Thursday, 3 March 2011

ന്യൂ സീലാൻഡിൽ ഭൂചലനം


ഈ വാർത്ത അത്ര പുതിയതല്ല. എന്നാൽ അത്രയ്ക്കും പഴയതുമല്ല. പലരും ഈ വാർത്ത പത്രങ്ങളിൽ കൂടിയും, ടെലിവിഷനിൽ കൂടിയും, മറ്റു വാർത്ത മാധ്യമങ്ങളിൽ കൂടിയും അറിഞ്ഞിട്ടുണ്ടാകും. ഇവിടെ ന്യൂ സീലാൻഡിൽ താമസിക്കുന്നതു കൊണ്ടും, എന്റെ പല സുഹൃത്തുക്കളും (ബ്ലോഗ്‌ സുഹൃത്തുക്കളും), അഭ്യുദയകാംക്ഷികളും ഇതേ കുറിച്ച്‌ അന്വേക്ഷിക്കുന്നതു കൊണ്ടും, ഇവിടുത്തെ സംഭവങ്ങളെ കുറിച്ച്‌ എനിക്കറിയാവുന്ന വിധത്തിൽ എഴുതിയാൽ നന്നായിരിക്കുമെന്നു തോന്നുന്നു. എന്റെയും എന്റെ കുടുംബത്തിന്റെയും സുരക്ഷിതത്വം അന്വേക്ഷിച്ച, അതിനായി പ്രാർത്ഥിച്ച എല്ലാ പേരോടും ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ആദ്യമേ പറയട്ടെ, ഈ രാജ്യം വളരെയധികം അഗ്നിപർവ്വതങ്ങൾ നിറഞ്ഞ ഒരു രാജ്യമാണ്‌. നമ്മുടെ ഇന്ത്യാ രാജ്യവുമായി താരതമ്യം ചെയ്താൽ ഈ രാജ്യം ഒരു ദ്വീപ്‌ മാത്രമായി ആർക്കെങ്കിലും തോന്നിയാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല. ആസ്ത്രേലിയ (ഓസ്ട്രേലിയ) യുടെ തെക്കു കിഴക്കായി രണ്ടു വലിയ ദ്വീപുകളായി കിടക്കുന്ന ഒരു ചെറിയ രാജ്യമാണ്‌ ന്യൂ സീലാൻഡ്‌ (New Zealand. ഇതു രണ്ടു വാക്കുകളായാണ്‌ ഇവിടെ ഉച്ചരിക്കുന്നത്‌).രണ്ടു ദ്വീപുകൾ എന്നു പറഞ്ഞല്ലോ, അതു വടക്കു ദ്വീപെന്നും, തെക്കു ദ്വീപെന്നും ഇവിടുള്ളവർ പറയുന്നു. വടക്കു ദ്വീപിലാണ്‌ ഓൿലണ്ട്‌ (Auckland) എന്ന പ്രദേശം. ഞാൻ താമസിക്കുന്നത്‌, ഓൿലണ്ടിലെ നോർത്ത്‌ ഷോർ എന്ന സ്ഥലത്താണ്‌. വടക്കു ദ്വീപിന്റെ ഏറ്റവും താഴെ തെക്കേ മൂലയിൽ ആണ്‌ വെല്ലിംഗ്ടൺ(Wellington) എന്ന സ്ഥലം. ഈ വെല്ലിംഗ്ടൺ ആണ്‌ ന്യൂ സീലാണ്ടിന്റെ തൽസ്ഥാനം.

ഇനി തെക്കു ദ്വീപിലേക്ക്‌ വരാം. അവിടെയാണ്‌ ക്രൈസ്റ്റ്ചർച്ച്‌ (Christchurch), ഡനഡീൻ Dunedin) തുടങ്ങിയ പട്ടണങ്ങളുള്ളത്‌. ഇതിൽ ക്രൈസ്റ്റ്ചർച്ച്‌ എന്ന സ്ഥലത്താണ്‌ ഈ കഴിഞ്ഞ ആറേഴ്‌ മാസങ്ങൾക്കിടയിൽ ഭൂചലങ്ങൾ ഉണ്ടായത്‌. അറു മാസം മുൻപുണ്ടായ ഭൂമികുലുക്കത്തിൽ, കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ മുതലായവയ്ക്ക്‌ സാരമായ കേടു പാടുകൾ സംഭവിച്ചിരുന്നു. അതിൽ നിന്നും അവിടത്തെ ജനങ്ങൾ കരകയറി വരുമ്പോഴാണ്‌ ഈയടുത്തു സംഭവിച്ച ഭൂചലങ്ങൾ (ഫെബ്രുവരി - റിച്ചർ സ്കെയിലിൽ 6.3 -ലത്തൂരിൽ ഉണ്ടായതത്രയും).ഇതിനെ ആഫ്റ്റർ ഷോക്ക്‌ (Aftershock) എന്നാണ്‌ പറയുക. ആഫ്റ്റർ ഷോക്ക്‌ എന്നു വെച്ചാൽ, ഒരു വലിയ ഭൂമികുലുക്കം ഉണ്ടായ ശേഷം, അതേയിടത്ത്‌ വീണ്ടും (കുറച്ച്‌ നാളുകൾ കഴിഞ്ഞു) ഉണ്ടാകുന്ന ഭൂചലനത്തേയാണ്‌. ശ്രദ്ധിക്കുക, ഇവിടെ നീണ്ട ആറു മാസം കഴിഞ്ഞാണ്‌ ആഫ്റ്റർ ഷോക്കുണ്ടായിരിക്കുന്നത്‌!ഇനി ഭയാനകമായ ഒരു വാർത്ത - അടുത്ത ഒരു വർഷത്തിൽ, ഏതാണ്ട്‌ എല്ലാ മാസവും, റിച്ചർ സ്കെയിലിൽ 4 വരെ ശക്തിയുള്ള ഭൂചലങ്ങൾ ഉണ്ടാകുമെന്നാണ്‌ ഇവിടുത്തെ ശാസ്ത്രജ്ഞർ പ്രവചിച്ചിരിക്കുന്നത്‌!

ഇതു വരെ കിട്ടിയ വാർത്തയനുസരിച്ച്‌, 160 പേരാണ്‌ കൊല്ലപ്പെട്ടിട്ടുള്ളത്‌ (ഔദ്യോഗിക കണക്ക്‌). ഇതു ഏതാണ്ട്‌ 300 ഓളം ആകുമെന്നാണ്‌ കണക്കായിരിക്കുന്നത്‌.

100 അല്ലെങ്കിൽ, 200 പേരോ നമ്മുടെ നാട്ടിൽ മരിച്ചാൽ അതൊരു സംഭവമല്ല. എന്തു കൊണ്ട്‌? കുറച്ച്‌ നാൾ കഴിഞ്ഞ്‌ നമ്മൾ എല്ലാം മറക്കും. മറക്കുവാൻ നമ്മുടെയത്ര കഴിവ്‌ മറ്റൊരു രാജ്യക്കാർക്കും ഇല്ല എന്നു തന്നെ തോന്നുന്നു!
ചില കണക്കുകൾ:
ഭോപ്പാൽ ദുരന്തം : 25,000 മരണം, 40,000 ലേറെ പേർ ഇന്നും ദുരിതം അനുഭവിക്കുന്നു.
1984 ലെ സിക്ക്‌ കാരെ കൂട്ടക്കൊല ചെയ്തത്‌ : 17,000 (പത്ര വാർത്ത പ്രകാരം). സിക്കു സംഘടനയുടെ കണക്ക്‌ പ്രകാരം 35,000.
ഗോദ്ര ട്രയിൻ അപകടം : 59 കർസേവകർ(അതിന്റെ അർത്ഥം ഇതുവരെ എനിക്കു മനസ്സിലായിട്ടില്ല), അതിനു ശേഷം നടന്ന കലാപത്തിൽ  750 മുസ്ലീം സഹോദരങ്ങൾ, 254 ഹിന്ദു സഹോദരങ്ങൾ.

ഇതൊന്നും പ്രകൃതിയുടെ വികൃതി മൂലമല്ല!. നമ്മുടെ സ്വന്തം രാജ്യത്തിലെ ചിലരുടെ വികൃതികൾ മാത്രം.

അപ്പോൾ ലത്തൂരിലെ ഭൂചലനത്തിൽ (1993) എത്ര പേർ മരിച്ചു ? (റിച്ചർ സ്കയിലിൽ 6.3) - 7,928 മരിച്ചു, 30,000 പേർക്ക്‌ പരിക്ക്‌. ശ്രദ്ധിക്കുക - ഇന്ത്യ അഗ്നിപർവ്വ്വതങ്ങളുടെ പുറത്തല്ല. പിന്നെ എങ്ങനെ അവിടെ ഭൂചലനം ഉണ്ടായി ?! അതേ കുറിച്ച്‌ ഇപ്പോൾ എഴുതുന്നില്ല. ഗൂഗിളിൽ ഒന്നു തിരക്കി നോക്കു!

ഇനി 2004 ലെ സുനാമിയുടെ കണക്കെടുക്കാം
പോണ്ടിച്ചേരിയിൽ 30,000 പേർക്ക്‌ വീട്‌ നഷ്ടമായി. 560 മരണം.
കേരളത്തിൽ 168 മരണം.
ആൻഡ്രയിൽ 105 മരണം.
മറ്റിടങ്ങളിലും കൂടി 10,136 മരണം (ഔദ്യോഗിക കണക്ക്‌)
അവർക്ക്‌ വേണ്ട സഹായം കിട്ടിയോ?, നഷ്ടപരിഹാരം?
യഥാർത്ഥത്തിൽ എന്താണ്‌ ആ സുനാമിയുടെ കാരണം?

ഒരു ചെറിയ കാര്യം കൂടി. എന്തു കൊണ്ടാണ്‌ ഈ 'ഔദ്യോഗിക' കണക്കുകളിൽ മരണ സംഖ്യ എപ്പോഴും കുറഞ്ഞിരിക്കുന്നത്‌ ?!
ഈ കുറച്ച്‌ കാണിക്കൽ എന്തിനാണ്‌ എന്ന് ചിന്തിച്ചു നോക്കുക. ചിന്തിക്കുമ്പോഴാണല്ലോ എല്ലാത്തിനും ഉത്തരം കിട്ടുക!

ചിലരെങ്കിലും ആലോചിക്കുന്നുണ്ടാകും, എന്തിനാണീ കണക്കുകൾ ഇവിടെ എഴുതിയതെന്ന്!
മറ്റൊന്നിനുമല്ല..നമ്മൾ എല്ലാം മറന്നു പോയിരിക്കുന്നു!! മറക്കാൻ പഠിച്ച ഒരു ജനതയാണ്‌ നമ്മുടേത്‌!
നമുക്കിതെല്ലാം, വളരെ നിസ്സാരമായ കണക്കുകൾ മാത്രം!
ശരിയല്ലേ ?
അത്രയെ ഉള്ളൂ നമ്മുടെയെല്ലാം ജീവന്റെ വില.
(ക്ഷമിക്കുക .. തീവ്രവാദം കാരണം മരിച്ചവരുടെ എണ്ണം ഉൾപ്പെടുത്താത്തത്‌ മനപ്പൂർവ്വ്വമാണ്‌)
നമ്മൾ തന്നെ, നമ്മളെ ഭരിക്കുവാൻ തിരഞ്ഞെടുക്കുന്ന, ചിലർ..അവരെന്താണ്‌ നമുക്കായി ചെയ്തിരിക്കുന്നത്‌ ?..
'എന്താ മാഷെ ഉത്തരമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നത്‌' എന്നു ചിലർ ചോദിക്കുന്നത്‌ എനിക്കു കേൾക്കാൻ കഴിയുന്നുണ്ട്‌!

ആയിരങ്ങൾ..ഓ..അതു പണ്ട്‌!..കോടികളുടെ അഴിമതി നടത്തുന്നവർ, കോടികളുടെ നികുതി വെട്ടിപ്പ്‌ നടത്തുന്ന വ്യവസായികൾ, സിനിമാ താരങ്ങൾ.. അവരെക്കാൾ എളുപ്പമല്ലേ, ഹെൽമറ്റ്‌ ഇടാതെ പോകുന്ന യുവാക്കളെ പിറകെ പാഞ്ഞു ചെന്നു പിടിക്കുന്നത്‌?
അവിടെയാണ്‌ നമ്മൾ കാര്യക്ഷമത കാണിക്കുന്നത്‌!!

അപ്പോൾ ശരിക്കും നമുക്ക്‌ എന്താണ്‌ നഷ്ടപ്പെട്ടത്‌ ?

ധനം?
സമാധാനം?
സുരക്ഷിതത്വം?

തെറ്റ്‌!.. നമുക്ക്‌ നഷ്ടപ്പെട്ടത്‌ നമ്മുടെ ശബ്ദമാണ്‌..
ശരിയെന്തെന്നും, ന്യായം എന്തെന്നും ഉറക്കെ പറയാനുള്ള ശബ്ദം..

ഓ.. പറഞ്ഞു പറഞ്ഞു, വിഷയം മാറി പോയി!
(ഇടയ്ക്കിടയ്ക്ക്‌ രക്തം തിളയ്ക്കുന്ന ഒരു അസുഖം തുടങ്ങിയിരിക്കുന്നു.. ഏതെങ്കിലും ഡോക്ടറെ കാണണം..ധാരാളം പച്ച വെള്ളം കുടിക്കുന്നതാണ്‌ എങ്കിലും...)
നമുക്ക്‌ ന്യൂ സീലാൻഡ്ലേക്ക്‌ തിരിച്ച്‌ വരാം.
ഈ മരണ സംഖ്യ ഇത്രയും കൂടുതലായി ഇവിടെ തോന്നുവാൻ രണ്ടു കാരണങ്ങളാണ്‌ ഉള്ളതെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌
ഒന്ന് : ഇവിടെ മനുഷ്യ ജീവനു ഇവിടുള്ളവർ കൂടുതൽ വില കൽപ്പിക്കുന്നു
രണ്ട്‌ : ഈ രാജ്യത്തിന്റെ വിസ്തീർണ്ണവും, ജനസംഖ്യയുമായുള്ള അനുപാതം.

മേൽപ്പറഞ്ഞതിൽ രണ്ടാമത്തെ കാര്യത്തിനെ കുറിച്ചാണ്‌ ഇനി പറയാൻ പോകുന്നത്‌
അതിനായി നമുക്ക്‌ ന്യൂ സീലാൻഡും, കേരളവുമായി ഒന്നു താരതമ്യം ചെയ്യാം.
നിങ്ങളത്ഭുതപ്പെടും എന്തിനാണ്‌ ഒരു രാജ്യത്തിനെ നമ്മുടെ ഒരു ചെറിയ സംസ്ഥാനവുമായി താരതമ്യം ചെയ്യുന്നതെന്ന്. അല്ലേ?

കേരളം:
വിസ്തീർണ്ണം : 38,863 km2
ജനസംഖ്യ : 3,18,41,374 (മൂന്ന് കോടിയിലധികം!)

ന്യൂ സീലാൻഡ്‌‌‌:
വിസ്തീർണ്ണം : 2,68,021 km2
ജനസംഖ്യ : 43,93,500 (നാൽപത്തി മൂന്ന് ലക്ഷം)

അതായത്‌ വിസ്തീർണ്ണത്തിൽ, കേരളത്തിനേക്കാൾ എഴിരട്ടി വലിപ്പമുണ്ടെങ്കിലും, ജനസംഖ്യയിൽ ഈ രാജ്യം  പിന്നിലാണ്‌(അതിനു കാരണം ഞാൻ ചർച്ച ചെയ്യുവാൻ ഉദ്ദേശിക്കുന്നില്ല). അതു കൊണ്ട്‌ തന്നെ കുറഞ്ഞ മരണ സംഖ്യ കൂടി രാജ്യത്തിന്റെ വികസനത്തിൽ വളരെ വലിയ സ്വാധീനം ചെലുത്തും.

ഇത്രയേറെ പുരോഗമിച്ച രാജ്യം ആണെങ്കിൽ കൂടി എങ്ങനെയാണിത്രയും നാശനഷ്ടങ്ങളും, മരണങ്ങളും ഉണ്ടായത്‌? മുൻകരുതലുകൾ? മുന്നറിയിപ്പുകൾ?

ഇപ്പോൾ കിട്ടിയ വാർത്തയനുസരിച്ച്‌ അറിയുന്നത്‌ ഈ ഭൂചലനത്തെ കുറിച്ച്‌ നേരത്തെ മുന്നറിയിപ്പൊന്നും കൊടുക്കുവാൻ കഴിഞ്ഞില്ല എന്നതാണ്‌. അതിനു എന്തോ സാങ്കേതികമായ കാരണം ആണ്‌ പറഞ്ഞു കേൾക്കുന്നത്‌ (നമുക്ക്‌ സാങ്കേതികം കൂടിയതു കൊണ്ട്‌ വർഷങ്ങൾക്കു മുൻപ്‌ പെരുമൺ അപകടമുണ്ടായപ്പോൾ അതു 'ടോർണാടോ' അഥവാ ചുഴലിക്കാറ്റ്‌ കൊണ്ട്‌ എന്നു ഉടനെ അറിയാൻ കഴിഞ്ഞു. മിടുക്കന്മാർ! നമ്മൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു!)

മറ്റൊരു കാരണം ഈ വലിയ കെട്ടിടങ്ങൾ നിന്നിരുന്ന ഭൂമിയെ കുറിച്ചാണ്‌. സോഫ്റ്റ്‌ സോയിൽ (soft soil) ലിൽ ആയിരുന്നത്രെ ഈ കെട്ടിടങ്ങൾ നില നിന്നിരുന്നത്‌!
അതു ഇവർക്ക്‌ കെട്ടി പൊക്കുമ്പോൾ അറിയില്ലായിരുന്നോ? അതിനു വേണ്ട പരിശോധന ഒന്നും നടത്തിയിരുന്നില്ലേ?.. ചോദ്യങ്ങൾക്ക്‌ ഒരു അവസാനവുമില്ല.

മരണ സംഖ്യ കൂടുവാൻ കാരണം ഭൂചലനം പകൽ സമയത്തും ഉണ്ടായതു കൊണ്ടാവാം.
മറ്റൊന്ന് നേരത്തെ പറഞ്ഞ ആഫ്റ്റർ ഷോക്ക്‌ കൊണ്ടുമാവാം.
അതെങ്ങനെയാണ്‌‌?
ആദ്യത്തെ കുലുക്കം കാരണം ഇടിഞ്ഞു പൊളിഞ്ഞു കിടന്ന കെട്ടിടത്തിനുള്ളിൽ മനുഷ്യർ കുടുങ്ങി കിടന്നു. അവരിൽ പലരും മൊബെയിൽ ഫോൺ വഴി പുറത്ത്‌ വിവരം അറിയിക്കുകയും ചെയ്തു. പക്ഷെ രക്ഷാ പ്രവർത്തനം നടത്താൻ സാധിക്കാതെ വന്നു. എന്തു കൊണ്ടെന്നാൽ. രക്ഷാ പ്രവർത്തനം നടക്കുമ്പോൾ, അഫ്റ്റർ ഷോക്ക്‌ കാരണം പൊളിഞ്ഞു വീഴാറായ കെട്ടിടം വീണ്ടും കുലുങ്ങും..അപ്പോൾ അതിനകത്ത്‌ പെട്ടു പോയവരുടെ കൂടെ രക്ഷാ പ്രവർത്തകരും അപകടത്തിൽ പെടാൻ സാദ്ധ്യതയുണ്ട്‌. അതു കൊണ്ട്‌, കാര്യക്ഷമമായി രക്ഷാ പ്രവർത്തനം നടത്താൻ കഴിയാതെ വരുന്നു.
മറ്റൊരു കാരണം ആശുപത്രികളുടെ അപരാപ്തത.
ഈ ചെറിയ രാജ്യത്തിന്റെ പ്രധാന വരുമാനം എന്നു പറയുന്നത്‌ കയറ്റുമതി ചെയ്യുന്ന പാലും, പാലുത്പന്നങ്ങളും മാണ്‌. മറ്റൊന്ന് വിനോദ സഞ്ചാരം വഴി വരുന്നതും.

ന്യൂ സീലാൻഡ്‌ വളരെ മനോഹരമായ, എങ്ങും പച്ചപ്പ്‌ നിറഞ്ഞ ഒരു രാജ്യമാണ്‌. അതെല്ലാം അതു പോലെ സംരക്ഷിക്കുന്നതിൽ വളരെ ശ്രദ്ധാലുക്കളുമാണ്‌ ഇവിടുള്ളവർ. റോഡുകൾ, ബീച്ചുകൾ, പാർക്കുകൾ എന്നു വേണ്ട, എല്ലായിടവും വളരെയേറെ വൃത്തിയോടെയാണിവർ സൂക്ഷിക്കുന്നത്‌. നമുക്ക്‌ പഠിക്കുവാൻ വളരെയേറെ കാര്യങ്ങൾ ഇവിടെയുണ്ട്‌. അതു പോലെ വളരെയേറേ കാര്യങ്ങൾ ഇവർക്ക നമ്മുടെ ഇന്ത്യാ രാജ്യത്തിൽ നിന്നും പഠിക്കുവാനുണ്ട്‌. അതിലെ ചില കാര്യങ്ങൾ പറയാം - നമ്മുടെ പൊതു ജനാരോഗ്യ സൗകര്യങ്ങൾ. എന്തൊക്കെ പറഞ്ഞാലും, നമ്മുടെ ജനസംഖ്യയുമായി തട്ടിച്ചു നോക്കുമ്പോൾ നമ്മുടെ കൊച്ചു കേരളത്തിലുള്ളത്‌ പോലുള്ള ആശുപത്രികളോ, മെച്ചപ്പെട്ട സ്കൂളുകളോ ഇവിടെയില്ല. നമ്മുടെ നാട്ടിൽ ഒരു അപകടം സംഭവിച്ചാൽ നാട്ടുകാർ തന്നെ (അല്ലാതെയും സംഭവിക്കുന്നുണ്ട്‌) അവരെ ആശുപത്രിയിൽ കൊണ്ടാക്കും. എന്നാൽ ഇവിടെ അങ്ങനെ സംഭവിക്കണമെന്നില്ല. ഇതേ കുറിച്ച്‌ വിശദമായി വേറെ എഴുതുന്നുണ്ട്‌.

നമ്മൾ ഒരപകടം ദൂരെ നിന്നും കാണുമ്പോൾ അറിയുന്നതു പോലെയാവില്ല ഒരിക്കലും അതിന്റെ വിശദാംശംങ്ങളിലേക്ക്‌ കടക്കുമ്പോൾ. എന്റെ ചില സുഹൃത്തുക്കൾ വഴി അറിയാൻ കഴിഞ്ഞ ചിലത്‌:
1. അവിടെ ഇലക്ടിസിറ്റി ആദ്യം നഷ്ടമായി. തുടർന്ന് ടെലിഫോൺ കണക്ഷനുകളും.
2. കുടിവെള്ളത്തിന്റെയും, ഡ്രയിനേജിന്റെയും പൈപ്പുകൾ പൊട്ടി പ്രളയം പോലെയായി.
3. ശുദ്ധ ജലം കിട്ടാൻ ഒരു വഴിയുമില്ലാതെയായി.
4. ടോയിലറ്റുകൾ ഉപയോഗിക്കരുതെന്നും, ടാപ്പ്‌ വെള്ളം കുടിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുണ്ടായി.
5. ആശുപത്രികൾ തിങ്ങി നിറഞ്ഞു. ഓപ്പറേഷൻ വേണ്ടവരേയും, ഗർഭിണികളെയും ഹെലികോപ്റ്റർ വഴി ഓൿലണ്ടിലും മറ്റു സ്ഥലങ്ങളിലും എത്തിച്ചു.
6. പലർക്കും തലയ്ക്ക്‌ പരിക്കു പറ്റിയിട്ടുണ്ട്‌. പലർക്കും തലച്ചോറിനു ക്ഷതം സംഭവിച്ചിട്ടുണ്ട്‌. പലരും പരാലിസിസ്‌ ആയി പോയിട്ടുണ്ട്‌.
7. മറ്റു ചിലർക്ക്‌ കിഡ്നിക്കും നട്ടെല്ലിനുമാണ്‌ തകരാർ സംഭവിച്ചിരിക്കുന്നത്‌.
8. വീടുള്ളവർ പോലും, ഭയം കാരണം, കാറുകളിലും, പുറത്ത്‌ ടെന്റുകളിലുമാണ്‌ കിടന്നുറങ്ങുന്നത്‌.
9. സ്കൂളുകൾ പലതും ഇപ്പോഴും അടച്ചിട്ടിരിക്കുന്നു.
10. പൈപ്പ്‌ പൊട്ടി വെള്ളപ്പൊക്കം ഉണ്ടായതു കാരണം, ഗതാഗതം സാധാരണ നിലയിൽ വരുവാൻ താമസം നേരിടുന്നു.
11. ആറു മാസം മുൻപുണ്ടായ ഭൂമികുലുക്കത്തിൽ, വീട്ടിലുള്ളിലെ സകല സാധനങ്ങളും നഷ്ടപ്പെട്ടവർ നിരവധിയാണ്‌. അവരെല്ലാം വീണ്ടും, വീട്ടുപകരണങ്ങൾ വാങ്ങിയിരുന്നു. അതെല്ലാം വീണ്ടും നഷ്ടമായി.
12. ചരിത്ര പ്രാധാന്യമുള്ള പല കെട്ടിടങ്ങളും, പള്ളികളും ഭാഗികമായോ പൂർണ്ണമായോ തകർന്നിരിക്കുന്നു.
13. വാർത്താ വിനിമയ തകരാറു കൊണ്ടാണോ എന്നറിയില്ല, ചില ഭാഗങ്ങളിൽ ഇപ്പോഴും സഹായം എത്തിയിട്ടില്ല.
14. ചില കെട്ടിടങ്ങളുടെ പുനർനിർമ്മാണം വേണ്ടെന്നു വെച്ചിട്ടുണ്ട്‌.
15. പലരും മറ്റു സ്ഥലങ്ങളിലേക്ക്‌ പാലായനം ആരംഭിച്ചിരിക്കുന്നു.
16. കാറുകൾ പലതും മണ്ണിൽ പുതഞ്ഞു കിടക്കുകയാണ്‌.
17. ഇന്നലെ (മാർച്ച്‌ 2) 70 km വേഗത്തതിൽ പൊടിക്കാറ്റ്‌ വീശിയടിക്കുകയുണ്ടായി. അതും രക്ഷാ പ്രവർത്തനങ്ങളെ ബാധിച്ചു.
18. സഞ്ചരിച്ചു കൊണ്ടിരുന്ന ബസ്സിനു പുറത്തും കെട്ടിടങ്ങൾ വന്നു വീണ്‌ അപകടം സഭവിച്ചിട്ടുണ്ട്‌.
19. പാലായനം ചെയ്യുന്ന വാഹനങ്ങളുടെ നീണ്ട നിര കാണാം.
20. മലയിടിഞ്ഞു വീണും കെട്ടിടങ്ങൾക്ക്‌ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്‌.
21. അഫ്ഗാനിസ്ഥാനിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും ഇവിടെ അഭയാർത്ഥികളയി വന്നവർ വീണ്ടും അഭയാർത്ഥികളായി. വളരെ ദൗർഭാഗ്യകരമാണത്‌.

ഫോട്ടോകളും, വിഡീയോകളും
ന്യൂ സീലാണ്ട്‌ ഹെറാൾഡ്‌ (ഇവിടത്തെ പ്രധാന പത്രം) ന്റെ വെബ്സൈറ്റിൽ കാണാം.
(http://www.nzherald.co.nz/nz/news/video.cfm?c_id=1&gal_objectid=10709887&gallery_id=116974)

മറ്റു ചില വീഡിയോകൾ:
http://www.nzherald.co.nz/nz/news/video.cfm?c_id=1&gal_gid=116974&gallery_id=116977

http://www.nzherald.co.nz/business/news/video.cfm?c_id=3&gal_objectid=10709598&gallery_id=117043

ക്രൈസ്റ്റ്‌ ചർച്ചിൽ ഒരു കടയിൽ സ്ഥാപിച്ചിരുന്ന CCTV - closed circuite tv യിൽ നിന്നും ലഭിച്ച വീഡിയോ ഇവിടെ:


ചില ചിത്രങ്ങൾ:വാർത്തകളിൽ അധികം കാണാതെ പോയ ചിലതും ഇവിടെ സംഭവിച്ചിട്ടുണ്ട്‌.
ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന കടകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും സാധനങ്ങൾ കൊള്ളയടിച്ചു കൊണ്ടു പോയിരിക്കുന്നു!
ഇവിടെയും അങ്ങനെയുള്ള മനുഷ്യരുണ്ടെന്നറിയുക. പുര കത്തുമ്പോൾ വാഴ വെട്ടുന്നവർ.
സാമ്പത്തിക മാന്ദ്യം പിടികൂടിയ ഈ രാജ്യം വീണ്ടും പഴയ സ്ഥിതിയിൽ ആകുവാൻ വർഷങ്ങൾ വേണ്ടി വരുമെന്നാണ്‌ റിപ്പോർട്ടുകൾ. ഇപ്പോഴുണ്ടായ ഈ ഭൂചലനം സ്ഥിതി കൂടുതൽ വഷളാക്കാനെ ഇടയാക്കൂ.

രാജ്യാന്തര സമൂഹത്തോട്‌ ന്യൂ സീലാൻഡ്‌‌ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്‌.
2011 ലെ റഗ്ബി ലോകകപ്പ്‌ ഇവിടെ വെച്ചാണ്‌ നടക്കാൻ പോകുന്നത്‌.
എന്നാൽ ഭൂമികുലുക്കവും മറ്റു സൗകര്യങ്ങളുടെ അഭാവവും കാരണം അതെത്ര വിജയം ആകുമെന്നു ഇപ്പോൾ പ്രവചിക്കുക വയ്യ. ചൈനയിൽ നിന്നും, മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും ഇവിടെ പഠിക്കുവാൻ (അതിനു ശേഷം കുടിയേറാൻ) വരുന്നവരുടെ സംഖ്യയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.

**ചിത്രങ്ങൾക്കും കണക്കുകൾക്കും nzherald നും, google നും, വിക്കിപീഡിയയ്ക്കും കടപ്പാട്‌ അറിയിക്കുന്നു.

എത്രയും വേഗം എല്ലാം പൂർവ്വ സ്ഥിതിയിൽ ആകുമെന്നും, വീണ്ടും എല്ലായിടത്തും  സന്തോഷവും, സമാധാനവും നിറയുമെന്നും പ്രത്യാശിക്കാം, പ്രാർത്ഥിക്കാം.

Post a Comment

25 comments:

 1. സാബുചേട്ടാ വളരെ നന്നായിരിക്കുന്നു.ഇവിടെയുള്ള ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന അറിവു വെച്ചു മറ്റ്‌ ചില കാര്യങ്ങൾ എഴുതിക്കോട്ടെ..ഇതൊരു വിയോജിപ്പ്‌ അല്ല,എന്നാൽ ഈ ലേഖനം വായിക്കുന്ന മറ്റ്‌ പല ഇടങ്ങളിലും ഉള്ള നമ്മുടെ മലയാളി സഹോദരങ്ങൾക്ക്‌ ഒരു തെറ്റി ദ്ധാരണ ഉണ്ടാവണ്ട എന്നു മാത്രം കരുതി എഴുതുന്നു.ആരോഗ്യ മന്ത്രലയത്തിന്റെ കീഴിൽ ആകെ ഇവിടെ 20 district health board(DHB) കൾ ആണു ഉള്ളതു.അതായതു NEW ZEALANൽ ഉള്ള മുഴുവൻ PERMANENT RESIDENTS & CITIZENS നേയും 20 DHB കളിൽ ആയി തിരിച്ചിരിക്കുന്നു.മാത്രവുമല്ല ഇവിടെ യുള്ള എല്ലാ PERMANENT RESIDENTS & CITIZENS നും സൗജന്യ വൈദ്യ ചികിത്സ ആണു നൽകുന്നതു.ഞാൻ ജോലി ചെയ്യുന്നതും ഒരു GOVT DHB ആണു.നമ്മുടെ നാട്ടിലെ LAKE SHORE പോലെ ഉള്ള ആശുപത്രിയിൽ കാണുന്ന അത്രയും തന്നേ സൗകര്യങ്ങൾ ഇവിടെ മിക്ക ആശുപത്രിയിലും ഉണ്ട്‌.ഒരു രോഗി HOSPITAL ൽ നിന്നു DISCHARGE ആകും മുൻപ്‌ ഇവിടെ രോഗിയുടെ DISCHARGE നു ശേഷം ഉള്ള ജീവിത സൗകര്യങ്ങളേക്കുറിച്ചു ചോദിചറിയുന്നു.ശേഷം,സഹായം ആവശ്യം എങ്കിൽ അതു നൽകുന്നു(THROUGH SOCIAL WORKERS AND NEEDS ASSESSMENT SERVICES),DISCHARGE നു ശേഷം വീട്ടിൽ ചെന്നു രോഗിയുടെ ക്ഷേമം അന്വേഷിക്കാനും പിന്നീട്‌ ആവശ്യമായ ചികിത്സ നൽകുകയും ചെയ്യുവനും എല്ലാ ഇടങ്ങളിലും DISTRICT NURSING SERVICES ഉണ്ട്‌.മാത്രവുമല്ല കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ക്കുറിചും പറയാൻ ഉണ്ട്‌,ചികിത്സ കൊണ്ട്‌ മാറ്റാൻ പറ്റുന്ന മാരകമായ പല രോഗ്ഗങ്ങളും ഇവിടെ വളരെ നേരത്തെ തന്നേ നിർണ്ണയിക്കപ്പെടുന്നു,അതു കൊണ്ട്‌ തന്നേ തക്ക ചികിത്സയും നൽകാൻ സാധിക്കുന്നു. മാസങ്ങൾക്ക്‌ മുൻപ്‌ ഇവിടെ ഒരു യുവതി ഏകദേശം 600GRAM മാത്രമുല്ല 2 (TWINS)കൂട്ടികളേ പ്രസവിച്ചു. PREMATURE DELIVERY AT MONTH 6-7ആയിരുന്നു കാരണം.2 കുഞ്ഞുങ്ങളും പൂർണ്ണ ആരോഗ്യത്തോടെ ഇപ്പോൾ ജീവിക്കുന്നു.ഈ ഒരു അത്ഭുതം നമ്മുടെ നാട്ടിൽ സാധിക്കുമായിരിക്കും.പക്ഷേ എത്ര ലക്ഷം മുടക്കേണ്ടി വരും!!!!!മരിക്കാൻ കിടന്നാലും പൈസ കെട്ടി വെക്കാതെ ചികിത്സ തുടങ്ങാത്ത എത്രയോ ആശുപത്രികൾ നമ്മുടെ നാട്ടിൽ,എന്നാൽ ഇവിടെ അപകടങ്ങളിലും മറ്റുമായി EMERGENCY TREATMENT ആവ്ശ്യമായി വരുന്ന ആർക്കും ഇവിടെ ചികിത്സ നിഷേധിക്കുന്നില്ല.STUDENT VISAയിലും 2 വർഷത്തിൽ താഴെ WORK VISA ഉള്ളവർക്കും ഇവിടെ സൗജന്യ ചികിത്സ അനുവദിക്കുന്നില്ല.അതു കൊണ്ട്‌ തന്നേ HEALTH INSURANCE നിർബന്ധം ആണു.എന്നാൽ അപകടം മുതലായ EMERGENCY TREATMENT ആവശ്യമായ അവസ്തയിൽ മേൽ പറഞ്ഞ തുക മതിയാകാതെ വരും.മലയാളികൾ ഉൾപ്പടെ അനേകർക്ക്‌ ഈ വിധത്തിൽ ഇവിടെ ചികിത്സ കിട്ടിയിട്ടുണ്ട്‌.പണം വാങ്ങാതെ...ഇതിന്റെ കാരണം സാബു ചേട്ടൻ പറഞ്ഞ പോലെ മനുഷ്യത്വം എന്നു ഞാനും കരുതുന്നു.
  എന്നാൽ ഇവിടെ ആരോഗ്യ പരിപാലനത്തിൽ ചില അപര്യാപ്തത്‌ കൾ ഉണ്ട്‌.അതു ഇവിടുത്തെ സാങ്കേതീകതയുടെ കുറവുകൾ അല്ല.വർദ്ധിച്ചു വരുന്ന ജന പെരുപ്പം,SHORT STAFFING ഒരു കാരണം ആണു..അമേരിക്കയിലേ ആശുപത്രികളേ പോലും കിട പിടിക്കുന്നതായ PRIVATE HOSPITAL കൾ ഇവിടെ ഉണ്ട്‌. ആവശ്യമുള്ളവർക്ക്‌ HEALTH INSURANCE ഉണ്ടെങ്കിൽ PVT.HOSPITALകളിൽ FIVE STAR TREATMENT നടത്താം.
  നമ്മുടെ നാട്ടിലേയും ഇവിടുത്തേതുമായി ആരോഗ്യ പരിപാലനത്തിൽ ഞാൻ കണ്ട ഒരു വ്യത്യാസം."people's attitude towards their health problems"വളരെ normal ആയ ഒരു പ്രസവത്തിനു പോലും കുറഞ്ഞതു 3-4 ദിവസം ആശുപത്രി വാസം നിർബന്ധം ഉള്ള നമ്മുടെ നാട്‌..ഇവിടെ പ്രസവ സംബന്ധമായി അശുപത്രി വാസം 24 മണിക്കൂർ മാത്രമേ ഉള്ളു എന്നു പറയുമ്പോൾ അതിശയിച്ചു പോകും.നാട്ടിൽ ഒരു ചെറിയ പനി ആയി ആശുപത്രിയിൽ പോയാൽ കുറഞ്ഞത്‌ 1000 രൂപ മുതലാക്കത്‌ നമ്മേ വിടുമോ??.നല്ല ആശുപത്രി ഇല്ല നമ്മുടെ നാട്ടിൽ എന്നല്ല ഞാൻ പറഞ്ഞു വരുന്നതു.എന്റെ അഭിപ്രായത്തിൽ,നാട്ടിലേയും ഇവിടുത്തേയും ആശുപത്രിയിൽ ജോലി ചെയ്ത പരിചയത്തിൽ പറയട്ടെ.പണം വാങ്ങി ചികിത്സ നടത്തുന്ന നമ്മുടെ നാട്ടിലെ ആരോഗ്യ പരിപാലനവും,സൗജന്യ ചികിത്സ നടത്തുന്ന ഇവിടുതെ ആരോഗ്യ പരിപാലനവും compare ചെയ്യുവാൻ അൽപം പ്രയാസമാണു..ഒരു വർഷം മുൻപ്‌ ഇവിടെ പക്ഷി പനി വന്നപ്പോൾ ഇവിടുത്തെ ആരോഗ്യ മന്ത്രാലയം അതു കൈകാര്യം ചെയ്തത്‌ വളരെ പ്രശംസനീയം ആണല്ലോ...എന്നാൽ നമ്മുടെ നാട്ടിലോ?????.
  ഒരു നല്ല വൃത്തിയുള്ള,പൂർണ്ണമായി സൗജന്യ ചികിത്സ നടത്തുന്ന ഏതെങ്കിലും govt hospital നമുടെ നാട്ടിൽ ഉണ്ടോ?പല ഇടങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ല.ഇവിടുത്തെ അത്ര ഒന്നും ആയില്ല എങ്കിലും സാധുക്കൾക്ക്‌ എങ്കിലും കുറഞ്ഞ പക്ഷം ഒരു നല്ല ചികിത്സ ലഭിക്കുന്ന ഒരു govt ആശുപത്രി നമ്മുക്ക്‌ ഉണ്ടായിരുന്നു എങ്കിൽ എന്നു പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്‌

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. ദുരന്തങ്ങള്‍ നമുക്ക് ചുറ്റും ഒളിച്ചിരിപ്പുണ്ട്. നല്ല ലേഖനം. അഭിനന്ദനങ്ങള്‍

  ReplyDelete
 4. അവിടുത്തെ ഇപ്പോഴത്തെ അവസ്ഥ നന്നായി മനസിലാക്കുവാന്‍ ഈ പോസ്റ്റില്‍ കൂടി കഴിഞ്ഞു.മാധ്യമങ്ങളില്‍ നിന്നും അറിഞ്ഞതിനേക്കാള്‍ നന്നായി..

  മുകളില്‍ പറഞ്ഞിരിക്കുന്ന കമന്റും വായിച്ചു..ചില കാര്യങ്ങളില്‍ വിയോജിക്കാതെ വയ്യ. ആറു മാസം കൂടുമ്പോള്‍ നാട്ടില്‍ പോയി വരുന്ന ഒരു പ്രവാസിയാണ് ഞാനും. ഒരു സാധാരണ പനി വന്നാല്‍ ആയിരം രൂപ മുടക്കേണ്ട അവസ്ഥ നാട്ടിലുണ്ടെന്ന് തോന്നുന്നില്ല. നമ്മുടെ നാടും ന്യൂസീലാന്‍ഡ്‌ പോലുള്ള ഒരു രാജ്യവുമായി ഒരു താരതമ്യം തന്നെ ആവശ്യമുണ്ടെന്നും തോന്നുന്നില്ല. അതിനു കാരണം സാബു ചേട്ടന്‍ തന്നെ ഈ പോസ്റ്റില്‍ പറഞ്ഞിട്ടുമുണ്ടല്ലോ?‌‌ 38,863 ചതുരശ്ര കിലോമീറ്ററില് മൂന്ന് കോടിയിലധികം ആളുകള്‍ തിങ്ങി ഞെരുങ്ങി താമസിക്കുന്നതും 2,68,021 ചതുരശ്ര കിലോമീറ്ററില് നാല്‍പ്പത്തി മൂന്ന് ലക്ഷം ആളുകള്‍ താമസിക്കുന്നതും എങ്ങനെയാണ് നമുക്ക് താരതമ്യം ചെയ്യുവാന്‍ കഴിയുക. ആ ഒരു അവസ്ഥയില്‍ ആരോഗ്യമേഖലയില്‍ മാത്രമല്ല എല്ലാ മേഖലകളിലും ജനങ്ങള്‍ക്ക്‌ കിട്ടുന്ന സേവനങ്ങളില്‍ പ്രകടമായ മാറ്റം കാണും. വൃത്തിയുടെയും വെടിപ്പിന്റെയും കാര്യത്തില്‍ താന്കള്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. പക്ഷെ , ഏറ്റവും കുറഞ്ഞത് ഏഷ്യയില്‍ എങ്കിലും ചെലവ് കുറഞ്ഞതും മികച്ചതുമായ ഒരു ചികിത്സാ സൗകര്യം കിട്ടുന്ന സ്ഥലങ്ങളില്‍ ഒന്ന് നമ്മുടെ നാടായിരിക്കും എന്നുള്ളതില്‍ സംശയം ഇല്ല.

  ReplyDelete
 5. താങ്കളും കുടുംബവും സുഖം ആയി ഇരിക്കുന്നു
  എന്ന് അറിഞ്ഞതില്‍ സന്തോഷം.ഈ വാര്‍ത്ത‍ ഷെയര്‍
  ചെയ്തതിനു നന്ദി.

  ReplyDelete
 6. സാബുവെ കേരളത്തിലോട്ടു പോരെ. ഇതു വായിച്ചിട്ട് പേടി വരുന്നു.

  ReplyDelete
 7. സാബു വിവരങ്ങള്‍ക്ക് നന്ദി.

  ReplyDelete
 8. ചിത്രങ്ങൾ കണ്ടിട്ട് ആകെ പേടിയാവുന്നു,

  ReplyDelete
 9. nalla ezhuth.nalla chithrangal

  ReplyDelete
 10. കാര്യങ്ങള്‍ മുമ്പേ അറിഞ്ഞിരുന്നുവെങ്കിലും സാബുവിന്റെ നേര്‍വിവരണം വായിച്ചപ്പോള്‍ അതിന്റെ ഭയങ്കരത്വം അറിയുന്നു. (കേരളത്തെയും ന്യൂസിലാന്റിനെയും താരതമ്യപ്പെടുത്തുക സാദ്ധ്യമല്ല. പക്ഷെ മനുഷ്യരെയും അവരുടെ സാമൂഹ്യസ്വഭാവത്തെയും പ്രതികരണരീതിയെയും താരതമ്യപ്പെടുത്താം.)

  ReplyDelete
 11. വാർത്താമാധ്യമങ്ങളിൽ കൂടി ഈ ദുരന്തവാർത്തയുടെ കാഴച്ചകൾ കണ്ടെങ്കിലും ....ആ ഭൂകമ്പത്തിന്റെ ഭീകരതകളൂം ,രണ്ടു ദ്വീപുകളെ കുറിച്ചുള്ള വർണ്ണനകളും,നാടുമായുള്ള പല കമ്പയർ ചെയ്യലുകളും,വീഡിയൊ ലിങ്കുകളുമൊക്കെയായി അസ്സലായി എല്ലാ വിവരങ്ങളും വിവരിച്ചിരിക്കുന്നു....
  അഭിനന്ദനങ്ങൾ ..സാബു


  പിന്നെ ഇതിലെ ഏറ്റവും ഉഗ്രൻ ഭാഗം..
  ദേ ഇതാണ് കേട്ടൊ

  “അപ്പോൾ ശരിക്കും നമുക്ക്‌ എന്താണ്‌ നഷ്ടപ്പെട്ടത്‌ ?
  ധനം?
  സമാധാനം?
  സുരക്ഷിതത്വം?

  തെറ്റ്..... !
  നമുക്ക്‌ നഷ്ടപ്പെട്ടത്‌ നമ്മുടെ ശബ്ദമാണ്‌..
  ശരിയെന്തെന്നും, ന്യായം എന്തെന്നും ഉറക്കെ പറയാനുള്ള ശബ്ദം“

  ReplyDelete
 12. നല്ല അറിവുകൾ സാബു...
  നമ്മുടെ നാടിനെ അവരുമായി താരതമ്യപ്പെടുത്തുന്നതിൽ കാര്യമില്ല. അവർ ആയിരം രൂ‍പ ഒരാൾക്ക് വേണ്ടി ചിലവാക്കുമ്പോൾ നമ്മൾ അത്രയും രൂപകൊണ്ട് ചുരുങ്ങിയത് പത്തു പേരെയെങ്കിലും ചികിത്സിക്കണം.(ഒരു ഉദാഹരണം പറഞ്ഞതാണെ..)

  വിവരണവും ചിത്രങ്ങളും നന്നായിരിക്കുന്നു.
  ഇനിയും എഴുതുക.
  ആശംസകൾ...

  ReplyDelete
 13. ഭീതിയുണര്‍ത്തുന്ന കാഴ്ചകള്‍...!

  ReplyDelete
 14. ചിത്രങ്ങള്‍ പറയുന്നു അവിടുത്തെ അവസ്ഥ..എല്ലാം അധികം താമസിയാതെ പഴയപോലെ ആവും.. ഇന്ത്യയല്ലല്ലോ...

  ReplyDelete
 15. ഇനിയൊരിക്കലും ആ ഹരിതദ്വീപില്‍
  ഇങ്ങനെയൊന്നും സംഭവിക്കരുതേ.
  സാബു ഒരു ജേണലിസ്റ്റിന്റെ കര്‍മ്മം
  സത്യസന്ധമായി അനുഷ്ഠിച്ചു. നീഹാര
  ബിന്ദുക്കള്‍ ഒരു മികച്ച ജേണലായി.
  ഇവിടെയുള്ള പ്രസിദ്ധീകരണങ്ങള്‍ക്കു
  ഉത്തമ മാതൃകയുമായി.

  ReplyDelete
 16. അറിവിന്‍റെ നിറ സമൃദ്ധിക്കൊപ്പം ആലോചനകളും നിറച്ച പോസ്റ്റ്. വളരെ നന്നായി.

  ReplyDelete
 17. Thanks for the information..

  Nice comparison

  God Bless us

  ReplyDelete
 18. നമുക്ക്‌ നഷ്ടപ്പെട്ടത്‌ നമ്മുടെ ശബ്ദമാണ്‌..
  ശരിയെന്തെന്നും, ന്യായം എന്തെന്നും ഉറക്കെ പറയാനുള്ള ശബ്ദം..
  ***
  പ്രകൃതിയുടെ വികൃതിയിൽ മനുഷ്യൻ നിസ്സഹയനാണ്. എന്നാൽ അതിനേക്കാൾ വേദനയുണ്ടാകുന്നത് മനുഷ്യർ പരസ്പരം ജീവനെടുക്കുന്നതാണ്.

  എല്ലാ പ്രകൃതി ദുരന്തങ്ങളിൽ നിന്നും ദൈവം രക്ഷികട്ടെ..

  ReplyDelete
 19. ഒരു ദു:ഖത്തെ കുറിച്ച് ഒരു നല്ല ലേഖനം.

  ReplyDelete
 20. ഒരു പാട് പുതിയ അറിവുകൾ.. ചിത്രങ്ങൾ.
  നന്ദി..
  അഭിനന്ദനങ്ങൾ

  ReplyDelete
 21. ലേഖനം നന്നായി.
  ശബ്ദം നഷ്ടപ്പെട്ടുവെന്ന് വിളിച്ചു പറഞ്ഞതും നന്നായി.
  രാജ്യങ്ങളും സമ്പത്തും തമ്മിൽ ചേർച്ചയുണ്ടാവില്ല, പക്ഷെ, മനുഷ്യ സ്വഭാവങ്ങൾക്ക്, പ്രതികരണങ്ങൾക്ക് തമ്മിൽ ചേർച്ചയുണ്ടാവും അല്ലേ?

  ReplyDelete