Please use Firefox Browser for a good reading experience

Friday, 25 July 2014

ആരാണ്‌ പ്രധാനി?


കുറിപ്പ്:
ഏതാണ്ടെല്ലാ ദിവസവും മോന്‌ ഉറങ്ങാൻ നേരം കഥ പറഞ്ഞു കൊടുക്കുന്ന ഒരു പരിപാടിയുണ്ട്. അതൊരു വലിയ സംഭവമാണ്‌. അവനല്ല, എനിക്ക്!. കുട്ടികളുടെ കഥ എന്നു പറയുമ്പോൾ അതിൽ വയലൻസ് പാടില്ല, നല്ല താളത്തിൽ കഥ അങ്ങു പോണം. വളരെ ലളിതമായ വാക്കുകൾ മാത്രമെ ഉപയോഗിക്കാവൂ. ഗുണപാഠം കൂടി ഉണ്ടേൽ നല്ലത്. കഴിവതും ചിത്രങ്ങളില്ലാത്ത പുസ്തകങ്ങൾ/കഥകൾ വായിക്കാനാണ്‌ ഈയുള്ളവൻ ഉപദേശിക്കാറ്‌. മറ്റൊന്നുമല്ല. വായിക്കുമ്പോൾ മനസ്സിൽ ഒരു ചിത്രം തെളിയും. തെളിയണം. അല്ലാതെ ചിത്രകാരന്റെ ഭാവനയിലെ ചിത്രമല്ല ഒരാൾ കഥ വായിക്കുമ്പോൾ തെളിയേണ്ടത്. ഇതൊക്കെ എന്റെ ചില ചെറിയ പിടിവാശികളാണ്‌. ഭാവനയുടെ വളർച്ചയ്ക്ക് നമ്മൾ തടയിടാൻ പാടില്ലല്ലോ. കഥകൾ പറഞ്ഞു കൊടുക്കുന്നതിനും ഒരു പരിധി ഉണ്ടല്ലോ.. കുട്ടിക്കാലത്ത് വായിച്ച, കേട്ട കഥകൾ ഒക്കേയും ഏതാണ്ടെല്ലാം തന്നെയും പറഞ്ഞു കഴിഞ്ഞിരിക്കുന്നു.. കപീഷ്, ബന്ദില, കാലിയ, ദൊപ്പയ്യ, ശിക്കാരി ശംഭു, ഫാന്റം, മാൻഡ്രേക്ക്, ലോതർ, ഉരുക്കു കൈ മായാവി, കലൂലൂ, റഷ്യൻ കഥകൾ, ഇവാന്റെ വാള മീൻ കഥ, ടോം സോയർ, രാമായണ കഥകൾ, മഹാഭാരത കഥകൾ, ബൈബിൾ കഥകൾ, അറബി കഥകൾ, ഈസോപ്പ് കഥകൾ, ഓ ഹെൻറി കഥകൾ, നസ്സിറുദ്ദീൻ ഹോജ കഥകൾ, കേട്ടിട്ടുള്ള ചില യക്ഷി കഥകൾ, ശിബി, പരീക്ഷിത്ത്, കർണ്ണൻ, തെന്നാലി രാമൻ, കാളിദാസൻ, ബീർബൽ, മായാവി (ഇതു വരെ ആരും വായിക്കാത്ത ചില മായാവി കഥകൾ ഉണ്ടാക്കി പറഞ്ഞിട്ടുണ്ട്..തട്ടിപ്പ്..തട്ടിപ്പ്..രഹസ്യമാ..). മായാവിക്കു വേണ്ടി സ്പോട്ടില്‌ ചില മന്ത്രങ്ങൾ വരെ ഞാൻ കണ്ടുപിടിച്ചു പറഞ്ഞിട്ടുണ്ട്.. വലിയവർ വലിയവർക്ക് വേണ്ടി എഴുതിയ കഥകളും, കഥയില്ലായ്മയുടെ കഥകളും കൊച്ചുപിള്ളേർ കേട്ടു കൊണ്ടിരിക്കില്ലല്ലോ. ഇനി കേട്ടാലും, ‘ഇതിലെന്താ കഥ?!’.. എന്നിട്ട് എന്നിട്ട്.. (കഥ തീർന്നില്ലെന്നാ വിചാരം ഹും!) എന്നൊക്കെ ചോദിച്ചാൽ കുഴങ്ങിപോവില്ലെ?. കഥ പറഞ്ഞു തുടങ്ങുമ്പോഴെ, ഇത് ആ കഥയല്ലെ? എന്നും ചോദിച്ച് ബാക്കി മുഴുവൻ പറയുന്ന സ്ഥിതിയിലായി..എന്നു വെച്ചാൽ എന്റെ സ്ഥിതി ദയനീയമായി എന്നു സാരം. അങ്ങനെ ഞാൻ ചില കഥകൾ സ്പോട്ടിൽ ഉണ്ടാക്കി പറയാൻ തുടങ്ങി. എന്നു വെച്ചാൽ കഥ പറഞ്ഞു തുടങ്ങുമ്പോൾ എന്താ കഥ എന്ന് എനിക്ക് പോലും പിടിയുമുണ്ടാവില്ല. പറഞ്ഞു പറഞ്ഞു പോവുമ്പോൾ ഒടുക്കം ഒരു കഥ ആയി അതു മാറിയിട്ടുണ്ടാവും!. അതൊരു ദൈവാനുഗ്രഹം കൊണ്ട് എങ്ങനെയോ നടന്നു പോവുന്നതാണ്‌. അങ്ങനെ ഇന്നലെ തനിയെ ഉണ്ടായി വന്ന ഒരു കഥയാണ്‌ ദേ താഴെ ചമ്രം പടിഞ്ഞിരിക്കുന്നത്..കണ്ടാലും..

ഒരിടത്തൊരു വീട്ടിൽ ഒരു ക്ലോക്ക് ഉണ്ടായിരുന്നു. വലിയൊരു ക്ളോക്ക്. പഴയൊരു ക്ലോക്കാണ്‌. അതില്‌ ആടണ പെൻഡുലം എന്നൊരു സാധനമുണ്ട്. സമയാസമയം ടിംഗ് ടോംഗ് എന്നു മണിയടിക്കും. ക്ലോക്കില്‌ മൂന്ന് സൂചികളുണ്ട്. ഒരു കൊച്ച് മണിക്കൂർ സൂചി, വലിയ മിനിട്ട് സൂചി, പിന്നൊരു മെലിഞ്ഞ സെക്കന്റ് സൂചി. ഈ സൂചികൾ എപ്പോഴും എന്തേലും പറഞ്ഞു കൊണ്ടിരിക്കും.
അപ്പോ ചെറിയ സൂചി പറഞ്ഞു,
‘ഞാനാണ്‌ ഏറ്റവും പ്രധാനപ്പെട്ടവൻ. എല്ലാരും മണിക്കൂറാണ്‌ നോക്കുന്നത്’

അപ്പോ മിനിട്ട് സൂചി പറഞ്ഞു,
‘അല്ല, ഞാനാണ്‌ പ്രധാനപ്പെട്ടവൻ. ഞാനും കൂടി കറങ്ങാതെ സമയത്തിനു വിലയുണ്ടാവില്ല.’

അപ്പോൾ സ്പീഡിൽ ഓടുന്ന സെക്കന്റ് സൂചി പറഞ്ഞു,
‘ഞാൻ ഈ കിടന്ന് സ്പീഡിൽ ഓടുന്നത് കൊണ്ടാണ്‌ നിങ്ങളൊക്കെ കൃത്യമായി സമയം കാണിക്കുന്നത്..അല്ലെങ്കിൽ കാണാമായിരുന്നു!’ അതു പറഞ്ഞ്, ‘നിക്കാൻ സമയമില്ല’ എന്നും പറഞ്ഞ് സെക്കന്റ് സൂചി ഓടി പോയി.

ഇതു കേട്ടപ്പോൾ മണിക്കൂർ സൂചിക്കും, മിനിട്ട് സൂചിക്കും മിണ്ടാട്ടം മുട്ടി. സെക്കന്റ് സൂചി പറഞ്ഞത് ശരിയല്ലെ? അവൻ ഈ കിടന്ന് വെളുക്കെ വെളുക്കെ ഓടുന്നത് കൊണ്ടല്ലെ നമ്മളിങ്ങനെ ഗമയിൽ സമയം കാണിക്കുന്നത്?

സെക്കന്റ് സൂചി ഗമയിൽ ഓടി കൊണ്ടിരുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ ആ വീട്ടിലെ കൊച്ചു കുട്ടിയും ആ കൂട്ടിയുടെ അച്ഛനും ക്ലോക്കിന്റെ മുൻപിൽ വന്നു.

അച്ഛൻ കുട്ടിക്ക് സമയം നോക്കാൻ പഠിപ്പിച്ചു കൊടുക്കുവായിരുന്നു. മണിക്കൂറ്‌ സൂചിയെ കുറിച്ചും, മിനിട്ട് സൂചിയെ കുറിച്ചും, സെക്കന്റ് സൂചിയെ കുറിച്ചും ഒക്കെ പറഞ്ഞു കൊടുത്തത് സൂചികൾ അഭിമാനത്തോടെ കേട്ടു കൊണ്ടിരുന്നു.

അവർ കാതോർത്തു, ആരാണ്‌ പ്രധാനപ്പെട്ടവനെന്ന് ഇപ്പോ കേൾക്കാം..

അപ്പോ, കുട്ടി ചോദിച്ചു,
‘എങ്ങനെയാണച്ഛാ ഈ സൂചി ഇങ്ങനെ തിരിഞ്ഞൂണ്ടിരിക്കുന്നെ?’

‘അതു പറഞ്ഞു തരാം’ എന്നും പറഞ്ഞ്, അച്ഛൻ ക്ലോക്കിന്റെ ചില്ലു വാതിൽ തുറന്ന് അകത്തേക്ക് കൈ നീട്ടി.
അവിടെ ചെറിയൊരു ചാവി ഇരിപ്പുണ്ടായിരുന്നു.
എന്നിട്ട് ഒരു ചെറിയ ചാവി എടുത്ത് കാണിച്ചു കൊണ്ട് പറഞ്ഞു,
‘മോനെ ദെ ഈ ചാവി വെച്ച് ദിവസം തിരിച്ചു കൊടുത്തില്ലെങ്കിൽ ക്ലോക്ക് നിന്നു പോവും..’

എന്നിട്ട് അച്ഛൻ ചാവി വെച്ച് എങ്ങനെയാ കീ കൊടുക്കേണ്ടത് എന്ന് കാണിച്ചു കൊടുത്തു. അതു കഴിഞ്ഞ് ചാവി എടുത്ത് അകത്തു വെച്ചു.

സൂചികൾക്ക് ആരാണ്‌ പ്രാധാനപ്പെട്ടവൻ എന്ന് മനസ്സിലായി. ചാവി ഒരിടത്ത് മിണ്ടാതെ ഇരുന്നതേയുള്ളൂ. ഒരു ശബ്ദവും ഉണ്ടാക്കിയില്ല, ആരോടും തർക്കിക്കാനും പോയില്ല.

എന്താണ്‌ ഈ കഥയുടെ ഗുണപാഠം?. എന്തു കൊണ്ടാണ്‌ ചാവി മിണ്ടാതെ ഇരുന്നത്?. ആരാണ്‌ പ്രധാനപ്പെട്ടവൻ?..

കഥ ഇഷ്ടപ്പെട്ടെങ്കിൽ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കൂ. ചോദ്യങ്ങൾ ചോദിക്കൂ. ഉത്തരങ്ങൾ പറഞ്ഞു കൊടുക്കൂ..

ഇന്നത്തെ കഥ തീർന്നു.. ഗുഡ് നൈറ്റ്..ഉറങ്ങിക്കോ കുഞ്ഞെ..

Post a Comment

Saturday, 7 June 2014

അവർക്കായി മാത്രം

ഉരുണ്ട് പോകുന്ന ചക്രമൊരിക്കൽ വീണു,
ഇനി ഉരുളാൻ മനസ്സില്ലെന്നു പറഞ്ഞ്‌.
ഉദിക്കാൻ വയ്യെന്നു സൂര്യനും.
വിടരാൻ വയ്യെന്നു പുഷ്പവും.

ചിലർ മാത്രം കാത്തിരുന്നു.
ഉരുളുന്ന ചക്രത്തിനു പിന്നിൽ ഓടാൻ..
ഉദിക്കുന്ന സൂര്യന്റെ നേർക്ക് നോക്കാൻ..
വിടരും പുഷ്പത്തിൻ ഗന്ധമറിയാൻ..
ചില കുരുന്നുകൾ..
അവർ മാത്രം കാത്തിരുന്നു..

അവർക്കായി മാത്രം ചക്രമെഴുന്നെറ്റുരുളുന്നു..
സൂര്യനുദിക്കുന്നു..
പൂക്കൾ വിടരുന്നു..
അവർക്കായി മാത്രം..

Post a Comment

കരയാൻ കഴിയാത്തവർക്കായി

ഇന്നലെ ഞാൻ കരഞ്ഞിരുന്നു,
പകൽ മാത്രമല്ല, രാത്രിയിലും.
വിചിത്രമെന്നു പറയട്ടെ,
കരഞ്ഞതെന്തെന്നു മറന്നു പോയി ഞാൻ.
എനിക്കോർക്കാൻ കഴിയുന്നത്,
കണ്ണാടിയിലെന്റെ പ്രതിച്ഛായയാണ്‌.
കരയുന്നതു കാണാൻ ഞാൻ കണ്ണാടിക്കു മുന്നിൽ ചെന്നു നിന്നിരുന്നു.
ഉരുണ്ടിറങ്ങുന്ന, തിളക്കമുള്ള കണ്ണീർക്കണങ്ങളെ ഞാനോർത്തു.
താളത്തിലുള്ള എന്റെ കരച്ചിലിന്റെ ശബ്ദം.
ഒന്നു കൂടി ഓർക്കുന്നു,
കണ്ണീർ കവിളിലൂടൊഴുകി,
ചുണ്ടുകളുടെ വശത്ത് വന്നൊരു നിമിഷം നിന്നു.
എന്റെ നാവിനുപ്പുരസം പകരാൻ വേണ്ടി മാത്രം..
ഇപ്പോൾ ഞാൻ കരയുന്നില്ല.
പക്ഷെ ഇപ്പോഴുമാ ഉപ്പുരസമെന്റെ നാവിൻത്തുമ്പിലുണ്ട്.
ഇന്നെനിക്കു കരയണമെന്നുണ്ട്..
കരയാൻ കഴിയുന്നിലെനിക്ക്..
കരയാൻ കഴിയാത്തതോർത്ത് ഞാനിന്നു കരയട്ടെ..
നിശ്ശബ്ദമായി..
ഉപ്പുരസമില്ലാത്ത കണ്ണീരില്ലാതെ..
ഞാനിന്നു കരയട്ടെ,
കരയാൻ കഴിയാത്തവർക്കായി..


Post a Comment

Friday, 27 December 2013

ഒരു ഫേസ്ബുക്ക് ഗാഥ


‘Wish you a safe journey!’
‘Enjooooy’
‘അസൂയ’
‘Keep posting the photos’

വേറേയും ധാരാളം മെസെജുകൾ.
അശംസകൾ, അസൂയ പൊതിഞ്ഞു വെച്ച വാക്കുകൾ, ചില ഓർമ്മിപ്പിക്കലുകൾ.
ജോൺ സക്കറിയ താൻ ഫേസ്ബുക്കിൽ വെറും പന്ത്രണ്ട് മിനിട്ട് മുൻപ് മാത്രമിട്ട സ്റ്റാറ്റസിനു വന്ന കമന്റുകൾ വായിക്കുകയായിരുന്നു. അല്ല, വായിച്ചു രസിക്കുകയായിരുന്നു. ലൈക്കുകളുടെ എണ്ണം നോക്കി ആസ്വദിക്കുകയായിരുന്നു.

‘മതി. അതും നോക്കി ഇരുന്നത്. ആവശ്യത്തിനു ലൈക്കും കമന്റും കിട്ടിയല്ലോ. ഇനി ആ ബാഗൊക്കെ ഒന്ന് പായ്ക്ക് ചെയ്യാൻ നോക്ക്. അവിടെ ചെന്നിട്ട് കഴിഞ്ഞ തവണത്തെ പോലെ അതു കണ്ടില്ല, ഇതു കണ്ടില്ല എന്നൊന്നും പറയരുത്!’

ജെസ്സി പറഞ്ഞതിൽ കുറച്ച് അധികാരഭാവം കൂടി പോയില്ലെ എന്ന് ജോണിനു സംശയം തോന്നി. എന്നാലും പറഞ്ഞത് കാര്യം തന്നെ. അവളോട് തർക്കിച്ച് ജയിക്കാൻ ഈ ജന്മം കഴിയുകയുമില്ല. അയാൾ അനുസരണയോടെ അകത്തെ മുറിയിൽ പോയി.

പലകുറി അയാൾ അവധിക്ക് പല പദ്ധതികളും മെനെഞ്ഞതാണ്‌. ഒന്നുകിൽ അയാളുടെ അല്ലെങ്കിൽ അയാളുടെ പ്രേയസിയുടെ - ആരുടെയെങ്കിലും അവധി ദിവസങ്ങൾ അനുവാദം കിട്ടാതെ പോകും. അങ്ങനെ സ്വന്തം പദ്ധതികൾ കായലിലൂടെ ഓടുന്ന തീവണ്ടി പദ്ധതി പോലെ എങ്ങുമെത്താതെ പോയ്ക്കൊണ്ടിരുന്നു. ജോലി രാജി വെച്ചിട്ട് വിനോദിക്കാൻ പോയാലോ എന്നു വരെ അയാൾ പ്ലാൻ ചെയ്തതാണ്‌. അപ്പോഴൊക്കെ, ‘കാർ..വീട്..ലോൺ..ഇതൊന്നും മറക്കരുത്..ലോൺ മറന്ന് എണ്ണ തേക്കരുത്’ - ഇങ്ങനെയൊക്കെ സ്വപ്നത്തിൽ പുണ്യാളൻ വന്നു പറയും. ദൈവഭക്തിയോ ദൈവഭയമോ - ജോണിക്കുട്ടൻ രാജി വെയ്ക്കുക എന്ന കടുത്ത പ്രയോഗത്തിൽ നിന്ന് പിന്തിരിയും.

കുടുബം മുഴുവനായി പ്രാർത്ഥനയിൽ ഈയൊരു കാര്യം കർത്താവിന്റെ ശ്രദ്ധയിൽ പെടുത്തി.
‘അപേക്ഷയാണ്‌..തള്ളിക്കളയരുത്..’ കുട്ടികളായ സാമും, സനിലും മെഴുതിരി വെട്ടത്തിൽ നിഷ്ക്കളങ്കതയോടെ അപേക്ഷിച്ചു. ആരുടെ അപേക്ഷയാണ്‌ സ്വീകരിക്കപ്പെട്ടതെന്നറിയില്ല, ഈ പ്രാവശ്യം ജോണിയുടെയും, ജെസ്സിയുടെയും അവധി അപേക്ഷകൾ മേലധികാരികൾ നിർദ്ദയം തള്ളിക്കളഞ്ഞില്ല.

അവധി കിട്ടിയത് കുട്ടികളുള്ളപ്പോൾ കേക്കും ചോക്ക്ലേറ്റും തിന്നും, കുട്ടികളില്ലാത്തപ്പോൾ മദ്യം (നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യം ആരോഗ്യത്തിനു ഹാനികരം) കുടിച്ചും ആഘോഷിച്ചു.

എവിടെ പോകണം?
മൂന്നാർ?
തേക്കടി?
ഊട്ടി?
വയനാട്?

ആകെയുള്ളത് ഒരാഴ്ച്ചയുടെ സ്വാതന്ത്ര്യം. ആഘോഷിക്കാനുള്ളത് മാസങ്ങളുടെ വിനോദവും.
‘കുട്ടികൾക്ക് വിട്ടു കൊടുക്കാം. അവരല്ലെ കുറെ നാളായി പറഞ്ഞു കൊണ്ടിരുന്നത്’ - ജെസ്സി വളരെ കൂളായി പറഞ്ഞു.

ഇന്നത്തെ കുട്ടികൾ അന്നത്തെ കുട്ടികളെ പോലെയല്ല. ഇവരെ തോല്പ്പിക്കാൻ കഴിയില്ല. ഇവർക്ക് ഗൂഗിളുണ്ട്!. അവർ തിരെഞ്ഞു, സഹപാഠികളുമായി ചർച്ച ചെയ്തു. ഒടുവിൽ വിധി പ്രസ്താവിച്ചു.
‘ഊട്ടി!!’ - മൂത്തവൻ.
‘എങ്കിൽ കൊടൈക്കനാലും!!’ - ഇളയവൻ തന്റെ വോട്ടും വിനിയോഗിച്ചു.

താൻ വിചാരിച്ചത് തന്നെയാണല്ലോ ഈ കുട്ടിക്കശ്മലന്മാർ കൊണ്ടു വന്നത്!. പാലു കുടിച്ചാലോ എന്നു വിചാരിക്കുമ്പോഴേക്കും വൈദ്യൻ കല്പിച്ച് കഴിഞ്ഞിരിക്കുന്നു!. എങ്കിലും അമിതാഹ്ലാദം പുറത്ത് കാട്ടാതെ അയാൾ പറഞ്ഞു,
‘ഓക്കെ..എല്ലാം നിങ്ങളുടെ ഇഷ്ടം..’

അപ്പോൾ തന്നെ അയാൾ ഫേസ്ബുക്കിലൂടെ ലോകത്തോട് പ്രഖ്യാപിച്ചു, ‘ഇതാ ഞാനും എന്റെ കുടുംബവും തണുത്ത ഊട്ടിയിലേക്ക്..’ - കൂട്ടത്തിൽ പണ്ട് അധ്യാപകന്റെ അടി പേടിച്ച് മനപ്പാഠമാക്കിയ, ഇപ്പോഴും അർത്ഥമെന്തെന്നറിയാത്ത ഏതോ ഒരു കവിതയുടെ നാലു വരികളും.

കമന്റുകളുടെ മലവെള്ളപ്പാച്ചിൽ കണ്ട് ജോൺ സക്കറിയ ‘ഞാനിത്രയും പോപുലറാണെന്നതറിഞ്ഞില്ലല്ലോ. കുറച്ച് മുൻപേ ഫേസ്ബുക്ക് ഉപയോഗിച്ച് തുടങ്ങേണ്ടതായിരുന്നല്ലോ’ എന്നൊക്കെ ഓർത്തു വ്യസനിച്ചു. അടുത്ത നിമിഷം ‘പോട്ടെ, ഇപ്പോഴെങ്കിലും ആ മഹാസത്യം തിരിച്ചറിഞ്ഞല്ലോ’ എന്ന് സ്വയം ആശ്വസിക്കുകയും ചെയ്തു.

വാടകയ്ക്കെടുത്ത ഒരു ടാറ്റാ സുമോയിൽ കുടുംബം യാത്രയായി.
മലയുടെ തുമ്പ്, കായലിലേക്ക് ചാഞ്ഞ് ‘ഇപ്പോ വീണു കളയുവേ’ എന്ന ഭാവത്തിൽ നില്ക്കുന്ന തെങ്ങുകൾ..ഇവയൊക്കെ മൊബൈലിൽ ഫോട്ടോ എടുത്ത് അപ്പപ്പോൾ തന്നെ ഫേസ്ബുക്കിൽ അഭിമാനത്തോടെ ഷെയർ ചെയ്തു നിർവൃതിയടഞ്ഞു. ‘ഈ സാങ്കേതിക വിദ്യയെ കൊണ്ടു തോറ്റു’ എന്നു അപ്പോഴൊക്കെ മനസ്സിൽ പറയുകയും ചെയ്തു.

ഊട്ടിയിൽ അങ്ങോളമിങ്ങോളം ഓടി നടന്നു. മലയും, തടാകവും കണ്ണു തുറന്നു കാണും മുൻപെ മൊബൈൽ ഫോണിനു ഇരയായി. ഫേസ്ബുക്കിനു ആഹാരവും. തടാകത്തിലൂടെയുള്ള ബോട്ട് യാത്ര, മസാല ചായ കുടിക്കുന്നത്, കുതിരപ്പുറത്തുള്ള യാത്ര, കുരങ്ങന്മാരുടെ ചിത്രങ്ങൾ (എന്തു കൊണ്ടാണ്‌ കുരങ്ങന്റെ ചിത്രത്തിനു തന്റെ ചിത്രത്തിനേക്കാൾ ലൈക് കിട്ടിയതെന്ന് ജോണി കുറച്ച് നേരം ആലോചിച്ചിട്ട് ഉപേക്ഷിച്ചു). ജെസ്സിയോടൊത്ത് നിന്നും, ഇരുന്നും, മടിയിൽ തല ചായ്ച്ച് കിടന്നും ഫോട്ടോകൾ എടുത്ത് ‘ഇനിയുമൊരങ്കത്തിനുണ്ട് ബാല്യം’ എന്നൊരു ക്യാപ്ഷനും കൊടുത്ത് ഫേസ്ബുക്കിൽ ചാർത്തി. സുഹൃത്തുക്കൾ..അവർ അസൂയ കൊണ്ട് പുളയണം..‘കണ്ടോടാ ഞാൻ കിടന്ന് സുഖിക്കുന്നത്’ എന്നു വരെ നിയന്ത്രണം വിട്ട് എഴുതി പോകുമോ എന്നയാൾ ഭയപ്പെട്ടു.

വഴിയിൽ നിരത്തി വെച്ചിരിക്കുന്ന വില കുറഞ്ഞ സാധനങ്ങൾ ഒരു ആവശ്യമില്ലെങ്കിൽ പോലും കച്ചവടക്കാരനുമായി ദീർഘനേരം വിലപേശി വാങ്ങുകയും അതെല്ലാം കൂട്ടിയിട്ട് ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ ലൈക്കും കമന്റും വാരിക്കൂട്ടിയയാൾ. ഒരു ഘട്ടത്തിൽ താൻ ഇവിടെ വന്നത് തന്നെ ഫോട്ടോ എടുക്കാനും അതെല്ലാം ഫേസ്ബുക്കിൽ ഇടാനും മാത്രമായിരുന്നോ എന്നു പോലും അയാൾക്ക് സംശയം തോന്നി പോയി. എല്ലാവരും സന്തോഷത്തിലായിരുന്നതു കൊണ്ട് ആ സംശയം ആരോടും പങ്കു വെയ്ക്കണ്ട എന്നയാൾ ബുദ്ധിപൂർവം തീരുമാനിച്ചു. പക്ഷെ ഒരോ ലൈക്കും ഒരോ കമന്റും അയാളെ ഹരം കൊള്ളിച്ചു കൊണ്ടിരുന്നു. അതൊരു ലഹരിയായി മാറിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും.

മഞ്ഞു മലകളോട് വിട പറയുന്ന ഫോട്ടോയും പോസ്റ്റ് ചെയ്ത് അയാൾ തിരികെയുള്ള യാത്ര ആരംഭിച്ചു. ഇനി വീണ്ടും ഓഫീസ്..വീട്..വീട്..ഓഫീസ്. ‘ഇതിൽ നിന്നൊരു മോചനമില്ലെ കർത്താവെ’ അയാൾ ദയനീയതയോടെ മനസ്സിൽ ചോദിച്ചു.

മക്കൾ വാഹനത്തിന്റെ ജനലിലൂടെ പുറത്തെ കാഴ്ച്ചകൾ ആർത്തിയോടെ നോക്കി കൊണ്ടിരിക്കുന്നു. ജെസ്സി വായും പൊളിച്ച് തോളിൽ ചാരിയിരുന്നുറങ്ങുന്നു. ‘ഞാനെത്ര ഭാഗ്യവാനാണ്‌’ അയാൾ സന്തോഷക്കണ്ണീർ അടക്കാൻ പാടു പെട്ടു.

സുമോക്ക് കൊടുക്കാനുള്ള പൈസയും കൊടുത്ത് വീട്ടിൽ കയറാൻ തുടങ്ങുകയായിരുന്നു. വാതിൽ തുറക്കാൻ താക്കോൽ എടുത്തു വെച്ചപ്പോൾ എവിടെയോ എന്തോ ഒരു പന്തികേട് പോലെ. വീട്ടിനകത്തേക്ക് കയറിയിപ്പോൾ തനിക്ക് വീടു മാറിപ്പോയോ എന്നു പോലും സംശയമായി. ടിവി ഇരിക്കുന്ന ടേബിൾ നല്ല വൃത്തിയായി ഇരിക്കുന്നു. മറ്റൊന്നുമല്ല, ടി വി അപ്രത്യക്ഷമായിരിക്കുന്നു!. ഒന്നു കണ്ണോടിച്ചപ്പോൾ മനസ്സിലായി - മ്യൂസിക് സിസ്റ്റവും ടിവിയുടെ വഴി പിന്തുടർന്നിരിക്കുന്നു!. അകത്തെ മുറിയിൽ തുറന്നു കിടക്കുന്ന മേശവലിപ്പുകൾ, കുത്തിത്തുറന്ന അലമാരകൾ..താഴേയും കട്ടിലിലും കിടക്കുന്ന വസ്ത്രങ്ങൾ..അടുക്കളയിൽ സവാള അരിഞ്ഞതിന്റെ ബാക്കിപത്രം..ഉണങ്ങിയ, പിളർന്നു കിടക്കുന്ന മുട്ടത്തോടുകൾ..ഫ്രിഡ്ജ് വലിച്ചു നിരക്കിയതിന്റെ പാടുകൾ നിലത്ത് കാണുന്നുണ്ട്..

ഭൂമി കറങ്ങി തുടങ്ങി.
ജെസ്സിയുടെ നിലവിളി നാലു വീടും കഴിഞ്ഞ് ജങ്ക്ഷൻ വരെയെത്തി കഴിഞ്ഞു.
കുട്ടികൾ ‘അതു കാണുന്നില്ല..ഇതു കാണുന്നില്ല..’ എന്നൊക്കെ പറഞ്ഞു തുടങ്ങുന്നു..
വെള്ളം..വെള്ളം..എവിടെ വെള്ളം..അയാൾ ഡൈനിംഗ് ടേബിളിൽ വെള്ളം നിറച്ചു വെച്ചിരുന്ന കൂജ തിരെഞ്ഞു പോയി.

അവിടെ വെച്ചിരുന്ന ചെറിയ പ്ലാസ്റ്റിക് പൂച്ചെട്ടിക്കു താഴെയായി..ഒരു തുടിപ്പ്..തല നീട്ടി നില്ക്കുന്ന ഒരു ചെറിയ കടലാസ്. അയാൾ വേഗമതെടുത്തു.

വെറും ഒരു വാചകം മാത്രമെ അതിലുണ്ടായിരുന്നു.
വിട്ടു നില്ക്കുന്ന അക്ഷരങ്ങൾ ഇങ്ങനെ പറഞ്ഞു,
‘Thanks for your facebook status’..അതിനു പിന്നാലെ ഒരു സ്മൈലിയും..

ഭൂമി വീണ്ടും കറങ്ങാൻ തുടങ്ങി..
ഇപ്രാവശ്യം കുറച്ചു കൂടി വേഗത്തിലാണോ എന്നയാൾക്ക് സംശയം തോന്നി..

Post a Comment

Tuesday, 17 December 2013

ഒരു സത്യം പറയട്ടെ!


ഉള്ളിലൊരു നാളം, ഉണ്ടെന്നറിഞ്ഞു ഞാൻ
ഉള്ളിലേക്കെത്തി, നോക്കുന്നുവെപ്പൊഴും.

കാണുന്നു ഞാനതിൻ ദിവ്യപ്രകാശം,
ഉൾക്കണ്ണു, തുറന്നു ഞാൻ നോക്കുന്ന നേരം.

ചിലരോ ചൊല്ലുന്നു പേരതിൻ ‘സത്യം’
ചിലരോ ചൊല്ലുന്നു ‘ദേഹി’ എന്നും..

ഉള്ളിലതില്ലെന്നു പറയില്ലയാരും,
സ്വയമൂതി കെടുത്താതിരിക്കുവോളം..

ഉറക്കെ പറയുന്നു ഞാനതിൻ നാമം!
പ്രപഞ്ചമെന്നാണതിൻ പേരെന്റെ കൂട്ടരെ!

അറിയുന്നു ഞാനീ പ്രപഞ്ചമെന്നുള്ളിൽ,
നിറയുന്നു സത്യത്തിൻ ദീപമായെന്നും!

പറയട്ടെയുച്ചത്തിൽ ലോകം മുഴുക്കെയും,
നീയുമീ ഞാനും - ഒന്നെന്ന സത്യം!

Post a Comment

Wednesday, 4 December 2013

ചിറകില്ലാത്തവർ


ചിറകില്ലാതാണവർ പറന്നു വരിക..
മോഹങ്ങളെ കുറിച്ചല്ല ഞാൻ പറയുന്നത്..
സ്വപ്നങ്ങളെ കുറിച്ചുമല്ല..
ഗന്ധർവ്വന്മാരെയോ യക്ഷന്മാരെയൊ കുറിച്ചല്ല..
കാറ്റിനെ കുറിച്ചോ, കരിയിലകളെ കുറിച്ചോ അല്ല..

അവർ അരൂപികളാണ്‌..
എങ്കിലും അവർക്ക് സൗന്ദര്യമുണ്ട്!
ദൃശ്യമല്ലാത്ത സൗന്ദര്യം!
അവ സംസാരിക്കുകയില്ല..
അവ പാടുകയില്ല..
പക്ഷെ..
അവരുടെ സംഗീതം നിങ്ങൾ കേൾക്കും!
അവ നിങ്ങളുടെ മുന്നിൽ സ്വപ്നങ്ങൾ വിതറും!

അറിഞ്ഞു കൊള്ളൂ!
ചിറകു മുളയ്ക്കുക നിങ്ങൾക്കാണ്‌!
അവയത്രെ..കവിതകൾ..





Post a Comment

ഉപേക്ഷിക്കപ്പെട്ടവർ


അവളുടെ നിറം വെളുപ്പ്.
അവളുടെ കുഞ്ഞുങ്ങളുടെ നിറവും വെളുപ്പ്.

അവൾ അറിയുന്നുണ്ടായിരുന്നു,
അപ്രത്യക്ഷമാകുന്ന കുഞ്ഞുങ്ങളെ കുറിച്ച്..

ഒരോ പ്രാവശ്യവും..
ഇരുട്ടിൽ ഇരുണ്ട ചാക്കിലേക്ക് എടുത്ത് മാറ്റപ്പെടുന്നവ..
അകലെയെവിടെയോ ഉപേക്ഷിക്കപ്പെടുന്നവ..
അവളുടെ സ്വപ്നങ്ങളിൽ വെളുത്ത പൂച്ചക്കുഞ്ഞുങ്ങൾ..
ഇളം പച്ച നിറമുള്ള കണ്ണുകൾ അവളെ തിരെഞ്ഞു വന്നു.
രാത്രികളിൽ അവയുടെ ഇളക്കങ്ങൾ..
ചൂട് പിടിച്ചുറങ്ങുന്ന വെളുത്ത പൂക്കൾ..

അങ്ങനെയാണവൾ തീരുമാനമെടുത്തത്..
ആ രാത്രി അവൾ സ്വയമതു കണ്ടെടുത്തു..
കരയാതെ, മുരളാതെ,
അവൾ അതിനുള്ളിലിരുന്നു..
ഇരുണ്ട ചാക്കിനുള്ളിൽ..
കാലടി ശബ്ദങ്ങൾക്ക് കാത്തോർത്ത്..



Post a Comment

തീവണ്ടിയുടെ മറുപടി


ഒരു കൽക്കരി വണ്ടി കിടപ്പുണ്ട് മ്യൂസിയത്തിൽ.
കുട്ടികൾക്ക് കാണാനും കളിക്കാനും.

ഒരു കുട്ടി മാത്രം ചോദിച്ചു,
നിനക്കിപ്പോഴും കൊതിയുണ്ടോന്ന്..
നീണ്ട ഹോൺ മുഴക്കി..
കരിപ്പുക തുമ്മി..
ചക്രങ്ങൾക്ക് തീപകർന്ന്..
വയലുകൾ കണ്ട്,
കാവുകൾ കണ്ട്,
പുഴകൾ കണ്ട്,
പട്ടണങ്ങൾക്കിടയിലൂടെ നൂണ്ട് പോകാൻ?

തീവണ്ടി അവനു മാത്രം മറുപടി പറഞ്ഞു,
കുഞ്ഞെ!
ഇപ്പോൾ കല്ക്കരിയുടെ കറുപ്പ് മാത്രമാണ്‌ ബാക്കി..
കിതപ്പ് മാത്രമാണ്‌ നെഞ്ചിൽ..
തുരുമ്പ് പിടിച്ച ഹോണുകൾ..
പൊളിഞ്ഞടർന്ന ബൾബുകൾ..
വഴി മറന്ന ചക്രങ്ങൾ..
നീ പട്ടണങ്ങളിൽ പോയി പറയൂ.
അതു വഴി ഞാൻ ഒരിക്കൽ കടന്നു പോയിരുന്നെന്ന്..
എന്നെ മറക്കാത്തവർ അവിടുണ്ടാകും..
ചിലരെങ്കിലും..


Post a Comment

മഞ്ഞുത്തുള്ളികളെ മറന്ന പുൽച്ചെടികൾ..


നക്ഷത്രങ്ങൾ നഷ്ടപ്പെട്ട രാത്രികളുടെ ദുഖമറിയുന്നു ഞാൻ..
വസന്തമുപേക്ഷിച്ച പുൽച്ചെടികളുടേയും..

എന്റെ ഓർമ്മകളിൽ ഞാൻ മാത്രമാണെപ്പോഴും..
എന്റെ തന്നെ വളർച്ചയും വീഴ്ച്ചയും..
എന്റെ തന്നെ ചിരിയും ചിന്തയും..
എന്റെ സ്വാർത്ഥ ചിന്തകൾക്ക് പൂമണം..
അതിലാണ്‌ ഞാനഭിരമിക്കുക..

നഷ്ടപ്പെട്ട ബാല്യകൗമാരങ്ങളുടെ നിറം ഞാൻ മറന്നു പോയിരിക്കുന്നു..
നഷ്ടപ്രണയങ്ങളിൽ ഞാൻ ചേർത്തു വെച്ച സ്വപ്നങ്ങളേയും.

ഇന്നു ഞാനെന്റെ മറവിയെ കുറിച്ചാണോർക്കുന്നത്..
അലിഞ്ഞമർന്നില്ലാതെ പോകുന്ന മഞ്ഞുത്തുള്ളികളെ പോലാണവ.
ആരും മഞ്ഞുത്തുള്ളികളെ ഓർക്കുകയില്ല..
പുൽച്ചെടികൾ പോലും..



Post a Comment

Saturday, 30 November 2013

സന്ദർശനം


സ്റ്റീൽ കലത്തിനുള്ളിൽ മരിച്ചീനി കഷ്ണങ്ങൾ തിളച്ചടങ്ങി കഴിഞ്ഞിരുന്നു. തടി തവി കൊണ്ടവയെ നോവിക്കാത്ത വിധം ഒന്നു രണ്ടു വട്ടം തട്ടിയും കുത്തിയും നോക്കി അവൾ തൃപ്തിപ്പെട്ടു. നല്ല പഞ്ഞി പരുവം. 'ആർക്കേലും വേണ്ടി വെച്ചാ നന്നായി വരും. എന്നാ സ്വന്തായിട്ട്‌ കഴിക്കാൻ വെച്ചാലോ, ഒട്ടും നന്നാവത്തുമില്ല' ലക്ഷ്മി ആരോടെന്നില്ലാതെ അഭിപ്രായപ്പെട്ടു കൊണ്ട്‌ മൂന്നു പച്ചമുളക്‌ കലത്തിലേക്ക്‌ നെടുകെ കീറിയിട്ടു, വെളിച്ചെണ്ണ കൊണ്ടൊരു വൃത്തവും വരച്ച്‌ അടപ്പെടുത്തു വെച്ചു.

'ഇതങ്ങനെ ആർക്കേലും വേണ്ടിയല്ല ലച്ചൂ..റോണി എന്റെ ഫ്രണ്ട്‌ മാത്രമല്ല, മനസ്സാക്ഷിസൂക്ഷിപ്പുക്കാരൻ കൂടിയാ..' മനോജ്‌ അവളുടെ അടുത്തേക്ക്‌ നടന്നു കൊണ്ട്‌ പറഞ്ഞു. തൊട്ടപ്പുറത്ത്‌ കൊടമ്പുളി ഇട്ട മീൻ കറി തിളച്ചു മറിയുന്നുണ്ട്‌.
'മനസ്സാക്ഷി ഉള്ളവർക്കല്ലേ സൂക്ഷിപ്പുകാരൻ!' അവൾ തിരിച്ചടിച്ചു.

അതിനു മറുപടി കൊടുക്കാൻ നിൽക്കാതെ അയാൾ വിരലുകൾ മടക്കാൻ തുടങ്ങിയിരുന്നു.
'അവനെ കണ്ടിട്ടിപ്പോ...'
'ഓ! നാല്‌ വർഷം!'
അതും പറഞ്ഞു മനോജ്‌ തന്റെ കണക്ക്‌ തെറ്റിയോ എന്നു സംശയിച്ച്‌ വീണ്ടും കൂട്ടാൻ തുടങ്ങി.
'നിർത്ത്‌ മനോജേട്ടാ..ഇതിപ്പോ കഴിഞ്ഞ ഒരാഴ്ചയായി ഈ ഒരു പേരു മാത്രമേ ഞാൻ കേൾക്കുന്നുള്ളൂ.'.

ശരിക്ക്‌ പറഞ്ഞാൽ അവൾക്ക്‌ ചെറുതായി ദേഷ്യം തോന്നി തുടങ്ങിയിരുന്നു അതും ഇതു വരെ നേരിട്ട്‌ കാണാത്ത, റോണി എന്ന മനുഷ്യനോട്‌. റോണിയെ കുറിച്ച്‌ അപ്പപ്പോൾ പറഞ്ഞു കേട്ട കഥകൾ കൂട്ടിത്തുന്നിയുണ്ടാക്കിയ ഒരു ചിത്രം അവളുടെ മനസ്സിലുണ്ട്‌. എഞ്ചനീയറിംഗിന്‌ ഒന്നിച്ചു പഠിച്ച സുഹൃത്തുക്കൾ. വെറും സുഹൃത്തുക്കളല്ലെന്നു ഇരുവരും സമ്മതിച്ച്‌ കൊടുത്ത സുഹൃത്തുക്കൾ. നല്ലതും ചീത്തയുമായ ഒരു പാട്‌ കഥകളിലെ കഥാപാത്രങ്ങൾ. റോണി സാമ്പത്തികമായും മുന്നിട്ട്‌ നിൽക്കുന്ന ഒരു കുടുംബത്തിലെ രണ്ടാമത്തെ പുത്രൻ. ചങ്ങാതിമാർക്കായി ചങ്ക്‌ വരെ പറിച്ച്‌ കൊടുക്കുന്നവനെന്ന് മനോജിന്റെ സാക്ഷ്യം.

ലക്ഷ്മി തളർന്ന് ചെന്ന് മറൂൺ നിറമുള്ള സോഫയിലേക്ക്‌ സ്വയം വീണു. ഫാനിന്റെ കൈകൾ വീശിയെറിഞ്ഞ തണുത്ത കാറ്റ്‌ വിയർപ്പു പുരണ്ട കഴുത്തിനു കുളിർമ്മ പകർന്നു തുടങ്ങി. അവൾ പതിവു വിനോദമാരംഭിച്ചു. ജീവിതത്തിലെ മനോഹരമായ ഓർമ്മകൾ അയവിറക്കുക. അവളുടെ കവിതാക്കമ്പം മൂത്ത ഒരു സുഹൃത്തിന്റെ പഴയ ഒരു ഉപദേശത്തിന്റെ പരിണിത ഫലം. 'ജീവിതം ഒരു പിടി ഓർമ്മകൾ മാത്രമാണ്‌ പെണ്ണെ. അപ്പോൾ കഴിയുന്നതും നല്ല ഓർമ്മകൾ ശേഖരിക്കാൻ നോക്ക്‌. എന്നിട്ട്‌ ഒഴിവ്‌ വേളകളിൽ അതും അയവിറക്കിയിരിക്കുക. അതിനു മാത്രമെ ജീവിതത്തിനൊരു അർത്ഥം തരാൻ പറ്റൂ'. ലതികയുടെ വാക്കുകൾ. കേട്ട അടുത്ത നിമിഷം മുതൽ അതൊരു വേദവാക്യമായി അവളതുള്ളിൽ സ്വീകരിച്ചു വെച്ചിരുന്നു. അതൊരു മന്ത്രമായി പോലും അവൾക്ക്‌ തോന്നാറുണ്ട്‌. ഒഴിവു വേളകളിൽ ലതികയുടെ ഈ മന്ത്രവാക്യം ചെവിയിൽ വീണ്ടും കേൾക്കാറുണ്ടവൾ. അപ്പോഴൊക്കെ അവളറിയാതെ മറ്റൊരു പിടി കാര്യങ്ങളിലേക്ക്‌ ചിന്ത നീണ്ടു പോകും. ജീവിതത്തിലെ അപ്രതിക്ഷീതവും അവിചാരിതവുമായ നിരവധി സംഭവങ്ങൾ..അതെല്ലാം അദൃശ്യമായ ഏതോ ഒരു നൂലിഴ കൊണ്ട്‌ പരസ്പരം ബന്ധിക്കപ്പെട്ടിട്ടില്ലേ എന്ന സംശയം.. അല്ലെങ്കിലെങ്ങനെയാണ്‌ ഒരിക്കൽ പിടി വിട്ടു പോയെന്നു തോന്നിപ്പിച്ച ജീവിതം വീണ്ടും ശരിയായ വഴിയിലേക്ക്‌ തിരിച്ചു വന്നത്‌?. പാളം തെറ്റിയോടുന്ന തീവണ്ടികൾ ഒരിക്കലും തിരിച്ച്‌ പാളത്തിലേക്ക്‌ തിരിച്ചു കയറാറില്ലല്ലോ..ജീവിതത്തിന്റെ തീവണ്ടിയൊഴിച്ച്‌. ഭാഗ്യത്തിന്റെ അളവുകോലുകൾ ആരാണ്‌ നിശ്ചയിക്കുന്നത്‌?..ആർക്കാണതിന്റെ അധികാരം?. താനീയിടെയായി കുറച്ചധികം ദാർശനിക ചിന്തകളിലേക്ക്‌ വഴുതി വീഴുന്നോ?. കുട്ടികൾ ഉണ്ടാകാനുള്ള താമസമോ തടസ്സമോ - ഏതാണ്‌ ദാർശനിക ചിന്തകളുടെ വിത്തുകൾ പാകുന്നത്‌?. അച്ഛന്റെ അപ്രതീക്ഷിതമായ വേർപാട്‌. ദേവദൂതനെ പോലെ വന്ന മനോജേട്ടൻ. ഭാഗ്യനിർഭാഗ്യങ്ങളുടെ ഇഴകൾ എത്ര ദുർബ്ബലവും നേർത്തതുമാണ്‌!. തന്റെ ചിന്തകളെ സ്വീകരിക്കുകയും തന്റെയൊപ്പം ചിന്തിക്കുകയും ചെയ്യുന്ന ഒരു പങ്കാളിയെ ലഭിക്കുക. അതൊരു ഭാഗ്യം. ഒരു പക്ഷെ അമ്മയുടെ പ്രാർത്ഥനകളുടെ ഫലം.. അവളുടെ മുഖത്ത്‌ ഒരു മന്ദഹാസം നിറഞ്ഞു. കണ്ണടച്ചിരുന്ന് സ്വപ്നം കാണുന്ന അവളുടെ കവിളിലപ്പോൾ ഒരു മൃദുചുംബനം പതിഞ്ഞു.

കണ്ണു പാതി തുറക്കുമ്പോൾ കണ്ടത്‌ വസ്ത്രം മാറ്റി നിൽക്കുന്ന മനോജിനെയാണ്‌.
'നീയിനി കുറച്ച്‌ നേരം പോയി കിടന്നോ..അവന്റെ ഫ്ലയ്റ്റ്‌ എത്താനുള്ള സമയമായി..എന്റെ കൈയ്യിൽ താക്കൊലുണ്ടല്ലോ..ഞാൻ തുറന്നു കയറിക്കോളാം.'
കണ്ണടച്ച്‌ ചിരിച്ചു കൊണ്ടവൾ തലയാട്ടി.

ഒരു കുലുക്കിയുണർത്തലിലാണ്‌ പിന്നീട്‌ ലക്ഷ്മി കണ്ണു തുറന്നത്‌. മുറിയിൽ ലൈറ്റുകളെല്ലാം തെളിഞ്ഞിരിക്കുന്നു.
'അവനിതാ എത്തി..നീ മുഖമെല്ലാം ഒന്നു കഴുകി നല്ല സുന്ദരിക്കുട്ടിയായിട്ട്‌ വന്നെ.' മനോജിന്റെ ധൃതിയും ആവേശവും നിറഞ്ഞ ശബ്ദം.

ലക്ഷ്മി ശ്രദ്ധിച്ചു. റോണി.. അയാൾ മുൻപ്‌ മനോജ്‌ കാട്ടിത്തന്ന ഫോട്ടൊയിൽ നിന്നും ഒരു പാട്‌ മാറി പോയിരിക്കുന്നു. ഇപ്പോൾ നെറ്റിയിലേക്ക്‌ വീണു കിടക്കുന്ന ചുരുണ്ട മുടിയില്ല. പകരം ഒരു കറുത്ത കൂളിംഗ്ലാസ്‌ കഷണ്ടി മറയ്ക്കാനെന്ന വണ്ണം കയറ്റി വെച്ചിട്ടുണ്ട്‌. കവിളുകൾ ചീർത്തിട്ടുണ്ട്‌. റോണിയുടെ വയറിനെ കുറിച്ചുള്ള മനോജിന്റെ കമന്റുകൾ പ്രവഹിച്ചു തുടങ്ങിയിരുന്നു. അയാൾ റോണിയുടെ വയർ ചൂണ്ടി നിർത്താതെ ചിരിച്ചു കൊണ്ടിരുന്നു.

'നീ അധികം ചിരിക്കണ്ട. ഒറ്റയ്ക്കായിരുന്നേൽ നീയും ഇങ്ങനെയൊക്കെ തന്നെ ആയേനെ..'
'ഏതായാലും നീ ഒന്നു കുളിച്ച്‌ ഫ്രഷായിട്ട്‌ വാ..നിന്റെ ഫേവറേറ്റ്‌ നാടൻ സാധനങ്ങളൊക്കെ സെറ്റപ്പാക്കി വെച്ചിട്ടുണ്ട്‌..തീറ്റയാണോ കുടിയാണോ ആദ്യം എന്നു മാത്രം പറഞ്ഞാൽ മതി'.
'അതു നീ എന്നോട്‌ ചോദിക്കണോ?!' കണ്ണിറുക്കി കാണിച്ചിട്ട്‌ റോണി അകത്തേക്ക്‌ പോയി.

അൽപ്പ സമയം കൊണ്ട്‌ തന്നെ ലക്ഷ്മിക്ക്‌ അവർ തമ്മിലുള്ള അടുപ്പം ബോദ്ധ്യമായി കഴിഞ്ഞിരുന്നു. ഇത്ര വർഷങ്ങൾ പിരിഞ്ഞിരുന്ന ഒരു ഭാവവും അവർക്കിടയിലുണ്ടായിരുന്നില്ല. റോണി ഇന്നു സിംഗപ്പൂരിൽ ഒരു കമ്പനിയിലാണ്‌ ജോലി ചെയ്യുന്നത്‌. തികഞ്ഞ അവിവാഹിതൻ. സ്വതന്ത്ര ജീവിതം.

കൊണ്ടു വെച്ച ലഹരിയുടെ മൂടികൾ തുറന്നു. ലക്ഷ്മി തന്നെയാണ്‌ അവർക്കായി വേണ്ട 'തൊട്ടു കൂട്ട്‌' സാധനങ്ങൾ ചെറിയ പോൾസ്ലെയിൻ കിണ്ണത്തിൽ നിറച്ചു കൊണ്ട്‌ വന്നത്‌. കുറച്ച്‌ നേരം അവരുടെ സംസാരത്തിൽ പങ്കു ചേർന്ന ശേഷമവൾ അകത്തേക്ക്‌ പോയി.

വാതിലിലൂടെ, ഇടനാഴിയിലൂടെ അവരുടെ സംസാര ശകലങ്ങൾ ഇടയ്ക്കിടെ നൂണ്ട്‌ അവളുടെ അടുത്തേക്ക്‌ വന്നു കൊണ്ടിരുന്നു. കുറച്ച്‌ നേരം കാതോർത്ത്‌ കേട്ട ശേഷം അവൾ വീണ്ടും ചിന്താവിനോദമാരംഭിച്ചു. മനോജേട്ടൻ റോണിയുടെ അടുത്ത്‌ മറ്റൊരാളെ പോലെയാണ്‌. എത്ര ഉത്സാഹവാനാണിപ്പോൾ. പതിവ്‌ ക്ഷീണ ഭാവങ്ങളോ, ശബ്ദം താഴ്ത്തിയ സംസാരങ്ങളോ അല്ലിപ്പോൾ. ഉറക്കെയാണ്‌ സംസാരിക്കുന്നത്‌. ഇടയ്ക്കിടെ ഉറക്കെ ചിരിക്കുന്നതും കേൾക്കാം.

മനോജ്‌ ഇടയ്ക്കിങ്ങനെ ചോദിക്കുന്നതവൾ കേട്ടു,
'നീയെന്താ പെണ്ണു കെട്ടാത്തത്‌?'
'ഓ, അതു ഞാൻ വീണ്ടും പറയണോ?. എന്റെ പോളിസി ഇപ്പോഴും പഴേത്‌ തന്നാ..ചായ..തേയിലത്തോട്ടം..വല്ലപ്പോഴും ചായ കുടിച്ചാൽ പോരെ മോനെ?'.
അവരുടെ ചിരി ശബ്ദം ഉയരുന്നതവൾ കേട്ടു.

സംസാരം പഴയ സുഹൃത്തുക്കളിലേക്കും, പണ്ടു ചെയ്തു കൂട്ടിയ വിക്രസ്സുകളിലേക്കും, കാമുകി കഥകളിലേക്കും നീണ്ടു. പിന്നെ സിംഗപ്പൂർ നഗരത്തിന്റെ വർണ്ണ പൊലിമകൾ, കേരളത്തിലെ, വൃത്തികേട്‌ അലങ്കാരമാക്കിയ റോഡുകൾ, കളി പഠിച്ച രാഷ്ട്രീയക്കാർ, പല നിറമെങ്കിലും അധികാരമെന്ന ഒരേ ലക്ഷ്യത്തിനു നേർക്കു മാത്രം നിർത്താതെ വീശുന്ന കൊടികൾ..അവർ നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു. ഒരു രാത്രി കൊണ്ട്‌ തന്നെ വർഷങ്ങളുടെ സംസാരം മുഴുവനും ആർത്തി പിടിച്ച്‌ പങ്കിടാനുള്ള ആവേശം ഇരുവരുടെയും ശബ്ദത്തിലുണ്ടായിരുന്നു.

റോണിയുടെ ചോദ്യമാണ്‌..
'നീ ഇപ്പോഴും റഷ്യേ തന്നെ?!. നീയും എന്നെ പോലെ മാറ്റി പിടിച്ചില്ലേ?'
'ഇല്ല സഖാവെ!..റഷ്യ ഇല്ലാതായാലും വോഡ്ക ഇല്ലാതാവാതിരുന്നാൽ മതി..'
ഒരു നിമിഷത്തെ മൗനത്തിനു ശേഷം,
'നിനക്ക്‌... കുഞ്ഞുങ്ങളൊന്നുമായില്ലേ?' പെട്ടെന്തോ ഓർത്തെടുത്ത പോലെ റോണി ചോദിച്ചു.
'എന്താ പെട്ടെന്നങ്ങനെ ചോദിക്കാൻ?'
'വോഡ്ക കഴിച്ചാ ശുഷ്ക്കാന്തി കുറയൂടാ.'
'ശരിക്കും?!!'
'ഉം...' റോണിയുടെ ശബ്ദത്തിൽ ഒരു ജ്ഞാനിയുടെ ഗൗരവം നിറഞ്ഞു..
'അപ്പോ റഷ്യേ തള്ളി പറയണോ?' വീണ്ടുവിചാരം നിറഞ്ഞ മനോജിന്റെ ചോദ്യം..
...

റഷ്യൻ മദ്യത്തിന്റെ നിരപ്പ്‌ താഴ്‌ന്ന് തുടങ്ങിയപ്പോൾ ഓർമ്മകളുടെ താഴ്ച്ചയിലേക്ക്‌ ലഹരി തെളിച്ച പടവുകളിലൂടെ അവരിരുവരും ഇടറിയ കാലുകളോടെ നടന്നു തുടങ്ങി.

സംസാരത്തിനിടയിൽ പലവട്ടം ശബ്ദം ലോപിച്ചു പോകുന്നതും തൊട്ടടുത്ത നിമിഷം പൊട്ടിച്ചിരി ഉയരുന്നതും ലക്ഷ്മി ശ്രദ്ധിച്ചു. എന്തു രഹസ്യമാ ഇവരിങ്ങനെ തമ്മിൽ പറഞ്ഞു കൊണ്ടിരിക്കുന്നത്‌?. ഇനി തന്നോട്‌ പറയാത്ത വല്ല രഹസ്യവുമാണോ? ആണുങ്ങളല്ലേ? അവർക്കും രഹസ്യങ്ങളുണ്ടാവും. അല്ലെൽ തന്നെ ആർക്കാ രഹസ്യങ്ങളില്ലാത്തത്‌?. അതു രഹസ്യമായി ഇരിക്കുന്നിടത്തോളം കാലം അതിനെ രഹസ്യം എന്നു തന്നെ വിളിക്കണം.

കുറെ നേരം കഴിഞ്ഞു മനോജിന്റെ നീണ്ട വിളി വന്നപ്പോഴാണ്‌ ലക്ഷ്മി വീണ്ടും മുറിയിലേക്ക്‌ ചെന്നത്‌. തൊട്ട്‌ കൂട്ട്‌ പാത്രം നക്കി വെച്ച പോലെ വെടിപ്പായിരിക്കുന്നു. ഇടുപ്പിൽ കൈ കുത്തി നിന്ന് രണ്ടു പേരേയും നോക്കി ഒന്നമർത്തി മൂളിയ ശേഷം അവളകത്തേക്ക്‌ കിണ്ണങ്ങളുമായി പോയി.

അവൾ തിരിച്ചു വരുമ്പോൾ അവർ രാഷ്ട്രീയത്തിലെ പുതിയ തലമുറയുടെ നീതികഥകൾ കീറി മുറിച്ചവലോകനം ചെയ്യുകയായിരുന്നു. ശക്തമായ അഭിപ്രായങ്ങൾ വായുവിൽ ചീറി പായുന്നതിന്റെ ചൂട്‌. ലക്ഷ്മി മനോജിന്റെ ഇതു വരെ കാണാത്ത ഒരു സുന്ദര മുഖം ആസ്വദിക്കുകയായിരുന്നു. എന്നത്തേലും സന്തോഷവാനാണ്‌. ഒരു സംതൃപ്തി ആ മുഖത്ത്‌ നിറഞ്ഞു നിൽക്കുന്നുണ്ട്‌. അവളിരുവരേയും നോക്കി. ചുവന്നു തുടങ്ങിയ കണ്ണുകളുമായി രണ്ടു പേർ!.

റോണി മനോജിന്റെ പൂർവ്വകാല വീരകൃത്യങ്ങൾ ആവേശപൂർവ്വം ഉറക്കെ അയവിറക്കാൻ തുടങ്ങി. ശരിക്കും വീര കഥകൾ. കരളുറപ്പുള്ള സ്നേഹിതന്റെ ആത്മാർത്ഥതയുടെ മുദ്രണമുള്ള കഥകൾ. പലതും അവിശ്വസനീയമായി തോന്നി ലക്ഷ്മിക്ക്‌. താനറിയുന്ന മൃദുമനസ്ക്കനായ മനോജേട്ടനെവിടെ? റോണിയുടെ കഥകളിൽ നിറഞ്ഞു നിൽക്കുന്ന വീരപുരുഷനെവിടെ?.

റോണി, വോഡ്കയുടെ ഗന്ധം പുതച്ച വാക്കുകളെ പുറത്തേക്കെറിഞ്ഞു കൊണ്ടിരുന്നു..
"..ഇനി ലക്ഷ്മിയോട്‌ ഒരു കാര്യം പറയാം. ഇവനീ കാണുന്ന പോലെയൊന്നുമല്ലായിരുന്നു പണ്ട്‌. ഇവനായിരുന്നു നമ്മുടെയൊക്കെ നേതാവ്‌. ഇവനല്ലേ നേതാവ്‌!. എന്തൊക്കെ കഥകളുണ്ടെന്നോ?. വല്ലോം ഇവൻ പറഞ്ഞു തന്നിട്ടുണ്ടോ?'.

'അതെങ്ങനെയാ?.. ഞാൻ പറഞ്ഞാ എന്റെ പെണുമ്പിള്ള വല്ലോം വിശ്വസിക്കോ?. ഇവൾക്കെങ്ങനെയറിയാം നമ്മുടെ പഴയ വീര കഥകള്‌?..നീ കുറച്ച്‌ സാമ്പിൾ ഇറക്കിക്കെ!' അഭിമാനം കലർന്ന അഹന്തയോടതു പറഞ്ഞിട്ട്‌ മനോജ്‌ കാല്‌ നീട്ടിയിരുന്നു. ലക്ഷ്മി അപ്പോഴാണ്‌ മനോജിനെ ശ്രദ്ധിച്ചത്‌. അഴിഞ്ഞു തുടങ്ങിയ കൈലി എങ്ങനെയോ ഇടുപ്പിൽ ചുരുട്ടി വെച്ചിട്ടുണ്ട്‌. കാലുകൾക്ക്‌ നടുവിലാണ്‌ മിക്സർ പാത്രത്തിന്റെ സ്ഥാനം. ഇടതു കൈയ്യിൽ ഒരു ബീർ കുപ്പിയും വലതു കൈയിൽ ഗ്ലാസും. അന്നേ വരെ കാണാത്ത ആ പ്രത്യേക പോസ്‌ കണ്ട്‌ അവൾക്ക്‌ ചിരി വന്നു.

റോണി തുടർന്നു. കുഴഞ്ഞ നാവിൽ നിന്ന് വക്ക്‌ തേഞ്ഞ വാക്കുകൾ പുറത്തേക്ക്‌ വീണ്‌ തുടങ്ങി. സോഫയിൽ ചാരിയാണിരിക്കുന്നെങ്കിലും ഏതു നിമിഷം വേണമെങ്കിലും താഴെ വീണു പോകാവുന്ന അവസ്ഥയിലായിരുന്നു അയാൾ.
'പണ്ട്‌..പണ്ടെന്ന് പറഞ്ഞാൽ ഒരു ഏഴ്‌..എട്ട്‌ വർഷമാവും..അല്ലേടാ?.. നമ്മളൊക്കെ ചേർന്നൊരു വണ്ടി തടഞ്ഞതാ..വഴിതടയൽ സമരം..ഒരു ബസ്സ്‌ മാത്രം നിർത്തീല്ല..ഇവൻ..ഈ ഭയങ്കരനുണ്ടല്ലോ..അവനൊരു കല്ലെട്‌ ഒരൊറ്റ്‌ കീച്ച്‌..കോതമംഗലത്തേക്ക്‌ പോകുന്ന വണ്ടീന്ന് മാത്രം ഇപ്പോ ഓർമ്മയുണ്ട്‌..അതേലിരുന്ന ഒരു മൂപ്പിലാന്റെ തലയ്ക്ക്‌ തന്നെ കൊണ്ട്‌..പാവം ആ അമ്മാവൻ..അങ്ങേരാണേൽ എടുത്തോണ്ട്‌ പോണ വഴി തന്നെ തട്ടി പോയി!..അത്രേ ആയുസ്സുള്ളൂ..എന്താ ഇവന്റെ ഉന്നം!'

മനോജ്‌ എന്തോ ഇടയ്ക്ക്‌ പറയാൻ കൈയുയ്യുർത്തിയതായിരുന്നു. പക്ഷെ കൈ കുഴഞ്ഞ്‌ താഴ്‌ന്നു.

ഒരിറക്ക്‌ കഴിഞ്ഞ്‌ റോണി വീണ്ടും പറഞ്ഞു തുടങ്ങി..
'അറിയോ അന്ന് ഇവനൊരു ഡയലോഗടിച്ചതാ..ആ മൂപ്പിലാന്‌ വല്ല പെൺമക്കളുമുണ്ടേൽ പോയി വളച്ചു കെട്ടുമെന്ന്..അതാണിവൻ..ഭയങ്കര സെന്റിയാ..അതും പറഞ്ഞ്‌ അന്ന്‌ ഈ ദുഷ്ടൻ എത്ര കുപ്പി കള്ളാ എന്റെ ചിലവിൽ കുടിച്ചെന്നറിയോ?..ഈ കഥ വല്ലോം ഇവൻ പറഞ്ഞിട്ടുണ്ടൊ?...എവിടെ അല്ലേ?..'

അതു കേട്ട്‌ മനോജിന്റെ നേർക്ക്‌ ലക്ഷ്മി നോക്കുമ്പോൾ അവളുടെ മുഖം വിളറി വെളുത്തിരുന്നു. വിറയലു ബാധിച്ച, അവൾക്ക്‌ തന്നെ അപരിചിതമായ ശബ്ദത്തിൽ അവൾ പറഞ്ഞു..
'അപ്പോ മനോജേട്ടനാണൊ അന്നെന്റെയച്ഛനെ..'
പൊട്ടി തുടങ്ങിയ കരച്ചിലിനെ മൂടി പിടിച്ച്‌ അവൾ ഉള്ളിലെ മുറിയിലേക്ക്‌ പാഞ്ഞു.

റോണി ഒന്നും മനസ്സിലാവാതെ മനോജിന്റെ നേർക്കും, ലക്ഷ്മി കയറി പോയ അകത്തെ മുറിയുടെ വാതിക്കലേക്കും മാറി മാറി നോക്കി. രണ്ടു മൂന്നു വട്ടം തളർന്നടഞ്ഞ കൺപോളകളെ കഷ്ട്ടപ്പെട്ട്‌ തുറന്നു പിടിച്ചു. മുകളിൽ കിടന്ന് കറങ്ങുന്ന ഫാനിലേക്ക്‌ നോക്കി അയാൾ എന്തൊക്കെയോ കൂട്ടിയോജിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ കഴുത്ത്‌ അതനുസരിക്കാതെ അയാളുടെ മുഖം താഴേക്ക്‌ നയിച്ചു.

പെട്ടെന്ന് പരമ സത്യം ഗ്രഹിച്ചവനെ പോലെ റോണിയുടെ കണ്ണുകൾ വിടർന്നു. അത്യാഹ്ലാദത്താൽ അയാൾ 'കൂയ്‌!!' എന്നു നാട്ടിൻപുറത്തെ മീൻ കച്ചവടക്കാരെ പോലെ നീട്ടി കൂവി.
'നീ ഭയങ്കരനാടാ..നീയാണ്‌ ഭയങ്കരൻ!.. പറഞ്ഞ പോലെ തന്നെ ചെയ്തു കളഞ്ഞല്ലോ!!..നിന്നെ സമ്മതിച്ചെടാ!..അതു കലക്കി!'. ഉന്മാദത്തിലേക്ക്‌ വഴുതി വീണ റോണി ഉച്ചത്തിൽ ചിരിക്കാൻ തുടങ്ങി. അയാൾ പിന്നേം എന്തൊക്കെയോ പുലമ്പുകയും ഗ്യാലറിയിലിരുന്ന്‌ കളി കാണുന്ന ആവേശം നിറഞ്ഞ, ഒരു കാണിയെ പോലെ കൈയ്യടിക്കുകയും ചെയ്തു കൊണ്ടിരുന്നു..

കുടിച്ചതെല്ലാം മനോജിന്റെ മുഖത്ത്‌ വിയർപ്പുകണങ്ങളായി നിറഞ്ഞു കഴിഞ്ഞിരുന്നപ്പോൾ. തല കുമ്പിട്ട്‌, കാഴ്ച്ച നഷ്ടപ്പെട്ടവനെ പോലെയിരുന്ന അയാൾക്കു ചുറ്റും ഇരുട്ടിന്റെ കട്ടി കൂടിയ പാളികൾ ഒന്നൊന്നായി വന്നടഞ്ഞു.

ഉള്ളിലേതോ മുറിയിൽ നിന്ന് അടക്കി പിടിച്ച തേങ്ങലുകൾ ഉയർന്നു തുടങ്ങിയിരുന്നു. ചെവി നിറയെ തേങ്ങലുകളുടെ ശബ്ദം നിറഞ്ഞപ്പോൾ, മനോജ്‌ ഇടതു കൈയ്യിലിരുന്ന ബിയറിന്റെ കുപ്പി വായ്ക്കുള്ളിലേക്ക്‌ കമഴ്ത്തി.

Post a Comment