Please use Firefox Browser for a good reading experience

Monday 1 August 2011

സ്വപ്നഗൃഹത്തിലെ താമസക്കാർ


‘ഇവിടെ ഇളം നീല നിറമൊള്ള കർട്ടനിടാം!’ 
സ്വീകരണമുറിയിലെ വലിയ ജനാലയ്ക്കരികെ നിൽക്കുമ്പോൾ രശ്മി ആവേശത്തോടെ പറഞ്ഞു.
‘സീ ത്രൂ ആണെങ്കിൽ നമുക്ക് പുറത്തേക്കെല്ലാം കാണേം ചെയ്യാം. നല്ല വെളിച്ചോം കിട്ടും!’ അവൾ തുടർന്നു.
‘നീല വേണ്ട, പച്ച മതി. നല്ല ഇളം പച്ച’ ഒരുതരം മത്സരബുദ്ധിയോടെയാണ്‌ ജയൻ അത് പറഞ്ഞത്.
ഒരു നിമിഷത്തെ മൗനത്തിനു ശേഷം ശേഷം പരിഭവം നിറഞ്ഞ ശബ്ദത്തിൽ, ‘പച്ച എങ്കിൽ പച്ച... ജയേട്ടന്റെ ഇഷ്ടം’ എന്നവൾ പറഞ്ഞു.
അത് കേട്ട് ജയൻ നിശ്ശബ്ദനായി ഇരുന്നു. 
അല്പനേരം കഴിഞ്ഞയാൾ പറഞ്ഞു,
‘അല്ലെങ്കിൽ വേണ്ട...നീ പറഞ്ഞ പോലെ...ഇവിടെ നീലയാ ചേരുക’
ജയൻ അങ്ങനെ പറയുമെന്ന് അവൾക്കുറപ്പായിരുന്നു. ദാമ്പത്യജീവിതത്തിൽ, കീഴടങ്ങലുകളിലൂടെ കീഴടക്കാനാവുമെന്ന് വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ തന്നെ അവൾ മനസ്സിലാക്കിയിരുന്നു. ആ ‘വിശുദ്ധജ്ഞാനം’ സിദ്ധിച്ച ശേഷം പല കാര്യങ്ങളിലും ‘വിജയം’ അവളുടെ പക്ഷത്ത് തന്നെ ആയിരുന്നു.

ഏകദേശം ഒരാഴ്ച്ച മുൻപാണ്‌ അവർ പുതിയ വീട്ടിലേക്ക് താമസം മാറിയത്. വളരെനാൾ കരുതലോടെ സമ്പാദിച്ച ശേഷമാണ്‌ ഒരു വീട് വാങ്ങാം എന്ന തീരുമാനത്തിലെത്തിയത്. കെട്ടിടംപണിക്ക് വേണ്ടത്ര തൊഴിലാളികളെ കിട്ടാനുള്ള ബുദ്ധിമുട്ടും, നിർമ്മാണത്തിന്‌ അനുമതി കിട്ടുന്നതുമായി ബന്ധപ്പെട്ട നിരവധി നൂലാമാലകളിൽ തട്ടിമറിഞ്ഞ്‌ വീണുപോകുമോ എന്ന ഭയവും, മാനസികസംഘർഷം താങ്ങാൻ തയ്യാറല്ല എന്ന് നിലപാടും കാരണം, സ്വന്തമായി ഒരു വീടു പണിയുക എന്ന ആഗ്രഹം തേച്ചു മായ്ച്ചു കളയുകയായിരുന്നു അവർ. കുറച്ചുനാൾ മുൻപ് ഒരു ഫ്ലാറ്റ് വാങ്ങിച്ചാലോ എന്ന ചിന്ത പരസ്പരം തട്ടിക്കളിച്ചിരുന്നു. എന്നാൽ തട്ടിപ്പ് കഥകൾ ചുറ്റിലും പെരുകിയപ്പോൾ ആ ആശയവും ഉപേക്ഷിച്ചു. അതിനു ശേഷമാണവർ തങ്ങളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരു വീടിനായുള്ള അന്വേഷണമാരംഭിച്ചത്. 

മാസങ്ങൾ നീണ്ട നിരന്തരമായ അന്വേഷണത്തിനു ശേഷമാണ്‌ മനസ്സിനിണങ്ങിയ ആ വീട് അവർ കണ്ടെത്തിയത്. 
‘വീട്ടുടമ അമേരിക്കയിലാണ്‌...’
‘അവരവിടെ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്‌...’
‘കുടുംബസ്വത്തായി കിട്ടിയ വീട് വിറ്റ് അമേരിക്കയിലേക്ക് ജീവിതം പറിച്ചുനടാനാണ്‌ അവരുടെ തീരുമാനം...’
ബ്രോക്കർ ഇതൊക്കെയും പറഞ്ഞുതരുമ്പോൾ ജയനും രശ്മിക്കും തോന്നി, തങ്ങൾക്കായി കാലം കാത്തുവെച്ചിരുന്ന വീടാണതെന്ന്. ചെന്നുകണ്ടപ്പോൾ വീടു മാത്രമല്ല, വീടിന്റെ പേരും വളരെ ഇഷ്ടമായി - ‘ഡ്രീം ഹൗസ്’
‘ഓ! ഇതു തന്നെ നമ്മുടെ ഡ്രീം ഹൗസ്!’ 
രശ്മിക്ക് ജയനോട് പറയാതിരിക്കാനായില്ല.

അനേകം കടകൾ കയറിയിറങ്ങിയാണ്‌ രശ്മി വീട് അലങ്കരിക്കാനുള്ള വസ്തുക്കൾ ശേഖരിച്ചത്. ചിത്രങ്ങൾ കൊണ്ടും കലാവസ്തുക്കൾ കൊണ്ടും അവൾ ചുവരുകൾ സുന്ദരമാക്കി. വീട് ഒരുക്കി തൃപ്തിയായപ്പോൾ രശ്മിക്ക് അയൽക്കാരെയൊക്കെ ചെന്ന് കണ്ട് പരിചയപ്പെടാനും അവരെ വീട്ടിലേക്ക് ക്ഷണിക്കാനുമുള്ള ആഗ്രഹം തടുത്തു നിർത്താൻ വയ്യെന്നായി. തൊട്ടടുത്ത വീട് പൂട്ടി കിടക്കുകയാണ്‌. ഇപ്പുറത്ത് താമസിക്കുന്ന വൃദ്ധദമ്പതികളെയാണ്‌ അവൾ ആദ്യം പരിചയപ്പെട്ടത്‌. സ്കൂളിൽ നിന്നും റിട്ടയറായവർ. സംസാരിച്ചപ്പോൾ, തന്നെ മുൻപ് സ്കൂളിൽ പഠിപ്പിച്ചവരെ അവൾക്കോർമ്മ വന്നു. ചതുരവടിവിലുള്ള സംസാരം. ഇടയ്ക്കിടെ സംസാരത്തിൽ അറിയാതെ കയറി വരുന്ന ആജ്ഞാഭാവം. അവൾ അവരുടെ സംസാരം കൗതുകപൂർവ്വം കേട്ടു നിന്നു. വാർദ്ധക്യം ആസ്വദിച്ച് ജീവിക്കുകയാണവർ. രണ്ട് കുട്ടികളാണവർക്ക്. ഇരുവരും വിദേശത്ത്. 

‘അതു പോലെ വേണം നമുക്കും വയസ്സാവുമ്പോൾ ജീവിക്കാൻ! ഒരു ടെൻഷനുമില്ലാതെ സമാധാനത്തോടെ...’ തന്റെ എണ്ണിയാലൊടുങ്ങാത്ത സ്വപ്നങ്ങൾ പറയുന്ന കൂട്ടത്തിൽ അതും അവൾ ജയനോട് പറഞ്ഞു.

എല്ലാ ദിവസവും അവൾ അടുത്ത വീട്ടിൽ ആരെങ്കിലും വന്നോ എന്ന് നോക്കും. അവിടെ ആരാണ്‌ താമസിക്കുന്നതെന്നറിയാനൊരു കൗതുകം ദിനംപ്രതി അവൾക്കുള്ളിൽ പെരുകി വന്നു. ചെറുപ്പക്കാരായ ദമ്പതികൾ ആയിരുന്നെങ്കിൽ...അല്ലെങ്കിൽ സമപ്രായക്കാരിയായ...തന്നെ പോലെ ചിന്തിക്കുന്ന, തന്റെ അതേ താത്പര്യങ്ങളുള്ള... അങ്ങനെ ഉള്ള ഒരാൾ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ഏതാനും ആഴ്ച്ചകൾ കഴിഞ്ഞാണ്‌ ആ വീട്ടിൽ ഒരു ആളനക്കം കണ്ടത്.

ഒരു പകൽ നേരം. മതിലിനപ്പുറത്ത്, അവിടെ വീടിന്റെ മുൻവശത്ത് ഉലാത്തുന്ന സ്ത്രീയെ കണ്ടപ്പോൾ, അവൾ പരിചയപ്പെടാൻ തീരുമാനിച്ചു. നല്ല പ്രായമുള്ളൊരു സ്ത്രീ. നെറ്റിയിൽ ഭസ്മക്കുറിയും, പതിഞ്ഞ ശബ്ദത്തിലുള്ള സംസാരവും. ആഗ്രഹിച്ച പോലെ പ്രായം കുറഞ്ഞ ഒരു അയൽക്കാരി അല്ലെങ്കിലും, സംസാരിച്ചു തുടങ്ങിയപ്പോൾ രശ്മിക്ക് അവരെ ഇഷ്ടമായി. ഇനി സംസാരിക്കാനും കൂട്ടിനും ആളായല്ലോ. അവരും വീടു മാറി വന്നതാണ്‌. പാലക്കാടായിരുന്നു മുൻപ്. ഏതാണ്ട് രണ്ട് വർഷം മുൻപാണ്‌ ഈ വീട്‌ വാങ്ങിയത്. ചില്ലറ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന കാര്യം അവർ പറഞ്ഞു. ചികിത്സാർത്ഥം ഹൈദ്രാബാദിൽ പോയിരിക്കുകയായിരുന്നു. കാഴ്ച്ചയിൽ തന്നെ പ്രായത്തിന്റെ അവശത പ്രകടം. രശ്മി സഹതാപത്തോടെ അവർ പറയുന്നതൊക്കെയും കേട്ടു നിന്നു.
‘ജയേട്ടനെ പരിചയപ്പെടുത്താരുന്നു...ദാ ഇപ്പോ ഓഫീസിൽ പോയതേ ഉള്ളൂ..’
‘ഞാൻ കണ്ടു...ആ മുഖം...നല്ല പരിചയമുള്ള..’ 
അത് അവർ തന്നോടാണോ അതോ സ്വയം പറഞ്ഞതാണോ എന്ന് രശ്മിക്ക് മനസ്സിലായില്ല.
അവർ പതിഞ്ഞ ശബ്ദത്തിൽ സംസാരം തുടർന്നു.
‘ഈ വീടിനെ കുറിച്ച്...നിങ്ങൾ ആരോടെങ്കിലും ചോദിച്ചിരുന്നോ?..ഇതിന്റെ ഉടമസ്ഥർ കൊറേ നാളായി ഇത് വിൽക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു...’ പറയാൻ ഇഷ്ടപ്പെടാത്തൊരു കാര്യം പറയുന്ന ഭാവം അപ്പോൾ അവരുടെ മുഖത്ത് തെളിഞ്ഞു.
‘അതെന്താ?’
അറിയാതെ പറഞ്ഞു പോയതിന്റെ ബാക്കി പറയാൻ ശ്രമിക്കുന്നത് പോലെ അവർ പറഞ്ഞു,
‘അത്...കൊറേ നാള്‌ മുമ്പാ...ഈ വീട്ടില്‌...ഒരു മരണം നടന്നിട്ടുണ്ട്...ഒരു പെൺകുട്ടി...പൊള്ളലേറ്റാ മരിച്ചത്...ചെല ദെവസം രാത്രികളില്‌...’ ഭയം നിറഞ്ഞ കണ്ണുകളോടെ അടക്കിപ്പിടിച്ച ശബ്ദത്തിൽ അവരത് പറഞ്ഞു നിർത്തിയപ്പോൾ, അവരെ പരിചയപ്പെട്ടത് വലിയ മണ്ടത്തരമായി പോയോ എന്ന് രശ്മി സംശയിച്ചു.

അവർ വീണ്ടുമെന്തോ പറയാനൊരുങ്ങുകയായിരുന്നു. അപ്പൊഴേക്കും രശ്മി ചാടിക്കയറി പറഞ്ഞു.
‘ഇതൊക്കെ ഇപ്പോഴും...ഇക്കാലത്തും ആളുകള്‌ വിശ്വസിക്കുന്നുണ്ടോ?!’
തൊട്ടടുത്ത നിമിഷം അവൾ സ്വയം ചട്ടം കെട്ടി. അയൽക്കാരാണ്‌...എപ്പോൾ എന്താവശ്യമാണ്‌ വരുന്നതെന്ന് പറയാൻ കഴിയില്ല. ഇനി മുതൽ വളരെ ശ്രദ്ധിച്ചു വേണം സംസാരിക്കാൻ.  
അവർ രശ്മിയുടെ ചോദ്യം അവഗണിച്ചു കൊണ്ടു തുടർന്നു.
‘മരിച്ച കൊച്ചിന്റെ കൂടെ...ഒരു പയ്യൻ കൂടി ഒണ്ടായിരുന്നു...അവൻ..’
അവരുടെ കണ്ണിൽ ആരോടോ ഉള്ള കോപം നിറയുന്നത് കണ്ടു.
അത്രയുമായപ്പോൾ രശ്മി തിരക്ക് ഭാവിച്ചു. ‘അയ്യോ മറന്നു! സ്റ്റൗവില്‌ പാല്‌ വെച്ചിട്ടാ വന്നത്‌...ഞാൻ പിന്നെ വരാമെ!’
തിരിഞ്ഞ് അകത്തേക്കോടുമ്പോൾ അവൾ മനസ്സിൽ പറഞ്ഞു,
‘ഹോ രക്ഷപെട്ടു...ഇവരെന്തിനാ ഇതൊക്കെ എന്നോട് പറയുന്നത്? പേടിപ്പിക്കാനോ?’

ബ്രോക്കറെന്താ ഇതൊന്നും പറയാത്തത്?
അവരെന്തിനു പറയണം? കാശ്‌ മാത്രമല്ലേ അവരുടെ നോട്ടം?
ഇനി ശരിക്കും...ഇവിടെ ആരെങ്കിലും മരിച്ചിട്ടുണ്ടാവുമോ?
ഉണ്ടെങ്കിൽ തന്നെ എന്ത്? എല്ലാ വീട്ടിലും ആരെങ്കിലും എപ്പോഴെങ്കിലും മരിച്ചിട്ടുണ്ടാവും.
ഏത് മുറിയിലായിരിക്കും...ആ പെൺകുട്ടി...
ഏത് മുറിയായാലെന്താ...ഇപ്പോൾ ഇത് ഞങ്ങൾ വാങ്ങിയ വീടല്ലേ...?
ഇനി ഇത്...എന്തെങ്കിലും ബാധയോ മറ്റോ ഉള്ള വീടാണോ?
സ്വയം ചോദ്യങ്ങൾ ചോദിക്കുകയും, അതിനൊക്കെയും സ്വയം ഉത്തരം പറഞ്ഞും കൊണ്ടിരുന്നു അവൾ. വൈകുന്നേരം വരെ ഇങ്ങനെ വീട്ടിൽ വെറുതെ ഇരിക്കുന്നത് നല്ല ബോറാണ്‌. ഒരു ജോലി കണ്ടുപിടിക്കാൻ ജയേട്ടൻ പലതവണ പറഞ്ഞതാണ്‌. 

സന്ധ്യ ആയപ്പോൾ അവൾ കേട്ടു, അപ്പുറത്തെ വീട്ടിൽ നിന്നുമുയർന്ന മണിശബ്ദം. ആ സ്ത്രീ പ്രാർത്ഥിക്കുകയാവും. കുറച്ച് നേരം അത് ശ്രദ്ധിച്ചു. കോളേജിൽ പഠിക്കുമ്പോൾ തലയ്ക്ക് പിടിച്ച നിരീശ്വരവാദം ഇപ്പോഴും പിന്തുടരുന്നത് കൊണ്ട് അവൾ എന്തോ ഓർത്ത് ചിരിച്ച ശേഷം വീണ്ടും വീട്ടുപണിയിൽ മുഴുകി.

ഏതാനും മാസങ്ങൾ മുൻപ് വരെ രശ്മി ജോലി ചെയ്തിരുന്നതാണ്‌. ജയൻ സ്ഥലം മാറി വന്നപ്പോൾ, ഇനി കുറച്ചു നാൾ വിശ്രമം എടുക്കാമെന്നത് രശ്മിയുടെ തീരുമാനമായിരുന്നു. പുതിയ ഇടം വളരെ ഇഷ്ടമാവുകയും ഇനിയുള്ള കാലം ഇവിടെ തന്നെ ഒരു വീട് വാങ്ങി ജീവിക്കാം എന്നു ജയനെ പറഞ്ഞു സമ്മതിപ്പിക്കുകയും ചെയ്തത് അവളാണ്‌. രാവിലെ പാചകവും വൃത്തിയാക്കലും കഴിഞ്ഞാൽ ഒരുപാട് സമയം ബാക്കി. ‘അലസത ചെകുത്താന്റെ ആലയാണ്‌’ - അവൾ സ്വയം പറഞ്ഞു. മടുപ്പും അലസതയുമെല്ലാം കുടഞ്ഞെറിയാൻ നേരമായിരിക്കുന്നു. ടൗണിൽ എവിടെയെങ്കിലും ജോലിക്ക് അപേക്ഷിച്ചാലോ? യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളതു കൊണ്ട് ഒരു ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാവില്ല.

രാത്രി ജയനുമൊത്ത് ഭക്ഷണം കഴിക്കുമ്പോഴാണ്‌ രശ്മി പ്രായമായ അയൽക്കാരിയെക്കുറിച്ചോർത്തത്.
അവൾ ഉത്സാഹത്തോടെ പറഞ്ഞു,
‘ഇന്ന്‌ നല്ല രസമൊള്ള ഒരു കാര്യം കേട്ടു! കേക്കണോ?’
‘എന്താ സംഭവം?’
‘അല്ലെങ്കി വേണ്ട, ഊണു കഴിക്കുമ്പോൾ പറഞ്ഞാ ചേട്ടൻ അതു കേട്ട് ചിരിച്ച്...കഴിക്കുന്നതൊക്കെ മണ്ടേ കേറും’
അതു കേട്ടപ്പോൾ ജയനു കേൾക്കാനുള്ള ആകാംക്ഷ കൂടി.
രശ്മി,  അയൽക്കാരിയിൽ നിന്നും കേട്ട കഥ പറഞ്ഞു. എന്നാൽ അതു കേട്ട് ജയൻ ചിരിച്ചില്ല. ഒരു നിമിഷം ഭക്ഷണം കഴിക്കുന്നത് നിർത്തി എന്തോ ആലോചിച്ചു കൊണ്ടിരുന്നു. ജയന്റെ നെറ്റിയിൽ ചുളിവുകൾ നിറയുന്നത് അവൾ ശ്രദ്ധിച്ചു.
‘ഇതാണോ വല്ല്യ ചിരിക്കാനുള്ള കാര്യം?’
അതും പറഞ്ഞ് അയാൾ കൈ കഴുകാനെഴുന്നേറ്റു.

രശ്മിക്ക് ഒന്നും മനസ്സിലായില്ല. ഏതോ ഒരു വയസ്സായ സ്ത്രീ എന്തെങ്കിലും പറഞ്ഞതു കേട്ട് ജയേട്ടനെന്തിനു വേവലാതിപ്പെടണം? കേൾക്കുമ്പോൾ ഒരു തമാശ പോലെ ആസ്വദിക്കുമെന്നാണ്‌ വിചാരിച്ചത്. ശ്ശെ...താനെത്ര മണ്ടിയാ...ഊണു കഴിക്കുന്ന സമയത്ത് തന്നെ ഇത് പറയേണ്ട ഒരാവശ്യവുമില്ലായിരുന്നു. ഇതിത്ര ഗൗരവത്തോടെ എടുക്കുമെന്നു വിചാരിച്ചോ? ഇനിയിപ്പോൾ ജയേട്ടനെ തണുപ്പിക്കാനെന്താ ഒരു വഴി?

രശ്മി ജയനെ അനുനയിപ്പിക്കാൻ, വേഗം ഊണു കഴിച്ച് കൈയ്യും കഴുകി ബെഡ് റൂമിലേക്ക് ചെന്നു. മുറിയിൽ ബെഡ് ലാമ്പ് മാത്രം ഓൺ ചെയ്ത് വെച്ചിരിക്കുന്നു. വലതു കൈ ഉയർത്തി തലയ്ക്ക് പിന്നിലായി വെച്ച് മലർന്നു കിടക്കുകയായിരുന്നു ജയൻ.
‘ജയേട്ടനെന്താ ഊണു കഴിക്കാതെ ഏണീറ്റ് പോയത്?...ആരേലും എന്തേലും പറയുന്നത് കേട്ട്...’
ജയന്റെ കണ്ണുകൾ സീലിംഗിലെന്തോ പരതി കൊണ്ടിരുന്നു.
കുറച്ച് നേരം മൗനമായിരുന്ന ശേഷം അയാൾ പറഞ്ഞു,
‘എല്ലാം എന്റെ തെറ്റാ...കൊറച്ചു കൂടി...നന്നായി അന്വേഷിച്ചിട്ട് വാങ്ങിയാ മതിയായിരുന്നു...’
‘അതിനിപ്പോ എന്തു പറ്റിയെന്നാ പറയുന്നത്? നമ്മളിവിടെ താമസിക്കാൻ തൊടങ്ങീട്ട് ഇപ്പൊ രണ്ട്..മൂന്നാഴ്ച്ച ആയില്ലെ? വല്ല കൊഴപ്പോം തോന്നിയോ?...ഒക്കെ വെറുതെ തോന്നുന്നതാ...’
‘തോന്നലൊന്നുമല്ല രശ്മി...വന്നതിന്റെ പിറ്റേന്ന്...വീടിന്റെ പൊറക് വശത്ത് ഒരു പൂച്ച ചത്തു കിടക്കുന്നത് കണ്ടതാ...എനിക്കെന്തോ ഒരുമാതിരി തോന്നി. നിന്നോട് പറഞ്ഞ് വെറുതെ പേടിപ്പിക്കണ്ടാന്ന് വെച്ചാ ഇതുവരെ പറയാത്തത്’
‘പേടിക്കാനോ?!...എനിക്കോ? അതും ഒരു പൂച്ച ചത്തെന്നും വെച്ച്...’ അവൾ വാ പൊത്തി ചിരിച്ചു.
‘നിനക്ക് പറഞ്ഞാൽ വിശ്വാസമാകില്ല. എനിക്ക് ചില അനുഭവങ്ങളുണ്ട്...’ അതു പറയുമ്പോഴും അയാളുടെ നോട്ടം സീലിംഗിൽ തന്നെയായിരുന്നു.

ജയൻ പറഞ്ഞ കഥകളിൽ യുക്തിയുടെ കണിക പോലുമില്ലായിരുന്നു. എങ്കിൽ പോലും, പലയിടത്തും യാദൃശ്ചികത ഒരു പ്രധാനഘടകമായി കടന്നു വരുന്നത് ശ്രദ്ധിക്കാതിരിക്കാൻ രശ്മിക്കായില്ല. അങ്ങനെ തോന്നിയെങ്കിലും, വെറുതെ അതും പറഞ്ഞ് മുഷിയണ്ടായെന്ന് അവൾ തീരുമാനിച്ചു. വെറുതെ അതുമിതും പറഞ്ഞ്, വാദിച്ച് എന്തിനു ജയേട്ടന്റെ മനസ്സ് വിഷമിപ്പിക്കണം? കുറച്ചു ദിവസങ്ങൾ അവർ തമ്മിൽ അതിനേക്കുറിച്ചോ, യാദൃശ്ചികസംഭവങ്ങളെക്കുറിച്ചോ ഒന്നും തന്നെ സംസാരിക്കുകയുണ്ടായില്ല. 

ഒരു കാര്യം രശ്മി ശ്രദ്ധിച്ചു, കൂടുതൽ സമയവും അയൽക്കാരി വീട്ടിനുള്ളിൽ തന്നെയാണ്‌ ചിലവഴിക്കുന്നത്. വല്ലപ്പോഴുമേ അവർ പുറത്തേക്ക് വരുന്നുള്ളൂ. ഭക്തി തലയ്ക്ക് പിടിച്ച സ്ത്രീ ആണെന്നു തോന്നുന്നു. എല്ലാ ദിവസവും സന്ധ്യക്ക് അവിടെ നിന്നും മണിയൊച്ച കേൾക്കാം.

തങ്ങളുടെ സ്വപ്നഗൃഹത്തിനെ കുറിച്ച് പിന്നെയും ചില കഥകൾ രശ്മി കേട്ടു. അടുത്തുള്ള കടയിൽ പോയപ്പോൾ വിശേഷങ്ങൾ സംസാരിക്കുന്ന കൂട്ടത്തിൽ കേട്ടതാണ്‌. മുൻപ് ആ വീട്ടിൽ താമസിച്ചിരുന്ന കുടുംബത്തിലെ ചെറുപ്പക്കാരനുമായി ബന്ധപ്പെട്ടായിരുന്നു അത്...അവൻ സ്നേഹിച്ച് വിവാഹം കഴിച്ച പെൺകുട്ടി അവിടെ വെച്ച് ആത്മഹത്യ ചെയ്യാനിടയായതും അവൻ മാനസികപ്രശ്നങ്ങൾ കാട്ടിത്തുടങ്ങിയതും..അതു കാരണമാണവനെ അവരൊടുവിൽ അമേരിക്കയിലേക്ക് കൊണ്ടു പോയതെന്നും..അവിടെ വെച്ച് ഏതോ അപകടത്തിൽപ്പെട്ട് അവൻ മരിച്ചെന്നും...എല്ലാം പറഞ്ഞു കേട്ട കഥകൾ...പരദൂഷണങ്ങൾ...വ്യക്തതയില്ലാത്ത വിവരണങ്ങൾ... ഓരോരുത്തരുടേയും മനോധർമ്മമനുസരിച്ച് കൂട്ടിച്ചേർക്കപ്പെടുന്ന പലതും, പലവട്ടം കൈമാറി വന്ന ആ കഥകളിലുണ്ടായിരുന്നു.

രണ്ടു ദിവസങ്ങൾക്ക് ശേഷം ഒരു വൈകുന്നേരം.
ഓഫീസ് വിട്ട് ജയൻ വീട്ടിൽ വന്നു കയറിയത് കൈയ്യിൽ ഒരു ചെറിയ ബാന്റേജ് കെട്ടുമായിട്ടായിരുന്നു. രശ്മിക്ക് അതു കണ്ട്‌ തല ചുറ്റുന്നത് പോലെ തോന്നി.
‘ഒരു ചെറിയ ആക്സിഡന്റ്...ബൈക്കൊന്ന് ഇടിച്ചു..ഒന്നുമില്ല...ഒന്നും പറ്റിയില്ല..പേടിക്കാനൊന്നുമില്ല’
വളരെ സൂക്ഷിച്ചു മാത്രം ബൈക്ക് ഓടിക്കുന്ന ആളാണ്‌ ജയേട്ടൻ...എന്നിട്ടെന്തേ...
രശ്മി ജയന്റെ ബാന്റേജിലേക്ക് തന്നെ നോക്കി നിന്നു.

നാല്‌ ദിവസത്തെ വിശ്രമം. ചെറിയ പോറലുകൾ പോലും ഉണങ്ങി കഴിഞ്ഞു. എങ്കിലും വലതു കൈത്തണ്ടയിലെ വലിയ മുറിവ് - അതു മാത്രമുണങ്ങിയില്ല. സമയമെടുക്കും. രശ്മിക്ക് ജയന്റെ അവസ്ഥയിൽ വല്ലാത്ത മനോവിഷമമായി. മുറിവ് സംഭവിച്ച കൈ ഒരു വശത്തേക്ക് ഒതുക്കി വെച്ച് കിടക്കുന്ന ജയനെ അവൾ സഹതാപത്തോടെ നോക്കി ഇരുന്നു. നല്ല വേദന ഉണ്ടാവും. ഉറക്കം ശരിക്ക് കിട്ടുന്നുണ്ടാവില്ല. താൻ വിഷമിക്കുമെന്ന്‌ വിചാരിച്ച് കൂടുതലൊന്നും പറയാത്തതാവും. ഇടയ്ക്ക് രാത്രിയിൽ ഒന്നു രണ്ടു വട്ടം ജയൻ ഉറക്കത്തിൽ എന്തൊക്കെയോ പറയുന്നത് രശ്മി കേട്ടു. അവ്യക്തമായ ചില വാക്കുകൾ. അങ്ങനെ ഉറക്കം മുറിഞ്ഞ് വീണ്ടും ഉറക്കം കാത്ത് കിടക്കുമ്പോൾ, എന്തോ ചില ശബ്ദങ്ങൾ കേട്ടതായി രശ്മിക്ക് സംശയം തോന്നി. ചില്ലു ജനലിനപ്പുറം വെളിച്ചത്തിന്റെ തിളക്കങ്ങൾ കണ്ടതു പോലെ... കാതോർത്തു. ചില അപശബ്ദങ്ങൾ...ആരോ മതിൽ ചാടിയതു പോലെ...പറമ്പിലൂടെ ആരോ നടക്കുന്നത് പോലെ...താൻ ജനലുകൾ എല്ലാം അടച്ചുവോ? വീട്ടിനുള്ളിൽ ആരോ നടക്കുന്നത് പോലെ...തോന്നലാവുമോ? തങ്ങളെ കൂടാതെ ആരോ ഒരാൾ കൂടി വീട്ടിനുള്ളിലുണ്ട്... സംശയമായി. ഇല്ല, എല്ലാം തോന്നലുകൾ...അവൾ കണ്ണുകളിറുക്കിയടച്ച് കിടന്നു.

പിറ്റേന്ന് പകൽ സമയം അവൾ വീടു മുഴുവൻ പരിശോധിച്ചു. കുറച്ചു നാളായി ചെന്ന് കാണാത്ത ഇടങ്ങളിലൊക്കെ പോയി നോക്കി. എല്ലാം പഴയത് പോലെ. ആരുമില്ല. ഒന്നുമില്ല. എല്ലാം മുൻപ് കണ്ടത് പോലെ തന്നെ. എന്നാൽ ദിവസങ്ങൾ കഴിയും തോറും താനും ജയനുമല്ലാതെ മൂന്നാമതൊരാൾ കൂടി ആ വീട്ടിൽ ഉണ്ടെന്ന ഒരു തോന്നൽ അവൾക്കുള്ളിൽ ശക്തിയായി വളർന്നു വന്നു. രാത്രി ആരോ വീട്ടിനുള്ളിലെവിടെയോ ഇരുന്നു കരയുന്നത് കേൾക്കുന്നു. എന്നാൽ എഴുന്നേറ്റ് ചെല്ലുമ്പോൾ ഒന്നും കേൾക്കാനാവുന്നില്ല. ഇതുവരെയും ഇരുട്ടിനെ ഭയമില്ലായിരുന്നു. എന്നാലിപ്പോൾ...എല്ലാം തന്റെ തോന്നലുകളാണെന്ന് ആയിരം തവണ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ അവൾ ഒരു ശ്രമം നടത്തി.

രണ്ടുമൂന്നാഴ്ച്ചകൾ കഴിഞ്ഞു. രശ്മിക്ക് ആശ്വാസം തോന്നി. എല്ലാം തോന്നലുകൾ മാത്രം. മനസ്സിന്റെ വികൃതികൾ. വെറുതെ ആ സ്ത്രീ പറയുന്നതും കേട്ട്...അനാവശ്യചിന്തകൾ മനസ്സിൽ കുത്തിനിറച്ച്...താനിത്രയും വിഡ്ഢിയായി പോയല്ലോ! ഒരു കെട്ടുകഥ കേട്ടാൽ മാത്രം ചോർന്നു പോവുന്ന ധൈര്യമേയുള്ളൂ തനിക്ക്?! അവൾ ആത്മവിശ്വാസം വളർത്താൻ പഴയ സംഭവങ്ങൾ ഓർത്തെടുത്തു കൊണ്ടിരുന്നു. കോളേജിൽ പഠിക്കുന്ന കാലം രാത്രിയിൽ കൂട്ടുകാരിയുമൊത്ത് സെക്കന്റ് ഷോ കാണാൻ പോയതും, അയൽവീട്ടിലെ ചേച്ചിക്ക് കൂട്ടു കിടക്കാൻ പോയതും...അവിടെ വന്ന കള്ളനെ പേടിപ്പിച്ച് ഓടിച്ചു വിട്ടതും...എത്രയെത്ര കഥകൾ! മറ്റുള്ളവർക്ക് ധൈര്യം പകർന്ന താനാണോ ഒരു ഇല്ലാക്കഥയുമോർത്ത്...!

തുടർന്നുള്ള ദിവസങ്ങൾ ശാന്തമായിരുന്നു. ഇഷ്ടപുസ്തകങ്ങൾ വായിക്കുകയും, മാസികയിൽ കണ്ട ചില പാചകവിധികൾ പരീക്ഷിക്കുകയും ചെയ്ത് അവൾ സമയം ചിലവാക്കി. വീണ്ടും പഴയതു പോലെ നന്നായി ഉറങ്ങാൻ കഴിഞ്ഞു. ജയൻ വീണ്ടും ഓഫീസിൽ പോയിത്തുടങ്ങി. എല്ലാം പഴയതു പോലെ. 

മുറ്റത്ത് നാലഞ്ച് പൂച്ചട്ടികൾ വന്നു. ഒപ്പം തേനിച്ചകളും ചിത്രശലഭങ്ങളും. തങ്ങളാണ്‌ ഏറ്റവും ഭാഗ്യമുള്ള ദമ്പതികൾ എന്നവർ പരസ്പരം പറഞ്ഞു കൊണ്ടിരുന്നു. അയൽക്കാരിയെ കണ്ടപ്പോഴൊക്കെയും വെറും ഒരു ചിരിയിൽ ഒതുക്കിയും, കൈ വീശി കാണിച്ചും, തിരക്ക് പറഞ്ഞും അവൾ ഒഴിഞ്ഞു മാറി. വീട്ടിൽ നിന്നും അധികം ദൂരമില്ല കടപ്പുറത്തേക്ക്. ശാന്തമായ കടൽ. വെള്ള മണൽ. ചില സന്ധ്യകൾ ജയനും രശ്മിയും അവിടെ ചിലവഴിച്ചു. അടുത്തുള്ള തിയേറ്ററുകളിൽ സിനിമകൾ മാറി മാറി വന്നു. ചിലത് അവർ കാണുകയും ചെയ്തു. തങ്ങൾ ഭാഗ്യമുള്ളവരാണ്‌. എന്തു കൊണ്ടും ഭാഗ്യമാണ്‌ ഈ സ്ഥലത്ത് ഇതു പോലൊരു വീട് സ്വന്തമാക്കാനായത്. അവർ അന്യോന്യം പറഞ്ഞു. ജയന്റെ മുറിവുകൾ പൂർണ്ണമായും ഉണങ്ങി കഴിഞ്ഞിരിക്കുന്നു. നേർത്ത ചില കലകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ ഇപ്പോൾ.

ജയന്റെ ഓഫീസിലുള്ള ചില സുഹൃത്തുകൾ വീടു കാണാൻ വന്നു. രശ്മിയുടെ ചില പഴയ സുഹൃത്തുക്കളും. എല്ലാവർക്കും വീട് ഒരുപാട് ഇഷ്ടമായി. രശ്മി, അവൾ വരച്ച ചിത്രങ്ങളും പലയിടത്ത് നിന്നുമായി വാങ്ങിയ കലാരൂപങ്ങളും അവരെ അഭിമാനപൂർവ്വം കാണിച്ചു കൊടുത്തു.

*****

ഒരു രാത്രി വല്ലാത്ത ദാഹം തോന്നി എഴുന്നേറ്റപ്പോഴാണ്‌ എന്തോ ഒരു ശബ്ദം കേട്ടത് പോലെ രശ്മിക്ക് തോന്നിയത്. ഇത്തവണ പറമ്പിലല്ല, വീട്ടിനുള്ളിലാണ്‌!  ആരോ നടക്കുന്നത് പോലെ? അതും സ്വീകരണമുറിയിൽ? ആരോ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ശബ്ദം? വളരെ പതിഞ്ഞ കാൽപ്പെരുമാറ്റം? മുറി തുറന്ന് പുറത്ത് പോയി നോക്കണോ? ജയേട്ടനെ വിളിച്ചുണർത്തണോ? ഒന്നു കൂടി ശ്രദ്ധിക്കാം...തോന്നിയതാണെങ്കിലോ? എല്ലാ ജനലുകളും ഭദ്രമായി അടച്ചു പൂട്ടിയതാണ്‌. പുറത്ത് നിന്നും വീശുന്ന തണുത്ത കാറ്റിൽ കർട്ടനുകൾ ഇളകുന്ന ശബ്ദമാവാൻ ഒരു വഴിയുമില്ല. കിടപ്പുമുറിയുടെ വാതിൽ ലോക്ക് ചെയ്തതിനാൽ ഭയക്കേണ്ടതില്ല. തത്ക്കാലം ജയേട്ടനെ വിളിച്ചുണർത്തണ്ട. പരിഭ്രമിക്കും. അവൾ പുതപ്പ് വലിച്ചു തല വഴി മൂടി കിടന്നു.

പിറ്റേന്ന് ഓഫീസ് വിട്ടു വന്ന ജയനോട് പറയാൻ അവളുടെ പക്കൽ ഒരു വിശേഷമുണ്ടായിരുന്നു. ഒരാൾ കൂടി കുടുംബത്തിന്റെ ഭാഗമാവാൻ പോകുന്നതിന്റെ വിശേഷം! അതിനു ശേഷം കാത്തിരിപ്പിന്റെ ദിവസങ്ങളായിരുന്നു. ആൺകുട്ടിയാണെങ്കിൽ പേര്‌ രശ്മിയും, പെൺകുട്ടിയാണെങ്കിൽ പേര്‌ ജയനും നിശ്ചയിക്കുമെന്ന് അവർ തമ്മിൽ ഒരു ധാരണയായി.

വെയിലേറ്റ് തളർന്ന മണ്ണിന്റെ ദാഹം തീർക്കാൻ മഴയെത്തി. പകലും രാത്രിയും നിർത്താതെയുള്ള മഴ. തുണി നനയ്ക്കുവാനും, അടുക്കളയിൽ രശ്മിയെ സഹായിക്കുവാനും ഒരു സ്ത്രീയെ ജയൻ ഏർപ്പാടാക്കി. പകൽ സമയം അവരുമായി സംസാരിച്ചും, പുസ്തകങ്ങൾ വായിച്ചും, ഇഷ്ടസംഗീതം ആസ്വദിച്ചും രശ്മി സമയം തള്ളി നീക്കി.

മഴ അവധിയെടുത്ത ഒരു രാത്രിയായിരുന്നു അത്. ജയൻ പകൽ മുഴുക്കെയും ഫയലുകൾക്കും കമ്പ്യൂട്ടറിനും മുന്നിലിരുന്ന്‌ തളർന്നു വന്ന ഒരു ദിവസം. ചില സുപ്രധാന തീരുമാനങ്ങൾ പിറ്റേന്ന് അറിയിക്കും എന്ന്‌ മാനേജ്മെന്റിന്റെ അറിയിപ്പുണ്ടായിരുന്നു. അതേക്കുറിച്ചോർത്ത് കൊണ്ടാണ്‌ ജയൻ കിടക്കയിലേക്ക് ചാഞ്ഞത്. ഉറക്കം ശരിയാകുന്നില്ല. തണുപ്പുണ്ടെങ്കിലും ചിന്തകളുടെ ചൂട് ഉറക്കത്തെ പ്രതിരോധിച്ചു കൊണ്ടിരുന്നു. അയാൾ മുറി തുറന്ന് പുറത്തിറങ്ങി. ഒന്നു പുകവലിക്കണമെന്നുണ്ട്. അച്ഛനാവാനുള്ള തയ്യാറെടുപ്പിൽ പുകവലി നിർത്തി വെച്ചിരിക്കുകയായിരുന്നു അയാൾ. സ്വീകരണമുറിയിലെ സോഫയിൽ ചെന്നിരുന്നു. മുറി മുഴുക്കെയും നിലാവ്. ഇളം നീല നിറമുള്ള കർട്ടന്റെ നേർത്ത ഇഴകളിലൂടെ നൂണ്ട് കയറി വന്ന് മുറി മുഴുവൻ നിലാവ് പരന്നു കിടക്കുന്നു. 
ഒരു ശബ്ദം കേട്ടത് പോലെ തോന്നി... എന്താണാ ശബ്ദം? ടെറസ്സിൽ ആരോ നടക്കുന്നത് പോലെ...വല്ല കള്ളനും? രണ്ടു മൂന്നു ദിവസം മുൻപ് അടുത്ത സ്ട്രീറ്റിലെ ഒരു വീട്ടിൽ മോഷണശ്രമം നടന്നതായി സഹായത്തിനു വരുന്ന സ്ത്രീ രശ്മിയോട് പറഞ്ഞിരുന്നല്ലോ. ആളനക്കമില്ലാത്ത വീടാണെന്ന ധാരണ ആർക്കും ഉണ്ടാവരുത്. ജയൻ എഴുന്നേറ്റ് ചെന്ന് സ്റ്റെയർകേസിനു സമീപം നിന്ന് ശ്രദ്ധിച്ചു. എന്തെങ്കിലും ശബ്ദം? ശരിയാണ്‌...വെറും സംശയമല്ല...ആരോ നടക്കുന്നുണ്ട്. ഉറപ്പ്. മുകളിൽ ചെന്നു ലൈറ്റിട്ട് നോക്കാം. മുകളിലേക്ക് കയറും മുൻപ് സ്റ്റെയർകേസിലെ ലൈറ്റ് ഓൺ ചെയ്തു. എന്നിട്ട് സാവധാനം പടികൾ കയറി മുകളിലേക്ക് പോയി. പുറത്തേക്കുള്ള വാതിലിനു മുന്നിൽ ചെന്നു നിന്നപ്പോൾ ഓർത്തു, എന്തെങ്കിലും ആയുധം കൈയ്യിൽ ഉണ്ടാവുന്നത് നല്ലതാണ്‌. തിരെഞ്ഞപ്പോൾ കിട്ടിയത് ഒരു ചെറിയ കമ്പിയുടെ കഷ്ണമാണ്‌. ഇതു ധാരാളം. അയാൾ ടെറസ്സിലെ ലൈറ്റ് ഓൺ ചെയ്തു. ഇപ്പോൾ ശബ്ദങ്ങളൊന്നും കേൾക്കുന്നില്ല. കുറച്ചു നിമിഷങ്ങൾ കാത്തു നിന്ന ശേഷം, ജയൻ വാതിൽ തുറന്ന് പുറത്തിറങ്ങി. 

ടെറസ്സിലേക്ക് വന്നിട്ട് ദിവസങ്ങളായിരിക്കുന്നു. ഇവിടമെല്ലാം വൃത്തിയാക്കേണ്ടിയിരിക്കുന്നു. മഴവെള്ളം കെട്ടി കിടന്ന് ചിലയിടങ്ങളിൽ പായല്‌ പിടിച്ചിരിക്കുന്നു. പ്രത്യേകിച്ചും വാട്ടർ ടാങ്കിനു സമീപം. അയാൾ അവിടം മുഴുവൻ കണ്ണോടിച്ചു. ശൂന്യമാണ്‌. ആരുമില്ല. എല്ലാം വ്യക്തമായി കാണാം. നല്ല നിലാവെളിച്ചം. പാരപ്പറ്റിനു ഉയരം കുറവാണ്‌. കുട്ടിയുമായി ഇവിടേക്ക് വരേണ്ടതാണ്‌. ഉയരം കൂട്ടണം. അതിനാരെയെങ്കിലും ഏർപ്പാട് ചെയ്യണം. നേരത്തെ കേട്ട ശബ്ദം? ചിലപ്പോൾ വല്ല മരപ്പട്ടിയും നടന്നു പോയതാവും. അതിനേ സാധ്യതയുള്ളൂ. അയാൾ പുറത്ത് ടെറസ്സിലേക്ക് പതിയെ നടന്നു. അതേ സമയം ഇരുട്ടിന്റെ മറ പറ്റി ഒരു വലിയ എലി തുറന്നു കിടന്ന വാതിലിലൂടെ വീട്ടിനകത്തേക്ക് കയറി പോയി.

നടക്കുമ്പോൾ ശ്രദ്ധിച്ചു, തറയിൽ നല്ല വഴുക്കലുണ്ട്. പായലാണ്‌. ഇടയ്ക്കൊന്ന് വന്ന് എല്ലാം ഒന്ന് തൂത്ത് വൃത്തിയാക്കാമായിരുന്നു. സൂക്ഷിച്ചു വേണം നടക്കാൻ. ജയൻ സാവധാനം നടന്ന് വാട്ടർ ടാങ്കിനടുത്ത് പോയി നിന്നു. വളരെ അടുത്തടുത്തായിട്ടാണ്‌ വീടുകൾ. ഒരു ടെറസ്സിൽ നിന്നും അടുത്ത ടെറസ്സിലേക്ക് നല്ല ആരോഗ്യമുള്ള ഒരാൾക്ക് നിഷ്പ്രയാസം ചാടി കടക്കാനാവും.
പെട്ടെന്ന് ഒരു ശബ്ദം കേട്ട് അയാൾ ഞെട്ടിത്തിരിഞ്ഞു. കാറ്റിൽ വാതിലടഞ്ഞതാണ്‌!
ഓ! പേടിച്ചു!
തണുപ്പത്ത് നിന്ന് വെറുതെ ജലദോഷം വരുത്തി വെയ്ക്കണ്ട. അയാൾ നടക്കാൻ വേഗത്തിൽ മുന്നോട്ടാഞ്ഞു. എന്നാൽ മുന്നോട്ട് വെച്ച കാൽ വഴുക്കി അയാൾ അതിവേഗം പിന്നോക്കം മറിഞ്ഞു. വെപ്രാളത്തിൽ അയാളുടെ കൈയ്യിൽ നിന്നും ഇരുമ്പ് കമ്പി തെറിച്ചു പോയി. തൊട്ടടുത്ത നിമിഷം പാരപ്പറ്റിനു മുകളിൽ കൂടി അയാളുടെ ശരീരം താഴേക്ക് മറിഞ്ഞു. നിലവിളിക്കാൻ ഒരു ശ്രമം നടത്തുന്നതിനു മുൻപ് അയാളുടെ ശിരസ്സ് സൺ ഷേയ്ഡിൽ ഇടിച്ചു. വീണ്ടും താഴേക്ക്. വായുവിൽ അയാളുടെ ശരീരം ഒരുവട്ടം ചുറ്റിത്തിരിഞ്ഞു. താഴെ മതിലിൽ ശിരസ്സിന്റെ പിൻഭാഗം ചെന്ന്‌ ഇടിച്ച ശേഷം കെട്ടിടത്തിനും മതിലിനും ഇടയിലായി അയാൾ ചെന്ന്‌ പതിച്ചു. ഒരു നേരിയ ഞരക്കം ആ ശരീരത്തിനുള്ളിൽ നിന്നും പുറത്ത് വന്നു. നിമിഷങ്ങൾക്കകം അയാളുടെ ശരീരം നിശ്ചലമായി.

എന്തോ ഒരു വലിയ ശബ്ദം കേട്ടാണ്‌ രശ്മി ഉണർന്നത്. ശബ്ദം സ്വപ്നത്തിലായിരുന്നോ എന്നവൾ ഒരു നിമിഷം സംശയിച്ചു. ഇടതു കൈ കൊണ്ട് മെത്തയിൽ പരതി. ആരുമില്ലായിരുന്നു അവിടെ. ജയേട്ടനെവിടെ? ഈ രാത്രി എവിടെയാണ്‌ ജയേട്ടൻ എഴുന്നേറ്റു പോയത്? കിടന്നു കഴിഞ്ഞാൽ ഇടയ്ക്കൊന്നും എഴുന്നേൽക്കുന്ന ശീലം ജയേട്ടനില്ല. അവൾ എഴുന്നേറ്റു. കിടപ്പു മുറിയുടെ കതക് തുറന്ന് കിടക്കുന്നത് അപ്പോഴാണ്‌ കണ്ടത്.
‘ജയേട്ടാ’ അവൾ തളർന്ന ശബ്ദത്തിൽ വിളിച്ചു കൊണ്ടു മുറിക്ക് പുറത്തേക്ക് ആയാസപ്പെട്ട് നടന്നു. വയറ്‌ ഉള്ളത് കാരണം നടക്കാനല്പം ബുദ്ധിമുട്ടുണ്ട്. സ്വീകരണമുറിയിൽ ആരുമില്ല. സ്റ്റെയർ കേസിലെ ലൈറ്റ് ഓൺ ചെയ്തിരിക്കുന്നു. ഈ അസമയത്ത് ജയേട്ടനെന്താ ടെറസ്സിലേക്ക് പോയത്? അവൾ സാവധാനം പടി കയറി തുടങ്ങി. ടെറസ്സിലേക്കുള്ള വാതിൽ കാറ്റടിച്ച് അടയുകയും, തുറക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ടെറസ്സിലെ ബൾബ്ബും ഓൺ ചെയ്തിരിക്കുന്നു. ഒന്നും മനസ്സിലാവുന്നില്ല. ജയേട്ടൻ, തന്റെ വിളിക്ക് മറുപടിയും തരുന്നില്ല. മുകളിൽ എത്തിയ അവൾ ഇടുപ്പിൽ കൈ കുത്തി നിന്ന് കിതച്ചു. ഒന്ന്‌ രണ്ട്‌ വട്ടം കൂടി അവൾ ജയനെ വിളിച്ചു. മറുപടിയൊന്നുമില്ല. അവൾ ടെറസ്സിലേക്കുള്ള വാതിലടച്ച് കുറ്റിയിട്ടു. പുറത്തേക്കുള്ള ലൈറ്റും അണച്ചു. എവിടെയോ എന്തോ കുഴപ്പമുണ്ട്. ഭയം കാൽവിരലുകളിൽ നിന്ന് മുകളിലേക്ക് സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. താഴെ കിടപ്പുമുറിയിൽ എന്തോ വീണുടയുന്ന ശബ്ദം കേട്ടതു പോലെ... ആരാണ്‌? ജയേട്ടനാണോ? അതോ... അവൾ താഴേക്ക് വേഗത്തിൽ നടന്നു. ഒരു നിമിഷം... അവളുടെ കാലുകൾക്കിടയിലൂടെ എന്തോ ഒന്ന് പുളഞ്ഞു കൊണ്ട് പാഞ്ഞു പോയി. ഒരു കറുത്ത വസ്തു...ഭയന്നു പോയ അവൾ കാൽ വെച്ചത് പടിയുടെ വക്കിലാണ്‌. നിയന്ത്രണം നഷ്ടപ്പെട്ട് അവൾ താഴേക്ക് അതിവേഗത്തിൽ എറിയപ്പെട്ടു. പടികളിൽ ശരീരവും ശിരസ്സും പല തവണ തട്ടി അവൾ താഴേക്ക് വേഗത്തിൽ ഉരുണ്ട് പോയി. കൈ നീട്ടി എവിടെയെങ്കിലും പിടിക്കാൻ ഇടയ്ക്കൊരു ശ്രമം നടത്തി. താഴേക്ക് വന്നു വീണ അവൾ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കമഴ്ന്നു വീണു പോയി. ശരീരത്തിൽ എവിടെയൊക്കെയോ വേദന. ജയനെ വിളിക്കാൻ ഒരു ശ്രമം നടത്തി. സാധിച്ചില്ല. ബോധം മറയുന്നത് പോലെ. കാലുകൾക്കിടയിൽ ചൂട് നനവ് പടരുന്നു...ധരിച്ചിരുന്ന നൈറ്റിയും നനച്ച് പുറത്തേക്ക്...കടും ചുവപ്പിൽ അവളുടെ അരഭാഗം കുതിർന്നു. കണ്ണുകളുടെ ഇരുവശത്ത് നിന്നും കയറി വന്ന കറുപ്പ് അതിവേഗം കാഴ്ച്ചയെ മറച്ചു. അവൾ ജയനെ വിളിക്കുവാൻ വാ തുറന്നു. വരണ്ട തൊണ്ടയിൽ കൂടി ഒരു വികൃത ശബ്ദം തപ്പിത്തടഞ്ഞ് പുറത്തേക്ക് വന്നു. ചുറ്റിലും പ്രകാശബിന്ദുക്കൾ...തൊട്ടടുത്ത നിമിഷം ഇരുട്ട് പ്രകാശബിന്ദുക്കളെ അപ്പാടെ വിഴുങ്ങി. കണ്ണുകൾ അടഞ്ഞു തുടങ്ങുമ്പോൾ, അവ്യക്തമായി ചില ശബ്ദങ്ങൾ കേട്ടതായി അവൾക്ക് തോന്നി...തന്റെ അടുത്തേക്ക് വരുന്ന പതിഞ്ഞ കാലടി ശബ്ദങ്ങൾ..ഒടുവിൽ അതും നേർത്ത് നേർത്ത്...

*****

ദിവസങ്ങൾക്ക് ശേഷം സന്ധ്യാ സമയം. അടുത്ത വീട്ടിൽ നിന്നും പതിവ് പോലെ മണിശബ്ദമുയർന്നു. അവിടെ, പ്രായമായ ആ സ്ത്രീ വിളക്ക് കത്തിച്ചു വെച്ച് അല്പസമയം നാമം ജപിച്ചു. അതിനു ശേഷം അവർ അകത്തെ മുറിയിലേക്ക് പോയി. അവിടെ ചുവരിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. അവർ അതിലേക്ക് തന്നെ ഈറനണിഞ്ഞ കണ്ണുകളോടെ നോക്കി നിന്നു...ശേഷം സാരിത്തുമ്പാൽ കണ്ണുകൾ തുടച്ചു.


21,632

Post a Comment

No comments:

Post a Comment