Please use Firefox Browser for a good reading experience

Monday 19 October 2020

അവറാച്ചന്‌ പറയാനുള്ളത്

 
‘അന്നാമ്മോ...’
‘എന്തോ...’
അന്നാമ്മ പതിവു പോലെ നീട്ടി വിളി കേൾക്കുന്നത് അവറാച്ചൻ കേട്ടു.
‘അന്നക്കുട്ടിയേ...’
ആ വിളി കേട്ട് അന്നാമ്മ അത്ഭുതത്തോടെ നോക്കുന്നത് അവറാച്ചൻ കണ്ടു.
‘നീ വിചാരിക്കണൊണ്ടാവും എന്നാത്തിനാ ഞാൻ അന്നക്കുട്ടീന്ന് വിളിക്കണേന്ന്...
എനിക്കിപ്പോ നിന്നെ അന്നക്കുട്ടീന്നെ വിളിക്കാൻ തോന്നണുള്ളൂ...പണ്ട് ഞാനങ്ങനെ അല്ലാരുന്നോ വിളിച്ചിരുന്നെ?...പിന്നെ അന്നാമ്മേന്നായി...വേണ്ട...അന്നക്കുട്ടിയാ നല്ലത്...ഞാനിനി അങ്ങനേ വിളിക്കൂ...’
‘എടിയേ...ഇന്നെനിക്ക് നിന്നോട് ഒത്തിരി പറയാനുണ്ട്’
അന്നാമ്മ പതിവു പോലെ ശബ്ദമുണ്ടാക്കാതെ ചിരിക്കുന്നത് കണ്ടു.
‘ഒത്തിരി...എന്നു വെച്ചാ ഒത്തിരിയൊത്തിരി...നമ്മടെ കെട്ട്‌ കഴിഞ്ഞു വന്ന രാത്രി നമ്മള്‌ വെളുക്കെ വെളുക്കെ സംസാരിച്ചോണ്ടിരുന്നില്ലെ?...അതു പോലെ...’
അവറാച്ചൻ തയ്യാറെടുത്തു. ശ്വാസമെടുത്തു. ഉമിനീരിറക്കി.
‘നീ വിചാരിക്കും ഇപ്പോ ഇതിയാന്‌ വട്ടായോന്ന്! ഇല്ല അന്നക്കുട്ടി...എനിക്ക് ഇപ്പോഴും നല്ല ബോധോണ്ട്...നിനക്കറിയാലോ...കശുമാങ്ങയിട്ട് വാറ്റിയത് കുടിച്ചാലും ഈ അവറാച്ചൻ ഇങ്ങനെ പോസ്റ്റും തൂണ്‌ പോലെ നിവർന്നു തന്നെ നില്ക്കും!’
‘നീ എന്നാത്തിനാ ചിരിക്കുന്നെ?...ഇന്ന് ഞാൻ കുടിച്ചിട്ടൊന്നുമില്ല..അല്ല...ഇപ്പോ കുടിക്കാനൊന്നും വയ്യെടി...പഴേ പോലെ...നീ വാറ്റിയതിന്റെ സ്വാദൊന്നും നമ്മടെ ജോയിയോ ജോണിയോ കൊണ്ടു വരുന്ന വരത്തൻ സാധനത്തിനില്ല!‘
അവറാച്ചൻ കണ്ണിറുക്കി.

അവറാച്ചൻ അന്നാമ്മയുടെ മുന്നിൽ മുട്ടുകുത്തി നിന്നു.
’നീ ഇങ്ങനെ നോക്കണ്ട, ഞാൻ മുട്ടുകുത്തി തന്നാ നിക്കുന്നെ...കുമ്പസാരിക്കാനൊന്നുമല്ല കേട്ടോ...പള്ളീലച്ഛന്റെ മുന്നി പോലും ഞാൻ മുട്ടുകുത്തി നിന്നിട്ടില്ല. കുമ്പസാരിക്കാനൊട്ട് തോന്നീട്ടുമില്ല...അതിന്‌ ഈ അവറാച്ചനെ കിട്ടൂല്ല! ഹല്ല പിന്നെ...‘
’പക്ഷെ എനിക്ക് നിന്നോട് ഒത്തിരി പറയാനുണ്ട്...ഒത്തിരീന്നു വെച്ചാ പണ്ടു ചന്തേല്‌ നമ്മടെ ജീപ്പിൽ കൊണ്ടോയി കപ്പ വിറ്റേച്ച് വന്ന് നിന്നെ ഞാൻ കാട്ടി തരാറില്ലെ പെട്ടി നിറയെ കാശ്! ഏതാണ്ട് അത്രേം പറയാനുണ്ട്!‘
’നീ ഇപ്പൊ വിചാരിക്കും പെട്ടെന്ന് എന്നതാ ഇച്ചായനു ഇങ്ങനൊക്കെ പറയാൻ തോന്നണേന്ന്...അല്ലെ?...ഞാൻ കണ്ടെടീ നമ്മടെ പഴേ ഏലിയേ...നിനക്ക് ഓർമ്മയില്ലെ മെലിഞ്ഞ ഏലിയാമ്മ...എലീടെ വാല്‌ പോലെ മുടിയൊള്ള...എന്ന് നീ സ്വകാര്യമായി പറയാറില്ലെ?...അവളെ...പെരുന്നാളിന്‌ പോയപ്പൊ കണ്ടതാ...അവള്‌ പിന്നേം ക്ഷീണിച്ചു. മുടിയൊക്കെ നരച്ചു...തൊലിയൊക്കെ ചുളിഞ്ഞു...ഇപ്പൊ കണ്ടാ ആരും അറിയുകേല...അമ്മാതിരി ആയി പോയി...പക്ഷെ എനിക്ക് കണ്ടയൊടൻ മനസ്സിലായി...അതങ്ങനാ...ഈ അവറാച്ചൻ ഒറ്റ തവണ കണ്ടാ...പിന്നെ മറക്കത്തില്ല...നിനക്കറിയാല്ലോ അത്?... അവളിപ്പോ വല്ല്യ പത്രാസ്സൊക്കെ ആയി പോയി. അവടെ കെട്ടിയോൻ ഒന്നു രണ്ടു വർഷം മുന്നെ പോയെന്ന്...അറ്റാക്കാരുന്നെന്ന്...പോട്ടെ...അവൾടെ ഇളയമോനിപ്പോ അമേരിക്കാലോ യൂറോപ്പിലോ എങ്ങാണ്ടാ...ആ...പേരും മറന്നു പോയി...ആ ചെക്കൻ ഇപ്പോ അവളെ അങ്ങോട്ടു കൊണ്ടു പോവാൻ എപ്പോഴും വിളിക്കുവാന്ന്...നിന്നെ കുറിച്ച് ചോദിച്ച്...ഞാനൊക്കെ പറഞ്ഞും കൊടുത്ത്...അവളൊന്നും പറഞ്ഞില്ല...ഇനി ഞാൻ ഒരു കാര്യം അങ്ങോട്ട് പറയട്ടാ?...നീ ഒന്നും വിചാരിക്കുകേലാന്ന് വിചാരിക്കുവാ... പണ്ട്‌ നീ ജോയിക്കുട്ടിയെ വയറ്റിലിട്ടോണ്ട് നടന്നില്ലെ?...അന്നേരമാണല്ലോ അവള്‌ വീട്ടില്‌ കൈസഹായത്തിന്‌ വന്നത്...എനിക്ക്...അന്ന്...അവളുമായി ചില എടപാടുകള്‌ ഒണ്ടാരുന്ന്...നീ ഇങ്ങനെ എന്നെ സൂക്ഷിച്ചു നോക്കുവൊന്നും വേണ്ട...ഞാൻ നൊണ അല്ല പറയണത്...‘
അതും പറഞ്ഞേച്ച് അവറാച്ചൻ മുഖം കുനിച്ചു.

‘നീ കേക്കണൊണ്ടാ ഞാൻ പറയണത്?’
അന്നാമ്മ മൂളുന്നത് കേട്ട് അവറാച്ചൻ പിന്നേയും പറഞ്ഞു തുടങ്ങി.
‘നീ വീട്ടിലേക്ക് പോണതിന്‌ തലേന്ന് ഞാൻ കിണറ്റുംകരേല്‌ കാല്‌ വഴുക്കി വീണില്ലെ?...അതിനു നീ കൊറെ കോഴിനെയ്യ് പൊരട്ടി തന്നില്ലെ?...നേര്‌ പറഞ്ഞാ...ഞാൻ വീണതൊന്നുമല്ലാരുന്നു...ചുമ്മാതാ...എന്നിട്ട് എന്റെ കാറല്‌ കണ്ട് പാവം നീ ഒറക്കമെളച്ച്...വയ്യാത്ത വയറും വെച്ച് കാല്‌ തിരുമ്മി തന്നു...ഒക്കെ ചുമ്മാതായിരുന്നു...എനിക്കന്ന് പാവം തോന്നീന്നത് സത്യം...പക്ഷെ ഏലിയെ ഓർത്തപ്പോ...’
‘പാവം...നീ കണ്ണും നെറച്ച് എന്നെ വിട്ടേച്ച് വീട്ടിലേക്ക് പോയില്ലെ?...ഏലിയെ എന്നെ നോക്കാൻ വിട്ട്...
നീ പോവുമ്പം ഞാനന്ന് കെടക്കേന്ന് എണ്ണീറ്റില്ല...കാല്‌ വയ്യാന്നും പറഞ്ഞ് കെടന്ന്...ഇച്ചായൻ കെടന്നോ...എണ്ണീക്കണ്ടാന്നും പറഞ്ഞ് നീ അങ്ങ് പോയി...’
‘ഇന്നെനിക്ക് കരച്ചില്‌ വരണെടീ...പാവം നീയ്...എനിക്ക് കരഞ്ഞിട്ട് കണ്ണ്‌ നീറുന്നെടീ..ഇങ്ങനെ നോക്കി നിക്കാണ്ട് ഒന്നു തൊടച്ചെങ്കിലും താടീ...’
അവറാച്ചൻ മുഖം കുനിച്ചിരുന്നു.

‘നീ അറിയാത്ത ഒന്നൂടി ഒണ്ട്...നീ വരും മുൻപേ ഏലിയേ പറഞ്ഞു വിട്ടില്ലെ?...നിന്റെ ആ പഴേ കല്ലു വെച്ച മോതിരമില്ലെ?...അത് ഞാൻ തന്നെ അവക്ക് കൊടുത്തതാ...അവൾടെ വയറ്റില്‌ കൊച്ചൊണ്ടെന്ന് പറഞ്ഞപ്പോ ഞാൻ തന്നെ എടുത്തു കൊടുത്തതാ...എന്നിട്ട് നീ വന്നപ്പോ ആ മോതിരം അവള്‌ കട്ടോണ്ട് പോയതാവും എന്നു പറഞ്ഞില്ലെ?...നിനക്ക് ഒത്തിരി ഇഷ്ടായിരുന്നില്ലെ അത്?...അതു പോലൊന്ന് നിനക്ക് വാങ്ങിത്തരാന്ന് വിചാരിച്ചതാ...പിന്നെ വിട്ടു...നീ അതൊട്ട് ചോദിച്ചതുമില്ല..അല്ലെ തന്നെ നിനക്ക് എന്നാത്തിനാ ഈ പൊന്നൊക്കെ?...നിനക്ക് അതൊന്നും ഒരുകാലത്തും പിടിക്കത്തില്ലായിരുന്നല്ലോ...‘
’ഏലി ആ കൊച്ചിനെ എന്നാ ചെയ്തെന്ന് എനിക്കറിയാമേല...സത്യായിട്ടും അറിയാമേല..ചെലപ്പോ പെറ്റു കാണും...ചെലപ്പോ കൊന്നു കളഞ്ഞു കാണും...അവളെ കണ്ടപ്പോ ഒന്നും ചോദിക്കാൻ തോന്നീല്ല...അവളൊന്നും പറഞ്ഞുമില്ല...‘
’നീ വിചാരിക്കും ഇതിനാണൊ ഈ മുട്ടുകാലേ നിന്ന് ഒക്കെ പറഞ്ഞതെന്ന്...‘
’അല്ല അന്നക്കുട്ടി...ഇനീം ഒണ്ട്...‘
അവറാച്ചൻ ഒരു ദീർഘശ്വാസമെടുത്തു.
’എനിക്കിനി പറയാനുള്ളത് നിന്റെ കൂടപ്പിറപ്പില്ലെ?...മത്തായി...അവനെ കുറിച്ചാ...അവന്റെ പെമ്പ്രോന്നൊര്‌...മോളിയില്ലെ?...അവളെ കുറിച്ചാ...‘
’നീ ഇങ്ങനെ കണ്ണും മിഴിച്ച് നോക്കണ്ട...ഒക്കേം അവന്റെ പിടിപ്പുകേടാ‘
’ഞാനും അവനും കൂടാ കുന്നേലുള്ള നൂറ്റമ്പതേക്കറിനു പണം കൂട്ടിയത്. അവനെവിടുന്നൊക്കെയോ, ആരോടൊക്കെയോ ചോദിച്ച്, എങ്ങാണ്ടുന്നോ പണം കൊണ്ടു വന്നു. മോളിയറിയാതെ അവൾടെ പേരില്‌ വാങ്ങിക്കാനാ...പക്ഷെ അതിനു മുന്നെ അവൻ ചൊരത്തില്‌ ജീപ്പ് മറിഞ്ഞ് മരിച്ചില്ലെ?...നീ വിചാരിക്കണ പോലെ അല്ല...കർത്താവാണെ എനിക്കതേല്‌ ഒരു പങ്കുമില്ല...പക്ഷെ മോളിയോട് പറയാതെ ഞാനാ തോട്ടമങ്ങ് വാങ്ങി...ഇപ്പൊ നമ്മടെ ജോയിക്കുട്ടി നോക്കണ തോട്ടം...കടക്കാര്‌ വന്ന് മോളിയെ ചീത്ത പറഞ്ഞപ്പോഴും നീ കൈയ്യയച്ചേച്ച് സഹായിക്കാൻ പറഞ്ഞപ്പോളും ഞാൻ ചെവി കൊടുത്തില്ല...നീ അന്നു മുഴുക്കേം കരച്ചിലും പിഴിച്ചിലും ആരുന്നല്ലോ...എന്നിട്ടും ഞാൻ കൊടുത്തില്ല...ഒരു നയാ പൈസ പോലും...‘

‘കൊടുക്കാരുന്നു...ഒക്കെ കൊടുക്കാരുന്നു...ഞാനത്ര ദുഷ്ടനാരുന്നൂന്ന് എനിക്കറിയാൻ മേലായിരുന്നു അന്നക്കുട്ടി...നീ അന്നു തലേ കൈയ്യും വെച്ചു കരഞ്ഞു വിളിച്ചതാ...ഞാൻ കേട്ടില്ല...കേക്കാരുന്നു...പാവം മോളി...അവള്‌ പിന്നെ കെട്ടുതാലീം വിറ്റ്, വീടും വിറ്റ് പിള്ളേരെം കൊണ്ട് പോയി...പാവങ്ങള്‌...വേണ്ടാരുന്നു...’
‘ഇക്കണ്ട സ്വത്തും പറമ്പുമൊക്കെ കൂട്ടി വെച്ചിട്ട് എന്നാത്തിനാടീ..തമ്പുരാൻ വിളിക്കുമ്പോ കൂടെ കൊണ്ടു പോവാൻ പറ്റുവോ?...നീ എന്നാ ഒന്നും മിണ്ടാത്തെ?...ഇന്നലേം ഞാൻ മത്തായീയെ കണ്ടു...കിനാവില്‌ വന്ന് കൈ കൂപ്പി പിടിച്ച് കരയുവാ...ഞാൻ എന്നാ പറയാനാ?’
അവറാച്ചൻ വീണ്ടും മുഖം കുനിച്ചിരുന്നു.

‘ഇനീം ഒണ്ടെടീ പറയാൻ...
നമ്മടെ എളെ മോള്‌...ഗ്രേസി മോള്‌...അവൾടെ പൊറകെ ഒരുത്തൻ നടന്നില്ലെ?...അവനെ ഞാനാ നമ്മടെ പിള്ളേരെ വിട്ട് തല്ലിച്ചെ...അവന്റെ വീട് കത്തിക്കും എന്നു പറഞ്ഞ് ഒടുക്കം അവനെ കൊണ്ട് അവളെ തള്ളി പറയിച്ചതും ഞാനാ അന്നക്കുട്ടീ...അന്നാ ചെറുക്കൻ കാലു പിടിച്ച് പറഞ്ഞതാ...പൊന്നു പോലെ നോക്കികൊള്ളാന്ന്‌...പാവം...നമ്മടെ മോള്‌ വെളുക്കെ വെളുക്കെ ഇരുന്ന് നെഞ്ചത്തടിച്ച് കരഞ്ഞ്...അവൾക്ക് കാര്യമൊന്നും അറിയികേലല്ലോ...അവളെ ദുബായിക്കാരനെ കൊണ്ട് കെട്ടിച്ചതും പറഞ്ഞ് ഞാൻ കൈയ്യും വീശി കവലെ കൂടെ കൊറെ നടന്നതാ...എന്നിട്ടിപ്പോ ദാ..ബെന്തോം വിടുവിച്ചേച്ച്...രണ്ട് പിള്ളേരേം കൊണ്ട് വീട്ടി വന്നു നില്ക്കണ്‌...അന്ന്‌ ഞാൻ അവൾടെ ഇഷ്ടത്തിനു വിട്ടിരുന്നേല്‌ ഇപ്പോഴും സന്തോഷായിട്ട് നമ്മടെ കൊച്ച് കഴിഞ്ഞേനെ...എന്നാത്തിനാ അന്നക്കുട്ടീ...ഞാനീ പാപോക്കെ ചെയ്തത്?...എന്നാത്തിനാ?...എനിക്കറിയാമേല...എനിക്കൊന്നും അറിയാമേല...നിനക്കറിയോ?...അറിയോ അന്നക്കുട്ടി?...നീ അന്നും പറഞ്ഞതാ...അവൾടെ ഇഷ്ടത്തിനു കെട്ടു നടത്തി കൊടുക്കാൻ...ഞാൻ കേട്ടില്ല...പാവം നമ്മടെ ഗ്രേസി മോള്‌...അവളെത്ര തീ തിന്നു കാണും...‘
’നീ എന്താ ഒന്നും മിണ്ടാത്തെ?...വല്ലതും പറയെടീ...എന്തേലും ഒന്നു പറ...ഇച്ചായനെ എന്തേലും ഒന്നു പറ...ഒന്ന്‌ വഴക്കു പറയേടീ...‘
കുറെ കഴിഞ്ഞ് കണ്ണും മുഖവും, വെളുത്ത ഖദറ്‌ ജൂബ്ബയുടെ തുമ്പ് കൊണ്ട് തുടച്ച ശേഷം അവറാച്ചൻ പറഞ്ഞു,
’നീ വിചാരിക്കണൊണ്ടാവും എന്നാത്തിനാ ഇച്ചായൻ ഒക്കെയും ഇപ്പൊ പറയണതെന്ന്...‘
’വയ്യേടീ വയ്യ...ഇന്നലെ ചെറുതായി നെഞ്ചൊന്നു നൊന്തു...ആരോട് പറയാനാ...പറഞ്ഞിട്ട് എന്നാത്തിനാ...വെറുതെ കെടന്നപ്പോ...ഒക്കേം വെറുതെ ഓർത്തു...‘
’നമ്മടെ ജോയീന്റെ മോള്‌...അവളിപ്പോ ഡോക്ടറിനു പഠിക്കുവല്ലെ?...അവളിന്നാള്‌ വന്നപ്പോ പറയുവാ...വല്ല്യപ്പച്ചാ...ഇപ്പൊ മനുഷ്യരുടെ ശരീരം കീറി പഠിക്കുവാന്ന്...പഠിക്കാനും പഠിപ്പിക്കാനും പിന്നെ കൊഴല്‌ വെച്ച് നോക്കാനും ഒക്കെ ശരീരം വേണോന്ന്...അപ്പോ തോന്നിയതാ...ഞാൻ ചത്തു കഴിഞ്ഞേച്ച് ഈ തടി അങ്ങ് കൊടുത്തേക്കാന്ന്...ഇത്രേം കാലം ജീവിച്ചേച്ച് ഗുണോന്നും ഒണ്ടായില്ല...ചത്തു കഴിഞ്ഞാലേലും ആർക്കേലും എന്തേലും...എന്നാ ആയാലും ഒടുക്കം ഈ തടി മണ്ണി പോവാനൊള്ളതല്ലെ...‘
’ഒരു കടലാസേല്‌ അതെഴുതി അപ്പൊ തന്നെ എന്റെ കുപ്പായത്തിന്റെ കീശേലിട്ടു‘
അവറാച്ചൻ ബദ്ധപ്പെട്ട് പോക്കറ്റിൽ നിന്നും നാലായി മടക്കിയ കടലാസ്സെടുത്ത് നിവർത്തി കാണിച്ചു.
’കണ്ടാ..നീ കണ്ടാ...ഇതേല്‌ എല്ലാം എഴുതീട്ടുണ്ട്...ഇനി അങ്ങ് കണ്ണടച്ചു കിട്ടിയാ മതി...‘
’അന്നക്കുട്ടീ...ഇതേലും ചെയ്തില്ലെ പിന്നെ ഈ കണ്ട നാളൊക്കെ ജീവിച്ചേച്ച്...വെറുതെ അങ്ങ് പോണ പോലെ ആയി പോവും...അല്ലിയോ?‘
’നീ എന്താ ഒന്നും പറയാത്തെ?...ഒന്നും പറയാനില്ലെ?‘
അന്നാമ്മ പതിയെ ചിരിക്കുന്നത് അവറാച്ചൻ കണ്ടു.
മിന്നുകെട്ടി കൊണ്ടു വന്നപ്പോൾ കണ്ട പോലെ, കവിളിൽ നുണക്കുഴി തെളിയും വിധം ചിരിക്കുന്നത് അവറാച്ചൻ കണ്ടു.

അന്നേരമത്രയും ജീപ്പിലിരുന്ന ജോയി, അക്ഷമനായി വാച്ചിൽ നോക്കി കൊണ്ട് പറഞ്ഞു,
’എടാ, റോണി... നീ പോയൊന്നു അപ്പച്ചനെ വിളിച്ചോണ്ട് വന്നേടാ...കൊറെ നേരമായില്ലെ?...ഈ വയസ്സ്‌ കാലത്ത് ഇതിനും മാത്രം എന്നാ പറയാനാ?‘
’വേണോ ഡാഡി...വല്ല്യപ്പൂപ്പ ഡിസ്റ്റർബ് ചെയ്യരുതെന്നല്ലെ പറഞ്ഞത്?‘
’എന്നും പറഞ്ഞ്...ഇത്ര നേരോ...എനിക്ക് ചെന്നേച്ച് മാനേജറിനെ കാണാനുള്ളതാ...പിന്നെ നമ്മടെ സണ്ണിക്കുട്ടി യു എസ്സേന്ന് വരുന്നതാ...അവനെ ഒന്ന്‌ ചെന്ന്‌ കാണണ്ടായോ?‘
വഴക്ക് പേടിച്ച് റോണി ജീപ്പിൽ നിന്നിറങ്ങി നടന്നു.

ചെല്ലുമ്പോൾ കണ്ടു, വല്ല്യപ്പൂപ്പ പതിവില്ലാതെ മുട്ടുകുത്തി നില്ക്കുന്നത്. അടുത്ത് ചെന്നപ്പോൾ കണ്ടു, ’അന്നാമ്മ‘ എന്നെഴുതി വെച്ച കല്ലറയുടെ മുകളിൽ പാകിയ, തണുത്ത മാർബിളിൽ നെറ്റിയമർത്തി ഇരിക്കുന്നത്. വലതു കൈയ്യിൽ നിവർത്തിയ ഒരു കടലാസ്സ്. റോണി ചെന്നു വിളിച്ചു. വിളി കേൾക്കാത്തത് കൊണ്ട് അവൻ അടുത്തേക്ക് ചെന്ന് ചുമലിൽ കൈ വെച്ച് കുലുക്കി വിളിച്ചു.

കേരള കൗമുദി ഓണപ്പതിപ്പ് 2020

Post a Comment

1 comment:

  1. നല്ല കഥ ..
    പിന്നെ
    ഇത്തവണത്തെ ഓണപ്പതിപ്പുകളൊന്നും വായിക്കുവാൻ സാധിച്ചിരുന്നില്ല

    ReplyDelete