ഒരു കൽക്കരി വണ്ടി കിടപ്പുണ്ട് മ്യൂസിയത്തിൽ.
കുട്ടികൾക്ക് കാണാനും കളിക്കാനും.
ഒരു കുട്ടി മാത്രം ചോദിച്ചു,
നിനക്കിപ്പോഴും കൊതിയുണ്ടോന്ന്..
നീണ്ട ഹോൺ മുഴക്കി..
കരിപ്പുക തുമ്മി..
ചക്രങ്ങൾക്ക് തീപകർന്ന്..
വയലുകൾ കണ്ട്,
കാവുകൾ കണ്ട്,
പുഴകൾ കണ്ട്,
പട്ടണങ്ങൾക്കിടയിലൂടെ നൂണ്ട് പോകാൻ?
തീവണ്ടി അവനു മാത്രം മറുപടി പറഞ്ഞു,
കുഞ്ഞെ!
ഇപ്പോൾ കല്ക്കരിയുടെ കറുപ്പ് മാത്രമാണ് ബാക്കി..
കിതപ്പ് മാത്രമാണ് നെഞ്ചിൽ..
തുരുമ്പ് പിടിച്ച ഹോണുകൾ..
പൊളിഞ്ഞടർന്ന ബൾബുകൾ..
വഴി മറന്ന ചക്രങ്ങൾ..
നീ പട്ടണങ്ങളിൽ പോയി പറയൂ.
അതു വഴി ഞാൻ ഒരിക്കൽ കടന്നു പോയിരുന്നെന്ന്..
എന്നെ മറക്കാത്തവർ അവിടുണ്ടാകും..
ചിലരെങ്കിലും..
പണ്ടത്തെ കൂകി പാഞ്ഞ തീവണ്ടി...
ReplyDelete