Please use Firefox Browser for a good reading experience

Sunday, 7 October 2012

അഭയാർത്ഥിയുടെ വഴി


ബസ്സിൽ നിന്നിറങ്ങുമ്പോൾ അയാൾ വസ്ത്രങ്ങൾ നിറച്ച കറുത്ത ബാഗ് മുറുക്കെ പിടിച്ചു. റബ്ബർചെരിപ്പിട്ട കാലുകൾ നിലം തൊട്ടതും പിന്നിൽ ബെല്ല് രണ്ടു വട്ടം ശബ്ദിച്ചതു കേട്ടു. പുക തുപ്പി, ശപിക്കും പോലെ മുരണ്ട്, ബസ്സ് കുതിച്ച് ഇരുട്ടിനുള്ളിലേക്ക് പോയി. കുറച്ച് നേരം അതു നോക്കി നിന്ന ശേഷം അയാൾ നടന്നു തുടങ്ങി. ആകാശക്കറുപ്പ്‌ താഴേക്ക് പടർന്നു കഴിഞ്ഞിരുന്നു അപ്പോൾ. സമീപം കണ്ട കടയിലേക്ക് കയറുമ്പോൾ ശ്രദ്ധിച്ചു, കടക്കാരൻ കട പൂട്ടി വീട്ടിലേക്ക് മടങ്ങാനുള്ള തിരക്കിലാണ്‌.

‘ഒരു...സോഡ...എടുക്കാനുണ്ടാവുമോ?’
തനിക്ക് തന്നെ അപരിചിതമായി തുടങ്ങിയ, തളർന്ന ശബ്ദത്തിലയാൾ ചോദിച്ചു.
‘സോഡ മാത്രമാണേൽ തരാം...കട അടച്ചു’
തിരിഞ്ഞു നോക്കാതെ കടക്കാരന്റെ മറുപടി വന്നു.
‘മതി’
മൂടി മാറ്റി സോഡാക്കുപ്പി കൈമാറുന്നതിനിടയിൽ കടക്കാരൻ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു,
‘ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ...എവിടെന്നാ?’
അയാൾ പറഞ്ഞ മറുപടി കേട്ട് കടക്കാരന്റെ കണ്ണുകളിൽ സംശയം നിറഞ്ഞു.
‘അവിടെയല്ലെ...ഈയിടെ...’
അതിനയാൾ മറുപടിയൊന്നും പറയാതെ സോഡാക്കുപ്പി വായിലേക്ക് കമഴ്ത്തി.
ഏതാനും പേരുടെ അസഹിഷ്ണുത നിറഞ്ഞ പ്രവൃത്തികൾ കാരണം കലാപകലകൾ ഏറ്റുവാങ്ങിയ മണ്ണും മനുഷ്യരും...ഒരു നിമിഷമയാളോർത്തു.
‘ഇവിടെയെന്താ?’ കടക്കാരൻ ചോദിച്ചു.
‘എന്റെയൊരു അകന്ന ബന്ധുവുണ്ട്...’ അയാൾ അശ്രദ്ധമായൊരു മറുപടി കൊടുത്തു.
‘എന്താ നിങ്ങടെ പേര്‌?’
‘സനാഥൻ’
‘അനാഥനോ?’ കടക്കാരൻ തെല്ലത്ഭുതത്തോടെ ചോദിച്ചു.
‘അല്ല...സനാഥൻ’.
‘അതൊരു വല്ലാത്ത പേരാണല്ലൊ...’ എന്നു പറഞ്ഞു കടക്കാരൻ, മുഖം ഓർത്തുവെയ്ക്കാനെന്ന വണ്ണം അയാളെ സൂക്ഷിച്ചു നോക്കി നിന്നു.

കുറ്റിരോമം വളർന്ന് തുടങ്ങിയ കവിളിൽ, ഒഴുകിയിറങ്ങാനാവാതെ തടഞ്ഞു പോയ സോഡാവെള്ളത്തിന്റെ തുള്ളികൾ തുടച്ച് കളഞ്ഞ് സനാഥൻ പോക്കറ്റിൽ നിന്നും കുറച്ച് നോട്ടുകളെടുത്ത് കടക്കാരന്റെ മുന്നിൽ വെച്ചു.

കാലിയാക്കി വെച്ച സോഡാക്കുപ്പി അകത്തേക്കെടുത്ത് വെച്ച് കടക്കാരൻ കടയുടെ അവസാനത്തെ പാളിയെടുത്ത് തിരിഞ്ഞു. സനാഥൻ യാത്ര പറഞ്ഞു നടന്നു. അവിടവിടെ മാത്രമേ വൈദ്യുതി വിളക്കുകൾ ഉണ്ടായിരുന്നുള്ളൂ. ചുറ്റുമുള്ള ഇരുട്ടിനെയകറ്റാൻ വിഫലശ്രമം നടത്തുന്ന വഴിവിളക്കുകൾ. മേഘങ്ങൾക്കിടയിൽ വെള്ളിക്കാവടിയുടെ ഒരു ഭാഗം മാത്രം കാണാം. ആ കാഴ്ച്ചയും മൂടാനെന്ന വണ്ണം ഒരു വലിയ മേഘശകലം പതിയെ ഒഴുകി വരുന്നു. നടക്കുന്നതിനിടയിൽ സനാഥൻ ഭയത്തോടെ ചുറ്റും നോക്കിക്കൊണ്ടിരുന്നു. ജനിച്ചു വീഴുമ്പോൾ ഭയന്നു കരയുന്നു. മരണമടുക്കുമ്പോഴും ഭയം വന്നു നിറയുന്നു. ആദ്യത്തേയും അവസാനത്തേയും മനുഷ്യവികാരം അതാവണമെന്നയാൾക്ക് തോന്നി.

ഇരുട്ട് പുതച്ചുറങ്ങുന്ന തെരുവുവീഥികൾ. വഴി തിരിച്ചറിയാൻ നല്ല ബുദ്ധിമുട്ടുണ്ട്. ഫോണിലൂടെ പറഞ്ഞു തന്ന അടയാളങ്ങളനുസരിച്ച് അയാൾ നടന്നു കൊണ്ടിരുന്നു. ബസ്സിറങ്ങിയ കവലയിൽ നിന്നാൽ കാണാവുന്ന ഗ്രന്ഥശാലയുടെ സമീപത്തു കൂടി പോയാൽ ഇടതുവശത്തേക്ക് കയറി പോകുന്ന ആദ്യത്തെ വഴി. അതിനു ശേഷം മുന്നോട്ട് പോയാൽ ഒരു ചെറിയ കാവ്‌. എല്ലാം പറഞ്ഞതു പോലെ തന്നെ. പക്ഷെ മങ്ങിയ വഴിവിളക്കുകൾ വഴിതെറ്റിക്കുമോ എന്നു ആശങ്കയുണ്ട്.

നിലാവിനെ പൂർണ്ണമായും മറച്ചു കൊണ്ട് മേഘങ്ങൾ ആകാശം നിറഞ്ഞു. അങ്ങിങ്ങായി തുറിച്ചു നോക്കുന്ന നക്ഷത്രങ്ങൾ മാത്രമായി രാത്രിക്ക് കാവൽ. കാഴ്ച കൂടുതൽ ദുഷ്ക്കരമായി. അവിടവിടെ നിന്ന് നായകളുടെ ഓരിയിടൽ കേൾക്കുന്നുണ്ട്. അവ ഓടിപാഞ്ഞ് വന്ന് അപരിചിതനായ തന്നെ കടിച്ചു മുറിവേല്പ്പിക്കുമോ എന്നയാൾ ഭയപ്പെട്ടു.

നടക്കുന്നതിനിടയിൽ ചില ശബ്ദങ്ങൾ കേട്ടതു പോലെ തോന്നി...ഓടിയടുക്കുന്ന കാലടി ശബ്ദങ്ങൾ. ശബ്ദങ്ങളെ ഇപ്പോൾ ഭയമാണ്‌. പ്രത്യേകിച്ചും കൂട്ടമായി പിന്തുടരുന്ന കാലടി ശബ്ദങ്ങൾ. തൊട്ടു മുൻപിലായി കണ്ട അടച്ചിട്ട ഒരു പെട്ടിക്കടയുടെ മറവിലേക്കൊതുങ്ങി. സമീപമുള്ള പോസ്റ്റിൽ ഏതോ കാട്ടുവള്ളികൾ പടർന്നുകയറിയിട്ട് ലക്ഷ്യമറിയാതെ മുകളിലേക്ക് നീണ്ടു നിൽപ്പുണ്ടായിരുന്നു.

ആദ്യം ഓടി വന്നത് ഒരു ചെറുപ്പക്കാരനായിരുന്നു. രണ്ട് കൈകളുമുയർത്തി, നിലവിളിച്ചു കൊണ്ട്, അതിവേഗത്തിലാണ്‌ അയാൾ വന്നത്. പ്രാണരക്ഷാർഥം എവിടെയെങ്കിലും ഓടി രക്ഷപ്പെടാനാണ്‌ അയാൾ പായുന്നതെന്ന് വ്യക്തമാണ്‌. പിന്നാലെ ഏഴോ എട്ടോ പേർ കൂടി വന്നു. അവരുടെ കൈകളിലെല്ലാം പലതരം ആയുധങ്ങളുണ്ടായിരുന്നു. വാളുകൾ, കത്തികൾ, വലിയ മരക്കഷ്ണങ്ങൾ... ഓടി വന്നയാൾ പിന്നാലെ വന്ന കൂട്ടത്തെ ഒരു വട്ടം തിരിഞ്ഞു നോക്കാൻ ശ്രമം നടത്തുകയും പെട്ടെന്ന് നില തെറ്റി വീഴുകയും ചെയ്തു. സനാഥനിരിക്കുന്നതിനു മുൻപിലായിട്ട്‌ ആണയാൾ ഉരുണ്ട് പിരണ്ട് വന്നു വീണത്. ഞെട്ടലോടെ പിന്നോക്കം ഇരുട്ടിലേക്ക് മാറുന്നതിനിടയിൽ സനാഥൻ കണ്ടു, പിന്നാലെ വന്നവർ വീണു കിടക്കുന്നയാളുടെ മേൽ ക്രൗര്യത്തോടെ, കടുത്ത പക തീർക്കും പോലെ ആയുധങ്ങൾ പ്രയോഗിക്കുന്നത്.
ഛക്ക്...ഛക്ക്...ഛക്ക്...ഛക്ക്...
പച്ചമാംസത്തിൽ വെട്ടുകൾ വീഴുന്ന ശബ്ദം. നിലവിളി അവസാനിച്ചിട്ടും, ചതഞ്ഞ മാംസത്തിൽ വെട്ടുകൾ വീഴുന്ന ശബ്ദം തുടർന്നു. വീണു കിടന്നയാൾ ചോര നിറഞ്ഞ മാംസക്കട്ടയായി കിടന്നു ഒന്നു രണ്ടു വട്ടം പിടച്ചു. വായിലൂടെ രക്തം പതഞ്ഞ് പുറത്തേക്ക് തെറിച്ചു കൊണ്ടിരുന്നു. ഒന്നു ഞരങ്ങിയ ശേഷം ആ ചുവന്ന മനുഷ്യകഷ്ണം നിശ്ചലമായി. ഇര നിശ്ചലമായെന്നുറപ്പായപ്പോൾ വന്ന വഴി തന്നെ കൂട്ടം വേഗത്തിൽ ഓടിപ്പോയി.

സനാഥൻ വിറച്ചു കൊണ്ടിരുന്നു. ഭയം കഴുത്ത് മുറുക്കിയത് കൊണ്ട് നിലവിളി ശബ്ദം പോലും അയാളിൽ നിന്ന് പുറത്തു വന്നില്ല. എന്തിനാണവർ ഇയാളെ ഇങ്ങനെ...ഒരു മനുഷ്യനെങ്ങനെ മറ്റൊരു മനുഷ്യനെ...ഇത്രയും ക്രൂരമായി... എത്ര പെട്ടെന്നാണവർ ഇരുട്ടിൽ മറഞ്ഞത്...ആരാണവർ? സനാഥൻ അടുത്ത് ചെന്ന് നോക്കി. മുഖം തിരിച്ചറിയാനാവാത്ത വിധം കൊത്തിയരിഞ്ഞിരിക്കുന്നു...തല പിളർന്നു പോയിരിക്കുന്നു. കൈകാലുകൾ അറ്റു പോയിരിക്കുന്നു... ഞെട്ടിത്തെറിച്ച് പിന്നോക്കം മാറിയപ്പോൾ സനാഥൻ കണ്ടു, തന്റെ ചെരുപ്പുകളിൽ ചോര പുരണ്ടിരിക്കുന്നു. മുന്നിൽ കിടക്കുന്ന മനുഷ്യജീവിയുടെ രക്തത്തിലാണ്‌ താൻ ചവിട്ടി നില്ക്കുന്നത്! സർവശക്തിയുമെടുത്ത് അയാൾ മുന്നിലേക്കോടി. ഇരുട്ട് വീണു കിടന്ന വഴികളിലൂടെ അയാൾ ഓടി കൊണ്ടിരുന്നു. കിതച്ചു തുടങ്ങിയപ്പോൾ അടുത്തു കണ്ട ഒരു പോസ്റ്റിൽ കൈ താങ്ങി നിന്നു. താൻ വഴി മാറി വന്നിരിക്കുന്നു. ശ്ശെ! എത്ര ഭീരുവാണ്‌ താൻ. ഒരു പക്ഷെ ആ മനുഷ്യനിൽ ജീവന്റെ ഒരു കണികയെങ്കിലും ബാക്കി നില്പ്പുണ്ടാവും. അയാളെ എത്രയും വേഗം ഒരാശുപത്രിയിൽ എത്തിച്ചാൽ... സനാഥൻ തിരിഞ്ഞ്, വന്ന വഴിയെ ഓടി തുടങ്ങി. അയാളുടെ ശരീരമാകെ വിയർപ്പു നിറഞ്ഞു. ഭയവും ഉത്കണ്ഠയും കാരണം ഹൃദയം അതിവേഗത്തിൽ മിടിക്കാൻ തുടങ്ങിയിരുന്നു.

തിരികെ വന്ന അയാൾ ആ പാത മുഴുവനും തിരഞ്ഞു. എന്നാൽ മുറിവേറ്റ ശരീരം അവിടെങ്ങും കാണുവാൻ കഴിഞ്ഞില്ല. താൻ അഭയം പ്രാപിച്ച പഴയ പെട്ടിക്കടയ്ക്കടുത്ത് തന്നെയാണിപ്പോൾ നില്ക്കുന്നത്. പോസ്റ്റും, പടർന്നു കയറിയ വള്ളിയും...എല്ലാം അതു പോലെ തന്നെ...എന്നാൽ വഴി ശൂന്യമായിരിക്കുന്നു. അവിടെ അശരണരെ പോലെ ചില കരിയിലകളല്ലാതെ മറ്റൊന്നുമില്ല. ചോരപ്പാടുകളോ ഒരാക്രമണം നടന്ന ലക്ഷണങ്ങളോ ഇല്ല. സനാഥൻ ഉടൻ തന്റെ ചെരിപ്പുകൾ പരിശോധിച്ചു. ഇല്ല, ചെരുപ്പുകളിലും ചുവന്ന പാടുകളൊന്നുമില്ല. അപ്പോൾ താൻ കണ്ടതെല്ലാം...? മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ കൊണ്ട് മനസ്സ് പകിട കളിക്കുകയാണോ?

സംശയങ്ങൾ നിറഞ്ഞ്, ആകെ കുഴഞ്ഞു പോയ മനസ്സുമായി സനാഥൻ വീണ്ടും നടന്നു തുടങ്ങി. എത്രയും വേഗം എത്തിച്ചേരണം. ഫോണിൽ കൂടി പറഞ്ഞു തന്ന വഴികൾ ഓർത്തെടുത്ത് അയാൾ ലക്ഷ്യസ്ഥാനത്തെത്തിച്ചേർന്നു. വീടിന്റെ വാതിൽ തുറന്ന് വീട്ടുകാരൻ കുറച്ച് നേരം സനാഥനെ തന്നെ നോക്കി നിന്നു.
‘ഞാൻ...സനാഥൻ...’
‘ങാ...വാ, നീയാകെ മാറി പോയല്ലോ...ലാസ്റ്റ് ബസ്സും പോയപ്പൊ ഞാൻ വിചാരിച്ചു നീയിനി നാളേ വരുവുള്ളൂന്ന്...എന്താ ലേറ്റായത്?’ പരിചയഭാവത്തിൽ വീട്ടുകാരൻ സംസാരിച്ചു തുടങ്ങി.
‘അത്...വഴീല്‌ ബസ് ബ്രേക്ക്ഡൗണായി...’
‘ഓ...നീ ആദ്യം ഒന്നും ഫ്രഷായിട്ട് വാ...എന്നിട്ട് സംസാരിക്കാം...ഞാൻ മുറി കാണിച്ചു തരാം‘

അകത്തെ മുറിയിലേക്ക് നടക്കുമ്പോൾ, മേശയുടെ അരികിൽ നില്ക്കുന്ന വീട്ടുകാരത്തിയും അവരുടെ സാരിയുടെ മറവിൽ നില്ക്കുന്ന കൊച്ചു പെൺകുട്ടിയേയും കണ്ടു. സനാഥൻ ഒന്നു ചിരിക്കാൻ ശ്രമിച്ചു. ശേഷം വീട്ടുകാരനെ അനുഗമിച്ചു.

രണ്ട് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഒരു തവണ പോലും അയാൾ വീടിനു പുറത്തേക്കിറങ്ങുകയുണ്ടായില്ല. ദിവസവും പത്രങ്ങൾ വായിക്കുകയും, മുറിയിൽ കണ്ട പുസ്തകങ്ങൾ വായിച്ചു കൊണ്ടിരിക്കുകയും ചെയ്തു. എന്നാൽ മൂന്നാം നാൾ വൈകുന്നേരം മുഷിവ് അയാളെ പുറത്തേക്ക് നടത്തിക്കുക തന്നെ ചെയ്തു.

ലക്ഷ്യമേതുമില്ലാതെ നടക്കുമ്പോൾ ചിന്തകൾ മാത്രമായി കൂട്ടിന്‌. ചിന്തകളുടെ കൈപിടിച്ച് ചോദ്യങ്ങളും. നാട് വിട്ടതു മുതൽ അനുഗമിക്കുന്ന സൈര്യക്കേട്. അസഹിഷ്ണുതയുടെ ആളിക്കത്തലിന്റെ തുടക്കമെവിടെയാവും? വിശ്വാസികളെ തമ്മിലടിപ്പിക്കുന്നതും കലാപങ്ങൾക്ക് തുടക്കമിടുന്നതും വിശ്വാസികൾ തന്നെയല്ലെ? ആണ്ടോടാണ്ട് ഒരു ആചാരം പോലെ ദുരന്തങ്ങളുടെ ഓർമ്മനാൾ അനുഷ്ടിക്കുന്നതെന്തിനാണ്‌? മറക്കാനാഗ്രഹിക്കുന്നതൊക്കെയും ഓർമ്മപ്പെടുത്തുന്നത് ആരാണ്‌? രൂപം കൊണ്ടു മാത്രം മനുഷ്യരെന്നു തോന്നിപ്പിക്കുന്നവർ...മുറിവുകൾ ഉണങ്ങാൻ അനുവദിക്കാത്തവർ...
ചിന്തകളെ വിടുവിച്ച് കളയാനെന്നവണ്ണം അയാൾ തല കുടഞ്ഞു.

സനാഥൻ ഒരു ബൂത്തിൽ കയറി ഫോൺ ചെയ്തു. എന്നാൽ ഉദ്ദേശിച്ച ആളുമായി സംസാരിക്കാനായില്ല. നിരാശയോടെ അയാൾ വീണ്ടും നടന്നു. ഇപ്പോഴെന്താവും തന്റെ നാട്ടിൽ? അവൾ...അവളിപ്പോഴെവിടെയാകും? താനൊരു ഭീരുവാണ്‌. സ്വന്തം രക്ഷ മാത്രം... പക്ഷെ തനിക്കവളെ ഒന്നു കാണാൻ കൂടി കഴിഞ്ഞില്ലല്ലോ. ഇതെല്ലാം താൻ തന്നെ കണ്ടെത്തുന്ന മുടന്തൻ ന്യായങ്ങളല്ലെ? ഒരുപക്ഷെ ചെന്നു വിളിച്ചിരുന്നെങ്കിൽ...

വീണ്ടുമയാൾ മുഖങ്ങളെ കുറിച്ചോർത്തു. പൈശാചിക രംഗങ്ങളുമായി കാഴ്ച്ച പരിചയിച്ചു കഴിഞ്ഞിരിക്കുന്നു. മുറവിളികളും മുറിവുകളും പരിചിത കാഴ്ച്ചകളായി മാറിയിരിക്കുന്നു. മുറിവേറ്റവർക്ക് ഒരു പേരേയുള്ളൂ - ഇരകൾ...പ്രദർശനവസ്തുക്കൾ. അവരെ വേട്ടയാടുന്നത് അവരുടെ തന്നെ ഓർമ്മകളും, ചുറ്റുമുള്ള മനുഷ്യർ എന്ന പേരുള്ള ഇരുകാലിവർഗ്ഗവും...ഇരുട്ട് വീണു തുടങ്ങുമ്പോൾ, അകലെ ക്ഷേത്രത്തിൽ നിന്നുമുയർന്ന മണിശബ്ദം കേട്ടു.

മുണ്ടിൻത്തുമ്പ് ഇടംകൈ കൊണ്ട് പിടിച്ച് ഇരുട്ട് വീണ വഴിയിലൂടെ സനാഥൻ നടന്നു. കുറേ ദൂരം നടന്നപ്പോൾ തനിക്ക് പിന്നിൽ കാലടി ശബ്ദങ്ങൾ കേട്ട് അയാൾ തിരിഞ്ഞു. മുടി അഴിച്ചിട്ട ഒരു യുവതി തന്റെ നേർക്ക് ഓടി വരുന്നു. അവൾ സനാഥനു സമീപം വന്ന്‌ പരിഭ്രാന്തിയോടെ പറഞ്ഞു,
‘അയ്യോ! എന്നെ രക്ഷിക്കണേ...ഓരാളെന്നെ പിടിക്കാൻ വരുന്നു...’
സനാഥൻ പൊളിഞ്ഞു കിടന്ന കെട്ടിടം ചൂണ്ടിക്കാട്ടി കൊണ്ട് പറഞ്ഞു,
‘അങ്ങോട്ട് കേറി നിക്ക്! വേഗം!’
അവൾ പുല്ലുകൾക്കിടയിലൂടെ വേഗമോടി കെട്ടിടത്തിനുള്ളിലേക്ക് മറഞ്ഞു.

തൊട്ടടുത്ത നിമിഷം ഒരു മധ്യവസ്ക്കൻ ആ വഴി ഓടി വന്നു. അയാൾ നല്ലതു പോലെ കിതയ്ക്കുന്നുണ്ടായിരുന്നു. അയാളുടെ കണ്ണുകൾ വഴി മുഴുവൻ തിരയുന്നുണ്ടായിരുന്നു. സനാഥന്റെ സമീപം വന്നു നിന്ന് അയാൾ ചുറ്റും നോക്കിയ ശേഷം മുന്നിലേക്കോടി പോയി.

കുറച്ച് നേരം കൂടി സനാഥൻ അവിടെ തന്നെ നിന്നു. തനിക്ക് ഒരു പെൺകുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞിരിക്കുന്നു! എന്തിനാവണം അവൾ ഇയാളിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചത്? എന്തായിരുന്നു അയാളുടെ ഉദ്ദേശ്യം? ചുറ്റും ഒന്നു കൂടി നോക്കിയ ശേഷം സനാഥൻ പുല്ലുകൾക്കിടയിലൂടെ പഴയ കെട്ടിടത്തിലേക്ക് നടന്നു. വെറും ഒരു മുറി മാത്രമുള്ള ഒരു കെട്ടിടമായിരുന്നു അത്. പഴയ ഒരു കടയോ മറ്റോ ആയിരുന്നിരിക്കണമത്. അകം മുഴുവൻ ഇരുട്ട്.
‘ഇറങ്ങി വാ...അയാള്‌ പോയി’ ശബ്ദം താഴ്ത്തി പറഞ്ഞു.
ഇല്ല, ഒരു കാൽപെരുമാറ്റം കൂടിയില്ല. അകത്തേക്ക് ഒരു ചുവട് വെച്ചു. വേണ്ട...ആളനക്കമില്ലാതെ കിടന്ന ഇടമാണ്‌...വല്ല പാമ്പോ മറ്റോ...പെട്ടെന്നോർത്തു, തന്റെ പോക്കറ്റിൽ ഒരു തീപ്പെട്ടി കിടക്കുന്ന കാര്യം. അയാളൊരു തീപ്പെട്ടി കൊള്ളിയുരച്ചു. തൽക്ഷണം പ്രകാശം ഇരുട്ടിനെ പുറത്താക്കി. പക്ഷെ എവിടെ അവൾ? അവിടാരുമുണ്ടായിരുന്നില്ല. കുറച്ച് നേരം ആ വെളിച്ചം അവിടെ തങ്ങി നിന്നു. തീപ്പെട്ടി അണഞ്ഞയുടൻ ഇരുട്ട് വീണ്ടുമവിടെ നിറഞ്ഞു.

സനാഥൻ ചിന്താക്കുഴപ്പത്തിലായി. കുറച്ച് മുൻപ് താൻ തന്നെയാണ്‌ രക്ഷയ്ക്കായുള്ള വഴി ആ പെൺകുട്ടിക്ക് കാട്ടി കൊടുത്തത്. പക്ഷെ ഇപ്പോൾ അവൾ ശൂന്യതയിൽ പുക മായും പോലെ അപ്രത്യക്ഷയായിരിക്കുന്നു. ശരിക്കും അവൾ തന്നോട് രക്ഷയ്ക്ക് അപേക്ഷിച്ചിട്ടില്ലെന്നുണ്ടോ? തന്നേയും കടന്ന് പോയ മധ്യവസ്ക്കൻ...അയാൾ അവളെ തിരഞ്ഞു ഈ വഴി വീണ്ടും വരേണ്ടതാണല്ലോ...അയാളേയും കാണുന്നില്ല. സനാഥൻ സാവധാനം വീട്ടിലേക്ക് നടക്കാനാരംഭിച്ചു. തനിക്കെന്തോ സംഭവിച്ചിരിക്കുന്നു. മറക്കാനാവാത്ത കാഴ്ച്ചകൾ കൺമുന്നിൽ തെളിഞ്ഞു മറയുന്നു. മിഥ്യയും യാഥാർത്ഥ്യവും തിരിച്ചറിയാനാവാത്ത വിധം തന്റെ മനസ്സ് സഞ്ചാരമാരംഭിച്ചിരിക്കുന്നോ എന്നയാൾക്ക് സംശയമായി.

നേരമിരുട്ടുന്നതിനു മുൻപായി സനാഥൻ വീട്ടിലെത്തി. താൻ വരുന്നതും കാത്തിരിക്കുകയായിരുന്നു വീട്ടുകാരൻ എന്നു സനാഥനു തോന്നി. വീട്ടുകാരൻ ഉത്കണ്ഠയോടെ സനാഥനോടു ചോദിച്ചു,
‘നീ ഇവിടുത്തെ നമ്പർ ആർക്കെങ്കിലും കൊടുത്തിരുന്നോ?’
സനാഥൻ ഓർത്തു നോക്കി. ശരിയാണ്‌... ഒരാൾക്ക് കൊടുത്തിരുന്നു. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ മാത്രം വിളിക്കാനായി.
‘ങാ...ഒരാൾക്ക്...’
‘ഒരു ബിനു...നിന്നെ അന്വേഷിച്ചു...ഈ...സനൂഷ ആരാണ്‌?...ആ കുട്ടി ഇപ്പോഴും മിസ്സിംഗ് ആണെന്ന്‌ പറയാൻ പറഞ്ഞു’

സനാഥന്റെ കണ്ണുകളിൽ ഭയം നിറയുന്നത് വീട്ടുകാരൻ ശ്രദ്ധിച്ചു.
‘സനൂഷ...എനിക്കറിയാവുന്ന ഒരു കുട്ടിയാണ്‌...’ അത്‌ മാത്രം പറഞ്ഞിട്ട് സനാഥൻ സാവധാനം തിരിഞ്ഞു മുറിയിലേക്ക് നടന്നു.

രാത്രി ഭക്ഷണം കഴിക്കുമ്പോൾ ആരും ഒന്നും തന്നെ സംസാരിക്കുകയുണ്ടായില്ല. വീട്ടുകാരി സനാഥന്റെ നേരെ നോക്കുക കൂടിയുണ്ടായില്ല. പെൺകുട്ടി ഉല്ലാസവതിയായി ഇരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു. വന്ന ആദ്യത്തെ ദിവസം മാത്രമെ വീട്ടുകാരത്തി സനാഥനോട് സംസാരിച്ചിരുന്നുള്ളൂ. സനാഥൻ സംസാരിക്കാൻ വിമുഖത കാട്ടിയതു കൊണ്ട് ആരും അയാളോട് സംസാരിക്കാൻ താത്പര്യം കാണിച്ചതുമില്ല.

രാത്രി കിടക്കയിൽ കിടന്നെങ്കിലും സനാഥനു കൈയ്യിലെടുത്ത പുസ്തകം വായിക്കുവാനോ, ഉറങ്ങാനോ കഴിഞ്ഞിരുന്നില്ല. അയാൾ അസ്വസ്ഥമായ ചിന്തകളുടെ നടുവിൽ പെട്ടു പോയിരുന്നു.

തൊണ്ട ദാഹിച്ചു വരണ്ട്‌ പോയിരിക്കുന്നു. കുറച്ച് വെള്ളം കുടിക്കാനായി അയാൾ എഴുന്നേറ്റു ഊണു മുറിയിലേക്ക് നടന്നു. അവിടെ ജഗ്ഗിൽ പതിമുഖമിട്ട് തിളപ്പിച്ച വെള്ളം നിറച്ചു വെച്ചിട്ടുണ്ട്. അപ്പോഴാണ്‌ സനാഥൻ ആ സംസാരം കേൾക്കാനിടയായത്. അതല്പം ഉച്ചത്തിലായിരുന്നു.
‘ഇവനിവിടെ എത്ര നാളാ...എനിക്കെന്തോ കുഴപ്പം തോന്നുന്നു’
‘ഏയ് കുറച്ചു ദിവസം കൂടിയെ കാണൂ...’
‘കണ്ടില്ലെ അവൻ ഇവിടുത്തെ നമ്പർ ആർക്കൊക്കെയോ കൊടുത്തിരിക്കുന്നത്... നാളെ ആരെങ്കിലും ഇവിടെ വരുമെന്നാ തോന്നുന്നത്...നാട്ടിൽ എന്ത്‌ പുകിലൊപ്പിച്ചിട്ടാ വന്നിരിക്കുന്നതെന്നെങ്ങനെയറിയാം?’
‘നീയെന്തിനാ ആവശ്യമില്ലാതെ പേടിക്കുന്നത്?’
‘ഇവിടെ ഞാനും നമ്മടെ മോളും മാത്രമേ ഉള്ളൂ...നിങ്ങൾക്ക് അവനോടൊന്ന്‌ സംസാരിച്ചൂടെ?‘
’എന്ത്‌ സംസാരിക്കാൻ?‘
’അവന്റെ നാട്ടിൽ തന്നെ പൊയ്ക്കോള്ളാൻ...‘
’നിനക്കങ്ങനെയൊക്കെ പറയാം... നിനക്കറിഞ്ഞൂടാ, എനിക്കവന്റെ അച്ഛനോട് തീരാത്ത കടപ്പാടുണ്ട്...‘
’എന്നും പറഞ്ഞ്, വഴീല്‌ പോണ വയ്യാവേലിയൊക്കെ തലേലെടുത്ത് വെയ്ക്കണോ?‘

സനാഥൻ വേഗം തിരിഞ്ഞു നടന്നു. തെറ്റ്...ഇത്രയും കേട്ടത് തന്നെ തെറ്റ്...തനിക്ക് ദാഹിച്ചതും തെറ്റ്... മുറിയിൽ ചെന്ന് അയാൾ കസേരയിൽ കുറച്ച് നേരമിരുന്നു. എന്തോ ആലോചിച്ചിരുന്ന ശേഷം മേശപ്പുറത്ത് കിടന്ന കടലാസ്സിൽ അയാൾ കുത്തിക്കുറിക്കാൻ തുടങ്ങി. എഴുതിയ കടലാസ് അയാൾ മുൻവശത്തെ മേശപ്പുറത്ത് എല്ലാവരും കാണത്തക്ക വിധത്തിൽ തന്നെ വെച്ച ശേഷം എഴുന്നേറ്റ്‌ മുറിയിലേക്ക് പോയി.

തന്റെ കറുത്ത ബാഗ് തോളിലേക്ക് വലിച്ചിട്ട് അയാൾ ശബ്ദമുണ്ടാവാത്ത വിധം വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. മുകളിലേക്ക് നോക്കുമ്പോൾ കണ്ടു, രാത്രികമ്പളത്തിനുള്ളിൽ നിന്ന്‌, തന്നെ തുറിച്ചു നോക്കുന്ന ഭയം നിറഞ്ഞ നക്ഷത്രക്കണ്ണുകൾ...അനാഥരുടേതു പോലെ...അഗതികളുടേതു പോലെ...അഭയാർഥികളുടേതു പോലെ... അയാൾ ഇരുട്ടിലേക്കിറങ്ങി നടന്നു.
എവിടേക്കാണ്‌ യാത്ര?
ഏതാണ്‌ അഭയാർത്ഥികളുടെ വഴി?
ആർക്കും വേണ്ടാത്തവർ എവിടേക്കാണ്‌ പോകുന്നത്?
സനാഥൻ ഇരുട്ടിലൂടെ നടന്നു, ലക്ഷ്യമില്ലാതെ.

Post a Comment

26 comments:

  1. കൊള്ളാം മാഷെ പറഞ്ഞു പോയ രീതി. പക്ഷെ കഥ എവിടേം എത്താത്ത ഒരു ഫീല്‍ തോന്നി... (എനിക്ക് തോന്നിയതാവാം )

    ReplyDelete
  2. പറഞ്ഞ രീതി വളരെ നന്നായിരിക്കുന്നു. അയാളുടെ ഓരോ ചലനവും വായിക്കുമ്പോൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ വായനക്കാർക്ക് തോന്നിപ്പിക്കാൻ തോന്നുന്ന വിധം, വായനക്കാരിലേക്ക് ആ ഉദ്വേഗം കോറിയിടാൻ സാബ്വേട്ടന് കഴിഞ്ഞിരിക്കുന്നു. പിന്നെ ഇതിനൊരു തുടക്കവും അവസാനവും ഇല്ലാ എന്നുള്ളത് ഒരു പോരായ്മയായി തോന്നിയില്ല. കാരൺഅം ഇപ്പോഴത്തെ പല സിനിമകളും അങ്ങനാണല്ലോ ? ജീവിതത്തിൽ നമ്മൾ കടന്നു പോകുന്ന ഒരു കാര്യം,അല്ലേൽ കുറച്ച് സമയത്തെ ജീവിതം. അതൊക്കെയാണല്ലോ ഇപ്പോഴത്തെ സിനിമ,അപ്പോൾ കഹ്ഹയും നമുക്കുൾക്കൊള്ളാം. ആശംസകൾ.

    ReplyDelete
  3. വളരെ ഒതുക്കത്തില്‍ എഴുതിയ വര്‍ത്തമാനകാലത്തിന്റെ കഥ.പക്ഷെ,സനാഥനൊപ്പം സഞ്ചരിക്കുമ്പോള്‍ ഒരെത്തും പിടിയും കിട്ടാത്തയിടത്ത് ചെന്നെത്തിയപ്പോലെയും.

    ReplyDelete
  4. കഥ നന്ന്, ഇന്റ്രസ്റ്റിംങ്ങ് ആയിരുന്നു. പക്ഷേ എന്താണു കാര്യമെന്ന് വായനക്കാരൻ തീരുമാനിക്കാൻ കരുതിക്കൂട്ടി എഴുതിയതാണോ ? :)

    ReplyDelete
  5. എവിടേം എത്തീല...

    ReplyDelete
  6. സാബു, കഥ നന്നായിരിക്കുന്നു. നമുക്കൊക്കെ ഇക്കാലത്ത്‌ ഉള്ള, എന്താണെന്ന്‌ കൃത്യമായി മനസ്സിലാക്കാന്‍ കഴിയാത്ത ആധികള്‍.

    ReplyDelete
  7. അവസാനം അറിയാന്‍ ഒരു ആകാംഷ , കഥ നന്നായിട്ടുണ്ട്

    ReplyDelete
  8. സാബു...കഥ ഇഷ്ടപ്പെട്ടു.....ഇന്നിന്റെ യാഥര്ത്യങ്ങളെ വളരെ
    ഭംഗി ആയി വരച്ചു കാട്ടി..നഷ്ട്ടപ്പെട്ട സഹ ജീവികളുടെ മരണവും
    തിരോധാനവും മനസ്സില്‍ പേറി അലയുന്ന മനസ്സിന്റെ വിഹ്വലതയും
    അല്പം സമാധാനം തേടി,തനിക്ക് അഭയം ആകും എന്ന് കരുതി എത്തപ്പെട്ട
    ഇടത്താവളം തിരസ്കൃതം ആവുന്ന അവസ്ഥയും വ്യക്തമായി തന്നെ
    പ്രതിഫലിപ്പിച്ചു...ആ വീട്ടുകാരിയുടെ മനോ നിലയും വളരെ സ്വാഭാവികമായ അവതരണം...കഥയുടെ ആദ്യവും അന്ത്യവും വായനയില്‍ നിന്ന് വളരെ വ്യക്തം ആണ്..ഇടയ്ക്കു നിന്നുള്ള വായന എന്ന് തോന്നിപ്പിക്കുന്നതും കഥാകാരന്റെ എഴുത്തിന്റെ മേന്മ ആയി ഞാന്‍ കാണുന്നു...അഭിനന്ദനങ്ങള്‍...

    ReplyDelete
  9. മികച്ച കഥ.. നല്ല ഭാഷ. നല്ല അവതരണം. കഥയില്‍ പറഞ്ഞ പല കാഴ്ചകളും കാലിക പ്രസക്തം. പക്ഷെ സനാഥന്‍ എന്ന കഥാപാത്രം എന്ത് ലക്‌ഷ്യം വെക്കുന്നു എന്ന് അവസാനത്തിലും എനിക്ക് മനസ്സിലായില്ല. എന്റെ വായനയുടെ പോരായ്മ ആണോ എന്നറിയില്ല.

    ReplyDelete
  10. സനാഥൻ എന്ന കഥാപാത്രത്തിന്റെ അവതരണം കൊണ്ട് എന്താണ് ലക്ഷ്യം വച്ചത്...? ചുറ്റുപാടുകൾ വരച്ചത് നന്നായിട്ടുണ്ട്. സനൂഷ മിസ്സിങ്ങാകാൻ കാരണക്കാരനാണ് സനാഥൻ എന്ന ഒരു തോന്നലും ഉണ്ടാക്കി..

    ReplyDelete
  11. ingane yathrayude lakshyam vyakthamaakaaththaethrayethra kathaanthyangal...avatharanareethi valare istaayi.

    ReplyDelete
    Replies
    1. ഒരു അപൂര്‍ണത അനുഭവപ്പെടുന്നു. എങ്കിലും മനസിന്റെ വിഭ്രമാത്മകത ചിത്രീകരിച്ചിരിക്കുന്നത് വിദഗ്ദമായി തന്നെയെന്ന് പറയാതെ വയ്യ.

      Delete
  12. ആധുനിക കേരളത്തിന്റെ നേര്കാഴ്ചയായ ദൃശ്യങ്ങള്‍. ., സനാധന്റെ മനസ്സ്‌ പിടിതരാതെ ഒളിച്ചുകളിക്കുന്നു. കുറച്ചുകൂടി വ്യക്തത ആവാമായിരുന്നു.മനസ്സില്‍ ഒട്ടേറെ സന്ദേഹങ്ങള്‍ ബാക്കിയാക്കി കഥ പൂര്‍ണമാവുന്നു.

    ReplyDelete
  13. സാബു ...ആദ്യം വളരെ interesting ആയിരുന്നു ..

    പക്ഷെ അവസാന ഭാഗത്തില്‍ ഒരു missing

    feel ചെയ്തു ...എന്തൊക്കെയോ എവിടെയൊക്കെയോ

    ചേരാത്തത് പോലെ ..പറഞ്ഞു നിറുത്തിയത്.. വായനക്കാരെ

    ഒരു കണ്‍ഫ്യൂഷന്‍ നില്‍ കൊണ്ടെത്തിച്ചത് പോലെ ...

    ആശംസകള്‍

    ReplyDelete
  14. ഒരു സാബുവേട്ടൻ ഫീൽ ഒക്കെ കഥക്ക ഉണ്ട്, അതി എങ്ങും പോയിട്ടില്ല
    പറയാതെ പലതും പറയുന്ന ചില വരികളും അവസാനം വായനക്കാരന്ന് വിട്ട് കൊടുത്ത് ആർക്കും എത്തിപിടിക്കാൻ കഴിയാത്ത ഒരു എഴുത്ത്
    ആശംസകൾ

    ReplyDelete
  15. കഥ ഇഷ്ടപ്പെട്ടു...വളരെ നാളായി ഒരു സാബുക്കഥ വായിച്ചിട്ട്...ബാക്കി പോസ്റ്റുകളും വായിക്കണം.
    അഭിനന്ദനങ്ങള്‍ കേട്ടോ...സനാഥന്‍ എന്ന പേരിനു പ്രത്യേകം അഭിനന്ദനം.

    ReplyDelete
  16. കഥയുടെ ശൈലി വളരെ പഴകിയ ഒന്നായിട്ടാണ് എനിക്ക് തോന്നിയത്!! ഒരു നോവലിന്റെ അല്ലെങ്കില്‍ വലിയൊരു കഥയെ പോലെ ചുറ്റിലുമുള്ള കാഴ്ചകളെയെല്ലാം ഉപമിച്ച് വിശദീകരിക്കുന്ന രീതിയായിട്ട്!!

    ReplyDelete
  17. നന്നായിരിക്കുന്നു ഈ വിത്യസ്തമായ ശൈലി.
    ആശംസകള്‍

    ReplyDelete
  18. ചില കാര്യങ്ങൾ പറയാതിരിക്കുമ്പോഴാണ് വായനക്കാരന് അതിന്റെ തീവ്രത അനുഭവിക്കാനാവുന്നത്. ഈ കഥയിലും സാബു അത് കാട്ടിത്തരുന്നുണ്ട്.

    ReplyDelete
  19. അല്ലേലും മുഴുവന്‍ പറഞ്ഞാല്‍ പിന്നെ എന്തൂട്ട് ത്രില്ല് അല്ലേ....
    കുറച്ചൊക്കെ വായനക്കാരന്റെ ഭാവനക്കും പണി കൊടുക്കണ്ടേ...

    - അടുത്ത എഴുത്തും പ്രതീക്ഷിച്ചു കൊണ്ട്.......

    ReplyDelete
  20. എഴുത്തിന്റെ അവതരണവും രീതിയുമെല്ലാം നല്ലതു. പക്ഷേ കഥയാകെ അവ്യക്തതയുടെ മൂടുപടം പോലെ.

    ReplyDelete
  21. haiii valaree interesting ayya story,sanathanan oru nigoodathayulla manushyanano something strange ,i think avasanam it revealed but....
    very good attempt bhaiiii bst wishes

    ReplyDelete
  22. തുടക്കം നന്നായിരുന്നു .കഥാപാത്രത്തിന്റെ പേര് ,സ്വഭാവം വരച്ചുകാട്ടിയത് ഒക്കെ നന്നായി . പക്ഷെ അവസാനം ഒന്നും പിടികിട്ടിയില്ല .അപൂര്‍ണമായത് പോലെ തോന്നി .

    ReplyDelete
  23. I fully agree with Vinodkumar Thallassery. If Sabu wanted to express a seen, the story would have become a REPORT. But, I think, he wanted to share a feeling. If I am right, 100% justified. Good. We expect more.

    ReplyDelete
  24. വായിച്ചിട്ട് ഒരു തൃപ്തി കിട്ടിയില്ല

    ReplyDelete