Please use Firefox Browser for a good reading experience

Thursday 22 April 2021

സൂസിയും അപ്പച്ചനും


ഉറക്കമുണർന്ന് വല്ല വിധത്തിലും എഴുന്നേറ്റ് കിടക്കയിൽ ഇരുന്നതേയുള്ളൂ. മറിയ വിളിച്ചുണർത്താത്തത് കൊണ്ട് വൈകി. എവിടെ അവൾ? അപ്പച്ചാ എന്നും വിളിച്ച് വരുന്നതാണല്ലോ. അടുക്കളയിലോ പറമ്പിലോ ആയിരിക്കും അവൾ എന്നയാൾ ഊഹിച്ചു.
‘ആഹാ! അപ്പച്ചൻ നേരത്തെ ഉണർന്നോ?’
പരിചയമില്ലാത്ത ശബ്ദം കേട്ടിടത്തേക്ക് വൃദ്ധൻ മുഖം തിരിച്ചു നോക്കി. ചോദ്യം ചോദിച്ച ആളെ തന്നെ സൂക്ഷിച്ചു നോക്കി ഇരുന്നു.  
അയാളുടെ നോട്ടം ശ്രദ്ധിച്ച് സൂസി ആശ്ചര്യഭാവത്തോടെ പറഞ്ഞു,
‘അപ്പച്ചനെത്താത്തിനാ കാണാത്ത പോലെ ഇങ്ങനെ മിഴിച്ചു നോക്കുന്നെ? ഇത് അപ്പച്ചന്റെ സൂസി മോളാ.. ഇന്നലെ നൈറ്റ് ഞാനും ജോജിച്ചായനും വന്ന കാര്യം അപ്പോഴേക്കും മറന്നോ?’
അയാൾ ആ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു. ഇല്ല, ഇന്നലെ സൂസിയും അവളുടെ ഭർത്താവ് ജോജിയും വന്നതായി ഓർക്കുന്നില്ല. മറിയ എവിടെ?
‘മറിയ?...അവളെവിടെ?’ അയാൾ ദുർബ്ബലശബ്ദത്തിൽ ചോദിച്ചു.
‘അത് കൊള്ളാം! അപ്പച്ചൻ തന്നെയല്ലെ പറഞ്ഞത് എന്റെ സൂസി മോള്‌ വന്നല്ലോ.. മറിയ പോയേച്ച് ഒരാഴ്ച്ച കഴിഞ്ഞ് വന്നാ മതിയെന്ന്‌’
‘ഇനി ഞങ്ങള്‌ അപ്പച്ചനോടൊപ്പം ഇവിടെ തന്നെ ഒണ്ടാവും...എങ്ങോട്ടും പോവത്തില്ല. അതാ തീരുമാനം. ചുമ്മാതെ അങ്ങ് അമേരിക്കയിൽ കെടന്ന് കൊറേ കാശൊണ്ടാക്കീട്ട് എന്നാത്തിനാ?’ ജോജിയും സംസാരത്തിൽ പങ്കുചേർന്നു.
അപ്പച്ചൻ സൂസിക്ക് സമീപം നിന്ന മധ്യവസ്ക്കന്റെ നേർക്ക് കണ്ണ്‌ തിരിച്ചു കുറച്ച് നേരം നോക്കി ഇരുന്നു. എന്നിട്ട് അവളുടെ നേർക്ക് നോക്കി ചോദിച്ചു,
‘സൂസി...സൂസി എവിടെ?’
ചോദ്യം കേട്ട് അവൾ വാ പൊത്തി ഒരു നിമിഷം നിന്നു.
അപ്പച്ചനെ നോക്കി നില്ക്കുമ്പോൾ പതിയെ അവളുടെ കണ്ണ്‌ നിറഞ്ഞു.
‘എന്റെ ഈശോയേ...അപ്പച്ചാ... ഇങ്ങനെയൊന്നും ചങ്കി കൊള്ളണ മാതിരി പറയല്ലെ...ഇതപ്പച്ചന്റെ സൂസിയാ...മനസ്സിലായില്ലെ?... ഇത് ജോജിയും’ അതു പറഞ്ഞ് അടുത്തേക്ക് വന്ന ആളുടെ നേർക്ക് അവൾ മുഖം തിരിച്ചു.
ടീഷർട്ടും ഷോർട്ട്സും ധരിച്ച അയാൾ അപ്പച്ചനെ നോക്കി ചിരിച്ചു.
അപ്പച്ചൻ തന്നോട് തന്നെ പറയും വിധം പതിയെ പറഞ്ഞു,
‘ജോജി...’
ജോജി, ഷേവ് ചെയ്ത് മിനുസമാക്കിയ സ്വന്തം കവിൾ തഴുകി കൊണ്ട് പറഞ്ഞു,
‘അപ്പച്ചാ... ഞാൻ മീശേം താടീം ഷേവ് ചെയ്തത് കൊണ്ടാ... ഇന്നലെ രാത്രീം അപ്പച്ചൻ ഇതു പോലെ നോക്കി നിന്നു...നമ്മളൊന്നിച്ച് ഡിന്നർ കഴിച്ചതൊക്കെ മറന്നോ?!’ 
അയാൾ മറന്നെന്നോ ഇല്ലെന്നോ പറഞ്ഞില്ല. പകരം മുഖം തിരിച്ച് തലേന്നത്തെ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു.
ചുവരിൽ തൂക്കിയിട്ടിരുന്ന ചിത്രങ്ങൾ കണ്ണുകൾ കൊണ്ട് തിരഞ്ഞു.
എവിടെ സൂസി മോൾടെ ഫോട്ടോ?
‘എന്റെ മോൾടെ ഫോട്ടോ..’
‘അപ്പച്ചന്റെ മോളല്ലെ ഇവിടെ മുന്നില്‌് വന്നു നിക്കണെ... ഇനി എന്നാത്തിനാ ഫോട്ടോ?! അപ്പച്ചൻ എണീറ്റ് വന്നെ.. നമുക്ക് പുറത്തൊന്ന് നടന്നേച്ച് വരാം‘ അവൾ മുന്നോട്ട് ചെന്ന് അയാളുടെ കൈയ്യിൽ പിടിച്ചു.
ഒപ്പം ചെല്ലണോ? കൈ വിടുവിക്കണോ?
മനസ്സില്ലാമനസ്സോടെ അയാൾ പതിയെ കട്ടിൽ വിട്ടെഴുന്നേറ്റ് അവൾക്കൊപ്പം നടന്നു. ജോജി അതും നോക്കി ഒരു നിമിഷം കൗതുകത്തോടെ നിന്നു. പിന്നീട് ഷോർട്സിൽ കൈകൾ തിരുകി മുറിക്ക് പുറത്തേക്ക് നടന്നു.

ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് ഊണു മേശയ്ക്കരികിൽ ഇരിക്കുമ്പോഴേക്കും അയാൾ സന്തോഷവാനായി കഴിഞ്ഞിരുന്നു.
‘സൂസി മോളെ...അപ്പച്ചന്‌ ഈയിടെയായി ഓർമ്മ കൊറവാ...അതോണ്ടാ..’ അയാൾ പശ്ചാത്താപത്തോടെ പറഞ്ഞു.
‘അറിയാം അപ്പച്ചാ...അതല്ലെ ഞാൻ എല്ലാം വിട്ടേച്ച് പോന്നത്. ഇനി കൂടെ ഉണ്ടാവും എപ്പോഴും. ഈ വലിയ വീട്ടിൽ അപ്പച്ചനെ ഒറ്റക്ക് വിട്ടേച്ച് അവിടെ പോയി കിടക്കണത് എന്നാത്തിനാ? ഒറ്റ ദെവസം പോലും സമാധാനത്തോടെ ഒറങ്ങാൻ പറ്റീട്ടില്ല’
അവൾ തിരിഞ്ഞ് അടുക്കളിയിലേക്ക് പോയി.
തിരികെ വരുമ്പോൾ ആവി പറക്കുന്ന ഒരു പാത്രമുണ്ടായിരുന്നു കൈയ്യിൽ.
‘ഇതാ അപ്പച്ചന്‌ ഇഷ്ടമുള്ള മൊട്ടക്കറി’ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
‘അമ്മച്ചീടെ കൂട്ടാ.. എന്നാലും അമ്മച്ചി ഒണ്ടാക്കി പോലെ എന്നെകൊണ്ട് ഒക്കത്തില്ല.. അപ്പച്ചന്‌ വേണ്ടി കൊറച്ച് എരി കൊറച്ചിട്ടുണ്ട്.. ജോജിച്ചായനാണേൽ എല്ലാത്തിനും നല്ല എരി വേണം!’
അപ്പച്ചൻ അത് കേട്ട് ചിരിച്ചു.
‘ഞാൻ അപ്പം എടുത്തേച്ച് ഇപ്പൊ വരാവേ’ അതു പറഞ്ഞ് തിരക്ക് പിടിച്ച് അവൾ അടുക്കളയിലേക്ക് വീണ്ടും തിരിഞ്ഞു നടന്നു.
ജോജി അപ്പോഴെക്കും കൈ കഴുകി വന്നു കഴിഞ്ഞിരുന്നു.
‘അപ്പച്ചാ, സൂസി രാവിലെ തന്നെ അപ്പച്ചന്റെ ഫേവറേറ്റ് അപ്പവും മുട്ടക്കറിയും ഉണ്ടാക്കീട്ടുണ്ട്... അപ്പച്ചന്‌ വേണ്ടതെന്താന്ന് പറഞ്ഞേച്ചാ മതി ഞങ്ങള്‌ സാധിച്ചു തരാം’
വരം കിട്ടിയവന്റെ മുഖഭാവവുമായി അപ്പച്ചൻ കുറച്ച് നേരം ഇരുന്നു.
പിന്നെ പതിയെ പറഞ്ഞു,
‘എനിക്ക്... നമ്മടെ തോടിന്റെ കരേല്‌ പോയി കൊറച്ച് നേരം ഇരിക്കണം’
ജോജി അത് കേട്ട് കുറച്ച് നേരം അപ്പച്ചനെ തന്നെ സൂക്ഷിച്ചു നോക്കി ഇരുന്നു.
‘ഉം...അപ്പച്ചന്‌ അമ്മച്ചിയെ ഓർമ്മ വരുന്നു അല്ലെ?.. പോകാം..വൈകിട്ട് പോവാം..വെയില്‌ താഴട്ടെ. ഞാൻ മാർക്കറ്റിൽ പോയി നല്ല മീൻ വല്ലതും കിട്ടുവോന്ന് നോക്കാം.. അപ്പച്ചന്‌ ചാളയല്ലെ ഇഷ്ടം?’
അത് കേട്ട് അയാളുടെ കണ്ണുകൾ വിടർന്നു.
‘സൂസി എല്ലാം പറഞ്ഞു തന്നിട്ടുണ്ട്!’ ജോർജ്ജ് ചിരിച്ചു.

സൂസി വിളമ്പിക്കൊടുത്ത അപ്പവും മുട്ടക്കറിയും കഴിക്കുന്നതിനിടയിൽ ജോജി പറഞ്ഞു,
‘ഇനി വല്ല ബിസിനസ്സും ചെയ്ത് ഇവിടങ്ങ് കൂടണം എന്നാ വിചാരിക്കുന്നെ. സ്റ്റേറ്റ്സിലെ കാര്യമൊക്കെ നോക്കാൻ ആൾക്കാരെ ഏർപ്പാടാക്കീട്ടൊണ്ട്. കൊറച്ച് പറമ്പ് വാങ്ങിയേച്ച് വല്ലോം കൃഷി ചെയ്താലോ എന്നൊരു പ്ലാനുണ്ട്. ഇവിടൊള്ള കൊറെ പേർക്ക് പണീം കൊടുക്കാവല്ലോ’
അപ്പച്ചന്‌ ആ ആശയം ഇഷ്ടമായി. അയാൾ ചിരിച്ചോണ്ട് തല കുലുക്കി.
എന്തൊരാശ്വാസം. എത്ര നാളായി ആശിക്കണതാണ്‌, സൂസി മോള്‌ വന്ന് കൂടെ താമസിക്കണമെന്നത്. പിള്ളേര്‌ വലുതാവുമ്പോ വിട്ടേച്ച് പോവും അതൊക്കേം കർത്താവ് തമ്പുരാന്റെ കൈയ്യിലല്ലെ.. അവര്‌ പോയി അവരുടെ ജീവിതം ജീവിക്കട്ടെ.. മുൻപ് മറിയാമ്മ പറയുമായിരുന്നത് അയാൾ ഓർത്തു.
‘അപ്പച്ചനിതെന്താ ആലോചിച്ചോണ്ടിരിക്കുന്നത്? ഒരപ്പം കൂടെ ഇടട്ടെ?‘ സൂസി ഒരെണ്ണം എടുത്ത് നീട്ടിയപ്പോൾ ആലോചനകളുടെ നൂലുകൾ പൊട്ടിയടർന്നു.
അപ്പച്ചൻ സൂസിയെ തടയാൻ ശ്രമിച്ചില്ല. എത്ര നാളായി നാവ് ഈ രുചി അറിഞ്ഞിട്ട്. മറിയാമ്മേടെ കൈപ്പുണ്യം മുഴുക്കേം ഇവൾക്ക് കിട്ടീട്ടുണ്ട്.
’കാപ്പി കുടിച്ചേച്ച് അപ്പച്ചൻ ഒന്ന് പോയി കെടന്നോ. ഞാൻ ഇവിടൊക്കെ ഒന്നു വൃത്തിയാക്കട്ടെ.. പിന്നാമ്പുറം അപ്പടി ചപ്പും ചവറുമാ.. ഉച്ച കഴിഞ്ഞേച്ച് പൊറത്ത് പോവാം. പറ്റുവാണെ നാളെ ഒരു ചെക്കപ്പിനു പോവാം. ഇനി ഞാൻ ഇവിടെ ഒണ്ടല്ലോ.. തെരക്കൊന്നുമില്ലല്ലോ‘ 
പതുപതുത്ത അപ്പവും, സൂസിയുടെ സ്നേഹം നിറഞ്ഞ മൃദുലമായ വാക്കുകളും അപ്പച്ചന്‌ ഒരു പോലെ രുചിച്ചു.

ഭക്ഷണം കഴിഞ്ഞ് അപ്പച്ചൻ ചിരിച്ചു കൊണ്ടാണ്‌ കിടക്കാൻ പോയത്. പകലായത് കൊണ്ടും, മനസ്സ് നിറയെ ആലോചനകൾ തിരക്കിട്ട് വന്നു കയറിയത് കൊണ്ടും കണ്ണടച്ച് കിടക്കാൻ ആയില്ല. ഒരോന്നും ഓർത്തോർത്ത് കിടന്നു. പിന്നെപ്പോഴോ ഉറങ്ങി പോയി.

ഉച്ച ആവുമ്പോൾ സൂസി തന്നെയാണ്‌ വിളിച്ചുണർത്തിയത്. മുറി മുഴുക്കയും നല്ല മണം! പൂക്കൾ വാരി വിതറിയത് പോലെ. അയാൾക്ക് തന്റെ ആദ്യരാത്രിയുടെ ഓർമ്മ വന്നു. മറിയാമ്മെ മിന്നു കെട്ടി കൊണ്ടു വന്ന ദിവസം! ആദ്യരാത്രിയുടെ മണം!
’അപ്പച്ചാ ഇത് അവിടന്ന് കൊണ്ട് വന്ന റൂം ഫ്രഷ്ണറാ...മുറീലെ വാട ഒക്കെ പോവും‘
അപ്പച്ചൻ മൂക്ക് വിടർത്തി. എന്നാ നല്ല മണമാ! 
‘ഊണ്‌ കഴിക്കണ്ടായോ? അപ്പച്ചൻ ശരിക്കങ്ങ് ഒറങ്ങിയല്ലോ!’
അയാൾക്ക് അത് കേട്ടപ്പോൾ ചെറിയ സങ്കോചം ഉണ്ടായി. പകലുറക്കം പതിവില്ലാത്തതാണ്‌. മോളും മരുമോനും വന്നപ്പോ വയറ്‌ നെറച്ച് കഴിച്ച് അറിയാതെ ഉറങ്ങി പോയല്ലോ. അയാൾ സ്വയം പരിഭവിച്ചു.

‘ജോജിച്ചായൻ നല്ല കരിമീൻ വാങ്ങി വന്നിട്ടുണ്ട്. തോട്ടീന്ന് ചൂണ്ടയിട്ട് പിടിച്ചതാ.. നല്ല വെല കൊടുത്തങ്ങ് വാങ്ങി. ഇതാവുമ്പോ ഫ്രഷായിട്ട് വെക്കാം. ഞാൻ രണ്ടെണ്ണം അപ്പച്ചനായിട്ട് പൊരിച്ചു. ബാക്കിയൊള്ളത് വൈകിട്ട് പൊള്ളിക്കാം’
അത് കേട്ട് അയാൾക്ക് ഉത്സാഹമായി. എത്രനായി പൊള്ളിച്ച കരിമീൻ കഴിച്ചിട്ട്! മറിയക്ക് ആകെ ഒണ്ടാക്കാൻ അറിയാവുന്നത് കോഴിക്കറീം പോത്ത് വരട്ടിയതുമാണ്‌. അതും വല്ലപ്പോഴും. അവളെ കുറ്റം പറയാനൊക്കത്തില്ല. ഇതൊന്നും അധികം കഴിക്കാൻ പാടില്ലെന്നല്ലെ ഡോക്ടറ്‌ പറഞ്ഞിട്ടുള്ളത്?

അപ്പച്ചന്റെ മനസ്സ് വായിച്ചത് പോലെ സൂസി പറഞ്ഞു,
‘അപ്പച്ചാ...ഇത് ഇന്നു മാത്രമേ ഒള്ളൂ.. മാസത്തിൽ ഒറ്റത്തവണ...കേട്ടോ?’ 
സൂസിയുടെ, അല്പം അധികാരം കലർന്ന സ്നേഹസ്വരം കേട്ടപ്പോൾ അയാൾ അറിയാതെ ചിരിച്ചു പോയി.

‘അപ്പച്ചൻ ചിരിച്ചോണ്ടിരിക്കാതെ ഇങ്ങോട്ടെണീറ്റ് പോന്നെ!’

വൈകിട്ട്, ആഗ്രഹം പറഞ്ഞത് പോലെ സൂസിയും ജോജിയും ചേർന്ന് അപ്പച്ചനെ തോട്ടിൻ കരയിൽ കൊണ്ടു പോയി. സുഗന്ധം പൂശിയ, പുതിയ കുപ്പായമൊക്കെ ഇട്ട്, കായലിന്റെ കരയിലൂടെ സൂസി മോൾടെ കൈയ്യും പിടിച്ച് നടക്കുമ്പോൾ അപ്പച്ചന്റെ മനസ്സ് നിറയെ ആനന്ദം നിറഞ്ഞു. ഓർമ്മകൾ ഇരച്ചാർത്തു വന്നു. മറിയാമ്മേടെ കൈയ്യും പിടിച്ച് എത്ര വട്ടം വന്നിട്ടുള്ളതാണ്‌ ഈ വഴിയൊക്കെ. പലതും മറന്നു പോകുന്നു. ഓർമ്മകളും പേരുകളും കാഴ്ച്ചകളും. വല്ലപ്പോഴും നാവിൻ തുമ്പത്ത് പഴയൊരു രുചിസ്പർശം ഉണ്ടാകുമ്പോൾ, പഴയൊരു ഗന്ധം തിരിച്ചറിയുമ്പോൾ, പഴയൊരു പാട്ട് കേട്ടറിയുമ്പോൾ...അപ്പോഴൊക്കെയാണ്‌ ഓർമ്മകൾ ഉണരുന്നത്, ഉയിർത്തെഴുന്നേൽക്കുന്നത്. ചിതൊക്കെ നിത്യനിദ്ര പ്രാപിച്ചു കഴിഞ്ഞിട്ടുണ്ടാകും, ഒന്നിനും ഒരിക്കലും ഉണർത്താനാവാത്ത വിധം.
സൂസി മോള്‌ തിരികെ വന്നല്ലോ. ചിലപ്പോൾ പതിയെ എല്ലാം ഉണരുമായിരിക്കും.

സൂസിയുടെ കൈയ്യും പിടിച്ച് അപ്പച്ചൻ അടിവെച്ചടിവെച്ച് നടക്കുന്നതും നോക്കി ജോജി തെങ്ങും ചാരി നിന്നു. എത്ര ശാന്തമായൊരിടം. കായല്‌ കയറി വന്നൊരു തണുത്ത കാറ്റ് അയാളെയും തഴുകി കടന്നു പോയി.

രാത്രി, കരിമീൻ പൊള്ളിച്ചതും കൂട്ടി അത്താഴവും കഴിച്ച് അപ്പച്ചൻ ഉറങ്ങാൻ പോയി. ഈട്ടിയിൽ പണിത കിടക്കയിൽ കിടന്ന് പതിവ് പോലെ കുരിശ് വരച്ച് പ്രാർത്ഥിച്ചു. ചുവരിൽ ചിരിച്ചു കൊണ്ടിരിക്കുന്ന മറിയാമ്മയെ നോക്കി മനസ്സിൽ ഇപ്രകാരം പറയുകയും ചെയ്തു:
നമ്മള്‌ അത്ര ഭാഗ്യം കെട്ടവരൊന്നും അല്ല മറിയേ.. നീ തന്നേച്ചു പോയ നമ്മട സൂസി മോള്‌ എന്നെ പൊന്നു പോലാ നോക്കുന്നെ. പാപം ചെയ്യാത്തോരെ കർത്താവ് കഷ്ടപ്പെടുത്തുകേലാന്ന് നീ എപ്പഴും പറയില്ലാരുന്നോ? ഇന്ന് ഈ ഭൂമിമലയാളത്തില്‌ ഏറ്റവും സന്തോഷിക്കുന്നവൻ ഈയുള്ളവനായിരിക്കും. ഈശോയെ സ്തോത്രം!

നാളെ ചെക്കപ്പിനു കൊണ്ടു പോകാമെന്ന് സൂസി മോള്‌ പറഞ്ഞിട്ടുണ്ട്. കാലത്തെ എഴുന്നേൽക്കണം. അപ്പച്ചൻ ചിരിച്ചോണ്ട് ഉറക്കത്തിലേക്ക് പോയി. 

‘അല്ല, നീ ഇങ്ങനെ കെടന്ന് ഉറങ്ങിയാലെങ്ങനെയാ? വല്ലതും പറഞ്ഞോണ്ടിരുന്നെങ്കിൽ ഞാൻ ഉറങ്ങി പോവുമെ!’
ജോജി സൂസിയോട് ഇങ്ങനെ പറയുമ്പോൾ നേരം നല്ലോണം ഇരുട്ടിയിരുന്നു.
ഉറക്കം വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് അവൾ ഞരങ്ങി കൊണ്ട് എഴുന്നേറ്റു.
‘നേരെ നോക്കി വണ്ടിയോട്ടിക്കാൻ നോക്ക്. പതിവില്ലാതെ പണി ചെയ്ത് എന്റെ നടുവൊടിഞ്ഞു. നിങ്ങൾക്ക് കുട്ടി നിക്കറും ഇട്ട് തേരാ പാര നടന്നാൽ മാത്രം മതിയായിരുന്നല്ലോ!’
‘കൊള്ളാം! എല്ലാം കൂടി ഒറ്റയ്ക്ക് വണ്ടീല്‌ കേറ്റി വെയ്ക്കാൻ പെട്ട പാട് എനിക്കേ അറിയൂ’ അയാൾ ചിറി കോട്ടി.
‘അല്ല തങ്കം, ആ പെണ്ണുമ്പിള്ള ചാക്കിനകത്തിരുന്ന് നാറാൻ തുടങ്ങിക്കാണുവോ?’
‘പിന്നല്ലാതെ! നേരം വെളുക്കും മുൻപ് മൻസൂറ്‌ പറഞ്ഞിടത്ത് വാനെത്തിക്കണം. പറഞ്ഞ പോലെ എന്റെ വീതം അങ്ങ് തന്നേക്കണം... കഴിഞ്ഞ തവണത്തെ പോലെ ചുമ്മാ കണാകുണാ പറയാൻ വരരുത്‘
’ഇല്ലന്നെ.. അല്ല, നീ ഈ അച്ചായന്മാരുടെ സംസാരമൊക്കെ എവിടെന്നാ പഠിച്ചെ?‘
’മണീ...അപ്പം തിന്നാ പോരെ?!‘ അതു പറഞ്ഞ് തങ്കം നിവർന്നിരുന്നു. 
’എന്നാലും എന്താ അഭിനയം! നീ വല്ല സിനിമേലോ സീരിയലിലോ അഭിനയിക്കാൻ പോണതാ നല്ലത്‘
’പിന്നെ! എനിക്ക് വയ്യ അങ്ങനെ കെടന്ന് കഷ്ടപ്പെടാൻ!‘
അതു പറഞ്ഞ് അവൾ വലിച്ചു കെട്ടിയ മുടി അഴിച്ചിട്ടു. കഴുത്തിൽ നിന്ന് കുരിശ് കൊളുത്തിയ മാല അഴിച്ചെടുത്തു.
’അല്ല, ഞാൻ ഒരു കാര്യം ചോദിക്കണമെന്ന് വിചാരിച്ചതാ... വീട്ടില്‌ സ്പ്രേ അടിച്ചാൽ പോലീസ് പട്ടിക്ക് പണി കിട്ടുമെന്ന് ആരാ നിന്നോട് പറഞ്ഞത്?‘
അത് കേട്ട് സുഖിച്ചത് പോലെ തങ്കം നിർത്താതെ ചിരിച്ചു.
എന്തോ ഓർത്തത് പോലെ അയാൾ ചോദിച്ചു,
’ആ കെളവൻ തട്ടി പോവുമോ?!...‘
’ഏയ്! അതിനും മാത്രമൊന്നും ഞാൻ കലക്കി കൊടുത്തിട്ടില്ല‘
’ഒരു സൂസിയും അവൾടെ അപ്പച്ചനും!‘ അതും പറഞ്ഞ് അയാൾ ഉറക്കെ ചിരിച്ചു. 

ഇരുട്ടിലൂടെ വാൻ അതിവേഗം മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു.
അല്പനേരം കഴിഞ്ഞ് അയാൾ വീണ്ടും എന്തോ ഓർത്ത് ചിരിച്ചു.
എന്തിനാണയാൾ ചിരിക്കുന്നതെന്ന് തങ്കം ചോദിച്ചില്ല. അവൾ കൈകൾ കാലുകൾക്കിടയിൽ തിരുകി വീണ്ടും ഒന്ന് മയങ്ങാൻ തയ്യാറെടുത്തു.

പിറ്റേന്ന് പകൽ സമയം പലവട്ടം അപ്പച്ചന്റെ ഫോണിലേക്ക് കാൾ വന്നു. എന്നാൽ ഫോണിനുള്ളിൽ ബാറ്ററി ഇല്ലാതിരുന്നതിനാൽ ശബ്ദം ഉയർന്നില്ല. ഒരു പക്ഷെ ബാറ്ററി ഉണ്ടായിരുന്നെങ്കിൽ പോലും ആ ഫോൺ എടുക്കാൻ അപ്പച്ചന്‌ ആവുമായിരുന്നില്ല.

Post a Comment

1 comment:

  1. കൊള്ളാം ,ഇതുപോലുള്ള കഥകളാണല്ലോ നാം ചുറ്റും കണ്ടുകൊണ്ടിരിക്കുന്നത് ..

    ReplyDelete