"Whoever envies humanity has the abherence towards the mankind without compassion" - Soren Pavese
ഉദ്ധരണി വായിച്ചു കഷ്ടപ്പെടണമെന്നില്ല. ഈ മാതിരി ഒരു സംഭവം കഥ പറയുന്നതിനു മുൻപ് നിരത്തി വെച്ചാലെ കഥയ്ക്ക് നിലവാരം വരൂ എന്നു വിശ്വസിക്കുന്ന ചില വായനക്കാരുടെ കണ്ണിൽ വാരി വിതറാൻ എഴുതി വെച്ചെന്നേയുള്ളൂ. ആ എഴുതിവെച്ചിരിക്കുന്നതിൽ abherence എന്നൊരു വാക്ക് ശ്രദ്ധിച്ചോ?. അങ്ങനെയൊരു വാക്ക് ഇംഗ്ലീഷ് ഭാഷയിലില്ല. അതെന്റെ സംഭാവനയാണ്. അതിന്റെ അർത്ഥം എന്തു വേണം എന്നു ഇതു വരെ തീരുമാനമായിട്ടില്ല. പറയുമ്പോൾ മുഴുവനും പറയണമല്ലോ, ഈ പറയുന്ന Soren Pavese എന്നൊരു മനുഷ്യനും സാങ്കല്പ്പികമാണ്. ഇനി കഥയിലേക്ക് കടക്കാം. കഥയുടെ തലക്കെട്ട് ശ്രദ്ധിച്ചു കാണുമല്ലോ?. അതു കൊണ്ട് നിങ്ങൾ ഒരുപാട് പ്രതീക്ഷയോടെയാണിതു വായിക്കുന്നത് എന്നെനിക്ക് പൂർണ്ണബോധ്യമുണ്ട്. നിങ്ങളെ നിരാശപ്പെടുത്തരുത് എന്നൊരു ആഗ്രഹവുമെനിക്കുണ്ട്. കഥ തുടങ്ങുന്നത് ഒരു തണുത്തവെളുപ്പാൻ കാലത്താണ്. സാധാരണ സിനിമയിലൊക്കെ കാണുന്ന ഒരു പ്രഭാതമില്ലെ?.. കൂടെ വീണയുടെ ശബ്ദവുമൊക്കെയായിട്ട്..ഏതാണ്ടതു പോലൊരു പ്രഭാതം. പിന്നെ വേണമെങ്കിൽ കുറച്ച് പ്രഭാത വർണ്ണനയുമൊക്കെയാവാം. ചുറ്റുവട്ടത്തെ ചെടികളുടെ ലിസ്റ്റ്, പക്ഷികളുടെ ലിസ്റ്റ് ഒക്കെ എഴുതിവെയ്ക്കാം. പക്ഷെ നിങ്ങൾ നല്ലൊരു ഭാവനാശാലിയാണെനിക്കറിയാവുന്നത് കൊണ്ട് അതൊക്കെയും വിട്ടു കളയുന്നു. അപ്പോൾ, പകലാവുന്നു, പത്രം വന്നു ‘പടുക്കോ’ എന്നു വീഴുന്നു. വീഴുന്നു എന്നു പറഞ്ഞത് ഒരു അലങ്കാരത്തിനാണ്. അവൻ, പത്രക്കാരൻ സണ്ണി എടുത്തെറിഞ്ഞതാണ്. പത്രത്തിൽ ബോംബേറ്, കത്തിക്കുത്ത്, അനാശാസ്യം, ചില മരമണ്ടൻ പ്രസ്താവനകൾ, ഒരിക്കലും നടപ്പിലാക്കാൻ പോകാത്ത പ്രഖ്യാപനങ്ങൾ ഇതൊക്കെയും വായിച്ചു മൂന്നാം പേജിന്റെ വലതുകോണിൽ താഴെയായി കണ്ണെത്തിയപ്പോഴേക്കും ഒരു പരസ്യത്തിൽ കാഴ്ച്ച ഒട്ടിപിടിച്ചു. ‘സമ്പൂർണ്ണ ലൈംഗിക ഗ്രന്ഥം’. വലിയ പരസ്യമാണ്. ആറ് വാല്യങ്ങൾ. ഈ വാല്യങ്ങൾ എന്നു പറയുമ്പോൾ ഒരോന്നിനും ഏതാണ്ട് ഒന്ന് ഒന്നര കിലോ തൂക്കം വരും. ചരിത്രം, ഇതിഹാസം, പുരാണം, ശരീരശാസ്ത്രം, മാനസികം, എന്നു വേണ്ട സകലതും ഈ ആറ് വാല്യങ്ങളിൽ കുത്തിനിറച്ചിരിക്കുന്നു എന്നാണവകാശവാദം. എന്നു വെച്ചാൽ ലൈംഗികതയുടെ അവസാനവാക്ക്. ഇതിനപ്പുറം ഒരുത്തനും എഴുതരുത് എന്ന ഉദ്ദേശ്യത്തോടെ എഴുതി വെച്ചിരിക്കുവാണ്. അടുത്ത മാസം വരെ മുപ്പത് ശതമാനം വിലക്കുറവ്. ആനന്ദലബ്ദിക്കിനിയെന്തുവേണം?. വാങ്ങിയാൽ മുൻവശത്തെ ഷെല്ഫിൽ വെയ്ക്കാനാവില്ല പക്ഷെ ബെഡ്റൂമിലുള്ള അലമാരയിൽ ഒരു മുതല്ക്കൂട്ടായി ഒതുങ്ങി ഇരിക്കും. വെറുതെ രാവിലെ ചായകുടിച്ചു കൊണ്ടിരിക്കുമ്പോഴോ, രാത്രി അത്താഴം കഴിക്കുമ്പോഴോ പെട്ടെന്നൊരു സംശയം തോന്നിയാൽ ഉടനെ ഓടിചെന്നു നോക്കാൻ പുസ്തകമുണ്ട്. ഈ വാല്യങ്ങൾ മുഴുവനും വായിച്ചു കഴിഞ്ഞാൽ പിന്നെ ആ വിഷയത്തിൽ എന്നെ തോല്പ്പിക്കാൻ ആർക്കുമാവില്ല. അത്രയും വിജ്ഞാനം അതിലുണ്ട്. വില ഏതാണ് രണ്ടായിരത്തോളമുണ്ട്. എങ്കിലും കുഴപ്പമില്ല. ചിന്തിച്ച് ഏതാണ്ടിത്രേടം വരെ ആയപ്പോഴാണപകടം വന്നു പിന്നാലെ തോളിന്റെ മുകളിൽ കൂടി എത്തിനോക്കിയത്.
“ഇതും നോക്കി ഇരുന്നോ”
ആ പറഞ്ഞതു കേട്ട് സ്നേഹത്തോടെ ഉപദേശിച്ചതാണെന്നു കരുതരുത്. ആക്ഷേപിച്ചതാണ്. അധിഷേപിച്ചതാണ്. നമ്മൾ എല്ലാം ടോണിൽ നിന്നും പിടിച്ചെടുക്കണം. ആ ഒരു കഴിവ് സ്വായത്തമാക്കുന്നത് നന്നെ ചെറുപ്പത്തിലാണെങ്കിലും വിവാഹശേഷമാണ് അത് അതിന്റെ പൂർണ്ണതയിലെത്തുക. ഞാൻ പ്രായപൂർത്തിയായവനാണ്. മൂക്കിനു താഴെ വളരുന്ന കറുപ്പും വെളുപ്പും നിറത്തിലുള്ള രോമങ്ങളുടെ തുമ്പ് ദിവസവും കത്രിച്ചു കളയുന്നവനാണ്. വല്ലപ്പോഴും ഗോൾഡ്ഫ്ലേക്ക് സിഗറട്ട് വലിച്ച് ഇതേ രോമങ്ങൾക്ക് ബ്രൌൺ നിറം കൊടുക്കാറുമുണ്ട്. അങ്ങനെയുള്ള ഒരാളെയാണ് നിസ്സാരമായി അധിക്ഷേപിച്ചിട്ട് ഒരു സ്ത്രീ തിരിഞ്ഞു നടന്നത്.
“ഇതതല്ല” എന്നുറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷെ അതിനു മുൻപ് അപകടം അടുക്കളയിലേക്ക് അകന്നു കഴിഞ്ഞിരുന്നു. ഞാൻ വീണ്ടും പരസ്യത്തിലേക്ക് തല പൂഴ്ത്തി. വല്ലപ്പോഴും കഥ എഴുതി മുഖ്യധാരയിലേക്കയച്ചു കൊടുക്കുന്ന എന്നോടവൾക്ക് പുശ്ച്ഛം. കഥയ്ക്കുള്ള തന്തു എവിടെ നിന്നും കിട്ടും എന്നു സദാ തിരഞ്ഞു നടക്കുന്ന എനിക്ക് ആ ആക്ഷേപത്തിൽ ഒരു വിഷമവുമില്ല. ഇതു പോലെ എന്തൊക്കെ ഒരു കഥാകാരൻ കേൾക്കേണ്ടിയിരിക്കുന്നു. തികച്ചും സ്വാഭാവികം. അക്ഷരങ്ങളിലൂടെ എന്റെ തിമിരം തിന്നു തുടങ്ങിയ കണ്ണുകൾ അരിച്ചു നടന്നു. ‘ബഹുവർണ്ണ ചിത്രങ്ങൾ’, മനശ്ശാസ്ത്രജ്ഞരുടെ കുറിപ്പുകൾ, ചരിത്രകരന്മാരുടെ കുറിപ്പുകൾ..ഒടുവിൽ വായന ചെന്നു നിന്നത് ഒരു പേരിലാണ്. ‘അൻഷുമാൻ’. എഴുത്തുകാരന്റെ പേരാണ്. ഇത്രയും വിചിത്രമായ ഒരു പേര് ഒരു മലയാളി ചുമന്നു കൊണ്ട് നടക്കുന്നല്ലോ എന്നല്ല എനിക്ക് തോന്നിയത്. ഇതല്ലെ ആ പഴേ അൻഷൂ? എന്നാണ്. വർഷങ്ങൾക്ക് മുൻപ് കലാലയകെട്ടിടത്തിന്റെ വലിയ തൂണുകളിൽ ചാരിയിരുന്ന് ഒരു പൊടിമീശക്കാരൻ കവിതകൾ എഴുതുമായിരുന്നു. അവസാന വർഷമായിട്ടും അവന്റെ മീശയ്ക്ക് വേണ്ടത്ര കരുത്തും കറുപ്പും ഉണ്ടായില്ല. “നിനക്ക് നല്ല കട്ടി മീശ ഉണ്ടാവട്ടെ” എന്നൊരു ആശീർവാദം ഓട്ടോഗ്രാഫിലെഴുതി വെച്ച് ഞങ്ങൾ പടിയിറങ്ങി വഴി പിരിഞ്ഞു പോയി. അതൊക്കെയും ചരിത്രം.
കോളേജിൽ വെച്ച്, കൊടിപിടിച്ചവരൊക്കെ മന്ത്രിയോ കുറഞ്ഞപക്ഷം എമ്മെല്ല്ലെയോ ആവുമെന്നായിരുന്നു ധാരണ. ആ ധാരണ പ്രകാരം, അൻഷു വലിയൊരു കവിയാകും എന്നായിരുന്നു എന്റെ വിശ്വാസം. കോളേജ് മാഗസിനിൽ അവന്റെ ഒരു കവിത വന്നിരുന്നു. പതിവു കവിതാ വിഷയങ്ങളെ വിട്ടു അവൻ മരപ്പട്ടിയെ കുറിച്ചായിരുന്നു എഴുതിയത്. രാത്രികളിൽ കുഞ്ഞുങ്ങളുമായി മതിലിലൂടെ പതിയെ നടന്നു പോകുന്ന മരപ്പട്ടിയെ കുറിച്ച് ഒരു കവിത. താഴെത്തട്ടിലെ മനുഷ്യ ജീവിതങ്ങളുമായി ബന്ധപ്പെടുത്തി, ആരെക്കെയൊ അതിനെ വലിയ കവിതയായി വാഴ്ത്തിയതും ഓർമ്മ വന്നു. അവൻ വ്യത്യസ്തനായിരുന്നു, എപ്പോഴും. എന്റെ ഒരു കഥയാണന്ന് മഷിപുരണ്ടത്. വിപ്ലവമായിരുന്നു വിഷയം. അതിനെപ്പോഴും മാർക്കറ്റുണ്ടല്ലോ?. ഞാൻ അൻഷൂനെ കുറിച്ചോർത്തു, അവന്റെ മരപ്പട്ടി കവിതയെ കുറിച്ചോർത്തു. അവൻ സ്നേഹിച്ച വെളുത്ത ക്രിസ്ത്യൻ പെൺകുട്ടിയെ കുറിച്ചോർത്തു, കൂട്ടത്തിൽ എന്റെ മൗനപ്രണയത്തെക്കുറിച്ചും. ചിന്തകളുടെ ഗുണമതാണ്. രഹസ്യമായി എത്ര നേരം വേണമെങ്കിലും ചിന്തിച്ചു കൊണ്ടിരിക്കാം. പത്രത്തിൽ കാണുന്ന പബ്ലിഷറുടെ നമ്പറിൽ വിളിച്ചു. ഒന്നു രണ്ടു വട്ടം കൈമാറി ഒടുവിൽ അൻഷുവിന്റെ ഫോൺനമ്പർ, വിലാസം ഒക്കെ ഒപ്പിച്ചു. അവനെ ചെന്നു കാണാം. അവനിപ്പോഴും മീശ വളർന്നിട്ടുണ്ടാവുമോ?. അതായിരുന്നു എനിക്കാദ്യം തോന്നിയത്. ഉണ്ടാവും. ഉണ്ടാവണം.
“ഒന്നു പുറത്ത് പോയിട്ട് വരാം”
ഞാൻ വീട്ടിനുള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു. ഇപ്പോഴവൾക്കൊരു പ്രാർത്ഥനയെ ഉള്ളു. പട്ടി കടി കിട്ടാതെ തിരിച്ചു വീട്ടിലേക്ക് തിരിച്ചു വരണേ എന്ന്. കർണ്ണാടകയിൽ നായയെ പൂജിക്കുന്ന ഒരു ക്ഷേത്രമുണ്ടത്രെ. ആരും ചെയ്തുപോകും. നമ്മുടെ കേരളത്തിലും വേണം. ഞാൻ ജീൻസെടുത്തു വലിച്ചു കയറ്റി. അതിപ്പോൾ എത്ര ഉഷ്ണമുള്ള കാലാവസ്ഥയായാലും ആ ഒരു ശീലത്തിൽ മാറ്റമില്ല. റിട്ടയർ ചെയ്തതോടെ ചെറുപ്പം ഒലിച്ചു പോകത്തൊന്നുമില്ലല്ലോ. പേഴ്സിനുള്ളിൽ അഞ്ഞൂറിന്റെ കുറെ നോട്ടുകൾ തിരുകി. പോക്കറ്റിൽ ഇരുപത്, അൻപത്, നൂറ് നോട്ടുകൾ. കുറച്ച് നാണയത്തുട്ടുകൾ. വെയിൽ തടയാൻ ഒരു തൊപ്പി. ആകെ മൊത്തം ഒരവലക്ഷണം. എങ്കിലും ഞാൻ തയ്യാറായി കഴിഞ്ഞു.
നടന്നു. ബസ്സുകൾ മാറി കയറി. ഓട്ടോ പിടിച്ചു. സ്ഥലത്തെത്തി. ഇത്രയേ പറയേണ്ടതുള്ളൂ. കഥയ്ക്ക് നീളം കൂട്ടാനായി യാത്രയ്ക്കിടയിലെ കാഴ്ച്ചകൾ മുഴുവനും പറയേണ്ട ഒരാവശ്യവുമില്ല. ഇനിയൊരു അഞ്ചു മിനിട്ട് നടത്തം. അത്ര കൂടിയേ ഉള്ളൂ. അൻഷുവിന്റെ കൊട്ടാരത്തിലേക്ക്. കൊട്ടാരം കണ്ടു. ഓടിട്ട കൊട്ടാരമാണ്. മുറ്റത്ത് ധാരാളം ചെടികളുണ്ട്. അതിന്റെയൊക്കെ പേരുകൾ അറിയാമെങ്കിലും പറയുന്നില്ല. കൊട്ടാരത്തിനു നീല ചായമാണ്. സ്വാഭാവികം! അതിലും നല്ലൊരു നിറം വേറേയേതാണ്?. മുൻവശത്ത് ഒരു ബൈക്കിരുപ്പുണ്ട്. അവന്റെ മയിൽ വാഹനം. പഴയ മോഡലാണ്. പക്ഷെ നല്ല ഓട്ടമുണ്ട്. ടയർ നിറയെ ചെളിയും പൊടിയും. ഞാൻ ‘അൻഷൂ’ എന്നുറക്കെ വിളിച്ചു. വിളി വീട്ടിനകത്തേക്കോടി കയറി പോയി. കുറച്ച് നേരത്തേക്ക് ഒരു ഒച്ചയുമില്ല. ഞാൻ വീണ്ടും ഒരു വിളി കൂടി വിക്ഷേപിക്കാൻ തയ്യറെടുത്തു. അപ്പോഴേക്കും ഒരിരുണ്ട ശരീരം ഇരുട്ടിൽ നിന്ന് പുറത്തേക്ക് വന്നു. ഇരുട്ടിൽ നിന്നും ഇരുട്ടിറങ്ങി വരുന്നതു പോലെയായിരുന്നു. അൻഷു! അവനിപ്പോൾ കട്ടിമീശമാത്രമല്ല, താടിയുമുണ്ട്. എന്നേക്കാൾ നരയുണ്ട്, തലയിലും താടിയിലും. ‘ആരാ?’ എന്നവന്റെ കണ്ണുകൾ കൊണ്ടുള്ള ചോദ്യത്തിനു ഞാനെന്റെ പേരു പറഞ്ഞു. പിന്നെ അവന്റെ ഓർമ്മകളെ ഉണർത്താൻ, മാഗസിനിലെ മരപ്പട്ടി കവിതയെ കുറിച്ചും എന്റെ വിപ്ലവ കഥയെ കുറിച്ചും. അപ്പോഴാണവന്റെ ഇടുങ്ങി പോയ പുരികം അയഞ്ഞത്. അവന്റെ മീശ മൂടിയ ചുണ്ടിനിടയിലൂടെ ഒരു ചിരി പുറത്തേക്ക് വന്നത്. എനിക്ക് സമാധാനമായി.
“നീ വാ”. അവൻ അടുത്ത നിമിഷം പഴയ അൻഷുവായി.
ഞാൻ അവന്റെ വീടിന്റെ അരമതിലിൽ ഇരുന്നു. അവൻ കസേരയിലും. നല്ല തണുപ്പുണ്ടവിടെ. എന്റെ മനസ്സു തണുത്തു. പിൻഭാഗവും. “നിന്റെ ബുക്കിന്റെ പരസ്യം കണ്ടു വന്നതാണ്” ഞാൻ മുഖവുരയൊന്നുമില്ലാതെ പറഞ്ഞു.
അവൻ ശബ്ദമില്ലാതെ ചിരിച്ചു.
“നീ വല്യ കവിയാകും എന്നാണ് ഞാൻ വിചാരിച്ചത്..നീ പിന്നീടൊന്നും എഴുതിയില്ലെ?“
ഒരു ചത്ത ചിരിക്ക് ശേഷം താടിയുഴിഞ്ഞു കൊണ്ടവൻ പറഞ്ഞു,
”എഴുതി..ഒരുപാട് കവിതകളെഴുതി..ഇപ്പോൾ എഴുതിയാൽ മാത്രം പോരല്ലോ..ഒന്നുകിൽ തെറി കവിതകളെഴുതണം..അല്ലേൽ വിവാദമുണ്ടാക്കണം..അതൊന്നും പറ്റിയില്ലെടാ..“
”നീ പിന്നെ എന്തിനാ ഈ ലൈംഗിക വിജ്ഞാന..ആ സംഭവം എഴുതിയത്?“
”സത്യത്തിൽ അതാർക്കും എഴുതാവുന്നതേയുള്ളൂ. മാർക്കറ്റ് സ്റ്റഡി ചെയ്ത ഒരു പബ്ലിഷർ എന്നോടെഴുതാമോ എന്നു ചോദിച്ചു. ഞാനെഴുതി. അതിനു വേണ്ട കാശും തന്നു. പുസ്തകം വിറ്റു പോയാൽ ഇനിയും കിട്ടുമായിരിക്കും“
”ഇതിനായി കുറേ കഷ്ടപ്പെട്ടിട്ടുണ്ടാവും അല്ലെ?“
”ഉം..മൂന്ന് വർഷത്തിലധികം“
”പക്ഷെ..ഇനി നീ അറിയപ്പെടാൻ പോകുന്നത്..ഇങ്ങനെ ഒരു പുസ്തകം എഴുതിയ ഒരാളെന്നാവില്ലെ?..നിനക്ക് കവിതകളൊക്കെ ഇനിയും എഴുതിക്കൂടെ?“
”കവിത എഴുതി ആരും ഇവിടെ ജീവിച്ചിട്ടില്ല..അല്ലേൽ സിനിമാപാട്ടെഴുതണം..അല്ലാതെ..കേരളത്തിൽ ദിവസവും ആയിരം കവിതകളെങ്കിലും കവികൾ എഴുതുന്നുണ്ട്..എവിടെയോക്കെയോ ഇരുന്ന്..അതൊക്കെ വായിച്ച് വായിച്ച്..ഏതാ ശരിക്കും കവിത എന്നു കൂടി ആൾക്കാർക്ക് മനസ്സിലാവാത്ത സ്ഥിതിയായി..അതൊക്കെ പോട്ടെ..നീ ഇപ്പൊ എന്തു ചെയ്യുന്നു?“
ഞാൻ നേരത്തെ റിട്ടയർമെന്റ് വാങ്ങി സ്വസ്ഥം സുഖവാസം ആരംഭിച്ച കാര്യം പറഞ്ഞു.
”ചായ കുടിക്കുമോ?“
അതു ചോദിച്ച് ഉത്തരം കൊടുക്കുന്നതിനു മുൻപ് അകത്തേക്ക് “ഒരു ചായ എടുക്ക് ശ്രീ” എന്നവൻ നീട്ടി വിളിച്ചു പറഞ്ഞു.
“നിനക്ക് കുട്ടികൾ?” ആ ഒരു ചോദ്യത്തോടെ ഞാനൊരു സാദാ മലയാളിയായി.
അവൻ തലകുനിച്ചിരുന്നു. അതു വിധിക്കു മുന്നിലോ, അവന്റെ പുരുഷത്വത്തിനു മുന്നിലോ അതോ എന്റെ മുന്നിലോ എന്നറിയില്ല.
“നിനക്കോ?”
“രണ്ട് പെൺകുട്ടികൾ” എന്ന് പറയുമ്പോൾ ..ചോദിക്കണ്ടായിരുന്നു എന്നു തോന്നി.
ഞാൻ അവനെ തന്നെ നോക്കിയിരുന്നു. ഇപ്പോൾ ചിലപ്പോൾ കേരളത്തിൽ ജീവിച്ചിരിക്കുന്നവരിൽ ലൈംഗികത യെ കുറിച്ച് ഒരവസാനവാക്ക് പറയാൻ കഴിവുള്ള ഒരാളുടെ മുന്നിലാണ് ഞാനിരിക്കുന്നത്. അവനിപ്പോൾ ഇതൊക്കെയും ഒരു വലിയ തമാശയായിരിക്കും. ഒരു തരം മരവിപ്പായിരിക്കും.
“നീ വാ. നമുക്ക് ഈ പറമ്പൊക്കെ ഒന്നു കാണാം”. അവന്റെ പറമ്പിലൂടെ നടക്കാൻ ഞാനാണ് ക്ഷണിച്ചത്. അവൻ തോർത്തെടുത്ത് കഴുത്ത് തുടച്ച് കൊണ്ട് പുറത്തേക്കിറങ്ങി. എന്റെ തൊപ്പിയും ജീൻസും..അവലക്ഷണം..എനിക്ക് പക്ഷെ തൊപ്പിയൂരാൻ തോന്നിയില്ല. പാതി വെളുത്ത മുടി മറയ്ക്കാനുമതുപകരിക്കും. എല്ലാം മറയ്ക്കണം. അത് ശീലമായി പോയി.
മണ്ണിലിറങ്ങിയപ്പോൾ നല്ല സുഖം. മണ്ണിരകൾ മണ്ണു കുഴിച്ചിട്ടിരിക്കുന്നത് കണ്ടു. അതുങ്ങൾക്ക് വേറേ പണിയൊന്നുമില്ലല്ലൊ.
“ഇതു സ്ത്രീധനമായിട്ട് കിട്ടിയതാ” പറമ്പിലൂടെ കണ്ണോടിച്ചു കൊണ്ട് അൻഷു പറഞ്ഞു.
“ഇപ്പോ കുറെ കപ്പേം വാഴേം ചേനേം ഒക്കെയുണ്ട്..ഇപ്പോ ജൈവമല്ലെ ഫാഷൻ..ഇവിടെ അതേയുള്ളൂ“ അതു പറഞ്ഞു അൻഷു ചിരിച്ചു.
ഞാൻ കണ്ടു, കുത്തിനിർത്തിയ കപ്പത്തണ്ടുകൾ, കുട പിടിച്ചു നിലക്കുന്ന ചേനകൾ, കൈയാട്ടി കളിക്കുന്ന വാഴകൾ. സുന്ദരം. ചെറുയ്തായി അസൂയ മുളച്ചു തുടങ്ങിയോ എന്നു സംശയം.
”നീ കുട്ടികളെ കുറിച്ച് ചോദിച്ചില്ലെ?“
ഞാനൊന്നും മിണ്ടിയില്ല. ചോദിച്ചതിന്റെ ക്ഷീണം ഇതു വരെ മാറിയിട്ടില്ല.
”കുറെ ടെസ്റ്റുകളൊക്കെ നടത്തി നോക്കി. നമുക്ക് രണ്ടാൾക്കും ഒരു കുഴപ്പവുമില്ല. പക്ഷെ എന്തോ..നമുക്ക് കുഞ്ഞുങ്ങളുണ്ടാകുന്നില്ല.. ഞാനിങ്ങനെ..ആർക്കോ വേണ്ടി..ചില പുസ്തകങ്ങളൊക്കെ എഴുതി..വെറുതെ..“
അവൻ തുടർന്നു,
”നമ്മൾ വിചാരിക്കും നമുക്കൊക്കെ എല്ലാമറിയാമെന്ന്..സത്യത്തിൽ നമുക്കൊന്നും അറിഞ്ഞൂടടാ..എങ്ങനെയാ ഒരു കുഞ്ഞ് ജനിക്കുന്നതെന്നും എങ്ങനെയാ ഒരു കുഞ്ഞ് ജനിക്കാതിരിക്കുന്നതന്നും..എല്ലാം എങ്ങനെയൊക്കെയോ സംഭവിക്കുകയാണ്“
ഒരു നിമിഷം ഞാൻ പ്രീഡിഗി ക്ലാസ്സിൽ ബെഞ്ചുകൾക്കിടയിലൂടെ ആരും കാണാതെ കൈമാറിയ തുണ്ടുപുസ്തകങ്ങളെ കുറിച്ചോർത്തു.
”നീ ചോദിച്ചില്ലെ എന്തിനാ ഇങ്ങനെ ഒരു പുസ്തകം എഴുതുന്നതെന്ന്?..ശരിക്കും ഇതല്ലായിരുന്നു ഞാനെഴുതേണ്ടിയിരുന്നത്..ജീവനെ കുറിച്ചായിരുന്നു എഴുതേണ്ടിയിരുന്നത്. പക്ഷെ ജീവിച്ചിരിക്കുന്നവർക്ക് പോലും ജീവനെ കുറിച്ചൊന്നുമറിയില്ലല്ലോ!“ അതു പറഞ്ഞവൻ ചിരിച്ചു.
എനിക്ക് വിളറിയ ഒരു ചിരിയുമായി നില്ക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.
“മുൻപൊക്കെ ഞാനവളുമായി കുഞ്ഞിനെ കുറിച്ച് സംസാരിക്കുമായിരുന്നു..അവള് പാവമാ..ഇപ്പൊ അതു സംസാരിക്കാൻ കൂടി ഞങ്ങൾക്ക് കഴിയില്ല. ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്നുണ്ടായിരുന്നു. പക്ഷെ എല്ലാം മറച്ച് പിടിച്ച്, രഹസ്യങ്ങളുമായി ജീവിക്കാൻ വയ്യ..”
“നീ ഇപ്പൊ വന്നത് നന്നായി..കുറെ നാളായി ആരോടെങ്കിലും ഇതു പോലെയൊക്കെ ഒന്നു സംസാരിച്ചിട്ട്..”
പറമ്പിലൂടെയൊരു പ്രദക്ഷിണം ഞങ്ങളപ്പോഴേക്കും പൂർത്തിയാക്കിയിരുന്നു.
വീണ്ടും വീട്ടുമുറ്റത്തെത്തിയപ്പോൾ അരമതിലിൽ രണ്ടു ഗ്ലാസ്സുകൾ ഇരിക്കുന്നത് കണ്ടു. ആവി ഉയരുന്നുണ്ട്. സമീപത്തായി ഒരു സ്ത്രീ രൂപവും.
ഞാൻ അവരെ നോക്കി ചിരിച്ചു. എന്നെ നോക്കി മുൻപരിചയമുള്ളത് പോലെ അവർ ചിരിച്ചു.
ചായ കുടിക്കുമ്പോൾ ഞാൻ പറഞ്ഞു,
“നിന്റെ പുസ്തകം..അതെനിക്ക് വേണം..ഞാൻ കാശ് കൊണ്ട് വന്നിട്ടുണ്ട്..”
അവൻ നിശ്ശബ്ദനായി അകത്തേക്ക് പോയി പുസ്തകങ്ങൾ ഒരു പ്ലാസ്റ്റിക് സഞ്ചിയിലാക്കി കൊണ്ടു വന്നു. ഞാൻ ഉയർത്തി നോക്കി. ഭാരമില്ല എന്നു പറയാനാവില്ല.
പിന്നീടധികനേരം ഞാനവിടെ നിന്നില്ല. ചായക്കും സ്നേഹത്തിനും നന്ദി പറഞ്ഞു ഞാൻ നടന്നു.
ബസ്സ് കാത്ത് നില്ക്കുമ്പോൾ ഞാൻ കവറിനുള്ളിലെ പുസ്തകങ്ങളെ കുറിച്ചാലോചിച്ചു. ഇതൊന്നും ഞാൻ തുറന്നു നോക്കാൻ പോകുന്നില്ല. തുറന്നു നോക്കാൻ തോന്നുന്നില്ല. പൊടുന്നനെ എന്റെ ചിന്തകളും നരച്ചു പോയിരിക്കാം. ജീവന്റെ പുസ്തകത്തെ കുറിച്ച് ആരുമെഴുതിയിട്ടുണ്ടാവില്ല. എഴുതുകയുമുണ്ടാവില്ല. എല്ലാം വെറുതെയാണ്. എങ്ങനെയോ സംഭവിച്ചു പോകുന്നതാണ്. അൻഷു പറഞ്ഞതാണ് ശരി. അല്ലെങ്കിലും കവികൾ ശരികളെ പറഞ്ഞിട്ടുള്ളൂ. അപ്പോഴേക്കും എന്റെ ബസ്സ് വന്നു.
വായനക്കാരെ, നിങ്ങൾക്ക് എരിവു ചേർത്ത ഒരു വിഭവമാണ് ഞാൻ തയ്യാറാക്കാനുദ്ദേശിച്ചത്. പക്ഷെ എന്റെ നരച്ച ചിന്തകൾക്ക് ഇത്രയുമൊക്കെയെ ഇപ്പോൾ തയ്യാറാക്കാൻ കഴിഞ്ഞുള്ളൂ. സദയം ക്ഷമിക്കുക..ഇനി കുറച്ച് നേരം ഞാൻ വെറുതെ പുറത്തേക്ക് നോക്കിയിരിക്കട്ടെ.
ReplyDeleteസാബുച്ചേട്ടാ,
വളരെ നന്നായി.കഠിനമായി പ്രതീക്ഷിച്ചല്ലാ വായിക്കാൻ വന്നത്.പ്രതീക്ഷ പോലെ നല്ലൊരു തലത്തിലുള്ള മനോഹര കഥ.ആശംസകൾ!!.
********************************
ഇനി ഞാൻ മലയാളിയാകട്ടെ(കഥയെ നിരൂപിക്കാൻ പോകുവാന്ന്)
ആക്ഷേപമാണുദ്ദേശിച്ചിരുന്നെങ്കിൽ ഇച്ചിരൂടെ ആകാമായിരുന്നു.
അൻഷുമനുഷ്യൻ ഇനി അടുത്ത ബുക്ക് ഇറക്കുന്നത് ഏതെങ്കിലും ജ്യോതിഷഗവേഷണകേന്ദ്രത്തിനു വേണ്ടിയായിരിക്കും(മക്കളുണ്ടാകാത്തവർക്കായി പ്രത്യേക അനുഷ്ഠാനങ്ങൾ അടങ്ങുന്ന ബുക്ക് 13 വോള്യങ്ങൾ) എന്നോ മറ്റോ ഒരു ഹിന്റ് കഥയുടെ എവിടെയെങ്കിലും കൊടുക്കാമായിരുന്നു.
അൻഷുമാന്റെ ഭാര്യയെ സ്ത്രീരൂപം എന്ന് വിളിച്ചത് ശരിയായില്ല.
എന്നിരുന്നാലും ആകെ മൊത്തം ടോട്ടൽ 7/10 തരും.
ഉപ്പും മുളകും ഉണ്ടെങ്കിലും കുറച്ച്
ReplyDeleteകൂടി മസാല ചേർത്തെത്തിൽ നല്ല കിണ്ണങ്കാച്ചി
ടേസ്റ്റ് ആയേനെ
എരിവു ചേര്‍ത്ത വിഭവം കിട്ടാത്തതിനാല്‍ സദയം ക്ഷമിച്ചിരിക്കുന്നു. നല്ല ഒഴുക്കോടെ വായിക്കാന്‍ പറ്റി. ഇടയ്ക്കിടെ നമ്മുടെ വര്‍ഗത്തിനിട്ടു ചെറിയ കൊട്ട് കൊടുക്കുന്നുണ്ടല്ലോ. ആശംസകള്‍....
ReplyDeleteസർക്കാസം നന്നായി. പറഞ്ഞ രീതിയും കൊള്ളാം (അല്പം ഫിലാസോഫിക്കലാണ്) കുഴപ്പങ്ങൾ അധികമില്ലാത്ത കഥ. നല്ല കഥ. ഉയരട്ടെ !!
ReplyDeleteനന്നായി സാബു. കഥ അവതരിപ്പിച്ച രീതി ഇഷ്ടായിട്ടോ...
ReplyDeleteനല്ല കഥ. എഴുത്തിന്റെ ശൈലിയും നല്ലത്.
ReplyDeleteഅവസാനത്തെ "ഇതൊന്നും ഞാൻ തുറന്നു നോക്കാൻ പോകുന്നില്ല" എന്ന പ്രസ്താവന അസ്ഥാനത്തായി. അർത്ഥമില്ലാത്ത അത് കഥയിൽ നിന്നും വേറിട്ട് നിൽക്കുന്നത് പോലെ തോന്നി.
അവസാനമായി വായനക്കാരെ വീണ്ടും അഭിസംബോധന ചെയ്യേണ്ടായിരുന്നു എന്ന് തോന്നി. അൻഷുവിനെ കണ്ടതിനു ശേഷം അവന്റെ കഥ കേട്ടതിനു ശേഷം കഥ മറ്റൊരു തലത്തിലേയ്ക്ക് ഉയരണം. അവസാന ഖണ്ഡിക വരെ അങ്ങിനെ ഒരു അനുഭവം വരുകയും ചെയ്തു. അത് കൊണ്ടാണ് വീണ്ടും വായനക്കാരുടെ അടുത്തേയ്ക്കു വരേണ്ടിയിരുന്നില്ല എന്ന് പറഞ്ഞത്. " നരച്ച ചിന്തകളെ അലയാൻ വിട്ടു ഞാൻ വെറുതെ പുറത്തോട്ടുനോക്കിയിരുന്നു.," എന്ന് പറഞ്ഞു അവസാനിപ്പിച്ചിരുന്നവെങ്കിൽ കഥ കുറേക്കൂടി മനോഹരമായേനെ.
കഥ ഇഷ്ടമായി. അതവതരിപ്പിച്ച രീതി അതിലേറെ. സൂപ്പര്‍
ReplyDelete