കനലിന്റെ വേദന ആർക്കു സ്വന്തം?
ഇരുളിന്റെ മറവിൽ, അകലെയായൊഴുകും,
പനിമതിക്കെന്താണ് പരിഭവം മാത്രം?
കവികളും കാമുക ഹൃദയങ്ങളൊക്കെയും,
കവിതകൾ മാത്രം രചിച്ചതോ കാരണം?
കനലായെരിയുന്ന സൂര്യന്റെ പ്രഭയാലെ
തിളങ്ങുന്ന ഗോളമെന്നറിഞ്ഞതോ കാരണം?
പരിഭവം ഇല്ലിതു പരിതാപമാണിതു,
പരിഹാരമില്ലാത്ത പ്രണയ ദുഖം..
പ്രഭ ചൊരിഞ്ഞുരുകുന്ന സൂര്യന്റെ വേദന,
അതുമാത്രമാണെന്റെ ഹൃദയ ദുഖം
എനിക്കായി എരിയുന്ന സൂര്യന്റെ വേദന
അതുമാത്രമാണെന്റെ പ്രണയ ദുഖം
കനലുകൾ എരിയുന്നതൊന്നുമെ അവനോ
അറിയാത്ത ഭാവം നടിക്കുന്നു നിത്യവും
അറിയുന്നു ഞാനാ എരിയുന്ന കനലിന്റെ
ചൂടു പോലുള്ളയാ പ്രണയ താപം.
പിണങ്ങി ഞാൻ നിന്നുവാ ഇരുളിന്റെയുള്ളിൽ
പരിഭവം ഭാവിച്ചു മാറി നിന്നു..
തിരഞ്ഞവൻ എന്നെയാ കടലിന്റെയുള്ളിലും,
തിരഞ്ഞവൻ ചോദിച്ചു തിരകളോടും..
തിരയുന്ന കണ്ണിലെ കണ്ണുനീർ കാണുവാൻ
കഴിയാതെ വീണ്ടും, വന്നു ഞാൻ രാവിൽ..
കാണില്ലൊരിക്കലും നിങ്ങളെൻ കണ്ണുനീർ
കാണില്ല ആരുമീ ചന്ദ്ര ദുഖം..
എനിക്കായി എരിഞ്ഞു തീരുന്നവൻ..
അവന്റെ ചൂട്..
അതെന്റെ പ്രണയ താപം വർദ്ധിപ്പിച്ചതേയുള്ളൂ..
എരിയും തോറും ജ്വലിക്കുന്ന കനലുകൾ,
അവന്റെ ഉള്ളു പൊള്ളിച്ചുകൊണ്ടിരുന്നു..
എന്റെയും..
പരിഭവം നടിച്ചും, പിണക്കം നടിച്ചും ഞാൻ മാറി നിന്നു.
അപ്പോഴവൻ ചൂട് കൊണ്ട് മാത്രമല്ല പൊള്ളിയത് എന്നു ഞാനറിഞ്ഞു.
എന്നെ തിരഞ്ഞു കടലിനോടും, കടൽ കാക്കകളോടും
കരഞ്ഞു നടന്നതു ഞാൻ കണ്ടു.
എനിക്കിരുട്ടിൽ മറഞ്ഞു നില്ക്കാൻ കഴിയുമായിരുന്നില്ല.
ഇരുളിൽ നിലാത്തൂവലുകൾ പൊഴിയുമ്പോൾ,
എന്റെ കണ്ണുനീർ തുള്ളികളും പൊഴിഞ്ഞതാരുമറിഞ്ഞില്ല..
അവൻ പോലും..
മനോഹരമായ വരികള്‍.
ReplyDeleteഇഷ്ടപ്പെട്ടു.
ആശംസകള്‍
ആദ്യത്തെ ഭാഗം പദ്യവും അവസാനത്തെ ഭാഗം ഗദ്യ കവിതയും..അല്ലേ?
ReplyDeleteആദ്യത്തെ ഭാഗം എനിയ്ക്കൊരുപാടിഷ്ടപ്പെട്ടു.
നന്നായിരിക്കുന്നു
ReplyDeleteഎഴുത്ത് നന്നായി
ReplyDelete:-)
പദ്യവും ഗദ്യവും പോലെയാണോ ഇത്?
ReplyDeleteഎന്തോ ആദ്യത്തെ വരികളോട് ചേര്‍ന്ന, അല്ലെങ്കില്‍ ആ എഴുത്തിനോട് (അവസാനത്തെ വരികള്‍)നീതി പുലര്തുന്നതായില്ല എന്നൊരു തോന്നല്‍.
അഭിപ്രായം മാത്രമാണേ...
കുസുമം ചേച്ചി പറഞ്ഞപോലെ ആദ്യത്തെ വരികള്‍ വളരെ നന്നായിരിക്കുന്നു.
ചന്ദ്ര ദുഃഖം. പേര് പിന്നീടാണ് വായിച്ചത്. (ഹഹ)
ReplyDeleteമുകളില്‍ പറഞ്ഞ അഭിപ്രായം ഉണ്ട് എന്തായാലും.
ദീപാവലി ആശംസകള്‍.
ആദ്യത്തെ ഭാഗമാണ് കൂടുതലിഷ്ടമായത്. നല്ല കവിത.
ReplyDeleteതിങ്കളിന്റെ ദു:ഖം...
ReplyDeleteദു:ഖഭാരമകറ്റുവാൻ
ആകാശ ഗംഗയിൽ മുങ്ങിക്കുളിക്കുവാൻ
പോകുകയാണോ നീ പൂതിങ്കളേ
നന്നായിരിക്കുന്നു..
ReplyDeleteഎനിക്കായി എരിഞ്ഞു തീരുന്നവൻ..
അവന്റെ ചൂട്..
അതെന്റെ പ്രണയ താപം വർദ്ധിപ്പിച്ചതേയുള്ളൂ..
ചന്ദ്ര ദുഃഖം ആവാഹിച്ചു വച്ചിരിക്കുന്ന വരികള്‍...
ഈ പ്രണയം ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്ന് തോന്നുന്നു..എനിക്കിഷ്ടപ്പെട്ടു..വരികളില്‍ നല്ല ഫീല്‍ ഉണ്ട്...
ReplyDelete