Saturday, 23 May 2020

ഒരു ചെറിയ മിടിപ്പ്


വൈകുന്നേരമായപ്പോൾ അമ്മ അവനെ കൊണ്ടു പോയി കുളിപ്പിച്ച ശേഷം പുതിയ നിക്കറ്‌ ഇടുവിച്ചു. മുഖത്ത് പൗഡറ്‌ തേച്ചും കൊടുത്തു. അമ്മ മകനേയും കൂട്ടി ദീപാരാധന തൊഴാൻ പോവുകയായിരുന്നു. ആ സമയത്ത് അമ്പലത്തിൽ പോകാൻ അവനു തീരെ താത്പര്യമില്ല. അവിടെ ചെന്നു കഴിഞ്ഞാൽ അനങ്ങാതെ നിൽക്കണം, ഒന്നും സംസാരിക്കാൻ പാടില്ല, നേരമിരുട്ടി തുടങ്ങുന്നത് കൊണ്ട് അമ്പലപ്പറമ്പിൽ ഓടിക്കളിക്കാൻ അനുവദിക്കുകയുമില്ല.

അവർ നടന്നു തുടങ്ങി. താമസിച്ചു പോകുമോ? - അമ്മയ്ക്ക് അതാണ്‌ ആധി. അവന്റെ കൈയ്യിൽ അവർ മുറുക്കെ പിടിച്ചിരുന്നു. പോകുന്ന വഴി മുഴുവൻ അവൻ എല്ലാം തല തിരിച്ചു നോക്കിക്കൊണ്ടിരുന്നു. മലർന്നു നോക്കിയപ്പോൾ കണ്ടു, അമ്പിളി അമ്മാവൻ പതിയെ തെളിഞ്ഞു വരുന്നത്, പക്ഷികൾ തിരക്ക് പിടിച്ചു ചേക്കേറാൻ പറന്നു പോകുന്നത്. നിലത്ത് ചുറ്റിലും നോക്കിയപ്പോൾ കണ്ടു, എന്തോ മണത്തു നടക്കുന്ന ഒരു കറുത്ത പൂച്ച, ആരോ ചുരുട്ടിയെറിഞ്ഞ ഭാഗ്യമൊഴിഞ്ഞു പോയ ഒരു ലോട്ടറി ടിക്കറ്റ്, ചവിട്ടി പതിഞ്ഞു പോയ ഒരു തീപ്പെട്ടിക്കൂട്. എല്ലാം അവൻ കണ്ടു. അവന്‌ തീപ്പെട്ടിക്കൂട് പൊട്ടിച്ച് അതിന്റെ ചിത്രം എടുക്കണമെന്നുണ്ടായിരുന്നു. അമ്മയറിയാതെ അവൻ തീപ്പെട്ടിപ്പടങ്ങൾ ശേഖരിക്കുന്നുണ്ട്. അതൊക്കെയും അവൻ മുറിയിൽ കട്ടിലിനടിയിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരു ചെറിയ പെട്ടിയിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്. അവരേയും കടന്നു ഒന്നു രണ്ടു സൈക്കിളുകൾ ബെല്ലടിച്ചു കൊണ്ടു പാഞ്ഞു പോയി. അവൻ അതിലൊരു സൈക്കിളിൽ എഴുന്നേറ്റ് നിന്നു ചവിട്ടുന്ന ചേട്ടനെ നോക്കി. ആ ചേട്ടനെ പോലെ തനിക്കും സൈക്കിൾ ചവിട്ടണം. നല്ല വേഗത്തിൽ പോകണം. പക്ഷെ അതിനു ഉയരം വെയ്ക്കണം. അവൻ ചെറുതാണ്‌. പൊക്കം വെയ്ക്കാൻ, അമ്മ പറഞ്ഞത് കേട്ട് അവൻ ദിവസവും മുടങ്ങാതെ പാല്‌ കുടിക്കുന്നുണ്ട്. രാത്രി കിടക്കും മുൻപും അമ്മ അവന്‌ പാല്‌ കൊടുക്കും. ഇളം ചൂടുള്ള പാൽ. നല്ലോണം ഉറങ്ങാനാണ്‌.

അവന്റെ ശ്രദ്ധ മണ്ണിൽ കിടന്ന ഒരു മച്ചിങ്ങയിലേക്ക് ചെന്നു വീണു. അവനത് ചവിട്ടി തെറുപ്പിച്ചു. അതുരുണ്ട് മതിലിൽ പോയി തട്ടിയിട്ട് വഴിയിലേക്ക് തന്നെ തിരികെ വന്നു. അവന്‌ അത് ഒന്നു കൂടി ചവിട്ടി തെറുപ്പിക്കണമെന്നുണ്ടായിരുന്നു എന്നാൽ അപ്പോഴേക്കും അമ്മ, അവന്റെ കൈയ്യും പിടിച്ചുവലിച്ച് വേഗത്തിൽ പോയി. ‘തിരികെ വരുമ്പോൾ തട്ടണം’ അവനോർത്തു വെച്ചു.

അവൻ വഴിയിലുള്ള സകലതും കാണുന്നുണ്ട്, സകലതും കേൾക്കുന്നുണ്ട്. അമ്മ ഒന്നും കാണുന്നില്ല, ഒന്നും കേൾക്കുന്നില്ല. നട തുറക്കും മുൻപ് എത്തണം. അതു മാത്രമാണ്‌ ചിന്ത. നട തുറക്കുമ്പോൾ മണിയടിക്കും. ശ്രീ കോവിലിനുള്ളിലെ പ്രകാശം പുറത്ത് നിൽക്കുന്നവരുടെ മേൽ പതിയും. അവിടം മുഴുക്കെയും ചന്ദനഗന്ധം നിറയും. അപ്പോൾ എല്ലാവരും നിർവൃതിയോടെ തൊഴുതു നിൽക്കും.

മകൻ അമ്മയുടെ കൈ പിടിച്ചു വലിച്ചു. അവൻ എന്തോ കണ്ടതാണ്‌. വെളിച്ചം കുറവാണ്‌. അവൻ അമ്മയുടെ കൈപ്പൂട്ട് തുറന്ന് മണ്ണിൽ പെട്ടെന്ന് കുത്തിയിരുന്നു. അവിടെ എന്തോ ഉണ്ട്. എന്തോ ചെറുത്.
‘ടാ...വരാൻ...താമസിച്ചു പോവും...വേഗം വരാൻ!’
അമ്മ ആധിയും ആജ്ഞയും കലർന്ന ശബ്ദത്തിൽ പറഞ്ഞു.
അവനതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അവന്റെ ശ്രദ്ധ മുഴുക്കെയും മണ്ണിൽ കിടക്കുന്ന ചെറിയ ഒരു വസ്തുവിലായിരുന്നു. അമ്മ കുനിഞ്ഞു നോക്കി. ഒരു ചെറിയ കിളി. എങ്ങനെയോ, എവിടെയോ തട്ടി വീണു പോയതാണ്‌.
‘ഇതിന്‌ ജീവനുണ്ട്...’ അവൻ പതിയെ പറഞ്ഞു. മലർന്നു കിടക്കുന്ന കിളിയിൽ ഒരു ചെറിയ മിടിപ്പ് ബാക്കി. അമ്മയും അതു ശ്രദ്ധിച്ചു.
‘നമുക്കിതിനെ എടുത്തോണ്ട് പോവാം അമ്മാ...പാവം...ഇല്ലെ ഇതു ചത്തു പോവും...’
‘എന്തിനാ? നിനക്ക് വളർത്താനാ?!’
അവൻ അതിനെ കോരിയെടുക്കാൻ രണ്ടു കൈകളും നീട്ടി.
‘ടാ...തൊടാതെടാ...അമ്പലത്തിൽ പോവാനുള്ളതാ’
അമ്മയുടെ വിലക്കുന്ന ശബ്ദം കേട്ട് അവൻ ദയനീയമായി തിരിഞ്ഞു നോക്കി.
‘പ്ലീസ്സമ്മാ...ഇതിനെ വീട്ടിൽ കൊണ്ടു വെച്ചിട്ട് വരാം...’
‘നീ ഇതിനു വെള്ളോം മരുന്നുമൊക്കെ വെച്ചിട്ട് വരുമ്പോ താമസിക്കും...ഇപ്പോ തന്നെ ഒരുപാട് താമസിച്ചു..നീ അതിനെ അവിടെ വിട്ടിട്ട് ഇങ്ങ് വന്നെ’
അമ്മ അവന്റെ കൈയ്യിൽ പിടിച്ചു വലിച്ചു.
അവൻ കിളിയിൽ നിന്നും കണ്ണെടുത്തതേയില്ല.
‘നീ വിഷമിക്കണ്ട, തിരികെ വരുമ്പോ അതിനെ എടുത്തോണ്ട് വീട്ടിൽ പോവാം...എന്നിട്ട് നീ തന്നെ അതിനെ വളർത്തിക്കോ‘
അവനല്പം സമാധാനമായി. അമ്മ അവനേയും വലിച്ച് അമ്പലത്തിലേക്കു വേഗത്തിൽ നടന്നു. അല്ല, ഓടുകയായിരുന്നു. അവിടെ കൈ കൂപ്പി നിൽക്കുമ്പോഴും, നട തുറക്കുമ്പോഴും, മണിശബ്ദം ഉയരുമ്പോഴും അവന്റെ മനസ്സ് മുഴുക്കെയും മലർന്നു കിടന്ന ആ ചെറിയ കിളി ആയിരുന്നു. അതിന്റെ കുഞ്ഞ് നെഞ്ചത്തെ ആ ചെറിയ മിടിപ്പ്...അതവൻ വീണ്ടുമോർത്തു. തിരികെ ചെല്ലുമ്പോഴേക്കും ആരെങ്കിലും അതിനെ എടുത്തോണ്ട് പോയിട്ടുണ്ടാവുമോ? ഇരുട്ടിലതു വഴി സൈക്കിളിൽ വേഗത്തിൽ വരുന്ന ആരെങ്കിലും അതിന്റെ പുറത്ത് കൂടി...അവൻ ഇറുക്കെ കണ്ണുകളടച്ചു.
അവൻ ഉള്ളുരുകി പ്രാർത്ഥിച്ചു.
’ആരും അതിനെ എടുത്തോണ്ട് പോവല്ലേ...‘
’അതിനൊന്നും പറ്റല്ലെ...‘
’എനിക്ക് തന്നെ അതിനെ കിട്ടണേ...‘
’ഞാനതിനെ വളർത്തിക്കോളാം...‘ അവൻ വാക്കും കൊടുത്തു.
മണിശബ്ദം അടങ്ങി. ഭക്തർ ധന്യതയോടെ നടയിറങ്ങി. അവന്റെ നെറ്റിയിൽ അപ്പോൾ അമ്മ തൊടുവിച്ച ചന്ദനക്കുറിയുണ്ടായിരുന്നു. സ്ട്രീറ്റ് ലൈറ്റുകൾ തെളിഞ്ഞു കഴിഞ്ഞിരുന്നു. അവൻ അമ്മയുടെ കൈയ്യും പിടിച്ചു വലിച്ചു നടന്നു. അമ്മയ്ക്കിപ്പോൾ ഒരു ധൃതിയുമില്ല. പ്രാർത്ഥിച്ചതിന്റെ സാഫല്യവും, സമാധാനവുമാണ്‌ ആ മുഖത്ത്. മകന്റെ മുഖം മുഴുക്കെയും അക്ഷമയും ആധിയും മാത്രം. കുറച്ച് നടന്നു കഴിഞ്ഞ്, ക്ഷമ നശിച്ച് അവൻ അമ്മയുടെ കൈ വിട്ട് ഓടി. അല്ല, അവൻ പായുകയായിരുന്നു. അവൻ മനസ്സിൽ അടയാളപ്പെടുത്തിയിരുന്ന ഇടത്തേക്ക് ഓടിയെത്തി. മണ്ണിൽ കണ്ണു കൊണ്ട് പരതി.
എവിടെ ആ ചെറിയ പക്ഷി...?
അത് അവിടെങ്ങുമുണ്ടായിരുന്നില്ല.
പരിഭ്രാന്തിയോടെ അവൻ കുനിഞ്ഞ് അവിടെ മുഴുക്കെയും നോക്കി. മതിലിനോട് ചേർന്നും, ഓടയ്ക്കരികിലും, പോസ്റ്റിനു താഴെയും. എവിടെയും അവന്‌ അതിനെ കാണാനായില്ല.
എവിടെ പോയി അത്?
ആരെങ്കിലും അതിനെ എടുത്തോണ്ട് പോയിട്ടുണ്ടാവും...
അതോ...ഏതെങ്കിലും സൈക്കിളോ ബൈക്കോ...
അമ്മയോട് കരഞ്ഞു പറഞ്ഞതാ അതിനെ എടുത്ത് വീട്ടിൽ കൊണ്ടു പോയി വെച്ചിട്ട് അമ്പലത്തിൽ പോവാന്ന്...
പ്രാർത്ഥിച്ചതാ...അതിനെ തനിക്ക് തന്നെ കിട്ടണേന്ന്...
വളർത്തിക്കോളാന്ന്...
അമ്മ അപ്പോഴേക്കും അവന്റെ അടുത്തെത്തിയിരുന്നു.
‘അമ്മാ...അതിനെ കാണുന്നില്ല...’ അവൻ കരച്ചിലോളം വലിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
‘നീ എല്ലായിടത്തും നോക്ക്...അവിടെ എവിടേങ്കിലും കാണും...ആരെടുത്തോണ്ട് പോവാനാ...?’
‘ഞാൻ എല്ലാടത്തും നോക്കി...’
‘എങ്കിലത് ബോധം വന്നപ്പോ എവിടേലും പറന്നു പോയിട്ടുണ്ടാവും...’
‘ഉം..’ അവന്‌ അത് ബോധ്യപ്പെടാതെ പോയെങ്കിലും ഒരാശ്വാസത്തിനെന്നോളം മൂളി.
‘അവനും അവന്റെ കിളിയും...’ അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
‘നീ വാ...നിനക്ക് കിളിയെ കിട്ടിയാ പോരെ?...നാളെ തന്നെ ഒരു കൂടും കുറച്ചു കിളികളേയും വാങ്ങാം...അമ്മ അച്ഛനോട് പറയാം...പോരേ?...ഇപ്പൊ നീ വാ...നേരം ഇരുട്ടീല്ലെ?‘
അമ്മ അനുനയശബ്ദത്തിൽ അവനെ സമാധാനിപ്പിച്ചു.
അവൻ അപ്പോഴും അവിടം മുഴുക്കെയും അതിനെ തിരയുകയായിരുന്നു. മണ്ണിലും, ഓടയിലും, മതിലിലും..
അപ്പോഴവൻ കണ്ടു, മതിലിനു മുകളിൽ...തിളങ്ങുന്ന പൂച്ചക്കണ്ണുകൾ...അതിന്റെ വായിൽ...
’അമ്മാ...ദാ...‘ കരച്ചിലും നിലവിളിയും കലർന്ന ശബ്ദത്തിൽ അവൻ പറഞ്ഞു.
അവൻ അമ്പലത്തിൽ നിന്നപ്പോളെന്ന പോലെ കണ്ണുകൾ ഇറുക്കിയടച്ചു.
അമ്മയും അപ്പോഴത് കണ്ടു, പൂച്ച ഇരുട്ടിലേക്ക് ചാടി മറയുന്നത്...അത് കടിച്ച് പിടിച്ചിരുന്നത്...
അപ്പോൾ അവരുടെ നെഞ്ചിനുള്ളിൽ എന്തോ ഒന്ന് പതിയെ മിടിച്ചു...
ആ ചെറിയ പക്ഷിയുടെ നെഞ്ചിൽ കണ്ടത് പോലെ...ഒരു ചെറിയ മിടിപ്പ്...




Post a Comment

No comments:

Post a Comment