Please use Firefox Browser for a good reading experience

Thursday, 13 October 2016

മാലാഖ



‘കാവൽ മാലാഖമാരെ, നിങ്ങളെന്റെ മകളെ കാത്തുകൊള്ളേണമെ
എന്റെ പ്രാർത്ഥനകൾ തള്ളിക്കളയരുതെ..’
                                                     -ഒരമ്മയുടെ പ്രാർത്ഥനകളിൽ നിന്ന്

ചൂണ്ടുവിരൽത്തുമ്പുകൊണ്ടുരച്ചു നോക്കിയെങ്കിലുമത് മാഞ്ഞില്ല. റോസിലി കരുതിയത് കുമ്മായപ്പാടാണെന്നാണ്‌. വീടിനു പിന്നിലായി, ആകാശത്തേക്ക് വാ പൊളിച്ചു നില്ക്കുന്ന കുളിമുറിയുടെ ചുവരുകളിൽ, അടർന്നു വീഴാൻ മുഹൂർത്തം കാത്തിരിക്കുന്ന കുമ്മായത്തിന്റെ പാളികൾ ശ്രദ്ധയിൽ പെട്ടിട്ട് രണ്ടു ദിവസങ്ങൾ പോലുമായിട്ടില്ല. അവധിദിവസങ്ങളിൽ റോസിലി കുഞ്ഞു മിഷയെ കുളിപ്പിക്കുന്നതവിടെയാണ്‌. ആ ദിവസങ്ങളിൽ അവളുടെ അച്ഛൻ ജോസഫിനും പ്രകൃതിയോട് ഒരു പ്രത്യേക സ്നേഹം തോന്നും. അപ്പോഴവിടെ പോയി നിന്നാണയാളും കുളിക്കുക. സിമന്റ്തറയിൽ ഉപ്പൂറ്റിയുരച്ച് കഴുകിയതിന്റെ സുഖം വന്നു വിവരിക്കുകയും ചെയ്യും. ജോസഫിന്റെ അവധിദിവസത്തെ കുളി ഒരു ആഘോഷമാണ്‌. ആഘോഷം കഴിഞ്ഞാൽ മണമുള്ള സോപ്പിൽ അയാളുടെ മുടിയിഴകളുണ്ടാകും, താഴെ വീണ്‌ സോപ്പിന്റെ വക്ക് ചളുങ്ങിയിട്ടുണ്ടാകും, മൺത്തരികൾ സോപ്പിനു പരുക്കൻ പുറം സമ്മാനിച്ചിട്ടുണ്ടാകും. അതെല്ലാം നഖം കൊണ്ട് ചുരണ്ടി കളഞ്ഞശേഷമെ റോസിലി കുഞ്ഞു മിഷേലിനെ കുളിപ്പിക്കൂ.  അയൽവക്കത്തുള്ള കുട്ടികളുമൊത്ത് കളിക്കുമ്പോൾ, ചുവരുകളിൽ പായലു പിടിച്ച് പച്ച നിറം കലർന്ന ആ ചെറിയ മുറി അവൾക്കൊരു ഒളിയിടമാകും. റോസിലി ചെറിയ ചുവന്ന മഗ് നിറയെ വെള്ളം കോരിയെടുത്ത് വീണ്ടും മിഷേലിന്റെ ചുമലിലേക്ക് കോരിയൊഴിച്ചു. മിഷേലിന്റെ ഇടതുചുമലിനു താഴെയായി കാണപ്പെട്ട വെളുത്ത് പാട് അപ്പോഴും പോയില്ല. കുഞ്ഞു മിഷയാണേൽ കണ്ണും പൂട്ടി കൈകൾ ദേഹത്തോട് ചേർത്ത് വെച്ച് തണുപ്പുള്ളിലേക്ക് കയറാതെ ചെറുക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു. ഒരോ തവണയും വെള്ളം അവളുടെ ദേഹത്തെ പൊതിയുമ്പോൾ അവൾ സ്വയം ചുരുങ്ങാൻ ശ്രമിച്ചു. തല കുടഞ്ഞും, കാലുകൾ താളത്തിൽ ചവിട്ടിയും അവൾ കുളി ഒന്നു തീർന്നു കിട്ടാൻ ധൃതി കാണിച്ചു.

കുളി കഴിഞ്ഞു തലതുവർത്തുമ്പോൾ മിഷ നിർത്താതെ മൂളിയ ശബ്ദം, റോസിലിയുടെ കൈകളുടെ ചലനത്താൽ താളത്തിൽ വിറച്ചു കൊണ്ടിരുന്നു. ഇതൊക്കെയും പതിവുകളാണ്‌. ഈ പതിവുകളില്ലാതെ അവരുടെ ജീവിതം പൂർണ്ണമാകുമായിരുന്നില്ല. മിഷയുടെ മേല്‌ തുടയ്ക്കുമ്പോൾ വീണ്ടും റോസിലി മുതുകിലെ വെളുത്ത പാട് ശ്രദ്ധിച്ചു. തോർത്ത് കൊണ്ട് ഉരച്ചു നോക്കി. തിരികെ വീട്ടിലേക്ക് കയറുമ്പോൾ ജോസഫിനോടതേക്കുറിച്ച് പറയണമെന്നുറപ്പിക്കുകയും ചെയ്തു. വെളുത്ത പാടുകൾ സൂക്ഷിക്കണം. ഇനി വല്ല പാണ്ട് വരുന്നതിന്റേയും തുടക്കമാണോ?. തന്റെ കുടുംബത്തിലാർക്കും അതില്ല. ഇനി ജോസഫിന്റെ കുടുബത്തിൽ..?. അതോ സ്കൂളിലേതെങ്കിലും കുട്ടികളിൽ നിന്ന് പകർന്ന വല്ല ചർമ്മരോഗവും..? ആലോചിക്കുംതോറും തോറും അവളുടെ ആധി പിടിച്ച ചിന്തകൾക്ക് കൂടുതൽ ശിഖരങ്ങൾ മുളച്ചു.

മനസ്സിൽ പടർന്ന വെളുപ്പ് തത്ക്കാലത്തേക്ക് മായ്ച്ചു കളഞ്ഞെങ്കിലും രാത്രി വീണ്ടും തെളിഞ്ഞു വന്നത് കൊണ്ട് റോസിലി ജോസഫിനോടതേക്കുറിച്ച് പറഞ്ഞു.
‘അതിനു തക്ക പാപം ചെയ്തവരാരും എന്റെ കുടുംബത്തിലില്ലെടി’ എന്നലസമായി പറഞ്ഞ് അയാൾ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിലേക്ക് മുഖം തിരിച്ചു.
‘എന്റെ വീട്ടിലും ആർക്കുമില്ല. ഇച്ചാച്ചന്റെ വീട്ടിലും ആർക്കുമില്ല..പിന്നെ..?’
അതിനുത്തരം അലസമായോ ഗൗരവമായോ പറഞ്ഞാൽ അനിഷ്ടസംഭവങ്ങളുണ്ടാകുമെന്ന് തോന്നിയതു കൊണ്ട് ജോസഫ് തികഞ്ഞ മൗനം പാലിച്ചു.

തിങ്കളാഴ്ച്ച രാവിലെ ജോസഫിനു ടിഫിൻ നിറയ്ക്കുന്നതിന്റേയും മിഷയെ സ്കൂളിൽ പോകുന്നതിനായി ഒരുക്കുന്നതിന്റേയും തിരക്കുകൾക്ക് നടുവിലായിരുന്നു റോസിലി. അകത്തെ മുറിയിൽ ജോസഫ് ഒരുക്കങ്ങളുടെ അവസാനഘട്ടത്തിലായിരുന്നു. വാച്ച്?..വാച്ച് കാണുന്നില്ല. തലേദിവസം അഴിച്ച് പേഴ്സിനു മുകളിൽ വെച്ചതാണ്‌. സാധാരണ പകൽ ചെന്നു നോക്കുമ്പോഴും അതവിടെ തന്നെ കാണുന്നതാണ്‌. കാണേണ്ടതാണ്‌. എന്തു കാണാതായാലും, അന്വേഷിക്കുന്നതിനേക്കാൾ എളുപ്പം റോസിലിയെ ആ ജോലി ഏൽപ്പിക്കുന്നതാണ്‌. എന്നാൽ റോസിലി ആ ജോലിയുടെ ബാറ്റൺ മിഷയ്ക്ക് കൈമാറും. എപ്പോഴും ജോസഫിന്റെ വിളിയുടെ ആഘാതം അവസാനം ചെന്നു പതിക്കുന്നത് മിഷയുടെ പുറത്തായിരിക്കും.
‘അവൾക്ക് നല്ല കണ്ണാ..എന്തു നോക്കിയാലും ആദ്യം അവൾടെ കണ്ണിലെ പെടൂ‘
ഇത്തവണയും തെറ്റിയില്ല. മിഷ, വാച്ച് ഒരു പൂച്ചക്കുഞ്ഞിനെ തൂക്കിക്കൊണ്ടു വരുന്നത് പോലെ കൊണ്ടു വന്നു ജോസഫിനെ ഏല്പ്പിച്ചു.
’എന്റെ മാലാഖക്കുഞ്ഞ്! മിഷമോളാണെന്റെ ഭാഗ്യം‘ മകളുടെ കവിളിൽ ഉമ്മ വെച്ചു കൊണ്ടയാൾ പറഞ്ഞു.
’കണ്ണു വെയ്ക്കാതെ‘ അതും പറഞ്ഞു റോസിലി ജോസഫിനെ നോട്ടം കൊണ്ട് താക്കീത് ചെയ്തു.

ജോസഫ് മിഷയുമായി ബൈക്കിൽ പോയതിനു ശേഷം റോസിലി വെളുപ്പിനെ കുറിച്ച് കൂടുതലായി ആലോചിക്കാൻ തുടങ്ങി. രാവിലെ മിഷേലിനെ കുളിപ്പിക്കുമ്പോഴും ആ വെളുത്ത പാട് മാഞ്ഞു പോകാതിരുന്നത് റോസിലി ശ്രദ്ധിച്ചിരുന്നു. ചെറിയ ഒരു തടിപ്പുണ്ടിപ്പോൾ. അതു മാത്രമല്ല വെളുപ്പ് പടരുന്നോ എന്നും സംശയം. ഇപ്പോൾ മുതുകിൽ രണ്ടിടത്ത് വെളുപ്പ് കാണുന്നുണ്ട്. ഏതെങ്കിലും ഒരു സ്കിൻഡോക്ടറെ ഉടൻ കാണിക്കണം. എത്രപെട്ടെന്നാണിത് പടരുന്നത്. വൈകിട്ട് ജോസഫ് വരുന്നതും കാത്ത് റോസിലി ഇരുന്നു. ഇടവേളകളിൽ കാവൽമാലാഖമാരെ വിളിച്ച് മനമുരുകി പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു അവർ.

വൈകിട്ട് വന്നയുടൻ ജോസഫിനെ റോസിലി അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. മിഷ പതിവു പോലെ ഡൈനിംഗ് ടേബിളിൽ അവളേയും കാത്തിരിക്കുന്ന ബിസ്ക്കറ്റിന്റേയും ചൂടുപാലിന്റേയും മുന്നിൽ ഇരുപ്പുറപ്പിച്ചു. റോസിലിയുടെ ആധി, ഗൗരവത്തോടെ എടുക്കണമോ വേണ്ടയോ എന്ന് ജോസഫ് സംശയിച്ചു. ചിലപ്പോൾ അതു എണ്ണമാറി തേച്ചതോ, എവിടെയെങ്കിലും വീണു പോറിയതോ അങ്ങനെ വല്ലതുമായിക്കൂടെ?. രണ്ടു ദിവസം കഴിയുമ്പോൾ താനെ മാറിയാലോ?. അല്ലെന്ന് റോസിലി തറപ്പിച്ചു പറഞ്ഞു. എന്നാൽ സംശയങ്ങൾ ഇപ്പോൾ തന്നെ ദൂരികരിക്കാമെന്നായി.
ജോസഫ് മിഷയെ മുറിയിലേക്ക് വിളിച്ചു.
‘വരുന്നു പപ്പാ’ എന്നു പറഞ്ഞ് മിഷയെത്തി.
യൂണിഫോം ഉടുപ്പ് മാറ്റി നോക്കിയപ്പോൾ ജോസഫും കണ്ടു, വെളുത്ത രണ്ടു പാടുകൾ. തൊട്ടു നോക്കി. എന്തോ തട്ടുന്നുണ്ട്. റോസിലി ശ്രദ്ധിച്ചു, പാടുകൾ രാവിലെ കണ്ടതിലും കൂടുതലായിരിക്കുന്നു. ഇപ്പോൾ തൊലിപ്പുറത്തേക്ക് അതു വളർന്നിട്ടുണ്ട്. വിരലു കൊണ്ടുരസുമ്പോൾ തട്ടുന്നുണ്ട്. കൂർത്ത എന്തോ പോലെ.
‘എന്താ പപ്പാ?’ പപ്പയുടേയും മമ്മയുടേയും ഭാവവ്യത്യാസം കണ്ട് മിഷേൽ ചോദിച്ചു.
‘ഒന്നൂല്ല മോളെ നമുക്ക് ഡോക്ടറുടെ അടുത്തൊന്ന് പോയേച്ചു വരാം’.

തങ്ങളുടെ ടോക്കൺ വിളിക്കുന്നതും കാത്തിരിക്കുമ്പോൾ റോസിലി തലേദിവസം കണ്ട സ്വപ്നത്തെക്കുറിച്ചാണോർത്തത്. പതിവില്ലാതെ അമ്മച്ചി സ്വപ്നത്തിലെന്തിനാ കയറി വന്നത്?. വന്നതല്ലാതെ ഒന്നുമൊട്ട് പറഞ്ഞതുമില്ല. വരാന്തയിൽ കസേരയിൽ ഇരിക്കുകയായിരുന്നു അമ്മച്ചി. മടിയിൽ മിഷയും. മിഷ ജനിക്കുന്നതിനു മുൻപെ അമ്മച്ചി പോയതാണ്‌. പക്ഷെ സ്വപ്നത്തിൽ മിഷയ്ക്ക് അമ്മച്ചിയെ നല്ല പരിചയമുള്ളത് പോലെയാണ്‌ കാണപ്പെട്ടത്. അമ്മച്ചി മിഷയുടെ തോളിൽ തടവിക്കൊണ്ടിരിക്കുകയായിരുന്നു. പിന്നീട് സാവധാനം മിഷയുടെ രണ്ടു കൈകളുമുയർത്തി ഒരു പക്ഷിയെ അനുസ്മരിപ്പിക്കും വിധം പറക്കുന്നതായി കാണിച്ചു. എന്താണത്?. ഏതു ആകാശയാത്രയെ കുറിച്ചാണ്‌ അമ്മച്ചി പറയുന്നത്?.
‘ടോക്കൺ പതിനൊന്ന്’ എന്ന ഉറക്കെയുള്ള വിളികേട്ട് മൂവരും അകത്തേക്ക് പോയി.

ഡോക്ടർ വെളുത്തപാടിൽ തട്ടി നോക്കി, പതിയെ അമർത്തി നോക്കി. മിഷയ്ക്ക് വേദനയൊന്നുമില്ല. അവൾ ചുവരിലൊട്ടിച്ച ചിത്രങ്ങളിലൂടെ കണ്ണോടിച്ചു കൊണ്ടിരുന്നു. പിന്നീട് മേശപ്പുറത്തെ വസ്തുക്കളിലൂടെയും. ഡോക്ടർ പിന്നിലെ ഷെല്ഫിൽ നിന്നും ഒരു പുസ്തകമെടുത്ത് ചില പേജുകൾ ഓടിച്ചു വായിച്ചു. ഇതൊക്കെ കണ്ടപ്പോൾ റോസിലിയുടെ പരിഭ്രമം വർദ്ധിച്ചു. ഇനി ചിലപ്പോൾ ഡോക്ടർക്കും ഇതെന്താണെന്ന്...
അജ്ഞാതരോഗമോ, ഔഷധമില്ലാത്ത വ്യാധിയോ..ആണും പെണ്ണുമായി ഈയൊരെണ്ണമേയുള്ളൂ. മുഴുവൻ സ്നേഹവും ഇവളിലാണ്‌ നിറച്ചിരിക്കുന്നത്.
‘മിഷേലിനു എന്താണ്‌ പ്രശ്നമെന്ന് കൃത്യമായി പറയാൻ പറ്റില്ല. ഞാൻ മറ്റൊരു ഡോക്ടർനു റെഫർ ചെയ്യാം. എന്റെ സീനിയറാണ്‌. ഫ്രണ്ടും.’
അതു പറഞ്ഞ് അയാൾ പേരും, ഫോൺ നമ്പറുമെഴുതി കൊടുത്തു.
‘ഈ നമ്പറിൽ വിളിച്ചു ചോദിച്ചിട്ട് പൊയ്ക്കോള്ളൂ’
റോസിലിക്ക് എത്രയും വേഗം അവിടെ നിന്നിറങ്ങി പോകണമെന്നു തോന്നി. മറ്റൊരു ഡോക്ടറുടെ അടുത്തേക്കല്ല, നേരെ പള്ളിയിലേക്ക് പോകണം. മെഴുതിരികൾ കത്തിച്ച് പ്രാർത്ഥിക്കണം.

പടികളിറങ്ങുമ്പോൾ ജോസഫിന്റെ മുഖം മ്ളാനമായിരുന്നു. ചെറിയ എന്തോ സ്കിൻ ഡിസീസ് എന്നു കരുതിയതാണ്‌. പക്ഷെ ഇപ്പോൾ മറ്റെന്തോ..
പള്ളിയിൽ, ക്രൂശിത രൂപത്തിനു മുന്നിൽ കത്തിച്ചു വെച്ച മെഴുകുതിരികളെ പോലെ റോസിലിയുടെയും ജോസഫിന്റേയും മനസ്സുരുകി. അവർ മുട്ടുകുത്തി നിന്നു കുരിശ് വരച്ചു.  തങ്ങൾ ഏറ്റുപറയാനോ മനസ്താപപ്പെടാനോ തക്ക പാപങ്ങളൊന്നും പ്രവർത്തിച്ചിട്ടില്ലെന്ന് മനസ്സിൽ പലയാവർത്തി ചോദിച്ചുറപ്പിച്ചു. ആ രാത്രി മിഷ, റോസിലിയുടേയും ജോസഫിന്റേം മധ്യത്തിലാണ്‌ കിടന്നത്. ഇരുവശത്തും ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന പപ്പയുടെയും മമ്മയുടേയും നടുവിൽ കിടന്ന് മിഷ സ്വപ്നങ്ങൾ കണ്ടു സുഖമായുറങ്ങി.

പിറ്റേന്ന് കുളിപ്പിക്കുമ്പോൾ മിഷയുടെ മുതുകിൽ നോക്കാൻ റോസിലിക്ക് ഭയമുണ്ടായി. പാട് അവിടെ കാണരുതെ എന്ന പ്രാർത്ഥനയോടെയാണ്‌ അവളെ തിരിച്ച് നിർത്തിയത്. എന്നാൽ റോസിലി ആ കാഴ്ച്ച കണ്ട് തളർന്നു പോയി. പാടിന്റെ സ്ഥാനത്ത് വെളുത്ത് എന്തോ ഒന്ന് മുതുകിൽ നിന്നുയർന്ന് നില്ക്കുന്നതാണ്‌ കണ്ടത്. മുഖം മുതുകിനോട് ചേർത്ത് നോക്കി. അപ്പോഴത് കൂടുതൽ വ്യക്തമായി. തൊട്ടു നോക്കി. അതൊരു കോഴിക്കുഞ്ഞിന്റെ ചിറകുകൾ പോലുണ്ട്..അരികുകളിൽ ചെറിയ വെളുത്തതൂവൽ പോലെ.. റോസിലി നടുങ്ങി പോയി. ഇതെന്താണ്‌ സംഭവിക്കുന്നത്?. ഒരു മനുഷ്യന്റെ പുറത്തും തൂവൽ മുളച്ചു വന്നതായി കേട്ടിട്ടില്ല. ഇതു ദിനംപ്രതി വളർന്നാൽ?. തൂവലുകൾ കൊണ്ട് ശരീരം മൂടിയാൽ..റോസിലിക്ക് തല കറങ്ങുന്നത് പോലെ തോന്നി. അവൾ ഉടൻ തന്നെ ജോസഫിനെ വിളിച്ചു. പരിഭ്രാന്തി നിറഞ്ഞ ശബ്ദം കേട്ട് പാതി ഷേവ് ചെയ്ത മുഖവുമായി ജോസഫ് ഓടി വന്നു.
‘എന്താ എന്താ പറ്റീത്?’
‘ഇതൊന്നു നോക്കിക്കെ ഇച്ചാച്ചാ..നമ്മുടെ മിഷ മോടെ മുതുകില്‌..’
മിഷ അപ്പോഴേക്കും കൈകൾ പിന്നിലേക്കെത്തിച്ച് എന്താണെന്നറിയാൻ ശ്രമമാരംഭിച്ചിരുന്നു.
ജോസഫും തൊട്ടു നോക്കി. തൂവലുകൾ..
നാലഞ്ച് മാസങ്ങൾക്ക് മുൻപ് സ്കൂളിൽ ഒരു ഷോ ക്കു വേണ്ടി ചിറകുകളുള്ള വസ്ത്രം ധരിച്ചിരുന്നു മിഷ. കൈയ്യിൽ നക്ഷത്രം ഒട്ടിച്ചു വെച്ച മിനുങ്ങുന്ന വടിയുമായി അവൾ നില്ക്കുന്ന ഫോട്ടൊ അൽബത്തിലുണ്ട്. സുന്ദരിയായിരുന്നു ആ വസ്ത്രത്തിൽ അവൾ. പക്ഷെ ചിറകുകൾ.. അതൊക്കെയും കഥകളിൽ മാത്രമല്ലെയുള്ളൂ. ഇതു വരെ ഒരു പെൺകുട്ടിക്കും ചിറകു മുളച്ചതായി കേട്ടറിവോ വായിച്ചറിവോ ഇല്ല. പുണ്യപുസ്തകങ്ങളിൽ പോലും പുരുഷന്മാരാണ്‌ മാലാഖമാർ. ഗബ്രിയേൽ..മിഖായേൽ..റാഫേൽ... അയാൾ മാലാഖമാരുടെ പേരുകൾ ഓർത്തെടുത്തു. മാലാഖയെ പോലെ സുന്ദരി എന്നു പറഞ്ഞിട്ടുണ്ട് മിഷയെ കാണുമ്പോഴൊക്കെയും. പക്ഷെ അവൾക്ക് ചിറകുകൾ..അവൾ വളർന്ന് വിവാഹപ്രായമാകുമ്പോൾ.. ജോസഫ് വിയർക്കാൻ തുടങ്ങി.

മിഷ ആ ദിവസം സ്കൂളിൽ പോയില്ല. ജോസഫ് ഓഫീസിലും പോയില്ല. വാതിലടച്ച് അവർ വീട്ടിനുള്ളിൽ തന്നെയിരുന്നു.
ആരോടിതു പറയും?. ആശുപത്രിയിൽ പോയാൽ ഇതൊരു വിചിത്രമായ കേസാണെന്ന് പറഞ്ഞ് അവർ കൂടുതൽ ടെസ്റ്റുകൾക്ക് വിധേയമാക്കും. കൊച്ചു മിഷയുമായി ആശുപത്രികൾ കയറേണ്ടി വരും. പലരും ഇനി ഇവളെ ഒരു അത്ഭുതജീവിയെ പോലെ നോക്കാൻ തുടങ്ങും. ഇതേക്കുറിച്ച് ആരെങ്കിലുമറിഞ്ഞാൽ പത്രക്കാർ വന്നു വീടു മൂടും..ടി വി ചാനലുകൾ..മിഷ..അവൾ കുഞ്ഞാണ്‌. അവൾക്കതൊക്കെയും താങ്ങാനുള്ള ശക്തിയുണ്ടാവില്ല. അവളുടെ സ്കൂൾ ജീവിതം അതോടെ തകിടം മറിയും. സുഹൃത്തുക്കൾ..അവരോട് പോലും ഇതു പറയാനാവില്ല. അടക്കംപറച്ചിലുകൾ കൊണ്ട് പൊതിഞ്ഞ്, ‘ആരോടും പറയരുത്’ എന്ന താക്കീതും വെച്ചുപൂട്ടി കൈമാറാവുന്ന ഒരു രഹസ്യമല്ലിത്. ജോസഫ് ഗൗരവം കൊണ്ട് തന്റെ ആധി മറച്ചുപിടിക്കാനാവതും ശ്രമിച്ചു. തന്റെ നെറ്റിയിലുയർന്നു വരുന്ന വിയർപ്പ് കണ്ടാൽ റോസിലിയും തളരും. അയാൾ പോയി മുഖം കഴുകി വന്നു കട്ടിലിൽ ഇരുന്നു. കുഞ്ഞു മിഷ കളർപെൻസിലുകൾ കൊണ്ട് ഒരു ചിത്രത്തിനു നിറം പകർന്നു കൊണ്ടിരുന്നു.

പള്ളിയിൽ പോയി ഫാദർനെ കണ്ടാലോ?. പക്ഷെ ഫാദർ നു എന്തു ചെയ്യാനാവും? കുഞ്ഞു മിഷയ്ക്കായി പ്രാർത്ഥിക്കാനല്ലാതെ..
ഇതാരുമറിയാതെ മൂടി വെയ്ക്കണം. മറച്ചു വെയ്ക്കണം. മിഷ പോലുമറിയരുത്. അവൾക്കിതു താങ്ങാനാവുന്ന കാര്യമല്ല. ഏതെങ്കിലും ആശുപത്രിയിൽ..ശസ്ത്രക്രിയ വഴി ആ ചിറകുകൾ മുറിച്ച് മാറ്റണം..പക്ഷെ..ചിലപ്പോൾ അവ പിന്നെയും കിളിർത്ത് വന്നേക്കാം. അപ്പോൾ? ജോസഫും റോസിലിയും എന്താ ചെയ്യേണ്ടതെന്നറിയാതെ അസ്വസ്ഥരായി. തത്ക്കാലം അവൾ സ്കൂളിൽ പോകട്ടെ. എല്ലാം പതിവ് പോലെ തന്നെ ഇരിക്കട്ടെ. മിഷയോട് ഇതേക്കുറിച്ചൊന്നും പറയണ്ട.

ഒരാഴ്ച്ച കഴിഞ്ഞപ്പോൾ, റോസിലിയേയും ജോസഫിനേയും ഭയചകിതരാക്കി കൊണ്ട് ചിറകുകൾ ഒളിച്ചു വെയ്ക്കാനാവാത്ത വിധം വളർന്നു കഴിഞ്ഞിരുന്നു. റോസിലി കണ്ണീരടക്കാൻ ശ്രമിച്ചു കൊണ്ട് മിഷയുടെ കുഞ്ഞുശരീരം തുണി കൊണ്ട് ചുറ്റിവരിഞ്ഞു.
‘മിഷ മോൾക്ക് തണുക്കാതിരിക്കാനാ’
മിഷയ്ക്ക് തന്റെ ശരീരം വരിഞ്ഞു മുറുകുന്നത് തീരെ ഇഷ്ടമായില്ല. തന്റെ പിന്നിൽ എന്തോ ഭാരം വെച്ചതു പോലെ എന്നവൾ പരാതി പറയാൻ തുടങ്ങി. കിടക്കുമ്പോൾ എന്തൊ കുത്തുന്നത് പോലെ എന്നവൾ മമ്മയോടെ പറഞ്ഞു കൊണ്ടിരുന്നു. ഒരു ദിവസം മിഷ കണ്ണാടിയിൽ നോക്കി അതു കണ്ടുപിടിക്കുക തന്നെ ചെയ്തു.
‘മമ്മാ എനിക്ക് വിംഗ്സ് വന്നു!’ അവൾ ആവേശപൂർവ്വം പറഞ്ഞു.
‘പേടിക്കണ്ട മോളെ, മമ്മ അതു മുറിച്ചു കളയാം..മോൾക്ക് വേദനിക്കത്തില്ല കേട്ടോ’
മിഷ എന്നാൽ റോസിലിയെ അതിശയപ്പെടുത്തി കൊണ്ട്, ഭയപ്പെടുത്തി കൊണ്ട്, ആ നീക്കത്തെ എതിർത്തു. ‘എനിക്ക് വിംഗ്സ് വേണം’
‘ഞാൻ സ്കൂളിൽ ഷോയ്ക്ക് വിംഗ്സ് വെച്ചതാണല്ലോ. എനിക്കിഷ്ടാണ്‌ വിംഗ്സ്!’
മിഷയ്ക്കെന്തിനാ ചിറകുകൾ?. അവൾ ചിറകുകൾ വീശി എവിടെ പറന്നു പോകാനാണാഗ്രഹിക്കുന്നത്?.
ഒരാശ്വാസം എന്തെന്നാൽ പ്രതീക്ഷിച്ചതു പോലെ അവൾ കരയുകയോ, പേടിച്ചു നിലവിളിക്കുകയോ ചെയ്തില്ല എന്നാണ്‌. സ്കൂളിൽ പോകുന്നത് അവൾ തുടർന്നു.
‘മോളിതു ആരോടും പറയരുത്..പറഞ്ഞാൽ അവർ മോൾടെ വിംഗ്സ് മുറിച്ചു കളയും..സീക്രട്ടായിട്ട് വെയ്ക്കണം..’
‘പ്രോമിസ്’ - മിഷ അമ്മയ്ക്ക് കൈവെള്ളയിലടിച്ച് സത്യം ചെയ്തു. ഹൃദയഭാഗത്ത് കുരിശ് വരച്ച് റോസിലിയും.

റോസിലിക്കും ജോസഫിനും ഇപ്പോൾ ഉറക്കം ശരിക്കു കിട്ടാതായിരിക്കുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്ന്, അർദ്ധരാത്രി കഴിയുമ്പോൾ എങ്ങനെയോ ഉറങ്ങി പോവുന്നു. അവർ രണ്ടു പേരുടെയും കൺത്തടങ്ങളിൽ ഉറക്കമില്ലായ്മ കറുത്തനിറമായി തളം കെട്ടികിടന്നു.

സ്കൂൾ വിട്ടു വന്നുകഴിഞ്ഞാൽ, അലമാരിയിലുറപ്പിച്ച നീണ്ട വലിയ കണ്ണാടിയിൽ ചിറകുകളുടെ ഭംഗി നോക്കിയിരിക്കും മിഷ. ഇപ്പോൾ തൂവലുകൾക്ക് നീളം വെച്ചിട്ടുണ്ട്. അവ ട്യൂബ് ലൈറ്റ് വെട്ടത്തിൽ തിളങ്ങുന്നത് നോക്കിയവൾ രസിച്ചു.
‘മമ്മാ എന്റെ വിംഗ്സ് നു കളർ കൊടുക്കണം’
റോസിലി മിഷയുടെ വിചിത്രമായ ആവശ്യം കേട്ടെങ്കിലും പരിഭ്രമമറിയിക്കാതെ അവൾ പറയുന്നത് പോലെ ചെയ്തു കൊടുത്തു.

രാത്രിയിൽ അവൾ കിടന്നുറങ്ങുന്നതും നോക്കി ജോസഫും റോസിലിയും ഇരുന്നു.
ഇപ്പോൾ കണ്ടാൽ ഏതോ ഒരു കെട്ടുകഥയിലെ കഥാപാത്രമാണവൾ എന്നു തോന്നും. എന്തു സന്തോഷത്തിലാണവളിപ്പോൾ. വിടർത്തി വെച്ച ചിറകുകൾക്ക് മുകളിൽ കിടക്കുകയാണെന്നെ തോന്നൂ. പക്ഷെ അവൾ ചിറകുകൾ വീശുമ്പോൾ തങ്ങളുടെ ഉള്ളിലേക്ക് തീക്കാറ്റാണടിക്കുന്നത്. ഉള്ളു മുഴുവൻ ചൂട് നിറയുന്നു. ആരോടും പറയാനാവാതെ, ഒന്നും ചെയ്യാനാവാതെ എത്ര നാൾ?. ഇവൾ വളരുകയാണ്‌ ഒരോ നിമിഷവും. ഇവളുടെ ചിറകുകളെ പോലെ. രാത്രി അവളറിയാതെ, നോവറിയാതെ തൂവലുകൾ മുറിക്കണം. അവളെ പറഞ്ഞു ബോധ്യപ്പെടുത്തുകയോ ഭയപ്പെടുത്തി നിർത്തുകയോ ചെയ്യാം. പക്ഷെ ചിറകുകൾ..അവ മുറിച്ചു കളയേണ്ടത് തന്നെ. മിഷ ഒരു സാധാരണ പെൺകുട്ടിയായി ജീവിക്കണം. മറ്റേതു പെൺകുട്ടിയേയും പോലെ ദിവ്യത്വമൊന്നും അവകാശപ്പെടാനില്ലാത്ത വെറുമൊരു ചെറിയ പെൺകുട്ടി. തന്റെ വയറ്റിൽ പിറന്ന ജോസഫിന്റെ മകൾ.

റോസിലി തയ്യൽമെഷീനു സമീപം വെച്ച പെട്ടിയിൽ നിന്നും കത്രികയെടുത്തു കൊണ്ടു വന്നു. ജോസഫിനു അവളെ തടയണമോ വേണ്ടയോ എന്നു നിശ്ചയമില്ല. റോസിലി ചെയ്യുന്നത് തെറ്റാണോ, ശരിയാണോ എന്നുമറിയില്ല. പക്ഷെ മിഷ..മറ്റേതു സാധാരണ പെൺകുട്ടിയേയും പോലെ ചിറകുകളില്ലാതെ വേണ്ടെ അവളും... അങ്ങനെ വേണം അവൾ വളരേണ്ടത്. വിറയ്ക്കുന്ന കൈകളോടെ റോസിലി തൂവലുകൾ കത്രിക കൊണ്ട് മുറിച്ചു. തൂവലുകൾ മെത്തയിൽ ചെറിയ ചെറിയ കഷ്ണങ്ങളായി വീണു. ഒപ്പം റോസിലിയുടെ കണ്ണുനീരും. നാളെ പകൽ എഴുന്നേല്ക്കുമ്പോൾ മിഷ എന്തു ചോദിക്കും? അവൾക്കെന്തു മറുപടി കൊടുക്കും?. അവളുടെ ചിറകുകൾ അവളുടെ മമ്മ തന്നെ മുറിച്ചു കളഞ്ഞെന്നു പറഞ്ഞാൽ?. റോസിലി മുറിഞ്ഞു വീണ തൂവലുകൾ ഒരു പ്ലാസ്റ്റിക് കവറിൽ നിറച്ചു. അടുക്കളയിൽ കൊണ്ടു വെച്ച ശേഷം വന്നു മിഷേലിനു സമീപം കിടന്നു.

രാവിലെ വലിയൊരു കരച്ചിൽ കേട്ടാണ്‌ റോസിലി ഉണർന്നത്. നോക്കുമ്പോൾ മിഷ കണ്ണാടിക്കു മുന്നിൽ നിന്നു വലിയ വായിൽ കരയുന്നു. തന്റെ നിറം പിടിപ്പിച്ച തൂവലുകൾ ആരോ മുറിച്ചു കളഞ്ഞു എന്നുറക്കെ പറഞ്ഞവൾ തറയിലിരുന്നു കാലുകൾ ഇളക്കി ഉച്ചത്തിൽ കരഞ്ഞു കൊണ്ടിരുന്നു.
‘മമ്മാ..മമ്മാ..എന്റെ വിംഗ്സ്..ആരോ..കട്ട് ചെയ്ത് കളഞ്ഞു’ അവൾ ഏങ്ങിയേങ്ങി കരയുന്നതിനിടയിൽ പറഞ്ഞു കൊണ്ടിരുന്നു.
‘മോള്‌ വിഷമിക്കണ്ട മോളെ..അതൊക്കെയും കിളിർത്ത് വരും..’
‘ഇല്ല..എന്റെ വിംഗ്സിന്റെ ഫെതേർസൊക്കെ പോയി...ഇനി അതു വരൂല്ലാ’ അവൾ നിലവിളി തുടർന്നു.
‘ഇല്ല മോളെ അതൊക്കെ വരും..മോള്‌ കരയണ്ട’ റോസിലിക്കൊപ്പം ജോസഫും മിഷയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. നിർത്താതെ കരഞ്ഞ് അവൾക്ക് ശ്വാസമെടുക്കാൻ കഴിയാതെയായി. റോസിലി മിഷയെ കിടക്കയിൽ കിടത്തി, അവളോട് ചേർന്നു കിടന്നു.
‘ദാ..മമ്മി മോൾടെ അടുത്ത് തന്നെ ഉണ്ട്. ഒരിടത്തും പോവൂല്ല.’
മിഷ കരഞ്ഞു കരഞ്ഞുറങ്ങി. ജോസഫ് ആ ദിവസം ഓഫീസിൽ പോകണ്ട എന്നു തീരുമാനമെടുത്തു.

അന്നു രാത്രി മിഷയ്ക്ക് പനി പിടിച്ചു. റോസിലി കർച്ചീഫ് നനച്ച് അവളുടെ നെറ്റിയിലും കാലിനടിയിലുമൊക്കെ വെച്ചു കൊണ്ടിരുന്നു. ചൂട് താഴുകയും ഉയരുകയും ചെയ്തുകൊണ്ടിരുന്നു. രാത്രി ഏറെ ആയിട്ടും ചൂട് കുറയുന്നില്ല എന്ന് കണ്ട് മിഷയെ ആശുപത്രിയിൽ കൊണ്ടു പോകാൻ തീരുമാനിച്ചു. ഒരു ഇംജക്ഷൻ കൊടുത്തപ്പോൾ മിഷയുടെ ശരീരം തണുത്തു.
‘ഇനി പേടിക്കാനൊന്നുമില്ല. പകൽ വീണ്ടും ചൂടു കൂടുകയാണെങ്കിൽ കൊണ്ടു വന്നാൽ മതി’

വീട്ടിലേക്ക് കയറുമ്പോൾ മിഷ റോസിലിയുടെ തോളിൽ തളർന്നു കിടന്നു. അവൾ എതൊക്കെയോ അവ്യക്തമായി പറയുന്നത് റോസിലി കേട്ടു.
‘എന്റെ വിംഗ്സ്..വിംഗ്സ്..വിംഗ്സ്..’
കിടക്കയിൽ മിഷയെ കിടത്തി, റോസിലി സമീപം കിടന്നു. ജോസഫ് മിഷയുടെ ഇടതു കൈപിടിച്ചു കൊണ്ട് സമീപമിരുന്നു. അയാൾ അല്പനേരം ഇരുന്നുറങ്ങാൻ തയ്യാറെടുത്തു.

മിഷേലിനെ കാണുന്നില്ല. വീടു മുഴുക്കേയും തിരഞ്ഞു. എല്ലാം മുറികളിലും കയറി നോക്കി. പുറത്തെ കുളിമുറിയിലും പോയി നോക്കി. സന്ധ്യ കഴിഞ്ഞസമയത്ത് അവൾ എവിടെ പോയതാണ്‌?. പുറത്ത് നല്ല നിലാവുണ്ട്. ‘മമ്മാ മമ്മാ’ എന്ന നീണ്ടവിളി കേട്ടപ്പോൾ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു. മുറ്റത്ത് ഊഞ്ഞാലിനു സമീപം അവൾ നില്ക്കുന്നു. ഇപ്പോഴാണ്‌ സമാധാനമായത്. അവൾ പെറ്റിക്കോട്ട് മാത്രമാണ്‌ ധരിച്ചിരിക്കുന്നത്.
‘വാ മോളെ..അകത്തു വാ. കുളിച്ച് ഡ്രെസ്സ് മാറാം. നേരമിരുട്ടിയത് കണ്ടില്ലെ?’
‘മമ്മാ ഇതു നോക്ക്’ അതു പറഞ്ഞ് അവൾ തിരിഞ്ഞു. അപ്പോഴാണത് കണ്ടത്. വിടർന്നു വന്ന വലിയ രണ്ടു ചിറകുകൾ!!
വെളുവെളുത്ത മിനുപ്പുള്ള ചിറകുകൾ. നിലാവിൽ അതു തിളങ്ങുന്നുണ്ട്.
‘എന്തു ഭംഗിയാ അല്ലെ മമ്മാ’ അതു പറഞ്ഞ്, അവൾ ചിറകുകൾ പതിയെ വീശി തുടങ്ങി.
‘ഇതു നോക്ക്’ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
ചിറകുകൾ വേഗത്തിൽ വീശിത്തുടങ്ങിയപ്പോൾ കുഞ്ഞു മിഷ പതിയെ മേല്പ്പോട്ടുയർന്നു. ഇപ്പോൾ കാലുകൾ മണ്ണിൽ തൊടുന്നില്ല. അവൾ ചിറക് വീശി കൂടുതൽ ഉയരത്തിലേക്ക് പൊയ്ക്കൊണ്ടിരുന്നു.
‘മിഷാ..നീ താഴെ വാ..മമ്മയ്ക്ക് പേടിയാവുന്നു’
‘പേടിക്കണ്ട മമ്മ’
അവൾ ചിറകുകൾ വീശിക്കൊണ്ടിരുന്നു. കാണെക്കാണെ അവൾ ഉയർന്നുയർന്ന് ചന്ദ്രനെ മറച്ചു കൊണ്ട് കൂടുതൽ ഉയരത്തിലേക്ക് പോയി.
അവൾ കൈ വീശി കാണിക്കുന്നതു കാണാം പക്ഷെ പറയുന്നത് കേൾക്കാനാവുന്നില്ല. പരിഭ്രാന്തിയോടെ ‘മിഷാ മിഷാ’ എന്നുറക്കെ വിളിച്ചു. അതൊരു നിലവിളി പോലെ നീണ്ടു. നക്ഷത്രങ്ങളെ പോലെ തിളങ്ങുന്ന ഒരു വെളുത്ത പൊട്ടുപോലെയായി കഴിഞ്ഞിരിക്കുന്നു മിഷ ഇപ്പോൾ. ഇരുട്ടിലൂടെ ഓടുമ്പോൾ എവിടെയോ തട്ടി വീണു. ഏതോ ആഴമുള്ള കുഴിയിലേക്ക്..ഇരുട്ട് നിറഞ്ഞ താഴ്ച്ചയിലേക്ക്..
പെട്ടെന്ന് കണ്ണു തുറന്ന് നോക്കുമ്പോൾ റോസിലി കണ്ടു, ജോസഫ് മിഷേലിന്റെ ഇടതു കൈയ്യും പിടിച്ച് കസേരയിൽ ഇരുന്നുറങ്ങുന്നത്. റോസിലി മിഷയെ സൂക്ഷിച്ചു നോക്കി. എന്തു ഭംഗിയാണ്‌ മോൾക്ക്. മിഷയുടെ കൈപിടിച്ചപ്പോളറിഞ്ഞു, തണുപ്പിന്റെ കൈയ്യിൽ പിടിച്ചതു പോലെ. റോസിലി പതിയെ മിഷയുടെ മുഖത്തേക്ക് മുഖം ചേർത്തു. മിഷയുടെ നെഞ്ചുംകൂട് ഉയർന്നുതാഴുന്നുണ്ടായിരുന്നില്ല.
‘മിഷാ..മിഷാ..’ റോസിലിയുടെ ശബ്ദം ഒരു വലിയ നിലവിളിയായി മുറി മുഴുക്കെയും നിറഞ്ഞു.

Post a Comment

Saturday, 25 June 2016

ഉടൽദാനം


വെളിച്ചത്തിലേക്ക് കയറിവന്നത് തലപ്പാവ് ധരിച്ച രണ്ടുപേർ. മുഖങ്ങൾ അവ്യക്തം. ഇരുവരുടേയും കൈകളിൽ വെള്ളിത്താലങ്ങൾ കാണാൻ കഴിഞ്ഞു. അതിലെന്താണെന്നറിയാനാവുന്നില്ല. അപ്പോഴേക്കും വശങ്ങളിൽ നിന്നിരുട്ടു വന്നു സർവ്വതും മൂടിക്കളഞ്ഞു. അവ്യക്തമായൊരു ശബ്ദമാണ്‌ അവനീഷിനെ ഉണർത്തിയത്. കാഴ്ച്ച ആദ്യം പതിഞ്ഞത് ചിമ്മുന്ന യന്ത്രക്കണ്ണുകളിലായിരുന്നു. അതു പിന്നീട് സ്വന്തം ശരീരത്തിലേക്ക് തെന്നിതെറിച്ച് ചെന്നു. അനവധി ഇലക്ട്രിക് വയറുകൾ ശരീരത്തിൽ നിന്നും യന്ത്രങ്ങളിലേക്ക് നീണ്ടു പോകുന്നുണ്ട്. അനേകം കൈകളുള്ള ഒരു അന്യഗ്രഹജീവിയുടെ ബന്ധനത്തിലാണോ താനെന്ന വിചിത്രചിന്ത അപ്പോഴയാൾക്കുണ്ടായി. അബോധത്തിലേക്കാണ്ടു പോകും മുൻപ്,  തളർച്ച ബാധിച്ച കാഴ്ച്ചയിൽ പതിഞ്ഞ അവ്യക്തരൂപങ്ങളിലേക്ക് നോക്കി,  ഓർമ്മയിലെവിടെയോ കൊളുത്തിപ്പിടിച്ച ഒരു പേരുച്ചരിക്കാനയാളാവും വിധം ശ്രമിച്ചു. ഒരു പെൺകുട്ടിയുടെ പേര്‌. വെളുത്ത രൂപങ്ങളിലൊന്ന് അരികിലേക്ക് വന്നു പതിഞ്ഞ ശബ്ദത്തിലയാളോടു വിശ്രമിക്കാനുപദേശിച്ചു. അവനീഷ് വീണ്ടും മയക്കത്തിലേക്കാഴ്ന്നു.

ഏകദേശം മൂന്ന് മാസങ്ങൾക്ക് മുൻപ്.
‘ഫുൾബോഡി ട്രാൻസ്പ്ലാന്റ്’ എന്നറിയപ്പെടുന്ന ശസ്ത്രക്രിയയെ കുറിച്ച് ഡോക്ടർ സജീവൻ നിർമ്മലയോട് പറയുമ്പോൾ അവൾക്കതൊരു പുതിയ അറിവായിരുന്നു.  പതിനൊന്ന് വർഷങ്ങൾക്ക് മുൻപാണ്‌ മനുഷ്യരിൽ വിജയകരമായി അത്തരമൊരു ശസ്ത്രക്രിയ നടത്തിയതെന്ന കാര്യം അവൾ അത്ഭുതത്തോടെയും അവിശ്വസനീയതോടെയുമാണ്‌ കേട്ടത്. സജീവൻ, സ്പൈനൽകോഡ് തകരാറിലായ അവനീഷിനു അവശേഷിക്കുന്ന അവസാനസാധ്യത നിർമ്മലയെ അറിയിച്ചു - അവനീഷിന്റെ ശിരസ്സുമായി മറ്റൊരു മനുഷ്യന്റെ ശരീരം ശസ്ത്രക്രിയയിലൂടെ ചേർത്തു വെയ്ക്കുക.
“അവനീഷിന്റെ ബോഡിയുമായി ഏറ്റവും കമ്പാറ്റബിളായ ഒരു ബോഡി കിട്ടുന്നതുവരെ നിങ്ങൾ വെയ്റ്റ് ചെയ്യേണ്ടിവരും.”
നഗരമധ്യത്തിൽ, ആകാശത്തേക്കൊരു ചൂണ്ടുവിരൽ പോലെയുയർന്നു നിന്ന ബഹുനില കെട്ടിടത്തിന്റെ പതിനെട്ടാം നിലയിലിരുന്നതു കേൾക്കുമ്പോൾ ഒരുനിമിഷം താനേതോ കെട്ടുകഥയിലെ കഥാപാത്രമായി മാറിയതു പോലെയവൾക്ക് തോന്നി. ശസ്ത്രക്രിയയുടെ സങ്കീണ്ണതയെ കുറിച്ചും, വിജയസാദ്ധ്യതയെ കുറിച്ചും സജീവൻ പറഞ്ഞപ്പോൾ അവൾ കഥയിൽ നിന്നു പുറത്തു വരികയും ഒരു സാധാരണക്കാരിയെ പോലെ ഭയക്കാനുമാരംഭിച്ചു. അതുകൊണ്ട് തന്നെ, ഏതാനും ആഴ്ച്ചകൾക്ക് ശേഷം ‘ഒരു സന്തോഷവാർത്തയുണ്ട്’ എന്ന് കേട്ടപ്പോൾ ഒരു തീരുമാനമെടുക്കാനാവാതെയവൾ അസ്വസ്ഥയായി.

അവശേഷിക്കുന്നത് വെറും രണ്ട് സാധ്യതകൾ. ജീവിതകാലം മുഴുക്കെയും തളർന്നു കിടക്കയിൽ പരസഹായത്തിന്റെ തടവിൽ കഴിയുക..അല്ലെങ്കിൽ ഒരു അവസാനശ്രമമെന്ന നിലയിൽ മറ്റൊരു ശരീരം സ്വീകരിച്ചു കൊണ്ട് പുതിയൊരു ജീവിതമാരംഭിക്കുക. ഒരു ചെറിയ പിഴവ് സംഭവിച്ചാൽ.. ആ ശബ്ദം പിന്നൊരിക്കലും കേൾക്കാനാവില്ല. ആ മുഖം പിന്നൊരിക്കലും കാണാനാകില്ല. അവൾ സാധ്യതകളുടെ കൈവഴികളിലൂടെ സഞ്ചരിക്കാനാവുംവിധം ശ്രമിച്ചു.

അവനീഷിന്റെ കണ്ണുകളിൽ ഭയത്തിന്റെ ഒരു കണിക പോലും കാണാത്തത് അവളുടെ ഭയം വർദ്ധിപ്പിച്ചതേയുള്ളൂ. ഒരു പക്ഷെ അവനീഷ് ആ ഒരു ഘട്ടം വളരെ മുന്നെ താണ്ടി കഴിഞ്ഞിട്ടുണ്ടാകും എന്നവൾക്ക് തോന്നി. അവനീഷിന്റെ കിടക്കയ്ക്കരികിലിരിക്കുമ്പോൾ അയാൾ പറഞ്ഞതവളോർത്തു.
“നിമ്മി, ഞാനിങ്ങനെ മരിക്കും വരെ അനക്കമില്ലാതെ കിടക്കുന്നതിലും ഭേദമല്ലെ ഒരവസാന പരീക്ഷണത്തിനു ശ്രമിക്കുന്നത്?..എന്നെപോലെ എത്രയോ പേർ ഇതുപോലെ മരിച്ചു ജീവിക്കുന്നുണ്ട്..ഇതുപോലെ എല്ലാംകൊണ്ടും മാച്ചായ ഒരു ബോഡി ഇനി കിട്ടുമെന്നു തോന്നുന്നുണ്ടോ?. ഏതിനെയെങ്കിലും എപ്പോഴെങ്കിലും ഒന്നു വിശ്വസിക്കണം. ഒരുപക്ഷെ.. ഞാൻ പറയുന്നതൊന്നും നിമ്മിക്ക് മനസ്സിലാവണമെന്നില്ല..പക്ഷെ..”
നിമ്മി അവനീഷിന്റെ കണ്ണിൽ തന്നെ നോക്കിയിരുന്നു.
“എത്ര കാലം നീയെന്നെ ഇങ്ങനെ നോക്കും?..ഒരു വർഷം?..അഞ്ചു വർഷം?..പത്തു വർഷം?..കുറേനാൾ കഴിയുമ്പോൾ നിനക്ക് പോലും ഞാനൊരു ശല്യമാകും..സഹതപിച്ചു കൊണ്ടു തന്നെ നീയെന്നെ വെറുക്കാൻ തുടങ്ങും..ഓരോ നിമിഷവും നീ തീ തിന്നുന്നത് ഞാൻ കാണുന്നുണ്ട്...ഇനി എനിക്കെന്തെങ്കിലും സംഭവിച്ചാൽ തന്നെ..നിമ്മി, നീ ചെറുപ്പമാണ്‌..നിനക്ക്..ഒരിക്കൽ കൂടി..“
അപ്പോഴേക്കും അവനീഷിന്റെ വാപൊത്തി കഴിഞ്ഞിരുന്നു അവൾ. ശബ്ദമില്ലാതെ വിതുമ്പുമ്പോൾ അവനീഷിന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു. നിർമ്മല മുറിക്ക് പുറത്തേക്കോടി പോയി. മിന്നുവിനു ഒന്നും മനസ്സിലായിട്ടുണ്ടായിരുന്നില്ല. അവൾ അച്ഛൻ കരയുന്നത് ആദ്യമായിട്ടാണ്‌ കാണുന്നത്. അവളും കരയാൻ തുടങ്ങി. മിന്നുവിനെ തന്നോട് ചേർത്ത്പിടിച്ചാശ്വസിപ്പിക്കണമെന്നയാൾക്ക് ആഗ്രഹമുണ്ടായിരുന്നു. തന്റെ കൈകൾ തന്നോട് പിണങ്ങിയിരിക്കുന്നു..ചെറുവിരൽ പോലുമനക്കാനാവാതെ.. ഇനി എന്നാണ്‌ തനിക്ക് മിന്നുവിനെ കൈകൾ കൊണ്ട് ചേർത്തുവെയ്ക്കാനാവുക?.

ദിവസങ്ങൾക്ക് ശേഷം നടന്ന കൂടിക്കാഴ്ച്ചയിൽ സമ്മതപത്രം ഒപ്പിട്ടു കൊടുക്കുമ്പോൾ താൻ ചെയ്യുന്നത് ശരിയാണെന്നൊ, തെറ്റാണെന്നൊ അറിയാൻ കഴിയാത്തൊരു മാനസികാവസ്ഥയിലായിരുന്നു നിർമ്മല. അവനീഷിനെ എന്നന്നേയ്ക്കുമായി നഷ്ടപ്പെടുത്തുന്ന ഒരു ഉടമ്പടിയിലാണൊ താൻ ഒപ്പു വെച്ചത്?. സമയത്തിലൂടെ സഞ്ചരിച്ച്, അവനീഷിനെന്താകും സംഭവിക്കുക എന്നറിയാൻ കഴിഞ്ഞിരുന്നെങ്കിലെന്നവളാഗ്രഹിച്ചു.

ആഴ്ച്ചകൾക്ക് ശേഷം, ഒരു ഉറക്കത്തിൽ നിന്നുണരും പോലെ അവനീഷ് കണ്ണു തുറക്കുമ്പോൾ നിമ്മി അടുക്കൽ തന്നെയുണ്ടായിരുന്നു. അവനീഷ് ‘മിന്നു’ എന്നു വിളിച്ച് കണ്ണുകൾ കൊണ്ട് ചുറ്റിലും പരതുമ്പോൾ, നിമ്മി അയാളുടെ അടുക്കലേക്ക് മുഖം ചേർത്ത് പതിയെ പറഞ്ഞു,
“മിന്നു വന്നിട്ടില്ല അവി... അവൾ പിന്നീട് വരും”.
സജീവൻ മുന്നോട്ട് വന്ന്, വിശ്രമിക്കാൻ ഉപദേശിച്ചു.
ഡോക്ടർമാർ വേണ്ട നിർദ്ദേശങ്ങൾ കൊടുത്തിരുന്നു.
“അധികം സംസാരിക്കരുത്”
“ശരീരമനങ്ങാൻ ഇടയാക്കരുത്”
“ഉദ്വേഗമുണർത്തുന്ന വാർത്തകൾ കേൾപ്പിക്കരുത്”
അങ്ങനെ പലതും. അവൾ അതെല്ലാം ശ്രദ്ധയോടെ ചേർത്തു വെച്ചു.

അവനീഷിന്റെ പുരോഗതി ഡോക്ടർമാർ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്നു. ഹൃദയതാളം, അവയവങ്ങളുടെ പ്രവർത്തനം, കൈകാലുകളുടെ ചലനം, പ്രതികരണം അങ്ങനെ പലതും. ഞരമ്പുകളും മാംസപേശികളും തലച്ചോറിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു. അവനീഷ് തന്റെ ഉടലിലേക്ക് നോക്കാൻ ഒരേസമയം ഭയപ്പെടുകയും, കാണുവാനുള്ള ജിജ്ഞാസയടക്കി സന്തോഷിക്കുകയും ചെയ്തു. തനിക്ക് വീണ്ടും നടക്കാൻ കഴിയും! വീണ്ടും മിന്നുവിനെ ചേർത്തുമ്മവെയ്ക്കാൻ കഴിയും!. തന്റെ ഉടലിന്റെ ഉടമയെ കുറിച്ച് അവനീഷ് ഓർത്തു കൊണ്ടിരുന്നു. അയാളുടെ പേരു മാത്രമറിയാം - ജൂഡ് ആന്റണി. മറന്നു പോകാതിരിക്കാനെന്നവണ്ണം,  ആ പേര്‌ അയാൾ ഇവേളകളിൽ ഉരുവിട്ടു കൊണ്ടിരുന്നു.

ജൂഡ് - നിന്നെ ഞാൻ മറക്കുകയില്ല. മറക്കാൻ കഴിയുകയില്ല. എന്റെയൊപ്പം ഇനി നീയും ജീവിക്കാൻ പോകുന്നു. എനിക്കു വേണ്ടി നിന്റെ ഹൃദയം മിടിക്കാൻ പോകുന്നു. എനിക്കു വേണ്ടി നീ നടക്കുകയും, എനിക്കു വേണ്ടി നീ ദാഹിക്കുകയും, വിശക്കുകയും ചെയ്യും. ഇനി നീയും ഞാനും എന്നൊന്നില്ല. നമ്മൾ മാത്രം.

അവനീഷ് തന്റെ കൈകളിലേക്ക് നോക്കി. പുതിയ കൈകൾക്ക് ശക്തിയുണ്ട്. ഉറച്ചപേശികളുണ്ട്. താനിങ്ങനെയൊന്നുമായിരുന്നില്ല. ഒരിക്കലും വ്യായാമം ചെയ്തിരുന്നില്ല. അതിനു താത്പര്യമോ സമയമോ ഇല്ലായിരുന്നു. അയാൾ കൈത്തണ്ടയിലെന്തോ കണ്ടു കൈയ്യുയർത്തി നോക്കി. എന്തോ പച്ചകുത്തിയിരിക്കുന്നു. സൂക്ഷിച്ചു നോക്കുമ്പോൾ കണ്ടു - ഒരു ക്രൂശിതരൂപം. ആരോടാണ്‌ താൻ നന്ദി പറയേണ്ടത്?. അവനീഷ് കണ്ണുകളടച്ചു കിടന്നു.

ഒരോ ദിവസവും അവനീഷ് സ്വന്തം ശരീരത്തെ കൂടുതലറിയാൻ ശ്രമിച്ചു കൊണ്ടിരുന്നു. ആദ്യമായിട്ടായിരുന്നു അയാൾ സ്വന്തം ശരീരത്തെ കുറിച്ച് ഇത്രയും ബോധവാനാകുന്നത്. ഒരു സമ്മാനപ്പൊതി തുറന്നു നോക്കുന്ന കൗതുകമാണ്‌ ശരീരത്തിന്റെ ഒരോ ഭാഗത്തും കണ്ണോടിക്കുമ്പോൾ. മറ്റാരുടെയോ ശരീരത്തിൽ സ്പർശിക്കുന്നത് പോലെയായിരുന്നു തുടക്കത്തിൽ. സ്വന്തം നഗ്നശരീരത്തിൽ നോക്കുവാൻ കൂടി അയാൾക്ക് ലജ്ജ തോന്നി. കുളിമുറിയിലെ കണ്ണാടി പകർത്തിയ ശരീരത്തിലേക്ക് അയാൾ കൗതുകത്തോടെ നോക്കി നിന്നു.
ജൂഡ്, നിന്റെ ശരീരത്തിലേക്ക് ഇങ്ങനെ നോക്കുന്നതിൽ ക്ഷമിക്കൂ. ഇപ്പോൾ നിന്റെ ശരീരം എന്റേതു കൂടിയാണ്‌.
അയാൾ നെഞ്ചിലെ രോമക്കാടിലൂടെ വിരലോടിച്ചു. ഉറച്ചപേശികളിലൂടെ കണ്ണോടിച്ചു. നീണ്ടുതുടങ്ങിയ വിരൽനഖങ്ങൾ മുറിച്ചു കളഞ്ഞു. കൈപ്പത്തി നോക്കി അയാൾ കുറേ നേരമിരുന്നു. ഈ രേഖകൾ..എന്താണിതു പറയുന്നത്?. ഇതിൽ ആയുർരേഖ മുറിഞ്ഞു പോയിട്ടുണ്ടാവും. അതോ മുറിഞ്ഞു പോയത് തന്റെ കൈപ്പത്തിയിലെ രേഖ ആയിരിക്കുമോ?.

കഴുത്തിലെ തുന്നൽപ്പാടുകളിലൂടെ അയാൾ വിരലോടിച്ചു. കഴുത്തിനു താഴേക്ക് തന്റെ ശരീരത്തിനു നിറവ്യത്യാസമുണ്ട്. തനിക്കിത്രയും നിറം മുൻപുണ്ടായിരുന്നില്ലല്ലോ.

കാൽമുട്ടിനു താഴെയും, ഇടതു പിൻചുമലിലും ചില പഴയ മുറിപ്പാടുകൾ കാണുന്നുണ്ട്. ഒരോ മുറിവിനും ഒരു കഥ പറയാനുണ്ടാകും. പക്ഷെ തനിക്ക് തന്റെ കഥ മാത്രമേ അറിയൂ. ഈ ശരീരത്തിലെ കലകളുടെ പിന്നിൽ ഒരായിരം ഓർമ്മകൾ ഒളിച്ചിരിക്കുന്നുണ്ട്.
ജൂഡ്, നിന്റെ വിലപിടിച്ച ഓർമ്മകൾ എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. ഒരു വാക്ക് മാത്രം നിനക്ക് തരാം - നിന്റെ ശരീരത്തിൽ ഇനി ഒരു പോറൽ കൂടി വീഴാതെ ഞാൻ സൂക്ഷിക്കും. അവനീഷ് പ്രതിബിംബത്തിലെ ശരീരത്തിലേക്ക് തന്നെ തുറിച്ചു നോക്കി നിന്നു.
താൻ എന്തൊക്കെയാണീ പറയുന്നത്?
എന്തൊക്കെയാണ്‌ ചിന്തിച്ചു കൂട്ടുന്നത്?
തന്റെ തന്നെ ഭാഗമായി മറ്റൊരു മനുഷ്യൻ എപ്പോഴും ഒപ്പം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു!.
നൂറ്റാണ്ടുകൾ പഴക്കമേറിയതും, ഇതുവരെ ഉത്തരം കിട്ടാത്തതും, മനുഷ്യവർഗ്ഗത്തിനു ഏറ്റവും പരിചിതവുമായ ആ ചോദ്യം അയാളപ്പോൾ സ്വയം ചോദിച്ചു,
“ഞാൻ ആരാണ്‌?”

മരുന്നുകൾ കൊണ്ട് മാത്രമായിരുന്നില്ല ചികിത്സ. മാനസികമായി മറ്റൊരു ശരീരത്തിനോട് താദാത്മ്യം പ്രാപിക്കാൻ ആഴ്ച്ചകൾ പോര, മാസങ്ങൾ തന്നെ വേണ്ടി വരുമെന്നു വിദഗ്ധർ ഉപദേശിച്ചിരുന്നു. സ്പർശനത്തിലൂടെ ആവുംവിധം ശരീരത്തിനെ പരിചയപ്പെടുക എന്നതായിരുന്നു ആദ്യഘട്ടം. മറ്റൊരു ശരീരത്തിനെയാണ്‌ താൻ സ്പർശിക്കുന്നതെന്ന തോന്നലുരിഞ്ഞു പോകും വരെ അതു തുടരുക തന്നെ വേണം.

നിർമ്മല വരുമ്പോഴൊക്കെയും അയാൾ സ്വന്തം ശരീരം ആവും വിധം മൂടിയൊളിപ്പിക്കാൻ ശ്രമിച്ചു. എന്തിനാണങ്ങനെ ചെയ്യുന്നതെന്നയാൾക്ക് നിശ്ചയമുണ്ടായിരുന്നില്ല. തന്റെ ശരീരത്തിലേക്ക് നോക്കുവാൻ അവൾക്ക് അനുവാദം കൊടുക്കാനയാൾ വിസമ്മതിച്ചു. തന്റെ മുഖം മാത്രമാണിപ്പോഴുമവളുടെ കണ്ണുകൾക്ക് പരിചയം. നിമ്മി ഒരു പക്ഷെ തന്റെ ശരീരം കണ്ടാൽ..പറയാനാകില്ല. അവളുടെ കണ്ണുകൾക്ക് പരിചയമില്ലാത്തതു കൊണ്ട്..ചിലപ്പോൾ..
ഒരു പ്രാവശ്യം നിമ്മി അടുത്തേക്ക് വന്നപ്പോൾ കൈപ്പത്തി ഉയര്ർത്തിക്കാണിച്ചു കൊണ്ടയാൾ ഉത്സാഹപൂർവ്വം പറഞ്ഞു,
“നോക്ക് നിമ്മി..ഇനി ഇതാണെന്റെ കൈ. നിനക്ക് ഇതു കാണുമ്പോൾ എന്താണ്‌ തോന്നുന്നത്?. ആദ്യമൊക്കെ എനിക്ക് എന്റെ കൈകൾ കൊണ്ട് തന്നെ എന്റെ മുഖത്ത് തൊടാൻ ഒരു വല്ലായ്മ ഉണ്ടായിരുന്നു..ഇപ്പോഴതൊക്കെ മാറി. ഞാൻ നിന്നെ ഒന്നു തൊട്ടു നോക്കട്ടെ! എത്ര നാളായി..”
അയാൾ നിമ്മിയുടെ കൈയ്യിൽ തൊട്ടതും അവൾ ഷോക്കടിച്ചതു പോലെ കൈ വലിച്ചു.
“നിമ്മി..ഇതു ഞാൻ തന്നെയാണ്‌..നീ എന്റെ മുഖത്തേക്ക് നോക്കു..നിന്റെ പഴയ..അവി തന്നെ..”
അവൾ അപ്പോഴും ആ കൈപ്പത്തിയിലേക്ക് തന്നെ തുറിച്ചു നോക്കിയിരിക്കുകയായിരുന്നു, ഏതോ വിചിത്രജീവിയെ കണ്ടതു പോലെ. അപ്പോഴയാൾ കണ്ടു, അവളുടെ കണ്ണിൽ ഒരു നിലവിളി കുടുങ്ങികിടക്കുന്നത്. സമീപം നിന്ന മിന്നു അയാളുടെ മൂടിപ്പുതച്ച ശരീരത്തിലൂടെ കണ്ണോടിക്കുകയായിരുന്നു ആ നേരമത്രയും. അവനീഷിനു മിന്നുവിനേ ചേർത്തു പിടിക്കണമെന്നുണ്ടായിരുന്നു, പക്ഷെ..ഇനി അവളും..
അയാൾ മിന്നുവിനോട് പറഞ്ഞു,
“ഇനി അച്ഛനു മിന്നൂന്റെ ഒപ്പം പഴേ പോലെ കളിക്കാൻ വരാലോ..മോൾക്ക് സന്തോഷായില്ലെ?”
അവൾ ചിരിച്ചു കൊണ്ട് തലയാട്ടി.

നിമ്മി സന്ദർശനം കഴിഞ്ഞു പോയപ്പോൾ അവനീഷ് വീണ്ടും ചിന്തയിലേക്ക് മുങ്ങാംകുഴിയിട്ടു. പരകായപ്രവേശത്തെ കുറിച്ച് കഥകളിൽ വായിച്ചിട്ടുണ്ട്. ഇപ്പോൾ തനിക്ക് സംഭവിച്ചിരിക്കുന്നത് അതാണ്‌. അറ്റു പോയ ശിരസ്സ് ചേർത്തുവെച്ച കഥകൾ വായിച്ച് കഥാകാരന്റെ ഭാവനയെ പരിഹസിച്ചിട്ടുണ്ട്. എന്നാൽ ശരിക്കും താനിപ്പോൾ ഒരു കെട്ടുകഥയുടെ ഭാഗമാണ്‌. തനിക്ക് പോലും വിശ്വസിക്കാൻ കഴിയാത്ത ഒരു കെട്ടുകഥയിലെ കഥാപാത്രം.

ഒഴിവുവേളകളിൽ കൈത്തണ്ടയിലെ ക്രൂശിതരൂപത്തിലേക്ക് തന്നെ അയാൾ നോക്കിയിരുന്നു. നിമ്മി ഇതുവരെ ഇതു കണ്ടില്ല. താൻ ഒരിക്കലും ഒരു വിശ്വാസിയായിരുന്നില്ല. എന്നിട്ടിപ്പോൾ തനിക്ക് ഒരു വിശ്വാസിയുടെ ശരീരത്തെ ആശ്രയിക്കേണ്ടി വന്നിരിക്കുന്നു!. എത്ര വിചിത്രമായ വിധി!. ജൂഡിന്റെ മുഖം എങ്ങനെ ആയിരിക്കും?. ഇതു വരെ അതു കാണാൻ ഡോക്ടർമാർ അനുവദിച്ചിരുന്നില്ല. അവനീഷിനു ജൂഡുമായി ഒരു മാനസിക അടുപ്പമുണ്ടാവാൻ പാടില്ല, അതു അവനീഷിന്റെ മനസ്സിനെ എങ്ങനെ ബാധിക്കുമെന്നു പ്രവചിക്കാൻ കഴിയില്ല എന്നൊക്കെയാണ്‌ കാരണങ്ങളായി അവർ മുന്നോട്ട് വെച്ചത്. അനിശ്ചിതത്വമുള്ള കാര്യങ്ങൾ പരീക്ഷിക്കുന്നത് അപകടമാണെന്ന് സ്വയം ബോദ്ധ്യം തോന്നിയത് കൊണ്ട് അവനീഷ് ഉപദേശങ്ങളെ അതു പോലെ തന്നെ സ്വീകരിച്ചു. നിമ്മിയെ കുറിച്ചും, മിന്നുവിനെ കുറിച്ചും കൂടുതൽ ഓർക്കുമ്പോൾ അയാൾ കൂടുതൽ അസ്വസ്ഥനായിക്കൊണ്ടിരുന്നു. എന്തോ അസുഖകരമായതു സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ. എന്താണത്‌?

ഏതാനും ആഴ്ച്ചകൾ കഴിഞ്ഞപ്പോൾ അവനീഷ് പുതിയ ശരീരത്തിൽ നടന്നു തുടങ്ങിയിരുന്നു. കൈകളുടേയും കാലുകളുടേയും നിയന്ത്രണം സ്വന്തം അധീനതയിലായിരിക്കുന്നു. ഇപ്പോൾ താൻ അപൂർണ്ണനല്ല എന്നു സ്വയം ബോദ്ധ്യപ്പെടുത്താനയാൾക്ക്‌ കഴിഞ്ഞിരിക്കുന്നു. പരിശോധനകളും ടെസ്റ്റുകളും തുടർന്നു. സജീവൻ ദിവസവും സന്ദർശിച്ച് ശരീരത്തിന്റെ വിവിധതാളങ്ങൾ പരിശോധിച്ചു തീർച്ചപ്പെടുത്തി.
“അവനീഷ്, നിങ്ങൾ ശരിക്കും ഞങ്ങളെ അത്ഭുതപ്പെടുത്തിക്കളഞ്ഞിരിക്കുന്നു!. നിങ്ങളുടെ ശരീരം വളരെ പോസിറ്റീവായിട്ടാണ്‌ റെസ്പോണ്ട് ചെയ്യുന്നത്. യൂ ആർ എ ലക്കി മാൻ!” പതിയെ തോളിൽ തട്ടി അഭിനന്ദനമറിയിച്ച് സജീവൻ പുറത്തേക്ക് പോകുമ്പോൾ അവനീഷ്, സജീവൻ പറഞ്ഞ അവസാന വാചകം ഉരുവിട്ടു തുടങ്ങിയിരുന്നു.
“യൂ ആർ എ ലക്കി മാൻ..”
ശരിക്കും താൻ അത്രയ്ക്കും ഭാഗ്യവാനാണോ?. അറിയില്ല.
ജൂഡ്.. നീ ഇതു കേൾക്കുന്നുണ്ടോ?. ഞാൻ ഭാഗ്യവാനാണെന്ന്..പക്ഷെ സത്യത്തിൽ ഭാഗ്യം എന്നു പറയുന്നതെന്താണ്‌?.

ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് വരുമ്പോൾ ബന്ധുമിത്രാദികൾ അയാൾക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. അയാൾ നടന്ന് പടികൾ കയറുന്നത് അവർ അമ്പരപ്പോടെ നോക്കി നിന്നു. അവനീഷ് അപ്പോഴെല്ലാമാലോചിച്ചത് മറ്റൊന്നായിരുന്നു. ഇവരെല്ലാം എങ്ങനെയാണ്‌ തന്നെ ഇതുവരെ കണ്ടിരുന്നത്?. എല്ലാവരും തന്റെ കൈകളിലും കാലുകളിലും നോക്കുന്നു..കാഴ്ച്ചക്കാർക്ക് കാണേണ്ടത് തന്റെ പുതിയ ശരീരമാണ്‌. അല്ലാതെ തന്നെയല്ല..ശരിക്കും താൻ വെറുമൊരു മുഖം മാത്രമായിരുന്നോ?. മിന്നു പോലും തന്റെ കൈകളിലേക്ക് തുറിച്ചു നോക്കുന്നു. അയാൾ വിളറിയ മുഖത്തോടെ അകത്തേക്ക് കയറി.

ഒരജ്ഞാതവാസമാണ്‌ തനിക്കാവശ്യം. എല്ലാവരും ഒരു കൗതുകവസ്തുവിനെ നോക്കുന്നതു പോലെയാണ്‌ തന്റെ നേർക്ക് നോക്കുന്നത്. സന്ദർശകരെ പലതും പറഞ്ഞ് ഒഴിവാക്കാൻ തീരുമാനമെടുത്തത് അങ്ങനെയാണ്‌. അയാൾ വീടിന്റെ രണ്ടാം നിലയിലേക്ക് നടന്നു. അപകടത്തിനു ശേഷം ഇതാദ്യമായാണ്‌ മുകളിലത്തെ മുറിയിലേക്ക് പോകുന്നത്. തന്റെ പുസ്തകങ്ങൾ..സിഡികൾ..പല രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ ശേഖരിച്ച കാഴ്ച്ചവസ്തുക്കൾ. അവയിലൂടെ വീണ്ടും കണ്ണോടിച്ചപ്പോൾ അയാളുടെ കണ്ണു നിറഞ്ഞു. നിസ്സാരമായ വസ്തുക്കൾ പോലും നഷ്ടപ്പെട്ടു എന്നറിഞ്ഞ ശേഷം തിരിച്ചു കിട്ടുമ്പോൾ താനെത്ര മാത്രം സന്തോഷിക്കുന്നു എന്ന സത്യം അയാൾ ഒരോ വസ്തുവിലൂടെയും കണ്ണോടിക്കുമ്പോൾ തിരിച്ചറിഞ്ഞു.

വീട്ടിൽ വന്നു കയറിയശേഷം ഉറക്കം ശരിയാകുന്നില്ല എന്നയാൾക്ക് തോന്നിത്തുടങ്ങിയിരുന്നു. മിന്നു എത്ര സുഖമായിട്ടാണ്‌ ഉറങ്ങുന്നത്!. ചിലപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം നല്ല ഒരു ഉറക്കം ലഭിക്കുക എന്നതായിരിക്കും..
ഒരു രാത്രി, വിയർത്ത ശരീരവുമായി അയാൾ എഴുന്നേറ്റിരുന്നു. എന്തോ ശബ്ദം കേട്ടാണ്‌ നിമ്മി ഉണർന്നത്.
“എന്താ..എന്തു പറ്റി?..ദാഹിക്കുന്നോ? വെള്ളം വേണോ?”
“വേണ്ട..എന്തൊ..ഒരു വല്ലാത്ത സ്വപ്നം..ഒന്നുമില്ല..”
അങ്ങനെ പറഞ്ഞു കിടന്നെങ്കിലും ആ രാത്രി മുഴുവൻ കബന്ധങ്ങൾ തനിക്ക് പിന്നാലെ വരുന്നതായി വീണ്ടും സ്വപ്നം കാണുമോ എന്നയാൾ ഭയന്നു. ഇതേ സ്വപ്നം.. മുൻപെപ്പോഴോ കണ്ടിരുന്നുവോ?. എപ്പോഴാണത്?. ആശുപത്രിയിലാവുന്നതിനു മുൻപ്?..ആരോ തനിക്കെന്തോ മുന്നറിയിപ്പ് തരാൻ ശ്രമിച്ചിരുന്നോ?. അതോ എല്ലാം തനിക്ക് വെറുതെ തോന്നുന്നതോ?. കെട്ടുപിണഞ്ഞു പോയ ചിന്തകളഴിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ടാണയാൾ ഉറക്കത്തിലേക്ക് തിരിച്ചുപോയത്.

ഒരു ദിവസം കുളിമുറിയിൽ നിന്നിറങ്ങുമ്പോൾ അവനീഷ് ഭയത്തോടെ ഓർത്തു, ഓ! മുറി ലോക്ക് ചെയ്യാൻ വിട്ടു പോയിരിക്കുന്നു!. തന്റെ ശരീരം ഇവിടെ ഇതുവരേയും ആരും കണ്ടിട്ടില്ല. വാതിലടയ്ക്കാനുള്ള വെപ്രാളത്തിൽ ടൗവ്വൽ മാത്രം ധരിച്ച് നടക്കുമ്പോൾ കണ്ടു, മിന്നു പകച്ചു നോക്കി നിൽക്കുന്നത്. അവൾ ഭയപ്പെടാൻ പാടില്ല.
“മോളെ..ഇതു മോൾടെ അച്ഛനല്ലെ?..എന്തിനാ പേടിക്കുന്നത്‌?”
അവൾ ഭയന്ന്, കരഞ്ഞു കൊണ്ട് അമ്മയുടെ അടുത്തേക്കോടി പോയി.
നിമ്മിക്ക് എന്തു പറഞ്ഞ് അവളെ സമാധാനിപ്പിക്കണമെന്നറിയില്ലായിരുന്നു.
“നമ്മുടെ അച്ഛനല്ലെ?..മോളെന്തിനാ പേടിക്കുന്നത്..” അവൾ മിന്നുവിനെ സമാധാനിപ്പിക്കാൻ ഒരു ദുർബ്ബലശ്രമം നടത്തി.
അവനീഷ് നിമ്മിയെ തന്നെ നോക്കി നിന്നു. തിരിച്ചു വന്ന ശേഷം ഇതുവരേയ്ക്കും ശാരീരികബന്ധം പുലർത്താനായില്ല. വിരൽ തൊടുമ്പോൾ മറ്റാരെയോ തൊടുന്നത് പോലെയാണവൾക്കിപ്പോഴും. ഒരു പ്രാവശ്യം അവളെ നെഞ്ചോട് ചേർത്തതാണ്‌. നെഞ്ചിലെ കറുത്തു ചുരുണ്ട രോമം കണ്ട് അവൾ തന്നെ തള്ളിമാറ്റിയതയാളോർത്തു. തനിക്ക് ശരിക്കും എല്ലാം ലഭിക്കുകയാണോ നഷ്ടപ്പെടുകയാണൊ ചെയ്തിരിക്കുന്നത്?. നേട്ടത്തിന്റേയും നഷ്ടത്തിന്റേയും അളവുകോലുകൾ എത്ര വിചിത്രമാണ്‌. ഭാഗ്യത്തിന്റെയും നിർഭാഗ്യത്തിന്റെയും നിർവ്വചനങ്ങൾ തന്നെ നോക്കി പരിഹസിക്കുകയാവും.

പുസ്തകങ്ങളിലൂടെ അവനീഷ് മനസ്സ് കൊണ്ട് സഞ്ചരിച്ചു കൊണ്ടിരുന്നു. ഒരു ദീർഘദൂരയാത്രയ്ക്കായി അയാൾ മനസ്സൊരുക്കി. തനിക്ക് തന്നെ അന്വേഷിച്ചു കണ്ടുപിടിക്കണം. നിമ്മിക്കൊരുപക്ഷെ ഇതു പറഞ്ഞാൽ മനസ്സിലാകുമോ എന്നറിയില്ല. മാറ്റം തനിക്ക് മാത്രമല്ല..ചുറ്റിലുമുള്ളവരും മാറി പോയിരിക്കുന്നു..എല്ലാ മാറ്റങ്ങൾക്കും സ്ഥിരതയിലേക്കും സ്വാഭാവികതയിലേക്കും മാറുവാൻ സമയത്തിന്റെ സഹായം വേണം. ഒരിക്കൽ നിമ്മിക്ക്..തന്നെ..തന്റെ ശരീരത്തിനെ..പഴയതു പോലെ മനസ്സിലാക്കാൻ കഴിയും. അവൾക്ക് തന്നോടുള്ള സ്നേഹത്തിൽ കടുകുമണിയോളം പോലും കുറവ് വന്നിട്ടില്ല..പക്ഷെ..

അവസാനമില്ലാത്ത ആലോചനകൾ അലോസരപ്പെടുത്തിയ ഒരു രാത്രി അയാൾ നിമ്മിയോട് തന്റെയാഗ്രഹം പറഞ്ഞു. ഒരു യാത്ര. ഒന്നു വിട്ടുനില്ക്കാം. തിരികെ വരുമ്പോഴേക്കും നിമ്മിക്കെല്ലാം ഒന്നു കൂടി ചിന്തിക്കാൻ സമയം കിട്ടും. അയാൾ തന്റെ കഴുത്തിലെ പാടിലൂടെ വിരലോടിച്ചു കൊണ്ടു പറഞ്ഞു,
“ഇതിനു മുകളിലേക്ക് മാത്രമല്ല ഞാൻ എന്ന് നിമ്മിക്കൊരിക്കൽ മനസ്സിലാകും. എന്റെ ഭാഗമായ എല്ലാം സ്വീകരിക്കാൻ നിമ്മിക്ക് കഴിയും എന്നെനിക്കുറപ്പുണ്ട്..തൊടുമ്പോൾ, ഞാൻ തന്നെയാണ്‌ നിന്നെ തൊടുന്നതെന്ന് നിനക്ക് തോന്നുന്ന ഒരു സമയത്തിനു വേണ്ടി ഞാൻ കാത്തിരിക്കാം..തത്ക്കാലം എനിക്കൊന്നു മാറി നില്ക്കണം..”

യാത്രയുടെ ദിവസവും, സമയവുമെല്ലാം അവനീഷ് നിശ്ചയിച്ചുറപ്പിച്ചു. വസ്ത്രങ്ങൾ, പുസ്തകങ്ങൾ, അവശ്യസാധനങ്ങൾ എല്ലാം പെട്ടിയിൽ നിറച്ചു. ജനൽപാളികളിൽ മഴത്തുള്ളികൾ പാറി വീണ ശബ്ദം കേട്ടു അവനീഷ് പുറത്തേക്ക് നോക്കി നിന്നു. യാത്ര മുടങ്ങുകയില്ല. താമസം നേരിടുമായിരിക്കും. തീരുമാനിച്ചുറപ്പിച്ചതാണത്. മഴ പെയ്യുന്നത് ശുഭലക്ഷണമെന്നാരോ പറഞ്ഞതോർത്തു. എന്താണ്‌ ശുഭം? എന്താണശുഭം?.
അയാൾ പലതുമോർത്ത് സോഫയിൽ ചെന്നിരുന്ന് പിന്നിലേക്ക് തല ചായ്ച്ചു.
കണ്ണടച്ച് മഴശബ്ദം ശ്രദ്ധിക്കുമ്പോഴാണ്‌ കോളിംഗ്ബെൽ ശബ്ദിച്ചത്. സാവധാനമെഴുന്നേറ്റ് ചെന്ന് വാതിൽ തുറക്കുമ്പോൾ അവിടെ ഒരു യുവതി നിൽക്കുന്നത് കണ്ടു. അവൾ ഉയർത്തിപിടിച്ച കുടയിൽ നിന്നും മഴത്തുള്ളികൾ ഇറ്റിറ്റു വീണുകൊണ്ടിരുന്നു. അവൾ മുഖം പാതിയോളം മൂടും വിധമൊരു കറുത്ത കണ്ണാടി ധരിച്ചിട്ടുണ്ട്. നീണ്ടു മെലിഞ്ഞ അവൾ ഫ്രോക്ക് പോലുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. നിമ്മിയും അപ്പോഴേക്കും വാതിലിനടുത്തേക്ക് വന്നു കഴിഞ്ഞിരുന്നു.
അവനീഷിനു അതാരാണെന്ന് മനസ്സിലായില്ല.
ആരാണെന്ന് ചോദിക്കുന്നതിനു മുൻപെ അവൾ ചോദിച്ചു,
“അവനീഷ്‌..അല്ലെ?”
“ആരാണ്‌?...എനിക്ക്.. മനസ്സിലായില്ല..”
കറുത്ത കണ്ണാടി മാറ്റിക്കൊണ്ടവൾ സാവധാനം പറഞ്ഞു,
“ഞാൻ..ആഷ്‌ലി..എന്നെ..നിങ്ങൾക്ക്.. പരിചയമുണ്ടാവില്ല..ഞാൻ വന്നത്... അവനീഷിനെ ഒന്നു കാണാനാണ്‌..” അവൾ മുഖത്ത് നിന്നും കണ്ണാടി മാറ്റി.
അവളുടെ ചുവന്ന് കലങ്ങിയ കണ്ണുകൾ അപ്പോഴാണ്‌ അവനീഷ് ശ്രദ്ധിച്ചത്.
അവൾ തുടർന്നു,
“ഞാൻ..ഞാൻ ജൂഡിന്റെ..ഫ്രണ്ടാണ്‌..”
അവനീഷ് കുറച്ച് നേരം അവളെ തന്നെ നോക്കിയ ശേഷം ‘അകത്തേക്ക് വരൂ’ എന്നു പറഞ്ഞു നടന്നു. നിമ്മി ഒന്നും പറയാതെ ആഷ്‌ലിയെ തന്നെ നോക്കി നില്ക്കുകയായിരുന്നു.
സോഫയിൽ ഇരിക്കുമ്പോൾ ആഷ്‌ലി അവനീഷിനെ മുഴുവനായി നോക്കുകയായിരുന്നു.
“കുടിക്കാൻ എന്തെങ്കിലും?”
“നോ..ഞാനിവിടെ അധികനേരം നില്ക്കുന്നില്ല..സത്യത്തിൽ.. ഞാൻ.. എന്തിനാണിവിടെ വന്നതെന്നു കൂടി..പെട്ടെന്ന് കാണണമെന്നു തോന്നിയപ്പോൾ..”
അവനീഷും നിമ്മിയും ആഷ്ലിയെ തന്നെ നോക്കിയിരുന്നു.
അല്പനേരം കഴിഞ്ഞ്, അരോചകമായൊരു നിശ്ശബ്ദത അവിടെ നിറയുന്നു എന്ന് തോന്നിയപ്പോൾ അവനീഷ് ചോദിച്ചു,
“ജൂഡിന്റെ ഫ്രണ്ട് എന്നല്ലെ പറഞ്ഞത്?..ജൂഡ്..എങ്ങനെ ഉള്ള ആളായിരുന്നു?”
എന്തോ ഓർത്ത് ചിരിച്ചു കൊണ്ടവൾ പറഞ്ഞു,
“ജൂഡ്..ശരിക്കും നല്ല ജോളി ടൈപ്പ് ആയിരുന്നു..അവൻ..എല്ലാർക്കും പ്രിയപ്പെട്ടവനായിരുന്നു..എല്ലാർക്കും..” അതു പറഞ്ഞു അവൾ മുഖം കുനിച്ചിരുന്നു.
പിന്നീട് കൈവശമുണ്ടായിരുന്ന ബാഗ് തുറന്ന് എന്തോ ഒന്നെടുത്തു.
അവനീഷിന്റെ നേർക്ക് നീട്ടി അവൾ കൈ വിടർത്തി. ഒരു ചെറിയ മോതിരമായിരുന്നു അത്.
“ഇതാണവൻ എനിക്ക് അവസാനമായി തന്നത്..എന്റെ മുന്നിൽ മുട്ടുകുത്തി നിന്ന്..ഞാൻ അവനെ മാത്രമെ..അവൻ എന്റേതു മാത്രമായിരുന്നു..“ അതു പറയുമ്പോൾ അവൾ മുഖം തരാതെ കുനിച്ചു.
അവനീഷ് എന്തു പറയണമെന്നറിയാതെ, അവളെ നോക്കണമോ വേണ്ടയോ എന്നറിയാതെ ഇരുന്നു.
പെട്ടെന്നവൾ എഴുന്നേറ്റ് നിന്നു പറഞ്ഞു,
”തെറ്റാണ്‌..ഇവിടെ വന്നത്..തെറ്റ്..ഞാൻ..എന്റെ ജൂഡ്..ഞാൻ പോകട്ടെ..“.
അവളോട് എന്തു പറയണമെന്നറിയാതെ അവനീഷും എഴുന്നേറ്റു. അവൾ അനീഷിനു സമീപം വന്ന് അയാളുടെ ഇടതുകൈ പതിയെ പിടിച്ചുയർത്തി.
പച്ചകുത്തിയ ക്രൂശിതരൂപത്തിലേക്ക് തന്നെ നോക്കി നിന്നു. പിന്നീടവൾ അവനീഷിന്റെ കൈയ്യുയർത്തി തന്റെ മുഖത്തോട് ചേർത്തുപിടിച്ച് കണ്ണുകളടച്ചൊരു നിമിഷം നിന്നു.
അവനീഷിനു കൈകൾ വലിച്ചെടുക്കണമെന്നുണ്ടായിരുന്നു.
കൈകൾ വിടർത്തിക്കൊണ്ടവൾ പറഞ്ഞു,
”സോറി..ഞാനിനി ഒരിക്കലുമിവിടെ വരില്ല..നിങ്ങളെ കാണുകയുമില്ല..സോറി..“
അവൾ കറുത്തകണ്ണടയെടുത്ത് ധരിച്ചു. നിമ്മിയുടെ നേർക്ക് നോക്കി അവൾ ഒന്നു ചിരിക്കാൻ ശ്രമിച്ചു. പിന്നീടൊന്നും മിണ്ടാതെ, തിരിഞ്ഞ് വാതിലിലൂടെ പുറത്തേക്കിറങ്ങി നടന്നു. അവനീഷും നിമ്മിയും ശില പോലെയുറച്ചു പോയിരുന്നു. അവരിരുവരും വാതിലിലേക്ക് തന്നെ നോക്കി നിന്നു. തല കുനിച്ച്, മഴയിലൂടെ അവൾ നടന്നു പോകുന്നത് കണ്ടു. അവൾ കുട നിവർത്തിയിരുന്നില്ല. ഒരു പക്ഷെ മഴ പെയ്യുന്നത് അവൾ അറിയുന്നുണ്ടാവില്ല.

Post a Comment

Thursday, 29 October 2015

‘നിയോഗങ്ങൾ’ ചെറുകഥാസമാഹാരം


പ്രിയപ്പെട്ടവരെ,

എന്റെ ആദ്യത്തെ പുസ്തകം കഥാസമാഹാരം - ‘നിയോഗങ്ങൾ’ പ്രസിദ്ധീകരിച്ചിരിക്കുന്നു.
എല്ലാപേരുടെയും അനുഗ്രഹം വേണം.






















പുസ്തകത്തിനെ കുറിച്ചുള്ള വിവരങ്ങൾ ഇതാണ്‌:
പേര്‌: ‘നിയോഗങ്ങൾ’
എഴുതിയത്: സാബു ഹരിഹരൻ
പബ്ലിഷർ: പൂർണ പബ്ലിക്കേഷൻസ്, കോഴിക്കോട്.
11 കഥകൾ
124 പേജുകൾ
വില: 100/- രൂപ

പുസ്തകം താഴെ പറയുന്ന TBS Book stall കളിൽ ലഭ്യമാണ്‌.

വയനാട് (കല്പറ്റ)
TBS Publisher's Distributors
Main Road,
Kalapetta,
Wayanad - 673121
Phone: 9605008877  04936203842

കണ്ണൂർ
TBS Publishers & Distributors
TBS Building
Prabath Junction
Fort Road
Kannur - 670001
Kerala, India
Phone: 96560-00373, 0497-2713713

തിരുവനന്തപുരം
TBS Publishers & Distributors
TBS Place
Karimpanal Statue Avenue
Trivandrum - 695001
Kerala, India
Phone: 0471-2570504

കോട്ടയം
TBS Publishers & Distributors
TBS Place, Makil Center
Opp Baselius College
Kottayam - 686001
Kerala, India
Phone: 0481-2585612

കോഴിക്കോട്
Poorna Publications
Kozhikode TBS Building,
G.H. Road,
Kozhikode-673001
Ph: 7560822223, 0495-2720085, 2720086, 2721025


VPP ആയി ലഭിക്കാൻ
പുസ്തകം - ‘നിയോഗങ്ങൾ’ vpp ആയിട്ടു കിട്ടാൻ ഓൺലൈനിൽ ഇവിടെ നോക്കൂ.
http://www.tbsbook.com/niyogangal.html
ഇവിടെ പേര്‌, വിലാസം, ഇമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ കൊടുത്ത് Shipping option ൽ vpp ഓപ്ഷൻ തിരെഞ്ഞെടുത്താൽ മതിയാകും.
പോസ്റ്റൽ ചാർജ്ജടക്കം: 120 രൂപ


ഓൺലൈനിൽ വാങ്ങാൻ (Debit card/credit card/Netbanking)
ഓൺലൈനിൽ വാങ്ങണമെന്നു താത്പര്യപ്പെടുന്നവർ ദയവായി ഈ ലിങ്ക് സന്ദർശിക്കൂ.
http://www.tbsbook.com/niyogangal.html
പുസ്തകത്തിന്റെ വില മാത്രം അടച്ചാൽ മതിയാകും - 100 രൂപ
പോസ്റ്റൽ ചാർജ്ജ് ഫ്രീ


പുസ്തകം വായിച്ച ശേഷം അഭിപ്രായങ്ങൾ അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നു.
നന്ദി :)

സസ്നേഹം,
സാബു ഹരിഹരൻ

Post a Comment

Wednesday, 28 October 2015

ചൂണ്ടകൾ


ആദ്യം സൃഷ്ടിക്കപ്പെട്ടത് ചൂണ്ടയായിരുന്നു.
പിന്നീട് ഇരയെ അതിൽ കൊരുത്തിട്ടു.
മേഘങ്ങൾക്കിടയിലൂടെയാണാ ചൂണ്ട താഴേക്കിറങ്ങി വന്നത്.
അതു സംഭവിച്ചത് നൂറ്റാണ്ടുകൾക്ക് മുൻപാണ്‌.
കടൽ കരയാകുന്നതിനും കര കടലാകുന്നതിനും മുൻപ്.
മനുഷ്യൻ മൃഗമാവുന്നതിനും വളരെ മുൻപ്.
ചൂണ്ടയുടെ അഗ്രത്തിൽ കൊളുത്തിയിട്ടിരുന്നത് മനുഷ്യനാണാദ്യം കണ്ടത്.
മൃഗങ്ങളോ, പക്ഷികളോ കാണുന്നതിനും മുൻപ്.
അതിനൊരു തിളക്കമുണ്ടായിരുന്നു.
ഒരു മിനുക്കമുണ്ടായിരുന്നു.
ഒരു ഇളക്കമുണ്ടായിരുന്നു.
അവനത് ചാടി വീണെടുക്കുകയും വിഴുങ്ങുകയും ചെയ്തു.
അവനാദ്യം സംഭവിച്ചത് നിറം മാറ്റമായിരുന്നു.
അവന്റെ ബുദ്ധിയുടെ ചുളിവുകൾ പിരിഞ്ഞു രണ്ടായകന്നു.
കണ്ണുകൾ ചുവക്കുകയും, കൈകൾ വിറയ്ക്കുകയും ചെയ്തു.
കണ്ണടച്ചു തുറക്കുമ്പോൾ അവനു കാഴ്ച്ച നഷ്ടപ്പെട്ടിരുന്നു.
ഇരുട്ടിലവൻ തപ്പിത്തടഞ്ഞു.
അവൻ വിഴുങ്ങിയത് അവന്റെ വായിലൂടെ പുറത്തേക്ക് വന്നു.
അതിനു നുണയുടെ കറുത്ത നിറമുണ്ടായിരുന്നു,
വാൾത്തലപ്പിനേക്കാൾ മൂർച്ചയും,
കാരിരുമ്പിനേക്കാൾ കരുത്തുമുണ്ടായിരുന്നു.
അവന്റെ നാവിൻത്തുമ്പുരഞ്ഞാദ്യം വീണത് അവന്റെ സഹോദരനായിരുന്നു.
അവന്റെ യാത്ര അവിടെ ആരംഭിച്ചു.
ചൂണ്ടകൾ പിന്നെയും അവൻ കണ്ടെത്തി.
ഒന്നിനു പിറകെ ഒന്നായി അവൻ വിഴുങ്ങി കൊണ്ടിരുന്നു.
ചൂണ്ടകളിൽ നിന്നും ചൂണ്ടകളിലേക്കാണവന്റെ യാത്ര.
അവൻ യാത്ര തുടരുകയാണ്‌.
ആർത്തിയോടെ..കാഴ്ച്ചയില്ലാതെ..

Post a Comment

Saturday, 25 July 2015

കിഡ്നാപ്പ്


നാല്‌ മുഖംമൂടികളായിരുന്നു അയാളെ തട്ടിക്കൊണ്ട് പോയത്.
അയാളെ പാർപ്പിച്ചിരുന്നത് നല്ല വൃത്തിയും സൗകര്യങ്ങളുമുള്ള ഒരു മുറിയിലായിരുന്നു.
മുഖംമൂടികൾ മുഖംമൂടികളായി തന്നെ തുടർന്നു.
അവർ തമ്മിൽ ഒന്നും തന്നെ സംസാരിച്ചിരുന്നില്ല.
ആംഗ്യങ്ങളിൽ കൂടി പോലും അവർ ഒന്നും വിനിമയം ചെയ്യുകയുണ്ടായില്ല.
എല്ലാം പറഞ്ഞുറപ്പിച്ചതു പോലെ, പഠിച്ചത് പോലെയായിരുന്നു.

പലപ്പോഴും അയാൾ അവരോട് കയർത്തു സംസാരിച്ചു.
താനൊരു മന്ത്രിയാണെന്നും തന്നെ തട്ടിക്കൊണ്ടു പോകുന്നതും തടവിലാക്കുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അയാൾ രാഷ്ട്രീയ ഭാഷയിൽ തന്നെ അവരോട് പലവട്ടം പറഞ്ഞു.
അതിനൊന്നും ഒരു മറുപടിയും മുഖംമൂടി സംഘത്തിൽ നിന്നുണ്ടായില്ല.

ഒരു കാര്യം അയാളെ ശരിക്കും അത്ഭുതപ്പെടുത്തി.
രുചികരമായ ഭക്ഷണം - എന്നും, അതും സമയത്തിനു തന്നെ നാൽവർ സംഘം എത്തിച്ചു കൊണ്ടിരുന്നു.
കുടിക്കാൻ കോളയും.
വായിക്കാൻ പുസ്തകങ്ങളും.
കാണാൻ ടിവിയും.
ഇത്രയും സൗകര്യങ്ങൾ തന്റെ അണികൾ പോലും തനിക്കായി ഒരുക്കി തന്നിട്ടില്ല.

രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അയാൾക്ക് തന്നെ തോന്നി തുടങ്ങി, താൻ സുഖവാസത്തിലാണെന്ന്.
സമയാസമയം ഭക്ഷണം, ഇഷ്ടം പോലെ വിശ്രമം.
ജോലി ചെയ്താലും ഇല്ലെങ്കിലും ശമ്പളം കിട്ടും എന്നതു കൂടി ഓർത്തപ്പോൾ താനാണ്‌ ലോകത്തേക്കും വെച്ചേറ്റവും ഭാഗ്യം ചെയ്തവൻ എന്നു തോന്നി.

എങ്കിലും അണികളുടെ പുകഴ്ത്തലുകളും, ആൾക്കൂട്ടത്തിന്റെ ആരവങ്ങളും ഇല്ലാത്തതിനാൽ അയാൾക്ക് നഷ്ടബോധം തോന്നിത്തുടങ്ങി.
സുഖവാസം അവസാനിപ്പിക്കേണ്ട സമയമായി.
തന്നോട് മര്യാദയോടും ബഹുമാനത്തോടും പെരുമാറിയ മുഖംമൂടികളോട് അയാൾ താക്കീതിന്റേയും ഭീഷണിയുടേയും സ്വരം ഉപേക്ഷിച്ച് ചോദിച്ചു,
‘നിങ്ങൾക്ക് എന്നെ ഇവിടെ പിടിച്ചിട്ടത് കൊണ്ടെന്ത് കാര്യം?. പണമാണ്‌ വേണ്ടതെങ്കിൽ അതു ഞാൻ സംഘടിപ്പിച്ചു തരാം. നിങ്ങൾ നല്ലവരായത് കൊണ്ട് നിങ്ങളെ കുറിച്ച് ഒരു വിവരവും ഞാൻ പോലീസിനു കൈമാറില്ല’

മുഖംമൂടികൾ അപ്പോഴും ഒന്നും പറഞ്ഞില്ല.

ഇടയ്ക്കൊരു തവണ നിരാഹാരമിരുന്നാലോ എന്നാലോചിച്ചതാണയാൾ. പക്ഷെ ഇവിടെ ഇരുട്ടിന്റെ മറവിൽ ഒരു പഴം കൊണ്ടു തരാനോ, റിലേ നിരഹാരമിരിക്കാനോ, നിരഹാരമവസാനിപ്പിക്കാൻ നാരങ്ങാവെള്ളം കുടിപ്പിക്കാൻ നടക്കുന്ന ശിങ്കിടികളോ എന്തിന്‌? ഫോട്ടോ എടുക്കാൻ പത്രക്കാരോ ഇല്ല. അയാൾ ആ പദ്ധതി ഉപേക്ഷിച്ചു. ഇപ്പോൾ നല്ല രുചികരമായ ഭക്ഷണമാണ്‌ കിട്ടുന്നത്. അതു വേണ്ടെന്നു വെയ്ക്കാൻ മനസ്സു വരുന്നില്ല.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ അയാൾ ശരിക്കും ക്രൂദ്ധനായി. തനിക്ക് മൂന്ന് നേരം ഭക്ഷണം കിട്ടിയാൽ മാത്രം മതിയാകില്ലെന്നും, പലതും തനിക്ക് ജീവിതത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും അയാൾക്ക് ബോദ്ധ്യമായി. താനിവിടെ ഇങ്ങനെ വെറുതെ കിടക്കേണ്ടവനല്ല. പടിപടിയായി ഉയർന്നു പോകേണ്ടവനാണ്‌. പദവികൾ കരസ്ഥമാക്കേണ്ടവനാണ്‌.
ഇതവസാനിപ്പിച്ചേ മതിയാവൂ.
മുഖംമൂടികൾ യാതൊരുവിധ ദയയും അർഹിക്കുന്നില്ല. ഇവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരിക തന്നെ ചെയ്യണം.
തന്നെക്കുറിച്ച്, തന്റെ അധികാരത്തിന്റെ ശക്തിയേക്കുറിച്ച് ഇവരെന്താണ്‌ മനസ്സിലാക്കിയിരിക്കുന്നത്?.

പക്ഷെ അയാളുടെ ഭീഷണികൾ മുഖംമൂടികൾ കേട്ടതായി പോലും നടിച്ചില്ല.
കൃത്യം മുപ്പതാം ദിവസം മുഖംമൂടികൾ അയാളെ മുറിക്ക് പുറത്തേക്ക് നടത്തിച്ചു. പിന്നീട് ഇരുട്ടിലൂടെയായിരുന്നു യാത്ര. ആ സമയമത്രയും അയാളുടെ കണ്ണുകൾ മൂടിക്കെട്ടിയിരുന്നു.

അവർ അയാളെ ഇരുട്ടിലൊരിടത്തായി കൊണ്ടു നിർത്തി. ദൂരെയായി പാഞ്ഞു പോകുന്ന വാഹനങ്ങളുടെ വെളിച്ചം കാണാൻ കഴിഞ്ഞു.
തന്നെ മോചിപ്പിക്കാൻ ഉന്നത തലങ്ങളിൽ നിന്നും സമ്മർദ്ദവും അന്വേഷണവും ആരംഭിച്ചിട്ടുണ്ടാവും. നിവൃത്തിയില്ലാതെ തന്നെ മോചിപ്പിക്കുകയാണ്‌. അവസാനവിജയം തനിക്ക്. തന്റെ നേരെയുണ്ടായ സഹതാപതരംഗം എങ്ങനെ മുതലെടുക്കണമെന്നായി അയാളുടെ ആലോചന. തന്നെ കാത്തിരിക്കുന്നത് വിജയിയുടെ സ്വീകരണമാണ്‌. വരും ദിവസങ്ങളിൽ പത്രങ്ങളിലും ന്യൂസ് ചാനലുകളിലും നിറഞ്ഞു നില്ക്കുക താനാവും. തിരക്ക് പിടിച്ച ദിവസങ്ങളാണ്‌ മുന്നിൽ. പത്രസമ്മേളനത്തിൽ പറയേണ്ട വാക്കുകൾ അയാൾ തേച്ചു കൂർപ്പിച്ചു.

മുഖംമൂടികൾ അയാളുടെ കൈയ്യിൽ ഒരു കഷ്ണം പേപ്പർ കൊടുത്തു.
അവരെ കുറിച്ചുള്ള ഒരു വിവരവും കൊടുക്കരുതെന്ന അപേക്ഷയാവും..പാവങ്ങൾ..
നിലാവെളിച്ചത്തിൽ അയാളത് വായിച്ചു.
‘എൻഡോസൾഫാന്റെ രുചി ഇഷ്ടമായെന്നു കരുതുന്നു’

തലയുയർത്തി നോക്കുമ്പോൾ മുഖംമൂടികൾ അവിടെങ്ങും ഉണ്ടായിരുന്നില്ല.

Post a Comment

Tuesday, 14 July 2015

ബാധ


‘കടുത്തപ്രയോഗം തന്നെ വേണം!’
മന്ത്രവാദി ഉച്ചത്തിൽ കൽപ്പിച്ചു.
ശിഷ്യൻ ചുറ്റിലും നിന്നവരോടും.
‘എല്ലാരും മുറിക്ക് പുറത്തേക്കിറങ്ങി കൊൾക.. ഒഴിപ്പിക്കാൻ പോണു..അവസാനത്തെ പ്രയോഗമാണ്‌’

വിളക്കിലേക്ക് വീണ്ടും എണ്ണയൊഴുകി.
ചുവന്ന കനലുകളിലേക്ക് ശാമ്പ്രാണി പൊടിയും, മുളകും മഞ്ഞളും ചിതറി വീണു.
ചുവന്ന പട്ട് മുറുക്കിയുടുത്ത് മന്ത്രവാദി തയ്യാറെടുത്തു. വലതു കൈയ്യിൽ കുങ്കുമവും ഇടതുകൈയ്യിൽ ഭസ്മവും..
‘നിനക്ക് ഇനീം മതിയായില്ലെ?. പോകാൻ നിനക്ക് വയ്യ അല്ലെ?’
അയാളുടെ ഉഗ്രശബ്ദത്തിൽ മുക്കോട് വരെ വിറച്ചു.
വീണ്ടും കുങ്കുമവും ഭസ്മവും അന്തരീക്ഷത്തിലേക്ക്..
യുവതി കുനിഞ്ഞിരുന്നു തലയിളക്കിയതേ ഉള്ളൂ..
നീണ്ട ചുരുൾമുടി അവളുടെ മുഖം മറച്ചിരുന്നു.
അവളുടെ ചുണ്ടിൽ നിന്ന് ജല്പനങ്ങളായി ചിലത് ഇടവിട്ടിടവിട്ട് തെറിച്ചു കൊണ്ടിരുന്നു.

ഹോമത്തിനായി അടുക്കി വെച്ച ചുടുകട്ടകൾ പഴുത്തു തുടങ്ങി.
ചുവരുകളിൽ നിഴലുകളുടെ നൃത്തം.
ഭയം നിറച്ച കണ്ണുകളുമായി തല നരച്ച രണ്ടു പേർ മകളെ തന്നെ നോക്കി നിന്നു.
അകത്തെ ആധിയും. പുറത്തെ പുകയും കൊണ്ടവരുടെ കണ്ണുകൾ എരിഞ്ഞു നിറഞ്ഞു.
‘കേട്ടില്ലെ എല്ലാരും? പുറത്ത് പൊയ്ക്കൊൾക!..ആശാന്റെ അറ്റക്കൈ പ്രയോഗം..മുറിക്ക് പുറത്തിറങ്ങ്..വേഗം വേഗം’ ശിഷ്യൻ വീണ്ടും കൽപിച്ചു.
തൊഴുകൈയ്യൊടെ തല നരച്ചവർ പുകച്ചുരുളുകൾ മുറിച്ച് പുറത്തേക്ക് നടന്നു.
ആശാൻ തോളറ്റം നീണ്ട മുടി ചുറ്റി ഒരു വശത്തേക്ക് കെട്ടി, അസ്പഷ്ടമായി മന്ത്രങ്ങൾ ഉരുവിടാനാരംഭിച്ചു. വലതു കൈയ്യിൽ കുങ്കുമം പാറി വീണ ഒരു ചെറിയ വെള്ളി ശൂലം.

ശിഷ്യൻ വാതിലടയ്ക്കും മുൻപ് ഒരു വട്ടം കൂടി ആശാന്റെ നേർക്ക് നോക്കി.
ഒരാഭാസച്ചിരി അയാളുടെ ചുണ്ടിന്റെ ഒരു കോണിൽ നിറഞ്ഞു.
ആശാന്റെ മുഖത്ത് വിജയ മന്ദസ്മിതം.

വാതിലടഞ്ഞു.

ഉള്ളിൽ നിന്ന് ഉഗ്രശാസനകൾ അവ്യക്തമായി പുറത്തേക്ക് വാതിൽ വിടവിലൂടെ നിരങ്ങി വന്നു.
അവളുടെ നീണ്ട നിലവിളികൾ..
മന്ത്രവാദിയുടെ ഉഗ്രശാസനകൾ..
തട്ടി മറിയുന്ന, ഉടഞ്ഞു ചിതറുന്ന ശബ്ദങ്ങൾ..
‘കൂടിയ ബാധയാണ്‌..ആശാന്റെ അറ്റക്കൈ പ്രയോഗത്തിൽ ഒഴിയാത്തതൊന്നുമില്ല..ധൈര്യമായിരിക്കൂ..ഇന്നേക്കവസാനം..ആശാൻ പിടിച്ച് തളയ്ക്കും’
പുറത്ത് നിന്നവരുടെ കാതുകളിൽ ശിഷ്യൻ ആശ്വാസവചനങ്ങൾ നിറച്ചു.

മന്ത്രവാദിയുടെ നീണ്ട വിളിയിൽ മുക്കോടുകൾ വീണ്ടും വിറച്ചു തുള്ളി.

സകലതും നിശ്ശബ്ദമായി.
ശിഷ്യന്റെ നെറ്റിയിലൂടെ വിയർപ്പു ചാലൊഴുകിയിറങ്ങി.

‘സമയമായി..ഇനി പ്രവേശിക്കാം’
ശിഷ്യൻ അനുമതി കൊടുത്ത് വാതിൽ തുറന്നു.

മുറിയുടെ കോണിൽ യുവതി മുഖം മറച്ചിരുപ്പുണ്ടായിരുന്നു, ആർക്കുമറിയാത്ത ചില മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട്..
അണയാറായ ഹോമകുണ്ഢത്തിൽ നിന്നും ഇടയ്ക്കിടെ തെളിഞ്ഞുയർന്ന ദീപ്തിയിൽ എല്ലാരുമത് കണ്ടു,
മലർന്ന് കിടന്ന പുരുഷ ശരീരം..കഴുത്തിൽ ആഴത്തിൽ തറച്ച വെള്ളി ശൂലം..
സർവ്വം കുങ്കുമ മയം.
കൂട്ടനിലവിളിയിൽ മേൽക്കൂരയിലെ സകല ഓടുകളും നിർത്താതെ വിറച്ചു.

Post a Comment

Tuesday, 23 June 2015

അതാര്‌?


ഇരുട്ടാണ്‌ രക്ഷ.
വെളിച്ചത്തിന്റെ ഒരു തുണ്ട് പോലും വേണ്ട.
അവനെന്താ വിചാരിച്ചത്? ഞാൻ ആണല്ലെന്നൊ?.

ഷാപ്പില്‌ ചുറ്റുമിരുന്നവര്‌ കളിയാക്കിയത് ഇപ്പോഴും ഉള്ളില്‌ കുടിച്ച വാറ്റിന്റെ കൂടെ കിടന്ന് തിളയ്ക്കുന്നുണ്ട്.
അവൾക്കാണെൽ രണ്ടെല്ല് കൂടുതലാ. ഇന്നും അവക്കിട്ട് കൊടുക്കണം..
‘നിലക്ക് നിർത്താൻ നീ ആണു തന്നേടാ?’
വേലന്റെ എളീലിരിക്കണ കത്തിയെക്കാൾ മൂർച്ച ഉണ്ട് അവന്റെ നാവിന്‌.
രണ്ടിനും മറുപടി കൊടുക്കാൻ പറ്റില്ല.
‘ചെല്ലടാ ചെല്ല്..ചെന്ന് വീശി കൊട്..ഇപ്പൊ കുന്നിൻപുറത്തു കാണും..ചൂട് തട്ടിയതല്ലെ’ അകമ്പടിയായി പൊട്ടിച്ചിരികൾ ചുറ്റും ചിതറിയത് കേട്ടില്ലെന്ന് നടിച്ചു.

ഇന്ന് ചിരികളൊക്കെ നിക്കും..ഇവന്മാരുടേം..അവന്റേം.
അങ്ങനെയാണ്‌ വേച്ച് വേച്ച് കുന്ന് കയറിയത്.
ചെറിയ നിലാവ്.
ചെല്ലുമ്പോ കണ്ടു, അവൻ..വൃത്തികെട്ടവൻ..ദൂരേക്ക് നോക്കി ഇരിക്കണത്.
വലിയൊരു ഉരുളൻ പാറ മാത്രമാണിപ്പോൾ അവനും എനിക്കും ഇടയിൽ.
അവന്റെ ഒരു കാറ്റ് കൊള്ളൽ. ഇതവസാനത്തെ കാറ്റു കൊള്ളലാ.

പാറ തണുത്തു തുടങ്ങിയിരുന്നു. കാറ്റിന്റെ മൂളിച്ച കേൾക്കാം. ഒരോ അടിയും സൂക്ഷിച്ചാണ്‌ വെച്ചത്. പമ്മി നടക്കണ പൂച്ചേടെ പോലെ. അടുത്തെത്തിയപ്പോ കാലില്‌ സകല ശക്തിയും ആവാഹിച്ച്, അവന്റെ മുതുക് നോക്കി ഒരൊറ്റ ചവിട്ട്.. നിലവിളിയോടൊപ്പം അവനും താഴേക്ക് ഇരുട്ടിലേക്ക് പോയി. എവിടേക്കോ ഇടിച്ച് വീഴണ ശബ്ദം കേട്ടു.
ഇനി അവൻ എണ്ണീക്കരുത്..എണ്ണീറ്റാലും..

നാളെ കാണട്ടെ അവന്മാരുടെ ചിരി.
ഞാൻ പാറ പൊട്ടും വിധം പൊട്ടിച്ചിരിച്ചു.
എളീന്ന് ചെറിയ കുപ്പിയെടുത്ത് തൊണ്ടേലേക്ക് കമഴ്ത്തി. ചൂട്‌ അകത്തേക്ക് പുളഞ്ഞൊഴുകിയ വഴി അറിഞ്ഞു.
ഇനി ഒന്ന് കാറ്റ് കൊള്ളട്ടെ.

തലേക്കെട്ട് ഊരുമ്പോ ഒരു കൈ തോളിലമർന്നു.
‘എന്താ ചേട്ടാ വീട്ടി പോണില്ലെ?’
തിരിഞ്ഞു നോക്കുമ്പോ കണ്ടു, ശൃഗാരം കുഴച്ചു വെച്ച ചിരിയുമായി അവൻ. ആ വഷളൻ..
തണുത്ത കാറ്റിലും എന്റെ മേലു മുഴുവനും വിയർപ്പുമണികൾ കൂണ്‌ പോലെ പൊന്തി വന്നു.
അപ്പൊ..താഴേക്ക്..നിലവിളിച്ചോണ്ട് പോയത്?
കുപ്പി വലിച്ചെറിഞ്ഞ് ഞാൻ ഇരുട്ടിലൂടെ താഴേക്കോടി.

Post a Comment

Sunday, 12 April 2015

കാണികൾ

ഒരു കല്ലു മാത്രമാണുരുട്ടിയത്.
മുകളിലേക്കായിരുന്നു ഉരുട്ടിയത്.
ഞാനൊറ്റയ്ക്കായിരുന്നു
കാണുവാനൊരുപാടു പേരുണ്ടായിരുന്നു.
അവരെന്നെ ഭ്രാന്തെന്നു വിളിച്ചു.
ഞാൻ എന്നെ അങ്ങനെ തന്നെയാണ്‌ വിളിച്ചിരുന്നത്.
അവർ കാൺകെ ഞാൻ മുകളിലെത്തിച്ചു കല്ലിനെ.
അവർ കാൺകെ ഞാൻ താഴേക്കുരുട്ടി വിടുകയും ചെയ്തു.
അവരുടെ കൂക്കുവിളികൾ കല്ലിനോടൊപ്പം താഴേക്കുരുണ്ടു പോയി.
അവർ പകൽ മുഴുവൻ എന്നെ കാണാൻ കാത്തു നിന്നു.
അവർ പകൽ മുഴുവൻ എന്നെ കൂകി വിളിച്ചു.
അവർ പകൽ മുഴുവൻ എന്നെ ഭ്രാന്തനെന്നു വിളിച്ചു.
പക്ഷെ ഇരുട്ട് വീഴും മുൻപ് അവരോട് ഞാൻ ചോദിച്ചു,
ഭ്രാന്തു കാണാൻ കാത്തു നിൽക്കുന്നവരെ എന്തു വിളിക്കും?
അവർ ശബ്ദം വെടിഞ്ഞ് കുന്നിറങ്ങി പോയി.
ഇപ്പോൾ ഞാനും എന്റെ കല്ലും മാത്രം.
നാളെയും ഞാനിതുരുട്ടി കയറ്റും.
കാണികൾ നാളെയുമുണ്ടാവും.
അതെനിക്കുറപ്പാണ്‌!.
ഞാനൊന്നു ചിരിക്കട്ടെ,
ഒരു ഭ്രാന്തനെ പോലെ!


Post a Comment

Friday, 10 April 2015

നിലയ്ക്കാതെ ചിലത്

ഇന്നുമാ മനുഷ്യൻ പറയുന്നത് മുഴുവനും കേൾക്കേണ്ടി വന്നു. കേൾക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. എന്തു കൊണ്ടാണ്‌ സമയത്തിനെത്തിച്ചേരാനാവാതെ പോയത്?. ചോദിച്ചതും ശരി പറഞ്ഞതും ശരി. സ്വന്തം ചോറിനോടൽപ്പം കൂറ്‌..ആ വാചകത്തിനു ശരിക്കും നല്ല മൂർച്ചയുണ്ടായിരുന്നു..മുറിഞ്ഞു ചോര പൊടിഞ്ഞു..മോശം..വളരെ മോശമായി പോയി. എല്ലാത്തിനുമില്ലെ ഒരവസാനം?. ഒരാളുടെ ക്ഷമ പരീക്ഷിക്കുന്നതിലും വലിയ ദ്രോഹം വേറെന്താണ്‌?. ഒടുവിലത്തെ ആ ചോദ്യം - ‘തനിക്ക് ലജ്ജ തോന്നുന്നില്ലെ?’. ശരിയാണ്‌ ശരിക്കും ലജ്ജ തോന്നുന്നുണ്ട്.

അയാൾ തെറ്റുപറ്റിയതെവിടെയെന്നു തിരയാൻ തീരുമാനിച്ചു.
തുടക്കമെവിടെയാണ്‌?. ചിന്തകളെ പിന്നിലേക്കോടിച്ചു. കാരണം കണ്ടെത്താനുള്ള വ്യഗ്രതയോടെ. ഓട്ടം ചെന്നു നിന്നത് ചുവരിൽ പത്ത് മുപ്പത്തിയേഴിൽ അവസാന ശ്വാസമെടുത്ത ഒരു ക്ലോക്കിലാണ്‌. കാരണം കണ്ടു പിടിച്ചപ്പോൾ നല്ല ആശ്വാസം തോന്നുന്നു. ദിവസങ്ങൾക്ക് മുൻപെന്നോ മിടിപ്പ് നിന്നു പോയതാണത്. പുതിയൊരു ബാറ്ററി വാങ്ങിയിട്ടതായിരുന്നല്ലോ. യന്ത്രങ്ങളുടെ ആയുസ്സ് ആർക്കാണ്‌ നിശ്ചയം?. മരണകാരണം കണ്ടു പിടിക്കാൻ ആർക്കുണ്ട് നേരം?. പകരക്കാരനെ അതേയിടത്ത് സ്ഥാപിക്കുക. ഇതിന്റെ ജീവന്റെ തെളിവും ചലനം തന്നെ. സൂചികളുടെ ചലനം - അതാണ്‌ തെളിവ്‌. ഒരോ മിടിപ്പിലും ഒരു ചുവട് മുന്നോട്ട്. മനുഷ്യരെ പോലയല്ല. മനുഷ്യർ മിടിപ്പുണ്ടായിട്ടും ചലിക്കാത്ത വെറും യന്ത്രങ്ങളാണ്‌.

ചുവരിനോട് ചേർന്ന്, ആണിയിൽ തൂങ്ങി കിടന്ന ക്ലോക്കിനെ ശ്രദ്ധയോടെ ഉയർത്തിയെടുത്തു. മറവിയും മടിയും - എത്ര മാരകമായ സങ്കലനം!. പകരക്കാരനെ കൊണ്ടു വന്നേ മതിയാവൂ. അതിൽ മറവിക്കോ മടിക്കോ ഇടം പാടില്ല. വൈകിട്ട് വരുമ്പോൾ വാങ്ങണം. അയാൾ മറക്കാതിരിക്കാൻ ഒരു ചെറിയ കടലാസിൽ ‘ക്ലോക്ക്’ എന്നെഴുതി പോക്കറ്റിലിട്ടു. സമയം വിളിച്ചറിയിക്കാനറിയാത്തവന്റെ സ്ഥാനം ഇനി ചവറ്റുകൂടയിലാണ്‌. സമയത്തിന്റെ വിലയറിയാത്തവനാണ്‌ സമയദോഷം.

സുഹൃത്തുക്കളാരും തന്നെ ഇല്ലായിരുന്നു അയാൾക്ക്. അതു കൊണ്ട് തന്നെ ജോലി കഴിഞ്ഞു നേരെ വീട്ടിലേക്ക് തന്നെയാണ്‌ വരിക. പിറ്റേന്ന് ജോലി സ്ഥലത്ത് നിന്നും തിരിച്ചു വരുമ്പോൾ അയാളുടെ ശ്രദ്ധ ഒരു തെരുവു കച്ചവടക്കാരന്റെ ശബ്ദത്തിൽ കുടുങ്ങി. നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ഒരു തലേക്കെട്ടുകാരൻ ഉച്ചത്തിൽ വിളിച്ചു കൂവുന്നു. ‘ഏതെടുത്താലും പത്തു രൂപ’. ആരുടെ ശ്രദ്ധയിലും കൊളുത്തു വീഴാൻ പാകത്തിലുള്ള പരസ്യവാചകം.  അയാൾ ആളുകൾ വട്ടം കൂടി നിൽക്കുന്നിടത്തേക്ക് പോയി. ആത്മനിയന്ത്രണം! ആത്മനിയന്ത്രണം! - സ്വയം താക്കീത് ചെയ്യുകയും ചെയ്തു. വില കുറവെന്ന് കേട്ട് തികച്ചും അനാവശ്യമായ ഒരു വസ്തു വാങ്ങരുത്. അനാവശ്യമായ വസ്തുക്കൾ വിൽക്കുന്നതിലാണ്‌ ഒരു കച്ചവടക്കാരന്റെ വിജയം. ആവശ്യവും അത്യാവശ്യവും തമ്മിലുള്ള വ്യത്യാസമറിയാത്ത ചില ‘ബലഹീന’രെയാണിവർ നോട്ടമിടുന്നത്. ഈ തന്ത്രങ്ങളെ കുറിച്ച് താൻ പഠിച്ചിട്ടുള്ളതാണ്‌. ബുദ്ധിമാനായ താനാ കെണിയിൽ വീഴരുത്. അയാൾ തറയിൽ വിരിപ്പിലമർന്നിരിക്കുന്ന വസ്തുക്കളിലൂടെ കണ്ണോടിച്ചു. മിക്കതും പ്ലാസ്റ്റിക് സാധനങ്ങൾ. പിന്നെ ചില ചില്ലറ ഉപകരണങ്ങൾ, വില കുറഞ്ഞ ഇലക്ട്രോണിക് വാച്ചുകൾ.. കച്ചവടക്കാരനിരിക്കുന്നതിനു സമീപം വട്ടത്തിൽ ഒരു വസ്തു കാണാൻ കഴിഞ്ഞു. അവിടെ നിന്നും കാഴ്ച്ച മുന്നോട്ട് നീങ്ങാൻ വിസമ്മതിച്ചു . ഒരു ക്ളോക്ക്. കറുത്ത് ഫ്രെയിമുള്ള ഒരു ക്ലോക്ക്. അകത്ത് ഒരു ഭൂപടത്തിന്റെ ചിത്രമുണ്ട്. പഴകിയ ഒരു പേപ്പറിന്റെ നിറമാണതിന്‌. ചെമ്പ് നിറമുള്ള സൂചികൾ. അയാൾ ക്ലോക്കിലേക്ക് വിരൽ ചൂണ്ടി. ക്ലോക്ക് കൈയ്യിൽ വെച്ച് തിരിച്ചും മറിച്ചും നോക്കുമ്പോൾ ആരോ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നലുണ്ടായി. തിരിഞ്ഞു നോക്കുമ്പോൾ ചിതറിയ തലമുടിയും, തെറിച്ച താടിയുമായി ഒരാൾ തല വിലങ്ങനെ ചലിപ്പിച്ചു ‘വേണ്ട’ എന്ന് താക്കീത് തരുന്നത് കണ്ടു. ഭ്രാന്തൻ!. ഇപ്പോൾ കവലകളിൽ ഭ്രാന്തന്മാരുടെ എണ്ണം കൂടിയിരിക്കുന്നു. ഒരോ വർഷവും അവരുടെ എണ്ണമാണ്‌ കൂടി വരുന്നത്. ഇതു ശ്രദ്ധിക്കാനാർക്ക് സമയം?. ഭ്രാന്തന്മാരെ നാടു കടത്തിയാൽ ശേഷിക്കുന്നവർ മുഴുവൻ ഭ്രാന്തില്ലാത്തവരെന്നു പറയാൻ കഴിയുമോ?. ആർക്കറിയാം?. അയാൾ ക്ലോക്കിലേക്ക് ശ്രദ്ധ പിടിച്ചു വലിച്ചിട്ടു.

കച്ചവടക്കാരൻ പണം വാങ്ങുമ്പോഴും ബാക്കി കൊടുക്കുമ്പോഴും ഉച്ചത്തിലുള്ള പരസ്യം നിർത്തിയില്ല. സമയത്തിന്റെ വിലയറിയുന്ന വില്പനക്കാരൻ. പത്തു രൂപയ്ക്ക് മനോഹരമായൊരു ക്ലോക്ക് താൻ സ്വന്തമാക്കിയിരിക്കുന്നു. ഇതിൽ ലാഭവുമില്ല നഷ്ടവുമില്ല. ലാഭമില്ലാത്ത കച്ചവടമുണ്ടോ?. ഉണ്ടാവില്ല. എങ്കിലും ഇപ്പോഴുള്ള തന്റെ സാമ്പത്തിക സ്ഥിതിയും ആവശ്യവും ചേർത്തു വെച്ചാൽ, ഈ വാങ്ങൽ നഷ്ടമെന്നു പറയാനാവില്ല. ഏതൊരു ഉപഭോക്താവിനെ പോലെയും അയാളും താൻ വാങ്ങിയത് ലാഭത്തിനാണെന്ന് സ്വയം വിശ്വസിപ്പിച്ചു.

വീട്ടിൽ ചെന്നയുടൻ കടലാസ് പൊതി ഊരിയെറിഞ്ഞ്, ക്ലോക്കിനെ ചുവരിൽ സ്ഥാപിച്ചു. മനോഹരം!. ഈ ചുവരിനു വേണ്ടി ഉണ്ടാക്കിയ ക്ലോക്കാണോ അതോ ക്ലോക്കിനായി മാത്രം എന്നോ ഒരിക്കൽ നിർമ്മിക്കപ്പെട്ട ചുവരോ?. എല്ലാം എന്തിനോ വേണ്ടി കാത്തിരിക്കുന്നുണ്ടാവും. ഇതിനിവിടെയാണ്‌ സ്ഥാനം. ഇതിലും കൃത്യമായൊരിടം വേറെയില്ല.

അയാൾ രണ്ടടി പിന്നോക്കം മാറി നിന്ന് അതിൽ കണ്ണു കൊണ്ട് നാല്‌ കുരിശ് വരച്ച് നിരപ്പ് കൃത്യമാണോയെന്നു പരിശോധിച്ചു. എല്ലാം കൃത്യം. ആഹ്ലാദത്തോടെ അതിലേക്ക് തന്നെ നോക്കി നിന്നു. വലിയ സൂചി ലംബാവസ്ഥയിലെത്തിയതും മണിശബ്ദമുയർന്നു. ആഹാ! എത്ര ഇമ്പമുള്ള ശബ്ദം. ഈ ശബ്ദമാണ്‌ മുറിക്കുള്ളിൽ നിറയേണ്ടത്. എന്തു കൊണ്ട് ഇതു കണ്ടെത്താനിത്ര വൈകി?. ഇതിനെ താനല്ല കണ്ടെത്തിയതെന്നും ഇതു തന്നെയാണ്‌ കണ്ടെത്തിയതെന്നും അയാൾക്ക് തോന്നി. അതും ശരിയാവില്ല. കൃത്യമായൊരു മുഹൂർത്തത്തിൽ കണ്ടുമുട്ടേണ്ടവർ കണ്ടുമുട്ടി. അതല്ലെ സത്യം?. ഉറങ്ങാൻ കിടക്കുന്നതിനും മുൻപ് അതിലേക്ക് തന്നെ അല്പനേരം നോക്കി ഇരുന്നു. മിടിപ്പ് ആസ്വദിച്ചു കൊണ്ട്. ഒരു വേള തോന്നി തന്റെ ഹൃദയമിടിപ്പും അതിന്റെ മിടിപ്പും ഒരേ വേഗതയിൽ, ഒരു പോലെ മിടിക്കുകയാണെന്ന്. അന്നയാളുടെ ഉറക്കം തികച്ചും പൂർണ്ണമായിരുന്നു. സ്വപ്നങ്ങൾ തീണ്ടാത്ത ഉറക്കം.

മണിശബ്ദം കേട്ടാണുണർന്നത്.
ഇങ്ങനെ വേണം ഉണരാൻ. നിദ്ര വിട്ട് പൂർണ്ണബോധാവസ്ഥയിലേക്ക് വരുമ്പോൾ ആദ്യം കേൾക്കേണ്ട ശബ്ദം ഇതു തന്നെയാവണം!. അയാൾ കണ്ണുകൾ മുഴുവനായും തുറക്കാതെ ആ ശബ്ദമാസ്വദിച്ചു. അന്നത്തെ ദിവസം അയാൾക്ക് ഭാഗ്യങ്ങളുടേതായിരുന്നു. കൃത്യസമയത്ത് തന്നെ ജോലിസ്ഥലത്ത് എത്തിച്ചേരാനും ഉന്മേഷത്തോടു കൂടി തന്നെ ഏല്പിച്ചതെല്ലാം തീർക്കുവാനും സാധിച്ചു. തിരികെ വരുമ്പോൾ അയാൾ തന്റെ ദിവസം ഇത്രയും വിജയപൂർണ്ണമായതെന്തെന്ന് അത്ഭുതപ്പെട്ടു. എല്ലാം ഒരു പക്ഷെ രാവിലെ തന്നെ ഉണർത്തിയ മണിശബ്ദം കാരണമാവുമൊ?. ഒരു സുപ്രഭാതത്തിൽ എങ്ങനെയാണ്‌ ജീവിതം മുഴുവനായും മറ്റൊരു പാതയിലൂടെ മാറി സഞ്ചരിക്കുന്നത്?. വൈകുന്നേരം ചായ ഉണ്ടാക്കി ഊതി കുടിക്കുമ്പോഴും ഇടയ്ക്കിടെ ക്ലോക്കിലേക്ക് നോക്കാതിരിക്കാനയാൾക്ക് സാധിച്ചില്ല. അതിന്റ് ടിക് ടിക് എന്ന ശബ്ദം ഒരു താളത്തിൽ നയിക്കുന്നു. താളമാണ്‌ പ്രധാനം. ഇതിനു മുൻപവിടം അലങ്കരിച്ചിരുന്ന ക്ലോക്കിനു നാവില്ലായിരുന്നു, അതിന്റെ മിടിപ്പ് ശബ്ദം കേട്ടിട്ടു കൂടിയില്ലായിരുന്നു. വെറുതെ സമയം കൃത്യമായി കാട്ടിയതു കൊണ്ടെന്തുപകാരം?.

ദിവസങ്ങൾ കഴിയും തോറും അയാളുടെ ചിന്തകളുടെ അറകളിൽ ക്ലോക്കിന്റെ ശബ്ദം നിറഞ്ഞു വന്നു. തന്റെ ഇപ്പോഴുള്ള ജീവിതത്തിന്റെ ഒരോ നിമിഷവും നിയന്ത്രിക്കുന്നത് ആ ഒരു ക്ളോക്കാണെന്ന് വരെ തോന്നി തുടങ്ങിയിരിക്കുന്നു. രാവിലെ ബസ് സ്റ്റോപ്പിലേക്ക് അയാൾ ചെല്ലുന്നത് ക്ലോക്ക് ഉപദേശിച്ച സമയത്താണ്‌. രാത്രി ഉറങ്ങാൻ പോവുന്നതും ക്ലോക്ക് പറയുന്നത് കേട്ടു തന്നെ.  അമിതശ്രദ്ധയുടെ പുറം ചാരി ഇരിക്കുന്നത് ആത്മസംഘർഷമാണോ എന്നയാൾക്ക് സംശയമുണ്ടാകാൻ കാരണം ഏതാനും ആഴ്ച്ചകൾക്ക് ശേഷമുണ്ടായൊരു ചെറിയ സംഭവമാണ്‌. ആ ഒരു സംഭവത്തെ പ്രത്യക്ഷത്തിൽ തന്റെ ഘടികാരചിന്തകളുമായി കൂട്ടിക്കെട്ടാനാദ്യം അയാൾ മടിച്ചു. പക്ഷെ പുനർ ചിന്തകളുടെ കോലാഹലവും ഇഴ കീറി പരിശോധിക്കലുമൊക്കെ കഴിഞ്ഞപ്പോൾ അയാൾക്ക് താനിതു വരെ കാണാതെ പോയ ചിലതുണ്ടെന്നു തോന്നി തുടങ്ങി. സംഭവമിതാണ്‌ - രാവിലെ പതിവു പോലെ സമയത്തിനു തന്നെ ഒരുങ്ങിയിറങ്ങിയതായിരുന്നു. ബസ്സ്റ്റോപ്പിലേക്ക് നടക്കുകയും ചെയ്തു. എന്നാൽ എവിടെയൊ എന്തോ ഒരു തെറ്റു സംഭവിച്ചിരിക്കുന്നു എന്ന് സംശയം. സ്റ്റോപ്പിലേക്ക് വരുന്ന ബസ്സുകൾ.. എല്ലാം പതിവിലും നേരത്തെ വരുന്നു. താനിന്ന് നേരത്തെ വന്നുവോ?. വാച്ചു കെട്ടിയ കൈകളിലേക്ക് പാളി നോക്കണമെന്നയാൾക്കു അതിയായ ആഗ്രഹമുണ്ടായി. വേണ്ട, അതു തന്റെ ക്ലോക്കിനോടുള്ള വിശ്വാസവഞ്ചനയാവും. താനൊരു അപരിചിതനോട് സമയമന്വേഷിക്കുന്നത് എങ്ങനെയാണ്‌ അടച്ചിട്ട വീട്ടിനുള്ളിലെ മുറിയിൽ തൂങ്ങുന്ന ക്ളോക്കറിയുക?. അല്ല! താൻ ആരേയാണ്‌ ഭയക്കുന്നത്?. താൻ ശരിക്കും ഒരു അടിമയായിരിക്കുന്നു!. പിച്ചിയെറിഞ്ഞ ആയിരം കടലാസ് കഷ്ണങ്ങൾ മുഖത്ത് വന്നു വീണ അനുഭവം. ഇതനുവദിച്ചു കൂടാ!. തന്റെ സ്വാതന്ത്ര്യമാണ്‌ താനറിയാതെ പണയപ്പെട്ടിരിക്കുന്നത്!. ആ ദിവസം അയാൾ മനപ്പൂർവ്വം തന്റെ പതിവു ബസ്സിൽ കയറിയില്ല. വളരെ കാലത്തിനു ശേഷം മേലുദ്യോഗസ്ഥന്റെ വക ഒരു ചെറിയ താക്കീത് കേൾക്കേണ്ടിയും വന്നു. പക്ഷെ അതിലയാൾക്കൽപം പോലും മനോവേദന തോന്നിയില്ല എന്നതായിരുന്നു സത്യം. പകരം സമയമാപിനിയോട് പകരംവീട്ടിയ ഒരു സുഖം അനുഭവിക്കുകയും ചെയ്തു!.

വൈകിട്ട് വീട്ടിലേക്ക് വന്നു കയറുമ്പോൾ ക്ലോക്കിലേക്ക് നോക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു. ഒന്നു നോക്കി പോയാൽ ഒരു പക്ഷെ താൻ ആ കെണിയിൽ വീണു പോകാൻ സാധ്യതയുണ്ട്. ഒഴിവാക്കണം. ഒഴിഞ്ഞു മാറണം. സ്വാതന്ത്ര്യം..അതാണ്‌ വലുത്.

അന്നാദ്യമായി, രാത്രി ക്ലോക്കിന്റെ ജീവശബ്ദം അയാളെ ഉറക്കത്തിൽ നിന്നു നിരന്തരം വിളിച്ചുണർത്തി. അസഹ്യമായിരിക്കുന്നു ആ ശബ്ദമിപ്പോൾ. അയാൾ തലയിണകൾ കൊണ്ട് ചെവികൾ പൊത്തി കിടക്കാൻ ശ്രമിച്ചു. തുണികൾക്കിടയിലൂടെ, പഞ്ഞിയുടെ മൃദുലമായ തുണ്ടുകൾക്കിടയിലൂടെ നുഴഞ്ഞു വന്ന് ആ മിടിപ്പ് ശബ്ദം അയാളെ കൃത്യമായ ഇടവേളകളിൽ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഒരു വേള തന്റെ കേൾവിശക്തി പൂർണ്ണമായും ഇല്ലാതായാൽ പോലും ആ ശബ്ദം തനിക്ക് കേൾക്കാതിരിക്കാൻ കഴിയില്ല എന്നയാൾക്ക് തോന്നി. ശ്രദ്ധ ഒഴിവാക്കുന്നതിലായി പോകുന്നു തന്റെ ശ്രദ്ധ മുഴുക്കേയും..എന്തു കൊണ്ടാണങ്ങനെ?. ആ മിടിപ്പ് ശബ്ദം ശ്രദ്ധിച്ചു കിടക്കുമ്പോൾ ഉറങ്ങാൻ താമസം നേരിടുന്നു. ഒരു പക്ഷെ താൻ ഉറക്കത്തിലേക്ക് നീളുന്ന പടികളിലൂടെ താളത്തിലാവില്ല ഇറങ്ങി പോവുന്നത്. താളമില്ലാത്ത ജീവിതത്തിനെ കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ ക്ലോക്കിന്റെ മിടിപ്പ് ശബ്ദം പതിവിലും ഉച്ചത്തിലാണെന്നയാൾക്ക് തോന്നി. ആ ഒറ്റമുറിയിൽ നിന്ന് ആ ക്ലോക്കിനെ മാറ്റി പ്രതിഷ്ഠിക്കാൻ അയാളുടെ മനസ്സനുവദിച്ചുമില്ല. ഉറക്കമില്ലായ്മയേക്കാൾ അയാളെ അലോസരപ്പെടുത്തിയത് താൻ ഒരു പരാജിതനായല്ലോ എന്നൊരു ചിന്തയായിരുന്നു. അർദ്ധരാത്രി വരെ മിടിപ്പ് ശബ്ദം ശ്രവിച്ച് ഒടുവിൽ തളർന്ന് എങ്ങനെയോ ഉറക്കത്തിലേക്ക് വീണു പോവുകയാണ്‌. പിറ്റേന്ന് ജോലിസ്ഥലത്ത്‌ അയാൾ ഉറക്കത്തിന്റെ അതിരുകളിൽ കൂടി സഞ്ചരിച്ച് പലവട്ടം വീണു പോകാനൊരുങ്ങി. ശരിക്കും തനിക്കെന്താണ്‌ സംഭവിച്ചത്? എന്താണ്‌ സംഭവിച്ചു കൊണ്ടിരിക്കുന്നത്?. ഇതിനു മുൻപൊരിക്കലും തന്റെ ഉറക്കത്തിനു ഭംഗം നേരിട്ടിട്ടില്ല. ഇതാദ്യമായാണ്‌ താളം പിഴയ്ക്കുന്നത്. അരികുകളിൽ കൂടി ഇത്രയും അപകടകരമാം വിധം ഒരിക്കലും സഞ്ചരിച്ചിട്ടില്ല.

മടങ്ങി വന്ന ശേഷം അയാളാദ്യം ചെയ്തത് ചുവരിൽ നിന്ന് അതിനെ ഉയർത്തിയെടുക്കുക എന്നതായിരുന്നു. അപ്പോൾ താൻ മുൻപൊരിക്കൽ ആഹ്ലാദത്തോടെ അതിനെ അവിടെ പ്രതിഷ്ഠിച്ച കാര്യമോർത്തു. എത്ര പെട്ടെന്നാണ്‌ സ്നേഹവും കരുതലും വെറുപ്പായി മാറുന്നത്?. അതയാളുടെ കൈയ്യിലിരുന്നത് മിടിച്ചു കൊണ്ടിരുന്നു, അടുത്തതായി എന്താണ്‌ ചെയ്യാൻ പോകുന്നതെന്നറിയാതെ.

കിടക്കയിൽ ചെന്നിരുന്ന് അതിലേക്ക് തന്നെ സൂക്ഷിച്ചു നോക്കിയിരുന്നു. മനുഷ്യവംശത്തെ മുഴുവൻ അടിമകളാക്കിയത് ഈ ഒന്നു മാത്രമാണ്‌ - സമയം. ഈ പ്രപഞ്ചം മുഴുക്കെയും ഈ താളമനുസരിച്ച് ചലിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു!. എല്ലാം അടിമകൾ. ചങ്ങലയ്ക്കിട്ടവർ. ചങ്ങലയുടെ മറുഭാഗം ഏതോ ഒരു വലിയ ഘടികാരത്തിന്റെ സൂചിയിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നറിയാതെ.. താൻ തത്ത്വചിന്തകളോർത്ത് സമയം കളയുകയാണ്‌. അയാൾ ക്ലോക്കിനെ മടിയിൽ കമഴ്ത്തി പിന്നിലെ അറയിൽ നിന്നും ബാറ്ററി വലിച്ചെടുത്തു. അവിടെ നിൽക്കട്ടെ ചലനം!. എന്നാൽ മിടിപ്പ് വീണ്ടും കേട്ടപ്പോൾ അയാൾ ക്ലോക്കിനെ മലർത്തി പിടിച്ചു. സൂചികൾ പതിവു സ്വാതന്ത്ര്യത്തോടെ തിരിഞ്ഞു കൊണ്ടിരിക്കുന്നു!. അവിശ്വസനീയതയോടെ അയാൾ വീണ്ടും ബാറ്ററി ഇല്ലെന്നുറപ്പു വരുത്തി. ആർക്കും പിടിച്ചു നിർത്താനാവാത്ത കാലം പോലെ സൂചികൾ ക്ലോക്കിനുള്ളിൽ വൃത്തത്തിൽ സഞ്ചാരിച്ചു കൊണ്ടിരിക്കുന്നു. ക്ലോക്ക് കിടക്കയിൽ വെച്ചെഴുന്നേറ്റ് നിന്നു. അയാൾക്ക് താനൊരു വിചിത്രജീവിയെ നോക്കുകയാണെന്നു തോന്നി. മിടിപ്പ് ശബ്ദം കൂടിയിരിക്കുന്നു. തന്റെ ഹൃദയമിടിപ്പിനും. അയാൾ ക്ലോക്കുമായി പുറത്തേക്ക് നടന്നു. ഇനി ഇതിന്റെ സ്ഥാനം പുറത്താണ്‌. സമയത്തിനു ഭ്രാന്തുപിടിച്ചിരിക്കുന്നു!. മുറിക്ക് പുറത്ത് വെച്ചയാൾ കതകടച്ചു. തിരികെ കസേരയിൽ വന്നിരിക്കുമ്പോൾ നഷ്ടബോധവും, ഭയവും കലർന്ന അവസ്ഥയിലായിരുന്നു അയാൾ. സ്വീകരിക്കാനും ഉപേക്ഷിക്കാനും ആവുന്നില്ല. ഈ വസ്തു കുറച്ച് ദിവസങ്ങൾ ഈ ചുവരിനെ അലങ്കരിച്ചതായിരുന്നു. തന്നെ താളത്തിലെ ചലിപ്പിച്ചതായിരുന്നു. താളം വിട്ടു പുറത്ത് വരുമ്പോൾ സ്വാതന്ത്ര്യവും പരാജയവും. താളത്തിൽ സഞ്ചരിക്കുമ്പോൾ വിജയവും അടിമത്വവും. സ്വാതന്ത്ര്യവും വിജയവും ഒരിക്കലും കൂട്ടിച്ചേർത്തു വെയ്ക്കാനാവാത്തതെന്താണ്‌?.

രാത്രി നിശ്ശബ്ദതയിൽ ഉറങ്ങാൻ ശ്രമിക്കുമ്പോൾ അയാൾ അത്ഭുതപ്പെട്ടു. ഇത്ര നാളും ആ മിടിപ്പ് ശബ്ദത്തിന്റെ താളത്തിലായിരുന്നു ഉറക്കത്തിലേക്ക് ചെന്നു കയറിയിരുന്നത്. ആ ശബ്ദം ശല്യപ്പെടുത്തിയപ്പോഴും, അതിനെ താൻ ശപിച്ചപ്പോഴും, ശബ്ദം പോലെ തന്നെ നിശ്ശബ്ദതയും തന്നെയൊരിക്കൽ അലോസരപ്പെടുത്തും എന്നറിയാതെ പോയി. ഇപ്പോൾ ഈ നിശ്ശബ്ദതയാണ്‌ അസഹനീയം. പുറത്ത് തണുപ്പിൽ ഇരുട്ടിൽ അതിപ്പോഴും മിടിച്ചു കൊണ്ടിരിക്കുകയാവും. ഇല്ല, ഒരിക്കൽ ഉപേക്ഷിച്ചത് ഉപേക്ഷിച്ചത് തന്നെ. അയാൾ കണ്ണുകളിറുക്കിയടച്ച് ഉറങ്ങാൻ ശ്രമിച്ചു.

പിറ്റേന്ന് ഉണരാൻ അൽപം വൈകി പോയെങ്കിലും അയാൾ എഴുന്നേറ്റയുടൻ ആദ്യം ചെയ്തത് വാതിൽ തുറന്ന് ക്ലോക്ക് ചലനമറ്റിരിക്കുകയാണോ എന്ന് പരിശോധിക്കലായിരുന്നു. അയാൾ കണ്ടു, ക്ലോക്കിനുള്ളിൽ നിർത്താതെ സഞ്ചരിക്കുന്ന ആ വലിയ സൂചിയെ. ഇത് കൺവെട്ടത്തിരിക്കുന്നതാണ്‌ ഏറ്റവും വലിയ സ്വൈര്യക്കേട്. ഉപേക്ഷിക്കണം. പഴയ കച്ചവടക്കാരനു തന്നെ ഇതു തിരികെ കൊടുക്കണം. പറ്റുമെങ്കിൽ കൊടുത്ത പണം തിരികെ വാങ്ങുകയും ചെയ്യണം. ഒരു പ്ലാസ്റ്റിക് കവറിനുള്ളിലേക്ക് അത് മാറ്റപ്പെട്ടു.

ജോലിക്കിടയിലും ചിന്ത വൈകിട്ട് ചെന്ന് ആ പഴയ കച്ചവടക്കാരനെ കാണണം എന്നതായിരുന്നു. ഒരേ ചിന്ത എത്ര വട്ടമാണ്‌ മനസ്സിലിട്ടുരുട്ടുക?. ചില ചിന്തകൾ ചക്കിനു ചുറ്റും നടക്കുന്ന കാളകളെ പോലെയാണ്‌. തുടക്കം ഒടുക്കമാവും. ഒടുക്കം തുടക്കമാവും. ഒടുവിൽ തുടക്കവും ഒടുക്കവും അതിരുകൾ നഷ്ടപ്പെട്ട്..

വൈകിട്ട് കൃത്യസമയത്ത് തന്നെ ഇറങ്ങി. പഴയ ഇടത്തേക്ക് നടന്നു. കച്ചവടക്കാരൻ അവിടുണ്ടായിരുന്നില്ല. അയാൾ നിരന്തരം സഞ്ചരിക്കുന്നവനാകും. അയാളെ കണ്ടെത്താമെന്നു കരുതുന്നത് ബുദ്ധിശൂന്യതയാണ്‌. അയാൾ മറ്റെവിടെയോ ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടാവും ആ പഴയ പരസ്യവാചകം. പക്ഷെ അയാളുടെ ശബ്ദം ഇപ്പോഴും കാതിനുള്ളിലുണ്ട്. അകത്തെവിടെയോ ഇരുന്നയാൾ വിളിച്ചു കൂവുന്നു.

ഇനി ഒരു വഴി ഇതു സ്വയം വിൽക്കുക എന്നതാണ്‌!.
ഉപേക്ഷിക്കാൻ വയ്യെങ്കിലും മറ്റൊരാൾക്ക് കൈമാറാൻ വൈമനസ്യമില്ല.
കൃത്യമായ സമയത്തെ ഇഷ്ടപ്പെടുന്ന വേറോരാൾ ഇതു വഴി വരും.
അയാളിതു വാങ്ങുന്നതോടെ സമയവുമായുള്ള ബന്ധം തനിക്കവസാനിപ്പിക്കാം.
സമയത്തിന്റെ സമയം തെളിയട്ടെ!.

അയാൾ കർച്ചീഫ് നിലത്ത് വിരിച്ച് ക്ലോക്കിനെ അതിന്റെ പുറത്ത് കിടത്തി. വിലപേശലുകളില്ല. ഇനി സൗജന്യമായിട്ടാണെങ്കിൽ..അങ്ങനേയും. ഇപ്പോഴയാളുടെ ആലോചന മുഴുവൻ തിരികെ അതില്ലാതെ ചെന്നു കയറുന്നതാണ്‌. ആ സ്വാതന്ത്ര്യത്തിന്റെ സുഖം!. ആ ആലോചന പോലും ഒരു സുഖമാണ്‌.

ഏറെ നേരം കഴിഞ്ഞിട്ടും ആരും അയാളിരിക്കുന്ന ഭാഗത്തേക്ക് നോക്കുക പോലും ചെയ്യാതെ കടന്നു പോയി. ക്ഷമ നശിച്ചു തുടങ്ങുന്നു..അയാൾ കുറച്ച് മാറി മതിലിൽ ചാരി നിന്നു. കാലുകൾ കഴയ്ക്കുന്നു. തന്റെ സമയം മുഴുവൻ കളയുകയാണ്‌ സമയം വിളിച്ചു പറയുന്ന ഈ യന്ത്രം. ആരാണ്‌ സമയത്തിനെ മുറിച്ച് വിലയിട്ടത്?. സമയമില്ലാത്ത ജീവിതത്തെക്കുറിച്ചാരും ചിന്തിക്കാത്തതെന്ത്?. അവിടെയല്ലെ മുഴുവൻ സ്വാതന്ത്ര്യവും?. സമയമില്ലായ്മയുടെ വില ആരുമറിയുന്നില്ല?.

നേരമിരുട്ടി തുടങ്ങിയപ്പോൾ അയാൾ തീർത്തും അക്ഷമനായി.
അൽപ നേരം കഴിഞ്ഞപ്പോൾ ഒരു രൂപം ക്ലോക്കിനടുത്തേക്ക് വരുന്നത് കണ്ടു. ഒരു വൃദ്ധ രൂപം. അവശതയോടെ ആ രൂപം കുനിഞ്ഞു ക്ലോക്കെടുത്ത് തിരിച്ചും മറിച്ചും നോക്കി.
അവസാനം ഇതാ ഒരാൾ വന്നിരിക്കുന്നു!. കാത്തിരിപ്പവസാനിക്കാൻ ഇനി ഏതാനും നിമിഷങ്ങൾ കൂടി!. അയാൾ ഉത്സാഹത്തോടെ വൃദ്ധന്റെ അടുത്തേക്ക് നീങ്ങി.  അടുത്തേക്ക് ചെന്നപ്പോഴാണ്‌ മുഖപരിചയം തോന്നിയത്. ഇതിനു മുൻപ് കണ്ടതാണീ മുഖം. അയാൾ വൃദ്ധനെ സൂക്ഷിച്ചു നോക്കി. ഇയാൾ..മുൻപൊരിക്കൽ തന്നെ നോക്കി ഈ വസ്തു വാങ്ങരുതെന്ന് വിലക്കിയതല്ലെ?.. വൃദ്ധരൂപം അയാളെ നോക്കി ചിരിക്കാൻ തുടങ്ങി. നിർത്താത്ത ചിരി.
‘ചിലതിനു തുടക്കമേ ഉണ്ടാവൂ..ഒടുക്കമുണ്ടാവില്ല..വെറുത്തു കൊണ്ടിഷ്ടപ്പെടാനും, ഇഷ്ടപ്പെട്ടു കൊണ്ട് വെറുക്കാനുമാണ്‌ നിങ്ങളുടെ വിധി!’ അതും പറഞ്ഞ് വൃദ്ധൻ ക്ലോക്ക് അയാളുടെ കൈയ്യിൽ വെച്ചു കൊടുത്തു.
സ്തബ്ദ്ധനായി പോയ അയാൾ ക്ലോക്കിലേക്ക് തന്നെ നോക്കിയിരുന്നു. ക്ലോക്ക് കൂസലില്ലായ്മയോടെ മിടിച്ചു കൊണ്ടിരുന്നു. നോക്കിയിരിക്കുമ്പോൾ ഡയലിലെ ഭൂപടം ഉരുകി ഒലിക്കുന്നത് പോലെ തോന്നി. അവ പല പല രൂപങ്ങളായി, പല പല മുഖങ്ങളായി മാറി കൊണ്ടിരുന്നു. ഇടയിലൊരു രൂപത്തിനു തന്റെ മുഖച്ഛായ തോന്നിച്ചു എന്നയാൾക്ക് സംശയം തോന്നി. ക്ളോക്കെടുത്തയാൾ മുഖത്തോടടുപ്പിച്ചു സൂക്ഷിച്ചു നോക്കി. പഴയ ഭൂപടം തന്നെ ഇപ്പോഴും.

എവിടെ ആ വൃദ്ധൻ?. അയാൾ വൃദ്ധൻ പോയ വഴിയിൽ കണ്ണു കൊണ്ട് തിരഞ്ഞു. ആ ദിശയിൽ ഏതാനും കുട്ടികളെ മാത്രമെ കാണാൻ കഴിഞ്ഞുള്ളൂ. ഒരു പക്ഷെ അയാൾ ഇവിടെ വന്നിട്ടുണ്ടാവില്ല. ഒന്നും പറഞ്ഞിട്ടുണ്ടാവില്ല. ആ മുഖം ആരുടേതെന്ന് ഇപ്പോൾ മനസ്സിലാവുന്നു. തന്റെ തന്നെ മുഖത്തിന്റെ ഛായ ആയിരുന്നില്ലെ അയാൾക്ക്?. ഒരു പക്ഷെ ഒരിക്കൽ താൻ ഇതു പോലെ വന്ന് വഴിവക്കിലിരിക്കുന്ന ഒരപരിചതനോട് പറയുമോ?. പറയുമായിരിക്കും..

അയാൾ മിടിക്കുന്ന ക്ലോക്ക് സൂക്ഷ്മതയോടെ തുണിയിൽ പൊതിഞ്ഞെടുത്ത് വീട് ലക്ഷ്യമായി നടന്നു.

Post a Comment

Monday, 29 September 2014

മൂന്നു വരികൾ

ഫേസ്ബുക്കിലെ ഹൈക്കു ഗ്രൂപ്പിൽ പലപ്പോഴായി കുറിച്ചത്..
താഴെ എഴുതി വെച്ചിരിക്കുന്നതൊന്നും ഹൈക്കു അല്ല.
മൂന്നു വരികളിൽ ചില ചിത്രങ്ങളും ചിന്തകളും..അത്രമാത്രം..

1.
അകിട് നിറയെ പാല്‌.
കന്നുക്കുട്ടിയുടെ കൊതി.
കറവക്കാരന്റെ കാലടി ശബ്ദം..

2.
ആത്മാവ് തിരിഞ്ഞു നോക്കി.
തണുത്ത ശരീരം.
ആത്മാവ് മുഖം തിരിച്ചു.

3.
നിറയെ പൂക്കൾ.
തേനീച്ചയുടെ ധർമ്മസങ്കടം.
പൂക്കളുടെ ആകാംക്ഷ.

4.
ദൂരെ കുഞ്ഞിന്റെ കരച്ചിൽ.
കൈയ്യിൽ ഗുളികകൾ.
അവളത് വിഴുങ്ങിയില്ല.

5.
പൂജാരിയുടെ മന്ത്രങ്ങൾ.
ഭക്തരുടെ നിലവിളികൾ.
ദൈവം ചെവി പൊത്തി.

6.
പടയാളിയുടെ ക്രൗര്യം.
നിരപരാധിയുടെ പ്രാർത്ഥന.
ദൈവത്തിന്റെ മൗനം.

7.
വിരയുടെ വേദന.
മീനിന്റെ വിശപ്പ്.
ചൂണ്ടയുടെ ദുഖം..

8.
നാദങ്ങളുടെ പ്രതിനിധി.
സൗമ്യതയുടെ തൂവൽ സ്പർശം.
ആ മാൻഡലിൻ നിശ്ശബ്ദമാണ്‌.

9.
വസന്തത്തിന്റെ ഉന്മാദം.
വേനലിന്റെ വിയർപ്പ്.
ശിശിരത്തിന്റെ നഷ്ടം.

10.
കുട്ടിക്ക് പേടി.
കെട്ടിയത് ആനവാൽ.
ആനയ്ക്കാരുടെ വാൽ?!

11.
ഉണർവ്വിൽ വെളിച്ചം.
ഇരുട്ടിൽ ഉറക്കം.
മധ്യേ ജീവിതം.

12.
നഖത്തുമ്പിൽ ചോര.
ആത്മാവിൽ വേദന.
മുഖം കുനിച്ച് പെൺകുട്ടി.

13.
മുൻപിൽ അനാഥ ബാല്യം.
വയറ്റിൽ വിശപ്പിന്റെ താളം.
യാത്രക്കാരുടെ നോട്ടം അകലെ.

14.
മണ്ണ്‌ മൗനമായി നിലവിളിച്ചു.
പുഴ കണ്ണീരില്ലാതെ കരഞ്ഞു.
മനുഷ്യന്റെ അവസാനത്തെ ചിരി.

15.
അമ്മയുടെ കണ്ണീർ.
അച്ഛന്റെ മൗനം.
മകന്റെ തിരോധാനം.

16.
എണ്ണമില്ലാ ചോദ്യങ്ങൾ.
ഉത്തരമില്ലാത്ത ദൈവങ്ങൾ.
കഥയില്ലാത്ത മനുഷ്യർ..

17.
മിന്നും നക്ഷത്രങ്ങൾ.
ചിലർക്ക് കൗതുകം.
ചിലർക്ക് മുഖങ്ങൾ.

18.
ആട്ടം നിലച്ച കയർ.
മുറിഞ്ഞ നാവ്.
ആദ്യം മുതൽ തുടങ്ങണം.

19.
തുറന്നാൽ വെട്ടം.
തുറന്നില്ലേൽ ഇരുട്ട്.
തുറക്കാൻ അനിഷ്ടം.

20.
പുറത്ത് മഴ പെയ്യുന്നു.
അകത്ത് തീ എരിയുന്നു.
മകളിതു വരെ മടങ്ങി വന്നില്ല..

21.
ആകാശത്ത് സൂര്യൻ.
ഭൂമിയിൽ വെളിച്ചം.
മനസ്സിൽ ഇരുട്ട്..

22.
ചത്ത മുയൽ.
മൂന്ന് കൊമ്പ്.
പിടി വിടാതെ ചിലർ..

23.
മന്ത്രങ്ങളുടെ ആവർത്തനം.
വിരലിലെ പവിത്രമോതിരം.
ബലിക്കാക്കളുടെ കാത്തിരിപ്പ്..

24.
മൂന്ന് വെടിയുണ്ടകൾ.
പൊട്ടിയ കണ്ണട.
ഹേ റാം!

25.
പച്ചിലകളുടെ ചിരി.
പഴുത്തിലകളുടെ മൗനം.
മണ്ണിന്റെ സന്തോഷം..

26.
കാണാതായ പൊട്ട്.
സൂചികളുടെ ഓട്ടം.
കണവന്റെ കാത്തുനില്പ്.

27.
മന്ത്രങ്ങളുടെ ആവർത്തനം.
എള്ളും ചോറും.
ബലിക്കാക്കയുടെ കാത്തിരിപ്പ്.

28.
നിലത്ത് വീണ മധുരം.
കുട്ടിയുടെ ദുഖം.
ഉറുമ്പുകളുടെ ആഘോഷം.

29.
താഴെ വീണ നൂല്‌.
വാലു പോയ തുമ്പി.
കുട്ടിയുടെ കരച്ചിൽ.

30.
തതതതതതതതതതത
റററററററററററററററ
കുട്ടിയും കുഞ്ഞു പെൻസിലും :)

31.
താഴ്ന്ന് പോയൊരു കൈ.
ആയിരം നിലവിളികൾ.
ഇനി മൂന്നാം പക്കം..

32.
നക്ഷത്രങ്ങളുടെ ശാപം.
കലങ്ങിയ കൺമഷി.
കാത്തിരിക്കുന്ന മഞ്ഞച്ചരട്.

33.
കാഞ്ഞിരകുരുവിനു കയ്പ്പില്ലായിരുന്നു
തേനിനു മധുരമില്ലായിരുന്നു
രണ്ടും രുചിച്ചു നോക്കും വരെ..

34.
മലയറിയാതെ മഞ്ഞകന്നു.
മനസ്സറിയാതെ മനുഷ്യരും.
ദേഹമറിയാതെ ദേഹിയും.

35.
കുയിലൊരു പാട്ടു പാടി.
മയിലൊരു നൃത്തമാടി.
ഞാനൊരു കവിതയെഴുതി.

36.
ശലഭച്ചിറകിൽ കണ്ണുണ്ട്.
മനുഷ്യനുള്ളിലൊരു കണ്ണുണ്ട്.
രണ്ടിനും കാഴ്ച്ചയില്ല.

37.
നക്ഷത്രങ്ങൾ മരിച്ചിട്ടും,
സൂര്യൻ മറഞ്ഞിട്ടും,
പ്രകാശം മാത്രം മരിച്ചില്ല.

38.
വിശപ്പിന്റെ തെരുവ്.
വേശ്യകളുടെ തെരുവ്.
വേദനകളുടെ തെരുവ്.

39.
കാലടികൾക്ക് പിന്നാലെ കാലടികൾ.
ഒന്നിച്ചു പോകുന്ന കാലടികൾ.
ഒറ്റയ്ക്കകന്നു പോകുന്ന കാലടികൾ.

40.
ഓർമ്മകളിൽ ജീവിക്കുന്നവർ.
സ്വപ്നങ്ങൾ നഷ്ടപ്പെട്ടവർ.
അഗതിമന്ദിരത്തിലെ അന്തേവാസികൾ.

Post a Comment