Monday, 4 June 2018

കാത്തിരിപ്പ്


രണ്ടു ബസ്സുകളിലായിട്ടാണ്‌, അകലെയുള്ള കോളേജിൽ നിന്നും വിനോദയാത്രയ്ക്കായി വന്നവർ കടൽത്തീരത്ത് എത്തിച്ചേർന്നത്. ആൺകുട്ടികളും പെൺകുട്ടികളും അധ്യാപകരുമടങ്ങിയ സംഘം കൂട്ടം കൂട്ടമായി കടപ്പുറത്ത് കൂടി നടന്നു. ഉപ്പുരസം കലർന്ന കടൽക്കാറ്റ് അവരേയും കടന്ന് കരയിലേക്ക് കയറി പോയി. മണലിൽ തിരകൾ വലിച്ചു കൊണ്ടിട്ട കക്കയും ചിപ്പിയും അങ്ങിങ്ങായി ചിതറിക്കിടപ്പുണ്ട്.

ഉല്ലാസം നിറഞ്ഞ അന്തരീക്ഷം. ചിലർ തിരകളിലേക്ക് ഇറങ്ങി ചെന്നു കാൽ നനച്ചു. നല്ല തണുപ്പ്. ചിലർ അനന്തതയിലേക്ക് അല്പനേരം നോക്കി നിന്ന് അവ്യക്തമായ ചില ചിന്തകൾ ആസ്വദിച്ചു. ചിലർ മണലിലൂടെ അതിവേഗത്തിലോടുന്ന ചെറു ഞണ്ടുകളുടെ പിന്നാലെ വെറും കൗതുകം കൊണ്ട് പാഞ്ഞു. ഞണ്ടുകൾ ഭയത്തോടെ ഓടി ചെറുകുഴികളിൽ ഒളിച്ചു. തീരത്തുള്ള കാറ്റാടിമരങ്ങൾ ഇതൊക്കെയും കണ്ട് തലയാട്ടിക്കൊണ്ടിരുന്നു. നിത്യവും കാണുന്ന കാഴ്ച്ചകൾ. കഥ ഒന്നു തന്നെയെങ്കിലും കഥാപാത്രങ്ങൾ മാറി വരുന്നു എന്നേയുള്ളൂ. കാറ്റാടിമരങ്ങൾ ഒരുപക്ഷെ അങ്ങനെയാവും ചിന്തിച്ചിരിക്കുക.

കൂട്ടത്തിൽ ചിലർ, തീരത്തേക്ക് കാരണമില്ലാതെ കയറി വന്ന തിരകളെ തട്ടിത്തെറിപ്പിച്ചു കൊണ്ട് ഓടി. പിന്നാലെ മറ്റു ചിലരും. കടപ്പുറത്ത് ആഹ്ലാദാരവങ്ങൾ നിറഞ്ഞു. ചില പക്ഷികളുടെ ശബ്ദങ്ങൾ ദൂരെ എവിടെ നിന്നോ ഉയർന്നു. ലൈറ്റ്ഹൗസ് നടുത്തുള്ള പാറക്കൂട്ടത്തിനു നേർക്ക് സംഘം നീങ്ങി. പാറകളുടെ പുറത്ത് കയറി നിന്നുള്ള കടൽക്കാഴ്ച്ചയാണവരുടെ ഉദ്ദേശ്യം. നടക്കുന്നതിനിടയിൽ തീരത്തടിഞ്ഞ ഒരു കുപ്പി ഒരാളുടെ കാലിൽ തടഞ്ഞു.
‘രാത്രി ഇവിടെ ഇരുന്നാവും വെള്ളമടി’ എന്നു പറഞ്ഞ് ചെറുപ്പക്കാരൻ ആ കുപ്പി കാല്‌ കൊണ്ട് തോണ്ടി പാറകളുടെ നേർക്കെറിഞ്ഞു. കുപ്പി പാറയിൽ തട്ടി തകർന്നു. കൂട്ടം പാറക്കെട്ടിനു മുകളിലേക്ക് കയറാനാരംഭിച്ചു.

ഇതേ സമയം, ദൂരെ തിരകൾക്കുമപ്പുറം, ആഴക്കടലിൽ ഒരു ചെറിയ നൗക ലക്ഷ്യമില്ലാതെ സഞ്ചരിച്ചു കൊണ്ടിരുന്നു. അതിനുള്ളിൽ ഒരാൾ അവശനായി കിടപ്പുണ്ട്. കൈവശം കൊണ്ടു വന്ന ആഹാരസാധനങ്ങൾ ഏതാണ്ട് മുഴുവനായും തീർന്നിരിക്കുന്നു. കുടിക്കാൻ ശുദ്ധജലം ഒട്ടും അവശേഷിക്കുന്നില്ല. ദിക്കും ദിശയും അയാൾ അറിയാതെ ആയിട്ട് ദിവസങ്ങളായി. ചുട്ടുപൊള്ളൂന്ന വെയിൽ നിറഞ്ഞ പകലുകളും, എല്ലുറഞ്ഞു പോകും വണ്ണം തണുപ്പ് നിറയുന്ന രാത്രികളും അയാൾക്ക് സ്വന്തം. കൈവശമുണ്ടായിരുന്ന വസ്ത്രം കൊണ്ട് തണലുണ്ടാക്കി കിടക്കുമ്പോഴും അയാൾ പ്രതീക്ഷകൾ മുറുകെ പിടിച്ചിരുന്നു. താനൊഴുക്കി വിട്ട കുപ്പിക്കുള്ളിലെ ചുരുൾ ചിലപ്പോൾ ആർക്കെങ്കിലും കിട്ടുമായിരിക്കും..കാറ്റിലും കോളിലും പെടാതെ, പാറകളിൽ തട്ടി തകരാതെ ആ കുപ്പി ചിലപ്പോൾ കരയ്ക്കടിയുമായിരിക്കും. ആരെങ്കിലുമൊരാൾ ആ കുപ്പി തുറന്ന് ചുരുളിലെഴുതിയത് വായിക്കുമായിരിക്കും..ഒരു പക്ഷെ തന്നെ തിരഞ്ഞ് ആരെങ്കിലും ഇപ്പോൾ വരുന്നുണ്ടാവും. അയാൾ കണ്ണുകളടച്ചു കിടന്നു.

തകർന്ന കുപ്പിക്കുള്ളിൽ നിന്നും തെറിച്ചു പോയ ചുരുൾ തിരകൾക്ക് മീതെയാണ്‌ വീണത്. തിരകൾ അത് ഉയർത്തിയെടുത്ത് ദൂരേക്ക് കൊണ്ടു പോയി. തിരകൾക്കൊപ്പം അതു പലവട്ടം ഉയർന്നു താഴ്ന്നു. അല്പനേരത്തിനു ശേഷം നനഞ്ഞു തളർന്ന ആ കുറിപ്പ് ജലത്തിനുള്ളിലേക്ക് പതിയെ താഴ്ന്നു പോയി.

Post a Comment

No comments:

Post a Comment