Please use Firefox Browser for a good reading experience

Wednesday, 4 December 2013

ഉപേക്ഷിക്കപ്പെട്ടവർ


അവളുടെ നിറം വെളുപ്പ്.
അവളുടെ കുഞ്ഞുങ്ങളുടെ നിറവും വെളുപ്പ്.

അവൾ അറിയുന്നുണ്ടായിരുന്നു,
അപ്രത്യക്ഷമാകുന്ന കുഞ്ഞുങ്ങളെ കുറിച്ച്..

ഒരോ പ്രാവശ്യവും..
ഇരുട്ടിൽ ഇരുണ്ട ചാക്കിലേക്ക് എടുത്ത് മാറ്റപ്പെടുന്നവ..
അകലെയെവിടെയോ ഉപേക്ഷിക്കപ്പെടുന്നവ..
അവളുടെ സ്വപ്നങ്ങളിൽ വെളുത്ത പൂച്ചക്കുഞ്ഞുങ്ങൾ..
ഇളം പച്ച നിറമുള്ള കണ്ണുകൾ അവളെ തിരെഞ്ഞു വന്നു.
രാത്രികളിൽ അവയുടെ ഇളക്കങ്ങൾ..
ചൂട് പിടിച്ചുറങ്ങുന്ന വെളുത്ത പൂക്കൾ..

അങ്ങനെയാണവൾ തീരുമാനമെടുത്തത്..
ആ രാത്രി അവൾ സ്വയമതു കണ്ടെടുത്തു..
കരയാതെ, മുരളാതെ,
അവൾ അതിനുള്ളിലിരുന്നു..
ഇരുണ്ട ചാക്കിനുള്ളിൽ..
കാലടി ശബ്ദങ്ങൾക്ക് കാത്തോർത്ത്..



Post a Comment

തീവണ്ടിയുടെ മറുപടി


ഒരു കൽക്കരി വണ്ടി കിടപ്പുണ്ട് മ്യൂസിയത്തിൽ.
കുട്ടികൾക്ക് കാണാനും കളിക്കാനും.

ഒരു കുട്ടി മാത്രം ചോദിച്ചു,
നിനക്കിപ്പോഴും കൊതിയുണ്ടോന്ന്..
നീണ്ട ഹോൺ മുഴക്കി..
കരിപ്പുക തുമ്മി..
ചക്രങ്ങൾക്ക് തീപകർന്ന്..
വയലുകൾ കണ്ട്,
കാവുകൾ കണ്ട്,
പുഴകൾ കണ്ട്,
പട്ടണങ്ങൾക്കിടയിലൂടെ നൂണ്ട് പോകാൻ?

തീവണ്ടി അവനു മാത്രം മറുപടി പറഞ്ഞു,
കുഞ്ഞെ!
ഇപ്പോൾ കല്ക്കരിയുടെ കറുപ്പ് മാത്രമാണ്‌ ബാക്കി..
കിതപ്പ് മാത്രമാണ്‌ നെഞ്ചിൽ..
തുരുമ്പ് പിടിച്ച ഹോണുകൾ..
പൊളിഞ്ഞടർന്ന ബൾബുകൾ..
വഴി മറന്ന ചക്രങ്ങൾ..
നീ പട്ടണങ്ങളിൽ പോയി പറയൂ.
അതു വഴി ഞാൻ ഒരിക്കൽ കടന്നു പോയിരുന്നെന്ന്..
എന്നെ മറക്കാത്തവർ അവിടുണ്ടാകും..
ചിലരെങ്കിലും..


Post a Comment

മഞ്ഞുത്തുള്ളികളെ മറന്ന പുൽച്ചെടികൾ..


നക്ഷത്രങ്ങൾ നഷ്ടപ്പെട്ട രാത്രികളുടെ ദുഖമറിയുന്നു ഞാൻ..
വസന്തമുപേക്ഷിച്ച പുൽച്ചെടികളുടേയും..

എന്റെ ഓർമ്മകളിൽ ഞാൻ മാത്രമാണെപ്പോഴും..
എന്റെ തന്നെ വളർച്ചയും വീഴ്ച്ചയും..
എന്റെ തന്നെ ചിരിയും ചിന്തയും..
എന്റെ സ്വാർത്ഥ ചിന്തകൾക്ക് പൂമണം..
അതിലാണ്‌ ഞാനഭിരമിക്കുക..

നഷ്ടപ്പെട്ട ബാല്യകൗമാരങ്ങളുടെ നിറം ഞാൻ മറന്നു പോയിരിക്കുന്നു..
നഷ്ടപ്രണയങ്ങളിൽ ഞാൻ ചേർത്തു വെച്ച സ്വപ്നങ്ങളേയും.

ഇന്നു ഞാനെന്റെ മറവിയെ കുറിച്ചാണോർക്കുന്നത്..
അലിഞ്ഞമർന്നില്ലാതെ പോകുന്ന മഞ്ഞുത്തുള്ളികളെ പോലാണവ.
ആരും മഞ്ഞുത്തുള്ളികളെ ഓർക്കുകയില്ല..
പുൽച്ചെടികൾ പോലും..



Post a Comment

Saturday, 30 November 2013

സന്ദർശനം


സ്റ്റീൽ കലത്തിനുള്ളിൽ മരിച്ചീനി കഷ്ണങ്ങൾ തിളച്ചടങ്ങി കഴിഞ്ഞിരുന്നു. തടി തവി കൊണ്ടവയെ നോവിക്കാത്ത വിധം ഒന്നു രണ്ടു വട്ടം തട്ടിയും കുത്തിയും നോക്കി അവൾ തൃപ്തിപ്പെട്ടു. നല്ല പഞ്ഞി പരുവം. 'ആർക്കേലും വേണ്ടി വെച്ചാ നന്നായി വരും. എന്നാ സ്വന്തായിട്ട്‌ കഴിക്കാൻ വെച്ചാലോ, ഒട്ടും നന്നാവത്തുമില്ല' ലക്ഷ്മി ആരോടെന്നില്ലാതെ അഭിപ്രായപ്പെട്ടു കൊണ്ട്‌ മൂന്നു പച്ചമുളക്‌ കലത്തിലേക്ക്‌ നെടുകെ കീറിയിട്ടു, വെളിച്ചെണ്ണ കൊണ്ടൊരു വൃത്തവും വരച്ച്‌ അടപ്പെടുത്തു വെച്ചു.

'ഇതങ്ങനെ ആർക്കേലും വേണ്ടിയല്ല ലച്ചൂ..റോണി എന്റെ ഫ്രണ്ട്‌ മാത്രമല്ല, മനസ്സാക്ഷിസൂക്ഷിപ്പുക്കാരൻ കൂടിയാ..' മനോജ്‌ അവളുടെ അടുത്തേക്ക്‌ നടന്നു കൊണ്ട്‌ പറഞ്ഞു. തൊട്ടപ്പുറത്ത്‌ കൊടമ്പുളി ഇട്ട മീൻ കറി തിളച്ചു മറിയുന്നുണ്ട്‌.
'മനസ്സാക്ഷി ഉള്ളവർക്കല്ലേ സൂക്ഷിപ്പുകാരൻ!' അവൾ തിരിച്ചടിച്ചു.

അതിനു മറുപടി കൊടുക്കാൻ നിൽക്കാതെ അയാൾ വിരലുകൾ മടക്കാൻ തുടങ്ങിയിരുന്നു.
'അവനെ കണ്ടിട്ടിപ്പോ...'
'ഓ! നാല്‌ വർഷം!'
അതും പറഞ്ഞു മനോജ്‌ തന്റെ കണക്ക്‌ തെറ്റിയോ എന്നു സംശയിച്ച്‌ വീണ്ടും കൂട്ടാൻ തുടങ്ങി.
'നിർത്ത്‌ മനോജേട്ടാ..ഇതിപ്പോ കഴിഞ്ഞ ഒരാഴ്ചയായി ഈ ഒരു പേരു മാത്രമേ ഞാൻ കേൾക്കുന്നുള്ളൂ.'.

ശരിക്ക്‌ പറഞ്ഞാൽ അവൾക്ക്‌ ചെറുതായി ദേഷ്യം തോന്നി തുടങ്ങിയിരുന്നു അതും ഇതു വരെ നേരിട്ട്‌ കാണാത്ത, റോണി എന്ന മനുഷ്യനോട്‌. റോണിയെ കുറിച്ച്‌ അപ്പപ്പോൾ പറഞ്ഞു കേട്ട കഥകൾ കൂട്ടിത്തുന്നിയുണ്ടാക്കിയ ഒരു ചിത്രം അവളുടെ മനസ്സിലുണ്ട്‌. എഞ്ചനീയറിംഗിന്‌ ഒന്നിച്ചു പഠിച്ച സുഹൃത്തുക്കൾ. വെറും സുഹൃത്തുക്കളല്ലെന്നു ഇരുവരും സമ്മതിച്ച്‌ കൊടുത്ത സുഹൃത്തുക്കൾ. നല്ലതും ചീത്തയുമായ ഒരു പാട്‌ കഥകളിലെ കഥാപാത്രങ്ങൾ. റോണി സാമ്പത്തികമായും മുന്നിട്ട്‌ നിൽക്കുന്ന ഒരു കുടുംബത്തിലെ രണ്ടാമത്തെ പുത്രൻ. ചങ്ങാതിമാർക്കായി ചങ്ക്‌ വരെ പറിച്ച്‌ കൊടുക്കുന്നവനെന്ന് മനോജിന്റെ സാക്ഷ്യം.

ലക്ഷ്മി തളർന്ന് ചെന്ന് മറൂൺ നിറമുള്ള സോഫയിലേക്ക്‌ സ്വയം വീണു. ഫാനിന്റെ കൈകൾ വീശിയെറിഞ്ഞ തണുത്ത കാറ്റ്‌ വിയർപ്പു പുരണ്ട കഴുത്തിനു കുളിർമ്മ പകർന്നു തുടങ്ങി. അവൾ പതിവു വിനോദമാരംഭിച്ചു. ജീവിതത്തിലെ മനോഹരമായ ഓർമ്മകൾ അയവിറക്കുക. അവളുടെ കവിതാക്കമ്പം മൂത്ത ഒരു സുഹൃത്തിന്റെ പഴയ ഒരു ഉപദേശത്തിന്റെ പരിണിത ഫലം. 'ജീവിതം ഒരു പിടി ഓർമ്മകൾ മാത്രമാണ്‌ പെണ്ണെ. അപ്പോൾ കഴിയുന്നതും നല്ല ഓർമ്മകൾ ശേഖരിക്കാൻ നോക്ക്‌. എന്നിട്ട്‌ ഒഴിവ്‌ വേളകളിൽ അതും അയവിറക്കിയിരിക്കുക. അതിനു മാത്രമെ ജീവിതത്തിനൊരു അർത്ഥം തരാൻ പറ്റൂ'. ലതികയുടെ വാക്കുകൾ. കേട്ട അടുത്ത നിമിഷം മുതൽ അതൊരു വേദവാക്യമായി അവളതുള്ളിൽ സ്വീകരിച്ചു വെച്ചിരുന്നു. അതൊരു മന്ത്രമായി പോലും അവൾക്ക്‌ തോന്നാറുണ്ട്‌. ഒഴിവു വേളകളിൽ ലതികയുടെ ഈ മന്ത്രവാക്യം ചെവിയിൽ വീണ്ടും കേൾക്കാറുണ്ടവൾ. അപ്പോഴൊക്കെ അവളറിയാതെ മറ്റൊരു പിടി കാര്യങ്ങളിലേക്ക്‌ ചിന്ത നീണ്ടു പോകും. ജീവിതത്തിലെ അപ്രതിക്ഷീതവും അവിചാരിതവുമായ നിരവധി സംഭവങ്ങൾ..അതെല്ലാം അദൃശ്യമായ ഏതോ ഒരു നൂലിഴ കൊണ്ട്‌ പരസ്പരം ബന്ധിക്കപ്പെട്ടിട്ടില്ലേ എന്ന സംശയം.. അല്ലെങ്കിലെങ്ങനെയാണ്‌ ഒരിക്കൽ പിടി വിട്ടു പോയെന്നു തോന്നിപ്പിച്ച ജീവിതം വീണ്ടും ശരിയായ വഴിയിലേക്ക്‌ തിരിച്ചു വന്നത്‌?. പാളം തെറ്റിയോടുന്ന തീവണ്ടികൾ ഒരിക്കലും തിരിച്ച്‌ പാളത്തിലേക്ക്‌ തിരിച്ചു കയറാറില്ലല്ലോ..ജീവിതത്തിന്റെ തീവണ്ടിയൊഴിച്ച്‌. ഭാഗ്യത്തിന്റെ അളവുകോലുകൾ ആരാണ്‌ നിശ്ചയിക്കുന്നത്‌?..ആർക്കാണതിന്റെ അധികാരം?. താനീയിടെയായി കുറച്ചധികം ദാർശനിക ചിന്തകളിലേക്ക്‌ വഴുതി വീഴുന്നോ?. കുട്ടികൾ ഉണ്ടാകാനുള്ള താമസമോ തടസ്സമോ - ഏതാണ്‌ ദാർശനിക ചിന്തകളുടെ വിത്തുകൾ പാകുന്നത്‌?. അച്ഛന്റെ അപ്രതീക്ഷിതമായ വേർപാട്‌. ദേവദൂതനെ പോലെ വന്ന മനോജേട്ടൻ. ഭാഗ്യനിർഭാഗ്യങ്ങളുടെ ഇഴകൾ എത്ര ദുർബ്ബലവും നേർത്തതുമാണ്‌!. തന്റെ ചിന്തകളെ സ്വീകരിക്കുകയും തന്റെയൊപ്പം ചിന്തിക്കുകയും ചെയ്യുന്ന ഒരു പങ്കാളിയെ ലഭിക്കുക. അതൊരു ഭാഗ്യം. ഒരു പക്ഷെ അമ്മയുടെ പ്രാർത്ഥനകളുടെ ഫലം.. അവളുടെ മുഖത്ത്‌ ഒരു മന്ദഹാസം നിറഞ്ഞു. കണ്ണടച്ചിരുന്ന് സ്വപ്നം കാണുന്ന അവളുടെ കവിളിലപ്പോൾ ഒരു മൃദുചുംബനം പതിഞ്ഞു.

കണ്ണു പാതി തുറക്കുമ്പോൾ കണ്ടത്‌ വസ്ത്രം മാറ്റി നിൽക്കുന്ന മനോജിനെയാണ്‌.
'നീയിനി കുറച്ച്‌ നേരം പോയി കിടന്നോ..അവന്റെ ഫ്ലയ്റ്റ്‌ എത്താനുള്ള സമയമായി..എന്റെ കൈയ്യിൽ താക്കൊലുണ്ടല്ലോ..ഞാൻ തുറന്നു കയറിക്കോളാം.'
കണ്ണടച്ച്‌ ചിരിച്ചു കൊണ്ടവൾ തലയാട്ടി.

ഒരു കുലുക്കിയുണർത്തലിലാണ്‌ പിന്നീട്‌ ലക്ഷ്മി കണ്ണു തുറന്നത്‌. മുറിയിൽ ലൈറ്റുകളെല്ലാം തെളിഞ്ഞിരിക്കുന്നു.
'അവനിതാ എത്തി..നീ മുഖമെല്ലാം ഒന്നു കഴുകി നല്ല സുന്ദരിക്കുട്ടിയായിട്ട്‌ വന്നെ.' മനോജിന്റെ ധൃതിയും ആവേശവും നിറഞ്ഞ ശബ്ദം.

ലക്ഷ്മി ശ്രദ്ധിച്ചു. റോണി.. അയാൾ മുൻപ്‌ മനോജ്‌ കാട്ടിത്തന്ന ഫോട്ടൊയിൽ നിന്നും ഒരു പാട്‌ മാറി പോയിരിക്കുന്നു. ഇപ്പോൾ നെറ്റിയിലേക്ക്‌ വീണു കിടക്കുന്ന ചുരുണ്ട മുടിയില്ല. പകരം ഒരു കറുത്ത കൂളിംഗ്ലാസ്‌ കഷണ്ടി മറയ്ക്കാനെന്ന വണ്ണം കയറ്റി വെച്ചിട്ടുണ്ട്‌. കവിളുകൾ ചീർത്തിട്ടുണ്ട്‌. റോണിയുടെ വയറിനെ കുറിച്ചുള്ള മനോജിന്റെ കമന്റുകൾ പ്രവഹിച്ചു തുടങ്ങിയിരുന്നു. അയാൾ റോണിയുടെ വയർ ചൂണ്ടി നിർത്താതെ ചിരിച്ചു കൊണ്ടിരുന്നു.

'നീ അധികം ചിരിക്കണ്ട. ഒറ്റയ്ക്കായിരുന്നേൽ നീയും ഇങ്ങനെയൊക്കെ തന്നെ ആയേനെ..'
'ഏതായാലും നീ ഒന്നു കുളിച്ച്‌ ഫ്രഷായിട്ട്‌ വാ..നിന്റെ ഫേവറേറ്റ്‌ നാടൻ സാധനങ്ങളൊക്കെ സെറ്റപ്പാക്കി വെച്ചിട്ടുണ്ട്‌..തീറ്റയാണോ കുടിയാണോ ആദ്യം എന്നു മാത്രം പറഞ്ഞാൽ മതി'.
'അതു നീ എന്നോട്‌ ചോദിക്കണോ?!' കണ്ണിറുക്കി കാണിച്ചിട്ട്‌ റോണി അകത്തേക്ക്‌ പോയി.

അൽപ്പ സമയം കൊണ്ട്‌ തന്നെ ലക്ഷ്മിക്ക്‌ അവർ തമ്മിലുള്ള അടുപ്പം ബോദ്ധ്യമായി കഴിഞ്ഞിരുന്നു. ഇത്ര വർഷങ്ങൾ പിരിഞ്ഞിരുന്ന ഒരു ഭാവവും അവർക്കിടയിലുണ്ടായിരുന്നില്ല. റോണി ഇന്നു സിംഗപ്പൂരിൽ ഒരു കമ്പനിയിലാണ്‌ ജോലി ചെയ്യുന്നത്‌. തികഞ്ഞ അവിവാഹിതൻ. സ്വതന്ത്ര ജീവിതം.

കൊണ്ടു വെച്ച ലഹരിയുടെ മൂടികൾ തുറന്നു. ലക്ഷ്മി തന്നെയാണ്‌ അവർക്കായി വേണ്ട 'തൊട്ടു കൂട്ട്‌' സാധനങ്ങൾ ചെറിയ പോൾസ്ലെയിൻ കിണ്ണത്തിൽ നിറച്ചു കൊണ്ട്‌ വന്നത്‌. കുറച്ച്‌ നേരം അവരുടെ സംസാരത്തിൽ പങ്കു ചേർന്ന ശേഷമവൾ അകത്തേക്ക്‌ പോയി.

വാതിലിലൂടെ, ഇടനാഴിയിലൂടെ അവരുടെ സംസാര ശകലങ്ങൾ ഇടയ്ക്കിടെ നൂണ്ട്‌ അവളുടെ അടുത്തേക്ക്‌ വന്നു കൊണ്ടിരുന്നു. കുറച്ച്‌ നേരം കാതോർത്ത്‌ കേട്ട ശേഷം അവൾ വീണ്ടും ചിന്താവിനോദമാരംഭിച്ചു. മനോജേട്ടൻ റോണിയുടെ അടുത്ത്‌ മറ്റൊരാളെ പോലെയാണ്‌. എത്ര ഉത്സാഹവാനാണിപ്പോൾ. പതിവ്‌ ക്ഷീണ ഭാവങ്ങളോ, ശബ്ദം താഴ്ത്തിയ സംസാരങ്ങളോ അല്ലിപ്പോൾ. ഉറക്കെയാണ്‌ സംസാരിക്കുന്നത്‌. ഇടയ്ക്കിടെ ഉറക്കെ ചിരിക്കുന്നതും കേൾക്കാം.

മനോജ്‌ ഇടയ്ക്കിങ്ങനെ ചോദിക്കുന്നതവൾ കേട്ടു,
'നീയെന്താ പെണ്ണു കെട്ടാത്തത്‌?'
'ഓ, അതു ഞാൻ വീണ്ടും പറയണോ?. എന്റെ പോളിസി ഇപ്പോഴും പഴേത്‌ തന്നാ..ചായ..തേയിലത്തോട്ടം..വല്ലപ്പോഴും ചായ കുടിച്ചാൽ പോരെ മോനെ?'.
അവരുടെ ചിരി ശബ്ദം ഉയരുന്നതവൾ കേട്ടു.

സംസാരം പഴയ സുഹൃത്തുക്കളിലേക്കും, പണ്ടു ചെയ്തു കൂട്ടിയ വിക്രസ്സുകളിലേക്കും, കാമുകി കഥകളിലേക്കും നീണ്ടു. പിന്നെ സിംഗപ്പൂർ നഗരത്തിന്റെ വർണ്ണ പൊലിമകൾ, കേരളത്തിലെ, വൃത്തികേട്‌ അലങ്കാരമാക്കിയ റോഡുകൾ, കളി പഠിച്ച രാഷ്ട്രീയക്കാർ, പല നിറമെങ്കിലും അധികാരമെന്ന ഒരേ ലക്ഷ്യത്തിനു നേർക്കു മാത്രം നിർത്താതെ വീശുന്ന കൊടികൾ..അവർ നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു. ഒരു രാത്രി കൊണ്ട്‌ തന്നെ വർഷങ്ങളുടെ സംസാരം മുഴുവനും ആർത്തി പിടിച്ച്‌ പങ്കിടാനുള്ള ആവേശം ഇരുവരുടെയും ശബ്ദത്തിലുണ്ടായിരുന്നു.

റോണിയുടെ ചോദ്യമാണ്‌..
'നീ ഇപ്പോഴും റഷ്യേ തന്നെ?!. നീയും എന്നെ പോലെ മാറ്റി പിടിച്ചില്ലേ?'
'ഇല്ല സഖാവെ!..റഷ്യ ഇല്ലാതായാലും വോഡ്ക ഇല്ലാതാവാതിരുന്നാൽ മതി..'
ഒരു നിമിഷത്തെ മൗനത്തിനു ശേഷം,
'നിനക്ക്‌... കുഞ്ഞുങ്ങളൊന്നുമായില്ലേ?' പെട്ടെന്തോ ഓർത്തെടുത്ത പോലെ റോണി ചോദിച്ചു.
'എന്താ പെട്ടെന്നങ്ങനെ ചോദിക്കാൻ?'
'വോഡ്ക കഴിച്ചാ ശുഷ്ക്കാന്തി കുറയൂടാ.'
'ശരിക്കും?!!'
'ഉം...' റോണിയുടെ ശബ്ദത്തിൽ ഒരു ജ്ഞാനിയുടെ ഗൗരവം നിറഞ്ഞു..
'അപ്പോ റഷ്യേ തള്ളി പറയണോ?' വീണ്ടുവിചാരം നിറഞ്ഞ മനോജിന്റെ ചോദ്യം..
...

റഷ്യൻ മദ്യത്തിന്റെ നിരപ്പ്‌ താഴ്‌ന്ന് തുടങ്ങിയപ്പോൾ ഓർമ്മകളുടെ താഴ്ച്ചയിലേക്ക്‌ ലഹരി തെളിച്ച പടവുകളിലൂടെ അവരിരുവരും ഇടറിയ കാലുകളോടെ നടന്നു തുടങ്ങി.

സംസാരത്തിനിടയിൽ പലവട്ടം ശബ്ദം ലോപിച്ചു പോകുന്നതും തൊട്ടടുത്ത നിമിഷം പൊട്ടിച്ചിരി ഉയരുന്നതും ലക്ഷ്മി ശ്രദ്ധിച്ചു. എന്തു രഹസ്യമാ ഇവരിങ്ങനെ തമ്മിൽ പറഞ്ഞു കൊണ്ടിരിക്കുന്നത്‌?. ഇനി തന്നോട്‌ പറയാത്ത വല്ല രഹസ്യവുമാണോ? ആണുങ്ങളല്ലേ? അവർക്കും രഹസ്യങ്ങളുണ്ടാവും. അല്ലെൽ തന്നെ ആർക്കാ രഹസ്യങ്ങളില്ലാത്തത്‌?. അതു രഹസ്യമായി ഇരിക്കുന്നിടത്തോളം കാലം അതിനെ രഹസ്യം എന്നു തന്നെ വിളിക്കണം.

കുറെ നേരം കഴിഞ്ഞു മനോജിന്റെ നീണ്ട വിളി വന്നപ്പോഴാണ്‌ ലക്ഷ്മി വീണ്ടും മുറിയിലേക്ക്‌ ചെന്നത്‌. തൊട്ട്‌ കൂട്ട്‌ പാത്രം നക്കി വെച്ച പോലെ വെടിപ്പായിരിക്കുന്നു. ഇടുപ്പിൽ കൈ കുത്തി നിന്ന് രണ്ടു പേരേയും നോക്കി ഒന്നമർത്തി മൂളിയ ശേഷം അവളകത്തേക്ക്‌ കിണ്ണങ്ങളുമായി പോയി.

അവൾ തിരിച്ചു വരുമ്പോൾ അവർ രാഷ്ട്രീയത്തിലെ പുതിയ തലമുറയുടെ നീതികഥകൾ കീറി മുറിച്ചവലോകനം ചെയ്യുകയായിരുന്നു. ശക്തമായ അഭിപ്രായങ്ങൾ വായുവിൽ ചീറി പായുന്നതിന്റെ ചൂട്‌. ലക്ഷ്മി മനോജിന്റെ ഇതു വരെ കാണാത്ത ഒരു സുന്ദര മുഖം ആസ്വദിക്കുകയായിരുന്നു. എന്നത്തേലും സന്തോഷവാനാണ്‌. ഒരു സംതൃപ്തി ആ മുഖത്ത്‌ നിറഞ്ഞു നിൽക്കുന്നുണ്ട്‌. അവളിരുവരേയും നോക്കി. ചുവന്നു തുടങ്ങിയ കണ്ണുകളുമായി രണ്ടു പേർ!.

റോണി മനോജിന്റെ പൂർവ്വകാല വീരകൃത്യങ്ങൾ ആവേശപൂർവ്വം ഉറക്കെ അയവിറക്കാൻ തുടങ്ങി. ശരിക്കും വീര കഥകൾ. കരളുറപ്പുള്ള സ്നേഹിതന്റെ ആത്മാർത്ഥതയുടെ മുദ്രണമുള്ള കഥകൾ. പലതും അവിശ്വസനീയമായി തോന്നി ലക്ഷ്മിക്ക്‌. താനറിയുന്ന മൃദുമനസ്ക്കനായ മനോജേട്ടനെവിടെ? റോണിയുടെ കഥകളിൽ നിറഞ്ഞു നിൽക്കുന്ന വീരപുരുഷനെവിടെ?.

റോണി, വോഡ്കയുടെ ഗന്ധം പുതച്ച വാക്കുകളെ പുറത്തേക്കെറിഞ്ഞു കൊണ്ടിരുന്നു..
"..ഇനി ലക്ഷ്മിയോട്‌ ഒരു കാര്യം പറയാം. ഇവനീ കാണുന്ന പോലെയൊന്നുമല്ലായിരുന്നു പണ്ട്‌. ഇവനായിരുന്നു നമ്മുടെയൊക്കെ നേതാവ്‌. ഇവനല്ലേ നേതാവ്‌!. എന്തൊക്കെ കഥകളുണ്ടെന്നോ?. വല്ലോം ഇവൻ പറഞ്ഞു തന്നിട്ടുണ്ടോ?'.

'അതെങ്ങനെയാ?.. ഞാൻ പറഞ്ഞാ എന്റെ പെണുമ്പിള്ള വല്ലോം വിശ്വസിക്കോ?. ഇവൾക്കെങ്ങനെയറിയാം നമ്മുടെ പഴയ വീര കഥകള്‌?..നീ കുറച്ച്‌ സാമ്പിൾ ഇറക്കിക്കെ!' അഭിമാനം കലർന്ന അഹന്തയോടതു പറഞ്ഞിട്ട്‌ മനോജ്‌ കാല്‌ നീട്ടിയിരുന്നു. ലക്ഷ്മി അപ്പോഴാണ്‌ മനോജിനെ ശ്രദ്ധിച്ചത്‌. അഴിഞ്ഞു തുടങ്ങിയ കൈലി എങ്ങനെയോ ഇടുപ്പിൽ ചുരുട്ടി വെച്ചിട്ടുണ്ട്‌. കാലുകൾക്ക്‌ നടുവിലാണ്‌ മിക്സർ പാത്രത്തിന്റെ സ്ഥാനം. ഇടതു കൈയ്യിൽ ഒരു ബീർ കുപ്പിയും വലതു കൈയിൽ ഗ്ലാസും. അന്നേ വരെ കാണാത്ത ആ പ്രത്യേക പോസ്‌ കണ്ട്‌ അവൾക്ക്‌ ചിരി വന്നു.

റോണി തുടർന്നു. കുഴഞ്ഞ നാവിൽ നിന്ന് വക്ക്‌ തേഞ്ഞ വാക്കുകൾ പുറത്തേക്ക്‌ വീണ്‌ തുടങ്ങി. സോഫയിൽ ചാരിയാണിരിക്കുന്നെങ്കിലും ഏതു നിമിഷം വേണമെങ്കിലും താഴെ വീണു പോകാവുന്ന അവസ്ഥയിലായിരുന്നു അയാൾ.
'പണ്ട്‌..പണ്ടെന്ന് പറഞ്ഞാൽ ഒരു ഏഴ്‌..എട്ട്‌ വർഷമാവും..അല്ലേടാ?.. നമ്മളൊക്കെ ചേർന്നൊരു വണ്ടി തടഞ്ഞതാ..വഴിതടയൽ സമരം..ഒരു ബസ്സ്‌ മാത്രം നിർത്തീല്ല..ഇവൻ..ഈ ഭയങ്കരനുണ്ടല്ലോ..അവനൊരു കല്ലെട്‌ ഒരൊറ്റ്‌ കീച്ച്‌..കോതമംഗലത്തേക്ക്‌ പോകുന്ന വണ്ടീന്ന് മാത്രം ഇപ്പോ ഓർമ്മയുണ്ട്‌..അതേലിരുന്ന ഒരു മൂപ്പിലാന്റെ തലയ്ക്ക്‌ തന്നെ കൊണ്ട്‌..പാവം ആ അമ്മാവൻ..അങ്ങേരാണേൽ എടുത്തോണ്ട്‌ പോണ വഴി തന്നെ തട്ടി പോയി!..അത്രേ ആയുസ്സുള്ളൂ..എന്താ ഇവന്റെ ഉന്നം!'

മനോജ്‌ എന്തോ ഇടയ്ക്ക്‌ പറയാൻ കൈയുയ്യുർത്തിയതായിരുന്നു. പക്ഷെ കൈ കുഴഞ്ഞ്‌ താഴ്‌ന്നു.

ഒരിറക്ക്‌ കഴിഞ്ഞ്‌ റോണി വീണ്ടും പറഞ്ഞു തുടങ്ങി..
'അറിയോ അന്ന് ഇവനൊരു ഡയലോഗടിച്ചതാ..ആ മൂപ്പിലാന്‌ വല്ല പെൺമക്കളുമുണ്ടേൽ പോയി വളച്ചു കെട്ടുമെന്ന്..അതാണിവൻ..ഭയങ്കര സെന്റിയാ..അതും പറഞ്ഞ്‌ അന്ന്‌ ഈ ദുഷ്ടൻ എത്ര കുപ്പി കള്ളാ എന്റെ ചിലവിൽ കുടിച്ചെന്നറിയോ?..ഈ കഥ വല്ലോം ഇവൻ പറഞ്ഞിട്ടുണ്ടൊ?...എവിടെ അല്ലേ?..'

അതു കേട്ട്‌ മനോജിന്റെ നേർക്ക്‌ ലക്ഷ്മി നോക്കുമ്പോൾ അവളുടെ മുഖം വിളറി വെളുത്തിരുന്നു. വിറയലു ബാധിച്ച, അവൾക്ക്‌ തന്നെ അപരിചിതമായ ശബ്ദത്തിൽ അവൾ പറഞ്ഞു..
'അപ്പോ മനോജേട്ടനാണൊ അന്നെന്റെയച്ഛനെ..'
പൊട്ടി തുടങ്ങിയ കരച്ചിലിനെ മൂടി പിടിച്ച്‌ അവൾ ഉള്ളിലെ മുറിയിലേക്ക്‌ പാഞ്ഞു.

റോണി ഒന്നും മനസ്സിലാവാതെ മനോജിന്റെ നേർക്കും, ലക്ഷ്മി കയറി പോയ അകത്തെ മുറിയുടെ വാതിക്കലേക്കും മാറി മാറി നോക്കി. രണ്ടു മൂന്നു വട്ടം തളർന്നടഞ്ഞ കൺപോളകളെ കഷ്ട്ടപ്പെട്ട്‌ തുറന്നു പിടിച്ചു. മുകളിൽ കിടന്ന് കറങ്ങുന്ന ഫാനിലേക്ക്‌ നോക്കി അയാൾ എന്തൊക്കെയോ കൂട്ടിയോജിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ കഴുത്ത്‌ അതനുസരിക്കാതെ അയാളുടെ മുഖം താഴേക്ക്‌ നയിച്ചു.

പെട്ടെന്ന് പരമ സത്യം ഗ്രഹിച്ചവനെ പോലെ റോണിയുടെ കണ്ണുകൾ വിടർന്നു. അത്യാഹ്ലാദത്താൽ അയാൾ 'കൂയ്‌!!' എന്നു നാട്ടിൻപുറത്തെ മീൻ കച്ചവടക്കാരെ പോലെ നീട്ടി കൂവി.
'നീ ഭയങ്കരനാടാ..നീയാണ്‌ ഭയങ്കരൻ!.. പറഞ്ഞ പോലെ തന്നെ ചെയ്തു കളഞ്ഞല്ലോ!!..നിന്നെ സമ്മതിച്ചെടാ!..അതു കലക്കി!'. ഉന്മാദത്തിലേക്ക്‌ വഴുതി വീണ റോണി ഉച്ചത്തിൽ ചിരിക്കാൻ തുടങ്ങി. അയാൾ പിന്നേം എന്തൊക്കെയോ പുലമ്പുകയും ഗ്യാലറിയിലിരുന്ന്‌ കളി കാണുന്ന ആവേശം നിറഞ്ഞ, ഒരു കാണിയെ പോലെ കൈയ്യടിക്കുകയും ചെയ്തു കൊണ്ടിരുന്നു..

കുടിച്ചതെല്ലാം മനോജിന്റെ മുഖത്ത്‌ വിയർപ്പുകണങ്ങളായി നിറഞ്ഞു കഴിഞ്ഞിരുന്നപ്പോൾ. തല കുമ്പിട്ട്‌, കാഴ്ച്ച നഷ്ടപ്പെട്ടവനെ പോലെയിരുന്ന അയാൾക്കു ചുറ്റും ഇരുട്ടിന്റെ കട്ടി കൂടിയ പാളികൾ ഒന്നൊന്നായി വന്നടഞ്ഞു.

ഉള്ളിലേതോ മുറിയിൽ നിന്ന് അടക്കി പിടിച്ച തേങ്ങലുകൾ ഉയർന്നു തുടങ്ങിയിരുന്നു. ചെവി നിറയെ തേങ്ങലുകളുടെ ശബ്ദം നിറഞ്ഞപ്പോൾ, മനോജ്‌ ഇടതു കൈയ്യിലിരുന്ന ബിയറിന്റെ കുപ്പി വായ്ക്കുള്ളിലേക്ക്‌ കമഴ്ത്തി.

Post a Comment

Saturday, 16 November 2013

മൂന്നാമത്തെ കഥ


ആരുമറിയാത്ത ജീവിതങ്ങൾക്കിടയിൽ അവിശ്വസനീയമായ കഥകളുറങ്ങിക്കിടക്കുന്നുണ്ടെന്ന വിശ്വാസക്കാരനാണ്‌ ഞാൻ. അതു കൊണ്ട് അപരിചിതരെയാണ്‌ നിരീക്ഷിക്കാറും. രണ്ടു പേർ സന്ധിക്കുന്നു എന്നിരിക്കട്ടെ, അതിൽ ഒരോരുത്തർക്കും ഒരോ കഥയുള്ളതു പോലെ, രണ്ടു പേർ ചേരുമ്പോൾ മൂന്നാമതൊരു കഥ അവർക്കിടയിൽ അവരറിയാതെ ജനിക്കുന്നുണ്ട്. ആ മൂന്നാമത്തെ കഥ കണ്ടെത്തുന്നതിലാണ്‌ ഒരു കഥാകാരന്റെ വിജയം. കുറച്ച് നാളുകളായി പലവിധ കഥകളുടെ വിത്തുകൾ ലഭിച്ചുവെങ്കിലും, വേണ്ടവിധം വെള്ളവും വളവും പകരാത്തത് കൊണ്ടോ, വിത്തുകളിൽ ഏത് ആദ്യം നടണമെന്ന ആശയക്കുഴപ്പം കാരണമോ, പലതും പാഴായി പോവുകയാണുണ്ടായത്. 

സർക്കാരാഫീസിലെ പണി കഥയെഴുത്തിന്‌ സൗകര്യപ്രദമാണ്‌. കഥയിലൂടെ രോഷം കൊള്ളാനും, അനീതിയെ എതിർക്കാനും എളുപ്പമാണ്‌. എഴുത്തുകാരുടെ ഏറ്റവും വലിയ വെല്ലുവിളി ദിനപത്രങ്ങളത്രെ. ദിവസവും എത്രയെത്ര കഥകളാണ്‌ വിളമ്പുന്നത്? വാർത്തകൾക്ക് മുന്നിൽ എഴുത്തുകാരുടെ കഥകൾ ഒന്നുമല്ല! ഇപ്പോൾ കഥയേത് വാർത്തയേത് എന്ന് സംശയം തോന്നിപ്പിക്കുന്ന വിധത്തിലായിരിക്കുന്നു കാലത്തിന്റെ പോക്ക്. കടലാസിനും പേനയ്ക്കുമിടയിൽ ആയിരമായിരം കഥകളുറങ്ങി കിടപ്പുണ്ട്. അവയെ ഒന്നുണർത്തുകയേ വേണ്ടൂ. ഇന്ന് ഏതായാലും രണ്ടു വരിയെങ്കിലും എവിടെ നിന്നെങ്കിലും പിഴിഞ്ഞെടുക്കണമെന്ന വാശിയിൽ ഞാനിരുന്നു. മേശപ്പുറത്തെ ഫയലുകളിൽ ചിലരുടെ സ്വപ്നങ്ങളും, സങ്കടങ്ങളുമുണ്ട്. പക്ഷെ അതൊന്നും കാല്പനികമായ ഒരു ദൗത്യത്തിലേർപ്പെടുമ്പോൾ എന്നെ അലോസരപ്പെടുത്താറില്ല. കാഴ്ച്ചകളിൽ നിന്നാണല്ലോ കഥകളുടെ തുടക്കം. ദിവസം തുടങ്ങിയതു മുതലുള്ള കാഴ്ച്ചകളിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തി. ഓടിയോടി തളർന്നു വരികയായിരുന്നു. അപ്പോഴാണ്‌ രാവിലെ ബസ്സിലിരുന്നപ്പോൾ കണ്ട ഒരു കാര്യമോർത്തത്. വളരെ നിസ്സാരമായ ഒരു കാര്യമായത് കൊണ്ടാവാം അതേക്കുറിച്ച് ഓർക്കാതിരുന്നത്. ഒരാളെ വണ്ടിയിടിച്ചിട്ടതായിരുന്നു സംഭവം. എന്റെ ബസ്സ് മുന്നോട്ടെടുത്തു കഴിഞ്ഞപ്പോഴാണ്‌ ആ സംഭവം നടന്നത്. തലതിരിച്ച് നോക്കാനൊരു ശ്രമം നടത്തിയതാണ്‌. പക്ഷെ അൾക്കൂട്ടവും, ബഹളവും കാരണം കാഴ്ച്ച തടസ്സപ്പെട്ടു. ആ ഒരു നിമിഷം വലിയ ഒരു നഷ്ടബോധം എനിക്കു തോന്നിയെന്നു പറഞ്ഞു കൊള്ളട്ടെ. ഞാൻ അയാളെ കുറിച്ചോർത്തു. തികച്ചും അപരിചിതൻ - കഥാപാത്രമാക്കാൻ പറ്റിയ ഒരാൾ. അയാൾക്കെന്താവും സംഭവിച്ചിരിക്കുക? എഴുത്തുകാരൻ സാഹസികനായിരിക്കണം, അനുകമ്പയുടെ കുടം ചുമക്കുന്നവനാവണം. കുറഞ്ഞപക്ഷം മറ്റുള്ളവരുടെ കാര്യത്തിൽ ആവശ്യത്തിലധികം താത്പര്യം കാണിക്കുന്നവനെങ്കിലും ആവണം! ഞാൻ തീരുമാനിച്ചു - ഇന്നു തന്നെ ആ അജ്ഞാതനെ അന്വേഷിച്ച് കണ്ടെത്തണം. ആദ്യമായി ഒരു കഥാപാത്രത്തിനെ പിൻതുടരാൻ പോവുകയാണ്‌! ആ ചിന്ത തന്നെ ഒരു ലഹരിയായി തലയ്ക്ക് പിടിച്ചു. ഇനി ഈ സംഭവത്തിൽ നിന്നും ഉരുത്തിരിഞ്ഞ് വരുന്ന കഥയ്ക്ക് വല്ല അംഗീകാരമോ മറ്റോ കിട്ടിയാൽ...? സമയം - എല്ലാത്തിനും അതു പ്രധാനവും പ്രസക്തവുമാണ്‌. ലോട്ടറി സമ്മാനം കിട്ടിയേക്കാം. പക്ഷെ കുറഞ്ഞപക്ഷം ടിക്കറ്റ് വാങ്ങിവെയ്ക്കണ്ടേ? സദസ്സുകളിൽ പറയാൻ ഒരു കഥ കൂടിയായി. കഥാപാത്രത്തിനെ പിൻതുടർന്ന കഥാകാരൻ, കഥയ്ക്കായി ജന്മം തന്നെ നീക്കിവെച്ച കഥാകാരൻ എന്നൊക്കെ ആരെങ്കിലും എന്നെക്കുറിച്ച് പിൻകാലത്ത് എഴുതാനോ, പറയാനോ ഉള്ള സാദ്ധ്യതയും തള്ളിക്കളയാനാവുന്നതല്ല.

പറഞ്ഞാൽ വിശ്വസിക്കില്ല നിങ്ങൾ. വൈകുന്നേരം വരെ ഒരു തരം വീർപ്പുമുട്ടലായിരുന്നു. വീർപ്പുമുട്ടലും ആത്മസംഘർഷവും തന്നെയാണല്ലൊ ഒരു കഥാകാരന്റെ പ്രഥമ ലക്ഷണം! ചുവരിലെ ക്ലോക്കിൽ അഞ്ചടിക്കാൻ സൂചി വന്നു തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിന്നപ്പോൾ, ആരെങ്കിലും സ്റ്റൂളിട്ടു കയറി നിന്ന്‌ ആ സൂചി ഒന്നും നീക്കിയിരുന്നെങ്കിൽ എന്നു പോലും ആശിച്ചു പോയി. അഞ്ചടിച്ചപ്പോൾ, കുടയുമെടുത്ത് ഞാൻ വേഗത്തിൽ പുറത്തേക്ക് നടന്നു. കുട കൈവശം കരുതുന്നത് മഴ വരാതിരിക്കാനുള്ള ഒരു സൂത്രപ്പണിയാണ്‌. ഈ മഴയും കുടയും ആരുമറിയാതെ ചില രഹസ്യ ഇടപാടുകൾ തമ്മിൽ നടത്തുന്നുണ്ട്. ഒരാളുള്ളപ്പോൾ മറ്റെയാൾ ഉണ്ടാവില്ല! അതൊരു തരം ധാരണയാണ്‌. അതു ബുദ്ധിപൂർവ്വം മനസ്സിലാക്കിയ നാൾ മുതൽ ഞാൻ കുട എടുക്കാൻ ശ്രദ്ധിച്ചു പോന്നിരുന്നു.

ആദ്യം മെഡിക്കൽ കോളേജിലേക്കാണ്‌ പോയത്. റോഡപകടം പറ്റിയ ഒരാളെ ആരും ആദ്യമെത്തിക്കുക അവിടെയാണല്ലോ. പോരാത്തതിനു ചികിത്സ സൗജന്യവും. സ്വാഭാവികമായും ഞാൻ അതേ പാതയിലൂടെ പോയി. കുറച്ച് സമയത്തെ അന്വേഷണത്തിനൊടുവിൽ അറിയാൻ കഴിഞ്ഞു, ആ ദൗർഭാഗ്യവാൻ മരിച്ചു കഴിഞ്ഞിരിക്കുന്നു എന്ന സത്യം. കൊണ്ടു വരുമ്പോഴെ ബോധം നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നുവെന്നും, എന്തെങ്കിലും ചെയ്യാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ആൾ മരിച്ചു പോവുകയുമാണ്‌ ഉണ്ടായതെന്നും അറിയാൻ കഴിഞ്ഞു. എന്റെ ആദ്യ ഉദ്യമം പരാജയപ്പെട്ടിരിക്കുന്നു. പക്ഷെ എന്റെ കഥാപാത്രത്തിനെ അവിടെ ഉപേക്ഷിച്ചു പോകാൻ ഞാനൊരുക്കമായിരുന്നില്ല. അയാളെ കുറിച്ച് കൂടുതലറിയാൻ എന്നെ ആരോ പ്രേരിപ്പിക്കുന്നത് പോലെ തോന്നി. ചിലപ്പോൾ മറ്റൊരു കഥയുടെ വാതിൽ അതു തുറന്നു തരില്ലെന്നാരു കണ്ടു? എനിക്ക് അയാളെ നേരിൽ കാണണമെന്നു തോന്നി. മോർച്ചറിയായിരുന്നു ലക്ഷ്യം. എന്തെങ്കിലും ചോദ്യം വന്നാൽ തന്നെ, കാണാതായ ബന്ധുവിനെ കുറിച്ചൊരു കഥ പറയാം. അല്ലെങ്കിൽ ഞാൻ മാന്യമായി കൈകൂലി കൊടുക്കും. അതിനുള്ള സംഖ്യ എന്റെ പോക്കറ്റിലുണ്ട്.

മോർച്ചറി വാതിൽ തുറന്നകത്തേക്ക് കയറുമ്പോൾ പലവിധ കഥാസന്ദർഭങ്ങൾ ഞാൻ മനസ്സിൽ കുറിച്ചിട്ടു. എന്റെ ആദ്യത്തെ മോർച്ചറി സന്ദർശനാനുഭവം! ഒരുപക്ഷെ ലോകത്ത് എല്ലാവരേയും സമന്മാരായി കാണൻ കഴിയുന്ന ഒരേയൊരു ഇടം മോർച്ചറി ആയിരിക്കും. വെള്ള പുതച്ചു കിടക്കുന്ന മൂന്നോ നാലോ ശരീരങ്ങൾ മുറിക്കുള്ളിൽ കാണാൻ കഴിഞ്ഞു. എല്ലാവരും സമാധാനമായി യാതൊരു പരാതിയുമില്ലാതെ കിടക്കുന്നു. ഇതിലേതാതാവാം എന്റെ കഥാപാത്രം? ഏതൊക്കെ നിറങ്ങളുള്ള വസ്ത്രങ്ങൾ ധരിച്ചു വിലസിയിരുന്നവരാവും ഇവരൊക്കെ? തുണിക്കടയിൽ ചെല്ലുമ്പോൾ നിറങ്ങൾക്കായി എത്ര നേരം ഞാൻ സമയം ചിലവാക്കിയിരിക്കുന്നു! ഇവിടെ എല്ലാവരും വെള്ള പുതച്ചാണ്‌ കിടക്കുന്നത്. വെളുപ്പ് - പ്രകാശത്തിന്റെ നിറം. നവജാത ശിശുക്കളേയും, അന്ത്യയാത്ര നടത്തുന്നവരേയും ധരിപ്പിക്കുന്നത് വെളുത്ത വസ്ത്രങ്ങൾ. വെളുപ്പ് മുതൽ വെളുപ്പ് വരെ, പ്രകാശം മുതൽ പ്രകാശം വരെ - അത്രയേ ഉള്ളൂ ജീവിതം. ജഢം മറച്ചിരുന്ന വിരി മാറ്റിയപ്പോൾ ഞാൻ ആ മുഖത്തേക്ക് ആകാംഷയോടെ നോക്കി. എന്റെ കഥാപാത്രമാണ്‌! അല്പം ഉന്തി നില്ക്കുന്ന പല്ലുകൾ. കരിവാളിച്ച ചുണ്ടുകൾ. നരച്ച മീശ. അതിൽ പുക കറ കാണാം. നെറ്റി മുകളിലേക്ക് വളർന്നു കയറി പോയിരിക്കുന്നു. മൂക്കിനുള്ളിൽ നിന്നും ഇറങ്ങി തുടങ്ങിയ രക്തം, പകുതി വഴിയിൽ ഉറച്ചു പോയത് എന്റെ കണ്ണുകൾ പിടിച്ചെടുത്തു. ചുരുണ്ട മുടിയാണ്‌. തൂവെള്ള ഷർട്ടിൽ ഉണങ്ങി പോയ രക്തക്കറയുടെ പാടുകൾ, കാപ്പിപ്പൊടി നിറമുള്ള പാന്റ്. എന്റെ കഥാപാത്രത്തിന്റെ രൂപം അവിടെ പൂർത്തിയായി. വിചിത്രമായൊരു കാര്യം ഞാൻ ശ്രദ്ധിച്ചു. അയാളുടെ ചുണ്ടിൽ ഒരു ചിരി കുടുങ്ങി കിടക്കുന്നു! ആ രൂപത്തിനെ, എന്തു കൊണ്ടോ ഒരിക്കൽ കൂടി സൂക്ഷിച്ചു നോക്കാനെനിക്കു തോന്നി. നോക്കി നില്ക്കുമ്പോൾ എനിക്ക് ഇയാളെ പരിചയമുണ്ടല്ലോ എന്നു തോന്നിത്തുടങ്ങി. നല്ല പരിചയമല്ല...പക്ഷെ.. ഈ മുഖം...ഇതിന്റെ ആകൃതി, ചില ഘടനകൾ - വളഞ്ഞ മൂക്ക്, നേർത്ത പുരികം ഇതൊക്കെയും ആരേയോ ഓർമ്മിപ്പിക്കുന്നുണ്ട്. അതാരാണെന്ന് ഓർമ്മ പറഞ്ഞു തരുന്നുമില്ല. സമീപത്തു നിന്നും കേട്ട ‘ഇയാളാണോ?’ എന്ന ചോദ്യത്തിന്‌ മറുപടിയായി, സിനിമ സ്റ്റയിലിൽ ഇടത്തേക്കും വലത്തേക്കും സാവധാനത്തിൽ തലയാട്ടുമ്പോഴും, ഇയാളെ അറിയാം എന്ന അവ്യക്തചിന്തയിൽ അസ്വസ്ഥനാകുകയായിരുന്നു ഞാൻ. ഒരു പക്ഷെ ആ ഒരു കാര്യത്തിനേക്കാൾ അലട്ടിയത് - ഇയാളെക്കുറിച്ചുള്ള കാര്യങ്ങൾ എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ലല്ലോ എന്ന കാര്യത്തിലായിരുന്നിരിക്കണം.

മോർച്ചറിക്കു വെളിയിൽ വന്നതും ആ മുഖവും പേരും ഓർമ്മകൾ എന്റെ മുന്നിൽ കുടഞ്ഞിട്ടു തന്നു. ‘മനോജ് കുമാർ’! എന്റെ ഒപ്പം കോളേജിൽ മൂന്നു വർഷമുണ്ടായിരുന്നെങ്കിലും ആഴ്ച്ചയിൽ ഒന്നോ ദിവസം മാത്രം വന്നിരുന്ന മനോജ്. അതൊരു ചെറുപ്പക്കാരനു പറ്റിയ പേരാണ്‌. ആ പേരും ഇപ്പോൾ കണ്ട, മെലിഞ്ഞ മദ്ധ്യവയസ്സ് പിന്നിട്ട ശരീരവും ഒട്ടും പൊരുത്തപ്പെട്ടു പോകുന്നില്ല. പ്രായത്തിനനുസരിച്ച് പേരു മാറ്റാൻ പറ്റില്ലല്ലോ! ചില സമയങ്ങളിൽ ആലോചിക്കാറുണ്ട്, നമ്മുടെ പ്രധാനമന്ത്രിയുടെ പേര്‌ തങ്കപ്പൻ അല്ലേൽ, വിനു കുമാർ അല്ലേൽ അപ്പുണ്ണി എന്നൊക്കെ ആയിരുന്നെങ്കിൽ എന്ന്. എന്തു കൊണ്ടാണ്‌ രൂപവും പേരും അല്ലെങ്കിൽ പദവിയും പേരും നമ്മൾ ഒത്തു നോക്കുന്നത്? സിനിമകളിലും കഥകളിലും പണക്കാരനായ നായകന്‌ എന്തു കൊണ്ടാരും കുട്ടപ്പൻ എന്നോ, ശങ്കുണ്ണിയെന്നോ പേരിടുന്നില്ല? ഇതു പോലുള്ള ചോദ്യങ്ങൾ ഒന്നിനു പിറകെ ഒന്നായി വരാൻ തുടങ്ങി. ഞാൻ അതൊക്കെയും ഉപേക്ഷിച്ചു മനോജ് കുമാറിന്റെ പിന്നാലെ പോകാൻ തീരുമാനിച്ചു. വീണ്ടും ചിലരെ കണ്ടു. ആർക്കും ഇതുവരേയും ഇയാളെ കുറിച്ച് ഒരു വിവരവും കിട്ടിയിട്ടില്ല. എന്റെ കഥാപാത്രം ഒരു മരിച്ച ആളാണെങ്കിലും, അയാൾക്ക് ജീവിച്ചിരിക്കുന്നവരുണ്ടാകുമല്ലോ. അയാൾക്ക് ഒരു ജീവിതം ഉണ്ടായിരുന്നല്ലോ. ഒരു തീപ്പൊരിക്ക് ഇനിയും സാധ്യതയുണ്ട്. ഞാൻ തിരച്ചിൽ തുടരാൻ തീരുമാനിച്ചു. എന്റെ പഴയ സഹപാഠിയും സുഹൃത്തുമായ മനോജിനെ കുറിച്ച് അറിയാൻ. എന്റെ അതേപ്രായമല്ലേ അവന്‌? അവൻ തണുത്ത ഒരു മുറിയിൽ വെള്ള പുതച്ച് കിടക്കുന്നു. ഞാനിപ്പോഴും ജീവനോടെ... ഏതോ ഒരു അർത്ഥമില്ലാത്ത മത്സരത്തിൽ ജയിച്ചതു പോലൊരു തോന്നൽ. തൊട്ടടുത്ത നിമിഷം എന്റെ അഹങ്കാരത്തേക്കുറിച്ചോർത്ത് സ്വയം ലജ്ജിക്കുകയും ചെയ്തു. എന്താണ്‌ ജയം? എന്താണ്‌ തോൽവി? ഏതു മത്സരത്തേക്കുറിച്ചാണ്‌ ഞാൻ ചിന്തിക്കുന്നത്?

മനോജ് - ആ ഒരു പേരു മാത്രമെ ഇപ്പോഴെന്റെ കൈയ്യിലുള്ളൂ. അവന്റെ വീടെവിടെ? വീട്ടുകാർ ആരൊക്കെ? വിവാഹിതൻ? കുട്ടികൾ? ഒന്നും തന്നെ അറിയില്ല. പക്ഷെ മരണവിവരം അവന്റെ വീട്ടിൽ ചെന്നറിയിക്കാൻ തന്നെ തീരുമാനിച്ചു. ഒരാളിലേക്കുള്ള വഴി മറ്റൊരാളിലൂടെയാണ്‌. പരിചയമുള്ള സുഹൃത്തുക്കളുടെ പേരുകൾ മനസ്സിൽ നിരത്തിയിട്ടു. അതിൽ മനോജിന്റേയും എന്റെയും കൂടെ പഠിച്ച, ഇപ്പോഴും പരിചയം സൂക്ഷിക്കുന്ന ഒരാൾ മാത്രം - സുരേഷ്. ഉടൻ തന്നെ സുരേഷിനെ വിളിച്ചു. മനോജിന്റെ മരണത്തെ കുറിച്ച് പറഞ്ഞു. കൊച്ചിയിൽ എന്തോ ആവശ്യത്തിനു പോയിരിക്കുകയായിരുന്നു അവൻ. ‘അവനിതു വരേയും മരിച്ചില്ലായിരുന്നോ?’ അതായിരുന്നു സുരേഷിന്റെ വായിൽ നിന്നും വന്ന ആദ്യത്തെ ചോദ്യം. കൂട്ടത്തിൽ കുറച്ച് അമ്പരപ്പും. ചോദ്യം കേട്ട് ഞാൻ വല്ലാതായി പോയി. ഒരാളുടെ മരണം തമാശ പറയാനുള്ള വിഷയമല്ലല്ലോ. അതു കേൾക്കാത്ത മട്ടിൽ മനോജിന്റെ വിലാസമന്വേഷിച്ചു. പഠിക്കുന്ന കാലത്ത് ഒരിക്കൽ മനോജിന്റെ വീട്ടിൽ പോയിട്ടുണ്ടായിരുന്നത് കൊണ്ട്, അവൻ ഓർമ്മയിൽ നിന്ന് ഏകദേശം എവിടെയാണതെന്ന്‌ പറഞ്ഞു തന്നു. ‘നിന്റെ ഒപ്പം വരണമെന്നുണ്ട് പക്ഷെ ഇവിടന്ന് ഇനി മൂന്ന് ദിവസം കഴിയാതെ അനങ്ങാൻ പറ്റില്ല’ അവന്റെ നിസ്സഹായത എനിക്കു ബോദ്ധ്യമായി. ഞാൻ മനോജിന്റെ വീട്ടിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു. സമയം ഏതാണ്ട് എട്ടു മണിയോടടുത്തെങ്കിലും.

സർക്കാർ ബസ്സിലായിരുന്നു യാത്ര. എങ്ങനെയാണ്‌ ഞാൻ ഈ വാർത്ത അവതരിപ്പിക്കാൻ പോകുന്നത്? അതേക്കുറിച്ച് അപ്പോഴാണോർത്തത്. അവന്റെ വിവാഹം കഴിഞ്ഞിട്ടുണ്ടാവണം. അവന്റെ ഭാര്യ എങ്ങനെയാവും ഈ വാർത്ത നേരിടുക? നെഞ്ചത്തടി കാണാനും നിലവിളി കേൾക്കാനുമുള്ള ആരോഗ്യമൊന്നും എനിക്കിപ്പോഴില്ല. അവനുള്ളത് ഒരു മകളാവും. സിഗരറ്റ് വലിക്കുന്നവർക്ക് കൂടുതലും പെൺമക്കളാവും ഉണ്ടാവുക എന്ന് ഈയിടെ ഒരു ആരോഗ്യമാസികയിൽ വായിച്ചതല്ലേയുള്ളൂ? ഏതോ ഒരു വിദേശരാജ്യത്ത് നടത്തിയ സർവ്വേയിൽ തെളിഞ്ഞതാണത്. ഈ വിദേശികളെ സമ്മതിക്കണം! എന്തിനേക്കുറിച്ചും സർവ്വേ നടത്തിക്കളയും. ഞാൻ മനോജിന്റെ മകളെ കുറിച്ചോർക്കാൻ തുടങ്ങി. അവൾക്ക് അമ്മയേക്കാളും അച്ഛനുമായിട്ടായിരിക്കും അടുപ്പം. പെൺകുട്ടികൾക്ക് അച്ഛനോടല്ലേ പ്രിയം? വാർത്ത കേട്ടാൽ അവൾ എങ്ങനെ പ്രതികരിക്കും? ഇനി ആ പാവം പെൺകുട്ടിയുടെ വിവാഹം ആരു നടത്തും? ഇപ്പോഴവൾ പഠിക്കുകയായിരിക്കും. അവളുടെ കോളേജ് ചിലവ്?... ആ വീട് ശരിക്കും തകർന്നു പോകും. ഒരാളുടെ അഭാവത്താൽ ഒരു കുടുംബം മുഴുവനും... മനോജിന്റെ മകളെ എനിക്ക് പഠിപ്പിക്കാൻ കഴിയും. അവളുടെ വിവാഹം...അതിനു കുറച്ച് സ്വർണം... എന്റെ ചിന്തകൾ കാടു മാത്രമല്ല കയറിയത്, അതിനപ്പുറമുള്ള കടലും താണ്ടി, മലകളും താണ്ടി യാത്ര തുടർന്നു.

വരാൻ വൈകും, ഭക്ഷണം കഴിച്ച് ഉറങ്ങിക്കോളൂ എന്ന് വീട്ടുകാരത്തിയെ അറിയിച്ചു. സുരേഷ് പറഞ്ഞിടത്ത് ബസ്സ് എത്തിയപ്പോഴേക്കും നേരം നല്ലവണ്ണം ഇരുട്ടി കഴിഞ്ഞിരുന്നു. ചിന്തകളും ഭാവി പദ്ധതികളും ചുരുട്ടി വെച്ച് ഞാൻ നടന്നു. പലരോടും ചോദിച്ചാണ്‌ വീടിരിക്കുന്ന സ്ഥലത്തെത്തിയത്. റോഡിൽ നിന്നും അല്പം ഉയരത്തിലായിട്ടാണ്‌ വീട്. ആ റോഡ് ഒരു കുന്നിന്റെ അടുത്തു കൂടിയാണ്‌ കടന്നു പോകുന്നതെന്ന് അപ്പോഴാണ്‌ ശ്രദ്ധിച്ചത്. റോഡിന്റെ ഇരുവശത്തും തല കുനിച്ചു പിടിച്ച് ഉറക്കംതൂങ്ങി നില്ക്കുന്ന വഴിവിളക്കുകൾ. മിക്കതും ഉറക്കത്തിലാഴ്ന്നു കഴിഞ്ഞിട്ടുണ്ട്. ചിലത് മയങ്ങി വീഴുകയും, തൊട്ടടുത്ത നിമിഷം ഞെട്ടി പിടഞ്ഞെഴുന്നേറ്റ് കണ്ണു മിഴിക്കുകയും ചെയ്യുന്നുണ്ട്. ചിലത് പാതിയുറക്കത്തിലാണ്‌.

ഞാൻ രാവിലെ കണ്ട അപകടത്തെക്കുറിച്ച് വീണ്ടുമോർത്തു. ഒരപകടം കാണുമ്പോൾ ഒരു ഞെട്ടലോടെയാണ്‌ ശരീരവും മനസ്സും പ്രതികരിക്കുക. ഉള്ളിലൂടെ ഒരു നിലവിളി പാഞ്ഞു പോവും. ആ നിലവിളിക്ക് ശബ്ദമുണ്ടാവില്ല. അതധികനേരം നീണ്ടു നില്ക്കാറുമില്ല. ഒരു ചെറിയ പ്രകമ്പനം. അത്രമാത്രം. എന്നാൽ ഒരു മരണവീട്ടിൽ ചെന്ന് മൃതശരീരത്തെ കുറച്ചു നേരം നോക്കി നില്ക്കുമ്പോൾ ഉള്ളിലൊരുതരം ശൂന്യത നിറയും. എന്റെ സുഹൃത്തിനെ അവന്റെ വീട്ടിൽ നിലത്ത് വെള്ളപുതച്ച് കിടത്തിയിരിക്കുന്നത് മനസ്സിൽ കാണാൻ ശ്രമിച്ചു. ഒരിക്കൽ ഞാനും അതേ പോലെ കിടക്കേണ്ടതാണ്‌. എനിക്ക് ചുറ്റുമിരുന്ന് കരയാൻ ചിലരുണ്ടാവും. കരയുന്നവരെ ആശ്വസിപ്പിക്കാൻ എനിക്കാവില്ല അപ്പോൾ. സത്യത്തിൽ എന്റെ മരണമോർത്ത് ഞാൻ പലവട്ടം ദുഃഖിച്ചിട്ടുണ്ട്. ഇരുട്ടിൽ ആരുമറിയാതെ കരഞ്ഞിട്ടുമുണ്ട്. ഒരുപക്ഷെ എന്നെ പോലെ സ്വന്തം മരണത്തെക്കുറിച്ചോർത്ത് കരഞ്ഞ പലരുമീ ലോകത്തുണ്ടാവും. 

ഇരുട്ടിലൂടെ നടന്നപ്പോൾ പെട്ടെന്നെനിക്കെന്റെ ജീവനെ കുറിച്ച് ഉത്കണ്ഠയായി. ഇവിടെ പാമ്പുകളുണ്ടാവുമോ? മൺപൊത്തുകൾ. അവിടവിടെ കുറ്റിച്ചെടികൾ. ആരേയെങ്കിലും കിട്ടിയാൽ ഒന്നു കടിക്കാമായിരുന്നു എന്നും പറഞ്ഞിരിക്കുന്ന ഒരുത്തൻ മതി. ഞാൻ മണം പിടിച്ചു. വേറൊന്നുമല്ല, പാമ്പ് വാ തുറക്കുന്ന മണം! അങ്ങനെയാണ്‌ എന്റെ ആമ്മൂമ്മമാർ എനിക്ക് ആ മണം പരിചയപ്പെടുത്തിയിട്ടുള്ളത്. അതു സത്യമാണോ അസത്യമാണോ എന്നൊന്നും ഇതുവരെ തിരക്കാൻ പോയിട്ടില്ല. തലയിൽ അങ്ങനെയാണ്‌ ആ ഗന്ധം രേഖപ്പെടുത്തി വെച്ചിരിക്കുന്നത്. അതു കൊണ്ട് ജാഗരൂകനായി. കൈയ്യിലിരുന്ന സിഗരറ്റ് ലൈറ്റർ കത്തിച്ച് ഞാൻ മുകളിലേക്ക് കയറാൻ തുടങ്ങി. കാറ്റടിക്കുമ്പോഴൊക്കെ നാളം നാവ് വളച്ച് എന്റെ തള്ളവിരൽ നക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അതു കൊണ്ട് ഞാൻ ലൈറ്റർ പലവട്ടം കെടുത്തുകയും കൊളുത്തുകയും ചെയ്തുകൊണ്ടിരുന്നു.

മുകളിലേക്ക് കയറും തോറും വീട്ടിൽ നിന്നും ഒരു മങ്ങിയ പ്രകാശം മുന്നിൽ പരക്കാൻ തുടങ്ങി. വീട്ടിനു മുന്നിലിരുന്ന് ഒരു ചെറുപ്പക്കാരൻ പുക വലിക്കുന്നതാണാദ്യം കണ്ടത്. വളരെ ആസ്വദിച്ച്, പുകയുടെ ഗന്ധം അല്പം പോലും ചോർന്നു പോകാതെ... എവിടെ മകൾ? എനിക്ക് വീടു മാറിപോയിട്ടുണ്ടാവും. ഇനി ഇരുട്ടത്ത് വന്ന വഴി ഇറങ്ങുകയും മാറ്റൊരിടത്ത് കയറാനും തക്ക ഊർജ്ജം എന്റെയീ മെലിഞ്ഞ ശരീരത്തിൽ ബാക്കിയില്ല. വന്ന സ്ഥിതിക്ക് ശരിയായ വീട് അറിഞ്ഞിട്ടേ തിരിഞ്ഞു നടക്കാവൂ.

‘മനോജ് കുമാർ...വീട് ഇതാണോ?’

എന്റെ നേർക്ക് നോക്കാതെ, ഊതിവിടുന്ന പുകയുടെ ഗതി ശ്രദ്ധിച്ചു കൊണ്ട് ആ ചെറുപ്പക്കാരൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
‘അമ്മേ...ദാ ആരോ അച്ഛനെ തെരക്കി വന്നിരിക്കുന്നു’
അപ്പോൾ മകളല്ല...മകനാണ്‌. വിനയകുനിയനായ ഒരു മകൻ. 
കോളേജ് ഫീസ്, സ്ത്രീധനം, സ്വർണ്ണം...എല്ലാം ഞാൻ മായ്ച്ചു കളഞ്ഞു.
അപ്പോഴേക്കും അകത്തു നിന്നും ഒരു സ്ത്രീ തിണ്ണയിലേക്ക് വന്നു. മുഷിഞ്ഞ വേഷമാണോ മുഷിഞ്ഞ സ്ത്രീയാണോ എന്നു തിരിച്ചറിയാൻ കഴിയാത്ത ഒരു രൂപം.
‘എന്തിനാ സാറെ?...രാവിലെ തന്നെ കുപ്പീം പിടിച്ചോണ്ട് പോയതാ...ഇനി പാതിരാത്രിയാവുമ്പോ നാലു കാലേൽ കേറി വരും...’

എന്റെ സഹപാഠിയായ മനോജിനെ കുറിച്ചാണോ ഈ പറയുന്നത്...? ചിരിച്ചു കൊണ്ട് മരിച്ചു കിടന്ന...ആ മനോജ് കുമാർ...
എന്തു പറയണമെന്നറിയാത്ത സ്ഥിതിയിലായി പോയി ഞാൻ.

‘ഞാൻ മനോജിന്റെ...’ ആകുലതയോടെ ആരംഭിച്ചതാണ്‌. അപ്പോഴേക്കുമവർ എന്റെ വാക്കുകളെ മുറിച്ചിട്ടു കൊണ്ടിങ്ങനെ പറഞ്ഞു,
‘പൊന്നു സാറെ...അങ്ങേര്‌ എപ്പൊ വരൂന്നൊന്നും പറയാമ്പറ്റത്തില്ല...എവിടേങ്കിലും കെടപ്പുണ്ടാവും...സാറ്‌ നാളെ വാ...ചെലപ്പൊ കാണാം’

ഞാൻ ഒന്നും മിണ്ടിയില്ല.
സ്ത്രീ തിരിഞ്ഞകത്തേക്ക് നടന്നു. ‘എവിടെ തൊലഞ്ഞു പോയോ എന്തോ’. ആ പിറുപിറുക്കൽ മാത്രം അന്തരീക്ഷത്തിൽ ബാക്കിയായി.

വിനയൻ പുകയൂതി രസിച്ചു കൊണ്ടിരുന്നു. പ്രപഞ്ചം മുഴുക്കെയും മൗനം വന്നു നിറഞ്ഞതായി തോന്നി. ഞാൻ ഒറ്റയ്ക്കായതായും. ഇവരോട് ഞാൻ എന്താണ്‌ പറയേണ്ടത്? നിങ്ങളുടെ ഭർത്താവ് ഇപ്പോൾ തണുത്ത മോർച്ചറി മുറിയിൽ കിടപ്പുണ്ടെന്നോ? ഈ സ്ത്രീ തൊട്ടുമുൻപ് ശപിച്ച നാവ് കൊണ്ട് നിലവിളിക്കുമോ? അതോ ഇതു മുഴുക്കെയും ഒരു സ്വപ്നമാണോ? ഞാനിപ്പോഴുമെന്റെ കിടക്കയിൽ പുതച്ചു കിടന്നുറങ്ങുകയാണോ?

സ്വപ്നമല്ലെന്ന് ബോധ്യപ്പെട്ട നിമിഷം ഞാൻ കുന്നിറങ്ങാൻ തുടങ്ങി. എത്രയും വേഗം എനിക്ക് ഈ യാഥാർത്ഥ്യത്തിന്റെ തോട് പൊളിച്ച് പുറത്ത് കടക്കണം. ഈ ഇരുട്ട് മൂടിയ ഇടത്ത് നിന്നും വെളിച്ചത്തിലേക്ക് പോകണം. താഴെ റോഡിലെത്തിയപ്പോൾ, നിവർന്നു നിന്നു ആകാശത്തേക്ക് നോക്കി. അസ്വാഭാവിക മരണം...അവന്റെ ആത്മാവ് ഇവിടെ അലഞ്ഞു തിരിയുകയാവും. ചിലപ്പോൾ അവൻ മനപ്പൂർവം വണ്ടിക്ക് വട്ടം ചാടിയതാവും. എന്നാലും അവൻ ഇത്ര നേരത്തെ... അവൻ എന്റെ കഥാപാത്രമാണെന്ന കാര്യം ഞാൻ പാടെ മറന്നു. അവനെന്റെ ഒരു പഴയ സുഹൃത്ത് മാത്രമായി പോയി ആ നിമിഷം. ഒരു പക്ഷെ അവനങ്ങനെ മരിക്കുന്നതാവും ഏറ്റവും നല്ലത്. ആരുമറിയാതെ, ആരുടേയും ശാപവചനങ്ങൾ കേൾക്കാതെ, കള്ളക്കണ്ണീർ കാണാതെ, ഒരനാഥനു തുല്യം സ്വാതന്ത്ര്യത്തോടെയുള്ള മരണം. അവന്റെ ആത്മാവ് ശാന്തിയടയട്ടെ.

കേട്ടതും കണ്ടതും കഥകളാക്കാൻ ഒരുങ്ങി നടന്നതായിരുന്നു. കഥാപാത്രത്തിന്റെ പിന്നാലെ പോയി കഥ ഇല്ലാത്തവനായി തീർന്നു പോയിരിക്കുന്നു, ഞാനും എന്റെ കഥാപാത്രവും. അവനെ എങ്ങനെയാണ്‌ ഒരു കഥാപാത്രമാക്കുക? എഴുതിയാൽ ആ കഥയിൽ വായനക്കാർക്ക് സന്തോഷം പകരുന്ന ഒരു കാര്യം പോലുമുണ്ടാകില്ല. ഒരു കണിക പോലും...യഥാർത്ഥ ജീവിതം പോലെ, വിരസവും, വിശദീകരിക്കാനാവാത്ത ചില യാദൃച്ഛികതകളും മാത്രം.

അന്നു രാത്രി വെറും ഒരു വരി മാത്രം ഞാനെന്റെ ഡയറിയിൽ കുറിച്ചിട്ടു. അതിപ്രകാരമായിരുന്നു, ‘ജീവിതത്തിന്റെ നേർക്കാഴ്ചകൾ തികച്ചും വിരസവും സാധാരണവുമാണ്‌...’

Post a Comment

Friday, 6 September 2013

തുഴഞ്ഞകലേക്ക്‌..


നിലാവിൽ ഞാൻ തോണി തുഴഞ്ഞു.
ഇടം വലം ചാഞ്ചാടിയെന്റെ തോണി.
വെള്ളിയലകൾ ഉയർന്നു താഴുന്നുണ്ടായിരുന്നു.
തണുപ്പൊരു കമ്പളമായെന്നെ പൊതിഞ്ഞിരുന്നു.

എന്റെ തോണി നിശ്ചലമായി.
അപ്പോൾ..
ആഴങ്ങളിൽ നിന്നുയർന്നു, ഒരു നിലവിളി..
ഞാൻ മാത്രമതു കേട്ടു.
പിടയ്ക്കുന്നൊരു കൈ ഉയർന്നു വന്നു.
ഞാൻ മാത്രമതു കണ്ടു.

എനിക്ക്‌ കൈ നീട്ടി ആ വിരലുകളിൽ തൊടണമെന്നുണ്ട്‌.
എനിക്ക്‌ നിലവിളിച്ചയാളെ കാണണമെന്നുണ്ട്‌.
എനിക്ക്‌ ഭയം തോന്നിയില്ല..
ഞാൻ നിശ്ശബ്ദനായിരിക്കുന്നു.
ഞാൻ നിശ്ചലനായിരിക്കുന്നു.
എന്റെ കൈകൾ മരവിച്ചു പോയിരിക്കുന്നു.
തുഴ എന്റെ കൈയ്യിൽ നിന്നും വഴുതി പോയിരിക്കുന്നു.

ശബ്ദം കേൾക്കാൻ ഞാൻ തല കുനിച്ചു കാതോർത്തു.
എന്റെ കൈകൾ ഞാൻ ആഴത്തിലേക്ക്‌ നീട്ടി.
തണുത്ത പുഴവെള്ളം കൈകളിൽ തഴുകിയൊഴുകി..

നിശ്ശബ്ദതയുടെ നടുവിൽ ഞാൻ മാത്രം.
ഞാനുറക്കെ പറഞ്ഞു,
'മാപ്പ്‌..വെറുതെയന്ന് തോണിയുലച്ചതിനു..'
നിശ്ശബ്ദതയുടെ നടുവിൽ ഞാൻ മാത്രം.
ഞാൻ നിശ്ശബ്ദതയുടെ ഭാഗമായി..


Post a Comment

Thursday, 1 August 2013

വരികൾ


പലപ്പോഴായി എഴുതി വെച്ച വരികളാണ്‌.
ചിന്തകൾ ചിലപ്പോൾ വരികളായി മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്‌. അവയിൽ ചിലത്‌..


അവനൊരു തീപ്പെട്ടിക്കൊള്ളി വലിച്ചെറിഞ്ഞു.
'അവളും അവളുടെ സ്ത്രീധനവും'

ചത്തു പൊങ്ങിയ മത്സ്യത്തെ കണ്ടു വാവ:
'പാവം മീൻ...വെള്ളം കുടിച്ചു ചത്തു പോയി'

കണ്ണിറുക്കിയടച്ചു ഞാനാസ്വദിച്ചു,
ഹാ! എത്ര സുന്ദരമീയിരുട്ട്‌!

ചതുരംഗക്കരുവെല്ലാം ഞാൻ വലിച്ചെറിഞ്ഞു..
പിന്നെ നടന്നകന്നു, ദൂരെ കാട്ടിന്നിരുട്ടിലേക്ക്‌..

ഒഴുകി വന്നൊരു പുഴയെന്നരികിൽ മണൽ-
ത്തരിയായി മാറിയതറിഞ്ഞില്ല ഞാൻ..

കൊഴിഞ്ഞു വീണയാപൂവിന്നു ചുറ്റും,
പാറിപ്പറക്കുമൊരു പൂമ്പാറ്റയിപ്പൊഴും..

മരണമെപ്പൊഴും കൂടെയെന്നറിയാതെ,
'നാളെ കാണാം' എന്നു വാക്കു പറയുന്നു നമ്മൾ..

രണ്ടു പേരുടെ നിശ്ശബ്ദതയുടെ നടുവിൽ കണ്ണു നിറഞ്ഞ ഒരു കുഞ്ഞ്‌..

കണ്ണീർ മഷിയാലെഴുതിയ കവിതെ,
കരളിൻ നോവ്‌ നീയറിയുന്നോ?

പാടം കഴിഞ്ഞാൽ വീട്‌..
വീട്‌ കഴിഞ്ഞാൽ വഴി..
വഴി കഴിഞ്ഞാൽ പറമ്പ്‌..
അവിടെയാണ്‌ കത്തിക്കുക..

നാലു കാലുള്ള മേശയ്ക്കരിയിൽ,
മൂന്നു കാലുള്ള കസേരയിലിരുന്ന്..
രണ്ട്‌ കാലുള്ള ഒരാൾ കവിത എഴുതുന്നു..
വെറും ഒരു വരി കവിത..

മഴവില്ല് മെനഞ്ഞ്‌ വെച്ച്‌ ഒരാൾ ചിരിച്ചു..
പിന്നെ,
മഴ പെയ്യിച്ച്‌ മായ്ച്ചു കളഞ്ഞു..

പകലിനും രാവിനും നടുവിൽ സന്ധ്യ കോപിച്ച്‌ ചുവന്നു..

ആരു ചുംബിച്ചപ്പോഴാണ്‌ സന്ധ്യതൻ കവിൾ ചുവന്നു തുടുത്തത്‌?
പകലോ..ഇരവോ?

പകൽ ഇരവിനെ ചുംബിക്കുന്നതു കണ്ടാവാം, സന്ധ്യയുടെ കവിൾ നാണത്താൽ ചുവന്നത്‌..

ഒഴിഞ്ഞ കൂട്‌ ഓർത്തു..
ആ കിളി ഇപ്പോഴെവിടെയാകും?

നാലു വയസ്സുകാരന്റെ ഭൂഗോള പ്രശ്നം
കാറിന്റെ കാണാതായ വീലാണ്‌.

ഇപ്പോഴും കുടുങ്ങി കിടപ്പുണ്ട്‌..
അച്ഛന്റെ ഓർമ്മകൾ മഷിത്തണ്ടിലും,
മകന്റെ ഓർമ്മകൾ പഴയ സൈക്കിളിലും..

ചിതയിൽ ദഹിക്കാതെ പോയ ഹൃദയം,
മരിക്കാത്ത പ്രണയത്തിന്റെ തെളിവാണ്‌..

മുങ്ങിയെടുത്തവന്റെ കണ്ണ്‌,
മരിച്ചവന്റെ മോതിരത്തിലായിരുന്നു..

ചില ഓർമ്മകൾ കടലിലെറിഞ്ഞ കുപ്പി പോലെ..
പറയാനാവില്ല, എപ്പോൾ കരയിലടിയുമെന്ന്..

ഒരു വരി കവിതയിലൊരായിരം കഥകൾ..

തിരയിലയാൾ തിരഞ്ഞു,
കടലെഴുതിയ കവിതയെ..

ഒരു മഞ്ചാടിക്കുരു മതിയെനിക്ക്‌
തിരികെ ബാല്യത്തിലേക്ക്‌ മടങ്ങുവാൻ..

'ഇനിയൊരു ജന്മമെനിക്കു വേണ്ട'
അറവുകാരന്റെ കത്തിയുടെ പ്രാർത്ഥനയാണ്‌..

സത്യം മിണ്ടാതിരുന്നു..
സുഹൃത്തായ മദ്യത്തെ കാണും വരെ ;)

നായയ്ക്ക്‌ മുല കൊടുക്കുന്ന യാചക സ്ത്രീയാണ്‌
മാതൃത്വത്തിന്റെ അവസാന വാക്ക്‌..

അന്നു കരഞ്ഞതോർത്തു ഞാനിന്നും കരഞ്ഞു..

മുന തേഞ്ഞ വാക്കുകൾ കൊണ്ടാണ്‌,
അന്നെൻ ഹൃദയം മുറിഞ്ഞു നിണമൊഴുകിയത്‌..

ബന്ധിച്ചു കിടക്കുന്നു കാണാച്ചരടുകൾ..
താലിച്ചരടുകളഴിഞ്ഞു പോയെങ്കിലും..

മരിക്കും മുമ്പ്‌ പുഴ പറഞ്ഞു,
'ഇനി വരില്ല ഞാനീവഴി വീണ്ടും..'

പുറത്തു പോകും മുമ്പ്‌ ഞാനെടുത്തണിഞ്ഞു,
പതിവു പോലെയെന്റെയാ പഴയ മുഖംമൂടി..

തനിച്ചാവുന്നില്ലാരുമൊരിക്കലും,
നിഴലില്ലേ കൂടെയെപ്പോഴും?

ഉണ്ണിയപ്പത്തിലമ്മ ചേർക്കാറുണ്ടെപ്പോഴും,
അമ്മതൻ സ്നേഹത്തിൻ മധുരം!

കണ്ണടച്ചവൾ നിന്നു പതിവു പോലെ,
നീണ്ടു വരും കാമത്തിൻ കൈകൾക്ക്‌ മുന്നിൽ..

കടലാസ്സിൽ നിന്നിറങ്ങിയോടിയ കവിതയെ തിരയുന്നു കവി,
അറിയുന്നില്ല കവിത വീണ്ടുമാത്മാവിലൊളിച്ച കാര്യം!

ആഗ്രഹങ്ങളുടെ ഉയരങ്ങൾ താണ്ടുന്നവരെ കാത്തിരിക്കുന്നത്‌
ഏകാന്തതയുടെ മരുഭൂമികളാവാം..

വിട്ടുവീഴ്ച്ചകൊണ്ടൊട്ടിച്ചു വെയ്ക്കുന്നു ചിലർ
പൊട്ടിപോയ സൗഹൃദപാത്രങ്ങൾ..

മാനം കാണാത്ത മയിൽപ്പീലിയിരട്ട പെറ്റു!

പുകയൂതിവിട്ട നേരമറിഞ്ഞില്ല ഞാൻ,
ആയുസ്സുമൊരൽപ്പം പുകഞ്ഞെന്ന സത്യം..

മൂകത സഹിക്കാനാവാതെയിരുട്ടിൽ ഞാൻ,
ഏകനായ്‌ ചെവി പൊത്തി നിന്നു..

ആരും കേൾക്കാതെ കരയുന്നുണ്ടാവും രാത്രികളിൽ..
ആ പഴയ മൺകുടവും അമ്മിക്കല്ലും..

പിരിയുന്നവർ ജയിക്കുമ്പോൾ..
തോൽക്കുന്നത്‌ പ്രണയമാണ്‌..

സ്വപ്നങ്ങളിൽ ഞാൻ സ്വപ്നം കാണുന്നത്‌ കാണാറുണ്ട്‌!

ചോര പൊടിഞ്ഞിരുന്നു താതന്റെയുള്ളിൽ
മകളുടെ കാതു കുത്തുന്നതു കണ്ടപ്പോൾ..

കണ്ണു പൊത്തി നിൽപ്പുണ്ടൊരു ഗാന്ധി പ്രതിമ കവലയിൽ..

കരഞ്ഞു കൊണ്ടായാലും നിന്നെ കഷ്ണിക്കും ഞാൻ..
എന്നോട്‌ ക്ഷമിക്കെന്റെ ഉള്ളിക്കുട്ടാ..

മണ്ട പൊളിഞ്ഞാലും നിർത്തില്ല മരംകൊത്തി..
വീണ്ടുമയ്യോ കൊത്തോട്‌ കൊത്ത്‌..

മഴയെ ഇഷ്ടമായിരുന്നു, മഴ കവിതകൾ വായിച്ചു മടുക്കും മുൻപ്‌..

ഒരു വരിയിലെഴുതാനെനിക്കൊന്നുമില്ല സഖെ..
വേണേലെഴുതാം രണ്ടു വരികൾ നിനക്കായി മാത്രം;)

മുറിഞ്ഞു പോയ പ്രണയച്ചരടിൻത്തുമ്പിൽ,
വെറുതെ കാത്തിരിപ്പുണ്ട്‌ ചിലരിപ്പൊഴും..

ജീവിതം സുന്ദരമാക്കുന്നതൊന്നും മാത്രം..
അതിൻ പേർ മരണമെന്നല്ലാതെ മറ്റൊന്നുമല്ല..

എനിക്കുള്ളിലെത്ര ഞാനുണ്ടെന്നറിയുവാൻ,
എന്നിലേക്ക്‌ തന്നെ നോക്കിയിരിക്കുന്നു ഞാൻ!

വെറുതെയിരുന്നതിന്നാലസ്യം മാറുവാൻ,
മയങ്ങട്ടെ ഞാനിനി തെല്ലു നേരം.. 

ഇറ്റു വീഴുന്നു നെറ്റിയിൽ നിന്നും,
ആഹ്ലാദമൂറുമൊരു സ്വേദ കണം..

വരിമുറിച്ചെഴുതിയ കവിത കൂടിച്ചേർന്നു പരിഹസിക്കുന്നുണ്ട്‌ കവിയെ!

മാറു കീറുമ്പോൾ പുഴ കരഞ്ഞതാരും കേൾക്കാത്തതെന്തെ?

തന്നെ രക്ഷിച്ച ഉറുമ്പിനെ തേടി അലയുന്നുണ്ടൊരു പ്രാവിപ്പൊഴും..

എണ്ണകുടിച്ചു വീർത്തൊരു പപ്പടം,
മദിച്ചു മറിയുന്നുണ്ടാ ചീനചട്ടിയിൽ!

കാലം തെറ്റി കിളിർത്തൊരു ചെടി മണ്ണിലേക്ക്‌ തന്നെ മടങ്ങി പോയി..

നാവു നഷ്ടപ്പെട്ട സത്യം,
ഒന്നും പറയാനാവാതെ അലയുന്നുണ്ടെവിടെയോ..

പറന്നു പോയ അപ്പൂപ്പൻ താടി പറഞ്ഞു,
ഒരു നാൾ നീയുമെന്നെപ്പോലെ എങ്ങോട്ടൊ..

ദൂരെയതാ കടലിൽ മുങ്ങുന്നു സൂര്യനും..
സഹിക്കുവാൻ കഴിയാത്ത ചൂടു കൊണ്ടാവണം!

ജീവിച്ചിരുന്നതിനു തെളിവു നൽകിയത്‌ മരണമായിരുന്നു!

മരക്കൊമ്പിലെ കയറിൻത്തുമ്പിലാടുന്നുണ്ട്‌, മരിച്ചു പോയൊരു പ്രണയം..

സദനത്തിലെ തലയിണകൾക്ക്‌ പറയാനുണ്ടാവും,
കണ്ണീർ രുചിയുള്ള ചില അമ്മക്കഥകൾ..

ജീവിതത്തെ ചതിച്ച്‌ മരണവും, മരണത്തെ ചതിച്ച്‌ പുനർജ്ജന്മവും..

കല്ലിൽ തീർത്ത ദൈവവുമൊരുനാൾ കല്ലായി മാറിയതറിഞ്ഞില്ലേ?..

പ്രപഞ്ചത്തിനപ്പുറമൊരു പ്രപഞ്ചസൃഷ്ടിയിൽ മുഴുകിയിരിക്കുന്നു ഈശ്വരൻ..

പഴയൊരു സ്ലെയിറ്റിലുണ്ടിപ്പോഴും,
മഷിത്തണ്ടിനും മായ്ക്കാനാവാത്ത ഓർമ്മകൾ..

വണ്ടിനോട്‌ പൂവ്‌ ചൊല്ലി,
'ഇന്നു നീ താമസിച്ചല്ലോ'

മതങ്ങൾക്ക്‌ മദമിളകിയപ്പോൾ മനുഷ്യരപരിചിതരായി..

നിന്നെക്കാണാൻ ദൂരം താണ്ടിയെത്തിയ മഴത്തുള്ളിയെ,
'നാശം പിടിച്ച മഴയെന്നു' വിളിച്ചുവല്ലോ നീ..

ആടിത്തീർക്കാൻ വേഷങ്ങളിനിയും ബാക്കി..
ഇതു വെറുമൊരു ജീവിത നാടകമല്ലേ?

വരണ്ടു പോയ ഭൂമി, മഴയ്ക്കായി വായ്‌ പൊളിക്കുന്നു..

അതിരാവിലെ ഞാൻ കണ്ടു,
'ഞാൻ വിരിഞ്ഞതു കണ്ടില്ലേ' എന്നു ചോദിച്ചൊരു പുഷ്പത്തെ..

പുക തുപ്പുന്നൊരു തീവണ്ടിയുണ്ടായിരുന്നു പണ്ട്‌..
പാവം, അർബ്ബുദം വന്നായിരുന്നു മരണം ;)

ഞാൻ വീണ കുഴിയിൽ നീയും വീണെന്നറിഞ്ഞപ്പോഴെനിക്കെന്താഹ്ലാദം!

കിഴക്കേ മലയിൽ നിന്നു ഞാൻ കേട്ടേ, ഒരസുര താളം, ഒരാദി താളം!

മരിച്ചിട്ടില്ല ജാതിപ്പിശാചുകൾ.
വരുന്നുണ്ടവ പിന്നേയും,
കാലച്ചക്രം പിന്നോക്കം തിരിക്കുവാനായി..

കഴുത്തു വേർപെടും മുൻപ്‌ കുക്കുടം ശപിച്ചിട്ടുണ്ടാവും തന്നെ തിന്നുന്നവനെ..

മുദ്ര മോതിരം കണ്ടപ്പോൾ മാത്രം ദുഷ്യന്തനോർമ്മ വന്നു?..വെറും നുണ!

തന്റെ മരണമറിഞ്ഞിട്ടാവും പാവം കോഴി പാതിരാവിൽ കൂവിയത്‌..

ശരീരമില്ലാതെയെങ്ങനെ സഞ്ചരിക്കാം?..പാഠം ഒന്ന്..പ്രേതങ്ങളുടെ പാഠശാല.

മറയ്ക്കല്ലേ, മൈലാഞ്ചി കൈകൊണ്ട്‌ മൊഞ്ചുള്ള നിൻ മുഖം!

എന്റെ വിരൽത്തുമ്പിപ്പോഴും അച്ഛന്റെ കൈക്കുള്ളിൽ സുരക്ഷിതമാണ്‌..

ഉറങ്ങുമ്പോൾ വാവയുടെ വലതു കാൽ അമ്മയുടെ പുറത്ത്‌ തന്നെയെപ്പൊഴും!

മുത്തിനെ സൃഷ്ടിച്ച ചിപ്പിയെക്കുറിച്ചാരുമെഴുതാത്തതാണെന്റെ ദുഃഖം..

വാ തുറന്നു കരയുന്നുണ്ട്‌ ഒരു ചിപ്പി കടപ്പുറത്ത്‌,
തന്നിൽ നിന്നും കവർന്നെടുത്ത മുത്തിനെയോർത്ത്‌..

സ്വപ്നങ്ങൾക്കും മധുരമുണ്ടായിരുന്നു ഒരിക്കൽ..

കാമാട്ടിപ്പുരകളിൽ കാമമില്ല..അവിടെയുള്ളത്‌ വിശപ്പുമാത്രം..

കാശിയിൽ ചെന്നു മരിക്കാൻ പോയവർ കാറപകടത്തിലാണ്‌ മരിച്ചത്‌..

മർത്ത്യനറിയില്ലയിപ്പൊഴും, മണ്ണും മഴയും വെട്ടവും മുന്തിരിച്ചാറാവുന്നതെങ്ങനെയെന്ന്!

ഒരു പച്ചില സൃഷ്ടിക്കാൻ കഴിയാത്തവർ ഒരു പച്ചക്കാട്‌ തന്നെ നശിപ്പിക്കുന്നു..

കറുപ്പിൻ സാന്നിധ്യമത്ര വെളുപ്പിൻ നിലനിൽപ്പിന്നാധാരം..

ഏറ്റു പറയുന്നുണ്ടാലിൻ ഇലകൾ,
കാറ്റ്‌ പറഞ്ഞൊരായിരം കഥകൾ

സ്വാതന്ത്ര്യം സമ്മാനിച്ച തടവറയിലാണിപ്പോഴും നമ്മൾ..

പനിച്ചൂടിലെഴുതിയ അക്ഷരങ്ങൾക്ക്‌ ചൂടെന്ന് കടലാസ്സിന്റെ പരാതി..

വിണ്ണിൽ നിന്നും വഴിതെറ്റി മണ്ണിൽ വീണ നക്ഷത്രങ്ങളത്രെ കവികൾ!

കടപ്പുറത്തടിഞ്ഞ കുപ്പിക്കകത്തു ഞാൻ കണ്ടു,
കാലം തെറ്റി വന്നൊരു പ്രണയ കാവ്യം..

രാമബാണത്തേക്കാൾ ബാലിക്ക്‌ നൊന്തത്‌,
രാമന്റെ വാക്കുകൾ തന്നെയാവണം..

നൂറ്റാണ്ടുകളായി ഞാനിവിടുണ്ട്‌,
ജനിച്ചും, മരിച്ചും പുനർജ്ജനിച്ചും...

കരയുടെ കണ്ണീരുപ്പത്രെ, കടൽവെള്ളം മുഴുക്കെയും..

അർദ്ധനാരീശ്വരനെയാരാധിക്കുന്നവർ, അർദ്ധനാരികളെ പരിഹസിക്കുന്നുവോ?

ശബ്ദങ്ങളല്ല, ശബ്ദങ്ങൾക്കിടയിലെ മൗനമത്രെ സംഗീതം!

കാർമേഘങ്ങളെ മാറി നിൽക്കു!
നിലാവിനെ കാത്തിരിക്കുന്നു താഴെ താമരമൊട്ടുകളായിരം!

പലതും പറയാതെ പറയുന്നുണ്ട്‌, ചേറിൽ വിരിയും താമരകൾ..

ശരിയായ പഠനം, ശരിയായ കാലടികൾ പിൻതുടരുകയത്രെ..

ചായക്കോപ്പയിൽ നോക്കാറുണ്ട്‌ ഞാനെന്നും.
ഒരു ചെറിയ കൊടുങ്കാറ്റെങ്കിലും..

മതങ്ങളായിരമുണ്ടായിട്ടും, മനുഷ്യരെന്തെ ഇങ്ങനെ..?

തണലും നിഴലുമായുള്ള തർക്കം തീർത്തത്‌ വെളിച്ചമായിരുന്നു..

കണ്ണു തുറക്കാത്ത കുരുവിക്കുഞ്ഞുങ്ങൾക്ക്‌ പഴം പൊട്ടിച്ചു കൊടുക്കുന്നു അണ്ണാറക്കണ്ണന്മാർ..

കാണുന്നുണ്ട്‌ ഞാനൊരോ കുരുന്നിലും, അമ്പാടിക്കണ്ണന്റെ കുസൃതികൾ!

മകനെ! നിൻ പിഞ്ചുപാദങ്ങൾ താമരയിതളുകൾ!

ഞാൻ തളരുന്നത്‌ വിശ്വാസത്തിനും യുക്തിക്കുമിടയിൽ ഓടുമ്പോഴാണ്‌..

വിളറിപ്പോയ മുടിയിഴകളെന്നെ ഓർമ്മിപ്പിക്കുന്നതെന്താവാം?

അറിയാവുന്ന അക്ഷരങ്ങൾ ചേർന്നൊരുക്കുന്നു, അറിയാത്ത ഭാവങ്ങളുടെ കവിത..

സുന്ദരമെല്ലാം ക്ഷണികമാണ്‌. ക്ഷണികമായതെല്ലാം എന്തിത്ര സുന്ദരമാകുന്നു?

കൊഴിയുന്ന പൂവിതളിനെ പോലും കാറ്റ്‌ ആശ്വസിപ്പിച്ചിട്ടുണ്ടാവാം..

ഒരോ മനുഷ്യനും ഒരു ചുമട്ടുകാരനാണ്‌..ഓർമ്മകളുടെ ചുമട്ടുകാരൻ..

എത്ര വിരോധാഭാസം! എല്ലാ സംഗീതവും മൗനത്തിൽ നിന്നത്രെ ജനിച്ചത്‌!

ഏറ്റവും വേഗതയേറിയ യാത്ര ഓർമ്മകളിൽ കൂടി മാത്രമാണ്‌.

എന്റെ മരണത്തെക്കുറിച്ചോർത്ത്‌ ഞാനിപ്പോഴേ കരയട്ടെ!
ചിലപ്പോൾ മരിച്ചു കഴിഞ്ഞ്‌ സമയമുണ്ടാവില്ലെങ്കിലോ!

കേട്ട ഏതൊരു ഗാനവും ഞാൻ വീണ്ടും കേൾക്കും,
എന്റെ മനസ്സിന്റെ നിശ്ശബ്ദതയിൽ..

Post a Comment

Sunday, 11 November 2012

ഇനി പറയാനുള്ളത്‌..

എന്റെ പ്രാണനോട്‌

ഉടലിൻ ഉടുപ്പുനീയൂരിയെറിഞ്ഞാരു-
മറിയാത്തിടത്തേക്ക്‌ മറയുന്ന നേരം,
മറക്കാതെ കൊണ്ടു പോയീടണം നീയെന്റെ,
കനലുപോലെരിയുന്ന പ്രണയത്തിന്നോർമ്മകൾ..
------------------------------------------------------
തമ്പുരാനോട്‌

ഒരു പക്ഷെ ഞാനിങ്ങു ജനിച്ചുവെന്നാകിൽ,
മടക്കിത്തരേണമെൻ പ്രണയത്തിന്നോർമ്മകൾ..
------------------------------------------------------
എന്നോട്‌

കണ്ടെത്തും ഞാന്റെ പ്രാണന്റെ പകുതിയെ
മണ്ണിലോ മരുവിലോ എവിടെയെന്നാകിലും..
അന്നു ഞാൻ വീണ്ടുമെൻ പ്രണയത്തിന്നഗ്നിയാൽ,
കൊളുത്തിടും നിന്നുള്ളിൽ മുജ്ജന്മ പ്രേമം..

Post a Comment

Tuesday, 6 November 2012

വെളിച്ചത്തിന്റെ കൈ


ഞാൻ സുന്ദരിയായിരുന്നു. ഇന്നും സുന്ദരിയാണ്‌. എനിക്ക്‌ പ്രണയമുണ്ടായിരുന്നു. ഇന്നും പ്രണയിക്കുന്നു. എനിക്കൊന്നിലധികം പേരുകളുണ്ട്‌. അവ ഞാൻ അവസരോചിതമായി ഉപയോഗിക്കാറുണ്ട്‌. എനിക്ക്‌ താമസിക്കാനിടമില്ല. എന്നാലെനിക്കെവിടെയും താമസിക്കാൻ കഴിയും. ഞാനൊരു കടങ്കഥയല്ല. ഞാൻ..വെറും..വെറുമൊരു മനുഷ്യസ്ത്രീ മാത്രം. അസ്ഥികൂടത്തിനു മുകളിൽ ഉറപ്പിച്ച മാംസപേശികളും, അവയെ വരിഞ്ഞു ചുറ്റിയ ഞരമ്പുകളും അവയുടെയുള്ളിൽ ഒഴുകുന്ന ചുവന്ന ദ്രാവകവും..എല്ലാറ്റിനും പുറമെ കൊഴുപ്പും, ചർമ്മവും, നഖങ്ങളും, മുടിനാരുകളും.. എന്നെ നിർമ്മിച്ചിരിക്കുന്നത്‌ ഈ വക പദാർത്ഥങ്ങൾ കൊണ്ടാണ്‌. നിങ്ങളുടേതു പോലെ തന്നെ. ഏതാണ്ടെല്ലാം നിങ്ങളുടേതു പോലെ..നിങ്ങളിൽ നിന്നെന്നെ..അല്ലെങ്കിൽ എന്നിൽ നിന്ന് നിങ്ങളെ വ്യത്യസ്തമാക്കുന്നത്‌ രണ്ടു കാര്യങ്ങൾ മാത്രം - എന്റെ ചിന്തകളും എന്റെ പ്രവൃത്തികളും. അവ വ്യത്യസ്തങ്ങളല്ലായിരുന്നെങ്കിൽ, ഞാനും നിങ്ങളും തമ്മിൽ എന്തു വ്യത്യാസമാണെന്നുള്ളതെന്ന് വൃഥാ വിചാരിച്ച്‌, ആശങ്കപ്പെട്ട്‌, പേരറിയാത്ത ഒരു മാനസിക അസ്വാസ്ഥ്യം അനുഭവിക്കേണ്ടി വന്നേനെ!.

എനിക്ക്‌ പ്രണയിക്കാൻ കഴിയും എന്ന് സ്വയം ബോധ്യപ്പെട്ടത്‌ ഒൻപതാം വയസ്സിലായിരുന്നു. എന്നാൽ 'പ്രണയിക്കാതെ പ്രണയിക്കുക' എന്നതിന്റെയർത്ഥം മനസ്സിലാക്കാൻ പിന്നേയും വർഷങ്ങളെടുത്തു. എന്നെ പ്രണയിച്ചവരെ ഞാൻ നിരാശരാക്കിയില്ല. ഞാനത്‌ കൊടുത്തു കൊണ്ടിരുന്നു. പ്രണയം ഒരുറവ പോലെ എന്റെയുള്ളിൽ നിന്ന് പൊട്ടി പുറപ്പെട്ടു കൊണ്ടിരുന്നു. ഒരിക്കലും വറ്റാത്ത ഒരുറവ പോലെ. പ്രണയത്തിനെ ഒരക്ഷയ പാത്രമാവുകയായിരുന്നു ഞാൻ. ചിലർ എന്റെ പ്രണയം തേടിയത്‌ എന്റെ ശരീരത്തിലൂടെയായിരുന്നു. ചിലർ എന്റെ മനസ്സിലൂടെയും. രണ്ടു വ്യത്യസ്ത മാർഗ്ഗങ്ങൾ. വ്യത്യസ്ത രീതികൾ. അവരുടെ സന്തോഷത്തിലും സംതൃപ്തിയിലും ഞാനാന്ദം കണ്ടെത്തി. അവരെന്നെ ആനന്ദിപ്പിക്കാൻ കറൻസിനോട്ടുകൾ കൊണ്ടു മൂടി. ചെറുതും വലുതുമായ സമ്മാനങ്ങൾ എന്റെ കാൽക്കൽ വെച്ചു.

എന്നെ തേടി വന്നവരെ തിരിച്ചറിയാനെളുപ്പമായിരുന്നു. ആത്മവിശ്വാസം കുറഞ്ഞ, ഉള്ളിൽ വേദനകളും നഷ്ടബോധവും ചുമക്കുന്നവർ. അവരോട്‌ എങ്ങനെയാണ്‌ സഹതാപം തോന്നാതിരിക്കുക?. ലോകം എത്ര ചെറുതാണെന്നും, ഇവിടെ ജീവിതം എത്ര അർത്ഥശൂന്യമാണെന്നും എനിക്കവരോട്‌ വേദാന്തം പറയാൻ താത്പറയമുണ്ടായിരുന്നില്ല. കാരണം ആ ഒരു അറിവ്‌ തന്നെ അർത്ഥശൂന്യമാണെന്ന തിരിച്ചറിവ്‌ തന്നെ!.

ഒരു ഇരുട്ടിൽ വെച്ചാണ്‌ ഞാനയാളെ കണ്ടുമുട്ടുന്നത്‌. നര നിറഞ്ഞ താടി ഉണ്ടായിരുന്നയാൾക്ക്‌. എല്ലാമുപേക്ഷിച്ചയാളെന്ന് സ്വയം ബോധ്യപ്പെടുത്താൻ പരാജയപ്പെട്ടെതു കൊണ്ടോ, അയാൾ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഉതകും വിധം ആ പ്രത്യേക നിറമുള്ള വസ്ത്രമാണ്‌ ധരിച്ചിരുന്നത്‌. അയാൾ ക്ഷീണിതനാണെന്ന് ആദ്യ ദർശനത്തിൽ തന്നെ ബോധ്യമായി. മാത്രമല്ല, അയാൾ  പ്രണയ പരവശനല്ലെന്നും, പ്രണയ രഹിതനാണെന്നും എനിക്ക്‌ മനസ്സിലായി. ഒരു വാക്ക്‌ പോലും അയാൾ ഉരിയാടിയില്ല. മറ്റൊന്നുമല്ല, അയാൾ നിദ്രയിൽ അഭയം പ്രാപിച്ച സമയമായിരുന്നു അത്‌. ആരും നിദ്ര സ്വീകരിക്കുന്നില്ല. നിദ്ര ആരേയും തേടി വരുന്നുമില്ല. എല്ലാവരും നിദ്ര തേടി പോവുകയാണ്‌. നിദ്രയിൽ അഭയം പ്രാപിക്കുകയാണ്‌. കണ്ണുകളിറുക്കിയടച്ച്‌, സ്വയം ഇരുട്ട്‌ സൃഷ്ടിച്ച്‌, ഇരുട്ടിൽ മറഞ്ഞ്‌, ഒതുങ്ങി, പതുങ്ങി..വെളിച്ചത്തിലും ഇരുട്ട്‌ സൃഷ്ടിക്കാൻ കഴിയുക. അത്‌ അഭിനന്ദിക്കപ്പെടേണ്ട കഴിവ്‌ തന്നെ. ഞാനയാൾ ഉണരുന്നതും കാത്ത്‌ അടുത്തിരുന്നു. ചിലപ്പോൾ കൗതുകം ഒരു കാരണമാകാറുണ്ട്‌. പലതും കൗതുകത്തിൽ നിന്നാണാരംഭിക്കുന്നതെന്ന് ഞാനെന്റെ കൗമാരപ്രായത്തിൽ ഏതോ ഒരു ഘട്ടത്തിൽ മനസ്സിലാക്കിയിരുന്നു. കൗതുകത്തിൽ നിന്ന് പലവഴികൾ പിരിഞ്ഞു പോകുന്നു. ഏതു വഴിയിലൂടെ സഞ്ചരിച്ചാലും അപ്രതീക്ഷിതമായ ചില കാര്യങ്ങൾ പ്രതീക്ഷിക്കാം. പ്രതീക്ഷിക്കാവുന്ന ഒരേയൊരു കാര്യം അപ്രതീക്ഷിതമായ കാര്യങ്ങൾ എന്നതു തന്നെ വിചിത്രമായ കാര്യമല്ലേ?. ചിലപ്പോൾ ഈ ചിന്ത പോലും വിചിത്രമാകും. ദിവാസ്വപ്നങ്ങളിലൂടെയാണ്‌ ഞാൻ വിചിത്രമായ ചിന്തകളിലേക്ക്‌ പ്രവേശിക്കുന്നത്‌. വിചിത്രമായ ചിന്തകളാണ്‌ എല്ലാപേരുടേയും ജീവിതം വൈവിധ്യം കൊണ്ട്‌ നിറയ്ക്കുന്നത്‌.

ഉറക്കത്തിലയാൾ ഞരങ്ങുകയും, പലവട്ടം തിരിഞ്ഞും മറിഞ്ഞും കിടക്കുകയും ചെയ്യുന്നത്‌ കണ്ണിമയ്ക്കാതെ ഞാൻ നോക്കിയിരുന്നു. പരിശീലനം കൊണ്ട്‌ സ്വയം സാധിച്ചെടുത്ത കഴിവാണത്‌. ഇരുട്ടിൽ കണ്ണടയ്ക്കാതെ, നിദ്രയെ മാറ്റി നിർത്തുന്ന ആ സിദ്ധി എന്നെ ഒരു പാട്‌ സഹായിച്ചിട്ടുണ്ട്‌, എന്റെ പ്രണയദാന പ്രവൃത്തിയിൽ..

അയാളും ഞാനും ഒരു പാലത്തിനു താഴെയായിരുന്നു. പാലത്തിന്റെ വലിയ തൂണുകളിലൊന്നിൽ അയാളൊരു തുണിക്കെട്ട്‌ ചാരിവെച്ചിരുന്നു. അതിൽ തല ചായ്ച്ചായിരുന്നു കിടന്നുറങ്ങിയിരുന്നത്‌. വളരെ സൗകര്യ പ്രദമായ ഒരു നിലയിലായിരുന്നു കിടപ്പ്‌. പകൽ സമയങ്ങളിൽ ഇടവേളകൾ കണ്ടെത്തിയാണ്‌ ഞാനുറങ്ങുക. അതു കൊണ്ട്‌ ഇരുട്ടിൽ കുറച്ചധികനേരം കണ്ണു തുറന്നു വെയ്ക്കുവാനെനിക്ക്‌ കഴിയും. പരിശീലനം കൊണ്ട്‌ എന്തും സാധ്യമാണെന്ന് ചെറുപ്പത്തിലാരോ പറഞ്ഞത്‌ പ്രാവർത്തികമാക്കാനെനിക്ക്‌ സാധിച്ചു. ഏതിരുട്ടിലും വെളിച്ചത്തിന്റെ നേരിയ കണികകൾ ബാക്കിയുണ്ടാവും. അതു കണ്ടെത്തുക ഒരു കഴിവാണ്‌. ആ കഴിവും ഞാൻ നേടിയിരുന്നു.

പാലത്തിനു മുകളിലൂടെ ഭാരമേറിയ ഏതോ ഒരു വാഹനം ചീറി പാഞ്ഞു പോയി. ആരേയും ഗൗനിക്കാതെ, നിശ്ശബ്ദതയെ വെല്ലുവിളിക്കും പോലെ ഉച്ചത്തിലൊരു ഹോൺ മുഴക്കിയാണത്‌ പോയത്‌. അത്‌ ധാർഷ്ട്യത്തിന്റെ ശബ്ദമായിരുന്നു.

ഉറക്കം മുറിഞ്ഞ്‌ അയാൾ കണ്ണു തുറന്നു നോക്കി. ഭയം മുഴുവനും ആ കണ്ണുകളിൽ ആവാഹിച്ചിരുന്നയാൾ. ഒരു പക്ഷെ ആ ശബ്ദത്തേക്കാൾ മുറുക്കി ചുവപ്പിച്ച ചുണ്ടുകളും, ചുവന്ന മൂക്കുത്തിയും, നെറ്റിയിൽ പതിപ്പിച്ച വലിയ ചുവന്ന പൊട്ടും കൊണ്ടലങ്കൃതമായ എന്റെ മുഖം അയാളെ ഭയപ്പെടുത്തിയിട്ടുണ്ടാവണം.

'എന്താ?' കണ്ണിമയ്ക്കാതെയുള്ള അയാളുടെ ചോദ്യത്തിൽ ഉറക്കത്തിന്റെ ആലസ്യമുണ്ടായിരുന്നില്ല. ഭയം മാത്രം. എന്റെ നേർക്ക്‌ നോക്കുന്ന പലരിലും ഞാനിതേ ഭാവം കണ്ടിട്ടുണ്ട്‌. എന്നെയും ഭയക്കാൻ ചിലർ!
'ഏയ്‌! ഒന്നുമില്ല..' സ്വാഭാവികമായ ചിരി നിറച്ച്‌ ഞാൻ മറുപടി പറഞ്ഞു.

ഒന്നും മിണ്ടിയില്ല അയാൾ. ശ്രമപ്പെട്ട്‌ എഴുന്നേറ്റിരുന്നു. തൂണിൽ ചാരിയിരുന്ന് കാലുകൾ മുന്നോട്ട്‌ നീട്ടി വെച്ച്‌ എന്നേ നോക്കി. അയാളുടെ മുഖത്ത്‌ വീണ്ടും ക്ഷീണം നിറഞ്ഞിരിക്കുന്നു. ഭയം പാടെ മാഞ്ഞു പോയിരിക്കുന്നു.
'നീയെന്താ ഇവിടെ?'
സൗഹൃദം സ്ഫുരിക്കുന്ന ശബ്ദം. അപരിചിത്വം തീരെയില്ല. ഒരു സുഹൃത്തിനോടെന്ന പോലെയാണ്‌ ചോദിക്കുന്നത്‌. അയാൾക്ക്‌ ഞാൻ എങ്ങനെയുള്ള ആളെന്നു മനസ്സിലായില്ല? - ഞാൻ സംശയിച്ചു. എന്റെ വസ്ത്രധാരണവും, മുഖത്തെ ചമയങ്ങളും കണ്ട്‌ ഞാനാരാണെന്ന് മനസ്സിലാക്കാൻ അധികമാർക്കും ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ലല്ലോ. എന്നെ പോലെ എത്ര പേരുണ്ടാവണം ഈ നഗരത്തിൽ, ഈ തെരുവുകളിൽ..ഇതു പോലെ ഭാരമേറിയ വാഹനങ്ങൾ കുതിച്ചു പായുന്ന പാലങ്ങൾക്കടിയിൽ?
ചോദ്യത്തിനു മറുപടി പറയാതെ ഞാൻ മറുചോദ്യമെറിഞ്ഞു.
'നിങ്ങളെന്താ ഇവിടെ?'
'ഞാനിവിടെ പെട്ടു പോയതാണ്‌. എങ്ങനെയോ..വരുന്ന വഴി..' അതു പറഞ്ഞ്‌ ചുറ്റും നോക്കുന്നതു കണ്ടു. അയാൾ രാത്രിയിൽ ഇവിടെ എത്തിപ്പെട്ടതാണ്‌.
'ഞാനും പെട്ടു പോയതാണ്‌..എങ്ങനെയോ..'
എന്റെ മറുപടി കേട്ടയാൾ എന്നെ തന്നെ കുറച്ചു നേരം സൂക്ഷിച്ചു നോക്കിയിരുന്നു. എങ്ങനെയാണ്‌ രണ്ടുപേരുടെയും ചോദ്യത്തിനു ഒരേ ഉത്തരം വന്നതെന്നയാൾ അതിശയിച്ചിട്ടുണ്ടാവും.
അയാൾ തുടർന്നു.
'ഞാനൊരു യാത്രയിലാണ്‌..എങ്ങോട്ടോ..'
'ഞാൻ എങ്ങോട്ടും പോകുന്നില്ല.പക്ഷെ എല്ലാരും എന്നെ തേടി വരും!' കുസൃതിയോടെ ഞാൻ പറഞ്ഞു.
തുടർന്നയാൾ സംസാരത്തിൽ താത്പര്യം കാണിച്ചില്ല.
കുറച്ചു നേരം അയാളെ തന്നെ നോക്കിയിരുന്ന ശേഷം ദയയോടെ ചോദിച്ചു,
'വിശക്കുന്നോ?'
അയാൾ എന്തു പറയണം എന്നാലോചിക്കുകയാണ്‌. വിശപ്പുണ്ടോ എന്നാരെങ്കിലും ആലോചിക്കുമോ?! അതെന്തു പാടാണ്‌!. എനിക്കു ചിരി വന്നു. പക്ഷെ ചിരിച്ചില്ല. അയാൾ വിശന്നിരിക്കുകയാണെങ്കിലോ?. വിശക്കുന്നവന്റെ മുൻപിൽ ചിരിക്കുന്നവരല്ലേ അധികം പേരും? അവർക്ക്‌ വിശപ്പും ഒരു വലിയ തമാശയാണ്‌. വിശപ്പറിയാത്തവർ. അവരിൽ ഭൂരിപക്ഷം പേർക്കും കൊതിയാണ്‌, ആർത്തിയാണ്‌. അവരെങ്ങനെ വിശപ്പറിയും?

'എന്താ ഞാൻ തന്നാൽ കഴിക്കൂല്ലേ?. ഞാനയാളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു. രാത്രി ഉറക്കം നഷ്ടപ്പെട്ടിരിക്കുന്ന ഒരാളോട്‌ ഇങ്ങനെ തന്നെ പെരുമാറണം!. പക്ഷെ ഞാൻ കൗതുകത്തിൽ ആകൃഷ്ടയായി പോയി. ഒരോ നിമിഷവും ശരിക്കും ആസ്വദിച്ചു ജീവിക്കുന്ന ഒരുവളാണ്‌ ഞാൻ. ചോദ്യങ്ങൾ എന്റെ വിനോദത്തിന്റെ ഭാഗമാണ്‌. ഇതു പോലെയെത്രയെത്ര ചോദ്യങ്ങൾ!. യുക്തിക്ക്‌ നിരക്കാത്ത ഉത്തരങ്ങൾ!. ചിലപ്പോൾ തോന്നും, യുക്തിക്കു നിരക്കാത്ത വിചാരങ്ങൾ പങ്കു വെയ്ക്കാനാരുമില്ലാത്തതാവണം പലരുടേയും ദുഃഖത്തിനു കാരണമെന്ന്. യുക്തിയുള്ളവർ എന്റെ അടുക്കലേക്ക്‌ വരേണ്ട കാര്യമില്ലല്ലോ!.
'നിങ്ങളെന്തിനാ യാത്ര പോകുന്നത്‌?'.
ഞാൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു.
എനിക്ക്‌ ഉത്തരങ്ങളൊന്നും ലഭിച്ചില്ലെങ്കിൽ കൂടിയും.
അയാളിപ്പോൾ ആലോചിച്ചു തുടങ്ങി.
അതിതൊക്കെയാവണം എന്നു ഞാനൂഹിച്ചു.
'ഒഴിവാക്കാനാവാത്ത യാത്രയാണോ?'
'യാത്രയുടെ ലക്ഷ്യമെന്താണ്‌?'
'തിരിച്ചു വരവുണ്ടാകുമോ?'

അയാൾ അതൊന്നുമല്ല ആലോചിച്ചതെന്ന് പിന്നീട്‌ ചോദിച്ച ചോദ്യം കേട്ടപ്പോൾ മനസ്സിലായി.
'നിനക്കുറക്കം വരുന്നില്ലേ?'
'ഉം ഉം..എനിക്ക്‌..ഒറ്റയ്ക്കുറങ്ങാൻ പറ്റില്ല!' ഞാൻ വീണ്ടും കുസൃതി അഭിനയിച്ചു.
അയാളുടെ അടുത്ത പ്രതികരണം എന്നെ ശരിക്കും ഞെട്ടിച്ചു. അതിങ്ങനെയായിരുന്നു.
'എന്നാലെന്റെ കൂടെ കിടന്നോ!'
എന്തോ സഹായം വാഗ്ദാനം ചെയ്യുന്നതു പോലെയോ, ദയ കാട്ടുന്നതു പോലെയായിരുന്നു അയാളുടെ സ്വരം.
ഞാനയാളുടെ അടുക്കലേക്ക്‌ നീങ്ങി അയാളുടെ കാലിനു സമീപം കിടന്നു. വാഗ്ദാനം തന്നതല്ലേ?
അയാളെന്റെ തലയിൽ മൃദുവായി തലോടി തുടങ്ങി. എന്റെ കണ്ണുകൾ നിറയുന്നത്‌ ഞാനറിയുന്നുണ്ടായിരുന്നില്ല. വർഷങ്ങൾക്ക്‌ മുൻപ്‌ ഇതു പോലെ എന്നെ ഒരാൾ തലോടിയിരുന്നു. ആ കൈ മുറുക്കെ പിടിച്ചു മാത്രമേ ഞാനുറങ്ങുമായിരുന്നുള്ളൂ.

ഞാൻ ചെറുതാവുകയും, എന്റെ മനസ്സ്‌ ഒരു നിമിഷം ശൂന്യമാവുകയും ചെയ്തു. ഞാൻ കണ്ണുകളിറുക്കിയടച്ചു. വർഷങ്ങൾക്ക്‌ ശേഷം ഒരിക്കൽ കൂടി ഇരുട്ടിന്റെ സുഖം ഞാനറിഞ്ഞു. വർഷങ്ങൾക്ക്‌ മുൻപ്‌ നഷ്ടപ്പെട്ടതെനിക്ക്‌ തിരിച്ചു കിട്ടുകയായിരുന്നു. എനിക്ക്‌ വിതുമ്പാതിരിക്കാനാവുമായിരുന്നില്ല. ഒരു നിമിഷം അയാൾ തലോടുന്നത്‌ നിർത്തി. പിന്നെ വീണ്ടുമന്റെ ശിരസ്സിൽ തലോടി തുടങ്ങി.
എനിക്കുറങ്ങാൻ കൊതിയായി.
ഉറക്കമെന്നെ തേടി വരും മുൻപെ, ഞാനുറക്കത്തെ തേടിപ്പിടിച്ചിരുന്നെങ്കിൽ എന്നാശിച്ചു, ആത്മാർത്ഥമായി.

ആലോചനകൾ എപ്പോഴോ എന്നെ വിട്ടൊഴിഞ്ഞു. ഞാൻ ദൈവത്തിനെ പോലെയുറങ്ങി.

സ്വപ്നങ്ങളിലൂടെ ഞാൻ സഞ്ചരിച്ചു. സ്വപ്നങ്ങളിൽ വന്നത്‌ മുഴുവനും അപരിചിതരായിരുന്നു. തികച്ചും അപരിചിതർ മാത്രം. ഞാൻ പരിചയപ്പെട്ട, പേരറിയാത്ത അപരിചിതർ. അവരുടെ സ്നേഹം, അവരുടെ സമ്മാനങ്ങൾ..എന്റെ സന്തോഷം..ഞാനും എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും..

ഞാനുണരുമ്പോൾ അയാൾ ഉറങ്ങിയിരുന്നു. എങ്കിലും അയാളുടെ കൈത്തലം എന്റെ ശിരസ്സിൽ വിശ്രമിക്കുന്നുണ്ടായിരുന്നു.
ഇനിയെന്റെ ഊഴം. ഞാനയാളെ എന്റെ സാരിത്തുമ്പ്‌ കൊണ്ട്‌ വീശിത്തണുപ്പിച്ചു. എനിക്കതല്ലേ ചെയ്യാനാകൂ? തണുപ്പ്‌ പകരാനും, ചൂട്‌ പകരാനും ഒരേ പോലെ കഴിവുള്ള ഒരേയൊരു സൃഷ്ടി മനുഷ്യനല്ലേ?

മറ്റൊരു നീണ്ട ഹോൺ ശബ്ദം കേട്ടാണ്‌ അയാളുണർന്നത്‌. ഉണർന്ന് ചുറ്റും നോക്കിയിരുന്നു. നേരം പുലരാറായിരുന്നപ്പോൾ. ഇടയ്ക്ക്‌ എന്നെ നോക്കി ചിരിച്ചു. എന്താ എന്നോടൊന്നും മിണ്ടാത്തതെന്ന് എനിക്കാധിയായി. ഇനി പകൽ വെളിച്ചത്തിൽ കണ്ടതു കൊണ്ടാവുമോ?
'എന്നെ വെറുപ്പാണോ?' എനിക്കാ ചോദ്യം തടയാൻ കഴിഞ്ഞില്ല.
'രണ്ടും മനസ്സിലായില്ല' അയാൾ ചിരിച്ചു കൊണ്ട്‌ പറഞ്ഞു.
അയാൾ പറഞ്ഞത്‌ കേട്ട്‌ എനിക്കും ഒന്നും മനസ്സിലായില്ല.
'എന്ത്‌ രണ്ടും?'

'എന്നോട്‌ എന്നു പറഞ്ഞാൽ നീയാരാണ്‌?'
'വെറുപ്പെന്ന് പറഞ്ഞാൽ എന്താണ്‌?'

ഞാൻ ശരിക്കും കുഴങ്ങി പോയി. എത്ര നിസ്സാരമായ ചോദ്യങ്ങൾ. ചോദ്യങ്ങൾ ചോദിക്കാനെത്ര എളുപ്പമാണ്‌!.

'എന്റെ കയ്യിലുള്ളതല്ലേ എനിക്ക്‌ തരാൻ പറ്റൂ?' ആ ചോദ്യവും കൂട്ടിച്ചേർത്ത ശേഷം മുകളിൽ വൈദ്യുതി പായുന്ന കമ്പികളിൽ ഇരിക്കുന്ന പക്ഷികളെ സാകൂതം നോക്കിയിരുന്നു.

ശരിയാണ്‌. അയാൾ പറഞ്ഞത്‌ ശരിയാണ്‌. ഒരോരുത്തർക്കും ഉള്ളതല്ലേ കൊടുക്കാൻ കഴിയൂ? ഞാൻ പ്രേമം കൊടുക്കുന്നതു പോലെ. പക്ഷെ ഞാൻ ദാനം ചെയ്യുന്നില്ലല്ലോ..ചിലർക്കെങ്കിലും..ഞാൻ പ്രേമം വിൽക്കുകയാണ്‌. വിലയിട്ട്‌ വിൽക്കുന്നു. പ്രണയത്തിനു വില പറയുന്നത്‌ ജീവനു വില പറയുന്നത്‌ പോലെയാണ്‌. എത്ര വലിയ തമാശയാണത്‌!.

എന്റെ ആലോചനകൾ അയാൾ എങ്ങനെയോ മനാസ്സിലാക്കിയെന്നു തോന്നുന്നു..
'നിനക്കുള്ളതല്ലേ നിനക്ക്‌ കൊടുക്കാൻ പറ്റൂ അല്ലേ?'
'ഉം..' ഞാൻ തലകുനിച്ചു.
'പക്ഷെ നിനക്കുള്ളത്‌ എന്തൊക്കെയാണെന്ന് നിനക്കറിയില്ലല്ലോ!'
മനസ്സിലായില്ല..
'നിന്റെ കൈവശമുള്ളത്‌ എന്തെന്ന് നീയറിയണം'.
ചിലതിനു കാലദൈർഘ്യമുണ്ടാവും, ചിലതിനതുണ്ടാവില്ല..ചിലതിന്‌..അളവുണ്ടാവും, ചിലതിനളവുണ്ടാവുകയില്ല..'
അയാൾ മൗനത്തെകൂട്ട്‌ പിടിച്ച്‌ അനങ്ങാതെ ഇരുന്നു.

ഒരു ദീർഘ നിശ്വാസത്തിനു ശേഷം,
'സമയമില്ല..' എന്നു പറഞ്ഞെഴുന്നേറ്റു.
പുകമഞ്ഞു മാറിയിരുന്നില്ലയപ്പോൾ. രോമത്തൊപ്പിയണിഞ്ഞ്‌, കൈ വീശി വേഗത്തിൽ നടക്കുന്നവർ വഴികളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതേയുള്ളൂ.
വീണ്ടും ഞാൻ ഒറ്റയ്ക്കാവുന്നു.. ആൾക്കൂട്ടത്തിൽ ഒറ്റയ്ക്കാവുന്നതെത്ര അസഹ്യമാണ്‌. എന്റെ ദയനീയമായ നോട്ടം ഒരപേക്ഷയായിരുന്നു.
അയാളെന്റെ നേർക്ക്‌ കൈ നീട്ടി.
വെളിച്ചം എന്റെ നേർക്ക്‌ നീണ്ടു വരുന്നതു പോലെയായിരുന്നു അത്‌.
ഇരുണ്ട നിറമുള്ള കൈയുയർത്തി ഞാൻ വെളിച്ചത്തിനെ തൊട്ടു.

അക്ഷയ പാത്രം തുറന്നു. ഉറവ വറ്റാത്ത പ്രണയം..ഞാൻ പോലുമറിയാതെ പ്രണയം പ്രവഹിച്ചു തുടങ്ങി. ഞാൻ വെളിച്ചത്തിന്റെ കൈ പിടിച്ച്‌ പുകമഞ്ഞിലൂടെയിറങ്ങി നടന്നു..എന്റെ നിയോഗത്തിലേക്ക്‌..

62,445

Post a Comment

Sunday, 7 October 2012

അഭയാർത്ഥിയുടെ വഴി


ബസ്സിൽ നിന്നിറങ്ങുമ്പോൾ അയാൾ വസ്ത്രങ്ങൾ നിറച്ച കറുത്ത ബാഗ് മുറുക്കെ പിടിച്ചു. റബ്ബർചെരിപ്പിട്ട കാലുകൾ നിലം തൊട്ടതും പിന്നിൽ ബെല്ല് രണ്ടു വട്ടം ശബ്ദിച്ചതു കേട്ടു. പുക തുപ്പി, ശപിക്കും പോലെ മുരണ്ട്, ബസ്സ് കുതിച്ച് ഇരുട്ടിനുള്ളിലേക്ക് പോയി. കുറച്ച് നേരം അതു നോക്കി നിന്ന ശേഷം അയാൾ നടന്നു തുടങ്ങി. ആകാശക്കറുപ്പ്‌ താഴേക്ക് പടർന്നു കഴിഞ്ഞിരുന്നു അപ്പോൾ. സമീപം കണ്ട കടയിലേക്ക് കയറുമ്പോൾ ശ്രദ്ധിച്ചു, കടക്കാരൻ കട പൂട്ടി വീട്ടിലേക്ക് മടങ്ങാനുള്ള തിരക്കിലാണ്‌.

‘ഒരു...സോഡ...എടുക്കാനുണ്ടാവുമോ?’
തനിക്ക് തന്നെ അപരിചിതമായി തുടങ്ങിയ, തളർന്ന ശബ്ദത്തിലയാൾ ചോദിച്ചു.
‘സോഡ മാത്രമാണേൽ തരാം...കട അടച്ചു’
തിരിഞ്ഞു നോക്കാതെ കടക്കാരന്റെ മറുപടി വന്നു.
‘മതി’
മൂടി മാറ്റി സോഡാക്കുപ്പി കൈമാറുന്നതിനിടയിൽ കടക്കാരൻ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു,
‘ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ...എവിടെന്നാ?’
അയാൾ പറഞ്ഞ മറുപടി കേട്ട് കടക്കാരന്റെ കണ്ണുകളിൽ സംശയം നിറഞ്ഞു.
‘അവിടെയല്ലെ...ഈയിടെ...’
അതിനയാൾ മറുപടിയൊന്നും പറയാതെ സോഡാക്കുപ്പി വായിലേക്ക് കമഴ്ത്തി.
ഏതാനും പേരുടെ അസഹിഷ്ണുത നിറഞ്ഞ പ്രവൃത്തികൾ കാരണം കലാപകലകൾ ഏറ്റുവാങ്ങിയ മണ്ണും മനുഷ്യരും...ഒരു നിമിഷമയാളോർത്തു.
‘ഇവിടെയെന്താ?’ കടക്കാരൻ ചോദിച്ചു.
‘എന്റെയൊരു അകന്ന ബന്ധുവുണ്ട്...’ അയാൾ അശ്രദ്ധമായൊരു മറുപടി കൊടുത്തു.
‘എന്താ നിങ്ങടെ പേര്‌?’
‘സനാഥൻ’
‘അനാഥനോ?’ കടക്കാരൻ തെല്ലത്ഭുതത്തോടെ ചോദിച്ചു.
‘അല്ല...സനാഥൻ’.
‘അതൊരു വല്ലാത്ത പേരാണല്ലൊ...’ എന്നു പറഞ്ഞു കടക്കാരൻ, മുഖം ഓർത്തുവെയ്ക്കാനെന്ന വണ്ണം അയാളെ സൂക്ഷിച്ചു നോക്കി നിന്നു.

കുറ്റിരോമം വളർന്ന് തുടങ്ങിയ കവിളിൽ, ഒഴുകിയിറങ്ങാനാവാതെ തടഞ്ഞു പോയ സോഡാവെള്ളത്തിന്റെ തുള്ളികൾ തുടച്ച് കളഞ്ഞ് സനാഥൻ പോക്കറ്റിൽ നിന്നും കുറച്ച് നോട്ടുകളെടുത്ത് കടക്കാരന്റെ മുന്നിൽ വെച്ചു.

കാലിയാക്കി വെച്ച സോഡാക്കുപ്പി അകത്തേക്കെടുത്ത് വെച്ച് കടക്കാരൻ കടയുടെ അവസാനത്തെ പാളിയെടുത്ത് തിരിഞ്ഞു. സനാഥൻ യാത്ര പറഞ്ഞു നടന്നു. അവിടവിടെ മാത്രമേ വൈദ്യുതി വിളക്കുകൾ ഉണ്ടായിരുന്നുള്ളൂ. ചുറ്റുമുള്ള ഇരുട്ടിനെയകറ്റാൻ വിഫലശ്രമം നടത്തുന്ന വഴിവിളക്കുകൾ. മേഘങ്ങൾക്കിടയിൽ വെള്ളിക്കാവടിയുടെ ഒരു ഭാഗം മാത്രം കാണാം. ആ കാഴ്ച്ചയും മൂടാനെന്ന വണ്ണം ഒരു വലിയ മേഘശകലം പതിയെ ഒഴുകി വരുന്നു. നടക്കുന്നതിനിടയിൽ സനാഥൻ ഭയത്തോടെ ചുറ്റും നോക്കിക്കൊണ്ടിരുന്നു. ജനിച്ചു വീഴുമ്പോൾ ഭയന്നു കരയുന്നു. മരണമടുക്കുമ്പോഴും ഭയം വന്നു നിറയുന്നു. ആദ്യത്തേയും അവസാനത്തേയും മനുഷ്യവികാരം അതാവണമെന്നയാൾക്ക് തോന്നി.

ഇരുട്ട് പുതച്ചുറങ്ങുന്ന തെരുവുവീഥികൾ. വഴി തിരിച്ചറിയാൻ നല്ല ബുദ്ധിമുട്ടുണ്ട്. ഫോണിലൂടെ പറഞ്ഞു തന്ന അടയാളങ്ങളനുസരിച്ച് അയാൾ നടന്നു കൊണ്ടിരുന്നു. ബസ്സിറങ്ങിയ കവലയിൽ നിന്നാൽ കാണാവുന്ന ഗ്രന്ഥശാലയുടെ സമീപത്തു കൂടി പോയാൽ ഇടതുവശത്തേക്ക് കയറി പോകുന്ന ആദ്യത്തെ വഴി. അതിനു ശേഷം മുന്നോട്ട് പോയാൽ ഒരു ചെറിയ കാവ്‌. എല്ലാം പറഞ്ഞതു പോലെ തന്നെ. പക്ഷെ മങ്ങിയ വഴിവിളക്കുകൾ വഴിതെറ്റിക്കുമോ എന്നു ആശങ്കയുണ്ട്.

നിലാവിനെ പൂർണ്ണമായും മറച്ചു കൊണ്ട് മേഘങ്ങൾ ആകാശം നിറഞ്ഞു. അങ്ങിങ്ങായി തുറിച്ചു നോക്കുന്ന നക്ഷത്രങ്ങൾ മാത്രമായി രാത്രിക്ക് കാവൽ. കാഴ്ച കൂടുതൽ ദുഷ്ക്കരമായി. അവിടവിടെ നിന്ന് നായകളുടെ ഓരിയിടൽ കേൾക്കുന്നുണ്ട്. അവ ഓടിപാഞ്ഞ് വന്ന് അപരിചിതനായ തന്നെ കടിച്ചു മുറിവേല്പ്പിക്കുമോ എന്നയാൾ ഭയപ്പെട്ടു.

നടക്കുന്നതിനിടയിൽ ചില ശബ്ദങ്ങൾ കേട്ടതു പോലെ തോന്നി...ഓടിയടുക്കുന്ന കാലടി ശബ്ദങ്ങൾ. ശബ്ദങ്ങളെ ഇപ്പോൾ ഭയമാണ്‌. പ്രത്യേകിച്ചും കൂട്ടമായി പിന്തുടരുന്ന കാലടി ശബ്ദങ്ങൾ. തൊട്ടു മുൻപിലായി കണ്ട അടച്ചിട്ട ഒരു പെട്ടിക്കടയുടെ മറവിലേക്കൊതുങ്ങി. സമീപമുള്ള പോസ്റ്റിൽ ഏതോ കാട്ടുവള്ളികൾ പടർന്നുകയറിയിട്ട് ലക്ഷ്യമറിയാതെ മുകളിലേക്ക് നീണ്ടു നിൽപ്പുണ്ടായിരുന്നു.

ആദ്യം ഓടി വന്നത് ഒരു ചെറുപ്പക്കാരനായിരുന്നു. രണ്ട് കൈകളുമുയർത്തി, നിലവിളിച്ചു കൊണ്ട്, അതിവേഗത്തിലാണ്‌ അയാൾ വന്നത്. പ്രാണരക്ഷാർഥം എവിടെയെങ്കിലും ഓടി രക്ഷപ്പെടാനാണ്‌ അയാൾ പായുന്നതെന്ന് വ്യക്തമാണ്‌. പിന്നാലെ ഏഴോ എട്ടോ പേർ കൂടി വന്നു. അവരുടെ കൈകളിലെല്ലാം പലതരം ആയുധങ്ങളുണ്ടായിരുന്നു. വാളുകൾ, കത്തികൾ, വലിയ മരക്കഷ്ണങ്ങൾ... ഓടി വന്നയാൾ പിന്നാലെ വന്ന കൂട്ടത്തെ ഒരു വട്ടം തിരിഞ്ഞു നോക്കാൻ ശ്രമം നടത്തുകയും പെട്ടെന്ന് നില തെറ്റി വീഴുകയും ചെയ്തു. സനാഥനിരിക്കുന്നതിനു മുൻപിലായിട്ട്‌ ആണയാൾ ഉരുണ്ട് പിരണ്ട് വന്നു വീണത്. ഞെട്ടലോടെ പിന്നോക്കം ഇരുട്ടിലേക്ക് മാറുന്നതിനിടയിൽ സനാഥൻ കണ്ടു, പിന്നാലെ വന്നവർ വീണു കിടക്കുന്നയാളുടെ മേൽ ക്രൗര്യത്തോടെ, കടുത്ത പക തീർക്കും പോലെ ആയുധങ്ങൾ പ്രയോഗിക്കുന്നത്.
ഛക്ക്...ഛക്ക്...ഛക്ക്...ഛക്ക്...
പച്ചമാംസത്തിൽ വെട്ടുകൾ വീഴുന്ന ശബ്ദം. നിലവിളി അവസാനിച്ചിട്ടും, ചതഞ്ഞ മാംസത്തിൽ വെട്ടുകൾ വീഴുന്ന ശബ്ദം തുടർന്നു. വീണു കിടന്നയാൾ ചോര നിറഞ്ഞ മാംസക്കട്ടയായി കിടന്നു ഒന്നു രണ്ടു വട്ടം പിടച്ചു. വായിലൂടെ രക്തം പതഞ്ഞ് പുറത്തേക്ക് തെറിച്ചു കൊണ്ടിരുന്നു. ഒന്നു ഞരങ്ങിയ ശേഷം ആ ചുവന്ന മനുഷ്യകഷ്ണം നിശ്ചലമായി. ഇര നിശ്ചലമായെന്നുറപ്പായപ്പോൾ വന്ന വഴി തന്നെ കൂട്ടം വേഗത്തിൽ ഓടിപ്പോയി.

സനാഥൻ വിറച്ചു കൊണ്ടിരുന്നു. ഭയം കഴുത്ത് മുറുക്കിയത് കൊണ്ട് നിലവിളി ശബ്ദം പോലും അയാളിൽ നിന്ന് പുറത്തു വന്നില്ല. എന്തിനാണവർ ഇയാളെ ഇങ്ങനെ...ഒരു മനുഷ്യനെങ്ങനെ മറ്റൊരു മനുഷ്യനെ...ഇത്രയും ക്രൂരമായി... എത്ര പെട്ടെന്നാണവർ ഇരുട്ടിൽ മറഞ്ഞത്...ആരാണവർ? സനാഥൻ അടുത്ത് ചെന്ന് നോക്കി. മുഖം തിരിച്ചറിയാനാവാത്ത വിധം കൊത്തിയരിഞ്ഞിരിക്കുന്നു...തല പിളർന്നു പോയിരിക്കുന്നു. കൈകാലുകൾ അറ്റു പോയിരിക്കുന്നു... ഞെട്ടിത്തെറിച്ച് പിന്നോക്കം മാറിയപ്പോൾ സനാഥൻ കണ്ടു, തന്റെ ചെരുപ്പുകളിൽ ചോര പുരണ്ടിരിക്കുന്നു. മുന്നിൽ കിടക്കുന്ന മനുഷ്യജീവിയുടെ രക്തത്തിലാണ്‌ താൻ ചവിട്ടി നില്ക്കുന്നത്! സർവശക്തിയുമെടുത്ത് അയാൾ മുന്നിലേക്കോടി. ഇരുട്ട് വീണു കിടന്ന വഴികളിലൂടെ അയാൾ ഓടി കൊണ്ടിരുന്നു. കിതച്ചു തുടങ്ങിയപ്പോൾ അടുത്തു കണ്ട ഒരു പോസ്റ്റിൽ കൈ താങ്ങി നിന്നു. താൻ വഴി മാറി വന്നിരിക്കുന്നു. ശ്ശെ! എത്ര ഭീരുവാണ്‌ താൻ. ഒരു പക്ഷെ ആ മനുഷ്യനിൽ ജീവന്റെ ഒരു കണികയെങ്കിലും ബാക്കി നില്പ്പുണ്ടാവും. അയാളെ എത്രയും വേഗം ഒരാശുപത്രിയിൽ എത്തിച്ചാൽ... സനാഥൻ തിരിഞ്ഞ്, വന്ന വഴിയെ ഓടി തുടങ്ങി. അയാളുടെ ശരീരമാകെ വിയർപ്പു നിറഞ്ഞു. ഭയവും ഉത്കണ്ഠയും കാരണം ഹൃദയം അതിവേഗത്തിൽ മിടിക്കാൻ തുടങ്ങിയിരുന്നു.

തിരികെ വന്ന അയാൾ ആ പാത മുഴുവനും തിരഞ്ഞു. എന്നാൽ മുറിവേറ്റ ശരീരം അവിടെങ്ങും കാണുവാൻ കഴിഞ്ഞില്ല. താൻ അഭയം പ്രാപിച്ച പഴയ പെട്ടിക്കടയ്ക്കടുത്ത് തന്നെയാണിപ്പോൾ നില്ക്കുന്നത്. പോസ്റ്റും, പടർന്നു കയറിയ വള്ളിയും...എല്ലാം അതു പോലെ തന്നെ...എന്നാൽ വഴി ശൂന്യമായിരിക്കുന്നു. അവിടെ അശരണരെ പോലെ ചില കരിയിലകളല്ലാതെ മറ്റൊന്നുമില്ല. ചോരപ്പാടുകളോ ഒരാക്രമണം നടന്ന ലക്ഷണങ്ങളോ ഇല്ല. സനാഥൻ ഉടൻ തന്റെ ചെരിപ്പുകൾ പരിശോധിച്ചു. ഇല്ല, ചെരുപ്പുകളിലും ചുവന്ന പാടുകളൊന്നുമില്ല. അപ്പോൾ താൻ കണ്ടതെല്ലാം...? മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ കൊണ്ട് മനസ്സ് പകിട കളിക്കുകയാണോ?

സംശയങ്ങൾ നിറഞ്ഞ്, ആകെ കുഴഞ്ഞു പോയ മനസ്സുമായി സനാഥൻ വീണ്ടും നടന്നു തുടങ്ങി. എത്രയും വേഗം എത്തിച്ചേരണം. ഫോണിൽ കൂടി പറഞ്ഞു തന്ന വഴികൾ ഓർത്തെടുത്ത് അയാൾ ലക്ഷ്യസ്ഥാനത്തെത്തിച്ചേർന്നു. വീടിന്റെ വാതിൽ തുറന്ന് വീട്ടുകാരൻ കുറച്ച് നേരം സനാഥനെ തന്നെ നോക്കി നിന്നു.
‘ഞാൻ...സനാഥൻ...’
‘ങാ...വാ, നീയാകെ മാറി പോയല്ലോ...ലാസ്റ്റ് ബസ്സും പോയപ്പൊ ഞാൻ വിചാരിച്ചു നീയിനി നാളേ വരുവുള്ളൂന്ന്...എന്താ ലേറ്റായത്?’ പരിചയഭാവത്തിൽ വീട്ടുകാരൻ സംസാരിച്ചു തുടങ്ങി.
‘അത്...വഴീല്‌ ബസ് ബ്രേക്ക്ഡൗണായി...’
‘ഓ...നീ ആദ്യം ഒന്നും ഫ്രഷായിട്ട് വാ...എന്നിട്ട് സംസാരിക്കാം...ഞാൻ മുറി കാണിച്ചു തരാം‘

അകത്തെ മുറിയിലേക്ക് നടക്കുമ്പോൾ, മേശയുടെ അരികിൽ നില്ക്കുന്ന വീട്ടുകാരത്തിയും അവരുടെ സാരിയുടെ മറവിൽ നില്ക്കുന്ന കൊച്ചു പെൺകുട്ടിയേയും കണ്ടു. സനാഥൻ ഒന്നു ചിരിക്കാൻ ശ്രമിച്ചു. ശേഷം വീട്ടുകാരനെ അനുഗമിച്ചു.

രണ്ട് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഒരു തവണ പോലും അയാൾ വീടിനു പുറത്തേക്കിറങ്ങുകയുണ്ടായില്ല. ദിവസവും പത്രങ്ങൾ വായിക്കുകയും, മുറിയിൽ കണ്ട പുസ്തകങ്ങൾ വായിച്ചു കൊണ്ടിരിക്കുകയും ചെയ്തു. എന്നാൽ മൂന്നാം നാൾ വൈകുന്നേരം മുഷിവ് അയാളെ പുറത്തേക്ക് നടത്തിക്കുക തന്നെ ചെയ്തു.

ലക്ഷ്യമേതുമില്ലാതെ നടക്കുമ്പോൾ ചിന്തകൾ മാത്രമായി കൂട്ടിന്‌. ചിന്തകളുടെ കൈപിടിച്ച് ചോദ്യങ്ങളും. നാട് വിട്ടതു മുതൽ അനുഗമിക്കുന്ന സൈര്യക്കേട്. അസഹിഷ്ണുതയുടെ ആളിക്കത്തലിന്റെ തുടക്കമെവിടെയാവും? വിശ്വാസികളെ തമ്മിലടിപ്പിക്കുന്നതും കലാപങ്ങൾക്ക് തുടക്കമിടുന്നതും വിശ്വാസികൾ തന്നെയല്ലെ? ആണ്ടോടാണ്ട് ഒരു ആചാരം പോലെ ദുരന്തങ്ങളുടെ ഓർമ്മനാൾ അനുഷ്ടിക്കുന്നതെന്തിനാണ്‌? മറക്കാനാഗ്രഹിക്കുന്നതൊക്കെയും ഓർമ്മപ്പെടുത്തുന്നത് ആരാണ്‌? രൂപം കൊണ്ടു മാത്രം മനുഷ്യരെന്നു തോന്നിപ്പിക്കുന്നവർ...മുറിവുകൾ ഉണങ്ങാൻ അനുവദിക്കാത്തവർ...
ചിന്തകളെ വിടുവിച്ച് കളയാനെന്നവണ്ണം അയാൾ തല കുടഞ്ഞു.

സനാഥൻ ഒരു ബൂത്തിൽ കയറി ഫോൺ ചെയ്തു. എന്നാൽ ഉദ്ദേശിച്ച ആളുമായി സംസാരിക്കാനായില്ല. നിരാശയോടെ അയാൾ വീണ്ടും നടന്നു. ഇപ്പോഴെന്താവും തന്റെ നാട്ടിൽ? അവൾ...അവളിപ്പോഴെവിടെയാകും? താനൊരു ഭീരുവാണ്‌. സ്വന്തം രക്ഷ മാത്രം... പക്ഷെ തനിക്കവളെ ഒന്നു കാണാൻ കൂടി കഴിഞ്ഞില്ലല്ലോ. ഇതെല്ലാം താൻ തന്നെ കണ്ടെത്തുന്ന മുടന്തൻ ന്യായങ്ങളല്ലെ? ഒരുപക്ഷെ ചെന്നു വിളിച്ചിരുന്നെങ്കിൽ...

വീണ്ടുമയാൾ മുഖങ്ങളെ കുറിച്ചോർത്തു. പൈശാചിക രംഗങ്ങളുമായി കാഴ്ച്ച പരിചയിച്ചു കഴിഞ്ഞിരിക്കുന്നു. മുറവിളികളും മുറിവുകളും പരിചിത കാഴ്ച്ചകളായി മാറിയിരിക്കുന്നു. മുറിവേറ്റവർക്ക് ഒരു പേരേയുള്ളൂ - ഇരകൾ...പ്രദർശനവസ്തുക്കൾ. അവരെ വേട്ടയാടുന്നത് അവരുടെ തന്നെ ഓർമ്മകളും, ചുറ്റുമുള്ള മനുഷ്യർ എന്ന പേരുള്ള ഇരുകാലിവർഗ്ഗവും...ഇരുട്ട് വീണു തുടങ്ങുമ്പോൾ, അകലെ ക്ഷേത്രത്തിൽ നിന്നുമുയർന്ന മണിശബ്ദം കേട്ടു.

മുണ്ടിൻത്തുമ്പ് ഇടംകൈ കൊണ്ട് പിടിച്ച് ഇരുട്ട് വീണ വഴിയിലൂടെ സനാഥൻ നടന്നു. കുറേ ദൂരം നടന്നപ്പോൾ തനിക്ക് പിന്നിൽ കാലടി ശബ്ദങ്ങൾ കേട്ട് അയാൾ തിരിഞ്ഞു. മുടി അഴിച്ചിട്ട ഒരു യുവതി തന്റെ നേർക്ക് ഓടി വരുന്നു. അവൾ സനാഥനു സമീപം വന്ന്‌ പരിഭ്രാന്തിയോടെ പറഞ്ഞു,
‘അയ്യോ! എന്നെ രക്ഷിക്കണേ...ഓരാളെന്നെ പിടിക്കാൻ വരുന്നു...’
സനാഥൻ പൊളിഞ്ഞു കിടന്ന കെട്ടിടം ചൂണ്ടിക്കാട്ടി കൊണ്ട് പറഞ്ഞു,
‘അങ്ങോട്ട് കേറി നിക്ക്! വേഗം!’
അവൾ പുല്ലുകൾക്കിടയിലൂടെ വേഗമോടി കെട്ടിടത്തിനുള്ളിലേക്ക് മറഞ്ഞു.

തൊട്ടടുത്ത നിമിഷം ഒരു മധ്യവസ്ക്കൻ ആ വഴി ഓടി വന്നു. അയാൾ നല്ലതു പോലെ കിതയ്ക്കുന്നുണ്ടായിരുന്നു. അയാളുടെ കണ്ണുകൾ വഴി മുഴുവൻ തിരയുന്നുണ്ടായിരുന്നു. സനാഥന്റെ സമീപം വന്നു നിന്ന് അയാൾ ചുറ്റും നോക്കിയ ശേഷം മുന്നിലേക്കോടി പോയി.

കുറച്ച് നേരം കൂടി സനാഥൻ അവിടെ തന്നെ നിന്നു. തനിക്ക് ഒരു പെൺകുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞിരിക്കുന്നു! എന്തിനാവണം അവൾ ഇയാളിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചത്? എന്തായിരുന്നു അയാളുടെ ഉദ്ദേശ്യം? ചുറ്റും ഒന്നു കൂടി നോക്കിയ ശേഷം സനാഥൻ പുല്ലുകൾക്കിടയിലൂടെ പഴയ കെട്ടിടത്തിലേക്ക് നടന്നു. വെറും ഒരു മുറി മാത്രമുള്ള ഒരു കെട്ടിടമായിരുന്നു അത്. പഴയ ഒരു കടയോ മറ്റോ ആയിരുന്നിരിക്കണമത്. അകം മുഴുവൻ ഇരുട്ട്.
‘ഇറങ്ങി വാ...അയാള്‌ പോയി’ ശബ്ദം താഴ്ത്തി പറഞ്ഞു.
ഇല്ല, ഒരു കാൽപെരുമാറ്റം കൂടിയില്ല. അകത്തേക്ക് ഒരു ചുവട് വെച്ചു. വേണ്ട...ആളനക്കമില്ലാതെ കിടന്ന ഇടമാണ്‌...വല്ല പാമ്പോ മറ്റോ...പെട്ടെന്നോർത്തു, തന്റെ പോക്കറ്റിൽ ഒരു തീപ്പെട്ടി കിടക്കുന്ന കാര്യം. അയാളൊരു തീപ്പെട്ടി കൊള്ളിയുരച്ചു. തൽക്ഷണം പ്രകാശം ഇരുട്ടിനെ പുറത്താക്കി. പക്ഷെ എവിടെ അവൾ? അവിടാരുമുണ്ടായിരുന്നില്ല. കുറച്ച് നേരം ആ വെളിച്ചം അവിടെ തങ്ങി നിന്നു. തീപ്പെട്ടി അണഞ്ഞയുടൻ ഇരുട്ട് വീണ്ടുമവിടെ നിറഞ്ഞു.

സനാഥൻ ചിന്താക്കുഴപ്പത്തിലായി. കുറച്ച് മുൻപ് താൻ തന്നെയാണ്‌ രക്ഷയ്ക്കായുള്ള വഴി ആ പെൺകുട്ടിക്ക് കാട്ടി കൊടുത്തത്. പക്ഷെ ഇപ്പോൾ അവൾ ശൂന്യതയിൽ പുക മായും പോലെ അപ്രത്യക്ഷയായിരിക്കുന്നു. ശരിക്കും അവൾ തന്നോട് രക്ഷയ്ക്ക് അപേക്ഷിച്ചിട്ടില്ലെന്നുണ്ടോ? തന്നേയും കടന്ന് പോയ മധ്യവസ്ക്കൻ...അയാൾ അവളെ തിരഞ്ഞു ഈ വഴി വീണ്ടും വരേണ്ടതാണല്ലോ...അയാളേയും കാണുന്നില്ല. സനാഥൻ സാവധാനം വീട്ടിലേക്ക് നടക്കാനാരംഭിച്ചു. തനിക്കെന്തോ സംഭവിച്ചിരിക്കുന്നു. മറക്കാനാവാത്ത കാഴ്ച്ചകൾ കൺമുന്നിൽ തെളിഞ്ഞു മറയുന്നു. മിഥ്യയും യാഥാർത്ഥ്യവും തിരിച്ചറിയാനാവാത്ത വിധം തന്റെ മനസ്സ് സഞ്ചാരമാരംഭിച്ചിരിക്കുന്നോ എന്നയാൾക്ക് സംശയമായി.

നേരമിരുട്ടുന്നതിനു മുൻപായി സനാഥൻ വീട്ടിലെത്തി. താൻ വരുന്നതും കാത്തിരിക്കുകയായിരുന്നു വീട്ടുകാരൻ എന്നു സനാഥനു തോന്നി. വീട്ടുകാരൻ ഉത്കണ്ഠയോടെ സനാഥനോടു ചോദിച്ചു,
‘നീ ഇവിടുത്തെ നമ്പർ ആർക്കെങ്കിലും കൊടുത്തിരുന്നോ?’
സനാഥൻ ഓർത്തു നോക്കി. ശരിയാണ്‌... ഒരാൾക്ക് കൊടുത്തിരുന്നു. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ മാത്രം വിളിക്കാനായി.
‘ങാ...ഒരാൾക്ക്...’
‘ഒരു ബിനു...നിന്നെ അന്വേഷിച്ചു...ഈ...സനൂഷ ആരാണ്‌?...ആ കുട്ടി ഇപ്പോഴും മിസ്സിംഗ് ആണെന്ന്‌ പറയാൻ പറഞ്ഞു’

സനാഥന്റെ കണ്ണുകളിൽ ഭയം നിറയുന്നത് വീട്ടുകാരൻ ശ്രദ്ധിച്ചു.
‘സനൂഷ...എനിക്കറിയാവുന്ന ഒരു കുട്ടിയാണ്‌...’ അത്‌ മാത്രം പറഞ്ഞിട്ട് സനാഥൻ സാവധാനം തിരിഞ്ഞു മുറിയിലേക്ക് നടന്നു.

രാത്രി ഭക്ഷണം കഴിക്കുമ്പോൾ ആരും ഒന്നും തന്നെ സംസാരിക്കുകയുണ്ടായില്ല. വീട്ടുകാരി സനാഥന്റെ നേരെ നോക്കുക കൂടിയുണ്ടായില്ല. പെൺകുട്ടി ഉല്ലാസവതിയായി ഇരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു. വന്ന ആദ്യത്തെ ദിവസം മാത്രമെ വീട്ടുകാരത്തി സനാഥനോട് സംസാരിച്ചിരുന്നുള്ളൂ. സനാഥൻ സംസാരിക്കാൻ വിമുഖത കാട്ടിയതു കൊണ്ട് ആരും അയാളോട് സംസാരിക്കാൻ താത്പര്യം കാണിച്ചതുമില്ല.

രാത്രി കിടക്കയിൽ കിടന്നെങ്കിലും സനാഥനു കൈയ്യിലെടുത്ത പുസ്തകം വായിക്കുവാനോ, ഉറങ്ങാനോ കഴിഞ്ഞിരുന്നില്ല. അയാൾ അസ്വസ്ഥമായ ചിന്തകളുടെ നടുവിൽ പെട്ടു പോയിരുന്നു.

തൊണ്ട ദാഹിച്ചു വരണ്ട്‌ പോയിരിക്കുന്നു. കുറച്ച് വെള്ളം കുടിക്കാനായി അയാൾ എഴുന്നേറ്റു ഊണു മുറിയിലേക്ക് നടന്നു. അവിടെ ജഗ്ഗിൽ പതിമുഖമിട്ട് തിളപ്പിച്ച വെള്ളം നിറച്ചു വെച്ചിട്ടുണ്ട്. അപ്പോഴാണ്‌ സനാഥൻ ആ സംസാരം കേൾക്കാനിടയായത്. അതല്പം ഉച്ചത്തിലായിരുന്നു.
‘ഇവനിവിടെ എത്ര നാളാ...എനിക്കെന്തോ കുഴപ്പം തോന്നുന്നു’
‘ഏയ് കുറച്ചു ദിവസം കൂടിയെ കാണൂ...’
‘കണ്ടില്ലെ അവൻ ഇവിടുത്തെ നമ്പർ ആർക്കൊക്കെയോ കൊടുത്തിരിക്കുന്നത്... നാളെ ആരെങ്കിലും ഇവിടെ വരുമെന്നാ തോന്നുന്നത്...നാട്ടിൽ എന്ത്‌ പുകിലൊപ്പിച്ചിട്ടാ വന്നിരിക്കുന്നതെന്നെങ്ങനെയറിയാം?’
‘നീയെന്തിനാ ആവശ്യമില്ലാതെ പേടിക്കുന്നത്?’
‘ഇവിടെ ഞാനും നമ്മടെ മോളും മാത്രമേ ഉള്ളൂ...നിങ്ങൾക്ക് അവനോടൊന്ന്‌ സംസാരിച്ചൂടെ?‘
’എന്ത്‌ സംസാരിക്കാൻ?‘
’അവന്റെ നാട്ടിൽ തന്നെ പൊയ്ക്കോള്ളാൻ...‘
’നിനക്കങ്ങനെയൊക്കെ പറയാം... നിനക്കറിഞ്ഞൂടാ, എനിക്കവന്റെ അച്ഛനോട് തീരാത്ത കടപ്പാടുണ്ട്...‘
’എന്നും പറഞ്ഞ്, വഴീല്‌ പോണ വയ്യാവേലിയൊക്കെ തലേലെടുത്ത് വെയ്ക്കണോ?‘

സനാഥൻ വേഗം തിരിഞ്ഞു നടന്നു. തെറ്റ്...ഇത്രയും കേട്ടത് തന്നെ തെറ്റ്...തനിക്ക് ദാഹിച്ചതും തെറ്റ്... മുറിയിൽ ചെന്ന് അയാൾ കസേരയിൽ കുറച്ച് നേരമിരുന്നു. എന്തോ ആലോചിച്ചിരുന്ന ശേഷം മേശപ്പുറത്ത് കിടന്ന കടലാസ്സിൽ അയാൾ കുത്തിക്കുറിക്കാൻ തുടങ്ങി. എഴുതിയ കടലാസ് അയാൾ മുൻവശത്തെ മേശപ്പുറത്ത് എല്ലാവരും കാണത്തക്ക വിധത്തിൽ തന്നെ വെച്ച ശേഷം എഴുന്നേറ്റ്‌ മുറിയിലേക്ക് പോയി.

തന്റെ കറുത്ത ബാഗ് തോളിലേക്ക് വലിച്ചിട്ട് അയാൾ ശബ്ദമുണ്ടാവാത്ത വിധം വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. മുകളിലേക്ക് നോക്കുമ്പോൾ കണ്ടു, രാത്രികമ്പളത്തിനുള്ളിൽ നിന്ന്‌, തന്നെ തുറിച്ചു നോക്കുന്ന ഭയം നിറഞ്ഞ നക്ഷത്രക്കണ്ണുകൾ...അനാഥരുടേതു പോലെ...അഗതികളുടേതു പോലെ...അഭയാർഥികളുടേതു പോലെ... അയാൾ ഇരുട്ടിലേക്കിറങ്ങി നടന്നു.
എവിടേക്കാണ്‌ യാത്ര?
ഏതാണ്‌ അഭയാർത്ഥികളുടെ വഴി?
ആർക്കും വേണ്ടാത്തവർ എവിടേക്കാണ്‌ പോകുന്നത്?
സനാഥൻ ഇരുട്ടിലൂടെ നടന്നു, ലക്ഷ്യമില്ലാതെ.

Post a Comment