Thursday, 1 August 2013

വരികൾ


പലപ്പോഴായി എഴുതി വെച്ച വരികളാണ്‌.
ചിന്തകൾ ചിലപ്പോൾ വരികളായി മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്‌. അവയിൽ ചിലത്‌..


അവനൊരു തീപ്പെട്ടിക്കൊള്ളി വലിച്ചെറിഞ്ഞു.
'അവളും അവളുടെ സ്ത്രീധനവും'

ചത്തു പൊങ്ങിയ മത്സ്യത്തെ കണ്ടു വാവ:
'പാവം മീൻ...വെള്ളം കുടിച്ചു ചത്തു പോയി'

കണ്ണിറുക്കിയടച്ചു ഞാനാസ്വദിച്ചു,
ഹാ! എത്ര സുന്ദരമീയിരുട്ട്‌!

ചതുരംഗക്കരുവെല്ലാം ഞാൻ വലിച്ചെറിഞ്ഞു..
പിന്നെ നടന്നകന്നു, ദൂരെ കാട്ടിന്നിരുട്ടിലേക്ക്‌..

ഒഴുകി വന്നൊരു പുഴയെന്നരികിൽ മണൽ-
ത്തരിയായി മാറിയതറിഞ്ഞില്ല ഞാൻ..

കൊഴിഞ്ഞു വീണയാപൂവിന്നു ചുറ്റും,
പാറിപ്പറക്കുമൊരു പൂമ്പാറ്റയിപ്പൊഴും..

മരണമെപ്പൊഴും കൂടെയെന്നറിയാതെ,
'നാളെ കാണാം' എന്നു വാക്കു പറയുന്നു നമ്മൾ..

രണ്ടു പേരുടെ നിശ്ശബ്ദതയുടെ നടുവിൽ കണ്ണു നിറഞ്ഞ ഒരു കുഞ്ഞ്‌..

കണ്ണീർ മഷിയാലെഴുതിയ കവിതെ,
കരളിൻ നോവ്‌ നീയറിയുന്നോ?

പാടം കഴിഞ്ഞാൽ വീട്‌..
വീട്‌ കഴിഞ്ഞാൽ വഴി..
വഴി കഴിഞ്ഞാൽ പറമ്പ്‌..
അവിടെയാണ്‌ കത്തിക്കുക..

നാലു കാലുള്ള മേശയ്ക്കരിയിൽ,
മൂന്നു കാലുള്ള കസേരയിലിരുന്ന്..
രണ്ട്‌ കാലുള്ള ഒരാൾ കവിത എഴുതുന്നു..
വെറും ഒരു വരി കവിത..

മഴവില്ല് മെനഞ്ഞ്‌ വെച്ച്‌ ഒരാൾ ചിരിച്ചു..
പിന്നെ,
മഴ പെയ്യിച്ച്‌ മായ്ച്ചു കളഞ്ഞു..

പകലിനും രാവിനും നടുവിൽ സന്ധ്യ കോപിച്ച്‌ ചുവന്നു..

ആരു ചുംബിച്ചപ്പോഴാണ്‌ സന്ധ്യതൻ കവിൾ ചുവന്നു തുടുത്തത്‌?
പകലോ..ഇരവോ?

പകൽ ഇരവിനെ ചുംബിക്കുന്നതു കണ്ടാവാം, സന്ധ്യയുടെ കവിൾ നാണത്താൽ ചുവന്നത്‌..

ഒഴിഞ്ഞ കൂട്‌ ഓർത്തു..
ആ കിളി ഇപ്പോഴെവിടെയാകും?

നാലു വയസ്സുകാരന്റെ ഭൂഗോള പ്രശ്നം
കാറിന്റെ കാണാതായ വീലാണ്‌.

ഇപ്പോഴും കുടുങ്ങി കിടപ്പുണ്ട്‌..
അച്ഛന്റെ ഓർമ്മകൾ മഷിത്തണ്ടിലും,
മകന്റെ ഓർമ്മകൾ പഴയ സൈക്കിളിലും..

ചിതയിൽ ദഹിക്കാതെ പോയ ഹൃദയം,
മരിക്കാത്ത പ്രണയത്തിന്റെ തെളിവാണ്‌..

മുങ്ങിയെടുത്തവന്റെ കണ്ണ്‌,
മരിച്ചവന്റെ മോതിരത്തിലായിരുന്നു..

ചില ഓർമ്മകൾ കടലിലെറിഞ്ഞ കുപ്പി പോലെ..
പറയാനാവില്ല, എപ്പോൾ കരയിലടിയുമെന്ന്..

ഒരു വരി കവിതയിലൊരായിരം കഥകൾ..

തിരയിലയാൾ തിരഞ്ഞു,
കടലെഴുതിയ കവിതയെ..

ഒരു മഞ്ചാടിക്കുരു മതിയെനിക്ക്‌
തിരികെ ബാല്യത്തിലേക്ക്‌ മടങ്ങുവാൻ..

'ഇനിയൊരു ജന്മമെനിക്കു വേണ്ട'
അറവുകാരന്റെ കത്തിയുടെ പ്രാർത്ഥനയാണ്‌..

സത്യം മിണ്ടാതിരുന്നു..
സുഹൃത്തായ മദ്യത്തെ കാണും വരെ ;)

നായയ്ക്ക്‌ മുല കൊടുക്കുന്ന യാചക സ്ത്രീയാണ്‌
മാതൃത്വത്തിന്റെ അവസാന വാക്ക്‌..

അന്നു കരഞ്ഞതോർത്തു ഞാനിന്നും കരഞ്ഞു..

മുന തേഞ്ഞ വാക്കുകൾ കൊണ്ടാണ്‌,
അന്നെൻ ഹൃദയം മുറിഞ്ഞു നിണമൊഴുകിയത്‌..

ബന്ധിച്ചു കിടക്കുന്നു കാണാച്ചരടുകൾ..
താലിച്ചരടുകളഴിഞ്ഞു പോയെങ്കിലും..

മരിക്കും മുമ്പ്‌ പുഴ പറഞ്ഞു,
'ഇനി വരില്ല ഞാനീവഴി വീണ്ടും..'

പുറത്തു പോകും മുമ്പ്‌ ഞാനെടുത്തണിഞ്ഞു,
പതിവു പോലെയെന്റെയാ പഴയ മുഖംമൂടി..

തനിച്ചാവുന്നില്ലാരുമൊരിക്കലും,
നിഴലില്ലേ കൂടെയെപ്പോഴും?

ഉണ്ണിയപ്പത്തിലമ്മ ചേർക്കാറുണ്ടെപ്പോഴും,
അമ്മതൻ സ്നേഹത്തിൻ മധുരം!

കണ്ണടച്ചവൾ നിന്നു പതിവു പോലെ,
നീണ്ടു വരും കാമത്തിൻ കൈകൾക്ക്‌ മുന്നിൽ..

കടലാസ്സിൽ നിന്നിറങ്ങിയോടിയ കവിതയെ തിരയുന്നു കവി,
അറിയുന്നില്ല കവിത വീണ്ടുമാത്മാവിലൊളിച്ച കാര്യം!

ആഗ്രഹങ്ങളുടെ ഉയരങ്ങൾ താണ്ടുന്നവരെ കാത്തിരിക്കുന്നത്‌
ഏകാന്തതയുടെ മരുഭൂമികളാവാം..

വിട്ടുവീഴ്ച്ചകൊണ്ടൊട്ടിച്ചു വെയ്ക്കുന്നു ചിലർ
പൊട്ടിപോയ സൗഹൃദപാത്രങ്ങൾ..

മാനം കാണാത്ത മയിൽപ്പീലിയിരട്ട പെറ്റു!

പുകയൂതിവിട്ട നേരമറിഞ്ഞില്ല ഞാൻ,
ആയുസ്സുമൊരൽപ്പം പുകഞ്ഞെന്ന സത്യം..

മൂകത സഹിക്കാനാവാതെയിരുട്ടിൽ ഞാൻ,
ഏകനായ്‌ ചെവി പൊത്തി നിന്നു..

ആരും കേൾക്കാതെ കരയുന്നുണ്ടാവും രാത്രികളിൽ..
ആ പഴയ മൺകുടവും അമ്മിക്കല്ലും..

പിരിയുന്നവർ ജയിക്കുമ്പോൾ..
തോൽക്കുന്നത്‌ പ്രണയമാണ്‌..

സ്വപ്നങ്ങളിൽ ഞാൻ സ്വപ്നം കാണുന്നത്‌ കാണാറുണ്ട്‌!

ചോര പൊടിഞ്ഞിരുന്നു താതന്റെയുള്ളിൽ
മകളുടെ കാതു കുത്തുന്നതു കണ്ടപ്പോൾ..

കണ്ണു പൊത്തി നിൽപ്പുണ്ടൊരു ഗാന്ധി പ്രതിമ കവലയിൽ..

കരഞ്ഞു കൊണ്ടായാലും നിന്നെ കഷ്ണിക്കും ഞാൻ..
എന്നോട്‌ ക്ഷമിക്കെന്റെ ഉള്ളിക്കുട്ടാ..

മണ്ട പൊളിഞ്ഞാലും നിർത്തില്ല മരംകൊത്തി..
വീണ്ടുമയ്യോ കൊത്തോട്‌ കൊത്ത്‌..

മഴയെ ഇഷ്ടമായിരുന്നു, മഴ കവിതകൾ വായിച്ചു മടുക്കും മുൻപ്‌..

ഒരു വരിയിലെഴുതാനെനിക്കൊന്നുമില്ല സഖെ..
വേണേലെഴുതാം രണ്ടു വരികൾ നിനക്കായി മാത്രം;)

മുറിഞ്ഞു പോയ പ്രണയച്ചരടിൻത്തുമ്പിൽ,
വെറുതെ കാത്തിരിപ്പുണ്ട്‌ ചിലരിപ്പൊഴും..

ജീവിതം സുന്ദരമാക്കുന്നതൊന്നും മാത്രം..
അതിൻ പേർ മരണമെന്നല്ലാതെ മറ്റൊന്നുമല്ല..

എനിക്കുള്ളിലെത്ര ഞാനുണ്ടെന്നറിയുവാൻ,
എന്നിലേക്ക്‌ തന്നെ നോക്കിയിരിക്കുന്നു ഞാൻ!

വെറുതെയിരുന്നതിന്നാലസ്യം മാറുവാൻ,
മയങ്ങട്ടെ ഞാനിനി തെല്ലു നേരം.. 

ഇറ്റു വീഴുന്നു നെറ്റിയിൽ നിന്നും,
ആഹ്ലാദമൂറുമൊരു സ്വേദ കണം..

വരിമുറിച്ചെഴുതിയ കവിത കൂടിച്ചേർന്നു പരിഹസിക്കുന്നുണ്ട്‌ കവിയെ!

മാറു കീറുമ്പോൾ പുഴ കരഞ്ഞതാരും കേൾക്കാത്തതെന്തെ?

തന്നെ രക്ഷിച്ച ഉറുമ്പിനെ തേടി അലയുന്നുണ്ടൊരു പ്രാവിപ്പൊഴും..

എണ്ണകുടിച്ചു വീർത്തൊരു പപ്പടം,
മദിച്ചു മറിയുന്നുണ്ടാ ചീനചട്ടിയിൽ!

കാലം തെറ്റി കിളിർത്തൊരു ചെടി മണ്ണിലേക്ക്‌ തന്നെ മടങ്ങി പോയി..

നാവു നഷ്ടപ്പെട്ട സത്യം,
ഒന്നും പറയാനാവാതെ അലയുന്നുണ്ടെവിടെയോ..

പറന്നു പോയ അപ്പൂപ്പൻ താടി പറഞ്ഞു,
ഒരു നാൾ നീയുമെന്നെപ്പോലെ എങ്ങോട്ടൊ..

ദൂരെയതാ കടലിൽ മുങ്ങുന്നു സൂര്യനും..
സഹിക്കുവാൻ കഴിയാത്ത ചൂടു കൊണ്ടാവണം!

ജീവിച്ചിരുന്നതിനു തെളിവു നൽകിയത്‌ മരണമായിരുന്നു!

മരക്കൊമ്പിലെ കയറിൻത്തുമ്പിലാടുന്നുണ്ട്‌, മരിച്ചു പോയൊരു പ്രണയം..

സദനത്തിലെ തലയിണകൾക്ക്‌ പറയാനുണ്ടാവും,
കണ്ണീർ രുചിയുള്ള ചില അമ്മക്കഥകൾ..

ജീവിതത്തെ ചതിച്ച്‌ മരണവും, മരണത്തെ ചതിച്ച്‌ പുനർജ്ജന്മവും..

കല്ലിൽ തീർത്ത ദൈവവുമൊരുനാൾ കല്ലായി മാറിയതറിഞ്ഞില്ലേ?..

പ്രപഞ്ചത്തിനപ്പുറമൊരു പ്രപഞ്ചസൃഷ്ടിയിൽ മുഴുകിയിരിക്കുന്നു ഈശ്വരൻ..

പഴയൊരു സ്ലെയിറ്റിലുണ്ടിപ്പോഴും,
മഷിത്തണ്ടിനും മായ്ക്കാനാവാത്ത ഓർമ്മകൾ..

വണ്ടിനോട്‌ പൂവ്‌ ചൊല്ലി,
'ഇന്നു നീ താമസിച്ചല്ലോ'

മതങ്ങൾക്ക്‌ മദമിളകിയപ്പോൾ മനുഷ്യരപരിചിതരായി..

നിന്നെക്കാണാൻ ദൂരം താണ്ടിയെത്തിയ മഴത്തുള്ളിയെ,
'നാശം പിടിച്ച മഴയെന്നു' വിളിച്ചുവല്ലോ നീ..

ആടിത്തീർക്കാൻ വേഷങ്ങളിനിയും ബാക്കി..
ഇതു വെറുമൊരു ജീവിത നാടകമല്ലേ?

വരണ്ടു പോയ ഭൂമി, മഴയ്ക്കായി വായ്‌ പൊളിക്കുന്നു..

അതിരാവിലെ ഞാൻ കണ്ടു,
'ഞാൻ വിരിഞ്ഞതു കണ്ടില്ലേ' എന്നു ചോദിച്ചൊരു പുഷ്പത്തെ..

പുക തുപ്പുന്നൊരു തീവണ്ടിയുണ്ടായിരുന്നു പണ്ട്‌..
പാവം, അർബ്ബുദം വന്നായിരുന്നു മരണം ;)

ഞാൻ വീണ കുഴിയിൽ നീയും വീണെന്നറിഞ്ഞപ്പോഴെനിക്കെന്താഹ്ലാദം!

കിഴക്കേ മലയിൽ നിന്നു ഞാൻ കേട്ടേ, ഒരസുര താളം, ഒരാദി താളം!

മരിച്ചിട്ടില്ല ജാതിപ്പിശാചുകൾ.
വരുന്നുണ്ടവ പിന്നേയും,
കാലച്ചക്രം പിന്നോക്കം തിരിക്കുവാനായി..

കഴുത്തു വേർപെടും മുൻപ്‌ കുക്കുടം ശപിച്ചിട്ടുണ്ടാവും തന്നെ തിന്നുന്നവനെ..

മുദ്ര മോതിരം കണ്ടപ്പോൾ മാത്രം ദുഷ്യന്തനോർമ്മ വന്നു?..വെറും നുണ!

തന്റെ മരണമറിഞ്ഞിട്ടാവും പാവം കോഴി പാതിരാവിൽ കൂവിയത്‌..

ശരീരമില്ലാതെയെങ്ങനെ സഞ്ചരിക്കാം?..പാഠം ഒന്ന്..പ്രേതങ്ങളുടെ പാഠശാല.

മറയ്ക്കല്ലേ, മൈലാഞ്ചി കൈകൊണ്ട്‌ മൊഞ്ചുള്ള നിൻ മുഖം!

എന്റെ വിരൽത്തുമ്പിപ്പോഴും അച്ഛന്റെ കൈക്കുള്ളിൽ സുരക്ഷിതമാണ്‌..

ഉറങ്ങുമ്പോൾ വാവയുടെ വലതു കാൽ അമ്മയുടെ പുറത്ത്‌ തന്നെയെപ്പൊഴും!

മുത്തിനെ സൃഷ്ടിച്ച ചിപ്പിയെക്കുറിച്ചാരുമെഴുതാത്തതാണെന്റെ ദുഃഖം..

വാ തുറന്നു കരയുന്നുണ്ട്‌ ഒരു ചിപ്പി കടപ്പുറത്ത്‌,
തന്നിൽ നിന്നും കവർന്നെടുത്ത മുത്തിനെയോർത്ത്‌..

സ്വപ്നങ്ങൾക്കും മധുരമുണ്ടായിരുന്നു ഒരിക്കൽ..

കാമാട്ടിപ്പുരകളിൽ കാമമില്ല..അവിടെയുള്ളത്‌ വിശപ്പുമാത്രം..

കാശിയിൽ ചെന്നു മരിക്കാൻ പോയവർ കാറപകടത്തിലാണ്‌ മരിച്ചത്‌..

മർത്ത്യനറിയില്ലയിപ്പൊഴും, മണ്ണും മഴയും വെട്ടവും മുന്തിരിച്ചാറാവുന്നതെങ്ങനെയെന്ന്!

ഒരു പച്ചില സൃഷ്ടിക്കാൻ കഴിയാത്തവർ ഒരു പച്ചക്കാട്‌ തന്നെ നശിപ്പിക്കുന്നു..

കറുപ്പിൻ സാന്നിധ്യമത്ര വെളുപ്പിൻ നിലനിൽപ്പിന്നാധാരം..

ഏറ്റു പറയുന്നുണ്ടാലിൻ ഇലകൾ,
കാറ്റ്‌ പറഞ്ഞൊരായിരം കഥകൾ

സ്വാതന്ത്ര്യം സമ്മാനിച്ച തടവറയിലാണിപ്പോഴും നമ്മൾ..

പനിച്ചൂടിലെഴുതിയ അക്ഷരങ്ങൾക്ക്‌ ചൂടെന്ന് കടലാസ്സിന്റെ പരാതി..

വിണ്ണിൽ നിന്നും വഴിതെറ്റി മണ്ണിൽ വീണ നക്ഷത്രങ്ങളത്രെ കവികൾ!

കടപ്പുറത്തടിഞ്ഞ കുപ്പിക്കകത്തു ഞാൻ കണ്ടു,
കാലം തെറ്റി വന്നൊരു പ്രണയ കാവ്യം..

രാമബാണത്തേക്കാൾ ബാലിക്ക്‌ നൊന്തത്‌,
രാമന്റെ വാക്കുകൾ തന്നെയാവണം..

നൂറ്റാണ്ടുകളായി ഞാനിവിടുണ്ട്‌,
ജനിച്ചും, മരിച്ചും പുനർജ്ജനിച്ചും...

കരയുടെ കണ്ണീരുപ്പത്രെ, കടൽവെള്ളം മുഴുക്കെയും..

അർദ്ധനാരീശ്വരനെയാരാധിക്കുന്നവർ, അർദ്ധനാരികളെ പരിഹസിക്കുന്നുവോ?

ശബ്ദങ്ങളല്ല, ശബ്ദങ്ങൾക്കിടയിലെ മൗനമത്രെ സംഗീതം!

കാർമേഘങ്ങളെ മാറി നിൽക്കു!
നിലാവിനെ കാത്തിരിക്കുന്നു താഴെ താമരമൊട്ടുകളായിരം!

പലതും പറയാതെ പറയുന്നുണ്ട്‌, ചേറിൽ വിരിയും താമരകൾ..

ശരിയായ പഠനം, ശരിയായ കാലടികൾ പിൻതുടരുകയത്രെ..

ചായക്കോപ്പയിൽ നോക്കാറുണ്ട്‌ ഞാനെന്നും.
ഒരു ചെറിയ കൊടുങ്കാറ്റെങ്കിലും..

മതങ്ങളായിരമുണ്ടായിട്ടും, മനുഷ്യരെന്തെ ഇങ്ങനെ..?

തണലും നിഴലുമായുള്ള തർക്കം തീർത്തത്‌ വെളിച്ചമായിരുന്നു..

കണ്ണു തുറക്കാത്ത കുരുവിക്കുഞ്ഞുങ്ങൾക്ക്‌ പഴം പൊട്ടിച്ചു കൊടുക്കുന്നു അണ്ണാറക്കണ്ണന്മാർ..

കാണുന്നുണ്ട്‌ ഞാനൊരോ കുരുന്നിലും, അമ്പാടിക്കണ്ണന്റെ കുസൃതികൾ!

മകനെ! നിൻ പിഞ്ചുപാദങ്ങൾ താമരയിതളുകൾ!

ഞാൻ തളരുന്നത്‌ വിശ്വാസത്തിനും യുക്തിക്കുമിടയിൽ ഓടുമ്പോഴാണ്‌..

വിളറിപ്പോയ മുടിയിഴകളെന്നെ ഓർമ്മിപ്പിക്കുന്നതെന്താവാം?

അറിയാവുന്ന അക്ഷരങ്ങൾ ചേർന്നൊരുക്കുന്നു, അറിയാത്ത ഭാവങ്ങളുടെ കവിത..

സുന്ദരമെല്ലാം ക്ഷണികമാണ്‌. ക്ഷണികമായതെല്ലാം എന്തിത്ര സുന്ദരമാകുന്നു?

കൊഴിയുന്ന പൂവിതളിനെ പോലും കാറ്റ്‌ ആശ്വസിപ്പിച്ചിട്ടുണ്ടാവാം..

ഒരോ മനുഷ്യനും ഒരു ചുമട്ടുകാരനാണ്‌..ഓർമ്മകളുടെ ചുമട്ടുകാരൻ..

എത്ര വിരോധാഭാസം! എല്ലാ സംഗീതവും മൗനത്തിൽ നിന്നത്രെ ജനിച്ചത്‌!

ഏറ്റവും വേഗതയേറിയ യാത്ര ഓർമ്മകളിൽ കൂടി മാത്രമാണ്‌.

എന്റെ മരണത്തെക്കുറിച്ചോർത്ത്‌ ഞാനിപ്പോഴേ കരയട്ടെ!
ചിലപ്പോൾ മരിച്ചു കഴിഞ്ഞ്‌ സമയമുണ്ടാവില്ലെങ്കിലോ!

കേട്ട ഏതൊരു ഗാനവും ഞാൻ വീണ്ടും കേൾക്കും,
എന്റെ മനസ്സിന്റെ നിശ്ശബ്ദതയിൽ..

Post a Comment

19 comments:

 1. വായിച്ചു ഞാന്‍ ശരിക്കും തളര്‍ന്നു... പല വരികളുടേയും ഭാരം ഒട്ടും താങ്ങാന്‍ വയ്യ...
  ഒരു കാര്യം പറഞ്ഞാല്‍ കേള്‍ക്കുമോ? ഇത്രയും ഒന്നിച്ച് വേണ്ട... പാവം മനുഷ്യഹൃദയമല്ലേ ചിലപ്പോള്‍ നിന്നു പോയാലോ...

  ReplyDelete
 2. ചില വരികൾ കാലികമായ കുറേ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ അലയുന്നവന്റെ തളർന്ന മനസ്സിൽ നിന്നും വന്നവയാണ്, അവയെ വെറും വരികൾ എന്ന് വിളിക്കുനില്ല, കവിത എന്ന് തന്നെ വിളിക്കുന്നു....

  മറ്റുചിലത് ഓർമകളിലേക്ക് മെല്ലെ കൊണ്ട് പോകുന്നുണ്ട് പക്ഷെ ഇന്നിന്റെ ചില വിഷാദ ചിന്തകൾ മനസ്സിനെ വല്ലാതെ ഉലയ്ക്കുന്നുണ്ട് അവൻ ഓർമകളിലെ നന്മകളെ പോലും മായ്ച്ച് കളയുൻനു

  "ഒരു പച്ചില സൃഷ്ടിക്കാൻ കഴിയാത്തവൻ ഒരു പച്ചക്കാട് തന്നെ നശിപ്പിക്കുന്നു"
  ഇത് പോലെ മനുഷ്യനും മനസ്സിനും അടുത്ത് നിന്ന് തുറന്ന് പറയുന്ന വരികളും , ഒരു പാട് അർത്ഥ തലങ്ങളിലേക്ക് നമ്മെ കൊണ്ട് പോകുന്ന ചിന്തകളും വരികൾക്കിടയിൽ വായിക്കാൻ ഇടയായി.....

  വളരെ നല്ലൊരു പോസ്റ്റ്

  എല്ലാ ആശംസകളും

  ReplyDelete
 3. ഒന്നിന്നൊന്നു മെച്ചം സുന്ദരം ..

  ReplyDelete
 4. ചിലവരികൾ എന്നെയുംകൊണ്ട് ആഴങ്ങളിൽ താഴ്ന്നുപോകുന്നു

  ReplyDelete
 5. പാടം കഴിഞ്ഞാൽ വീട്
  ഇവിടന്ന് പറയുമ്പോൾ ...
  വീട് കഴിഞ്ഞാൽ പാടമെന്നും പറയാമല്ലോ

  ReplyDelete
 6. ഇതു കുറച്ചൊന്നുമല്ലല്ലോ.... കൊള്ളാം.


  ചില വരികള്‍ കൂടുതലിഷ്ടമായി... (എടുത്തെഴുതാന്‍ കഴിയുന്നില്ല)

  ReplyDelete
 7. കവിതയുടെ ആസ്വാദനമാനല്ലോ കമന്‍റുകള്‍ ആവേണ്ടത്.... ആ രീതിയില്‍ പറഞ്ഞാല്‍ എന്‍റെ അനിഷ്ടം അറിയിക്കുന്നു.... ഒപ്പം കവിത എന്ന സാഹിത്യശാഖയെ ഈ രീതിയില്‍ സമീപിക്കരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നു.... സാബുവിന്‍റെ മനസ്സില്‍ വന്ന ആശങ്കകളും ആകുലതകളും അക്കമിട്ടു നിരത്തുമ്പോള്‍ അതിനു അല്‍പ്പമെങ്കിലും പരസ്പരം ചേര്‍ച്ച കൊടുക്കാമായിരുന്നു.... ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റം കവിതയ്ക്ക് വഴങ്ങി ചെയ്യാമായിരുന്നു.... അതൊന്നും ഇവിടെ ഉണ്ടായില്ല.... പല വരികളും അമേരിക്കയില്‍ നിന്ന് ജപ്പാനിലേക്കും, ഉഗാണ്ടയില്‍ നിന്ന് ഇന്ത്യയിലേക്കും ഒരു കരുണയുമില്ലാതെ ചാടുകയാണ്.... ഇതിലും നല്ലത് ഈ ആകുലതകള്‍ എല്ലാം കൂടി അടുക്കി ഒരു ലേഖന സ്വഭാവത്തില്‍ ആക്കുകയായിരുന്നില്ലേ വേണ്ടത് എന്ന് എനിക്ക് തോന്നുന്നു.... വരികളില്‍ ചിലത് നല്ല ക്വാളിറ്റി ഉള്ളവയാണ് പക്ഷെ അവയ്ക്കൊന്നും കാവ്യഭംഗി വരാതെ പോയത് ഞാന്‍ മേല്‍പ്പറഞ്ഞ കൂട്ടി ഇണക്കുകളിലെ വീഴ്ചയാണ് എന്ന് എനിക്ക് തോന്നുന്നു.... തുറന്ന് പറച്ചിലില്‍ വിഷമം ഉണ്ടാകില്ല എന്ന് കരുതട്ടെ.... ഭാവുകങ്ങള്‍.....

  ReplyDelete
 8. മഴവില്ല് മെനഞ്ഞു വച്ച് ഒരാള്‍ ചിരിച്ചു..
  പിന്നെ മഴ പെയ്യിപ്പിച്ചു മായ്ച്ചു കളഞ്ഞു..
  ചിലതെല്ലാം മഴവില്ല് പോലെ മനോഹരം.

  ReplyDelete
 9. 2 post aakkamaayirunnu ennu thonni. kooduthal aaswadikkan. iniyum chinthakal varikalaayi vilayatte.

  ReplyDelete
 10. കൊള്ളാം പക്ഷെ
  യെച്ചുമ യും മുകിലും
  പറഞ്ഞതുപോലെ
  നീളമൽപ്പം കൂടിപ്പോയി
  രണ്ടോ മൂന്നോ ആക്കി
  ചേർത്തിരുന്നെങ്കിൽ
  നന്നായിരുന്നു. മുഴുവനും
  നോക്കാൻ പലരും
  മുതിരുമോ എന്ന സംശയം
  പക്ഷെ രണ്ടോ മൂന്നോ നാലോ
  ആയാലും കുഴപ്പമില്ലായിരുന്നു
  "ചരുവംഗക്കരുവോ"
  അതോ ചതുരംഗ ക്കരുവോ
  അങ്ങനെ ചില ചിന്താക്കുഴപ്പങ്ങൾ
  ഒഴിച്ചാൽ മൊത്തത്തിൽ ഇഷ്ടായി
  പിന്നെ
  നാല് വയസ്സുകാരന്റെ ഭൂഗോള പ്രശ്നം
  അസ്സലായി !!!
  പിന്നെ വരികൾ കോപ്പി ചെയ്യാൻ
  അല്ലെങ്കിൽ ചിലത് കൂടി പറയാമായിരുന്നു
  എന്തിനാണീ കോപ്പി ചെയ്യാൻ പറ്റാത്ത
  ഫോര്മാറ്റ് ഉപയോഗിക്കുന്നത്
  ആര്ക്കെങ്കിലും വരികൾ quote ചെയ്തു
  വല്ലതും കുരിക്കെനമെങ്കിൽ അതിനു പട്റ്റില്ല ഹരിഹരാാാാ
  വീണ്ടും കാണാം
  എഴുതുക അറിയിക്കുക

  ReplyDelete
 11. സാബൂ-- കണ്ടപ്പോള്‍ ഒന്ന് വന്നു നോക്കി-- വായിച്ചിട്ടും വായിച്ചിട്ടും തീരുന്നില്ല. ഇതില്‍ മിക്കവരികളും ഓരോ വലിയ കവിതകള്‍ ആണല്ലോ? വേറെ വേറെ കൊടുക്കാമായിരുന്നു.ഉയര്‍ന്ന ചിന്തകള്‍! ആശംസകള്‍--

  ReplyDelete
 12. This comment has been removed by the author.

  ReplyDelete
 13. haii sabuvetta...pala varikalum azhathil chinthippikkunnavayanu...short akkamayirunnu very nice

  ReplyDelete
 14. ചിന്തകള് വരികൾ ആയപ്പോൾ അവിടുത്തെ ഭാരം
  ഒഴിഞ്ഞു അല്ലെ?പക്ഷെ ഇവിടെ ഇത്രയും ഭാരം
  ഒന്നിച്ചു കയറ്റാൻ പറ്റുന്നില്ല.. എല്ലാം ഗഹനം
  തന്നെ.അത് കൊണ്ട് പകുതി വായിച്ചു..ബാക്കി
  പിന്നെ ആവുന്നത് ആണ് നല്ലത് എന്ന് തോന്നി.
  വായിച്ചിടത്തോളം ഇഷ്ട്ടപ്പെട്ടു..ഏതു വിഭാഗം
  എന്ന് ചിന്തിക്കാതെ വായിച്ചപ്പോൾ

  എച്മു, മുകിൽ, നീർ വിളാകൻ,Anitha,Ariel ഒക്കെ
  പറഞ്ഞത് ആവർത്തിക്കുന്നില്ല...

  ReplyDelete
 15. നല്ല ചിന്തകള്‍
  ചിന്തിക്കാനുള്ള ഇടവേളകളും വേണമായിരുന്നു.
  ആശംസകള്‍

  ReplyDelete
 16. മനോഹരമായി പറഞ്ഞു ..ആശംസകള്‍ ..

  ReplyDelete
 17. ഇതുപോലെ ഇനിയും ആ ചിന്തയില്‍ ഉണരട്ടെ എല്ലാ ഭാവുകങ്ങളും...

  ReplyDelete