Please use Firefox Browser for a good reading experience

Sunday 13 November 2011

ഒരു വേനൽക്കാലത്ത്


ബിജു ഓടുകയാണ്‌, അതിവേഗത്തിൽ. തനിക്കപരിചിതമായ വഴികളിലൂടെ. ചരലുകൾ ചിതറിക്കിടക്കുന്ന പരുക്കൻ ചെമ്മൺപാതയിലൂടെ, പായല്‌ പറ്റിപ്പിടിച്ച മതിലുകൾക്കിടയിൽ ഞെരുങ്ങി കിടക്കുന്ന ഊടുവഴികളിലൂടെ, തൊട്ടാവാടികൾ നിറഞ്ഞു നില്ക്കുന്ന വെളിമ്പ്രദേശത്തൂടെ. എവിടേക്കാണിത്ര വേഗത്തിലെന്ന് ചോദിച്ചുകൊണ്ട്, തൊട്ടാവാടി മുള്ളുകൾ അവന്റെ കാലുകളിൽ കൊളുത്തിപ്പിടിക്കാനൊരു ശ്രമം നടത്തി. അരികിലൂടെ പാഞ്ഞോടി പോയപ്പോൾ ചേമ്പിലകൾ അവനെ തല തിരിച്ചു നോക്കി. ശ്വാസം നിലച്ചു പോകുമെന്നു തോന്നുന്നുണ്ടവന്‌. എവിടെയെങ്കിലും ഒന്നിരിക്കണം. ഒന്നണയ്ക്കണം. നെഞ്ച് ശ്വാസം കിട്ടാതെ പിടയുന്നു. കാലിലെവിടെയൊക്കെയോ നീറ്റലറിയുന്നുണ്ട്. ചോര തെളിഞ്ഞു വരുന്നുണ്ടാവും. മുറിവുകളിലേക്ക് നോക്കാൻ സമയമില്ല. ഒരു കഴപ്പ്, ഉപ്പൂറ്റി മുതൽ കാൽമുട്ടു വരെ പിടിച്ചു കയറി വന്നു. പൊന്തക്കാട്ടിൽ നിന്ന് എത്തിനോക്കുന്ന പാമ്പ് പോലെ ഒരു വിയർപ്പുത്തുള്ളി അവന്റെ കൃതാവിനരികിലൂടെ പുറത്തേക്ക് വന്നു. ഒരു നിമിഷമവിടെ തങ്ങി നിന്ന ശേഷം അത് വേഗം താഴേക്കിഴഞ്ഞു. കനാലിനരികിലൂടെ അവൻ ഓടി. ദിക്കോ ദിശയോ അറിയാനാവുന്നില്ല. രക്ഷപ്പെടണം. എങ്ങനെയെങ്കിലും ഇവിടെ നിന്ന്...രഘു എവിടെ? അവനെ കാണുന്നില്ല. കുറച്ച് മുൻപ് വരെ അവൻ പിന്നിലുണ്ടായിരുന്നു...പിന്നിലേക്കൊന്ന് നോക്കാൻ പോലും സമയമില്ല. ബിജു ഓട്ടം തുടർന്നു.

ഏകദേശം ഒരാഴ്ച്ച മുൻപ്.
‘ടാ..ഞാനന്നൊരു കാര്യം പറഞ്ഞില്ലെ...?’ താത്പര്യം പ്രകടിപ്പിക്കാത്ത മട്ടിലാണ്‌ രഘു പറഞ്ഞത്. 
മുന്നിലിരിക്കുന്ന, കരി പിടിച്ച ചെറിയ മണ്ണെണ്ണ വിളക്കിൽ നിന്നും കറുത്ത പുകച്ചുരുളുകൾ ഇണചേർന്ന സർപ്പങ്ങളെ പോലെ മുകളിലേക്ക് പുളഞ്ഞുയർന്ന്‌ ഇരുട്ടിൽ അപ്രത്യക്ഷമായി.
‘എന്ത്‌ കാര്യം?’ ബിജുവിനു രഘുവെന്താണുദ്ദേശിച്ചതെന്നു മനസ്സിലായില്ല.
‘ടാ, പതുക്കെ പറയെടാ...ഞാനന്ന് പറഞ്ഞില്ലെ?...കൊറച്ച് ദൂരെയൊരിടത്ത് പോണ കാര്യം...’
‘ഏത്? ആ പെണ്ണിനെ കാണാൻ പോണ...’ പറയുമ്പോൾ ബിജുവിന്റെ കണ്ണുകൾ വിളക്കിന്റെ തീനാളം പോലെ തെളിഞ്ഞു.
‘ങാ...അത്‌ തന്നെ...നീയൊന്ന്‌ പതുക്കെ പറ...’
കടയുടെ ചുറ്റിലുമായി വ്യാപിച്ചിരിക്കുന്ന ഇരുട്ടിലേക്ക് നോക്കി കൊണ്ട് രഘു ശബ്ദം താഴ്ത്തി താക്കീത് ചെയ്തു.

രഘുവിന്റെ അപ്പന്റേതാണാ പഴയ പലചരക്കു കട. ഇരുപത്തിയഞ്ച്‌ വർഷത്തിലധികമായി ആ കട റെയിൽ പാളത്തിനടുത്തായി കൂനിപ്പിടിച്ചു നില്പ്പുണ്ട്. വർഷങ്ങളോളം അസംഖ്യം ട്രെയിനുകളുടെ ഹോണുകളും കിതപ്പും മുരൾച്ചയുമൊക്കെ കേട്ടു പഴകിയ കട. പാളത്തിലൂടെ ട്രെയിനുകൾ കുതിച്ചു പായുമ്പോൾ, പ്രായാധിക്യം കാരണം അത് ചെറുതായി വിറയ്ക്കും. ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമെ വേലായുധേട്ടൻ കടയിൽ വന്നിരിക്കാറുള്ളൂ. വലിയ കൺസ്യൂമർ സ്റ്റോറുകൾ വരികയും, രാത്രികളിൽ പവർ കട്ട് ഏർപ്പെടുത്തുകയും ചെയ്തപ്പോൾ, സ്വാഭാവികമായി ആ പഴയ കടയിൽ കച്ചവടം കുറഞ്ഞു. പതിവുകാർ പോലും വലിയ സ്റ്റോറുകളിലേക്ക് പോയിത്തുടങ്ങി. അതിലയാൾക്ക് ചെറുതല്ലാത്ത ആവലാതിയുണ്ട്. രഘുവും ബിജുവും കുഞ്ഞുനാള്‌ മുതൽക്കെ കളിച്ചു വളർന്നവരാണ്‌. കൗമാരപ്രായമായപ്പോഴേക്കും അവർ ആരാലോ മുൻകൂട്ടി എഴുതപ്പെട്ട ജീവിതതിരക്കഥയനുസരിച്ച് രണ്ടു വഴികളിലേക്ക് നടന്നു തുടങ്ങിയിരുന്നു. എങ്കിലും അവർക്കിടയിലുള്ള സൗഹൃദബന്ധം കമ്പിയില്ലാ കമ്പി പോലെ തുടരുക തന്നെ ചെയ്തു. പുതിയ പുതിയ കാര്യങ്ങളറിയുന്നതിൽ സ്വാഭാവികമായ താത്പര്യം ഉണ്ടാവുന്നതിനിടയിലാണ്‌ തങ്ങൾ ഇതുവരേയും അനുഭവിക്കാത്തതും, അറിവു സമ്പാദിക്കാത്തതുമായ ചില ജീവിതവിഷയങ്ങളുണ്ടെന്ന്‌ മനസ്സിലാക്കിയത്. കണക്കിലെ കുഴഞ്ഞ പ്രശ്നങ്ങളും, ജീവശാസ്ത്രത്തിലെ ശാസ്ത്രീയനാമങ്ങളും പത്താം ക്ലാസ്സ് കഴിഞ്ഞ്‌ തുടർന്നു പഠിക്കാൻ വിലക്കിയെങ്കിലും, രഘുവിനതിൽ അശേഷം വിഷമം തോന്നിയില്ല. അപ്പന്‌ ഒരു കടയുണ്ട്. അതിനി നടത്തികൊണ്ട് പോകേണ്ടത് താൻ തന്നെ. അതാണവന്റെ ആത്മവിശ്വാസം. ബിജു കുറച്ചകലെയുള്ള കോളേജിലേക്ക് പഠിക്കാൻ പോയി തുടങ്ങിയിരുന്നു. കൂടെയുള്ള സുഹൃത്തുക്കൾ തങ്ങളുടെ പ്രേമബന്ധങ്ങളെ കുറിച്ച് പറയുമ്പോൾ, സ്ത്രീവിഷയങ്ങളിൽ അവർക്കുള്ള അവഗാഹം പങ്കുവെച്ചപ്പോൾ, തനിക്കു മാത്രമെന്തേ അതിനൊരു ഭാഗ്യമുണ്ടാകുന്നില്ല എന്നോർത്തവൻ നഖം കടിച്ചു. രാത്രികളിൽ മുറിക്കുള്ളിലേക്ക് നിലാവിനോടൊപ്പം അനാവശ്യചിന്തകളും കയറി വരുന്നുണ്ടോ എന്നവന്‌ സംശയമായി. ജീവിതത്തിലെ സുവർണ്ണ നിമിഷങ്ങൾ വെറുതെ പാഴാക്കി കളയുകയാണെന്ന് സുഹൃത്തുക്കൾ നിരന്തരം പറഞ്ഞു കേൾപ്പിച്ചപ്പോൾ, തനിക്കുണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടം താൻ കരുതുന്നതിലും എത്രയോ അധികമാണെന്ന്‌ അവന്‌ തോന്നിത്തുടങ്ങി. വെറുതെ ഇരിക്കുമ്പോഴും എന്തൊക്കെയോ നഷ്ടപ്പെടുന്നു എന്ന സാധാരണക്കാരന്റെ ആധി അവനേയും ബാധിച്ചു.

ഇരുട്ടിൽ, മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം സാക്ഷിയാക്കി രഘു ബിജുവിനോട് ആ വിശേഷവാർത്ത വിശദമായി പങ്കുവെച്ചു. താൻ സ്വപ്നം കണ്ടിരുന്ന സുഖങ്ങൾ രഘു ഏതാനും ദിവസങ്ങൾക്ക് മുൻപ് അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു എന്ന സത്യം! എല്ലാം കേട്ടു കഴിഞ്ഞപ്പോൾ രഘുവിനോട് കടുത്ത അസൂയയാണ്‌ തോന്നിയത്.
ഒരു നിമിഷം നിരാശയോടെ മുഖം കുനിച്ച്‌ നിന്ന ശേഷം കുറ്റപ്പെടുത്തുന്ന സ്വരത്തിൽ ബിജു ചോദിച്ചു,
‘ഇങ്ങനെ ഒരു സംഭവം നടന്നിട്ട്...നീ ഇപ്പഴാണോടാ എന്നോട് പറയുന്നത്?’
‘അതെങ്ങനെയാ? നീ പഠിക്കാൻ പോയിട്ട് വരുമ്പോ നേരം താമസിക്കില്ലെ?’
പഠിക്കാൻ പോകുന്നത് കൊണ്ട് ഇതാ ജീവിതത്തിൽ ഒരു വലിയ നഷ്ടം സംഭവിച്ചിരിക്കുന്നു.
നഷ്ടബോധം നിറഞ്ഞ ആ ചിന്ത ഉപേക്ഷിക്കാനെന്ന മട്ടിൽ അവൻ തല കുടഞ്ഞു.
‘ഇത് പറ, നിന്നോടാരാ ആ സ്ഥലത്തെ പറ്റി പറഞ്ഞത്?’
‘ങാ!!  അത്‌ നീ അറിയണ്ട, നിനക്ക് പോകണോന്നുണ്ടെ പറ. ഞാൻ കൊണ്ടു പോകാം’
ആ ഒരു വാഗ്ദാനത്തിന്‌ ഉടനൊരുത്തരം കൊടുക്കാൻ ബിജുവിനു കഴിഞ്ഞില്ല.
‘അത്...ആരെങ്കിലും അറിഞ്ഞാൽ...’
‘എങ്ങനെയറിയാൻ? ഇപ്പോൾ തന്നെ... ഞാൻ പോയ കാര്യം നീ അറിഞ്ഞാ?’
‘അല്ല...പോലീസോ മറ്റോ...’
അപ്പോൾ പോകുന്നതിൽ ഒരു വിരോധമൊന്നുമില്ല അവന്‌. ഭയമാണ്‌ പ്രശ്നം. രഘു ബിജുവിനെ സൂക്ഷിച്ചു നോക്കി.
‘എന്ത്‌ പോലീസ്?...ഒരു പ്രശ്നവുമില്ല...നീ വിചാരിക്കുന്ന പോലെയല്ല...കൊറച്ച് ദൂരെയാ...ഒരു കുഞ്ഞു പോലും അറിയാൻ പോണില്ല...ഒരു കാര്യം ചെയ്യാം, ഈ വരുന്ന...വെള്ളിയാഴ്ച്ച...അല്ല...ശനിയാഴ്ച്ച പോകാം. എന്താ?’

ഇത്ര പെട്ടെന്ന് പോകണോ? രഘു കൂടെയുള്ളപ്പോൾ ശരിക്കും ഒന്നിനേയും പേടിക്കേണ്ട കാര്യമില്ല. അവന്‌ നല്ല തടിമിടുക്കുണ്ട്. ആരോടും എന്തും പറഞ്ഞു നില്ക്കാൻ അവനറിയാം. അവന്റെ നാവിൽ കൃത്യസമയത്ത് ശരിയായ വാക്കുകൾ വരും. തനിക്കാ സിദ്ധിയില്ല. മാത്രവുമല്ല, അവന്‌ ലോകപരിചയം കൂടുതലുണ്ട്. എത്ര പേരെയാണ്‌ ദിവസവും കാണുന്നതും, സംസാരിക്കുന്നതും.

‘അമ്മ വല്ലതും അറിഞ്ഞാൽ...’ എന്തോ ചില അരുതായ്മകൾ താൻ ചെയ്യാൻ പോകുകയാണ്‌. വീണ്ടുവിചാരങ്ങൾ ചിന്തകളെ ചവിട്ടിപ്പിടിച്ചു വെയ്ക്കുന്നതു പോലെ.
‘ഹോ! നിന്നെ കൊണ്ട് തോറ്റു. അമ്മയെങ്ങനെ അറിയാനാണ്‌?! ഇതൊക്കെ ചെറിയ കാര്യമല്ലെ? എല്ലാവരുടെയും ജീവിതത്തിൽ ഇതൊക്കെ ഉണ്ടാവും. നിനക്ക് നമ്മുടെ ശശിയെ അറിയാവോ?’
‘ങെ...ഏത്?...ആ കുള്ളൻ ശശിയാ?’
‘അവൻ കുള്ളനൊന്നുമല്ല... നീയാ കുള്ളൻ. അവനീ കാര്യത്തിൽ ജഗജില്ലിയാ...’
‘പക്ഷെ...അവനെ കണ്ടാൽ ഒന്നും തോന്നൂല്ലല്ലോ...’
‘ഇതെങ്ങനെയാടാ കണ്ടാൽ തോന്നുന്നെ!... നിനക്ക് വേണ്ടെങ്കി വേണ്ട...വിട്ടേക്ക്’

താൻ വില കുറച്ചു കണ്ടിരുന്ന കുള്ളൻ ശശി ഇതാ തന്നെ തോൽപ്പിച്ചിരിക്കുന്നു! താനിവിടെ ഇപ്പോഴും സ്വപ്നങ്ങളുടെ കുളത്തിൽ മുങ്ങി കിടക്കുന്നു. എന്നാൽ ഇപ്പോഴിതാ അന്വേഷിച്ചത് പോലുമില്ല, ആഗ്രഹിച്ചതേയുള്ളൂ അവസരം മുന്നിൽ വന്ന് കൈ നീട്ടി നില്ക്കുന്നു.

അന്ന്‌ രാത്രി ബിജുവിനെ ചിന്തകൾ ഉറങ്ങാനനുവദിച്ചില്ല. കല്ലേറ്‌ കൊണ്ട തേനീച്ചക്കൂട്ടം പോലെയായി മനസ്സ്.
എന്ത്‌ കള്ളം പറയും?
പോയിവരാൻ എത്ര സമയമെടുക്കും?
കാണാൻ...എങ്ങനെയുണ്ടാവും?
കാണുമ്പോൾ...എന്തൊക്കെ...എവിടെയൊക്കെ...എങ്ങനെയൊക്കെ...
സ്വയം ചോദിച്ച ചോദ്യങ്ങൾക്കിടയിൽ കിടന്ന് ബിജു ഉറങ്ങി പോയി.

ഉണർന്നെഴുന്നേറ്റപ്പോഴും ചിന്തകൾ ബിജുവിനെ പിന്തുടർന്നു.
കൃത്യമായി സ്ഥലമെവിടെയെന്ന് രഘു പറഞ്ഞിട്ടില്ലെങ്കിലും ബസ്സിൽ പോകണമെന്നല്ലെ പറഞ്ഞത്? അപ്പോൾ കുറച്ചകലെയാണ്‌. അതേതായാലും നന്നായി. ഇവിടെ താൻ മര്യാദാപുരുഷോത്തമനാണ്‌. അനാവശ്യമായി ഒരു വാക്ക് പോലും ആരോടും സംസാരിക്കാത്തവനാണ്‌. അമ്മയ്ക്ക് മുന്നിൽ എല്ലാ നന്മകളുടെയും ആൾരൂപമാണ്‌. നല്ല അനുസരണയുള്ള മകനാണ്‌. ഒരേയൊരു സന്തതി... അവസാനചിന്ത മാത്രം ബിജുവിന്റെ ഉള്ളിൽ ഒരു ചൂണ്ടക്കൊളുത്ത് പോലെ ഉടക്കി. സകല പ്രതീക്ഷകളോടുമാണ്‌ അമ്മ വളർത്തുന്നത്. വീടിന്റെ നെടുംതൂൺ ആവേണ്ടവൻ. അച്ഛന്റെ മരണം, എല്ലാ ഉത്തരവാദിത്വവും തന്റെ ചുമലിലേക്കാണ്‌ എടുത്തു വെച്ചത്. പക്ഷെ...അതെല്ലാം എന്തിന്‌ ഇതുമായി കൂട്ടിക്കുഴയ്ക്കണം? ഇത്‌ വെറുമൊരു നേരമ്പോക്ക്. അല്ലെങ്കിൽ തന്നെ ഈയൊരു കാര്യം ചെയ്യാനാഗ്രഹിക്കുന്ന ആദ്യത്തെ ആളൊന്നുമല്ലല്ലോ താൻ.
ആഗ്രഹങ്ങൾ ആത്മനിയന്ത്രണങ്ങളുടെ കെട്ട്‌ വിട്ടു പായുമ്പോൾ, അരുതെന്ന് മനസ്സ് പറയുന്നതിനൊക്കെയും തന്റേതായ ന്യായവാദങ്ങൾ കൊണ്ട് മൂടുക - ഏതൊരു സാധാരണക്കാരനെ പോലെയും അവൻ കണ്ടെത്തിക്കൊണ്ടിരുന്നു. താൻ ചിന്തിക്കുന്നതും, പ്രവർത്തിക്കുന്നതും തികച്ചും സ്വാഭാവികം. ഈ പ്രായത്തിൽ ചെയ്യേണ്ടതൊക്കെയും ഈ പ്രായത്തിൽ തന്നെ ചെയ്യണം.

വേണ്ടത് വീട്ടിൽ പറയാൻ ഒരു കാരണമാണ്‌. നിസ്സാരമായൊരു നുണ. ഒരു സിനിമ കാണാൻ പോകുന്നു. അവിടെ അടുത്തൊരു സുഹൃത്തുണ്ട്. അവന്റെ വീട്ടിലുമൊന്ന് പോകണം. തിരികെ വരുമ്പോൾ കുറച്ച് വൈകും. കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്ന് രണ്ട് വട്ടം പറഞ്ഞു നോക്കി. പിന്നീട് ആത്മവിശ്വാസത്തോടെ അമ്മയുടെ മുന്നിൽ ചെന്ന് നിന്ന്‌ പറഞ്ഞു ഫലിപ്പിച്ചപ്പോൾ സമാധാനമായി.

ശനിയാഴ്ച്ച.
പറഞ്ഞയിടത്ത് ബസ്സിറങ്ങിയപ്പോൾ, അടുത്തുള്ള പീടികയുടെ മുന്നിൽ തന്നെ രഘു ഒരു പോസ്റ്റിൽ ചാരി നിൽക്കുന്നത് ബിജു കണ്ടു. ഒന്നിച്ച് പോകുന്നത് ബുദ്ധിയല്ല എന്ന് പറഞ്ഞത് രഘുവാണ്‌. ബുദ്ധിമാൻ. അവന്റെ കൃത്യനിഷ്ഠ അത്ഭുതപ്പെടുത്തുന്നില്ല. അവൻ വാക്ക് പറഞ്ഞാൽ വാക്കാണ്‌. അവനെ വിശ്വസിക്കാം. എങ്കിലും ഒരു ചെറിയ ഒരു ഭയം ഇല്ലാതില്ല. അതു പക്ഷെ പുറത്ത് കാട്ടാൻ പാടില്ല. തന്റെ മൂക്കിനു താഴെയും കറുത്ത രോമങ്ങളുണ്ട്. ജീവിതത്തിൽ എന്നെന്നും ഓർത്താസ്വദിക്കാനുള്ള ദിവസമാണ്‌.

രണ്ട്‌ വട്ടം ഓട്ടോ മാറി കയറി. അതൊക്കെയും, ആരും തങ്ങൾ പോകുന്നതെവിടെയെന്നറിയാതിരിക്കാനുള്ള വിദ്യയെന്നാണ്‌ രഘു പറഞ്ഞത്. സ്ഥലമെത്തിയപ്പോൾ രഘു ഇറങ്ങി മുന്നിൽ നടന്നു. ബിജു പിന്നാലെയും. അത്രയ്ക്ക് ചൂടുള്ള ദിവസമല്ല. പക്ഷെ വിയർക്കുന്നു. അവൻ ചുറ്റിലും നോക്കി കൊണ്ടിരുന്നു. ഈ പ്രദേശത്തെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും, ഇതാദ്യമായാണ്‌ ഇവിടെ വരുന്നത്. ഒന്നോ രണ്ടോ ഓട്ടോറിക്ഷകൾ, സൈക്കിളുകൾ അവരെയും കടന്നു പോയി. ജവുളി കടകൾ, ചായപീടികകൾ, ഒരു മില്ല്‌, ചെറിയൊരു പച്ചക്കറിക്കട... പട്ടണമാവാൻ കൊതിച്ചു നില്ക്കുന്ന ഒരു ഗ്രാമപ്രദേശമെന്ന് ഒറ്റ നോട്ടത്തിൽ തോന്നും. കുറച്ച് നടന്ന് അവർ വീതി കുറഞ്ഞൊരു വഴിയിലേക്ക് കയറി. അല്പദൂരം കഴിഞ്ഞപ്പോൾ ആ വഴിയും ചെറുതായി. പിന്നീടത്, ടാറ്‌ സ്വപ്നം കണ്ട് കിടക്കുന്ന ചെമ്മണ്‌ പാതയായി. അവിടെ നിന്ന് മറ്റൊരു വഴിയിലേക്ക്. ഇപ്പോൾ ഒന്നോ രണ്ടോ പേർക്ക് നടക്കാവുന്ന വീതി മാത്രമേയുള്ളൂ. ഇരുവശത്തും പറമ്പ്. തെങ്ങിൻ തോപ്പാണ്‌. കൈലിയുടുത്ത് ഒന്നു രണ്ടു ചെറുപ്പക്കാർ അവരെയും കടന്നു പോയി. അതിലൊരുവൻ തന്നെ തുറിച്ച് നോക്കിയോ? ബിജുവിനു സംശയമായി.

രഘു പറഞ്ഞിടം എവിടെയാണ്‌? ബിജുവിന്‌ ആകാംക്ഷ അടക്കാനാവുന്നില്ല. രഘുവാണങ്കിൽ ഒന്നും സംസാരിക്കാതെ പോവുകയാണ്‌. അവന്റെയൊപ്പമെത്താൻ ബിജുവിന്‌ പതിയെ ഓടേണ്ടി വന്നു.
‘എടാ ഇനി എത്ര ദൂരമുണ്ട്?‘ 
’നീ വാ...‘

നടന്ന് അവർ വഴി വിട്ട് ഒരു പറമ്പിലേക്ക് കയറി. അതിരടയാളമായി നാട്ടിയ കല്ലുകൾ. മുട്ടോളം പൊക്കത്തിൽ കുറ്റിച്ചെടികൾ, കാട്ടുചെമ്പരത്തികൾ, ഉറക്കം തൂങ്ങുന്ന ചേമ്പിലകൾ. ദൂരെയായി പാടം കാണാം. പറമ്പ്‌ മുഴുവനും തൊട്ടാവടി ചെടികളുണ്ടായിരുന്നു. ചെറിയ വയലറ്റ്‌ പൂക്കൾ. തൊട്ടാവാടിയുടെതാവാം, ഏതൊ ചെടിയുടെ മുള്ളുകൾ ബിജുവിന്റെ കാലിലുരസുകയും പോറലുണ്ടാവുകയും ചെയ്തു.

’ഇവിടെ മുഴുവനും മുള്ളാണല്ലൊ...‘ അതും പറഞ്ഞ്‌ ബിജു നിന്നു. അവൻ പിന്നിലേക്ക് കാല്‌ മടക്കി തല കുനിച്ചു നോക്കി. ചെറുതായി ചോര പൊടിഞ്ഞിരിക്കുന്നു.
’ചോര വന്നല്ലൊ! നല്ല ശകുനം. അപ്പോളെല്ലാം നന്നാവും. ഇനി ഒന്നും പേടിക്കണ്ട!‘
എന്തു പേടി? മുഖത്ത് പേടിയുടെ ഭാവമുണ്ടോ? ഈർഷ്യ പുറമെ കാട്ടാതെ രഘുവിന്റെ പിന്നാലെ നടന്നു. ഇതു വരെ ആയില്ലെ. ഇനി ചിലപ്പോൾ കുറച്ച് ദൂരം കൂടിയേ ഉണ്ടാവൂ.

ചെന്നു നിന്നത് ഒരു ഓടിട്ട വീടിനു മുന്നിലാണ്‌. പായലു പിടിച്ച മതിലുകൾ വീടിനെ വളഞ്ഞു നിൽപ്പുണ്ട്. ഉയരത്തിൽ നിന്നും നോക്കിയാൽ ആ മതിൽ ഒരു പക്ഷെ ആ വീടിനെ ചുറ്റി കിടക്കുന്ന ഒരു പാമ്പ് പോലെ തോന്നുമായിരിക്കും. ഒരപരിചിതന്റെ മുന്നിൽ ചെന്ന്‌ പെട്ടത് പോലെ ആ വീടിനെ നോക്കി നിന്ന ബിജുവിനെ രഘു കൈയ്യിൽ പിടിച്ച് കൊണ്ടു വന്ന്‌ അടഞ്ഞു കിടന്ന മുൻവാതിലിന്‌ മുന്നിൽ നിർത്തി. പതിയെ രണ്ട് മുട്ട്. അല്പനേരം കഴിഞ്ഞ് അകത്തു നിന്നും ആരോ നടന്നു വരുന്ന പതിഞ്ഞ ശബ്ദം കേട്ടു. പാതി തുറന്ന വാതിലിനിടയിലൂടെ ഒരു മദ്ധ്യവയസ്ക്കന്റെ മുഖം കണ്ടു. ക്ഷൗരം ചെയ്യാത്ത മുഖം. ഒട്ടിയ കവിളുകൾ. കണ്ണുകൾക്ക് താഴെയായി വീർത്ത സഞ്ചികൾ. നരച്ച താടി രോമങ്ങൾ അലസമായി തടവിക്കൊണ്ടയാൾ രണ്ടു പേരെയും നോക്കി. കണ്ണ്‌ കൊണ്ടൊരു കണക്കുകൂട്ടൽ. ബിജുവിന്‌ താൻ ഒരു നിമിഷം കൊണ്ട് വിവസ്ത്രനായതു പോലെ തൊന്നി. ഒരു സ്വാഭാവിക പ്രതികരണം പോലെ ബിജു രഘുവിന്റെ പിന്നിലേക്ക് ഒതുങ്ങി. ഇയാളുടെ കണ്ണുകളും നോട്ടവും ശരിയല്ല. ഏതോ മൃഗത്തിന്റെ രൂപമാണയാൾക്ക്. ഏത്‌ മൃഗമാണിത്?

‘മനസ്സിലായില്ലെ...?’ രഘു ശബ്ദം താഴ്ത്തി ചോദിച്ചു.
‘ഉം...’ ഒരു വരണ്ട മൂളൽ ശബ്ദം.
‘ഇതാണ്‌ ഞാൻ പറഞ്ഞ...’ രഘു തുടർന്നു.
‘ഉം ഉം...’ ഈ പ്രാവശ്യം മൂളലിനൊരു പ്രത്യേക താളമുണ്ടായിരുന്നു.
‘കൊണ്ടു വന്നിട്ടുണ്ടൊ?’ അപ്പോൾ രൂപത്തിനു സംസാരിക്കാനറിയാം. ബിജു അയാളിൽ നിന്നും കണ്ണെടുത്ത് ചുറ്റും നോക്കി. ഒരു വല്ലാത്ത പ്രദേശം. ദൂരെയെവിടെയോ ഒരു ഉപ്പൻ പതിവു ചോദ്യം ഉറക്കെ ചോദിക്കുന്നത് കേട്ടു. ബിജുവിന്‌ ഒരുപാട് ചോദ്യങ്ങൾ ചോദിക്കണമെന്നുണ്ടായിരുന്നു.
എന്തു പ്രായം വരും?
വല്ല അസുഖവും വരുമോ?
പക്ഷെ അതൊക്കെയും നേരത്തെ ചോദിക്കേണ്ട ചോദ്യങ്ങളായിരുന്നു. ഇനിയിപ്പോൾ സമയമില്ല.

സഞ്ചി തൂക്കിയിട്ട കണ്ണുകൾ ചുറ്റും ആരേയോ പരതി. എന്നിട്ടയാൾ ഒരു വശത്തേക്ക് വഴിമാറി. ബിജുവിന്‌ ചെരിപ്പ് പുറത്ത് ഊരിയിടണോ വേണ്ടയോ എന്നു സംശയമായി.
‘ചെരുപ്പൂരണ്ട’ രഘു പതിയെ പറഞ്ഞത് കേട്ടു.
ബിജുവും രഘുവും അകത്തേക്ക് കയറിയതും ശബ്ദമുണ്ടാക്കാതെ അയാൾ വാതിലടച്ചു.

കാഴ്ച്ച തെളിയാൻ സമയമെടുത്തു. വോൾട്ടേജ് കുറഞ്ഞ ഒരു ബൾബ്ബ് മുറിയുടെ നടുവിലായി ആത്മഹത്യ ചെയ്തവനെ പോലെ തൂങ്ങി കിടക്കുന്നു. കുമ്മായമിളകി തുടങ്ങിയ ചുവരുകൾ. ഒരു മൂലയിലായി തറയിൽ ചുളിവു നിറഞ്ഞ ഒരു പഞ്ഞിമെത്ത, ഒരു ചെറിയ മേശ. അതിന്‌ മുന്നിലായി ഒരു കസേര. അതിലൊരു മുഷിഞ്ഞ തോർത്ത്. മുറിയുടെ മൂലയിലായി ഒരു പായ ചുരുട്ടി വെച്ചിരിക്കുന്നു. ഇയാൾ സദാ സമയവും ഉറക്കമായിരിക്കും. ആ മെത്ത കണ്ടാലറിയാം, ഇപ്പോൾ കിടപ്പിൽ നിന്നെഴുന്നേറ്റ് വന്നതേയുള്ളൂവെന്ന്. തൊട്ടു നോക്കിയാലറിയാം, അതിൽ ചൂടുണ്ടാവും. ബിജു അയാളെ നോക്കി. മെലിഞ്ഞ് അല്പം കൂനിപ്പിടിച്ച ദുർബ്ബലമായ ശരീരം. ഒരു മുഷിഞ്ഞ കൈലി മാത്രമാണ്‌ വേഷം. എഴുന്ന് നില്ക്കുന്ന നരച്ച രോമം നിറഞ്ഞ കുഴിഞ്ഞ നെഞ്ച്. കഷണ്ടി കയറിയ ശിരസ്സ്. 

രഘു ചോദ്യഭാവത്തിൽ അയാളെ നോക്കി. ഒരു മുറിയുടെ ചാരിക്കിടന്ന തടിവാതിലിലേക്ക് അയാൾ താടിയുയർത്തി കാണിച്ചു. രഘു ബിജുവിനോട് കണ്ണു കൊണ്ട് ‘അങ്ങോട്ട് പോയ്ക്കോളൂ’ എന്നാംഗ്യം കാണിച്ചു. 

ഇതാണ്‌ താൻ കാത്തിരുന്ന സ്വപ്നമുഹൂർത്തം. എന്നാൽ കാലുകൾ ചലിക്കുന്നില്ല. കൈകളിൽ തണുപ്പ് പടർന്നിരിക്കുന്നു. തല ശൂന്യമായിരിക്കുന്നു. ചിലപ്പോൾ താനീ കാണുന്നത് മുഴുക്കേയും സ്വപ്നമായിരിക്കും. സ്വപ്നമാണെങ്കിൽ കണ്ണ്‌ തുറക്കരുത്. ഉണർന്നാൽ ഈ സ്വപ്നം മുഴുക്കെയും ഉടഞ്ഞു ചിതറും. വീണ്ടും തന്റെ കിടക്കയിൽ... വലത്തേക്ക് തല ചെരിച്ചു നോക്കിയാൽ ഒരു പാളി തുറന്നിട്ടിരിക്കുന്ന ജനൽ... അല്ല, ഇതൊന്നും സ്വപ്നമല്ല. ഇതാണ്‌ യാഥാർത്ഥ്യം. എത്രയോ ദൂരം സഞ്ചരിച്ച്, എത്രയോ പേരുടെ കണ്ണ്‌ വെട്ടിച്ച് വന്ന്‌, കുമ്മായമിളകി വീഴുന്ന ചുവരുകളുള്ള ഒരു വീടിനുള്ളിനാണ്‌ താനിപ്പോൾ.

രഘു വീണ്ടും ബിജുവിനെ കണ്ണു കാണിച്ചു. മൂന്നാമൻ ഇതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ ശബ്ദമുണ്ടാക്കാതെ നടന്നു പോയി തറയിലിട്ടിരുന്ന പഞ്ഞിമെത്തയിൽ ചുരുണ്ട് കിടപ്പായി. അത്രയും സമാധാനം. അയാളുടെ സാന്നിധ്യം തന്നെ ഒരു വല്ലാത്ത അറപ്പുണ്ടാക്കിയിരുന്നു. താൻ രഘുവിനു കൊടുത്ത പണമെപ്പോഴാണവൻ അയാൾക്ക് കൊടുത്തത്? അത് ശ്രദ്ധയിൽ പെട്ടില്ലല്ലോ. ആരുടെയും ശ്രദ്ധയിൽ പെടാതെ കാര്യങ്ങൾ ചെയ്യാനുള്ള വൈദഗ്ദ്യമവനുണ്ട്.

വാതിലിന്‌ നേർക്ക് നടക്കുമ്പോൾ പൊട്ടിയടർന്ന സിമന്റു തറയിൽ ചെരുപ്പുരഞ്ഞ് വല്ലാത്ത ശബ്ദമുണ്ടായി. അവൻ ചെരുപ്പൂരിയിട്ടു. വാതിലിൽ മുട്ടണോ? വേണ്ട. ചാരി കിടക്കുകയല്ലെ? അനുവാദം കിട്ടിയതല്ലെ? തല ചെരിച്ച് ഒരു വട്ടം കൂടി രഘുവിനെ നോക്കിയ ശേഷം വാതിൽ തള്ളിത്തുറന്ന് ബിജു അകത്തേക്ക് കയറി. നേരിയ വെളിച്ചം വിതറുന്ന ഒരു ബൾബ് മച്ചിൽ നിന്നും ഇറക്കിയിട്ടിട്ടുണ്ട്. മുറിയുടെ മൂലയിൽ ചുരിദാറിട്ടൊരു രൂപം. അഴിച്ചിട്ടിരിക്കുന്ന മുടി, മുന്നിൽ ചുമലിലേക്ക് വീണ്‌ കിടപ്പുണ്ട്. രൂപത്തിനു നിറം കറുപ്പുമല്ല, വെളുപ്പുമല്ല. ഇവൾക്ക് തന്നെക്കാൾ പ്രായം കുറവാണ്‌! എന്തായായിരിക്കും ഇവളും, മുൻവശത്തെ മുറിയിൽ ചുരുണ്ടു കൂടി കിടക്കുന്ന മൃഗവുമായുള്ള ബന്ധം? മകളാവുമോ? അതോ മറ്റെവിടെ നിന്നെങ്കിലും ഇവളെ കൊണ്ടു വന്നതാവുമോ? അവൾ ബിജുവിനെ തന്നെ സൂക്ഷിച്ച് നോക്കുകയായിരുന്നു. ബിജുവിനു എന്തോ ചോദിക്കണമെന്നു തോന്നി. പക്ഷെ നാവ്‌ വരണ്ടു പോയിരിക്കുന്നു. വികാരമെല്ലാം തണുത്തു പോയിരിക്കുന്നു. ഭയം മാത്രമാണ്‌ ബാക്കി.
‘വാതിലടയ്ക്ക്...’ മൃദുവെങ്കിലും മൂർച്ചയുള്ള പെൺസ്വരം.
അനുസരണയോടെ ബിജു വാതിലടച്ചു.
പതിയെ നടന്ന്‌ അവളുടെ അടുക്കലേക്ക് പോയി. ഇതാദ്യമായാണ്‌ ഇങ്ങനെ ഒരു കാര്യത്തിനു പോകുന്നതെന്നവൾ അറിയരുത്. മൂക്കിനു താഴെയുള്ള കറുത്ത രോമങ്ങൾ...താനൊരു ചെറിയ ചെക്കനൊന്നുമല്ല. ആ കാര്യം ഒരിക്കലും മറക്കാൻ പാടില്ല.
നേരെ ചെന്ന് അവളുടെ കൈയ്യിൽ പിടിക്കുകയാണ്‌ ചെയ്തത്.
‘ആദ്യമായിട്ടാണല്ലെ...?’ അതു പറഞ്ഞ് അവൾ ചെറുതായി ചിരിച്ചു. ഒപ്പം വലതു കൈയുയർത്തി സ്വന്തം വാ പൊത്തുകയും, മുഖം കുനിക്കുകയും ചെയ്തു.
ഒന്നു വിളറിയെങ്കിലും ബിജുവും ചിരിച്ചു.
‘എങ്ങനെ മനസ്സിലായി...?’ മൂക്കിനു താഴെയുള്ള രോമങ്ങളുടെ കാര്യം ഒരു നിമിഷം മറന്ന്, വളരെ നിഷ്ക്കളങ്കമായി അവൻ ചോദിച്ചു.
‘അത്‌...പറഞ്ഞു തരാം...’ കുസൃതിയോടെ പറഞ്ഞ്‌ കൊണ്ടവൾ ബിജുവിന്റെ കൈയ്യിൽ പിടിച്ചു. 
ഘോരമഴ പെയ്യുന്ന നേരത്ത് മിന്നൽപ്പിണറുകൾ ആകാശത്ത് വെള്ളിവേരുകൾ വരച്ച് അപ്രത്യക്ഷമാകുന്നത് കണ്ടിട്ടുണ്ട്. എന്നാലാദ്യമായി സ്വന്തം ശരീരത്തിനുള്ളിൽ...

മുറിക്ക് പുറത്ത് രഘു പോക്കറ്റിൽ നിന്നും ഒരു സിഗറെറ്റെടുത്ത് കത്തിച്ചു. മധ്യവയസ്ക്കൻ അപ്പോഴേക്കും പുതപ്പിനടിയിലേക്ക് നൂണ്ടു കഴിഞ്ഞിരുന്നു. തീപ്പെട്ടി ഉരച്ചതിന്റെ ശബ്ദം കേട്ട് പുതപ്പിനുള്ളിൽ നിന്നും ഒരു തല പുറത്തേക്ക് നീണ്ടു. എന്നിട്ടതു പോലെ ഉള്ളിലേക്ക് പോയി. കടലാമയുടേതു പോലെ തോന്നിച്ചു ആ ചലനങ്ങൾ. രഘു പുകയൂതി വിട്ടു കൊണ്ടിരുന്നു.

കുറെ നിമിഷങ്ങൾ കഴിഞ്ഞപ്പോൾ, പുറത്ത് ചില കാൽപെരുമാറ്റങ്ങൾ കേട്ടതു പോലെ രഘുവിനു തോന്നി. അവനെഴുന്നേറ്റ് ചെന്ന് മുൻവശത്തെ വാതിലിന്റെ വിടവിലൂടെ നോക്കി. എന്നിട്ട് പരിഭ്രാന്തിയോടെ ബിജു കയറി പോയ മുറിയുടെ മുന്നിലേക്ക് ഓടി. 

‘ടാ, തുറക്കടാ, വേഗം പുറത്തേക്ക് വാടാ...’
രഘുവിന്റെ പരിഭ്രാന്തി നിറഞ്ഞ ശബ്ദം കേട്ട്, തന്നെ മൂടിയിരിക്കുന്ന നീളമുള്ള മുടിയിഴകൾക്കിടയിൽ നിന്ന് ബിജു തലയുയർത്തി.
രഘുവിന്റെ ശബ്ദം തന്നെയല്ലെ?
മുൻവശത്തെ വാതിലിൽ തുടർച്ചയായി മുട്ടുന്ന ശബ്ദം.
എന്താണ്‌...? എന്താണ്‌ നടക്കുന്നത്...?
‘എടാ...ഓടിക്കോടാ...’
പരിഭ്രാന്തി മാത്രമല്ല, ഒരു വലിയ അപകടം മുന്നിൽ കണ്ടതു പോലുള്ള നിലവിളിയാണ്‌. രക്ഷപ്പെടാനുള്ള മുന്നറിയിപ്പാണ്‌. എന്തോ പ്രശ്നമുണ്ടായിട്ടുണ്ട്. അല്ലെങ്കിൽ അവൻ ഇങ്ങനെ വിളിക്കില്ല. അവന്റെ ഈ ശബ്ദം തനിക്കപരിചിതമാണ്‌.

ബിജു ചാടിയെഴുന്നേറ്റ് വസ്ത്രങ്ങളണിഞ്ഞു. ഷർട്ടിന്റെ കുടുക്കുകളിടുന്നതിനൊപ്പം നടന്ന് ചെന്ന് വാതിൽ തുറന്നു. തൊട്ടു മുന്നിൽ തന്നെ രഘു നിൽപ്പുണ്ടായിരുന്നു. രഘു ബിജുവിന്റെ കൈപിടിച്ച് വലിച്ച് മുൻവശത്തെ മുറിയിലേക്ക് നീക്കി നിർത്തി. അവന്റെ പിടുത്തത്തിനു വല്ലാത്ത ബലമുണ്ടെന്നു ബിജുവിനു തോന്നി. 
‘എടാ...കുറേ പേര്‌...നമുക്ക് എത്രേം പെട്ടെന്ന് ഇവിടുന്ന് പോണം’ അതു പറയുമ്പോൾ രഘു ചെറുതായി കിതയ്ക്കുന്നത് കണ്ടു. ഇത്രയും ഭയം അവന്റെ മുഖത്ത് മുൻപൊരിക്കലും കണ്ടിട്ടില്ല. അരണ്ട വെളിച്ചത്തിലും കണ്ടു, മുറിയുടെ മൂലയിലായി പഞ്ഞിമെത്തയിൽ മദ്ധ്യവയസ്ക്കൻ എഴുന്നേറ്റ് നില്ക്കുന്നത്. ഇപ്പോൾ അയാളുടെ കണ്ണുകളിൽ ഉറക്കമില്ല. കണ്ണും മിഴിച്ച്, വായും പൊളിച്ചങ്ങനെ നില്ക്കുകയാണ്‌. ബിജുവിനു തലയിലേക്ക് രക്തം ഇരച്ച് കയറുന്നതായി തോന്നി. തലമുടിക്ക് തീ പിടിച്ചത് പോലെയാണ്‌ രഘു നില്ക്കുന്നത്.

‘തൊറക്കെടാ...’
‘ഇന്നു കൊണ്ടിതു അവസാനിപ്പിക്കും’
‘കൊറച്ച് നാളായി തുടങ്ങീട്ട്’
‘ഇറങ്ങി വാടാ നായിന്റെ മക്കളെ...!’
‘ഇവനേയൊക്കെ കെട്ടിയിട്ടടിക്കണം’
വീടിനു പുറത്ത് നിന്നുമുള്ള ആക്രോശങ്ങളുടെയും, ഭീഷണികളുടെയും ശബ്ദം ബിജു അപ്പോഴാണ്‌ ശ്രദ്ധിച്ചത്. ശബ്ദങ്ങളുടെ ശക്തി കൂടി വന്നു. വാതിലിൽ ആരൊക്കെയോ ശക്തിയായി തട്ടുന്നുണ്ട്. ഏതു നിമിഷവും പുറത്ത് നില്ക്കുന്നവർ വാതിൽ തല്ലിത്തകർത്ത് അകത്തേക്ക് വരുമെന്നു തോന്നുന്നുണ്ട്.

ബിജു ഒരു നിമിഷം തിരിഞ്ഞു നോക്കി. എന്തോ പന്തികേട് തോന്നിയത് കൊണ്ടാവണം, വാതിലിനരികിലേക്ക് അവളും വന്നിരുന്നു. ചാരിയിട്ടിരുന്ന വാതിൽ മറഞ്ഞ് അഴിഞ്ഞമുടിയോടെ, ആ പെൺമുഖം. ഒരു കണ്ണു മാത്രം കാണാം. നിർവ്വികാരത നിറഞ്ഞ ഒരു കണ്ണ്‌. വാതിൽ പിടിച്ചിരുന്ന ചുവന്ന വളയിട്ട കൈകൾ പതിയെ താഴേക്കൂർന്ന് അകത്തേക്ക് മറഞ്ഞു. വാതിലടയുകയും ചെയ്തു.

‘നീ വാടാ’ അതും പറഞ്ഞ് രഘു ബിജുവിന്റെ കൈയ്യിൽ മുറുക്കെ പിടിച്ചു കൊണ്ട് വീടിന്റെ പിൻഭാഗത്തേക്ക് ഓടി. വാതിൽ തുറന്ന് പുറത്തേക്ക് രണ്ടു പേരും ചാടുകയായിരുന്നു. അപ്പോഴേക്കും വീട് ചുറ്റി പിൻഭാഗത്തേക്കോടി വരുന്ന കുറച്ചു പേരെ അവർ കണ്ടു. സർവ്വശക്തിയുമെടുത്തോടുമ്പോൾ, ‘അവന്മാരതാ!’, ‘വിടരുത് ഒരുത്തനേയും’ എന്ന ചില വിളികൾ അവരെ പിൻതുടർന്നു.
‘ടാ, ആദ്യം കാണുന്ന ബസ്സിൽ കയറിക്കോ’ ഓടുന്നതിനിടയിൽ രഘു വിളിച്ചു പറഞ്ഞതു ബിജു കേട്ടു.
ഓട്ടത്തിന്റെ വേഗത കൂടി. ഏതോ ഒരു നിമിഷത്തിൽ അവർ വഴി പിരിഞ്ഞോടി. കുറേ ദൂരം പിന്നിട്ട രഘു തിരിഞ്ഞു നോക്കുമ്പോൾ ആരേയും കാണുകയുണ്ടായില്ല. ബിജു എവിടെ?...അവനെവിടെയെങ്കിലും വീണു പോയിരിക്കുമോ?...അതോ അവരവനെ പിടികൂടിയിരിക്കുമോ?...അതോ എവിടെയെങ്കിലും ഒളിച്ചിരിക്കുകയാണോ?... പാലത്തിനടുത്ത് വരെ അവനുണ്ടായിരുന്നു. അവിടെ വെച്ചായിരിക്കും അവൻ വഴി മാറി ഓടിയിട്ടുണ്ടാവുക. പാലത്തിനപ്പുറം ഒരു ബസ്റ്റോപ്പുണ്ട്. അവിടെ താൻ പോയിട്ടുള്ളതാണ്‌. രഘു ഓർത്തെടുത്തു. ഒരു പക്ഷെ അവൻ ഇപ്പോഴേതെങ്കിലും ബസ്സിൽ ചാടിക്കയറിയിട്ടുണ്ടാവും. ശ്ശെ, തനിക്ക് പറ്റിയ ഒരു വലിയ തോൽവി. ഇതുപോലുള്ള കാര്യങ്ങളിൽ ഇതു വരെയും ഒരു ചെറിയ പിഴവ് പോലും വന്നിട്ടില്ല. അവനെ വിളിച്ചു കൊണ്ട് വന്നിട്ട്...ഇനിയെങ്ങനെ അവന്റെ മുഖത്ത് നോക്കും?...

രഘു തിരിച്ചെത്തിയപ്പോൾ ഉച്ച കഴിഞ്ഞിരുന്നു. 
‘ഇനി അപ്പൻ പോയ്ക്കോള്ളൂ’
കടയിലേക്ക് കയറുമ്പോൾ രഘു പറഞ്ഞു.
‘നീ വല്ലതും കഴിച്ചോ?’
‘ഉം...’ 
വിശപ്പ്...അതെപ്പോഴോ കെട്ടു പോയിരുന്നു. കടയിൽ ആളുകൾ വരികയും പോവുകയും ചെയ്തു കൊണ്ടിരുന്നു. അപ്പോഴെല്ലാം ബിജുവിന്റെ മുഖം അവിടെല്ലാം രഘു തിരഞ്ഞു കൊണ്ടിരുന്നു. അവൻ ഏതു നിമിഷവും മുന്നിൽ പ്രത്യക്ഷപ്പെടാം. ചീത്ത പറയും. ഉറപ്പ്. സാരംല്ല. അവനെ സമാധാനപ്പെടുത്താവുന്നതേയുള്ളൂ. അല്ലെങ്കിൽ തന്നെ അവനെ ചതിച്ചതൊന്നുമല്ലല്ലോ. ആര്‌ വിചാരിച്ചു ഇങ്ങനെയൊക്കെ ആവുമെന്ന്. വേറേയും ഇടങ്ങളുണ്ട്. പിന്നൊരിക്കൽ അവനെ അങ്ങോട്ട് കൊണ്ടു പോവാം...

‘നീ നമ്മുടെ ബിജുവിനെ കണ്ടോ?’
സന്ധ്യ കഴിയാറായപ്പോൾ പത്രമിടുന്ന ജോണി വന്നു രഘുവിനോട് ചോദിച്ചു. രഘു കടയടയ്ക്കാനുള്ള തിരക്കിലായിരുന്നു.
‘ഇല്ല...ഇന്നവനെ കണ്ടതേയില്ല...എന്തായേട്ടാ?’
‘അവനിന്ന് രാവിലെ സിനിമയ്ക്കെന്ന് പറഞ്ഞ് എവിടെയോ പോയതാ...ഇതു വരെ വീട്ടിൽ തിരിച്ചു വന്നിട്ടില്ല...അവന്റെ അമ്മ അതാ കരഞ്ഞോണ്ട് നടക്കുന്നു...‘
അത്‌ പറഞ്ഞു ജോണി സൈക്കിൾ ചവിട്ടി പോയി. ജോണി പോകുന്നതും നോക്കി നിൽക്കുമ്പോൾ രഘുവിന്‌ ഉള്ളിലൊരു സർപ്പമിഴയുന്നതു പോലെ തോന്നി. ഉള്ളിലെവിടെയോ അതിന്റെ ദംശമേറ്റതു പോലെയും.
എന്തോ പ്രശ്നമുണ്ടായിട്ടുണ്ട്. ചിലപ്പോൾ അവന്മാര്‌ ബിജുനെ പിടിച്ചു കാണും. അവൻ തന്റെ പേര്‌ പറയുമോ? ഇനി...പോലീസ് കേസോ മറ്റോ ആയിട്ടുണ്ടാവുമോ? എങ്കിൽ പോലീസ് ഇവിടെയും വരാൻ സാദ്ധ്യതയുണ്ട്. അവിടെ വെച്ച് ബഹളമുണ്ടാക്കിയവരിൽ ചിലരെങ്കിലും തന്റെ മുഖം കണ്ടിട്ടുണ്ടാവും. തന്നെ തിരിച്ചറിയും. ചോദ്യം ചെയ്യും. സത്യമെല്ലാം പറയേണ്ടിവന്നാൽ ഈ നാട്ടിലിനി എങ്ങനെ തലയുയർത്തി നടക്കും? അവനേം വിളിച്ചോണ്ട് ഏതു സമയത്താണ്‌ പോകാൻ തോന്നിയത്...ഇതിപ്പോൾ എന്താവുമോ...?

രാത്രിയടുക്കുമ്പോൾ ബിജുവിന്റെ അമ്മ രഘുവിനെ തേടി വീട്ടിൽ വന്നു.
’മോനെ, നീയിന്ന് ബിജൂനെ കണ്ടാ?‘
’ഇല്ല..‘
’നിന്നോട് അവൻ വല്ലതും പറഞ്ഞോ?‘
’ഇല്ല...ഒന്നും പറഞ്ഞില്ല...‘ 
കള്ളം പറയാൻ ഒരു നിമിഷം പോലുമെടുക്കുന്നില്ല. രഘു സ്വയം അത്ഭുതപ്പെട്ടു.   
ഇവിടെ സ്വന്തം ഭാഗം രക്ഷിക്കാൻ താൻ മാത്രമേയുള്ളൂ. ഒരു തരത്തിലും ഒരു സൂചന പോലും കൊടുക്കരുത്.

അർദ്ധരാത്രിയോടെ മഴ പെയ്യാനാരംഭിച്ചു. ആർത്തലച്ചു പെയ്ത മഴയിൽ ചെടികളും മരങ്ങളും നനഞ്ഞു വിറച്ചു. ഉറക്കം നഷ്ടപ്പെട്ട രഘു എഴുന്നേറ്റ് മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരുന്നു. ചോദ്യമഴയിൽ അവൻ നനയുകയും വിറയ്ക്കുകയും ചെയ്തു. ബിജു...ഈ മഴയത്ത് അവനെവിടെ നനഞ്ഞു കൊണ്ട് നില്ക്കുകയാണ്‌? ഇനിയവൻ നാടു വിട്ട് പോയിക്കാണുമോ? എന്തിന്‌ നാടു വിടണം? അവന്റെ എല്ലാം ഇവിടെയല്ലെ? ഇനി ഒരുപക്ഷെ...അവിടെയെവിടെയെങ്കിലും ഒളിവിൽ...അവൻ തിരിച്ചു വന്നില്ലെങ്കിൽ എങ്ങനെ അവിടെ പോയി അവനെ തിരയും?
എങ്ങനെയോ ഒന്നുറങ്ങി വന്നതാണ്‌. മുൻവശത്തെ കതകിൽ ശക്തിയായി ആരോ മുട്ടുന്ന ശബ്ദം കേട്ടാണ്‌ ചെന്ന് തുറന്നത്.
ബിജു നനഞ്ഞ് കുളിച്ച് നില്ക്കുന്നു! മുടിയിൽ നിന്ന് വെള്ളത്തുള്ളികൾ ഇറ്റിറ്റ് വീഴുന്നുണ്ട്. കൈകൾ മാറിൽ പിണച്ച് പിടിച്ചിട്ടുണ്ട്. ശരീരത്തിൽ ഒട്ടിപ്പിടിച്ച നനഞ്ഞ വസ്ത്രങ്ങൾക്കുള്ളിൽ അവന്റെ മെലിഞ്ഞ ശരീരം വിറയ്ക്കുന്നുണ്ട്.
പല്ലുകൾ കൂട്ടിയിടിക്കുന്ന ശബ്ദത്തിൽ അവൻ ചോദിച്ചു,
‘എന്തിനാ...എന്തിനാ നീ എന്നെ ഒറ്റയ്ക്കാക്കീട്ട് പോയത്?’
രഘു കണ്ണ്‌ തുറന്ന് നോക്കി. പുറത്ത് മഴ തോർന്നിരിക്കുന്നു. താൻ ശരീരം മുഴുക്കെയും വിയർത്ത് കട്ടിലിൽ...അവൻ കൈകൾ ഇറുക്കിയടച്ചു.

പിറ്റേന്ന് ഉച്ച കഴിഞ്ഞിട്ടും ബിജുവിനെ കുറിച്ച് ഒരറിവും ആർക്കും ലഭിച്ചിട്ടില്ല എന്നറിഞ്ഞപ്പോൾ രഘുവിന്‌ മാനസികസമർദ്ദം താങ്ങാവുന്നതിനപ്പുറമായി. ഒന്നവിടം വരെ അന്വേഷിച്ചു പോയാലോ? വേണ്ട അതപകടമാണ്‌. അവൻ തിരിച്ചു വരിക തന്നെ ചെയ്യും. എന്നാൽ ആ വിചാരങ്ങളെ തകർത്തത്, ഓടിക്കിതച്ചു കൊണ്ട് വന്ന സുധീറിന്റെ വാക്കുകളാണ്‌.
‘നമ്മുടെ ബിജു മരിച്ചു പോയെടാ...പൊഴേല്‌ മുങ്ങി മരിച്ചെന്നാ കേട്ടത്...’

അത്രയുമേ രഘു കേട്ടുള്ളൂ. നീന്തലറിയാത്ത അവനെന്തിനു പുഴയിൽ ചാടണം?
ചിലപ്പോൾ നിവൃത്തിയില്ലാതെ വന്നപ്പോൾ ചാടിയതാണോ?
അവനെ ആരെങ്കിലും പുഴയിലേക്ക്...
ഇനി...ചിലപ്പോൾ...ഏയ്...ഇല്ല, മരിച്ചത് അവനാവില്ല...

രഘു കട പൂട്ടി ബിജുവിന്റെ വീട്ടിലേക്ക് പോയി.

സന്ധ്യ കഴിഞ്ഞപ്പോൾ ഒരു ആമ്പുലൻസ് വന്ന് ബിജുവിന്റെ വീടിനടുത്ത് നിന്നു. 
അങ്ങോട്ട് പോകണമോ വേണ്ടയോ എന്ന ചോദ്യവുമായി രഘു കുറച്ചകലെയായി നിന്നു. സ്ത്രീകളുടെ കരച്ചിലുകൾ ഉയർന്നു. ആരൊക്കെയോ ചേർന്ന് മൂടി പൊതിഞ്ഞ ഒരു ശരീരം വീട്ടിനുള്ളിലേക്ക് എടുത്തു കൊണ്ടു പോയി.

രഘു വീട്ടിനുള്ളിലേക്ക് നടന്നു. ബിജുവിനെ തറയിൽ കിടത്തിയിരിക്കുന്നു. താടിയിൽ ഒരു വെളുത്ത കെട്ടുണ്ട്. കാലിലെ തള്ളവിരലുകൾ കൂട്ടിക്കെട്ടിയിട്ടുണ്ട്. രഘു ബിജുവിന്റെ അടുത്തേക്ക് ചെന്ന് മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. മുഖം നീരു വന്ന പോലെ വീങ്ങിയിരിക്കുന്നു. കണ്ണിലും കവിളിലും നിറയെ ദ്വാരങ്ങൾ. കൊത്തിപ്പറിച്ചത് പോലെ...ഇനി മീനുകൾ?..മുഖം മുഴുവനും ഏതോ പൊടി കൊണ്ട് പൂശിയിരിക്കുന്നു. പൗഡറാണോ? അവന്റെ മുഖം തന്നെയാണോ എന്നറിയാൻ ബുദ്ധിമുട്ടുണ്ട്. എങ്കിലും പുരികത്തിനു അരികെയുള്ള മറുക്...അതവിടെ തന്നെയുണ്ട്. ഇതവൻ തന്നെ...

മുഖകുരു വന്നപ്പോൾ വിഷമം പറഞ്ഞവനാണ്‌...അവന്റെ മുഖമാണ്‌ മീനുകൾ കൊത്തിയും പാറകളിലുരഞ്ഞും...
രഘു മുഖം തിരിച്ചു. തനിക്കൊരു കള്ളന്റെ മുഖഭാവമുണ്ടോ?

‘എന്നാലും ഇവനെന്തിനാ അത്രേം ദൂരെ പോയി...പൊഴേല്‌ ചാടിയതെന്ന്...’
‘ഇനി കോളേജില്‌ വല്ല പ്രശ്നോം...ഇപ്പോഴത്തെ പിള്ളേരല്ലെ...ആർക്കറിയാം...’
കൂടി നിന്നവരുടെ ഉറക്കെയുള്ള ചിന്തകൾ കേട്ട് കൊണ്ട് രഘു സാവധാനം വീടിനു പുറത്തേക്ക് നടന്നു.

‘ടാ എനിക്കൂടെ താടാ...’ സ്കൂളിൽ പഠിക്കുമ്പോൾ നാരങ്ങാ മിഠായി തന്റെ കൈയ്യിൽ നിന്ന് ചോദിച്ച് വാങ്ങുന്ന ബിജുവിന്റെ മുഖം ഇപ്പോഴും കാണാം.
‘ഈ ഉടുപ്പെങ്ങനെയൊണ്ട്?’ ഓണത്തിന്‌ അമ്മ വാങ്ങി കൊടുത്ത പുതിയ കുപ്പായവുമിട്ട് വന്ന് മുന്നിൽ ഗമയിൽ നിന്നിരുന്നു അവൻ...
‘അമ്മ വല്ലതും അറിഞ്ഞാൽ...’ ഒരാഴ്ച്ച മുൻപ് അവൻ ചോദിച്ച ചോദ്യം ഇപ്പോഴും ചെവിക്കുള്ളിലുണ്ട്...
‘ആദ്യം കാണുന്ന ബസ്സിൽ കയറിക്കോ’...താനിന്നലെയതു പറയുമ്പോൾ അവന്റെ കണ്ണുകൾ...

ഇരുട്ടിലേക്കിറങ്ങി നടക്കുമ്പോൾ രഘു കണ്ണ്‌ തുടച്ചു. തോളിൽ കൈയ്യിട്ട് ആറ്റുവക്കിൽ അവനോടൊപ്പം ഇരിക്കുമായിരുന്നു...അവനെ കാണാതാകുമ്പോഴൊക്കെ അവിടെയാണ്‌ തേടി പോയിട്ടുള്ളത്. അവനവിടുണ്ടാകും. അവിടെ തന്നെയുണ്ടാവും. അവനോട് സംസാരിക്കണം...കുനിഞ്ഞു പോയ മുഖത്തോടെ രഘു പതിയെ ആറ്റിൻക്കരയിലേക്ക് നടന്നു, പിന്നിലുയരുന്ന അലമുറകൾ ശ്രദ്ധിക്കാതെ...

Post a Comment

50 comments:

  1. ഹൃദയാര്‍ദ്ദമായ അവതരണം.ഓരോ വാക്കുകളും ഉള്ളില്‍ തട്ടി.

    ReplyDelete
  2. നന്നായി എഴുതിയിട്ടുണ്ട്. ഇഷ്ടപ്പെട്ടു.

    ReplyDelete
  3. ഒരല്‍പം നീണ്ടു പോയോ ?അത് കൊണ്ട് തന്നെ ചിലയിടത്ത് കഥ ഇഴയുന്നത്‌ പോലെ തോന്നി ,ഭാവുകങ്ങള്‍ ,,,

    ReplyDelete
  4. ശെരിക്കും ആ കഥാ പാത്രങ്ങള്‍ക്കൊപ്പം ഞാനും സഞ്ചരിക്കുക യായിരുന്നു .....വിഷയത്തെ ....നല്ല രീതിയില്‍ അവതരിപ്പിച്ചു അവതരണത്തിന് നൂറു മാര്‍ക്ക് ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  5. നല്ലൊരു ചെറുകഥാകൃത്തായിത്തീർന്നുവല്ലോ. അഭിനന്ദനങ്ങൾ.

    ReplyDelete
  6. നല്ല കഥ. ഒഴുക്കോടെ നവായിച്ചു.

    ReplyDelete
  7. നല്ല കഥ. ഒഴുക്കുണ്ടെങ്കിലും നീണ്ടു പോയി.

    ReplyDelete
  8. ഇത് വളരെ വ്യത്യസ്തമായ ഒരു ആശയം പറഞ്ഞ മനോഹരമായ കഥ. അവസാനം ചോദ്യ ചിഹ്നങ്ങളുടെതായി. നല്ല അവതരണം

    ReplyDelete
  9. വളരെ നന്നായി ഈ കഥ.വ്യത്യസ്തമായ വിഷയം .
    നീണ്ടു പോയെങ്കിലും കഥയുടെ ഒഴുക്ക് ഒട്ടും നഷ്ടപ്പെട്ടില്ല,
    അഭിനന്ദനങ്ങള്‍

    ReplyDelete
  10. നല്ല അവതരണം. കുറ്ച്ച് കൂടി ചെറുതാക്കാമായിരുന്നെന്ന് തോന്നി

    ReplyDelete
  11. ഇതാണു താൻ കാത്തിരുന്ന മുഹൂർത്തം. ഇതാണാ സ്വപ്ന മുഹൂർത്തം. ഞാനിപ്പോൾ ഉണരും....

    ഇതെനിയ്ക്ക് ഇഷ്ടാപ്പെട്ടു. സാധാരണ ഇത്തരം രൊംഗങ്ങൾ സ്വപ്നത്തിൽ അവസാനിയ്ക്കും.. കഥാകാരന്റെ വിജയം!

    (നിർദ്ദേശം: നായകന്റെ പേരു ബിജു എന്ന് വേണ്ടായിരുന്നു. :)

    ReplyDelete
  12. മുട്ടെന്നു വിരിയും മുന്‍പേ വേണ്ടാത്ത പണിയ്ക്ക് പോയാ ഇങ്ങനിരിക്കും എന്നോരോര്‍മ്മപ്പെടുത്തല്‍ ..
    നന്നായിട്ടുണ്ട് സാബു കഥ... ബ്ലോഗ്‌ കഥകളുടെ കാപ്സ്യൂള്‍ പരുവം വെച്ച് നോക്കുമ്പോ അല്‍പ്പം നീളം കൂടിപ്പോയോ എന്നൊരു സംശയം മാത്രം ഉള്ളൂ.. അത് സാരുല്ല്യാ..

    ReplyDelete
  13. നന്നായി സാബു,ഈ കഥ.

    ReplyDelete
  14. അതിമനോഹരമായിരിക്കുന്നു ഈ കഥ.കണ്മുന്നില്‍ കാണുന്നത് പോലെ അനുഭവിക്കുകയായിരുന്നീക്കഥ..അഭിനന്ദനങ്ങള്‍..

    ReplyDelete
  15. വായിച്ചു കഴിഞ്ഞപ്പോള്‍ വല്ലായ്ക തോന്നി..തെറ്റുകളിലേക്ക് വലിച്ചിഴയ്ക്കുന്നവരും,ഇഴയ്ക്കപ്പെടുന്നവരും ഒരു താക്കീതായി കാണട്ടെ ഈ കഥ..
    അഭിനന്ദനങ്ങള്‍ സാബു...

    ReplyDelete
  16. ലളിതമായ ശൈലിയാണ് എന്നും ഇവിടെ. മനസ്സില്‍ സൂക്ഷിച്ചു വെക്കാവുന്ന പ്രയോഗങ്ങളും. അഭിനന്ദനങ്ങള്‍ സാബുചേട്ടാ..

    ReplyDelete
  17. പതിവ് പോലെ സാബു ഭായിയുടെ നല്ല സുന്ദരന്‍ കഥ..പാവം ബിജു...നല്ല രസമായി വായിച്ചു..ആശംസകള്‍...

    ReplyDelete
  18. ഒരു പുരുഷായുസ്സ് മുഴുവന്‍ രഘുവിനെ അയാളുടെ മനസ്സാക്ഷി വേട്ടയാടും. മഹത്തായ ഒരു സന്ദേശം കൈമാറുന്നുണ്ടീ കഥ. കുറച്ച് നീളം കൂടിയതു കൊണ്ട് വായന ഇന്നേക്ക് മാറ്റിവെച്ചതായിരുന്നു. പറയാനുള്ളത് മുഴുവന്‍ പറയണമെങ്കില്‍ വലിയ പോസ്റ്റ്‌ തന്നെ വേണം. എന്‍റെ അനുഭവമാണത്. അവിടെ ഞാന്‍ വായനക്കാരന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിക്കാറില്ല. നന്ദി സാബൂ.

    ReplyDelete
  19. നല്ല കഥ...
    നന്നായിട്ടുണ്ട്

    ReplyDelete
  20. താങ്കളുടെ എഴുത്ത് എന്നെ പിടിച്ചിരുത്തി...
    നന്നായി എഴുതി
    അശംസകള്‍

    ReplyDelete
  21. ആശയം പഴയതാണെങ്കിലും സാബുവിന്റെ ശൈലി നന്നായി.ആശംസകള്‍

    ReplyDelete
  22. മനോഹരമായി എഴുതി...നല്ലൊരു കഥ.

    ReplyDelete
  23. നല്ല കഥ സാബു ചേട്ടാ... ഇഷ്ടപെട്ടു..

    ReplyDelete
  24. ശരിക്കും മനസ്സില്‍ തട്ടി ഇങ്ങിനെയൊന്നും ആര്‍ക്കും ജീവിതത്തില്‍ സംഭവിക്കാതിരിക്കട്ടെ,,നല്ല വായന സുഖംതോന്നി,ആശംസകള്‍

    ReplyDelete
  25. നല്ല എഴുത്ത്.,അഭിനന്ദനങ്ങള്‍.,ഒരല്‍പ്പം നീണ്ടുപോയി എന്നൊരു വിമര്‍ശനം എനിക്കും ഉണ്ട്.അതു കാര്യമാക്കേണ്ട കേട്ടോ.തന്റെ കഥയുടെ നീളവും വീതിയും എങ്ങിനെ വേണമെന്ന് തീരുമാനിക്കുന്നത് എഴുത്തുകാരനാണ്.

    ReplyDelete
  26. നന്നായിരിക്കുന്നു സാബു.
    ആശംസകൾ...

    ReplyDelete
  27. നല്ല അവതരണം

    ReplyDelete
  28. നന്നായി പറഞ്ഞു.. ഭാവുകങ്ങള്‍ ..

    ReplyDelete
  29. ഇഷ്ടായി
    ആശംസകള്‍

    ReplyDelete
  30. മനസ്സിൽ വേദന ഉണ്ടാക്കുന്ന, ചിന്തിപ്പിക്കുന്ന കഥ,, വളരെ വളരെ നന്നായിരിക്കുന്നു.

    ReplyDelete
  31. വളരെ നന്നായി.....വല്ലാത്ത ആകസ്മികത...

    ReplyDelete
  32. കഥയുടെ തുടക്കവും ഒടുക്കവും വേറിട്ടു നിൽക്കുന്നില്ലേ സാബു?
    അല്ല എനിക്ക് തോന്നുന്നതാണോ?
    നല്ല അവതരണം. ആശയം സമകാലിക പ്രസക്തിയുള്ളതാണ്. ഈ സദാചാര നാട്ടാളർ ഇങ്ങനെ തുടങ്ങിയാൽ പാവപ്പെട്ട ചെറുപ്പക്കാരെങ്ങനെ ലോകവിവരം നേടും?
    ഇന്നലെയും കണ്ടു,കോഴിക്കോടൊരു ചെറുപ്പക്കാരനെ തല്ലിക്കൊന്നെന്ന്. പലപ്പോഴും ഇതാവർത്തിക്കുന്നു.
    സാബു കഥയിലൂടെ ഒരു സന്ദേശമൊന്നും നൽകുന്നില്ല. പക്ഷേ ചർച്ചയാകേണ്ട വിഷയമാണിതെന്ന് തോന്നുന്നു.(എന്റെ കൂടി ആവശ്യമാണെന്ന് തെറ്റിദ്ധരിച്ചാലും കുഴപ്പമില്ല.
    ആശംസകളോടെ. സ്വന്തം വിധു

    ReplyDelete
  33. വായിച്ചവർക്കും, വായിക്കാൻ പോകുന്നവർക്കും നന്ദി പറയുന്നു.

    ശ്രീ. വിധു ചോപ്ര:
    ഒരാൾ അതു ശ്രദ്ധിച്ചതിൽ സന്തോഷമുണ്ട്‌. അതു മനപ്പൂർവ്വം എഴുതിയതു തന്നെയാണ്‌!. ആദ്യം രഘുവാണ്‌ അപകടത്തിലായതെന്ന് ഒരു ചെറിയ തെറ്റിദ്ധാരണ ഉണ്ടാക്കാൻ മാത്രം എഴുതിയതാണ്‌ :)

    ഈ കഥ എഴുതി ഏതാനും ദിവസങ്ങൾക്കകം ആ കോഴിക്കോട്‌ സംഭവം മാധ്യമങ്ങളിൽ വായിക്കാനിടയായി. അതു വലിയ ഒരു ആകസ്മികമായി പോയി.

    കഥ കൊണ്ട്‌ ഞാനൊരു വായനാനുഭവം മാത്രമെ ഉദ്ദേശിക്കുന്നുള്ളൂ. കഥ കൊണ്ട്‌ അത്രയുമേ എഴുതുന്നവർ ഉദ്ദേശിക്കുന്നുള്ളു എന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌. സന്ദേശം നൽകാൻ ലേഖനങ്ങൾ ആയിരമുണ്ടല്ലോ :)

    ReplyDelete
  34. ഇപ്പോ നാട്ടില്‍ കേള്‍ക്കുന്നതും ഇടും എല്ലാം ചേര്‍ത്തു വായിക്കാന്‍ പ്രേരിപ്പിക്കുന്നു.

    നല്ല എഴുത്ത്

    ReplyDelete
  35. അവതരണവും, ആശയവും, പുതുമയുള്ളത്.

    ReplyDelete
  36. ലാളിത്യം കഥകളെ പാരായണക്ഷമമാക്കുമെന്നതില്‍ തര്‍ക്കമില്ല.പക്ഷേ കഥയില്‍ പറയേണ്ടത് മാത്രമേ പറയേണ്ടതുള്ളൂ.അക്കാര്യത്തില്‍ ഈ കഥ ഒന്നുകൂടി ചെറുതാവാനുണ്ട്.
    ലിങ്ക് അയച്ചുതന്നതിന് നന്ദി.ആശംസകള്‍.

    ReplyDelete
  37. നല്ല കഥ.. നല്ല അവതരണം. നന്നായിരിക്കുന്നു..

    ReplyDelete
  38. മനോഹരമായി എഴുതി..
    ഒരു നേരം പോലും മുഷിപ്പ് തോന്നിയില്ല..
    എന്റെ ഭാവുകങ്ങള്‍..

    ReplyDelete
  39. ഒരൊറ്റ ഇരുപ്പിന് വായിച്ചു തീര്‍ത്തു..
    ഏറവും നിസ്സാരം എന്ന് നമുക്ക് തോന്നാവുന്ന ചില കാര്യങ്ങള്‍ പോലും , അവതരിപ്പിച്ചു മറ്റുള്ളവരുടെ അംഗീകാരം നേടി എടുക്കുന്നിടത്ത് ഒരു കഥാകാരന്‍ വിജയിക്കുന്നു..
    രണ്ടു പേര്‍ പോകുന്നു , അതിലൊരാളെ കാണാതാവുന്നു....ഈ കഥാ തന്തു അവതരണം കൊണ്ട് പ്രശംസ അര്‍ഹിക്കുന്നു..
    അഭിനന്ദനങ്ങള്‍.......

    ReplyDelete
  40. നന്നായി പറഞ്ഞു , അറിവില്ലായ്മയും ആകാംഷയും ആണ് മിക്കപ്പോഴും ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നത്

    ReplyDelete
  41. adipoli simpilayi paranju nalla ozhukkullalla story yayittanu enikku thonniyath
    bst wishes

    ReplyDelete
  42. ഈ കഥാകാരന്റെ കുപ്പായമാണ് സാബുവിന് ഏറ്റവും ചേർച്ച കേട്ടൊ ഭായ്

    ReplyDelete
  43. "സുഹൃത്തിന്റെ തിരോധാനം" തലക്കെട്ട് കണ്ടപ്പോഴെ വായന വാരാന്ത്യത്തില്‍ ആക്കാമെന്ന് കരുതി.സാബുവിന്റെ കഥ ധൃതിയില്‍ വായിച്ചാല്‍ സുഖമാവില്ല.

    ബിജുവിന്റെ ഒപ്പം ഓടി രഘുവിന് ഒപ്പം തിരികെ വന്നു.......
    മനസ്സില്‍ മുഴങ്ങി കേള്‍ക്കുന്നത് ബിജുവിന്റെ അമ്മയുടെ കരച്ചില്‍.....
    ഒരു സുഹൃത്തിന്റെ തിരോധാനത്തെക്കാള്‍ ഒരു മകന്റെ അകാലനിര്യാണം... നല്ലവനായ എന്റെ മകന് എന്തു പറ്റിയെന്ന് ഓര്‍ത്ത് നിലവിളിക്കുന്ന അമ്മ. ഒരമ്മയുടെ എല്ലാ സ്വപ്നത്തിന്റെയും അന്ത്യം......
    കൗമരത്തിന്റെ അറിവ് കേടും അല്പജ്ഞാനവും വരുത്തുന്ന വിന.
    സാബുവിന്റെ തനതായ ശൈലിയില്‍ മനോഹരമായി പറഞ്ഞ കഥ....

    ReplyDelete
  44. കഥാപാത്രങ്ങളുടെ കൂടെ സഞ്ചരിക്കാന്‍ പറ്റുന്നുണ്ട് ഈ കഥ വായിക്കുമ്പോ, കടയില്‍ നിന്നിറങ്ങി ബസ്‌ പിടിച്ചു അവിടെ ചെല്ലുന്നതും, അവിടെ നിന്ന് ഓടുന്നതും എല്ലാം. ഒരു തിരകഥയേക്കാള്‍ ഭംഗിയായി. .

    നോട്ട് ബുക്ക്‌ എന്നാ സിനിമയില്‍ ഇങ്ങനെ ഒരു രംഗം ഉണ്ട്. . ABORTION നടത്തിയപ്പോള്‍ കൂട്ടുകാരി മരിച്ചു. . ഇതറിയുന്ന റോമ തന്റെ കൂടെ വന്ന പൂജയുമായി ഓടുന്ന ഒരു രംഗം. . . .

    ReplyDelete
  45. അതെ മാണിക്യം പറഞ്ഞ പോലെ ബിജുവിന്റെ ഒപം പോയി, രഘുവിന്‍റെ ഒപ്പം തിരിച്ചു വന്നു. . .

    തിരകഥ പോലെ സുന്ദരം ആണ് ആഖ്യാനം. . . .ആശംസകള്‍ സാബു ഏട്ടാ

    ReplyDelete
  46. This comment has been removed by the author.

    ReplyDelete