്ലപ്പോഴുമല്ല.. എപ്പോഴും..

Post a Comment

Thursday, 17 March 2011

സ്വപ്നലോകത്തുള്ളവർ


നിദ്രയിലേക്കുള്ള വാതിലുകൾ അദൃശ്യമാണ്‌.
ഒരു പക്ഷെ വാതിലുകളില്ലായിരിക്കാം..
എങ്കിലുമോരോ ദിവസവും,
ഓരോ വാതിലിലൂടെയാണ്‌ ഞാൻ പ്രവേശിക്കുക.
ചിലപ്പോളവിടെ സ്വപ്നങ്ങളെന്നെ കാത്തിരിക്കുന്നുണ്ടാകും.
സ്വപ്നങ്ങൾക്ക്‌ ചിറകുകളുണ്ട്‌!
കണ്ണാടി പോലുള്ള ചിറകുകൾ!
ഞാനാ ചിറകുകളിൽ കയറിയിരിക്കും.
ആരും പറഞ്ഞു തന്നിരുന്നില്ലത്‌.
എങ്കിലും ഞാനറിഞ്ഞിരുന്നു എല്ലാം!
വളരെ മുൻപെ..
ഇരുട്ടിൽ നിന്നും പുറത്ത്‌ വരും മുൻപെ!

നിറമുള്ള ലോകത്തേക്കാണവ പറന്നു പോകുക
അവിടെ ഞാൻ മുൻപേ പോയവരെ കണ്ടിട്ടുണ്ട്‌!
അവരെന്നോട്‌ സംസാരിക്കുകയും ചെയ്തിട്ടുണ്ട്‌!
അപ്പോൾ മാത്രം ഞാനാ സത്യമറിഞ്ഞു,
മുൻപെ പോയവരെല്ലാം എവിടെ എന്ന സത്യം.!
അവരെല്ലാം സ്വപ്നലോകത്താണെന്നും,
അവരൊരിക്കലും നമ്മെ തേടി വരില്ലെന്നും!
പക്ഷെ അവർ നമ്മെ അവരുടെയടുക്കലെത്തിക്കും
കണ്ണാടി ചിറകുള്ള സ്വപ്നങ്ങൾ അയച്ചു തരും,
നമ്മുക്ക്‌ അവരുടെയടുക്കലേക്ക്‌ യാത്രയാകുവാൻ.

അവരൊരിക്കലെന്നോട്‌ പറഞ്ഞു,
"ചിലപ്പോൾ മടക്കയാത്രയിൽ,
വാതിലുകൾ കാണാതെ നീ കുടുങ്ങി പോകും..
അപ്പോൾ നീയും സ്വപ്നലോകത്തേക്ക്‌ വരും!
ഉണരാത്ത നിനക്കു ചുറ്റുമിരുന്ന് ചിലർ കരയുകയും ചെയ്യും.."

എനിക്കായവർ കാത്തിരിക്കുന്നു..
കണ്ണാടി ചിറകുള്ള സ്വപ്നങ്ങൾ അയച്ചു തരുന്നവർ.
എന്റേതു മാത്രമായ സ്വപ്നലോകത്തുള്ളവർ..

15,506

Post a Comment

ജീവിതം

ജീവിതം സൂര്യനുദിക്കുന്നതു പോലെയാണ്‌..
അതിനു വേഗത്തിലോ, സാവധാനത്തിലോ ആകാൻ കഴിയില്ല.
മഴ പെയ്യും പോലെയാണത്‌.
എപ്പോൾ പെയ്യണമെന്നും, എങ്ങനെ പെയ്യണമെന്നും..
മഴയ്ക്കു മാത്രമുള്ള അറിവാണ്‌.
വെയിൽ വീഴും പോലെയാണ്‌.
എവിടെ വീഴുമെന്നും, എത്ര വെയിൽ വീഴണമെന്നും..
അതു പുഴ പോലെയാണ്‌.
ഒഴുകുന്ന വഴിയും, എത്തി ചേരുന്ന ലക്ഷ്യവും പുഴയ്ക്ക്‌ സ്വന്തം.
അതു ചെറിയ തെന്നൽ പോലെയാണ്‌.
എവിടെ നിന്നോ വന്ന്, എങ്ങോട്ടോ പോകും.
ആരുമറിയാതെ, ആരാലുമോർക്കാതെ..

അതു പ്രേമം പോലെയാണ്‌.
എങ്ങനെ തുടങ്ങിയെന്നോ, എവിടെയെത്തിക്കുമെന്നോ...

ഉത്തരമില്ലാത്തെ ചോദ്യങ്ങളാണ്‌..
അറിവിനപ്പുറത്തുള്ള അജ്ഞതയാണ്‌.
ആരുമറിയാതെ പോകുന്ന അജ്ഞത മാത്രം..

അതറിയുകയോ, അനുഭവിക്കുകയോ ചെയ്യുക..അതൊരു ഭാഗ്യം മാത്രം..

15,473

Post a Comment

Wednesday, 16 March 2011

ഇരട്ടവാലന്റെ വായന

നിറം മങ്ങിയ തടിപാളികൾക്കിടയിൽ,
മണം മറഞ്ഞ പുസ്തകത്താളുകൾക്കിടയിൽ,
പ്രണയകഥകൾക്കിടയിൽ ഞാൻ കണ്ടു,
പനിനീർപ്പൂ ഗന്ധം നിറഞ്ഞ,
വർണ്ണചിത്രങ്ങളലങ്കരിച്ച,
ഒരു പ്രേമലേഖനം.
ഞാനുമതു വായിച്ചു,
വളയിട്ട കൈകൾ വന്നെടുക്കും വരെ..

കാത്തിരുന്ന മറുപടി കാണാത്തത്‌ കൊണ്ടാവാം,
ഞാനിപ്പോൾ ചരിത്ര പുസ്തകങ്ങൾ മാത്രമേ വായിക്കുന്നുള്ളൂ..
ഇവിടെ മാറാലകളുടെ മണം മാത്രം..
വർണ്ണച്ചിത്രങ്ങളുമില്ല, വളകിലുക്കവുമില്ല..
വരണ്ടുണങ്ങിയ മാറാലകൾ മാത്രം..

Post a Comment

ചിലന്തി വലകൾ

എന്റെ വാച്ചിലെ സൂചികൾ തിരിച്ചാണ്‌ കറങ്ങുന്നത്‌
എന്നെ സമയം പിന്നിലേക്ക്‌ വലിച്ചിഴച്ചു കൊണ്ടോടുന്നു..
ഞാൻ മുന്നിലേക്കുള്ള പാത കാണുന്നില്ല..
എനിക്ക്‌ മുന്നിലേക്ക്‌ നോക്കുവാൻ തോന്നുന്നുമില്ല..

ഒരു തുരങ്കത്തിൽ നിന്ന്,
പുക തുപ്പി കൊണ്ട്‌ പുറത്ത്‌ വരുന്ന തീവണ്ടി പോലെ,
ഞാൻ ഭൂത കാലത്തേക്ക്‌ പ്രവേശിക്കുന്നു..

അവിടെ നിറയെ ചിലന്തി വലകളുണ്ട്‌..
ചിലന്തി ഉപേക്ഷിച്ച്‌ പോയ വലിയ വലകൾ..
അവിടെ ഞാൻ സ്വയം കുടുങ്ങി കിടക്കുന്നു..
എനിക്കു ചുറ്റും ദൃശ്യങ്ങൾ ചിറകു വെച്ച്‌ പറന്നു നടക്കുന്നു
എന്നെ തൊട്ട്‌ കൊണ്ട്‌..
എനിക്കവയെ കാണാം, സ്പർശിക്കുകയും,
ഗന്ധം അനുഭവിക്കുകയും, ശബ്ദങ്ങൾ കേൾക്കുകയും ചെയ്യാം..

അവിടെ ഞാൻ കണ്ണുകളടച്ച്‌ കുടുങ്ങി കിടക്കുന്നു..
കണ്ണുകളടച്ച്‌  എല്ലാം കണ്ടു കൊണ്ട്‌..

Post a Comment

ഞാനൊരു പ്രവാസിയല്ല..

ഇവിടെ മഴയിൽ ഞാൻ നനയാറില്ല.
ചെളിവെള്ളത്തിൽ കുട്ടികൾ കളിക്കുന്നുമില്ല.
കാറ്റിലരയാലിലകൾ കലപില കൂട്ടുന്നില്ല,
അമ്പല മണികൾ മുഴങ്ങാറില്ല,
അമ്പലക്കാളയെ കാണുന്നുമില്ല,
അരളിപ്പൂക്കൾ വിരിയാറുമില്ല.
അത്തപ്പൂപറിക്കാനാരും പോകുന്നില്ല,
ഓണത്തുമ്പികളെ കാണുന്നുമില്ല.
പൂവിളികൾ കേൾക്കുന്നില്ല.
പൂമ്പാറ്റകളെ കാണുന്നുമില്ല.
കണിക്കൊന്ന വിരിയാറില്ല,
കൈനീട്ടം കിട്ടുന്നുമില്ല,
വയൽ വരമ്പിൽ നടക്കുന്നില്ല,
വഞ്ചിയിലെവിടെയും പോകുന്നുമില്ല
ആമ്പലുകൾ പൊട്ടിക്കുന്നില്ല,
പരൽമീനുകളെ കാണുന്നുമില്ല,
കാച്ചെണ്ണ മണക്കുന്നില്ല,
കാവിലൊട്ടു പോകാറുമില്ല.
തിറയൊന്നും കാണുന്നില്ല,
തകിലൊട്ടു കേൾക്കുന്നുമില്ല.
നാലുമണി പൂക്കൾ വിരിയുന്നുമില്ല,
നാലും കൂട്ടി മുറുക്കുന്നുമില്ല.
സന്ധ്യനാമം കേൾക്കാറില്ല,
ശരണം വിളികളുയരുന്നുമില്ല.

മാവിലകൾ പൊഴിയുന്നില്ല,
മാമ്പൂക്കൾ വിരിയുന്നുമില്ല.
ഇളനീരൊരുതുള്ളി കുടിക്കുന്നില്ല,
ഇഞ്ചിമിഠായി ഞാൻ രുചിക്കുന്നുമില്ല.
കരിമ്പിൻത്തണ്ട്‌ കാണുന്നില്ല,
കരിപ്പട്ടിക്കാപ്പി കുടിക്കുന്നുമില്ല.

മേൽക്കൂരയിലെ പ്രാവിന്റെ കുറുകലുകളും,
കാക്കളുടെ കാ കാ വിളികളും,
തവളകളുടെ കരച്ചിലുകളും,
ചീവീടുകളുടെ കൂർത്ത ശബ്ദങ്ങളും..
ഒന്നും ഞാനിവിടെ കേൾക്കുന്നില്ല.

കടപ്പുറത്തിരുന്ന് കപ്പലണ്ടി കൊറിക്കുന്നില്ല,
കടലിന്റെ മക്കളെ കാണുന്നുമില്ല.

പാദങ്ങളിൽ കളിമണ്ണ്‌ പുരളുകയോ,
ചുവന്ന ചരലുകളുടെ തണുപ്പറിയുകയോ,
തൊട്ടാവാടികൾ കൈ കൂപ്പുന്നതോ,
ചേമ്പിലകൾ മഴമുത്തുകൾ താലം പിടിക്കുന്നതോ..
ഒന്നുമൊന്നും..
ഞാനറിയുന്നില്ല..കാണുന്നുമില്ല.

സായാഹ്നത്തിലെ കൂട്ടച്ചിരികളും,
തെരുവോരത്തെ ചായ പീടികകളും..
ഞാൻ കേൾക്കുന്നുമില്ല, കാണുന്നുമില്ല..

മുഖങ്ങൾ ഞാൻ കാണുന്നില്ല,
ശബ്ദങ്ങൾ ഞാൻ കേൾക്കുന്നുമില്ല..
അമ്മയുടെ സ്നേഹസ്പർശം ഞാനറിയുന്നില്ല,
അച്ഛന്റെ സ്നേഹശബ്ദം ഞാൻ കേൾക്കുന്നുമില്ല.

എങ്കിലും ഞാനെല്ലാമറിയുന്നു,
കേൾക്കുകയും, കാണുകയും ചെയ്യുന്നു..
ഞാനൊരു പ്രവാസിയല്ലെന്നുറക്കെ പറയുകയും ചെയ്യുന്നു..

Post a Comment

Monday, 14 March 2011

കാഴ്ച്ചയില്ലാത്ത തിരമാലകൾ..

നോവു സഹിക്കാതവൾ പുളഞ്ഞനേരം,
ദിക്കും ദിശയുമറിയാതെ ഓടി,
കണ്ണും കാഴ്ചയുമില്ലാത്ത തിരകൾ..

പൈതലിൻ ആദ്യ ചുവടുകൾ കണ്ടവർ..
ആദ്യ പ്രണയത്തിൻ ചുംബനം ചേർത്തവർ..
സ്വപ്നങ്ങളുടെ ഭാരം ചുമക്കുന്നവർ
ഓർമ്മകളുടെ ഭാരം കുറയ്ക്കുന്നവർ.

കടലിന്റെ കൈകൾ നീട്ടിത്തിരഞ്ഞു.
കരയോ കരയാൻ കഴിയാതെ നിന്നു.

ഘടികാര സൂചിക്ക്‌ ഹൃദയ താളം.
ഹൃദയത്തിൻ താളം നിലച്ച നേരം..

ആദ്യ ചുവടുകൾ വെയ്ക്കുന്ന ബാല്യം.
ആദ്യ ചുംബനമേൽക്കുന്ന കൗമാരം,
സ്വപ്നങ്ങൾ ചുമക്കുന്ന യൗവ്വനങ്ങൾ..
കൈത്താങ്ങ്‌ തേടുന്ന വാർദ്ധക്യവും..

എല്ലാം തിരകളിൻ കൈതട്ടി വീണു,
കണ്ണും കാഴ്ച്ചയുമില്ലാത്ത തിരകളിൽ.
കരയുവാൻ തുടങ്ങിയ കരയുടെ വായയും,
കടലോ അറിയാതെ മൂടി നിന്നു.

തിരഞ്ഞു നടന്നുവാ തിരകളിൻ കൈകൾ
കണ്ണും കാഴ്ച്ചയുമില്ലാത്ത തിരകൾ..


ഭൂമിയുടെ മറ്റൊരു ഭാഗത്ത്‌ സുനാമിത്തിരകളിൽ
ഓർമ്മയായി തീർന്നവരുടെ ഓർമ്മയ്ക്ക്‌..

Post a Comment

Thursday, 3 March 2011

ന്യൂ സീലാൻഡിൽ ഭൂചലനം


ഈ വാർത്ത അത്ര പുതിയതല്ല. എന്നാൽ അത്രയ്ക്കും പഴയതുമല്ല. പലരും ഈ വാർത്ത പത്രങ്ങളിൽ കൂടിയും, ടെലിവിഷനിൽ കൂടിയും, മറ്റു വാർത്ത മാധ്യമങ്ങളിൽ കൂടിയും അറിഞ്ഞിട്ടുണ്ടാകും. ഇവിടെ ന്യൂ സീലാൻഡിൽ താമസിക്കുന്നതു കൊണ്ടും, എന്റെ പല സുഹൃത്തുക്കളും (ബ്ലോഗ്‌ സുഹൃത്തുക്കളും), അഭ്യുദയകാംക്ഷികളും ഇതേ കുറിച്ച്‌ അന്വേക്ഷിക്കുന്നതു കൊണ്ടും, ഇവിടുത്തെ സംഭവങ്ങളെ കുറിച്ച്‌ എനിക്കറിയാവുന്ന വിധത്തിൽ എഴുതിയാൽ നന്നായിരിക്കുമെന്നു തോന്നുന്നു. എന്റെയും എന്റെ കുടുംബത്തിന്റെയും സുരക്ഷിതത്വം അന്വേക്ഷിച്ച, അതിനായി പ്രാർത്ഥിച്ച എല്ലാ പേരോടും ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ആദ്യമേ പറയട്ടെ, ഈ രാജ്യം വളരെയധികം അഗ്നിപർവ്വതങ്ങൾ നിറഞ്ഞ ഒരു രാജ്യമാണ്‌. നമ്മുടെ ഇന്ത്യാ രാജ്യവുമായി താരതമ്യം ചെയ്താൽ ഈ രാജ്യം ഒരു ദ്വീപ്‌ മാത്രമായി ആർക്കെങ്കിലും തോന്നിയാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല. ആസ്ത്രേലിയ (ഓസ്ട്രേലിയ) യുടെ തെക്കു കിഴക്കായി രണ്ടു വലിയ ദ്വീപുകളായി കിടക്കുന്ന ഒരു ചെറിയ രാജ്യമാണ്‌ ന്യൂ സീലാൻഡ്‌ (New Zealand. ഇതു രണ്ടു വാക്കുകളായാണ്‌ ഇവിടെ ഉച്ചരിക്കുന്നത്‌).രണ്ടു ദ്വീപുകൾ എന്നു പറഞ്ഞല്ലോ, അതു വടക്കു ദ്വീപെന്നും, തെക്കു ദ്വീപെന്നും ഇവിടുള്ളവർ പറയുന്നു. വടക്കു ദ്വീപിലാണ്‌ ഓൿലണ്ട്‌ (Auckland) എന്ന പ്രദേശം. ഞാൻ താമസിക്കുന്നത്‌, ഓൿലണ്ടിലെ നോർത്ത്‌ ഷോർ എന്ന സ്ഥലത്താണ്‌. വടക്കു ദ്വീപിന്റെ ഏറ്റവും താഴെ തെക്കേ മൂലയിൽ ആണ്‌ വെല്ലിംഗ്ടൺ(Wellington) എന്ന സ്ഥലം. ഈ വെല്ലിംഗ്ടൺ ആണ്‌ ന്യൂ സീലാണ്ടിന്റെ തൽസ്ഥാനം.

ഇനി തെക്കു ദ്വീപിലേക്ക്‌ വരാം. അവിടെയാണ്‌ ക്രൈസ്റ്റ്ചർച്ച്‌ (Christchurch), ഡനഡീൻ Dunedin) തുടങ്ങിയ പട്ടണങ്ങളുള്ളത്‌. ഇതിൽ ക്രൈസ്റ്റ്ചർച്ച്‌ എന്ന സ്ഥലത്താണ്‌ ഈ കഴിഞ്ഞ ആറേഴ്‌ മാസങ്ങൾക്കിടയിൽ ഭൂചലങ്ങൾ ഉണ്ടായത്‌. അറു മാസം മുൻപുണ്ടായ ഭൂമികുലുക്കത്തിൽ, കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ മുതലായവയ്ക്ക്‌ സാരമായ കേടു പാടുകൾ സംഭവിച്ചിരുന്നു. അതിൽ നിന്നും അവിടത്തെ ജനങ്ങൾ കരകയറി വരുമ്പോഴാണ്‌ ഈയടുത്തു സംഭവിച്ച ഭൂചലങ്ങൾ (ഫെബ്രുവരി - റിച്ചർ സ്കെയിലിൽ 6.3 -ലത്തൂരിൽ ഉണ്ടായതത്രയും).ഇതിനെ ആഫ്റ്റർ ഷോക്ക്‌ (Aftershock) എന്നാണ്‌ പറയുക. ആഫ്റ്റർ ഷോക്ക്‌ എന്നു വെച്ചാൽ, ഒരു വലിയ ഭൂമികുലുക്കം ഉണ്ടായ ശേഷം, അതേയിടത്ത്‌ വീണ്ടും (കുറച്ച്‌ നാളുകൾ കഴിഞ്ഞു) ഉണ്ടാകുന്ന ഭൂചലനത്തേയാണ്‌. ശ്രദ്ധിക്കുക, ഇവിടെ നീണ്ട ആറു മാസം കഴിഞ്ഞാണ്‌ ആഫ്റ്റർ ഷോക്കുണ്ടായിരിക്കുന്നത്‌!ഇനി ഭയാനകമായ ഒരു വാർത്ത - അടുത്ത ഒരു വർഷത്തിൽ, ഏതാണ്ട്‌ എല്ലാ മാസവും, റിച്ചർ സ്കെയിലിൽ 4 വരെ ശക്തിയുള്ള ഭൂചലങ്ങൾ ഉണ്ടാകുമെന്നാണ്‌ ഇവിടുത്തെ ശാസ്ത്രജ്ഞർ പ്രവചിച്ചിരിക്കുന്നത്‌!

ഇതു വരെ കിട്ടിയ വാർത്തയനുസരിച്ച്‌, 160 പേരാണ്‌ കൊല്ലപ്പെട്ടിട്ടുള്ളത്‌ (ഔദ്യോഗിക കണക്ക്‌). ഇതു ഏതാണ്ട്‌ 300 ഓളം ആകുമെന്നാണ്‌ കണക്കായിരിക്കുന്നത്‌.

100 അല്ലെങ്കിൽ, 200 പേരോ നമ്മുടെ നാട്ടിൽ മരിച്ചാൽ അതൊരു സംഭവമല്ല. എന്തു കൊണ്ട്‌? കുറച്ച്‌ നാൾ കഴിഞ്ഞ്‌ നമ്മൾ എല്ലാം മറക്കും. മറക്കുവാൻ നമ്മുടെയത്ര കഴിവ്‌ മറ്റൊരു രാജ്യക്കാർക്കും ഇല്ല എന്നു തന്നെ തോന്നുന്നു!
ചില കണക്കുകൾ:
ഭോപ്പാൽ ദുരന്തം : 25,000 മരണം, 40,000 ലേറെ പേർ ഇന്നും ദുരിതം അനുഭവിക്കുന്നു.
1984 ലെ സിക്ക്‌ കാരെ കൂട്ടക്കൊല ചെയ്തത്‌ : 17,000 (പത്ര വാർത്ത പ്രകാരം). സിക്കു സംഘടനയുടെ കണക്ക്‌ പ്രകാരം 35,000.
ഗോദ്ര ട്രയിൻ അപകടം : 59 കർസേവകർ(അതിന്റെ അർത്ഥം ഇതുവരെ എനിക്കു മനസ്സിലായിട്ടില്ല), അതിനു ശേഷം നടന്ന കലാപത്തിൽ  750 മുസ്ലീം സഹോദരങ്ങൾ, 254 ഹിന്ദു സഹോദരങ്ങൾ.

ഇതൊന്നും പ്രകൃതിയുടെ വികൃതി മൂലമല്ല!. നമ്മുടെ സ്വന്തം രാജ്യത്തിലെ ചിലരുടെ വികൃതികൾ മാത്രം.

അപ്പോൾ ലത്തൂരിലെ ഭൂചലനത്തിൽ (1993) എത്ര പേർ മരിച്ചു ? (റിച്ചർ സ്കയിലിൽ 6.3) - 7,928 മരിച്ചു, 30,000 പേർക്ക്‌ പരിക്ക്‌. ശ്രദ്ധിക്കുക - ഇന്ത്യ അഗ്നിപർവ്വ്വതങ്ങളുടെ പുറത്തല്ല. പിന്നെ എങ്ങനെ അവിടെ ഭൂചലനം ഉണ്ടായി ?! അതേ കുറിച്ച്‌ ഇപ്പോൾ എഴുതുന്നില്ല. ഗൂഗിളിൽ ഒന്നു തിരക്കി നോക്കു!

ഇനി 2004 ലെ സുനാമിയുടെ കണക്കെടുക്കാം
പോണ്ടിച്ചേരിയിൽ 30,000 പേർക്ക്‌ വീട്‌ നഷ്ടമായി. 560 മരണം.
കേരളത്തിൽ 168 മരണം.
ആൻഡ്രയിൽ 105 മരണം.
മറ്റിടങ്ങളിലും കൂടി 10,136 മരണം (ഔദ്യോഗിക കണക്ക്‌)
അവർക്ക്‌ വേണ്ട സഹായം കിട്ടിയോ?, നഷ്ടപരിഹാരം?
യഥാർത്ഥത്തിൽ എന്താണ്‌ ആ സുനാമിയുടെ കാരണം?

ഒരു ചെറിയ കാര്യം കൂടി. എന്തു കൊണ്ടാണ്‌ ഈ 'ഔദ്യോഗിക' കണക്കുകളിൽ മരണ സംഖ്യ എപ്പോഴും കുറഞ്ഞിരിക്കുന്നത്‌ ?!
ഈ കുറച്ച്‌ കാണിക്കൽ എന്തിനാണ്‌ എന്ന് ചിന്തിച്ചു നോക്കുക. ചിന്തിക്കുമ്പോഴാണല്ലോ എല്ലാത്തിനും ഉത്തരം കിട്ടുക!

ചിലരെങ്കിലും ആലോചിക്കുന്നുണ്ടാകും, എന്തിനാണീ കണക്കുകൾ ഇവിടെ എഴുതിയതെന്ന്!
മറ്റൊന്നിനുമല്ല..നമ്മൾ എല്ലാം മറന്നു പോയിരിക്കുന്നു!! മറക്കാൻ പഠിച്ച ഒരു ജനതയാണ്‌ നമ്മുടേത്‌!
നമുക്കിതെല്ലാം, വളരെ നിസ്സാരമായ കണക്കുകൾ മാത്രം!
ശരിയല്ലേ ?
അത്രയെ ഉള്ളൂ നമ്മുടെയെല്ലാം ജീവന്റെ വില.
(ക്ഷമിക്കുക .. തീവ്രവാദം കാരണം മരിച്ചവരുടെ എണ്ണം ഉൾപ്പെടുത്താത്തത്‌ മനപ്പൂർവ്വ്വമാണ്‌)
നമ്മൾ തന്നെ, നമ്മളെ ഭരിക്കുവാൻ തിരഞ്ഞെടുക്കുന്ന, ചിലർ..അവരെന്താണ്‌ നമുക്കായി ചെയ്തിരിക്കുന്നത്‌ ?..
'എന്താ മാഷെ ഉത്തരമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നത്‌' എന്നു ചിലർ ചോദിക്കുന്നത്‌ എനിക്കു കേൾക്കാൻ കഴിയുന്നുണ്ട്‌!

ആയിരങ്ങൾ..ഓ..അതു പണ്ട്‌!..കോടികളുടെ അഴിമതി നടത്തുന്നവർ, കോടികളുടെ നികുതി വെട്ടിപ്പ്‌ നടത്തുന്ന വ്യവസായികൾ, സിനിമാ താരങ്ങൾ.. അവരെക്കാൾ എളുപ്പമല്ലേ, ഹെൽമറ്റ്‌ ഇടാതെ പോകുന്ന യുവാക്കളെ പിറകെ പാഞ്ഞു ചെന്നു പിടിക്കുന്നത്‌?
അവിടെയാണ്‌ നമ്മൾ കാര്യക്ഷമത കാണിക്കുന്നത്‌!!

അപ്പോൾ ശരിക്കും നമുക്ക്‌ എന്താണ്‌ നഷ്ടപ്പെട്ടത്‌ ?

ധനം?
സമാധാനം?
സുരക്ഷിതത്വം?

തെറ്റ്‌!.. നമുക്ക്‌ നഷ്ടപ്പെട്ടത്‌ നമ്മുടെ ശബ്ദമാണ്‌..
ശരിയെന്തെന്നും, ന്യായം എന്തെന്നും ഉറക്കെ പറയാനുള്ള ശബ്ദം..

ഓ.. പറഞ്ഞു പറഞ്ഞു, വിഷയം മാറി പോയി!
(ഇടയ്ക്കിടയ്ക്ക്‌ രക്തം തിളയ്ക്കുന്ന ഒരു അസുഖം തുടങ്ങിയിരിക്കുന്നു.. ഏതെങ്കിലും ഡോക്ടറെ കാണണം..ധാരാളം പച്ച വെള്ളം കുടിക്കുന്നതാണ്‌ എങ്കിലും...)
നമുക്ക്‌ ന്യൂ സീലാൻഡ്ലേക്ക്‌ തിരിച്ച്‌ വരാം.
ഈ മരണ സംഖ്യ ഇത്രയും കൂടുതലായി ഇവിടെ തോന്നുവാൻ രണ്ടു കാരണങ്ങളാണ്‌ ഉള്ളതെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌
ഒന്ന് : ഇവിടെ മനുഷ്യ ജീവനു ഇവിടുള്ളവർ കൂടുതൽ വില കൽപ്പിക്കുന്നു
രണ്ട്‌ : ഈ രാജ്യത്തിന്റെ വിസ്തീർണ്ണവും, ജനസംഖ്യയുമായുള്ള അനുപാതം.

മേൽപ്പറഞ്ഞതിൽ രണ്ടാമത്തെ കാര്യത്തിനെ കുറിച്ചാണ്‌ ഇനി പറയാൻ പോകുന്നത്‌
അതിനായി നമുക്ക്‌ ന്യൂ സീലാൻഡും, കേരളവുമായി ഒന്നു താരതമ്യം ചെയ്യാം.
നിങ്ങളത്ഭുതപ്പെടും എന്തിനാണ്‌ ഒരു രാജ്യത്തിനെ നമ്മുടെ ഒരു ചെറിയ സംസ്ഥാനവുമായി താരതമ്യം ചെയ്യുന്നതെന്ന്. അല്ലേ?

കേരളം:
വിസ്തീർണ്ണം : 38,863 km2
ജനസംഖ്യ : 3,18,41,374 (മൂന്ന് കോടിയിലധികം!)

ന്യൂ സീലാൻഡ്‌‌‌:
വിസ്തീർണ്ണം : 2,68,021 km2
ജനസംഖ്യ : 43,93,500 (നാൽപത്തി മൂന്ന് ലക്ഷം)

അതായത്‌ വിസ്തീർണ്ണത്തിൽ, കേരളത്തിനേക്കാൾ എഴിരട്ടി വലിപ്പമുണ്ടെങ്കിലും, ജനസംഖ്യയിൽ ഈ രാജ്യം  പിന്നിലാണ്‌(അതിനു കാരണം ഞാൻ ചർച്ച ചെയ്യുവാൻ ഉദ്ദേശിക്കുന്നില്ല). അതു കൊണ്ട്‌ തന്നെ കുറഞ്ഞ മരണ സംഖ്യ കൂടി രാജ്യത്തിന്റെ വികസനത്തിൽ വളരെ വലിയ സ്വാധീനം ചെലുത്തും.

ഇത്രയേറെ പുരോഗമിച്ച രാജ്യം ആണെങ്കിൽ കൂടി എങ്ങനെയാണിത്രയും നാശനഷ്ടങ്ങളും, മരണങ്ങളും ഉണ്ടായത്‌? മുൻകരുതലുകൾ? മുന്നറിയിപ്പുകൾ?

ഇപ്പോൾ കിട്ടിയ വാർത്തയനുസരിച്ച്‌ അറിയുന്നത്‌ ഈ ഭൂചലനത്തെ കുറിച്ച്‌ നേരത്തെ മുന്നറിയിപ്പൊന്നും കൊടുക്കുവാൻ കഴിഞ്ഞില്ല എന്നതാണ്‌. അതിനു എന്തോ സാങ്കേതികമായ കാരണം ആണ്‌ പറഞ്ഞു കേൾക്കുന്നത്‌ (നമുക്ക്‌ സാങ്കേതികം കൂടിയതു കൊണ്ട്‌ വർഷങ്ങൾക്കു മുൻപ്‌ പെരുമൺ അപകടമുണ്ടായപ്പോൾ അതു 'ടോർണാടോ' അഥവാ ചുഴലിക്കാറ്റ്‌ കൊണ്ട്‌ എന്നു ഉടനെ അറിയാൻ കഴിഞ്ഞു. മിടുക്കന്മാർ! നമ്മൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു!)

മറ്റൊരു കാരണം ഈ വലിയ കെട്ടിടങ്ങൾ നിന്നിരുന്ന ഭൂമിയെ കുറിച്ചാണ്‌. സോഫ്റ്റ്‌ സോയിൽ (soft soil) ലിൽ ആയിരുന്നത്രെ ഈ കെട്ടിടങ്ങൾ നില നിന്നിരുന്നത്‌!
അതു ഇവർക്ക്‌ കെട്ടി പൊക്കുമ്പോൾ അറിയില്ലായിരുന്നോ? അതിനു വേണ്ട പരിശോധന ഒന്നും നടത്തിയിരുന്നില്ലേ?.. ചോദ്യങ്ങൾക്ക്‌ ഒരു അവസാനവുമില്ല.

മരണ സംഖ്യ കൂടുവാൻ കാരണം ഭൂചലനം പകൽ സമയത്തും ഉണ്ടായതു കൊണ്ടാവാം.
മറ്റൊന്ന് നേരത്തെ പറഞ്ഞ ആഫ്റ്റർ ഷോക്ക്‌ കൊണ്ടുമാവാം.
അതെങ്ങനെയാണ്‌‌?
ആദ്യത്തെ കുലുക്കം കാരണം ഇടിഞ്ഞു പൊളിഞ്ഞു കിടന്ന കെട്ടിടത്തിനുള്ളിൽ മനുഷ്യർ കുടുങ്ങി കിടന്നു. അവരിൽ പലരും മൊബെയിൽ ഫോൺ വഴി പുറത്ത്‌ വിവരം അറിയിക്കുകയും ചെയ്തു. പക്ഷെ രക്ഷാ പ്രവർത്തനം നടത്താൻ സാധിക്കാതെ വന്നു. എന്തു കൊണ്ടെന്നാൽ. രക്ഷാ പ്രവർത്തനം നടക്കുമ്പോൾ, അഫ്റ്റർ ഷോക്ക്‌ കാരണം പൊളിഞ്ഞു വീഴാറായ കെട്ടിടം വീണ്ടും കുലുങ്ങും..അപ്പോൾ അതിനകത്ത്‌ പെട്ടു പോയവരുടെ കൂടെ രക്ഷാ പ്രവർത്തകരും അപകടത്തിൽ പെടാൻ സാദ്ധ്യതയുണ്ട്‌. അതു കൊണ്ട്‌, കാര്യക്ഷമമായി രക്ഷാ പ്രവർത്തനം നടത്താൻ കഴിയാതെ വരുന്നു.
മറ്റൊരു കാരണം ആശുപത്രികളുടെ അപരാപ്തത.
ഈ ചെറിയ രാജ്യത്തിന്റെ പ്രധാന വരുമാനം എന്നു പറയുന്നത്‌ കയറ്റുമതി ചെയ്യുന്ന പാലും, പാലുത്പന്നങ്ങളും മാണ്‌. മറ്റൊന്ന് വിനോദ സഞ്ചാരം വഴി വരുന്നതും.

ന്യൂ സീലാൻഡ്‌ വളരെ മനോഹരമായ, എങ്ങും പച്ചപ്പ്‌ നിറഞ്ഞ ഒരു രാജ്യമാണ്‌. അതെല്ലാം അതു പോലെ സംരക്ഷിക്കുന്നതിൽ വളരെ ശ്രദ്ധാലുക്കളുമാണ്‌ ഇവിടുള്ളവർ. റോഡുകൾ, ബീച്ചുകൾ, പാർക്കുകൾ എന്നു വേണ്ട, എല്ലായിടവും വളരെയേറെ വൃത്തിയോടെയാണിവർ സൂക്ഷിക്കുന്നത്‌. നമുക്ക്‌ പഠിക്കുവാൻ വളരെയേറെ കാര്യങ്ങൾ ഇവിടെയുണ്ട്‌. അതു പോലെ വളരെയേറേ കാര്യങ്ങൾ ഇവർക്ക നമ്മുടെ ഇന്ത്യാ രാജ്യത്തിൽ നിന്നും പഠിക്കുവാനുണ്ട്‌. അതിലെ ചില കാര്യങ്ങൾ പറയാം - നമ്മുടെ പൊതു ജനാരോഗ്യ സൗകര്യങ്ങൾ. എന്തൊക്കെ പറഞ്ഞാലും, നമ്മുടെ ജനസംഖ്യയുമായി തട്ടിച്ചു നോക്കുമ്പോൾ നമ്മുടെ കൊച്ചു കേരളത്തിലുള്ളത്‌ പോലുള്ള ആശുപത്രികളോ, മെച്ചപ്പെട്ട സ്കൂളുകളോ ഇവിടെയില്ല. നമ്മുടെ നാട്ടിൽ ഒരു അപകടം സംഭവിച്ചാൽ നാട്ടുകാർ തന്നെ (അല്ലാതെയും സംഭവിക്കുന്നുണ്ട്‌) അവരെ ആശുപത്രിയിൽ കൊണ്ടാക്കും. എന്നാൽ ഇവിടെ അങ്ങനെ സംഭവിക്കണമെന്നില്ല. ഇതേ കുറിച്ച്‌ വിശദമായി വേറെ എഴുതുന്നുണ്ട്‌.

നമ്മൾ ഒരപകടം ദൂരെ നിന്നും കാണുമ്പോൾ അറിയുന്നതു പോലെയാവില്ല ഒരിക്കലും അതിന്റെ വിശദാംശംങ്ങളിലേക്ക്‌ കടക്കുമ്പോൾ. എന്റെ ചില സുഹൃത്തുക്കൾ വഴി അറിയാൻ കഴിഞ്ഞ ചിലത്‌:
1. അവിടെ ഇലക്ടിസിറ്റി ആദ്യം നഷ്ടമായി. തുടർന്ന് ടെലിഫോൺ കണക്ഷനുകളും.
2. കുടിവെള്ളത്തിന്റെയും, ഡ്രയിനേജിന്റെയും പൈപ്പുകൾ പൊട്ടി പ്രളയം പോലെയായി.
3. ശുദ്ധ ജലം കിട്ടാൻ ഒരു വഴിയുമില്ലാതെയായി.
4. ടോയിലറ്റുകൾ ഉപയോഗിക്കരുതെന്നും, ടാപ്പ്‌ വെള്ളം കുടിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുണ്ടായി.
5. ആശുപത്രികൾ തിങ്ങി നിറഞ്ഞു. ഓപ്പറേഷൻ വേണ്ടവരേയും, ഗർഭിണികളെയും ഹെലികോപ്റ്റർ വഴി ഓൿലണ്ടിലും മറ്റു സ്ഥലങ്ങളിലും എത്തിച്ചു.
6. പലർക്കും തലയ്ക്ക്‌ പരിക്കു പറ്റിയിട്ടുണ്ട്‌. പലർക്കും തലച്ചോറിനു ക്ഷതം സംഭവിച്ചിട്ടുണ്ട്‌. പലരും പരാലിസിസ്‌ ആയി പോയിട്ടുണ്ട്‌.
7. മറ്റു ചിലർക്ക്‌ കിഡ്നിക്കും നട്ടെല്ലിനുമാണ്‌ തകരാർ സംഭവിച്ചിരിക്കുന്നത്‌.
8. വീടുള്ളവർ പോലും, ഭയം കാരണം, കാറുകളിലും, പുറത്ത്‌ ടെന്റുകളിലുമാണ്‌ കിടന്നുറങ്ങുന്നത്‌.
9. സ്കൂളുകൾ പലതും ഇപ്പോഴും അടച്ചിട്ടിരിക്കുന്നു.
10. പൈപ്പ്‌ പൊട്ടി വെള്ളപ്പൊക്കം ഉണ്ടായതു കാരണം, ഗതാഗതം സാധാരണ നിലയിൽ വരുവാൻ താമസം നേരിടുന്നു.
11. ആറു മാസം മുൻപുണ്ടായ ഭൂമികുലുക്കത്തിൽ, വീട്ടിലുള്ളിലെ സകല സാധനങ്ങളും നഷ്ടപ്പെട്ടവർ നിരവധിയാണ്‌. അവരെല്ലാം വീണ്ടും, വീട്ടുപകരണങ്ങൾ വാങ്ങിയിരുന്നു. അതെല്ലാം വീണ്ടും നഷ്ടമായി.
12. ചരിത്ര പ്രാധാന്യമുള്ള പല കെട്ടിടങ്ങളും, പള്ളികളും ഭാഗികമായോ പൂർണ്ണമായോ തകർന്നിരിക്കുന്നു.
13. വാർത്താ വിനിമയ തകരാറു കൊണ്ടാണോ എന്നറിയില്ല, ചില ഭാഗങ്ങളിൽ ഇപ്പോഴും സഹായം എത്തിയിട്ടില്ല.
14. ചില കെട്ടിടങ്ങളുടെ പുനർനിർമ്മാണം വേണ്ടെന്നു വെച്ചിട്ടുണ്ട്‌.
15. പലരും മറ്റു സ്ഥലങ്ങളിലേക്ക്‌ പാലായനം ആരംഭിച്ചിരിക്കുന്നു.
16. കാറുകൾ പലതും മണ്ണിൽ പുതഞ്ഞു കിടക്കുകയാണ്‌.
17. ഇന്നലെ (മാർച്ച്‌ 2) 70 km വേഗത്തതിൽ പൊടിക്കാറ്റ്‌ വീശിയടിക്കുകയുണ്ടായി. അതും രക്ഷാ പ്രവർത്തനങ്ങളെ ബാധിച്ചു.
18. സഞ്ചരിച്ചു കൊണ്ടിരുന്ന ബസ്സിനു പുറത്തും കെട്ടിടങ്ങൾ വന്നു വീണ്‌ അപകടം സഭവിച്ചിട്ടുണ്ട്‌.
19. പാലായനം ചെയ്യുന്ന വാഹനങ്ങളുടെ നീണ്ട നിര കാണാം.
20. മലയിടിഞ്ഞു വീണും കെട്ടിടങ്ങൾക്ക്‌ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്‌.
21. അഫ്ഗാനിസ്ഥാനിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും ഇവിടെ അഭയാർത്ഥികളയി വന്നവർ വീണ്ടും അഭയാർത്ഥികളായി. വളരെ ദൗർഭാഗ്യകരമാണത്‌.

ഫോട്ടോകളും, വിഡീയോകളും
ന്യൂ സീലാണ്ട്‌ ഹെറാൾഡ്‌ (ഇവിടത്തെ പ്രധാന പത്രം) ന്റെ വെബ്സൈറ്റിൽ കാണാം.
(http://www.nzherald.co.nz/nz/news/video.cfm?c_id=1&gal_objectid=10709887&gallery_id=116974)

മറ്റു ചില വീഡിയോകൾ:
http://www.nzherald.co.nz/nz/news/video.cfm?c_id=1&gal_gid=116974&gallery_id=116977

http://www.nzherald.co.nz/business/news/video.cfm?c_id=3&gal_objectid=10709598&gallery_id=117043

ക്രൈസ്റ്റ്‌ ചർച്ചിൽ ഒരു കടയിൽ സ്ഥാപിച്ചിരുന്ന CCTV - closed circuite tv യിൽ നിന്നും ലഭിച്ച വീഡിയോ ഇവിടെ:


ചില ചിത്രങ്ങൾ:വാർത്തകളിൽ അധികം കാണാതെ പോയ ചിലതും ഇവിടെ സംഭവിച്ചിട്ടുണ്ട്‌.
ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന കടകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും സാധനങ്ങൾ കൊള്ളയടിച്ചു കൊണ്ടു പോയിരിക്കുന്നു!
ഇവിടെയും അങ്ങനെയുള്ള മനുഷ്യരുണ്ടെന്നറിയുക. പുര കത്തുമ്പോൾ വാഴ വെട്ടുന്നവർ.
സാമ്പത്തിക മാന്ദ്യം പിടികൂടിയ ഈ രാജ്യം വീണ്ടും പഴയ സ്ഥിതിയിൽ ആകുവാൻ വർഷങ്ങൾ വേണ്ടി വരുമെന്നാണ്‌ റിപ്പോർട്ടുകൾ. ഇപ്പോഴുണ്ടായ ഈ ഭൂചലനം സ്ഥിതി കൂടുതൽ വഷളാക്കാനെ ഇടയാക്കൂ.

രാജ്യാന്തര സമൂഹത്തോട്‌ ന്യൂ സീലാൻഡ്‌‌ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്‌.
2011 ലെ റഗ്ബി ലോകകപ്പ്‌ ഇവിടെ വെച്ചാണ്‌ നടക്കാൻ പോകുന്നത്‌.
എന്നാൽ ഭൂമികുലുക്കവും മറ്റു സൗകര്യങ്ങളുടെ അഭാവവും കാരണം അതെത്ര വിജയം ആകുമെന്നു ഇപ്പോൾ പ്രവചിക്കുക വയ്യ. ചൈനയിൽ നിന്നും, മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും ഇവിടെ പഠിക്കുവാൻ (അതിനു ശേഷം കുടിയേറാൻ) വരുന്നവരുടെ സംഖ്യയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.

**ചിത്രങ്ങൾക്കും കണക്കുകൾക്കും nzherald നും, google നും, വിക്കിപീഡിയയ്ക്കും കടപ്പാട്‌ അറിയിക്കുന്നു.

എത്രയും വേഗം എല്ലാം പൂർവ്വ സ്ഥിതിയിൽ ആകുമെന്നും, വീണ്ടും എല്ലായിടത്തും  സന്തോഷവും, സമാധാനവും നിറയുമെന്നും പ്രത്യാശിക്കാം, പ്രാർത്ഥിക്കാം.

Post a Comment