Sunday, 10 July 2011

പ്രസിയും ഞാനും..അല്ല, ഞങ്ങളും.

സഹൃദയരെ എനിക്ക്‌ എന്നിൽ നിന്ന് ഒളിച്ചോടാൻ കഴിയുന്നില്ല്ല.. അതു കൊണ്ടാണ്‌ ഈയൊരു പോസ്റ്റ്‌ ഉടനെ വന്നത്‌. സദയം ക്ഷമീ..

തല:
എന്റേതു മാത്രമായ മുന്നറിയിപ്പ്‌ (ഇതിന്റെ പേറ്റന്റ്‌ എന്റേതു മാത്രമാണ്‌..സത്യം!)
ഇതൊരു മുടിഞ്ഞ പരീക്ഷണമാണ്‌. ചോദിക്കാനും പറയാനും ആരുമില്ലത്തതു കൊണ്ട്‌, മലയാള ഭാഷ കേസു കൊടുക്കില്ല എന്നൊരു ഉറപ്പുണ്ട്‌!. വായിച്ച്‌ അനുഭവി..ഇതു വായിച്ച്‌ എനിക്കെന്തെങ്കിലും പ്രശ്നമുണ്ടോ എന്നാർക്കെങ്കിലും തോന്നുകയാണെങ്കിൽ അതു വെറും തോന്നൽ മാത്രമാണെന്ന് ഞാൻ പ്രഖ്യാപിക്കുന്നു.. (അതോ അജ്ഞാപിക്കണോ?..  ദേ കിടക്കുന്നു, പിന്നേം സംശയമായി.. ഇതാണു കുഴപ്പം..)

ഉടൽ:
ഇവനെന്തോ കുഴപ്പമുണ്ട്‌. എനിക്കങ്ങനെ സംശയം തോന്നിയെങ്കിലും ഞാൻ മിണ്ടിയില്ലേ. സംശയമല്ലേ?. തീർച്ചപ്പെടുത്തുന്നതു വരെ അതു വെറും സംശയം മാത്രം.
ഞാൻ പൊതിഞ്ഞു കെട്ടി അകത്തേക്ക്‌ ഒരേറ്‌ വെച്ച്‌ കൊടുത്തു.
ശബ്ദം കേട്ടോ? ഇല്ല.. പക്ഷെ അകത്തെവിടേയോ ചെന്ന് എന്റെ സംശയം തലേം കുത്തി വീണിട്ടുണ്ടാവും. ഉറപ്പ്‌!
ഇവനു വട്ടാണ്‌
കിറുക്ക്‌
അല്ല, നൊസ്സ്‌
ആ പറഞ്ഞതിന്റെ അർത്ഥം പിടികിട്ടിയില്ല. ഞാനും ഷങ്കറും ആ വാക്ക്‌ ചൂണ്ടാണി വിരലു കൊണ്ട്‌ ചൂണ്ടി കാണിച്ചു. (എന്റെ വിരലിൽ നല്ല കൂർത്ത നഖമുണ്ട്‌. അപ്പോൾ എന്റെ ചൂണ്ടിക്കാണിക്കലിനു മൂർച്ച കൂടും)
നദീം വിശദീകരിച്ചു തന്നു.
മുകളിലത്തെ നിലയിലെ ആളുകൾ സംസാരിച്ചു തുടങ്ങി
നൊസ്സ്‌ ഒരു മലയാളം വാക്കല്ല!. 'നോ സെൻസ്‌' എന്ന ആംഗലേയം ലോപിച്ച്‌ ലോപിച്ച്‌ ഉണ്ടായതാണ്‌.
അപ്പോൾ നമ്മുടെ പാവം മലയാളത്തിനു സ്വന്തം എന്നു പറയാൻ?...
കൂട്ടത്തിൽ ഞാനും ഷങ്കറും വാ പൊളിച്ചു.
ഞങ്ങളുടെ മുൻപിലെ മസാല കപ്പലണ്ടിയുടേ പാക്കറ്റ്‌ വാ പൊളിച്ചിരിക്കുന്ന പോലെ.
നമ്മൾ നൊസ്സിലേക്ക്‌ തിരിച്ചു വന്നു. ആ വാക്കിതു വരെ കേട്ടിട്ടില്ലല്ലോ.
ഇല്ലെന്നോ! ഇപ്പോൾ അത്ഭുതിച്ചത്‌ അവനാണ്‌.
അതാണ്‌ ശരിയായ മലയാള വാക്കെന്നും, ഡിക്ഷണറിയിൽ ഇല്ലെങ്കിലും അതാണ്‌ ശരിയെന്നും അവൻ ചിലപ്പോൾ വാദിക്കുമായിരുന്നു പക്ഷെ അതിനു മുൻപ്‌ ഞാൻ കയറി പറഞ്ഞു,
തലയ്ക്ക്‌ സുഖമില്ലെന്നു പറഞ്ഞാൽ പോരെ?!
മനുഷ്യനു അടിസ്ഥാനപരമായി രണ്ടു ഭാഗങ്ങളെ ഉള്ളൂ- ഒന്നു തലയും മറ്റത്‌ ഉടലും. പഠിപ്പുള്ള ചിലർ ശരീരമെന്നും പറയും. പക്ഷെ ശരിയായ വാക്ക്‌ ഉടൽ എന്നു തന്നെ എന്നു ഈയുള്ളവൻ വിശ്വസിക്കുന്നു.
അതാണ്‌ ശരിയെന്നും ആണയിട്ടു പറയുന്നു.
ഊന്നി പറയണമെന്നുണ്ടായിരുന്നു..കൈ മുട്ടിനു ചെറിയ ഒരു വേദന..കളി അറിഞ്ഞു കൂടാത്തവന്മാരോട്‌ ഫുട്ബോൾ കളിക്കാൻ പോയാ ഇങ്ങനെ ഇരിക്കും. ഗുണപാഠം ഞാൻ നോട്ട്‌ ചെയ്തു.
ഇവൻ, ചെവിയിൽ സദാ സമയവും വാക്ക്മാന്റെ വയറുകൾ കുത്തി കയറ്റി വെച്ചിരിക്കുന്ന ഈ പഹയൻ, ബഡുകൂസ്സ്‌, വിഡ്ഢി കുശ്മാണ്ഡം (അവൻ കേൾക്കാതെ ഷങ്കർ പറയുന്ന വാക്കാണത്‌!) എന്താ ഇങ്ങനെ? അല്ലെങ്കിൽ ഇവൻ മാത്രമെന്താ ഇങ്ങനെ?!
എല്ലാരും ഒരു പോലെ ഇരിക്കണ്ടെ?
അങ്ങനെ അല്ലാതെ ഇരിക്കുന്നവനു എന്തോ പ്രശ്നമുണ്ട്‌.
അവനു ഭ്രമം ബാധിച്ചിരിക്കുന്നു - റൂമിലെ കവി കുമാരന്റെ കമന്റാണ്‌.
കുമാരൻ - അവൻ കവി അല്ല കപിയാണെന്നാണ്‌ ഷങ്കറുടെ അഭിപ്രായം.
അഭിപ്രായങ്ങൾ പറയാൻ ഷങ്കറിനെ കഴിഞ്ഞ്‌ ആരുമില്ല.
എന്തൊക്കെ ഗമണ്ടൻ അഭിപ്രായങ്ങളാണ്‌ അവന്റെ വായിൽ നിന്ന് തെറിച്ച്‌ വീഴുന്നത്‌!. അവനെ സമ്മതിക്കണം.
ഓ! നമ്മൾ വഴി മാറി ഒരുപാടിങ്ങു പോന്നു. ഇതാണ്‌..ഇതാണ്‌ കുഴപ്പം!
നൂലുണ്ട കയ്യിലുള്ളത്‌ ഭാഗ്യമായി. നൂല്‌ പിടിച്ച്‌ തിരിച്ചു പോവാല്ലോ.
അല്ല, ആർക്കാണീ നൊസ്സിന്റെ പ്രോബ്ലം?
അവനു തന്നെ.. പ്രസാദ്‌ കുമാർ. പിന്നാലെ രണ്ട്‌ ഇൻഷ്യലുകളും കുത്തി വെച്ചിട്ടുണ്ട്‌ (രണ്ടോ അതോ മൂന്നോ?..അതു പോട്ടെ, ഇൻഷ്യലുകൾ ആർക്ക്‌ വേണം?)
പക്ഷെ അവനെ പ്രസീ എന്നേ വിളിക്കുമായിരുന്നുള്ളൂ. നീട്ടി വിളിക്കാൻ അതല്ലേ സൗകര്യം. അതിനു വേണ്ടി, മടിയിലിരുത്തി, പേരു വെട്ടിക്കുറച്ച്‌ അവസാനം ഒരു വള്ളിയും ഞങ്ങൾ തൂക്കിയിട്ടു കൊടുത്തു! എത്ര നിസ്സാരം!.
പ്രസി ആരോടും സംസാരിക്കില്ല.. അല്ല, സംസാരിക്കില്ല എന്നു പറയാൻ പറ്റൂല്ല.
ഞാൻ പോവാ,
മുടിഞ്ഞ മഴ
അടുത്ത ആഴ്ച്ച കാണാം.
ഇവനെന്താ മൂന്ന് വാക്കുകൾക്കപ്പുറം സംസാരിക്കില്ലേ?!
പട്ടിണി കിടക്കുമ്പോൾ എടുത്തു തിന്നാനുള്ളതൊന്നുമല്ലല്ലോ ഈ മലയാളം മലയാളം എന്നു പറയുന്നത്‌?..
ആയ കാലത്ത്‌ വല്ലതും വായ്ക്ക്‌ രുചിയായി സംസാരിച്ചാൽ, കേട്ടു കൊണ്ടിരിക്കുന്നവർക്കും, പറയുന്നവനും കൊള്ളാം..അല്ലേൽ ഒടുക്കം പണ്ടാരമടങ്ങുമ്പോൾ, പണ്ട്‌ അങ്ങനെ ഒക്കെ പറയാമായിരുന്നു, ഇങ്ങനെ ഒക്കെ പറയാമായിരുന്നു എന്നൊക്കെ ഓർത്തു വിലപിച്ച്‌, കരഞ്ഞ്‌, നശിച്ചു പോകും..
മനസ്സ്‌ കൊണ്ട്‌ ഷങ്കർ ഇങ്ങനെ പ്രാകുന്നത്‌ ഞാൻ കേട്ടു.
എന്റെ പക്കൽ കൂറാൻ അത്ഭുതമൊന്നും ബാക്കിയില്ല! അതു കൊണ്ട്‌ കൂറിയില്ല.. അത്ഭുതത്തിനൊക്കെ ഇപ്പോ എന്താ വില?!
പിന്നെ ഓർത്തു.. പാവം ..പഠിക്കാൻ പറമ്പും വിറ്റ്‌ അപ്പനപ്പൂപ്പന്മാർ വിട്ടപ്പോൾ പഠിച്ചിട്ടുണ്ടാവില്ല..എങ്കിൽ ഇപ്പൊ ഗമയിൽ മൂന്നിൽ കൂടുതൽ വാക്കുകൾ എടുത്തെറിയാമായിരുന്നു!.. ഇനി പറഞ്ഞിട്ടെന്തു കാര്യം..പോയ ബുദ്ധി ആന പിടിച്ചാൽ.. (പിന്നെ! ആനയ്ക്കതല്ലേ പണി!)
പ്രസി ആഴ്ച്ചയവസാനം നാട്ടിൽ പോകും. അതും എല്ലാ ആഴ്ച്ചയും!.
പോകുന്നതിനു മുൻപ്‌ പൊഴിച്ചിട്ട്‌ പോകുന്ന മുത്തുകളാണ്‌
'അടുത്ത ആഴ്ച്ച കാണാം'.
മൂന്ന് മുത്തുകൾ..മൂന്നേ മൂന്ന് മുത്തുകൾ.
ആർക്കു വേണം അവന്റെ മുത്ത്‌? ഞാനെടുത്തില്ല..അതവിടെ തന്നെ കിടക്കട്ടെ.
ഇവനെന്താ ആഴ്ച്ച ആഴ്ച്ച കൂടുമ്പോൾ നാട്ടിലേക്ക്‌ കെട്ടിയെടുക്കുന്നത്‌?. എല്ലാ ആഴ്ച്ചയും ഇവനെ അവിടെ കണ്ടാൽ നാട്ടുകാരെന്തു വിചാരിക്കും?. അവിടെ ചോദിക്കാനും പറയാനും ആരുമില്ലേ? ഇവനിവിടെ നമ്മുടെ കൂടെ ആഘോഷിച്ചൂടേ? ഷങ്കറുടെ വാക്കുകൾ തെറിച്ചു വീണു. അവന്റെ തുപ്പലിനോടൊപ്പം.

അവനെ കുറിച്ച്‌ നമുക്ക്‌ സീക്രട്ടായിട്ട്‌ ഒരു അന്വേഷണം നടത്തിയാലോ? ഒരു സ്പൈ വർക്ക്‌?
ചാരപ്പണിയോളം രസമുള്ള ഒരു കാര്യമില്ല. ഒടുക്കത്തെ രസമാ.
കേൾക്കാനിരുന്ന ഷങ്കറിന്റെ തലയിൽ.. (ആ പറഞ്ഞത്‌ ഏതോ ഒരു പഴകിയ പഴഞ്ചൊല്ലുമായിട്ട്‌ എന്തോ ഒരു സാമ്യം കാണുന്നു..ഏയ്‌..നോ നോ..സംശയം മാത്രം..)
മേശയുടെ ഒരു വലിപ്പ്‌ പ്രസീടെ കുന്തങ്ങളും കൊടച്ചക്രങ്ങളും സൂക്ഷിക്കാൻ വേണ്ടി മാറ്റി വെയ്ക്കപ്പെട്ടതാണ്‌. അവിടെ നിന്ന് തുടങ്ങാം.
വലിപ്പ്‌ അവൻ പൂട്ടിയിരിക്കുന്നു. അതും സ്വാഭാവികം മാത്രം. വിശ്വസിക്കാൻ കൊള്ളവുന്ന സുഹൃത്തുക്കൾ കൂടെ ഉള്ളപ്പോൾ അങ്ങനെ തന്നെ ചെയ്യണം!. ഇല്ലെങ്കിൽ എന്തു വിശ്വാസം?.. ആ വാക്കിനു തന്നെ നാണക്കേടു തോന്നി പോയി തൂങ്ങി ചത്തേനെ.
വലിപ്പവൻ പൂട്ടിക്കോട്ടെ, താക്കോൽ അവൻ കൊണ്ടു പോയ്ക്കോട്ടെ..പക്ഷെ..
ഈ വലിപ്പിടെ ഉള്ളപ്പോൾ, നമ്മൾ അതു തുറന്നിരിക്കും, ഇതു സത്യം സത്യം സത്യം. ഷങ്കർ മേശപ്പുറത്ത്‌ ആഞ്ഞിടിച്ചു. (ആ തടിമാടന്റെ ഇടി കൊണ്ട്‌, ദുർബ്ബലനായ മേശ പൊട്ടി പോയിരുന്നെങ്കിൽ പണി ആയേനെ..ഭാഗ്യം!)
ഷങ്കർ അകത്തു പോയി അവന്റെ സീക്രട്ട്‌ ഉപകരണങ്ങൾ എടുത്തു കൊണ്ടു വന്നു.
ഹോ! ഇവൻ ഇത്ര മഹാനുഭാവലു ആണെന്ന് അറിഞ്ഞിരുന്നതേയില്ല!!
അവാനാദ്യം ചെയ്തത്‌ ഒരു സിഗറട്ട്‌ കത്തിക്കുക എന്ന പ്രവൃത്തിയാണ്‌.
തണുത്തു കിടക്കുന്ന ബുദ്ധി ചൂടുപിടിപ്പിക്കാനത്രെ.
അപ്പോൾ..ചുമ, ക്യാൻസർ എന്നീ ഉപദ്രവങ്ങൾ?
അതിനു വെള്ളരിക്ക കഴിച്ചാൽ മതി. പിന്നെ ധാരാളം വെള്ളം കുടിക്കണം.
വെള്ളം മാത്രമല്ല, അതിൽ നല്ല നാരങ്ങ പിഴിഞ്ഞൊഴിച്ച്‌ ഉപ്പു പൊടി കലക്കി കുടിക്കണം.
ഇതൊക്കെ അവന്റെ വിജ്ഞാനഭാണ്ഢാരത്തിനുള്ളിലുള്ളതാണ്‌. അവൻ ബുദ്ധിമാനാണ്‌ (സൂപ്പർ മാൻ എന്നൊക്കെ പറയുന്ന പോലെ). അതു കൊണ്ട്‌ ശരിയാവണം.
എന്തിനാ വെള്ളം കുടിക്കുന്നേ?
ലവണങ്ങൾ പോയി പോയിരിക്കുന്നു. അതിന്റെ നഷ്ടം നികത്താനാണ്‌. നമ്മൾ നിലം മണ്ണിട്ട്‌ നികത്തുന്നതു പോലെ. സിമ്പിൾ.
ബട്ട്‌ എന്താ ഈ ലവണം? കേട്ടിട്ട്‌ എന്തോ കണാ കുണാ സാധനം എന്നു തോന്നുന്നു..
ചോദിച്ചില്ല..
എങ്ങനെയാ ഒരു ബുദ്ധിമാനാവുക? മിനിമം ഒരു ബുദ്ധിജീവി? അതായിരുന്നു ആലോചന.
അതിനു മുൻവരിയിലെ പല്ലുകൾ തള്ളിയിരിക്കണം. ഒരു അലക്കാത്ത ഷർട്ടിടണം.
ബുദ്ധിജീവിയായില്ലെങ്കിലും, ജീവിയെങ്കിലും ആവും. അതുറപ്പാ..അവനതു പറഞ്ഞത്‌ ശരിക്കും ആരെ ഉദ്ദേശിച്ചാണ്‌? ചിലപ്പോൾ കവി കുമാരനെ ഉദ്ദേശിച്ചാവും എന്നു തോന്നുന്നു.
ഇതു പോലുള്ള ബുദ്ധികൾ ഈ തടിയന്റെ പക്കൽ ധാരാളമുണ്ട്‌. എല്ലാം പഠിച്ചെടുക്കണം. ശിഷ്യപ്പെട്ടാലോ എന്നു പോലും ഒരു ദുർബ്ബല നിമിഷത്തിൽ തോന്നി പോയി!.
ബുദ്ധിജീവിയാവാൻ ആദ്യം വേണ്ടത്‌, സ്വയം ബുദ്ധിജീവിയെന്ന് വിശ്വസിക്കുക എന്നതാണ്‌.
ഇനി വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ സങ്കൽപ്പിച്ചാലും മതി (അതാണ്‌ എളുപ്പം).
തടിയൻ ഷങ്കർ ഒരു വലിയ താക്കോൽ കൂട്ടം പുറത്തെടുത്തു.
അതിൽ പുക ഊതി വിട്ടു. താക്കോലുകളും തണുത്ത്‌ കിടക്കുകയാണെന്നും അതിനും ചിലപ്പോഴൊക്കെ ചൂട്‌ വേണമെന്നും ഞാൻ മനസ്സിൽ കുറിച്ചു.
തടിയന്റെ ഓരോ പ്രയോഗങ്ങളെ! വലിപ്പ്‌ വലഞ്ഞു പോയി, തോറ്റ്‌ തുറന്നു പോയി (വലിപ്പിനു തൊപ്പി ഇല്ലാത്തതു കൊണ്ട്‌, തൊപ്പിയിടാൻ പറ്റിയില്ല. പറ്റിച്ചേ)
നാലു താക്കോലുകൾ. നാലേ നാലു താക്കോലുകൾ. അത്രയേ വേണ്ടി വന്നുള്ളൂ!
തുറന്ന് ഞങ്ങൾ രണ്ടു പേരും മുഖത്തോട്‌ മുഖം നോക്കി.
'അയ്യേ' എന്നൊരു ഭാവം രണ്ടു പേരുടെയും മുഖത്തുണ്ടായിരുന്നു.
ഇവനു ശരിക്കും എന്താണു പണി? പെറുക്കിയാണോ?
കുറച്ച്‌ പൊട്ടിയ വള തുണ്ടുകൾ, ഒരു മഞ്ഞ റിബൺ, ഒരു പൊട്ടിയ പ്ലാസ്റ്റിക്‌ ചാന്തു കുപ്പി..അങ്ങനെ ചില അലു ഗുലുത്ത്‌ സാധനങ്ങൾ!
ബുദ്ധിമാന്റെ കൂടെ കൂടി എനിക്കും ബുദ്ധി വന്നിരിക്കുന്നു. ബുദ്ധി എന്നത്‌ പകർന്നു പിടിക്കുന്ന ഒരു തരം രോഗമാവാനാണ്‌ വഴി..മെഡിക്കൽ ടേംസിൽ..സോറി, മേടിക്കൽ ടേംസിൽ..വായിൽ കുത്തി നിറയ്ക്കാവുന്ന എന്തെങ്കിലും ഒരു പേരില്ല എന്നൊരു കുറവേയുള്ളൂ..
ഞങ്ങളുടെ നിഗമനങ്ങൾ ശരിയാണ്‌. ഈ ക്ണാപ്പൻ ഒരു ആക്കിറി കാമുകനാണ്‌!
ഒരു പെറുക്കി കാമുകൻ.
ഈ കോന്തന്റെ വലിപ്പ്‌ കുത്തി തുറന്ന ഞങ്ങളോട്‌ ഞങ്ങൾക്ക്‌ തന്നെ പുച്ഛം തോന്നി.. അല്ല..പുജ്‌ഞ്ഞം തോന്നി.
പ്യാവം. ഈ കുഞ്ഞാട്‌ വഴി തെറ്റി ഓടിക്കൊണ്ടിരിക്കുകയാണ്‌.
തീവണ്ടികൾ പാളം തെറ്റി ഓടുന്ന നാടാണ്‌..അതു ശരിയാക്കാൻ കഴിയില്ല..പക്ഷെ ഇതു നമ്മുടെ സ്വന്തം സഹോദരന്റെ കാര്യമാണ്‌.
(രണ്ടു മിനിട്ട്‌ മുൻപ്‌ അവനെ ഞങ്ങൾ അവനെ സഹോദര ഗണത്തിൽ പെടുത്തി കഴിഞ്ഞിരുന്നു.
ഒരുത്തനെ സഹോദരനാക്കാൻ വെറും രണ്ടു മിനിട്ട്‌ ധാരാളം. സഹോദരിമാരുടെ കേസ്‌ വേറെയാണ്‌. ടൈം കാൽക്കുലേറ്റ്‌ ചെയ്യാൻ കുറച്ച്‌ കൂട്ടക്ഷരങ്ങൾ മണ്ണിൽ എഴുതണം. അതും മൂക്ക്‌ കൊണ്ട്‌..വെറുതെ എന്തിനു റിസ്ക്‌ എടുക്കണം?)
ഇവനെ നേർവഴി നടത്തിയില്ലെങ്കിൽ എങ്ങനെയാണ്‌ ശരിയാവുക?
എന്റെയും ഷങ്കറിന്റെയും ഉള്ളിലെ സദാചാരക്കാരൻ ഉടൻ തല പൊക്കി നോക്കി എന്തൊക്കെയോ വിളിച്ചു പറഞ്ഞു.
(ഇംഗ്ലീഷിൽ പറഞ്ഞതു കൊണ്ട്‌ ഒന്നും മനസ്സിലായില്ല)
പക്ഷെ ഞങ്ങൾക്ക്‌ ഊഹിക്കാൻ വലിയ പ്രയാസമുണ്ടായില്ല. ഇങ്ങനെ ഊഹിച്ച്‌ ഊഹിച്ച്‌ എത്രയോ ഇംഗ്ലീഷ്‌ സിനിമകൾ കണ്ടിരിക്കുന്നു! പിന്നാ ഈ വെറും ചാരക്കാരൻ..ഞങ്ങൾ ടൈയിൽസ്‌ ഇട്ട തറയായത്‌ കൊണ്ട്‌ തുപ്പിയില്ല എന്നേയുള്ളൂ.
ഷെർലക്കിനും വാട്സണും ഇനി ഇര വരുന്നതു വരെ കാത്തിരിക്കുക മാത്രമാണ്‌ ചെയ്യാനുള്ളത്‌.
വലിപ്പ്‌ അടച്ച്‌ പൂട്ടി. ഞങ്ങൾ തിങ്കളാഴ്ച്ചയാവുന്നതു വരെ കാത്തിരുന്നു.
കാത്തിരുന്നു ക്ഷീണിച്ചു, റെസ്റ്റെടുത്തു, ഉറങ്ങി, വീണ്ടും കാത്തിരുന്നു.
ഒരു മലയാളം സിനിമ കണ്ടാലോ? - എന്റെ വിദഗ്ദമായ അഭിപ്രായം.
പാകിസ്ഥാനിൽ വേണമെങ്കിൽ പോവാം. പക്ഷെ മലയാള സിനിമാ എന്നു പറയരുത്‌! ഷങ്കർ കണ്ണുരുട്ടി പേടിപ്പിച്ചു.
ശരി, എങ്കിൽ ഇംഗ്ലീഷ്‌ ആവാം. ഞാൻ രണ്ടാമത്തെ വിദഗ്ദാഭിപ്രായം എടുത്തിട്ടു.
അതാവുമ്പോൾ ഊഹിച്ച്‌ എല്ലാം കാണുകയും ചെയ്യാം. നോ കൺഫൂഷൺ.
പോയി കണ്ടു, ഊഹിച്ചു, എല്ലാം പുടി കിട്ടി.
കഥ ചർച്ച ചെയ്തപ്പോൾ സിനിമയിൽ അങ്ങനെയും ഒരു കഥയുണ്ടോ എന്നു രണ്ടു പേർക്കും സംശയമായി.
ഉടൻ ചർച്ച അവസാനിപ്പിച്ചു.
പട്ടിണി കിടക്കണ്ട എന്നു വിചാരിച്ച്‌, തട്ടു കടയിൽ നിന്ന് പറോട്ട വാങ്ങി തട്ടി, വന്നു കിടന്നുറങ്ങി.
സുഖം സ്വസ്ഥം.

തിങ്കളാഴ്ച്ച അതിരാവിലെ.
കോഴികളെ ഒക്കെ പിടിച്ച്‌ തണ്ടൂരി ആക്കിയത്‌ കൊണ്ട്‌ ഇപ്പോൾ പട്ടികളാണ്‌ വിളിച്ചുണർത്തുനത്‌ (കാലം പോയ പോക്കെ). ഒരു നീണ്ട മോങ്ങൽ. കണ്ണു തുറന്നപ്പോൾ, പ്രസാദ്‌ കുമാർ മേശയുടെ അടുത്തിരിക്കുന്നു. പ്രസാദ്‌ കുമാറിനു പ്രസാദമില്ല.
അവൻ പ്രസി..അവൻ വാടി പോയിരിക്കുന്നു.
കുമാരൻ കാണണ്ട, കണ്ടാൽ പിടിച്ച്‌ കൊണ്ട്‌ പോയി കവിത എഴുതി കളയും.
എനിക്ക്‌ ബൾബ്‌ കത്തി. ഇവൻ നിരാശനാണ്‌.
ഇവന്റെ കാമുകിയുടെ ഒരാക്രി സാധനങ്ങളും ഈ പോക്കിൽ കിട്ടിയിട്ടുണ്ടാവില്ല.
പക്ഷെ ഇവനോട്‌ ഒന്നും ചോദിക്കാൻ പറ്റില്ല. ഇവനെ തന്നെ കൊണ്ട്‌ പറയിക്കണം.
പാമ്പിന്റ്‌ വിഷം പാമ്പ്‌ തന്നെ ഹാൻഡിൽ ചെയ്യണം.
എന്തു പറ്റി?.
ഉം..
മുത്തു വീഴാൻ താമസിക്കും. കാത്തിരിക്കുക തന്നെ.
സുഖമില്ലേ?
ഉം ഉം..
മുത്തുകളുടെ എണ്ണം കൂടി കൂടി വരുന്നു. നല്ല ലക്ഷണമാണ്‌.
പറ..എന്തേലും പ്രോബ്ലമുണ്ടോ ? നമ്മുക്ക്‌ ശരിയാക്കാമെന്നെ!..
ഷങ്കർ ആ പറഞ്ഞത്‌ കേട്ട്‌ ഞാൻ നാവ്‌ കടിച്ചു. അതു എടുത്ത്‌ ചാട്ടമല്ലേ? ഈ കൊശവന്‌ ഡൗട്ട്‌ അടിക്കത്തില്ലേ?
ഷങ്കർ എല്ലാം പൊളിച്ചടുക്കുമെന്നാ തോന്നുന്നത്‌.
ഈശ്വരാ, ഷെർലക്കിന്റെയും വാട്സണിന്റെയും ഒടുക്കത്തേ കേസ്‌ കെട്ടാവുമോ?
പ്രസിക്ക്‌ നോ റിയാക്ഷൻ. രക്ഷപെട്ടു!
ഞങ്ങൾ എഴുന്നെറ്റ്‌ അടുത്ത്‌ ചെന്നു.
നീ വിഷമിക്കണ്ട, എന്തായാലും ഞങ്ങളൊക്കെയില്ലേ കൂടെ? നീ പറ.
നീയൊക്കെ കൂടെ ഉള്ളതാ വിഷമം എന്നവൻ തിരിച്ചു പറയുമോ എന്നു പേടിയുണ്ടായിരുന്നു. പറഞ്ഞില്ല.
എന്തൊരു ശുഷ്കാന്തിയോടെ, താത്പര്യത്തോടെയാ ചോദിക്കുന്നത്‌.. ഈ ശുഷ്കാന്തി പണ്ടെ കാണിച്ചിരുന്നെങ്കിൽ, രാകേഷ്‌ ശർമ്മയ്ക്ക്‌ പകരം ഞാൻ വണ്ടിലിരുന്ന് മൂണീൽ പോയേനെ..കുഴപ്പമില്ല, ഇനിയും ടൈം ഉണ്ട്‌.
പ്രസി സെന്റിയുടെ വക്കത്ത്‌ നിൽക്കാണ്‌. ഒന്നുന്തി കൊടുത്താൽ മതി അവൻ വിലാപത്തിന്റെ പടു കുഴിയിൽ വീഴും.
അവനെ തള്ളിയിടാനല്ലേ തടിയന്റെ ആ തടിച്ച്‌ കൈകളും ഈ എല്ലന്റെ എല്ലു കൈകളും?. ഞങ്ങൾക്ക്‌ കൈ തരിച്ചു.
അവൻ പൊട്ടാറായി. കരച്ചിലിന്റെ വക്കത്താണ്‌.
ഞാൻ അവസരം മുതലെടുത്തു.
പാഠം രണ്ട്‌:
അവസരങ്ങൾ ചൂഷണം ചെയ്യാനുള്ളതാണ്‌. അതു വെറുതെ വേസ്റ്റ്‌ ആക്കി കളയരുത്‌.
ഞാൻ ചെന്ന് അവനെ ചേർത്തു പിടിച്ചു.
വിഷമിക്കണ്ട പ്രസീ, വിഷമിക്കണ്ട..
അടുത്തെവിടെയെങ്കിലും ഏതെങ്കിലും നാടക ട്രൂപ്പുണ്ടെങ്കിൽ എന്നെ സ്പോട്ടിൽ നിന്ന് പിടിച്ചോണ്ട്‌ പോയേനെ.
ഷങ്കർ നും കളത്തിലേക്ക്‌ എടുത്തു ചാടാൻ തോന്നി. അവൻ ചാടി.
പ്രസീ, ഇന്ന് നീ ഓഫീസിൽ പോണ്ടാ, ഞങ്ങളും നിന്റെ കൂടെ ഇരിക്കാം.
നീ സമാധാനപ്പെട്‌..
അപ്പോൾ എനിക്കൊരു സംശയം. ഇവൻ എന്താ പ്രശ്നമെന്നു പറഞ്ഞില്ലല്ലോ. അതിനു മുൻപെ ഞങ്ങൾ അഭ്യുദയകാംക്ഷികൾ അവനെ സമാധാനപ്പെടുത്താൻ തുടങ്ങി!.
പാമ്പ്‌..വിഷം..പാമ്പ്‌..
കുറച്ചു കഴിഞ്ഞപ്പോൾ, അവൻ മുത്തു പൊഴിച്ചു തുടങ്ങി.
നാട്ടിൽ ഒരു ലൈൻ വലിച്ചതാണ്‌ സംഭവം.(ഷെർലക്ക്‌ ഊഹിച്ചതു പോലെ തന്നെ. എല്ലാം എലിമന്ററിയാണ്‌ മോനെ എലിമന്ററി)
ലൈൻ വലിച്ചത്‌ ബോർഡ്‌ അറിഞ്ഞില്ല..ഇവൻ വലിച്ചു  കൊണ്ടേ ഇരുന്നു..
അവസാനം നോക്കിയപ്പോൾ കറണ്ട്‌ കണക്ഷൻ കിട്ടിയത്‌ അടുത്ത വീട്ടിലുള്ള ഒരു ചുള്ളന്‌. അവൻ ടിവി കണ്ടു തുടങ്ങുകയും ചെയ്തു.
കറണ്ടില്ലാത്ത വയറും പിടിച്ച്‌ ഈ പാവം നിൽപ്പാണ്‌.
അവളോട്‌ അവന്റെ മുടിഞ്ഞ പ്രേമം (പ്രേമം ഫയങ്കര വിലപിടിച്ചതാണ്‌..അതാണ്‌ മുടിഞ്ഞു പോണത്‌) അവൻ പറയാതെ, എഴുതാതെ കൊണ്ടു നടന്നു. അവൾ എടുത്ത്‌ കളയണ, യൂസ്‌ലെസ്സ്‌ സാധനങ്ങൾ എടുത്ത്‌ വെച്ച്‌ പൂജിച്ചു കൊണ്ടിരുന്നു.
പാമ്പിന്റെ വിഷം മുഴുവനും ഇറങ്ങി..പാമ്പ്‌ ശൂന്യനായി ഇരിക്കുകയാണ്‌..
ഞങ്ങൾ മുഖാ മുഖം നോക്കി.
ഇവന്റെയൊക്കെ തലമണ്ട അടിച്ചു കീറേണ്ട സമയം കഴിഞ്ഞു..ടൈം വേസ്റ്റ്‌.
പക്ഷെ ഞങ്ങളുടെ സഹോദരനായി പോയില്ലേ, ആക്കി പോയില്ലേ, ഞങ്ങൾ ക്ഷമിച്ചു.
ഞങ്ങൾ അവനെ സമാധാനിപ്പിച്ചു. അവൻ സമാധാനിച്ചു.
ഇപ്പോൾ അവന്റെ ട്രെയിൻ ഓടുന്നത്‌ ഞങ്ങളുടെ പാളത്തിലൂടെയാണ്‌.
ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്‌..അനുഭവമാണ്‌, തേങ്ങാകൊലയാണ്‌, മാങ്ങാത്തൊലിയാണ്‌..നാരങ്ങാ നീരാണ്‌..
പ്രസിക്ക്‌ കമ്പ്ലീറ്റ്‌ മനസ്സിലായി.
എല്ലാത്തിനും ഓരോ രീതികളുണ്ട്‌. അതു അറിഞ്ഞൂടെങ്കിൽ, ജന്മസിദ്ധമായി ആ കാര്യം ഗ്രഹിച്ചവരോട്‌ ചോദിക്കണം.
അവർ ഫീസ്‌ വാങ്ങാതെ പറഞ്ഞു തരും.
ഷങ്കറും ഞാനും അവന്റെ ഗുരുക്കന്മാരായി.
പാഠങ്ങളിൽ ബേസിക്‌ ചാപ്റ്റേഴ്സ്‌ പഠിപ്പിച്ചു.
എങ്ങനെ നോക്കണം, എങ്ങനെ ചിരിക്കണം, എങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കണം.
എങ്ങനെയാണ്‌ ആദ്യം മുട്ടേണ്ടത്‌..അതു വരെ പറഞ്ഞു. ശേഷം 'ആഫ്റ്റർ ദ്‌ ബ്രേക്ക്‌' എന്നു തറയിൽ വലിയ ഉണ്ട അക്ഷരത്തിൽ എഴുതി കാണിച്ചു.
എന്നു വെച്ചാൽ, വിശക്കുന്നു, എന്തെലും അകത്തേക്ക്‌ പെറുക്കി ഇടണമെന്ന്..
സ്വാഭാവികമായും ശിഷ്യന്റെ അടുക്കൽ നിന്നും ഒരു മിനിമം ദക്ഷിണ പ്രതീക്ഷിക്കുമല്ലോ. പ്രതീക്ഷിച്ചു.
ഒന്നും സംഭവിച്ചില്ല, ഒന്നു കൂടി പ്രതീക്ഷിച്ചു.
അവസാനം ഷങ്കറിന്റെ നെല്ലിപലകയിൽ തൊട്ടു തൊട്ടില്ല..തൊട്ടു..തൊട്ടില്ല എന്ന് വരെ എത്തിയപ്പോൾ, ഞാൻ ഇടപെട്ടു.
നമുക്ക്‌ പോയി വല്ലതും ലൈറ്റായിട്ട്‌ കഴിച്ചിട്ട്‌ വരാം.
ശ്രദ്ധിക്കുക - എപ്പോഴും കൈയിൽ കാശില്ലാത്തപ്പോൾ, ഒരുത്തനെ കുറ്റി വെയ്ക്കുമ്പോൾ, ലൈറ്റ്‌ ആയിട്ട്‌ മാത്രമെ തുടങ്ങാവൂ. അതിനു ശേഷം, ഹെവി, മിഡ്‌ ഹെവി, ഹെവി ഹെവി എന്ന നിലകളിലേക്ക്‌ വലിഞ്ഞു കേറാവുന്നതാണ്‌.
ഉടൻ ചാടിയിറങ്ങി.
സ്ഥിരം കഴിക്കാൻ പോകാറുള്ള ഹോട്ടൽ കാണാത്ത മട്ടിൽ നടന്നു.
അപ്പോൾ, അതാ ഒരു സുന്ദരൻ ഹോട്ടൽ. ഹോട്ടലു കണ്ടാലെ കൊതി വരും.
അതു ഞങ്ങളെ മാടി വിളിച്ചു. ഞങ്ങൾ പോയി. മാടി വിളിക്കുന്നതിന്റെ ഒരു കുഴപ്പം അതാണ്‌. പോകാതിരിക്കാൻ കഴിയില്ല.
പക്ഷെ..ആ വാക്ക്‌..'മാടി' അതിലെന്തോ അപാകതയുണ്ട്‌.. തമിഴോ, തെലുങ്കോ..എന്തോ ഒരു മലയാളച്ചുവയില്ലാത്ത വാക്ക്‌..അതു പോട്ടെ, അതു മാടി ഞങ്ങൾ പോയി.

ലൈറ്റായിട്ട്‌ രണ്ട്‌ ഇഡ്ഢലി, കുറച്ച്‌ ചുവന്ന ചമ്മന്തി.
ശേഷം, ഹെവിയായിട്ട്‌, രണ്ട്‌ അപ്പം, മുട്ടക്കറി,
ശേഷം, മിഡ്‌ ഹെവിയായിട്ട്‌, പുട്ട്‌, കടല കറി..
ഇന്നു വലിയ വിശപ്പില്ല..നമുക്ക്‌ ഉച്ചയ്ക്ക്‌ വരാം..
ഓ, ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം..ഷങ്കർ എന്തോ പറയാൻ വന്ന പോലെ വന്നിട്ട്‌,
അല്ല വേണ്ട, ഇവിടെ വെച്ച്‌ വേണ്ട, റൂമിൽ ചെന്നിട്ട്‌ പറഞ്ഞു തരാം.
പ്രസീടെ ജിജ്ഞാസയുടെ വാലിന്‌ തിരി കത്തിച്ചതാണ്‌. എല്ലാ പടക്കവും ഒന്നിച്ച്‌ പൊട്ടിക്കരുത്‌.
വൺ ബൈ വൺ.

ഞങ്ങൾ പഠിപ്പിക്കുന്നു, ലവൻ പഠിക്കുന്നു,
അവൻ പ്രയോഗിക്കുന്നു, ചിലത്‌ ചീറ്റുന്നു, ചിലത്‌ ടാർഗറ്റിൽ സ്റ്റ്രൈക്ക്‌ ചെയ്യുന്നു.
വീണ്ടും പഠനം, ദക്ഷിണ, പ്രയോഗം, പഠനം..ദക്ഷിണ..
റോഡിൽ കൂടെ ആയിരമായിരം ബസ്സുകൾ നിർത്താതെ കടന്നു പോയി.
അവൻ ഖിലാഡിയായി, ബഡെ ഖിലാഡിയായി, സബ്സെ ബഡേ ഖിലാഡിയായി..

ഇപ്പോൾ പ്രസി നമ്മുടെ കൂട്ടത്തിലൊരുവനാണ്‌!. ഈ പാടായ പാടൊക്കെ പെട്ടതിനു ഒരർത്ഥമുണ്ടായി!. ഞങ്ങളോടൊക്കെ ഒടുക്കത്തെ ബഹുമാനമാണ്‌. (വെള്ളമടിക്കുമ്പോ മാത്രം ചിലപ്പോ..അതും ചിലപ്പോ മാത്രം 'എടാ' എന്നു വിളിക്കും, ഞങ്ങൾ കേൾക്കാത്ത പോലെ ഇരിക്കും.)

ഇപ്പോൾ സന്തോഷം സഹിക്കാൻ വയ്യേ. ഒരുത്തനും ഞങ്ങളേ പോലെ അല്ലാതിരിക്കരുത്‌. അതാണ്‌...അതാണ്‌ വേണ്ടത്‌. ഞങ്ങളെ പോലിരിക്കാത്തവരെ ഞങ്ങൾ അംഗീകരിക്കില്ല. അടുത്ത ഇര?..വരും..വരാതിരിക്കില്ല..വരാതെ എവിടെ പോവാൻ?..ഈ ലോകം ഞങ്ങൾ നന്നാക്കിയേ അടങ്ങൂ എന്ന് ഞങ്ങൾ പ്രതിജ്ഞ എടുത്തു കഴിഞ്ഞിരിക്കുന്നു!.

വാൽ:
ഇതിൽ കഥയെവിടെ എന്നു ചോദിക്കരുത്‌!. കഥ മാത്രമല്ലല്ലോ എപ്പോഴും പറയേണ്ടത്‌. കഥയില്ലായ്മകളും പറയണമല്ലോ..അവരെ ആരും അനാഥരാക്കാൻ പാടില്ലല്ലോ!.ചിലപ്പോൾ ഇതു കഥയ്ക്കും കഥയില്ലായ്മയ്ക്കും ഇടയിലുള്ള ഒരു (എന്തോ) ആവും..

ഇനി ആദ്യം മുതൽ ഒന്നു കൂടി കണ്ണോടിച്ച്‌ വായിച്ചു നോക്കൂ..എന്തെങ്കിലും സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌..?

ശരിയായ ലേബൽ 'എന്തരോ എന്തോ' എന്നാണ്‌. ചിലർക്ക്‌ വായിക്കാൻ മടി തോന്നാതിരിക്കാൻ 'കഥ' എന്നെഴുതി വെച്ചിരിക്കുന്നു എന്നേ ഉള്ളൂ. സദയം ക്ഷമീ..

Post a Comment

31 comments:

 1. പരീക്ഷനങ്ങലല്ലേ പുത്തന്‍ ട്രെന്ടുകള്‍ സൃഷ്ടിക്കുന്നത്,
  എന്തായാലും ആശംസകള്‍

  ReplyDelete
 2. അമ്പട കള്ളാ!!!!....നമിച്ചിരിക്കുന്നു.

  "ഇത്ര സംഗതി" കയ്യില്‍ ഉണ്ടായിരുന്നിട്ട്‌
  ഇത്രയും കാലം അതൊന്നു പുറതെടുതില്ലാല്ലോ...
  ഐഡിയ സ്റ്റാര്‍ ആയില്ലായെങ്കിലും പണ്ടേ മിനിമം ബൂലോക സ്റ്റാര്‍ എങ്കിലും ആയേനെ...("പാകിസ്ഥാനില്‍ വേണമെങ്കില്‍ പോകാം മലയാള സിനിമ എന്ന് പറയരുത്..."അത് കലക്കി.)

  ReplyDelete
 3. സാബു ..സത്യം പറയാല്ലോ ബോറടിച്ചു .....

  ReplyDelete
 4. സാബുവേട്ടന്‍ എന്താണെഴുതിയിരിക്കുന്നതെന്ന്‍ സത്യത്തില്‍ എനിക്കു മനസ്സിലായിട്ടില്ല.ഒരൊറ്റത്തവണ മാത്രമേ വായിച്ചുള്ളു.രണ്ടുമൂന്നാവര്‍ത്തിയാവുമ്പം റെഡിയാകുമായിരിക്കും....പിന്നെ അവസാനഭാഗത്തൊക്കെ ഒരു കൂതറലൈനും ഭാഷയുമെന്തിനാണെന്നു മനസ്സിലായില്ല.ഇത്രയും നീളമുള്ള കഥ വായിക്കുവാന്‍ അല്‍പ്പം മടിയുണ്ടാക്കുന്നുണ്ട്

  ReplyDelete
 5. ആദ്യത്തെ രണ്ടുമൂന്ന് ലൈന്‍ മാത്രമേ വായിച്ചുള്ളു. പിന്നെ അതിവേഗം താഴേയ്ക്ക് പോന്നു, രമേഷിന്റെ കമന്റ് കണ്ടപ്പോള്‍ പിന്നെ വായിക്കാന്‍ തോന്നിയില്ല. കാരണം വസ്തുനിഷ്ഠമായി അഭിപ്രായം പറയുന്ന ആളാണ് രമേഷ്. പ്

  ReplyDelete
 6. കമന്റുകൾ വായിച്ചിട്ട്‌ പോസ്റ്റ്‌ വായിക്കുന്നവരെ ആദ്യമായിട്ടാണ്‌ കാണുന്നത്‌. മാഗസിനുകളിലും, വാരികകളിലും ഈ സംവിധാനം ഇല്ലാത്തത്‌ നന്നായി ;)
  ഈ വായനക്കാരെ കൊണ്ട്‌ തോറ്റു!. പുസ്തകങ്ങൾ വായിക്കുന്നവർ റിവ്യൂ വായിച്ച ശേഷമാണൊ വായിക്കുന്നത്‌ എന്നറിയാൻ താത്പര്യമുണ്ട്‌.. അതു അഭിപ്രായപ്പെടുക..നന്ദി.

  ReplyDelete
 7. ഒന്നും മനസ്സിലായില്ല.

  ReplyDelete
 8. ......മുഴുവനും വായിക്കാന്‍ സമയം ഇല്ല,, ഇനിയും എഴുതുക!

  ReplyDelete
 9. സാബുവിന്റെ സാധാരണ ശൈലിയില്‍നിന്നും വളരെ വിഭിന്നമാണിത്‌. പരീക്ഷണമാണെന്ന ആമുഖമുള്ളതുകൊണ്ട് ഈ വ്യത്യസ്ഥയെ അംഗീകരിക്കാം. പക്ഷെ, അങ്ങോട്ട്‌ കയറിയില്ല എനിക്ക്, ഒരുപക്ഷെ എന്‍റെ കഴിവുകേടായിരിക്കാം അത്. സമയം കിട്ടുമ്പോള്‍ ഞാന്‍ ഒന്നുംകൂടെ വായിക്കാം.

  ReplyDelete
 10. സെയ്‌വ് ചെയ്ത് ബൈഹാർട്ട് പഠിക്കട്ടെ,

  ReplyDelete
 11. ഹായ് ....
  ഇതു "എന്തരോ എന്തോ "ആണെന്ന് മനസ്സിലായി ..
  പക്ഷെ അത് "എന്താരാനെന്നു" അറിയാനുള്ള എന്റെ അറിവ് പരിമിതമാണ് ...
  അതോണ്ട് അറിയാത്തതും മനാസിലാവാതതുമായ കാര്യങ്ങളെ വിമര്‍ശിക്കുവാനോ , പ്രശംസ്സിക്കുവാണോ ഞാന്‍ താല്പര്യപ്പെടുന്നില്ല ....
  ഇതിലൂടെ എന്താണ് താങ്കള്‍ ഉദ്ദേശിച്ചത് എന്ന വസ്തുത വായനക്കാരിലേക്ക് എത്തുന്നില്ല എന്ന് തോന്നുന്നു കേട്ടോ ...
  മുഴുവന്‍ വായിച്ചു .. ഇനിയും പരീക്ഷണങ്ങള്‍ നടക്കട്ടെ ...
  ഭാവുകങ്ങള്‍ ..

  ReplyDelete
 12. This comment has been removed by the author.

  ReplyDelete
 13. ആഹാ...ഇന്നിവിടെയാണോ തെറി...
  കഥ വായിച്ചു..രസിച്ചു.

  ReplyDelete
 14. പുതിയ രീതികള്‍ പരീക്ഷിച്ചു കൊണ്ടേ ഇരിക്കൂ .
  ആശംസകള്‍

  ReplyDelete
 15. സാബു:-എത്ര വര്ഷം ആയി നാട്ടില്‍
  പോയിട്ട്? ഒന്ന് പോയി വാ.
  ..ഹ..ഹ...ഒക്കെ ശരി ആവുമെന്നെ...

  ReplyDelete
 16. സാബൂ, ഇതിലെ ഉള്ളടക്കമോ ശൈലിയോ അല്ല ഈവക അഭിപ്രായത്തിനുകാരണം. ഈ ഒരു ത്രെഡ് ഇത്രനീളത്തില്‍ എഴുതണമായിരുന്നോ..? പരീക്ഷണമെന്ന നിലയില്‍ പുതിയ ശൈലി കൊള്ളാം. അവിടെയും പഴയശൈലിയില്‍നിന്നും ഒത്തിരി മാറാനും കഴിഞ്ഞിട്ടില്ല..!താങ്കളുടെ രചനാവൈഭവത്തിനുമുന്നില്‍ നമിച്ചുകൊണ്ടുതന്നെ പറയട്ടെ. അത്യാവശ്യ ഘട്ടത്തില്‍ മാത്രമേ കഥ ഇത്ര നീട്ടേണ്ടൂ. അല്ലാത്തപക്ഷം അത് വായനക്കാരോടു ചെയ്യുന്ന ക്രൂരതയാവും.
  ഒത്തിരിയാശംസകള്‍...!

  ReplyDelete
 17. ഒരു രക്ഷയുമില്ല..
  ഇത് മനുഷ്യരെ ഒരു പരുവത്തിലാക്കുന്ന പരീക്ഷണമാണു കോയാ....

  ReplyDelete
 18. This comment has been removed by the author.

  ReplyDelete
 19. ആദ്യം, പരീക്ഷണങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍,

  സംഭവം പറഞ്ഞ രീതി, ആദ്യഭാഗവും അവസാന ഭാഗവുമൊഴിച്ച് (തീരെ ഇഷ്ടമായില്ല) ബാക്കി നന്നായി ഇഷ്ടമായി എന്ന് പറയാതെ തരമില്ല, ചിലത് ഞാനും കടമെടുക്കുന്നു, കടപ്പാടില്ല അതിനെന്നാദ്യം പറയുന്നു!!

  വ്യതിചലിച്ച് എഴുത്തില്‍ ഉദ്ദേശിച്ചത് തീരെ ഏറ്റില്ല എന്ന് പറയാതെ തരമില്ല,

  കഥയില്ലായ്മയെന്ന് കഥാപാത്രം (കാരന്‍?) സ്വയം വെച്ചൊഴിയുമ്പോള്‍ വായനക്കാരെന്ത് പറയേണ്ടു?

  ഇത്തരം പരീക്ഷണങ്ങള്‍ ഇനിയുമാകാം, പക്ഷെ വായനക്കാരുടെ ക്ഷമയെ പരീക്ഷിക്കും വണ്ണം, ഇതേപോലെ വലിച്ച് നീട്ടേണ്ടതും സിനിമകളില്‍ പോലെ അഭംഗികളായ ഡയലോഗുകള്‍ കുത്തി നിറച്ചാകേണ്ടതുമില്ല.

  പരീക്ഷണങ്ങള്‍ ഇനിയുമാകട്ടെ, പ്രചോദനങ്ങള്‍ നല്ലെഴുത്തുകള്‍ സമ്മാനിക്കാറുണ്ട്!

  ReplyDelete
 20. മനസ്സില്‍ ഉള്ളത് മുഴുവനും എഴുതിയ പോലുണ്ട്... പക്ഷെ അത് വായനക്കാരിലേക്ക് എത്തിക്കും മുന്‍പ് ഒരു എഡിറ്റിംഗ് ചെയ്യാറില്ലേ !! അത് മറന്നോ !!!

  ReplyDelete
 21. സാബൂ,
  ഞാന്‍ വായിച്ചു; എന്തരോ പറയാന്‍? ഇതെന്തു പറ്റീ..സാബൂ?
  ഏതായാലും, പരിപാടികള്‍ നടക്കട്ടും. എല്ലാം അവരാലേ(കടവുളാലെ)മുടിയും.
  വണക്കം നേര്‍കളൈ.

  ReplyDelete
 22. പരീക്ഷണങ്ങൾ തുടരട്ടേ..... വായനക്കാർ വളരട്ടേ.... സാബു വാക്കുകൾ കൊണ്ട് അമ്മാനമാടട്ടെ...രമേശിന്റെ കത്തികൾക്ക് മൂർച്ച കൂടട്ടെ... സത്യം പറയാം ഞാൻ മുഴുവനും വായിച്ചു...അതുകൊണ്ട് തന്നെ ഒന്നും പറയാനില്ലാ.... മംഗളം ഭവന്തു:

  ReplyDelete
 23. oru kuzhappavumilla. alpam loose contact aayi ezhuthi enne thonnoo. pakshe anganeyum ezhutham. muzhuvan vayichu.

  ReplyDelete
 24. ഞാനും മുഴുവന്‍ വായിച്ചു..അവസാനം ചെറുതായി ലാഗ് ഫീല്‍ ചെയ്യുന്നുണ്ടോ എന്നൊരു തോന്നല്‍...അപ്പോള്‍ വീണ്ടും കാണാം..

  ReplyDelete
 25. ആദരണീയനായ ബ്ലോഗ്ഗര്‍ ,
  ഒരു ആമുഖത്തിന്റെ ആലങ്കാരിക പ്രസക്തിയില്ലാതെ വിഷയത്തിലേക്ക് കടക്കാം...താങ്കളുടെ രചനകള്‍ വായിക്കാന്‍ തുടങ്ങിയിട്ട് കുറെ കാലം ആയെങ്കിലും ..കമന്റ്‌ എഴുതി തുടങ്ങിയത് അടുത്തിടെ ആണ്.പലപ്പോഴും പറയാന്‍ ശ്രെമിക്കുന്ന വാക്കുകള്‍ വരികള്‍ക്കിടയിലൂടെ കണ്ടെത്തി വരുമ്പോള്‍ വായനക്കാര്‍ അസഹിഷ്ണുത പ്രകടിപ്പിക്കുക സ്വാഭാവികം മാത്രം.ഈ തിരക്കുള്ള യാന്ത്രിക ലോകത്തില്‍ ആര്‍ക്കാണ്സമയം.???(താങ്കളുടെ ചില രചനകള്‍ പലപ്പോഴും വരികള്‍കിടയിലൂടെ ഉള്ള വായന അര്‍ഹിക്കുന്നു.)
  ഈ ഫാസ്റ്റ് ഗ്രോയിംഗ് സൊസൈറ്റി യില്‍ ..അന്തര്‍മുഖനായി...സ്വകാര്യ ദുഖങ്ങളുമായി..കഴിഞ്ഞ പ്രസി എന്ന ചെറുപ്പകാരന്‍ ഈ സമകാലിക കാലഘട്ടത്തിന്റെ ഒരു ഇരയാണ്.മറ്റു സുഹൃത്തുക്കളായ വേട്ടക്കാര്‍ അവനിലെ ഇരയെ ഒരു വേട്ടക്കാരന്‍ ആക്കിയെടുകുന്നു എന്ന കേവലസത്യം ഈ കാലഘട്ടം
  ആവശ്യപെടുന്ന പോലത്തെ .."ഇന്നത്തെ ട്രെന്‍ഡ് ആയ ഭാഷയിലൂടെ" തുറന്നു കാണിച്ച നിങ്ങളുടെ രചനാ വൈഭവത്തെ അഭിനന്ദിക്കാതെ വയ്യ.ഇത് ബ്ലോഗ്ഗിന്റെ കാര്യം എടുത്താലും ഇങ്ങനെ തന്നെ ആണ്ചില ബ്ലോഗേഴ്സ് വളരെ സീരിയസ് ആയിരിക്കും...ചിലര്‍ സ്വപ്നലോകത്ത് ....കുപ്പിവളയും...മയില്‍പീലിയും മാത്രം മനസ്സില്‍ സൂക്ഷിച്ചു അത്തരം രചനകളിലൂടെ നടകുന്നവരെ ഹാസ്യവും...തറഭാഷയും ഉപയോഗിക്കുന്നവരാക്കി മാറ്റുന്നത് അനുഭവങ്ങളാണ്.അവര്‍ സഞ്ചരിക്കുന്ന തലങ്ങളില്‍ നിന്ന്...അത് അവര്‍ അറിയാതെ സായത്ത്വം ആക്കുന്നത്.ഒരൊറ്റ വാചകത്തില്‍ പറഞ്ഞാല്‍...ഒരു സമൂഹം അര്‍ഹിക്കുന്ന ആളായിരിക്കും ആ സമൂഹത്തിനു ലഭിക്കുക...(അന്ന് രാജാവായിരുന്നെങ്കില്‍...ഇന്ന് മന്ത്രി)എന്നത് പോലെ...
  "ആ ഭാഷ ഉപയോഗിച്ച് താങ്കള്‍ കൊട്ടിയ കൊട്ട്" ആര്‍ക്കും മനസിലായില്ലല്ലോ എന്നതില്‍ മാത്രമാണ് എന്റെ ഖേദം സുഹൃത്തെ...
  നന്മകള്‍.. നമിക്കുന്നു.

  ReplyDelete
 26. എങ്ങിനെ വീണാലും നാലു കാലില്‍ വീഴുന്ന രണ്ടു റൂമേറ്റ്സ് ചേര്‍ന്ന് ഒരു പാവം അന്തര്‍മുഖനെ മുതലെടുക്കുന്ന കഥ രസകരമായി പറഞ്ഞു. ചിലയിടങ്ങളില്‍ എഡിറ്റിങ്ങ് നടത്തിയിരുന്നെങ്കില്‍ (ഉദ: മേശ തുറക്കുന്ന ഭാഗം) വായന കൂടുതല്‍ സുഖകരമായേനെ. അതുപോലെ തന്നെ അവരുടെ ആത്മഗതങ്ങള്‍ കുറച്ചു കുറച്ചിരുന്നെങ്കില്‍ റീഡബിലിറ്റി കൂടിയേനേ എന്നൊരഭിപ്രായവും ഉണ്ട്. ചിലപ്പോള്‍ കഥയില്ലായ്മയിലും കഥയുണ്ടാവും എന്ന് തെളിയിച്ചിരിക്കുന്നു.

  ReplyDelete
 27. പരീക്ഷണം വായിച്ചവർക്കും, വായിക്കാൻ പോകുന്നവർക്കും നന്ദി പറയുന്നു. പേരെടുത്ത്‌ പറയാത്തതിൽ ആർക്കും നീരസം തോന്നില്ല എന്നു വിശ്വസിക്കുന്നു.

  അഭിപ്രായങ്ങൾ എല്ലാം വായിച്ചു.
  ഷീബ എന്നെ അത്ഭുതപ്പെടുത്തി എന്ന് പറയാതെ വയ്യ!
  ഇതു 'വേട്ടക്കാർ' എന്നോ മറ്റോ പേരിടാം എന്നാദ്യം വിചാരിച്ചതാണ്‌.
  പക്ഷെ ആ പേര്‌ കുറച്ച്‌ ഗൗരവമുള്ള പേരായി പോകും എന്നു തോന്നി.
  ഒരു വളരെ ചെറിയ സംഭവം തോന്നിയ പോലെ (ലിപി പറഞ്ഞ പോലെ),
  സ്വന്തം വ്യക്തിത്വം ഒരു നിമിഷം മാറ്റി വെച്ച്‌, കണ്ടതും കേട്ടതുമായ ചിലരെ മനസ്സിൽ കൊണ്ട്‌ വന്ന് എഴുതിയതാണ്‌. ഇത്‌ എങ്ങനെ സംഭവിച്ചു എന്ന് ഒരു പിടിയും ഇല്ല.. ഇതു പോലെ ഞാൻ സംസാരിക്കാറില്ല, എഴുതാറില്ല, ചിന്തിക്കാറുമില്ല.. പക്ഷെ എങ്ങനെയോ ഇതൊക്കെ വന്നു. (അങ്ങനെ വന്നതിൽ സന്തോഷമേ ഉള്ളൂ! അതു വേറെ കാര്യം). മറ്റൊന്ന്.. ഇതു എഴുതാനെടുത്ത സമയമാണ്‌..ഒരിരിപ്പിൽ എഴുതി തീർത്തു. എന്താ സംഭവിച്ചത്‌ എന്നറിയുന്നതിനു മുൻപ്‌ എല്ലം പേപ്പറിൽ ആയി കഴിഞ്ഞിരുന്നു. ഇതിന്റെ നീളം ഞാൻ ശ്രദ്ധിച്ചതേയില്ല. കഥയുടെയോ കവിതയുടെയോ നീളം എനിക്ക്‌ ഒരിക്കലും ഒരു പ്രശ്നമായി തോന്നിയിട്ടില്ല എന്നതാണ്‌ സത്യം!. അതിനു കാരണം ഞാൻ വായിക്കുന്ന മിക്ക പോസ്റ്റുകളും, രണ്ടൊ, മൂന്നോ അവർത്തി വായിച്ചിട്ടാണ്‌, അഭിപ്രായം ഉണ്ടെങ്കിൽ എഴുതുന്നത്‌. വായിക്കുമ്പോൾ നന്നായി വായിക്കുക. ഇല്ലെങ്കിൽ വായിക്കാൻ സമയമുള്ളപ്പോഴേക്ക്‌ മാറ്റി വെയ്ക്കുക. ലോകത്തിലെ മുഴുവൻ സമയവും എനിക്കുണ്ട്‌ എന്നു വിചാരിച്ചു ഈ പാവം ജീവിക്കുകയാണ്‌. ഓടി നടന്ന് ഒരു പാട്‌ വായിക്കുന്നതിനേക്കാൾ നല്ലതാണ്‌, ഒന്നു തന്നെ വീണ്ടും വീണ്ടും വായിക്കുന്നത്‌. (ഒരു പഴ കഥയുണ്ട്‌..പലയിടത്ത്‌ കുഴിച്ചാൽ മണ്ണു മാത്രമേ കിട്ടുകയുള്ളൂ.. ഒരിടത്ത്‌ തന്നെ കുഴിച്ചാൽ..ഒരു നാൾ ദാഹജലം ലഭിച്ചേക്കാം..). തിരക്കിട്ട്‌ വായിച്ച്‌ പോകുന്നത്‌ എന്തിനെന്ന് ഒരു പിടിയും ഇല്ല.. രണ്ടു മണിക്കൂർ സിനിമ ആരെങ്കിലും ഫാസ്റ്റ്‌ ഫോർവ്വേഡ്‌ ആയിട്ടു കാണുമോ? നമ്മുടെ സാഹിത്യകാരന്മാരുടെ നോവലുകൾ ആരെങ്കിലും ഓട്ടിച്ച്‌ വായിക്കുമോ?.. രുചിച്ച്‌, സ്വാദറിഞ്ഞ്‌ വായിക്കുന്നത്‌ വായിക്കുന്നത്‌ നന്നായിരിക്കും എന്നാണഭിപ്രായം. ഇതു എഴുതാൻ പോയാൽ ഒരു പോസ്റ്റിനുള്ള വകയുണ്ട്‌..

  ഇവിടെ ഒന്നിൽ തൊട്ട്‌, മറ്റൊന്നിലേക്ക്‌ പോയി, പിന്നെ ബലം പ്രയോഗിച്ച്‌ തിരിച്ച്‌ ആ ഒന്നിലേക്ക്‌ തിരിച്ച്‌ വന്ന്..അങ്ങനെ അത്‌ എവിടെയോക്കെയോ പോയി. എഴുതി കഴിഞ്ഞപ്പോൾ ഒരു യാത്രാക്ഷീണം ഉണ്ടായിരുന്നു!. ഇതു പോലെ ഇനി എപ്പോഴാ എഴുതാൻ പോകുന്നതെന്ന് ഒരു പിടിയും ഇല്ല. കഴിയുന്നതും ഒരു പോലെ എഴുതാതിരിക്കാൻ ശ്രമിക്കുന്നു..

  എന്റെ പഴയ ബ്ലോഗുകൾ വായിച്ചാൽ ഇതു തോന്നുമായിരിക്കും എന്നു വിശ്വസിക്കുന്നു..

  ReplyDelete
 28. സാബു, മനസ്സില്‍ തോന്നിയത് എഴുതുക. അത് ഇഷ്ടമുള്ളവര്‍ വായിക്കട്ടെ. നമ്മള്‍ എഴുതുന്നതൊന്നും സര്‍ഗ്ഗസൃഷ്ടികള്‍ ആയിരിക്കണമെന്നില്ലല്ലോ? വായിച്ചവര്‍ അവരുടെ മനസ്സില്‍ തോന്നിയത് എഴുതട്ടെ. മറ്റുള്ളവരുടെ വിമര്‍ശനങ്ങളും, നിര്‍ദ്ദേശങ്ങളും, അഭിപ്രായങ്ങളും കേള്‍ക്കുക. ശരിയെന്ന് തോന്നുന്നവ സ്വീകരിക്കുക. അല്ലാത്തവ തള്ളി കളയുക.

  ReplyDelete
 29. ഒരു വര്‍ത്തമാനകാല ജീവിതത്തെ നന്നായി വരച്ചു.സുഹൃത്തിനെ മാനസാന്തരപ്പെടുത്തുന്ന ആ അഭ്യാസത്തെ കൊഴുപ്പിക്കാനുപയോഗിച്ച വാചകരീതികള്‍ പുതുമയുള്ളതായി.ആശംസകള്‍

  ReplyDelete
 30. കഥയായാലും എന്തരോ എന്തോ ആയാലും ഈ എഴുത്ത് പ്രത്യേകതയുള്ളതായി തോന്നി. വാചകങ്ങളുടെ വിന്യാസം പുതുമയും സമ്മാനിച്ചു.

  വരികൾക്കിടയിൽ കുറച്ചൊക്കെ എനിയ്ക്ക് വായിയ്ക്കാൻ കഴിഞ്ഞുവെന്ന് വിചാരിയ്ക്കുന്നു.

  ReplyDelete