ഇരുട്ടാണ് രക്ഷ.
വെളിച്ചത്തിന്റെ ഒരു തുണ്ട് പോലും വേണ്ട.
അവനെന്താ വിചാരിച്ചത്? ഞാൻ ആണല്ലെന്നൊ?.
ഷാപ്പില് ചുറ്റുമിരുന്നവര് കളിയാക്കിയത് ഇപ്പോഴും ഉള്ളില് കുടിച്ച വാറ്റിന്റെ കൂടെ കിടന്ന് തിളയ്ക്കുന്നുണ്ട്.
അവൾക്കാണെൽ രണ്ടെല്ല് കൂടുതലാ. ഇന്നും അവക്കിട്ട് കൊടുക്കണം..
‘നിലക്ക് നിർത്താൻ നീ ആണു തന്നേടാ?’
വേലന്റെ എളീലിരിക്കണ കത്തിയെക്കാൾ മൂർച്ച ഉണ്ട് അവന്റെ നാവിന്.
രണ്ടിനും മറുപടി കൊടുക്കാൻ പറ്റില്ല.
‘ചെല്ലടാ ചെല്ല്..ചെന്ന് വീശി കൊട്..ഇപ്പൊ കുന്നിൻപുറത്തു കാണും..ചൂട് തട്ടിയതല്ലെ’ അകമ്പടിയായി പൊട്ടിച്ചിരികൾ ചുറ്റും ചിതറിയത് കേട്ടില്ലെന്ന് നടിച്ചു.
ഇന്ന് ചിരികളൊക്കെ നിക്കും..ഇവന്മാരുടേം..അവന്റേം.
അങ്ങനെയാണ് വേച്ച് വേച്ച് കുന്ന് കയറിയത്.
ചെറിയ നിലാവ്.
ചെല്ലുമ്പോ കണ്ടു, അവൻ..വൃത്തികെട്ടവൻ..ദൂരേക്ക് നോക്കി ഇരിക്കണത്.
വലിയൊരു ഉരുളൻ പാറ മാത്രമാണിപ്പോൾ അവനും എനിക്കും ഇടയിൽ.
അവന്റെ ഒരു കാറ്റ് കൊള്ളൽ. ഇതവസാനത്തെ കാറ്റു കൊള്ളലാ.
പാറ തണുത്തു തുടങ്ങിയിരുന്നു. കാറ്റിന്റെ മൂളിച്ച കേൾക്കാം. ഒരോ അടിയും സൂക്ഷിച്ചാണ് വെച്ചത്. പമ്മി നടക്കണ പൂച്ചേടെ പോലെ. അടുത്തെത്തിയപ്പോ കാലില് സകല ശക്തിയും ആവാഹിച്ച്, അവന്റെ മുതുക് നോക്കി ഒരൊറ്റ ചവിട്ട്.. നിലവിളിയോടൊപ്പം അവനും താഴേക്ക് ഇരുട്ടിലേക്ക് പോയി. എവിടേക്കോ ഇടിച്ച് വീഴണ ശബ്ദം കേട്ടു.
ഇനി അവൻ എണ്ണീക്കരുത്..എണ്ണീറ്റാലും..
നാളെ കാണട്ടെ അവന്മാരുടെ ചിരി.
ഞാൻ പാറ പൊട്ടും വിധം പൊട്ടിച്ചിരിച്ചു.
എളീന്ന് ചെറിയ കുപ്പിയെടുത്ത് തൊണ്ടേലേക്ക് കമഴ്ത്തി. ചൂട് അകത്തേക്ക് പുളഞ്ഞൊഴുകിയ വഴി അറിഞ്ഞു.
ഇനി ഒന്ന് കാറ്റ് കൊള്ളട്ടെ.
തലേക്കെട്ട് ഊരുമ്പോ ഒരു കൈ തോളിലമർന്നു.
‘എന്താ ചേട്ടാ വീട്ടി പോണില്ലെ?’
തിരിഞ്ഞു നോക്കുമ്പോ കണ്ടു, ശൃഗാരം കുഴച്ചു വെച്ച ചിരിയുമായി അവൻ. ആ വഷളൻ..
തണുത്ത കാറ്റിലും എന്റെ മേലു മുഴുവനും വിയർപ്പുമണികൾ കൂണ് പോലെ പൊന്തി വന്നു.
അപ്പൊ..താഴേക്ക്..നിലവിളിച്ചോണ്ട് പോയത്?
കുപ്പി വലിച്ചെറിഞ്ഞ് ഞാൻ ഇരുട്ടിലൂടെ താഴേക്കോടി.
അല്ലാ അപ്പോൾ ആരാ ശരിക്കും
ReplyDeleteപാറക്കൊപ്പം ഉരുണ്ടുരുണ്ട് താഴേക്ക് പോയത് ?
അതാര്?
ReplyDeleteആശംസകള്‍
അവൻ ആരു....ജിന്നാ
ReplyDeleteജിന്നാവാം..അല്ലേൽ അവൻ തന്നെയാവാം..അല്ലെങ്കിൽ തോന്നലുമാവാം :)
Deleteഎഴുത്ത് കൊള്ളാം. ' എൻറെ ശത്രു' ആ ഒരൊറ്റ വാചകം കഥയുടെ ഭംഗി കുറച്ചു.
ReplyDeleteനല്ല കഥ. രണ്ടാഴ്ച മുന്നത്തെ മാതൃഭൂമി വാരാന്ത പതിപ്പിൽ സാബു ഹരിഹരൻ എന്ന ഒരാളുടെ കഥ ഉണ്ടായിരുന്നു.
തോന്നിയിരുന്നു..തിരുത്തി. നന്ദി.
Delete