Please use Firefox Browser for a good reading experience

Monday, 4 June 2018

തൈ പത്തു വെച്ചാൽ


കർഷകനോട് പ്രൈവറ്റ് ബാങ്കിൽ നിന്നും വന്ന ചെറുപ്പക്കാരനായ എക്സിക്യൂട്ടീവ് ചുറുചുറുക്കോടെ അവരുടെ പുതിയ പദ്ധതിയെ കുറിച്ച് പറയുകയായിരുന്നു.
‘ഇപ്പോൾ നിങ്ങൾ എല്ലാ മാസവും ഒരു ചെറിയ തുക ഞങ്ങളുടെ ബാങ്കിൽ നിക്ഷേപിച്ചാൽ വയസ്സാവുമ്പോൾ ബാങ്ക് നിങ്ങൾക്ക് ഒരു വലിയ തുക തിരിച്ചു തരും. ആ തുക നിങ്ങൾക്ക് ചികിത്സയ്ക്കോ, കുട്ടികളുടെ പഠനചിലവുകൾക്കോ അങ്ങനെ പലതിനും ഉപയോഗിക്കാം. കേട്ടിട്ടില്ലെ സമ്പത്ത് കാലത്ത് തൈ പത്തു വെച്ചാൽ ആപത്തു കാലത്ത് കാ പത്തു തിന്നാം എന്ന്?’
എക്സിക്യൂട്ടീ വാചാലനായി.
ഇതൊക്കെ കേട്ടിട്ടും കർഷകൻ തെളിച്ചമില്ലാത്ത കണ്ണുകളോടെ ചെറുപ്പക്കാരനെ തന്നെ നോക്കിയിരുന്നു.
ചെറുപ്പക്കാരൻ സംശയത്തോടെ ചോദിച്ചു,
‘എന്താ..ഞാൻ പറയുന്നത് മനസ്സിലാവുന്നില്ലെ?..ഒന്നു കൂടി ബാങ്കിന്റെ പദ്ധതിയേ കുറിച്ച് വിശദമായി പറയട്ടെ?’
കർഷകൻ പതിയെ സംസാരിച്ചു തുടങ്ങി.
‘അല്ല കുഞ്ഞെ, അവസാനം പറഞ്ഞില്ലെ..സമ്പത്ത് കാലത്ത് തൈ പത്തു വെയ്ച്ചാൽ എന്ന്..അതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു..’
‘എന്താ അതിനെ കുറിച്ച് ആലോചിക്കാൻ?’
കർഷകൻ സംശയത്തോടെ ചോദിച്ചു,
‘ഈ..സമ്പത്ത് കാലം എന്നു പറഞ്ഞാലെന്താ?..’


Post a Comment

പരാതികൾ


അമ്പലപ്പറമ്പിൽ തലയുയർത്തി, കൈകൾ ആകാശത്തേക്ക് വിടർത്തി നില്ക്കുന്ന ഒരു വലിയ അരയാൽ മരമുണ്ട്.

ഒരു ദിവസം മരം കാറ്റിലാടി നില്ക്കുമ്പോൾ മരത്തിന്റെ ചില്ലകൾ പറഞ്ഞു,
‘എനിക്ക് തോന്നാറുണ്ട്, ഈ ഇലകൾ ഇല്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ഇലകളെല്ലാം പിടിച്ചു നിന്നു വേദനിക്കുന്നു’
ഉടൻ മരത്തിന്റെ തായ്ത്തടി പറഞ്ഞു,
‘നിങ്ങൾക്ക് ഈ കൊമ്പുകളുടെ ഭാരം ഊഹിക്കാൻ കഴിയുമോ?. ഈ ശിഖരങ്ങളൊക്കെ ഉയർത്തി നില്ക്കുക എന്നു പറഞ്ഞാൽ..ഹോ!..തളരുന്നു..’
അപ്പോൾ മരത്തിന്റെ വേരുകൾ പറഞ്ഞു,
‘ഇതൊക്കെയാണൊ ഒരു ഭാരം?. ഈ ശിഖരങ്ങളും, ഇലകളും, ഈ തായ്ത്തടിയുമൊക്കെ ഞാനാണ്‌ താങ്ങി നിർത്തുന്നത്..കണ്ടില്ലെ ഞാൻ ആകെ വളഞ്ഞു പുളഞ്ഞു പോയത്?’

അപ്പോഴൊരു വലിയ ചിരി ഉയർന്നു കേട്ടു,
മരം താഴേക്ക് നോക്കി.

ചിരിച്ചു കൊണ്ട് മണ്ണു പറഞ്ഞു,
‘നഷ്ടപ്പെടുമ്പോഴെ നിങ്ങൾക്ക് കൈവശമുള്ളതിന്റെ വിലയറിയൂ!..ഞാനുമൊരിക്കൽ ഒരു വലിയ മരമായിരുന്നു..’

അവിടെയൊരു കാറ്റ്‌ വീശി.
മൺത്തരികൾ പറന്നു ദൂരേക്ക് പോയി.


Post a Comment

കാക്കകൾ


കാക്കകളെ കാണുന്നതേ കലിയായിരുന്നു അയാൾക്ക്. അതും ചെറുപ്പം മുതല്ക്കെ. തരം കിട്ടുമ്പോഴൊക്കെ കല്ലെറിഞ്ഞും കമ്പെടുത്തുമെറിഞ്ഞയാൾ കലി തീർത്തു. വലുതായപ്പോൾ അയാൾ കാക്കകളെ തുരത്താൻ പുതുവഴികൾ കണ്ടെത്തി. തോട്ടത്തിൽ ഇടയ്ക്കിടെ വിള നശിപ്പിക്കാൻ കയറുന്ന കാട്ടുപന്നികളെ വെടിവെച്ചിടാൻ അയാളുടെ പിതാവൊരു നാടൻ തോക്ക് കൈവശം വെച്ചിരുന്നു. കാക്കകൾക്ക് നേരെ പിന്നീടതായി അയാളുടെ ആയുധം. നിരവധി കാക്കകൾ വെടിയേറ്റ് നിലം തല്ലി വീണു. ഒരോ കാക്കയും വെടിയേറ്റ് വീഴുന്ന കാഴ്ച്ച അയാൾക്ക് ഹരമായി. ധീരന്മാരായ ചില കാക്കകൾ അയാൾ പുറത്തിറങ്ങുമ്പോൾ അയാളുടെ തല ഉന്നം വെച്ച് താഴ്ന്നു പറന്നു വരുമായിരുന്നു. എന്നാൽ തോക്ക് അയാളുടെ കൈകൾക്കിടയിലേക്ക് വന്നു കയറിയതോടെ അവരും ആ വഴി ഉപേക്ഷിച്ചു.

‘നിനക്ക് ഈ കാക്കകളെ വെറുതെ വിട്ടൂടെ?’
സുഹൃത്തിന്റെ ചോദ്യത്തിനു, തോക്ക് മുറുക്കെ പിടിച്ചു കൊണ്ടയാൾ പറഞ്ഞു,
‘നാശങ്ങൾ..എന്തെന്നറിയില്ല..എനിക്ക് കണ്ടാലെ കലികയറും..’
അതൊരു മുജ്ജന്മപക പോലെയയാൾ കൊണ്ടു നടന്നു. കാക്കകൾ അയാളുടെ തലവെട്ടം കണ്ടാൽ പറന്നൊളിക്കും എന്ന സ്ഥിതിയായി.

ഒരൊഴിവു ദിവസം കൂട്ടുകാരോടൊത്ത് വിനോദയാത്രയ്ക്ക് പോയ അയാളുടെ വാഹനം, ചെരുവിൽ വെച്ച്, ഒരു ലോറി താഴ്വരയിലേക്ക് ഇടിച്ചു തെറുപ്പിച്ചു. പൊതിഞ്ഞു കെട്ടിയാണയാളുടെ നിശ്ചലശരീരം വീട്ടിലെത്തിച്ചത്. അതു കണ്ടയാളുടെ ഭാര്യയും മകനും വാവിട്ടു കരഞ്ഞു.

മരണാന്തരചടങ്ങുകൾ നടന്നു. ചോറുരുളകൾ ഇലയിൽ വെച്ച് ബാലനായ മകൻ നനഞ്ഞ കൈ കൂടിയടിച്ച് ബലികാക്കകളെ കാത്തു. അതുവരെ ഒളിച്ചിരുന്ന കാക്കകൾ മുറ്റത്തെ മരകൊമ്പുകളിൽ നിരന്നു. എന്നാൽ ഒരെണ്ണം പോലും ഉരുള കൊത്താൻ നിലത്തേക്ക് വന്നില്ല. ബാലന്റെ വിളി കരച്ചിലോളമെത്തി. ഒരു കാക്കയെങ്കിലും..? എവിടെ നിന്നോ ഒരു ബലികാക്ക ഉരുളകൾക്ക് സമീപം പറന്നിറങ്ങി. എന്നാൽ മറ്റുകാക്കകൾ ഉറക്കെ കരഞ്ഞ് ശബ്ദമുണ്ടാക്കി, അതിനെ കൊത്തിയോടിക്കുകയാണുണ്ടായത്. കാക്കകൾ ഉച്ചത്തിൽ കരഞ്ഞ് മരക്കൊമ്പുകളുപേക്ഷിച്ച് പറന്നകന്നു. ശിഖരങ്ങൾ ശൂന്യമായി.  ബാലൻ നിറകണ്ണുകളോടെ തളർന്ന ശബ്ദത്തിൽ വിളിച്ചു കൊണ്ടേയിരുന്നു..


Post a Comment

കാത്തിരിപ്പ്


രണ്ടു ബസ്സുകളിലായിട്ടാണ്‌, അകലെയുള്ള കോളേജിൽ നിന്നും വിനോദയാത്രയ്ക്കായി വന്നവർ കടൽത്തീരത്ത് എത്തിച്ചേർന്നത്. ആൺകുട്ടികളും പെൺകുട്ടികളും അധ്യാപകരുമടങ്ങിയ സംഘം കൂട്ടം കൂട്ടമായി കടപ്പുറത്ത് കൂടി നടന്നു. ഉപ്പുരസം കലർന്ന കടൽക്കാറ്റ് അവരേയും കടന്ന് കരയിലേക്ക് കയറി പോയി. മണലിൽ തിരകൾ വലിച്ചു കൊണ്ടിട്ട കക്കയും ചിപ്പിയും അങ്ങിങ്ങായി ചിതറിക്കിടപ്പുണ്ട്.

ഉല്ലാസം നിറഞ്ഞ അന്തരീക്ഷം. ചിലർ തിരകളിലേക്ക് ഇറങ്ങി ചെന്നു കാൽ നനച്ചു. നല്ല തണുപ്പ്. ചിലർ അനന്തതയിലേക്ക് അല്പനേരം നോക്കി നിന്ന് അവ്യക്തമായ ചില ചിന്തകൾ ആസ്വദിച്ചു. ചിലർ മണലിലൂടെ അതിവേഗത്തിലോടുന്ന ചെറു ഞണ്ടുകളുടെ പിന്നാലെ വെറും കൗതുകം കൊണ്ട് പാഞ്ഞു. ഞണ്ടുകൾ ഭയത്തോടെ ഓടി ചെറുകുഴികളിൽ ഒളിച്ചു. തീരത്തുള്ള കാറ്റാടിമരങ്ങൾ ഇതൊക്കെയും കണ്ട് തലയാട്ടിക്കൊണ്ടിരുന്നു. നിത്യവും കാണുന്ന കാഴ്ച്ചകൾ. കഥ ഒന്നു തന്നെയെങ്കിലും കഥാപാത്രങ്ങൾ മാറി വരുന്നു എന്നേയുള്ളൂ. കാറ്റാടിമരങ്ങൾ ഒരുപക്ഷെ അങ്ങനെയാവും ചിന്തിച്ചിരിക്കുക.

കൂട്ടത്തിൽ ചിലർ, തീരത്തേക്ക് കാരണമില്ലാതെ കയറി വന്ന തിരകളെ തട്ടിത്തെറിപ്പിച്ചു കൊണ്ട് ഓടി. പിന്നാലെ മറ്റു ചിലരും. കടപ്പുറത്ത് ആഹ്ലാദാരവങ്ങൾ നിറഞ്ഞു. ചില പക്ഷികളുടെ ശബ്ദങ്ങൾ ദൂരെ എവിടെ നിന്നോ ഉയർന്നു. ലൈറ്റ്ഹൗസ് നടുത്തുള്ള പാറക്കൂട്ടത്തിനു നേർക്ക് സംഘം നീങ്ങി. പാറകളുടെ പുറത്ത് കയറി നിന്നുള്ള കടൽക്കാഴ്ച്ചയാണവരുടെ ഉദ്ദേശ്യം. നടക്കുന്നതിനിടയിൽ തീരത്തടിഞ്ഞ ഒരു കുപ്പി ഒരാളുടെ കാലിൽ തടഞ്ഞു.
‘രാത്രി ഇവിടെ ഇരുന്നാവും വെള്ളമടി’ എന്നു പറഞ്ഞ് ചെറുപ്പക്കാരൻ ആ കുപ്പി കാല്‌ കൊണ്ട് തോണ്ടി പാറകളുടെ നേർക്കെറിഞ്ഞു. കുപ്പി പാറയിൽ തട്ടി തകർന്നു. കൂട്ടം പാറക്കെട്ടിനു മുകളിലേക്ക് കയറാനാരംഭിച്ചു.

ഇതേ സമയം, ദൂരെ തിരകൾക്കുമപ്പുറം, ആഴക്കടലിൽ ഒരു ചെറിയ നൗക ലക്ഷ്യമില്ലാതെ സഞ്ചരിച്ചു കൊണ്ടിരുന്നു. അതിനുള്ളിൽ ഒരാൾ അവശനായി കിടപ്പുണ്ട്. കൈവശം കൊണ്ടു വന്ന ആഹാരസാധനങ്ങൾ ഏതാണ്ട് മുഴുവനായും തീർന്നിരിക്കുന്നു. കുടിക്കാൻ ശുദ്ധജലം ഒട്ടും അവശേഷിക്കുന്നില്ല. ദിക്കും ദിശയും അയാൾ അറിയാതെ ആയിട്ട് ദിവസങ്ങളായി. ചുട്ടുപൊള്ളൂന്ന വെയിൽ നിറഞ്ഞ പകലുകളും, എല്ലുറഞ്ഞു പോകും വണ്ണം തണുപ്പ് നിറയുന്ന രാത്രികളും അയാൾക്ക് സ്വന്തം. കൈവശമുണ്ടായിരുന്ന വസ്ത്രം കൊണ്ട് തണലുണ്ടാക്കി കിടക്കുമ്പോഴും അയാൾ പ്രതീക്ഷകൾ മുറുകെ പിടിച്ചിരുന്നു. താനൊഴുക്കി വിട്ട കുപ്പിക്കുള്ളിലെ ചുരുൾ ചിലപ്പോൾ ആർക്കെങ്കിലും കിട്ടുമായിരിക്കും..കാറ്റിലും കോളിലും പെടാതെ, പാറകളിൽ തട്ടി തകരാതെ ആ കുപ്പി ചിലപ്പോൾ കരയ്ക്കടിയുമായിരിക്കും. ആരെങ്കിലുമൊരാൾ ആ കുപ്പി തുറന്ന് ചുരുളിലെഴുതിയത് വായിക്കുമായിരിക്കും..ഒരു പക്ഷെ തന്നെ തിരഞ്ഞ് ആരെങ്കിലും ഇപ്പോൾ വരുന്നുണ്ടാവും. അയാൾ കണ്ണുകളടച്ചു കിടന്നു.

തകർന്ന കുപ്പിക്കുള്ളിൽ നിന്നും തെറിച്ചു പോയ ചുരുൾ തിരകൾക്ക് മീതെയാണ്‌ വീണത്. തിരകൾ അത് ഉയർത്തിയെടുത്ത് ദൂരേക്ക് കൊണ്ടു പോയി. തിരകൾക്കൊപ്പം അതു പലവട്ടം ഉയർന്നു താഴ്ന്നു. അല്പനേരത്തിനു ശേഷം നനഞ്ഞു തളർന്ന ആ കുറിപ്പ് ജലത്തിനുള്ളിലേക്ക് പതിയെ താഴ്ന്നു പോയി.

Post a Comment

ന്യൂ ഇയർ ആഘോഷം


നഗരത്തിന്റെ ഹൃദയഭാഗത്തായിട്ടാണ്‌ ‘എവർഷൈൻ അപ്പാർട്ട്മെന്റ്സ്’ തലയുയർത്തി നില്ക്കുന്നത്. പതിമൂന്ന് നിലകളിലായിട്ടാണ്‌ സമ്പന്ന കുടുംബങ്ങൾ സകലവിധ സൗകര്യങ്ങളോടു കൂടി അവിടെ ജീവിക്കുന്നത്. ആവശ്യത്തിനു പാർക്കിംഗ് സ്ഥലം, ജിംനേഷ്യം, നീന്തൽ കുളം, കുട്ടികൾക്ക് കളിക്കാനായി പുൽത്തകിടി വിരിച്ച ഒരു പൂന്തോട്ടം ഒക്കെയും അവിടത്തെ നിവാസികൾ ആസ്വദിച്ചു പോരുന്നുണ്ട്. അപ്പാർട്ട്മെന്റിന്റെ റൂഫ് ടോപ്പിൽ നിന്നാൽ, നഗരം ഏതാണ്ട് മുഴുവനായും ദൃശ്യമാവും. സായാഹനങ്ങളിൽ വീശുന്ന തണുത്ത കാറ്റേറ്റ്, അകലെ നീല വര പോലെ തെളിയുന്ന കടലിലേക്ക് കണ്ണും നട്ട് നില്ക്കുക അവിടുള്ളവരുടെ ഭാഗ്യങ്ങളിലൊന്നു മാത്രം.

ഈ പ്രാവശ്യത്തെ റസിഡന്റ്സ് കമ്മിറ്റിയിൽ അധികവും ചെറുപ്പക്കാരാണ്‌. ന്യൂ ഇയർ ‘അടിപൊളി’ ആയി ആഘോഷിക്കണം എന്ന് അവർ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. പ്രായമായവർ പ്ലാൻ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായി ധാരാളം പ്രോഗ്രാമ്മുകൾ, എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള കളികൾ, കലാപരിപാടികൾ ഒക്കെയും അവർ ആസൂത്രണം ചെയ്തു. കലാവാസന പ്രകടിപ്പിക്കാൻ വെമ്പി നില്ക്കുന്നവർക്കായി കരോക്കെ, സിനിമാറ്റിക് ഡാൻസ്, ലഘു നാടകങ്ങൾ ധാരാളം ഉൾപ്പെടുത്തിയിരുന്നു. കൂടാതെ കുട്ടികൾക്കായി ബട്ടർഫ്ലൈ ഡാൻസ്, ബ്രേക്ക് ഡാൻസ് തുടങ്ങിയവും നാനാവിധത്തിലുള്ള ഗെയ്മുകളും. ചില പരിപാടികൾ കെട്ടിടത്തിനകത്ത് വെച്ചും ചിലത് പുറത്തെ പുൽത്തകിടിയിലുമായിട്ടാണ്‌ നടത്താൻ തീരുമാനിച്ചത്.

ആഘോഷങ്ങൾ ആരംഭിക്കുകയായി. പ്രാർത്ഥന, പ്രസംഗം എന്നീ പതിവുകൾക്ക് ശേഷം കുട്ടികളുടെ ചെറിയൊരു സ്കിറ്റോടു കൂടി പരിപാടികളാരംഭിച്ചു. അതിനു ശേഷം ചിലർ വന്നു കരോക്കെ പാടി. ഇടയ്ക്ക് ഒരു ഗ്രൂപ്പ് ഡാൻസ്, ഒരു സിനിമാറ്റിക് ഡാൻസ്..പരിപാടികൾ ഭംഗിയായി മുന്നേറിക്കൊണ്ടിരുന്നു. കളികളായിരുന്നു അടുത്തത്. ഉച്ചഭക്ഷണത്തിനായി മുൻപായി സ്ത്രീകൾക്കായി ഒരു ഗെയിം. പുറത്തെ പുൽത്തകിടിയിൽ, മരത്തണലിൽ ഗെയിം നടത്താൻ തീരുമാനിച്ചു. ഫ്രൈഡ് റൈസും ചിക്കൻ കറിയും, ഗോബി മഞ്ചൂറിയയുമൊക്കെയായി കാറ്ററിംഗ് ടീം ഒരു വശത്ത് ഭക്ഷണം വിളമ്പുന്നതിനായി തയ്യാറെടുത്തു. സ്ത്രീകൾക്ക്, പ്രത്യേകിച്ചും യുവതികൾക്കായിട്ടായിരുന്നു ആ മത്സരം. മത്സരമിതാണ്‌ - ബണ്ണുകൾ ചരടിൽ കോർത്തു തൂക്കിയിടുന്നു. ആ ബൺ ചാടി കടിച്ചെടുക്കുക. കൈകൾ പിന്നിൽ കെട്ടിയിരിക്കും. ആദ്യം ബൺ വായിലാക്കുന്നയാൾ വിജയി. മത്സരാർത്ഥികൾ ബണ്ണിനായി ചാടുന്നതിനൊപ്പം ചരടുയർത്താനായി ഇരുവശത്തുമായി രണ്ടു ചെറുപ്പക്കാർ നിന്നു. ചെറുപ്പക്കാരികൾ ചാടുന്നത് അടുത്ത് നിന്ന് കാണുവാൻ ഭാഗ്യം ചോദിച്ചു വാങ്ങിയവരാണവർ. ബൺ മത്സരത്തെ കുറിച്ച് കേട്ടപ്പോൾ, ചിലർക്കതു ജീവിതത്തിന്റെ നേർപകർപ്പാണെന്ന് തോന്നി. എല്ലാവരും ആരോ ഉയരത്തിൽ തൂക്കിയിട്ടിരിക്കുന്ന ബണ്ണുകൾക്കായി ചാടി കൊണ്ടിരിക്കുന്നു നിരന്തരം. എന്നാൽ കൈകൾ പിന്നിൽ കെട്ടിയിരിക്കുകയും ചെയ്തിരിക്കുന്നു. ചിലർക്ക് കഴിവ് കൊണ്ട് ചിലർക്ക് ഭാഗ്യം കൊണ്ട് ബൺ കിട്ടുന്നു. ബണ്ണിനായി ചാടുന്നവരെ നോക്കി ലോകം ചിരിക്കുന്നു, കൈയ്യടിക്കുന്നു. ഒടുവിൽ ബൺ കിട്ടിയവർ ജയിക്കുന്നു. പക്ഷെ അവർ ബൺ കഴിക്കാതെ ഉപേക്ഷിക്കുന്നു. ബണ്ണിനായുള്ള ചാട്ടം വിജയത്തിനുള്ള ഒരു മാനദണ്ഡം മാത്രം..

മത്സരം ആരംഭിക്കുകയായി. മത്സരാർത്ഥികൾ ഒരുങ്ങി കഴിഞ്ഞു. ഷാളുകൾ അരയിൽ മുറുക്കെ കെട്ടി ചുരിദാർ വസ്ത്രധാരികൾ തയ്യാറെടുത്തു. ഹൈ ഹീൽ ചെരുപ്പുകൾ ഉപേക്ഷിച്ചു ചിലർ ഒന്നു രണ്ടു വട്ടം ചാടി ചെറുതായി പരിശീലനം നടത്തി നോക്കി. ബണ്ണുകൾ വരവായി. അതു തുളച്ച് നൂലു കൊണ്ട് കെട്ടി ഒരു നീണ്ട വടിയിൽ കെട്ടി തൂക്കിയിട്ടു. പരിപാടികളുടെ അവതാരകൻ വന്ന് മത്സരത്തിന്റെ നിയമങ്ങൾ വിശദീകരിച്ചു. മത്സരത്തിനു ഉത്സാഹം പകരാനായി ദ്രുതതാളത്തിലുള്ള സംഗീതം അകമ്പടിയായി. ബണ്ണുകൾ തുള്ളിക്കളിച്ചു തുടങ്ങി. കൊലുസ്സിട്ട കാലുകൾ വായുവിൽ ഉയർന്നു കൊണ്ടിരുന്നു. ചിലരുടെ ചുണ്ടുകളെ സ്പർശിച്ച് ബണ്ണുകൾ വായുവിലുയർന്നു പോയി. ആർപ്പുവിളികളും ആരവങ്ങളും നിറഞ്ഞു. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു അപ്പോഴത് സംഭവിച്ചത്. എവിടെ നിന്നറിയില്ല, മുടിയും താടിയും നീട്ടി വളർത്തിയ, മുഷിഞ്ഞതും കീറിപ്പറിഞ്ഞതുമായ വസ്ത്രങ്ങൾ ധരിച്ച, ദുർഗ്ഗന്ധം വമിക്കുന്ന ശരീരത്തോടു കൂടിയ ഒരാൾ രംഗത്തേക്ക് ചാടി വന്നത്. അയാൾ എങ്ങനെയാണ്‌ അപ്പാർട്ട്മെന്റ് ഗാർഡിന്റെ കണ്ണു വെട്ടിച്ച് അവിടെ എത്തിയതെന്ന് ആർക്കും മനസ്സിലായില്ല. ചാടി വന്ന ആൾ കുതിച്ച് ചെന്ന് തൂക്കിയിട്ടിരുന്ന ബണ്ണുകളിൽ ഒന്ന് തട്ടിപ്പറിച്ചെടുത്തു കൊണ്ടോടി!. അത് മത്സരനിയമങ്ങളിൽ ഇല്ലാത്തതായിരുന്നു. ഓടുന്നതിനിടയിൽ അയാളത് വായിലാക്കി ഒരു ഭാഗം കടിച്ചെടുത്തു കഴിഞ്ഞിരുന്നു. ചാടി കൊണ്ടിരുന്ന പെൺകുട്ടി വല്ലാതെ വിളറുകയും, ചമ്മിയ മുഖം കുനിച്ചു പിടിക്കുകയും ചെയ്തു. ക്ഷണിക്കപ്പെടാത്ത അതിഥിയുടെ പ്രവൃത്തി കണ്ട് കാണികൾ ചിരിക്കാനാരംഭിച്ചു.
‘ആരെടാ ഇവന്റെ കേറ്റി വിട്ടത്?’
‘പ്രാന്തനാ ..പ്രാന്തനാ’
‘ഗാ‍ാർഡ്!!!’
ഉച്ചത്തിൽ വിളികൾ മുഴങ്ങി.
അപ്പോഴേക്കും ചാടി വന്ന ആൾ അപ്പാർട്ട്മെന്റെ പുറത്തേക്ക് ഓടി രക്ഷപ്പെടാനുള്ള തിരക്കിലായിരുന്നു. കമ്മിറ്റിക്കാർ അപ്പോഴാണ്‌ തങ്ങൾ ആസൂത്രണം ചെയ്ത പരിപാടിയിൽ പിഴവ് സംഭവിച്ചിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞത്. പെൺകുട്ടികളുടെ മുന്നിൽ കൈയ്യൂക്കും, കൈക്കരുത്തും കാണിക്കാവുന്ന ഒരു സുവർണ്ണാവസരം എങ്ങനെ നഷ്ടപ്പെടുത്തും?. ജീൻസുധാരികൾ തങ്ങളുടെ വിലകൂടിയ മൊബൈൽ ഫോണുകൾ മുറുക്കെപ്പിടിച്ച് ബൺ കൈക്കലാക്കി ഓടിയ ആളുടെ പിന്നാലെ പാഞ്ഞു. അപ്പോഴേക്കും ഗാർഡും എവിടെ നിന്നോ വടിയുമായി രംഗപ്രവേശം ചെയ്തിരുന്നു. അയാളും ചെറുപ്പക്കാരുടെ പിന്നാലെ ഓടാനാരംഭിച്ചു. തന്റെ പ്രവൃത്തിയിൽ സംഭവിച്ച വീഴ്ച്ച മറയ്ക്കാൻ അയാൾക്ക് ആ ഒരു വഴി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ചിലർ അടുത്തതെന്താവും സംഭവിക്കുക എന്ന ആകാംക്ഷ അടക്കാനാവാതെ, കാഴ്ച്ച കാണാൻ മുൻപിലോടി പോകുന്നവരുടെ പിന്നാലെ ഓടി. തന്റെ പിന്നാലെ ന്യൂ ജെൻ പിള്ളേർ പാഞ്ഞു വരുന്നത് കണ്ട് അയാൾ സർവ്വശക്തിയുമെടുത്ത് ഓടിക്കൊണ്ടിരുന്നു. ഓടുന്നതിനിടയിലും അയാൾ ബൺ കഴിക്കാൻ മറന്നില്ല. പിന്നാലെ വന്ന കൂട്ടം, പിടികൂടി താഴേക്ക് തള്ളിയിടുമ്പോൾ അയാൾ അവസാനത്തെ കഷ്ണവും വായിലാക്കി കഴിഞ്ഞിരുന്നു. താഴേ ഒരു അട്ടയെ പോലെ ചുരുണ്ട് കിടന്ന അയാൾ, തന്റെ മേൽ വീഴുന്ന അടിയും തൊഴിയും തടുക്കാൻ ശ്രമിച്ചതേയില്ല. ബണ്ണിന്റെ അവസാനത്തെ കഷ്ണത്തിലെ അവസാനത്തെ പൊടിയുടെ സ്വാദും ആസ്വദിക്കുകയായിരുന്നു അയാൾ. അനിർവ്വചനീയ രുചി അയാളുടെ രുചിമുകുളങ്ങളിൽ നിറയുകയായിരുന്നു. വിശപ്പിന്റെ നോവുന്ന, അഗാധമായ അടിത്തട്ടിലേക്ക് ബണ്ണിന്റെ ശകലങ്ങൾ അടിയുന്നത് അയാൾ ആസ്വാദ്യതയോടെ അറിയുകയായിരുന്നു. അതിലാണ്ട് മുങ്ങിയ അയാളുടെ ചുണ്ടിൽ ഒരു നേർത്ത ചിരി പരന്നു. അയാൾ കണ്ണുകളടച്ച് പിടിച്ചിരുന്നു. രുചിലോകത്തിൽ നിന്ന് പുറത്ത് വരാൻ തയ്യാറാകാത്തത് പോലെ..

Post a Comment

സന്ദർശക


ഉറക്കം കാത്ത് കിടക്കുമ്പോൾ അവൾ പറഞ്ഞു,
‘നല്ല ഐശ്വര്യമുള്ള കുട്ടി അല്ലെ?’
‘ങെ?’
‘വൈകിട്ട് ഏട്ടന്റെ കോളേജിൽ നിന്ന് വന്നില്ലെ?.. എന്തോ സംശയം ചോദിക്കാനെന്നും പറഞ്ഞ്..?’
‘ഓ...ആ കുട്ടി..’
‘ങാ പിന്നെ, മറക്കണ്ട..നാളെ വെളുപ്പിനെ തന്നെ പോണം. വലിയ ശക്തിയുള്ള ദേവിയാണ്‌’
അതിനും അയാൾ മൂളിയതേയുള്ളൂ. ഇതെത്രാമത്തെ തൊട്ടിലാണ്‌ കെട്ടുന്നത്?. അദൃശ്യശക്തികളിലുള്ള വിശ്വാസം ഇവൾക്കിപ്പോഴും നഷ്ടപ്പെട്ടിട്ടില്ല.

അയാൾ വൈകിട്ട് വന്ന സന്ദർശകയെ കുറിച്ചുതന്നെ ഓർക്കുകയായിരുന്നു. എന്തൊരത്ഭുതമാണ്‌! ശാലിനിയുടെ തനിപ്പകർപ്പ്!. നടുക്കത്തിൽ പേര്‌ പോലും ചോദിക്കാൻ വിട്ടു. ശാലിനി ഇപ്പൊഴെവിടെ?. എങ്ങനെയാണ്‌ തന്റെ വിലാസമറിഞ്ഞത്?. ഒന്നും ചോദിക്കാനായില്ല.
‘വെറുതെ ഒന്നു കാണാൻ’ തറപ്പിച്ചു നോക്കി അത്രയേ അവൾ പറഞ്ഞുള്ളൂ. ബോധപൂർവ്വം അവൾ ‘അച്ഛൻ’ എന്ന വാക്ക് ഒഴിവാക്കിയോ?. ഒരായിരം ഓർമ്മകളിലേക്ക് അയാളുടെ ചിന്തകൾ കയറി പോയി.

‘എന്താ ഉറങ്ങുന്നില്ലെ?..വിയർക്കുന്നല്ലോ?..ഫാനിടണോ?’
അതും പറഞ്ഞ് അരികത്ത് കിടന്നവൾ എഴുന്നേറ്റു.
അയാൾക്കുറപ്പായിരുന്നു, ഫാനിട്ടാലും താൻ വിയർക്കുമെന്ന്..തനിക്ക് ഉറങ്ങാനാവില്ലെന്ന്..
ഈ രാത്രി മാത്രമല്ല, ഇനിയുള്ള രാത്രികളിലും..


Post a Comment

Friday, 2 March 2018

സമ്പാദ്യം


രാത്രി. നഗരത്തിൽ എങ്ങുനിന്നൊ വന്നു ചേർന്നൊരു വൃദ്ധൻ കിടന്നുറങ്ങാനിടം കണ്ടെത്തിയത് ഒരു കടത്തിണ്ണയിലാണ്‌. നരച്ച നീണ്ടമുടിയും താടിയും, പുകചുറ്റിയ കണ്ണുകൾ, അഴുക്കൊട്ടിയ മെല്ലിച്ച ശരീരം, പിഞ്ഞിക്കീറിയ വസ്ത്രങ്ങൾ - ഇത്രയും ചേർത്തുവെച്ചാൽ അയാളുടെ രൂപമായി.

ഒരു മദ്യസത്ക്കാരത്തിൽ അഘോഷപൂർവ്വം പങ്കെടുത്ത് ഇടറിയ കാലുകളോടെ മടങ്ങുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ആ വഴി വന്നു. മുഷിഞ്ഞ ഭാണ്ഢം തലയിണയാക്കി വെച്ചു കിടക്കുന്ന വൃദ്ധന്റെ നേർക്ക് അവർ നിലയുറയ്ക്കാത്ത കാൽവെയ്പ്പുകളോടെ നടന്നു. കൂട്ടത്തിൽ ഒരുവൻ മറ്റുള്ളവരെ നോക്കി കണ്ണിറുക്കി കൊണ്ട് ഭാണ്ഢം വലിച്ചെടുത്തു. തണുത്ത വൃദ്ധശരീരം ഒരു വശത്തേക്ക് മറിഞ്ഞു.

വട്ടം ചേർന്നിരുന്ന് കൂട്ടം, ഭാണ്ഢം തുറന്ന് പരിശോധിക്കാനാരംഭിച്ചു. കുറേ പഴഞ്ചൻ വസ്തുക്കൾ, പഴകി പിന്നിയ വസ്ത്രങ്ങൾ, തുരുമ്പിച്ച ചില പെട്ടികൾ, കുറേ നാണയങ്ങൾ..അവയോരോന്നുമെടുത്ത് ചെറുപ്പക്കാർ ഓരോന്നും പറഞ്ഞ് ചിരിക്കാനാരംഭിച്ചു. എത്ര നിസ്സാരമായ വസ്തുക്കൾ!. ഒരാൾ തുരുമ്പിച്ച ഒരു ചെറിയ പെട്ടി തുറന്ന് തറയിൽ കുടഞ്ഞിട്ടു. അതിൽ കുറെ ചെറിയ വസ്തുക്കളുണ്ടായിരുന്നു. കുറച്ച് ബട്ടണുകളും മറ്റും. താഴെ വീണ ഒരു പഴയ ഫോട്ടോ നോക്കി ചെറുപ്പക്കാർ ഉറക്കെ ചിരിക്കാൻ തുടങ്ങി.

കൂട്ടത്തിൽ ഒരുവൻ മാത്രം ആ ഫോട്ടോ കണ്ടു പൊടുന്നനെ നിശ്ശബ്ദ്ധനായി.

Post a Comment

Tuesday, 21 November 2017

‘ഉടൽദാനം’ - രണ്ടാമത്തെ പുസ്തകം






















സുഹൃത്തുക്കളെ,

എന്റെ രണ്ടാമത്തെ പുസ്തകം ‘ഉടൽദാനം’ ഇപ്പോൾ ബുക്ക് സ്റ്റാളുകളിൽ ലഭ്യമാണ്‌.

പുസ്തകത്തിനെ കുറിച്ചുള്ള വിവരങ്ങൾ ഇതാണ്‌:
പേര്‌: ‘ഉടൽദാനം’
എഴുതിയത്: സാബു ഹരിഹരൻ
പബ്ലിഷർ: സൈകതം ബുക്സ്, കോതമംഗലം
10 കഥകൾ
72 പേജുകൾ
വില: 65/- രൂപ

ദേശാഭിമാനി വാരിക, കേരളകൗമുദി ഓണപ്പതിപ്പ്, മാതൃഭൂമി വാരാന്തം, കേരള കൗമുദി വാരാന്തം എന്നിവയിൽ പ്രസിദ്ധീകരിച്ചു വന്ന കഥകൾ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുസ്തകം ഓൺലൈനിൽ വാങ്ങുവാൻ ദയവായി ഇവിടെ നോക്കൂ:
http://www.saikathambooks.com/index.php?route=product/product&product_id=291&search=udaldanam


എല്ലാ മാതൃഭൂമി പുസ്തകോത്സവത്തിലും പുസ്തകം ലഭ്യമാണ്‌.

എല്ലാരും വായിച്ചഭിപ്രായം അറിയിക്കും എന്നു പ്രതീക്ഷിക്കുന്നു.
നന്ദി.

സസ്നേഹം,
സാബു ഹരിഹരൻ


Post a Comment

Thursday, 3 August 2017

അപരിചിതൻ


ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ ആരോ രാത്രി നടക്കുന്നതായി സമീപവാസികൾ പറഞ്ഞത് കേട്ടിട്ടാണ്‌, ക്ഷേത്രസംരക്ഷണസമിതിയിലുള്ളവർ ഉറക്കമിളച്ചിരുന്ന് അയാളെ പിടിക്കാൻ തീരുമാനിച്ചത്. കെട്ടകാലമാണ്‌. ആര്‌ എന്ത് എപ്പോൾ ചെയ്യുമെന്ന് പറയാനാവില്ല. സൂക്ഷിക്കണം. നിമിഷങ്ങൾക്കകം നാട് കത്തി വെണ്ണീറാകാൻ, ഒരു ചെറിയ തീപ്പൊരി വീണാൽ മതി.

കാത്തിരുന്നവർ മുഷിഞ്ഞു തുടങ്ങി. ചിലർ ഊഴം വെച്ച് ഉറങ്ങാനാരംഭിച്ചു. ഉറക്കത്തിലേക്ക് ഊർന്ന് പോകുമ്പോഴുമവർ വടികളും ആയുധങ്ങളും മുറുക്കെ പിടിച്ചിരുന്നു.
‘ആരോ നടക്കുന്നുണ്ട്...’
ഒരാൾ പതിയെ പറഞ്ഞു.
മതിൽക്കെട്ടിനുള്ളിൽ പാകിയിരുന്ന മണൽത്തരികളിൽ കാലടികളമരുന്ന ശബ്ദം!. ഇരുട്ടിലിരുന്നവർ കണ്ണുമിഴിച്ച് നോക്കുമ്പോൾ കണ്ടു, നിലാവെളിച്ചത്തിലൂടെ കറുത്ത് കുറുകിയ ഒരാൾ. അരയിൽ ഒറ്റമുണ്ട്.
‘നിക്കടാ അവിടെ!’
‘പിടിയടാ അവനെ!’
‘ഓടരുത്’
ഇരുട്ടിൽ ആക്രോശങ്ങൾ നിറഞ്ഞു. കാത്തിരുന്നവർ കറുത്തരൂപത്തിനു നേർക്ക് കുതിച്ചു. രൂപം ഓടിക്കയറിയത് ക്ഷേത്രത്തിനുള്ളിലേക്കായിരുന്നു. പിന്നാലെ പാഞ്ഞു വന്നവർ പിടിച്ച് കെട്ടിയത് പോലെ നിന്നു. ആയുധങ്ങളുമായി അകത്ത് കയറിയാൽ ക്ഷേത്രം അശുദ്ധമാവില്ലെ?. വടികളും ആയുധങ്ങളും പുറത്തുപേക്ഷിച്ച് ചിലർ അകത്ത് കടന്നു. ക്ഷേത്രത്തിനു ചുറ്റിലുമായി ചിലർ വളയം തീർത്തു. ഏതു വാതിൽ കൂടി പുറത്ത് വന്നാലും പിടികൂടണം. ആദ്യം രണ്ട് കൊടുത്തിട്ട് വേണം ആരെന്ന് ചോദിക്കാൻ. അകത്ത് കയറിയവർ കണ്ടു, രൂപം ശ്രീകോവിലിനകത്തേക്ക് കയറി വാതിലടയ്ക്കുന്നത്. പെട്ടു!.
‘ആരാണ്‌ ശ്രീകോവിൽ തുറന്നിട്ടത്?’
‘വിഗ്രഹം അശുദ്ധമാക്കുമോ?’
‘ഇന്നു കാവലിരുന്നില്ലായിരുന്നെങ്കിൽ..’
ആകുലതകളും സംശയങ്ങളും നിറഞ്ഞു.

‘പൂജാരി വേണം വന്നു തുറക്കാൻ’.
ഒടുവിൽ പൂജാരി വന്നു. കുളിച്ച് ശുദ്ധിയായി പൂജാരി മടിച്ച് മടിച്ച് ശ്രീകോവിൽ തുറന്നു. അകത്തേക്ക് കയറാൻ ഒരുങ്ങുമ്പോൾ പിന്നിൽ നിന്നും കേട്ടു,
‘സൂക്ഷിക്കണം..അയാൾടെ കൈയ്യിൽ കത്തിയോ മറ്റൊ..’

അല്പം കഴിഞ്ഞ് പൂജാരി പുറത്തേക്ക് വന്നു പറഞ്ഞു,
‘ഇവിടെ ആരുമില്ല..ദേവന്റെ വിഗ്രഹം മാത്രമേയുള്ളൂ’

അന്നേക്ക് ശേഷം ആ അപരിചിതനെ ക്ഷേത്രമതിൽക്കെട്ടിനകത്ത് ആരും കാണുകയുണ്ടായില്ല.



Post a Comment

Monday, 20 March 2017

നിയോഗം (കഥ)


നിശാചരനാണയാൾ. ഇരുട്ടിൽ ഇരുട്ടാവാനും, വെളിച്ചത്തിൽ വെളിച്ചമാവാനും, നിറങ്ങളിൽ നിറമാവാനും കഴിയുന്നവൻ. ഗ്രാമങ്ങൾ അയാൾക്ക് ഒളിയിടങ്ങൾ. പട്ടണങ്ങൾ അയാൾക്ക് പണിയിടങ്ങളും. പ്രായം ചെന്നവരും, പക്വതയുള്ളവരുമായ പലരും അയാൾക്ക് ഉപദേശകരായിട്ടുണ്ട്. അവരിൽ നിന്നും പല പ്രമാണങ്ങളും അയാൾ സ്വീകരിച്ചിട്ടുണ്ട്. പ്രവൃത്തി കൊണ്ട് ഒരു കള്ളനാണയാൾ.

പകലും രാത്രിയിലുമായി അയാൾ രണ്ടു മൂന്ന് ദിവസങ്ങൾ ആ ഇരുനിലവീട് നല്ലതു പോലെ നിരീക്ഷിച്ചിരുന്നു. അതാണയാളുടെ രീതി. നിരീക്ഷിക്കുക, മനസ്സിലാക്കുക, പദ്ധതിയിടുക, പ്രവർത്തിക്കുക. നിരീക്ഷണത്തിൽ കണ്ടെത്തിയത് അയാൾ അക്കമിട്ട് നിരത്തി.
1. രണ്ടു പേരാണ്‌ വീട്ടിൽ താമസം.
2. സഹായത്തിനൊരു സ്ത്രീ വരും. അവർ പണി കഴിഞ്ഞു പകലു തന്നെ തിരികെ പോകും.
3. വീട്ടുകാരൻ നല്ല ഭേദപ്പെട്ട നിലയിലുള്ള ജോലിയിലാണ്‌. ധരിക്കുന്നത് മേൽത്തരം വസ്ത്രങ്ങളാണ്‌.
4. വീട്ടുകാരത്തി ജോലിക്ക് പോകുന്നത് ശ്രദ്ധയിൽപെട്ടിട്ടില്ല.
5. വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലൊന്നിൽ ഇരുവരും ഒന്നിച്ച് പുറത്ത് കാറിൽ പോകും.
6. മടങ്ങി വരാൻ സമയമെടുക്കുന്നുണ്ട്.
7. അവർക്ക് കുട്ടികളില്ല.

ശേഖരിച്ച വിവരങ്ങൾ സമ്മാനിച്ച ധൈര്യവും ആത്മവിശ്വാസവുമായി ഒരു വെള്ളിയാഴ്ച്ച അയാൾ വീട്ടിനടുത്തായി പതുങ്ങി നിന്നു. സമയം ഇരുട്ടി വരുന്നു. ഇന്ന് അവരൊരിടത്തും പോയില്ലെങ്കിൽ നാളെ പോകും. അല്ലെങ്കിൽ മറ്റന്നാൾ. ക്ഷമയാണ്‌ ഒരു കള്ളന്റെ ഏറ്റവും വലിയ ഗുണം. ഒരു തരത്തിൽ ക്ഷമയുടെ കാര്യത്തിൽ ഭൂമിയെ പോലെയാവണം ഒരു കള്ളൻ. പലയിടത്തു നിന്നും, പലരിൽ നിന്നും അയാൾ പഠിച്ച പ്രമാണങ്ങളിൽ പ്രധാനം.

സന്ധ്യ അടുത്തതോടെ ഭർത്താവും ഭാര്യയും കാറിൽ പുറത്തേക്ക് പോകുന്നത് കണ്ടു. സിനിമ കാണാനാവാം. ചിലപ്പോൾ ഏതെങ്കിലും ബന്ധുവീട്ടിലേക്ക്. അല്ലെങ്കിൽ വെറുതെ പുറത്ത് നിന്നും ഭക്ഷണം കഴിക്കാൻ. കുട്ടികളില്ലാത്തതു കൊണ്ട് അവർക്ക് വീട്ടിൽ തന്നെ ഇരിക്കാൻ മടുപ്പുണ്ടാവും. ഒരു കള്ളൻ നല്ലൊരു മനശ്ശാസ്ത്രജ്ഞൻ കൂടി ആവണം. മറ്റാരും കാണാത്തത് കാണാനും, കേൾക്കാത്തത് കേൾക്കാനും, ചിന്തിക്കാത്തത് ചിന്തിക്കാനും കഴിയണം. അയാൾ, ഇരുട്ട് വന്ന് വഴിയും വീടും മൂടുന്നത് വരെ കാത്തിരുന്നു. വീട്ടിനടുത്ത് ഒരു ഒഴിഞ്ഞ പറമ്പാണ്‌. അതിന്റെ ഉടമസ്ഥൻ വിദേശത്താവണം. വെറുതെ കാടു പിടിച്ച് കിടക്കുന്നൊരിടം. പാമ്പുകളുടേയും, പഴുതാരകളുടേയും, പെരുച്ചാഴികളുടെയും ആവാസകേന്ദ്രം. അവറ്റകളുടെ സ്വർഗ്ഗം. ഇപ്പോൾ അയൽവാസികൾ ചപ്പുചവറുകൾ ഇടാൻ ആത്മാർത്ഥമായി ഉപയോഗിക്കുന്നൊരിടം. കള്ളൻ ആ പറമ്പിനുള്ളിലേക്ക് നടന്നു. കുറച്ച് നേരം കൂടി കാത്തിരുന്നപ്പോൾ പരിസരം പൂർണ്ണമായും ഇരുട്ടിൽ മുങ്ങി. തൊട്ടടുത്ത വീട്ടിൽ ഉറക്കെ ടി വി വെച്ചിരിക്കുന്നു. ടി വി ഒരു വലിയ അനുഗ്രഹമാണ്‌. വീട്ടിലെ എല്ലാരേയും ഒരേയിടത്ത് പിടിച്ചിരുത്താൻ അതിനു മാത്രമേ കഴിയൂ.

അയാൾ മതിലുചാടി വീടിന്റെ പിൻഭാഗത്തേക്ക് പോയി. പരിചയം കൊണ്ട് പഠിച്ച ചില കാര്യങ്ങളുണ്ട്. എല്ലാർക്കും മുൻവാതിൽ ഭംഗിയായി ഇരിക്കണമെന്നാണാഗ്രഹം. കൊത്തുപണികളും, അലങ്കാരപ്പൂട്ടുകളുമൊക്കെയുണ്ടാവും. എന്നാൽ പിൻവാതിൽ മിക്കവാറും കുറ്റമറ്റ രീതിയിലാവില്ല. അയാൾ കൈവശമുള്ള ഇരുമ്പു കമ്പികളും താൻ സ്വയം നിർമ്മിച്ചെടുത്ത ചില സാമഗ്രഹികളും പ്രയോഗിച്ച് വാതിൽ തുറന്നു. ധാരാളം സമയമുണ്ട്. ഭയക്കേണ്ട ഒരു കാര്യവുമില്ല. വലിയ വസ്തുക്കളിൽ അയാൾ താത്പര്യം കാണിച്ചിരുന്നില്ല. അതയാളുടെ ശൈലി ആയിരുന്നില്ല. ചെറുതും വിലകൂടിയതുമായ ചിലത്. ആഭരണങ്ങളാണുത്തമം. ഒരിക്കലും മുഴുവൻ വസ്തുക്കളും എടുത്തു കൊണ്ട് പോവരുത്. വലിയ മോഷണങ്ങൾ ശ്രദ്ധ ആകർഷിക്കും. പോലീസ്..പോലീസ് നായ..കേസ്. അതിലൊന്നും താത്പര്യമില്ല. പതിനായിരം രൂപയുണ്ടെങ്കിൽ അതിൽ അയ്യായിരമോ, ആറായിരമോ എടുക്കുക. അതാണതിന്റെ ഒരു മര്യാദ. അതാണേറ്റവും സുരക്ഷിതവുമായ രീതി.

മുറികളിൽ നിന്നും മുറികളിലേക്ക് നിഴൽ പോലെ അയാൾ നീങ്ങി. ഊഹിച്ചതു പോലെ മൂന്ന് കിടപ്പു മുറികൾ. മേശപ്പുറത്ത് നിന്നൊരു വാച്ചും, മേശവലിപ്പിൽ നിന്നും ഏതാനും നോട്ടുകളും, ഒരു സ്വർണവളയും ഇതുവരെ കിട്ടി കഴിഞ്ഞു. മതി. ഇത്രയും മതി. അത്യാഗ്രഹം ആപത്ത്. കുട്ടിക്കാലത്ത് സ്കൂളിൽ പഠിച്ചതും അതു തന്നെ. പഠിച്ചത് ഗുണം ചെയ്തു. മോഷണത്തിലും അതൊരു വലിയ പാഠമാണ്‌. തിരിഞ്ഞു നടക്കുമ്പോഴാണത് കേട്ടത്. ശക്തിയായി ആരോ ചുമയ്ക്കുന്നു. ശ്വാസക്കൂടിളകി വരും വിധം. തന്നെ കൂടാതെ മറ്റൊരാളോ?. ഇനി മറ്റൊരു കള്ളൻ?. എങ്കിൽ ചെന്നു കണ്ടു പറയണം. അല്ലെങ്കിൽ മര്യാദകേടാണ്‌. പ്രമാണങ്ങൾക്ക് വിരുദ്ധമാണ്‌. എടുത്തതിൽ പാതി പങ്കു വെയ്ക്കുകയോ, എടുക്കാത്തത് പറഞ്ഞ് കൊടുക്കുകയോ വേണം. അയാൾ ശബ്ദം കേട്ട മുറിയിലേക്ക് നടന്നു. അവിടെ കട്ടിലിലൊരു അനക്കം കണ്ടു. മൂടി പുതച്ചു കിടക്കുകയാണ്‌ ഒരു രൂപം. ഇതു താൻ ശേഖരിച്ച വിവരങ്ങളിൽ ഉൾപ്പെടാത്തതാണ്‌. എങ്ങനെയാണിതു വിട്ടുപോയത്?. ആരാണത്?. അയാൾ പൂച്ചനടത്തം അനുകരിച്ചു. കാലുകൾ മെത്ത പോലെ പതുപതുത്തതായി. മുറിയിലേക്ക് പാളി നോക്കി. അവിടെ കട്ടിലിൽ ഒരു വൃദ്ധൻ കിടപ്പുണ്ടായിരുന്നു. കണ്ണ്‌ രണ്ടും തുറന്നുപിടിച്ചിട്ടുണ്ട്. തിമിരം നിറഞ്ഞ കണ്ണുകൾ. കിടക്കുന്ന മെത്തയോളം ചുക്കിച്ചുളിഞ്ഞതാണയാളുടെ ചർമ്മം. അതിലൂടെ ഉന്തിയ എല്ലുകൾ ജനലിലൂടെ വന്ന നിലാവെളിച്ചത്തിൽ അവ്യക്തമായി കാണാം. അയാൾ പതിയെ അടുത്തേക്ക് ചെന്നു. വൃദ്ധൻ കൈ കൊണ്ട് എന്തൊക്കെയോ ആംഗ്യങ്ങൾ കാട്ടുന്നുണ്ട്. എന്തെന്ന് മനസ്സിലാവുന്നില്ല. എന്തെങ്കിലും ചോദിച്ചാലോ?. ചിലപ്പോൾ അപരിചിത ശബ്ദം കേട്ട് നിലവിളിച്ചാൽ?. അപകടം. വൃദ്ധന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ജീവിതം വരച്ചിട്ട ചുളിവുകൾ, വരകൾ. ഒരായുസ്സിന്റെ ദൈന്യം മുഴുക്കെയുമാ മുഖത്ത് തെളിഞ്ഞു കിടപ്പുണ്ട്. വൃദ്ധൻ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. അയാൾ ചെവി വൃദ്ധന്റെ മുഖത്തേക്ക് ചേർത്തു. കാറ്റൂതി വിടുന്നത് പോലെ. ഒരുപക്ഷെ പല്ലുകൾ നഷ്ടപ്പെട്ടത് കാരണം വാക്കുകൾ വെറും ശബ്ദങ്ങളായി പുറത്തേക്ക് തെറിക്കുകയാവാം. അല്ലെങ്കിൽ ഓർമ്മയില്ലാതെ എന്തോ അർത്ഥം നഷ്ടപ്പെട്ട വാക്കുകൾ ഉരുവിടുകയാവാം. സൂക്ഷിച്ചു നോക്കുമ്പോൾ കണ്ടു, വൃദ്ധൻ നാവ് നീട്ടുന്നത്. വരണ്ട ചുണ്ടിൽ നാവു കൊണ്ടുഴിയുന്നത്. ഓ! പാവത്തിനു ദാഹിക്കുകയാണ്‌!. ചുറ്റിലും നോക്കുമ്പോൾ കണ്ടു, മേശപ്പുറത്തൊരു ഗ്ലാസ്സിൽ വെള്ളം വെച്ചിരിക്കുന്നത്. അതൊരു ചെറിയ പാത്രം കമഴ്ത്തി വെച്ച് അടച്ചിട്ടുണ്ട്. എന്തു ചെയ്യണം?. വയസ്സനു ശരിക്കും കണ്ണു കാണുന്നുണ്ടാവില്ല. ഉറപ്പാണ്‌. അല്ലെങ്കിൽ ഇതിനകം നിലവിളിച്ചേനെ. വെള്ളം കൊടുക്കണോ?. അതോ ശബ്ദമൊന്നുമുണ്ടാക്കാതെ തിരിച്ചു പോകണോ?. അതാണ്‌ സുരക്ഷിതം. മോഷ്ടിക്കാൻ വന്നാൽ മോഷണം മാത്രം ചെയ്യുക. തസ്ക്കരഗുരുക്കന്മാർ ആവർത്തിച്ചുപദേശിച്ചത് ചെവിയിൽ മുഴങ്ങുന്നു. അയാൾ തിരിച്ചു നടക്കാൻ ഭാവിച്ചു. എന്നാൽ വൃദ്ധൻ ഞരങ്ങുന്ന ശബ്ദം കേട്ടു നിന്നു. ചേതമില്ലാത്ത ഉപകാരം ചെയ്യാനുള്ളൊരു അവസരം. ഇനി തന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് നിലവിളിച്ചാൽ തന്നെ ശബ്ദം വീടിനു പുറത്തേക്ക് പോവുമെന്നു തോന്നുന്നില്ല. അത്രയ്ക്കും അവശനാണ്‌. സാവധാനം തിരികെ ചെന്ന് ഗ്ലാസ്സെടുത്തു. വൃദ്ധന്റെ താടിയിൽ പിടിച്ച് പതിയെ വായിലേക്ക് വെള്ളമൊഴിച്ചു കൊടുത്തു. ഒരിറക്ക് കുടിച്ചപ്പോൾ സമാധാനമായെന്നു തോന്നി. വൃദ്ധൻ വീണ്ടും വായ പൊളിച്ചു. ഒരിക്കൽ കൂടി ഗ്ലാസ്സ് ചെരിച്ചു പിടിച്ചൊഴിച്ചു. ചുണ്ടിനു സമീപം വീണ ഒന്നു രണ്ടു തുള്ളികൾ തുടച്ചു കൊടുത്തു. വൃദ്ധൻ കണ്ണുകളടച്ചു പിടിച്ചു ഒന്നു ദീർഘമായി ശ്വാസമെടുത്തു.  അയാൾ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ഏതോ വിദൂര പരിചയം. എല്ലാവരിലും ആരുമായിട്ടെന്തെങ്കിലും സാമ്യമുണ്ടാവും. വൃദ്ധൻ ശ്വാസം പുറത്തേക്ക് വിട്ടതായി തോന്നിയില്ല. മുഖത്തൊരു മന്ദഹാസം നിറഞ്ഞിരിപ്പുണ്ട്. കുറച്ച് നേരം കൂടി ആ ചിരി നിറഞ്ഞ മുഖത്തേക്ക് നോക്കി നിന്നപ്പോൾ സംശയമായി. അയാൾ കുനിഞ്ഞ് നെഞ്ചിലേക്ക് മുഖം ചേർത്തു. മിടിപ്പ് ശബ്ദമില്ല. വീടു പോലെ ആ ശ്വാസക്കൂടും നിശ്ശബ്ദം. ഒരിക്കൽ കൂടി മന്ദഹാസം നിറഞ്ഞ മുഖത്തേക്ക് നോക്കി നിന്നു. ഇനി ഇവിടെ എന്തിനാണ്‌ നില്ക്കേണ്ടത്?. താനൊരുപക്ഷെ ഇവിടെ, ഇന്ന്, ഈ സമയത്ത് വന്നു കയറിയത് ഇതിനാവും. ഒരിറ്റു വെള്ളം പകരാൻ. ഇതാവണം തനിക്കായി ഇവിടെ ഒരുക്കി വെച്ചിരുന്ന നിയോഗം. അതോ താൻ അവിടെ എത്തിപ്പെടേണ്ടത് ആ വൃദ്ധന്റെ നിയോഗങ്ങളുടെ ഭാഗമായിരുന്നൊ?. സത്യത്തിൽ താൻ ആരുടെ നിയോഗത്തിന്റെ ഭാഗമാണ്‌?. അയാൾ വൃദ്ധരൂപത്തിനെ ഒന്നു കൂടി നോക്കിയ ശേഷം പതിയെ പിൻവാതിൽ ലക്ഷ്യമാക്കി നടന്നു. ആരുമറിയരുത്. ഈ ഭാഗത്തേക്കിനി വരികയുമരുത്. അയാൾ പഠിച്ചെടുത്ത പ്രമാണങ്ങളോർത്തെടുത്ത് കൊണ്ട് ഇരുട്ടിലേക്ക് നടന്ന് അപ്രത്യക്ഷനായി.

കേരള കൗമുദി ആഴ്ച്ചപ്പതിപ്പ് ഡിസംബർ 20 2017

Post a Comment