Please use Firefox Browser for a good reading experience

Monday 6 February 2023

ഒരിക്കൽ കൂടി


വിശപ്പ്...കണ്ണ്‌ കാണാത്ത വിശപ്പ്. ചുറ്റിലും ഇരുട്ട്. നിശ്ശബ്ദത. രണ്ടും നല്ലതാണ്‌. അനുയോജ്യമായ സമയം. എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയുണ്ട്‌. എലി ചുറ്റിലും നോക്കി. അതിന്റെ കണ്ണുകൾ വിടർന്നു. കാഴ്ച്ച കൂടുതൽ വ്യക്തമായി. എല്ലാം തെളിഞ്ഞു കാണാനാകുന്നു. എലി ചുവരിനോട് ചേർന്ന് പതിയെ നടന്നു. എന്തെങ്കിലും? വയറ്‌ എരിയുന്നു. അപ്പോഴാണ്‌ കണ്ടത് ഒരു ചെറിയ തേങ്ങാകഷ്ണം. കണ്ടപ്പോൾ തന്നെ വായിൽ വെള്ളം നിറഞ്ഞു. ചുറ്റിലും ഒരുവട്ടം കൂടി നോക്കിയിട്ട് എലി മുന്നോട്ട് കുതിച്ചു. കടിച്ചതും ‘ഠപ്പ്!!’ എന്നൊരു വലിയ ശബ്ദം പിന്നിലുയർന്നു. ഭയന്ന് എലി തിരിഞ്ഞോടി. പക്ഷെ ഒരു പലകയിൽ ചെന്നിടിച്ചു വീണു. ഇതിവിടെ മുൻപില്ലായിരുന്നല്ലോ? ഒരു നിമിഷം പലകയിൽ നോക്കിയിട്ട് എലി തിരിഞ്ഞോടി. വീണ്ടും മുന്നിലൊരു വലിയ പലക! ഓ! താൻ പെട്ടുപോയിരിക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും നടന്നു. ചുറ്റിലും പലകകൾ! മുകളിലേക്ക് നോക്കി. അവിടെ ഇരുമ്പ് കമ്പികൾ കാണാനായി. അതു വഴി നേരിയ പ്രകാശം ഉള്ളിലേക്കരിച്ച് വരുന്നുണ്ട്. എലി പതിയ ഒരു മൂലയിൽ ഇരുട്ട് പതുങ്ങിയിരുന്നിടത്ത് പോയി ഇരുന്നു.

ഏതാനും ദിവസം മുൻപ് കണ്ട - കണ്ടു മറന്നത് ഓർമ്മ വന്നു. അന്നും ഇതുപോലൊരു ശബ്ദം കേട്ടിരുന്നു. പിന്നെ ഒരു കരച്ചിലും. പമ്മി ചെന്ന് നോക്കിയപ്പോൾ കണ്ടു - തന്നെ പോലെ ഒരെലി. അതിന്റെ ഭയം നിറഞ്ഞ കണ്ണുകൾ... ഇതേ പോലെ ഒരിടത്ത്. അന്ന് അതിന്റെ അരികിലും ഇതു പോലെ ഒരു തേങ്ങാകഷ്ണം ഉണ്ടായിരുന്നു. വെളിച്ചം വന്നപ്പോൾ വീണ്ടും പോയി നോക്കിയിരുന്നു. ശൂന്യമായിരുന്നവിടം. രാത്രി ഇരുട്ടിൽ പുറത്തിറങ്ങിയപ്പോൾ കണ്ടു, മതിലിനോട് ചേർന്ന്...വയറ്‌ വീർത്ത്...മലർന്ന് കിടന്ന അതിന്റെ രൂപം...

എലി ഇരുട്ടിൽ നിന്ന് പതിയെ മുന്നോട്ട് നടന്നു. ചുറ്റിലും നടന്ന് നോക്കി. എവിടെയെങ്കിലും ഒരു ചെറുപഴുത്? മുൻകാലുകൾ വെച്ച് പലകയിൽ പലയിടത്തും തള്ളി നോക്കി. ശരീരഭാരം മുഴുക്കയും ഉപയോഗിച്ചു. ഇല്ല, അല്പം പോലും അനങ്ങുന്നില്ല. പല്ലുകളുപയോഗിച്ച് കരളാൻ ശ്രമിച്ചു. ചെറിയ ചില പോറലുകളല്ലാതെ... ഒന്നും സാധ്യമാവുന്നില്ല. നെഞ്ചിടുപ്പേറുന്നുണ്ട്... താമസിയാതെ ചുറ്റിലും വെളിച്ചം നിറയും. അതിന്‌ മുൻപ് പുറത്ത് കടക്കണം. പക്ഷെ എങ്ങനെ? എലി വീണ്ടും ശ്രമിച്ചു. ഇല്ല, താൻ ഇരുട്ടിൽ പലകകളാൽ ചുറ്റപ്പെട്ട ഒരിടത്ത് പെട്ടു പോയിരിക്കുന്നു. കൈകാലുകൾ തളർന്നു പോയിരിക്കുന്നു. കാഴ്ച്ച ചെറുതായി മങ്ങുന്നുവോ? ഇരുട്ടിൽ അങ്ങോട്ടുമിങ്ങോട്ടും പലതവണ നടന്നു. ഇല്ല... ഇനി ഇവിടെ നിന്നൊരു രക്ഷപ്പെടലില്ല..എല്ലാം അവസാനിച്ചിരിക്കുന്നു. ഇവിടെയാണവസാനം. ഇതാണാസാനം.
 
എലി പഴയതെല്ലാമോർത്തു. ഇതുവരെ താൻ ചെയ്തതെല്ലാം. ഇത്രനാൾ തന്റെ കൂടെ ഉണ്ടായിരുന്നവരെയെല്ലാം. കണ്ണുകൾ നീറി നിറയുന്നു. ഇനി ചിലപ്പോൾ അവരെ കാണാനാവില്ല. ഒരിക്കലും. താനിവിടെ ഈ ഇരുട്ടിൽ ഒറ്റയ്ക്കാണെന്നവർ അറിയുന്നുണ്ടാവുമോ? തന്നെ ഓർത്ത് ആരെങ്കിലും തിരക്കി വരുമോ? അപ്പോൾ ചെറിയൊരു ശബ്ദം കേട്ടു. നോക്കുമ്പോൾ മുകളിൽ ഇരുമ്പ് കമ്പികൾക്കിടയിലൂടെ തിളങ്ങുന്ന രണ്ട് കണ്ണുകൾ! ആരാണത്? ശബ്ദം കേട്ടപ്പോൾ തീർച്ചയായി അതാരാണെന്ന്. എലി ആ കണ്ണുകളിലേക്ക് ഉറ്റുനോക്കി നിന്നു. ആ കണ്ണുകൾ നിർത്താതെ ചിമ്മുന്നത് കണ്ടു. ഏതാനും നിമിഷങ്ങൾ... അതിനു ശേഷം അതവിടെ നിന്ന് മാറി പോകുന്നത് കണ്ടു. ഓടി അകന്ന് പോകുന്ന ശബ്ദം. പെട്ടെന്ന് ഒരു ശബ്ദം കേട്ടു. അഴികളിലൂടെ വെളിച്ചം അകത്തേക്ക് വേണു. മനുഷ്യരുടെ ശബ്ദങ്ങൾ. ആഹ്ലാദശബ്ദങ്ങൾ. താനും പലകകളും ഒന്നടങ്കം മുകളിലേക്കുയർന്നറിഞ്ഞു. എലി ഒരു വശത്തേക്ക് ഒതുങ്ങി പതുങ്ങി ഇരുന്നു. അപ്പോൾ ആ തേങ്ങാ കഷ്ണം ഉരുണ്ടുരുണ്ട് അതിന്റെ മുന്നിലേക്ക് വന്നു വീണു. ഒരു നിമിഷം എലി കണ്ണുകളടച്ചിരുന്നു. പിന്നീട് സാവധാനം ആ തേങ്ങാകഷ്ണം കരളാൻ തുടങ്ങി...Post a Comment

No comments:

Post a Comment