ആരുമറിയാത്ത ജീവിതങ്ങൾക്കിടയിൽ അവിശ്വസനീയമായ കഥകളുറങ്ങിക്കിടക്കുന്നുണ്ടെന്ന വിശ്വാസക്കാരനാണ് ഞാൻ. അതു കൊണ്ട് അപരിചിതരെയാണ് നിരീക്ഷിക്കാറും. രണ്ടു പേർ സന്ധിക്കുന്നു എന്നിരിക്കട്ടെ, അതിൽ ഒരോരുത്തർക്കും ഒരോ കഥയുള്ളതു പോലെ, രണ്ടു പേർ ചേരുമ്പോൾ മൂന്നാമതൊരു കഥ അവർക്കിടയിൽ അവരറിയാതെ ജനിക്കുന്നുണ്ട്. ആ മൂന്നാമത്തെ കഥ കണ്ടെത്തുന്നതിലാണ് ഒരു കഥാകാരന്റെ വിജയം. കുറച്ച് നാളുകളായി പലവിധ കഥകളുടെ വിത്തുകൾ ലഭിച്ചുവെങ്കിലും, വേണ്ടവിധം വെള്ളവും വളവും പകരാത്തത് കൊണ്ടോ, വിത്തുകളിൽ ഏത് ആദ്യം നടണമെന്ന ആശയക്കുഴപ്പം കാരണമോ, പലതും പാഴായി പോവുകയാണുണ്ടായത്.
സർക്കാരാഫീസിലെ പണി കഥയെഴുത്തിന് സൗകര്യപ്രദമാണ്. കഥയിലൂടെ രോഷം കൊള്ളാനും, അനീതിയെ എതിർക്കാനും എളുപ്പമാണ്. എഴുത്തുകാരുടെ ഏറ്റവും വലിയ വെല്ലുവിളി ദിനപത്രങ്ങളത്രെ. ദിവസവും എത്രയെത്ര കഥകളാണ് വിളമ്പുന്നത്? വാർത്തകൾക്ക് മുന്നിൽ എഴുത്തുകാരുടെ കഥകൾ ഒന്നുമല്ല! ഇപ്പോൾ കഥയേത് വാർത്തയേത് എന്ന് സംശയം തോന്നിപ്പിക്കുന്ന വിധത്തിലായിരിക്കുന്നു കാലത്തിന്റെ പോക്ക്. കടലാസിനും പേനയ്ക്കുമിടയിൽ ആയിരമായിരം കഥകളുറങ്ങി കിടപ്പുണ്ട്. അവയെ ഒന്നുണർത്തുകയേ വേണ്ടൂ. ഇന്ന് ഏതായാലും രണ്ടു വരിയെങ്കിലും എവിടെ നിന്നെങ്കിലും പിഴിഞ്ഞെടുക്കണമെന്ന വാശിയിൽ ഞാനിരുന്നു. മേശപ്പുറത്തെ ഫയലുകളിൽ ചിലരുടെ സ്വപ്നങ്ങളും, സങ്കടങ്ങളുമുണ്ട്. പക്ഷെ അതൊന്നും കാല്പനികമായ ഒരു ദൗത്യത്തിലേർപ്പെടുമ്പോൾ എന്നെ അലോസരപ്പെടുത്താറില്ല. കാഴ്ച്ചകളിൽ നിന്നാണല്ലോ കഥകളുടെ തുടക്കം. ദിവസം തുടങ്ങിയതു മുതലുള്ള കാഴ്ച്ചകളിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തി. ഓടിയോടി തളർന്നു വരികയായിരുന്നു. അപ്പോഴാണ് രാവിലെ ബസ്സിലിരുന്നപ്പോൾ കണ്ട ഒരു കാര്യമോർത്തത്. വളരെ നിസ്സാരമായ ഒരു കാര്യമായത് കൊണ്ടാവാം അതേക്കുറിച്ച് ഓർക്കാതിരുന്നത്. ഒരാളെ വണ്ടിയിടിച്ചിട്ടതായിരുന്നു സംഭവം. എന്റെ ബസ്സ് മുന്നോട്ടെടുത്തു കഴിഞ്ഞപ്പോഴാണ് ആ സംഭവം നടന്നത്. തലതിരിച്ച് നോക്കാനൊരു ശ്രമം നടത്തിയതാണ്. പക്ഷെ അൾക്കൂട്ടവും, ബഹളവും കാരണം കാഴ്ച്ച തടസ്സപ്പെട്ടു. ആ ഒരു നിമിഷം വലിയ ഒരു നഷ്ടബോധം എനിക്കു തോന്നിയെന്നു പറഞ്ഞു കൊള്ളട്ടെ. ഞാൻ അയാളെ കുറിച്ചോർത്തു. തികച്ചും അപരിചിതൻ - കഥാപാത്രമാക്കാൻ പറ്റിയ ഒരാൾ. അയാൾക്കെന്താവും സംഭവിച്ചിരിക്കുക? എഴുത്തുകാരൻ സാഹസികനായിരിക്കണം, അനുകമ്പയുടെ കുടം ചുമക്കുന്നവനാവണം. കുറഞ്ഞപക്ഷം മറ്റുള്ളവരുടെ കാര്യത്തിൽ ആവശ്യത്തിലധികം താത്പര്യം കാണിക്കുന്നവനെങ്കിലും ആവണം! ഞാൻ തീരുമാനിച്ചു - ഇന്നു തന്നെ ആ അജ്ഞാതനെ അന്വേഷിച്ച് കണ്ടെത്തണം. ആദ്യമായി ഒരു കഥാപാത്രത്തിനെ പിൻതുടരാൻ പോവുകയാണ്! ആ ചിന്ത തന്നെ ഒരു ലഹരിയായി തലയ്ക്ക് പിടിച്ചു. ഇനി ഈ സംഭവത്തിൽ നിന്നും ഉരുത്തിരിഞ്ഞ് വരുന്ന കഥയ്ക്ക് വല്ല അംഗീകാരമോ മറ്റോ കിട്ടിയാൽ...? സമയം - എല്ലാത്തിനും അതു പ്രധാനവും പ്രസക്തവുമാണ്. ലോട്ടറി സമ്മാനം കിട്ടിയേക്കാം. പക്ഷെ കുറഞ്ഞപക്ഷം ടിക്കറ്റ് വാങ്ങിവെയ്ക്കണ്ടേ? സദസ്സുകളിൽ പറയാൻ ഒരു കഥ കൂടിയായി. കഥാപാത്രത്തിനെ പിൻതുടർന്ന കഥാകാരൻ, കഥയ്ക്കായി ജന്മം തന്നെ നീക്കിവെച്ച കഥാകാരൻ എന്നൊക്കെ ആരെങ്കിലും എന്നെക്കുറിച്ച് പിൻകാലത്ത് എഴുതാനോ, പറയാനോ ഉള്ള സാദ്ധ്യതയും തള്ളിക്കളയാനാവുന്നതല്ല.
പറഞ്ഞാൽ വിശ്വസിക്കില്ല നിങ്ങൾ. വൈകുന്നേരം വരെ ഒരു തരം വീർപ്പുമുട്ടലായിരുന്നു. വീർപ്പുമുട്ടലും ആത്മസംഘർഷവും തന്നെയാണല്ലൊ ഒരു കഥാകാരന്റെ പ്രഥമ ലക്ഷണം! ചുവരിലെ ക്ലോക്കിൽ അഞ്ചടിക്കാൻ സൂചി വന്നു തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിന്നപ്പോൾ, ആരെങ്കിലും സ്റ്റൂളിട്ടു കയറി നിന്ന് ആ സൂചി ഒന്നും നീക്കിയിരുന്നെങ്കിൽ എന്നു പോലും ആശിച്ചു പോയി. അഞ്ചടിച്ചപ്പോൾ, കുടയുമെടുത്ത് ഞാൻ വേഗത്തിൽ പുറത്തേക്ക് നടന്നു. കുട കൈവശം കരുതുന്നത് മഴ വരാതിരിക്കാനുള്ള ഒരു സൂത്രപ്പണിയാണ്. ഈ മഴയും കുടയും ആരുമറിയാതെ ചില രഹസ്യ ഇടപാടുകൾ തമ്മിൽ നടത്തുന്നുണ്ട്. ഒരാളുള്ളപ്പോൾ മറ്റെയാൾ ഉണ്ടാവില്ല! അതൊരു തരം ധാരണയാണ്. അതു ബുദ്ധിപൂർവ്വം മനസ്സിലാക്കിയ നാൾ മുതൽ ഞാൻ കുട എടുക്കാൻ ശ്രദ്ധിച്ചു പോന്നിരുന്നു.
ആദ്യം മെഡിക്കൽ കോളേജിലേക്കാണ് പോയത്. റോഡപകടം പറ്റിയ ഒരാളെ ആരും ആദ്യമെത്തിക്കുക അവിടെയാണല്ലോ. പോരാത്തതിനു ചികിത്സ സൗജന്യവും. സ്വാഭാവികമായും ഞാൻ അതേ പാതയിലൂടെ പോയി. കുറച്ച് സമയത്തെ അന്വേഷണത്തിനൊടുവിൽ അറിയാൻ കഴിഞ്ഞു, ആ ദൗർഭാഗ്യവാൻ മരിച്ചു കഴിഞ്ഞിരിക്കുന്നു എന്ന സത്യം. കൊണ്ടു വരുമ്പോഴെ ബോധം നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നുവെന്നും, എന്തെങ്കിലും ചെയ്യാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ആൾ മരിച്ചു പോവുകയുമാണ് ഉണ്ടായതെന്നും അറിയാൻ കഴിഞ്ഞു. എന്റെ ആദ്യ ഉദ്യമം പരാജയപ്പെട്ടിരിക്കുന്നു. പക്ഷെ എന്റെ കഥാപാത്രത്തിനെ അവിടെ ഉപേക്ഷിച്ചു പോകാൻ ഞാനൊരുക്കമായിരുന്നില്ല. അയാളെ കുറിച്ച് കൂടുതലറിയാൻ എന്നെ ആരോ പ്രേരിപ്പിക്കുന്നത് പോലെ തോന്നി. ചിലപ്പോൾ മറ്റൊരു കഥയുടെ വാതിൽ അതു തുറന്നു തരില്ലെന്നാരു കണ്ടു? എനിക്ക് അയാളെ നേരിൽ കാണണമെന്നു തോന്നി. മോർച്ചറിയായിരുന്നു ലക്ഷ്യം. എന്തെങ്കിലും ചോദ്യം വന്നാൽ തന്നെ, കാണാതായ ബന്ധുവിനെ കുറിച്ചൊരു കഥ പറയാം. അല്ലെങ്കിൽ ഞാൻ മാന്യമായി കൈകൂലി കൊടുക്കും. അതിനുള്ള സംഖ്യ എന്റെ പോക്കറ്റിലുണ്ട്.
മോർച്ചറി വാതിൽ തുറന്നകത്തേക്ക് കയറുമ്പോൾ പലവിധ കഥാസന്ദർഭങ്ങൾ ഞാൻ മനസ്സിൽ കുറിച്ചിട്ടു. എന്റെ ആദ്യത്തെ മോർച്ചറി സന്ദർശനാനുഭവം! ഒരുപക്ഷെ ലോകത്ത് എല്ലാവരേയും സമന്മാരായി കാണൻ കഴിയുന്ന ഒരേയൊരു ഇടം മോർച്ചറി ആയിരിക്കും. വെള്ള പുതച്ചു കിടക്കുന്ന മൂന്നോ നാലോ ശരീരങ്ങൾ മുറിക്കുള്ളിൽ കാണാൻ കഴിഞ്ഞു. എല്ലാവരും സമാധാനമായി യാതൊരു പരാതിയുമില്ലാതെ കിടക്കുന്നു. ഇതിലേതാതാവാം എന്റെ കഥാപാത്രം? ഏതൊക്കെ നിറങ്ങളുള്ള വസ്ത്രങ്ങൾ ധരിച്ചു വിലസിയിരുന്നവരാവും ഇവരൊക്കെ? തുണിക്കടയിൽ ചെല്ലുമ്പോൾ നിറങ്ങൾക്കായി എത്ര നേരം ഞാൻ സമയം ചിലവാക്കിയിരിക്കുന്നു! ഇവിടെ എല്ലാവരും വെള്ള പുതച്ചാണ് കിടക്കുന്നത്. വെളുപ്പ് - പ്രകാശത്തിന്റെ നിറം. നവജാത ശിശുക്കളേയും, അന്ത്യയാത്ര നടത്തുന്നവരേയും ധരിപ്പിക്കുന്നത് വെളുത്ത വസ്ത്രങ്ങൾ. വെളുപ്പ് മുതൽ വെളുപ്പ് വരെ, പ്രകാശം മുതൽ പ്രകാശം വരെ - അത്രയേ ഉള്ളൂ ജീവിതം. ജഢം മറച്ചിരുന്ന വിരി മാറ്റിയപ്പോൾ ഞാൻ ആ മുഖത്തേക്ക് ആകാംഷയോടെ നോക്കി. എന്റെ കഥാപാത്രമാണ്! അല്പം ഉന്തി നില്ക്കുന്ന പല്ലുകൾ. കരിവാളിച്ച ചുണ്ടുകൾ. നരച്ച മീശ. അതിൽ പുക കറ കാണാം. നെറ്റി മുകളിലേക്ക് വളർന്നു കയറി പോയിരിക്കുന്നു. മൂക്കിനുള്ളിൽ നിന്നും ഇറങ്ങി തുടങ്ങിയ രക്തം, പകുതി വഴിയിൽ ഉറച്ചു പോയത് എന്റെ കണ്ണുകൾ പിടിച്ചെടുത്തു. ചുരുണ്ട മുടിയാണ്. തൂവെള്ള ഷർട്ടിൽ ഉണങ്ങി പോയ രക്തക്കറയുടെ പാടുകൾ, കാപ്പിപ്പൊടി നിറമുള്ള പാന്റ്. എന്റെ കഥാപാത്രത്തിന്റെ രൂപം അവിടെ പൂർത്തിയായി. വിചിത്രമായൊരു കാര്യം ഞാൻ ശ്രദ്ധിച്ചു. അയാളുടെ ചുണ്ടിൽ ഒരു ചിരി കുടുങ്ങി കിടക്കുന്നു! ആ രൂപത്തിനെ, എന്തു കൊണ്ടോ ഒരിക്കൽ കൂടി സൂക്ഷിച്ചു നോക്കാനെനിക്കു തോന്നി. നോക്കി നില്ക്കുമ്പോൾ എനിക്ക് ഇയാളെ പരിചയമുണ്ടല്ലോ എന്നു തോന്നിത്തുടങ്ങി. നല്ല പരിചയമല്ല...പക്ഷെ.. ഈ മുഖം...ഇതിന്റെ ആകൃതി, ചില ഘടനകൾ - വളഞ്ഞ മൂക്ക്, നേർത്ത പുരികം ഇതൊക്കെയും ആരേയോ ഓർമ്മിപ്പിക്കുന്നുണ്ട്. അതാരാണെന്ന് ഓർമ്മ പറഞ്ഞു തരുന്നുമില്ല. സമീപത്തു നിന്നും കേട്ട ‘ഇയാളാണോ?’ എന്ന ചോദ്യത്തിന് മറുപടിയായി, സിനിമ സ്റ്റയിലിൽ ഇടത്തേക്കും വലത്തേക്കും സാവധാനത്തിൽ തലയാട്ടുമ്പോഴും, ഇയാളെ അറിയാം എന്ന അവ്യക്തചിന്തയിൽ അസ്വസ്ഥനാകുകയായിരുന്നു ഞാൻ. ഒരു പക്ഷെ ആ ഒരു കാര്യത്തിനേക്കാൾ അലട്ടിയത് - ഇയാളെക്കുറിച്ചുള്ള കാര്യങ്ങൾ എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ലല്ലോ എന്ന കാര്യത്തിലായിരുന്നിരിക്കണം.
മോർച്ചറിക്കു വെളിയിൽ വന്നതും ആ മുഖവും പേരും ഓർമ്മകൾ എന്റെ മുന്നിൽ കുടഞ്ഞിട്ടു തന്നു. ‘മനോജ് കുമാർ’! എന്റെ ഒപ്പം കോളേജിൽ മൂന്നു വർഷമുണ്ടായിരുന്നെങ്കിലും ആഴ്ച്ചയിൽ ഒന്നോ ദിവസം മാത്രം വന്നിരുന്ന മനോജ്. അതൊരു ചെറുപ്പക്കാരനു പറ്റിയ പേരാണ്. ആ പേരും ഇപ്പോൾ കണ്ട, മെലിഞ്ഞ മദ്ധ്യവയസ്സ് പിന്നിട്ട ശരീരവും ഒട്ടും പൊരുത്തപ്പെട്ടു പോകുന്നില്ല. പ്രായത്തിനനുസരിച്ച് പേരു മാറ്റാൻ പറ്റില്ലല്ലോ! ചില സമയങ്ങളിൽ ആലോചിക്കാറുണ്ട്, നമ്മുടെ പ്രധാനമന്ത്രിയുടെ പേര് തങ്കപ്പൻ അല്ലേൽ, വിനു കുമാർ അല്ലേൽ അപ്പുണ്ണി എന്നൊക്കെ ആയിരുന്നെങ്കിൽ എന്ന്. എന്തു കൊണ്ടാണ് രൂപവും പേരും അല്ലെങ്കിൽ പദവിയും പേരും നമ്മൾ ഒത്തു നോക്കുന്നത്? സിനിമകളിലും കഥകളിലും പണക്കാരനായ നായകന് എന്തു കൊണ്ടാരും കുട്ടപ്പൻ എന്നോ, ശങ്കുണ്ണിയെന്നോ പേരിടുന്നില്ല? ഇതു പോലുള്ള ചോദ്യങ്ങൾ ഒന്നിനു പിറകെ ഒന്നായി വരാൻ തുടങ്ങി. ഞാൻ അതൊക്കെയും ഉപേക്ഷിച്ചു മനോജ് കുമാറിന്റെ പിന്നാലെ പോകാൻ തീരുമാനിച്ചു. വീണ്ടും ചിലരെ കണ്ടു. ആർക്കും ഇതുവരേയും ഇയാളെ കുറിച്ച് ഒരു വിവരവും കിട്ടിയിട്ടില്ല. എന്റെ കഥാപാത്രം ഒരു മരിച്ച ആളാണെങ്കിലും, അയാൾക്ക് ജീവിച്ചിരിക്കുന്നവരുണ്ടാകുമല്ലോ. അയാൾക്ക് ഒരു ജീവിതം ഉണ്ടായിരുന്നല്ലോ. ഒരു തീപ്പൊരിക്ക് ഇനിയും സാധ്യതയുണ്ട്. ഞാൻ തിരച്ചിൽ തുടരാൻ തീരുമാനിച്ചു. എന്റെ പഴയ സഹപാഠിയും സുഹൃത്തുമായ മനോജിനെ കുറിച്ച് അറിയാൻ. എന്റെ അതേപ്രായമല്ലേ അവന്? അവൻ തണുത്ത ഒരു മുറിയിൽ വെള്ള പുതച്ച് കിടക്കുന്നു. ഞാനിപ്പോഴും ജീവനോടെ... ഏതോ ഒരു അർത്ഥമില്ലാത്ത മത്സരത്തിൽ ജയിച്ചതു പോലൊരു തോന്നൽ. തൊട്ടടുത്ത നിമിഷം എന്റെ അഹങ്കാരത്തേക്കുറിച്ചോർത്ത് സ്വയം ലജ്ജിക്കുകയും ചെയ്തു. എന്താണ് ജയം? എന്താണ് തോൽവി? ഏതു മത്സരത്തേക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്?
മനോജ് - ആ ഒരു പേരു മാത്രമെ ഇപ്പോഴെന്റെ കൈയ്യിലുള്ളൂ. അവന്റെ വീടെവിടെ? വീട്ടുകാർ ആരൊക്കെ? വിവാഹിതൻ? കുട്ടികൾ? ഒന്നും തന്നെ അറിയില്ല. പക്ഷെ മരണവിവരം അവന്റെ വീട്ടിൽ ചെന്നറിയിക്കാൻ തന്നെ തീരുമാനിച്ചു. ഒരാളിലേക്കുള്ള വഴി മറ്റൊരാളിലൂടെയാണ്. പരിചയമുള്ള സുഹൃത്തുക്കളുടെ പേരുകൾ മനസ്സിൽ നിരത്തിയിട്ടു. അതിൽ മനോജിന്റേയും എന്റെയും കൂടെ പഠിച്ച, ഇപ്പോഴും പരിചയം സൂക്ഷിക്കുന്ന ഒരാൾ മാത്രം - സുരേഷ്. ഉടൻ തന്നെ സുരേഷിനെ വിളിച്ചു. മനോജിന്റെ മരണത്തെ കുറിച്ച് പറഞ്ഞു. കൊച്ചിയിൽ എന്തോ ആവശ്യത്തിനു പോയിരിക്കുകയായിരുന്നു അവൻ. ‘അവനിതു വരേയും മരിച്ചില്ലായിരുന്നോ?’ അതായിരുന്നു സുരേഷിന്റെ വായിൽ നിന്നും വന്ന ആദ്യത്തെ ചോദ്യം. കൂട്ടത്തിൽ കുറച്ച് അമ്പരപ്പും. ചോദ്യം കേട്ട് ഞാൻ വല്ലാതായി പോയി. ഒരാളുടെ മരണം തമാശ പറയാനുള്ള വിഷയമല്ലല്ലോ. അതു കേൾക്കാത്ത മട്ടിൽ മനോജിന്റെ വിലാസമന്വേഷിച്ചു. പഠിക്കുന്ന കാലത്ത് ഒരിക്കൽ മനോജിന്റെ വീട്ടിൽ പോയിട്ടുണ്ടായിരുന്നത് കൊണ്ട്, അവൻ ഓർമ്മയിൽ നിന്ന് ഏകദേശം എവിടെയാണതെന്ന് പറഞ്ഞു തന്നു. ‘നിന്റെ ഒപ്പം വരണമെന്നുണ്ട് പക്ഷെ ഇവിടന്ന് ഇനി മൂന്ന് ദിവസം കഴിയാതെ അനങ്ങാൻ പറ്റില്ല’ അവന്റെ നിസ്സഹായത എനിക്കു ബോദ്ധ്യമായി. ഞാൻ മനോജിന്റെ വീട്ടിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു. സമയം ഏതാണ്ട് എട്ടു മണിയോടടുത്തെങ്കിലും.
സർക്കാർ ബസ്സിലായിരുന്നു യാത്ര. എങ്ങനെയാണ് ഞാൻ ഈ വാർത്ത അവതരിപ്പിക്കാൻ പോകുന്നത്? അതേക്കുറിച്ച് അപ്പോഴാണോർത്തത്. അവന്റെ വിവാഹം കഴിഞ്ഞിട്ടുണ്ടാവണം. അവന്റെ ഭാര്യ എങ്ങനെയാവും ഈ വാർത്ത നേരിടുക? നെഞ്ചത്തടി കാണാനും നിലവിളി കേൾക്കാനുമുള്ള ആരോഗ്യമൊന്നും എനിക്കിപ്പോഴില്ല. അവനുള്ളത് ഒരു മകളാവും. സിഗരറ്റ് വലിക്കുന്നവർക്ക് കൂടുതലും പെൺമക്കളാവും ഉണ്ടാവുക എന്ന് ഈയിടെ ഒരു ആരോഗ്യമാസികയിൽ വായിച്ചതല്ലേയുള്ളൂ? ഏതോ ഒരു വിദേശരാജ്യത്ത് നടത്തിയ സർവ്വേയിൽ തെളിഞ്ഞതാണത്. ഈ വിദേശികളെ സമ്മതിക്കണം! എന്തിനേക്കുറിച്ചും സർവ്വേ നടത്തിക്കളയും. ഞാൻ മനോജിന്റെ മകളെ കുറിച്ചോർക്കാൻ തുടങ്ങി. അവൾക്ക് അമ്മയേക്കാളും അച്ഛനുമായിട്ടായിരിക്കും അടുപ്പം. പെൺകുട്ടികൾക്ക് അച്ഛനോടല്ലേ പ്രിയം? വാർത്ത കേട്ടാൽ അവൾ എങ്ങനെ പ്രതികരിക്കും? ഇനി ആ പാവം പെൺകുട്ടിയുടെ വിവാഹം ആരു നടത്തും? ഇപ്പോഴവൾ പഠിക്കുകയായിരിക്കും. അവളുടെ കോളേജ് ചിലവ്?... ആ വീട് ശരിക്കും തകർന്നു പോകും. ഒരാളുടെ അഭാവത്താൽ ഒരു കുടുംബം മുഴുവനും... മനോജിന്റെ മകളെ എനിക്ക് പഠിപ്പിക്കാൻ കഴിയും. അവളുടെ വിവാഹം...അതിനു കുറച്ച് സ്വർണം... എന്റെ ചിന്തകൾ കാടു മാത്രമല്ല കയറിയത്, അതിനപ്പുറമുള്ള കടലും താണ്ടി, മലകളും താണ്ടി യാത്ര തുടർന്നു.
വരാൻ വൈകും, ഭക്ഷണം കഴിച്ച് ഉറങ്ങിക്കോളൂ എന്ന് വീട്ടുകാരത്തിയെ അറിയിച്ചു. സുരേഷ് പറഞ്ഞിടത്ത് ബസ്സ് എത്തിയപ്പോഴേക്കും നേരം നല്ലവണ്ണം ഇരുട്ടി കഴിഞ്ഞിരുന്നു. ചിന്തകളും ഭാവി പദ്ധതികളും ചുരുട്ടി വെച്ച് ഞാൻ നടന്നു. പലരോടും ചോദിച്ചാണ് വീടിരിക്കുന്ന സ്ഥലത്തെത്തിയത്. റോഡിൽ നിന്നും അല്പം ഉയരത്തിലായിട്ടാണ് വീട്. ആ റോഡ് ഒരു കുന്നിന്റെ അടുത്തു കൂടിയാണ് കടന്നു പോകുന്നതെന്ന് അപ്പോഴാണ് ശ്രദ്ധിച്ചത്. റോഡിന്റെ ഇരുവശത്തും തല കുനിച്ചു പിടിച്ച് ഉറക്കംതൂങ്ങി നില്ക്കുന്ന വഴിവിളക്കുകൾ. മിക്കതും ഉറക്കത്തിലാഴ്ന്നു കഴിഞ്ഞിട്ടുണ്ട്. ചിലത് മയങ്ങി വീഴുകയും, തൊട്ടടുത്ത നിമിഷം ഞെട്ടി പിടഞ്ഞെഴുന്നേറ്റ് കണ്ണു മിഴിക്കുകയും ചെയ്യുന്നുണ്ട്. ചിലത് പാതിയുറക്കത്തിലാണ്.
ഞാൻ രാവിലെ കണ്ട അപകടത്തെക്കുറിച്ച് വീണ്ടുമോർത്തു. ഒരപകടം കാണുമ്പോൾ ഒരു ഞെട്ടലോടെയാണ് ശരീരവും മനസ്സും പ്രതികരിക്കുക. ഉള്ളിലൂടെ ഒരു നിലവിളി പാഞ്ഞു പോവും. ആ നിലവിളിക്ക് ശബ്ദമുണ്ടാവില്ല. അതധികനേരം നീണ്ടു നില്ക്കാറുമില്ല. ഒരു ചെറിയ പ്രകമ്പനം. അത്രമാത്രം. എന്നാൽ ഒരു മരണവീട്ടിൽ ചെന്ന് മൃതശരീരത്തെ കുറച്ചു നേരം നോക്കി നില്ക്കുമ്പോൾ ഉള്ളിലൊരുതരം ശൂന്യത നിറയും. എന്റെ സുഹൃത്തിനെ അവന്റെ വീട്ടിൽ നിലത്ത് വെള്ളപുതച്ച് കിടത്തിയിരിക്കുന്നത് മനസ്സിൽ കാണാൻ ശ്രമിച്ചു. ഒരിക്കൽ ഞാനും അതേ പോലെ കിടക്കേണ്ടതാണ്. എനിക്ക് ചുറ്റുമിരുന്ന് കരയാൻ ചിലരുണ്ടാവും. കരയുന്നവരെ ആശ്വസിപ്പിക്കാൻ എനിക്കാവില്ല അപ്പോൾ. സത്യത്തിൽ എന്റെ മരണമോർത്ത് ഞാൻ പലവട്ടം ദുഃഖിച്ചിട്ടുണ്ട്. ഇരുട്ടിൽ ആരുമറിയാതെ കരഞ്ഞിട്ടുമുണ്ട്. ഒരുപക്ഷെ എന്നെ പോലെ സ്വന്തം മരണത്തെക്കുറിച്ചോർത്ത് കരഞ്ഞ പലരുമീ ലോകത്തുണ്ടാവും.
ഇരുട്ടിലൂടെ നടന്നപ്പോൾ പെട്ടെന്നെനിക്കെന്റെ ജീവനെ കുറിച്ച് ഉത്കണ്ഠയായി. ഇവിടെ പാമ്പുകളുണ്ടാവുമോ? മൺപൊത്തുകൾ. അവിടവിടെ കുറ്റിച്ചെടികൾ. ആരേയെങ്കിലും കിട്ടിയാൽ ഒന്നു കടിക്കാമായിരുന്നു എന്നും പറഞ്ഞിരിക്കുന്ന ഒരുത്തൻ മതി. ഞാൻ മണം പിടിച്ചു. വേറൊന്നുമല്ല, പാമ്പ് വാ തുറക്കുന്ന മണം! അങ്ങനെയാണ് എന്റെ ആമ്മൂമ്മമാർ എനിക്ക് ആ മണം പരിചയപ്പെടുത്തിയിട്ടുള്ളത്. അതു സത്യമാണോ അസത്യമാണോ എന്നൊന്നും ഇതുവരെ തിരക്കാൻ പോയിട്ടില്ല. തലയിൽ അങ്ങനെയാണ് ആ ഗന്ധം രേഖപ്പെടുത്തി വെച്ചിരിക്കുന്നത്. അതു കൊണ്ട് ജാഗരൂകനായി. കൈയ്യിലിരുന്ന സിഗരറ്റ് ലൈറ്റർ കത്തിച്ച് ഞാൻ മുകളിലേക്ക് കയറാൻ തുടങ്ങി. കാറ്റടിക്കുമ്പോഴൊക്കെ നാളം നാവ് വളച്ച് എന്റെ തള്ളവിരൽ നക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അതു കൊണ്ട് ഞാൻ ലൈറ്റർ പലവട്ടം കെടുത്തുകയും കൊളുത്തുകയും ചെയ്തുകൊണ്ടിരുന്നു.
മുകളിലേക്ക് കയറും തോറും വീട്ടിൽ നിന്നും ഒരു മങ്ങിയ പ്രകാശം മുന്നിൽ പരക്കാൻ തുടങ്ങി. വീട്ടിനു മുന്നിലിരുന്ന് ഒരു ചെറുപ്പക്കാരൻ പുക വലിക്കുന്നതാണാദ്യം കണ്ടത്. വളരെ ആസ്വദിച്ച്, പുകയുടെ ഗന്ധം അല്പം പോലും ചോർന്നു പോകാതെ... എവിടെ മകൾ? എനിക്ക് വീടു മാറിപോയിട്ടുണ്ടാവും. ഇനി ഇരുട്ടത്ത് വന്ന വഴി ഇറങ്ങുകയും മാറ്റൊരിടത്ത് കയറാനും തക്ക ഊർജ്ജം എന്റെയീ മെലിഞ്ഞ ശരീരത്തിൽ ബാക്കിയില്ല. വന്ന സ്ഥിതിക്ക് ശരിയായ വീട് അറിഞ്ഞിട്ടേ തിരിഞ്ഞു നടക്കാവൂ.
‘മനോജ് കുമാർ...വീട് ഇതാണോ?’
എന്റെ നേർക്ക് നോക്കാതെ, ഊതിവിടുന്ന പുകയുടെ ഗതി ശ്രദ്ധിച്ചു കൊണ്ട് ആ ചെറുപ്പക്കാരൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
‘അമ്മേ...ദാ ആരോ അച്ഛനെ തെരക്കി വന്നിരിക്കുന്നു’
അപ്പോൾ മകളല്ല...മകനാണ്. വിനയകുനിയനായ ഒരു മകൻ.
കോളേജ് ഫീസ്, സ്ത്രീധനം, സ്വർണ്ണം...എല്ലാം ഞാൻ മായ്ച്ചു കളഞ്ഞു.
അപ്പോഴേക്കും അകത്തു നിന്നും ഒരു സ്ത്രീ തിണ്ണയിലേക്ക് വന്നു. മുഷിഞ്ഞ വേഷമാണോ മുഷിഞ്ഞ സ്ത്രീയാണോ എന്നു തിരിച്ചറിയാൻ കഴിയാത്ത ഒരു രൂപം.
‘എന്തിനാ സാറെ?...രാവിലെ തന്നെ കുപ്പീം പിടിച്ചോണ്ട് പോയതാ...ഇനി പാതിരാത്രിയാവുമ്പോ നാലു കാലേൽ കേറി വരും...’
എന്റെ സഹപാഠിയായ മനോജിനെ കുറിച്ചാണോ ഈ പറയുന്നത്...? ചിരിച്ചു കൊണ്ട് മരിച്ചു കിടന്ന...ആ മനോജ് കുമാർ...
എന്തു പറയണമെന്നറിയാത്ത സ്ഥിതിയിലായി പോയി ഞാൻ.
‘ഞാൻ മനോജിന്റെ...’ ആകുലതയോടെ ആരംഭിച്ചതാണ്. അപ്പോഴേക്കുമവർ എന്റെ വാക്കുകളെ മുറിച്ചിട്ടു കൊണ്ടിങ്ങനെ പറഞ്ഞു,
‘പൊന്നു സാറെ...അങ്ങേര് എപ്പൊ വരൂന്നൊന്നും പറയാമ്പറ്റത്തില്ല...എവിടേങ്കിലും കെടപ്പുണ്ടാവും...സാറ് നാളെ വാ...ചെലപ്പൊ കാണാം’
ഞാൻ ഒന്നും മിണ്ടിയില്ല.
സ്ത്രീ തിരിഞ്ഞകത്തേക്ക് നടന്നു. ‘എവിടെ തൊലഞ്ഞു പോയോ എന്തോ’. ആ പിറുപിറുക്കൽ മാത്രം അന്തരീക്ഷത്തിൽ ബാക്കിയായി.
വിനയൻ പുകയൂതി രസിച്ചു കൊണ്ടിരുന്നു. പ്രപഞ്ചം മുഴുക്കെയും മൗനം വന്നു നിറഞ്ഞതായി തോന്നി. ഞാൻ ഒറ്റയ്ക്കായതായും. ഇവരോട് ഞാൻ എന്താണ് പറയേണ്ടത്? നിങ്ങളുടെ ഭർത്താവ് ഇപ്പോൾ തണുത്ത മോർച്ചറി മുറിയിൽ കിടപ്പുണ്ടെന്നോ? ഈ സ്ത്രീ തൊട്ടുമുൻപ് ശപിച്ച നാവ് കൊണ്ട് നിലവിളിക്കുമോ? അതോ ഇതു മുഴുക്കെയും ഒരു സ്വപ്നമാണോ? ഞാനിപ്പോഴുമെന്റെ കിടക്കയിൽ പുതച്ചു കിടന്നുറങ്ങുകയാണോ?
സ്വപ്നമല്ലെന്ന് ബോധ്യപ്പെട്ട നിമിഷം ഞാൻ കുന്നിറങ്ങാൻ തുടങ്ങി. എത്രയും വേഗം എനിക്ക് ഈ യാഥാർത്ഥ്യത്തിന്റെ തോട് പൊളിച്ച് പുറത്ത് കടക്കണം. ഈ ഇരുട്ട് മൂടിയ ഇടത്ത് നിന്നും വെളിച്ചത്തിലേക്ക് പോകണം. താഴെ റോഡിലെത്തിയപ്പോൾ, നിവർന്നു നിന്നു ആകാശത്തേക്ക് നോക്കി. അസ്വാഭാവിക മരണം...അവന്റെ ആത്മാവ് ഇവിടെ അലഞ്ഞു തിരിയുകയാവും. ചിലപ്പോൾ അവൻ മനപ്പൂർവം വണ്ടിക്ക് വട്ടം ചാടിയതാവും. എന്നാലും അവൻ ഇത്ര നേരത്തെ... അവൻ എന്റെ കഥാപാത്രമാണെന്ന കാര്യം ഞാൻ പാടെ മറന്നു. അവനെന്റെ ഒരു പഴയ സുഹൃത്ത് മാത്രമായി പോയി ആ നിമിഷം. ഒരു പക്ഷെ അവനങ്ങനെ മരിക്കുന്നതാവും ഏറ്റവും നല്ലത്. ആരുമറിയാതെ, ആരുടേയും ശാപവചനങ്ങൾ കേൾക്കാതെ, കള്ളക്കണ്ണീർ കാണാതെ, ഒരനാഥനു തുല്യം സ്വാതന്ത്ര്യത്തോടെയുള്ള മരണം. അവന്റെ ആത്മാവ് ശാന്തിയടയട്ടെ.
കേട്ടതും കണ്ടതും കഥകളാക്കാൻ ഒരുങ്ങി നടന്നതായിരുന്നു. കഥാപാത്രത്തിന്റെ പിന്നാലെ പോയി കഥ ഇല്ലാത്തവനായി തീർന്നു പോയിരിക്കുന്നു, ഞാനും എന്റെ കഥാപാത്രവും. അവനെ എങ്ങനെയാണ് ഒരു കഥാപാത്രമാക്കുക? എഴുതിയാൽ ആ കഥയിൽ വായനക്കാർക്ക് സന്തോഷം പകരുന്ന ഒരു കാര്യം പോലുമുണ്ടാകില്ല. ഒരു കണിക പോലും...യഥാർത്ഥ ജീവിതം പോലെ, വിരസവും, വിശദീകരിക്കാനാവാത്ത ചില യാദൃച്ഛികതകളും മാത്രം.
അന്നു രാത്രി വെറും ഒരു വരി മാത്രം ഞാനെന്റെ ഡയറിയിൽ കുറിച്ചിട്ടു. അതിപ്രകാരമായിരുന്നു, ‘ജീവിതത്തിന്റെ നേർക്കാഴ്ചകൾ തികച്ചും വിരസവും സാധാരണവുമാണ്...’
വായനക്കാർക്ക് നന്ദി.
ReplyDeleteസാധാരണ കമന്റുകൾക്ക് മെയിൽ വഴി തന്നെയാണ് മറുപടി എഴുതാറ്. പലരും ഇമെയിൽ ഐഡി ബ്ലോഗറിൽ ചേർത്തിട്ടില്ലെന്നു തോന്നുന്നു. അതു കൊണ്ട് 'noreply-comment' എന്നിടത്തു നിന്നാണ് മെയിൽ വരുന്നതായി കാണുന്നത്..ദയവായി ഇമെയിൽ ഐഡി ബ്ലോഗറിൽ ചേർക്കുക..നന്ദി.
കൊള്ളാം. കഥയില്ലാത്തവന്റെ കഥ.എന്തൊക്കെയാണെങ്കിലും താങ്കള്‍ ഒരു കഥാകൃത്തല്ലേ ഇത് എങ്ങനെയെങ്കിലും ഒരു കഥയാക്കിക്കൂടെ
ReplyDeleteഎഴുതണമെന്നുണ്ട്. പക്ഷെ കഥയിലെ കഥാകൃത്ത് തന്നെ കഥ എഴുതണ്ട എന്നു തീരുമാനിക്കുമ്പോൾ, ഞാൻ ആ കഥ എഴുതുന്നത് ശരിയാണോ? ;)
ReplyDeleteകഥയില്ലായ്മയായാലും ഒരല്‍പ്പനേരം ആകാംക്ഷ പിടിച്ച് നിര്‍ത്തിയ എഴുത്ത്. തുടക്കം അല്‍പ്പം ഹ്രസ്വമാക്കാമായിരുന്നു. അവസാന വരികള്‍ അര്‍ത്ഥവത്തായി. കാടും മലയും താണ്ടിയുള്ള മനോവിചാരം ഭംഗിയാക്കി.
ReplyDeleteഒരെഴുത്തുകാരൻ സൃഷ്ടിക്കുന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങൾ പലപ്പോഴും ആ എഴുത്തുകാരനെത്തന്നെ അസ്വസ്ഥനാക്കാറുണ്ട്. അതുപോലെ, കഥാപാത്രം സ്വസ്ഥനായിരിക്കുമ്പോഴും എഴുത്തുകാരനെ ഒരസ്വസ്ഥത വലയം ചെയ്തു കൊണ്ടിരിക്കും.
ReplyDeleteകഥാപാത്രത്തെ പിന്തുടർന്നുള്ള സഞ്ചാരം ഭംഗിയായി.
വായിച്ചു
ReplyDeleteശരിയാണ് മാഷേ... 'ജീവിതത്തിലെ നേര്‍ക്കാഴ്ചകള്‍ ശരിയ്ക്കും സാധാരണമാണ്' :)
ReplyDeleteജീവിതത്തിന്റെ പല നേര്ക്കാഴ്ച്ചകളും വിരസം ആണ് .
ReplyDeleteപിന്നെ അത് കഥ ആകുന്നത് എഴുത്തുകാരന്റെ പേനയിലൂടെ
ആണ്.sabu പറഞ്ഞത് പോലെ ഇവിടെ കഥാകാരന് അത് കഥ
ആക്കാൻ താല്പര്യം ഇല്ലെങ്കിൽ പിന്നെ എന്ത് ചെയ്യും അല്ലെ??
പക്ഷെ സാബുവിന്റെ കഥ എനിക്ക് ഇഷ്ട്ടപെട്ടു.അഭിനന്ദനങ്ങൾ
ജീവിതത്തിണ്റ്റെ നേര്‍ക്കാഴ്ചകള്‍ സാധാരണവും വിരസവും ആണ്.
ReplyDeleteകൊള്ളാം
ReplyDeleteഎങ്ങിനെ അവതരിപ്പിച്ചാലും ഇതില്‍ കഥയും ജീവിതവുമുണ്ട്..
ReplyDeleteNice
ReplyDeleteAll the Best
ഒരു കഥയും ഇല്ലാത്ത കഥ ! എങ്കിലും കഥയുണ്ട് ജീവിതമുണ്ട്
ReplyDeleteകഥയല്ല ജീവിതം.പൊള്ളുന്ന യഥാര്‍ത്ഥ്യങ്ങളാണ്.
ReplyDeleteരചന നന്നായിട്ടുണ്ട്
ആശംസകള്‍
ഒരു ജീവിത വഴിയിലൂടെയുള്ള അന്വേഷണത്തിന്റെ അവസാനം ചില യാഥാർഥ്യങ്ങളുമായി കണ്ടുമുട്ടി ഒന്നും പറയാനില്ലാതെ മടങ്ങുന്ന കഥാകാരൻ, അതെ, പച്ചയായ ജിവിതത്തിനു മുന്നിൽ വാക്കുകൾ തീർന്നു പോവുന്നു..
ReplyDeleteഞാനീ കഥ വായിച്ച് എന്താ പരയുക ന്ന് ആലോചിച്ചിരിക്കുന്നു.
ReplyDeleteഇതാണോ കഥ ?
ഒന്നുമില്ലായ്മയെ സൗന്ദര്യമാക്കി, വായനക്കാരെ ഭാവനയുടെ കൊടുമുടികൾ കയറ്റി ആനന്ദിക്കുകയാണ് സാബ്വേട്ടൻ ഇതിലൂടെ ചെയ്യുന്നത്.
എല്ലാം കഴിഞ്ഞ് നോക്കുമ്പോൾ കഥയിൽ ഒന്നുമില്ല, കഥാപാത്രങ്ങളും ഒന്നും.!
വായിച്ചു തുടങ്ങുമ്പോളും ഒന്നിലും ശ്രദ്ധയൂന്നി തുടങ്ങുന്ന ഒരു സുഖം വായിക്കുന്നവന് കിട്ടുന്നില്ല.
ആർക്കോ വേണ്ടി, എന്തിനോ വേണ്ടി, എങ്ങനേയോ വായിക്കാനായി ഒരെഴുത്ത്.!
അതാണീ കഥ.!
ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ വല്ലാത്ത വിരസം തന്നെ ആണ്.
ReplyDeletewell done!
ReplyDelete