എഴുതിക്കൊണ്ടിരിക്കുമ്പോഴാണത് പോയത്.
പ്രഭാതമാകുന്നതേയുണ്ടായിരുന്നുള്ളൂ.
വെള്ളം കുടിക്കാൻ ഒന്നു മാറിയതേ ഉണ്ടായിരുന്നുള്ളൂ. തിരികെ നോക്കുമ്പോൾ കാണുന്നില്ല.
തെറിച്ച് പോയതാണൊ, മനപ്പൂർവ്വം ഇറങ്ങി പോയതാണൊ എന്നറിയില്ല.
ഞാൻ മഷിപേന അടച്ചുവെച്ച് വാക്കിനെ തിരഞ്ഞു പോയി.
മഷിനനവുണങ്ങാത്ത വാക്ക്.
മുറി മുഴുവൻ തിരഞ്ഞു.
മേശയ്ക്കടിയിലും, കട്ടിലിനടിയിലും, ചുവരുകളുടെ കോണിലും..
വലിച്ചു കൊണ്ടു പോയ രക്തം പോലെ ഒരു അടയാളം അല്പദൂരം വരെയുണ്ടായിരുന്നു.
പിന്നീടാ മഷിയടയാളവും കാണാതായി.
ആദ്യം വെളിച്ചത്തിലും പിന്നീട് ഇരുട്ട് കൂട്ടംകൂടി നിൽക്കുന്നിടത്തും തിരഞ്ഞു.
കാണാനായില്ല.
വാക്ക് നഷ്ടപ്പെട്ട വേദന ഞാനെങ്ങനെ, ആരോട് പറയും?.
എന്റെ നാവ് പോലും എന്നെ പഴി പറഞ്ഞു.
എന്റെ പേന നഷ്ടമോർത്തിരിക്കുകയാവും.
കടലാസ് ഒരു പല്ലു നഷ്ടമായ വായ പോലെ ആയിട്ടുണ്ടാവും.
ഭയന്ന് ജനാലവിരിയുടേയൊ, വാതിലിന്റെ പിന്നിലോ ഒളിച്ചിരിക്കുമോ?.
എന്റെ കൈകൾ തേടി വരുമെന്ന് ഭയന്ന്..
അതോ, ഞാൻ രക്ഷയ്ക്കെത്തുമെന്ന് പ്രതീക്ഷിച്ച്..
മുറിയുടെ വാതിലല്പം തുറന്ന് കിടക്കുന്നതപ്പോഴാണ് കണ്ടത്.
ഞാൻ എന്നെത്തന്നെ ശപിച്ചു കൊണ്ട് മുറിക്ക് പുറത്തേക്കോടി.
നീലമഷിയുടെ ഉടുപ്പാണതിട്ടിരിക്കുന്നത്. അതു കൊണ്ട് കണ്ണിൽപ്പെടുമായിരിക്കും.
എന്റെ അല്ലെങ്കിൽ മറ്റാരുടേയെങ്കിലും.
പുറത്ത് ശബ്ദങ്ങളുടെ ഘോഷയാത്രയായിരുന്നു.
സത്യം പറയട്ടെ, ചവറ്റുകുട്ടയിലും എന്റെ കണ്ണുകൾ നീണ്ടു ചെന്നു.
അവിടെയും കാണാനായില്ല.
നിശാവസ്ത്രങ്ങളാണിട്ടിരിക്കുന്നതെന്ന് പോലുമോർക്കാതെ ഞാൻ വഴിവക്കിലൂടെ നടന്നു.
ഏതെങ്കിലും വാഹനന്മിടിച്ച് എന്റെ വാക്കിനെന്തെങ്കിലും പറ്റിയോ എന്ന ആധിയെനിക്കുണ്ടായിരുന്നു.
ഒരാൾക്കൂട്ടം കണ്ടു ഞാൻ അങ്ങോട്ടോടി.
അത്ഭുതമെന്നേ പറയേണ്ടൂ, അവിടെ ഞാൻ കണ്ടു, തല താഴ്ത്തി നില്ക്കുന്നുണ്ടായിരുന്നു - എന്റെ വാക്ക്.
ആൾക്കൂട്ടം ചമച്ച വൃത്തത്തിനുള്ളിൽ ഒരാൾ കിടപ്പുണ്ടായിരുന്നു.
അയാളുടെ ചുറ്റും രക്തം പരവതാനി തീർത്തു കൊണ്ടിരുന്നു.
സമീപം കിടന്ന വാഹനത്തിന്റെ വീൽ കറങ്ങി തീരാറായിരുന്നു.
നിലത്ത് കിടന്നിരുന്ന ആൾ അപ്പോഴും ഞരങ്ങി കൊണ്ടിരിക്കുകയായിരുന്നു.
അയാളെ ആരും രക്ഷിക്കാൻ മുതിരാത്തത് എന്നെ അത്ഭുതപ്പെടുത്തിയില്ല.
മേദസ്സ് കുറയ്ക്കാൻ ഓടുന്നവർ - സോക്സും ഷൂസ്സുമിട്ടവർ - അവർ ആ ഞരങ്ങുന്ന രൂപത്തിനെ കുറച്ചു നേരം നോക്കി നിന്ന ശേഷം വീണ്ടും ഓടാനാരംഭിച്ചു.
എന്നെ കണ്ടതും വാക്ക് എന്റെ നേർക്ക് വന്നു. അപ്പോഴും തലയുയർത്തിയിരുന്നില്ല.
ഞാൻ ഇരുകൈകളാലതിനെ എടുത്തു.
വാക്ക് എന്റെ കൈക്കുള്ളിൽ തളർന്നു കിടന്നു.
ഞാനും കൂട്ടത്തിലൊരാളെ പോലെയാണെന്ന് വാക്കിനു മനസ്സിലായിക്കാണും.
ഞാനും തിരിഞ്ഞു നോക്കിയില്ല.
തിരികെ ചെന്ന് പഴയ സ്ഥാനത്തതിനെ പ്രതിഷ്ഠിക്കുമ്പോൾ, കടലാസ്സിന്റെയും പേനയുടേയും നിശ്വാസം കേട്ടു. പേന ഒരു തുള്ളി മഷി പൊഴിച്ചു.
അപ്പോൾ ആ വാക്ക് എന്റെ നേർക്ക് ദയനീയമായി നോക്കി - ‘ദയ’ എന്ന ആ വാക്ക്..
Nice......
ReplyDeleteപാവം "ദയ".
ReplyDeleteചിലനേരങ്ങളില്‍..............
ReplyDeleteആശംസകള്‍
വാക്കുകൊണ്ട് ഒരു കഥ
ReplyDeleteദയ
ReplyDeleteഎഴുത്ത് സമയത്ത് ചേർന്ന ഒരു വാക്ക് കിട്ടാതെ പലപ്പോഴും വിയർക്കാറുണ്ട്
ReplyDeleteഎഴുതിയതിൽ നിന്ന് ഒരു വാക്ക് ചാടിപോയാൽ ....... മനോഹരം ഈ ഭാവന
ആശംസകൾ
ദയയുടെ കരുണ..
ReplyDeleteവാക്ക് പോയ കഥ നന്നായി. പേന പൊഴിച്ചത് ആനന്ദാശ്രു ആണ്.
ReplyDeleteതല കുനിച്ചു നിന്ന വാക്ക് :(
ReplyDeleteമനോഹരം...അതിമനോഹരം...
ReplyDeleteആശംസകള്‍
നല്ല എഴുത്ത്
ReplyDeleteനമ്മുടെ വാക്കുകൾ ഒക്കെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ഏതു നവോഥാനമാണ് ഇനി വരുവാനുള്ളത്?
ReplyDelete