Monday, 16 November 2009

കലാപമണ്ണില്‍

കലാപമാണെവിടെയും കരയിലും കടലിലും.
കലാപമാണീകൊച്ചു മണ്ണിന്റെ മാറിലും..
കടലോ, കണ്ണീരുവാർത്തലറുന്നു വീണ്ടും,
കര പോലും കണ്ണീരിലലിയുന്നു വീണ്ടും.

വിഷമാണെവിടെയും, മനുജന്റെ കരളിലും
വിഷമാണു വാക്കിലും നോക്കിലും പോലും.
വിഷുവും തിരുവോണവും മറന്നുനാമെന്നോ..
വിലയില്ലാ ജീവനായി മാറിനാമെന്നോ..

കരയുവാൻ കണ്ണീരുമില്ലാതെ അമ്മമ്മാർ
കനിവിന്റെ വാക്കിനായി കാതോർത്തു നിന്നു..
കരകാണാതലയുന്ന തിര പോലെ ഇന്നവർ,
കരുണതൻ വാതിൽ, തിരയുന്നു എവിടെയും..

വിളക്കെല്ലാമൂതി കെടുത്തി നാമെന്നോ..
വെളിച്ചമില്ലാതെയിന്നലയുന്നു മണ്ണിൽ.
വിളിക്കുവാൻ നാവുകൾ ഇല്ലയിനിയിവിടെ
വിളി കേൾക്കുവാൻ കാതുകൾ പോലുമില്ല..

നിരത്തുകൾ ശൂന്യമായി മാറുന്നു വേഗം.
നിലവിളികൾ മാത്രം കേൾക്കുന്നു ചുറ്റും.
നിലയ്ക്കുമോ നോവിന്റെ ശബ്ദങ്ങളിവിടെ?
നിലയ്ക്കുമോ പ്രാണന്റെ രോദനങ്ങൾ?

Post a Comment

No comments:

Post a Comment