Please use Firefox Browser for a good reading experience

Friday 10 April 2015

നിലയ്ക്കാതെ ചിലത്

ഇന്നുമാ മനുഷ്യൻ പറയുന്നത് മുഴുവനും കേൾക്കേണ്ടി വന്നു. കേൾക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. എന്തു കൊണ്ടാണ്‌ സമയത്തിനെത്തിച്ചേരാനാവാതെ പോയത്?. ചോദിച്ചതും ശരി പറഞ്ഞതും ശരി. സ്വന്തം ചോറിനോടൽപ്പം കൂറ്‌..ആ വാചകത്തിനു ശരിക്കും നല്ല മൂർച്ചയുണ്ടായിരുന്നു..മുറിഞ്ഞു ചോര പൊടിഞ്ഞു..മോശം..വളരെ മോശമായി പോയി. എല്ലാത്തിനുമില്ലെ ഒരവസാനം?. ഒരാളുടെ ക്ഷമ പരീക്ഷിക്കുന്നതിലും വലിയ ദ്രോഹം വേറെന്താണ്‌?. ഒടുവിലത്തെ ആ ചോദ്യം - ‘തനിക്ക് ലജ്ജ തോന്നുന്നില്ലെ?’. ശരിയാണ്‌ ശരിക്കും ലജ്ജ തോന്നുന്നുണ്ട്.

അയാൾ തെറ്റുപറ്റിയതെവിടെയെന്നു തിരയാൻ തീരുമാനിച്ചു.
തുടക്കമെവിടെയാണ്‌?. ചിന്തകളെ പിന്നിലേക്കോടിച്ചു. കാരണം കണ്ടെത്താനുള്ള വ്യഗ്രതയോടെ. ഓട്ടം ചെന്നു നിന്നത് ചുവരിൽ പത്ത് മുപ്പത്തിയേഴിൽ അവസാന ശ്വാസമെടുത്ത ഒരു ക്ലോക്കിലാണ്‌. കാരണം കണ്ടു പിടിച്ചപ്പോൾ നല്ല ആശ്വാസം തോന്നുന്നു. ദിവസങ്ങൾക്ക് മുൻപെന്നോ മിടിപ്പ് നിന്നു പോയതാണത്. പുതിയൊരു ബാറ്ററി വാങ്ങിയിട്ടതായിരുന്നല്ലോ. യന്ത്രങ്ങളുടെ ആയുസ്സ് ആർക്കാണ്‌ നിശ്ചയം?. മരണകാരണം കണ്ടു പിടിക്കാൻ ആർക്കുണ്ട് നേരം?. പകരക്കാരനെ അതേയിടത്ത് സ്ഥാപിക്കുക. ഇതിന്റെ ജീവന്റെ തെളിവും ചലനം തന്നെ. സൂചികളുടെ ചലനം - അതാണ്‌ തെളിവ്‌. ഒരോ മിടിപ്പിലും ഒരു ചുവട് മുന്നോട്ട്. മനുഷ്യരെ പോലയല്ല. മനുഷ്യർ മിടിപ്പുണ്ടായിട്ടും ചലിക്കാത്ത വെറും യന്ത്രങ്ങളാണ്‌.

ചുവരിനോട് ചേർന്ന്, ആണിയിൽ തൂങ്ങി കിടന്ന ക്ലോക്കിനെ ശ്രദ്ധയോടെ ഉയർത്തിയെടുത്തു. മറവിയും മടിയും - എത്ര മാരകമായ സങ്കലനം!. പകരക്കാരനെ കൊണ്ടു വന്നേ മതിയാവൂ. അതിൽ മറവിക്കോ മടിക്കോ ഇടം പാടില്ല. വൈകിട്ട് വരുമ്പോൾ വാങ്ങണം. അയാൾ മറക്കാതിരിക്കാൻ ഒരു ചെറിയ കടലാസിൽ ‘ക്ലോക്ക്’ എന്നെഴുതി പോക്കറ്റിലിട്ടു. സമയം വിളിച്ചറിയിക്കാനറിയാത്തവന്റെ സ്ഥാനം ഇനി ചവറ്റുകൂടയിലാണ്‌. സമയത്തിന്റെ വിലയറിയാത്തവനാണ്‌ സമയദോഷം.

സുഹൃത്തുക്കളാരും തന്നെ ഇല്ലായിരുന്നു അയാൾക്ക്. അതു കൊണ്ട് തന്നെ ജോലി കഴിഞ്ഞു നേരെ വീട്ടിലേക്ക് തന്നെയാണ്‌ വരിക. പിറ്റേന്ന് ജോലി സ്ഥലത്ത് നിന്നും തിരിച്ചു വരുമ്പോൾ അയാളുടെ ശ്രദ്ധ ഒരു തെരുവു കച്ചവടക്കാരന്റെ ശബ്ദത്തിൽ കുടുങ്ങി. നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ഒരു തലേക്കെട്ടുകാരൻ ഉച്ചത്തിൽ വിളിച്ചു കൂവുന്നു. ‘ഏതെടുത്താലും പത്തു രൂപ’. ആരുടെ ശ്രദ്ധയിലും കൊളുത്തു വീഴാൻ പാകത്തിലുള്ള പരസ്യവാചകം.  അയാൾ ആളുകൾ വട്ടം കൂടി നിൽക്കുന്നിടത്തേക്ക് പോയി. ആത്മനിയന്ത്രണം! ആത്മനിയന്ത്രണം! - സ്വയം താക്കീത് ചെയ്യുകയും ചെയ്തു. വില കുറവെന്ന് കേട്ട് തികച്ചും അനാവശ്യമായ ഒരു വസ്തു വാങ്ങരുത്. അനാവശ്യമായ വസ്തുക്കൾ വിൽക്കുന്നതിലാണ്‌ ഒരു കച്ചവടക്കാരന്റെ വിജയം. ആവശ്യവും അത്യാവശ്യവും തമ്മിലുള്ള വ്യത്യാസമറിയാത്ത ചില ‘ബലഹീന’രെയാണിവർ നോട്ടമിടുന്നത്. ഈ തന്ത്രങ്ങളെ കുറിച്ച് താൻ പഠിച്ചിട്ടുള്ളതാണ്‌. ബുദ്ധിമാനായ താനാ കെണിയിൽ വീഴരുത്. അയാൾ തറയിൽ വിരിപ്പിലമർന്നിരിക്കുന്ന വസ്തുക്കളിലൂടെ കണ്ണോടിച്ചു. മിക്കതും പ്ലാസ്റ്റിക് സാധനങ്ങൾ. പിന്നെ ചില ചില്ലറ ഉപകരണങ്ങൾ, വില കുറഞ്ഞ ഇലക്ട്രോണിക് വാച്ചുകൾ.. കച്ചവടക്കാരനിരിക്കുന്നതിനു സമീപം വട്ടത്തിൽ ഒരു വസ്തു കാണാൻ കഴിഞ്ഞു. അവിടെ നിന്നും കാഴ്ച്ച മുന്നോട്ട് നീങ്ങാൻ വിസമ്മതിച്ചു . ഒരു ക്ളോക്ക്. കറുത്ത് ഫ്രെയിമുള്ള ഒരു ക്ലോക്ക്. അകത്ത് ഒരു ഭൂപടത്തിന്റെ ചിത്രമുണ്ട്. പഴകിയ ഒരു പേപ്പറിന്റെ നിറമാണതിന്‌. ചെമ്പ് നിറമുള്ള സൂചികൾ. അയാൾ ക്ലോക്കിലേക്ക് വിരൽ ചൂണ്ടി. ക്ലോക്ക് കൈയ്യിൽ വെച്ച് തിരിച്ചും മറിച്ചും നോക്കുമ്പോൾ ആരോ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നലുണ്ടായി. തിരിഞ്ഞു നോക്കുമ്പോൾ ചിതറിയ തലമുടിയും, തെറിച്ച താടിയുമായി ഒരാൾ തല വിലങ്ങനെ ചലിപ്പിച്ചു ‘വേണ്ട’ എന്ന് താക്കീത് തരുന്നത് കണ്ടു. ഭ്രാന്തൻ!. ഇപ്പോൾ കവലകളിൽ ഭ്രാന്തന്മാരുടെ എണ്ണം കൂടിയിരിക്കുന്നു. ഒരോ വർഷവും അവരുടെ എണ്ണമാണ്‌ കൂടി വരുന്നത്. ഇതു ശ്രദ്ധിക്കാനാർക്ക് സമയം?. ഭ്രാന്തന്മാരെ നാടു കടത്തിയാൽ ശേഷിക്കുന്നവർ മുഴുവൻ ഭ്രാന്തില്ലാത്തവരെന്നു പറയാൻ കഴിയുമോ?. ആർക്കറിയാം?. അയാൾ ക്ലോക്കിലേക്ക് ശ്രദ്ധ പിടിച്ചു വലിച്ചിട്ടു.

കച്ചവടക്കാരൻ പണം വാങ്ങുമ്പോഴും ബാക്കി കൊടുക്കുമ്പോഴും ഉച്ചത്തിലുള്ള പരസ്യം നിർത്തിയില്ല. സമയത്തിന്റെ വിലയറിയുന്ന വില്പനക്കാരൻ. പത്തു രൂപയ്ക്ക് മനോഹരമായൊരു ക്ലോക്ക് താൻ സ്വന്തമാക്കിയിരിക്കുന്നു. ഇതിൽ ലാഭവുമില്ല നഷ്ടവുമില്ല. ലാഭമില്ലാത്ത കച്ചവടമുണ്ടോ?. ഉണ്ടാവില്ല. എങ്കിലും ഇപ്പോഴുള്ള തന്റെ സാമ്പത്തിക സ്ഥിതിയും ആവശ്യവും ചേർത്തു വെച്ചാൽ, ഈ വാങ്ങൽ നഷ്ടമെന്നു പറയാനാവില്ല. ഏതൊരു ഉപഭോക്താവിനെ പോലെയും അയാളും താൻ വാങ്ങിയത് ലാഭത്തിനാണെന്ന് സ്വയം വിശ്വസിപ്പിച്ചു.

വീട്ടിൽ ചെന്നയുടൻ കടലാസ് പൊതി ഊരിയെറിഞ്ഞ്, ക്ലോക്കിനെ ചുവരിൽ സ്ഥാപിച്ചു. മനോഹരം!. ഈ ചുവരിനു വേണ്ടി ഉണ്ടാക്കിയ ക്ലോക്കാണോ അതോ ക്ലോക്കിനായി മാത്രം എന്നോ ഒരിക്കൽ നിർമ്മിക്കപ്പെട്ട ചുവരോ?. എല്ലാം എന്തിനോ വേണ്ടി കാത്തിരിക്കുന്നുണ്ടാവും. ഇതിനിവിടെയാണ്‌ സ്ഥാനം. ഇതിലും കൃത്യമായൊരിടം വേറെയില്ല.

അയാൾ രണ്ടടി പിന്നോക്കം മാറി നിന്ന് അതിൽ കണ്ണു കൊണ്ട് നാല്‌ കുരിശ് വരച്ച് നിരപ്പ് കൃത്യമാണോയെന്നു പരിശോധിച്ചു. എല്ലാം കൃത്യം. ആഹ്ലാദത്തോടെ അതിലേക്ക് തന്നെ നോക്കി നിന്നു. വലിയ സൂചി ലംബാവസ്ഥയിലെത്തിയതും മണിശബ്ദമുയർന്നു. ആഹാ! എത്ര ഇമ്പമുള്ള ശബ്ദം. ഈ ശബ്ദമാണ്‌ മുറിക്കുള്ളിൽ നിറയേണ്ടത്. എന്തു കൊണ്ട് ഇതു കണ്ടെത്താനിത്ര വൈകി?. ഇതിനെ താനല്ല കണ്ടെത്തിയതെന്നും ഇതു തന്നെയാണ്‌ കണ്ടെത്തിയതെന്നും അയാൾക്ക് തോന്നി. അതും ശരിയാവില്ല. കൃത്യമായൊരു മുഹൂർത്തത്തിൽ കണ്ടുമുട്ടേണ്ടവർ കണ്ടുമുട്ടി. അതല്ലെ സത്യം?. ഉറങ്ങാൻ കിടക്കുന്നതിനും മുൻപ് അതിലേക്ക് തന്നെ അല്പനേരം നോക്കി ഇരുന്നു. മിടിപ്പ് ആസ്വദിച്ചു കൊണ്ട്. ഒരു വേള തോന്നി തന്റെ ഹൃദയമിടിപ്പും അതിന്റെ മിടിപ്പും ഒരേ വേഗതയിൽ, ഒരു പോലെ മിടിക്കുകയാണെന്ന്. അന്നയാളുടെ ഉറക്കം തികച്ചും പൂർണ്ണമായിരുന്നു. സ്വപ്നങ്ങൾ തീണ്ടാത്ത ഉറക്കം.

മണിശബ്ദം കേട്ടാണുണർന്നത്.
ഇങ്ങനെ വേണം ഉണരാൻ. നിദ്ര വിട്ട് പൂർണ്ണബോധാവസ്ഥയിലേക്ക് വരുമ്പോൾ ആദ്യം കേൾക്കേണ്ട ശബ്ദം ഇതു തന്നെയാവണം!. അയാൾ കണ്ണുകൾ മുഴുവനായും തുറക്കാതെ ആ ശബ്ദമാസ്വദിച്ചു. അന്നത്തെ ദിവസം അയാൾക്ക് ഭാഗ്യങ്ങളുടേതായിരുന്നു. കൃത്യസമയത്ത് തന്നെ ജോലിസ്ഥലത്ത് എത്തിച്ചേരാനും ഉന്മേഷത്തോടു കൂടി തന്നെ ഏല്പിച്ചതെല്ലാം തീർക്കുവാനും സാധിച്ചു. തിരികെ വരുമ്പോൾ അയാൾ തന്റെ ദിവസം ഇത്രയും വിജയപൂർണ്ണമായതെന്തെന്ന് അത്ഭുതപ്പെട്ടു. എല്ലാം ഒരു പക്ഷെ രാവിലെ തന്നെ ഉണർത്തിയ മണിശബ്ദം കാരണമാവുമൊ?. ഒരു സുപ്രഭാതത്തിൽ എങ്ങനെയാണ്‌ ജീവിതം മുഴുവനായും മറ്റൊരു പാതയിലൂടെ മാറി സഞ്ചരിക്കുന്നത്?. വൈകുന്നേരം ചായ ഉണ്ടാക്കി ഊതി കുടിക്കുമ്പോഴും ഇടയ്ക്കിടെ ക്ലോക്കിലേക്ക് നോക്കാതിരിക്കാനയാൾക്ക് സാധിച്ചില്ല. അതിന്റ് ടിക് ടിക് എന്ന ശബ്ദം ഒരു താളത്തിൽ നയിക്കുന്നു. താളമാണ്‌ പ്രധാനം. ഇതിനു മുൻപവിടം അലങ്കരിച്ചിരുന്ന ക്ലോക്കിനു നാവില്ലായിരുന്നു, അതിന്റെ മിടിപ്പ് ശബ്ദം കേട്ടിട്ടു കൂടിയില്ലായിരുന്നു. വെറുതെ സമയം കൃത്യമായി കാട്ടിയതു കൊണ്ടെന്തുപകാരം?.

ദിവസങ്ങൾ കഴിയും തോറും അയാളുടെ ചിന്തകളുടെ അറകളിൽ ക്ലോക്കിന്റെ ശബ്ദം നിറഞ്ഞു വന്നു. തന്റെ ഇപ്പോഴുള്ള ജീവിതത്തിന്റെ ഒരോ നിമിഷവും നിയന്ത്രിക്കുന്നത് ആ ഒരു ക്ളോക്കാണെന്ന് വരെ തോന്നി തുടങ്ങിയിരിക്കുന്നു. രാവിലെ ബസ് സ്റ്റോപ്പിലേക്ക് അയാൾ ചെല്ലുന്നത് ക്ലോക്ക് ഉപദേശിച്ച സമയത്താണ്‌. രാത്രി ഉറങ്ങാൻ പോവുന്നതും ക്ലോക്ക് പറയുന്നത് കേട്ടു തന്നെ.  അമിതശ്രദ്ധയുടെ പുറം ചാരി ഇരിക്കുന്നത് ആത്മസംഘർഷമാണോ എന്നയാൾക്ക് സംശയമുണ്ടാകാൻ കാരണം ഏതാനും ആഴ്ച്ചകൾക്ക് ശേഷമുണ്ടായൊരു ചെറിയ സംഭവമാണ്‌. ആ ഒരു സംഭവത്തെ പ്രത്യക്ഷത്തിൽ തന്റെ ഘടികാരചിന്തകളുമായി കൂട്ടിക്കെട്ടാനാദ്യം അയാൾ മടിച്ചു. പക്ഷെ പുനർ ചിന്തകളുടെ കോലാഹലവും ഇഴ കീറി പരിശോധിക്കലുമൊക്കെ കഴിഞ്ഞപ്പോൾ അയാൾക്ക് താനിതു വരെ കാണാതെ പോയ ചിലതുണ്ടെന്നു തോന്നി തുടങ്ങി. സംഭവമിതാണ്‌ - രാവിലെ പതിവു പോലെ സമയത്തിനു തന്നെ ഒരുങ്ങിയിറങ്ങിയതായിരുന്നു. ബസ്സ്റ്റോപ്പിലേക്ക് നടക്കുകയും ചെയ്തു. എന്നാൽ എവിടെയൊ എന്തോ ഒരു തെറ്റു സംഭവിച്ചിരിക്കുന്നു എന്ന് സംശയം. സ്റ്റോപ്പിലേക്ക് വരുന്ന ബസ്സുകൾ.. എല്ലാം പതിവിലും നേരത്തെ വരുന്നു. താനിന്ന് നേരത്തെ വന്നുവോ?. വാച്ചു കെട്ടിയ കൈകളിലേക്ക് പാളി നോക്കണമെന്നയാൾക്കു അതിയായ ആഗ്രഹമുണ്ടായി. വേണ്ട, അതു തന്റെ ക്ലോക്കിനോടുള്ള വിശ്വാസവഞ്ചനയാവും. താനൊരു അപരിചിതനോട് സമയമന്വേഷിക്കുന്നത് എങ്ങനെയാണ്‌ അടച്ചിട്ട വീട്ടിനുള്ളിലെ മുറിയിൽ തൂങ്ങുന്ന ക്ളോക്കറിയുക?. അല്ല! താൻ ആരേയാണ്‌ ഭയക്കുന്നത്?. താൻ ശരിക്കും ഒരു അടിമയായിരിക്കുന്നു!. പിച്ചിയെറിഞ്ഞ ആയിരം കടലാസ് കഷ്ണങ്ങൾ മുഖത്ത് വന്നു വീണ അനുഭവം. ഇതനുവദിച്ചു കൂടാ!. തന്റെ സ്വാതന്ത്ര്യമാണ്‌ താനറിയാതെ പണയപ്പെട്ടിരിക്കുന്നത്!. ആ ദിവസം അയാൾ മനപ്പൂർവ്വം തന്റെ പതിവു ബസ്സിൽ കയറിയില്ല. വളരെ കാലത്തിനു ശേഷം മേലുദ്യോഗസ്ഥന്റെ വക ഒരു ചെറിയ താക്കീത് കേൾക്കേണ്ടിയും വന്നു. പക്ഷെ അതിലയാൾക്കൽപം പോലും മനോവേദന തോന്നിയില്ല എന്നതായിരുന്നു സത്യം. പകരം സമയമാപിനിയോട് പകരംവീട്ടിയ ഒരു സുഖം അനുഭവിക്കുകയും ചെയ്തു!.

വൈകിട്ട് വീട്ടിലേക്ക് വന്നു കയറുമ്പോൾ ക്ലോക്കിലേക്ക് നോക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു. ഒന്നു നോക്കി പോയാൽ ഒരു പക്ഷെ താൻ ആ കെണിയിൽ വീണു പോകാൻ സാധ്യതയുണ്ട്. ഒഴിവാക്കണം. ഒഴിഞ്ഞു മാറണം. സ്വാതന്ത്ര്യം..അതാണ്‌ വലുത്.

അന്നാദ്യമായി, രാത്രി ക്ലോക്കിന്റെ ജീവശബ്ദം അയാളെ ഉറക്കത്തിൽ നിന്നു നിരന്തരം വിളിച്ചുണർത്തി. അസഹ്യമായിരിക്കുന്നു ആ ശബ്ദമിപ്പോൾ. അയാൾ തലയിണകൾ കൊണ്ട് ചെവികൾ പൊത്തി കിടക്കാൻ ശ്രമിച്ചു. തുണികൾക്കിടയിലൂടെ, പഞ്ഞിയുടെ മൃദുലമായ തുണ്ടുകൾക്കിടയിലൂടെ നുഴഞ്ഞു വന്ന് ആ മിടിപ്പ് ശബ്ദം അയാളെ കൃത്യമായ ഇടവേളകളിൽ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഒരു വേള തന്റെ കേൾവിശക്തി പൂർണ്ണമായും ഇല്ലാതായാൽ പോലും ആ ശബ്ദം തനിക്ക് കേൾക്കാതിരിക്കാൻ കഴിയില്ല എന്നയാൾക്ക് തോന്നി. ശ്രദ്ധ ഒഴിവാക്കുന്നതിലായി പോകുന്നു തന്റെ ശ്രദ്ധ മുഴുക്കേയും..എന്തു കൊണ്ടാണങ്ങനെ?. ആ മിടിപ്പ് ശബ്ദം ശ്രദ്ധിച്ചു കിടക്കുമ്പോൾ ഉറങ്ങാൻ താമസം നേരിടുന്നു. ഒരു പക്ഷെ താൻ ഉറക്കത്തിലേക്ക് നീളുന്ന പടികളിലൂടെ താളത്തിലാവില്ല ഇറങ്ങി പോവുന്നത്. താളമില്ലാത്ത ജീവിതത്തിനെ കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ ക്ലോക്കിന്റെ മിടിപ്പ് ശബ്ദം പതിവിലും ഉച്ചത്തിലാണെന്നയാൾക്ക് തോന്നി. ആ ഒറ്റമുറിയിൽ നിന്ന് ആ ക്ലോക്കിനെ മാറ്റി പ്രതിഷ്ഠിക്കാൻ അയാളുടെ മനസ്സനുവദിച്ചുമില്ല. ഉറക്കമില്ലായ്മയേക്കാൾ അയാളെ അലോസരപ്പെടുത്തിയത് താൻ ഒരു പരാജിതനായല്ലോ എന്നൊരു ചിന്തയായിരുന്നു. അർദ്ധരാത്രി വരെ മിടിപ്പ് ശബ്ദം ശ്രവിച്ച് ഒടുവിൽ തളർന്ന് എങ്ങനെയോ ഉറക്കത്തിലേക്ക് വീണു പോവുകയാണ്‌. പിറ്റേന്ന് ജോലിസ്ഥലത്ത്‌ അയാൾ ഉറക്കത്തിന്റെ അതിരുകളിൽ കൂടി സഞ്ചരിച്ച് പലവട്ടം വീണു പോകാനൊരുങ്ങി. ശരിക്കും തനിക്കെന്താണ്‌ സംഭവിച്ചത്? എന്താണ്‌ സംഭവിച്ചു കൊണ്ടിരിക്കുന്നത്?. ഇതിനു മുൻപൊരിക്കലും തന്റെ ഉറക്കത്തിനു ഭംഗം നേരിട്ടിട്ടില്ല. ഇതാദ്യമായാണ്‌ താളം പിഴയ്ക്കുന്നത്. അരികുകളിൽ കൂടി ഇത്രയും അപകടകരമാം വിധം ഒരിക്കലും സഞ്ചരിച്ചിട്ടില്ല.

മടങ്ങി വന്ന ശേഷം അയാളാദ്യം ചെയ്തത് ചുവരിൽ നിന്ന് അതിനെ ഉയർത്തിയെടുക്കുക എന്നതായിരുന്നു. അപ്പോൾ താൻ മുൻപൊരിക്കൽ ആഹ്ലാദത്തോടെ അതിനെ അവിടെ പ്രതിഷ്ഠിച്ച കാര്യമോർത്തു. എത്ര പെട്ടെന്നാണ്‌ സ്നേഹവും കരുതലും വെറുപ്പായി മാറുന്നത്?. അതയാളുടെ കൈയ്യിലിരുന്നത് മിടിച്ചു കൊണ്ടിരുന്നു, അടുത്തതായി എന്താണ്‌ ചെയ്യാൻ പോകുന്നതെന്നറിയാതെ.

കിടക്കയിൽ ചെന്നിരുന്ന് അതിലേക്ക് തന്നെ സൂക്ഷിച്ചു നോക്കിയിരുന്നു. മനുഷ്യവംശത്തെ മുഴുവൻ അടിമകളാക്കിയത് ഈ ഒന്നു മാത്രമാണ്‌ - സമയം. ഈ പ്രപഞ്ചം മുഴുക്കെയും ഈ താളമനുസരിച്ച് ചലിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു!. എല്ലാം അടിമകൾ. ചങ്ങലയ്ക്കിട്ടവർ. ചങ്ങലയുടെ മറുഭാഗം ഏതോ ഒരു വലിയ ഘടികാരത്തിന്റെ സൂചിയിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നറിയാതെ.. താൻ തത്ത്വചിന്തകളോർത്ത് സമയം കളയുകയാണ്‌. അയാൾ ക്ലോക്കിനെ മടിയിൽ കമഴ്ത്തി പിന്നിലെ അറയിൽ നിന്നും ബാറ്ററി വലിച്ചെടുത്തു. അവിടെ നിൽക്കട്ടെ ചലനം!. എന്നാൽ മിടിപ്പ് വീണ്ടും കേട്ടപ്പോൾ അയാൾ ക്ലോക്കിനെ മലർത്തി പിടിച്ചു. സൂചികൾ പതിവു സ്വാതന്ത്ര്യത്തോടെ തിരിഞ്ഞു കൊണ്ടിരിക്കുന്നു!. അവിശ്വസനീയതയോടെ അയാൾ വീണ്ടും ബാറ്ററി ഇല്ലെന്നുറപ്പു വരുത്തി. ആർക്കും പിടിച്ചു നിർത്താനാവാത്ത കാലം പോലെ സൂചികൾ ക്ലോക്കിനുള്ളിൽ വൃത്തത്തിൽ സഞ്ചാരിച്ചു കൊണ്ടിരിക്കുന്നു. ക്ലോക്ക് കിടക്കയിൽ വെച്ചെഴുന്നേറ്റ് നിന്നു. അയാൾക്ക് താനൊരു വിചിത്രജീവിയെ നോക്കുകയാണെന്നു തോന്നി. മിടിപ്പ് ശബ്ദം കൂടിയിരിക്കുന്നു. തന്റെ ഹൃദയമിടിപ്പിനും. അയാൾ ക്ലോക്കുമായി പുറത്തേക്ക് നടന്നു. ഇനി ഇതിന്റെ സ്ഥാനം പുറത്താണ്‌. സമയത്തിനു ഭ്രാന്തുപിടിച്ചിരിക്കുന്നു!. മുറിക്ക് പുറത്ത് വെച്ചയാൾ കതകടച്ചു. തിരികെ കസേരയിൽ വന്നിരിക്കുമ്പോൾ നഷ്ടബോധവും, ഭയവും കലർന്ന അവസ്ഥയിലായിരുന്നു അയാൾ. സ്വീകരിക്കാനും ഉപേക്ഷിക്കാനും ആവുന്നില്ല. ഈ വസ്തു കുറച്ച് ദിവസങ്ങൾ ഈ ചുവരിനെ അലങ്കരിച്ചതായിരുന്നു. തന്നെ താളത്തിലെ ചലിപ്പിച്ചതായിരുന്നു. താളം വിട്ടു പുറത്ത് വരുമ്പോൾ സ്വാതന്ത്ര്യവും പരാജയവും. താളത്തിൽ സഞ്ചരിക്കുമ്പോൾ വിജയവും അടിമത്വവും. സ്വാതന്ത്ര്യവും വിജയവും ഒരിക്കലും കൂട്ടിച്ചേർത്തു വെയ്ക്കാനാവാത്തതെന്താണ്‌?.

രാത്രി നിശ്ശബ്ദതയിൽ ഉറങ്ങാൻ ശ്രമിക്കുമ്പോൾ അയാൾ അത്ഭുതപ്പെട്ടു. ഇത്ര നാളും ആ മിടിപ്പ് ശബ്ദത്തിന്റെ താളത്തിലായിരുന്നു ഉറക്കത്തിലേക്ക് ചെന്നു കയറിയിരുന്നത്. ആ ശബ്ദം ശല്യപ്പെടുത്തിയപ്പോഴും, അതിനെ താൻ ശപിച്ചപ്പോഴും, ശബ്ദം പോലെ തന്നെ നിശ്ശബ്ദതയും തന്നെയൊരിക്കൽ അലോസരപ്പെടുത്തും എന്നറിയാതെ പോയി. ഇപ്പോൾ ഈ നിശ്ശബ്ദതയാണ്‌ അസഹനീയം. പുറത്ത് തണുപ്പിൽ ഇരുട്ടിൽ അതിപ്പോഴും മിടിച്ചു കൊണ്ടിരിക്കുകയാവും. ഇല്ല, ഒരിക്കൽ ഉപേക്ഷിച്ചത് ഉപേക്ഷിച്ചത് തന്നെ. അയാൾ കണ്ണുകളിറുക്കിയടച്ച് ഉറങ്ങാൻ ശ്രമിച്ചു.

പിറ്റേന്ന് ഉണരാൻ അൽപം വൈകി പോയെങ്കിലും അയാൾ എഴുന്നേറ്റയുടൻ ആദ്യം ചെയ്തത് വാതിൽ തുറന്ന് ക്ലോക്ക് ചലനമറ്റിരിക്കുകയാണോ എന്ന് പരിശോധിക്കലായിരുന്നു. അയാൾ കണ്ടു, ക്ലോക്കിനുള്ളിൽ നിർത്താതെ സഞ്ചരിക്കുന്ന ആ വലിയ സൂചിയെ. ഇത് കൺവെട്ടത്തിരിക്കുന്നതാണ്‌ ഏറ്റവും വലിയ സ്വൈര്യക്കേട്. ഉപേക്ഷിക്കണം. പഴയ കച്ചവടക്കാരനു തന്നെ ഇതു തിരികെ കൊടുക്കണം. പറ്റുമെങ്കിൽ കൊടുത്ത പണം തിരികെ വാങ്ങുകയും ചെയ്യണം. ഒരു പ്ലാസ്റ്റിക് കവറിനുള്ളിലേക്ക് അത് മാറ്റപ്പെട്ടു.

ജോലിക്കിടയിലും ചിന്ത വൈകിട്ട് ചെന്ന് ആ പഴയ കച്ചവടക്കാരനെ കാണണം എന്നതായിരുന്നു. ഒരേ ചിന്ത എത്ര വട്ടമാണ്‌ മനസ്സിലിട്ടുരുട്ടുക?. ചില ചിന്തകൾ ചക്കിനു ചുറ്റും നടക്കുന്ന കാളകളെ പോലെയാണ്‌. തുടക്കം ഒടുക്കമാവും. ഒടുക്കം തുടക്കമാവും. ഒടുവിൽ തുടക്കവും ഒടുക്കവും അതിരുകൾ നഷ്ടപ്പെട്ട്..

വൈകിട്ട് കൃത്യസമയത്ത് തന്നെ ഇറങ്ങി. പഴയ ഇടത്തേക്ക് നടന്നു. കച്ചവടക്കാരൻ അവിടുണ്ടായിരുന്നില്ല. അയാൾ നിരന്തരം സഞ്ചരിക്കുന്നവനാകും. അയാളെ കണ്ടെത്താമെന്നു കരുതുന്നത് ബുദ്ധിശൂന്യതയാണ്‌. അയാൾ മറ്റെവിടെയോ ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടാവും ആ പഴയ പരസ്യവാചകം. പക്ഷെ അയാളുടെ ശബ്ദം ഇപ്പോഴും കാതിനുള്ളിലുണ്ട്. അകത്തെവിടെയോ ഇരുന്നയാൾ വിളിച്ചു കൂവുന്നു.

ഇനി ഒരു വഴി ഇതു സ്വയം വിൽക്കുക എന്നതാണ്‌!.
ഉപേക്ഷിക്കാൻ വയ്യെങ്കിലും മറ്റൊരാൾക്ക് കൈമാറാൻ വൈമനസ്യമില്ല.
കൃത്യമായ സമയത്തെ ഇഷ്ടപ്പെടുന്ന വേറോരാൾ ഇതു വഴി വരും.
അയാളിതു വാങ്ങുന്നതോടെ സമയവുമായുള്ള ബന്ധം തനിക്കവസാനിപ്പിക്കാം.
സമയത്തിന്റെ സമയം തെളിയട്ടെ!.

അയാൾ കർച്ചീഫ് നിലത്ത് വിരിച്ച് ക്ലോക്കിനെ അതിന്റെ പുറത്ത് കിടത്തി. വിലപേശലുകളില്ല. ഇനി സൗജന്യമായിട്ടാണെങ്കിൽ..അങ്ങനേയും. ഇപ്പോഴയാളുടെ ആലോചന മുഴുവൻ തിരികെ അതില്ലാതെ ചെന്നു കയറുന്നതാണ്‌. ആ സ്വാതന്ത്ര്യത്തിന്റെ സുഖം!. ആ ആലോചന പോലും ഒരു സുഖമാണ്‌.

ഏറെ നേരം കഴിഞ്ഞിട്ടും ആരും അയാളിരിക്കുന്ന ഭാഗത്തേക്ക് നോക്കുക പോലും ചെയ്യാതെ കടന്നു പോയി. ക്ഷമ നശിച്ചു തുടങ്ങുന്നു..അയാൾ കുറച്ച് മാറി മതിലിൽ ചാരി നിന്നു. കാലുകൾ കഴയ്ക്കുന്നു. തന്റെ സമയം മുഴുവൻ കളയുകയാണ്‌ സമയം വിളിച്ചു പറയുന്ന ഈ യന്ത്രം. ആരാണ്‌ സമയത്തിനെ മുറിച്ച് വിലയിട്ടത്?. സമയമില്ലാത്ത ജീവിതത്തെക്കുറിച്ചാരും ചിന്തിക്കാത്തതെന്ത്?. അവിടെയല്ലെ മുഴുവൻ സ്വാതന്ത്ര്യവും?. സമയമില്ലായ്മയുടെ വില ആരുമറിയുന്നില്ല?.

നേരമിരുട്ടി തുടങ്ങിയപ്പോൾ അയാൾ തീർത്തും അക്ഷമനായി.
അൽപ നേരം കഴിഞ്ഞപ്പോൾ ഒരു രൂപം ക്ലോക്കിനടുത്തേക്ക് വരുന്നത് കണ്ടു. ഒരു വൃദ്ധ രൂപം. അവശതയോടെ ആ രൂപം കുനിഞ്ഞു ക്ലോക്കെടുത്ത് തിരിച്ചും മറിച്ചും നോക്കി.
അവസാനം ഇതാ ഒരാൾ വന്നിരിക്കുന്നു!. കാത്തിരിപ്പവസാനിക്കാൻ ഇനി ഏതാനും നിമിഷങ്ങൾ കൂടി!. അയാൾ ഉത്സാഹത്തോടെ വൃദ്ധന്റെ അടുത്തേക്ക് നീങ്ങി.  അടുത്തേക്ക് ചെന്നപ്പോഴാണ്‌ മുഖപരിചയം തോന്നിയത്. ഇതിനു മുൻപ് കണ്ടതാണീ മുഖം. അയാൾ വൃദ്ധനെ സൂക്ഷിച്ചു നോക്കി. ഇയാൾ..മുൻപൊരിക്കൽ തന്നെ നോക്കി ഈ വസ്തു വാങ്ങരുതെന്ന് വിലക്കിയതല്ലെ?.. വൃദ്ധരൂപം അയാളെ നോക്കി ചിരിക്കാൻ തുടങ്ങി. നിർത്താത്ത ചിരി.
‘ചിലതിനു തുടക്കമേ ഉണ്ടാവൂ..ഒടുക്കമുണ്ടാവില്ല..വെറുത്തു കൊണ്ടിഷ്ടപ്പെടാനും, ഇഷ്ടപ്പെട്ടു കൊണ്ട് വെറുക്കാനുമാണ്‌ നിങ്ങളുടെ വിധി!’ അതും പറഞ്ഞ് വൃദ്ധൻ ക്ലോക്ക് അയാളുടെ കൈയ്യിൽ വെച്ചു കൊടുത്തു.
സ്തബ്ദ്ധനായി പോയ അയാൾ ക്ലോക്കിലേക്ക് തന്നെ നോക്കിയിരുന്നു. ക്ലോക്ക് കൂസലില്ലായ്മയോടെ മിടിച്ചു കൊണ്ടിരുന്നു. നോക്കിയിരിക്കുമ്പോൾ ഡയലിലെ ഭൂപടം ഉരുകി ഒലിക്കുന്നത് പോലെ തോന്നി. അവ പല പല രൂപങ്ങളായി, പല പല മുഖങ്ങളായി മാറി കൊണ്ടിരുന്നു. ഇടയിലൊരു രൂപത്തിനു തന്റെ മുഖച്ഛായ തോന്നിച്ചു എന്നയാൾക്ക് സംശയം തോന്നി. ക്ളോക്കെടുത്തയാൾ മുഖത്തോടടുപ്പിച്ചു സൂക്ഷിച്ചു നോക്കി. പഴയ ഭൂപടം തന്നെ ഇപ്പോഴും.

എവിടെ ആ വൃദ്ധൻ?. അയാൾ വൃദ്ധൻ പോയ വഴിയിൽ കണ്ണു കൊണ്ട് തിരഞ്ഞു. ആ ദിശയിൽ ഏതാനും കുട്ടികളെ മാത്രമെ കാണാൻ കഴിഞ്ഞുള്ളൂ. ഒരു പക്ഷെ അയാൾ ഇവിടെ വന്നിട്ടുണ്ടാവില്ല. ഒന്നും പറഞ്ഞിട്ടുണ്ടാവില്ല. ആ മുഖം ആരുടേതെന്ന് ഇപ്പോൾ മനസ്സിലാവുന്നു. തന്റെ തന്നെ മുഖത്തിന്റെ ഛായ ആയിരുന്നില്ലെ അയാൾക്ക്?. ഒരു പക്ഷെ ഒരിക്കൽ താൻ ഇതു പോലെ വന്ന് വഴിവക്കിലിരിക്കുന്ന ഒരപരിചതനോട് പറയുമോ?. പറയുമായിരിക്കും..

അയാൾ മിടിക്കുന്ന ക്ലോക്ക് സൂക്ഷ്മതയോടെ തുണിയിൽ പൊതിഞ്ഞെടുത്ത് വീട് ലക്ഷ്യമായി നടന്നു.

Post a Comment

5 comments:

  1. ഒരു ക്ലോക്കിന് ഇങ്ങനേയും ഒരു കഥയുണ്ടാക്കാമല്ലേ....
    ആശംസകൾ...

    ReplyDelete
  2. നല്ല കഥ ..... നല്ല ആശയം.... ആശംസകള്‍.... ഇനിയും ഇതു പോലുള്ള നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു.....

    ReplyDelete
  3. സമയമാം രഥത്തിലൂടെയുള്ള നമ്മുടെ ജീവിതയാത്ര......
    ആശംസകള്‍

    ReplyDelete
  4. സാബുജീ.
    രണ്ട്‌ ദിവസം കൊണ്ട്‌ ഈ കഥ കുറേ പ്രാവശ്യം വായിച്ചു.ഒരു സാധാരണ വായനക്കും,അഭിപ്രായത്തിനും അപ്പുറം നിൽക്കുന്ന കഥയായത്‌ കൊണ്ട്‌ കമന്റ്‌ ചെയ്തില്ല.
    നന്നായി ഇഷ്ടപ്പെട്ടു.
    നല്ല നല്ല എഴുത്തുകൾ ആ തൂലികയിൽ നിന്നും വരട്ടേ എന്നു ആശംസിക്കുന്നു.!!!

    ReplyDelete
  5. കഥ ഇഷ്ടമായി, കാലം തന്നെയല്ലേ ആ ക്ലോക്ക് . അതൊഴിവാക്കി എന്ത് ജീവിതം.

    ReplyDelete