Please use Firefox Browser for a good reading experience

Tuesday, 26 April 2011

നിയോഗങ്ങൾ

മഞ്ഞു മലകളിൽ നിന്നാണ്‌ നദിയുടെ ഉത്ഭവം.
വരണ്ട സമതലങ്ങളിൽ കൂടിയതൊഴുകും
അരുവികളായി പാറകളിൽ തല്ലി തെറിക്കും
നനച്ച്‌, കുതിർത്ത്‌, പായലുകളെ ഉണർത്തി,
അവ കടൽ തേടി പോകും.
കടൽ കണ്ടെത്താനുള്ള യാത്ര..
ആ നിയോഗമത്രെ നദികൾക്ക്‌..

മഞ്ഞു പോലുള്ള മനസ്സുകളിൽ നിന്നാവാം കവിതയുടെ ഉത്ഭവം.
വരികളായി അതൊഴുകിയിറങ്ങും
അതിൽ ഭാവവും, ഈണവുമുണ്ടാവും
ചിരിയും കരച്ചിലും, നിലവിളികളും..
ചൂടും, ചിലപ്പോൾ തണുപ്പും കൊണ്ടവ പൊതിഞ്ഞിട്ടുണ്ടാവും
മനസ്സുകളെ തൊട്ട്‌, ആത്മാവിനുള്ളിലേക്കവ സഞ്ചരിക്കും.
ആത്മാവു തേടിയുള്ള യാത്ര..
ഒരു പക്ഷെ അതാവും കവിതയുടെ നിയോഗം..

Post a Comment

Monday, 25 April 2011

ചില ഗവിതകൾ


ഹൃദയ ശൂന്യൻ
അയാൾ
ഹൃദയ രഹസ്യം പഠിക്കുവാൻ,
ഹൃദയം കീറി മുറിച്ചവനാണ്‌.

ഒടുവിൽ
ജീവിത രഹസ്യം പഠിക്കാനും,
അതു തന്നെയയാൾ ചെയ്തു.

എന്നാൽ
കീറി മുറിച്ച ജീവിതം
ശൂന്യമെന്നറിയുമ്പോഴേക്കും,
അയാളുടെ ഹൃദയം നിലച്ചിരുന്നു.

മരുഭൂമിയിൽ ജീവിക്കുന്നവർ
അവർക്കിടയിൽ വലിയൊരു മരുഭൂമിയുണ്ടായിരുന്നു.
അവർ തമ്മിൽ തിരഞ്ഞു നടന്നു.
ഇടയ്ക്ക്‌ ചില മരീചികകളിൽ അവർ കണ്ടുമുട്ടികാണും.
അവിടെ വെച്ചവർ
സംസാരിക്കുകയും, ചിരിക്കുകയും, കരയുകയും, പ്രണയം കൈമാറുകയും ചെയ്തിരിക്കും.
അത്രയേയുള്ളൂ..
മരീചികകളിൽ വെച്ച്‌ മാത്രം കാണുന്നവരായി മാറി കഴിഞ്ഞിരുന്നു അവർ.

ഇരുട്ടിലേക്ക്‌ വലിച്ചെറിഞ്ഞവ
എന്റെ ഓർമ്മകൾ വിളറി വെള്ളുത്തിരിക്കുന്നു.
അവയിൽ ചിലതെല്ലാം തലയോട്ടിയിലൂടെ,
എന്റെ തലനാരുകളെ വെളുപ്പിച്ച്‌ പുറത്ത്‌ കടക്കുവാൻ ശ്രമിച്ചു.
ഇതറിയാതെ ഞാനവയെ കറുപ്പിച്ചു കളഞ്ഞു.
ഇപ്പോൾ ഓർമ്മകളെല്ലാം ഇരുട്ടിലാണ്‌.
ഇരുട്ടിൽ കിടക്കുന്ന ഓർമ്മകൾ, അവിടെ തന്നെ കിടക്കട്ടെ.
എനിക്ക്‌ ശേഖരിക്കുവാൻ നിറമുള്ള കാഴ്ച്ചകൾ മുന്നിലുണ്ടല്ലോ.
കണ്ടു കഴിഞ്ഞ്‌ അവയെയും ഞാൻ ഇരുട്ടിലേക്ക്‌ വലിച്ചെറിയും.

പകുത്ത്‌ വെച്ചവ
ചിലരുടെ ജീവിതം അങ്ങനെയാണ്‌.
അതു രണ്ടായി പകുത്തു വെച്ചിരിക്കും.
അതിനിടയിൽ പ്രണയമെന്നോ, വിരഹമെന്നോ, വിവാഹമെന്നോ, മരണമെന്നോ എഴുതി വെച്ചിട്ടുണ്ടാവും.
അതിനു മുമ്പും പിമ്പും അവർക്ക്‌ പകുത്ത്‌ വെയ്ക്കാൻ പാകത്തിൽ ഒരു വലിയ സംഭവവും ഉണ്ടായിട്ടുണ്ടാവില്ല.

തെറ്റിദ്ധാരണ
നിഷ്ക്കളങ്കനായ, ഒരു സ്വപ്നജീവിയുടെ പ്രതികരണം അങ്ങനെയാവാം.
അയാൾ കയറിൽ കിടന്ന്, കാലിട്ടടിച്ച്‌,
കഴുത്തിലെ ശ്വാസം അടച്ച്‌ പിടിച്ച്‌ യാത്രയാകും.
പ്രശ്നങ്ങളും, പ്രതീക്ഷകളുമില്ലാത്ത ലോകമാവും,
അയാൾ സ്വപ്നം കണ്ടിട്ടുണ്ടാവുക.

അതു ലഭിച്ചുവെന്നോ, സംതൃപ്തനായിരിക്കുന്നുവേന്നോ,
പിന്നീടാരും അറിയില്ല.
അങ്ങനെ മറഞ്ഞ്‌ നിൽക്കുന്ന അയാൾ
ഒരു വിജയിയോ, പരാജിതനോ ആവാം.
എങ്കിലും സ്വയം താൻ വിജയിച്ചുവെന്ന്
അയാൾ ഒരു നിമിഷമെങ്കിലും വിശ്വസിച്ചിട്ടുണ്ടാവും.
കയറിൽ അവസാനത്തെ പിടച്ചിലിനു മുൻപ്‌.

ചിലപ്പോൾ..അതയാളുടെ
വെറുമൊരു തെറ്റിദ്ധാരണ മാത്രമാവും.

Post a Comment

Sunday, 24 April 2011

വിരിയുന്ന കവിതകൾ

കവിതയും പൂക്കളും ഒരു പോലെയാണ്‌.
വിരിയും നിമിഷമൊരു രഹസ്യമാണ്‌.
തൊടിയിൽ വിരിയുന്നു പൂക്കളെല്ലാം,
മനസ്സിൽ വിടരുന്നു കവിതയെല്ലാം.

ഓരോ ദലവുമൊരു വരിയായി മാറും.
ആ പുഷ്പ ഗന്ധമൊരു ഈണമായി മാറും.
ഉള്ളിലെ മധുരമൊരു ഭാവമായി മാറും.
ആ പൂക്കളൊക്കെയും കവിതയായി മാറും..

ഓരോ കവിതയും, ഒരു പുഷ്പമാണ്‌!
അവയെല്ലാമെഴുതും കവിയെന്റെ ഗുരുവും.

Post a Comment

Saturday, 23 April 2011

സ്വപ്നസഞ്ചാരം

മനസ്സിനുള്ളിലേക്കൊരു യാത്ര.
അതൊരു വിചിത്ര യാത്രയായിരുന്നു..
ഞാനൊരു പേടകത്തിലാണിരുന്നത്‌.
സ്ഫടിക നിർമ്മിതമായിരുന്നു അത്‌.
അതിനു ജന്നലുകളോ, വാതിലുകളോ ഇല്ലായിരുന്നു.
വാതിലുകൾ ഇല്ലാത്തതു കൊണ്ടാവാം.
ഞാനതിനുള്ളിലെത്തിയതെങ്ങനെയെന്നത്ഭുതപ്പെട്ടു!
എങ്കിലും ഞാനതിനുള്ളിൽ തന്നെയിരുന്നു.
ഞാനൊറ്റയ്ക്കായിരുന്നു..
എന്റെ പക്കൽ യാത്രാ രേഖകളില്ലായിരുന്നു.
ആരും വന്ന് ചോദിക്കുകയും ചെയ്തില്ല.
പറഞ്ഞല്ലോ, ഞാനൊറ്റയ്ക്കായിരുന്നു.
ചിന്തകൾക്കിടയിലൂടെയായിരുന്നു ഞാൻ യാത്ര തുടങ്ങിയത്‌
ക്രമേണ ഓർമ്മകളുടെ നടുവിലൂടെയും..
എന്റെ പേടം തെന്നി നീങ്ങുകയായിരുന്നു.
അതിനു ചക്രങ്ങളിലായിരുന്നുവെന്നെനിക്ക്‌ തോന്നി.
ശബ്ദമില്ലാത്ത യാത്ര എത്ര വിരസമാണ്‌!.
ഏകനായുള്ള യാത്ര എത്ര ഭയാനകമാണ്‌!.
വിരസതയും, ഭയവും എന്നെ വല്ലാതെയുലച്ചു.
എന്റെ ആദ്യത്തെ ഓർമ്മയിലാവും ഈ യാത്ര അവസാനിക്കുക.
അതായിരുന്നു എന്റെ ആദ്യത്തെ ചിന്ത!.
ആദ്യം തന്നെ അവസാനത്തെക്കുറിച്ച്‌ ചിന്തിക്കുക.
എത്ര വിരോധാഭാസമാണത്‌!.
ഈ യാത്ര എന്റെ പദ്ധതിയിലുണ്ടായിരുന്നില്ല.
ആരും മുൻകൂട്ടി അറിയിച്ചിരുന്നുമില്ല.

കാഴ്ച്ചകൾക്ക്‌ ത്രിമാനതയുണ്ടായിരുന്നു.
അവ ചലിച്ചു കൊണ്ടിരുന്നു.
കാലവും ഓർമ്മയും ഒന്നാണെന്ന് എനിക്ക്‌ മനസ്സിലായി.
ആരും പറഞ്ഞു തന്നില്ലായിരുന്നു.
അതെന്റെ കണ്ടുപ്പിടുത്തമാണ്‌.
പക്ഷെ അതിന്റെ അവകാശമെനിക്കു വേണ്ട!
ഒരു പക്ഷെ, എന്നെ പോലൊരാൾ
അതു മുൻപെ കണ്ടെത്തിയിട്ടുണ്ടാവും!.
അയാളും അയാൾക്ക്‌ മുൻപെ പോയൊരാളെ ഓർത്തിട്ടുണ്ടാവും!.

ഞാൻ കണ്ടൂ,
പുകയുന്നതും, അണഞ്ഞതുമായ അഗ്നിപർവ്വ്വതങ്ങൾ..
കനൽ നിറഞ്ഞ ലാവപ്പുഴകൾ..
ചൂടേറ്റ്‌ എന്റെ പേടകം ഉരുകുമോയെന്ന് ഞാൻ ഭയപ്പെട്ടു.

നാഗങ്ങൾക്കിടയിലൂടെ എന്റെ പേടകം ഒഴുകി,
നാഗങ്ങളെ പോലെ തന്നെ..
സീൽക്കാരത്തോടെയടുക്കുന്ന നാഗങ്ങൾ.
പല നിറത്തിലുള്ളവ.
അവയിഴയുകയും, പുളയുകയും,
തമ്മിൽ പുണർന്ന് കിടക്കുകയും..

ഇപ്പോളെന്റെ കാഴ്ച്ചയ്ക്ക്‌ മുന്നിൽ..
തെളിഞ്ഞ, ഓളങ്ങളില്ലാത്ത തടാകങ്ങൾ.
ഇളം നീലയും പച്ചയും നിറങ്ങൾ കലർന്ന്..
അതിലൂടെ ഒരു തോണിയിൽ..
ഇല്ല..അതെന്റെ സ്വപ്നം മാത്രമായിരുന്നു.

ചെന്നെത്തിയത്‌,
വഴിപിരിയുന്നൊരായിരം ഇടനാഴികളിലായിരുന്നു.
അടച്ചിട്ട വാതിലുകൾ ഇരുവശത്തും.
അവയ്ക്ക്‌ പൂട്ടോ, കൈപ്പിടികളോ കണ്ടില്ല.
തുറന്നു കിടന്നവയിൽ ചിലത്‌ ശൂന്യമായിരുന്നു.
അടഞ്ഞു കിടന്നൊരു വാതിൽ തനിയെ തുറന്നു.
തിളങ്ങുന്ന ചിറകുകളുള്ള ആയിരം മിന്നാമിനുങ്ങുകൾ!
അവ പ്രകാശം പൊഴിച്ചു കൊണ്ട്‌ പുറത്തേക്ക്‌ വന്നു!
അവയെന്റെ പേടകത്തിനു ചുറ്റും നൃത്തം ചെയ്യുകയും,
അകലേക്ക്‌ പറന്നു പോവുകയും ചെയ്തു.
അവയപ്പോഴും എന്റെ സ്വപ്നങ്ങളെപ്പോലെ,
മിന്നിത്തിളങ്ങുന്നതു ഞാൻ കണ്ടു!

പേടകമൊരു പൂന്തോപ്പിലെത്തിയിരുന്നു.
പൂത്തുലഞ്ഞതും, ഇലകൊഴിഞ്ഞതും, കരിഞ്ഞുണങ്ങിയതും..
എല്ലാമൊരു പൂന്തോട്ടത്തിൽ തന്നെ..
കൊഴിഞ്ഞു വീണ ഇലകളിൽ..
കരിഞ്ഞു വീണ റോസാപുഷ്പ്പങ്ങളിൽ..
പൂത്തു വിടർന്ന പൂക്കളിൽ..
എവിടെയും എന്റെ പേരെഴുതിയിരിക്കുന്നതു കണ്ടു.
പുറത്തു കാറ്റു വീശിയിട്ടുണ്ടാവും..
ഇലകളും പൂക്കളും ഇരുവശത്തേക്കും ചലിക്കുന്നതു കണ്ടു.
അവ കരയുകയോ, ചിരിക്കുകയോ ആവാം.

എന്റെ പേടകത്തിൽ നിന്ന് പുറത്തേക്കോ,
പുറത്തു നിന്നകത്തേക്കോ സഞ്ചാരമാർഗ്ഗമില്ല.
ഞാനെങ്ങനയവയുടെ ഗന്ധമറിയുമെന്നോർത്ത്‌
വേദനിച്ചു...ഒറ്റയ്ക്ക്‌ പരിഭവിച്ചു.

ഇപ്പോൾ ഒരു കടൽത്തീരത്താണ്‌..
മുകളിൽ ബലിക്കാക്കകളും,
താഴെ അള്ളി പിടിച്ച്‌ നടക്കുന്ന ഞണ്ടുകളും..
തിരകളില്ലത്ത കടൽത്തീരം ഞാനാദ്യമായി കണ്ടു.
കടൽ നിശ്ചലമായി നിന്നു.
കടലിന്റെ ഉള്ളിലേക്കെന്റെ പേടകം താഴ്‌ന്നു പോയി!
അതിന്റെ ആഴം എന്നെ ഒരേ സമയം
ഭയപ്പെടുത്തുകയും, അത്ഭുപ്പെടുത്തുകയും ചെയ്തു.
ഇതു വരെ കാണാത്ത വർണ്ണങ്ങൾ! രൂപങ്ങൾ,
എനിക്ക്‌ ബോധക്ഷമുണ്ടാവുമോ എന്നു ഞാൻ ഭയപ്പെട്ടു.

പുറത്ത്‌ വന്ന പേടകം, കടൽത്തീരത്തു കൂടെ..
മണപ്പുറത്ത്‌ ഞാൻ കാൽപ്പാടുകൾ കണ്ടു.
എന്റെ കുഞ്ഞു നാളിലെ കാൽപ്പാടുകൾ!
എന്റെ കുഞ്ഞു പാദങ്ങളുടെ പാടുകൾ!
കൂടെ കണ്ടു,
ഇരു വശത്തും വലിയ കാൽപ്പാടുകളും!

അവിടെ നിന്നു ഞാനെത്തിയതൊരു മുറിയിലായിരുന്നു.
ഒരു വലിയ മുറി.
അവിടെ പ്രകാശമുണ്ടായിരുന്നു.
എന്നാൽ വിളക്കുകളോ, പ്രകാശത്തിന്റെ ഉത്ഭവമോ കാണാൻ കഴിഞ്ഞില്ല.
നടുവിൽ ഒരു പാത്രമുണ്ടായിരുന്നു.
ഒരു വലിയ പാത്രം.
അതു നിറയെ തെളിഞ്ഞൊരു ദ്രാവകമായിരുന്നു.
അതു കണ്ണുനീരാണോ, ജലമാണോ എന്നെനിക്കറിയില്ല്ല.
അതു നിറഞ്ഞിരുന്നു.
മുകളിൽ, ശൂന്യതയിൽ നിന്ന്,
അതേ ദ്രാവകം ഒഴുകി വന്നു കൊണ്ടിരുന്നു,
നിറഞ്ഞിട്ടും ആ പാത്രം, കവിഞ്ഞൊഴുകിയിരുന്നില്ല.
ഞാനതു നോക്കി നിന്നു, സ്ഫടിക നിർമ്മിതമായ പാളികളിൽ കൂടി.
അപ്പോൾ എനിക്കുള്ളിൽ ആനന്ദം നിറഞ്ഞു വന്നു.

എന്റെ പേടകം സഞ്ചാരം തുടർന്നു.
വേഗത വർദ്ധിച്ചിരിക്കുന്നു!
ഇരുട്ടിലേക്കാണ്‌ സഞ്ചാരം.
ചുറ്റുമുള്ള കാഴ്ച്ചകൾക്ക്‌ വ്യക്തതയില്ല.
അവ പിന്നോട്ടതിവേഗമോടുകയാണ്‌!
ഇരുട്ടിൽ നിന്നു പ്രകാശത്തിലേക്ക്‌..
എന്റെ ആദ്യത്തെ ഓർമ്മയിൽ ഞാൻ എത്തിയിട്ടുണ്ടാകും..
എനിക്കു ചുറ്റും പ്രകാശം മാത്രം..
അപ്പോൾ..
ഞാനും പ്രകാശമായി മാറി കഴിഞ്ഞതറിഞ്ഞു..

Post a Comment

മഴയും കവിയും

കവി എഴുതുകയാണ്‌,
ജന്നലിനരികിലിരുന്ന്.
പുറത്ത്‌ നല്ല മഴയാണ്‌.
നനയാതെ അയാളെഴുതി,
മഴയുടെ താളം,
മഴയുടെ നൃത്തം,
മഴയുടെ മണം,
മഴയുടെ കൈകൾ..

ഒരു കാറ്റ്‌..
വീശിയടിച്ച കാറ്റ്‌.
പടർന്നു പോയ മഷിയെഴുത്തുകൾ..
നനഞ്ഞൊലിച്ച കവിത..

അതു കണ്ട്‌ കവി ശപിച്ചു,
'നാശം പിടിച്ച മഴ..'

Post a Comment

Wednesday, 13 April 2011

സൃഷ്ടാവിന്റെ ദയ

അയാൾ വഴിവക്കിൽ വിറ്റത്‌ ദൈവങ്ങളെയാണ്‌!
അല്ല, ദൈവരൂപമുള്ള ശിൽപങ്ങളെ.
വിശപ്പ്‌..അതായിരുന്നു കാരണം.
സൃഷ്ടിച്ചവനെ വിറ്റ്‌ വിശപ്പടക്കുവാൻ,
അവനെ തോന്നിപ്പിച്ചതും സൃഷ്ടാവ്‌ തന്നെ!
എന്തു വിരോധാഭാസം! എത്ര വിചിത്രം!
ഒരു പക്ഷെ..
വാങ്ങുവാൻ വിശ്വാസികളെ സൃഷ്ടിച്ചതും,
ഇതേ കാരണാത്താലാവാം! 

Post a Comment

Tuesday, 12 April 2011

പകരാൻ സാദ്ധ്യതയുള്ളവ


പ്രേമാണുക്കൾ പകരുന്നവയാണ്‌.
വേഗം. അതിവേഗം.
കണ്ണുകളടച്ച്‌ പിടിച്ചാലും,
കാതുകളിൽ കൈചേർത്ത്‌ വെച്ചാലും,
അവ ഉള്ളിൽ വരും.
ഓരോ കോശങ്ങളേയും ബാധിക്കും.
നിങ്ങളറിയുകയേയില്ല.
ഒരു പൂർണ്ണ രോഗിയായി മാറും വരെ.
ഓ! അല്ല,
ഒരു പൂർണ്ണ കാമുകനായി മാറും വരെ.
നിങ്ങൾ രോഗവിമുക്തനായേക്കാം.
അല്ല, പ്രേമവിമുക്തനായേക്കാം.
എങ്കിലുമാ അണുക്കൾ ജീവിക്കും.
നിങ്ങളുടെ ഓരോ കോശത്തിലും..
നിങ്ങളറിയാതെ..
നിങ്ങളെ ബാധിച്ച പോലെ തന്നെ.
അപ്പോൾ നിങ്ങൾ വാഹകരാകും.
വാ തോരാതെ പറയുകയും,
കവിതകളെഴുതുകയും ചെയ്യും!.

അവരെ സൂക്ഷിക്കുക..
അവരുടെ കവിതകളിൽ കൂടിയും,
അതു പകരാൻ സാദ്ധ്യതയുണ്ട്‌!
ജാഗ്രത..

Post a Comment

നാം കബിളിപ്പിക്കപ്പെട്ടു!

ഞാൻ കബിളിപ്പിക്കപ്പെട്ടു.
ഞാൻ മാത്രമല്ല, നാമെല്ലാം.
ആരാ പറഞ്ഞത്‌ പഴുത്തില വീഴുമ്പോൾ,
പച്ചില ചിരിക്കുമെന്ന്?
ഞാനോരടക്കം പറയാം..ശ്ശ്‌....
അതു കള്ളമാണ്‌..
കണ്ടില്ലേ ഇളം നിറമുള്ള പച്ചിലകൾ,
പഴുത്തിലകൾ വീഴുന്നത്‌ കണ്ട്‌,
പകച്ച്‌, വിളർത്ത്‌ നിൽക്കുന്നത്‌?
പച്ചിലകൾ ചിരിക്കുകയാവില്ല.
ഭയന്ന്, നിലവിളിക്കുകയാവാം.
ഒരു പക്ഷെ..സമനില തെറ്റി,
ചിരിക്കുകയാണെങ്കിലോ?
ആവണം..അതാവണം സത്യം.

Post a Comment

Saturday, 9 April 2011

പ്രകാശത്തിന്റെ നിറം


പ്രകാശത്തിനു നിറം വെളുപ്പെന്നൊരു കൂട്ടർ.
നിറമില്ലെന്നു മറ്റു ചിലർ.
കാഴ്ച്ചയ്ക്ക്‌ പ്രകാശമവശ്യമെന്നു ചിലർ.
പ്രകാശത്തെ കാണുവാൻ നിറങ്ങളവശ്യമെന്നും,
നിറങ്ങളില്ലാതെ പ്രകാശമില്ലെന്നും.

സ്വപ്നങ്ങൾക്ക്‌ നിറമെങ്ങനെയെന്നു ചോദ്യം.
സ്വപ്നങ്ങളിൽ പ്രകാശമില്ലെന്നും.

ഒടുവിലൊരാൾ വന്നു പറഞ്ഞു,
പ്രകാശത്തിന്റെ നിറം കറുപ്പാണ്‌!
ഇരുട്ടിലുമെല്ലാം കാണാമെന്നും!
അയാളുടെ സ്വപ്നങ്ങൾക്ക്‌ നിറമുണ്ടായിരുന്നു.
ആരും കാണാത്ത കാഴ്ച്ചകളയാൾ കണ്ടിരുന്നു.
കാഴ്ച്ചയ്ക്ക്‌ ശബ്ദമുണ്ടെന്നുമയാൾ.

അയാൾ അന്ധനായിരുന്നു..

Post a Comment

Thursday, 7 April 2011

പുൽക്കൊടിയുടെ പ്രണയം


ഒരു മഞ്ഞിൻ തുള്ളിയെ പ്രണയിച്ച പുൽക്കൊടി,
ഒരു പകൽ മാത്രമാ പ്രണയമെന്നറിഞ്ഞുവോ?

ഇളവെയിൽ വീണു, തിളങ്ങുമാ തുള്ളിയെ,
ഹൃദയത്തിനോടവൻ ചേർത്തു വെച്ചു.

പുലരിയിലിളവെയിലേൽക്കുവാൻ ഞാനന്നു,
വെറുതെ നടന്നുവെൻ തൊടിയിലൂടെ..

അറിഞ്ഞില്ല ഞാനെന്റെ പാദത്തിലമരുന്ന,
പ്രണയത്തിൽ മുങ്ങിയ പുൽക്കൊടിത്തുമ്പിനെ..

ഒരു കാറ്റ്‌ വന്നെന്റെ ചെവിയിലായോതി,
അറിയാതെ ചെയ്തയെൻ അപരാധമെല്ലാം.

ഒരു പ്രേമ ഹൃദയം, തകർന്നയാ വാർത്ത കേട്ട-
റിയാതെ പൊഴിഞ്ഞുവെൻ കണ്ണുനീർത്തുളികൾ..


Post a Comment

ലോക്പാൽ ബിൽ


മാധ്യമം പത്രത്തിൽ കണ്ട ഒരു വാർത്ത.
http://www.madhyamam.com/news/66313/110406
എന്തു കൊണ്ടാണിതാരും ചർച്ച ചെയ്യാതിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
അതോ ചർച്ച ചെയ്തു തളർന്നിരിക്കുകയാണോ?!
അതോ മലയാളിക്ക്‌ ഇതിലൊന്നും താത്പര്യമില്ലെന്നാണോ?

എന്താണ്‌ ഈ ലോക്പാൽ ബിൽ ?
ഇതിന്റെ ചരിത്രം പരിശോധിച്ചാൽ ഞെട്ടി പോകും. 1968 മുതൽ..
വേണ്ടാ..നിങ്ങൾ തന്നെ വായിച്ചു നോക്കു..

ഈ ലിങ്കുകളിൽ ഒന്നു പോയി നോക്കൂ..

http://www.ndtv.com/article/india/why-hazare-others-oppose-govts-lokpal-bill-2010-96609

http://articles.economictimes.indiatimes.com/2011-01-07/news/29382630_1_lokpal-bill-chief-justice-or-judge-fight-corruption

http://realityviews.blogspot.com/2011/01/lokpal-bill-pending-from-year-1969-if.html

http://www.dnaindia.com/india/column_lokpal-bill-hanging-fire-for-42-years_1489476

http://www.hindustantimes.com/Bollywood-extends-support-to-Anna-Hazare/Article1-681886.aspx

http://www.makesplash.com/where-is-the-lokpal-bill/

http://www.thesouthasian.org/archives/2011/lokpal_bill_2010_a_big_disappo.htmlPost a Comment

Monday, 4 April 2011

മുറിവ്‌


മുറിവ്‌ തുന്നിക്കെട്ടാനൊരു സൂചി അന്വേക്ഷിച്ചു ഞാൻ.
എത്ര പേരോട്‌ ഞാൻ ചോദിച്ചു?.
ഒരു സൂചി..കുറച്ച്‌ നൂലും..
എനിക്കെന്താ ആരും തരാത്തത്‌?
ചിലർ തന്നു..സൂചി മാത്രം..
ചിലർ തന്നു..സൂചി കൊണ്ടൊരു കൂത്ത്‌ കൂടി..
ഇനി വേണ്ടത്‌ കുറച്ച്‌ നൂലാണ്‌..
നിലാവ്‌ പോലുള്ളൊരു നൂല്‌..
ചിലർ തന്നു..നൂലല്ല..കയർ..
കൂടെ കുറച്ച്‌ പരിഹാസവും..

ഒടുവിലൊരാൾ വന്നു..
മുറിവ്‌ തുന്നിക്കെട്ടരുതെന്ന് പറഞ്ഞു.

വിരഹം കൊണ്ട്‌ മുറിഞ്ഞ മുറിവ്‌..
ഞാൻ പറഞ്ഞു..

അയാൾ പുരട്ടി തന്നു..
സ്നേഹം കൊണ്ടൊരു മരുന്ന്..

ഇന്ന്..
മുറിപ്പാടെവിടെയെന്നു തിരയുകയാണു ഞാൻ..

Post a Comment