Please use Firefox Browser for a good reading experience

Saturday 10 October 2015

ഏകലവ്യന്റെ മകൻ

അയാൾ, ഏകലവ്യന്റെ മകൻ അസ്ത്രം തൊടുക്കാൻ തയ്യാറെടുക്കുകയായിരുന്നു. ഒരു പുള്ളിമാനിനു നേർക്കാണ്‌ അസ്ത്രാഗ്രം ചൂണ്ടി നില്ക്കുന്നത്. പച്ചിലകളുടെ മറവിലിരുന്ന് അസ്ത്രമയക്കുക - അതിലല്പം ജാള്യത തോന്നാതിരുന്നില്ല. ഒളിവിലിരുന്ന് തെളിവിലേക്ക് അസ്ത്രമയയ്ക്കുക. അതെത്ര നിസ്സാരമാണ്‌. അതിലൊരു ചതിയുടെ ഭാവമുണ്ട്. പക്ഷെ വിശപ്പ്.. കൈവശമുള്ള ഏതൊരസ്ത്രത്തേക്കാളും മൂർച്ച അതിനുണ്ട്. ഇരുകൈകൾ കൊണ്ടും അസ്ത്രമെയ്യാൻ പഠിച്ചിരിക്കുന്നു ഇപ്പോൾ. മരിക്കും മുൻപ് പിതാവിന്റെ ഉപദേശമതായിരുന്നു. ‘നീ വിരലുകളെ വിശ്വസിക്കരുത്..ഇരു കൈകൾ കൊണ്ടും അസ്ത്രമയയ്ക്കാൻ പഠിക്കുക..പകൽ മാത്രമല്ല രാത്രിയിലും.’. താതൻ പറയുന്നതൊന്നും തന്നെ മനസ്സിലായില്ല. എങ്കിലും പരിശീലിച്ചു. ഉപദേശപ്രകാരം, രാവും പകലും.

കരിയിലകൾ ചതിച്ചു. പച്ചിലകൾക്കിടയിലെ കണ്ണിലേക്ക് തന്നെ മാൻ ഒരു നിമിഷം നോക്കി നിന്നു.
ഒരു നിമിഷത്തെ ഇരയുടെ നോട്ടം. വിരലുകൾക്കിടയിലൂടെ അസ്ത്രം ശീല്ക്കാരത്തോടെ പാഞ്ഞു. ഇലകൾ മുറിഞ്ഞു വീണു. മാനിന്റെ കൊമ്പുരസി കൊണ്ട് അസ്ത്രം അകലേക്ക്..

ഇന്നും പരാജയം.
തിരികെ ചെല്ലുമ്പോൾ ഒരാൾ കാത്തു നില്ക്കുന്നത് കണ്ടു.
അച്ഛന്റെ ഗുരു.
പ്രതിമയുടെ പകർപ്പ്.
മകനും പഠിച്ചത് അതേ പ്രതിമയുടെ മുന്നിൽ നിന്നു തന്നെ.
നമസ്ക്കരിച്ചെഴുന്നേല്ക്കുമ്പോൾ ഗുരു കൈ നീട്ടി.
പിതാവ് പറഞ്ഞു തന്ന പഴയ ദക്ഷിണയുടെ കഥ വീണ്ടുമോർത്തു.

അസ്ത്രം വീണ്ടുമെടുത്തു.
ഇത്തവണ അസ്താഗ്രം ചൂണ്ടി നിന്നത് പ്രതിമയുടെ നേർക്കായിരുന്നു.
പ്രതിമ തകർത്ത് അസ്ത്രം ശീല്ക്കാരത്തോടെ..

Post a Comment

7 comments:

  1. തകരുന്ന ബിംബങ്ങൾ

    ReplyDelete
  2. പ്രതികാരത്തിന് ഉന്നം പിഴക്കില്ലല്ലോ!

    ReplyDelete
  3. പണ്ടെ തകര്‍ക്കപ്പെടെണ്ട ഒരു പ്രതിമ.

    ReplyDelete
  4. ഓരൊ പ്രതിമകളും തകർക്കപ്പെടട്ടേ...

    ReplyDelete
  5. കാലത്തികവിൽ തകർക്കപ്പെടേണ്ടതു തന്നെ ആ പ്രതിമ ...

    ReplyDelete
  6. നല്ല കഥ. മാറി വരുന്ന തലമുറ. ഗുരു ഭക്തി ഇല്ല. അല്ലെങ്കിൽ ഗുരുവിന്റെ ചതി മനസ്സിലാക്കുന്ന ശിഷ്യൻ.പ്രായോഗികത മാത്രം നോക്കുന്നു. അവസാനത്തെ " ഉന്നം പിഴയ്ക്കാതെ അസ്ത്രം" എന്നിടത്ത് നിർത്തണമായിരുന്നു. ബാക്കി വായനക്കാർക്ക് വിടണമായിരുന്നു. അതായിരുന്നു കഥയുടെ ഭംഗി. ''പ്രതിമ തകർത്ത്'' എന്നത് ഒഴിവാക്കി ഉന്നം പിഴയ്ക്കാതെ അസ്ത്രം "പാഞ്ഞു" എന്നോ മറ്റോ ആക്കിയിരുന്നുവെങ്കിലും ഭംഗിയായേനെ. നന്നായി അവതരിപ്പിച്ചു.

    ReplyDelete
  7. ഉന്നം പിഴക്കരുതല്ലോ

    ReplyDelete