Saturday, 4 June 2011

അനന്തരം

ഉത്തരേന്ത്യയിൽ, ഒരു ഗ്രാമത്തിൽ, വെളിച്ചം ചിതറി കിടക്കുന്ന ഒരു ചെമ്മൺ പാതയിലൂടെ ഒരു കാളവണ്ടി വലിയ വേഗമില്ലാതെ മണികിലുക്കി കൊണ്ട് പോകുന്നു. കട്ടിയുള്ള ഒരു കമ്പിളി പുതച്ച്, പുറത്തേക്ക് നോക്കിയിരിക്കുകയാണയാൾ. ആ പുതപ്പ് ഒരപരിചിതന്റെ ദയയാണ്‌. ദയയുടെ ആ മുഖം അയാൾ ഓർക്കുന്നില്ല. തനിക്കു കഴിയും വിധം ആ പുതപ്പ് പുതച്ച് കൊണ്ട്, ചുറ്റും മൂടി നില്ക്കുന്ന നേരിയ പുകമഞ്ഞിലേക്ക് അയാൾ നോക്കിയിരുന്നു. പ്രത്യേകിച്ച് നോക്കുവാൻ ഒരു വസ്തുവോ, വ്യക്തിയോ ആ കണ്ണുകൾ കണ്ടെത്തിയില്ല. ചെറിയ തണുപ്പുണ്ട്. എങ്കിലും തന്റെ വലതു കൈ അനിയന്ത്രിതമായി വിറയ്ക്കുന്നത് മാത്രമാണ്‌ അയാളെ അലോസരപ്പെടുത്തി കൊണ്ടിരുന്നത്. ഒരു ചെറിയ കാറ്റ് വന്നു അയാളുടെ പുതപ്പ് തട്ടി പറിക്കുവാൻ ഒരു ശ്രമം നടത്തി. ഇരു കൈകളും കൊണ്ട് ആവും വിധം ആ പുതപ്പ് അയാൾ ചേർത്തു പിടിച്ചു തലവഴി മൂടി, കൂനി പിടിച്ചിരുന്നു. അയാളുടെ നരച്ചു തുടങ്ങിയ നീണ്ട താടിയും, കറുത്തു തുടങ്ങിയ മുഖവും, കുഴിയിലാണ്ട കണ്ണുകളും ആ ഒരു നിമിഷത്തിൽ ഒരു മിന്നായം പോലെ അയാളുടെ സഹയാത്രികർ കണ്ടു കഴിഞ്ഞിരുന്നു. ചേർത്തു പിടിക്കാൻ അയാൾക്ക് മറ്റൊന്നുമുണ്ടായിരുന്നില്ല. സ്വന്തം ജീവിതം പോലും. ഇരുപത്തി രണ്ട് വർഷങ്ങൾക്ക് മുൻപ്, തിളയ്ക്കുന്ന വിപ്ലവവീര്യവും, ഹൃദയത്തിനോട് ചേർത്തു പിടിച്ച ചോരയുടെ നിറമുള്ള കവിതകളും അയാളുടെ പക്കലുണ്ടായിരുന്നു. കനലു പോലെ ആ മനസ്സും ഹൃദയവും ചുട്ടു പൊള്ളി കൊണ്ടിരുന്ന ഒരു കാലം. ആ കാലത്തെ കുറിച്ച് ഒട്ടും തന്നെ അയാൾ ഇപ്പോൾ ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല. എന്നാൽ സൂര്യപ്രകാശം ഭൂമിയിൽ സ്പർശിക്കുന്ന സമയം മുതൽ, ഇരുട്ടിൽ നിലാവ് ഉദിച്ച് മറയുന്നതു വരേയും അയാളെ, ആ കാലത്തെ കുറിച്ച് ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു, അയാളുടെ വലതു കൈ. ആ കൈ വിറച്ചു കൊണ്ടിരുന്നു, സദാ സമയവും. അയാളുടെ മാത്രം രഹസ്യമായി അത് മൂടി വെയ്ക്കാൻ വൃഥാ ശ്രമിച്ചിരുന്നുവെങ്കിൽ കൂടിയും. ഒരിക്കൽ മനസ്സിന്റെ തന്ത്രികൾക്ക് താളം നഷ്ടപ്പെട്ട ഒരു ശപിക്കപ്പെട്ട നിമിഷത്തിൽ മൂർച്ചയുള്ള ഒരായുധം കൊണ്ട് ആ വലതു കൈ മുറിച്ചു മാറ്റുവാൻ കൂടി ഒരുമ്പെട്ടിട്ടുണ്ടയാൾ.

ഓർത്തെടുക്കുക എന്നത് വളരെ ലഘുവായ മാനസിക വ്യായാമമാണ്‌. എന്നാൽ മറക്കുക എന്നത് ഓർമ്മകളെ തിരഞ്ഞു കണ്ടു പിടിച്ച് അവയുടെ വലക്കണ്ണികളെ അടർത്തി മാറ്റുക എന്ന സങ്കീണ്ണമായ പ്രക്രിയ ആണ്‌. അതിൽ അയാൾ നിരന്തരം പരാജയപ്പെട്ടു കൊണ്ടിരുന്നു. ഈ യാത്ര, അയാൾക്ക് കാലത്തിനു പിന്നിലേക്ക് സഞ്ചരിക്കുന്നത് പോലെയാണ്‌. മറന്നു പോയ വഴികൾ തിരഞ്ഞു കണ്ടു പിടിച്ച്, മാഞ്ഞു പോയ കാൽപ്പാടുകൾ തേടിയുള്ള യാത്ര.
‘നിങ്ങളെങ്ങോട്ടാണ്‌ ?’
സമീപത്ത് നിന്നുയർന്ന ആ വൃദ്ധ ശബ്ദം അയാളുടെ ശ്രദ്ധയെ ക്ഷണിക്കുവാൻ പര്യാപ്തമായിരുന്നില്ല. അയാൾ ദൂരേക്ക്, പിന്നിലേക്ക് സാവധാനം പോയി മറയുന്ന കാഴ്ച്ചകളിലേക്ക് നോക്കിയിരുന്നു. അയാളുടെ ചിന്തകളെ വകഞ്ഞു മാറ്റി ഉള്ളിലെവിടെയോ ചെന്ന് ആ ചോദ്യം പ്രതിധ്വനിച്ചു. ആ സമയമത്രയും താൻ മറക്കാൻ ശ്രമിച്ച്, പരാജയപ്പെട്ടു കൊണ്ടിരുന്ന തന്റെ ഗ്രാമത്തിലെ ഇടവഴികളിലൂടെ, ചെളി നിറഞ്ഞ വരമ്പുകളിലൂടെ, അരയാലിലകൾ വീണു കിടന്ന അമ്പല പറമ്പിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു. മനസ്സു കൊണ്ട്.
‘ദൂരേക്ക്..’
എന്നാൽ അവശത നിറഞ്ഞ ആ മറുപടി, അരികിലൂടെ പൊടി പറത്തി കൊണ്ട് പാഞ്ഞു പോയ ഒരു പഴഞ്ചൻ ബസ്സിന്റെ ശബ്ദത്തിൽ മുങ്ങി പോയി.
മുഖം കുനിച്ച്, മൂടി വെച്ച വലതു കൈയിലേക്ക് അയാൾ നോക്കിയിരുന്നു.
അതൊരു രാത്രിയായിരുന്നു. വർഷങ്ങൾക്കു മുൻപുള്ള ആ ഒരു രാത്രിയായിരുന്നു അയാളുടെ ജീവിതത്തിന്റെ ഒഴുക്ക് തിരിച്ച് വിട്ടത്. അന്ന്, ആ നിലാവുള്ള രാത്രിയിൽ സുരേന്ദ്രനും കൂടെ ഉണ്ടായിരുന്നു. അവനാണ്‌ ആ ആശയം മുന്നോട്ട് വെച്ചത്. ‘എനിക്കു തന്നെ അത് ചെയ്യണം’ എന്നു ആവേശപൂർവ്വം പറഞ്ഞപ്പോൾ, തോളോട് തോൾ ചേർത്ത് അഭിനന്ദിച്ച സുരേന്ദ്രൻ.
കരിയിലകൾ വീണു കിടക്കുന്ന മണ്ണിലൂടെ സാവധാനം നടന്നു. ശബ്ദമുണ്ടാക്കാതെ, ഇടയ്ക്കിടെ നിന്നു ചുറ്റുപാടും കണ്ണോടിച്ച്.. ആ രാത്രിക്ക് പതിവിലും നീളം കൂടുതലാണെന്നു വരെ തോന്നി.
നിലാവിൽ വാളിന്റെ മൂർച്ച ഒരിക്കൽ കൂടി ഇടതു തള്ള വിരൽ കൊണ്ട് തീർച്ചപ്പെടുത്തി.
‘മതിയെടാ, അവനിത്രയും മൂർച്ച മതി’. എന്നു പല്ലു കടിച്ചു പിടിച്ച് സുരൻ പറഞ്ഞത് ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്. ഇരുട്ടിൽ ആ മാളിക ഒരു തിളങ്ങുന്ന പർവ്വതം പോലെ തോന്നിച്ചു. പെണ്ണുങ്ങളുടെ മാനത്തിന്റെ വില. അതു അവനെ അറിയിക്കണം. അവനു മാത്രമല്ല, അവന്റെ എച്ചിലു നക്കുന്ന അവന്റെ വളർത്തു നായ്ക്കൾക്കും. ഞരമ്പുകൾ മുറുകി നിന്നു. വാളിന്റെ പിടിയിൽ മുറുക്കെ പിടിച്ചു കൊണ്ട് നില്ക്കുമ്പോൾ, പിൻവശത്തെ വാതിലിന്റെ ഓടാമ്പൽ ഇളക്കിയതു സുരനായിരുന്നു. അവന്റെ കണക്കുകൾ പിഴച്ചിട്ടില്ല. അങ്ങനെയാണ്‌ കേട്ട കഥകൾ. ഇരുട്ടിലാണവൻ വാസം. അവനെ തേടി ആരും പോകാറില്ല. അവൻ തിരക്കുന്നവരെ തേടി വരും. ഇരുട്ടിൽ ഒരു കറുത്ത പൂച്ചയെ പോലെയാണവൻ.
കിടപ്പു മുറിയുടെ വാതിലും കടന്ന്, കട്ടിലിന്റെ ഇരുവശത്തുമായി നിന്നു. ശത്രു ഉറക്കത്തിലാണ്‌. അപ്പോഴും ആ വിരലുകളെ സ്വർണ്ണ മോതിരങ്ങൾ അലങ്കരിച്ചിരുന്നു, ഇറുകിയ കഴുത്തിൽ ഭാരിച്ച ഒരു സ്വർണ്ണ ചെയിനുണ്ടായിരുന്നു. വാളിന്റെ അഗ്രം കൊണ്ട് അവന്റ് കവിളിൽ ഒന്നു പോറിയതേ ഉള്ളൂ. കണ്ണു തുറന്ന ഉടൻ തലയിണയുടെ അടിയിലേക്കാണ്‌ കൈകൾ നീണ്ടത്. ചെറിയ ഇരുമ്പ് ദണ്ഢ് കൊണ്ട് അപ്പോൾ സുരൻ ശക്തിയായി ആ കൈകളിൽ അടിച്ചു. വിരലുകൾ ഒടിയുന്ന ശബ്ദത്തിനോടൊപ്പം, അടുത്തു കിടന്ന സ്ത്രീയും ഞെട്ടി ഉണർന്നു. അവരുടെ കണ്ണുകളിൽ ഇരച്ച് വന്ന ഭയം ആ നേർത്ത നിലാ വെളിച്ചത്തിലും വ്യക്തമായി കാണാമായിരുന്നു. ഒരു നിമിഷം ചുണ്ടിൽ ചൂണ്ടു വിരൽ ചേർത്ത് ആ സ്ത്രീയുടെ ഉള്ളിൽ നിന്നും ഉയർന്ന നിലവിളിക്ക് അനുവാദം നിഷേധിച്ചു. കിടക്കയിൽ തൊട്ടടുത്ത് ഒരു ബാലനുണ്ടായിരുന്നു. അവനെന്തു പ്രായം വരും?. ഏറിയാൽ ഏഴ് വയസ്സ്. അവിടെ സുരന്റെ കണക്ക് പിഴച്ചുവൊ? അതോ മനപ്പൂർവ്വം അറിയിക്കാതിരുന്നതാണോ?. ആ ബാലന്റെ കാര്യം..അതറിഞ്ഞിരുന്നില്ലല്ലോ. ആരും പറഞ്ഞിരുന്നില്ല അവൻ അയാളുടെ ഒപ്പമാണ്‌ കിടക്കുന്നതെന്ന കാര്യം. സമയം വളരെ കുറവാണ്‌. ഏൽപ്പിച്ച കാര്യം അതിന്റെ കൃത്യത യോടെ തീർക്കുക. അതാണ്‌ ദൗത്യം. അപ്രതീക്ഷിമായ ഒന്നപ്പോൾ അവിടെ നടന്നു. ഒരു പേടി സ്വപ്നം കണ്ടതു പോലെ ഞെട്ടി എഴുന്നേറ്റ് അവൻ ഉറക്കെ കരയാൻ തുടങ്ങി. വാളെടുത്ത് അവന്റെ നേരെ ഒന്നു കാണിച്ചതേ ഉള്ളൂ. അവന്റെ ശബ്ദം ആ പിഞ്ചു കഴുത്തിലെവിടെയോ കുടുങ്ങി പോയതു പോലെ തോന്നിച്ചു. അവൻ വായ് പൊളിച്ച്, ചിറി വികൃതമായി കോട്ടി കാലിൽ പിടിച്ച കരഞ്ഞു. ഒരു ഏങ്ങൽ മാത്രമേ ഉണ്ടായിരുന്നു അപ്പോൾ. തൊട്ടടുത്ത നിമിഷം ഇരുട്ടിൽ വാൾ ശത്രുവിന്റെ കഴുത്ത് ലക്ഷ്യമാക്കി വീശി. ആ ഊക്കിൽ അതു വരെ കരുതി വെച്ച കരുത്തും, മനസ്സിൽ നിറച്ചു വെച്ച വെറുപ്പും ഉണ്ടായിരുന്നു. കാലിൽ മുറുക്കെ പിടിച്ചിരുന്ന കുഞ്ഞു കൈകൾ അഴിഞ്ഞു. ആ ബാലൻ ബോധം നശിച്ച് പിന്നോക്കം മറിഞ്ഞു വീണു. ഒപ്പം, കട്ടിലിൽ തല വേർപെട്ട ദുർമേദ്ദസ്സുള്ള ഒരു ശരീരവും.

ദേഹം ദഹിപ്പിക്കുന്നത് വേലിക്കപ്പുറത്ത് നിന്നു കാണുമ്പോഴും, ആ കുട്ടിയുടെ മുഖമായിരുന്നു കണ്ണിൽ. അവൻ അവിടെ തന്നെ ഉണ്ടായിരുന്നു. കട്ടി പുക അവിടം മുഴുവനും നിറഞ്ഞ്, മനുഷ്യ മാംസം വെന്തു കരിയുന്ന മണം ഉയരുന്നതു വരെ. അപ്പോഴാണാദ്യമായി വലതു കൈ വിറച്ചു തുടങ്ങിയത്. അതിന്റെ പൊരുളറിയാതെ ആ വേലിയും പിടിച്ചു നിന്നു. ആദ്യത്തെ ദൗത്യത്തിന്റെ ആഘാതം - അതു മാത്രമാവും കാരണം. അങ്ങനെ തന്നെ മനസ്സ് പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞിട്ടും വിറയൽ മാറുന്നില്ല എന്ന സത്യം മനസ്സിനെ മറ്റു വഴിക്ക് ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഭക്ഷണം കഴിക്കുമ്പോഴും, പത്രം വായിക്കുമ്പോഴും ആ വിറയൽ നിലാവിൽ ചീന്തി തെറിച്ച ചോരത്തുള്ളികളെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. ഭ്രാന്തു പിടിപ്പിക്കുന്ന ചിന്തകൾ ശല്ല്യം ചെയ്തു കൊണ്ടിരുന്ന ഒരു രാത്രി ഒരു ഭ്രാന്തനെ പോലെ ഓടി. അകലേക്ക്. അതായിരുന്നു ലക്ഷ്യം. കാൽനടയായും, തീവണ്ടികളിലും..പുണ്യ സ്ഥലങ്ങൾ, പുരാതന ക്ഷേത്രങ്ങൾ, ഗുഹകൾ, വനങ്ങൾ. യാത്ര തുടർന്നു കൊണ്ടിരുന്നു.

വർഷങ്ങൾ നീണ്ട യാത്ര. തലമുടി നീണ്ട്, നേർത്ത്, വെളുത്ത്..ശരീരത്തിന്റെ മാറ്റങ്ങൾ അയാൾ അറിയുന്നുണ്ടായിരുന്നില്ല. അറിയാൻ ആഗ്രഹിച്ചിരുന്നില്ല. മാറ്റമില്ലാത്തത് ഒന്ന് മാത്രം. അത് അയാളുടെ വലതു കൈ ഓർമിപ്പിച്ചു കൊണ്ടിരുന്നു. രാവും പകലും.

2

കാലം നീണ്ട കാൽവെയ്പ്പുകളുമായി മുന്നോട്ട് പോയി. ഉറച്ച മാംസ പേശികളിൽ നിന്ന് ദൃഢത ചോർന്ന് പോകുന്നതയാൾ സാവധാനം തിരിച്ചറിഞ്ഞു. ഒപ്പം വിപ്ലവം തീ പിടിപ്പിച്ച മനസ്സിലെ കനലുകൾ അണഞ്ഞു തുടങ്ങിയതും. ചേർത്തു വെച്ച ആദർശരൂപങ്ങളിൽ സത്യത്തിന്റെ നിറം മങ്ങി വരുന്നതും, പ്രായോഗികതയുടെ നിറം പൂശിയ കപട മുഖങ്ങൾ അവരെടുത്തണിയുന്നതും അയാൾ കേട്ടറിഞ്ഞു. ചോദ്യങ്ങൾ ചോദിക്കുന്നതയാൾ നിർത്തിയതപ്പോഴായിരുന്നു. അകലേക്ക്, ആരും അന്വേക്ഷിച്ചു വരുവാൻ കഴിയാത്തത്ര അകലത്തേക്ക്. അതു മാത്രമായിരുന്നു ലക്ഷ്യം. ലക്ഷ്യമില്ലാത്തവനു ആയിരം വഴികളാണ്‌ മുന്നിലുള്ളത്. ഏതു വഴിയും അവനെ അനന്തതയിലേക്ക് നയിക്കും. പാദങ്ങൾ തളരും വരെ, മനസ്സുറങ്ങി പോകും വരെ അയാൾ നടന്നു. ഓരോന്നോരോന്നായി അയാൾ ഉപേക്ഷിച്ചു കൊണ്ടിരുന്നു. മനസ്സിലുറപ്പിച്ച വിഗ്രങ്ങൾ പിഴുതെടുത്ത് വലിച്ചെറിഞ്ഞു. സ്വന്തം പേർ കേൾക്കാൻ അയാൾ ആഗ്രഹിച്ചിരുന്നില്ല. പ്രിയപ്പെട്ടവരുടെ ശബ്ദത്തിൽ സ്വന്തം പേര്‌ വിളിച്ചു കേട്ടില്ലെങ്കിൽ അതു പിന്നെ വെറുമൊരു അപരിചിത ശബ്ദമായി മാറും. ഒരോ നിമിഷവും, അയാൾ അയാൾക്ക് തന്നെ അപരിചിതനായി മാറിക്കൊണ്ടിരുന്നു.  അയാൾക്കു മാത്രമല്ല, അയാളെ കുറിച്ചുള്ള ഓർമ്മകൾ മനസ്സിന്റെ ചില്ലു കൂടുകളിൽ സൂക്ഷിച്ചു വെച്ചവർക്കും. അറിഞ്ഞു കൊണ്ട് അനാഥനായെന്ന് അയാൾ സ്വയം അഭിമാനിച്ചു, അയാളുടെ അവസാനമില്ലാത്ത യാത്രയിലും.

താളത്തിൽ മുടിയഴിച്ചാടുന്ന ഗോതമ്പ് പാടങ്ങൾ, സംഹാര ശക്തി ഉള്ളിലാവാഹിച്ച് അലറി വരുന്ന തിരകൾ, ചുട്ടു പഴുത്ത് കിടക്കുന്ന മണ്ണിൽ ദാഹ ജലത്തിനായി മനുഷ്യപുത്രരോടൊപ്പം മെല്ലിച്ച, കൈകളുയർത്തി മഴയ്ക്കായ് കേഴുന്ന വരണ്ട വൃക്ഷങ്ങൾ. ഈ കാഴ്ച്ചകളൊക്കെയും അയാളുടെ മനസ്സിന്റെ പരുപരുത്ത  പ്രതലങ്ങളിൽ ചിത്രങ്ങൾ കോറിയിട്ടുകൊണ്ടിരുന്നു. കാലപ്പഴക്കം കൊണ്ടാവും, തലങ്ങൾ മിനുസമാവുകയും, ചിത്രങ്ങൾ അവ്യക്തമാവുകയും, പുതിയ ചിത്രങ്ങൾ അവിടെ സ്ഥാനം പിടിക്കുകയും ചെയ്തു കൊണ്ടിരുന്നു. ജീവിതത്തിനു പല അർത്ഥതലങ്ങളുണ്ടെന്നു കാലം അയാളെ തുടർച്ചയായി ബോദ്ധ്യപ്പെടുത്തി കൊണ്ടിരുന്നു.

ബീഡി പുകച്ചുരുളുകൾ കൊണ്ട് വൈകുന്നേരങ്ങളും രാത്രികളും നിറച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു അയാൾക്ക്. വർഷങ്ങൾക്കപ്പുറം തണുത്ത കാറ്റ് വീശുന്ന രാത്രികളിൽ, ഞരമ്പുകൾ ഉറഞ്ഞു പോകാതിരിക്കാൻ, ബോധത്തിന്റെയും അബോധത്തിന്റെയും ഇടയിൽ അതിരു വരച്ചിട്ടിരുന്ന നേർത്ത നൂലിഴയിലൂടെ വിറയ്ക്കാതെ നടന്നു പോകാൻ പുകച്ചുരുകൾക്ക് കട്ടി പോരാതെ വന്നു. കഞ്ചാവും ഭാംഗും .. ലഹരിക്ക് ഇനിയേതു വിഷപ്പുകയാണ്‌ ബാക്കിയുള്ളതെന്ന് അന്വേക്ഷിച്ചു നടന്ന രാത്രികൾ. മനുഷ്യ ശരീരം വെറും മാംസമാണെന്നു കറ പിടിച്ച പല്ലുകൾ കാട്ടി, വിഭൂതിയിൽ പൊതിഞ്ഞ ശരീരമുള്ള ചില വിചിത്ര രൂപങ്ങൾ, തങ്ങളുടെ ജട നിറഞ്ഞ ശിരസ്സ് ഉന്മാദത്തിൽ ചലിപ്പിച്ചു കൊണ്ട് പറയുന്നത്, ഒരിക്കൽ പുകച്ചുരുളുകൾക്കിടയിലൂടെ അയാൾ കേട്ടു. അവരിരുന്നത് ഒരു അഗ്നി കുണ്ഢത്തിനു ചുറ്റുമായിരുന്നു. തണുത്ത കാറ്റിൽ അഗ്നി സ്ഫുലിംഗങ്ങൾ ചുറ്റും ഉയർന്നു പാറി കൊണ്ടിരുന്നു. പുകച്ചുരുളുകൾക്കപ്പുറം, മനുഷ്യരൂപമുള്ള ഒരു വിചിത്ര ജീവി മാത്രമാണെന്ന് ഉള്ളിലിരുന്ന ആരോ അലറി വിളിച്ചു പറഞ്ഞതു കേട്ടില്ലെന്നു നടിച്ചു. നിന്റെ ശബ്ദത്തിനു അനുവാദം നിഷേധിച്ചിരിക്കുന്നു!. അതായിരുന്നു ആ ശബ്ദത്തിനോട് സ്വയം കൽപ്പിച്ചത്. അതു കൊണ്ട് ആ ശബ്ദത്തിന്റെ ഒച്ച നാൾക്കു നാൾ കുറഞ്ഞു വന്നു..നേർത്ത് നേർത്ത്..ഒരു ദിവസം ആ ശബ്ദം നിലച്ചു. ഉന്മാദത്തിന്റെ കൈകൾ മുറുക്കെ പിടിച്ച് ഒരു ദിവസം തണുത്ത നദിയിലേക്ക് ഇറങ്ങി ചെന്നതായിരുന്നു. ഒരു ഉൾവിളിയുടെ അവസാനം, ഒന്നു മുങ്ങി ഉയർന്നപ്പോൾ വിരലുകൾ തടഞ്ഞത്, മറ്റൊരു ലോകം ലക്ഷ്യമാക്കി നീങ്ങുന്ന ഒരു മനുഷ്യ ശരീരത്തിന്റെ പാതി വെന്ത കൈകളിലായിരുന്നു. അവിടെ, ആ നിമിഷം, ശരീരവും, ലോകവുമായുള്ള കെട്ടു പാടുകൾ ചേർത്തു വെച്ച അദൃശ്യ ചരടുകൾ അഴിഞ്ഞു വീണു. അതിരുകളില്ലാത്ത സ്വാതന്ത്ര്യം അനുഭവം കൊണ്ട് മാത്രമേ വ്യാഖ്യാനിക്കുവാൻ കഴിയുകയുള്ളൂ എന്ന അറിവ് ഒരു മിന്നൽ പോലെ തലച്ചോറിൽ പതിച്ച നിമിഷം. പിന്നീടുള്ള രാവുകളിൽ, വിറയ്ക്കുന്ന വിരലുകൾക്കിടയിൽ ചുരുട്ടി വെച്ച ലഹരി ചേർത്ത് വെച്ച്, ആഞ്ഞു വലിച്ചു, വെളുത്ത പുകച്ചുരുളുകൾ കൊണ്ട് നെഞ്ചിൻ കൂട് നിറയ്ക്കാൻ. ആറു വിരലുകളുമായി നടന്ന നാളുകൾ. സമയത്തിനേക്കാൾ വേഗത്തിൽ അയാൾ വൃദ്ധനായി കൊണ്ടിരുന്നു.

വിറയൽ. അതു മാത്രമാണ്‌ ഓർമ്മകളെ ഉറങ്ങാൻ അനുവദിക്കാത്തതെന്ന് അയാൾക്ക് തോന്നി. ഒരോ നിമിഷവും കൈ വിറയ്ക്കുമ്പോൾ, മൂർച്ചയുള്ള ഒരായിരം ചിത്രങ്ങൾ വന്നു ദയയില്ലാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. നദികൾ, അരുവികൾ എവിടെ നിന്നും ജലം കൈക്കുമ്പിളിൽ എടുത്തുയർത്തുമ്പോഴും, കൈക്കുള്ളിലെ തെളിഞ്ഞ ജലത്തിനേക്കാൾ, വിറയ്ക്കുന്ന വിരലുകൾക്കിടയിലൂടെ ചോർന്നു പോകുന്നതിലായിരുന്നു അയാളുടെ നോട്ടം ചെന്നു നിന്നിരുന്നത്.  ഏതോ ഒരു പുക മഞ്ഞു മൂടിയ പ്രഭാതത്തിൽ, പതിവു പോലെ നദിയിൽ മുങ്ങി ഉയർന്നപ്പോൾ, ദുർബ്ബലമായ ആ പഴയ ശബ്ദം ഒരു അവസാന ശ്രമം പോലെ ഉള്ളിലിരുന്നു പറഞ്ഞതു കേട്ടു. നിശ്ശബ്ദതയുടെ ഒരു നിമിഷത്തിനായി ആ ശബ്ദം കാത്തിരുന്നതു പോലെ ?. ആ ഒരു നിമിഷം മാത്രം. അത്രയേ ഉണ്ടായിരുന്നുള്ളൂ. അതു നിലച്ചു. ഒരു പക്ഷെ ഇനി ഒരിക്കലും അയാൾ ആ ഒരു ശബ്ദം കേൾക്കില്ലായിരിക്കും. അവിടെ നിന്നും, ആ നദിക്കരയിൽ നിന്നും അയാൾ മറ്റൊരു യാത്ര ആരംഭിച്ചു. തിരിച്ച് ഭൂതകാലത്തിലേക്കെന്ന പോലുള്ള ഒരു യാത്ര.

കാളവണ്ടി വലിയ ഒരു അരയാലിന്റെ സമീപം നിന്നു. ആളുകൾ പല ദിക്കിലേക്കുമായി നടന്നു മറഞ്ഞു. അയാൾ യാത്ര തുടർന്നു. ദിവസങ്ങൾ നീണ്ട യാത്ര. പലവിധ വാഹനങ്ങൾ, കണ്ടു മറന്ന, കണ്ടു മടുത്ത കാഴ്ച്ചകൾ. പരിചിതവും അപരിചിതവുമായ നാടുകൾ. മഴയിലും വെയിലിലും അയാൾ യാത്ര തുടർന്നു.

3

ഒടുവിൽ അയാൾ ആ പഴയ ഗ്രാമത്തിൽ എത്തിച്ചേർന്നു. ഗ്രാമം പട്ടണമായി മാറിയത് അയാളെ അത്ഭുതപ്പെടുത്തിയില്ല്ല. വഴികൾ വളർന്നിരിക്കുന്നു, ഇരു വശത്തേക്കും. അതിരുകൾ തിരിച്ചിരിക്കുന്നു എവിടെയും. ‘ഇവിടം മുഴുവനും ശബ്ദങ്ങളാണ്‌’ അയാൾ സ്വയം പറഞ്ഞു. വർഷങ്ങൾക്ക് ശേഷമായിരുന്നു അയാൾ തന്റെ സ്വന്തം ഭാഷ കേൾക്കുന്നത്. ആ ചെറിയ പട്ടണം, ഒരു വിചിത്രമായ ലോകം പോലെ അയാൾക്കും മുന്നിൽ മലർന്നു കിടന്നു.

പഴയ വഴികൾ തേടിപ്പിടിക്കുവാൻ അധികം ബുദ്ധിമുട്ടുണ്ടായില്ല. ചുറ്റും വെട്ടു കല്ലുകൾ കൊണ്ട് അരയാൾ പൊക്കത്തിൽ തീർത്ത മതിലുകൾക്കുള്ളിൽ, ചായമിളകി, മഴയും വെയിലിലും നിന്ന് വാർദ്ധക്യം ബാധിച്ച മാളിക കണ്ടു. മുറ്റം മുഴുവനും കരിയിലകൾ നിറഞ്ഞിരിക്കുന്നു. ചില വൃക്ഷങ്ങൾ ഉണങ്ങി, പ്രകൃതിയോട് പരാജയം സമ്മതിച്ച് നില ചേർന്ന് വീണു കിടപ്പുണ്ട്.  മതിലിനുള്ളിൽ ഒരു വലിയ ബോർഡ് നാട്ടിയിരിക്കുന്നു. ‘വസ്തു വിൽപ്പനയ്ക്ക്’ എന്നും അതിൽ എഴുതിയിട്ടുണ്ട്. ആ അക്ഷരങ്ങൾക്ക് താഴെയായി ഒരു നമ്പറും. താഴിട്ട് പൂട്ടിയ ആ വലിയ, തുരുമ്പ് കാർന്നു തുടങ്ങിയ ഗേറ്റിന്റെ അഴികളിൽ മുറുക്കെ പിടിച്ച് നില്ക്കുമ്പോളയാൾ വീണ്ടും ആ മുഖം ഓർത്തു.

ആ കുട്ടിയിപ്പോഴെവിടെയാണ്‌?. ചിലപ്പോൾ ജീവിതത്തിൽ മുങ്ങിത്താണ്‌, അതിന്റെ അടിയൊഴുക്കുകളിൽ പെട്ട് അകലെയെവിടെയോ ഒഴുകി പോയിട്ടുണ്ടാവാം. ചിലപ്പോൾ ഭാഗ്യത്തിന്റെ സ്വർണ്ണ രശ്മികൾ അവന്റെ പുറത്ത് പതിഞ്ഞിട്ടുണ്ടാവാം. എങ്കിൽ അകലെയെവിടെയെങ്കിലും മരുഭൂമികൾക്കും, മഹാസമുദ്രങ്ങൾക്കുമപ്പുറത്ത് ഭാഗ്യത്തിന്റെ ചിറകിലേറി സഞ്ചരിക്കുകയാവാം. ഇപ്പോഴും അവന്റെ കരച്ചിലല്ലാതെ അവനൊരു ശബ്ദം സങ്കല്പ്പിക്കാനാവുന്നില്ല, ഭയം നിറഞ്ഞ കണ്ണുകളല്ലാതെ അവന്റെ കണ്ണുകളും. എന്റെ കൈയ്യിലെ തിളങ്ങുന്ന വാളു കണ്ട് അവന്റെ ശബ്ദം നിലച്ച് പോയതോർക്കുന്നു. ഭയന്ന്, വിളറി. വായ് തുറന്ന്, ശബ്ദമില്ലാതെ അവൻ നിലവിളിച്ചു. ആ ശബ്ദം അവന്റെ കുഞ്ഞു കഴുത്തിലെവിടെയോ വെച്ച് നിശ്ശബ്ദമായി കുടുങ്ങി പോയിരുന്നു. ഇപ്പോഴും അവന്റെയുള്ളിലെവിടെയോ കിടന്ന് ആ നിലവിളി പിടയ്ക്കുന്നുണ്ടാകും. ഉറക്കത്തിൽ അവൻ ദുസ്സ്വപ്നങ്ങൾ കണ്ട് ശബ്ദമില്ലാതെ നിലവിളിച്ചിട്ടുണ്ടാവും. ഒരു പക്ഷെ, ഒരപ്രതീക്ഷിത നേരത്ത് എന്നെ അവൻ കണ്ടുമുട്ടിയാലോ? അവനെങ്ങനെയാവും പ്രതികരിക്കുക? നിയമത്തിനു പിടിച്ചു കൊടുക്കുകയോ, സ്വയം നിയമം നടപ്പിലാക്കുമോ ചെയ്യുമായിരിക്കും. പക്ഷെ അവനറിയുന്നില്ല ആ ദുരന്ത നിമിഷം മുതൽ ഞാൻ ശിക്ഷയനുഭവിച്ചു തുടങ്ങിയെന്ന സത്യം. ഉള്ളിൽ കിടന്നു പിടയ്ക്കുന്ന ആത്മാവിന്റെ വേദനയേക്കാൾ വലിയ വേദന ഏതാണ്‌?. മനസ്സിലെ ഉണങ്ങാത്ത മുറിവാണ്‌ ഏറ്റവും വലിയ ശിക്ഷയെന്ന് എങ്ങനെയാണ്‌ ഞാനവനെ അറിയിക്കുക?

അയാൾ മതിലിനു ചുറ്റുമായി നടന്ന് ആ മാളികയുടെ പിൻവശത്തെത്തി. താൻ പിടിച്ചു നിന്ന ആ വേലി..അവിടെയും മതിൽ ഉയർന്നു പൊങ്ങിയിരിക്കുന്നു. എന്നാൽ ഒരിടത്ത് മതിൽ തകർന്നു കിടക്കുന്നതു ശ്രദ്ധയിൽ പെട്ടു. ഒരാൾക്ക് കഷ്ടിച്ച് അതു വഴി കടന്നു പോകാം. അയാൾ അതു വഴി സാവധാനം അകത്തേക്ക് കാലെടുത്ത് വെച്ചു. വർഷങ്ങൾക്ക് ശേഷം ആ മണ്ണിൽ കാൽ തൊട്ടപ്പോൾ ഒരു ചെറിയ വിറയൽ കാൽവിരലുകൾ വഴി ശരീരാമാസകലം പടർന്നു പിടിച്ചതു പോലെ തോന്നി. അവിടെ.. അവിടെ തന്നെയായിരുന്നു അന്ന് ആ ദേഹം പുകചുരുളുകളായി അന്തരീക്ഷത്തിന്റെ ഭാഗമായത്. മണ്ണിൽ ചാരമായി മാറിയത്. ശൂന്യതയിലേക്ക് തിരിച്ചു പോയത്. അയാൾ വേച്ചു വേച്ചു അവിടേക്ക് നടന്നു.

അവിടെ നിന്നു കൊണ്ട്, വർഷങ്ങൾക്കപ്പുറം മറഞ്ഞു പോയ അയാളുടെ ശത്രുവുമായി സംസാരിച്ചു. ‘എന്തിനായിരുന്നു ?’ എന്ന ചോദ്യത്തിനു ഉത്തരം നല്കാനാവാതെ ആ മണ്ണിൽ തളർന്നിരുന്നു.
‘കണ്ടില്ലെ? എന്റെ ഈ കൈ ?’ അയാൾ ചോദിച്ചു.
‘എന്തിനാണിങ്ങനെ എന്നെ ശിക്ഷിക്കുന്നത് ?’
‘ശിക്ഷ വിധിക്കുവാനോ, നടപ്പിലാക്കാനോ എനിക്ക് അധികാരമില്ലായിരുന്നു..എന്റെ തെറ്റ്..’
അയാളുടെ കൈ വിറച്ചു കൊണ്ടിരുന്നു. തന്റെ ഇടതു കൈ കൊണ്ട് അയാൾ വലതു കൈ അമർത്തി പിടിച്ചു. വിറയ്ക്കുകയാണ്‌, ഇടതു കൈയും, ഇടതു കൈയിൽ അണിഞ്ഞിരിക്കുന്ന രുദ്രാക്ഷം കെട്ടിയ നേർത്ത വളയവും.
അയാൾ സാവധാനം കുനിഞ്ഞു വിറയ്ക്കുന്ന വലതു കൈ നിറയെ ഒരു പിടി മണ്ണു വാരിയെടുത്തു.
‘ഇതാ, ഇതു മാത്രമേ ഇപ്പോഴെന്റെ കൈയിലുള്ളൂ..’ അതു പറഞ്ഞു കൊണ്ട് അയാൾ മുന്നിൽ കിടക്കുന്ന അദൃശ്യ രൂപത്തിനു മുന്നിലേക്കിട്ടു.. ഒരു നിമിഷം!. നൂറുകണക്കിന്‌ വവ്വാലുകൾ അടുത്തു നിന്ന വലിയ ആൽ മരത്തിനു മുകളിൽ നിന്നും ചിറകടിച്ചുയർന്നു. അയാൾ മുകളിലേക്ക് നോക്കി. അവിടം മുഴുവൻ വവ്വാലുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു!. അരായാലിലകൾ കല പില കൂട്ടി കൊണ്ടിരിക്കുന്നു!. തനിക്കു ചുറ്റുമായി വവ്വാലുകൾ, നരിച്ചീരുകൾ..വട്ടമിട്ട് പറക്കുന്നു!. അയാൾ മണ്ണിൽ മുട്ടു കുത്തി നിന്നു. താഴേക്ക് വാരിയിട്ട ഒരു പിടി മണ്ണിനു മുന്നിൽ. അപ്പോഴാണത് ശ്രദ്ധയിൽ പെട്ടത്. തന്റെ വലതു കൈ.. വലതു കൈയുടെ വിറയൽ..അതു അപ്രത്യക്ഷമായിരിക്കുന്നു!. അയാൾ കൈപ്പത്തി വിടർത്തി നോക്കി. തന്റെ ഇടതു കൈ കൊണ്ട് വലതു കൈയിൽ പലതവണ തടവി നോക്കി. തനിക്ക് മോചനം ലഭിച്ചിരിക്കുന്നു!. തലയുയർത്തി നോക്കുമ്പോൾ അരയാലിലകൾ കല പില കൂട്ടി കൊണ്ടിരിക്കുന്നു. തന്നെ കളിയാക്കുകയാണോ, അഭിനന്ദിക്കുകയാണോ? പക്ഷെ..എവിടെ ആ വവ്വാലുകൾ ? നൂറു കണക്കിനു വവ്വാലുകൾ ചുറ്റും വട്ടമിട്ടു പറന്നിരുന്നു. എവിടെ അവ? എല്ലാം അപ്രത്യക്ഷമായിരിക്കുന്നു!. എവിടെയാണവ പോയൊളിച്ചത്? അതോ എല്ലാം തന്റെ തോന്നലുകൾ മാത്രം?.
അയാൾക്ക്  എഴുന്നേറ്റ് നൃത്തം വെയ്ക്കണം എന്നു തോന്നി. തന്റെ യാത്രയുടെ അവസാനം! ഒരു ഉന്മാദത്തിന്റെ ഉയരത്തിലേക്ക് അയാൾ എടുത്തുയർത്തപ്പെട്ടു. വിചിത്രമായ ശബ്ദങ്ങളാണ്‌ അയാളുടെ ഞരമ്പു പിടച്ചു നിന്ന കഴുത്തിനുള്ളിൽ നിന്ന് പുറത്ത് വന്നത്. എഴുന്നേറ്റ് അയാൾ അലറി വിളിച്ചു കൊണ്ട് അവിടമാകെ ഓടി നടന്നു. ആകാശം നോക്കിയും, ഭൂമിയിൽ തളർന്നു കിടക്കുന്ന കരിയിലകളെ ഇരു കൈകളിലെടുത്ത് മുകളിലേക്ക് എറിഞ്ഞും അയാൾ ശബ്ദത്തിൽ വിളിച്ചു പറഞ്ഞു, തനിക്ക് മോക്ഷം കിട്ടിയിരിക്കുന്നു!. ആർത്തട്ടഹസിച്ച്, ഒടുവിൽ വട്ടം ചുറ്റി വട്ടം ചുറ്റി അയാൾ തറയിൽ കമഴ്ന്നു വീണു. ഒരു നീണ്ട ശ്വാസത്തിനവസാനം, അയാൾ നിശ്ചലനായി.

പിറ്റേന്ന് ആ മാളികയുടെ ഇരുമ്പു വാതിൽ തുറന്ന്, ചിലർ അവിടം സന്ദർശിച്ചു. അവിടെ, മാളികയുടെ പിറകു വശത്തായി മുടി നീട്ടിയ ഒരു രൂപം അവർ കണ്ടു. കണ്ണുകൾ തുറന്നു പിടിച്ച്, കമഴ്ന്നു കിടന്ന ആ രൂപത്തിനു സമീപം ഒരു മുഷിഞ്ഞ തുണി സഞ്ചിയുണ്ടായിരുന്നു. തണുത്തുറഞ്ഞ ചുണ്ടിൽ പച്ച മൺ തരികൾ പറ്റി പിടിച്ചിരുന്നു. വലിയ കറുത്ത ഉറുമ്പുകൾ അയാളുടെ ചിരി തങ്ങി നിന്ന ചുണ്ടുകൾക്ക് മുകളിലൂടെ തിരക്കു പിടിച്ച് നടക്കുന്നുണ്ടായിരുന്നു..

18,725

Post a Comment

26 comments:

 1. ‘ശിക്ഷ വിധിക്കുവാനോ, നടപ്പിലാക്കാനോ എനിക്ക് അധികാരമില്ലാ.....

  നന്നായിട്ടുണ്ട്.. നീളം ത്തിരി കൂടിപ്പോയോന്നൊരു സംശയം...

  ReplyDelete
 2. വായിക്കാന്‍ സുഖമുണ്ട്. എന്നാലും എവിടെയൊക്കെയോ എന്തൊക്കെയോ വിട്ടു പോയത് പോലെ.

  (ഫാന്റസിയും ദിറ്റെക്ടീവും ആണോ ഉദ്ദേശിച്ചത്?
  അതോ കണ്ണൂരാന്റെ ബള്‍ബടിച്ചുപോയോ..?)

  ReplyDelete
 3. കഥ അല്‍പ്പം നീണ്ടു എങ്കിലും വളരെ നന്നായി പറഞ്ഞു. നല്ല ആഖ്യാന രീതി. ആശംസകള്‍.

  ReplyDelete
 4. ജീവിതം ഇങ്ങനെയാണ്.ചില നിമിഷങ്ങൾ.ചില നിമിത്തങ്ങൾ.

  ReplyDelete
 5. കുറ്റവും ശിക്ഷയും ....................
  എല്ലാം മനസ്സല്ലേ ഏറ്റു വാങ്ങുന്നത് ..........
  ഓരോന്നും മനസ്സിനെ ബാധിക്കുന്നത് ഓരോ രീതിയിലാണ് ..
  നന്നായി പറഞ്ഞിരിക്കുന്നു.
  എങ്കിലും അല്പം കൂടി ഒതുക്കം ആകാമായിരുന്നു.
  ആശംസകള്‍

  ReplyDelete
 6. വിപ്ലവം എപ്പോഴും നമുക്ക് വൈകിയുദിക്കുന്ന വിവേകമാണെന്ന് ആരാ പറഞ്ഞേ.. ആരും പറഞ്ഞിട്ടില്ലെങ്കില്‍ ഞാന്‍ അങ്ങട് പറയുന്നു. വൈകിയെങ്കിലും വിവേകം ഉദിക്കുമ്പോഴേക്കും നഷ്ടമാക്കിയവയൊന്നും മടക്കിനല്‍കാന്‍ കഴിയില്ലല്ലോ എന്ന വേദന തോന്നും.

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. ......ഒറ്റയിരിപ്പില്‍ മുഴുവന്‍ വായിക്കാന്‍ സമയം അനുവദിക്കുന്നില്ല ,,,വീണ്ടും വന്നു വായിക്കാന്‍ മാത്രം തുടക്കം എനിക്കിഷ്ട്ടമായി...........നല്ല രചനകള്‍ ഇനിയും ഉണ്ടാവട്ടെ...

  ReplyDelete
 9. പൂച്ചയെ കൊന്നാല്‍ ഇതുപോലെ കൈ വിറയ്ക്കുമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എല്ലാ‍ വിറയലും ആദ്യം മന്‍സ്സിലാണു തുടങ്ങുന്നത് അല്ലേ?

  ReplyDelete
 10. അനന്തരം ...അന്തമില്ലാതെ....

  ReplyDelete
 11. കഴിഞ്ഞ കാല സംഭവത്തെ ബാക്കിപത്രം പോലെ
  വർത്തമാനകാലം നൽകിയ പീഡനങ്ങൾ ഭംഗിയൊടെ പറഞ്ഞു.

  ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം. സ്വന്തം ജീവിതം എന്നതിലേക്ക്‌ തിരിയുന്നതോടെ ഏതാർശവും അവിടെ അവസാനിക്കുന്നു. അത്‌ ന്യായികരിക്കാൻ മറ്റുള്ളവരിൽ കുറ്റം കണ്ടെത്തും. എന്റെ കൂടെ എന്നോടൊപ്പം ഉണ്ടായിരുന്നവൻ എന്നോടൊത്ത്‌ പ്രവര്‍ത്തിച്ചവൻ ഇപ്പോൾ സുഖമായി വാഴുന്നു, ഞാനെന്തിനിങ്ങനെ എന്ന ചിന്ത വരുന്നത്‌ സ്വാർത്ഥതയുടെ കടന്നു വരവായാണ്‌ എനിക്ക്‌ തോന്നുന്നത്‌. "ശിക്ഷ വിധിക്കാനൊ നടപ്പിലാക്കാനൊ എനിക്ക്‌ അധികാരമില്ലായിരുന്നു....എന്റെ തറ്റ്‌..." ശരിയാണ്‌. വളരെ ശരിയാണ്‌. ശിക്ഷ വിധിക്കാൻ നമുക്കെന്ത്‌ അധികാരം? പക്ഷെ, മറ്റൊരർത്ഥത്തിൽ അതിനെ നോക്കിയാൽ ഈ 'അധികാരം' അന്ന് കാലത്ത്‌ ആരെയും ഭയക്കാതെ കയ്യാളിയിരുന്ന വളരെ ചെറിയ ശതമാനം വരുന്ന 'ഉള്ളവൻ' ഇല്ലാത്തവനെതിരെ തലങ്ങും വിലങ്ങും പ്രയോഗിച്ചിരുന്നു. ഒരു പരിധി വരെ ഇപ്പൊഴും എന്ന് വേണമെങ്കിൽ പറയാം. എല്ലാ നിയമവും ഉള്ളവന്റെ മാത്രം കാല്‌ നക്കുമ്പോൾ ഇല്ലാത്തവന്റെ വികാരം, തല നഷ്ടപ്പെട്ടവന്റെ ഭാര്യയും മകനും ഇപ്പോൾ അനുഭവിച്ചത്‌ പോലെ ഇല്ലാത്തവരും അന്നനുഭവിച്ചിരുന്നു എന്നതാണ്‌. അത്‌ പക്ഷെ പുറം ലോകം അറിഞ്ഞിരുന്നില്ലെന്നതാണ്‌ വ്യത്യാസം. അല്ലെങ്കിൽ അറിയിക്കുന്നില്ല എന്ന്. (തെറ്റിദ്ധരിക്കണ്ട്‌; അതിന്‌ അതേ രൂപത്തിൽ മറുപടി വേണം എന്നല്ല ഞാൻ അർത്ഥമാക്കുന്നത്‌. ആര്‌ ചെയ്താലും കൊലപാതകത്തെ ന്യായികരിക്കാൻ മനുഷ്യനായി പിറന്നവന്‌ സാധിക്കില്ലെന്നാണ്‌ എന്റെ പക്ഷം.) ഞാൻ പറഞ്ഞു വന്നത്‌ ഒരേ കുറ്റം രണ്ടു പേർ ചെയ്യുന്നതിൽ ഒന്നിനു മാത്രം പ്രചാരം ലഭിക്കുന്നു എന്നതിലെ വൈരുദ്ധ്യമാണ്‌.ഇങ്ങിനെ ഒരു ചുറ്റുപാടിൽ മറ്റ്‌ പോംവഴികൾ കാണാതെ ഇല്ലാത്തവരിലെ യുവരക്തങ്ങളിൽ ഉണ്ടാകുന്ന ആശയക്കുഴപ്പമാണ്‌ പകരത്തിന്‌ പകരം സംഭവിക്കുന്നത്‌. പക്ഷെ അപ്പോഴും ഇതേ പ്രവൃത്തി നിർഭയം നിയമത്തെ ഭയക്കാതെ നടത്തുന്നവർ ഉണ്ട്‌ എന്നത്‌ നമ്മള്‍ ഓർക്കുന്നില്ല. കാരണം ഇത്തരം പ്രവൃത്തികൾ നടക്കുന്നു എന്ന് നമ്മൾ അറിയുന്നില്ല. നമ്മള്‍ അറിയുന്നത്‌ തല വെട്ടിയവന്റെ ഭാര്യയുടെയും മകന്റേയും ദയനീയമായ ഭാവങ്ങള്‍ മാത്രം. കാര്യങ്ങൾ അറിയാൻ നേർവ്വഴി ഇല്ലാത്ത സാഹചര്യത്തിൽ അല്ലെങ്കിൽ വളച്ചൊടിക്കപ്പെടുന്ന സത്യങ്ങൾ നമ്മൾ അറിയാൻ ശ്രമിക്കാതിരുന്നാൽ ഇത്തരം അലഞ്ഞു തിരിയലും കുറ്റബോധവും പെരുകും എന്നു തോന്നുന്നു.

  കഥക്കുള്ള അഭിപ്രായം ആദ്യത്തെ ഒരു വരി മാത്രമാണ്‌. പിന്നെയുള്ളത്‌ കഥയുമായി ബന്ധമുണ്ടെന്ന് തോന്നാമെങ്കിലും കഥയുടെ വിഷയത്തിന്റെ ഉള്ളിലെ എന്റെ ഒരു തോന്നൽ മാത്രം സൂചിപ്പിച്ചതാണ്‌ കെട്ടൊ സാബു.

  ReplyDelete
 12. നന്നായി പറഞ്ഞിരിക്കുന്നു.

  ആശംസകള്‍

  http://leelamchandran.blogspot.com/

  ReplyDelete
 13. നല്ല കഥ !!
  ഇഷ്ട്ടമായി !!!അല്‍പ്പം നീണ്ടു എങ്കിലും

  ReplyDelete
 14. അനവസരത്തിലുള്ള വിവരണങ്ങളും പൊരുത്തപെടാത്ത കേഴ്വികളും കാഴ്ച്ചകളും വായനയുടെ ഒഴുക്കിനെ ബാധിക്കുന്നു.
  ഉദാ:->>വിരലുകൾ ഒടിയുന്ന ശബ്ദത്തിനോടൊപ്പം<<
  >>ഒരു രൂപം അവർ കണ്ടു. കണ്ണുകൾ തുറന്നു പിടിച്ച്, കമഴ്ന്നു കിടന്ന ആ രൂപത്തിനു <<
  ഭാവുകങ്ങൾ

  ReplyDelete
 15. അല്പം പോലും കാല താമസം
  വരാതെ കുറ്റ ബോധം മഥിക്കുന്ന
  മനസ്സുമായി അവിടം വിടാന്‍ അയാളെ
  എന്താണ് പ്രേരിപ്പിച്ചത് ..? സ്വന്തം
  ആശയം ശരിയോ തെറ്റോ എന്ന് വ്യാഖ്യാനിക്കാന്‍
  ഉള്ള മാനസിക നിലവാരം ആകാത്ത
  ഒരാള്‍ നടത്തിയ വിവരക്കേടോ ?

  (കഥാ പശ്ചാത്തലം പഞ്ചാഗ്നി സിനിമ
  ഓര്‍മിപ്പിച്ചു !!! കഥാകാരന്റെ തെറ്റ് അല്ല കേട്ടോ )

  പ്രായശ്ചിത്തവും, മരണവും ഒരേ തലത്തില്‍
  എത്തിക്കുന്ന അവസാനം നന്നായിട്ടുണ്ട് ...

  ReplyDelete
 16. വായിച്ച എല്ലാപേർക്കും നന്ദി പറയുന്നു.

  ente lOkam:
  കുറ്റബോധം എപ്പോൾ തോന്നി തുടങ്ങിയെന്നു കഥയിൽ ഒരിടത്തും പറഞ്ഞിട്ടില്ലല്ലോ..ദേഹം ദഹിപ്പിക്കുന്നത് കാണുന്നിടത്ത് വെച്ച് വിറയൽ ആരംഭിച്ചു എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ..
  അയാളുടെ പ്രവൃത്തിയേ കുറിച്ച് അയാൾ ചിന്തിച്ചു തുടങ്ങുന്നത് വളരെ നാളുകൾക്ക് ശേഷമാവാം.
  മറ്റൊന്ന് - സ്വന്തം ആശയം ശരിയോ തെറ്റോ എന്നത് വ്യാഖ്യാനിക്കുന്നത് ഒരാളുടെ അപ്പോഴത്തെ അനുഭവങ്ങൾ, ചിന്തകൾ എന്നിവ കാരണമാണ്‌. കാലപ്പഴക്കം കൊണ്ട് അഭിപ്രായം മാറുന്നത് അതു കൊണ്ടാണ്‌.

  ReplyDelete
 17. അതെ അത് തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത് ....
  ദഹിപ്പിക്കുന്നത് കണ്ട ഉടനെ വിറയല്‍ ആരംഭിച്ചു ..
  പിന്നെ എപ്പോഴാണ് അവിടം വിട്ടത് എന്ന് പറയുന്നില്ലെങ്കിലും
  പാപ ഭാരം അപ്പോതന്നെ അയാളെ ഗ്രസിച്ചു തുടങ്ങിയല്ലോ ..
  അത് എന്ത് കൊണ്ടു എന്ന് ആയിരുന്നു ??....

  അപ്പോള്‍ ആ ചിന്തകള്‍ ‍ എന്ന് തുടങ്ങി എന്ന് വ്യക്തം അല്ലെങ്കിലും
  he was disturbed from the very beginning stage of his action...
  there itself his mind changed..alle? athaa ഉദ്ദേശിച്ചത് ...വളരെ
  കാലങ്ങള്‍ക്ക് ശേഷം ആ ചിന്ത വരുന്നത് ഒരു പ്രത്യേകത അല്ല ...
  Just a thought sabu.While reading it is Nothing serious or create much confusion...Best wishes..

  ReplyDelete
 18. കഥ കൊള്ളാം... പക്ഷെ.. എന്തോ... സാബുന്‍റെ മറ്റു കഥകളുടെ അത്ര ഇഷ്ടായില്ലാ

  ReplyDelete
 19. നല്ല ആശയം. വിവരണം ഇത്തിരി കൂടി പോയോ എന്ന് സംശയം.

  അഭിനന്ദനങ്ങള്‍

  ReplyDelete
 20. സാബുവേട്ടാ,
  കഥ ഇഷ്ടപ്പെട്ടു.

  ReplyDelete
 21. കഥയുടെ ത്രെഡ്‌ കുറ്റബോധം തന്നെ. വിറയല്‍ അതിണ്റ്റെ പ്രത്യക്ഷ ചിഹ്നവും.

  ഒരു വലിയ കുറ്റത്തിനെതിരെ പ്രതികരിച്ച ദിവസം തുടങ്ങിയ വിറയല്‍ അതില്‍ പശ്ചാത്താപം വന്ന് അന്ത്യക്രിയ ചെയ്യുന്നതോടെ നില്‍ക്കുന്നു. ഇതില്‍ സാബു ഉദ്ദേശിച്ചാലും ഇല്ലെങ്കിലും ഒരു രാഷ്ട്രീയ വിവക്ഷ ഉണ്ട്‌. അത്‌ എനിക്ക്‌ അംഗീകരിക്കാന്‍ കഴിയുന്നതല്ല.

  ചെറുപ്പത്തില്‍ വിപ്ളവബോധത്തില്‍ നിന്നുണ്ടാവുന്ന പ്രതികരണ വാഞ്ച ഒരു തെറ്റാണെന്ന വിവക്ഷ വന്നു ചേരുന്നതുകൊണ്ടാണിത്‌. ഇത്‌ ഒരര്‍ത്ഥത്തില്‍ അരാഷ്ട്രീയ നിലപാടാണ്‌ താനും.

  ശരാശരി മലയാളിയുടെ മാറിവരുന്ന നിലപാടില്‍ കാണുന്ന അരാഷ്ട്രീയത തന്നെ സാബുവിലും കാണുന്നു. ഒരാളെ കൊന്നാല്‍ പ്രശ്നം തീരുന്നില്ല എന്ന് ഉറച്ച്‌ വിശ്വസിക്കുമ്പോള്‍ തന്നെ അതിനെതിരായ നിലപാട്‌ പ്രതിലോമകരമാവാതെ നോക്കുകയും വേണമെന്ന് ഞാന്‍ വിചാരിക്കുന്നു.

  ReplyDelete
 22. നമ്മുടെ കർത്തവ്യമാണെന്ന് കരുതി നാം ചെയ്തതെല്ലാം അനാവശ്യമായിരുന്നു എന്നറിയുന്ന നിമിഷം! നേടിയതൊന്നും വിലപ്പെട്ടതല്ലായിരുന്നു എന്നറിയുന്ന നിമിഷം! തിരിഞ്ഞു നടക്കാൻ...ജീവിതത്തെ വീണ്ടും നേരിടാൻ അസാമാന്യ ആത്മനിയന്ത്രണം വേണം...ഒരു പരിധി വരെ നല്ല സുഹൃത്തുക്കൾ സഹായകമായേക്കും.

  നല്ല നിരീക്ഷണം, സാബു!

  ReplyDelete