Please use Firefox Browser for a good reading experience

Monday, 11 August 2014

അവർ തിരയുകയാണ്‌


എവിടെന്നോ വന്നു, ഒരു ചെറു പ്രാവ്.
മണ്ണിൽ പതിഞ്ഞു കൊണ്ടിരുന്നു,
അതിന്റെ ചെറു കാല്പാടുകൾ.
തിരക്കിട്ട തിരച്ചിലുകളാണ്‌..
കൊക്കിൽ കുടുങ്ങിയത്
ഒരില മാത്രമാണ്‌.

അന്നാകാശവും ഭൂമിയും ശൂന്യം.
മതിവരുവോളം പറക്കാനാകാശം.
മതിവരുവോളം പാർക്കാൻ ഭൂമിയും.
വാനിലേക്കതു പറന്നു കയറി.
പറക്കാൻ ദൂരമിനിയേറെയുണ്ട്..

ചിറകടി ശബ്ദം ചിലർ കേട്ടു.
ശബ്ദങ്ങൾക്ക് ചെവി കൊടുക്കുന്നവർ.
അവർ കാഴ്ച്ചകൾ കണ്ടു മടുത്തവർ.
അവർ മുഷിഞ്ഞ വസ്ത്രം ധരിച്ചവർ.
മടുപ്പിന്റെയാഴമറിയുന്നവർ..
അവർ - ലക്ഷ്യം തിരയുന്നവർ..
അവർ - മനുഷ്യർ..

നെടുകെയും കുറുകെയും വരകൾ.
നടുവിൽ തെളിഞ്ഞത്,
പറന്നു പൊങ്ങിയൊരു വെളുപ്പ്.
മിനുപ്പ് നിറഞ്ഞൊരു ചിറക്..
ഒരലസചലനം മാത്രം..
ചൂണ്ടുവിരലിൻ ചെറുചലനം.

വെളുപ്പിനു വെളുപ്പു നഷ്ടമായി.
നിറങ്ങൾക്ക് നിറങ്ങളെ നഷ്ടമായി.
മണ്ണിനു ചുവപ്പ് സ്വന്തമായി.
ചലനമൊടുവിൽ നിശ്ചലമായി.

മടുത്തവർക്കാശ്വാസം.
മടുപ്പിൽ നിന്നാശ്വാസം..
മുഷിപ്പിൽ നിന്നാശ്വാസം..

അവർ ലക്ഷ്യം തിരയുന്നവർ..
കാഴ്ച്ചകൾ കണ്ടു മടുത്തവർ..
എവിടെ പുതിയ കാഴ്ച്ചകൾ?
എവിടെ മടുപ്പില്ലാ കാഴ്ച്ചകൾ?.
അവർ തിരയുകയാണ്‌..
അവർ ലക്ഷ്യം തിരയുകയാണ്‌..

Post a Comment

1 comment: