Tuesday, 3 May 2011

രാധാമാധവം

ഭാരതീയരുടെ പ്രണയ സങ്കൽപ്പങ്ങളിൽ, കൃഷ്ണനും രാധയും എന്നും നിറഞ്ഞു നിൽക്കുന്നു, ഒരു അനശ്വര പ്രതീകമായി.

എന്റെ സങ്കൽപ്പങ്ങളിലെ, സ്വപ്നങ്ങളിലെ, പ്രണയ ചിന്തകളിലെ കൃഷ്ണൻ, അഹംബോധം (ego) ഇല്ലാത്ത, അപകർഷബോധം (complex) ഇല്ലാത്ത പൂർണ്ണ കാമുകനാണ്‌. ആത്മാവ്‌ കൊണ്ടും, ശരീരം കൊണ്ടും, മനസ്സ്‌ കൊണ്ടും മുഴുവനായി പ്രണയിക്കുന്ന, കാമിക്കുന്ന, രമിക്കുന്ന, പ്രണയത്തിലലിഞ്ഞു പ്രണയമായി മാറുന്ന കൃഷ്ണൻ.

ഇതൊരു സാഹിത്യ പരീക്ഷണമാണ്‌ (മറ്റു രചനകളെ പോലെ). ഒരു കാവ്യ നാടകം പോലെയോ, കവിത പോലെയോ..അറിയില്ല്ല. മനസ്സിൽ നിന്നും ഒഴുകി വന്ന സ്വപ്ന ചിത്രങ്ങൾ മഷിത്തുള്ളികളായി പതിയുന്നു..ഞാനതിവിടെ പകർത്തുന്നു, പങ്കു വെയ്ക്കുന്നു.


(വൃന്ദാവനം നിലാവിൽ നിറഞ്ഞിരിക്കുന്നു. വള്ളികൾ തൂങ്ങിയാടുന്ന, വലിയ ഒരു വൃക്ഷത്തിനു ചുവടെ, ഇറുത്തു വച്ച്‌ വെളുത്ത പൂക്കൾക്കു മുന്നിൽ രാധ. അവൾ കാത്തിരുന്ന് വിഷമിച്ചിരിക്കുന്നു. ക്ഷീണിതയായ അവൾ കണ്ണടച്ച്‌ വൃക്ഷത്തിൽ ചാരി ഇരിക്കുകയാണ്‌)

ഒരു മണിതെന്നലിൽ, ഒഴുകി വന്നപ്പോൾ,
ഒരു വേണു ഗാനം വൃന്ദാവനത്തിൽ.
മറവിലെ നിഴലിൽ, നിന്നു കാർവർണ്ണൻ,
ചിരി തൂകി വന്നിതാ, രാധതൻ മുന്നിൽ..

ഒരു മയിൽ പീലിയാലുഴിഞ്ഞു, കാർവർണ്ണൻ,
അരുണിമ പൂക്കുന്ന രാധതൻ ചുണ്ടിൽ..

(പീലി കൊണ്ടുള്ള തലോടലേറ്റ്‌, രാധ ഉണരുന്നു.
കണ്ണുകളിൽ പരിഭവമാണ്‌ എന്നാൽ മാധവനെ കണ്ടതിലെ സന്തോഷം രാധ മറച്ചു വെയ്ക്കുന്നുമില്ല.)

രാധ (അത്ഭുതത്തോടെ):
വൃന്ദാവനത്തിലെ പൂക്കളും കണ്ടില്ല,
കാളിന്ദിയാറ്റിലെ ഓളവും കേട്ടില്ല!
ഇവരാരുമറിയാതെ എങ്ങനെ നീയെന്റെ,
അരികത്തു വന്നുവെന്നൊന്നു ചൊല്ലൂ!

മാധവൻ:
ഒരു കൊച്ചു തെന്നലായരികത്തു വന്നു ഞാൻ,
പ്രണയിനീ നിനക്കെന്റെ ഹൃദയോപഹാരം!
ചുരുൾ മുടിക്കുള്ളിലൊളിപ്പിച്ചു വെച്ചയീ-
അഴകെഴും പീലിയിനി രാധയ്ക്ക്‌ സ്വന്തം!

(മാധവൻ നീട്ടിയ മയിൽ പീലി കണ്ട്‌)
രാധ:
ഈ മയിൽ പീലി ഞാനെന്തു ചെയ്‌വൂ?
എന്റെ ഹൃദയമൊരു പീലിയായ്‌ മാറിയെന്നേ!

(രാധ കെട്ടിയ പൂമാല കണ്ട്‌)
മാധവൻ:
ശോണിമയാർന്നു പോയി, നിൻ വിരൽത്തുമ്പുകൾ,
വാടി തളർന്നു പോയി പൂവിതൾ മേനിയും..
ഉഴിയാം ഞാൻ മൃദുവായി നിന്നുടെ ചരണമെൻ,
മടി മേലെ വെച്ചു നീ ഒന്നുറങ്ങൂ..

(വരുവാൻ താമസിച്ചതിന്റെ പരിഭവം രാധയ്ക്ക്‌ മാറുന്നില്ല)
രാധ:
പിരിയുമോ എന്നെ നീ, കനകാംഗിയൊരുവൾ,
പതിവായി വന്നു നിൻ മുന്നിൽ നിന്നാൽ?

മറുപടിയൊന്നുമെ പറയാതെ മാധവൻ,
മനതാരിലിങ്ങനെ ഓർത്തുവപ്പോൾ..

അറിയുന്നു നോവു ഞാൻ ഉള്ളിന്റെയുള്ളിൽ,
നിൻ മുനയുള്ള ചോദ്യം, കേൾക്കുമ്പൊഴൊക്കെയും..
മറുപടി ഒന്നുമേ ഇല്ലയെൻ പക്കൽ,
നീ അറിയാതെ പോകുന്നു, എൻ നിയോഗം..

(ചോദ്യത്തിനു മറുപടി പറയാതെ..)
മാധവൻ:
നിനക്കായി മാത്രമെൻ വേണുവൂതാം,
മയിലായി നമുക്കൊന്നു നൃത്തമാടാം.
തിങ്കളും വാനവും ഉള്ള കാലം വരെ,
നീയെന്റേതു മാത്രമെന്നോർത്തു വെയ്ക്കൂ.
മറക്കില്ല ഞാനെന്റെ ജന്മം മുഴുക്കെയും,
നിനക്കു ഞാൻ നൽകിയെൻ പ്രേമമെല്ലാം.

(രാധ ക്ഷീണിച്ചിരിക്കുന്നത്‌ കണ്ട്‌)
മാധവൻ:
രാജീവ നയനെ, നിൻ മിഴിപ്പൂവുകൾ
വാടിയതെങ്ങനെ ഞാൻ സഹിക്കും ?
തഴുകി തരാം ഞാൻ, നിൻ നയനങ്ങളെ,
മൃദുവായി എൻ മയിൽ പീലിയാലെ.

രാധ:
ഇല്ലയെൻ നാഥാ നിനക്കു ഞാനെന്റെയീ,
ജന്മം മുഴുക്കെയും കാത്തിരിക്കും.
നീയെന്റെ ചാരത്തു വന്നഞ്ഞപ്പോൾ,
മാറിയെൻ ക്ഷീണവും, ദാഹമെല്ലാം..

************************************

ചെമ്പനീർ പോലുള്ള രാധതൻ ചുണ്ടിൽ,
ചുംബനപ്പൂവൊന്നു ചേർത്തു വെച്ചു.
കാളിന്ദിയാറ്റിലെ കൽഹാരമെല്ലാം,
കണ്ണടച്ചപ്പൊഴാ കാഴ്ച്ച കാണാതെ.

കരിമുകിൽ വാനിലഴിഞ്ഞു വീണു,
കാർക്കൂന്തൽ മണ്ണിലഴിഞ്ഞു വീണു..
നക്ഷത്രമായിരം കൺ ചിമ്മിയപ്പോൾ..
ആയിരം പീലികൾ ഊർന്നു വീണു..

************************************

Post a Comment

31 comments:

 1. മനോഹരം..ലാളിത്യഭംഗിയോടെ നിര്‍മ്മലമായൊരു സ്നേഹാലിംഗനം..
  " നിനക്കായി മാത്രമെൻ വേണുവൂതാം,
  മയിലായി നമുക്കൊന്നു നൃത്തമാടാം.
  തിങ്കളും വാനവും ഉള്ള കാലം വരെ,
  നീയെന്റേതു മാത്രമെന്നോർത്തു വെയ്ക്കൂ.
  മറക്കില്ല ഞാനെന്റെ ജന്മം മുഴുക്കെയും,
  നിനക്കു ഞാൻ നൽകിയെൻ പ്രേമമെല്ലാം."
  ഈ വരികള്‍ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നു...

  ReplyDelete
 2. നന്നായിരിക്കുന്നു..ഒരു തിരക്കഥ പോലെ എഴുതിയ ഒരു കവിത വായിച്ചു കേട്ടാ...

  ReplyDelete
 3. പ്രണയഗീതം നന്നായിരിക്കുന്നു.
  അഭിനന്ദനം.

  ReplyDelete
 4. കാനനഛായയിൽ രാധാകൃഷ്ണന്‍..
  വളരെ ചേതോഹരമായ വരികളില്‍ വര്‍ണ്ണിച്ചപ്പോള്‍ ചിലയിടത്തൊക്കെ നാട്ടുരാധാകൃഷ്ണന്മാരായി.അതിലുമുണ്ടൊരു കവിതാ ചാരുത.

  ReplyDelete
 5. നന്നായിട്ടുണ്ട് രാധാ മാധവം.
  പ്രണയത്തിന്‍റെ പരിപൂര്‍ണതയില്‍നള ദമയന്തി,റോമിയോ -ജൂലിയറ്റ്,മാര്‍ക്ആന്റണി-ക്ലിഒപാട്ര,ഷാജഹാന്‍-മുംതാസ്...എന്നിങ്ങനെ ഒത്തിരി പ്രണയജോടികള്‍ ഉണ്ടെങ്കിലും..രാധാകൃഷ്ണ പ്രണയത്തോളം വരില്ല അവയൊന്നും...ആ ...ഭക്തിയോ...പ്രണയമോ.....രതി ലീലയോ....എന്തായിരിക്കും രുക്മണീ സമേധനായിട്ടും കള്ള കണ്ണന് ഇത്രമാത്രം ആരാധികമാരെ സ്രെഷ്ടിച്ചത്..???

  ReplyDelete
 6. ഉത്തമഗീതം...

  ReplyDelete
 7. നാടകാന്ത്യം

  കവിത്വം ...ഒരു

  പ്രണയ കാവ്യം

  നിയമത്തിന്റെ ചട്ടക്കൂടുകള്‍ ഇല്ലാതെ..

  ആശംസകള്‍ സാബു...

  ReplyDelete
 8. വളരെ നന്നായിരിക്കുന്നു സാബു

  ReplyDelete
 9. എക്സലന്റ്!! പറഞ്ഞതത്രയും സത്യം. രാധാകൃഷ്ണ പ്രണയസങ്കൽപ്പം മനോഹരമായി. അസ്സലായി.

  ReplyDelete
 10. ആഹാ സാബു മാഷേ ... ഇത് കൊള്ളാലോ സംഗതി !! ഒരു വറൈറ്റി ഉണ്ട് ആശംസകള്‍

  ReplyDelete
 11. പ്രണയം വരികളില്‍ പകര്‍ത്തി ..
  വരികളില്‍ നിറഞ്ഞു നില്‍ക്കുന്നു ആ ഭാവം..

  ക്ഷമിക്കണം.. ഞാന്‍ ഒരു കൃഷ്ണ ഭക്ത അല്ല..
  എന്നിട്ടും ലവ് യൂ കൃഷ്ണാ എന്ന് പറയാന്‍ തോന്നുന്നു ...

  ReplyDelete
 12. പ്രണയ സങ്കല്പം നന്നായിരിക്കുന്നു എനിക്കും ഒന്ന് പ്രണയിക്കണം

  ReplyDelete
 13. "അറിയുന്നു നോവു ഞാൻ ഉള്ളിന്റെയുള്ളിൽ,
  നിൻ മുനയുള്ള ചോദ്യം, കേൾക്കുമ്പൊഴൊക്കെയും..
  മറുപടി ഒന്നുമേ ഇല്ലയെൻ പക്കൽ,
  നീ അറിയാതെ പോകുന്നു, എൻ നിയോഗം."

  കൊള്ളാം ഈ പ്രണയ കാവ്യം...

  ReplyDelete
 14. varnichalum varnichalum theeraatha premagaadha.
  nannayirikkunnu chetta.

  ReplyDelete
 15. രാധ കൃഷ്ണ പ്രണയം നന്നായീട്ടോ ..
  പ്രണയം കടമ്പ്മരങ്ങളെ പൂവുകള്‍ കൊണ്ടു മൂടട്ടെ

  ആശംസകള്‍

  ReplyDelete
 16. ലളിതം മനോഹരം. അഭിനന്ദനങ്ങള്‍ :)

  ReplyDelete
 17. ആഹാ, കാളിന്ദീ തീരത്തെ പ്രണയോത്സവത്തിനായിരം കാണികള്‍ ആകാശത്ത്..

  ReplyDelete
 18. ശരിക്കും മനോഹരമായ വരികള്‍.അഭിനന്ദനങ്ങള്‍ ......

  ReplyDelete
 19. സാബുച്ചേട്ടാ... തകര്‍ത്തു. നല്ല രസമുള്ള വരികള്‍. സാധാരണ കവിതകള്‍ വലിയ ബുദ്ധിമുട്ടാണെയ്‌... ഇത് നല്ലത്. ലളിതം, സുന്ദരം, അര്‍ത്ഥപൂര്‍ണ്ണം. ഇങ്ങള് പുലിയാണ് കേട്ടാ...!സത്യായിട്ടും.

  ReplyDelete
 20. പ്രണയവും ഭക്തിയും അത്രയ്ക്കങ്ങോട്ട് പിടികിട്ടാത്ത വിഷയങ്ങളാണ്. പക്ഷേ ഇത് ഇഷ്ടപ്പെട്ടു. നല്ല വരികള്‍, പുതുമയുമുണ്ട്.

  ReplyDelete
 21. ഇഷ്ടായി മാഷേ...
  ലളിതം, സുന്ദരം....

  ReplyDelete
 22. വളരെ ഇഷ്ടപ്പെട്ടു

  ReplyDelete
 23. ഈ മനോഹരമായ പ്രണയ കാവ്യവും,
  ലാളിത്യമുള്ള അവതരണവും ഒത്തിരി ഇഷ്ടായി .....

  ReplyDelete
 24. This comment has been removed by the author.

  ReplyDelete
 25. നിറഞ്ഞാടിയിരിക്കുന്നു പ്രണയം..മനോഹരം ലാളിത്യമുള്ള വരികള്‍.. ആശംസകള്‍..

  ReplyDelete
 26. ഈ രാധാകൃഷ്ണ പ്രണയസങ്കൽപ്പം കൊള്ളാമല്ലോ ഭായ്

  ReplyDelete
 27. കൊള്ളാം നന്നായിട്ടുണ്ട്

  ReplyDelete
 28. സർവ്വം പ്രണയമയം...

  ReplyDelete
 29. പ്രണയ കേളിതന്നുന്നതിയിൽ വാക്കുകൾ ആവശ്യമില്ല..ചെറി ശില്ക്കാരാം പോലും ധാരാളം...രാധാമാധവം കൊള്ളാം കേട്ടോ..

  ReplyDelete
 30. വളരെ ലളിതമായതു കൊണ്ട് നന്നായിരിക്കുന്നു...
  ആശംസകൾ....

  ReplyDelete
 31. "Radhamadhavam"

  Kollam ,tto!

  ReplyDelete