Please use Firefox Browser for a good reading experience

Monday 16 November 2009

കാലചക്രം

കാലത്തിന്റെ അനുസ്യൂതമായ ഒഴുക്ക്‌..ആ ഒഴുക്കിന്റെ ഭാഗമായി കുറെ മനുഷ്യജീവനും..

അനന്തതയിലൊഴുകുന്നു ഗോളങ്ങളായിരം.
അതിലൊന്നിലെന്നോ ജീവൻ തുടിച്ചു.
മത്സ്യവും കൂർമ്മവും പിറന്നതിന്നപ്പുറം,
മനുഷ്യനുമൊരുനാൾ പിറന്നു വീണു.

വാനവും ഭൂമിയും സ്വന്തമാക്കീയവൻ,
ദൈവങ്ങളൊക്കേയും സ്വന്തമാക്കി.
കഥകളൊരായിരം പടച്ചിറക്കീയവൻ,
കരളെല്ലാം വിഷത്തിൻ വിത്തു പാകി.

മനസ്സിന്റെ വാതിൽ, തഴുതിട്ടു വെച്ചു,
മണ്ണിലോ പിന്നവൻ, മതിലു വെച്ചു.
അമ്പുകൾ വാനിൽ പറന്നുയർന്നു,
അമ്പേ നശിച്ചുവീഭൂമിയെല്ലാം.

കരയാകെ ചോരതൻ നിറം നിറഞ്ഞു,
കരഞ്ഞു കൊണ്ടവനും, മരിച്ചു വീണു..
കരയിലെയവസാന ജീവൻ മറഞ്ഞു,
കരയാകെ ശൂന്യത, നിറഞ്ഞു നിന്നു.

വർഷങ്ങളായിരം വന്നു പോയി.
സൂര്യന്മാരായിരം വന്നു പോയി..
ഒരു നാളെവിടെയോ ജീവൻ പിറന്നു..
മനുഷ്യനുമൊരുനാൾ പിറന്നു വീണു..

Post a Comment

No comments:

Post a Comment