കുറിപ്പ്:
ഏതാണ്ടെല്ലാ ദിവസവും മോന് ഉറങ്ങാൻ നേരം കഥ പറഞ്ഞു കൊടുക്കുന്ന ഒരു പരിപാടിയുണ്ട്. അതൊരു വലിയ സംഭവമാണ്. അവനല്ല, എനിക്ക്!. കുട്ടികളുടെ കഥ എന്നു പറയുമ്പോൾ അതിൽ വയലൻസ് പാടില്ല, നല്ല താളത്തിൽ കഥ അങ്ങു പോണം. വളരെ ലളിതമായ വാക്കുകൾ മാത്രമെ ഉപയോഗിക്കാവൂ. ഗുണപാഠം കൂടി ഉണ്ടേൽ നല്ലത്. കഴിവതും ചിത്രങ്ങളില്ലാത്ത പുസ്തകങ്ങൾ/കഥകൾ വായിക്കാനാണ് ഈയുള്ളവൻ ഉപദേശിക്കാറ്. മറ്റൊന്നുമല്ല. വായിക്കുമ്പോൾ മനസ്സിൽ ഒരു ചിത്രം തെളിയും. തെളിയണം. അല്ലാതെ ചിത്രകാരന്റെ ഭാവനയിലെ ചിത്രമല്ല ഒരാൾ കഥ വായിക്കുമ്പോൾ തെളിയേണ്ടത്. ഇതൊക്കെ എന്റെ ചില ചെറിയ പിടിവാശികളാണ്. ഭാവനയുടെ വളർച്ചയ്ക്ക് നമ്മൾ തടയിടാൻ പാടില്ലല്ലോ. കഥകൾ പറഞ്ഞു കൊടുക്കുന്നതിനും ഒരു പരിധി ഉണ്ടല്ലോ.. കുട്ടിക്കാലത്ത് വായിച്ച, കേട്ട കഥകൾ ഒക്കേയും ഏതാണ്ടെല്ലാം തന്നെയും പറഞ്ഞു കഴിഞ്ഞിരിക്കുന്നു.. കപീഷ്, ബന്ദില, കാലിയ, ദൊപ്പയ്യ, ശിക്കാരി ശംഭു, ഫാന്റം, മാൻഡ്രേക്ക്, ലോതർ, ഉരുക്കു കൈ മായാവി, കലൂലൂ, റഷ്യൻ കഥകൾ, ഇവാന്റെ വാള മീൻ കഥ, ടോം സോയർ, രാമായണ കഥകൾ, മഹാഭാരത കഥകൾ, ബൈബിൾ കഥകൾ, അറബി കഥകൾ, ഈസോപ്പ് കഥകൾ, ഓ ഹെൻറി കഥകൾ, നസ്സിറുദ്ദീൻ ഹോജ കഥകൾ, കേട്ടിട്ടുള്ള ചില യക്ഷി കഥകൾ, ശിബി, പരീക്ഷിത്ത്, കർണ്ണൻ, തെന്നാലി രാമൻ, കാളിദാസൻ, ബീർബൽ, മായാവി (ഇതു വരെ ആരും വായിക്കാത്ത ചില മായാവി കഥകൾ ഉണ്ടാക്കി പറഞ്ഞിട്ടുണ്ട്..തട്ടിപ്പ്..തട്ടിപ്പ്..രഹസ്യമാ..). മായാവിക്കു വേണ്ടി സ്പോട്ടില് ചില മന്ത്രങ്ങൾ വരെ ഞാൻ കണ്ടുപിടിച്ചു പറഞ്ഞിട്ടുണ്ട്.. വലിയവർ വലിയവർക്ക് വേണ്ടി എഴുതിയ കഥകളും, കഥയില്ലായ്മയുടെ കഥകളും കൊച്ചുപിള്ളേർ കേട്ടു കൊണ്ടിരിക്കില്ലല്ലോ. ഇനി കേട്ടാലും, ‘ഇതിലെന്താ കഥ?!’.. എന്നിട്ട് എന്നിട്ട്.. (കഥ തീർന്നില്ലെന്നാ വിചാരം ഹും!) എന്നൊക്കെ ചോദിച്ചാൽ കുഴങ്ങിപോവില്ലെ?. കഥ പറഞ്ഞു തുടങ്ങുമ്പോഴെ, ഇത് ആ കഥയല്ലെ? എന്നും ചോദിച്ച് ബാക്കി മുഴുവൻ പറയുന്ന സ്ഥിതിയിലായി..എന്നു വെച്ചാൽ എന്റെ സ്ഥിതി ദയനീയമായി എന്നു സാരം. അങ്ങനെ ഞാൻ ചില കഥകൾ സ്പോട്ടിൽ ഉണ്ടാക്കി പറയാൻ തുടങ്ങി. എന്നു വെച്ചാൽ കഥ പറഞ്ഞു തുടങ്ങുമ്പോൾ എന്താ കഥ എന്ന് എനിക്ക് പോലും പിടിയുമുണ്ടാവില്ല. പറഞ്ഞു പറഞ്ഞു പോവുമ്പോൾ ഒടുക്കം ഒരു കഥ ആയി അതു മാറിയിട്ടുണ്ടാവും!. അതൊരു ദൈവാനുഗ്രഹം കൊണ്ട് എങ്ങനെയോ നടന്നു പോവുന്നതാണ്. അങ്ങനെ ഇന്നലെ തനിയെ ഉണ്ടായി വന്ന ഒരു കഥയാണ് ദേ താഴെ ചമ്രം പടിഞ്ഞിരിക്കുന്നത്..കണ്ടാലും..
ഒരിടത്തൊരു വീട്ടിൽ ഒരു ക്ലോക്ക് ഉണ്ടായിരുന്നു. വലിയൊരു ക്ളോക്ക്. പഴയൊരു ക്ലോക്കാണ്. അതില് ആടണ പെൻഡുലം എന്നൊരു സാധനമുണ്ട്. സമയാസമയം ടിംഗ് ടോംഗ് എന്നു മണിയടിക്കും. ക്ലോക്കില് മൂന്ന് സൂചികളുണ്ട്. ഒരു കൊച്ച് മണിക്കൂർ സൂചി, വലിയ മിനിട്ട് സൂചി, പിന്നൊരു മെലിഞ്ഞ സെക്കന്റ് സൂചി. ഈ സൂചികൾ എപ്പോഴും എന്തേലും പറഞ്ഞു കൊണ്ടിരിക്കും.
അപ്പോ ചെറിയ സൂചി പറഞ്ഞു,
‘ഞാനാണ് ഏറ്റവും പ്രധാനപ്പെട്ടവൻ. എല്ലാരും മണിക്കൂറാണ് നോക്കുന്നത്’
അപ്പോ മിനിട്ട് സൂചി പറഞ്ഞു,
‘അല്ല, ഞാനാണ് പ്രധാനപ്പെട്ടവൻ. ഞാനും കൂടി കറങ്ങാതെ സമയത്തിനു വിലയുണ്ടാവില്ല.’
അപ്പോൾ സ്പീഡിൽ ഓടുന്ന സെക്കന്റ് സൂചി പറഞ്ഞു,
‘ഞാൻ ഈ കിടന്ന് സ്പീഡിൽ ഓടുന്നത് കൊണ്ടാണ് നിങ്ങളൊക്കെ കൃത്യമായി സമയം കാണിക്കുന്നത്..അല്ലെങ്കിൽ കാണാമായിരുന്നു!’ അതു പറഞ്ഞ്, ‘നിക്കാൻ സമയമില്ല’ എന്നും പറഞ്ഞ് സെക്കന്റ് സൂചി ഓടി പോയി.
ഇതു കേട്ടപ്പോൾ മണിക്കൂർ സൂചിക്കും, മിനിട്ട് സൂചിക്കും മിണ്ടാട്ടം മുട്ടി. സെക്കന്റ് സൂചി പറഞ്ഞത് ശരിയല്ലെ? അവൻ ഈ കിടന്ന് വെളുക്കെ വെളുക്കെ ഓടുന്നത് കൊണ്ടല്ലെ നമ്മളിങ്ങനെ ഗമയിൽ സമയം കാണിക്കുന്നത്?
സെക്കന്റ് സൂചി ഗമയിൽ ഓടി കൊണ്ടിരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ ആ വീട്ടിലെ കൊച്ചു കുട്ടിയും ആ കൂട്ടിയുടെ അച്ഛനും ക്ലോക്കിന്റെ മുൻപിൽ വന്നു.
അച്ഛൻ കുട്ടിക്ക് സമയം നോക്കാൻ പഠിപ്പിച്ചു കൊടുക്കുവായിരുന്നു. മണിക്കൂറ് സൂചിയെ കുറിച്ചും, മിനിട്ട് സൂചിയെ കുറിച്ചും, സെക്കന്റ് സൂചിയെ കുറിച്ചും ഒക്കെ പറഞ്ഞു കൊടുത്തത് സൂചികൾ അഭിമാനത്തോടെ കേട്ടു കൊണ്ടിരുന്നു.
അവർ കാതോർത്തു, ആരാണ് പ്രധാനപ്പെട്ടവനെന്ന് ഇപ്പോ കേൾക്കാം..
അപ്പോ, കുട്ടി ചോദിച്ചു,
‘എങ്ങനെയാണച്ഛാ ഈ സൂചി ഇങ്ങനെ തിരിഞ്ഞൂണ്ടിരിക്കുന്നെ?’
‘അതു പറഞ്ഞു തരാം’ എന്നും പറഞ്ഞ്, അച്ഛൻ ക്ലോക്കിന്റെ ചില്ലു വാതിൽ തുറന്ന് അകത്തേക്ക് കൈ നീട്ടി.
അവിടെ ചെറിയൊരു ചാവി ഇരിപ്പുണ്ടായിരുന്നു.
എന്നിട്ട് ഒരു ചെറിയ ചാവി എടുത്ത് കാണിച്ചു കൊണ്ട് പറഞ്ഞു,
‘മോനെ ദെ ഈ ചാവി വെച്ച് ദിവസം തിരിച്ചു കൊടുത്തില്ലെങ്കിൽ ക്ലോക്ക് നിന്നു പോവും..’
എന്നിട്ട് അച്ഛൻ ചാവി വെച്ച് എങ്ങനെയാ കീ കൊടുക്കേണ്ടത് എന്ന് കാണിച്ചു കൊടുത്തു. അതു കഴിഞ്ഞ് ചാവി എടുത്ത് അകത്തു വെച്ചു.
സൂചികൾക്ക് ആരാണ് പ്രാധാനപ്പെട്ടവൻ എന്ന് മനസ്സിലായി. ചാവി ഒരിടത്ത് മിണ്ടാതെ ഇരുന്നതേയുള്ളൂ. ഒരു ശബ്ദവും ഉണ്ടാക്കിയില്ല, ആരോടും തർക്കിക്കാനും പോയില്ല.
എന്താണ് ഈ കഥയുടെ ഗുണപാഠം?. എന്തു കൊണ്ടാണ് ചാവി മിണ്ടാതെ ഇരുന്നത്?. ആരാണ് പ്രധാനപ്പെട്ടവൻ?..
കഥ ഇഷ്ടപ്പെട്ടെങ്കിൽ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കൂ. ചോദ്യങ്ങൾ ചോദിക്കൂ. ഉത്തരങ്ങൾ പറഞ്ഞു കൊടുക്കൂ..
ഇന്നത്തെ കഥ തീർന്നു.. ഗുഡ് നൈറ്റ്..ഉറങ്ങിക്കോ കുഞ്ഞെ..
നല്ലൊരു കുട്ടിക്കഥ
ReplyDeleteഗുണപാഠകഥ നന്നായിട്ടുണ്ട്
ReplyDeleteആശംസകള്‍
നല്ല കുട്ടിക്കഥ
ReplyDeleteഏറെ ഇഷ്ട്ടമായി....ഞാനും പറഞ്ഞു കൊടുക്കും മക്കള്‍ക്ക്.......ഇല്ല നല്ല കാര്യങ്ങളുടെയും പിന്നില്‍ ഇതിലെ ചെവിയെ പോലെ ഒരാള്‍ ഉണ്ടാകും....ആരാരും അറിയപ്പെടാതെ.....ആരാലും ചര്‍ച്ച ചെയ്യപ്പെടാതെ.....
ReplyDeleteപിന്നെ........
"ചിത്രങ്ങളില്ലാത്ത പുസ്തകങ്ങൾ/കഥകൾ വായിക്കാനാണ് ഈയുള്ളവൻ ഉപദേശിക്കാറ്. മറ്റൊന്നുമല്ല. വായിക്കുമ്പോൾ മനസ്സിൽ ഒരു ചിത്രം തെളിയും. തെളിയണം. അല്ലാതെ ചിത്രകാരന്റെ ഭാവനയിലെ ചിത്രമല്ല ഒരാൾ കഥ വായിക്കുമ്പോൾ തെളിയേണ്ടത്. "
ഈ പിടിവാശിയും ഇഷ്ട്ടായി.....ആശംസകള്‍.
ഈ കഥ നന്നായി... നല്ലൊരു ഗുണപാഠം...
ReplyDeleteഗുണപാഠം.നൽകും അസ്സലൊരു കുട്ടിക്കഥ
ReplyDeleteThis comment has been removed by the author.
ReplyDeleteസംഭവം കൊള്ളാമല്ലോ... ആശംസകള്‍.
ReplyDeleteനല്ല കഥ.ആശംസകൾ
ReplyDeleteപറഞ്ഞുകൊടുക്കാട്ടോ
ReplyDelete